2011, ജനുവരി 22

പിണക്കം...


ആരോടെങ്കിലും ഒരിക്കലെങ്കിലും പിണങ്ങാത്ത ആരെങ്കിലുമുണ്ടോ? ഉണ്ടെങ്കില്‍ ആ മഹത് വ്യക്തിയെ പൂവിട്ടു പൂജിക്കണം. കാരണം, സാധാരണ മനുഷ്യനാണെങ്കില്‍ അങ്ങനെ പറ്റില്ലല്ലോ..

എന്‍റെ ഓര്‍മ്മയിലും ഉണ്ട് കുറെ പിണക്കങ്ങള്‍. കുറച്ചു വലുതായി, കോളേജിലെ പഠിത്തം ഒക്കെ കഴിഞ്ഞ ശേഷം ( പക്വത ആയിക്കഴിഞ്ഞ്) ഞാന്‍ ആരോടും പിണങ്ങിയിട്ടില്ല. തൊടുന്നതിനും പിടിക്കുന്നതിനും ഒക്കെ ഉള്ള പിണക്കം കുഞ്ഞിലെ അല്ലായിരുന്നോ. അതില്‍, എനിക്കോര്‍മ്മയുള്ള ഒരു രസകരമായ പിണക്കം ആവട്ടെ ഇന്നത്തെ ബ്ലോഗില്‍. (അതെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഞാന്‍ രോമാഞ്ച ഭരിതനാവുന്നു. എന്‍റെ അപാര ബുദ്ധിയെ ഓര്‍ത്ത്‌. )

അധികം കുരുത്തക്കേടുകള്‍ ഒന്നും ചെയ്തിട്ടില്ലാത്ത കുട്ടിക്കാലം ആയിരുന്നു എന്‍റെത് . എന്നാലും കുറച്ചൊക്കെ കയ്യിലിരിപ്പുകള്‍ ഉണ്ടായിരുന്നു. എന്‍റെ അപ്പച്ചന്‍ എന്നെ അടിച്ചിട്ടേ ഇല്ല. അതുകൊണ്ട് അപ്പച്ചന്‍ പാവം ആയിരുന്നു എന്നൊന്നും കരുതേണ്ട. എന്‍റെ രണ്ടു ചേട്ടന്മാരെയും പൊതിരെ തല്ലി , ഇരുട്ടത്ത് വീട്ടിന്‍റെ വെളിയില്‍ ഇറക്കി നിര്‍ത്തിയ ആളായിരുന്നു അപ്പച്ചന്‍. ചേട്ടന്മാര്‍ കുണ്ടണി കാട്ടുന്നതിന് ഒട്ടും പുറകില്‍ അല്ലായിരുന്നതിനാല്‍ ആണ് അങ്ങനെ ഒക്കെ ഉണ്ടായത് എന്നാണ് അമ്മച്ചിയുടെ ഭാഷ്യം. എന്നാലും എന്‍റെ സമയം ആയപ്പോഴേക്കും അപ്പച്ചന്‍ ആ കാര്യത്തില്‍ പാവം ആയി. തല്ലുന്നതൊക്കെ നിര്‍ത്തി. (എന്‍റെ ഭാഗ്യം) .

എന്നാല്‍ അതിന്‍റെ ഒക്കെ കുറവ് അമ്മച്ചി നികത്തി. കൈ കൊണ്ടും, വടി കൊണ്ടും ഒക്കെ അമ്മച്ചി എനിക്ക് ആവശ്യത്തിനു തല്ലു തന്നിട്ടുണ്ട്. എന്തിനൊക്കെ ആണെന്ന് എനിക്കും അമ്മച്ചിക്കും ഇപ്പോള്‍ ഓര്‍മ്മയില്ല ( അമ്നീഷ്യാ.. അമ്നീഷ്യാ.. )

ഒരിക്കല്‍ രണ്ടിലോ മൂന്നിലോ പഠിക്കുമ്പോള്‍, ഏതോ കൂട്ടുകാരന്റെ കയ്യില്‍ നിന്നും പൊട്ടാസ് വാങ്ങി വീട്ടില്‍ കൊണ്ട് വന്നു വെടി പൊട്ടിച്ചതിനു , വെടി പൊട്ടുന്ന പോലെ തന്നെ തല്ലു കിട്ടി.

പുതിയ H.B പെന്‍സില്‍ രണ്ടായി ഓടിച്ചുകൊണ്ട് വന്നതിനു കിട്ടി വീണ്ടും തല്ല്. സാധാരണ പശ വച്ച് ഒടിഞ്ഞ കഷണങ്ങള്‍ ഒട്ടിച്ച്, അമ്മച്ചിയെ പറ്റിക്കാന്‍ എന്‍റെ 'വലിയ ബുദ്ധി' കൊണ്ട് ഞാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അങ്ങനെ ചെയ്യാന്‍ നോക്കിയത്തിനും കൂടി ചേര്‍ത്താണ് അടിയുടെ പൂരം നടന്നത്.

ഇംഗ്ലീഷ് അക്ഷരം ബി തല തിരിച്ചു എഴുതുന്നതിനും കിട്ടി കുറെ അടി. ഒരു ദിവസം രാത്രി വീടിന്‍റെ വെളിയില്‍ ഇരുത്തുകയും ചെയ്തു. (എന്തായാലും പിന്നെ ബി നേരെ എഴുതാന്‍ പഠിച്ചു) .

എന്‍റെ ഇളയ ചേച്ചിയുമായി വഴക്കിടുമ്പോള്‍, ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കിട്ടും തല്ല്. ചേച്ചിയും ഞാനും മുന്നാളുകാര്‍ ആണ്. (ചേച്ചിക്കും തല്ല് കിട്ടിയല്ലോ എന്നോര്‍ക്കുമ്പോള്‍ കുറച്ചു ആശ്വാസം തോന്നുമായിരുന്നു അന്ന്. )

എത്ര അടി കൊണ്ടാലും, കുറച്ചു കഴിയുമ്പോള്‍ ഞാന്‍ അമ്മച്ചിയുടെ അടുത്ത് തന്നെ വന്നു ഒട്ടിയിരിക്കും. അപ്പനേക്കാള്‍ അവനു പ്രിയം അവന്‍റെ അമ്മയോടാനെന്നു അപ്പച്ചന്‍ എപ്പോഴും പറയും.

ഒരിക്കല്‍ എനിക്ക് പൊതിരെ തല്ല് കിട്ടി. കാരണം എന്താണെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല. പക്ഷെ അന്ന് എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ കുറെ ഏറെ അളവില്‍ വന്നു. ഞാന്‍ പ്രതിഷേധിച്ചു. കൊച്ചു പയ്യനാണെങ്കിലും പ്രതിഷേധിക്കാന്‍ അവകാശമില്ലേ? ഭരണഘടനയില്‍ അങ്ങനെ പാടില്ല എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ.. ഉണ്ടോ ?

കുടുകുടാ ഒഴുകിയ കണ്ണുനീര്‍ തുടച്ചുകൊണ്ട്, പ്രതിഷേധം ഉറക്കെ അറിയിച്ചുകൊണ്ട്‌ അന്ന് ഞാന്‍ പ്രഖ്യാപിച്ചു.

" ഇനി ഞാന്‍ അമ്മച്ചിയോട്‌ മിണ്ടില്ല. ഇനി മേലാല്‍ ഞാന്‍ ഈ വീട്ടില്‍ നിന്നും അമ്മച്ചി ഉണ്ടാക്കുന്ന ഒന്നും കഴിക്കൂല്ല. നോക്കിക്കോ "

ഇത് കേട്ടു പാവം അമ്മച്ചി വിഷമിച്ചു കാണും എന്നും , ' തേനേ ചക്കരേ പിണങ്ങല്ലെടാ ' എന്നൊക്കെ പറഞ്ഞ് എന്‍റെ പുറകെ വന്നുകാണും എന്നൊക്കെ നിങ്ങള്‍ കരുതി എങ്കില്‍ ....കൂയ് ..നിങ്ങള്‍ക്ക് തെറ്റി. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന് പറയുമ്പോലെ നിന്നു അമ്മച്ചി. കൊച്ചു ചെക്കന്‍ പിണങ്ങിയാല്‍ എത്രത്തോളം പോകും എന്ന് അമ്മച്ചിക്ക് നന്നായിട്ട് അറിയാം.

ഞാന്‍ പിണക്കം തുടങ്ങി. ഇടയ്ക്കു ചായ തന്നത് കുടിച്ചില്ല. അമ്മച്ചി എന്നെ ശ്രദ്ധിക്കാതെ അടുക്കളയിലെ പണികള്‍ ചെയ്യാന്‍ തുടങ്ങി. സമയം കുറെ ഏറെ കഴിഞ്ഞപ്പോള്‍ എന്‍റെ വയറ്റില്‍ നിന്നും, വേറെ ചില പ്രതിഷേധങ്ങള്‍ ഉയരാന്‍ തുടങ്ങി. ആമാശയവും, കുടലും ഒക്കെ എന്നെ തെറി വിളിച്ചു കൊണ്ട് അവരുടെ പ്രതിഷേധം തുടങ്ങി. അവര്‍ എന്‍റെ കോലം കത്തിച്ചതുകൊണ്ടാണോ എന്തോ...വയറു കത്തുന്ന പോലെ തോന്നി.

'അമ്മച്ചിയോട്‌ തോറ്റു കൊടുത്താലോ? എന്‍റെ അമ്മച്ചിയല്ലേ. ' മനസ്സിന്‍റെ നല്ലവനായ ഭാഗം പറഞ്ഞു. അപ്പോഴുണ്ടെടാ മനസ്സിന്‍റെ മറ്റേ ഭാഗം ( കുരുത്തം കെട്ട ഭാഗം) പറയുന്നത്..

' നാണം ഇല്ലേടാ. .. വമ്പ് പറഞ്ഞ്, ഇനി ഒന്നും കഴിക്കൂല്ലാ എന്നൊക്കെ പ്രഖ്യാപിച്ചു മണിക്കൂറുകള്‍ കഴിയും മുന്‍പേ നീ തോറ്റു കൊടുക്കാന്‍ പോകുന്നു. ഷെയിം ഷെയിം ..പപ്പി ഷെയിം.. '

ഞാന്‍ ധര്‍മ്മ സങ്കടത്തിലായി. എന്ത് ചെയ്യും? വിശപ്പിന്‍റെ വിളി ഒരു ഭാഗത്ത്‌. അഭിമാനം ഒരു വശത്ത്. പെട്ടന്നാണ് മനസ്സില്‍ ഒരു യമണ്ടന്‍ ആശയം വന്നത്. ഞാന്‍ സമയം കളയാതെ അടുക്കള ഭാഗത്തേക്ക് ഓടി വന്നു, വാതിലിന്‍റെ അടുത്ത് നിന്ന് അകത്തേക്ക് എത്തി നോക്കി.

അമ്മച്ചി എന്തോ പലഹാരം ഉണ്ടാക്കുകയായിരുന്നു. അതിന്‍റെ മണം മൂക്കിലേക്ക് കയറിയപ്പോഴും, അത് എണ്ണയില്‍ കിടന്ന് തിളച്ചു മറിയുന്നത് കണ്ടപ്പോഴും, എന്‍റെ വായ്ക്കകം അറബിക്കടലുപോലെ ആയി. വയറിലെ കത്തല്‍ ഒന്നുകൂടി രൂക്ഷമായി .

'എന്താ ? ' അമ്മച്ചി ചോദിച്ചു.

'ഒന്നുമില്ല. വെറുതെ വന്നതാ ' . ഞാന്‍ പറഞ്ഞു.

കുറച്ചു കഴിഞു, ഞാന്‍ നിഷ്കളങ്കമായ ഒരു ചോദ്യം ചോദിച്ചു.

' അമ്മച്ചീ..അമ്മച്ചീടേല് എവിടുന്നാ പൈസ ഒക്കെ വരുന്നേ ? '

'എന്ത് പറ്റി ഇപ്പോള്‍ അങ്ങനെ ഒരു ചോദ്യം? '

'ചുമ്മാ ചോദിച്ചതാ.. എന്നാലും പറയ്.. എവിടുന്നാ പൈസ വരുന്നേ? '

'എനിക്കെവിടുന്നാ പൈസ. നിന്‍റെ അപ്പച്ചനും ചേട്ടന്മാരും ജോലി ചെയ്തു കൊണ്ടുവരുന്ന പൈസയില്‍ നിന്നല്ലേ എന്‍റെ കയ്യില്‍ പൈസ വരുന്നത്. '

'അപ്പൊ..നമ്മള്‍ ഈ കഴിക്കുന്ന സാധനങ്ങള്‍ ഒക്കെ വാങ്ങിയത്, അപ്പച്ചന്‍റെയും , ചേട്ടന്മാരുടെയും പൈസ കൊണ്ടല്ലേ? .. അമ്മച്ചീടെ പൈസ അല്ലല്ലോ ?

'അതെ..എന്‍റെ പൈസ അല്ല. ഇതിനിപ്പം എന്താ പ്രശനം? '

'അപ്പൊ..അമ്മച്ചി..ചുമ്മാതെ അവരുടെ ഒക്കെ പൈസ എടുത്ത്, കടേന്നു കുറച്ചു സാധനങ്ങള്‍ വാങ്ങി, ചോറും കറിയും ഉണ്ടാക്കുന്നു എന്നല്ലേ ഉള്ളൂ. സത്യത്തില്‍ ഒക്കെ ചെയ്യുന്നത് അപ്പച്ചനും ചേട്ടന്മാരും അല്ലെ? ഞാന്‍ അവരോടൊന്നും പിണങ്ങിയിട്ടില്ല. അപ്പൊ... എനിക്ക് ഇതൊക്കെ കഴിക്കാം അല്ലെ? ..'

അമ്മച്ചി ഗൗരവത്തില്‍ എന്നെ ഒന്ന് നോക്കി. പതിയെ ആ ഗൗരവം മാറി ഒരു പൊട്ടിച്ചിരി ആയി. എന്‍റെ 'കാഞ്ഞ ബുദ്ധി ' ഓര്‍ത്ത്‌ അമ്മച്ചി കുടുകുടാ ചിരിച്ചു. ആ നിമിഷം എന്‍റെ പിണക്കം മഞ്ഞുപോലെ അലിഞ്ഞ് ഇല്ലാതായി. ഒരു നിമിഷം പോലും കളയാതെ ഞാന്‍ കുറച്ചു പലഹാരം കയ്യിലെടുത്തു വെളിയിലേക്കോടി.

തല്ലുകള്‍ പിന്നെയും കിട്ടിയിട്ടുണ്ട്. പക്ഷെ മേല്‍പ്പറഞ്ഞ മാതിരി ഉള്ള ഒരു പിണക്കം പിന്നെ ഉണ്ടായിട്ടില്ല. ഇപ്പോഴും ചിലപ്പോള്‍ വീട്ടിലെല്ലാവരും കൂടി ഇരിക്കുമ്പോള്‍ അമ്മച്ചി ഇത് പറഞ്ഞു ചിരിക്കാറുണ്ട്.

നോക്കണേ എന്‍റെ ഒരു ബുദ്ധി. ( തല കൊടുക്കുന്നോ എന്നാരും ചോദിക്കണ്ട. തരില്ല. കട്ടായം )

ജോസ്
ബാംഗ്ലൂര്‍.
22- jan - 2011

4 അഭിപ്രായങ്ങൾ:

moshe പറഞ്ഞു...

very nice.....

Saritha പറഞ്ഞു...

ho bhayankara budhi thanne... veyilu kanikkalle...

John Kunnathu പറഞ്ഞു...

I enjoyed reading the story.

Regeena പറഞ്ഞു...

Aara aa munnalukari, nammade lissykkutty ? Nishkalankam aaya kadha....