2011, ഏപ്രിൽ 22

തിളങ്ങുന്ന കണ്ണുകള്‍ ....

നാലഞ്ചു ദിവസം മുന്‍പേ പത്രത്തില്‍ ഒരു വാര്‍ത്ത വന്നിരുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്ക് വേണ്ടിയും ശ്മശാനങ്ങള്‍ ഉണ്ടത്രേ. വെറുതെ കുപ്പത്തൊട്ടിയിലും മറ്റും ചീഞ്ഞഴുകാന്‍ കൊണ്ടിടാതെ അവയെയും മാന്യമായി അന്ത്യ വിശ്രമം കൊള്ളാന്‍ അനുവദിച്ചുകൊണ്ട് മൃഗ സ്നേഹികളാ ആളുകള്‍ ഒരുക്കിയ സ്ഥലത്തെക്കുറിച്ചായിരുന്നു വാര്‍ത്ത.

ലീന ഇടയ്ക്കിടെ എന്നോട് പറയും ...' അച്ചാച്ചാ നമുക്ക് ഒരു പട്ടിക്കുട്ടിയെ വാങ്ങാം? '. ഞാനായിട്ട് അതിനു സമ്മതിക്കാതെ ഇരിക്കുകയാണ്. എന്തോ...പട്ടിക്കുട്ടികള്‍ വന്നു ദേഹത്ത് നക്കുന്നതും മറ്റും എനിക്ക് സഹിക്കാനെ പറ്റില്ല. എന്നും പറഞ്ഞു എനിക്ക് പട്ടിയെയും പൂച്ചയെയും ഒന്നും ഇഷ്ടമില്ല എന്ന് പറഞ്ഞു കളയരുത്. എനിക്കും ഉണ്ടായിരുന്നു ഒരു വളര്‍ത്തു പൂച്ച...പൂച്ചക്കുട്ടി. ..ഈ പടത്തില്‍ കാണും പോലെ ചാര നിറത്തില്‍ ഉള്ള ഒരു പൂച്ച ക്കുട്ടി.

സ്കൂളില്‍ പഠിക്കുന്ന കാലത്താണ് ഒരു പെണ്‍ പൂച്ച എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞ ശേഷം എന്റെ വീട്ടില്‍ വരുന്നത്. അമ്മച്ചി മീന്‍ കൂട്ടാന്‍ വയ്ക്കാന്‍ നേരം അരിഞ്ഞു കളയുന്ന മീനിന്റെ വാലും മറ്റും തിന്നാന്‍ തെങ്ങിന്‍ കുഴിയുടെ അടുത്ത് പാത്തു വന്നു നിന്ന ആ പൂച്ച പതിയെ വീടിലെ സ്ഥിരം അതിഥി ആയിത്തുടങ്ങി. ഉച്ചയ്ക്ക് മീന്‍ വുക്കുന്ന സമയത്ത് എവിടുന്നെങ്കിലും അത് പ്രത്യക്ഷപ്പെടും. പിന്നെപ്പിന്നെ രാവിലെ മുതല്‍ വൈകുന്നേരം വരെ വീട്ടില്‍ സ്ഥിരം ആക്കാന്‍ തുടങ്ങി. അങ്ങനെ ഇരിക്കെ ഒരു ദിവസം ആശാട്ടി, ഉച്ചയൂണും കഴിഞ്ഞു നേരെ ആരോടും ചോദിക്കാതെ അടുക്കള ഭാഗത്തുള്ള എരുത്തിലില്‍ കയറിക്കൂടി.

' ആ പോക്കത്ര പന്തിയല്ലല്ലോ. ഇവിടെ സ്ഥിര താമസം ആക്കാനുള്ള പരിപാടിയാണോ? ' അങ്ങനെ ആത്മഗതം നടത്തിയ ശേഷം അമ്മച്ചി നോക്കിയപ്പോഴല്ലേ സംഗതി പിടികിട്ടിയതി..ആശാട്ടി വയറും വീര്‍പ്പിച്ചോണ്ടാണ് എരുത്തിലില്‍ കയറിയിരിക്കുന്നത്. ഏതോ കണ്ടന്‍ പൂച്ച പണി പറ്റിച്ചതാണ്. (പൂച്ചകള്‍ക്കിടയില്‍ പോലീസും, വനിതാ കമ്മീഷനും ഒന്നും ഇല്ലാത്തതിനാല്‍ ആശാട്ടിക്ക്‌ ആരോടും പരാതിയും പറയാന്‍ പറ്റിയില്ല ) .

ആദ്യമൊക്കെ പൂച്ചയെ ഊണ് കഴിഞ്ഞു ഓടിച്ചു വിടാന്‍ അമ്മച്ചി നോക്കുമായിരുന്നു. പക്ഷെ വയറും വീര്‍പ്പിച്ചു വന്നപ്പോള്‍ സ്ത്രീ സഹജമായ ഒരു അനുകമ്പ കാരണം ആവും..അതിനെ ഓടിച്ചില്ല. മിസ്‌ പൂച്ച ആ അവസരം മുതലെടുത്ത്‌ എരുത്തില്‍ ലേബര്‍ റൂം ആക്കി വിശ്രമം തുടങ്ങി.


രണ്ടു മൂന്നു ദിവസം കഴിഞ്ഞു ഞാന്‍ സ്കൂളില്‍ നിന്നും വന്നപ്പോള്‍ നയന മനോഹരമായ കാഴ്ച കണ്ടു...ശരിക്കും കുട്ടിത്തം തുളുമ്പുന്ന മുഖത്തോടെ നാലഞ്ചു പൂച്ചക്കുഞ്ഞുങ്ങള്‍. ആഹാ ..ഇതു രസമായിരുന്നു അവറ്റകളെ കാണാന്‍. ഓറഞ്ചും ചാരവും, ബ്രൌണും ഒക്കെ നിറങ്ങളില്‍ നാലഞ്ചു കുഞ്ഞുങ്ങള്‍ . അന്ന് മുതല്‍ സ്കൂളില്‍ നിന്നും വന്നു കഴിഞ്ഞാല്‍ ഞാന്‍ നേരെ എരുത്തിലിലേയ്ക്ക് ഓടും. ആദ്യമൊക്കെ അമ്മപ്പൂച്ച കുഞ്ഞുങ്ങളുടെ അടുത്തേയ്ക്ക് എന്നെ അടുപ്പിക്കുമായിരുന്നില്ല. അടുത്തോട്ടു ചെന്നാല്‍ ദേഷ്യത്തോടെ ഒരു മുരളല്‍ ഉണ്ടാവും. പിന്നെപ്പിന്നെ ഞാന്‍ കുഴപ്പക്കാരന്‍ അല്ലാ എന്ന് കണ്ടതോടെ, എന്നെ കുഞ്ഞുങ്ങളുടെ അടുത്ത് ചെല്ലാനും അവറ്റകളെ എടുക്കാനും തലോടാനും മറ്റും അമ്മപ്പൂച്ച അനുവദിച്ചു. ആ കുഞ്ഞുങ്ങളെ കാണാനും അവറ്റകളുടെ കളികള്‍ കാണാനും എന്ത് രസം ആയിരുന്നു. എന്ത് തിളക്കം ആയിരുന്നു അവറ്റകളുടെ കുഞ്ഞിക്കണ്ണുകള്‍ക്ക്.

ദൈവത്തിന്റെ ഒരു കഴിവ് നോക്കണേ... മനുഷ്യരായാലും, മൃഗങ്ങളായാലും, അതിന്റെയൊക്കെ കുഞ്ഞുങ്ങളെ കാണാന്‍ എന്ത് ഭംഗിയാണ്. അവയുടെ മുഖത്ത് എന്ത് നിഷ്കളങ്കത ആണ്. എല്ലാം വളര്‍ന്നു കഴിയുംപോലല്ലേ സ്വഭാവം മാറുന്നത്.

വീട്ടിലെ പൂച്ചകളുടെ എണ്ണം ഒന്നില്‍ നിന്നും അഞ്ചാറായ തോടെ അമ്മച്ചി അവറ്റകളെ നാട് കടത്താനുള്ള പരിപാടി നോക്കി. വീട്ടില്‍ ചവറുകളും പഴയ സാധനങ്ങളും മറ്റും എടുക്കാന്‍ വരുന്ന ഒരു സ്ത്രീയുടെ കയ്യില്‍ ഒരു ദിവസം അമ്മച്ചി എല്ലാ പൂച്ചക്കുട്ടികളെയും ചാക്കിലാക്കി കൊടുത്തു വിട്ടു. അമ്മപ്പൂച്ച ആഹാരം തേടി പോയ സമയത്താണ് അമ്മച്ചി ആ കടും കൈ ചെയ്തത്. ഞാന്‍ സ്കൂളിലും ആയിരുന്നു. വൈകിട്ട് സ്കൂള്‍ വിട്ടു വന്നപ്പോള്‍ ആണ് അമ്മച്ചിയുടെ കടുംകൈ ഞാന്‍ അറിഞ്ഞത്. അന്നേരം വലിയ വായില്‍ ഞാന്‍ കരഞ്ഞത് എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്. കുറച്ചു കഴിയുമ്പോള്‍ ഇവന്റെ ഈ നമ്പറൊക്കെ പൊയ്ക്കോളും എന്നാ മട്ടില്‍ അമ്മച്ചി നിന്നു. പക്ഷെ പിറ്റേന്ന് രാവിലെ ആയപ്പോള്‍ അമ്മപ്പൂച്ച പോയി കുഞ്ഞുങ്ങളെ തേടിപ്പിടിച്ചു എരുത്തിലിലെയ്ക്ക് തിരികെ വന്നു. അവള്‍ക്കു തീറെഴുതി കൊടുത്ത സ്ഥലമാണ് എരുത്തില്‍ എന്ന മട്ടില്‍ . എന്റെ സന്തോഷത്തിനു അതിരുണ്ടായിരുന്നില്ല.

സഹി കെട്ട അമ്മച്ചി, ആ സ്ത്രീയോട് പ്രത്യേകം പറഞ്ഞു..ഇനി കൊണ്ട് കളയുമ്പോള്‍ ദൂരെ എവിടെങ്കിലും കൊണ്ട് കളയണം എന്ന്. അവരാണെങ്കില്‍ അമ്മച്ചി പറയുന്നത് അതെ പടി അനുസരിക്കാന്‍ തയ്യാറായി നടന്ന പോലെ. വീണ്ടും ഒരു ദിവസം ഞാന്‍ സ്കൂള്‍വിട്ടു വന്നാപോള്‍ ചേച്ചി പറഞ്ഞു.. പൂച്ചക്കുഞ്ഞുങ്ങളെ വീണ്ടും അമ്മച്ചി ചാക്കിലാക്കി ആ സ്ത്രീയുടെ കയ്യില്‍ കൊടുത്തു വിട്ടു എന്ന്. അന്ന് ഞാന്‍ കരഞ്ഞില്ല. കാരണം അവറ്റകള്‍ പിറ്റേന്ന് തിരികെ വരും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു . പക്ഷെ അത്തവണ അവറ്റകള്‍ വന്നില്ല.

പക്ഷെ മിസ്‌ പൂച്ച തളര്‍ന്നില്ല. കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും വയറും വീര്‍പ്പിച്ചു എരുത്തിലില്‍ വന്നു. ( മൃഗങ്ങള്‍ക്ക് സന്താന നിയന്ത്രണ ത്തിന്റെ ആവശ്യകത യെപ്പറ്റി ഒന്നും അറിയില്ലല്ലോ. പൂച്ചകള്‍ക്കൊക്കെ എന്തും ആകാമല്ലോ ).നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ എരുത്തിലില്‍ വീണ്ടും പൂച്ച ക്കുട്ടികളുടെ കളിയും ചിരിയും മുഴങ്ങി. ഞാന്‍ പഴയ പടി സ്കൂളില്‍ നിന്നും വന്ന ഉടന്‍ എരുത്തിലില്‍ പോക്കും തുടങ്ങി. അത്തവണ പിറന്ന കുഞ്ഞുങ്ങളില്‍ ചാര നിറമുള്ള ഒരു കുഞ്ഞുണ്ടായിരുന്നു. അതിനെ ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. എന്റെ കൂടെ ചെറിയ റബര്‍ പന്ത് ഉരുട്ടി കളിക്കാനും മറ്റും അതിനു നല്ല ഉത്സാഹം ആയിരുന്നു.

ഒരു ദിവസം രാവിലെ ഞാന്‍ കുളിയൊക്കെ കഴിഞ്ഞു, അടുക്കള ഭാഗത്തുള്ള ബെഞ്ചില്‍ ഇരുന്നു ആഹാരം കഴിക്കുക ആയിരുന്നു. സ്കൂളില്‍ പോകാനുള്ള തയ്യാറെടുപ്പില്‍ . പെട്ടെന്ന് എരുത്തിലിന്റെ ഭാഗത്ത്‌ നിന്നും ഒരു കടി പിടിയും ഒരു നിലവിളിയും കേട്ട് ഞാന്‍ അവിടെയ്ക്ക് ഓടിപ്പോയി നോക്കി. അമ്മപ്പൂച്ച ഒരു തടിയന്‍ പൂച്ചയെ കടിച്ചു ഓടിക്കുന്ന കാഴ്ച ഞാന്‍ കണ്ടു. അതോടൊപ്പം എരുത്തിലില്‍ കിടന്നു പിടയുന്ന എനിക്ക് പ്രിയപ്പെട്ട പൂച്ചക്കുഞ്ഞിനെയും. അവിടെയ്ക്ക് വന്ന ആ തടിയന്‍ പൂച്ച കുഞ്ഞിന്റെ കഴുത്തില്‍ നല്ല കടി കടിച്ചിട്ടാണ് ഓടിപ്പോയത്. ഞാന്‍ അതിന്റെ അടുത്ത് ചെന്നപ്പോള്‍ ദയനീയമായി കരഞ്ഞുകൊണ്ട്‌ പിടയുക ആയിരുന്നു ആ പൂച്ചക്കുട്ടി. കഴുത്തില്‍ നല്ല ഒരു മുറിവ്. അതില്‍ നിന്നും ചോര പുറത്തു വന്നിരുന്നു. പിടയ്ക്കുന്ന അതിന്റെ കണ്ണുകള്‍ ഇപ്പോഴും എന്റെ മനസ്സില്‍ ഉണ്ട്.

തിരിഞ്ഞു നോക്കിയപ്പോള്‍ റോഡിന്റെ അങ്ങേ വശത്തായി ആ തടിയന്‍ പൂച്ച നില്‍ക്കുന്നത് കണ്ടു. ഒരു നിമിഷം എന്റെ ഉള്ളില്‍ ദേഷ്യം നുരഞ്ഞു പൊങ്ങി. കയ്യില്‍ കിട്ടിയ ഒരു വലിയ കല്ലും എടുത്തു ഞാന്‍ റോഡിലേക്ക് ഓടി. എന്റെ വരവ് കണ്ടതോടെ തടിയന്‍ പൂച്ച ഓടി രക്ഷപെടാന്‍ നോക്കി. ഞാന്‍ ദേഷ്യം മുഴുവന്‍ സംഭരിച്ചു അതിന്റെ നേരെ കല്ലെറിഞ്ഞു. റോഡില്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നൊന്നും നോക്കിയില്ല. ഏറു പക്ഷെ കൊണ്ടില്ല. തടിയന്‍ പൂച്ച രക്ഷപ്പെട്ടു.

ഞാന്‍ തിരികെ വന്നപ്പോള്‍ , അമ്മപ്പൂച്ച മരിച്ച പൂച്ചക്കുട്ടിയുടെ അടുത്തിരുന്നു കരയുന്നുണ്ടായിരുന്നു. ഞാനും കുറെ കരഞ്ഞു. കുറെ കഴിഞു ചേട്ടന്‍ അടുത്തുള്ള പറമ്പില്‍ കുഴി കുത്തി പൂച്ചക്കുട്ടിയുടെ ദേഹം കുഴിച്ചിട്ടു.അതായിരുന്നു എന്റെ അവസാനത്തെ വളര്‍ത്തു മൃഗം എന്ന് പറയാന്‍ പറ്റുന്ന ഒരു ജീവി. ആദ്യമായി ഒരു ജീവന്‍ പോകുന്നത് ഭയത്തോടെയും, സങ്കടത്തോടെയും കണ്ടതും അന്നാണ്. ( പൂച്ചയാണെങ്കിലും അതും ഒരു ജീവനല്ലേ) . അതിന്റെ കുസ്രിതിത്വം തുളുമ്പുന്ന തിളങ്ങുന്ന കണ്ണുകള്‍ ..മരണ വെപ്രാളം കൊണ്ട് പിടയുമ്പോള്‍ എന്നെ നോക്കിയ നോട്ടം .. ഞാന്‍ ഒരിക്കലും മറക്കില്ല.


ജോസ്
ബാംഗ്ലൂര്‍
22- ഏപ്രില്‍ - 2011

2011, ഏപ്രിൽ 15

ഫ്രം നെഹ്‌റു പ്ലയ്സ് ടു കൊണാട്ട് പ്ലയ്സ് ....
വര്‍ഷം 1999. സ്ഥലം തലസ്ഥാന നഗരമായ ന്യു ഡല്‍ഹി. റൂര്‍ക്കി യുണിവേഴ്സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയ ശേഷം, ഒന്നര മാസത്തോളം ഡല്‍ഹിയില്‍ ജോലി തേടി അലഞ്ഞു. ചില സീനിയര്‍ സുഹൃത്തുക്കളുടെ കൂടെ ആയിരുന്നു അപ്പോള്‍ താമസം.

ജോലി തേടി വാതിലുകള്‍ മുട്ടിയപ്പോള്‍ ചിലര്‍ പറഞ്ഞു...'വിളിക്കാതെ എന്തിനാ ഇങ്ങോട്ട് വന്നേ' .. ചിലര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു..'ഇപ്പോള്‍ അവസരങ്ങള്‍ ഒന്നും ഇല്ലല്ലോ അനിയാ..വരുമ്പോള്‍ ഞങ്ങള്‍ അറിയിക്കാം ' .. ചിലര്‍ ഇന്റെര്‍വ്യു ചെയ്തു കരച്ചിലിന്റെ വക്കോളം എത്തിച്ചു.. അവസാനം ദൈവം കനിഞ്ഞു..പ്രതീക്ഷിച്ചതിലും നല്ല ജോലി ആണ് കിട്ടിയത് .. ഒരു ഫ്രഞ്ച് കമ്പനി ആയ ഷ്ലംബര്‍ജേര്‍ ആണ് എനിക്ക് ജിയോളജിസ്റ്റ് ആയി ജോലി നല്‍കിയത് . അങ്ങനെ അവിടെ നിന്നാണ് ജീവിതത്തിന്റെ ഒരു പുതിയ ഭാഗം തുടങ്ങുന്നത് ..

കമ്പനിയുടെ ഓഫിസ് ന്യു ഡല്‍ഹിയിലെ കൊണാട്ട് പ്ലയ്സ് എന്ന സ്ഥലത്തായിരുന്നു. ഞാന്‍ താമസിച്ചിരുന്ന പുഷ്പ വിഹാര്‍ എന്ന സ്ഥലത്ത് നിന്നും ഏകദേശം ഒരു മുക്കാല്‍ മണിക്കൂര്‍ നേരത്തെ ബസ്‌ യാത്ര ഉണ്ടാവും കൊണാട്ട് പ്ലയ്സില്‍ എത്താന്‍. പുഷ്പ വിഹാറില്‍ ഒരു രണ്ടു ബെഡ് റൂം ഉള്ള കൊച്ചൊരു ഫ്ലാറ്റിലെ പേയിംഗ് ഗസ്റ്റ് ആയാണ് ഞാന്‍ താമസിച്ചിരുന്നത്. അവിടെ വാടകയ്ക്ക് താമസിച്ചിരുന്ന ഒരു ഡ്രൈവര്‍ ചേട്ടന്‍, അയാളുടെ വീടിന്റെ ഹാളില്‍ ഒരു കട്ടിലും ഇട്ട്, എന്നോട് താമസിച്ചോളാന്‍ പറഞ്ഞു. ചേട്ടനും വാടക ഇനത്തില്‍ കുറച്ചു പൈസ കിട്ടും ( എണ്ണൂര് രൂപ ആയിരുന്നു ഞാന്‍ കൊടുത്ത വാടക എന്നാണ് എന്റെ ഓര്‍മ്മ) , എനിക്കും കുറഞ്ഞ വാടകയ്ക്ക് താമസിക്കാന്‍ പറ്റും. രണ്ടു പേരും ഖുശി ഖുശി..

രാത്രി ഭക്ഷണം അവരുടെ കൂടെ. ഉച്ചയ്ക്ക് ഓഫീസില്‍ നിന്നും ടിഫിന്‍ വാങ്ങി കഴിക്കും. രാവിലെ ഒന്നും കഴിക്കാറില്ല. രാവിലെയും ഓഫീസില്‍ നിന്നും ഭക്ഷണം കിട്ടും എന്ന് കള്ളം പറഞ്ഞാണ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങുക. എന്തോ രാവിലത്തെ ഭക്ഷണത്തിനും കൂടെ ഡ്രൈവര്‍ ചേട്ടനെ ബുദ്ധിമുട്ടിക്കാനുള്ള വിഷമമോ..അറിയില്ല... അവിടുന്ന് ഒരു നേരം മാത്രമേ ഞാന്‍ ആഹാരം കഴിചിരുന്നുള്ളൂ. . ബ്രേക്ക് ഫാസ്റ്റ് ഇല്ലാതെ , ഉച്ച ഭക്ഷണംആവും ദിവസത്തില്‍ ആദ്യം വയറ്റിലോട്ടു ചെല്ലുന്നത്.

പുഷ്പ വിഹാറില്‍ നിന്നും കൊണാട്ട് പ്ലയ്സ് വരെ പോകാന്‍ ഇഷ്ടം പോലെ ബസ്സുണ്ട്. എല്ലാത്തിലും മുടിഞ്ഞ തിരക്ക് ആയിരിക്കും . പത്തു രൂപ ചാര്‍ജില്‍ , അത് വരെ പോകുന്ന കുറെ സെമി ഡീലക്സ് ബസ്സുകള്‍ രാവിലെ ഉണ്ട്. .. അതിലാവും എന്റെ യാത്ര.

'കൊണാട്ട് പ്ലയ്സ്..കൊണാട്ട് പ്ലയ്സ്.. ആരെങ്കിലും ഉണ്ടോ..കൊണാട്ട് പ്ലയ്സ്'... ഇങ്ങനെ വിളിച്ചുകൊണ്ടാവും ആ ബസ്സുകള്‍ സ്ടോപ്പിലെക്ക് വരുക. അതിലും ഉണ്ടാവും സൂചി ഇടാന്‍ സ്ഥലം ഇല്ലാത്ത രീതിയിലെ തിരക്ക്.

ഇരുപതു രൂപയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ബസ് യാത്ര നടക്കും. പിന്നെ ഓഫീസില്‍ ഉച്ച സമയത്ത് ടിഫിന്‍ വരും..അതിനു ഇരുപതു രൂപ ആയിരുന്നു വില. അങ്ങനെ നാല്‍പതു രൂപയില്‍ ദിവസത്തെ കാര്യം നടക്കുമായിരുന്നു.

രൂപയുടെ കണക്കു എണ്ണി എണ്ണി പറയാന്‍ കാര്യമുണ്ട് കേട്ടോ. പഠിച്ചിറങ്ങി, ജോലി തേടി അലഞ്ഞിട്ട്‌, ഒരിടത്ത് കയറിപ്പറ്റിയതെ ഉള്ളൂ. ശമ്പളം ഒന്നും കിട്ടിതുടങ്ങിയില്ലായിരുന്നു. വീട്ടില്‍ നിന്നും കൊണ്ട് വന്ന പൈസ ഒട്ടുമുക്കാലും തീര്‍ന്നു. ശമ്പളം കിട്ടും വരെ റേഷന്‍ വച്ച് പോയാലെ രക്ഷയുള്ളൂ എന്നറിയാം. അതുകൊണ്ട്.. ദിവസം അത്യാവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ എന്ന രീതിയില്‍ ഒരു നൂറോ നൂറ്റമ്പതോ രൂപ പഴ്സില്‍ വച്ചുകൊണ്ടാവും എന്റെ ഓഫിസ് യാത്ര. ബാക്കിയുള്ള പൈസ വീട്ടിലുള്ള പെട്ടിയില്‍ ഭദ്രമായി വച്ചിട്ടുണ്ടായിരുന്നു.

പുതിയ ജീവിതം തുടങ്ങിയിട്ട് ഏകദേശം ഒരു രണ്ടാഴ്ച ആയിക്കാണും. അപ്പോള്‍ നടന്ന ഒരു സംഭവം ആണ് ഞാന്‍ ഇവിടെ എഴുതുന്നത്‌. ഓഫീസില്‍ ഒക്കെയും നല്ല സീനിയര്‍ ആയ ആളുകള്‍ ആണ് ഉണ്ടായിരുന്നത്. .എന്റെ പ്രായത്തിലെ ആരും ഇല്ല. ജൂനിയര്‍ ആയിട്ട് ഞാന്‍ മാത്രം. അത് കൊണ്ട് ഒരു ചെറിയ ഭയവും ഉണ്ടായിരുന്നു. അധികം സൌഹൃദങ്ങളും അവിടെ ഉണ്ടായിരുന്നില്ല. മനസ്സ് തുറന്നു സംസാരിക്കാന്‍ ആരെങ്കിലും വേണ്ടേ.

രാവിലെ തന്നെ പുഷ്പ വിഹാര്‍ ബസ് സ്ടോപ്പിലേക്ക് ഞാന്‍ നടന്നു. മനസ്സില്‍ ചിന്തകളും സ്വപ്നങ്ങളുടെ വേലിയേറ്റവും ആണ്. ലോണെടുത്ത് വീട് വയ്ക്കുന്നതും, കടങ്ങള്‍ വീട്ടുന്നതും, മനസ്സില്‍ ആഗ്രഹിച്ച സാധനങ്ങള്‍ വാങ്ങുന്നതും ..അങ്ങനെ ഒരു ശരാശരി ചെറുപ്പക്കാരന്റെ കുറെ ചിന്തകള്‍ . കുറച്ചു നേരത്തിനു ശേഷം പതിവ് ബസ് വന്നു. യാന്ത്രികമായി ഞാന്‍ അതിലേക്കു കയറി. പഴ്സില്‍ നിന്നും പത്തു രൂപയെടുത്ത്‌ ടിക്കറ്റ് എടുത്തു. പിന്നെ അതിലെ തിരക്കിനിടയില്‍ നിന്നുകൊണ്ട് സ്വപ്നം കാണല്‍ തുടര്‍ന്നു.

ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞു , ഞാന്‍ ഒന്ന് പുറത്തേയ്ക്ക് നോക്കിയപ്പോള്‍ പരിചയമില്ലാത്ത സ്ഥലങ്ങള്‍ കണ്ടു. സാധാരണ പോകാറുള്ള വഴികളെ അല്ല. ബസ് റൂട്ട് മാറി എന്തിനാ പോകുന്നെ? കുറച്ചു നേരം കൂടി നോക്കിയിട്ടും, പരിചയമുള്ള റോഡുകളില്‍ ഒന്നും കയറുന്നില്ല. എനിക്കാകെ പരിഭ്രമം ആയി. ഞാന്‍ അടുത്തിരുന്ന ആളിനോട്‌ ചോദിച്ചു..

'മാഷേ.. ഇത് കൊണാട്ട് പ്ലയ്സില്‍ പോകില്ലേ? '

'അനിയാ. ഇത് നെഹ്‌റു പ്ലയ്സ് വഴി ഒഘ്ലയില്‍ പോകുന്ന ബസ്സാണല്ലോ. നെഹ്‌റു പ്ലയ്സും കഴിഞ്ഞു. കൊണാട്ട് പ്ലയ്സില്‍ പോകാന്‍ നെഹ്‌റു പ്ലയ്സില്‍ നിന്നും വേറെ ബസ് പിടിക്കണം. '

പറ്റിയ അബദ്ധം മനസ്സിലാക്കാന്‍ വീണ്ടും കുറച്ചു സമയം എടുത്തു. ബസ് സ്റ്റോപ്പില്‍ സ്വപ്നം കണ്ടു നിന്ന സമയത്ത്, ബസ്സുകാരന്‍ 'നെഹ്‌റു പ്ലയ്സ്... നെഹ്‌റു പ്ലയ്സ്' എന്നാവും വിളിച്ചത്... ഞാന്‍ കേട്ടതോ 'കൊണാട്ട് പ്ലയ്സ്' എന്നും. അബദ്ധം പറ്റാന്‍ ഇനി എന്ത് വേണം.

ബസില്‍ നിന്നും ഇറങ്ങി ഞാന്‍ ആദ്യം നോക്കിയത് വാച്ചിലെക്കാണ്‌ . ഓഫീസില്‍ ചെല്ലേണ്ട സമയം ആകാറാവുന്നു. സാധാരണ ഞാന്‍ ഒന്‍പതു മണിക്ക് മുന്‍പേ തന്നെ എത്തും . അത് കഴിഞ്ഞാണ് ബോസ്സും മറ്റും എത്തുക.

'കര്‍ത്താവേ കുഴഞ്ഞല്ലോ.. ഇന്ന് നേരത്തിനു ഓഫീസില്‍ എത്താന്‍ പറ്റില്ല. ജോലിക്ക് കേറിയിട്ടു ദിവസങ്ങള്‍ തികയും മുന്‍പേ താമസിച്ചു വരുന്ന ശീലം തുടങ്ങിയാല്‍ എന്താവും? ബോസ്സ് അറിഞ്ഞാല്‍ എന്ത് വിചാരിക്കും.. ഇങ്ങനെ ഒരായിരം ചിന്തകള്‍ മനസ്സില്‍ കൂടി പോയി.

നെഹ്‌റു പ്ലയ്സില്‍ കുറെ നേരം ബസ് സ്റ്റോപ്പില്‍ നിന്നെങ്കിലും ഒരു ബസ്സും വന്നില്ല. സമയം ഒന്‍പതു കഴിയുകയും ചെയ്തു. ഇനി ആട്ടോ വല്ലതും പിടിച്ചു പോയാലെ നടക്കൂ. ആദ്യം ഞാന്‍ പഴ്സ് തുറന്നു നോക്കി. കൃത്യം നൂറു രൂപ ഉണ്ട്. ഉടനെ ഞാന്‍ ഒരു ആട്ടോ കൈ കാണിച്ചു നിര്‍ത്തി.

' മാഷേ.. കൊണാട്ട് പ്ലയ്സ് വരെ പോകാന്‍ എത്ര ആവും?

' സാറേ..അത് മീറ്റര്‍ അനുസരിച്ചാണ്. അതില്‍ കാണുന്നത് തരണം'

' എന്നാലും ഏകദേശം എത്ര ആവും എന്ന് പറയാമോ? '

'ഒരു എഴുപതു..എണ്‍പത് ആവും '

പിന്നെ ഒന്നും ആലോചിച്ചില്ല. അവനോടു കൊണാട്ട് പ്ലയ്സിലേക്ക് വിടാന്‍ പറഞ്ഞു. ട്രാഫിക് തിരക്കിനിടയില്‍ പെട്ട് ആട്ടോ മുന്നോട്ടു പോകുമ്പൊള്‍ , ഞാന്‍ വാച്ചിലേക്കും പിന്നെ ആട്ടോയുടെ മീറ്റരിലെക്കും നോക്കും. മീറ്ററിലെ റീഡിംഗ് അമ്പതു കഴിഞ്ഞപ്പോള്‍ എന്റെ ആധികൂടി. കൊണാട്ട് പ്ലയ്സ് ഒട്ടു ആവുന്നും ഇല്ല. അത് കൂടി കൂടി എണ്‍പത്തി അഞ്ചു ആയപ്പോള്‍ ഞാന്‍ പറഞ്ഞു..

'മാഷേ..ഇവിടെ നിര്‍ത്തിക്കോ.. '

'സാറേ.. കൊണാട്ട് പ്ലയ്സ് അടുത്ത സ്ടോപ്പാണ് . അവിടെ വരെ പോകണ്ടേ? '

'വേണ്ട..ഇവിടെ നിര്‍ത്തിയാല്‍ മതി '

അവസാനം തൊണ്ണൂറു രൂപ എണ്ണിക്കൊടുത്ത ശേഷം ഞാന്‍ ബാഗും തൂക്കി ഓടാന്‍ തുടങ്ങി. ബാക്കിയുള്ള കുറച്ചു ദൂരം അങ്ങനെ ഓടി, കിതച്ചുകൊണ്ട് ഓഫീസില്‍ എത്തി..ചെന്ന് കയറിയതും, ബോസ്സിന്റെ മുന്‍പില്‍ തന്നെ. ഫയറിംഗ് പ്രതീക്ഷിച്ചു നിന്ന എന്നോട് സ്നേഹപൂര്‍വ്വം ബോസ്സ് ചോദിച്ചു..

'ജോസ്. ...എന്തുണ്ട് വിശേഷം... എല്ലാം ഓക്കേ ആണല്ലോ അല്ലെ? '

പേടിച്ചു നിന്ന എന്റെ മനസ്സില്‍ ഒരു കുളിര്‍ മഴ പയ്തു. പിന്നെ സീറ്റില്‍ വന്നിരുന്നു കുറെ കഴിഞ്ഞാണ് കിതപ്പൊക്കെ മാറി ജോലി ചെയ്യാന്‍ തുടങ്ങിയത്. ഏകദേശം പന്ത്രണ്ടു മണി ആയപ്പോള്‍ , സഹപ്രവര്‍ത്തകനായ ശ്രീധര്‍ പറഞ്ഞു..

'ജോസ്.. ടിഫിന്‍ വന്നിട്ടുണ്ട്... വാങ്ങുന്നില്ലേ? '

അപ്പോഴാണ്‌ കയ്യില്‍ കാശ് തീര്‍ന്നല്ലോ എന്ന കാര്യം ഓര്‍ത്തത്‌. ഉണ്ടായിരുന്നത് മൊത്തം ആട്ടോക്കാരന് കൊടുത്തു. ബാക്കി ഉള്ള പത്തു രൂപ കൊണ്ട് തിരികെ വീട് പറ്റണം. ചുരുക്കിപ്പറഞ്ഞാല്‍ ഉച്ചഭക്ഷണം ഇല്ല..അത്ര തന്നെ. ഞാന്‍ ശ്രീധരിനോട് കള്ളം പറഞ്ഞു..

' എനിക്ക് വയറിനു നല്ല സുഖം ഇല്ല ശ്രീധര്‍ ...ഞാന്‍ ഇന്ന് കഴിക്കുന്നില്ല. വൈകിട്ട് കഴിച്ചോളാം.

സത്യം പറഞ്ഞാല്‍.. വയറില്‍ ആനയെ തിന്നാന്‍ പറ്റും വിധം വിശപ്പുണ്ടായിരുന്നു. രാവിലെയും കഴിച്ചില്ല. തല്‍കാലം കാശ് കടം വാങ്ങാന്‍ വേണ്ടത്ര പരിചയം ഓഫീസില്‍ ആരോടും ഇല്ല. ശ്രീധരിനോട് ചോദിക്കാമായിരുന്നു. പക്ഷെ വന്നു കയറിയ ഉടന്‍ തന്നെ ഇവന്‍ കടം മേടിച്ചു തുടങ്ങിയോ എന്ന് വല്ലതും അയാള്‍ വിചാരിച്ചാലോ എന്ന് കരുതി ചോദിച്ചില്ല. പിന്നെ ഇങ്ങനെ അല്ലെ ചെയ്യാന്‍ പറ്റൂ. വിശപ്പ്‌ കടിച്ചു പിടിച്ചു ഓഫീസില്‍ നിന്നു.

വൈകിട്ട് ബസ്സില്‍ കയറി ടിക്കറ്റ് എടുത്തു നിന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു. എക്സിക്യുടിവ് സ്റ്റൈലില്‍ കുട്ടപ്പനായി നില്‍ക്കുന്ന എന്റെ കയ്യില്‍ എടുക്കാന്‍ ഒരു രൂപ പോലും ഇല്ല. ആരെങ്കിലും എന്നെ കണ്ടാല്‍ അങ്ങനെ പറയുമോ. ഇത് പോലെ വെറും പുറം മോടിയില്‍ നടക്കുന്ന ആയിരങ്ങള്‍ ഈ നഗരിയില്‍ കാണില്ലേ? പുറം പൂച്ചില്‍ ഒരു കാര്യവും ഇല്ല എന്ന കാര്യം സത്യമല്ലേ ...

വല്ല വിധേനയും വൈകിട്ട് വീട്ടില്‍ എത്തി. പിന്നെ പെട്ടിയില്‍ നിന്നും റേഷന്‍ പോലെ കുറച്ചു രൂപ എടുത്തു. ഒരു കൂട്ടുകാരനെ കാണണം എന്ന് ഡ്രൈവര്‍ ചേട്ടനോട് പറഞ്ഞിട്ട്,ഞാന്‍ നേരെ പുഷ്പ വിഹാറില്‍ ഉണ്ടായിരുന്ന ഒരു മലയാളി ഹോട്ടലില്‍ കയറി. എന്നിട്ട് അവിടത്തെ മലയാളി ചേട്ടനോട് ചോദിച്ചു.

'ചേട്ടാ ...കഴിക്കാന്‍ എന്തുണ്ട്?'

' സാറെ... രാത്രിയിലെക്കുള്ളത് ഒന്നും ആയിട്ടില്ല. അപ്പോം മുട്ടക്കറിയും ഉണ്ട് . എടുക്കട്ടെ.'

'എന്തായാലും കുഴപ്പം ഇല്ല ചേട്ടാ. എടുത്തോ '

അങ്ങനെ അപ്പവുംമുട്ടക്കറിയും ആര്‍ത്തിയോടെ അകത്താക്കി.. ഹോ എന്തൊരു വിശപ്പായിരുന്നു..എന്തൊരു ആശ്വാസം കഴിച്ചു കഴിഞ്ഞപ്പോള്‍ . വിശപ്പിന്റെ വിളി അറിഞ്ഞ നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്. പണ്ടൊക്കെ വീട്ടില്‍ വച്ച് അമ്മച്ചി കഴിക്കാന്‍ വേണ്ടു പുറകിനു നടന്നു വിളിക്കും. നേരത്തിനു ഭക്ഷണം തരാന്‍ ആളുള്ളപ്പോള്‍ അതിന്റെ വില അറിയാറില്ല. ഈ വക കാര്യങ്ങള്‍ ഒക്കെ മനസ്സില്‍ ഓടിയെത്തിയ ദിവസം ആയിരുന്നു അന്ന് .

കയ്യില്‍ കാശ് ഇല്ലാതിരുന്ന അവസ്ഥ പിന്നെയും രണ്ടു മൂന്നു തവണ വന്നിടുണ്ട്. പക്ഷെ മേല്‍പറഞ്ഞ അനുഭവം ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. അതോര്‍ക്കുമ്പോള്‍ ഒക്കെയും, ഞാന്‍ എന്റെ സുഹൃത്തായ ദൈവം തമ്പുരാന് നന്ദി പറയും... വിശപ്പിന്റെ വിളി എന്താണെന്ന് അറിയിച്ചതിനു.. ഒരു നേരത്തെ ഭക്ഷണത്തിന് മുട്ട് വരുത്താതെ ജീവിക്കാന്‍ സഹായിക്കുന്നതിനു.

ജോസ്
ബാംഗ്ലൂര്‍
16- ഏപ്രില്‍ - 2011


(ചിത്രത്തിന് കടപ്പാട്..ഗൂഗിള്‍ )

2011, ഏപ്രിൽ 8

ശോ ..ഈ വല്യമ്മച്ചിയുടെ ഒരു കാര്യം...

എനിക്കൊരു വല്യമ്മച്ചി ഉണ്ടായിരുന്നു . അപ്പച്ചന്റെ അമ്മ. പുള്ളിക്കാരി, പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വാര്‍ഡന്‍ ആയാണ് റിട്ടയര്‍ ആവും വരെ ജോലി നോക്കിയിരുന്നത്. അതുകൊണ്ട് ബന്ധുക്കളില്‍ ചിലര്‍ വല്യമ്മച്ചിയെ 'ജെയിലമ്മച്ചി' എന്ന് വിളിച്ചു. മറ്റു ചിലര്‍ 'പൂജപ്പുര വല്യമ്മച്ചി' എന്ന് വിളിച്ചു. ഇമ്മിണി ബല്യ പേരൊക്കെ വിളിക്കാന്‍ മടിയായാതിനാല്‍ , ഞങ്ങള്‍ വീട്ടില്‍ അതിനെ ചുരുക്കി 'പൂപ്പര അമ്മച്ചി' എന്നാക്കി. അതല്ലേ വിളിക്കാന്‍ എളുപ്പം.

ഞാന്‍ ഹൈ സ്കൂളില്‍ എത്തിയ ശേഷം ആണ് പൂപ്പര അമ്മച്ചി മരിച്ചത്. ഒരു ദിവസം പെട്ടെന്ന് പരാലിസിസ് വന്നു ഒരു വശം തളര്‍ന്നു. . അതില്‍ നിന്നും പിന്നെ മോചിത ആയില്ല. മാസങ്ങള്‍ക്കകം മരണവും ഉണ്ടായി.

ഞാനായിരുന്നു പൂപ്പര അമ്മച്ചിക്ക് കടയില്‍ നിന്നും വെറ്റയും പാക്കും ചുണ്ണാമ്പും ഒക്കെ വാങ്ങിക്കൊണ്ടു വന്നിരുന്നത്.
'എടാ.. നീ ഇതൊന്നെനിക്ക് ഇടിച്ചു താ.. ' . വെറ്റ ഇടിക്കാനുള്ള പാത്രവും മറ്റും എടുത്തു തന്നിട്ട് പൂപ്പര അമ്മച്ചി എന്നോട് പറയും. എനിക്ക് അത് നല്ല ഇഷ്ടമുള്ള ഒരെര്‍പ്പാടായിരുന്നു.

ഭയങ്കര ജാതി സ്പിരിറ്റ്‌ ഉണ്ടായിരുന്ന കക്ഷിയും കൂടി ആയിരുന്നു ഈ അമ്മച്ചി. ഞാന്‍ കൂടുകാരെ ആരെയെങ്കിലും സ്കൂളില്‍ നിന്നും വീട്ടില്‍ കൊണ്ട് വരുമ്പോള്‍ , അവരെ പരിചയപ്പെട്ടിട്ട്, രഹസ്യമായിട്ടു പൂപ്പര അമ്മച്ചി ആരോടെങ്കിലും ചോദിക്കും..

'എടീ മോളെ.. ആ പയ്യന്‍..നമ്മടെ ആളാന്നോ? ( എന്ന് വച്ചാല്‍... ക്രിസ്ത്യാനി ആണോ എന്ന്. ആണെങ്കില്‍ ആ പയ്യനോട് ഒരേ പ്രത്യേക മമത ആയിരിക്കും )

എണ്‍പത് വയസ്സൊക്കെ കഴിഞ്ഞപ്പോള്‍ ,പ്രായത്തിന്റെതായ അസുഖങ്ങളും വന്നു തുടങ്ങി...കണ്ണിനു കാഴ്ച കുറവ്, കേള്‍വി കുറവ്, അങ്ങനെ പലതും. എന്നാലും പൂപ്പര അമ്മച്ചിക്ക് മുടങ്ങാത്ത ചില ചിട്ടകള്‍ ഉണ്ടായിരുന്നു..

രാവിലെ എണീറ്റ ശേഷം.. മലയാള മനോരമയിലെ ഒരു ഭാഗം അരിച്ചു പെറുക്കി വായിക്കും. ..ലോക രാഷ്ട്രീയത്തില്‍ എന്ത് പറ്റി എന്നോ, കായിക രംഗത്ത്‌ എന്ത് പറ്റി എന്നോ ഒന്നും അല്ല... ചരമ വാര്‍ത്തകളുടെ ഭാഗമാണ് ശ്രദ്ധയോടെ വായിക്കുക..അറിയാവുന്നവര്‍ ആരെങ്കിലും അതില്‍ ഒരു പടമായി വന്നിട്ടുണ്ടോ എന്ന് നോക്കും...ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി ഒരു പ്രാര്‍ത്ഥന..

സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ കുറച്ചു മോശമായിരുന്നത് കണക്കിനാണ്. പൂപ്പര അമ്മച്ചിയാവട്ടെ അതില്‍ എന്നേക്കാള്‍ ഭേദം. കണക്കു പരീക്ഷ കഴിഞ്ഞു, ഞാന്‍ ചോദ്യ പേപ്പര്‍ ആരെയും കാണിക്കാതെ ഒഴിഞ്ഞു മാറി നടക്കുമ്പോള്‍ , പൂപ്പര അമ്മച്ചി എന്നെ പിടിക്കൂടി, ചോദ്യങ്ങള്‍ ചോദിക്കും...

' എടാ.. രണ്ടും മൂന്നില്‍ റ്റണ്ടും കൂടിയാല്‍ എത്രയാടാ..എന്താ നീ എഴുതാത്തെ? '

എന്നെ കൂടുതല്‍ ചോദ്യം ചോദിച്ചു വിഷമിപ്പിച്ചാല്‍ ഇനി വെറ്റില ഇടിച്ചു തരൂല്ല എന്നൊക്കെ ഞാന്‍ മനസ്സില്‍ വിചാരിക്കും. പക്ഷെ ഒന്നും പറയില്ല.

പൂപ്പര അമ്മച്ചിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ഒരു രസകരമായ സംഭവം ഉണ്ട്. പറയാം.

നാട്ടിലൊക്കെ മിക്കവാറും ആളുകള്‍ക്ക് എന്തെങ്കിലും ഇരട്ടപ്പേരുകള്‍ കാണും..ചിലരുടെ കയ്യിലിരുപ്പു കൊണ്ട്, ചിലരുടെ ആകാരം കൊണ്ട്, ചിലരുടെ തൊഴില്‍ സംബന്ധിച്ച്.. അങ്ങനെ പലതും

മൂട്ട ശേഖരന്‍..പപ്പടം ശശി (പപ്പടം വില്പന തൊഴില്‍ ), കുഴിത്തുരുമ്പു (ഏഷണിക്കാരന്‍) , നക്കി നായര്‍ (ഭയങ്കര പിശുക്കന്‍), തപ്പട്ട (അതിന്റെ അര്‍ത്ഥമോ, എന്തുകൊണ്ട് അങ്ങനെ പേരു വന്നു എന്നോ എനിക്കറിയില്ല), മാക്രി മാമന്‍ , പുടിച്ചി മോഹനന്‍, കണ്ണി പങ്കജാക്ഷി , ഊളന്‍ ..ഇങ്ങനെ പോകുന്നു പേരുകള്‍ ..നാട്ടില്‍ നിന്നും വിട്ടു നിന്നിട്ട് കുറെ നാളുകള്‍ ആയതിനാല്‍ എല്ലാ പേരുകളും ഓര്‍ക്കുന്നില്ല. വളരെ പോപ്പുലര്‍ ആയവ ആണ് ഈ പറഞ്ഞത്

ഈ ഇരട്ട പേരുകളില്‍ ആയിരുന്നു ആളുകള്‍ കൂടുതലും പെട്ടന്ന് അറിയപ്പെട്ടിരുന്നത്.. ഉദാഹരണത്തിന്, ആരെങ്കിലും ചോദിക്കുകയാണ്...

' ഡേ..നമ്മടെ ശേഖരന്‍ സുഖമില്ലാതെ കിടപ്പാണെന്നു കേട്ടല്ലോ.. ശരി തന്നെ? '

'ഏതു ശേഖരന്‍? '

' ശോ ..ശേഖരനെ അറിയില്ലേ .. നമ്മടെ മൂട്ട ശേഖരന്‍.. '

'ഓഒ ഓ ..ലവന്‍..മൂട്ട. ഓ അവന്‍ മൂന്നാല് ദെവസായിറ്റു പനിയടിച്ചു കിടപ്പല്ലേ '

ഇതാണ് സ്ഥിതി. ചിലരെ ഒറിജിനല്‍ പേരു പറഞ്ഞാല്‍ ആരും അറിയില്ല.അത്രയ്ക്കാണ് വട്ടപ്പേരിന്റെ പ്രശസ്തി.

നമ്മുടെ വീട്ടില്‍ വരുന്ന ഒരാളായിരുന്നു പുടിച്ചി മോഹനന്‍. പുള്ളിക്കാരന്റെ അച്ഛനും ഉണ്ടായിരുന്നു വട്ടപ്പേര്... തപ്പട്ട . സാധാരണ ആരെങ്കിലും ഇങ്ങനെയൊക്കെ വിളിക്കുന്നത്‌ കേട്ടാല്‍ ചിലപ്പോള്‍ അയാളുടെ വായില്‍ നിന്നും നല്ല ഭരണിപ്പാട്ട് കേള്‍ക്കും.

ഈ ചേട്ടന്‍, ഇടയ്ക്കിടെ വീട്ടില്‍ വരുകയും, വരുമ്പോഴൊക്കെ പൂപ്പര അമ്മചിയുമായി വാചകം അടിക്കുകയും ഒക്കെ ചെയ്യും. പുള്ളി ചേട്ടന്മാരുടെ കൂടുകാരന്‍ ആണ് .

അങ്ങനെയിരിക്കെ, കുറെ ഏറെ നാളുകള്‍ക്കു ശേഷം പുള്ളി വീട്ടില്‍ വന്നു. അപ്പോഴേക്കും പൂപ്പര അമ്മച്ചിക്ക്, കേള്‍വിയും കാഴ്ചയും നന്നേ കുറഞ്ഞിരുന്നു. മോഹനന്‍ ചേട്ടന്‍ വന്നു പൂപ്പര അമ്മച്ചിയുടെ അടുത്തിരുന്നിട്ടു പറഞ്ഞു..

'അമ്മച്ചി ..എന്നെ മനസ്സിലായോ? '

കണ്ണാടി ഒക്കെ ശരിക്കൊന്നു വച്ചിട്ട്, ആളെ അമ്മച്ചി കുറെ നേരം നോക്കി. ഒരു രക്ഷയും ഇല്ല. മനസ്സിലാവുന്നില്ല.

'ആരാ..മോനെ? മനസ്സിലായില്ലല്ലോ. '

'അമ്മച്ചി ഇത് ഞാനാണ്...മോഹനന്‍.. '

അടുത്ത് നിന്ന എന്റെ അമ്മ , ഒന്ന് സഹായിക്കാന്‍ നോക്കി.

'അമ്മെ ഇത് ശങ്കരന്‍ പാറയിലെ മോഹനന്‍ ..ഇവിടെ ഇപ്പോഴും വരുന്ന ആളല്ലേ.. '

വീണ്ടും പൂപ്പര ആളെ മനസ്സിലാവാതെ പരുങ്ങി. അമ്മച്ചി വീണ്ടും ശ്രമിച്ചു..

'അമ്മെ..താഴെ ലൈബ്രറിയുടെ അടുത്തുള്ള വഴിയില്‍, താഴെ താമസിക്കുന്ന മോഹനന്‍..പിള്ളേരുടെ കൂടുകാരന്‍. അമ്മയ്ക്കറിയാം. ഒന്ന് ഓര്‍ത്തു നോക്കിയേ. '

പൂപ്പര അമ്മച്ചി പിന്നെയും 'ഏത് മോഹനന്‍' എന്നാ ചോദ്യം മുഖത്ത് വരുത്തി നിന്നു. വട്ടപ്പേര് പറഞ്ഞാല്‍ ഉടനെ മനസ്സിലാവും എന്ന് അമ്മയ്ക്കറിയാം . പക്ഷെ എങ്ങനെ പറയും..വീട്ടില്‍ വന്ന അതിഥിയെ അയാളുടെ മുന്‍പില്‍ വച്ച് അപമാനിക്കല്‍ ആവില്ലേ അത്. അമ്മ അങ്ങനെ പരുങ്ങി നിന്നു. ഇത്രയും ആയപ്പോള്‍ സാക്ഷാല്‍ മോഹനന്‍ സഹി കേട്ട് പറഞ്ഞു..

'അമ്മച്ചി ഇത് ഞാനാ..തപ്പട്ടെടെ മോന്‍ പുടിച്ചി മോഹനന്‍. .'.

'ഓ ഓ ..മോഹനന്‍... നീയായിരുന്നോ .. മോനെ സുഖമാണോടാ .. എനിക്കിപ്പോ കാഴ്ച തീരെയില്ല ..അതുകൊണ്ടാ പെട്ടെന്ന് മനസ്സിലാവാത്തെ.. '

അടുത്ത് നിന്ന അമ്മയ്ക്ക് ചിരി പൊട്ടിയെങ്കിലും ചിരി അടക്കി നില്‍ക്കേണ്ടി വന്നു. മനസറിഞ്ഞു ചിരിച്ചതോ.. അകത്തു ഒളിഞ്ഞു നിന്ന ഞങ്ങളും, പിന്നെ സാക്ഷാല്‍ പുടിച്ചി മോഹനനും..

ശോ ..ഈ വല്യമ്മച്ചിയുടെ ഒരു കാര്യമേ..

ജോസ്
ബാഗ്ലൂര്‍
9- ഏപ്രില്‍ -2011