2011, ജനുവരി 28

ചാറ്റല്‍ മഴ .....
























" പ്രേമേട്ടാ .. താഴേക്കിറങ്ങി വാ..ചെറുതായി മഴ പൊടിയുന്നുണ്ടെന്നു തോന്നുന്നു. ..വെറുതെ ചാറ്റല്‍ മഴ കൊള്ളാതെ"

അകത്തെ മുറിയില്‍ നിന്നും രാധ വിളിച്ചു പറഞ്ഞു. മോനെ ഉറക്കിയ ശേഷം അമ്മയെ അടുക്കളയില്‍ സഹായിക്കുകയാണ് അവള്‍. അപ്പോഴാവാം ഞാന്‍ ടെറസ്സില്‍ നില്‍ക്കുന്ന കാര്യം അവള്‍ ഓര്‍ത്തത്. പാവം..എനിക്കൊരു ചെറിയ തുമ്മല്‍ വന്നാല്‍ പോലും ആകുലപ്പെടുന്ന ഒരു പാവം പൊട്ടി പ്പെണ്ണാണവള്‍ ..എന്‍റെ വാമ ഭാഗം ..രാധാമണി .

ടെറസ്സില്‍ നിന്നാല്‍ അടുത്തുള്ള കുറെ വീടുകളും, മെയിന്‍ റോഡില്‍ നിന്നുള്ള ടാറിടാത്ത വഴിയും ഒക്കെ കാണാം. ഇവിടെ നില്‍ക്കുമ്പോള്‍ അല്ലേ പഴയതൊക്കെ ഓര്‍മ്മ വരുന്നത്. ഒരു ചാറ്റല്‍ മഴ കൂടി ആയാലോ? ആഹാ...ഓര്‍മ്മകളുടെ ഭാണ്ഢ ക്കെട്ടുകള്‍ തുറക്കാനും, തെല്ലു വേദനയോടെ ഓര്‍മ്മിക്കാന്‍ പറ്റുന്ന പഴയ പ്രണയത്തിന്റെ നിമിഷങ്ങള്‍ അയവിറക്കാന്‍ പ്രേരിപ്പിക്കാനും ഈ ചാറ്റല്‍ മഴയ്ക്ക് കഴിയും. അതല്ലേ ഞാന്‍ ചാറ്റല്‍ മഴയെ അത്രയ്ക്ക് ഇഷ്ടപ്പെടുന്നത്.

ഇന്ദുജ ...അതായിരുന്നു എന്‍റെ " താമരക്കണ്ണിയുടെ" പേര്. തൊട്ടു മുന്‍പിലത്തെ വീടാണ് അവളുടേത്‌. എന്‍റെ ബാല്യകാല സഖി ആണ് അവള്‍ എന്ന് തന്നെ പറയാം. 'തൊട്ടാവാടി, താമരക്കണ്ണി , കണ്ണീര്‍ ഭരണി' അങ്ങനെ എത്ര ഇരട്ടപ്പേരുകള്‍ ഞാന്‍ അവള്‍ക്ക് ഇട്ടിട്ടുണ്ട്. എന്നാലും അവള്‍ എന്നെ എന്നും സ്നേഹത്തോടെ 'മക്കുച്ചേട്ടാ' എന്നേ വിളിച്ചിട്ടുള്ളൂ.

സ്കൂളില്‍ പോകുന്നത് മുതല്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ലാത്ത ആ ടാറിടാത്ത വഴിയിലൂടെ ഞങ്ങള്‍ എത്ര പ്രാവശ്യം ഒരുമിച്ചു നടന്നിരിക്കുന്നു. കുഞ്ഞിലെ, അതിലൂടെ വഴക്കടിച്ചും, ചിരിച്ചു കളിച്ചും, കപ്പലണ്ടി തിന്നും ഒക്കെയല്ലേ ഞങ്ങള്‍ നടന്നിരുന്നത്.

എത്രയോ തവണ മഴയത്ത് കുടയും പിടിച്ചു ഞങ്ങള്‍ അതുവഴി നടന്നിട്ടുണ്ട്. അവളുടെ കുട ബാഗില്‍ തന്നെ ആയിരിക്കും. ഞാന്‍ എന്‍റെ കൊച്ചു കുടയെടുത്തു പിടിക്കും. എപ്പോഴും അവള്‍ നനയാതിരിക്കാന്‍ ഞാന്‍ സൂക്ഷിക്കുമായിരുന്നു. പക്ഷെ അവസാനം വീടെത്താറാവുമ്പോള്‍ ഞാന്‍ ഏറെ നനഞ്ഞിട്ടുണ്ടാവും . അതിനു വീട്ടില്‍ നിന്നും അമ്മയുടെ വക വഴക്കും കിട്ടും. എന്നാലും ആ നനയലിന്‍റെ സുഖം ഒന്ന് വേറെ തന്നെ ആയിരുന്നു.

ഒരിക്കല്‍ വഴിയിലൂടെ വഴക്കും കൂടി നടക്കവേ അവളുടെ സ്ലേറ്റു താഴെ വീണു പൊട്ടി. ..ഞാന്‍ കാരണം. അപ്പാ അടിക്കും എന്ന് പറഞ്ഞു കരഞ്ഞ അവളെ എന്തൊക്കെ പറഞ്ഞാണ് സമാധാനിപ്പിച്ചത്. വീട്ടില്‍ പറയാന്‍ കുറെ കള്ളങ്ങള്‍ അവള്‍ക്കു ഞാന്‍ പറഞ്ഞു കൊടുത്തു. പക്ഷെ കള്ളം പൊളിഞ്ഞു പോയി. ഞാന്‍ കാരണം ആണ് സ്ലേറ്റു പൊട്ടിയതെന്നു അവളുടെ വീട്ടില്‍ അറിഞ്ഞു. അത് പിന്നെ എന്‍റെ വീട്ടില്‍ അറിയാന്‍ താമസം വന്നില്ല. എനിക്ക് പൊതിരെ തല്ലു കിട്ടി. അത് പറഞ്ഞപ്പോള്‍ അവള്‍ വിതുമ്പിക്കരഞ്ഞത് ഇപ്പോഴും മനസ്സില്‍ ഉണ്ട്.

ഒരിക്കല്‍ ലോലിപ്പോപ്പു മുട്ടായിയുടെ പങ്ക് എനിക്ക് തരാത്തതില്‍ ഞാന്‍ അവളോട്‌ ദേഷ്യം തീര്‍ത്തു. കുറച്ചു കടുത്തുപോയി എന്ന് പിന്നെ എപ്പോഴും തോന്നുമായിരുന്നു. ഞങ്ങള്‍ നടക്കുന്ന വഴിയുടെ ഒരു അരികത്തായി ഞാന്‍ മണ്ണില്‍ ഒരു 'ചതിക്കുഴി' കുത്തി..അതില്‍ കുറെ ഈര്‍ക്കിലുകള്‍ കുറുകെ കൊരുത്തു വച്ചു. അതിന്‍റെ മീതെ കുറെ കരിയിലയും വിതറിയിട്ട്, പിറ്റേന്ന് ഒന്നും അറിയാത്ത മട്ടില്‍ അവളെ അതിന്‍റെ മീതെ നടത്തിച്ചു. പ്രതീക്ഷിച്ചപോലെ അവളുടെ കാല് കുഴിയില്‍ പെട്ടു. പക്ഷെ കാലില്‍ ഈര്‍ക്കില്‍ കൊണ്ട് കേറി, പഴുത്തതും ഒരാഴ്ച അവള്‍ക്ക് സ്കൂളില്‍ പോകാന്‍ പറ്റാതെ വന്നതും എന്നെ ശരിക്കും വേദനിപ്പിച്ചു.

അവളുടെ അമ്മൂമ്മ " ഇത് ചെയ്തവന്റെ തലയില്‍ ഇടിത്തീ വീഴണേ എന്ന് പറഞ്ഞു ശപിച്ചപ്പോഴും ഞാന്‍ ഞെട്ടുകയോ..വേദനിക്കുകയോ ചെയ്തില്ല . പക്ഷെ ഒരാഴ്ച കഴിഞ്ഞു എല്ലാം തുറന്നു പറഞ്ഞ് ക്ഷമ ചോദിച്ചപ്പോള്‍ അവള്‍ കണ്ണും പൊത്തി കരഞ്ഞു..അതെന്നെ വീണ്ടും വീണ്ടും വേദനിപ്പിച്ചു. വെറും ഒരു മുട്ടായിയുടെ പേരില്‍ അവളോട്‌ ക്രൂരത കാട്ടിയതില്‍ മനസ്സ് നന്നേ വേദനിച്ചു

കോളേജിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു.... ഞാന്‍ ഒരു വര്‍ഷം സീനിയര്‍. അവള്‍ സയന്‍സും, ഞാന്‍ കൊമേഴ്സും. ഞാന്‍ കുറച്ചൊക്കെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായ സമയം. സമര വീര്യം രക്തത്തില്‍ അലിയാന്‍ തുടങ്ങിയ സമയം. എന്നാലും അവളോടൊത്ത് ആ ഇടവഴിയിലൂടെ വീണ്ടും എത്രയോ തവണ സഞ്ചരിച്ചു. പഴയപോലെ..ചിരിയും ...കളിയും...വഴക്ക് കൂടലും..പരിഭവങ്ങളും ആയി.

അന്നെന്നോ...ബാല്യകാല സഖിയോടുള്ള ഇഷ്ടം ഒരു അനുരാഗമായി മാറിയത് ഞാന്‍ അറിഞ്ഞു. പക്ഷെ അവളോടോ , മറ്റാരോടെങ്കിലുമോ അതൊന്നും പറയാന്‍ കഴിഞ്ഞില്ല. നഷ്ടപ്പെടലുകളെ ഭയന്ന ഭീരുവായ മനസ്സ് എന്നെ അതിനു അനുവദിച്ചില്ല.. ഇതറിഞ്ഞ് അവള്‍ എന്നില്‍ നിന്നും അകന്നാലോ?

ഓരോ പ്രാവശ്യം ആ വഴിയിലൂടെ ഒരുമിച്ചു നടന്നപ്പോഴും, ചാറ്റല്‍ മഴയത്ത്, അവളുടെ ദേഹത്ത് വീഴാന്‍ ഒരു മഴത്തുള്ളിയേയും അനുവദിക്കാതെ കുട പിടിച്ചപ്പോഴും , ഞാന്‍ പറയാന്‍ തുനിഞ്ഞതാണ്..

"താമരക്കണ്ണീ ..എനിക്ക് നിന്നെ ഇഷ്ടമാണ്. എന്‍റെ കൂടെ വരില്ലേ? "

പക്ഷെ പറഞ്ഞില്ല. അപ്പോഴൊക്കെ വെറുതെ ചിരിച്ചതെ ഉള്ളൂ. ആ ചിരി വാക്കുകളെ തൊണ്ടയില്‍ കുരുക്കി. കണ്ണുകള്‍ക്ക്‌ പോലും മനസ്സിന്‍റെ ഇംഗിതം വെളിപ്പെടുത്താന്‍ പറ്റിയില്ല. അവള്‍ എന്‍റെ കണ്ണിലേക്കു നേരെ നോക്കുന്ന നിമിഷം, ഒരു പരിഭ്രമത്തോടെ ഞാന്‍ എന്‍റെ മുഖം മാറ്റുമായിരുന്നു.

വാക്കുകള്‍ എന്നും നാവിന്‍റെ തുമ്പത്തായിരുന്നു. അവള്‍ എന്നും എന്‍റെ കയ്യെത്തും ദൂരത്തും . പക്ഷെ ...

ചാറ്റല്‍ മഴ .....അന്നൊക്കെ അതിന്‍റെ സ്വരവും താളവും എന്നെ സന്തോഷം കൊണ്ട് മത്തു പിടിപ്പിക്കുമായിരുന്നു. കുട കയ്യില്‍ ഉണ്ടെങ്കിലും ചിലപ്പോള്‍ അതെടുക്കാതെ ചാറ്റല്‍ മഴ നനയുമായിരുന്നു ഞാന്‍. അതിന്‍റെ നനവ് നല്‍കുന്ന സുഖം നുണയാന്‍.

പ്രണയ ഭാവങ്ങള്‍ വിതുമ്പുന്ന പാട്ടുകള്‍ കേള്‍ക്കുമ്പോഴും, പ്രണയ സിനിമകള്‍ കാണുമ്പോഴും അതിലെ നായകനായി എന്നെയും, നായികയായി അവളെയും സങ്കല്‍പ്പിച്ച് ദിവാ സ്വപ്നങ്ങള്‍ എത്ര കണ്ടിട്ടുണ്ട് ഞാന്‍. അവള്‍ കയ്യെത്തും ദൂരെ ആയിരുന്നിട്ടും... സ്വപ്നത്തില്‍ പറഞ്ഞതൊന്നും എനിക്ക് അവളോട്‌ പറയാന്‍ കഴിഞ്ഞില്ല. ഭീരുവായ മനസ്സ് അനുവദിച്ചില്ല. അവള്‍ ഒരിക്കലും ചോദിച്ചുമില്ല. ഒക്കെ അവള്‍ക്കു അറിയാമായിരുന്നുവോ എന്തോ?

പിന്നെപ്പോഴോ ഞങ്ങളുടെ വഴികള്‍ രണ്ടായി. ഞങ്ങളുടെ ഇഷ്ടങ്ങളും, അനിഷ്ടങ്ങളും, മുന്ഗണനകളും, വെവ്വേറെ ആവാന്‍ തുടങ്ങിയതാവും കാരണം. എന്‍റെ സമര വീര്യം മൂത്ത രാഷ്ട്രീയ ചായ്‌വ് ആണോ അതിനു വഴി തെളിച്ചത് എന്ന് എനിക്കറിയില്ല.

ദിവസങ്ങള്‍ മാസങ്ങളായും, മാസങ്ങള്‍ വര്‍ഷങ്ങളായും പിന്നിട്ടപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ആദൃശ്യമായ മതിലുകള്‍ ഉയര്‍ന്നപോലെ തോന്നി. പിന്നെ എത്രയോ തവണ മഴയത്ത് ഒറ്റയ്ക്ക് കുട പിടിച്ചു ഞാന്‍ ആ വഴിയെ വന്നിട്ടുണ്ട്.

അന്ന് ഒരു വല്ലാത്ത നഷ്ട ബോധം തോന്നുമായിരുന്നു. മനസ്സിനെ വിണ്ടുകീറി വേദനിപ്പിക്കുന്ന ഒരു താളമായിരുന്നു പിന്നീടുള്ള ചാറ്റല്‍ മഴകള്‍ക്കെല്ലാം.

ഞങളുടെ ഇടയിലെ അകലം കൂടി വന്നു. പഠിത്തത്തിന്റെയും പരീക്ഷകളുടെയും, പിന്നെ ജോലിക്കായുള്ള ഒട്ടത്തിനിടയിലും വഴിയില്‍ വച്ചു കണ്ടാല്‍ , ഒരു കൊച്ചു വര്‍ത്തമാനം പറയാന്‍ ഞങ്ങള്‍ ശ്രമിക്കുമായിരുന്നു. ...ഒരു മിന്നായം പോലെ ..വളരെ കുറച്ചു നേരം... എല്ലാവര്‍ക്കും തിരക്കായിരുന്നില്ലേ..ഞങ്ങള്‍ക്കും .അതോ മനഃപൂര്‍വം തിരക്ക് നടിച്ചതോ..

അപ്പോഴും...അവള്‍ കയ്യെത്തും ദൂരത്തായിരുന്നു. എനിക്ക് പറയാമായിരുന്നു..താമരക്കണ്ണീ നീ എന്‍റെതാവില്ലേ എന്ന്. വാക്കുകള്‍ അന്നും തൊണ്ടയില്‍ കുരുങ്ങി. പറഞ്ഞില്ല..പറയാന്‍ കഴിഞ്ഞില്ല .

പിന്നീടൊരിക്കല്‍...വഴിയിലൂടെ നടന്നു വരുമ്പോള്‍, അവളും അച്ഛനും അമ്മയും എതിരെ വന്നു. സന്തോഷത്തോടെയാണ് അവര്‍ അവളുടെ കല്യാണക്കാര്യം എന്നെ അറിയിച്ചത്. അവളുടെ മുഖത്തും സന്തോഷം കലര്‍ന്ന ഒരു ജാള്യത ഞാന്‍ കണ്ടു. അന്ന് ഞാന്‍ തിരിച്ചറിഞ്ഞു... അവള്‍ കയ്യെത്തും ദൂരെ അല്ല എന്ന്. ..അടുത്താണെങ്കിലും അവള്‍ കാതങ്ങള്‍ അകലെ ആണെന്ന്.

വിഷമം തോന്നി. പക്ഷെ അനശ്വര പ്രണയ കാവ്യത്തിലെ ദേവദാസിനെപ്പോലെ ആയില്ല. വിഷമങ്ങള്‍ ഉള്ളില്‍ ഒതുക്കാന്‍ അന്ന് മുതല്‍ പഠിച്ചു. ആ കഴിവ് പിന്നെ എത്രവട്ടം ഉപകാരപ്പെട്ടിട്ടുണ്ട്.

ഞങ്ങള്‍ എത്രയോ വട്ടം നടന്ന ആ വഴി..വലിയ മാറ്റം ഒന്നും ഇല്ലാതെ ഇപ്പോഴും അങ്ങനെ തന്നെ ഉണ്ട്. ഞങ്ങള്‍ മാത്രം മാറി...വളരെ ഏറെ . അവളുടെ കല്യാണ ശേഷവും ഞങ്ങള്‍ എത്ര തവണ ഈ വഴിയില്‍ വച്ചു തമ്മില്‍ കണ്ടിരിക്കുന്നു. എനിക്കും ജോലിയായി. എന്‍റെ കല്യാണവും കഴിഞ്ഞു. പിന്നെയും ഞങ്ങള്‍ കണ്ടു...ഈ വഴിയില്‍. അപ്പോഴൊക്കെ അനാവശ്യമായ ഒരു പക്വത കാട്ടി സംസാരിക്കാന്‍ ഞങ്ങള്‍ പഠിച്ചു. 'സുഖമാണോ? എന്ന് വന്നു? എന്ന് പോകും? മക്കള്‍ എന്ത് ചെയ്യുന്നു? എന്നിങ്ങനെയുള്ള ചോട്യങ്ങളില്‍, ചോദിക്കാനും പറയാനും ഉള്ളതൊക്കെ ഒതുക്കാന്‍ പഠിച്ചു.

ചാറ്റല്‍ മഴ....അതിന്‍റെ ഓരോ തുള്ളികള്‍ എന്‍റെ ദേഹത്ത് വീണപ്പോഴും ഞാന്‍ കാതോര്‍ത്തു നിന്നു. അതിന്‍റെ രാഗവും താളവും തിരിച്ചറിയാന്‍. അവള്‍ അരികില്‍ ഉണ്ടായിരുന്നപ്പോള്‍ ഉള്ള ആനന്ദവും, അകന്നപ്പോള്‍ ഉണ്ടായ വേദനയും ഒരു ജുഗല്‍ബന്ദി പോലെ മനസ്സിന്‍റെ അകത്തളങ്ങളില്‍ മുഴങ്ങുന്നത് ആസ്വദിക്കാന്‍.

തോളത്തു കിട്ടിയ ഒരു നനുത്ത സ്പര്‍ശം എന്നെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തി. ഞാന്‍ തിരിഞ്ഞു നോക്കി. രാധ ആയിരുന്നു.

" എന്തെ പ്രേമേട്ടാ .. പനി വരുത്തി വയ്ക്കണോ? എന്നിട്ട് വേണം എനിക്കും മോനും കൂടി പനി വരാന്‍ "

ഒരു നിമിഷം എന്‍റെ മുഖത്തേയ്ക്കു നോക്കിയിട്ട് അവള്‍ ചോദിച്ചു.

" എന്തേ... ചാറ്റല്‍ മഴ കൊണ്ടപ്പോഴേക്കും പഴയതൊക്കെ ഓര്‍മ്മ വന്നോ? "

അതും പറഞ്ഞ് അവള്‍ ഒരു കുസൃതിച്ചിരി ചിരിച്ചു. ഞാനും അതുപോലെ ഒരു കുസൃതിച്ചിരി ചിരിച്ചതെ ഉള്ളൂ. ഒന്നും പറഞ്ഞില്ല. ഒക്കെ അവളോട്‌ പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ.

പണ്ട് മനസ്സിലെ ഇഷ്ടം പറയാന്‍ തുനിഞ്ഞപ്പോള്‍ ഒക്കെ ഞാനറിയാതെ ഒരു ചിരി എന്‍റെ വാക്കുകളെ തൊണ്ടയില്‍ തന്നെ കുരുക്കുമായിരുന്നു. ഇന്ന്... മനസ്സിന്‍റെ അഗാധതയില്‍ കുഴിച്ചിട്ട വികാരങ്ങള്‍ പുറത്തു വരാതിരിക്കാന്‍ ഒരു ചിരി തന്നെ എന്നെ സഹായിക്കുന്നു.

" വാ..മതി... മഴയത്ത് നിന്നു ഓര്‍മ്മകള്‍ അയവിറക്കിയത്.. അകത്തു വന്നു എന്നേം അമ്മയെയും കുറച്ചൊന്നു സഹായിക്കു ചേട്ടാ ..വാഷിംഗ് മെഷീന്‍ ശരിയാവുന്നില്ല. ഒന്ന് നോക്കിയേ.. "

സാരിത്തലപ്പു കൊണ്ട് എന്‍റെ തല മൂടി, എന്നെ കോവണിപ്പടിയുടെ അടുത്തേയ്ക്ക് ഉന്തിക്കൊണ്ടു രാധ പറഞ്ഞു..

" രാധേ..പതുക്കെ..ഞാന്‍ വീഴും കേട്ടോ. തറ ആകെ നനഞ്ഞു കിടക്കുകയാണ്. "

മുറിയ്ക്കകത്തെയ്ക്ക് കയറും മുന്‍പ്, ഒന്ന് കൂടി ഞാന്‍ കൈ നീട്ടി. എനിക്ക് പ്രിയങ്കരമായ ചാറ്റല്‍ മഴകൊണ്ട്‌ കൈ വെള്ള ഒന്നുകൂടി നനയ്ക്കാന്‍.

ചാറ്റല്‍ മഴ.....അത്.. അന്നും ഇന്നും എനിക്കേറെ ഇഷ്ടമുള്ള ഒന്നല്ലേ..


ജോസ്
ബാംഗ്ലൂര്‍
29- Jan-2011


Protected by Copyscape Web Copyright Protection Software

2011, ജനുവരി 22

പിണക്കം...


ആരോടെങ്കിലും ഒരിക്കലെങ്കിലും പിണങ്ങാത്ത ആരെങ്കിലുമുണ്ടോ? ഉണ്ടെങ്കില്‍ ആ മഹത് വ്യക്തിയെ പൂവിട്ടു പൂജിക്കണം. കാരണം, സാധാരണ മനുഷ്യനാണെങ്കില്‍ അങ്ങനെ പറ്റില്ലല്ലോ..

എന്‍റെ ഓര്‍മ്മയിലും ഉണ്ട് കുറെ പിണക്കങ്ങള്‍. കുറച്ചു വലുതായി, കോളേജിലെ പഠിത്തം ഒക്കെ കഴിഞ്ഞ ശേഷം ( പക്വത ആയിക്കഴിഞ്ഞ്) ഞാന്‍ ആരോടും പിണങ്ങിയിട്ടില്ല. തൊടുന്നതിനും പിടിക്കുന്നതിനും ഒക്കെ ഉള്ള പിണക്കം കുഞ്ഞിലെ അല്ലായിരുന്നോ. അതില്‍, എനിക്കോര്‍മ്മയുള്ള ഒരു രസകരമായ പിണക്കം ആവട്ടെ ഇന്നത്തെ ബ്ലോഗില്‍. (അതെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഞാന്‍ രോമാഞ്ച ഭരിതനാവുന്നു. എന്‍റെ അപാര ബുദ്ധിയെ ഓര്‍ത്ത്‌. )

അധികം കുരുത്തക്കേടുകള്‍ ഒന്നും ചെയ്തിട്ടില്ലാത്ത കുട്ടിക്കാലം ആയിരുന്നു എന്‍റെത് . എന്നാലും കുറച്ചൊക്കെ കയ്യിലിരിപ്പുകള്‍ ഉണ്ടായിരുന്നു. എന്‍റെ അപ്പച്ചന്‍ എന്നെ അടിച്ചിട്ടേ ഇല്ല. അതുകൊണ്ട് അപ്പച്ചന്‍ പാവം ആയിരുന്നു എന്നൊന്നും കരുതേണ്ട. എന്‍റെ രണ്ടു ചേട്ടന്മാരെയും പൊതിരെ തല്ലി , ഇരുട്ടത്ത് വീട്ടിന്‍റെ വെളിയില്‍ ഇറക്കി നിര്‍ത്തിയ ആളായിരുന്നു അപ്പച്ചന്‍. ചേട്ടന്മാര്‍ കുണ്ടണി കാട്ടുന്നതിന് ഒട്ടും പുറകില്‍ അല്ലായിരുന്നതിനാല്‍ ആണ് അങ്ങനെ ഒക്കെ ഉണ്ടായത് എന്നാണ് അമ്മച്ചിയുടെ ഭാഷ്യം. എന്നാലും എന്‍റെ സമയം ആയപ്പോഴേക്കും അപ്പച്ചന്‍ ആ കാര്യത്തില്‍ പാവം ആയി. തല്ലുന്നതൊക്കെ നിര്‍ത്തി. (എന്‍റെ ഭാഗ്യം) .

എന്നാല്‍ അതിന്‍റെ ഒക്കെ കുറവ് അമ്മച്ചി നികത്തി. കൈ കൊണ്ടും, വടി കൊണ്ടും ഒക്കെ അമ്മച്ചി എനിക്ക് ആവശ്യത്തിനു തല്ലു തന്നിട്ടുണ്ട്. എന്തിനൊക്കെ ആണെന്ന് എനിക്കും അമ്മച്ചിക്കും ഇപ്പോള്‍ ഓര്‍മ്മയില്ല ( അമ്നീഷ്യാ.. അമ്നീഷ്യാ.. )

ഒരിക്കല്‍ രണ്ടിലോ മൂന്നിലോ പഠിക്കുമ്പോള്‍, ഏതോ കൂട്ടുകാരന്റെ കയ്യില്‍ നിന്നും പൊട്ടാസ് വാങ്ങി വീട്ടില്‍ കൊണ്ട് വന്നു വെടി പൊട്ടിച്ചതിനു , വെടി പൊട്ടുന്ന പോലെ തന്നെ തല്ലു കിട്ടി.

പുതിയ H.B പെന്‍സില്‍ രണ്ടായി ഓടിച്ചുകൊണ്ട് വന്നതിനു കിട്ടി വീണ്ടും തല്ല്. സാധാരണ പശ വച്ച് ഒടിഞ്ഞ കഷണങ്ങള്‍ ഒട്ടിച്ച്, അമ്മച്ചിയെ പറ്റിക്കാന്‍ എന്‍റെ 'വലിയ ബുദ്ധി' കൊണ്ട് ഞാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അങ്ങനെ ചെയ്യാന്‍ നോക്കിയത്തിനും കൂടി ചേര്‍ത്താണ് അടിയുടെ പൂരം നടന്നത്.

ഇംഗ്ലീഷ് അക്ഷരം ബി തല തിരിച്ചു എഴുതുന്നതിനും കിട്ടി കുറെ അടി. ഒരു ദിവസം രാത്രി വീടിന്‍റെ വെളിയില്‍ ഇരുത്തുകയും ചെയ്തു. (എന്തായാലും പിന്നെ ബി നേരെ എഴുതാന്‍ പഠിച്ചു) .

എന്‍റെ ഇളയ ചേച്ചിയുമായി വഴക്കിടുമ്പോള്‍, ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കിട്ടും തല്ല്. ചേച്ചിയും ഞാനും മുന്നാളുകാര്‍ ആണ്. (ചേച്ചിക്കും തല്ല് കിട്ടിയല്ലോ എന്നോര്‍ക്കുമ്പോള്‍ കുറച്ചു ആശ്വാസം തോന്നുമായിരുന്നു അന്ന്. )

എത്ര അടി കൊണ്ടാലും, കുറച്ചു കഴിയുമ്പോള്‍ ഞാന്‍ അമ്മച്ചിയുടെ അടുത്ത് തന്നെ വന്നു ഒട്ടിയിരിക്കും. അപ്പനേക്കാള്‍ അവനു പ്രിയം അവന്‍റെ അമ്മയോടാനെന്നു അപ്പച്ചന്‍ എപ്പോഴും പറയും.

ഒരിക്കല്‍ എനിക്ക് പൊതിരെ തല്ല് കിട്ടി. കാരണം എന്താണെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല. പക്ഷെ അന്ന് എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ കുറെ ഏറെ അളവില്‍ വന്നു. ഞാന്‍ പ്രതിഷേധിച്ചു. കൊച്ചു പയ്യനാണെങ്കിലും പ്രതിഷേധിക്കാന്‍ അവകാശമില്ലേ? ഭരണഘടനയില്‍ അങ്ങനെ പാടില്ല എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ.. ഉണ്ടോ ?

കുടുകുടാ ഒഴുകിയ കണ്ണുനീര്‍ തുടച്ചുകൊണ്ട്, പ്രതിഷേധം ഉറക്കെ അറിയിച്ചുകൊണ്ട്‌ അന്ന് ഞാന്‍ പ്രഖ്യാപിച്ചു.

" ഇനി ഞാന്‍ അമ്മച്ചിയോട്‌ മിണ്ടില്ല. ഇനി മേലാല്‍ ഞാന്‍ ഈ വീട്ടില്‍ നിന്നും അമ്മച്ചി ഉണ്ടാക്കുന്ന ഒന്നും കഴിക്കൂല്ല. നോക്കിക്കോ "

ഇത് കേട്ടു പാവം അമ്മച്ചി വിഷമിച്ചു കാണും എന്നും , ' തേനേ ചക്കരേ പിണങ്ങല്ലെടാ ' എന്നൊക്കെ പറഞ്ഞ് എന്‍റെ പുറകെ വന്നുകാണും എന്നൊക്കെ നിങ്ങള്‍ കരുതി എങ്കില്‍ ....കൂയ് ..നിങ്ങള്‍ക്ക് തെറ്റി. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന് പറയുമ്പോലെ നിന്നു അമ്മച്ചി. കൊച്ചു ചെക്കന്‍ പിണങ്ങിയാല്‍ എത്രത്തോളം പോകും എന്ന് അമ്മച്ചിക്ക് നന്നായിട്ട് അറിയാം.

ഞാന്‍ പിണക്കം തുടങ്ങി. ഇടയ്ക്കു ചായ തന്നത് കുടിച്ചില്ല. അമ്മച്ചി എന്നെ ശ്രദ്ധിക്കാതെ അടുക്കളയിലെ പണികള്‍ ചെയ്യാന്‍ തുടങ്ങി. സമയം കുറെ ഏറെ കഴിഞ്ഞപ്പോള്‍ എന്‍റെ വയറ്റില്‍ നിന്നും, വേറെ ചില പ്രതിഷേധങ്ങള്‍ ഉയരാന്‍ തുടങ്ങി. ആമാശയവും, കുടലും ഒക്കെ എന്നെ തെറി വിളിച്ചു കൊണ്ട് അവരുടെ പ്രതിഷേധം തുടങ്ങി. അവര്‍ എന്‍റെ കോലം കത്തിച്ചതുകൊണ്ടാണോ എന്തോ...വയറു കത്തുന്ന പോലെ തോന്നി.

'അമ്മച്ചിയോട്‌ തോറ്റു കൊടുത്താലോ? എന്‍റെ അമ്മച്ചിയല്ലേ. ' മനസ്സിന്‍റെ നല്ലവനായ ഭാഗം പറഞ്ഞു. അപ്പോഴുണ്ടെടാ മനസ്സിന്‍റെ മറ്റേ ഭാഗം ( കുരുത്തം കെട്ട ഭാഗം) പറയുന്നത്..

' നാണം ഇല്ലേടാ. .. വമ്പ് പറഞ്ഞ്, ഇനി ഒന്നും കഴിക്കൂല്ലാ എന്നൊക്കെ പ്രഖ്യാപിച്ചു മണിക്കൂറുകള്‍ കഴിയും മുന്‍പേ നീ തോറ്റു കൊടുക്കാന്‍ പോകുന്നു. ഷെയിം ഷെയിം ..പപ്പി ഷെയിം.. '

ഞാന്‍ ധര്‍മ്മ സങ്കടത്തിലായി. എന്ത് ചെയ്യും? വിശപ്പിന്‍റെ വിളി ഒരു ഭാഗത്ത്‌. അഭിമാനം ഒരു വശത്ത്. പെട്ടന്നാണ് മനസ്സില്‍ ഒരു യമണ്ടന്‍ ആശയം വന്നത്. ഞാന്‍ സമയം കളയാതെ അടുക്കള ഭാഗത്തേക്ക് ഓടി വന്നു, വാതിലിന്‍റെ അടുത്ത് നിന്ന് അകത്തേക്ക് എത്തി നോക്കി.

അമ്മച്ചി എന്തോ പലഹാരം ഉണ്ടാക്കുകയായിരുന്നു. അതിന്‍റെ മണം മൂക്കിലേക്ക് കയറിയപ്പോഴും, അത് എണ്ണയില്‍ കിടന്ന് തിളച്ചു മറിയുന്നത് കണ്ടപ്പോഴും, എന്‍റെ വായ്ക്കകം അറബിക്കടലുപോലെ ആയി. വയറിലെ കത്തല്‍ ഒന്നുകൂടി രൂക്ഷമായി .

'എന്താ ? ' അമ്മച്ചി ചോദിച്ചു.

'ഒന്നുമില്ല. വെറുതെ വന്നതാ ' . ഞാന്‍ പറഞ്ഞു.

കുറച്ചു കഴിഞു, ഞാന്‍ നിഷ്കളങ്കമായ ഒരു ചോദ്യം ചോദിച്ചു.

' അമ്മച്ചീ..അമ്മച്ചീടേല് എവിടുന്നാ പൈസ ഒക്കെ വരുന്നേ ? '

'എന്ത് പറ്റി ഇപ്പോള്‍ അങ്ങനെ ഒരു ചോദ്യം? '

'ചുമ്മാ ചോദിച്ചതാ.. എന്നാലും പറയ്.. എവിടുന്നാ പൈസ വരുന്നേ? '

'എനിക്കെവിടുന്നാ പൈസ. നിന്‍റെ അപ്പച്ചനും ചേട്ടന്മാരും ജോലി ചെയ്തു കൊണ്ടുവരുന്ന പൈസയില്‍ നിന്നല്ലേ എന്‍റെ കയ്യില്‍ പൈസ വരുന്നത്. '

'അപ്പൊ..നമ്മള്‍ ഈ കഴിക്കുന്ന സാധനങ്ങള്‍ ഒക്കെ വാങ്ങിയത്, അപ്പച്ചന്‍റെയും , ചേട്ടന്മാരുടെയും പൈസ കൊണ്ടല്ലേ? .. അമ്മച്ചീടെ പൈസ അല്ലല്ലോ ?

'അതെ..എന്‍റെ പൈസ അല്ല. ഇതിനിപ്പം എന്താ പ്രശനം? '

'അപ്പൊ..അമ്മച്ചി..ചുമ്മാതെ അവരുടെ ഒക്കെ പൈസ എടുത്ത്, കടേന്നു കുറച്ചു സാധനങ്ങള്‍ വാങ്ങി, ചോറും കറിയും ഉണ്ടാക്കുന്നു എന്നല്ലേ ഉള്ളൂ. സത്യത്തില്‍ ഒക്കെ ചെയ്യുന്നത് അപ്പച്ചനും ചേട്ടന്മാരും അല്ലെ? ഞാന്‍ അവരോടൊന്നും പിണങ്ങിയിട്ടില്ല. അപ്പൊ... എനിക്ക് ഇതൊക്കെ കഴിക്കാം അല്ലെ? ..'

അമ്മച്ചി ഗൗരവത്തില്‍ എന്നെ ഒന്ന് നോക്കി. പതിയെ ആ ഗൗരവം മാറി ഒരു പൊട്ടിച്ചിരി ആയി. എന്‍റെ 'കാഞ്ഞ ബുദ്ധി ' ഓര്‍ത്ത്‌ അമ്മച്ചി കുടുകുടാ ചിരിച്ചു. ആ നിമിഷം എന്‍റെ പിണക്കം മഞ്ഞുപോലെ അലിഞ്ഞ് ഇല്ലാതായി. ഒരു നിമിഷം പോലും കളയാതെ ഞാന്‍ കുറച്ചു പലഹാരം കയ്യിലെടുത്തു വെളിയിലേക്കോടി.

തല്ലുകള്‍ പിന്നെയും കിട്ടിയിട്ടുണ്ട്. പക്ഷെ മേല്‍പ്പറഞ്ഞ മാതിരി ഉള്ള ഒരു പിണക്കം പിന്നെ ഉണ്ടായിട്ടില്ല. ഇപ്പോഴും ചിലപ്പോള്‍ വീട്ടിലെല്ലാവരും കൂടി ഇരിക്കുമ്പോള്‍ അമ്മച്ചി ഇത് പറഞ്ഞു ചിരിക്കാറുണ്ട്.

നോക്കണേ എന്‍റെ ഒരു ബുദ്ധി. ( തല കൊടുക്കുന്നോ എന്നാരും ചോദിക്കണ്ട. തരില്ല. കട്ടായം )

ജോസ്
ബാംഗ്ലൂര്‍.
22- jan - 2011

2011, ജനുവരി 1

ഇങ്ങനെയും ഒരു യക്ഷി....


ആരോടും പറയാന്‍ പറ്റാത്ത വിഷമം വരുമ്പോള്‍ ഞാന്‍ ചെയ്യുന്ന ഒരു കലാ പരിപാടി ഉണ്ട്..എങ്ങോട്ടെന്നില്ലാത്ത ഒരു നടത്തം. വീടിന്‍റെ അടുത്തുള്ള ഊടു വഴികള്‍ ഒക്കെ ചുറ്റി, ചന്തകളുടെയും, ഷോപ്പിംഗ്‌ കോംപ്ലെക്സുകളുടെയും അടുത്തു കൂടി നടന്ന് , അവസാനം ഒരു മൈതാനത്തില്‍ ചെന്ന്, അവിടെ ഇട്ടിട്ടുള്ള പാറ കൊണ്ടുള്ള ഒരു ബെഞ്ചില്‍ ഇരിക്കും. മൈതാനത്ത് കളിക്കുന്ന കുട്ടികളെ നോക്കുമ്പോഴും, അവിടെ ഹൃദയം കൈമാറാന്‍ എത്തുന്ന കമിതാക്കളെ കാണുമ്പോഴും, വാര്‍ദ്ധക്യത്തെ തോല്‍പ്പിക്കാന്‍ നടക്കാനിറങ്ങുന്ന അപ്പൂപ്പന്മാരെയും അമൂമ്മമാരെയും ഒക്കെ കാണുമ്പോഴും മനസ്സ് താനേ ശാന്തമാവും. അങ്ങനെ ഒരു യാത്ര ചെയ്തതാണ് ഡിസംബറിലെ ഒരു വൈകുന്നേരം.

കുറെ നേരം ലക്ഷ്യമില്ലാതെ നടന്നു. നന്നേ തളര്‍ന്നപ്പോള്‍ മൈതാനത്തിലെ ബെഞ്ചില്‍ വന്നിരുന്നു . നേരം ഇരുട്ടിയിട്ടുണ്ടായിരുന്നു. അവിടവിടായി കത്തിയ നിയോണ്‍ വിളക്കുകളുടെ വെളിച്ചത്തില്‍ കുറെ കൊച്ചു കിടാങ്ങള്‍ അപ്പോള്‍ പന്തുരുട്ടി ക്കളിക്കുന്നുണ്ടായിരുന്നു. ഞാന്‍ പാറ കൊണ്ട് കെട്ടിയ ബെഞ്ചില്‍ വിശാലമായി കിടന്നു. കല്ലില്‍ നിന്നും ഉള്ള തണുപ്പ്, ഇട്ടിരുന്ന ബനിയനെയും തുളച്ച് ദേഹമാസകലം അരിച്ചു കയറാന്‍ തുടങ്ങി. അവിടെ അപ്പോള്‍ ഒരു തണുത്ത കാറ്റ് വീശി.

'ആകാശത്തേക്ക് നോക്കി കിടക്കാന്‍ എന്ത് രസം ആണ്. കറുത്ത തുണിയില്‍ ആരോ വൈരക്കല്ലുകള്‍ വാരി എറിഞ്ഞിരിക്കുന്ന പോലെ അല്ലേ നക്ഷത്രങ്ങള്‍ .. .' ഞാന്‍ എന്നോട് തന്നെ പറഞ്ഞു.

മരിച്ചവരാണ്‌ നക്ഷത്രങ്ങള്‍ ആയി മാറുന്നത് എന്ന് കുഞ്ഞായിരുന്നപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നു. ഇപ്പോള്‍, അതൊക്കെ മണ്ടത്തരം ആണെന്നറിയാം എങ്കിലും, ചിലപ്പോള്‍ തോന്നും. .അത് തന്നെ ആയിരുന്നു ശരി എങ്കില്‍ എന്ന്. എന്ത് നല്ല കാല്‍പ്പനികത ആണ് അത്. മരിച്ചു മണ്ണടിഞ്ഞ പ്രിയപ്പെട്ടവരോട് ഇങ്ങനെ മാനം നോക്കി ക്കിടന്നു സംസാരിക്കാമല്ലോ?

അതൊക്കെ ആലോചിച്ചു ഞാന്‍ അവിടെക്കിടന്നു ഒന്ന് മയങ്ങി. ഒരു വല്ലാത്ത സുഗന്ധം എന്നെ ഉണര്‍ത്തി.

"കര്‍ത്താവേ..പാലപ്പൂവിന്‍റെ മണം ആണോ? "

തലേന്ന് , കൃഷ്ണപ്പരുന്ത് എന്ന മന്ത്രവാദ സിനിമ കണ്ടത് കാരണം മനസ്സില്‍ ഒരു ചെറിയ പേടിയും ഉടലെടുത്തു. ഞാന്‍ ഉണര്‍ന്നു ചുറ്റും നോക്കി. മൈതാനം വിജനം. ഒരു അപ്പൂപ്പന്‍ മൈതാനത്തിന്‍റെ അങ്ങേ അറ്റത്ത്‌ മറ്റൊരു ബെഞ്ചില്‍ ഇരിക്കുന്നു. ധൈര്യം സംഭരിച്ചു, ഞാന്‍ , എന്‍റെ അടുത്ത് നിന്ന മരത്തിന്‍റെ മുകളിലേക്ക് നോക്കി.

"ഏയ്.. ഇത് പാലയൊന്നും അല്ല. ഇത് കണ്ടിട്ട് ഗുല്‍മോഹര്‍ പോലെയുണ്ട്. ". ഞാന്‍ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു."

വീണ്ടും ആ സുഗന്ധം മൂക്കില്‍ അരിച്ചു കയറി. സുപരിചിതമായ ഒരു ഗന്ധം. ബെഞ്ചില്‍ കിടന്നു കൊണ്ട് മുകളിലേക്ക് നോക്കിയപ്പോള്‍, മരത്തിന്‍റെ കൊമ്പില്‍ നിന്നും ഒരു ഇല താഴേയ്ക്ക് വീഴുന്നത് കണ്ടു. അതങ്ങനെ കാറ്റത്തു തത്തിക്കളിച്ചു, കറങ്ങി ക്കറങ്ങി താഴേക്കു വീണു. അപ്പോഴല്ലേ ആ കാഴ്ച കണ്ടത്...അടിമുടി ഞാന്‍ ഒന്ന് ഞെട്ടിയ കാഴ്ച..ആ ഇല ക്രമേണ ഒരു സുന്ദരിയായ യുവതിയായി രൂപം പ്രാപിച്ചു. പല പല സിനിമകളും മന്ത്രവാദ നോവലുകളും എനിക്ക് ഓര്‍മ്മ വന്നു.

'വെറും തോന്നലാലോ ഇത്? എന്‍റെ വെളിവ് പോയോ? ഇവള്‍ യാഥാര്‍ത്ഥ്യം തന്നെയാണോ? '

അവള്‍ പതിയെ ഞാന്‍ കിടന്നിരുന്ന ബെഞ്ചിന്‍റെ അറ്റത്തു വന്നിരുന്നു.

'ഇത് യക്ഷി തന്നെ. എന്‍റെ കാര്യം പോക്കായി'. ഞാന്‍ പറഞ്ഞു.

'ആ.. ആ.. ആ.. ആരാ നീ.?' വിറച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

"റോസ് മേരി...ഇവിടെ താമസിക്കുന്നു. " ഒരു ചെറു ചിരിയോടെ അതും പറഞ്ഞു അവള്‍ മരത്തിന്‍റെ മുകളിലേക്ക് വിരല്‍ ചൂണ്ടി.

"എവ്‌..വ് ..വ്..ടെ ? ഈ മരത്തിലോ? നീയാരാ യക്ഷിയാണോ? "

വീണ്ടും ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു.

"അതെ..ഈ മരത്തില്‍ തന്നെ. എന്‍റെ പേര് റോസ് മേരി ആണെന്ന് പറഞ്ഞില്ലേ. ആളുകള്‍ യക്ഷി എന്നും,ചുടല എന്നും, പ്രേതം എന്നും ഒക്കെ വിളിക്കും. അവര്‍ക്ക് വേറെന്താ പണി? "

ഞാന്‍ ഒരു വിറയലോടെ അവളെ ആകമാനം ഒന്ന് നോക്കി. എന്നിട്ട് ചോദിച്ചു.

"ഇതെന്തേ ജീന്‍സും ഷര്‍ട്ടും ? യക്ഷികള്‍ സാധാരണ വെള്ള സാരി അല്ലെ ഉടുക്കുക?"

"തനിക്കെന്നാ പറ്റിയതാ ജോസേ ...യക്ഷികള്‍ വെള്ള സാരി മാത്രമേ ഉടുക്കാവൂ എന്ന് എവിടെയാ പറഞ്ഞിരിക്കുന്നെ? അങ്ങനെ നിയമം വല്ലതും ഉണ്ടോ? "

അവള്‍ ഒരു ചിരിയോടെ എന്നോട് ചോദിച്ചു. മോണലിസയുടെത് പോലത്തെ ഒരു ചിരി. സന്തോഷമാണോ വിഷമമാണോ എന്നറിയാന്‍ പറ്റാത്ത ഒരു ചിരി. ഞാന്‍ പറയാതെ തന്നെ എന്‍റെ പേരും കൂടി അവള്‍ അറിഞ്ഞു എന്നറിഞ്ഞപ്പോള്‍ എന്‍റെ വിറയല്‍ കൂടി. ഞാന്‍ പറഞ്ഞു..

"ഇല്ല..അങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ല. ഞാന്‍ അങ്ങനെയാ വായിച്ചിട്ടുള്ളത്. പക്ഷെ റോസ് മേരി..നിനക്ക് നീണ്ട മുടിയും ഇല്ലല്ലോ? ബോബ് ചെയ്തിരിക്കുക അല്ലെ?

" മാഷേ...ദ്പ്പോ..ഇതാ ഫാഷന്‍. എന്തെ ബോബ് ചെയ്തതുകൊണ്ട് എന്നെ കാണാന്‍ കൊള്ളില്ലേ? "

"ഏയ്‌ ..അങ്ങനല്ല റോസ് മേരി. കാണാന്‍ നല്ല ഭംഗി ഒക്കെ ഉണ്ട്.. എന്നാലും...സാധാരണ യക്ഷികള്‍ പനയില്‍ അല്ലെ താമസിക്കാറ്. ഇത് ഗുല്‍മോഹര്‍ അല്ലെ?

"മാഷേ..ഈ ചുറ്റുവട്ടത്ത് പന എവിടെയാ? മാത്രമല്ല..പനയിലേ യക്ഷികള്‍ താമസിക്കാവൂ എന്നാരാ പറഞ്ഞേ? "

"അല്ല.. റോസ് മേരി..നമ്മള്‍ സിനിമയിലും ഒക്കെ കണ്ടിട്ടുള്ളത് അങ്ങനെയല്ലേ...വെള്ള സാരി ചുറ്റി, നീണ്ട തലമുടി അഴിച്ചിട്ടു, പല്ലും തള്ളി...നീ അതുപോലെ ഒന്നും അല്ല..വേഷം മാറി എന്നെ പറ്റിക്കുകയല്ലേ നീ ? "

അതിനു മറുപടി ആയി അവള്‍ ഒന്ന് ചിരിച്ചതെ ഉള്ളൂ.

"നീ എന്താ വായിലിട്ടു ചവയ്ക്കുന്നെ? ആ..എനിക്കറിയാം..മുറുക്കാനല്ലേ? എന്നോട് വെറ്റില ചോദിക്കാനല്ലേ നീ വന്നത്? "

"മാഷേ..ഞാന്‍ വന്നത് ഇഷ്ടമായില്ലെങ്കില്‍ ഞാന്‍ പോയേക്കാം. വെറുതെ വിഡ്ഢി ചോദ്യങ്ങള്‍ ചോദിക്കാതെ. ഞാന്‍ തിന്നുന്നത് പാന്‍ പരാഗാണ്. വായില്‍ വെറുതെ സുഗന്ധം നിറയ്ക്കാന്‍. ചുമ്മാ ഒരു രസം."

'എടീ കള്ളീ ...ആരുടെയൊക്കെയോ ചോര കുടിച്ചിട്ട്, അതിന്‍റെ ഗന്ധം മാറ്റാനല്ലേടീ
നീ പാന്‍ പരാഗ് തിന്നുന്നത്? ' അങ്ങനെ ചോദിക്കണം എന്ന് തോന്നിയെങ്കിലും ഞാന്‍ ചോദിച്ചില്ല.

രക്ഷപ്പെടാന്‍ കയ്യില്‍ ഒന്നും ഇല്ല. കര്‍ത്താവേ..ഒരു കുരിശു മാല പോലും ഞാന്‍ ഇടാറിലല്ലോ. ജനിച്ചത്‌ ക്രിസ്ത്യാനി ആയിട്ടാണെങ്കിലും, ഒരു പ്രാര്‍ത്ഥന പോലും എനിക്കറിയില്ല എന്ന് പറഞ്ഞു അമ്മച്ചി വഴക്ക് പറയാറുള്ളത് ഞാന്‍ ഓര്‍ത്തു. 'നന്മ നിറഞ്ഞ മറിയം ' പറയാന്‍ ശ്രമിച്ചെങ്കിലും, പിന്നത്തെതോന്നും ഓര്‍മ്മ വന്നില്ല.

"പെട്ടു മോനേ ..പെട്ടു. ". ഞാന്‍ തന്നത്താനെ പറഞ്ഞു.

"ഇതെന്താ കയ്യില്‍.?" അവള്‍ കയ്യില്‍ മുറുകെ പിടിച്ചിരുന്ന ഒരു സാധനം ചൂണ്ടിക്കാണിച്ചു ഞാന്‍ ചോദിച്ചു.

"മൊബൈല്‍.. സാംസങ്ങ് കോര്‍ബിയാ മോഡല്‍. "

'കര്‍ത്താവേ ..മോബൈലുള്ള യക്ഷിയോ?' ഞാന്‍ അമ്പരന്നു.

"റോസ് മേരി..ഞാന്‍ വൈകിട്ട് ഒരു ഗ്ലാസ് വൈന്‍ കുടിച്ചായിരുന്നു. ..വീട്ടിലുണ്ടാക്കിയത്. അത് കാരണം എനിക്ക് ഇതൊക്കെ തോന്നുന്നതാണോ? നീ സത്യത്തില്‍ യക്ഷി ആണോ? അതോ ? "

"മാഷിനു എന്ത് വേണമെങ്കിലും കരുതാം. ആരുമില്ലാതെ മാഷ്‌ വിഷമിച്ച് ഇവിടെ ഇരുന്നപ്പോള്‍, ഒന്ന് കൂട്ടിരിക്കാം എന്ന് കരുതി വന്നതാ ഞാന്‍. ഇഷ്ടമായില്ലെങ്കില്‍ പോയേക്കാം. "

അങ്ങനെ പറഞ്ഞെങ്കിലും അവള്‍ അവിടെത്തന്നെ ഇരുപ്പു തുടര്‍ന്നു.
ഞാന്‍ അവളെ ആകമാനം ഒന്നുകൂടി നോക്കി. ഇവളുടെ കാല് നിലത്തു ഉറയ്ക്കുന്നുണ്ടോ? യക്ഷി ആണെങ്കില്‍ അതുണ്ടാവില്ലല്ലോ. ഞാന്‍ അങ്ങനെ ചിന്തിച്ചപ്പോഴേക്കും അവള്‍ പറഞ്ഞു..

"മാഷേ..മാഷൊരു സംശയാലുവാണല്ലേ ? ദേ ..നോക്കിക്കോ"

അതും പറഞ്ഞു അവള്‍ ബെഞ്ചില്‍ നിന്നും എണീറ്റ്‌ തറയില്‍ നിന്നു. കാലുകള്‍ നന്നായി നിലത്തു ഊന്നിക്കൊണ്ട്.

"മാഷിന്‍റെ സംശയം ഇപ്പോള്‍ മാറിയോ? "

"കുറച്ചു മാറി..കുറച്ചു ഇപ്പോഴും ഉണ്ട്. എന്നാലും റോസ് മേരി..പാന്‍ ചവയ്ക്കുന്ന , ജീന്‍സിട്ട , മുടി ബോബ് ചെയ്ത, മൊബൈലുമായി നടക്കുന്ന ഒരു യക്ഷിയെ ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. "

"ഓഹോ..അപ്പോള്‍ മാഷ്‌ അല്ലാത്ത യക്ഷികളെ വേറെ കണ്ടിട്ടുണ്ടോ? "

"അത്...ഞാന്‍...അതിപ്പോ...ഇല്ല..കണ്ടിട്ടില്ല..സിനിമയിലും ബുക്കിലും മറ്റും .." . തപ്പിത്തടഞ്ഞു ഞാന്‍ പറഞ്ഞു.

"എന്‍റെ മാഷേ..അതൊക്കെ ഓരോരുത്തരുടെ ഭാവന അല്ലെ. ആദ്യം എഴുതിയ ആളിന്‍റെ ഭാവന ഒരു തരിമ്പു പോലും മാറ്റാതെ മറ്റുള്ളവര്‍ കോപ്പിയടിച്ചതിനാലാവും, മാഷ്‌ കേട്ടറിഞ്ഞ യക്ഷികള്‍ ഒക്കെ ഒരേ പോലെ. "

അതും പറഞ്ഞു അവള്‍ ഒന്ന് ചിരിച്ചു. മുത്തുകള്‍ പൊഴിയുന്ന പോലെ ഒരു ചിരി.

'കര്‍ത്താവേ..ഇവള്‍ യക്ഷി തന്നെ. സിനിമകളില്‍ കണ്ടിട്ടുള്ള അതേ ചിരി. പലതും പറഞ്ഞു എന്നെ മയക്കാന്‍ വന്നതാവും. '

പണ്ട് മനോരമയിലും മംഗളത്തിലും ഒക്കെ വായിച്ച മന്ത്രവാദ നോവലുകള്‍ ഞാന്‍ ഓര്‍ത്തു. ഏറ്റുമാനൂര്‍ ശിവകുമാറും, കോട്ടയം പുഷ്പനാഥും ഒക്കെ ഞെരിച്ചെഴുതിയ നോവലുകള്‍. അന്ന് വളരെ ആവേശത്തോടെ അല്ലേ വായിച്ചിരുന്നത്. അവയില്‍ ഒക്കെ ഉള്ള വടയക്ഷിനിയും, നീലിയും, ഭൈരവിയും ഒക്കെ പെട്ടന്ന് മനസ്സിലേക്ക് ഓടി വന്നു.

'ഒരു മാന്ത്രിക വടി ഉണ്ടായിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍ല്‍ ... ( ജയന്‍ പറയുന്ന പോലെ പറഞ്ഞതല്ല കേട്ടോ. പേടിച്ചു വിറച്ചു നീട്ടിപ്പോയതാണ്) .

" ദേ വീണ്ടും ശങ്കരന്‍ തെങ്ങില്‍ തന്നെ. മാഷേ..ഞാന്‍ താന്‍ വിചാരിക്കും പോലെ ഭീകരിയായ യക്ഷി ഒന്നും അല്ല. മാഷെപ്പോലെ വിചാരങ്ങളും, വികാരങ്ങളും ഒക്കെ ഉള്ള ഒരു സ്ത്രീ ആയിരുന്നു ഞാനും..കഴിഞ്ഞ വര്‍ഷം വരെ. "

" അതെന്താ..അതിനു ശേഷം എന്താ പറ്റിയെ?

റോസ് മേരി കുറച്ചു നേരം നിശബ്ദയായി. പിന്നെ പതിയെ പറഞ്ഞു.

"ഹണിമൂണിന് പോയതാ.. ഊട്ടിയില്‍.. ഈ ഡ്രെസ്സും മൊബൈലും ഒക്കെ ഭര്‍ത്താവ് വാങ്ങിത്തന്നത്താ അന്ന്. മരിക്കുന്ന സമയത്തും ഞാന്‍ ഇട്ടിരുന്നത് ഇതാ. ഈ മൊബൈലും കയ്യില്‍ ഉണ്ടായിരുന്നു. "

"എങ്ങനാ റോസ് മേരി നീ മരിച്ചേ? "

" ഭര്‍ത്താവ് തള്ളിയിട്ടു ..കൊക്കയിലേക്ക്... സുയിസൈഡ് പോയിന്‍റില്‍ വച്ച്...അതി രാവിലെ.. ആരും കണ്ടില്ല. .പിന്നെ അതൊരു അപകട മരണം ആയി എല്ലാവരും കരുതി. അയാള്‍ കഴിഞ്ഞ ആഴ്ച വീണ്ടും കെട്ടി..അയാളുടെ പഴയ കാമുകിയെ.. നേരത്തെ അറിഞ്ഞിരുന്നു എങ്കില്‍ ഞാന്‍ വഴിമാറിക്കൊടുത്തെനെ..."

റോസ് മേരിയുടെ മുഖം വാടുന്നത് ഞാന്‍ കണ്ടു. കുറച്ചു നേരം അവള്‍ ഗുല്‍മോഹറിന്‍റെ കൊമ്പുകളിലേക്ക് നോക്കി ഇരുന്നു. പിന്നെ കണ്ണടച്ചു.

'അവളുടെ കണ്ണില്‍ നിന്നും കണ്ണ് നീര് വരുന്നുണ്ടോ? യക്ഷികള്‍ കരയുമോ? ' ഞാന്‍ മനസ്സില്‍ ആലോചിച്ചു. ഉടന്‍ തന്നെ വന്നു ഉത്തരം.

" ഇല്ല മാഷേ...മരിച്ചു മണ്ണടിഞ്ഞവര്‍ക്ക് കണ്ണ് നീര് വരില്ല. ജീവനുള്ളപ്പോള്‍ മാത്രം അനുഭവിക്കാന്‍ പറ്റുന്ന വരദാനമാണ് കണ്ണ് നീര്. പുറമേ കരയാനോ കണ്ണ് നീര്‍ ഒഴുക്കാനോ മരിച്ചവര്‍ക്ക് പറ്റില്ല. "

" അവനെ കൊന്ന് ചോര കുടിക്കാമായിരുന്നില്ലേ റോസ് മേരി ? " ഞാന്‍ ചോദിച്ചു.

മറുപടിയായി അവള്‍ എന്നെ കുറെ നേരം നോക്കി. എന്നിട്ട് പറഞ്ഞു.

"മാഷേ..ജീവിചിരുന്നപ്പോഴോ ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല.പിന്നെയാണോ മരിച്ചിട്ട്. മരിച്ചവര്‍ക്കൊന്നും അതിനു കഴിയില്ലെന്‍റെ സുഹൃത്തേ. ഈ ലോകത്തെ ജീവിതത്തിനും, പരലോകതിനും ഇടയില്‍ ഞാന്‍ അകപ്പെട്ടു പോയി എന്നെ ഉള്ളൂ. എന്നെങ്കിലും മോക്ഷം കിട്ടിയാല്‍, ഇവിടം വിട്ടു പോകണം .അങ്ങ് ദൂരെ..അവിടെയും ഇവിടെയും ഇല്ലാതുള്ള ഈ ജീവിതം...അതിന്‍റെ വിഷമം പറഞ്ഞറിയിക്കാന്‍ പറ്റില്ല മാഷേ. "

"റോസ് മേരി..നീ മരിച്ചത് ഊട്ടിയിലാണെങ്കില്‍ ഇവിടെ എന്തിനാ വന്നിരിക്കുന്നെ? ഊട്ടിയില്‍ മരങ്ങള്‍ ഇല്ലേ? "

എന്‍റെ ചോദ്യം അവളെ ഒന്ന് ചൊടിപ്പിച്ചു എന്ന് തോന്നി. എന്നെ തൊഴുതുകൊണ്ട് അവള്‍ പറഞ്ഞു..

" മാഷേ ..ഞാന്‍ അപേക്ഷിക്കുകയാണ്. ദയവായി കൂടുതല്‍ ഹൊറര്‍ സിനിമകളും
മറ്റും കാണല്ലേ. അതൊക്കെ കണ്ടിട്ടാ മാഷ്‌ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ. മാഷ്‌ ഇവിടെ വന്നിരിക്കുന്ന പോലെ എത്ര നാളുകള്‍ മുന്‍പ് തൊട്ടേ ഞാന്‍ ഇവിടെ വന്നിരിക്കുന്നുണ്ട് എന്നറിയാമോ? ഈ മൈതാനവും, ഇവിടെ കളിക്കുന്ന കുട്ടികളും, ഈ ഗുല്‍മോഹറിന്‍റെ തണലും ഒക്കെ ഞാനും ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്‍റെ വീടും ഇതിന്‍റെ അടുത്ത് തന്നെ ആയിരുന്നു. അപ്പോള്‍പ്പിന്നെ ഞാന്‍ ഇവിടം വിട്ടു എന്തിനു പോകണം? "

ഞാന്‍ ഒന്നും മിണ്ടിയില്ല. ഞങ്ങളുടെ ഇടയില്‍ നിശബ്ദതയുടെ ഒരു മൂടുപടം വീണു. കുറച്ചു നേരത്തേക്ക്. തണുപ്പിന്‍റെ ആധിക്യം കൂടിയതിനാലാവണം ..എനിക്ക് ചെറിയ തലവേദന തോന്നി. ഞാന്‍ നെറ്റിയില്‍ വിരല്‍ കൊണ്ട് ഒന്നമര്‍ത്തി. ഉടന്‍ റോസ് മേരി പറഞ്ഞു.

" മാഷ്‌ കിടന്നോളൂ. .. എന്നോട് സംസാരിച്ചു തല വേദന കൂട്ടണ്ട. ഉറങ്ങിക്കോളൂ. ഉറങ്ങി എണീക്കുമ്പോള്‍ വിഷമങ്ങളും കുറഞ്ഞോളും . ഈ ബെഞ്ചിനും, ഈ ഗുല്‍മോഹറിനും അതിനുള്ള കഴിവിണ്ട്. ഇവിടം വിടാന്‍ എനിക്കതുകൊണ്ടല്ലേ മടി. "

അതും പറഞ്ഞു അവള്‍ അവളുടെ കൈ എന്‍റെ നെറ്റിത്തടത്തിലേക്കു നീട്ടി. ആ കൈകള്‍ എന്‍റെ കഴുത്തിന്‍റെ അടുത്തേക്കാണ് വരുന്നത് എന്ന് തോന്നിയതിനാലാവും, ഞാന്‍ ഒന്ന് ഞെട്ടി.

'എന്‍റെ ചോര കുടിക്കാനാണോ കര്‍ത്താവേ? '

പക്ഷെ റോസ് മേരി ഇത്തവണ ഒന്നും പറഞ്ഞില്ല. ഞാന്‍ വിചാരിച്ചതെന്തെന്നു തീര്‍ച്ചയായും അവള്‍ അറിഞ്ഞു കാണും. എന്നാലും അവള്‍ ചിരിച്ചു കൊണ്ട് എന്‍റെ നെറ്റിയില്‍ ഒന്ന് തടവി. ഡിസംബര്‍ മാസത്തിന്‍റെ തണുപ്പും, നിലാവിന്‍റെ ചൈതന്യവും, സായാഹ്നക്കാറ്റിന്‍റെ കുളിര്‍മ്മയും ഒത്തു ചേര്‍ന്ന്, ഒരു മഹാ പ്രവാഹം എന്നിലൂടെ കടന്നു പോകുന്ന പോലെ എനിക്ക് തോന്നി. ഞാന്‍ ഉറങ്ങി...തളര്‍ന്നുള്ള ഉറക്കം...ഗാഢമായ ഉറക്കം.

കുറെക്കഴിഞ്ഞു മൈതാനം നോക്കുന്ന വാച്ച്മാന്‍ വന്നു എന്നെ കുലുക്കി ഉണര്‍ത്തിയിട്ട് പറഞ്ഞു.

" സര്‍..ഇവിടെക്കിടന്നു ഉറങ്ങാന്‍ പറ്റില്ല. നേരം ഒരു പാടായി. ദയവായി പുറത്തു പോകണം. "

ഞാന്‍ ഞെട്ടി ഉണര്‍ന്നു. അടുത്ത് റോസ് മേരി ഇല്ലായിരുന്നു. പക്ഷെ, കാലുകള്‍ക്കടുത്തായി , കാറ്റില്‍ പറന്നു വീണ ആ ഇല ഉണ്ടായിരുന്നു. റോസ് മേരി ഇരുന്ന അതേ സ്ഥലത്ത്. ആ ഇല ഞാന്‍ കയ്യില്‍ എടുത്തു നോക്കി. അതിനു പാലപ്പൂവിന്‍റെ മണം ഇല്ലായിരുന്നു. പക്ഷെ പാന്‍ പരാഗിന്‍റെ മണം ഉണ്ടായിരുന്ന പോലെ തോന്നി.

തിരികെ പ്പോകാന്‍ നേരം, ഞാന്‍ ആള്‍ ഗുല്‍മോഹറിന്‍റെ മുകളിലേക്ക് നോക്കി. അതിന്‍റെ ഇലകളെ തഴുകി അവിടുന്ന് വീശിയ ഇളം കാറ്റില്‍, ഒരു പാവം പെണ്ണിന്‍റെ ഗദ്ഗദം ഉണ്ടായിരുന്നോ ആവോ? ചിലപ്പോള്‍ അതും എനിക്ക് തോന്നിയതാവാം..

ജോസ്
ബാംഗ്ലൂര്‍
2-ജനുവരി -2011


Protected by Copyscape Web Copyright Protection Software