2011, ഫെബ്രുവരി 20

തുടരുന്ന പ്രയാണം. ..


ഊണും
കഴിഞ്ഞു പഠന മുറിയിലെ മേശയുടെ അടുത്ത് വന്നു ചിതറിക്കിടന്ന ബുക്കുകള്‍ അടുക്കി വച്ചപ്പോഴാണ് നോട്ടു ബുക്കില്‍ നിന്നും ഒരു മടങ്ങിയ കടലാസ് താഴെ വീണത്‌. എടുത്തു നോക്കി. രസകരമായ, എന്നാല്‍ ചിന്തിപ്പിക്കുന്ന ഒരു കുറിപ്പായിരുന്നു അത്. ഇടയ്ക്കെങ്ങോ ഞാന്‍ തന്നെ കുറിച്ചിട്ടത്‌. കൂട്ടുകാരോടും മറ്റും സംസാരിക്കുമ്പോള്‍ , അവരുടെ വായില്‍ നിന്നും വരുന്ന വിശേഷണ പദങ്ങളെ ഒക്കെ അടുക്കിപ്പെറുക്കി ഞാന്‍ ഉണ്ടാക്കിയ ഒരു 'വയസ്സ് വിവരണ പട്ടിക'.

ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത കൂടി ഓര്‍ത്തപ്പോള്‍ തോന്നി..എന്നാപ്പിന്നെ ഇതിനെക്കുറിച്ച്‌ ആവട്ടെ ഇന്നത്തെ ബ്ലോഗ്‌. ആ കുറിപ്പ് ഇപ്രകാരം ആയിരുന്നു.

വയസ്സ് വിശേഷണം
0- 10 കൊച്ചു പയല്, കൊച്ചു, കുഞ്ഞ്.
10-20 കിളുന്തു പയ്യന്‍ ( കൊച്ചു ചെറുക്കന്‍)
20-30 വലിയ ചെറുക്കന്‍
30-35 കെട്ടിച്ചു വിടാറായ ആണ്‍ പെറന്നോന്‍
35-55 മധ്യ വയസ്കന്‍
55-65 വയസ്സന്‍, അപ്പച്ചന്‍, മൂപ്പീന്ന്
65-80 കിളവന്‍, കാര്‍ന്നോര്
80 + മുതു കിളവന്‍

(പലര്‍ക്കും ഇതില്‍ അഭിപ്രായ വ്യത്യാസം കാണും. ക്ഷമിക്കണേ. ഇത് എന്റെ കാഴ്ചപ്പാടില്‍ എഴുതിയതാണേ. )

ഇന്ന് ഫെബ് 20. ഭൂലോകത്ത് ഞാന്‍ കൂടി ഒരു ഭാരമായി വന്നിട്ട് ഇന്നേക്ക് 36 വര്‍ഷം. ഞാന്‍ വയസ്സ് വിവരണ പട്ടിക എടുത്തു നോക്കി.
ഹും ...കഴിഞ്ഞ വര്‍ഷമേ മധ്യ വയസ്കന്‍ ആയില്ലേ. പിന്നെ ഇത്തവണ മറ്റെന്തെങ്കിലും പ്രത്യേകത ഉണ്ടോ? ഞാന്‍ എന്നോട് തന്നെ ചോദിച്ചു.

' പ്രായം കൂടിയതില്‍ സങ്കടം ഉണ്ടോ ജോസേ? ' കഴിഞ്ഞ വര്‍ഷം ഒരു കൂട്ടുകാരന്‍ ചോദിച്ചതാണ്.

വര്‍ഷം കൂടുന്തോറും പ്രായം കൂടും എന്നത് അചഞ്ചലമായ ഒരു സത്യമല്ലേ. അതിനാല്‍ സന്തോഷവും ദുഃഖവും ഇല്ല. ഒക്കെ ആപേക്ഷികമായ കാര്യങ്ങള്‍ അല്ലേ.

കടന്നു പോകുന്ന വര്‍ഷങ്ങള്‍ ശരീരത്തെ പഴയതാക്കുമെങ്കിലും, ശരിക്കുമുള്ള പ്രായം നിശ്ചയിക്കുന്നത് മനസ്സല്ലേ.

എനിക്കറിയാം...ചിലപ്പോള്‍ അതിയായ സന്തോഷം വരുമ്പൊള്‍ , മനസ്സ് കൊണ്ട് ഞാന്‍ ഒരു 'കൊച്ചു പയലാവും' ..അല്ലെങ്കില്‍ ഒരു 'കൊച്ചു ചെറുക്കനാവും'

അയല്‍പക്കത്തെ മാവില്‍ കല്ലെറിഞ്ഞു മാങ്ങ വീഴ്ത്താന്‍ തോന്നും...
മഴയത്ത് കളിച്ചു തിമിര്‍ത്തു നനയാന്‍ തോന്നും...
ടയരുരുട്ടി റോഡിലൂടെ ഓടിക്കളിക്കാന്‍ തോന്നും

(പ്രായമായ ഇവന് വട്ടാണോ എന്ന് ആളുകള്‍ പറയുമല്ലോ എന്നോര്‍ത്ത് മനസ്സിനെ നിയന്ത്രിക്കും)

ചിലപ്പോള്‍ മനസറിഞ്ഞു ഒന്ന് പ്രണയിക്കാന്‍ തോന്നും ...(പ്രണയത്തിനു പ്രായം ഇല്ല എന്നതും ഒരു സത്യം)

എന്നാല്‍ മനസ്സിനെ തളര്‍ത്തുന്ന ദുഃഖം വരുമ്പോള്‍ .. ആരോടും ഒന്നും പറയാന്‍ പറ്റാതെ അകമേ കരയുമ്പോള്‍ , ഞാനറിയാതെ ഞാനൊരു വയസ്സനാവും..പക്വത വന്ന വയസ്സന്‍...താത്വികനായ വയസ്സന്‍.
അപ്പോഴാവും ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചും , എന്തിനെന്നില്ലാത്ത പരക്കം പാച്ചിലുകളുടെ അര്‍ത്ഥ ശൂന്യതയെ ക്കുറിച്ചും ഒക്കെ ഞാന്‍ ആലോചിക്കുക. ഈ ഭൂമിയില്‍ എന്റെ നിയോഗം എന്താണെന്ന് അപ്പോഴാവും ഞാന്‍ ആലോചിക്കുക.

ആലോചനകള്‍ അങ്ങനെ നിര്‍ബാധം തുടരും.അടുത്ത ഒരു സന്തോഷം എന്നെ വീണ്ടും ഒരു കൊച്ചു ചെക്കന്‍ ആക്കും വരെ. ജീവിതം ഇങ്ങനെയുള്ള ഒരു പ്രയാണം ആണെന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. ( എല്ലാം മനസ്സിലാക്കിയ ജ്ഞാനി ആയി എന്നല്ല, കുറേശെ അറിവുകള്‍ നേടിക്കൊണ്ടിരിക്കുന്നു എന്നെ അര്‍ത്ഥമാക്കിയുള്ളൂ. )

' പിറന്നാള്‍ അടിച്ചു പൊളിച്ച് ആഘോഷിച്ചോ ജോസേ? '. ഫേസ് ബുക്കിലോ ഓര്‍ക്കുട്ടിലോ വന്ന ഒരു സുഹൃത്ത്‌ ചോദിച്ചു.

പിറന്നാള്‍ ആഘോഷം...എന്റെ പിറന്നാള്‍ അങ്ങനെ ഒരിക്കലും ആഘോഷിച്ചിട്ടില്ല. പണ്ട് , പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത്, അമ്മച്ചി, ചേച്ചി, ചേട്ടത്തി എന്നിവര്‍ എന്റെ ഇഷ്ട വിഭവമായ സേമിയ പായസം വച്ച് തരുമായിരുന്നു. അതിനപ്പുറം ഒരു ആഘോഷം എന്തോ ഞാനും ഇഷ്ടപ്പെട്ടിരുന്നില്ല. ...ഉണ്ടായിട്ടുമില്ല.

പണ്ടൊക്കെ ജന്മദിനത്തിനു ഒത്തിരി ആശംസാ കാര്‍ഡുകള്‍ വരുമായിരുന്നു. അതൊക്കെ ശേഖരിച്ചു വയ്ക്കുന്നതും, ഇടയ്ക്കിടെ എടുത്തു വായിക്കുന്നതും ഒരു ഹരമായിരുന്നു. നിരന്തരമായ അടുക്കളിലും പെറുക്കലിലും അവയൊക്കെ എന്നോ നഷ്ടമായി. അതില്‍ എനിക്കിപ്പോഴും സങ്കടം ഉണ്ട്. ഓര്‍മ്മകളുടെ ഒരു നിധിയല്ലേ കളഞ്ഞു പോയത്.

ഇ- മെയിലിന്റെയും മൊബൈല്‍ ഫോണിന്റെയും യുഗം വന്നപ്പോള്‍ കാര്‍ഡുകള്‍ വരുന്നത് വിരളമായി. സ്വന്തം കയ്യക്ഷരത്തില്‍ പ്രിയപ്പെട്ടവര്‍ അയക്കുന്ന ആ സ്നേഹ സന്ദേശം അങ്ങനെ ഓര്‍മ്മകില്‍ മാത്രം ഒതുങ്ങുന്ന ഒന്നായി. കാലത്തിന്റെ പ്രയാണത്തില്‍ നടന്ന ഒരു അനിവാര്യമായ മാറ്റം പോലെ.

ലീന രണ്ടാഴ്ച മുന്‍പേ തന്നെ എനിക്ക് തരാനായി ഒരു കാര്‍ഡും, ഒരു സ്പ്രേയും വാങ്ങി ഒളിപ്പിച്ചു വച്ചിരുന്നത്, അവള്‍ അറിയാതെ ഞാന്‍ കണ്ടുപിടിച്ചു. അത് രാവിലെ അവള്‍ എടുത്തു തന്നു. അതായിരുന്നു ഇന്നത്തെ എന്റെ പിറന്നാള്‍ സമ്മാനം.

ബാച്ചിലറായി ഡല്‍ഹിയിലും ബോംബെയിലും ഒക്കെ കഴിഞ്ഞിരുന്ന കാലത്ത്, ഞാന്‍ പോലും ചിലപ്പോള്‍ എന്റെ ജന്മദിനം ഓര്‍ക്കാറില്ലായിരുന്നു.. ഓര്‍ക്കാന്‍ വേറെ എന്തൊക്കെ ഉണ്ട്. വിഷയങ്ങള്‍ക്കാണോ ദാരിദ്ര്യം ? പിന്നെ വീട്ടില്‍ നിന്നുള്ള ആശംസകള്‍ വരുമ്പൊള്‍ ആവും ഒരു വയസ്സ് കൂടി കൂടിയ കാര്യം ഓര്‍ക്കുക. ഇപ്പോള്‍ പിന്നെ ഫേസ് ബുക്കിലും ഓര്‍ക്കുട്ടിലും ഉള്ള പ്രൊഫൈലില്‍ ജന്മദിനം ഇട്ടിരിക്കുന്നതിനാല്‍ ആശംസകളുടെ ഒരു പ്രവാഹം ആണ്.

ചിലപ്പോള്‍ തോന്നും അരമന രഹസ്യം അങ്ങാടിപ്പാട്ടായി എന്ന്. പിന്നെ തോന്നും.. ആ.. നല്ലതല്ലേ...ഞാന്‍ എന്ന വ്യക്തി ജീവിച്ചിരുപ്പുണ്ടെന്നു കുറെ ആളുകള്‍ ഒരുമിച്ചു ഒരേ ദിവസം ഓര്‍ക്കുമല്ലോ.

ഒന്ന് തലപൊക്കി റൂമിലുള്ള കണ്ണാടിയില്‍ നോക്കി. വയസ്സനിലെക്കുള്ള പ്രയാണത്തില്‍ ഒരു ചുവടു കൂടി വച്ചതിനാല്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ? മുടി നരച്ചിട്ടുണ്ടോ? അവിടവിടായി ഒന്നോ രണ്ടോ വെള്ളി നരകള്‍ കണ്ടു. പക്ഷെ അതിനെ പറിച്ചു കളയാന്‍ മിനക്കെട്ടില്ല.

(മുടി നരയ്ക്കുന്നതില്‍ എനിക്ക് വിഷമമേ ഇല്ല. അതും ഒരു സ്റ്റൈല്‍ അല്ലേ. നേരെ മറിച്ച് എന്റെ മൂത്ത ചേട്ടാനാണെങ്കിലോ , മുടി നരയ്ക്കുന്നത് കണ്ടാല്‍ നെഞ്ചു പൊട്ടുന്ന സങ്കടം ആണ്. പിന്നെ ചേട്ടത്തി ഉപയോഗിക്കുന്ന കണ്മഷി കൊണ്ട് നര മാറ്റി ചേട്ടന്‍ തൃപ്തിപ്പെടും .

ബോംബെയില്‍ താമസിച്ചിരുന്ന സമയത്ത് (കെട്ട് പ്രായം ആവും മുന്‍പേ) , ചായക്കടയില്‍ പോകുമ്പോള്‍ അവിടിരിക്കുന്ന പ്രായം ചെന്ന ആള്‍ , ജോലിക്കാരന്‍ പയ്യനോട് വിളിച്ചു പറയും..

'ഡേയ് അങ്കിളിനു ചായ കൊട് '

പലവ്യഞ്ജന കടയില്‍ ചെന്നാല്‍ അവിടിരിക്കുന്ന നാല്പതോളം പ്രായം വരുന്ന ഹിന്ദിക്കാരന്‍ എന്നോട് ചോദിക്കും

'അങ്കിള്‍ ...എന്താ വേണ്ടേ? '

അതൊക്കെ ആദ്യം കേട്ടപ്പോള്‍ ഞാന്‍ ഒന്ന് അമ്പരന്നു. ശെടാ. ഇവനൊക്കെ എന്നെക്കാള്‍ പ്രായം ഉണ്ട്. എന്നാലും എന്നെ അങ്കിളേ എന്നാണ് വിളി. എന്താ പറയാന്‍.

ഡല്‍ഹിയില്‍, മയൂര്‍ വിഹാറിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന സമയത്ത്, വീട്ടുടമയുടെ കോളേജുകാരി മകള്‍ (എന്നേക്കാള്‍ കൂടിപ്പോയാല്‍ ആറ് വയസ്സ് ഇളപ്പം) ചിലപ്പോള്‍ പറയും..

'അങ്കിളേ പപ്പാ അന്വേഷിച്ചായിരുന്നു. '

ഞാന്‍ പിന്നെ അതൊന്നും കാര്യമാക്കിയില്ല. അങ്കിളേ എന്നല്ലേ വിളിച്ചുള്ളൂ.. തെറി വിളിച്ചില്ലല്ലോ . എന്നാല്‍ ആ പെണ്ണിന്റെ അങ്കിള്‍ വിളിയെ, എന്റെ ജൂനിയര്‍ സഹമുറിയന്‍ ബീഹാറി അങ്ങനെ അല്ല സ്വീകരിച്ചത്. ഈ പെണ്ണ് അവനെ കേറി അങ്കിളേ എന്ന് വിളിച്ചപ്പൊള്‍ , അവന്‍ ചൂടായിക്കൊണ്ട് ചോദിച്ചു.

'എന്നെക്കണ്ടാല്‍ ഒരു അങ്കിളിനെപ്പോലെ തോന്നുന്നോ നിനക്ക്. ഞാന്‍ ഇതു വകയിലാ നിന്റെ അങ്കിള്‍?

പിന്നെ റൂമിന്റെ അകത്തു കയറി നല്ല ബിഹാരി ടോണില്‍ അവളെ പത്തു തെറിയും. പ്രായത്തെക്കുറിച്ച് ആളുകള്‍ അത്രയേറെ ചിന്തയുള്ളവര്‍ ആണെന്ന് അന്ന് മനസ്സിലായി. ആ സംഭവം ഓര്‍ത്തു ഞാന്‍ ഇപ്പോഴും ചിരിക്കാറുണ്ട്.

നേരത്തെ പറഞ്ഞപോലെ, എല്ലാം ആപേക്ഷികമല്ലേ. വയസ്സിലും, ജന്മ ദിനത്തിലും ഒക്കെ എന്തിരിക്കുന്നു.

'അമ്മാച്ചാ. ഹാപ്പി ബര്‍ത്ത് ഡേ '
'ഉപ്പാപ്പി ..ഹാപ്പി ബര്‍ത്ത് ഡേ'
'അച്ചാച്ചാ ..മെനി മെനി ഹാപ്പി റിട്ടേന്‍സ്‌ ഓഫ് ദ ഡേ. '
ജോസുകുട്ടാ ..ജന്മ ദിന ആശംസകള്‍ '

അങ്ങനെ കുറെ ഏറെ ആശംസകള്‍ ഇന്ന് വന്നു. വീട്ടുകാരും കൂടുകാരും ആയി കുറെ പ്രിയപ്പെട്ടവരുടെ. എല്ലാം പതിവുകള്‍ .

ഞാന്‍ എന്റെ പ്രയാണവും തുടരുന്നു...പതിവുകള്‍ തെറ്റിക്കാതെ ..മധ്യവയസ്കനില്‍ നിന്നും വയസ്സനിലേക്കും ..പിന്നെ..

'വല്യപ്പച്ചാ..ജന്മദിന ആശംസകള്‍ ' ...ഇങ്ങനെയുള്ള ഒരു വിളി എന്ന് വരുമോ ആവൊ?


അത് വരെ തുടരണോ? അതിമോഹമല്ലേ...മനസ്സില്‍ ഇരുന്നാരോ ചോദിച്ചു .

ആ.. നിശ്ചയിക്കേണ്ടത് ഞാനല്ലല്ലോ.. ഞാന്‍ അതും പറഞ്ഞു കട്ടിലിലേക്ക് ചാഞ്ഞു. പുല്‍കാന്‍ വെമ്പിയ നിദ്രയെ കര വലയത്തില്‍ ഏറ്റുകൊണ്ട് .

ജോസേ
20- Feb-2011
ബാംഗ്ലൂര്‍

2011, ഫെബ്രുവരി 15

സിനിമാക്കമ്പം ...

സിനിമകള്‍ എന്നും എനിക്ക് ഹരമായിരുന്നു.ഇപ്പോഴും, ഒരു സിനിമ കാണണം എന്ന് മനസ്സില്‍ ആഗ്രഹിച്ചിട്ട്, അതിനു ടിക്കറ്റ് കിട്ടാതെ വരുകയോ, അതിനു പോകാന്‍ പറ്റാതെയോ വന്നാല്‍, ചിലപ്പോള്‍ വിഷമിച്ചു പനി പോലും വന്നെന്നു വരാം..അത്രയ്ക്കുണ്ട് കമ്പം. സിനിമാ കമ്പത്തെ ക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഓടി വരുന്ന കുറെ കാര്യങ്ങള്‍ ഉണ്ട്..അതാവട്ടെ ഇന്നത്തെ ബ്ലോഗില്‍..

ഈ കമ്പം എവിടുന്നു കിട്ടി എന്ന് ചോദിച്ചാല്‍ ഉത്തരം ലളിതം. അപ്പച്ചന്‍റെ കയ്യില്‍ നിന്ന്. എന്നേക്കാള്‍ വലിയ സിനിമാ പ്രേമി ആയിരുന്നു അപ്പച്ചന്‍. ആ സ്വഭാവം അതേപോലെ തന്നെ കിട്ടിയിട്ടുണ്ട് എനിക്ക്. അപ്പച്ചന്‍ കുഞ്ഞിലെ, ക്ലാസില്‍ പോകാതെ, കൂടുകാരോടൊത്തു 'സിനിമാ കൊട്ടകയില്‍' (സിനിമാ തിയെട്ടറിന്‍റെ അന്നത്തെ പേര്) പോകുമായിരുന്നു എന്ന് വല്യമ്മച്ചി പറഞ്ഞിട്ടുണ്ട്. ഞാന്‍ പക്ഷെ അങ്ങനെ വീടുകാര്‍ അറിയാതെ ക്ലാസ് കട്ട് ചെയ്തു സിനിമയ്ക്ക് പോയിട്ടില്ല കേട്ടോ ( ഇവനാര് ഹരിശ്ചന്ദനോ എന്ന് ചിലര്‍ ചോദിച്ചിട്ടുണ്ട്...പിന്നെ ചിലര്‍ പറയും..ഒരു പ്രാവശ്യം പോലും ക്ലാസ് കട്ട് ചെയ്തു സിനിമയ്ക്ക് പോയിട്ടില്ലെങ്കില്‍.. നീ എന്തിനാ പഠിക്കാന്‍ പോയെ എന്നും ..നമ്മടെ ഇന്നസെന്റ് ചേട്ടന്‍ ജഗദീഷിനോട് ചോദിച്ച പോലെ ). പക്ഷെ പറഞ്ഞത് സത്യം ആണു കേട്ടോ .

വാച്ച് നന്നാക്കി ഉണ്ടാക്കുന്ന പൈസ ആഴ്ച തോറും സിനിമാ കൊട്ടകയില്‍ കൊണ്ട് 'കളയുന്നത്' എന്തിനാണെന്ന് അമ്മച്ചി എപ്പോഴും അപ്പച്ചനോട് ചോദിക്കും. ആ പൈസ ഒക്കെ സൂക്ഷിച്ചു വച്ച്, ഈ ഓലപ്പുര ഒന്ന് ഓടിട്ടൂടെ എന്നും അമ്മച്ചി ചിലപ്പോള്‍ ചോദിക്കും.

ആഴ്ച മുഴുവന്‍ കുത്തിയിരുന്ന് വാച്ചുകളും ക്ലോക്കുകളും നന്നാക്കിയ ശേഷം , ഒരു ഞായറാഴ്ച എല്ലാം മറന്നു ആവേശകരമായ സിനിമകള്‍ കാണുമ്പോഴുള്ള സന്തോഷം ഒരു പക്ഷെ അമ്മച്ചിക്ക് അറിഞ്ഞുകൂടാത്തതാവാം അങ്ങനെ ചോദിക്കാന്‍ കാരണം. അമ്മച്ചി പറയുന്നതിലും കാര്യമില്ലേ എന്നും ബന്ധുക്കളില്‍ പലരും പലപ്പോഴും പറയാറുണ്ടായിരുന്നു.

ജീവിതം നന്നായി ആസ്വദിച്ച ശേഷം മരണത്തിനു കീഴടങ്ങിയ ആളായിരുന്നു അപ്പച്ചന്‍. വേണ്ടുവോളം സിനിമകള്‍ അപ്പച്ചന്‍ കണ്ടു. തിരുവനന്തപുരത്തെ ശ്രീ കുമാര്‍, ശ്രീ വിശാഖ് , ശ്രീ പത്മനാഭ, ന്യൂ തിയേറ്റര്‍ എന്നിവിടങ്ങളില്‍ വന്നിരുന്ന ഒട്ടു മിക്ക പടങ്ങളും അപ്പച്ചന്‍ കാണുമായിരുന്നു. അവിടൊക്കെ ടിക്കറ്റ് കൊടുക്കാനും, തിയേറ്ററിന്റെ അകത്തോട്ടു കയറ്റി വിടുന്ന സെക്യൂരിറ്റിയും ഒക്കെ അപ്പച്ചന്‍റെ കൂട്ടുകാര്‍ ആയിരുന്നു.

കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അപ്പച്ചന്‍ എന്നെയും സിനിമയ്ക്ക് കൊണ്ട് പോകുമായിരുന്നു. കുറെ ഏറെ ഹോളിവൂഡ്‌ ക്ലാസ്സിക്കുകള്‍ അങ്ങനെ കണ്ടു. ബെന്‍ ഹര്‍, ടെന്‍ കമാന്‍ഡ്മെന്റ്റ്സ് , ഗണ്‍സ് ഓഫ് നവരോണ്‍ , സൌണ്ട് ഓഫ് മ്യൂസിക് അങ്ങനെ ഒത്തിരി. അപ്പച്ചന്‍ പറഞ്ഞു കേട്ടാണ്, അക്കാലത്തെ പേര് കേട്ട നടന്മാരുടെ പേരൊക്കെ ഞാന്‍ അറിയുന്നത്..ചാള്‍ട്ടന്‍ ഹെസ്ടന്‍, ഗ്രിഗറി പെക്ക്, ഡേവിഡ്‌ നിവെന്‍, അങ്ങനെ എത്ര പ്രഗല്‍ഭരായ നടന്മാരെ ഞാന്‍ വെള്ളിത്തിരയില്‍ കണ്ടു..

'ഞാന്‍ പടം കാണാന്‍ കൊടുത്ത പൈസ ഉണ്ടായിരുന്നെങ്കില്‍ ഒരു സുന്ദരന്‍ വീട് പണിയാമായിരുന്നു' . അപ്പച്ചന്‍ അഭിമാനത്തോടെ ഇത് പറയുമ്പോള്‍, കേള്‍ക്കുന്ന ആരും അതിനെ അത്ര സന്തോഷത്തോടെ അല്ല കേട്ടിരുന്നത്. ( ഈ മനുഷ്യന് കുറച്ചു പൈസ സ്വരൂക്കൂട്ടി, ചോര്‍ന്നൊലിക്കുന്ന ഓലപ്പുര ഒന്ന് നന്നാക്കിക്കൂടെ എന്നാവും അവര്‍ ആലോചിക്കുക.).

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഇറങ്ങിയ സമയത്ത്, അത് കാണാനുള്ള ആഗ്രഹം മനസ്സില്‍ അതിയായി വന്നു. ടിക്കറ്റ് കിട്ടാന്‍ ഒരു നിര്‍വാഹവും ഇല്ല. തിയേറ്ററില്‍ തിരക്കോടെ തിരക്ക്. അപ്പച്ചന്‍ ധന്യ തിയേറ്ററിലെ ഒരു കൂട്ടുകാരനോട് പറഞ്ഞ് രണ്ടു ടിക്കറ്റ് ഒപ്പിച്ചു. പക്ഷെ കിട്ടിയത്, സ്കൂള്‍ ഉള്ള ഒരു ദിവസം ആയിരുന്നു.

' ഓ ..ഒരു ദിവസം പോയില്ല എന്ന് വച്ച് ഒന്നും പറ്റൂല്ല മോനെ കുട്ടച്ചാ. സാര്‍ ചോദിച്ചാല്‍ ഞാന്‍ പറഞ്ഞോളാം' . അപ്പച്ചന്‍ പറഞ്ഞു.

ആഹഹഹാ .. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല്..

അങ്ങനെ ഒരു ദിവസം സ്കൂളില്‍ പോയില്ല. പകരം അന്ന് കുട്ടിച്ചാത്തന്‍ സിനിമ കണ്ടു. മനസ്സില്ലാ മനസ്സോടെ ആണ് അമ്മച്ചി അതിനു സമ്മതിച്ചത്. അതും എന്തൊക്കെ പറഞ്ഞു കാലു പിടിച്ചിട്ട്.

ശ്രീ കുമാര്‍ തിയേറ്ററിലും , ശ്രീ വിശാഖ് തിയെറ്ററിലും പടം കാണാന്‍ ഞായറാഴ്ചകളില്‍ പോകുന്ന സമയത്ത്, ഞാനും അപ്പച്ച ന്‍റെ കൂടെ ചെല്ലും. അതും മാറ്റിനി ഷോ തുടങ്ങുന്നതിനും വളരെ മുന്‍പേ. അതിനു മുന്‍പുള്ള ഷോ നടക്കുകയായിരിക്കും അപ്പോള്‍. (വേറെ ഏതെങ്കിലും പടത്തിന്റെ). അവിടുള്ള, അപ്പച്ച ന്‍റെ കൂട്ടുകാരന്‍, എന്നെ തിയേറ്ററിന്റെ അകത്തു കയറ്റി ഇരുത്തും. അപ്പച്ചനും ആ പുള്ളിക്കാരനും ആയി വര്‍ത്തമാനം പറഞ്ഞു വെളിയില്‍ ഇരിക്കും. എനിക്ക് കോളാവും..ഒരു ഫുള്‍ പടവും, ഒരു പടത്തിന്റെ പകുതിയും...ഒരേ ദിവസം... പകുതിയെങ്കില്‍ പകുതി..സിനിമ സിനിമ തന്നെ അല്ലെ..

ഒരിക്കല്‍ എന്നെ പടം കാണിക്കാം എന്നും പറഞ്ഞു അപ്പച്ചന്‍ കൊണ്ടുപോയി. ബസ്സില്‍ ഇരുന്നു കുറെ ദൂരം പോയിക്കഴിഞ്ഞാണ് അപ്പച്ചന് മനസ്സിലായത്‌ സിനിമ ടിക്കറ്റ് വാങ്ങാനുള്ള പൈസ എടുത്തിട്ടില്ല എന്ന്. അറിഞ്ഞപ്പോള്‍ എനിക്ക് ആകെ വിഷമമായി. ആഗ്രഹിച്ചു, മനക്കോട്ട കെട്ടി ഇരുന്നതല്ലേ..ഒക്കെ പൊളിഞ്ഞു. എന്‍റെ മുഖം വാടിയതു കണ്ട് അപ്പച്ചനും വിഷമം ആയി. എന്നാലും അപ്പച്ചന്‍ എന്നെയും കൊണ്ട്, സ്റ്റാച്യൂ ജങ്ക്ഷനില്‍ ഉണ്ടായിരുന്ന അപ്പച്ചന്‍റെ വാച്ച് കടയിലേക്ക് വച്ച് പിടിച്ചു. കടയുടെ വാതിലി ന്‍റെ അടുത്ത് രഹസ്യമായി വച്ചിരുന്ന താക്കോലെടുത്ത്‌ കട തുറന്നു. കടയില്‍ ഉണ്ടായിരുന്ന ചില്ലറകള്‍ ഒക്കെ നുള്ളിപ്പെറുക്കി ടിക്കറ്റിനുള്ള പൈസ ശരിയാക്കി. എന്നിട്ട് എന്നെ സിനിമ കാണിച്ചു. അന്ന് വേണമെങ്കില്‍ , പൈസ എടുത്തില്ല എന്ന കാരണം പറഞ്ഞു എന്നെ സിനിമ കാണിക്കാതെ ഇരിക്കാമായിരുന്നു. പക്ഷെ അപ്പച്ചന്‍ എന്നെ വിഷമിപ്പിക്കാതെ സിനിമ കാണിക്കുക തന്നെ ചെയ്തു.

പക്ഷെ ഒരിക്കല്‍ എനിക്ക് വിഷമം വന്നു. അതിന്‍റെ കാരണം, ചേട്ടനും ചേച്ചിയും ചേര്‍ന്ന് എനിക്കിട്ടു ഒരു പണി തന്നതാണ്. എന്‍റെ ഒരു 'ദുഃ സ്വഭാവം ' കൊണ്ട് പൊറുതി മുട്ടി ചെയ്തതാണ് അത്.

കുളിമുറിയില്‍ കയറിയാല്‍, ഒരു മുക്കാല്‍ മണിക്കൂറോളം എടുത്തു, ആസ്വദിച്ചു കുളിച്ചിട്ടേ ഞാന്‍ പുറത്തു വരാറുള്ളായിരുന്നു. അത് വരെ യേശു ദാസിനെയും ജയ ചന്ദ്രനേയും പോലെ പാടുകള്‍ ഒക്കെ തകര്‍ത്ത് പാടി ആവും കുളി.

'എടാ നിനക്ക് കുളിക്കാന്‍ കേറുമ്പോഴേ പാട്ട് വരുകയുള്ലോ. പെട്ടന്നൊന്നു ഇറങ്ങിയാലെന്താ? ' അമ്മച്ചിയും ചേച്ചിയും ഒക്കെ പുറത്തു നിന്ന് വഴക്കിടും .ഞാനുണ്ടോ കേള്‍ക്കുന്നു. ഞാന്‍ കച്ചേരിയും ഗാനമേളയും തുടരും.

ഒരു ഞായറാഴ്ച ഇതേപോലെ ഞാന്‍ പാടിത്തകര്‍ത്തപ്പോള്‍, വെളിയില്‍ നിന്നും ചേച്ചിയും ചേട്ടനും കൂടെ വിളിച്ചു പറഞ്ഞു.

'ഡാ. ജോസേ.. എളുപ്പം ഇറങ്ങിയാല്‍ നിന്നെ സിനിമയ്ക്ക് കൊണ്ട് പോകാം എന്ന് അപ്പച്ചന്‍ പറഞ്ഞു. പോകണമെങ്കില്‍ എളുപ്പം ഇറങ്ങിക്കോ'

കള്ളമില്ലാത്ത മനസ്സല്ലേ എന്റേത്. (ഒരു തമാശ ആണേ ). അതുകൊണ്ട് എനിക്ക് അതിലെ ചതി മനസ്സിലായില്ല. യേശു ദാസിനെയും, ജയ ചന്ദ്രനേയും ഒക്കെ പോകാന്‍ പറഞ്ഞിട്ട്, ഞാന്‍ ശട പടാന്ന് കുളിച്ചിറങ്ങി. തല പോലും നേരെ തോര്‍ത്താതെ ഓടി അപ്പച്ച ന്‍റെ അടുത്ത് ചെന്നിട്ടു ചോദിച്ചു...

'ഏതു പടത്തിനാ അപ്പച്ചാ നമ്മള്‍ പോന്നേ? '

'പടമോ? ഏതു പടം? ' അപ്പച്ചന്‍ അമ്പരപ്പോടെ ചോദിച്ചു.

'ചേച്ചി പറഞ്ഞു അപ്പച്ചന്‍ എന്നെ പടത്തിനു കൊണ്ടുപോകും എന്ന്? '

'ഞാന്‍ പടത്തിനൊന്നും പോന്നില്ല. എനിക്ക് അത്യാവശ്യമായി വേറൊരിടത്ത് പോകണം. '

അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌ എല്ലാവരും ചേര്‍ന്ന് എനിക്കിട്ടു പണിഞ്ഞതാണ് എന്ന്. നിമിഷ നേരം കൊണ്ട് ഞാന്‍ സന്തോഷവും സങ്കടവും അടുപ്പിച്ച് അനുഭവിച്ചു. ചമ്മലോടെ അടുക്കള ഭാഗത്തേക്ക് വന്നപ്പോള്‍ അമ്മച്ചിയും, ചേട്ടനും, ചേച്ചിമാരും ഒക്കെ ചേര്‍ന്ന് ഒരു ചിരി. അമ്മച്ചിയുടെ വക ഒരു ചോദ്യവും..

' അപ്പൊ നിനക്ക് നേരത്തെ കുളിച്ചിറങ്ങാനും അറിയാം അല്ലെ? '

പ്രി ഡിഗ്രിക്ക് പഠിക്കുന്ന സമയം മുതല്‍ ഞാന്‍ ഒറ്റയ്ക്ക് സിനിമ കാണാന്‍ പോയിത്തുടങ്ങി. അപ്പച്ചനോട് അനുവാദം ചോദിച്ചാല്‍, സിനിമയ്ക്കുള്ള കാശ് തരും. (പിന്നെന്തിനു കട്ടടിച്ചു പോകണം? ) . ഒരിക്കല്‍ പരീക്ഷാ സമയത്ത്, ഞാന്‍ വീടിന്‍റെ വെളിയില്‍ പോലും ഇറങ്ങാതെ മുഷിഞ്ഞിരുന്നു പഠിക്കുക ആയിരുന്നു. അത് കണ്ട അപ്പച്ചന്‍ എന്നോട് പറഞ്ഞു..

'മോനെ കുട്ടച്ചാ.. ഇങ്ങനെ മുഷിഞ്ഞിരുന്നു പഠിക്കാതെടാ. ഇടയ്ക്കിടെ ഒന്ന് ഫ്രഷ്‌ ആവ്. വേണമെങ്കില്‍ ഒരു പടം പോയി കണ്ടിട്ട് വാ '

അത് കേട്ടുകൊണ്ട് നിന്ന അമ്മച്ചി ഉടനെ പറഞ്ഞു..

'കൊള്ളാം..നല്ല അപ്പന്‍. ഓരോത്തിടത്ത് അപ്പന്മാര്‍, മക്കളെ സിനിമ കാണുന്നതിനു വഴക്ക് പറയും..ഇവിടെ ഒരാള്‍ മോനെ സിനിമ കാണാത്തതിനാണ് വഴക്ക് പറയുന്നത്. '

ആ സംഭവവും ആ സംസാരവും ഇപ്പോഴും എന്‍റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്.
ഒക്കെ ഇന്നലെ നടന്ന പോലെ വ്യക്തമായി കണ്ണിലും തെളിയുന്നുണ്ട്.

ജോലി കിട്ടിയ ശേഷം, ഞാന്‍ സിനിമ കാണുന്നതിനോടൊപ്പം നല്ല നല്ല പടങ്ങളുടെ
C.D അല്ലെങ്കില്‍ DVD വാങ്ങാന്‍ തുടങ്ങി. അപ്പച്ചന്‍ കൊണ്ട് കാണിച്ചിട്ടുള്ളതും, കഥ പറഞ്ഞു തന്നിട്ടുള്ളതും ആയ ഒട്ടു മിക്ക പടങ്ങളും ഇപ്പോള്‍ എന്‍റെ കളക്ഷനില്‍ ഉണ്ട്. ചിലപ്പോള്‍ അതൊക്കെ കൊണ്ട് നാട്ടില്‍ ചെന്ന്, വീടിലുള്ള DVD പ്ലെയറില്‍ ഇട്ടു കാണുമ്പോള്‍ , എന്‍റെ ചേച്ചി പറയും

' കുട്ടാ.. ഇപ്പോള്‍ അപ്പച്ചന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ത് മാത്രം സന്തോഷിക്കുമായിരുന്നു എന്നറിയാമോ? '

ഞാനും ഓര്‍ക്കും. സത്യം തന്നെ. അപ്പച്ചന്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍, തിയേറ്ററില്‍ പോലും പോകേണ്ട ആവശ്യം വരുത്താതെ ഒരു ഹോം തിയേറ്റര്‍ തന്നെ ഞാന്‍ ശരിയാക്കി കൊടുക്കില്ലായിരുന്നോ.

' മക്കളെ ഡാ... തിയേറ്ററില്‍ പോയി സിനിമ കാണുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണെടാ '

അപ്പച്ചന്‍ അടുത്തെവിടെയോ ഇരുന്നു പറയുന്ന പോലെ തോന്നി .


ജോസ്
ബാംഗ്ലൂര്‍
15- Feb- 2011

2011, ഫെബ്രുവരി 12

മീനാ കുമാരിയും, മോണാ ലിസയും പിന്നെ കുറെ കവിതകളും ...


എന്‍റെ ഒരു നോട്ടു ബുക്ക്‌ കളഞ്ഞുപോയി. പഴയ പേപ്പറുകള്‍ വച്ചിരുന്നതിന്‍റെ കൂടെ ഇരുന്നത് ആക്രിക്കച്ചവടക്കാരന് എടുത്തു കൊടുത്തു കാണണം. ഒരു നോട്ട് ബുക്ക്‌ പോയതിനു എന്തിനിത്ര വിഷമിക്കണം എന്ന് ചോദിച്ചാല്‍...അത് വെറും നോട്ട് ബുക്ക്‌ അല്ലായിരുന്നു സുഹൃത്തേ...എന്നെ സംബധിച്ചിടത്തോളം ഒരു നിധി തന്നെ ആയിരുന്നു...കുട്ടിക്കാലത്ത് കുറിച്ചിട്ട കുറെ കവിതകള്‍...അഞ്ചാം ക്ലാസ് മുതല്‍ എഴുതിയവ...ബാലരമയിലും പൂമ്പാറ്റയിലും മറ്റും പ്രസിദ്ധീ കരിക്കാന്‍ എഴുതി നോക്കിയ കവിതകള്‍.(ഒന്നും പ്രസിദ്ധീകരിച്ചില്ല )..ഒന്ന് രണ്ടു കഥകളും...ഒക്കെ ഒരു ഡിജിറ്റല്‍ വേര്‍ഷന്‍ ആക്കാം എന്ന് കരുതി നാട്ടില്‍ പോയപ്പോള്‍ എടുത്തുകൊണ്ടു വന്നതാണ്. അതാണ്‌ നഷ്ടമായത്.

പൈസ കളഞ്ഞുപോയാല്‍ വീണ്ടു ഉണ്ടാക്കാം.. പക്ഷെ ആ ബുക്ക്‌ കളഞ്ഞുപോയപ്പോള്‍ നഷ്ടമായത്, ഓര്‍മ്മയുടെ തേരിലേറി കുഞ്ഞിക്കാലത്തേക്ക് യാത്ര ചെയ്യാനുള്ള ഒരു ടിക്കറ്റാണ്. ഞാന്‍ എവിടെയൊക്കെയോ പേപ്പറുകളില്‍ കുത്തിക്കുറിച്ചിട്ട ആ കവിതകള്‍, എന്‍റെ മൂത്ത ചേച്ചിയാണ് വളരെ നല്ല അക്ഷരത്തില്‍ ഒരു കൊച്ചു ഡയറിയില്‍ കുറിച്ചിട്ടത്‌.

ഭാഗ്യത്തിന്, അതിലെ മൂന്നാല് കവിതകള്‍ ഞാന്‍ എന്‍റെ ഡിജിറ്റല്‍ ക്യാമറ കൊണ്ട് പകര്‍ത്തി വച്ചിട്ടുണ്ട്. അതൊക്കെ ഒന്ന് വായിച്ചപ്പോള്‍ തന്നെ ഒരു രസം തോന്നി. ബാക്കി പിന്നെ ചെയ്യാം എന്ന് കരുതി ഇരിക്കവേ ആണ് ആ ബുക്ക്‌ നഷ്ടമായത്.

ഇത്തരത്തിലെ നഷ്ടത്തിന്റെ കഥ പറയുമ്പോള്‍ ഓര്‍മ്മ വരുന്ന മറ്റു ചില നഷ്ടങ്ങള്‍ കൂടി ഉണ്ട്..മീന കുമാരിയുടെ... കരിഷ്മാ കപൂരിന്‍റെ , ഐശ്വര്യ റായിയുടെ ... (സുന്ദരി പെണ്ണുങ്ങള്‍... നഷ്ടം...ഇതൊക്കെ പറയാന്‍ ഇവനാരെടാ..വല്ല കാസനോവയോ റോമിയോയോ മറ്റോ ആണോ? ...അങ്ങനെ ഒന്നും വിചാരിക്കരുതേ.. ഞാന്‍ പാവമാണേ. ഞാന്‍ പറയാന്‍ പോകുന്നത് വെറും പടങ്ങളെ കുറിച്ചാണേ )

രാജാ രവി വര്‍മ്മയുടെ പടങ്ങളില്‍ നിന്നും ആവേശം കൊണ്ടാവാം, ഞാനും കുഞ്ഞിലെ മുതല്‍ മതിലിലും പേപ്പറിലും ഒക്കെ ഏതെങ്കിലും വരക്കുമായിരുന്നു..
അന്നൊക്കെ വരയ്ക്കാന്‍ ഹരം ദൈവങ്ങളെയും, സൂപ്പര്‍ ഹീറോകളെയും(ഫാന്റ്റം , മാന്‍ഡ്രെ ക്ക്, സൂപ്പര്‍ മാന്‍ , ബാറ്റ് മാന്‍ ) ഒക്കെയായിരുന്നു. ദൈവങ്ങളില്‍ ഏറ്റവും ഇഷ്ടം ശ്രീ കൃഷ്ണനെയും ഹനുമാനെയും ആയിരുന്നു. ( അത് സ്വഭാവത്തിന്‍റെയും മുഖ ലക്ഷണത്തിന്‍റെയും ഗുണം ആണെന്ന് ചില കള്ള $%$£$**% കള്‍ പറയാറുണ്ട്‌).

അപ്പോഴും എനിക്കിഷ്ടം പെന്‍സില്‍ കൊണ്ട് വരയ്ക്കുന്നതായിരുന്നു. ഇപ്പോഴും. വാട്ടര്‍ കളര്‍ കൊണ്ട് പയറ്റി നോക്കിയെങ്കിലും അത് എന്തോ എനിക്ക് പറ്റിയതല്ല എന്ന് തോന്നി.

സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് കുറെ ഏറെ വരച്ചു. കുറച്ചൊക്കെ, വീട്ടില്‍ ഏതോ പെട്ടിക്കകകത്തു ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. കോളേജില്‍ ആയപ്പോള്‍ സയന്‍സ് പഠനത്തിന്‍റെ തിരക്കില്‍ വരപ്പും എഴുത്തും ഒക്കെ കുറച്ചു പുറകിലോട്ടു പോയി. പക്ഷെ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഒരു വൈകുന്നേരം, എവിടുന്നോ ഉള്‍ക്കൊണ്ട ഒരു പ്രചോദനം, എന്നെക്കൊണ്ട് ഒരു പടം വരപ്പിച്ചു...മഹാനായ ഡാവിഞ്ചിയുടെ , പേര് കേട്ട ചിത്രം... മോണാ ലിസ. എന്‍റെ ഓലപ്പുരയിലെ, കുടുസായ പഠന മുറിയിലെ, നാല്പതു വാട്ട് ബള്‍ബിന്‍റെ വെളിച്ചത്തില്‍ നാലഞ്ച് മണിക്കൂര്‍ ഒറ്റയിരിപ്പ് ഇരുന്നു ഞാന്‍ അത് വരച്ചു. വരച്ചതെവിടെയെന്നോ.. മതിലില്‍...

നല്ല പണിപെട്ട്, വരച്ചു കഴിഞ്ഞപ്പോള്‍ ഒരു അഭിമാനം തോന്നി ( കോപ്പി അടിച്ചു വരച്ച എനിക്ക് ഇത്ര സന്തോഷം തോന്നി എങ്കില്‍, മോണാ ലിസയെ വരച്ച ഡാവിഞ്ചിയുടെ സന്തോഷം എത്ര ആയിരുന്നിരിക്കും) .

പക്ഷെ പിന്നീടാണ് ഒരു കാര്യം മനസ്സിലായത്‌. മതിലില്‍ വരച്ച ആ ചിത്രം ഒരിക്കലും എനിക്ക് സൂക്ഷിച്ചു വയ്കാന്‍ ആവില്ല. പഴയ ആ വീടിന്‍റെ മതിലുകള്‍ ഇപ്പോഴേ വിണ്ടു പൊട്ടാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ പുതിയ വീട്ടിലേക്കു താമസം മാറിക്കഴിഞ്ഞു. പഴയ വീട് എത്ര നാള്‍ അങ്ങനെ കാണും എന്നും അറിയില്ല. എന്തായാലും, ആ പടത്തിനെ ഓര്‍ക്കാനായി, എന്‍റെ അളിയന്‍, അദ്ദേഹത്തിന്‍റെ ഡിജിറ്റല്‍ ക്യാമറയില്‍ അതിന്റെ ഒരു പടം എടുത്തു തന്നു...ഓര്‍മ്മയ്ക്കായി.

അത് പോലെ തന്നെയായിരുന്നു മറ്റു ചില പടങ്ങളും. റൂര്‍ക്കിയില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത്, ഹോസ്റ്റ്ലിലെ മതിലില്‍ ഞാന്‍ കരിഷ്മാ കപൂറിനെയും, ഐശ്വര്യ റായിയും, മീനാ കുമാരിയും വരച്ചിട്ടു. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്കെച്ച് മീനാ കുമാരിയുടെതായിരുന്നു. ഒരു ശനിയാഴ്ച രാത്രി ഉറക്കം കളഞ്ഞു നാലഞ്ചു മണിക്കൂര്‍ ഇരുന്നു വരച്ചതാണ് മീനാ കുമാരിയെ. ..ഒരു സൌന്ദര്യത്തിന്റെ നിറ കുടം അല്ലായിരുന്നോ മീനാ കുമാരി. മനോഹരമായ കണ്ണുകളും ചുണ്ടുകളും. അതൊക്കെ അതെ പടി ചിത്രത്തില്‍ പകര്‍ത്താന്‍ ഞാന്‍ കുറെ ഏറെ സമയം കൂടുതല്‍ ചിലവഴിച്ചു. പക്ഷെ, എന്‍റെ സൃഷ്ടിയെ അഭിമാന പൂര്‍വ്വം നോക്കിക്കണ്ട് കൊതി തീരും മുന്‍പേ തന്നെ പ്രശ്നങ്ങള്‍ തുടങ്ങി.

എന്‍റെ റൂമില്‍ വരുന്ന ഓരോ സുഹൃത്തും, മീനാ കുമാരിയുടെ പടത്തില്‍, ആ മാദകത്വം തുളുമ്പുന്ന ചുണ്ടുകളില്‍ ഉമ്മ വയ്കാന്‍ തുടങ്ങി. ഓരോരുത്തന്മാര്‍ വന്നു ഉമ്മ വയ്ക്കുമ്പോഴും..പടത്തിന്‍റെ ചുണ്ടിന്‍റെ ഭാഗം മായാന്‍ തുടങ്ങും. വേദനയോടെ ഞാന്‍ പറയും

'എടാ ..എടാ..മച്ചാ..ദ്രോഹിക്കാതെടെയ്... എത്ര നേരത്തെ പണി ആണെന്നറിയാമോ? '

ആരും പക്ഷെ കൂട്ടാക്കില്ല. വരുമ്പോഴും പോകുമ്പോഴും ഓരോരോ ഉമ്മ...അതാവും സ്റ്റൈല്‍. അവന്മാര്‍ പോയിക്കഴിയുമ്പോള്‍ ഞാന്‍ വീണ്ടും അവിടം വരച്ചു ശരിയാക്കും. ശല്യം സഹിക്കാതെ വന്നപ്പോള്‍ പടത്തിന്‍റെ മുകളില്‍ ഞാന്‍ ഒരു പോളിത്തീന്‍ പേപ്പര്‍ ഒട്ടിച്ചു. എന്നാലും അതിന്‍റെ മുകളില്‍ കൂടെ അവന്മാര്‍ ഉമ്മ വയ്ക്കുമായിരുന്നു.

അന്നൊന്നും എന്‍റെ കയ്യില്‍ ക്യാമറ ഇല്ലായിരുന്നു. അത് കാരണം ഒരു പടം എടുത്തു വയ്ക്കാന്‍ പോലും കഴിഞ്ഞില്ല. മതിലില്‍ വരയ്ക്കുന്നതിനു പകരം പേപ്പറില്‍ വരചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആലോചിക്കുമായിരുന്നു. (പക്ഷെ , മതിലില്‍ വരയ്ക്കുന്നതിനു ഒരു ത്രില്ല് തന്നെ ആണേ )

ആ വര്‍ഷം വേനല്‍ അവധിക്കു നാട്ടില്‍ പോയിട്ട് തിരികെ വന്നപ്പോള്‍ ശരിക്കും വിഷമം വന്നു. മീനാ കുമാരിയുടെ പടത്തിന്‍റെ മുകളിലൂടെ ഹോസ്ടല്‍ ജോലിക്കാര്‍ ഒരു കോട്ട് പെയിന്ടടിച്ചു കളഞ്ഞു .

അതില്‍പ്പിന്നെ മതിലില്‍ വരച്ചിട്ടില്ല. പേപ്പറിലെ വരയ്ക്കാറുള്ളൂ . ഒന്നുമില്ലെങ്കിലും, വയസ്സു കാലത്ത് ഒന്നെടുത്തു നോക്കാമല്ലോ..ആയ കാലത്ത് ചെയ്ത കാര്യങ്ങള്‍ ഓര്‍ത്തു സമയം കളയുന്ന സമയത്ത് . (അത് വരെയൊക്കെ ജീവിച്ചിരുന്നാല്‍.. പറയുമ്പോള്‍ അതും പറയണമല്ലോ )


ജോസ്
ബാംഗ്ലൂര്‍
13- feb-2011

ക്വാലീസും കുട്ടിപ്പടയും ....
സമയം അതി രാവിലെ അഞ്ചു മുപ്പത്. ദിവസം ഞായറാഴ്ച. വീട്ടില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡ്‌ വിജനമായിരുന്നു. കാറിന്‍റെ ആക്സിലേറ്ററില്‍ ഞാന്‍ അമര്‍ത്തി ചവുട്ടി. വേഗത 80 ല്‍ കവിഞ്ഞപ്പോള്‍ ഒരു രസം തോന്നി. വിജനമായ റോഡില്‍ ഇത്ര രസമാണെങ്കില്‍ തിരക്കുള്ള റോഡില്‍ എന്ത് രസമായിരിക്കും.അങ്ങനെ ഓര്‍ത്തപ്പോള്‍ തന്നെ വഴിയില്‍ ഒരു ബോര്‍ഡ് കണ്ടു.

"speed thrills, but kills

ഒരു നിമിഷത്തെ മൂഢതയെ മാറ്റിക്കളഞ്ഞു ഞാന്‍ വേഗത കുറച്ചു. പിന്നെ സ്റ്റേഷനില്‍ ചെന്ന് ട്രെയിന്‍ വരാന്‍ കാത്തു നിന്നപ്പോള്‍ ഒരു സംഭവം ഓര്‍ത്തുപോയി. ഒരു കാര്‍ യാത്ര.

മൂന്നു വര്‍ഷം മുന്‍പ്...എന്‍റെ കുഞ്ഞനിയത്തിയുടെ (കസിന്‍) കല്യാണം കൂടാനായി നാട്ടിലെത്തിയ സമയം. കല്യാണത്തിന്‍റെ തലേന്ന് തന്നെ വീട്ടുകാരും ബന്ധുക്കളും ഒക്കെ അനിയത്തിയുടെ വീട്ടില്‍ ഒത്തുകൂടി. എല്ലാവര്‍ക്കും കൂടി കിടക്കാനും മറ്റും അവിടെ സ്ഥലം ഇല്ലായിരുന്നതിനാല്‍, വൈകിട്ട് കിടക്കാനും, കുളിച്ചു ഫ്രഷ്‌ ആവാനും മറ്റും അടുത്തുള്ള ഒരു ബന്ധുവീട്ടില്‍ പോകാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. കല്യാണ വീട്ടില്‍ നിന്നും ഏകദേശം പത്തു കിലോമിറ്റര്‍ വരും ഈ ബന്ധു വീട്.

കല്യാണത്തിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഓടാനായി ഒരു ക്വാലീസ് കാര്‍ വാടകയ്ക്ക് എടുത്തിരുന്നു. അനിയത്തിക്കും വീട്ടുകാര്‍ക്കും ഒക്കെ നന്നായി പരിചയമുള്ള ഒരു പയ്യന്‍സായിരുന്നു അതിന്‍റെ ഡ്രൈവര്‍. അവരുടെ ദൂരയാത്രകള്‍ക്കൊക്കെ വരുന്ന ഒരു പയ്യന്‍സ്.

വൈകിട്ടായപ്പോള്‍ ഞാനും ഒരു കുട്ടിപ്പടയും (ചേച്ചിമാരുടെയും, ചേട്ടന്മാരുടെയും ഒക്കെ മക്കള്‍) ആ ക്വാലീസ് കാറില്‍ കയറി ബന്ധു വീട്ടിലേക്കു യാത്ര തിരിച്ചു. കുട്ടിപ്പട 'ഡ്രൈവര്‍ ചേട്ടനുമായി ' നേരത്തെ തന്നെ നല്ല ചങ്ങാത്തം കൂടിയിരുന്നു. നേരത്തെ എപ്പോഴോ കുട്ടിപ്പടയുമായി വെളിയില്‍ പോയ സമയത്ത് ഡ്രൈവര്‍ പയ്യന്‍ വണ്ടി കത്തിച്ചു വിട്ട് കുട്ടിപ്പടയെ ത്രില്ലടിപ്പിച്ചു എന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല.

പുറപ്പെട്ടപ്പോള്‍ ഞാന്‍ മുന്‍ സീറ്റില്‍ ആയിരുന്നു..കുട്ടികള്‍ പുറകിലും. ഞങ്ങളുടെ മുന്‍പില്‍ മറ്റൊരു വണ്ടിയില്‍ ചേട്ടന്മാരും ചേച്ചിമാരും ഉണ്ടായിരുന്നു. യാത്ര തുടങ്ങിയപ്പോഴേ കുട്ടികള്‍ പറഞ്ഞു...

'ചേട്ടാ..മറ്റേ വണ്ടിയെ തോല്‍പ്പിക്കണം . നല്ല അടിച്ചു പറത്തി വിട്ടോ '

അത് കേട്ടതും, ഡ്രൈവര്‍ വണ്ടി കത്തിച്ചു വിടാന്‍ തുടങ്ങി. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ വണ്ടി അടിച്ചു മിന്നിപ്പറന്നപ്പോള്‍ മുന്‍ സീറ്റില്‍ ഇരുന്ന എന്‍റെ ടെന്‍ഷന്‍ പതിന്‍ മടങ്ങായി. വണ്ടിയുടെ നട്ടും ബോള്‍ട്ടും ഇളകിയില്ലെങ്കിലും എന്‍റെ ബോള്‍ട്ട് ഇളകും എന്ന് എനിക്ക് തോന്നി. എതിരെ വണ്ടികള്‍ വരുമ്പോള്‍ ചിലപ്പോള്‍ ഡ്രൈവര്‍ വണ്ടി ഇടത്തോട്ട് നന്നായി വെട്ടിക്കും. ഞാന്‍ പേടിച്ച് കണ്ണും അടച്ചു ഇരിക്കും. എങ്ങാനും വണ്ടി ഒന്ന് പാളിയാലോ? ജീവിച്ചു കൊതി തീര്‍ന്നിട്ടില്ല..ഇനി എന്തെല്ലാം കാണാനും കേള്‍ക്കാനും ചെയ്യാനും കിടക്കുന്നു. കുട്ടിപ്പട ആപ്പോഴും നല്ല ആവേശത്തില്‍ തന്നെ ആയിരുന്നു. കുറച്ചു കഴിഞ്ഞു ഞാന്‍ പറഞ്ഞു...

'മാഷേ...ഇത്ര സ്പീഡ് വേണോ? കുറച്ചു നട്ടിലും ബോല്‍ട്ടിലും നില്‍ക്കുന്ന ഒരു സാധനം അല്ലെ ഇത്? എങ്ങാനും വല്ലതും ഇളകിപ്പോയാലോ? '

ഇത് കേട്ടപാതി അവന്‍ നമ്മളെ ഒന്ന് ഊതിക്കൊണ്ടു പിള്ളേരോട് പറഞ്ഞു..

'ഡേയ് ..കണ്ടാ.. കഷ്ടം തന്നെ. നിങ്ങടത്ര ധൈര്യം പോലും ഈ അണ്ണന് ഇല്ല. അണ്ണാ ധൈര്യമായിരിക്കണം. നമ്മള് ഈ സീറ്റില്‍ ഇരിക്കുമ്പം വണ്ടിക്ക് ഒരിക്കലും കണ്ട്രോള്‍ തെറ്റൂല്ല. ട്രക്കും ലോറിയും ഒക്കെ ഓടിച്ച കയ്യല്ലേ അണ്ണാ ഇത്. '

അപ്പോള്‍ ഞാന്‍ അവനോടു ചോദിച്ചു.

'ആഹാ.. അപ്പോള്‍ ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടല്ലേ. പിന്നെന്താ കാറോടിക്കുന്നെ ? '

'അണ്ണാ..അതൊരു കഥയാണ്. അത്.. ഞാന്‍ പണ്ട് നമ്മടെ ത്രിക്കണ്ണാപുരം റൂട്ടില്‍ പ്രൈവറ്റ് ബസ്സിലെ ഡ്രൈവര്‍ ആയിട്ട് വര്‍ക്ക് ചെയ്യായിരുന്ന്. അപ്പോഴല്ലേ ഒരു കേസായത്. '

'കേസോ... എന്ത് കേസ് ? '

'ഒരു ദിവസം ..ഞാന്‍ നല്ല സ്പീഡില്‍ പോവായിരുന്നു. മുന്‍പില്‍ ഒരു അമ്മാവന്‍ സൈക്കിളില്‍.. പയ്യെ.... ഉരുട്ടി ഉരുട്ടി നമ്മടെ വണ്ടീടെ മുന്നേ. വളവില്‍ വച്ച് അങ്ങേരു കേറി വണ്ടിക്കു അട വച്ച്. സംഗതി അപ്പോഴേ ക്ലീന്‍. അത് കണ്ടു ആളുകള്‍ ഒക്കെ ഓടിക്കൂടി നമ്മളെ എടുത്തു ചാമ്പാന്‍ വന്നു. ഞാന്‍ ഓടിത്തള്ളീല്ലേ. കുറ്റം നമ്മടെ അല്ലായിരുന്നണ്ണാ . വണ്ടി എന്‍റെ കണ്ട്രോളില്‍ അല്ലായിരുന്നോ. അമ്മാവന്‍ കേറി ഉളുക്കാക്കിയതല്ലേ. എന്‍റെ ബെസ്റ്റ് സമയം. അല്ലാതെ എന്ത് പറയാന്‍. പിന്നെ കേസായി..പുലിവാലായി...എന്‍റെ ലൈസന്‍സ് പോയി. ഒരു വിധം ആണ് അതീന്നു ഊരിപ്പോയത്. പിന്നെ വീണ്ടും ലൈസന്‍സ് ഒപ്പിച്ചു. അതീപ്പിന്നെ കാറാണ് ഓടിക്കണത്.

ഇത്രയും പറഞ്ഞു തീര്‍ന്നതും എതിരെ വന്ന ഒരു വണ്ടിയില്‍ ഇടിക്കാതെ അവന്‍ വണ്ടി നന്നായി ഇടത്തോട്ട് വെട്ടിച്ചു. ഞങ്ങള്‍ എല്ലാവരും നന്നായി ഉലഞ്ഞു. പിള്ളേര്‍ക്ക് അപ്പോഴും ത്രില്ല് തന്നെ. ഞാന്‍ അമ്മച്ചി പറഞ്ഞു തന്നിട്ടുള്ള ദിവ്യന്മാരുടെയും പുണ്യാളന്‍മാരുടേയും ഒക്കെ പേരുകള്‍ ഓര്‍ത്തു.

'ഗീവര്‍ഗീസ് പുണ്യാളാ , അന്തോനീസ് പുണ്യാളാ , വേളാങ്കണ്ണി മാതാവേ..കാത്തു കൊള്ളേണമേ '

വല്ല വിധേനയും വീട്ടില്‍ എത്തിക്കഴിഞ്ഞാണ് സമാധാനം ആയത്. പിറ്റേന്നും ആ പയ്യന്‍സിന്‍റെ കൂടെയാണ് കല്യാണം നടക്കുന്ന പള്ളിയിലേക്ക് പോയത്. പക്ഷെ കൂടെ പിള്ളേര്‍ ആരും ഇല്ലായിരുന്നതിനാല്‍ ആവും, പയ്യന്‍സ് നല്ല മര്യാദക്ക് വണ്ടി ഓടിച്ചു. പള്ളി മുറ്റത്ത്‌ ഇറങ്ങാന്‍ നേരം അവന്‍ എന്നോട് ഒരു ചോദ്യം ചോദിച്ചു..

'അണ്ണാ..ഇന്നലെ വണ്ടി റേസ് ചെയ്തപ്പോള്‍ അണ്ണന്‍റെ ഗ്യാസ് പോയല്ലേ. ഇരുപ്പു കണ്ടപ്പോഴേ തോന്നി. ' . അതും പറഞ്ഞു അവന്‍ ഒരു ചിരി പാസ്സാക്കി. ഞാന്‍ വെറുതെ ചിരിച്ചതെ ഉള്ളൂ. അല്ലാതെന്തു പറയാന്‍... ജീവനുണ്ടല്ലോ ..അത് തന്നെ ഭാഗ്യം..ഞാന്‍ മനസ്സില്‍ പറഞ്ഞു.


ജോസ്
ബാംഗ്ലൂര്‍
12- feb-2011


Protected by Copyscape Web Copyright Protection Software

2011, ഫെബ്രുവരി 6

നാക്കേ സൂക്ഷിക്കണേ...


ചിലരുടെ ചില സമയത്തുള്ള സംസാരം കേട്ടാല്‍ വളരെ നിഷ്കളങ്കം ആണെന്നെ തോന്നൂ. പക്ഷെ അത് വേണ്ടാത്ത ചില സന്ദര്‍ഭങ്ങളില്‍ ആണെങ്കിലോ? പൊല്ലാപ്പിന്‍റെ പൂരം ആവാം പിന്നെ. നമ്മുടെ കഥാ നായകന് പറ്റുന്നതും അത് തന്നെ.

പരമേശ്വരന്‍ പിള്ള. അതാണ്‌ നമ്മുടെ കഥാ നായകന്‍റെ പേര്. പ്രായം നാല്‍പ്പതിനു അടുപ്പിച്ചു വരും. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ക്ലാര്‍ക്ക് ആണ്. ആളൊരു പാവവും, പരോപകാരിയും ഒക്കെ ആണ്. ചിലര്‍ പരമൂ എന്നും, മറ്റു ചിലര്‍ പരമു അണ്ണാ എന്നും അയാളെ വിളിക്കും.

ഒരിക്കല്‍ പരമുവിന്‍റെ ഒരകന്ന ബന്ധത്തിലെ ഒരു അപ്പൂപ്പന്‍ ഇഹലോക വാസം വെടിഞ്ഞു. ആ സമയത്ത് പരമു കുടുംബവുമായി ഊട്ടിയില്‍ ആയിരുന്നു...പിള്ളേരുടെ അവധിക്കാലം ആഘോഷിച്ചുകൊണ്ട്. ഊട്ടിയില്‍ ഇരിക്കുമ്പോള്‍ തന്നെ പരമു കാര്യം അറിഞ്ഞെങ്കിലും, വന്നില്ല. ഉടനെ തിരിച്ചാലും അടക്കമൊക്കെ കഴിഞ്ഞേ നാട്ടില്‍ എത്തുകയുള്ളൂ. പിന്നെ ഓടിപ്പിടച്ച്‌ വന്നിട്ട് കാര്യമില്ലല്ലോ. എന്നാപ്പിന്നെ തിരികെ ചെന്നിട്ടു മരണ വീട്ടില്‍ പോകാം എന്ന് പരമു കരുതി.

ഊട്ടിയില്‍ നിന്നും വന്ന ശേഷം പരമു മരണ വീട്ടില്‍ പോയി. മരിച്ച വല്യപ്പന്‍റെ മകന്‍ , ഒരു കാര്‍ന്നോര്‍ , മുഖത്ത് കുറച്ചു നീരസത്തോടെ ആണ് പരമുവിനെ എതിരേറ്റത്.

" ആ.. പരമുവോ..നീ ഊട്ടിയില്‍ ഉല്ലസിക്കുകയല്ലായിരുന്നോടെയ് ? മരിച്ച വിവരം നിന്നെ ഉടനെ തന്നെ അറിയിച്ചതല്ലേ? വരാമായിരുന്നില്ലെടെയ് ?

പാവം പരമു. ഭയ ഭക്തി ബഹുമാനത്തോടെ, മറ്റൊന്നും വിചാരിക്കാതെ പറഞ്ഞു.

"ഇത്തവണ സമയത്തെത്താന്‍ പറ്റിയില്ല അമ്മാവാ. അടുത്ത തവണ ഞാന്‍ തീര്‍ച്ചയായും വരും "

കാര്‍ന്നോര്‍ ഒന്ന് ഞെട്ടി. പരമുവിനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയ ശേഷം പറഞ്ഞു

" നീ എന്‍റെ പെലവിളി കണ്ടിട്ടേ അടങ്ങൂ അല്ലേടെയ്? "

വീടിലുണ്ടായിരുന്ന മറ്റുള്ളവരുടെ കാരുണ്യം കൊണ്ട് പരമു കാര്‍ന്നോരുടെ ദേഷ്യത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ .

പിന്നെ പരമുവിന് അക്കിടി പറ്റിയത് മറ്റൊരു മരണത്തിനാണ്. ഓഫിസിലെ ഒരു സഹ പ്രവര്‍ത്തകയുടെ ഭര്‍ത്താവ് ഒരു വാഹന അപകടത്തില്‍ മരിച്ചു പോയി. ആ സ്ത്രീ വാര്‍ത്ത അറിഞ്ഞത് ഓഫീസില്‍ ഇരിക്കുമ്പോഴാണ്. അവര്‍ വാവിട്ടു കരയുന്ന സമയത്ത്, പരമു അവരെ ആശ്വസിപ്പിക്കാന്‍ ചെന്നിട്ടു പറഞ്ഞു

"കരയാതെ സരസു..പോട്ടെ സാരമില്ല " (കൊച്ചു കുട്ടികള്‍ കയ്യോ കാലോ മുറിഞ്ഞിട്ടു കരയുമ്പോള്‍, അവരെ ആശ്വസിപ്പിക്കാന്‍ പറയുന്ന പോലെ പരമു പറഞ്ഞു)

"എന്‍റെ കെട്ടിയോന്‍ പോയത് സാരമിലെന്നു പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നി പരമു അണ്ണാ.. ? "

അലമുറയിട്ടു വിളിക്കുന്നതിനിടെ സരസു പരമുവിന്‍റെ നേരെ അലറിക്കൊണ്ട്‌ ചോദിച്ചു

" ശേ..നിങ്ങളിടെന്താപ്പാ ഈ പറയണേത് ? ഇപ്പൊ അവരൂടി പറയേണ്ടത് ഇതാണാപ്പാ ? നിങ്ങള് വരീന്‍ "

കാഷ്യര്‍ മോയ്തൂട്ടി പരമുവിനെ അവിടുന്ന് തക്കത്തില്‍ മാറ്റി. അതിനാല്‍ വേറെ അധികം ആരും അറിഞ്ഞില്ല പരമുവിന്‍റെ നാക്കിന്‍റെ പിഴ. പാവം പരമു വേറൊന്നും മനസ്സില്‍ വിചാരിച്ചല്ല പറഞ്ഞത്. പക്ഷെ അങ്ങനെ പറഞ്ഞിട്ട് കാര്യമുണ്ടോ? പറയേണ്ടിടത്ത് പറയേണ്ടതല്ലേ പറയാവൂ.

പിന്നത്തെ അക്കിടി പറ്റിയതും മരണ വാര്‍ത്തയുടെ തുടര്‍ച്ചയായാണ്. പരമുവിന്‍റെ കൂടെ ജോലി ചെയ്ത ഒരു സുബ്രമണ്യന്‍ എന്ന ഒരാള്‍, രണ്ടു വര്‍ഷം മുന്‍പേ മറ്റൊരു ഡിവിഷനിലേക്ക് മാറ്റം വാങ്ങി പോയി. പിന്നത്തെ രണ്ടു വര്‍ഷം അയാളുമായി അധികം കാണാനോ സംസാരിക്കാനോ പരമുവിന് പറ്റിയിട്ടില്ലായിരുന്നു. കൂടെ ജോലി ചെയ്ത സമയത്തും അവര്‍ തമ്മില്‍ നല്ല രസത്തില്‍ അല്ലായിരുന്നു.

അങ്ങനെ ഇരിക്കെ ഒരിക്കല്‍ പരമു ഒരു വാര്‍ത്ത അറിഞ്ഞു. കരമന ഡിവിഷനിലെ സുബ്രമണ്യം ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചു എന്ന് . ഇത് കേട്ട പരമുവിന് നല്ല വിഷമം ആയി. ഒന്നുമില്ലെങ്കിലും കുറെ നാള്‍ കൂടെ ജോലി നോക്കിയ ആള്‍ അല്ലെ. പക്ഷെ വാര്‍ത്തയുടെ വിശദാംശം അറിയാനോ മരണ വീട്ടില്‍ പോകാനോ ഒന്നും പരമു മെനക്കെട്ടില്ല. ജോലിത്തിരക്കാവാം കാരണം. അതിനാല്‍, യഥാര്‍ത്ഥത്തില്‍ മരിച്ചത് മറ്റൊരു സുബ്രമണ്യം ആയിരുന്നു എന്ന കാര്യം പരമു അറിഞ്ഞില്ല.

അങ്ങനെ ഇരിക്കെ, ഒരു ദിവസം റോഡില്‍ വച്ച് , പരമു പഴയ സഹ പ്രവര്‍ത്തകനായ സുബ്രമണ്യത്തെ കണ്ടു . പെട്ടന്ന് ഞെട്ടിയ പരമു അത്ഭുതത്തോടെ ചോദിച്ചു.

" സുബ്ബൂ..നീ മരിച്ചു പോയില്ലെടെയ്? നീ എങ്ങനെ ....? "

പെട്ടന്ന് അബദ്ധം മനസ്സിലായെങ്കിലും, വീണ്ടും പരമു പറഞ്ഞു..

" നീ മരിച്ചു പോയന്നാണല്ലോടെയ് ഞാന്‍ കേട്ടത്. അപ്പം നീയല്ല അല്ലെ മരിച്ചത്?"

പണ്ടേ പരമുവിനോട്‌ ചൊരുക്കുള്ള സുബ്രമണ്യം പറഞ്ഞു.

"ഞാന്‍ പയറ് പോലെ നടക്കുന്നത് കണ്ടിട്ട് നിനന്ക്ക് സഹിക്കുന്നില്ല. അല്ലേടാ ... "$^%^^&$£%* (പിന്നെ ചേര്‍ത്തു പറഞ്ഞത് തെറി. ഇവിടെ എഴുതാന്‍ കൊള്ളില്ല )

ഒന്ന് തിരിഞ്ഞു നോക്കി, ഈ നടന്നതൊന്നും ആരും അറിഞ്ഞില്ല എന്ന് ഉറപ്പു വരുത്തി, പരമു സ്ഥലം കാലിയാക്കി എന്നാണു സുബ്രമണ്യത്തിന്‍റെ കൂട്ടുകാര്‍ വഴി ഞാന്‍ അറിഞ്ഞത്.

ഇങ്ങനെ അബദ്ധം പറയുന്ന പരമുവിനെ ചൊടിപ്പിച്ച ഒരു സംഭവം ഉണ്ടായി. കടുവയെ കിടുവ പിടിച്ചു എന്ന് പറയുന്ന പോലെ.

പരമുവിന് എന്തോ പ്രശ്നം വന്ന് വയറു കേടായി. അത് മൂത്ത് വയറിളക്കവും ശര്‍ദ്ദിലും പിന്നെ വേറെ എന്തൊക്കെയോ ആയി. അവസാനം ആശുപത്രിയില്‍ I. C. Uവില്‍ കൊണ്ട് കിടത്തി. മൂന്നാല് ദിവസം അവിടെ കിടന്ന ശേഷം പിന്നെ വാര്‍ഡിലേക്കും മാറ്റി. ഒന്നും കഴിക്കാന്‍ പറ്റാതെ പരമു ഒരു കോലം ആയായിരുന്നു . എന്നാലും പരമുവിന്‍റെ വാച്ചകമടിക്കൊന്നും ഒരു കുറവും ഇല്ലായിരുന്നു. വാര്‍ഡിലുള്ള നഴ്സ് പെണ്‍പിള്ളേരോട് വാചകമടിച്ചു അയാള്‍ സമയം കളഞ്ഞു. നഴ്സുമാര്‍ക്കൊക്കെ 'പരമു അണ്ണനെ' ഇഷ്ടമായി. ഡിസ്ചാര്‍ജ് ചെയ്യാന്‍ സമയം ആയപ്പോള്‍ ഒരു നഴ്സ് സങ്കടത്തോടെ പറഞ്ഞു..

"അയ്യോ പരമു അണ്ണാ..പോവാണോ? ഇനി വരുമ്പോള്‍ നല്ല ആരോഗ്യമൊക്കെ വച്ചിട്ട് വരണേ? "

വീണ്ടും I.C.U വിലും മറ്റും വന്ന് കിടക്കുന്ന കാര്യം ആണ് നഴ്സ് കൊച്ച് പറഞ്ഞത് എന്നോര്‍ത്തപ്പോള്‍ പരമു ഒന്ന് ചൊടിച്ചു.

"കൊച്ചെ.. എന്നെ തെക്കോട്ട്‌ എടുക്കുന്നത് കാണാന്‍ തന്നെ നീ ഇരിക്കണത് ? "

"അയ്യോ..അണ്ണാ അങ്ങനെ ഓര്‍ത്തല്ല ഞാന്‍ പറഞ്ഞത്" അബദ്ധം മനസ്സിലാക്കിയ നഴ്സ് കൊച്ചു തടി തപ്പാന്‍ നോക്കി.

"അങ്ങനെ അല്ലെങ്കില്‍ പിന്നെ എങ്ങനെ? " പരമു വിട്ടില്ല. പിന്നെ പരമുവിന് തന്നെ തോന്നിക്കാണണം..തന്നെപ്പോലെ തന്നെ മറ്റു പലരും ഉണ്ടെന്നു.

ഇതൊക്കെ കേട്ടപ്പോള്‍ എനിക്ക് ഒന്നേ എന്നോട് പറയാന്‍ തോന്നിയുള്ളൂ...
" പൊന്ന് നാക്കേ ...സൂക്ഷിക്കണേ? "ജോസ്
ബാംഗ്ലൂര്‍
6- Feb- 2011

Protected by Copyscape Web Copyright Protection Software