2010, ഫെബ്രുവരി 26

മനക്കട്ടി കൂട്ടാന്‍ മരുന്നുണ്ടോ?


മനസ്സിന്റെ ധൈര്യം കൂട്ടാന്‍ എന്തെങ്കിലും മരുന്നുണ്ടോ? വല്ല രസായനമോ വടകമോ? അതെക്കുറിച്ച് ഓര്‍ത്ത് ചിന്താവിഷ്ടനായി ഇരുന്നപ്പോള്‍ ഒരു അശരീരി കേട്ടു.

" ഇല്ല കുഞ്ഞേ ..മനുഷ്യ നിര്‍മ്മിതമായ ഒരു മരുന്നും ഇല്ല ..മരുന്നൊന്നെ ഉള്ളു ...കാലത്തിന്റെ ചഷകത്തില്‍ ..അനുഭവങ്ങള്‍ ചാലിച്ചുണ്ടാക്കുന്ന തിക്ത പാനീയം ...അത് പാനം ചെയ്‌താല്‍ മനക്കട്ടി താനേ കൂടിക്കോളും.

ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി. അടുത്തിരുന്ന്‍ ഏതോ പുരാണ ഗ്രന്ഥം വായിച്ചിരുന്ന അപ്പൂപ്പനാണോ അത് പറഞ്ഞത്? അതോ ഡയാലിസിസ് യൂനിറ്റിനുള്ളില്‍ കിടക്കുന്ന ഉറ്റവര്‍ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ട് വെളിയിലിരുന്ന അമ്മച്ചിമാരോ ചേച്ചിമാരോ ആരോ ആണോ? ആ ..അവരാരും ആണെന്ന് തോന്നിയില്ല . അവരൊക്കെ അവരുടെതായ ലോകത്ത് മുഴുകി ഇരിക്കുകയായിരുന്നു.

എന്തായാലും ആ അശരീരി ശരി ആണെന്ന് തോന്നി . അല്ലായിരുന്നെങ്കില്‍ ഡയാലിസിസ്, വൃക്ക മാറ്റി വയ്ക്കല്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇപ്പോഴും മുട്ട് കാല്‍ വിറച്ചേനെ . പണ്ടൊക്കെ അവ വളരെ ഭയപ്പെടുത്തുന്ന വാക്കുകള്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്രയ്ക്ക് ഭയമില്ല..ഒരു പക്ഷെ ആ തിക്ത പാനീയം കുറച്ചു കുടിച്ചിട്ടാണോ?

വായിച്ചറിഞ്ഞ അറിവ് മാത്രമേ ഡയാലിസിസിനെക്കുറിച്ച് എനിക്കുണ്ടായിരുന്നുള്ളൂ . എന്നാല്‍ ലീനയെ ഡയാലിസിസ് ചെയ്തപ്പോള്‍ തോന്നി ..അത് വലിയ പേടിപ്പെടുത്തുന്ന ഒന്നും അല്ല എന്ന്. (മനോ വിഷമം ഒഴിച്ചാല്‍). .. റൂട്ട് കനാല്‍ ചെയ്യാന്‍ ദന്ത ഡോക്ടറിന്റെ അടുത്ത് നില്ക്കുന്ന പോലെ .. .

ഡയാലിസിസ് യുണിറ്റിന്റെ അകത്തു കയറിയപ്പോള്‍ ചുറ്റും ഇട്ടിരുന കിടക്കകളില്‍ ഓരോരുത്തരും ഡയാലിസിസ് യന്ത്രങ്ങളുമായി കൈ കോര്‍ത്ത്‌ തങ്ങളുടെ രക്തം ശുദ്ധീകരിക്കുകയായിരുന്നു. പതിഞ്ഞ ഒരു വിസിലടി പോലെയുള്ള ശബ്ദത്തോടെ ആ യന്ത്രങ്ങള്‍ ശബ്ദിച്ച് അവയുടെ ജോലി ചെയ്തുകൊണ്ടേയിരുന്നു. അവയ്ക്ക് ഭാവങ്ങള്‍ ഇല്ലായിരുന്നു. അത് പ്രവര്‍ത്തിച്ചവരുടെ മുഖത്ത് നിസ്സംഗത ആയിരുന്നു...അവരിതെത്ര കണ്ടിരിക്കുന്നു. എന്നാല്‍ ആ യുണിറ്റിന്റെ അകത്തു കിടന്ന പലരുടെയും മുഖത്ത് പല പല ഭാവങ്ങള്‍ നിഴലിച്ചു.. .

ജീവിതം തകര്‍ന്നു എന്ന ഭാവത്തോടെ ചിലര്‍ ...
നിര്‍വികാരതയോടെ ചിലര്‍ ....
ഇതൊന്നും ഒന്നുമല്ല എന്ന ഭാവത്തില്‍ ചിലര്‍...

അധിക നേരം അതിനകത്ത് നില്‍കാന്‍ ധൈര്യം ഇല്ലാതെ ഞാന്‍ വെളിയില്‍ ഇറങ്ങി. പുറത്തു കാത്തിരുന്ന സമയത്ത് അടുത്ത് ഒരു സര്‍ദാര്‍ജി വന്നിരുന്നു. അയാള്‍ തൊട്ടടുത്തിരുന്ന ഒരാളോട് സംസാരിക്കുന്നത് ഞാന്‍ കേട്ടു.

" മക്കളെ എനിക്ക് ഇനി അധികം ആഗ്രഹങ്ങള്‍ ഒന്നും ഇല്ല. മുകളിലേക്ക് പോകാന്‍ തയ്യാറായാണ് ഞാന്‍ ഇരിക്കുന്നത്. "

അത്രയും പറഞ്ഞു അയാള്‍ തന്റെ വെള്ള താടി തടവിക്കൊണ്ട് ഒന്നുറക്കെ ചിരിച്ചു.
കുറച്ചു സമയം കഴിഞ്ഞപ്പോള്‍, അയാള്‍ അടുത്തിരുന്നവരോട് യാത്ര പറഞ്ഞിട്ട്, കുളിപ്പുരയില്‍ കുളിക്കാന്‍ പോകുന്ന ലാഘവത്തോടെ ഡയാലിസിസ് യുണിറ്റിനകത്തെയ്ക്ക് കയറിപ്പോയി.

ലീനയെ നോക്കുന്ന വൃക്ക രോഗ വിദഗ്ധന്‍ ഡോ. കിഷോര്‍ ബാബു , ഞങ്ങള്‍ക്ക് ദൈവത്തെപ്പോലെ ആണ്. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ രോഗം പകുതി കുറഞ്ഞ പോലെ തോന്നും. അദ്ദേഹം പറയുന്ന പോലെ ഞങ്ങള്‍ രോഗവുമായി യുദ്ധം തുടരുകയാണ്. ..പിണങ്ങിയ വൃക്കകളോട്. ...

അന്നുവരെ മൂന്നു പ്രാവശ്യം ലീന ഡയാലിസിസിനു വിധേയയായി . അങ്ങനെ രക്തത്തിലെ ക്രിയാറ്റിനിന്‍ എന്ന വിഷത്തിന്റെ അംശം കുറച്ചു കൊണ്ടുവന്നു. ഇനി എത്ര പ്രാവശ്യം ചെയ്യണം എന്ന് വ്യക്തമായി അന്ന് പറഞ്ഞില്ല എങ്കിലും, ആഴ്ചയില്‍ മൂന്നു തവണ എങ്കിലും ഡയാലിസിസ് ചെയ്യേണ്ടി വരും എന്ന് ചെറുതായി സൂചിപ്പിച്ചു.

ഇതൊക്കെ ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നു എങ്കിലും, ഉള്ളിന്റെ ഉള്ളില്‍ അറിയാതെ ആഗ്രഹിച്ചു പോയി.. ..ചിലപ്പോള്‍ അതൊന്നും വേണ്ടി വരില്ലായിരിക്കും. ...പക്ഷെ ഡോക്ടര്‍ അത് വേണ്ടി വരും എന്ന് പറഞ്ഞപ്പോള്‍, പറയാന്‍ പറ്റാത്ത മനോ വിഷമം തോന്നി.. നെഞ്ചിന്റെ പുറത്തു വലിയ ഇരുമ്പു കൂടം വച്ചപോലെ . ധൈര്യം സംഭരിചിരുന്നാലും ചിലപ്പോള്‍ കണ്ണുകള്‍ എന്നെ ചതിക്കും.. പോളകള്‍ ഈറനാകും ...

അങ്ങനെ വിഷമിച്ചിരുന്നപ്പോള്‍ , മറ്റുള്ളവര്‍ക്ക് ദര്‍ശനം തരാതെ എന്നെ മാത്രം ചുറ്റിപ്പറ്റി നിന്ന ചെകുത്താന്റെ മുഖത്ത് ഒരു ചിരി ഞാന്‍ കണ്ടു... ഒരു മനോ സുഖം കിട്ടിയ ചിരി ...

കണ്‍ കോണില്‍ ഉരുണ്ടു കൂടിയ ഒരു ചെറിയ കണ്ണ് നീര്‍ തുള്ളിയെ ചൂണ്ടു വിരല്‍ കൊണ്ട് തുടച്ചു മാറ്റിയിട്ട്, ഞാന്‍ അവനോടു പറഞ്ഞു ...

" ചിരിച്ചോളൂ ...നന്നായി ചിരിച്ചോളൂ ...തല്‍കാലം നീ തന്നെ ജയിച്ചിരിക്കുന്നു.. പക്ഷെ ഓര്‍ത്തോളൂ ...നീ തീര്‍ക്കുന്ന അഗ്നി കുണ്‍ഡങ്ങളെ ചാടിക്കടക്കാന്‍ , എന്റെ കാലുകളെ ദൈവം ബലപ്പെടുത്തിക്കൊണ്ടേ
യിരിക്കുന്നു. ..നിനക്കെതിരെ പോരാടാന്‍ ...എന്റെ ആവനാഴിയില്‍ ഈശ്വരന്‍ ദിവ്യാസ്ത്രങ്ങള്‍ നിറയ്ക്കുകയാണ്. ..അവസാന പോരാട്ടത്തില്‍ എനിയ്ക്കാവും ജയം.. ചിരിച്ചോളൂ ...ഇപ്പോള്‍ നീ ചിരിച്ചോളൂ .."

യോഗ ക്ലാസ്സില്‍ പഠിപ്പിച്ച പോലെ ഒരേ നേരം ദീര്‍ഘ നിശ്വാസം എടുത്തപ്പോള്‍ നെഞ്ചിലെ ഭാരം കുറച്ചു കുറഞ്ഞപോലെ തോന്നി ..

ദൂരെ ഇന്‍സ്റ്റന്റ് കോഫീ നല്‍കുന്ന കടയില്‍ നിന്നും ഒരു കപ്പില്‍ കാപ്പി കുടിക്കുന്ന ഒരാളെ കണ്ടപ്പോള്‍
എനിക്ക് തോന്നി... എന്നോട് അനുഭവങ്ങളുടെ തിക്ത പാനീയം കുറച്ചു കൂടെ കുടിയ്ക്കാന്‍ ആരോ പറയുന്ന പോലെ ..

2010, ഫെബ്രുവരി 22

വിങ്ങലുകളുടെ ഒരു ജന്മദിനം


മാറി മറിയുന്ന കലണ്ടറിന്റെ താളുകളില്‍ നിന്നും എന്റെ ജന്മ ദിനം എന്നെ നോക്കി ചിരിച്ചു. ...എനിക്ക് ഒരു വയസ്സ് കൂട്ടിത്തന്നതിന്റെ സന്തോഷത്തില്‍ ....എന്റെ തലയില്‍ വരാന്‍ പോകുന്ന നരകളെ ഓര്‍ത്ത്....

ഇത്തവണത്തെ ജന്മദിനത്തിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു... സമ്മാനമായി പുത്തനുടുപ്പോ..കഴിക്കാന്‍ പല്പ്പായസമോ ഉണ്ടായിട്ടല്ലാ..
ഇത്തവണ മറ്റൊന്നാണ് വെള്ളിത്താലത്തില്‍ വച്ച് എന്റെ മുന്നിലേക്ക്‌ നീട്ടപ്പെട്ടത്‌. ...

ആ താലം നിറയെ വെല്ലുവിളികളും ..നൊമ്പരങ്ങളും ..പിന്നെ അനിശ്ചിത ത്വത്തിന്റെ മൂടല്‍ മഞ്ഞും...

ഞാന്‍ അവയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.. ഞാനിപ്പോള്‍ അവയെ സന്തോഷത്തോടെ സ്വീകരിക്കാന്‍ പഠിച്ചിരിക്കുന്നു. .എന്റെ കണ്ണുകള്‍ അവയുടെ ചലനങ്ങളുടെ മനോഹാരിത കാണുവാന്‍ പഠിച്ചിരിക്കുന്നു ..

ബാംഗലൂരിലെ മണിപ്പാല്‍ ആശുപത്രിയിലെ ഡയാലിസിസ് യുണിറ്റിന്റെ പുറത്തിരുന്നു ഞാനിതെഴുതുമ്പോള്‍ , എന്റെ പ്രിയ സഖിയുടെ ദേഹത്തുള്ള അശുദ്ധ രക്തം, ഒരു ഡയാലിസിസ് മഷീനിലൂടെ ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് . അവളുടെ വൃക്കകള്‍ ആ ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നു..

ഇന്നേയ്ക്ക് അഞ്ചു നാള്‍ കഴിഞ്ഞാല്‍ അവളുടെയും ജന്മ ദിനം.. ഞങ്ങള്‍ രണ്ടുപേരും മറക്കാന്‍ ശ്രമിച്ചാല്‍ കൂടി ഇത്തവണത്തെ ജന്മ ദിനം മറക്കാന്‍ പറ്റില്ല ...

ജന്മദിനാ ഘോഷങ്ങളുടെ തിമര്‍പ്പിന് പകരം.. മരുന്നിന്റെ ഗന്ധവും ..പിന്നെ ഡയാലിസിസ് മഷീനിന്റെ മുരളലും.. വിരോധാഭാസം അല്ലേ ? ...

വാര്‍ഡിന്റെ ഡോര്‍ തുറന്നു ഡോക്ടര്‍ അവളുടെ പേര് വിളിച്ചപ്പോള്‍ ..ഞാന്‍ ഓടിച്ചെന്നു..
വൃക്കകള്‍ സമരം ചെയ്യാന്‍ തുടങ്ങിയ നാള്‍ മുതല്‍ ഞങ്ങള്‍ തുടങ്ങിയ യുദ്ധത്തിനെക്കുറിച്ച് ഡോക്ടര്‍ ചോദിച്ചു. കയ്യിലുണ്ടായിരുന്ന ഫയലുകള്‍ മൊത്തം ഞാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്തു..ലാബ് റിപ്പോര്‍ട്ടുകളിലെ ഓരോ അക്കങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ കാണുമ്പോഴും ഡോക്ടറിന്റെ മുഖത്ത് ഭാവ മാറ്റങ്ങള്‍ കണ്ടു ..അത് നോക്കി നിന്ന എന്റെ രക്ത സമ്മര്‍ദവും അതേ പോലെ ചാഞ്ചക്കം ചാടാന്‍ തുടങ്ങി .....

" തളരില്ല .... " ഞാന്‍ ഏറെ വട്ടം എന്നോടു തന്നെ പറഞ്ഞു. എന്നെ തളര്‍ത്താനായി വരുന്ന ചിന്തകളെ ഞാന്‍ ഓടിപ്പായിച്ചു..

കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വച്ച് ഞാന്‍ അകത്തു കിടക്കുന്ന എന്റെ പ്രിയ സഖിക്കു SMS അയച്ചു.

"വിഷമിക്കണ്ട..ഞാന്‍ പുറത്തു നില്‍പ്പുണ്ട്. ഒക്കെ ശരിയാവും"

തമ്മില്‍ കാണാന്‍ നിര്‍വ്വാഹമില്ലാത്ത കാമുകീ കാമുകന്മാര്‍ ആരും കാണാതെ SMS വഴി പ്രണയിക്കുന്നത്‌ പോലെ ( പുത്തന്‍ തലമുറയുടെ പ്രണയ രീതികള്‍..) ഞങ്ങള്‍ സംസാരിച്ചു കൊണ്ടേയിരുന്നു. അതിഷ്ടപ്പെടാഞാവണം മൊബൈല്‍ ഫോണിന്റെ ബാറ്ററി പണി മുടക്കി
...കുറെ നേരത്തേയ്ക്ക് സ്ക്രീന്‍ ശുന്യമായി..

വാര്‍ഡിലെ വാതിലുകള്‍ അടഞ്ഞും തുറന്നും രോഗികള്‍ അകത്തേയ്ക്കും പുറത്തേയ്ക്കും പോയ്ക്കൊണ്ടെയിരുന്നു. ..എല്ലാവരും വൃക്കകള്‍ പിണങ്ങി പ്പോയവര്‍ ..

"ദൈവമേ ..പെട്ടന്ന് പിണങ്ങുന്ന വൃക്കകള്‍ അവള്‍ക്കെന്തിനു നല്‍കി" ...ഞാന്‍ മനസ്സില്‍ ചോദിച്ചു..

എന്തെക്കൊയോ ഓര്‍ത്ത് മിഴികള്‍ ഈറനായപ്പോള്‍ വീണ്ടും ധൈര്യം സംഭരിച്ചു ഞാന്‍ പറഞ്ഞു ..

"തളരരുത്... പോരാടണം . തളര്‍ന്നാല്‍ , അതില്‍ ഊറ്റം കൊള്ളാന്‍ കാത്തിരിക്കുന്ന ചെകുത്താനെ പല്ലും നഖവും ഉപയോഗിച്ച് നേരിടണം "

രണ്ടു ദിവസം മുന്‍പ് ഒരു കൂട്ടുകാരന്‍ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു. .
.
"ജോസേ ... ദൈവത്തിനു ഇഷ്ടമുള്ളവരെ കൂടുതല്‍ കൂടുതല്‍ പരീക്ഷിക്കും "

അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ദൈവത്തിനു പ്രിയപ്പെട്ടവന്‍ തന്നെ .

"ദൈവമേ..പരീക്ഷകള്‍ തന്നാലും...ഒപ്പം അതിനെ ജയിക്കാനുള്ള ചങ്കുറപ്പും.. ഞാന്‍ വിഷമം പറയില്ല.. സിരകളില്‍ ഒഴുകുന്ന രക്തത്തിലൂടെ പ്രതീക്ഷകളുടെയും, ആത്മ വിശ്വാസത്തിന്റെയും ഒരു തേനരുവി കൂടി ഒഴുക്കിയാലും...ഞങ്ങള്‍ നിനക്ക് കടപ്പെട്ടിരിക്കുന്നു..

ജോസ്
20- Feb-2010

2010, ഫെബ്രുവരി 19

അയ്യേ ഞാന്‍ പറ്റിച്ചേ ....

പല്ലാങ്കുഴി എന്ന സാധനത്തെ ക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? ഉണ്ടാവാന്‍ വഴിയില്ല ... ഇപ്പോഴത്തെ പിള്ളേരോട് ചോദിച്ചാല്‍ അവര്‍ "അതെന്താണപ്പാ " എന്ന മട്ടില്‍ വാ പൊളിച്ചു നില്‍ക്കുകയെ ഉള്ളൂ. (പല്ലിലുള്ള കുഴി ആയിരിക്കും എന്നൊന്നും കരുതാതിരുന്നാല്‍ കൊള്ളാം ).

പണ്ട് കാലത്ത് സമയം കൊല്ലാനായി ആളുകള്‍ ഉപയോഗിച്ചിരുന്ന ഒരു കളി സാധനമാണ് ഈ പല്ലാങ്കുഴി.

എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരെണ്ണം. മീനിന്റെ ആകൃതിയില്‍ ഉള്ള, തടി കൊണ്ടുണ്ടാക്കിയ ഒന്നാണ് ഇത്. അതില്‍ മഞ്ചാടിക്കുരു പെറുക്കി വച്ച് വേണം കളിക്കാന്‍. കളിയുടെ നിയമങ്ങള്‍ ഒക്കെ ഞാന്‍ മറന്നു പോയി. ഇരുപത്തഞ്ചു വര്‍ഷങ്ങളിലേറെ ആയി ഞാന്‍ കളിച്ചിട്ട്. എന്റെ വീട്ടിലെ തട്ടിന്റെ പുറത്തു ഇപ്പോഴും പൊടിയടിച്ചു കിടപ്പുണ്ടായിരിക്കും ആ പാവം പല്ലാങ്കുഴി പലക.

ഇന്നലെ ഒരു കഥാ പുസ്തകം വായിച്ചപ്പോഴാണ് പെട്ടന്ന് എന്റെ പല്ലാങ്കുഴി പലകയും അതിനോട് ബന്ധപ്പെട്ട ഒരു കഥയും ഓര്‍മ്മ വന്നത്.

ഞാന്‍ നേഴ്സറിയിലോ മറ്റോ പഠിക്കുന്ന കാലം .... എനിക്ക് കളിയ്ക്കാന്‍ കൂട്ടായി ഞാന്‍ മാത്രം. എന്റെ പ്രായത്തിലുള്ള വേറാരും അടുത്തൊന്നും ഇല്ല. പന്തുരുട്ടിയോ, തറയില്‍ ചോക്ക് കൊണ്ട് പടം വരച്ചോ മറ്റോ ഞാന്‍ സമയം കളയും.

ഒരു ദിവസം എന്റെ വീട്ടില്‍ ഒരു ബന്ധുവായ ഒരാള്‍ വന്നു. . എന്റെ ചേട്ടന്മാരുടെ അതേ പ്രായത്തിലുള്ള ആളായിരുന്നു അദ്ദേഹം. അന്ന് എന്റെ ചേട്ടന്മാരും, പിന്നെ ഈ പുള്ളിക്കാരനും ഒക്കെ ചേര്‍ന്നിരുന്നു പല്ലാങ്കുഴി കളിക്കാന്‍ തുടങ്ങി. ഞാന്‍ അവരെ ചുറ്റിപ്പറ്റി നിന്ന് സമയം കളയാന്‍ നോക്കി. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്കും കൂടി കളിക്കണം എന്ന് തോന്നി.

" എനിക്കും കളിക്കണം ..എന്നെക്കൂടി കളിപ്പിക്ക്വോ? "

കളിയുടെ രസാവഹമായ മുഹൂര്‍ത്തത്തില്‍ ഇരുന്നപ്പോഴാവണം ശല്യക്കാരനായി ഞാന്‍ എത്തിയത്. അതിനാല്‍ ചേട്ടന്മാര്‍ എന്നെ വഴക്കും പറഞ്ഞു അവിടന്ന് കിണ്ടിക്കളഞ്ഞു.

ഞാന്‍ കുറച്ചു ദൂരെ മാറി നിന്ന് അവര്‍ കളിക്കുന്നത് നോക്കി നിന്നു. കുഞ്ഞായിരുന്നെങ്കിലും അന്നേ ഞാന്‍ പെശകായിരുന്നു എന്ന് തോന്നുന്നു.. എന്നെ കളിപ്പിക്കാത്ത ഇവര്‍ക്കിട്ടു ഒന്ന് പണിയണം എന്ന് എനിക്ക് അന്ന് തോന്നി. അങ്ങനെ കുഞ്ഞു മനസ്സില്‍ ഒരു കുരുട്ടു ബുദ്ധി ഉദിച്ചു.

" ഇവരുടെ കുറച്ചു മഞ്ചാടി അടിച്ചു മാറ്റിയാലോ ? " ഞാന്‍ ആലോചിച്ചു. പിന്നെ അധികം താമസിച്ചില്ല. ഞാന്‍ തന്ത്രപൂര്‍വ്വം അവര്‍ കളിക്കുന്ന സ്ഥലത്തേക്ക് ചെന്നു. തറയില്‍ ഇരുന്നു കൊണ്ടാണ് എല്ലാവരും കളിക്കുക. ഞാന്‍ കളി നോക്കുന്ന മട്ടില്‍ അവിടെ ചെന്നിരുന്നിട്ടു പതിയെ ഒരു മഞ്ചാടിക്കുരു അടിച്ചു മാറ്റി. എന്നിട്ട് ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തില്‍ പുറകോട്ടു മാറി ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ ആര്‍ക്കോ മനസ്സിലായി ഒരു മഞ്ചാടി കുറവാണ് എന്ന്. കളിക്കുന്നവരില്‍ കള്ളക്കളി കളിക്കുന്ന ആരും ഇല്ലായിരുന്നതിനാല്‍ , ഉടനെ തന്നെ എല്ലാവരും എന്നെ നോക്കി.

"ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ "

"ഡാ ജോസേ.. നീ ഇതീന്ന് മഞ്ചാടി എടുത്തോ? " ശബ്ദം ഉയര്‍ത്തി ചേട്ടന്‍ അങ്ങനെ ചോദിച്ചപ്പോള്‍ ഇല്ല എന്ന് ഞാന്‍ കള്ളം പറഞ്ഞെങ്കിലും, കള്ളം പറഞ്ഞു പറ്റിയ്ക്കാന്‍ ഉള്ള എന്റെ പാടവം നന്നല്ലാത്തതിനാല്‍ , എനിക്ക് ഉടനെ സത്യം പറയേണ്ടി വന്നു.

"എന്നെ നിങ്ങള്‍ കളിപ്പിച്ചില്ലല്ലോ ..അത് കൊണ്ടാ ഞാന്‍ മഞ്ചാടി എടുത്തെ.. തരൂല്ല ഞാന്‍ ". ഒരു ചെറു കുറുമ്പോടെ ഞാന്‍ പറഞ്ഞു.

വീണ്ടും ചേട്ടന്‍ ശബ്ദമുയര്‍ത്തി ചോദിച്ചപ്പോള്‍ ഞാന്‍ മഞ്ചാടി ഒളിപ്പിച്ചു വച്ച സ്ഥലം കാട്ടിക്കൊടുത്തു.. എവിടാണെന്നറിയാമോ? ... മൂക്കിന്റെ അകത്തു .. ഹാ ഹാ .. ഞാനാരാ മോന്‍ ...:-)

മഞ്ചാടി ഒളിപ്പിച്ചു വച്ച സ്ഥലം കണ്ടപ്പോഴേക്കും ചേട്ടന്മാര്‍ ഒന്ന് വിരണ്ടു. കാര്യം എന്താണെന്ന് എനിക്കന്നു പിടി കിട്ടിയിരുന്നില്ല. പരിഭ്രമത്തോടെ എന്നെ അടുത്തേക്ക് പിടിച്ചു നിര്‍ത്തി അവര്‍ നോക്കിയപ്പോഴല്ലേ രസം.. മഞ്ചാടി മൂക്കിനകത്ത്‌ പോയി വീര്‍ത്തിരിക്കുന്നു. പിന്നെ പെന്‍സിലോ മറ്റോ ഇട്ട് അതിനെ എടുക്കാന്‍ നോക്കിയതും മഞ്ചാടി വീണ്ടും വീണ്ടും അകത്തേക്ക് തന്നെ കയറിപ്പോയി. ഉറക്കെ തുമ്മാന്‍ പറഞ്ഞെങ്കിലും അത് കൊണ്ടൊന്നും മഞ്ചാടി പുറത്തു വന്നില്ല .

ചേട്ടന്മാരുടെ പരിഭ്രമം കണ്ടുകൊണ്ടാണ് അമ്മച്ചി വരുന്നത്. " അയ്യോ കുട്ടാ " എന്നൊക്കെ വിളിച്ചു കൊണ്ട് അമ്മച്ചിയും മഞ്ചാടി പുറത്തെടുക്കാനുള്ള ദൌത്യത്തില്‍ കൂടി . അപ്പോള്‍ പിന്നെ പരിഭ്രമം കൂടി . പിന്നെ നടന്നത് എനിക്ക് വ്യക്തമായി ഓര്‍മ്മയില്ല. എന്തൊക്കെയോ ചെയ്തു അവസാനം മൂക്കില്‍ പരമ രഹസ്യംമായി ഞാന്‍ ഒളിപ്പിച്ചു വച്ച മഞ്ചാടിക്കുരു പുറത്ത് എടുത്തു. പുറത്തു വന്നപ്പോള്‍ അത് വീര്‍ത്തു നല്ല വലിപ്പത്തിലായിരുന്നു. എല്ലാവരും ഒന്ന് നേരെ ശ്വാസം വിട്ടു. അത് കഴിഞ്ഞു അമ്മച്ചിയുടെ വക അടി കിട്ടിയോ എന്ന് ഓര്‍മയില്ല. കിട്ടിയിട്ടുണ്ടായിരിക്കണം. കാരണം ഞാന്‍ കുസൃതി കാണിക്കുന്ന ഇതുപോലത്തെ അവസരങ്ങളില്‍ ആ സമ്മാനം തരാന്‍ അമ്മച്ചി ഒട്ടും താമസിക്കാറില്ല.

അങ്ങനെ ആയിരുന്നു ഞാന്‍ എന്റെ ചേട്ടന്മാരെ പറ്റിച്ചത്.

പിന്നെ കുറച്ചു വലുതായതിനു ശേഷം പല്ലാങ്കുഴി കളിച്ചിട്ടുണ്ട്. കോളേജില്‍ പോയി തുടങ്ങിയ ശേഷം പക്ഷെ കളിച്ചിട്ടില്ല. വയസ്സായ ശേഷം, സമയം കളയാന്‍ മാര്‍ഗമില്ലാതെ ഇരിക്കുമ്പോള്‍ ആ പല്ലാങ്കുഴി പലകയെ താഴെ ഇറക്കണം.. ആ കളിയുടെ ഓര്‍മ്മകള്‍ പുതുക്കാന്‍ ...ചേട്ടന്മാരെ പറ്റിച്ചത് ഒന്നൂടെ ഓര്‍ക്കാന്‍ ...

2010, ഫെബ്രുവരി 16

ആദ്യത്തെ രക്ത ദാനം .....ഇന്ന് ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് (റോയല്‍ ഡച്ച് ഷെല്‍ ) ഒരു രക്ത ദാന ക്യാമ്പ് ഉണ്ടായിരുന്നു. രാവിലെ 10.30 ന്‌ ഞാന്‍ രക്തം കൊടുക്കാനായി അവിടെ എത്തി. എന്റെ ഒട്ടേറെ സഹ പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നു. ചിലര്‍ രജിസ്ട്രെഷന്‍ കൌണ്ടറിലും , ചിലര്‍ ബ്ലഡ് ഗ്രുപ്പ് നിര്‍ണയിക്കുന്നിടത്തും , ബാക്കി ഉള്ളവര്‍ രക്തം എടുക്കാനായി തയ്യാറാക്കി വച്ചിരുന്ന ചാരു കസേരകളിലും ഇരിക്കുകയായിരുന്നു.

എന്റെ ഊഴം വന്നപ്പോള്‍ ഞാന്‍ ആദ്യം രജിസ്ട്രെഷന്‍ കൌണ്ടറില്‍ പോയി. പിന്നെ ഗ്രുപ്പ് നിര്‍ണ്ണയിക്കുന്ന ആളിന്റെ അടുത്ത് ചെന്നു. പയ്യന്‍സ് ഒരു ചെറിയ സൂചി കൊണ്ട് വിരലിന്റെ തുമ്പില്‍ നിന്നും രക്തം കുത്തി എടുത്തു. എന്നിട്ട് എന്നോട് ചോദിച്ചു.

"എത്ര തവണ രക്തം കൊടുത്തിട്ടുണ്ട് ?"

"അഞ്ചു തവണ" ഞാന്‍ ഒരു ചെറിയ ചിരിയോടെ പറഞ്ഞു.

"അവസാനം കൊടുത്തത് എന്നാണ്?"

"കഴിഞ്ഞ വര്‍ഷം"

പിന്നെ കുത്തി എടുത്ത രക്തം ഒരു ചെറിയ കണ്ണാടി ഗ്ലാസ്സില്‍ ഇട്ട്, അയാള്‍ എന്തൊക്കെയോ ചെയ്തു . എന്നിട്ട് എന്നോട് ചോദിച്ചു .

ഓ നെഗറ്റീവ് അല്ലേ ?

ഞാന്‍ അതെ എന്ന് സമ്മതിച്ചു.. എന്നിട്ട് അപ്പോള്‍ ഒഴിഞ്ഞ ഒരു ചാരു കസേരയില്‍ ചെന്നിരുന്നു.
അവിടെ ഒരു എല്ലുപോലെ മെലിഞ്ഞ ഒരു പെണ്‍കൊടി വന്ന് എന്റെ കയ്യിലെ പേപ്പര്‍ വാങ്ങി. എന്നിട്ട് പറഞ്ഞു ..

"സര്‍ ഓ നെഗറ്റീവ് ആണല്ലേ...വളരെ റെയര്‍ ഗ്രുപ്പ് ആണ് "

പിന്നെ ചിരിച്ചുകൊണ്ട് എന്റെ ഇടത്തെ കയ്യില്‍ സ്പിരിറ്റ്‌ പുരട്ടിയിട്ട്‌ ഒരു സൂചി കുത്തി കയറ്റി. കയ്യില്‍ പ്രെഷര്‍ കൊടുക്കാനായി ഒരു റബര്‍ പന്തും തന്നു. ആ പന്തും വച്ച് അമര്‍ത്തി കളിച്ച്, ഞാന്‍ എന്റെ രക്തം പതിയെ ഊറി ഒരു പ്ലാസ്റ്റിക്‌ ബാഗിലേക്കു പോകുന്നത് നോക്കി നിന്നു. അപ്പോള്‍ എന്റെ ആദ്യ രക്ത ദാനത്തെക്കുറിച്ച് ഓര്‍മ്മ വന്നു.

രക്ത ദാനം മഹത്തായ ഒരു പ്രവര്‍ത്തിയാണെന്ന് പണ്ട് മുതല്‍ക്കേ അറിയാമായിരുന്നു. പക്ഷെ ദാനം ചെയ്യാന്‍ എനിക്ക് ഒരു അവസരം കിട്ടിയില്ലായിരുന്നു. അങ്ങനെയിരിക്കെ, B.Sc Geology യ്ക്ക് പഠിച്ചുകൊണ്ടിരുന്ന സമയത്ത് ഒരു ദിവസം, ഡിപ്പാര്‍ട്ട് മെന്റില്‍ ഒരാള്‍ വന്നു പറഞ്ഞു.. ഞങ്ങളുടെ സാറിന്റെ ഒരു ബന്ധുവിന് അത്യാവശ്യമായി രക്തം വേണം.. ഓ നെഗറ്റീവ് ഗ്രൂപ്പാണ് വേണ്ടത് ....സന്മനസ്സുള്ളവര്‍ ഉടനെ തന്നെ പോകണം...

ഞാന്‍ ഉടനെ സമ്മതിച്ചു. മഹത്തായ ഒരു കാര്യം ചെയ്യാന്‍ പോകുന്നതിന്റെ ആവേശത്തോടെ ഞാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് യാത്ര തിരിച്ചു.

യാത്രയ്ക്കിടെ പെട്ടന്ന് വേറെ ചിന്തകള്‍ വരാന്‍ തുടങ്ങി. .. അവറ്റകള്‍ വരാന്‍ തുടങ്ങിയാല്‍ പിന്നെ പെട്ടന്നൊന്നും പോകില്ല ..

"എങ്ങാനും നേരത്തെ ഉപയോഗിച്ച സിറിഞ്ച് ഉപയോഗിച്ച് എനിക്കിട്ടു കുത്തിയാലോ? എങ്കില്‍ എന്റെ ആപ്പിസ് പൂട്ടിയത് തന്നെ "

ഓര്‍ത്തപ്പോള്‍ തന്നെ ചെറുതായി പേടി തുടങ്ങി . രക്തം നല്‍കാം എന്ന് സമ്മതിച്ചും പോയി. ഇനി എങ്ങനാ പറ്റില്ല എന്ന് പറയുക?

AIDS നെക്കുറിച്ചുള്ള ഒരു പോസ്റ്റര്‍ കൂടി വഴിയില്‍ കണ്ടതോടെ എന്റെ ചങ്കിടിപ്പ് ഇരട്ടിയായി.

എന്നാലും ധൈര്യം കളയാതെ ഞാന്‍ ആശുപത്രിയിലേക്ക് ചെന്നു. അവിടെ ചെന്നപ്പോള്‍ രോഗിയുടെ കുറെ ആളുകള്‍ അവിടെ ഉണ്ടായിരുന്നു. അതിലൊരാള്‍ എനിക്ക് വന്ന് നന്ദിയൊക്കെ പറഞ്ഞു. എന്നിട്ട് രക്തം എടുക്കുന്ന മുറിയിലേയ്ക്ക് കൊണ്ട് പോയി.

പേടിയോടെ ആണെങ്കിലും ഒരു ചിരി ഒക്കെ ചിരിച്ചു ഞാന്‍ കട്ടിലില്‍ കിടന്നു. രക്ത ദാനം എനിക്ക് പുത്തരിയല്ല എന്ന മട്ടില്‍. .. പിന്നെ വാര്‍ഡിലെ സിസ്റ്റര്‍ വന്നു ഒരു
ഡിസ്പോസബില്‍ സിറിഞ്ച് എടുക്കുന്നത് കണ്ടപ്പോള്‍ മനസ്സിന് സമാധാനം ആയി.

ഏതാണ്ട് അര മണിക്കൂര്‍ കൊണ്ട് എല്ലാം കഴിഞ്ഞു, രക്തം എടുത്ത ശേഷം എന്നെ അടുത്ത മുറിയില്‍ കയറ്റി ഇരുത്തി ഒരു ഫ്രുട്ടിയും കുറച്ചു ബിസ്കറ്റും കഴിക്കാന്‍ തന്നു. എന്നിട്ട് പോകാന്‍ നേരത്ത്, രോഗിയുടെ ബന്ധു വന്നു വീണ്ടും നന്ദി പറഞ്ഞു. പിന്നെ ഒരു നൂറു രൂപ എടുത്തു എന്റെ പോക്കറ്റില്‍ വച്ചു. ആദ്യം ഞാന്‍ വേണ്ടെന്നു പറഞ്ഞെകിലും വീണ്ടും അയാള്‍ നിര്‍ബന്ധിച്ചപ്പോള്‍ അത് ഞാന്‍ വാങ്ങി.

അന്ന് വൈകിട്ട് വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ ഈ കാര്യം വലിയ ഗര്‍വ്വോടെ അവതരിപ്പിച്ചു. കേട്ടപ്പോള്‍ എല്ലാവര്ക്കും സന്തോഷമായി. പക്ഷെ കഥയുടെ അവസാനം അറിഞ്ഞപ്പോള്‍ ഇളയ ചേട്ടന്‍ ദേഷ്യത്തോടെ ചോദിച്ചു ..

" നീ നിന്റെ രക്തം വിറ്റു അല്ലേടാ. .. നാണമില്ലേ നിനക്ക് . ചെയ്ത പ്രവര്‍ത്തിയുടെ പുണ്യം കളഞ്ഞു കുളിച്ചില്ലേ ?

അപ്പോഴാണ്‌ ഞാന്‍ വീണ്ടും ബോധവാനായത്. പ്രതിഫലമായി ഞാന്‍ നൂറു രൂപ വാങ്ങിയപ്പോള്‍ ത്തന്നെ ചെയ്ത കര്‍മ്മത്തിന്റെ മഹത്വം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു എന്ന കാര്യം ഞാന്‍ മനസ്സിലാക്കി.

" മര്യാദയ്ക്ക് ആ പൈസ അയാള്‍ക്ക്‌ തിരികെ കൊടുക്കണം. " ചേട്ടന്‍ പറഞ്ഞു.

എനിക്ക് ഉടനെ തിരികെ ആശുപത്രിയില്‍ പോകാന്‍ പറ്റിയില്ല. പിന്നീട് കോളേജില്‍ പോയപ്പോള്‍ സാറിന്റെ ബന്ധുവിന്റെ അഡ്രസ്‌ തേടിപ്പിടിച്ചു. എന്നിട്ട് ആ നൂറു രൂപ മണി ഓര്‍ഡറായി അയാളുടെ പേരില്‍ അയച്ചു. അതോടൊപ്പം ഉള്ള കുറിപ്പില്‍ ഇപ്രകാരം എഴുതി.

" രക്തം തന്നതിന് പകരം പൈസ വാങ്ങിയത് തെറ്റായി എന്ന് തോന്നി. അതിനാല്‍ അന്ന് വാങ്ങിയ നൂറു രൂപ ഇതോടൊപ്പം മണി ഓര്‍ഡറായി അയയ്ക്കുന്നു. "

അതായിരുന്നു എന്റെ ആദ്യ രക്ത ദാനം.

ഓര്‍മ്മകളില്‍ നിന്നും മുങ്ങിത്തപ്പി എണീറ്റപ്പോള്‍ ക്യാമ്പിലെ പെണ്‍ കിടാവ് വന്നു സൂചി ഇളക്കി മാറ്റി അവിടെ പഞ്ഞി വച്ചിട്ട് എല്ലാം കഴിഞ്ഞു എന്ന് പറഞ്ഞു.

എന്റെ രക്തം ഏതോ ഒരു അത്യാവശ്യക്കാരന്റെ സിരകളില്‍ ഓടുമല്ലോ എന്നോര്‍ത്ത് കൃതാര്‍ ത്ഥ തയോടെ ഞാന്‍ അവിടെ നിന്നും എന്റെ സീറ്റിലേക്ക് നടന്നു.

രക്തം ദാനം ചെയൂ ...കുറെ ജീവിതങ്ങള്‍ രക്ഷിക്കൂ.

ജോസ്, ബാം ഗ്ലൂര്‍
16 - Feb- 2010

2010, ഫെബ്രുവരി 13

ഞാന്‍ ഒതേനന്‍ .....


പഴശ്ശി രാജ എന്ന സിനിമയില്‍ മമ്മൂട്ടി ക്ഷത്രിയ തേജസ്സോടെ ചുരികയും ചുഴറ്റി പട വെട്ടുന്ന കാഴ്ച കണ്ടപ്പോള്‍ ഞാന്‍ ആകെ കോരിത്തരിച്ചു പോയി. (സ്കൂളില്‍ പഠിക്കുമ്പോള്‍ തൊട്ട് ഞാന്‍ ഒരു മമ്മൂട്ടി ഫാന്‍ ആണ് ). ഉടനെ പഴശ്ശി രാജയില്‍ നിന്നും എന്റെ ഓര്‍മ്മകള്‍ വടക്കന്‍ വീര ഗാഥയിലെ ചന്തുവിലേയ്ക്കും പിന്നെ സാക്ഷാല്‍ തച്ചോളി ഒതേനനിലേയ്ക്കും പറന്നു പോയി.

"ഞാനും പണ്ടൊന്നു ശ്രമിച്ചതല്ലേ ഒതേനനെ പോലെ ആവാന്‍ ?"

സ്കൂളില്‍ പഠിക്കുന്ന കാലത്ത് എന്റെ മനസ്സിന്റെ വിഹായസ്സില്‍ സ്ഥാനം പിടിച്ച്, എന്റെ ഭാവനകളില്‍ പാറി നടന്ന പല കഥാ പാത്രങ്ങളും ഉണ്ടായിരുന്നു. ഫാന്റം, മാന്‍ഡ്രേക്ക് , സൂപ്പര്‍ മാന്‍ , പിന്നെ നമ്മുടെ സ്വന്തം ഒതേനനും കൂട്ടരും.

അന്ന് വീട്ടില്‍ വരുത്തിയിരുന്ന മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ തുടരെ വന്നിരുന്ന ചിത്ര കഥയിലൂടെ ആയിരുന്നു ഞാന്‍ വടക്കന്‍ പാട്ടിലെ പുത്തൂരം വീടിനെക്കുറിച്ചും മറ്റും അറിയുന്നത്. എല്ലാ ആഴ്ചയിലും ഞാന്‍ അതൊക്കെ മുടങ്ങാതെ വായിക്കുമായിരുന്നു. പിന്നെ അമര്‍ ചിത്ര കഥയിലൂടെയും അതൊക്കെ വീണ്ടും വീണ്ടും വായിച്ചു. അങ്ങനെ ആരോമലുണ്ണിയും ഉണ്ണിയാര്‍ച്ചയും, പിന്നെ തച്ചോളി ഒതേനനും ഒക്കെ എന്റെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടി.

ഒതേനനെപ്പോലെ വാള്‍ ചുഴറ്റി ഞാന്‍ പയറ്റുന്നതും , ശത്രുക്കളെ വെട്ടി വീഴ്ത്തുന്നതും ഒക്കെ ഞാന്‍ സ്വപ്നം കാണും. ആയിടെ തിരുവനന്തപുരത്തെ സെന്‍ട്രല്‍ തീയേറ്ററില്‍ സത്യന്‍ അഭിനയിച്ച "തച്ചോളി ഒതേനന്‍ " എന്ന സിനിമ വന്നപ്പോള്‍ ചേട്ടന്‍ എന്നെ അത് കാണിക്കാന്‍ കൊണ്ട് പോയി. അതും കൂടെ കണ്ടു കഴിഞ്ഞപ്പോള്‍ ഒതേനന്‍ എന്റെ ഒരു ഹീറോ ആയി.

ആയിടെ ഒതേനനില്‍ നിന്നും പ്രചോദനം കൊണ്ട് ഞാന്‍ ഒരു കളി കണ്ടു പിടിച്ചു .

സ്കൂളില്‍ നിന്നും വന്നു കഴിഞ്ഞാല്‍ പിന്നെ എനിക്ക് കളിയ്ക്കാന്‍ കൂടുകാര്‍ ആരും ഇല്ലായിരുന്നു. ദൂരെയുള്ള കൂട്ടുകാരുടെ വീട്ടിലേയ്ക്ക് പോകാനും എനിക്ക് അനുവാദം ഇല്ലായിരുന്നു. അപ്പോഴൊക്കെ, വീടിന്റെ ചുറ്റുമുള്ള പറമ്പില്‍ ഓലമടല്‍ കൊണ്ട് ബാറ്റുണ്ടാക്കി, കപില്‍ ദേവിനെ പോലെയോ ഗവാസ്കറിനെ പോലെയോ സ്വയം സങ്കല്‍പ്പിച്ച്, ഞാന്‍ ക്രിക്കറ്റ് കളിച്ചു സമയം കളയും. അല്ലെങ്കില്‍
മറഡോണയെ സങ്കല്പിച്ച് ഒരു പഴയ പന്ത് തട്ടിക്കളിക്കും . അങ്ങനെയിരിയ്ക്കെ ആണ് ഈ പുതിയ കളി.

ഒതേനന്‍ പുറകില്‍ നിന്ന് കത്തി എറിഞ്ഞ് ദൂരെയുള്ള ശത്രുക്കളെ വീഴ്ത്തുന്ന കഥ ഞാന്‍ വായിച്ചിട്ടുണ്ട് . അത് പോലെ ഒന്ന് കത്തി എറിഞ്ഞ് നോക്കിയാലോ ?

പഴയ സാധനങ്ങള്‍ അടുക്കി വച്ചിരുന്ന ഒരു മുറിയില്‍ നിന്നും ഒരു ചെറിയ കത്തി കിട്ടിയപ്പോഴാണ് ഈ തോന്നല്‍ ഉണ്ടായത്.

ഒരു ദിവസം സ്ക്കൂളില്‍ നിന്നും വന്നിട്ട് ഞാന്‍ അതെടുത്തു ഒന്ന് പ്രയോഗിച്ചു നോക്കി.
കത്തിയുടെ പിടി ഒതേനന്‍ പിടിക്കുന്ന പോലെ ഒരു പ്രത്യേക രീതിയില്‍ പിടിച്ചിട്ട് അതിനെ മുന്‍പോട്ട് ശക്തിയായി എറിയും. അത് മണ്ണില്‍ ചെന്ന് ഒരു ചെറിയ ചരിവോടെ തറഞ്ഞു നില്‍ക്കും. അപ്പോള്‍ എനിക്ക് വല്ലാത്ത അഭിമാനം തോന്നും. ചിലപ്പോള്‍ അത് മണ്ണില്‍ തറയ്ക്കാതെ എവിടെയെങ്കിലും തെറിച്ചു വീഴും. അപ്പോള്‍ വീണ്ടും ശ്രമിക്കും.

ഈ പുതിയ കളി കുറച്ചു ദിവസം തുടര്‍ന്നു. പിന്നൊരു ദിവസം കളി കാര്യമായി.

ഒരു ദിവസം ഇതു പോലെ കത്തി എറിഞ്ഞ് കളിക്കുകയായിരുന്നു. മുന്‍പിലുള്ള മണ്‍ തറ നോക്കി , ഉന്നം പിടിച്ച് , ഒതേനനായി ഞാന്‍ കത്തി എറിഞ്ഞു.

"അയ്യോ" എന്നൊരു വിളിയാണ് പെട്ടന്ന് പുറത്തു വന്നത് . വലത്തെ കാലിന്റെ തള്ള വിരലില്‍ നിന്നും ചോര വരുന്നതും, അത് കണ്ടു ഞാന്‍ വിളറി വെളുത്തു ഇരിക്കുന്നതും എനിക്ക് ഓര്‍മ്മയുണ്ട്. അടുത്തെവിടെയോ ജോലി ചെയ്തുകൊണ്ട് നിന്ന ചേട്ടന്‍ എന്നെ തൂക്കി എടുത്തു അടുത്തുള്ള സിമന്റ് തറയില്‍ ഇരുത്തിയതും ഓര്‍മയുണ്ട് . ഒപ്പം കൈ കൊണ്ട് നല്ല ഒരടിയും.

"നിന്നോട് പറഞ്ഞിട്ടില്ലേ ഇതുപോലത്തെ സാധനങ്ങള്‍ കൊണ്ടൊന്നും കളിക്കരുത് എന്ന് ? വേറൊന്നും കിട്ടിയില്ല അവനു കളിയ്ക്കാന്‍. കണ്ടില്ലേ ഇപ്പോള്‍ കാലു മുറിഞ്ഞത്. " അടി തന്ന ശേഷം ചേട്ടന്‍ ചോദിച്ചു.

ചുരുക്കി പറഞ്ഞാല്‍ എന്റെ കണക്കു കൂട്ടല്‍ തെറ്റി. കയ്യില്‍ നിന്ന് പോയ കത്തി ചെന്ന് കൊണ്ടതു കാലിന്റെ വിരലില്‍ ആയിരുന്നു. നിമിഷ നേരം കൊണ്ട് സ്വര്‍ഗം കണ്ടു. ( 101 തവണ നെറ്റിയില്‍ തള്ള വിരല്‍ കൊണ്ട് ഉരച്ചാല്‍ സ്വര്‍ഗം കാണും എന്ന് പണ്ട് കൂട്ടുകാര്‍ പറഞ്ഞിട്ടുണ്ട്. അല്ലാതെ തന്നെ ഞാന്‍ അപ്പോള്‍ സ്വര്‍ഗം കണ്ടു) .

മുറിവ്, വഴക്ക് , അടി ....എല്ലാം ഒരുമിച്ചു പാര്‍സല്‍ ആയി വന്നു. അത് കൂടാതെ ഒരു സമ്മാനം കൂടെ ഉണ്ടായിരുന്നു. ...'.ഇന്‍ജക്ഷന്‍ '

മുറിവ് സെപ്ടിക് ആകാതിരിയ്ക്കാന്‍ ഉടനെ കൊണ്ട് പോയി ടെറ്റനസ് ഇന്‍ജക്ഷന്‍ എടുക്കണം എന്ന് ചേട്ടന്‍ പറഞ്ഞു. (അന്നൊക്കെ ഇന്‍ജക്ഷന്‍ എന്ന് പറഞ്ഞാല്‍ കുറച്ചു പേടിയുള്ള സംഭവം ആയിരുന്നു. എപ്പോള്‍ ഇന്‍ജക്ഷന്‍ എടുക്കാന്‍ ചെന്നാലും ..വേദനയ്ക്ക് പുറമേ മാനഹാനിയും കാണും...കാരണം കുത്ത് ചന്തിയിലല്ലേ ...)
എന്തു ചെയ്യാം ...വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. ..

"ഇപ്പോള്‍ തൃപ്തിയായില്ലേ ..ഇനിയും കളിക്കണേ ഇത് വച്ചിട്ട്.. നീ ആര് തച്ചോളി ഒതേനനോ ? "

ചേട്ടന്‍ അങ്ങനെ പറഞ്ഞപ്പോള്‍ സാക്ഷാല്‍ ഒതേനന്‍ ആയിരുന്നു എന്റെ പ്രചോദനം എന്ന് ഞാന്‍ വെളിയില്‍ പറഞ്ഞില്ല .

അന്ന്. ..അവിടെ വച്ച് .. ഒതേനനെപ്പോലെ കത്തി എറിയാനുള്ള എന്റെ ആഗ്രഹത്തെ ഞാന്‍ ചന്ദനച്ചിതയിലിട്ട് ദഹിപ്പിച്ചു. ചാരം മുടവന്‍ മുഗള്‍ ആറ്റില്‍ ഒഴുക്കി.

പിന്നൊരിക്കലും ഒതേനനെ അനുകരിച്ചിട്ടില്ല . ചന്തുവും ഒതേനനും, ആര്‍ച്ചയും ഒക്കെ ഓര്‍മയില്‍ മാത്രം

എന്തിനാ വെറുതെ അനുകരിച്ചു പുലി വാല് പിടിക്കുന്നെ ...


ജോസ്
ബാംഗ്ലൂര്‍

2010, ഫെബ്രുവരി 12

വളപ്പൊട്ടുകള്‍ ....


ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് ...

അപ്പച്ചന്റെ മരണ ശേഷം ഉള്ള കാലഘട്ടം ....

വരുമാന മാര്‍ഗ്ഗമായിരുന്ന വാച്ച് നന്നാക്കുന്ന കട നഷ്ട്ടപ്പെട്ട സമയം....

വരുമാനം കുറഞ്ഞ്, വീട്ടിലെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന കാലം ...

ആഗ്രഹിക്കുന്നതൊക്കെ കിട്ടാനായി കാലതാമസം എടുക്കാം എന്ന സത്യം മനസ്സിലാക്കി വരുന്ന സമയം...

അന്നൊരു സായം സന്ധ്യയില്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി സ്വപ്നം കണ്ടിരുന്നപ്പോള്‍ എഴുതിയതാണ് ഇത് .....

ഇതിനു താളമുണ്ടോ എന്നറിയില്ല ... പക്ഷെ അന്നെനിക്ക് മനസ്സില്‍ തോന്നിയ ഒരു വിങ്ങലാണ് ഇതിന്റെ പുറകിലെ പ്രചോദനം എന്ന് മാത്രം ഉറപ്പിച്ചു പറയാനാവും ...

ഉത്സവപ്പറമ്പിലെ ദീപങ്ങള്‍ക്കരികിലായ്
ചായം പുരട്ടിയ കോലങ്ങ ളാടവേ
ദുരെ വഴികളി ലിരുട്ടു പരന്നതും
പക്ഷികള്‍ കൂട്ടില്‍ ചേക്കേറി കഴിഞ്ഞതും
കണ്ണും മിഴിച്ചങ്ങു നൃത്തവും കണ്ടു
ലയിച്ചങ്ങുറങ്ങിയ ഞാനറിഞ്ഞില്ല

വാദ്യഘോഷങ്ങള്‍ നിലച്ചപ്പോഴെപ്പോഴോ
പാതിയുറക്കത്തില്‍ നിന്നെഴുന്നേറ്റു ഞാന്‍
അപ്പോഴാണോര്‍ത്തതെന്‍ പെങ്ങളിന്നെന്നോടായ്
കരിവള വാങ്ങുവാന്‍ പറഞ്ഞ കാര്യം.
മയില്‍പ്പീലി കൊണ്ടുത്തരാമെന്നോതി ഞാന്‍
പറ്റിയ്ക്കുമായിരു ന്നെന്‍ കുഞ്ഞു പെങ്ങളെ

ഇന്നുമതുപോലെ പറ്റിയ്ക്കല്ലെയെന്നെ
എന്ന് പറഞ്ഞവളെന്നോട് പല വട്ടം
ഇന്നെങ്കിലുമവള്‍ക്കാശിച്ച സമ്മാനം
വാങ്ങിയെ പോകാവു എന്ന് നിനച്ചു ഞാന്‍
പാത വക്കത്തുള്ള പീടികയില്‍ നിന്നും
അവള്‍ക്കായ്‌ ഞാന്‍ കുറെ കരിവളകള്‍ വാങ്ങി.

വീടിലേയ്ക്കായൊരു വണ്ടിയില്‍ കയറുവാന്‍
കരിവള പ്പൊതിയെ ഞാന്‍ മടിയില്‍ വച്ചോടി
പാതയോരത്തുള്ള വൈദ്യുത ദീപങ്ങള്‍
ചൊരിഞ്ഞ നിലാവില്‍ തെളിഞ്ഞ വഴിയില്‍
ഒരാമയെപ്പോലെയാ വണ്ടി കിതച്ചോടി
വീടിന്റെ പടിയിലിന്നെന്നെയും കാത്ത്
കുഞ്ഞിക്കൈകളില്‍ മുഖം വച്ചിരിക്കും
കുഞ്ഞിപ്പെങ്ങളെയോര്‍ത്തു ഞാനപ്പോള്‍
വിടര്ന്നെന്‍ ചുണ്ടിലൊരു മന്ദഹാസം

വണ്ടിയിറങ്ങിയിട്ടേറെ നടന്നു ഞാന്‍
വീടിന്റെ മുറ്റത്തെ പടി വാതില്‍ക്കലെത്തി
വള വാങ്ങിയോയെന്നു ചോദിച്ചു കൊണ്ടെന്റെ
പെങ്ങളെന്‍ മുന്നിലെയ്ക്കൊടി വന്നപ്പോള്‍
കുരുന്നു മനസ്സിന്റെ കുറുമ്പൊന്നു കാണുവാന്‍
ഞാന്‍ പറഞ്ഞയ്യോ ! മറന്നെന്റെ മോളെ

അതുകെട്ടവളൊന്നുമുരിയാടിയില്ല
എന്‍ മുഖം നോക്കി കുറച്ചൊന്നു നിന്നവള്‍
തുളുമ്പുവാന്‍ വെമ്പുന്ന കുടങ്ങളായ് കണ്ണുകള്‍
വിറയ്ക്കുമധരങ്ങളാല്‍ അവളോതിയെന്നോടായ്
എന്തേ എനിക്കിന്നും വള വാങ്ങിയില്ല ?
എന്തിനാണെന്നെ പറ്റിച്ചതേട്ടന്‍ ?

നിറഞ്ഞോരാ കണ്ണുകള്‍ തുളു മ്പുന്നതിന്‍ മുന്നേ
പുറകില്‍ ഒളിപ്പിച്ച വളപ്പോതി നീട്ടി ഞാന്‍
പിന്നെ ചിരിച്ചു കൊണ്ടാപ്പൊതി വാങ്ങി
സന്തോഷത്തോടവള്‍ മെല്ലെത്തുറക്കവേ
കണ്ടു ഞാനതില്‍ ക്കുറെ വളപ്പൊട്ടുകള്‍ മാത്രം
വള പ്പൊതി മടിയില്‍ തിരുകി ഞാനോടിയ
നേരത്തതെങ്ങാനും പൊട്ടിയിരിക്കണം

ചെയ്യേണ്ടതെന്തെ ന്നറിയാതെ വള
പ്പൊട്ടുകള്‍ നോക്കി ഞാന്‍ സ്തബ്ധനായ്‌ നില്‍ക്കവേ
എന്നെ വിളിച്ചിട്ട് ചൊല്ലിയെന്‍ പെങ്ങള്‍
ഇന്നെങ്കിലു മേട്ടന്‍ പറഞ്ഞു പറ്റിക്കാതെ
കൊണ്ട് വന്നില്ലേയീ വളപ്പൊട്ടെങ്കിലും
താഴേക്കു വീണൊരാ വളപ്പൊട്ടുകളെല്ലാം
തിരികെപ്പെറുക്കിയാ പൊതിയിലിട്ടപ്പോഴെന്‍
കണ്ണില്‍ നിന്നൊരു തുള്ളി കണ്ണു നീരൊഴുകി
താഴേയ്ക്ക് വീണൊരു വളപ്പൊട്ട്‌ പോലെ

ജോസ്
31-8-95

2010, ഫെബ്രുവരി 10

മഴത്തുള്ളികള്‍ ......


മഴ ...അത് അന്നും എന്നും ഇന്നും എനിക്ക് ഹരമാണ്.
എത്ര വിഷമിച്ചിരിക്കുംപോഴും മഴ പെയ്യുന്നത് കാണുമ്പോള്‍ മനസ്സിന് വല്ലാത്ത ഒരു സുഖമാണ് ..ആ സമയത്ത് ചുറ്റും പരക്കുന്ന മണ്ണിന്റെ ഗന്ധം ഒരു പ്രത്യേക അനുഭുതി തന്നെയാണ് .

പണ്ട് മനസ്സൊന്നു വിഷമിച്ചിരുന്ന സമയത്ത്, വീടിന്റെ മുന്നിലെ അഴിയിട്ട ജനാലയ്ക്കരുകില്‍ ഇരുന്ന് മഴപെയ്യുന്നതും നോക്കി ഇരുന്നപ്പോള്‍ എഴുതിയതാണ് ഈ കവിത..
മഴയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടി .....


വീടിന്റെ മുന്നിലെ ചില്ല് പതിപ്പിച്ച
പഴയ ജനാല തുറന്നു പുറത്തുള്ള
കാഴ്ചകള്‍ കണ്ടങ്ങിരുന്നു മയങ്ങുവാന്‍
എന്നുമെനിക്കിഷ്ടമായിരുന്നു .

പാതി തുറന്ന ജനാലയിലൂടെ
എന്നെത്തന്നെ മറന്നങ്ങിരിക്കുമ്പോള്‍
സീമകള്‍ താണ്ടിപ്പറക്കുമെന്നോര്‍മ്മകള്‍
യവന കഥയിലെ ചിറകുള്ള കുതിരപോല്‍

മാനം നിറയുന്ന കാര്‍മുകില്‍ കൂട്ടങ്ങള്‍
ആകാശമൊക്കെയും ചിത്രം വരയ്ക്കവേ
മാനത്തൂന്നാരോ താഴേക്ക്‌ തൂവുന്ന
കണ്ണുനീര്‍ പോല്‍ മഴത്തുള്ളികളെത്തവേ

ദുഃഖങ്ങള്‍ ഒക്കെയും പറന്നങ്ങു പോകും
ചെറു ചിരി തെളിയുമെന്‍ ചുണ്ടിന്റെ കോണില്‍
ഈറനണിയുമെന്‍ ഓര്‍മ്മകള്‍ എല്ലാം
മനസ്സില്‍ തെളിയുമെന്‍ ബാല്യ കാലം

പുസ്തക സഞ്ചിയും നെഞ്ചോട്‌ ചേര്‍ത്ത്
കുഞ്ഞിക്കുടയൊന്നു കയ്യിലേന്തി
സ്കൂളിലേക്കോടുന്ന എന്റെ ചിത്രം
മനസ്സിലപ്പോഴെയ്ക്കൊടിയെത്തും .

ഉയരെ മേഘങ്ങള്‍ക്കിടയിലിരുന്നാരോ
തൂകി വിടുന്ന കണ്ണീരു പോലെ
പെയ്തു തിമര്‍ക്കും മഴയില്‍ നിരത്തുകള്‍
കാട്ടാറുപോലെ നിറഞ്ഞിടുമ്പോള്‍

കാലിട്ടടിച്ചു വെള്ളത്തിലോളങ്ങള്‍
തീര്‍ത്തു നടക്കുന്നോരെന്റെ ചിത്രം
ഓര്‍മ്മചെപ്പില്‍ നിന്നൊരു മാത്ര കൊണ്ട്
കണ്ണിന്റെ മുമ്പിലേക്കോടിയെത്തും

മേളില്‍ നിന്നൊരു തുള്ളി താഴേക്ക്‌ വീഴുമ്പോള്‍
താഴെ ജനിക്കുന്ന കുമിളകളെ നോക്കാന്‍
അതിനുള്ളില്‍ വിടരുന്ന സപ്ത വര്‍ണ്ണം കാണാന്‍
അന്നുമെനിക്കിഷ്ടമായിരുന്നു.

അന്നൊരു നാളിലെ മഴവെള്ളപ്പാച്ചിലില്‍
കാലിട്ടടിച്ചു രസിച്ചു ഞാന്‍ നീങ്ങവേ
വിട്ടുപോയെന്നുടെ കാലുകളില്‍ നിന്നും
പാദുകങ്ങള്‍ രണ്ടുമാ ഒഴുക്കില്‍

പക്ഷേ, അവ രണ്ടും തേടിപ്പിടിച്ചിട്ടു
മരചീനിക്കമ്പു കൊണ്ടത്‌ കോര്‍ത്തെടുത്തു
പിറ്റേന്ന് രാവിലെ എന്നടുത്തെത്തിയ
കളിക്കൂട്ടുകാരിയെ ഞാനോര്‍ക്കുമപ്പോള്‍

സഖിയവള്‍ പിന്നെ പറന്നകന്നെങ്ങോ
സുമംഗലി ആയവള്‍ കഴിയുന്നുണ്ടെവിടെയോ
അവളിപ്പോഴെവിടെയെന്നറിയില്ലെനിക്ക്
അവളെന്തു ചെയ്യുന്നെന്നറിയില്ലെനിക്ക്

എന്നാലും മഴയത്ത് നിരത്തുകളെല്ലാം
നിറഞ്ഞു കവിഞ്ഞൊഴുകുന്ന നേരത്ത്
എന്നിലെ ഓര്‍മ്മകള്‍ മേയും തുരുത്തില്‍
ഉണ്ടായിരിക്കും അവളെന്നുമോര്‍മ്മയായ്

ഇന്നും മാനത്ത് കാര്‍മുകില്‍ കൂടുമ്പോള്‍
മാനം നിറഞ്ഞു മഴ തിമിര്‍ത്താടുമ്പോള്‍
വെളിയിലെയ്ക്കോടിയാ മഴ ഒന്ന് നനയുവാന്‍
വെറുതെയൊന്നു കൊതിച്ചിരിക്കും ഞാന്‍

പണ്ട് ഞാന്‍ ചെയ്തപോല്‍ കാലി ട്ടടിച്ചങ്ങു
ഓളങ്ങള്‍ തീര്‍ത്തു രസിച്ചു നടക്കുവാന്‍
മാനത്ത് വിടരുന്ന മഴവില്ല് കാണുവാന്‍
ഉള്ളിന്റെ ഉള്ളില്‍ വെറുതെ കൊതിച്ചിടും

കുട്ടിയല്ലിന്നു ഞാന്‍ എന്നയെന്‍ ബോധം
പക്ഷേ അതില്‍ നിന്നെന്നെ വിലക്കും
എന്നാലും പിന്നെയും നാമ്പിടും മോഹങ്ങള്‍
മഴത്തുള്ളികള്‍ പെയ്തു തൂവുന്ന നേരം

ജോസ്
28- 8- 1995

കിളിക്കൂട് ....


പണ്ടൊരിക്കല്‍ ഒരു നല്ല മഴ സമയത്ത് വീട്ടിനടുത്ത് ഒരു കിളിക്കൂട് തകര്‍ന്നു കിടക്കുന്നത് കണ്ടു. അന്ന് മനസ്സില്‍ വിഷമം തോന്നിയപ്പോള്‍ എഴുതിയതാണ് ഈ കവിത ...

എന്റെ വീട്ടിലെ പ്ലാവിന്റെ കൊമ്പത്ത്
ഒരുനാളിലൊരു കിളി കൂടുകെട്ടി
അവിടെയുമിവിടെയും പറന്നു നടന്നത്
കമ്പുകള്‍ കൊണ്ടൊരു കൂട് തീര്‍ത്തു.

നേര്‍ത്ത പലതരം നാരുകള്‍ കൊണ്ടൊരു
മെത്തയും കൂടിനകത്ത്‌ തീര്‍ത്തു.
രണ്ടുനാള്‍ കഴിഞ്ഞതില്‍ ചന്ദമെഴുന്നൊരു
മുട്ടയുമിട്ടത് കാത്തിരുന്നു.

ഞാനെന്റെ വീടിന്റെ വാതില്‍ക്കല്‍ നിന്ന്കൊ -
ണ്ടാക്കൂട് നോക്കിയിരിക്കുമെന്നും
കുഞ്ഞി ക്കിളികളെ കാണുവാനായി
ദിവസങ്ങളെണ്ണി ഞാന്‍ കാത്തിരുന്നു.

ചോര നിറമാര്‍ന്ന ചുണ്ടുമായി
നേര്‍ത്ത സ്വരത്തില്‍ കരയും തന്റെ
കുഞ്ഞിക്കിളിയേ കിനാവ്‌ കണ്ട്
കൂടിനുള്ളില്‍ തള്ളക്കിളിയിരുന്നു.

എന്നത്തെപ്പോലെ ഞാനന്നും വീടിന്റെ
വാതില്‍ക്കല്‍ വന്നിട്ടാകൂട് നോക്കി.
അന്ന് ഞാന്‍ പക്ഷേ കൂടിന്റെ പുറകിലായ്
ചക്രവാളത്തിലാ ചുവപ്പ് കണ്ടു

ദൂരെ മലനിരകള്ക്കൊക്കെയും മീതെ
കാര്‍ മേഘക്കൂട്ടങ്ങള്‍ ഇരുണ്ടു കൂടി.
തെന്നലായ് വീശിയ ഇളം കാറ്റുപോലും
മട്ടാകെ മാറി ഒന്നാഞ്ഞുവീശി.

മാനം കറുത്തപ്പോള്‍ സുര്യന്‍ മറഞ്ഞു
വീശിയ കാറ്റത്ത്‌ മരമൊന്നുലഞ്ഞു.
കാറ്റില്‍ കുലുങ്ങിയ കൊച്ചു കൂട്ടില്‍
പേടിച്ചിരുന്നാ തള്ളക്കിളി .

ഇലകളില്‍ തട്ടി താഴേയ്ക്ക് വീഴുന്ന
മഴത്തുള്ളികള്‍ കണ്ടു വിറച്ചു തള്ളക്കിളി
ഇത്രനാള്‍ സൂക്ഷിച്ച മുട്ടകള്‍ പൊട്ടാതെ
കൂടിലാ പാവം ഭയന്നിരുന്നു.

മഴപെയ്തു തീര്‍ന്നപ്പോള്‍ കാറ്റൊന്നടങ്ങി
സുര്യന്‍ തെളിഞ്ഞപ്പോള്‍ മാനം വെളുത്തു.
പക്ഷേ മരക്കൊമ്പിനിടയിലിരുന്നോരാ
കൂടോ കൊമ്പത്ത് കണ്ടില്ല

മഴയത്ത് വീശിയ കാറ്റില്‍ ഉലഞ്ഞോര -
ക്കൂടോ താഴെ തകര്‍ന്നു വീണു.
നഷ്ട സ്വപ്നങ്ങള്‍ തന്‍ ബാക്കിപത്രം പോലെ
കിളിക്കൂട്‌ ചിതറിക്കിടന്നു താഴെ

പൊട്ടിച്ചിതറിയ മുട്ടയ്ക്കടുത്തിരു -
ന്നൊരുപാട് തേങ്ങിക്കരഞ്ഞു തള്ളക്കിളി
ആശാഭംഗത്തില്‍ നിന്നുതിര്‍ന്നൊരു കണ്ണുനീര്‍
അയ്യോ, മഴയത്തൊലിച്ചു പോയി.

കൊക്കിനിടയില്‍നിന്നുതിര്‍ന്ന രോദനം
വീശിയ കാറ്റത്തലിഞ്ഞു പോയി.
അപ്പോഴും പെയ്തൊരാ ചാറ്റല്‍ മഴയില്‍
പാടേ നനഞ്ഞു വിറച്ചിരുന്നാക്കിളി

സുര്യന്‍ തെളിഞ്ഞിട്ടും മാനം വെളുത്തിട്ടും
സാന്ത്വനം പോലൊരു കുളിര്‍ കാറ്റ് വന്നിട്ടും
നെഞ്ചകം തെളിയാത്ത പാവം തള്ളക്കിളി
കൂട്ടിനടുത്തു നിന്നൊന്നു തേങ്ങി .

എല്ലാം തകരുവാന്‍ നിമിഷങ്ങളെ വേണ്ടു
പിന്നൊന്ന് തീര്‍ക്കാനോ ദിവസങ്ങളും
പഴമക്കാരെന്നും പറയുമെല്ലാ
വാക്യങ്ങള്‍ ഒക്കെയും എത്ര സത്യം

ജോസ്
25- 8- 1995

എന്റെ മണ്‍് കൂരയില്‍....


എനിക്കൊരു മണ്കൂര ഉണ്ട്. ...മണ്ണ് കുഴച്ചു മതിലുണ്ടാക്കി ..ഓല മേഞ്ഞ ..എന്റെ വീട് . ഓര്‍മ്മ വച്ച നാള്‍ മുതല്‍ എന്റെ സ്വപ്നങ്ങളെ തണലേകി വളര്‍ത്തിയ വീട്. ഈ കുറിപ്പ് അതിന്റെ ഓര്‍മയില്‍ നിന്നാവട്ടെ....

മുടവന്മുഗളിലെ ഡീസന്റ് ജങ്ക്ഷനില്‍ ആയിരുന്നു എന്റെ വീട്.("ഡീസന്റ് ജങ്ക്ഷന്‍ " എന്ന പേര് വരാന്‍ കാര്യം എന്തെന്നറിയാമോ? ... വളരെ ഡീസന്റ് ആയ ആളുകള്‍ താമസിക്കുന്നതുകൊണ്ട് ..അല്ലാതെ പിന്നെ !! ). ഉദ്ദേശം അന്‍പതോളം വര്‍ഷത്തെ പഴക്കം കാണും വീടിന്. പണ്ടാരോ വച്ച വീട് എന്റെ അപ്പച്ചന്‍ വാങ്ങി താമസിക്കുകയായിരുന്നു.
" ലില്ലി കോട്ടേജ് " ..അതായിരുന്നു വീട്ടു പേര്.

'എന്റെ പേര് ഇട്ടതിനാലാണ് വീടിന് ഐശ്വര്യം ഒന്നും ഇല്ലാത്തത് എന്ന്‍ എന്റെ പ്രിയപ്പെട്ട ചേച്ചി ലില്ലി ഇപ്പോഴും പറയുമായിരുന്നു. (ഞാന്‍ അത് ഒരിക്കലും വിശ്വസിക്കുന്നില്ല ).

കുട്ടിക്കാലത്ത് ആ വീടിന്റെ മുറികളും മൂലകളും വെളിയിലെ കുറച്ചു മുറ്റവും ഒക്കെ എന്റെ കളി സ്ഥലങ്ങള്‍ ആയിരുന്നു. ഓല മേഞ്ഞ ആ വീടിനകത്തും പുറത്തും എന്റെ ഭാവനാ വിലാസങ്ങളുമായി ഞാന്‍ കഴിഞ്ഞു കൂടി.
പറമ്പില്‍ കുറച്ചു മരങ്ങളും ഉണ്ടായിരുന്നു.. ചക്കയും, ആത്തച്ചക്കയും ..പിന്നെ മുരിങ്ങക്കായും ഒക്കെ കായ്ക്കുന്നവ ...

അയല്‍വാസി ഒരു ദരിദ്രവാസി എന്ന ചൊല്ലിനെ അര്‍ത്ഥവത്താക്കുന്ന ഒരു അയല്‍ക്കാരനെ ഒഴിച്ചാല്‍ (" മാക്രി " എന്നറിയപ്പെടുന്ന അയാളെ ക്കുറിച്ച് പിന്നെ എഴുതാം) വീട് എനിക്കൊരു സ്വര്‍ഗം ആയിരുന്നു.
മുന്‍ വശത്തെ സിമന്റിട്ട തറയില്‍ ഗോലി ഉരുട്ടി കളിക്കുമ്പോള്‍ ചിലടത്തൊക്കെ ശബ്ദത്തിന് വ്യത്യാസം വരും. അതിനു കാരണം അതിന്റെ താഴെ എവിടെയോ കിടക്കുന്ന നിധി ആണ് എന്ന് ഞാന്‍ കരുതി. ( സിമന്റ് നേരെ ചൊവ്വേ കേറാത്ത പൊള്ളയായ ഭാഗത്താണ് ശബ്ദം മാറുന്നത് എന്ന ശാസ്ത്ര സത്യം പിന്നെയാണ് എനിക്ക് പിടി കിട്ടിയത്). ആ പറമ്പില്‍ എവിടെയോ ഒരു നിധി ഉണ്ടെന്നു ഏതോ ജ്യോത്സ്യന്‍ പറഞ്ഞുവെന്ന കെട്ടു കഥ കേടു വളര്‍ന്ന എനിക്ക് അങ്ങനെ കരുതാനേ തോന്നിയുള്ളൂ.

മുന്‍ വശത്തെ ഹാള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രധാന മുറി അടുക്കള ആണ്. കാരണം..ബന്ധുക്കളും മിത്രങ്ങളും ആര് വന്നാലും എല്ലാവരും സഭ കൂടുന്നതും മറ്റും അടുക്കളയ്ക്കകത്തായിരുന്നു. ഒത്തിരി പൊട്ടിച്ചിരികളും കരച്ചിലുകളും കുറ്റം പറച്ചിലുകളും ആ അടുക്കള മതിലുകള്‍ കേട്ടിട്ടുണ്ട്. .

അപ്പച്ചനും അമ്മച്ചിയും വല്യമ്മച്ചിയും ചേട്ടന്മാരും ചേച്ചിമാരും കൂടാതെ മിക്ക സമയത്തും ബന്ധുക്കള്‍ ആരെങ്കിലും വീട്ടില്‍ കാണുമായിരുന്നു. നിശബ്ദത എന്ന വാക്കിന്റെ അര്‍ഥം അന്നെനിക്ക് അറിയില്ലായിരുന്നു. കാരണം..എന്റെ വീട് ഒരിക്കലും നിശബ്ദമായിരുന്നില്ല ..ഞാന്‍ ഉറങ്ങുമ്പോള്‍ പോലും.ചിലപ്പോള്‍ സഭ കൂടുന്നത് പുലര്‍ച്ച വരെ തുടരും.

വര്‍ഷാവര്‍ഷം നടന്നു വന്നിരുന്ന ഒരു ആഘോഷമായിരുന്നു " ഓലകെട്ട്" . കുഞ്ഞിലെ എനിക്ക് അത് കാണാന്‍ വലിയ ഉത്സാഹമായിരുന്നു. ഓല കെട്ടിന് മൂന്നാല് ദിവസം മുന്പ് തന്നെ അതിനു വേണ്ട ഒരുക്കങ്ങള്‍ തുടങ്ങും. ഓരോ മുറിയിലും ഉള്ള സാധനങ്ങള്‍ ഒക്കെ എടുത്ത് ഒരുമിച്ചു വച്ചിട്ട് വലിയ തുണി കൊണ്ട് മൂടും ...പഴയോലപ്പൊടി വീഴാതിരിക്കാന്‍. അലമാരിയുടെ മുകളില്‍ വച്ചിരിക്കുന്ന എന്റെ മുച്ചക്ര സൈക്കിള്‍ അന്നാണ് താഴെ ഇറക്കുക. ബാക്കി എല്ലാവരും ഓലമേയലില്‍ ശ്രദ്ധിക്കുമ്പോള്‍ ഞാന്‍ സൈക്കിളുമുരുട്ടി നടക്കും..അന്ന് ഞാന്‍ പിന്നെ വേറെ എന്തോര്‍ക്കാന്‍?

ഓല മേയുമ്പോള്‍ കെട്ടാനുള്ള വള്ളിയായി ഉപയോഗിക്കുന്നത് ഉണങ്ങിയ ഓലയാണ്. അതുണ്ടാക്കാനായി മേശിരിമാര്‍ പച്ചോല വെട്ടി തിയിലിട്ടുണക്കും . ആളിക്കത്തുന്ന തീ നാളങ്ങളെ നോക്കി ഞാന്‍ അമ്പരന്നു നില്‍ക്കാറുണ്ടായിരുന്നു. ഓല കെട്ട് കഴിയുമ്പോള്‍ പറമ്പ് നിറയെ കരിഞ്ഞ പഴയോല കാണും. അമ്മച്ചിയും ചേച്ചിമാരും ഒക്കെ ചേര്‍ന്ന്‍ അതൊക്കെ തൂത്ത് വാരും. പിന്നെ വീടിനാകെ ഒരു പുത്തന്‍ രൂപം വരും. അന്നും വലിയ സന്തോഷത്തിലാവും ഞാന്‍.

വര്‍ഷങ്ങള്‍ കടന്നു പോയി. ഞാന്‍ L.P സ്കൂളില്‍ നിന്നും ഹൈ സ്ചൂളിലെക്കും പിന്നെ അവിടുന്ന് കോളേജിലേക്കും പടികള്‍ ചവുട്ടി കയറി. ഞാന്‍ വളര്‍ന്നതിനോടൊപ്പം എന്റെ മനസ്സിലെ മോഹങ്ങളും ചിന്തകളും മനസ്സിനെ അലട്ടുന്ന വിഷയങ്ങളുടെ കൂമ്പാരവും വളര്‍ന്നു തുടങ്ങി. പതിയെ പതിയെ എന്റെ വീടിനെക്കുറിച്ചും , ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ എല്ലാവരും ചേര്‍ന്ന് നടത്തുന്ന തത്രപ്പാടുകളെ
ക്കുറിച്ചും ഞാന്‍ മനസ്സിലാകാന്‍ തുടങ്ങി.

എന്റെ വീടിന്റെ ചുറ്റും വികസനങ്ങള്‍ കാലെടുത്തു വച്ചു. തുറസ്സായ സ്ഥലങ്ങളില്‍ ടെറസ്സിട്ട വീടുകള്‍ പൊങ്ങി. ഓലപ്പുരകള്‍ ഓടിട്ടവയായി... ഓടിട്ടവ കൊണ്ക്രിറ്റ്‌ കെട്ടിടങ്ങളും. എന്നാലും എന്റെ ഓലപ്പുരയ്ക്ക് ഒരു മാറ്റവും ഉണ്ടായില്ല. വെളുത്ത പേപ്പറിലെ ഒരു കറുത്ത പൊട്ടുപോലെ ഡീസന്റ് മുക്കില്‍ എന്റെ ഓലപ്പുര അങ്ങനെ നില കൊണ്ടു.

കലണ്ടറോ ഫ്രെയിം ചെയ്ത ഫോട്ടോകളോ മതിലില്‍ തൂക്കാന്‍ മതിലില്‍ ആണി അടിക്കാന്‍ നോക്കുമ്പോഴാണ് മതിലിന്റെ ബലം അറിയുന്നത്.. ചുറ്റിക ഒന്നും വേണ്ട...വെറുതെ കൈ കൊണ്ട് ആണി അടിച്ച് കേറ്റാം. മണ്ണ് കുഴച്ചുണ്ടാക്കിയ ചുമരില്‍ ആണി തറയ്ക്കാന്‍ എന്തിനാ ചുറ്റിക?

മതിലുകളില്‍ നോക്കിയാലോ.. ഉല്‍ക്കകളുടെ പ്രഹരമേറ്റ ചന്ദ്രന്റെ മുഖം പോലെ കുഴികളാണ് അതില്‍ മൊത്തം . അവിടവിടായി പെയിന്റും പൊട്ടി ഇളകിയിരിക്കും .

മഴക്കാലത്ത് അതിലേറെ രസം.. മേല്‍ക്കൂരയിലെ ഓലകളുടെ അടുക്കിനെ അവഗണിച്ച് മഴത്തുള്ളികള്‍ വിളിക്കാത്ത വിരുന്നുകാരനെപ്പോലെ അകത്തേയ്ക്കെത്തും . പിന്നെ അമ്മച്ചിയും ചേട്ടന്മാരും ചേച്ചിമാരും ഒക്കെ ഏതെങ്കിലും പാത്രങ്ങള്‍ കൊണ്ട് ചോരുന്ന മേല്കൂരയുടെ താഴെ വയ്ക്കും. ഇടവപ്പാതി സമയത്ത് പുറത്തു മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ എന്നെ വിഷമിപ്പിക്കാനായി മേല്‍കൂരയില്‍ നിന്നും ഒന്നിലേറെ ജലധാരകള്‍ പൊട്ടി മുളയ്ക്കും.

മഴയ്ക്കൊപ്പം നല്ല കാറ്റും ഉണ്ടെങ്കില്‍ പിന്നെ വേറെന്തു വേണം ? കാറ്റ് ശക്തിയായി അടിക്കുമ്പോള്‍, ചിലപ്പോള്‍ മേല്‍കൂര തന്നെ ഇളകി പറന്നു പോകുമോ എന്ന് തോന്നും. വീടിന്റെ മുറ്റത്തുള്ള വലിയ തെങ്ങുകള്‍ ശിവ താണ്ഡവം പോലെ കാറ്റത്ത് ആദി ഉലയും. അതെങ്ങാനും മറിഞ്ഞു വീടിന്റെ മുകളിലൂടെ വീഴുമോ എന്നോര്‍ത്ത് എല്ലാവര്ക്കും ആധി കയറും..എനിക്കും.

ഓരോ നാള്‍ കഴിയുമ്പോഴും എന്റെ മനസ്സിലെ വിഷമ കൂടിത്തുടങ്ങി .കൂടുകാരുടെയും മറ്റും വീടുകള്‍ കാണുമ്പോള്‍ വല്ലാത്ത അപകര്‍ഷതാ ബോധം തോന്നിത്തുടങ്ങി . ഓരോ പ്രാവശ്യത്തെയും ഓല മേയല്‍ കഴിയുമ്പോള്‍ അമ്മച്ചി രണ്ടു മൂന്ന് ദിവസത്തേയ്ക്ക് കിടപ്പിലാവും. . നടുവ് കൂനിയുള്ള തൂപ്പും തുടപ്പും കാരണം. വിഷമം ഏറുമ്പോള്‍ അടുക്കളയില്‍ ഇരുന്നു അമ്മച്ചി ആത്മഗതം പറയും.
" കര്‍ത്താവേ ...ഈ ഓല മാറ്റി ഒരു ഷീറ്റെങ്കിലും ഇടാന്‍ സഹായിക്കണേ "
പിന്നെ അമ്മച്ചി എന്റെ മുഖത്ത് നോക്കുമ്പോള്‍ ഒന്നും പറയാതെ തന്നെ എനിക്ക് മനസ്സിലാവും ..എന്നിലാണ് എല്ലാവരും പ്രതിക്ഷകള്‍ അര്‍പിച്ചിരിക്കുന്നത് എന്ന്.

കോളേജില്‍ പഠിക്കുമ്പോള്‍ കൂടുകാരെ ആരെയും ഞാന്‍ വീടിലേക്ക്‌ ക്ഷണിച്ചിരുന്നില്ല. എന്നാലും, ഒരു ക്രിസ്മസിന് കൂട്ടുകാര്‍ എന്നെ നിര്‍ബന്ധിച്ചിട്ട് ക്രിസ്മസ് സല്‍ക്കാരം വേണം എന്ന് പറഞ്ഞു. അന്നത്തെ ക്രിസ്മസ് ഇന്നും മനസ്സില്‍ ഉണ്ട്. വീടിനു മുന്‍പിലുള്ള വഴി ഇറങ്ങി വരുമ്പോള്‍ , ആണ്‍ കുട്ടികളും പെണ്‍കുട്ടികളും അടങ്ങിയ ആ സംഘം അന്തംവിട്ടുകാണണം .

"ഇതാണോ ജോസിന്റെ വീട് "

അവരുടെ മുഖത്തേക്ക് നോക്കിയാ എനിക്ക് വീണ്ടും വല്ലാത്ത അപകര്‍ഷതാ ബോധം തോന്നി. എന്നാലും നിമിഷങ്ങള്‍ക്കകം ഞാനും വീട്ടുകാരും നല്ല ആതിഥേയരുടെ കുപ്പായം അണിഞ്ഞു..എല്ലാവരെയും സല്‍ക്കരിച്ചു...ഓര്‍മ്മയിലെ ഒരു നല്ല ക്രിസ്മസ്...

അതിനിടെ രണ്ടു മൂന്നു പ്രാവശ്യം അപ്പച്ചന്റെ ഏതോ കൂട്ടുകാര്‍ വന്ന് വീടിന്റെയും പറമ്പിന്റെയും ഒക്കെ അളവെടുത്തു. അന്ന് ഞാന്‍ കരുതി അത് പുതിയ വീട് വയ്ക്കാനുള്ള ഒരുക്കമാണ് എന്ന്. പക്ഷെ പിന്നിട് അപ്പച്ചന്റെയും അമ്മച്ചിയുടെയും സമ്പാദ്യം എത്രയുണ്ട് എന്ന് മനസ്സിലാക്കിയപ്പോള്‍ വേദനയോടെ ആ സത്യം ഞാന്‍ തിരിച്ചറിഞ്ഞു..കുറഞ്ഞത്‌ ഒരു പത്തു വര്‍ഷത്തേക്ക് വീടൊന്നും കെട്ടാന്‍ പോകുന്നില്ല. ദിവസങ്ങള്‍ തള്ളി നീക്കാനുള്ള കാശിനെക്കുരിച്ചു വിഷമിക്കുമ്പോള്‍ വീട് വയ്ക്കാനുള്ള കാശിനെക്കുറിച്ചാരാലോചിക്കാന്‍? എനിക്കൊരു നല്ല ജോലി കിട്ടിയാലേ അതിനെക്കുറിച്ച് ആലോചിക്കാനാവു എന്ന് എനിക്ക് മനസ്സിലായി.

അന്ന് മനസ്സിലാകിയ ആ യാഥാര്‍ത്ഥ്യം ആണ് പിന്നെ മുന്‍പോട്ടുള്ള യാത്രയില്‍ എനിക്ക് പ്രചോദനമായത്. അത് പിന്നെ ഒരു വാശിയായി. ആദ്യം വീട്. ..പിന്നെ മതി കല്യാണം ..അതായിരുന്നു എന്റെ തീരുമാനം.

റൂര്‍ക്കിയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തും വീട്ടില്‍ വരുമ്പോള്‍ അടുക്കളയില്‍ ഇരുന്ന്‍ അമ്മച്ചി പറയും
"കുട്ടാ ...നിനക്കേ എന്തെങ്കിലും ചെയ്യാന്‍ പറ്റു. ഈ ഓല മാറ്റി നീ എനിക്ക് ഒന്ന് ഷീറ്റിട്ടു തന്നാല്‍ മതി . അതില്‍ കൂടുതല്‍ ഒന്നും വേണ്ട. "

കാശില്ലാത്തവന് സ്വപ്നം കാണാന്‍ ആരുടേയും അനുവാദം വേണ്ടല്ലോ. അതുകൊണ്ട് അന്നൊക്കെ ഞാന്‍ ഭാവിയില്‍ പണിയാന്‍ പോകുന്ന വീടിനെക്കുറിച്ചു സ്വപ്നം കാണുമായിരുന്നു.. ഒത്തിരി മരങ്ങളുടെ നടുവില്‍ ഒരു കൊച്ചു ടെറസ്സ് വീട്. ഓല മേയലും പഴയോലപ്പൊടി വൃത്തിയാക്കലും, ചോരുന്ന കൂരയ്ക്ക് താഴെ പത്രം വയ്ക്കുന്നതും ഒന്നും വേണ്ടാത്ത ഒരു കൊച്ചു വീട്.

ആ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ കുറച്ചു വര്‍ഷങ്ങള്‍ വേണ്ടി വന്നു. എന്നാലും ദൈവം സഹായിച്ച് 2006 ല്‍ അത് നടന്നു. ഓലയിട്ട വീടിരിക്കുന്ന സ്ഥലത്തുനിന്നും കുറച്ചു മാറി, ഒരു ഗ്രാമാന്തരീക്ഷത്തില്‍ ഞാന്‍ സ്ഥലം വാങ്ങി വീട് വച്ചു. അതിന് അമ്മച്ചി പറഞ്ഞ പേരുമിട്ടു ... ജ്യോതിസ് .

ആ പഴയ മണ്‍് കൂര ഇപ്പോഴും അവിടെ ഉണ്ട്. ചേട്ടന്‍ എല്ലാ ദിവസവും അവിടെ പോകും. ഞാന്‍ അവധിക്കു വരുമ്പോഴും..

വളരെ ഏറെ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച , ഒത്തിരി ഓര്‍മ്മകള്‍ പേറുന്ന , അതിന്റെ മതിലുകളും , അതിലെ മണ്‍് തരികളും ഒരു മോചനം കാത്ത് കിടക്കുകയാണ് . അതിന് എന്ന് കഴിയുമോ ആവോ? ..

ആ.. അറിയില്ല... കാലം പറയട്ടെ...

2010, ഫെബ്രുവരി 3

പേരില്‍ എന്തിരിക്കുന്നു സഖാവെ.. ...


" ഓ ... ഒരു പേരില്‍ എന്തിരിക്കുന്നു ? ചിലപ്പോഴൊക്കെ നമ്മള്‍ ഇങ്ങനെ ആലോചിക്കാറില്ലേ ? ചിലപ്പോഴോ ..പേരിലെ വിരോധാഭാസം ഓര്‍ത്തും നമ്മള്‍ ചിരിക്കാറുണ്ട് ..സത്യമല്ലേ?
ഉദാഹരണത്തിന് ... മഹാ പെഴയായ ഒരുത്തന്റെ പേര്.. സുശീലന്‍
ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന്‌ തെറി പറയുന്നവന്‍ ..വിനയന്‍..
ചിരിക്കുമ്പോള്‍ മൊത്തം പുഴുപ്പല്ല് കാണിക്കുന്നവള്‍ ..സുഹാസിനി..
പത്താം ക്ലാസ് പത്തു തവണയും എഴുതി തോറ്റവന്‍ .. അജയന്‍
ഒക്കെ ഓര്‍ത്തു ചിരിച്ചിട്ടും നമ്മള്‍ പറയും ..പേരില്‍ എന്തിരിക്കുന്നു..

അതുപോലെ തന്നെ ചില സായിപ്പുംമാരുടെ പേര് കേട്ടാല്‍ തോന്നും ഇവന്റെയൊക്കെ അച്ഛനമ്മമാര്‍ക്ക് വേറെ ലളിതമായ ഒരു പേരും കിട്ടിയില്ലേ എന്ന് ...

കേട്ടിട്ടില്ലേ Arnold Shwarznegger എന്ന പേര് ?? വലിയ നടനും രാഷ്ട്രീയക്കാരനും ആണ് ..പക്ഷെ പേരോ? എഴുതാനും പറയാനും എന്താ പ്രയാസം..
കുട്ടിക്കാലത്ത് എനിക്കും ഉണ്ടായിരുന്നു എന്റെ പേരുമായി ബന്ധപ്പെട്ടു ഒരു ചെറിയ മനോ വിഷമം ..

ജോസ് എന്നായിരുന്നു എന്റെ സ്കൂളിലെ പേര്. വീട്ടിലെ ചെല്ലപ്പേര് "കുട്ടന്‍". ബന്ധുക്കളില്‍ പലരും
"ജോസുകുട്ടന്‍" എന്നാണ് വിളിക്കുക. എന്നാല്‍ വീടിനടുത്തുള്ള ആളുകള്‍ ഒക്കെ വിളിക്കുന്നത്‌ "കൃഷ്ണന്‍ കുട്ടി" എന്നാണ്. എന്റെ ജന്മദിനം അഷ്ടമി രോഹിണി ആയതാണ് കാരണം. (സത്യമായും എനിക്ക് കൃഷ്ണ ഭഗവാന്റെ ലീലാ വിലാസങ്ങളോ , കൂട്ടായി ഗോപികമാരോ ഇല്ല ..ഗീവര്‍ഗിസ് പുണ്യാളനാണെ ..ആറ്റുകാല്‍ അമ്മച്ചിയാണേ സത്യം ..സത്യം.. സത്യം)

മുടവന്‍ മുഗളിലുള്ള L.P സ്കൂള്‍ ആയിരുന്നു എന്റെ ആദ്യ സ്കൂള്‍. ഒന്ന് മുതല്‍ നാല് വരെ അവിടെ പഠിച്ചു. ഞാന്‍ നേരത്തെ എഴുതിയപോലെ അന്നത്തെ പല ഓര്‍മ്മകളും അവ്യക്തമായി തുടങ്ങി. എന്നാലും, എന്റെ പേരിനെ ചൊല്ലി ഞാന്‍ വഴക്കുണ്ടാക്കിയത്‌ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

സമയത്ത് എവിടെ നിന്നോ കേട്ട ഒരു അറിവ് എന്റെ മനസ്സില്‍ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി.

"വീട്ടില്‍ വളര്‍ത്തുന്ന പട്ടികള്‍ക്കാണ്‌ കുട്ടന്‍ എന്ന് പേരിടുന്നത്. "

എന്റമ്മേ ...ഇത് സ്കൂളില്‍ അറിഞ്ഞാല്‍ ....പിന്നെ എല്ലാവന്മാരും അത് പറഞ്ഞാവും കളിയാക്കുക..അല്ലേലും അവന്മാര്‍ എനിക്ക് വേറൊരു പേരിട്ടിട്ടുണ്ട്. ..."തോയ "
അതെന്തിനാണെന്നല്ലേ ..പറയാം..
നമ്മളൊക്കെ വാക്കുകള്‍ കൊണ്ടുള്ള കളികള്‍ പണ്ട് കളിച്ചിട്ടില്ലേ? ..ഉദാഹരണത്തിന് .. കാക്കയെ പട്ടിയാക്കാന്‍ എന്തൊക്കെ വാക്കുകള്‍ വേണം? കാക്ക.. വാക്ക്.. വട്ടി ..പട്ടി.
ഇതുപോലൊന്നും ആലോചിച്ചു കാണില്ല എങ്കിലും ഏതോ ഒരു വിരുതന്‍ ആലോചിച്ചു നോക്കിയപ്പോള്‍ എന്റെ പേരും തിന്നാനുള്ള ദോശയും തമ്മില്‍ എന്തോ ഒരു സാമ്യം..അവന്‍ ജോസിനെ ദോശയും..പിന്നെ ദോശയെ പരിഷ്കരിച്ചു "തോയയും" ആക്കി.

"എടേ തോയേ .. സുഖം തന്നേടേ? "

ഓരോരുത്തന്മാര്‍ ഇങ്ങനെ വിളിക്കുമ്പോള്‍ എനിക്ക് എവിടെന്നില്ലാത്ത ദേഷ്യവും സങ്കടവും വരുമായിരുന്നു.
ഇതിനിടെ പട്ടിക്കിടുന്ന പേരാണ് എന്റെ ചെല്ലപ്പേര് എന്നറിഞ്ഞാലോ?
അമ്മേ..പിന്നെ ചാവുന്നതല്ലേ അതിലും ഭേദം ..
അങ്ങനൊരു പേര് എനിക്കുണ്ടെന്ന് വേറാരും അറിയാതിരിക്കാന്‍ ഞാന്‍ ഒത്തിരി ശ്രമിച്ചു. പക്ഷെ മൂന്നാം ക്ലാസ്സില്‍ ആയപ്പോള്‍ ഞാന്‍ ഒരു കുടുക്കില്‍ പെട്ടു. അതൊരു നല്ല പാരയാവും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല ...

വീടിനടുത്ത് താമസിച്ചിരുന്ന കുമാരി ചേച്ചിയുടെ മകള്‍ സരിതയെ എന്റെ അതേ സ്കൂളില്‍ തന്നെ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തു. കുമാരി ചേച്ചി എപ്പോഴും നമ്മുടെ വീട്ടില്‍ വരുന്ന ആളായതിനാല്‍ അവര്‍ക്ക് എന്റെ പേര് കുട്ടന്‍ എന്നേ അറിയാമായിരുന്നുള്ളു.
"സ്കൂളില്‍ പോവുമ്പോള്‍ സരിതയെക്കൂടെ നോക്കിക്കോണേ മോനെ എന്ന് കുമാരി ചേച്ചി പറഞ്ഞു. പിന്നെ അവര്‍ മോളോടും പറഞ്ഞു..
"മോളെ ....കുട്ടന്‍ ചേട്ടന്റെ കൂടെ തന്നെ പോണേ .."
"കര്‍ത്താവേ..കുട്ടന്‍ ചേട്ടനോ? വേറൊന്നും ഇവര്‍ക്ക് വിളിക്കാനില്ലേ "..ഞാന്‍ ഒന്ന് ഞെട്ടിയെങ്കിലും ഒന്നും പറഞ്ഞില്ല ..

എന്റെ സമാധാനം അധികം നീണ്ടു നിന്നില്ല. സരിത സ്കൂളില്‍ വന്നു എല്ലാവരെയും പരിചയപ്പെട്ടപ്പോള്‍ , എന്റെ ക്ലാസ്സിലെ ഒരുത്തന്‍ ചോദിച്ചു ..
" നീ എവിടെ താവസിക്കണ് ..."
സരിത ഒട്ടും മടിക്കാതെ പറഞ്ഞു...: " ഞാന്‍ കുട്ടന്‍ ചേട്ടന്റെ വീടിനടുത്താണ് താമസിക്കാണത് "
" കുട്ടന്‍ ചേട്ടനാ? അതാരാപ്പാ ?"
"ദോ അതാണ്‌ കുട്ടന്‍ ചേട്ടന്‍. " പരുങ്ങി നിന്ന എന്നേ നോക്കി പല്ല് മുപ്പത്തി രണ്ടും കാട്ടി ചിരിച്ചുകൊണ്ട് സരിത പറഞ്ഞു
" നമ്മുടെ തോയേടെ വിടിനടുത്ത് .." അത് പറഞ്ഞപ്പോള്‍ അവന്റെ മുഖത്തെ സന്തോഷം കാണണമായിരുന്നു.
അന്ന് വൈകിട്ട് ഒരു എട്ടു വയസ്സുകാരന് തോന്നാവുന്ന അപമാന ഭാരവും പേറി ഞാന്‍ വീട്ടില് എത്തി .
പുസ്തക സഞ്ചി വലിച്ചെറിഞ്ഞു ഞാന്‍ കരഞ്ഞുകൊണ്ട്‌ അമ്മച്ചിയോടും ചേച്ചിമാരോടും ആയി പറഞ്ഞു.
" പട്ടിക്കിടുന്ന പേരല്ലാതെ വേറൊരു പേരും എനിക്കിടാന്‍ കിട്ടിയില്ലേ? "

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു.. ഞാന്‍ വളര്‍ന്നു.. ജോലിക്കാരനായി.. പക്ഷെ വീടുകാര്‍ക്കും ബന്ധുക്കള്‍കും ഞാന്‍ ഇപ്പോഴും കുട്ടനും ജോസുകുട്ടനും ആണ്. .. നാട്ടുകാര്‍ക്ക് കൃഷ്ണന്‍ കുട്ടിയും. ജോലി ചെയ്യുന്ന സ്ഥലത്തോ?..അവിടെ പല പല പേരുകളാണ് ..ഉത്തരേന്ത്യക്കാര്‍ ചിലര്‍ " ജോഷ്‌ " എന്നോ ""ജോഷി" എന്നോ , പിന്നെ പറ്റിയാല്‍ "ജോസി" എന്നും വിളിക്കും.

സായിപ്പുംമാരില്‍ ചിലര്‍ വേറെ രീതിയിലാ വിളിക്കുക .. ."ഹോസെ" , "ഹോസ്" ..പിന്നെ "യോസ്" ( ഇതൊക്കെ അമേരിക്കക്കാരന്മാരും ബ്രിട്ടിഷുകാരും ആണ്. എന്റെ പേരിലെ J എന്ന അക്ഷരം silent ആണത്രേ )

അപ്പോഴൊക്കെ ഞാന്‍ കരുതും.. "പേരില്‍ എന്തിരിക്കുന്നു സഖാവേ. തെറി അല്ലല്ലോ വിളിക്കുന്നെ "