2010, ഫെബ്രുവരി 13

ഞാന്‍ ഒതേനന്‍ .....


പഴശ്ശി രാജ എന്ന സിനിമയില്‍ മമ്മൂട്ടി ക്ഷത്രിയ തേജസ്സോടെ ചുരികയും ചുഴറ്റി പട വെട്ടുന്ന കാഴ്ച കണ്ടപ്പോള്‍ ഞാന്‍ ആകെ കോരിത്തരിച്ചു പോയി. (സ്കൂളില്‍ പഠിക്കുമ്പോള്‍ തൊട്ട് ഞാന്‍ ഒരു മമ്മൂട്ടി ഫാന്‍ ആണ് ). ഉടനെ പഴശ്ശി രാജയില്‍ നിന്നും എന്റെ ഓര്‍മ്മകള്‍ വടക്കന്‍ വീര ഗാഥയിലെ ചന്തുവിലേയ്ക്കും പിന്നെ സാക്ഷാല്‍ തച്ചോളി ഒതേനനിലേയ്ക്കും പറന്നു പോയി.

"ഞാനും പണ്ടൊന്നു ശ്രമിച്ചതല്ലേ ഒതേനനെ പോലെ ആവാന്‍ ?"

സ്കൂളില്‍ പഠിക്കുന്ന കാലത്ത് എന്റെ മനസ്സിന്റെ വിഹായസ്സില്‍ സ്ഥാനം പിടിച്ച്, എന്റെ ഭാവനകളില്‍ പാറി നടന്ന പല കഥാ പാത്രങ്ങളും ഉണ്ടായിരുന്നു. ഫാന്റം, മാന്‍ഡ്രേക്ക് , സൂപ്പര്‍ മാന്‍ , പിന്നെ നമ്മുടെ സ്വന്തം ഒതേനനും കൂട്ടരും.

അന്ന് വീട്ടില്‍ വരുത്തിയിരുന്ന മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ തുടരെ വന്നിരുന്ന ചിത്ര കഥയിലൂടെ ആയിരുന്നു ഞാന്‍ വടക്കന്‍ പാട്ടിലെ പുത്തൂരം വീടിനെക്കുറിച്ചും മറ്റും അറിയുന്നത്. എല്ലാ ആഴ്ചയിലും ഞാന്‍ അതൊക്കെ മുടങ്ങാതെ വായിക്കുമായിരുന്നു. പിന്നെ അമര്‍ ചിത്ര കഥയിലൂടെയും അതൊക്കെ വീണ്ടും വീണ്ടും വായിച്ചു. അങ്ങനെ ആരോമലുണ്ണിയും ഉണ്ണിയാര്‍ച്ചയും, പിന്നെ തച്ചോളി ഒതേനനും ഒക്കെ എന്റെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടി.

ഒതേനനെപ്പോലെ വാള്‍ ചുഴറ്റി ഞാന്‍ പയറ്റുന്നതും , ശത്രുക്കളെ വെട്ടി വീഴ്ത്തുന്നതും ഒക്കെ ഞാന്‍ സ്വപ്നം കാണും. ആയിടെ തിരുവനന്തപുരത്തെ സെന്‍ട്രല്‍ തീയേറ്ററില്‍ സത്യന്‍ അഭിനയിച്ച "തച്ചോളി ഒതേനന്‍ " എന്ന സിനിമ വന്നപ്പോള്‍ ചേട്ടന്‍ എന്നെ അത് കാണിക്കാന്‍ കൊണ്ട് പോയി. അതും കൂടെ കണ്ടു കഴിഞ്ഞപ്പോള്‍ ഒതേനന്‍ എന്റെ ഒരു ഹീറോ ആയി.

ആയിടെ ഒതേനനില്‍ നിന്നും പ്രചോദനം കൊണ്ട് ഞാന്‍ ഒരു കളി കണ്ടു പിടിച്ചു .

സ്കൂളില്‍ നിന്നും വന്നു കഴിഞ്ഞാല്‍ പിന്നെ എനിക്ക് കളിയ്ക്കാന്‍ കൂടുകാര്‍ ആരും ഇല്ലായിരുന്നു. ദൂരെയുള്ള കൂട്ടുകാരുടെ വീട്ടിലേയ്ക്ക് പോകാനും എനിക്ക് അനുവാദം ഇല്ലായിരുന്നു. അപ്പോഴൊക്കെ, വീടിന്റെ ചുറ്റുമുള്ള പറമ്പില്‍ ഓലമടല്‍ കൊണ്ട് ബാറ്റുണ്ടാക്കി, കപില്‍ ദേവിനെ പോലെയോ ഗവാസ്കറിനെ പോലെയോ സ്വയം സങ്കല്‍പ്പിച്ച്, ഞാന്‍ ക്രിക്കറ്റ് കളിച്ചു സമയം കളയും. അല്ലെങ്കില്‍
മറഡോണയെ സങ്കല്പിച്ച് ഒരു പഴയ പന്ത് തട്ടിക്കളിക്കും . അങ്ങനെയിരിയ്ക്കെ ആണ് ഈ പുതിയ കളി.

ഒതേനന്‍ പുറകില്‍ നിന്ന് കത്തി എറിഞ്ഞ് ദൂരെയുള്ള ശത്രുക്കളെ വീഴ്ത്തുന്ന കഥ ഞാന്‍ വായിച്ചിട്ടുണ്ട് . അത് പോലെ ഒന്ന് കത്തി എറിഞ്ഞ് നോക്കിയാലോ ?

പഴയ സാധനങ്ങള്‍ അടുക്കി വച്ചിരുന്ന ഒരു മുറിയില്‍ നിന്നും ഒരു ചെറിയ കത്തി കിട്ടിയപ്പോഴാണ് ഈ തോന്നല്‍ ഉണ്ടായത്.

ഒരു ദിവസം സ്ക്കൂളില്‍ നിന്നും വന്നിട്ട് ഞാന്‍ അതെടുത്തു ഒന്ന് പ്രയോഗിച്ചു നോക്കി.
കത്തിയുടെ പിടി ഒതേനന്‍ പിടിക്കുന്ന പോലെ ഒരു പ്രത്യേക രീതിയില്‍ പിടിച്ചിട്ട് അതിനെ മുന്‍പോട്ട് ശക്തിയായി എറിയും. അത് മണ്ണില്‍ ചെന്ന് ഒരു ചെറിയ ചരിവോടെ തറഞ്ഞു നില്‍ക്കും. അപ്പോള്‍ എനിക്ക് വല്ലാത്ത അഭിമാനം തോന്നും. ചിലപ്പോള്‍ അത് മണ്ണില്‍ തറയ്ക്കാതെ എവിടെയെങ്കിലും തെറിച്ചു വീഴും. അപ്പോള്‍ വീണ്ടും ശ്രമിക്കും.

ഈ പുതിയ കളി കുറച്ചു ദിവസം തുടര്‍ന്നു. പിന്നൊരു ദിവസം കളി കാര്യമായി.

ഒരു ദിവസം ഇതു പോലെ കത്തി എറിഞ്ഞ് കളിക്കുകയായിരുന്നു. മുന്‍പിലുള്ള മണ്‍ തറ നോക്കി , ഉന്നം പിടിച്ച് , ഒതേനനായി ഞാന്‍ കത്തി എറിഞ്ഞു.

"അയ്യോ" എന്നൊരു വിളിയാണ് പെട്ടന്ന് പുറത്തു വന്നത് . വലത്തെ കാലിന്റെ തള്ള വിരലില്‍ നിന്നും ചോര വരുന്നതും, അത് കണ്ടു ഞാന്‍ വിളറി വെളുത്തു ഇരിക്കുന്നതും എനിക്ക് ഓര്‍മ്മയുണ്ട്. അടുത്തെവിടെയോ ജോലി ചെയ്തുകൊണ്ട് നിന്ന ചേട്ടന്‍ എന്നെ തൂക്കി എടുത്തു അടുത്തുള്ള സിമന്റ് തറയില്‍ ഇരുത്തിയതും ഓര്‍മയുണ്ട് . ഒപ്പം കൈ കൊണ്ട് നല്ല ഒരടിയും.

"നിന്നോട് പറഞ്ഞിട്ടില്ലേ ഇതുപോലത്തെ സാധനങ്ങള്‍ കൊണ്ടൊന്നും കളിക്കരുത് എന്ന് ? വേറൊന്നും കിട്ടിയില്ല അവനു കളിയ്ക്കാന്‍. കണ്ടില്ലേ ഇപ്പോള്‍ കാലു മുറിഞ്ഞത്. " അടി തന്ന ശേഷം ചേട്ടന്‍ ചോദിച്ചു.

ചുരുക്കി പറഞ്ഞാല്‍ എന്റെ കണക്കു കൂട്ടല്‍ തെറ്റി. കയ്യില്‍ നിന്ന് പോയ കത്തി ചെന്ന് കൊണ്ടതു കാലിന്റെ വിരലില്‍ ആയിരുന്നു. നിമിഷ നേരം കൊണ്ട് സ്വര്‍ഗം കണ്ടു. ( 101 തവണ നെറ്റിയില്‍ തള്ള വിരല്‍ കൊണ്ട് ഉരച്ചാല്‍ സ്വര്‍ഗം കാണും എന്ന് പണ്ട് കൂട്ടുകാര്‍ പറഞ്ഞിട്ടുണ്ട്. അല്ലാതെ തന്നെ ഞാന്‍ അപ്പോള്‍ സ്വര്‍ഗം കണ്ടു) .

മുറിവ്, വഴക്ക് , അടി ....എല്ലാം ഒരുമിച്ചു പാര്‍സല്‍ ആയി വന്നു. അത് കൂടാതെ ഒരു സമ്മാനം കൂടെ ഉണ്ടായിരുന്നു. ...'.ഇന്‍ജക്ഷന്‍ '

മുറിവ് സെപ്ടിക് ആകാതിരിയ്ക്കാന്‍ ഉടനെ കൊണ്ട് പോയി ടെറ്റനസ് ഇന്‍ജക്ഷന്‍ എടുക്കണം എന്ന് ചേട്ടന്‍ പറഞ്ഞു. (അന്നൊക്കെ ഇന്‍ജക്ഷന്‍ എന്ന് പറഞ്ഞാല്‍ കുറച്ചു പേടിയുള്ള സംഭവം ആയിരുന്നു. എപ്പോള്‍ ഇന്‍ജക്ഷന്‍ എടുക്കാന്‍ ചെന്നാലും ..വേദനയ്ക്ക് പുറമേ മാനഹാനിയും കാണും...കാരണം കുത്ത് ചന്തിയിലല്ലേ ...)
എന്തു ചെയ്യാം ...വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. ..

"ഇപ്പോള്‍ തൃപ്തിയായില്ലേ ..ഇനിയും കളിക്കണേ ഇത് വച്ചിട്ട്.. നീ ആര് തച്ചോളി ഒതേനനോ ? "

ചേട്ടന്‍ അങ്ങനെ പറഞ്ഞപ്പോള്‍ സാക്ഷാല്‍ ഒതേനന്‍ ആയിരുന്നു എന്റെ പ്രചോദനം എന്ന് ഞാന്‍ വെളിയില്‍ പറഞ്ഞില്ല .

അന്ന്. ..അവിടെ വച്ച് .. ഒതേനനെപ്പോലെ കത്തി എറിയാനുള്ള എന്റെ ആഗ്രഹത്തെ ഞാന്‍ ചന്ദനച്ചിതയിലിട്ട് ദഹിപ്പിച്ചു. ചാരം മുടവന്‍ മുഗള്‍ ആറ്റില്‍ ഒഴുക്കി.

പിന്നൊരിക്കലും ഒതേനനെ അനുകരിച്ചിട്ടില്ല . ചന്തുവും ഒതേനനും, ആര്‍ച്ചയും ഒക്കെ ഓര്‍മയില്‍ മാത്രം

എന്തിനാ വെറുതെ അനുകരിച്ചു പുലി വാല് പിടിക്കുന്നെ ...


ജോസ്
ബാംഗ്ലൂര്‍

അഭിപ്രായങ്ങളൊന്നുമില്ല: