2011, ജൂലൈ 16

തിമിരം ബാധിച്ചവര്‍ ..



സ്ഫോടനങ്ങള്‍ നടക്കുന്നു, തുരു തുരെ
എന്‍ നെഞ്ചില്‍, എന്‍ ശിരസ്സിനുള്ളില്‍
പുറത്തെ തെരുവുകളെ ഇന്ന്
കത്തിച്ച സ്ഫോടനങ്ങള്‍ പോല്‍ .

നിമിഷങ്ങള്‍ മുന്‍പ്,
മധുരം നുണഞ്ഞ്,
നുണക്കുഴികള്‍ കാട്ടി,
കൊഞ്ചിച്ചിരിച്ച എന്‍ മകള്‍ ,
കിടക്കുന്നിതാ ഒരു
ജഡമായെന്‍ കൈകളില്‍ .

അകലെ ഇരുട്ടില്‍ മറഞ്ഞു നി-
ന്നാരോക്കെയോ ചിരിക്കുന്നു ,
വിജയാഘോഷം പോലെ ...
അവര്‍ യുദ്ധം ജയിച്ചത്രേ .
അവരുടെ ലക്‌ഷ്യം നിറവേറ്റിപോല്‍ .

ഏതൊക്കെയോ ദൈവങ്ങളുടെ ,
അവര്‍ പറഞ്ഞ വാക്യങ്ങള്‍-
ക്കവര്‍പോലും അറിയാത്ത
അര്‍ത്ഥങ്ങളും നല്‍കി
അതിന്‍ പേരില്‍
ഇവര്‍ ചെയ്ത യുദ്ധത്തില്‍
കത്തിക്കരിഞ്ഞതോ ,
ഈ ദൈവങ്ങളെ അറിയാത്ത ,
യുദ്ധങ്ങള്‍ക്കായുധം എടുക്കാത്ത .
കുറെ പാവം ജീവനുകള്‍ ...
അതിലൊന്നെന്‍ മകളും .

അവളുടെ അനങ്ങാത്ത,
മുറിപ്പാടുകള്‍ നിറഞ്ഞ,
പാതിയടഞ്ഞ കണ്ണുമായുള്ള ,
കരിഞ്ഞു കറുത്ത മുഖം ..
പോകില്ലെന്‍ കണ്ണില്‍ നിന്ന്,
ഞാന്‍ മണ്ണില്‍ അലിയും വരെ .

അവളെയും കയ്യിലേന്തി
പ്രഥമ ശുശ്രൂഷയ്ക്കായി
ഞാനോടിയ ഓട്ടം
മറക്കാനാവില്ലെനിക്ക്
ഞാന്‍ മണ്ണില്‍ അടിയും വരെ .

ഞാനാരോട് യുദ്ധം ചെയ്യും?
ദൈവങ്ങളെ നിങ്ങളോടോ?
അതോ, നിങ്ങളെ അറിയാതെ
നിങ്ങള്‍ക്ക് വേണ്ടി,
നിങ്ങളുടെ പേരില്‍
ആയുധമെടുക്കുന്ന,
പാഴ് വായ്ക്കൂത്തു നടത്തുന്ന
കണ്‍കളില്‍ തിമിരം നിറഞ്ഞ
മത തീവ്ര വാദികളോടോ?

ഉത്തരം കിട്ടില്ലെന്നറിയാം..
പോയവര്‍ തിരികെ വരില്ലെന്നറിയാം..
എന്നാലും ഒന്ന് ചോദിച്ചോട്ടെ .
ഒരു കൃഷ്ണനായോ, ഒരു ക്രിസ്തുവായോ,
ബുദ്ധനോ , നബിയോ , മറ്റേതെങ്കിലും
ഒരു യുഗപുരുഷനായ് വന്ന്
മാറ്റിക്കൂടെ നിങ്ങള്‍ -
ക്കിവരുടെയീ തിമിരം



മുംബയില്‍ മത തീവ്രവാദികള്‍ നടത്തിയ ആക്രമണം ആണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്നാല്‍ , മറ്റൊരു തരത്തില്‍ പെട്ട മത തീവ്ര വാദികള്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടാക്കിയ മനോ വേദനയില്‍ എനിക്കുള്ള, എന്നെ സ്നേഹിക്കുന്നവര്‍ക്കുള്ള ആത്മ രോഷം കൂടി ഞാന്‍ ഈ കവിതയിലെ, മകള്‍ മരിച്ച അച്ഛനിലൂടെ പ്രകടിപ്പിക്കുന്നു.

മത തീവ്ര വാദികള്‍.. അതില്‍ ചിലര്‍ ദൈവങ്ങളുടെ പേരില്‍ ആയുധമെടുത്തു പോരാടുന്നു.. സഹജീവികളെ കൊന്നു പോര്‍വിളി മുഴക്കുന്നു.. താലിബാനെ പ്പോലെ . ചിലര്‍ ആയുധങ്ങളേക്കാള്‍ മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട്, ആളുകളുടെ ചിന്താ ധാരയെ വശീകരിച്ച് , "വിശുദ്ധ യുദ്ധങ്ങള്‍ " നടത്തുന്നു. ..അവരുടെ ദൈവങ്ങളും, വിശ്വാസങ്ങളും, പ്രമാണങ്ങളും, ആചാരങ്ങളും മാത്രമേ സത്യമായുള്ളൂ എന്ന് കാണിക്കാന്‍.. മഹത് ഗ്രന്ഥങ്ങളിലെ വേദ വാക്യങ്ങള്‍ക്ക് , അവര്‍ പറയുന്ന അര്‍ഥം മാത്രമാണ് ശരി എന്ന് സമര്‍ഥിക്കാന്‍ .

വിശ്വാസങ്ങളും ആചാരങ്ങളും തീര്‍ച്ചയായും നല്ലത് തന്നെ. എന്‍റെ വിശ്വാസങ്ങളെ പ്പോലെ മറ്റു മതങ്ങളെയും ആദരിക്കാനും ബഹുമാനിക്കാനുമേ ഞാന്‍ പഠിച്ചിട്ടുള്ളൂ. പക്ഷെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തില്‍ ചിലരുടെ പ്രവര്‍ത്തികള്‍, പോകുമ്പോള്‍ അതിനൊരു തീവ്ര വാദച്ഛായ വരും.


എനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്നത്, രണ്ടാമത് പറഞ്ഞ പോലുള്ള മത തീവ്ര വാദികളെ ആണ്. മാരക രോഗങ്ങള്‍ വന്നാല്‍ പോലും വൈദ്യന്മാരുടെയോ, ആശുപത്രികളുടെയോ ഒന്നും ആവശ്യം ഇല്ല എന്നും , അതൊക്കെ ദൈവ ഹിതത്തിനു എതിരാണെന്നും കൊട്ടിഘോഷിക്കുന്ന ഒരു തരം മത തീവ്ര വാദികള്‍. (എന്നാല്‍ അവരുടെ ആവശ്യം വരുമ്പോള്‍ പാത്തും പതുങ്ങിയും മരുന്നിനെയും, വൈദ്യനെയും തേടുന്നവര്‍) ..

ഇവര്‍..എന്‍റെ ജീവിതത്തില്‍ വേദനയുടെയും വേര്‍പാടിന്‍റെയും തിരമാലകള്‍ സൃഷ്ട്ടിച്ചവര്‍."താന്‍ പാതി ദൈവം പാതി" എന്ന് ജ്ഞാനികള്‍ പറഞ്ഞ വാക്യങ്ങളെ കാറ്റില്‍ പറത്തി ക്കളയുന്നു ഇവര്‍. വൈദ്യനായും, ശുശ്രൂഷകയായും , തന്ത്രികളായും, മരുന്നായും മന്ത്രമായും വരുന്നതൊക്കെ സര്‍വ്വ വ്യാപിയായ ദൈവമാണെന്ന് മനസ്സിലാക്കാത്ത ചിത്ത ഭ്രമക്കാര്‍ ആണിവര്‍ ..

ഇവര്‍ എന്‍റെ വീട്ടില്‍ കടന്നു വന്ന സമയം.. അവരെ പടിക്ക് വെളിയില്‍ നിര്‍ത്താന്‍ കഴിയാത്തത് എന്‍റെ ദൗര്‍ബല്യമോ , കഴിവു കേടോ, പിടിപ്പു കെട്ട ആതിഥ്യ മര്യാദയോ, അതോ മഹാ നമസ്കതയോ ..? അറിയില്ല എനിക്ക് തന്നെ . ഒരു പക്ഷെ അന്ന് ഞാന്‍ അത് ചെയ്തിരുന്നെങ്കില്‍ , അവരുടെ വാക്കുകളില്‍ വീണു പോകുന്നതില്‍ നിന്നും എനിക്ക് എന്‍റെ പ്രിയ സഖിയെ തടയാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ , ചുരുക്കം ചില മരുന്നുകളില്‍ നിയന്ത്രണത്തില്‍ ആയിരുന്ന അവളുടെ വൃക്ക രോഗം , കൈവിട്ടു പോകില്ലായിരുന്നു ... രക്ത ശുദ്ധീകരണത്തിനായി ഒരു വര്‍ഷത്തോളം അവള്‍ക്കു ഡയാലിസിസ് ചെയ്യേണ്ട ആവശ്യം വരില്ലായിരുന്നു ., അവള്‍ ഇന്നെന്‍റെ കൂടെ ഉണ്ടായിരുന്നേനെ ..

അതൊക്കെ ഇനി നീറ്റലുണ്ടാക്കുന്ന ഒരു പഴങ്കഥ മാത്രം .


ലീനയുടെ ചലനമറ്റ ദേഹവും കയ്യിലേന്തി , അടുത്തുള്ള ആശുപത്രിയിലേക്ക് ഞാന്‍ ഓടിയ ഓട്ടം ,കണ്മുന്‍പില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു. അതോര്‍ക്കുമ്പോള്‍ മനസ്സില്‍ ഉറഞ്ഞു കൂടുന്ന വികാരങ്ങളെ വിശേഷിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല .

ഞാന്‍ കുറെ ആലോചിച്ചു. ഇവരെക്കുറിച്ച് എഴുതണോ എന്ന്? ആദ്യം വേണ്ടാ എന്ന് കരുതി. പിന്നെ വിചാരിച്ചു ...എന്‍റെ മനോ വേദനയുടെ , ആത്മ രോഷത്തിന്‍റെ ഒരംശമെങ്കിലും ആവാഹിച്ചു ഞാനെഴുതുന്ന ഈ കുറിപ്പ്, ഒരാളെ എങ്കിലും ഈ മത തീവ്രവാദികളുടെ വാക്കുകളില്‍ നിന്ന് രക്ഷിക്കാന്‍ സഹായിച്ചാല്‍ ..അത്രയും ആയില്ലേ.

മത തീവ്ര വാദികളെ ... നിങ്ങളോടെനിക്ക് സഹതാപം തോന്നുന്നു . ക്രിസ്തു ദേവന്‍ പറഞ്ഞ പോലെ .."ദൈവമേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് പൊറുക്കേണമേ "

പ്രിയ ദൈവങ്ങളെ ..എനിക്ക് നിങ്ങളോട് പരാതി യില്ല. വിധിയെയും, സംഭവിച്ചതിനെയും ഒന്നും ചോദ്യം ചെയ്യാനല്ല എന്‍റെയീ വാക്കുകള്‍ . മറിച്ച് .. ഈ മത തീവ്ര വാദികളെ സുഖപ്പെടുത്താന്‍ ഒരു അവതാരമായി വരില്ലേ എന്ന് അപേക്ഷിക്കാന്‍ മാത്രമാണ് . എന്‍റെ അപേക്ഷ കൈക്കൊള്ളേണമേ .


Jose
Trivandrum
July 16th, 2011

2011, ജൂലൈ 9

സംവാദം ....




ഇന്ന് ...

ഒരോര്‍മ്മ പ്രാര്‍ത്ഥനയ്ക്കായി
അവളുടെ കല്ലറയ്ക്കരുകില്‍
പുരോഹിതന്‍ വരുന്നതും കാത്തു
ഓര്‍മ്മകളുടെ മേച്ചില്‍ പുറങ്ങളില്‍
അലഞ്ഞു ഞാന്‍ നിന്നു.

മന്ത്രകോടിയും ചൂടി
പെട്ടിയില്‍ ഉറങ്ങുന്ന
അവള്‍ക്കും, പുറത്ത്
പ്രാര്‍ഥിച്ചു നിന്ന എനിക്കും ഇടയ്ക്കൊരു
സിമന്‍റ് ഫലകം മാത്രം.




ചുറ്റും ഉണ്ടായിരുന്നു ...
അവളെപ്പോല്‍ ഞാനും
മണ്ണില്‍ അലിഞ്ഞു ചേരാന്‍
ഒരു നാള്‍ വഴി വരുമെന്ന്
എന്നെ ഒന്നോര്മ്മിപ്പിക്കുവാന്‍
കുറെ വാടിയ പൂച്ചെണ്ടുകളും
കത്തിത്തീര്ന്ന സുഗന്ധ ത്തിരികളും
ഉരുകി ഒലിച്ച മെഴുകു തിരികളും




ഞാന്‍ ചോദിച്ചു..

"സ്വര്‍ഗ്ഗ രാജ്യത്ത് നിനക്ക് സുഖമല്ലേ?
മരിച്ചു മണ്മറഞ്ഞ നമ്മുടെ
പൂര്‍വ്വികര്‍ക്കൊപ്പം നീ
സന്തോഷമായിരിക്കുന്നില്ലേ?"

കിഴക്കുനിന്നപ്പോള്‍ മെല്ലെ
വീശിയ കാറ്റില്‍ , സ്വരമലിയിച്ചു
അവളിങ്ങനെ പറഞ്ഞുവോ?
എന്‍റെ തോന്നലാവാം !

"സന്തോഷമാണ് എനിക്കിവിടെ
വിഷാദങ്ങള്‍ ഒന്നുമില്ല
വിഷമങ്ങള്‍ ഒക്കെ ഞാന്‍
കളഞ്ഞില്ലേ ഭൂമിയില്‍

എന്‍റെ സിരകളില്‍ ഓടുന്ന രക്തം
ശുദ്ധവും പവിത്രവും ആണ് .
രക്തം ശുദ്ധീകരിക്കാന്‍ എനിക്കിനി
യന്ത്രങ്ങള്‍ ആവശ്യമില്ല.



മരുന്നുകള്‍ കയറ്റി ഇറക്കാന്‍
വലിയ സൂചി മുനകള്‍ കൊണ്ട്
പലരും കുത്തിപ്പ ഠിച്ചു
തുള വീണ എന്‍റെ കൈകള്‍
ഇപ്പോള്‍ സുന്ദരവും പിന്നെ
പൂവിന്‍ ഇതള്‍ പോലെ
ഏറെ മൃദുലവും.

പൊന്‍ നിറം പൊയ്പ്പോയ
എന്‍റെ മുഖമിപ്പോള്‍
വിശ്വ സുന്ദരിമാരുടെ
വദനത്തെക്കാള്‍ സുന്ദരം"

ഞാന്‍ പറഞ്ഞു..

"മതി..എനിക്കത് അറിഞ്ഞാല്‍ മതി..
അവിടെ നീ എന്നും സുഖമായിരിക്കുക.

ഞാനും ഒരുനാള്‍ മരിച്ചിട്ടവിടൊരു
പെട്ടിയിലുറങ്ങി വരുന്ന നാള്‍ വരെ
ഇനിയും വരാം ഞാനീ
ക്കല്ലറ വാതില്‍ക്കല്‍
കുറെ പൂക്കളും പിന്നെ
മെഴുകു തിരികളുമായി.

പിന്നെ ..

ഓര്‍മ്മകള്‍ മായാതെ
നില്‍ക്കുന്ന നേരം വരെ
സ്നേഹിക്കാം നിന്നെയിനി
ഓര്‍മ്മയില്‍ ഞാനെന്നും."


(
മരിച്ചു പോയ ആളിന്‍റെ ആത്മാവിനെ സ്വര്‍ഗ്ഗ വാതില്‍ കാണിച്ചു കൊടുക്കുന്ന ദിവസം മരണം കഴിഞ്ഞുള്ള ഒന്‍പതാം ദിവസം അത്രേ..
സ്വര്‍ഗാരോഹണം നാല്‍പ്പതു കഴിഞ്ഞും .. ഇത് ഒരു ക്രിസ്തീയ വിശ്വാസം.)

Jose
Trivandrum
July 10, 2011

2011, ജൂലൈ 8

ദൈവത്തിന്‍റെ മകള്‍ ....







അന്നൊരിക്കല്‍ അവള്‍ പറഞ്ഞു..
ജീവിതം ഒന്നല്ലേ ഉള്ളൂ
അതെന്തിന് ദുഖിച്ചു തീര്‍ക്കണം ?
ജീവ ശ്വാസം നില്‍ക്കും വരെ
ചിരിച്ചു ജീവിച്ചുകൂടേ ?

ജീവിതം പങ്കിട്ട നിമിഷങ്ങള്‍ ഓര്‍ക്കാന്‍
പണ്ടൊക്കെ എടുത്ത കുറെ ചിത്രങ്ങള്‍
വെറുതെ ഞാനൊന്ന് തിരഞ്ഞുനോക്കി
അവളന്ന് പറഞ്ഞപോലെ ,
ചിരിച്ച മുഖം ആയിരുന്നു
അതിലെല്ലാം അവളുടേത്‌ .

പിന്നെപ്പോഴോ അവള്‍ പറഞ്ഞു ....
അവള്‍ ദൈവ മകള്‍ ആണെന്ന്
വേദനകള്‍ ഇല്ലാത്ത സ്വര്‍ഗ്ഗ ലോകത്തവള്‍
കര്‍ത്താവിന്നരുകില്‍ ആയിരിക്കുമെന്ന് .

അറിയാമായിരുന്നവള്‍ക്ക് ..
ജീവിച്ചു കൊതി തീരും മുന്‍പേ
ഒരു നാള്‍ എന്നെ തനിച്ചാക്കി
പറന്നകലേണ്ടി വരുമെന്ന് ..

പറന്നകലും നേരം വരെയും
മുറുകെ പിടിച്ചിരുന്നവള്‍
ശക്തനാം ദൈവത്തിലുള്ള
വിശ്വാസം നന്നായുള്ളില്‍

എന്നും എന്നും അവള്‍ പറഞ്ഞു..
വൃക്കകള്‍ പ്രവര്‍ത്തിച്ചി ല്ലെങ്കിലും
മരുന്നുകള്‍ ഫലിച്ചില്ലെങ്കിലും
വേദനകള്‍ ശമിച്ചില്ലെങ്കിലും
എല്ലാമറിയുന്ന അവളുടെ ദൈവം
അവളെ നേര്‍ നടത്തുമെന്ന്
എന്തെന്നാല്‍ അവള്‍
ദൈവത്തിന്റെ മകള്‍ അത്രേ എന്ന് ..

എന്നെ തനിച്ചാക്കി പോയ പ്രിയ സഖീ ..
അറിയില്ലെനിക്കായ് ഒരിടം
സ്വര്‍ഗത്തില്‍ ഉണ്ടാവുമോ എന്ന്?
അതോ, എനിക്കായ് ..
എരിയുമോ സ്വര്‍ഗത്തിനപ്പുറം
കര്‍മ്മ ഫലത്തിന്‍റെ നരകാഗ്നി ജ്വാലകള്‍

എന്നെങ്കിലും ....
സ്വര്‍ഗ നരക കവാടങ്ങള്‍ക്ക് മുന്‍പില്‍
ഞാന്‍ വന്നു നില്‍ക്കുന്ന നേരം
സ്വര്‍ഗമാനെനിക്ക് വിധിക്കുന്നതെങ്കില്‍
നിന്‍ കൂടെ വീണ്ടും കൂടാം ഞാന്‍ പ്രിയ സഖീ ..
മറിച്ചെന്‍ വിധി നരകമാനെങ്കിലോ
അവിടെയ്ക്ക് യാത്ര ഞാന്‍ പോകുന്നതിന്‍ മുന്‍പ്
തരണേ പ്രിയേ എനിക്കൊരു ചുംബനം കൂടി


സ്നേഹപൂര്‍വ്വം

അച്ചാച്ചന്‍
ജൂലൈ 8th, 2011

(ജൂലൈ ഒന്നിന് എന്നെ വിട്ടു പറന്നകന്ന പ്രിയ സഖി ലീനയുടെ ഓര്‍മ്മയ്ക്ക്‌ )


(പറന്നകലുന്നതിനു രണ്ടാഴ്ച മുന്‍പേ എടുത്ത ചിത്രം.. അവസാനമായി ഒന്നിച്ചിരുന്നെടുത്തത് )