2011, ഡിസംബർ 29

നിര്‍മ്മല....





രണ്ടു നാള്‍ മുന്‍പത്തെ
മരം കോച്ചും തണുപ്പിലും
അതിനൊപ്പം പെയ്ത
ചാറ്റല്‍ മഴയിലും
അവള്‍ വിഷമിച്ചില്ല
അവള്‍ തണുത്ത് വിറച്ചില്ല
അവളുടെ നെഞ്ചില്‍
എരികനലല്ലേ ..
വിഷാദാഗ്നിയില്‍ അവള്‍
വെന്തുരുകുകയല്ലേ.
വെളിയിലെ തണുപ്പില്‍
പിന്നവളെങ്ങനെ വിറയ്ക്കും ?

പതിനഞ്ചു വര്‍ഷങ്ങള്‍
ഹോമിച്ച വീടിന്റെ
വെളിയിലൊരന്ന്യയായ്
നിന്നൂ നിര്‍മ്മല...
ഭര്‍ത്താവും മക്കളും ചേര്‍ന്ന്
പുറത്താക്കിയതാണവളെ
കാരണം ചോദിച്ചാല്‍
കുറെ
കണ്ണുനീരല്ലാതെ
ഇല്ല മറ്റൊന്നും
പറയാനവള്‍ക്ക്

മംഗല്യം കഴിച്ച
പുരുഷന്റെ കണ്ണില്‍
നിര്‍മ്മല വെറുമൊരു
മൂധേവിയാണിന്നു
അവള്‍ നൊന്തു പെറ്റ
പെണ്‍
മക്കള്‍ക്ക്‌ പോലും
അവലക്ഷണം പേറും
ഒരു
'തള്ള' യാണവളിന്ന്

പഴന്തുണി പോലൊരു
സാരിയും ചുറ്റി
തുണികള്‍ നിറച്ചൊരു
സഞ്ചിയുമേന്തി
വീടിന്റെ വെളിയില്‍
നിന്നോര്‍ത്തു നിര്‍മ്മല
പതിനഞ്ചു വര്‍ഷത്തെ
അഗ്നി പരീക്ഷകള്‍

കാമാര്‍ത്തി തീര്‍ക്കാ -
നല്ലാതൊരിക്കലും
സ്നേഹാര്‍ദ്രമായൊരു
തലോടല്‍ പോലും
നല്‍കിയിട്ടില്ല
പതിദേവനവളുടെ
മക്കള്‍ക്കമ്മയെ
കാണുന്നതേ രോഷം
കൊഞ്ചിച്ചു ലാളിക്കാന്‍
അച്ഛനുള്ളപ്പോള്‍
പിന്നെന്തിനാണവര്‍ക്കീ
'കുരയ്ക്കുന്ന ' തള്ള ?

വായൊഴിയാതെ
പുലഭ്യങ്ങളും, പിന്നെ
നിര്‍ദ്ദയമുള്ള
മര്‍ദ്ദനങ്ങളുമൊക്കെ
തീര്‍ത്താലും തീരാത്ത
തുടര്‍ക്കഥയായപ്പോള്‍
ആര്‍ക്കും വേണ്ടാത്തയാ
ജീവിതം തീര്‍ക്കാന്‍
എത്രയോ വട്ടം
തുനിഞ്ഞൂ നിര്‍മ്മല

നീണ്ടു കിടക്കുന്ന
തീവണ്ടിപ്പാളങ്ങളില്‍
വിഷമം മറന്നു
തല ചായ്ച്ചുറങ്ങാന്‍
എത്രയോ വട്ടം
തുനിഞ്ഞിട്ടുണ്ടവള്‍ ..
സങ്കടങ്ങളില്‍ നിന്നൊക്കെ
ഓടിയൊളിക്കാന്‍
ഒട്ടേറെപ്പേര്‍ പോയ
കുറ്റാടിപ്പുഴയുടെ
കുത്തൊഴുക്കില്‍ നോക്കി
എത്രയോ നിന്നവള്‍....
പക്ഷെ അന്നൊക്കെയാ
പൈതങ്ങളെ ഓര്‍ത്ത്‌
പുഴയില്‍ മുഖം കഴുകി
അവള്‍ വീട്ടില്‍ തിരിച്ചെത്തി
എല്ലാം ശരിയാകുമെന്ന
പ്രത്യാശയും പേറി.

പ്രത്യാശകള്‍ അവള്‍ക്കിപ്പോള്‍
മരുപ്പച്ചകള്‍ മാത്രം
കാതങ്ങള്‍ താണ്ടി
നടന്നാലും
എത്താത്ത
മോഹ ഭംഗം നല്‍കും,
വെറും
മരുപ്പച്ചകള്‍.

നെഞ്ചുരുക്കുന്ന
സങ്കടം വന്നാല്‍
മാറോടണയ്ക്കുന്ന
പെറ്റമ്മ പോലും
നിര്‍മ്മലയോടോതി
'എന്‍ പൊന്നുമോളെ
കാല്‍ക്കാശിനിരക്കുന്ന
ഞാനെന്തു ചെയ്യാന്‍ ?
നിന്റെ വിധി
ഇതാണെന്നോര്‍ത്ത്
കരയുവാനല്ലാതെ,
വിഷമിക്കാനല്ലാതെ
നാമം ജപിച്ചു,
കാലനെയും കാത്ത്
കുഴി നോക്കിയിരിക്കുന്ന
ഞാനെന്തു ചെയ്യാന്‍?
ആര്‍ക്കും വേണ്ടെങ്കില്‍
ഒരു മുഴം കയറിലോ
സങ്കടം മായ്കുന്ന
പുഴവെള്ള പ്പാച്ചിലിലോ
ഒരു തീപ്പെട്ടിത്തിരിയുടെ
തീനാളത്തിലോ
തീര്‍ക്കൂ നീ മോളെ
നിന്റെയീ ജീവിതം '

കുറ്റാടിപ്പുഴയുടെ
ഒഴുക്കുള്ള തീരത്ത്‌
വ്യസനിച്ചു നിന്ന
നിര്‍മ്മലയ്ക്കന്നും
ജീവിതം പക്ഷേ
അമൂല്യമായ് തോന്നി
അതാവും അവളിന്നും
മര്‍ദ്ദന മേറ്റിട്ടും
നെഞ്ചു പിളര്‍ക്കുന്ന
പുലഭ്യങ്ങള്‍ കേട്ടിട്ടും
പ്രത്യാശകളുടെ
മരുപ്പച്ച തേടുന്നത് ..
ഒക്കെ ശരിയാവുമെന്ന
മോഹവും പേറി ...

പാവം നിര്‍മ്മല....


ഇത് എനിക്കറിയാവുന്ന ഒരു നിര്‍മ്മലയുടെ കഥ. വര്‍ഷങ്ങള്‍ നീണ്ട മനോവേദന, ആത്മ ഹത്യയുടെ വക്കില്‍ പലതവണ എത്തിച്ചെങ്കിലും ജീവിച്ചു കൊതി തീരാത്ത ഒരു പാവം ചേച്ചി. ഇത് പോലെ എത്രയോ നിര്‍മ്മലമാര്‍ ഉണ്ടാവും എനിക്ക് ചുറ്റും.

ഒരു അമ്മയ്ക്ക്, മകളോട് ജീവിക്കാന്‍ വഴിയില്ലെങ്കില്‍ പോയി മരിച്ചോളൂ എന്ന് സങ്കടത്തോടെ
പറയേണ്ടി വരുന്ന ഒരു അവസ്ഥ ...അത് ഒരു വല്ലാത്ത അവസ്ഥ അല്ലേ?

നിര്‍മ്മലയുടെ ജീവിതത്തില്‍ അങ്ങനെ ഒരു സംഭവം ഉണ്ടായി എന്നറിഞ്ഞപ്പോള്‍ മുതല്‍ അതൊരു വിങ്ങലായി എന്റെ മനസ്സില്‍ ഉരുണ്ടു കൂടി. സഹോദരീ സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെ നല്‍കാവുന്ന സഹായങ്ങളുടെ പരിധിക്കും അപ്പുറം നിന്ന് നിര്‍മ്മല നിസ്സഹായതയോടെ തേങ്ങിയപ്പോള്‍ , എല്ലാം അറിയുന്ന എന്റെ സുഹൃത്തായ ദൈവത്തോട് ഞാനും ചോദിച്ചു... ' ആ പാവത്തിന്റെ മേല്‍ എന്തിനീ പരീക്ഷണം? കണ്ണുനീര്‍ ഒഴിഞ്ഞ ഒരു ദിവസം എങ്കിലും ആ പാവത്തിന്റെ ജീവിതത്തില്‍ കൊടുത്തൂടെ ? '. സുഹൃത്ത് എനിക്കുത്തരം തന്നിട്ടില്ല. അവന്റെ വഴികള്‍ എപ്പോഴും വിചിത്രമല്ലേ ....

ഒരു മരീചിക പോലെ അവളെ കബളിപ്പിച്ച്‌ അകന്നു മാറുന്ന മരുപ്പച്ച ഒടുവില്‍ നിര്‍മ്മലയെ തേടി എത്തിയിരുന്നെങ്കില്‍...

ഇതുപോലെ മരുപ്പച്ചകള്‍ തേടുന്ന അനേകം നിര്‍മ്മലമാര്‍ക്കായി ഞാന്‍ ഇത് സമര്‍പ്പിക്കുന്നു.

ജോസ്
തിരുവനന്തപുരം
29 - ഡിസംബര്‍ - 2011

2011, നവംബർ 21

പോസ്റ്റ്‌ മാനും..പിന്നെ കുറെ എഴുത്തുകളും ...

"അമ്മേ ..ഈ പോസ്റ്റ്മാന്‍ എന്ന് വെച്ചാ എന്താ അമ്മെ? "

ഇങ്ങനെ ഒരു ചോദ്യം ഇപ്പോഴത്തെ കിടാങ്ങള്‍ അല്ലെങ്കില്‍ ഇനിയത്തെ കിടാങ്ങള്‍ ചോദിക്കുമോ? ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് അങ്ങനെ ഒരു സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. മൊബൈല്‍ ഫോണും, ഇന്റര്‍ നെറ്റും ദിനം ദിന ജീവിതത്തിന്റെ ഭാഗമായപ്പോള്‍ പതിയെ കാലത്തിന്റെ മൂടു പടങ്ങള്‍ ചൂടി അകത്തേക്ക് മറയുന്ന കാര്യങ്ങളില്‍ പെട്ടവയാണ് പോസ്റ്റ്‌ മാനും ഇന്‍ലന്റ് ലെറ്ററുകളും.

ഇന്നലെ പഴയ ഒരു മലയാളം സിനിമ കണ്ടപ്പോള്‍ അതിലുണ്ടായിരുന്ന പോസ്റ്റ്മാന്‍ കഥാ പാത്രവും, അയാള്‍ കൊണ്ട് വരുന്ന എഴുത്തുകളും എന്നെ പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

ഒന്നിലോ രണ്ടിലോ പഠിക്കുന്ന സമയം മുതല്‍ ആവും ഞാന്‍ പോസ്റ്റ്‌ മാനെ കാണുന്നത് ..(അതിനു മുന്‍പ് കണ്ട ഓര്‍മ്മയില്ല ). പൂജപ്പുര ജെയിലില്‍ നിന്നും വാര്‍ഡന്‍ ആയി റിട്ടയര്‍ ആയ വല്ല്യമ്മചിക്കുള്ള പെന്‍ഷന്‍ കാശും കൊണ്ട് വരുന്ന പോസ്റ്റ്‌ മാന്റെ രൂപം ഇപ്പോഴും മനസ്സില്‍ ഉണ്ട്. അന്നൊന്നും എനിക്കാരും കത്തുകള്‍ എഴുതാത്തതുകൊണ്ടും (കത്തിടപാടുകള്‍ക്കുള്ള പ്രായം ആയില്ല ..അത്ര തന്നെ) ,എനിക്കാര്‍ക്കും എഴുതാനില്ലാത്തത് കൊണ്ടും അന്നൊന്നും പോസ്റ്റ്മാന്‍ എനിക്ക് വല്യ പ്രിയപ്പെട്ട ആളൊന്നും അല്ലായിരുന്നു.

കുറച്ചു വലുതായിക്കാഴിഞ്ഞപ്പോള്‍ , ഞാനും പോസ്റ്റ്‌ മാനെ കാത്തിരിക്കുന്ന സമയം വന്നു. ക്രിസ്തുമസിന്റെ സമയത്ത്, ബന്ധുക്കള്‍ ഒക്കെ നല്ല വര്‍ണ്ണങ്ങള്‍ നിറഞ്ഞ കാര്‍ഡുകള്‍ അയക്കും. അത് കിട്ടാനായി ഞാന്‍ പോസ്റ്റ്‌ മാന്റെ വരവും കാത്തിരിക്കും. അങ്ങനെ കിട്ടുന്ന കാര്‍ഡുകള്‍ ഒക്കെ ശേഖരിച്ചു വെയ്ക്കുന്നത് ഒരു രസമായിരുന്നു.

കോളേജില്‍ ഒക്കെ ആയിക്കഴിഞ്ഞപ്പോള്‍ പിന്നെ എനിക്കും (എനിക്ക് മാത്രം !!) കാര്‍ഡുകള്‍ വരുമായിരുന്നു...എഴുത്തുകളും. കൂട്ടുകാരും "കൂട്ടുകാരികളും " ഉണ്ടാവും അതില്‍ . അന്നൊക്കെ ഓരോ ദിവസവും പോസ്റ്റ്‌ മാന്‍ വന്നോ എന്നന്വേഷിക്കു മായിരുന്നു. കോളേജില്‍ നിന്നും വന്നാല്‍ ഉള്ള അന്വേഷണങ്ങളില്‍ ആദ്യതെത് അതാവും . ശനിയാഴ്ച , വീട്ടില്‍ ഇരിക്കുന്ന അവസരമാണെങ്കിലോ ..ജനലിന്റെ അടുത്തിരുന്ന്..പോസ്റ്റ്‌ മാന്‍ വരുന്നോ എന്ന് ഇട കണ്ണിട്ടു നോക്കുമായിരുന്നു. പോസ്റ്റ്‌ മാന്‍ എന്‍റെ വീട്ടില്‍ കയറാതെ പോകുമ്പോള്‍ , വല്ലാത്ത നിരാശ തോന്നുമായിരുന്നു.

റൂര്‍ക്കിയില്‍ ഉപരി പഠനത്തിനു പോയപ്പോഴാണ് പോസ്റ്റ്‌ മാന്റെ വില ശരിക്കും അറിയുന്നത്. നാട്ടിലെ വിവരങ്ങളും, കൂട്ടുകാരുടെ വിശേഷങ്ങളും ഒക്കെ അറിയുന്നത് കയ്യില്‍ വരുന്ന കത്തുകളിലൂടെയാണ്. അന്ന് വീട്ടില്‍ ലാന്‍ഡ് ഫോണ്‍ പോലും ഇല്ല. അന്ന് ഹോസ്ടലില്‍ ഏറ്റവും അധികം കത്തുകള്‍ വരുന്നത് എനിക്കും എന്‍റെ രണ്ടു മൂന്നു കൂട്ടുകാര്‍ക്കും ആയിരുന്നു.

സ്വന്തം കൈപ്പടയില്‍ ആരെങ്കിലും എഴുതിയ കത്തുകള്‍ക്ക്, അച്ചടിച്ച കത്തുകളെക്കാള്‍ അല്ലെങ്കില്‍ ഇന്നത്തെ ഇ-മെയിലുകളെക്കാള്‍ വികാരങ്ങള്‍ കൈ മാറാന്‍ കഴിയും എന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു. പ്രിയപ്പെട്ടവര്‍ അവരുടെ കൈപ്പടയില്‍ എഴുതിയ കത്തുകള്‍ എത്ര തവണ ഞാന്‍ വീണ്ടും വീണ്ടും വായിച്ചിട്ടുണ്ട്. ഞാന്‍ റൂര്‍ക്കിയില്‍ ആയിരുന്നപ്പോള്‍ എന്‍റെ പ്രിയപ്പെട്ട ചേച്ചി എനിക്കെഴുതിയിരുന്ന കത്തുകള്‍ ഓരോന്നും ഒരു ഏഴെട്ടു പേജുകള്‍ വരുമായിരുന്നു. അതില്‍ വീടുകാരുടെയും നാട്ടുകാരുടെയും ഒക്കെ വിശേഷങ്ങള്‍ ഉണ്ടാവുമായിരുന്നു. അതൊക്കെ വായിക്കുമ്പോള്‍ വല്ലാത്ത ഒരു സന്തോഷവും, നൊമ്പരവും ഒക്കെ അനുഭവപ്പെടും. നാട്ടിലെയും വീട്ടിലെയും ഒക്കെ കാഴ്ചകള്‍ കണ്മുന്പിലൂടെ തെളിഞ്ഞു വരുന്ന പോലെ തോന്നും.

"ജോസ്..നിനക്ക് സുഖമാണോ? എനിക്കിവിടെ സുഖം തന്നെ ..ഇനി എപ്പോഴാ നാട്ടില്‍ ..അടുത്ത വരവിനു കാണണം..." ഇത്ര മാത്രം എഴുതുന്ന (സ്ഥിരമായി) കൂടുകാര്‍ മുതല്‍ , പരിഭവങ്ങളും, പരാതികളും, വേദനകളും ഒക്കെ കുത്തി നിറച്ചുള്ള കത്തുകളും എത്രയാണ് കിട്ടിയിരിക്കുന്നത്. അതൊക്കെ അവരുടെ തന്നെ കൈപ്പടയില്‍ വായിക്കുമ്പോള്‍, അവര്‍ എന്‍റെ അടുത്ത് വന്നിരുന്നു സംസാരിക്കും പോലെ തോന്നുമായിരുന്നു.

ഒരു അഞ്ചാറു വര്ഷം മുന്‍പ് വരെ..ആ കത്തുകളുടെ ഒക്കെ ശേഖരം എന്‍റെ കയ്യില്‍ ഉണ്ടായിരുന്നു. എന്നോ ഒരിക്കല്‍ അടുക്കിപ്പെരുക്കലിന്റെ ഭാഗമായി അതൊക്കെ എടുത്തു ചവറ്റു കൊട്ടയില്‍ ഇട്ടു. അതില്‍ ചിലതെങ്കിലും കളയാതെ വെയ്ക്കാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നാറുണ്ട്. ഓര്‍മ്മകളുടെ ഒരു നിധികളെ അല്ലേ ഞാന്‍ ചവറ്റു കുട്ടയില്‍ എറിഞ്ഞത്.

കാലം മാറിയപ്പോള്‍ , സൌകര്യങ്ങള്‍ കൂടിയപ്പോള്‍, ഞാനും മാറി. ഒരു ഏഴെട്ടു വര്ഷം മുന്‍പ് വരെ, ഞാന്‍ അമ്മച്ചിക്കും ചേച്ചി മാര്‍ക്കും ഒക്കെ എഴുത്തെഴുതുമായിരുന്നു...എന്‍റെ സ്വന്തം കൈപ്പടയില്‍ . എല്ലാവരുടെയും ജന്മദിനങ്ങള്‍ ഓര്‍ത്തു വെച്ച് കാര്‍ഡുകള്‍ അയക്കുമായിരുന്നു. പിന്നെ ക്രിസ്തുമസിനും. ജിവിതത്തിന്റെ പരക്കം പാച്ചിലില്‍ ഒക്കെ മറന്നു. ഇപ്പോള്‍ കത്തുമില്ല ..കാര്‍ഡുകളും ഇല്ല. അതിന്റെ ഒക്കെ സ്ഥാനം ഫോണും, ഇ-മെയിലും, ഇ- കാര്‍ഡുകളും അപഹരിച്ചു.

ഇപ്പോഴും, പ്രിയപ്പെട്ടവര്‍ ആരെങ്കിലും അവരുടെ കൈപ്പടയില്‍ എഴുതി അയച്ച കത്ത് കിട്ടുമ്പോള്‍ എനിക്കുണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

വിവാഹ നിശ്ചയം കഴിഞ്ഞു , കല്യാണക്കുറി അടിച്ച സമയത്ത് ലീന എനിക്കയച്ച ഒരു ചെറിയ കുറിപ്പുണ്ട്. അവളുടെ സ്വന്തം കയ്യക്ഷരത്തില്‍ . അതിപ്പോഴും ഭദ്രമായി എന്‍റെ ഡയറിക്കകത്തുണ്ട് . മുന്‍പൊക്കെ അത് വായിച്ചു ഞങ്ങള്‍ രണ്ടു പേരും ചിരിക്കുമായിരുന്നു. ഇപ്പോള്‍ , അതെടുത്തു വായിക്കുമ്പോള്‍ , മനസ്സില്‍ വരുന്ന നൊമ്പരം , വാക്കുകളില്‍ പറയാന്‍ എനിക്കാവുന്നില്ല.

സ്വന്തം കൈപ്പടയില്‍ പ്രിയപ്പെട്ടവര്‍ എഴുതുന്ന കത്തുകള്‍ ഇനിയും എന്നെ തേടി എത്തും എന്ന പ്രത്യാശയോടെ ..നിര്‍ത്തട്ടെ

ജോസ്
ബാംഗ്ളൂര്‍.
21- നവംബര്‍ - 2011

2011, നവംബർ 12

രണ്ടു മുടിയിഴകള്‍ ....


അവള്‍ പോയ ശേഷം,
നാളുകളേറെ
തുറക്കാതടച്ചിട്ട
അലമാരിത്തട്ടൊന്നു
ഞാനിന്നു തുറന്നു .

അതില്‍ ,
കുറച്ചു പുസ്തകങ്ങളും,
ചെറു കുപ്പികളില്‍ കുറെ
സൌന്ദര്യ ലേപനങ്ങളും ,
ഒരു പേഴ്സും കണ്ടു.

പേഴ്സ് തുറന്നപ്പോള്‍ അതില്‍ ,
കുറെ നാണയത്തുട്ടുകളും,
കരി മഷിയും, പേനകളും,
പിന്നെ നീല നിറത്തിലൊരു
ചീപ്പും കണ്ടു.
ചീപ്പിന്റെ പല്ലുകളിലുടക്കി
കറുത്ത, രണ്ടു നീളന്‍
മുടിയിഴകള്‍ ഉണ്ടായിരുന്നു .

നേരത്തെയൊക്കെ,
ചീപ്പില്‍ കുരുങ്ങിയ
മുടിയിഴകള്‍ കണ്ടാല്‍
പറയുമായിരുന്നു ഞാന്‍
'ഇതൊന്നു വൃത്തിയായ് വെച്ചൂടെ?'
കുരുങ്ങിയ മുടിയിഴകള്‍
കാണുന്നതറപ്പായിരുന്നെനിക്ക് .

തറയില്‍ വീണ
മുടിയിഴകള്‍ കണ്ടാല്‍
പറയുമായിരുന്നു ഞാന്‍
'ഇതൊന്നു തൂത്തു കളഞ്ഞൂടെ? '

ഇന്നോ ..
ആ നീല ചീപ്പില്‍
കുരുങ്ങി ഇരുന്ന,
ആ രണ്ടു മുടിയിഴകള്‍
എന്നില്‍ അറപ്പുളവാക്കിയില്ല .

മറിച്ച് , അതെനിക്ക്
പ്രിയപ്പെട്ടതായ് തോന്നി.
ഒരു ചലച്ചിത്രത്തിലെന്ന പോലെ ,
ഞൊടിയിട കൊണ്ടത്‌
കുറെ ഏറെ കാര്യങ്ങള്‍
വീണ്ടുമോര്‍മ്മിപ്പിച്ചെന്നെ ..
കയ്പ്പും മധുരവും
ഇടകലര്‍ന്നു നില്‍ക്കുന്ന,
ഓര്‍മ്മകളുടെ പൂങ്കാവനത്തില്‍
വീശിയ ഒരിളം തെന്നല്‍ പോലെ .

ആ രണ്ടു മുടിയിഴകള്‍ ...
ജീവിച്ചിരുന്നപ്പോഴെപ്പോഴോ
അവളില്‍ നിന്ന് വേര്‍പെട്ട
അവളുടെ ദേഹത്തിന്റെ ഭാഗം
അത്...
അവളെനിക്കായ് അവശേഷിപ്പിച്ച
അവളുടെ ദേഹത്തിന്റെ ഭാഗം .

തെല്ലു ചിന്തിച്ചു നിന്നു ഞാന്‍..
എന്ത് ചെയ്യണമെന്നറിയാതെ ,
ആ രണ്ടിഴകളെ കളയണോ
അതോ, സൂക്ഷിച്ചു വെയ്ക്കണോ

ചിന്തകള്‍ മനസ്സിനു
ഭാരമായ് വന്നപ്പോള്‍ ,
മുടിയിഴകല്‍ക്കൊപ്പം
ഞാനാ നീല ചീപ്പിനെ
പേഴ്സില്‍ വെച്ചടച്ചു.
മനസ്സപ്പോള്‍ പറഞ്ഞു..
'അതവിടിരിക്കട്ടെ
കാണാന്‍ കഴിയാത്ത
ഓര്‍മ്മകള്‍ക്കൊപ്പം
കാണാനാവുന്ന
ഒരോര്‍മ്മ കൂടിരിക്കട്ടെ '

ജോസ്
ബാംഗ്ലൂര്‍
12- നവംബര്‍ - 2011

2011, നവംബർ 3

മൌലിനോംഗ് എന്ന സ്വര്‍ഗ്ഗം ...



നാളെ പെട്ടെന്ന് ഭൂമിയിലെ എന്‍റെ ജീവിതം അവസാനിച്ചാലോ? പിന്നെ സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും മുന്‍പേയുള്ള വാതിലില്‍ ചെന്ന് നില്‍ക്കുമ്പോള്‍ ദൈവം തമ്പുരാന്‍ ചോദിക്കും ...

"മകനേ ജോസൂട്ടാ.. നീ ജീവിതത്തില്‍ എന്തു ചെയ്തെടാ .. ഞാന്‍ തന്ന ജീവിതം നന്നേ നീ ആസ്വദിച്ചോ?"

ദൈവം തമ്പുരാന്‍ അങ്ങനെ ചോദിച്ചാല്‍ മറുപടിക്ക് ഞാന്‍ കുറച്ചു കുഴങ്ങും. പരിഭവങ്ങളും, വിഷമങ്ങളും, കഷ്ടപ്പാടുകളുടെയും ഒക്കെ ഭാണ്ടക്കെട്ടഴിച്ചു വച്ച് ..ദൈവമേ ഞാന്‍ ജീവിക്കാന്‍ മറന്നു പോയി എന്ന് പറയേണ്ടി വന്നാല്‍ അത് വലിയ കഷ്ടമല്ലേ..അത് കൊണ്ട് ഞാന്‍ തീരുമാനിച്ചു...

ഇന്നലെകളെയും നാളെ കളെയും ഓര്‍ത്തു വിഷമിക്കാതെ 'ഇന്ന് ' ഒന്ന് ജീവിച്ചു നോക്കികൂടെ ? അതിനു ഞാന്‍ തിരഞ്ഞെടുത്ത വഴിയില്‍ ഒന്നാണ് 'യാത്ര'....കണ്ടിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക്....പുതിയ നാടുകളും, പുതിയ ആളുകളും, പുതിയ സൌഹൃദങ്ങളും ഒക്കെ നല്‍കുന്ന യാത്രകള്‍ ... സങ്കടങ്ങള്‍ ഒക്കെ മനസ്സിനകത്ത് കുഴിച്ചു മൂടിക്കൊണ്ട് ...

അങ്ങനെയാണ് ഞാന്‍ പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഒരു യാത്ര പോയത്...ഭാരതത്തിന്റെ കിഴക്കന്‍ മൂലകളില്‍ ഒളിഞ്ഞിരിക്കുന്ന പ്രകൃതി സൌന്ദര്യം ആസ്വദിക്കാനായി...മേഘാലയയിലെ കാടുകളും ഗ്രാമങ്ങളും കാണാന്‍. അതില്‍ ..എന്‍റെ മനം കവര്‍ന്ന സ്ഥലമായിരുന്നു ' മൌലിനോംഗ് ' എന്ന കൊച്ചു ഗ്രാമം. ഈ കുറിപ്പ് ആ ഗ്രാമത്തിന്റെ ഓര്‍മ്മകള്‍ ആണ്.

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നാണു മൌലിനോംഗ് അറിയപ്പെടുന്നത്. അവിടെ ചെന്ന് അത് കാണും മുന്‍പേ ഞാന്‍ എന്തായാലും അത് അപ്പാടെ വിശ്വസിച്ചില്ല. അങ്ങനെ..ദീപാവലിയുടെ സമയത്ത് കുറച്ചു അവധി കിട്ടിയപ്പോള്‍, ഞാന്‍ ഒരു ഏകാന്ത പഥികനായി , ബ്രഹ്മ പുത്രാ നദിയെ മറികടന്നു മേഘാലയയിലെ ഷില്ലോംഗ് എന്ന സ്ഥലത്തെത്തി . അവിടുന്ന് നാല് മണിക്കൂര്‍ കാറില്‍ യാത്ര ചെയ്തു മൌലിനോംഗ് എന്ന ഗ്രാമത്തില്‍ എത്തി.

അവിടെ ചെന്നപ്പോള്‍ ഖാസി വര്‍ഗ്ഗത്തില്‍ പെട്ട ഗ്രാമവാസികള്‍ ആണ് എന്നെ സ്വീകരിച്ചത് . എനിക്ക് താമസിക്കാന്‍ കിട്ടിയതോ...മലയുടെ ചരിവില്‍ മുളങ്കമ്പുകള്‍ കൊണ്ട് കെട്ടി ഉണ്ടാക്കിയ ഒരു കുടില്‍ . അത് മൊത്തം മുള കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു കിടപ്പുമുറിയും, ഒരു ഡൈനിംഗ് റൂമും, പിന്നെ ഒരു സിറ്റൌട്ടും . സിറ്റൌട്ടില്‍ നിന്ന് നോക്കിയാല്‍ ചുറ്റും കനത്ത കാട് കാണാം. അതിലൂടെ ഒഴുകുന്ന അരുവിയുടെ കള കള ശബ്ദം കേള്‍ക്കാം.

ടെലിവിഷന്‍ ഇല്ല...പത്രം ഇല്ല...ഫോണ്‍ ഇല്ല ..മൊബൈല്‍ ഉപയോഗിക്കാനും പറ്റില്ല.. ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവ എന്ന് നമ്മള്‍ ചിലപ്പോള്‍ കരുതുന്ന ഈ വക സാധനങ്ങള്‍ ഒന്നും ഇല്ലായിരുന്നിട്ടും..ഒന്നും പറ്റിയില്ല..ആകാശം ഇടിഞ്ഞു വീണില്ല..മറിച്ച് ..പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സമാധാനം കിട്ടി..

പിറ്റേന്ന് രാവിലെ (അവിടെ സൂര്യോദയം രാവിലെ നാലരയ്ക്കാണ് ) ആഹാരം കഴിച്ച ശേഷം, ഗ്രാമത്തിന്റെ ഭംഗി കൂടുതല്‍ ആസ്വദിക്കാനായി ഞാന്‍ പുറപ്പെട്ടു. വഴികാട്ടിയായി, ഡ്രൈവറും, പിന്നെ ഖാസി ഭാഷ സംസാരിക്കുന്ന ഒരു ഗ്രാമവാസിയും. ആദ്യം ഞാന്‍ ചെന്നത്, തികച്ചും ഒരു അത്ഭുത കാഴ്ച കാണാന്‍ ആയിരുന്നു. 'ജീവനുള്ള ഒരു പാലം കാണാന്' .

മൌലിനോംഗിന്റെ അടുത്തുള്ള 'റിവായി ' എന്ന ഗ്രാമത്തില്‍ ആണ് ഈ അത്ഭുതം. വാഹ് തില്ലോംഗ് എന്ന നദിയുടെ കുറുകെ വലിയ മരങ്ങളുടെ വേരുകളെ പിണച്ച് ഉണ്ടാക്കിയിരിക്കുന്ന പാലമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. 'ലിവിംഗ് റൂട്ട് ബ്രിഡ്ജ്' എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതുണ്ടാക്കാന്‍ ഒന്നോ രണ്ടോ വര്‍ഷം ഒന്നും അല്ല...ഒന്നോ രണ്ടോ അതില്‍ കൂടുതലോ തലമുറകള്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മുളം കമ്പുകള്‍ക്കുള്ളില്‍ ക്കൂടി മരത്തിന്റെ വേരുകളെ വളര്‍ത്തി, അവയെ തമ്മില്‍ പിണച്ച് , പിന്നെ അതിന്റെ ഉള്ളില്‍ പരന്ന കല്ലുകള്‍ നിരത്തിയും ആണ് ഈ പാലം ഉണ്ടാക്കിയിരിക്കുന്നത്.

കുറെ ഏറെ നേരം ഞാന്‍ അതിലൂടെ നടന്നു...അതുണ്ടാക്കിയവരുടെ ബുദ്ധിയും, ക്ഷമയും ഒക്കെ എത്ര കണ്ടു അഭിനന്ദിച്ചാലാണ് മതിയാവുക. പാലവും, അതിന്റെ താഴെ ഒഴുകുന്ന നദിയും, ചുറ്റുമുള്ള മുളം കാടുകളും ഒക്കെ ചേര്‍ന്നൊരുക്കിയ പ്രകൃതി രമണീയത ആസ്വദിച്ചു സമയം പോയതറിഞ്ഞില്ല. പിന്നെ ഞാന്‍ പതുക്കെ അടുത്ത സ്ഥലത്തേയ്ക്ക് യാത്രയായി. ..ചിത്ര ശലഭങ്ങളുടെ താഴ്വരയില്‍ ..അവിടെ ഉയരത്തില്‍ നിന്നും കുതിച്ചു ചാടുന്ന ഒരു വെള്ള ച്ചാട്ടം കാണാന്‍..

ബട്ടര്‍ ഫ്ലൈ ഫാള്‍സ് എന്ന ആ സ്ഥലത്തേയ്ക്കുള്ള യാത്ര കുറച്ചു കഠിനം ആയിരുന്നു. കൊടും കാടിലൂടെ, വഴുക്കന്‍ പാറകളില്‍ ചവുട്ടി, മര വള്ളികളില്‍ തൂങ്ങി ഒക്കെയാണ് , നിരപ്പില്‍ നിന്നും ഏകദേശം അന്‍പതോളം മീറ്റര്‍ താഴെ ഇറങ്ങിയത്‌. ഇറങ്ങി ചെന്നപ്പോള്‍ , യാത്രയുടെ കാഠിന്യം ഒക്കെ മറന്നു. ആ വെള്ളച്ചാ ട്ടത്തിന്റെയും, അതിന്റെ ചുറ്റുമുള്ള പ്രകിതി ഭംഗിയും ഞാന്‍ എഴുതുന്നില്ല...പകരം..എന്‍റെ ക്യാമറയില്‍ പകര്‍ത്തിയചിത്രങ്ങളിലൂടെ പറയാം ശ്രമിക്കാം.

ഒരു പ്രൈവറ്റ് റിസോര്‍ട്ടില്‍ പോയി താമസിക്കുന്ന പ്രതീതി എനിക്ക് തോന്നി. കാരണം അത്രയ്ക്ക് മനോഹരമായ ആ സ്ഥലത്ത് ഞാനും, ഡ്രൈവറും, പിന്നെ ഖാസി സുഹൃത്തും മാത്രം. നീന്തല്‍ അറിയാമായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം തോന്നിപ്പോയി. വെള്ളം കുത്തനെ വന്നു പതിക്കുന്ന ചെറിയ തടാകം കുളിച്ചു രസിക്കാന്‍ പറ്റിയ സ്ഥലം ആണ്.

എന്‍റെ മനസ്സിലുള്ള ചെറിയ കുട്ടിയെ ഞാന്‍ പതിയെ പുറത്തു വരാന്‍ അനുവദിച്ചു. വെള്ളത്തില്‍ കല്ലെറിഞ്ഞു കളിക്കുകയും, കാലിട്ടടിച്ച്‌ വെള്ളത്തില്‍ ഓളങ്ങള്‍ ഉണ്ടാക്കി രസിക്കുകയും, മുളംകമ്പുകള്‍ കൊണ്ട് വെള്ളം അടിച്ചു തെറിപ്പിച്ചു കളിച്ചും, വെള്ളത്തിലുള്ള കുഞ്ഞു മീന്‍ കൂട്ടങ്ങളെ നദിയിലൂടെ പിന്‍ തുടര്‍ന്നും , ഉറക്കെ പാടുകള്‍ പാടിയും ഖാസി സുഹൃത്ത്‌ മീന്‍ പിടിക്കുന്നത്‌ കണ്ടും ഒക്കെ ഞാന്‍ സമയം ചെലവഴിച്ചു. സമയം ങ്ങനെ പറന്നു പോയതറിഞ്ഞില്ല. അപ്പോഴേക്കും എന്‍റെ ഖാസി സുഹൃത്ത് ആ നദിക്കരയില്‍ തന്നെ അടുപ്പ് കൂട്ടി പുലാവും ചിക്കനും വെച്ചു. അടുത്ത് നിന്നെങ്ങോ കുറച്ചു വാഴയില സംഘടിപ്പിച്ച് അയാള്‍ എനിക്ക് ഊണ് തയ്യാറാക്കി. വെള്ളം കുടിക്കാനോ...മുള കൊണ്ടുണ്ടാക്കിയ ഗ്ലാസും ..ഇനിയെന്ത് വേണം.. പ്രകൃതിയുടെ മടിത്തട്ടില്‍ മനം നിറഞ്ഞു ചിലവഴിച്ച ഒരു ദിവസം . അങ്ങനെ പറയുന്നതാവും ശരി.

അവിടുന്ന് വൈകിട്ട് തിരികെ ഗ്രാമത്തില്‍ വന്നപ്പോള്‍, ആ ഗ്രാമത്തിനെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന് പറയുന്നത് എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസ്സിലായി. അവിടെത്തെ ഓരോ ആളുകളും അവരുടെ ഗ്രാമത്തെ വൃത്തിയാക്കി സൂക്ഷിക്കാന്‍ പരിശ്രമിക്കുന്നുണ്ട്. ചവറുകള്‍ ഒന്നും റോഡില്‍ ഇടാതെ, ഓരോ മൂലകളിലും വെച്ചിട്ടുള്ള കുട്ടകളില്‍ ആണ് അവര്‍ അതൊക്കെ ഇടാറുള്ളത്. കൊച്ചു കുഞ്ഞുങ്ങള്‍ പോലും അങ്ങനെയാണ് ശീലിക്കുന്നത്. പൂക്കളും ചെടികളും മരങ്ങളും ഒക്കെ ആവശ്യത്തിലേറെ. അതിനെയൊക്കെ വളരെയധികം പരിപാലിക്കുകയും ചെയ്യുന്നുണ്ട് അവര്‍ .

ഒരാഴ്ച നീണ്ട യാത്ര കഴിഞ്ഞു , ബാംഗ്ലൂരിലെ തിരക്ക് നിറഞ്ഞ താമസ സ്ഥലത്തേയ്ക്ക് വന്നെങ്കിലും, ഇപ്പോഴും കണ്മുന്‍പില്‍ ചിത്ര ശലഭങ്ങളുടെ താഴ്വരയും, ജീവനുള്ള പാലവും, ചുറ്റും ഉള്ള ഹരിത ഭംഗിയും, ഒക്കെ നിറഞ്ഞു നില്‍ക്കുന്നു.

വീണ്ടും ഒരിക്കല്‍ ഞാന്‍ അവിടെ പോകും..പ്രകൃതിയുടെ മടിത്തട്ടില്‍ അലിയാന്‍ ... എന്നെന്നറിയില്ല. ..എന്നെങ്കിലും ഒരിക്കല്‍ .

ജീവിതം തീരും മുപേ കാണണം എന്ന് കരുതുന്ന സ്ഥലങ്ങള്‍ ഇനിയെത്ര കിടക്കുന്നു...


ജോസ്
ബാംഗ്ലൂര്‍
3- നവംബര്‍ -2011

2011, നവംബർ 1

കാ ലികായിയുടെ ചാട്ടം ....


എത്ര മനോഹരം അല്ലേ ഈ വെള്ളച്ചാട്ടം !. മഴ നന്നേ കുറഞ്ഞ സമയത്ത് എടുത്ത ചിത്രം ആണിത്. മഴക്കാലം ആയിരുന്നെങ്കില്‍ ഇതിന്റെ മനോഹാരിത ഇതിലും കൂടുതല്‍ ആയിരുന്നേനെ. ഇത് മേഘാലയയിലെ 'സോഹ്ര' അഥവാ 'ചിറാപുഞ്ചി' എന്ന സ്ഥലത്തെ 'നൊഹ് കാ ലികായ് ' എന്ന വെള്ളച്ചാട്ടം ആണ്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടിക്കൊണ്ടിരുന്ന സ്ഥലമായിരുന്നു ചിറാപുഞ്ചി. ഇപ്പോള്‍ പക്ഷെ മൂന്നാല് വര്‍ഷങ്ങളായി ചിറാപുഞ്ചി വരളുകയാണ്. വെള്ളച്ചാട്ടങ്ങള്‍ ഒക്കെ പഴയ പ്രതാപത്തിന്റെ നിഴലുകള്‍ മാത്രം.

നൊഹ് കാ ലികായുടെ മനോഹാരിതയ്ക്ക് പിന്നില്‍ നൊമ്പരം ഉളവാക്കുന്ന ഒരു കഥയുണ്ട്. പറഞ്ഞറിയിക്കാനാവാത്ത വിധം നൊമ്പരം അനുഭവിച്ച ഒരു അമ്മയുടെ കഥ . മേഘാലയയിലെ ഖാസി മല നിരകള്‍ പറഞ്ഞ കഥ ഇപ്രകാരം.

കാ ലികായ് എന്ന ഒരു യുവതിയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകള്‍ ഉണ്ടായിരുന്നു. അവര്‍ പിന്നീടും ഒരു വിവാഹം കഴിച്ചു. രണ്ടാമത്തെ ഭര്‍ത്താവിനു ആ മകളെ വെറുപ്പായിരുന്നു. അയാള്‍ എങ്ങനെയെങ്കിലും ആ കുഞ്ഞിനെ ഒഴിവാക്കാന്‍ ആഗ്രഹിച്ചു.

ഒരു ദിവസം, വൈകിട്ട് പാടത്തെ പണി കഴിഞ്ഞു ലികായ് വീട്ടില്‍ എത്തിയപ്പോള്‍ തികച്ചും അത്ഭുതപ്പെട്ടു. പതിവിനു വിപരീതമായി ഭര്‍ത്താവ് ഭക്ഷണം ഒക്കെ പാകം ചെയ്തിരിക്കുന്നു. മാത്രമല്ല, ലികായ്ക്ക് ഭക്ഷണം വിളമ്പി കൊടുക്കുകയും ചെയ്തു. ലികായ് അത് സന്തോഷത്തോടെ കഴിക്കുകയും ചെയ്തു.

കുറെ നേരമായിട്ടും മകളെ കാണാത്തപ്പോള്‍ ലികായ് ഭര്‍ത്താവിനോട് മകളെ പറ്റി ചോദിച്ചു. ഒഴുക്കന്‍ മട്ടില്‍ ഭര്‍ത്താവ് മറുപടി പറഞ്ഞു. പിന്നീട് വീട്ടിനകത്ത് വെച്ചിരുന്ന ഒരു കുട്ടയില്‍ നിന്നും മകളുടെ ചോര നിറഞ്ഞ ഒരു വിരല്‍ തുമ്പു കിട്ടിയപ്പോള്‍ ലികായ്ക്ക് കാര്യങ്ങള്‍ വ്യക്തമായി. മകളെയാണ് ഭര്‍ത്താവ് കൊന്നു ഭക്ഷിച്ചത് എന്നും, അതിന്റെ പങ്കാണ് താനും കഴിച്ചത് എന്നും മനസ്സിലായതോടെ സമനില തെറ്റിയ കാ ലികായ് അടുത്തുള്ള ഒരു പാറപ്പുറത്ത് നിന്നും താഴേക്കു ചാടി ആത്മ ഹത്യ ചെയ്തു. അന്ന് മുതല്‍ ആ സ്ഥലം കാ ലികായിയുടെ ചാട്ടം എന്ന പേരില്‍ അറിയപ്പെടുന്നു ( ഖാസി ഭാഷയില്‍ അതിനെ നൊഹ് കാ ലികായ് എന്ന് പറയുന്നു).

കഥ അറിഞ്ഞപ്പോള്‍ മുതല്‍ ആ സ്ഥലത്തോട് ഒരു അടുപ്പം തോന്നി. കഴിഞ്ഞ ആഴ്ച ഞാന്‍ ചിറാപുഞ്ചി സന്ദര്‍ശിച്ചപ്പോള്‍ അവിടെ പോയിരുന്നു. വെള്ളച്ചാട്ടത്തിന്റെ ഏറ്റവും താഴെ വരെ ഒന്ന് പോയി നോക്കാം എന്ന് ഞാന്‍ വിചാരിച്ചു. അതൊരു മണ്ടത്തരം ആയിരുന്നു എന്ന് പിന്നീട് മനസ്സിലായി. നിരപ്പില്‍ നിന്നും ഏകദേശം 350 മീറ്റര്‍ താഴെ എത്താനുള്ള വഴി വളരെ ദുര്‍ഘടം ആയിരുന്നു. തിങ്ങി നിറഞ്ഞ കാടിന്റെ ഇടയിലൂടെ , വള്ളികളില്‍ പിടിച്ചു ചാടിയും, വഴുക്കന്‍ പാറകളില്‍ ചറുകി ഇറങ്ങിയും ഒക്കെയാണ് ഞാന്‍ താഴേക്കു പോകാന്‍ ഒരു ശ്രമം നടത്തിയത്. കുത്തനെ ഉള്ള ഇറക്കം ഒരു മണിക്കൂറോളം ഇറങ്ങിയ ശേഷം, മനസ്സിലായി, മുന്‍പോട്ടു പോയാല്‍ അന്ന് ഇരുട്ടും മുന്‍പേ തിരികെ കയറി വരാന്‍ ആവില്ല എന്ന്. പിന്നെ ആ ശ്രമം ഉപേക്ഷിച്ചു.

പിന്നെ തിരികെ കയറാന്‍ തുടങ്ങി. അപ്പോഴല്ലേ ചെയ്ത മണ്ടത്തരത്തിന്റെ ആഴം മനസ്സിലാവുന്നത്. മല കയറ്റം പരിശീലിക്കാതെ , പത്തിരുന്നൂറ് മീറ്റര്‍ കുത്തനെയുള്ള കയറ്റം കയറാന്‍ നോക്കിയതിനെ മണ്ടത്തരം എന്നോ ആന മണ്ടത്തരം എന്നോ പറഞ്ഞാലും പോര. കുരച്ചും, കിതച്ചും, പാറകളില്‍ അള്ളിപ്പിടിച്ചു കയറിയും, ഓരോ അഞ്ചു മിനുട്ടുകള്‍ കഴിയുമ്പോള്‍ ഇരുന്നും, ഒക്കെ എങ്ങനെയോ തിരികെ മുകളില്‍ എത്തി.

മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം, കിതപ്പോക്കെ മാറ്റി വിശ്രമിക്കുമ്പോള്‍ ഞാന്‍ വീണ്ടും ആ വെള്ളച്ചാട്ടത്തിലേക്ക് നോക്കി ... മനം നൊന്തു ഓടി വരുന്ന ലികായിയെ ഞാന്‍ എന്‍റെ ഭാവനയില്‍ കാണാന്‍ ശ്രമിച്ചു.

ലികായിയുടെ നൊമ്പരം അവിടത്തെ കാറ്റിനും ഉണ്ടെന്നു ഒരു നിമിഷം തോന്നിപ്പോയി.


ജോസ്
(സോഹ്ര , 29 ഒക്ടോബര്‍ , 2011 )

2011, ഒക്‌ടോബർ 24

ആദ്യ വിമാന യാത്ര......


"ജോസമ്മാച്ചാ .. ഈ വിമാനത്തിന്റെ അകം എങ്ങനെയിരിക്കും? "

ഒരിക്കല്‍ എന്‍റെ കുഞ്ഞനന്തരവന്‍ എന്നോട് ചോദിച്ചു. ഞാന്‍ വിമാനത്തിന്റെ അകത്തെ കാര്യങ്ങള്‍ വര്‍ണ്ണിച്ചപ്പോള്‍ അവന്റെ കണ്ണില്‍ കണ്ട തിളക്കം എന്നെ പഴയ കുറെ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

പണ്ട്, ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്, ഒരു ദിവസം, സ്കൂളില്‍ നിന്നും വിനോദ യാത്ര പോകുന്നു എന്ന് സാര്‍ പറഞ്ഞു. നെയ്യാര്‍ഡാം , അരുവിക്കര ഡാം, വിമാനത്താവളം എന്നിവയൊക്കെ കാണിക്കും എന്നാണു സാറുമ്മാര്‍ പറഞ്ഞത്. അത് വീട്ടില്‍ ചെന്ന് പറഞ്ഞപ്പോഴേ എന്‍റെ ചേട്ടന്‍ എന്നോട് പറഞ്ഞു.

"നീ നോക്കിക്കോ..അവര്‍ വിമാനത്താവളത്തില്‍ ഒന്നും കൊണ്ട് പോവില്ല. എയര്‍ പോര്‍ട്ടിന്റെ അടുത്തുള്ള റോഡ്‌ സൈഡില്‍ വണ്ടി നിര്‍ത്തി, ദോ പിള്ളേരെ ആ കാണുന്നതാണ് വിമാനത്താവളം എന്ന് പറയുകയേ ഉള്ളൂ "

ചേട്ടന്‍ പറഞ്ഞ പോലെ തന്നെ സംഭവിച്ചു. ഡാമിലൊക്കെ കൊണ്ടുപോയെങ്കിലും വിമാനത്താവളത്തില്‍ പോയില്ല. തിരികെ വരുന്ന വഴിയില്‍ , എയര്‍ പോര്‍ട്ടിന്റെ അടുത്തൂടെ വണ്ടി പോയപ്പോള്‍ സാര്‍ ഞങ്ങളോട് പറഞ്ഞു.

"പിള്ളേരെ ..ദോ അങ്ങോട്ട്‌ നോക്ക്..നേരെ നോക്ക്...ആ വിമാനങ്ങള്‍ കെടക്കണത് കണ്ടാ? അതാണ്‌ വിമാനത്താവളം "

എന്തായാലും അന്ന് മുതലേ വിമാനത്തില്‍ കയറണം എന്ന മോഹം മനസ്സില്‍ ഉടലെടുത്തു. അതിനൊക്കെ നല്ല കാശാവും എന്നും, ബസ് ടിക്കറ്റ് എടുത്തു കിഴക്കേ കോട്ടയില്‍ പോവുന്ന പോലൊന്നും പോവാന്‍ പറ്റില്ല എന്നൊക്കെ വൈകാതെ എനിക്ക് മനസ്സിലായി.

"ആ.. ദൈവം കനിഞ്ഞാല്‍ എപ്പോഴെങ്കിലും ഒന്ന് കയറാന്‍ പറ്റും. " ഞാന്‍ ഇടയ്ക്കിടെ ആത്മഗതം നടത്തും.

പഠിച്ചിറങ്ങി, ഡല്‍ഹിയില്‍ ജോലിക്ക് കയറിയപ്പോള്‍ , അവിടുന്ന് കമ്പനിയുടെ ബോംബെയിലെ ശാഖയില്‍ ഒരു നാലഞ്ചു മാസത്തെ ട്രെയിനിങ്ങിനു വേണ്ടി എന്നോട് പോകാന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള യാത്ര വിമാനത്തിലാണ്.

"ആഹാ.. അങ്ങനെ ഞാന്‍ ആദ്യമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ പോവുന്നു. ".

എന്‍റെ സന്തോഷത്തിനു അതിരില്ലായിരുന്നു. ഒപ്പം കുറച്ചു പരിഭ്രമവും കൂടി വന്നു. വിമാനത്താവളത്തില്‍ ചെന്നാല്‍ എന്തൊക്കെയാ ചെയ്യേണ്ടത് ? ചോദിച്ചറിയാന്‍ വീട്ടില്‍ ആരും അങ്ങനെ വിമാനത്തില്‍ യാത്ര ചെയ്തിട്ടില്ല. കമ്പനിയില്‍ ഉള്ളവരോട് എങ്ങനാ ചോദിക്കുന്നെ? നാണക്കേടല്ലേ.

"ഇവനേതു മണ്ട് ഗുണാപ്പി? വിമാനത്താവളത്തില്‍ ചെന്നാല്‍ എന്ത് ചെയ്യണം എന്നറിയില്ല പോലും. " എന്നാരേലും പറഞ്ഞാലോ?

എന്തായാലും ഒരാഴ്ച മുന്‍പേ തന്നെ വെള്ള ഷര്‍ട്ടും, കടും കളര്‍ പാന്റും, ടൈയും ഒക്കെ മൂന്നാല് പ്രാവശ്യം തേച്ചു വച്ചു. ആ ഒരാഴ്ച എന്‍റെ ഷൂ ഞാന്‍ ഒരു പത്തു പ്രാവശ്യം എങ്കിലും പോളിഷ് ചെയ്തു കാണും. വിമാനത്താവളത്തില്‍ ചെല്ലുമ്പോള്‍ നമ്മുടെ മാത്രം ഗെറ്റപ്പിനു ഒരു കുറവും വരരുതല്ലോ.

അവസാനം യാത്ര ചെയ്യുന്ന ദിവസം വന്നു. വളരെ പരിഭ്രമത്തോടെ ഒരു എക്സിക്യൂടിവ് ഗെറ്റപ്പില്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തി. കുളത്തിലെ തവള സമുദ്രം കണ്ട മാതിരി ഞാന്‍ ഒന്നമ്പരന്നു. നോക്കിയും കണ്ടും, ചോദിച്ചും ഒക്കെ കാര്യങ്ങള്‍ മനസ്സിലാക്കി , ഒരു വിധം ബോര്‍ഡിംഗ് പാസ് വാങ്ങി ഞാന്‍ ലോഞ്ചിലേക്ക് നടന്നു.

പാളയത്ത് നിന്ന് തമ്പാനൂരിലേക്ക് ബസ് യാത്ര ചെയ്യുന്ന ലാഘവത്തോടെ വിമാന യാത്ര ചെയ്യുന്നവരാണ് അവിടിരിക്കുന്നത്‌ എന്ന് എനിക്ക് തോന്നി. ആരുടെ മുഖത്തും ഒരു പരിഭ്രമവും ഇല്ല. അതൊക്കെ എനിക്കെ ഉള്ളൂ എന്നായി എന്‍റെ വിചാരം. പക്ഷെ ഞാന്‍ ഒന്നും പുറത്തു കാട്ടിയില്ല. നല്ലപോലെ മസില് പിടിച്ചു ഞാനും ഇരുന്നു. കുറെ നേരത്തിനു ശേഷം ജെറ്റ് എയര്‍വെയ്സിലെ ഒരു സുന്ദരിയുടെ കിളിനാദം ഞാന്‍ കേട്ടു.

"ബോംബെയിലേക്കുള്ള വിമാനം യാത്ര പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നു. യാത്രക്കാര്‍ ദയവായി, ഗേറ്റ്‌ നമ്പര്‍ രണ്ടിലൂടെ വിമാനത്തിന്റെ അടുത്തേയ്ക്ക് പോകണം "

"ഈശ്വരാ.. അങ്ങനെ ഞാന്‍ ദേ വിമാനത്തില്‍ കയറാന്‍ പോകുന്നു. "

സന്തോഷത്തോടൊപ്പം എല്ലാ പുണ്യവാളന്മാരെയും ധ്യാനിച്ച്‌ ഞാന്‍ ഗേറ്റിലേക്ക് നടന്നു. അവിടെ നിന്ന ഒരു സെക്യൂരിറ്റി ചേട്ടന്‍ മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ട് എന്നെ ഒന്ന് പരതി നോക്കി.. വല്ല ബോംബും ഉണ്ടോ എന്ന് നോക്കാന്‍. ആ കടമ്പ കഴിഞ്ഞപ്പോള്‍ അങ്ങ് ദൂരെ ഞാന്‍ കണ്ടു... യാത്രക്കാരെ കാത്തു നില്‍ക്കുന്ന ഒരു പടു കൂറ്റന്‍ വിമാനം !!

ഉടനെ ജെറ്റ് എയര്‍വേയ്സിന്റെ 'ഒഴുകി നടക്കുന്ന പോലെ ' ഓടുന്ന ഒരു കണ്ണാടി ബസ് അവിടെ വന്നു നിന്നു. യാത്രക്കാര്‍ അതില്‍ കയറി. ആ ബസ് വിമാനത്തിന്റെ അടുത്തേയ്ക്ക് ഞങ്ങളെ കൊണ്ട് പോയി.

വിമാനത്തില്‍ കയറി ഇരുന്നതും, കുറെ തരുണീ മണികള്‍ വന്നു യാത്രക്കാരെ അഭിവാദ്യം ചെയ്തു. കുറച്ചു കഴിഞ്ഞു അവര്‍ വിമാനത്തിന്റെ അകത്തുള്ള സുരക്ഷാ ക്രമീകരണങ്ങളെ ക്കുറിച്ച് പറഞ്ഞപ്പോഴാണ് എന്‍റെ ചങ്കിടിപ്പ് നന്നേ കൂടിയത്.

എന്തെങ്കിലും അപകടം പറ്റി വിമാനത്തിനു വെള്ളത്തില്‍ ഇറങ്ങേണ്ടി വന്നാല്‍ ഉപയോഗിക്കാനുള്ള ലൈഫ് ജാക്കറ്റ് സീറ്റിന്റെ അടിയില്‍ വെച്ചിട്ടുണ്ട് എന്ന് ഒരു തരുണീ മണി പറഞ്ഞു. ഞാന്‍ ചുറ്റും നോക്കി. ബാക്കി ആരും ഈ പറയുന്നതൊന്നും കേള്‍ക്കാതെ അവരുടെതായ ലോകത്തില്‍ മുഴുകി ഇരിക്കുകയാണ്. ഞാന്‍ പതിയെ ആരും കാണാതെ സീറ്റിന്റെ അടിയില്‍ ഒന്ന് തപ്പി നോക്കി.

"കര്‍ത്താവേ... ഇതിന്റെ അടിയില്‍ ജാക്കറ്റും കോപ്പും ഒന്നും കാണുന്നില്ലല്ലോ. കൂടെയുള്ളവര്‍ക്കൊക്കെ അതൊക്കെ അറിയാമായിരിക്കും. അതല്ലേ അവരൊക്കെ കൂളായിട്ട് ഇരിക്കുന്നത്. അഥവാ വിമാനം വെള്ളത്തില്‍ പെട്ടാല്‍ , ഞാനും പെട്ടത് തന്നെ".

ഞാന്‍ പക്ഷെ എന്‍റെ പേടി പുറത്തു കാണിച്ചില്ല. ടെയ്ക്ക് ഓഫ്‌ കഴിഞ്ഞു വിമാനം നല്ല ഉയരത്തില്‍ എത്തിയപ്പോള്‍ ഞാന്‍ സീറ്റിന്റെ വശത്തെ കണ്ണാടിയിലൂടെ താഴേക്കു നോക്കി. റോഡും മറ്റും ഒരു വരപോലെ കണ്ടു ...ഭൂമിയുടെ ഒരു അരഞ്ഞാണം പോലെ . ഇടയ്ക്കിടെ പഞ്ഞിക്കെട്ടു പോലെ വെള്ളി മേഘങ്ങളും കണ്ടു.

"ബസ്സോ മറ്റോ ആണേല്‍, ഇടയ്ക്ക് നിര്‍ത്തണം എന്ന് തോന്നിയാല്‍ ഒന്ന് ബ്രേക്കിട്ടു നിര്‍ത്താം..ഇതിപ്പോ ...." ഞാന്‍ ആലോചിച്ചു.

എന്‍റെ അടുത്തിരുന്ന അപ്പച്ചന്‍ ടോയ്ലറ്റില്‍ പോയ സമയത്ത് ഞാന്‍ വീണ്ടും എന്‍റെ സീറ്റിന്റെ അടിയില്‍ ഒന്ന് തപ്പി നോക്കി..ജാക്കറ്റ് ഉണ്ടോ എന്നറിയാന്‍. കണ്ടില്ല. എന്‍റെ ചങ്കിടിപ്പ് പഴയപോലെ തന്നെ കൂടി നിന്നു.

മറ്റുള്ളവര്‍ പത്രങ്ങളും മാസികകളും വായിച്ചപ്പോള്‍ , ഞാന്‍ വീണ്ടും വീണ്ടും സുരക്ഷാ ക്രമീകരണങ്ങളെ ക്കുറിച്ച് എഴുതിയ കടലാസ് വായിച്ചു. (വായിച്ചില്ല എന്നോര്‍ത്തു പിന്നെ സങ്കടപ്പെടെണ്ടി വരരുതല്ലോ.)

കുറച്ചു കഴിഞ്ഞു, ഒരു സുന്ദരി എയര്‍ ഹോസ്ടെസ് വെളുത്തു ചുരുണ്ട കുറെ സാധനങ്ങള്‍ ഒരു തട്ടത്തില്‍ വെച്ചുകൊണ്ട് വരുന്നത് കണ്ടു. മുന്‍പേ ഇരിക്കുന്ന ചിലര്‍ അതില്‍ നിന്നും ഓരോന്ന് എടുക്കുന്നതും കണ്ടു.

"ഷേയ്പ്പ് കണ്ടിട്ട് തെരളിയപ്പം പോലെ ഉണ്ട്. കൊള്ളാലോ.. പക്ഷെ തെരളിയപ്പത്തിനു തൂവെള്ള കളറോ? മാത്രമല്ല വിമാനത്തില്‍ തെരളിയപ്പം കിട്ടുമോ? " എന്‍റെ മനസ്സിലെ ചിന്തകള്‍ ഇതൊക്കെ ആയിരുന്നു. "

സീറ്റിന്റെ
പൊക്കം കാരണം മുന്‍പില്‍ ഇരുന്നവര്‍ അതെടുത്തു എന്താണ് ചെയ്യുന്നത് എന്ന് കാണാനും കഴിഞ്ഞില്ല.

നിമിഷങ്ങള്‍ക്കകം ആ സുന്ദരി എന്‍റെ അടുത്ത് വന്നു ഇംഗ്ലീഷില്‍ എന്തോ മൊഴിഞ്ഞു. തട്ടത്തില്‍ ഇരിക്കുന്നത് വേണോ എന്നാണ് ചോദ്യം എന്ന് മാത്രം പിടി കിട്ടി.

"എടുക്കണോ? നേരത്തെ കൊണ്ട് വന്ന ജ്യൂസും, കപ്പലണ്ടിയുടെ പാക്കറ്റും ഒക്കെ വാങ്ങിയതാ. ഇതും വാങ്ങിയാല്‍ ഇതൊന്നും കാണാതെ കിടക്കുന്ന ബാച്ചാണെന്ന് ഞാനെന്നു ആ സുന്ദരി കരുതിയാലോ? "

ബലം പിടിച്ചിരുന്ന ഞാന്‍ ഒരു റിഫ്ലക്സ് ആക്ഷന്‍ പോലെ പറഞ്ഞു

"നോ താങ്ക്സ് "

പിന്നല്ലേ പിടി കിട്ടിയത്.. അത് മുഖം തുടയ്ക്കാനുള്ള ടവല്‍ ആണെന്ന്. ആവി കൊള്ളിച്ച് , ഏതോ സുഗന്ധ ദ്രവ്യത്തില്‍ മുക്കി , തെരളിയപ്പം വെയ്ക്കും പോലെ മടക്കി വെച്ചിരിക്കുന്ന 'ഹോട്ട് ടവല്‍ ' വേണോ എന്നാണു സുന്ദരി എന്നോട് ചോദിച്ചത്.

ഒന്നര മണിക്കൂര്‍ നീണ്ട യാത്ര തീരാറായപ്പോള്‍ വീണ്ടും ഒന്ന് പേടിച്ചു ഞാന്‍. വിമാനം ബോംബെ എയര്‍പോര്‍ട്ടിന്റെ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു. അറബിക്കടലിന്റെ മുകളിലൂടെ വിമാനം പറന്നപ്പോള്‍ ഞാന്‍ ഒന്ന് താഴേക്കു നോക്കി. അറിയാതെ കൈ ഒന്ന് കൂടി സീറ്റിന്റെ അടിയിലെ ലൈഫ് ജാക്കറ്റ് തപ്പി. കിട്ടിയില്ല. ദൈവങ്ങള്‍ക്ക് നേര്‍ച്ച നേരുന്ന സ്വഭാവം ഇല്ലായിരുന്നു എങ്കിലും 'ദൈവമേ രക്ഷിക്കണേ എന്ന് അറിയാതെ മനസ്സില്‍ പറഞ്ഞു ' . എന്നിട്ട് കണ്ണും പൂട്ടി ഒരു ഇരുപ്പ് ഇരുന്നു.

വിമാനം ലാന്റ് ചെയ്തപ്പോള്‍ അതിന്റെ ചക്രങ്ങള്‍ നിലത്തു മുട്ടിയ ശബ്ദം ഒരു ഇടി മുഴക്കം പോലെ തോന്നി. വിമാനം ആകെ ഒന്ന് ആടി ഉലഞ്ഞു. പിന്നെ കുറെ ക്കഴിഞ്ഞു ബോംബെ എയര്‍ പോര്‍ട്ടിന്റെ പുറത്തു ഇറങ്ങിയപ്പോഴാണ് ഒന്ന് ശ്വാസം നേരെ വീണത്‌.

അതൊരു തുടക്കമായിരുന്നു. പിന്നെ ഓഫിസ് കാര്യങ്ങള്‍ക്കായി എത്ര പ്രാവശ്യം വിമാനത്തില്‍ കയറി. ആദ്യമൊക്കെ ഒരു ഹരമായിരുന്നു. പിന്നെപ്പിന്നെ അതൊരു മരവിപ്പും ചിലപ്പോള്‍ മടുപ്പും ഉളവാക്കുന്ന അനുഭവം ആയി മാറി. മിക്ക തവണയും അടുത്തിരിക്കുന്ന യാത്രക്കാര്‍ നല്ല മസില് പിടുത്തക്കാര്‍ ആയിരിക്കും. അപ്പോഴാവും ഞാന്‍ തീവണ്ടി യാത്രയുടെ കുളിര്‍മ്മ ഓര്‍ക്കുന്നത് ( റിസര്‍വേഷന്‍ ഉള്ള യാത്ര ആണേ ) . പല പല കാഴ്ചകള്‍ കണ്ട് , ഇടയ്ക്കിടെ ചായയും വടയും ഒക്കെ കഴിച്ച് , ഇടയ്ക്കിടെ വാതില്‍ക്കല്‍ നിന്നു കാറ്റ് കൊണ്ട്, ആളുകളോടൊക്കെ സംസാരിച്ചു കൊണ്ടുള്ള തീവണ്ടി യാത്ര എത്ര സുന്ദരം ആണ്.

ആദ്യ വിമാന യാത്രയുടെ സമയത്ത് രാവിലെ ഷേവ് ഒക്കെ ചെയ്തു കുട്ടപ്പനായല്ലേ എയര്‍പോര്‍ട്ടില്‍ എത്തിയത്. പക്ഷെ പിന്നീടോ? ..ഒരു കോലത്തില്‍ ആണ് പിന്നീട് യാത്ര ചെയ്തിട്ടുള്ളത്.

മിക്ക യാത്രകളും അസമയത്താവും ..രാത്രി ഓഫീസില്‍ നിന്നും താമസിച്ചാവും വീട്ടില്‍ എത്തുക. എന്നാലും അതിരാവിലെ മൂന്നു മണിക്ക് എണീറ്റാലെ ദൂരെയുള്ള എയര്‍പോര്‍ട്ടില്‍ ചെന്ന് അഞ്ചു മണിക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാന്‍ പറ്റുകയുള്ളൂ. (ബോംബെയില്‍ നിന്നും ബറോഡയില്‍ പോകുന്ന യാത്ര ). പല്ലൊക്കെ തേച്ചു എന്ന് വരുത്തി, കയ്യില്‍ കിട്ടിയ ഒരു ടീ ഷര്‍ട്ടും ഇട്ടാവും വിമാന താവളത്തിലേക്ക് ഓടുന്നത്. ഷേവ് ചെയ്യാന്‍ സമയം പോലും കിട്ടാതെ ഒരു കോലത്തില്‍ ആവും എയര്‍ പോര്‍ട്ടില്‍ എത്തുക. അവിടെയുല്ലവര്‍ക്കൊന്നും നമ്മളെ ശ്രദ്ധിക്കാനുള്ള സമയം ഇല്ല എന്ന സത്യം മനസ്സിലാക്കിയതുകൊണ്ടാണ്‌ പണ്ടത്തെപ്പോലെ തേച്ചു മിനുക്കിയ ഉടുപ്പൊക്കെ ഇട്ടു കുട്ടപ്പനായി യാത്ര ചെയ്യാന്‍ മെനക്കെടാത്തത് .. (സമയവും കിട്ടാറില്ല എന്നത് വാസ്തവം) . നഷ്ടപ്പെട്ട ഉറക്കം മൊത്തം വിമാനത്തില്‍ ഇരുന്നും , പിന്നെ ചെല്ലേണ്ട സ്ഥലത്ത് ചെന്ന് കാറില്‍ പോകുമ്പോഴും തീര്‍ക്കും. പിന്നെ ഹോട്ടല്‍ മുറിയില്‍ ചെന്നാവും, എക്സിക്യൂട്ടിവ് ഗെറ്റപ്പില്‍ പുറത്തിറങ്ങുന്നത്.

കുറെ യാത്രകള്‍ ചെയ്തു. ഭാരത ദേശത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഓടി.. അല്ല ഓടിച്ചു എന്ന് പറയുന്നതാവും ശരി. ഡല്‍ഹിയില്‍ നിന്നും ചെന്നൈ, ബോംബെയില്‍ നിന്നും ആസാം, അങ്ങനെ മാസത്തില്‍ ഒരു രണ്ടു മൂന്നു തവണ വെച്ച് കുറെ യാത്ര ചെയ്തു. പതിയെ യാത്രകളെ ഞാന്‍ വെറുത്തു തുടങ്ങി. പിന്നെ ഒരു പതം വന്നപ്പോള്‍ ഞാന്‍ തീരുമാനിച്ചു.. ഇനി വേണ്ട ..യാത്രകള്‍ കുറച്ചു മതി. അങ്ങനെ എടുത്ത ഒരു തീരുമാനത്തില്‍ ഞാന്‍ ബാംഗ്ലൂരിലേക്ക് കുടിയേറി. ഇപ്പോള്‍ യാത്രകള്‍ വിരളം. വിമാന യാത്രയെക്കുറിച്ച് മനസ്സില്‍ ആഹ്ലാദമോ , ആകാംഷയോ ഒന്നും ഇല്ല.

തീവണ്ടി യാത്ര ആണെങ്കിലോ...ഇന്നും ആഹ്ലാദം മനസ്സില്‍ ഉണ്ടാവും. പ്രത്യേകിച്ച് കേരളത്തിന്റെ നടുവിലൂടെ തീവണ്ടിയില്‍ പോകുമ്പോള്‍ വശങ്ങളില്‍ കാണുന്ന പച്ചപ്പിന്റെ കുളിര്‍മ്മ, അതില്‍ ലയിച്ചു ഞാന്‍ എന്റേതായ ലോകത്ത് മുഴുകുമ്പോള്‍ എനിക്ക് കിട്ടുന്ന സംതൃപ്തി .. ഇതൊന്നും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണേ ....

വിമാനത്തിന്റെ അകത്തെക്കുറിച്ചും , യാത്രയെക്കുറിച്ചും ഒക്കെ അനന്തരവനോടു വര്‍ണ്ണിച്ച ശേഷം ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചു.

"എന്‍റെ ആഗ്രഹം നടന്ന പോലെ അവന്റെ മനസ്സില്‍ ഉണ്ടായിരിക്കുന്ന ആഗ്രഹങ്ങളും നടപ്പിലാകാന്‍ ദൈവം സഹായിക്കട്ടെ. "

ജോസ്
ബാംഗ്ലൂര്‍
24- Oct-2011

2011, സെപ്റ്റംബർ 12

തെറ്റും ശരിയും ..



ഞാന്‍ ഇന്ന് എന്റെ ചേച്ചിയെയും, ചേച്ചിയുടെ മകളെയും കൂട്ടി, ചേച്ചിയുടെ ഒരു ബന്ധു വീട്ടില്‍ പോയി. ചേച്ചിയുടെ മകളുടെ കോളേജ് അഡ്മിഷന് കുറെ സഹായിച്ച ഒരു അച്ചായന്റെ വീട്ടിലായിരുന്നു പോയത്. വൈകിട്ട് ഒ
രു മൂന്നു മണി ആയപ്പോഴാണ് അവിടെ ചെന്ന് കയറിയത്. അകത്തു ചെന്നപ്പോള്‍ ആ അച്ചായന്റെ മൂന്നിലോ നാലിലോ പഠിക്കുന്ന മകന്‍ ആഹാരം കഴിച്ചുകൊണ്ട് അവിടിരിക്കുകയായിരുന്നു. അവനെ കണ്ടപ്പോഴേ എന്റെ അനന്തരവള്‍ എന്നോട് പറഞ്ഞു..

"അമ്മാച്ചാ.. ഈ ഇരിക്കുന്ന കക്ഷി ഭയങ്കര സാധനമാണ് ...കാണുന്ന പോലെ അല്ല "

അവള്‍ അത് പറഞ്ഞു തീര്‍ന്നില്ല, അപ്പോഴേക്കും പാവം അച്ചായന്‍ അവിടേക്ക് വന്നിട്ട് മകനോട്‌ ചോദിച്ചു..

"ഡാ. മോനെ.. നിനക്ക് ഈ അങ്കിളിനെ അറിയാമോ? "

"അറിഞ്ഞൂടാ " . കഴിക്കുന്ന പ്ലേറ്റില്‍ നോക്കികൊണ്ട്‌ കൊച്ചു ചെക്കന്‍ പറഞ്ഞു.

"എന്നാ ..നീ അങ്കിളിനോട് പെരെന്താന്നൊക്കെ ചോദിക്ക് ". പാവം അച്ചായന്‍ കൊച്ചനോട് പറഞ്ഞു.

"വട്ടനാന്നാ തോന്നുന്നേ.. "

ചെക്കന്‍ എന്നെ നോക്കി ഒരു കാച്ചു കാച്ചി. കുളിച്ചു കുട്ടപ്പനായി, ടി ഷര്‍ട്ടും ജീന്‍സും ഒക്കെ ധരിച്ചാണ് ഞാന്‍ പോയിരുന്നത്. എന്നെ കണ്ടപ്പോഴേ അവന്‍ പറഞ്ഞത് ഞാന്‍ വട്ടനാണെന്ന്. (കൊച്ചു പയ്യന് ഒറ്റ നോട്ടത്തില്‍ സത്യം എങ്ങനെ പിടികിട്ടി എന്ന് നിങ്ങളില്‍ ബുദ്ധി കൂടുതല്‍ ഉള്ളവര്‍ ചിലപ്പോള്‍ ചോദിച്ചേക്കാം :-)

സത്യം പറഞ്ഞാല്‍ അവിടെ ഇരുന്ന ആരും, ഞാനടക്കം, അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചില്ല. ഒരു രണ്ടു മൂന്നു സെക്കന്റ്‌ നേരത്തേക്ക് എല്ലാവരുടെയും ഫ്യുസ് പോയി. ഒന്ന് വിളറിയ അച്ചായന്‍, പാവം, വീണ്ടും അവനോടു പറഞ്ഞു.

"എടാ നീ ഇങ്ങനെ ആണോടാ പേര് ചോദിക്കുന്നെ "

"നീ പോടാ കൊരങ്ങാ. " കൊച്ചു കാന്താരിയുടെ മറുപടി ഇതായിരുന്നു.

കൊച്ചു ചെക്കന്, എന്ത് ചെയ്യണം എന്നറിയാതെ ഒരു തരം വിരു വിരുപ്പ് ആയിരുന്നു അപ്പോള്‍ . കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ കറിക്കരിയാന്‍ ഉപയോഗിക്കുന്ന ഒരു കത്തിയും എടുത്തോണ്ട് അടുക്കളയില്‍ നിന്നും വന്നു. അതും ചുഴറ്റി ഒരു വില്ലനെപ്പോലെ ഞങ്ങളുടെ അടുത്ത് വന്നപ്പോള്‍ എന്റെ അനന്തരവള്‍ വിരണ്ട്, എന്നോട് പറ്റിചേര്‍ന്നിരുന്നു. അപ്പോഴേക്കും, അച്ചായന്‍ ഓടി വന്നു കത്തി പിടിച്ചു വാങ്ങി.

അപ്പോഴാണ്‌ എന്റെ കാറോടിക്കുന്ന പയ്യന്‍ അവിടെയ്ക്ക് വന്നത്.

"മോനെ..നീ ഈ അങ്കിളിനെ അറിയുമോ? ഈ അങ്കിളിനു കന്നഡ അറിയാം. നീ കന്നടയില്‍ സംസാരിച്ചേ ".

"ഇവനും വട്ടനാ ..." . അത്തവണ അവന്റെ പ്രതികരണം ഇതായിരുന്നു.

ഇതൊക്കെ ‌ തമാശക്ക് പറഞ്ഞതല്ല. വള്ളി പുള്ളി വിടാതെ നടന്ന കാര്യമാണ് പറഞ്ഞത്.

പണ്ടൊരിക്കല്‍ എന്റെ മൂത്ത ചേട്ടന്‍ ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് കേരള എക്സ്പ്രെസ്സില്‍ വന്നപ്പോള്‍ നടന്ന ഒരു സംഭവം പറഞ്ഞിരുന്നു. ചേട്ടന്‍ യാത്ര ചെയ്തിരുന്ന കമ്പാര്‍ട്ട് മെന്റില്‍ ഒരാള്‍ അയാളുടെ മോനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. പുള്ളിക്കാരന്‍ അയാളുടെ മോന്റെ പഠനത്തെക്കുറിച്ചും, അവന്റെ ജനറല്‍നോളെട്ജ് നെക്കുറിച്ചും ഒക്കെ അവിടിരുന്ന സഹ യാത്രികരോട് വാതോരാതെ സംസാരിച്ച ശേഷം, മോനോട് ചോദിച്ചു..

"മോനെ..ഇന്ത്യയുടെ പ്രധാന മന്ത്രി ആരാണെന്നു പറഞ്ഞെ? "

"നിന്റെ അച്ഛന്‍ " . സ്വന്തം അച്ഛനെ നോക്കി ചെക്കന്‍ പറഞ്ഞ മറുപടി ഇതായിരുന്നു. അതിനു ശേഷം അവനോ അവന്റെ പാവം അച്ഛനോ എന്ത് പറ്റി എന്ന് എനിക്കറിയില്ല. പക്ഷെ മേല്‍പ്പറഞ്ഞ സംഭവവും നടന്നതാണ്.

ഇതൊക്കെ പറയാന്‍ കാരണം ഉണ്ട്. കുട്ടികളെ എനിക്ക് വലിയ ഇഷ്ടമാണ്. അവരുടെ കുട്ടിത്തവും, അതില്‍ നിറഞ്ഞു നില്‍കുന്ന കുസൃതികളും അതിലേറെ ഇഷ്ടവും. പക്ഷെ ഒന്നും അതിര് വിട്ടു പോകരുത് എന്ന് മാത്രം. ഒരു വ്യക്തിക്ക് നല്‍കാവുന്ന ഏറ്റവും വലിയ സഹായം ആ വ്യക്തിയുടെ വിദ്യാഭ്യാസത്തിനു സഹായം നല്‍കുകയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് പോലെ ഒരു കൊച്ചു കുഞ്ഞിന്റെ സ്വഭാവ രൂപീകരണം നടക്കുന്ന സമയത്ത്, തെറ്റുകള്‍ പറഞ്ഞു വിലക്കിയില്ലെങ്കില്‍ അത്, ആ കുഞ്ഞിനോട് ചെയ്യുന്ന ക്രൂരത ആണെന്നും ഞാന്‍ വിശ്വസിക്കുന്നു.


മേല്‍പ്പറഞ്ഞ സംഭവങ്ങളില്‍ , കുഞ്ഞുങ്ങള്‍ക്ക്‌ ആ പറഞ്ഞത് തെറ്റാണോ ശരിയാണോ എന്ന് ഒരു അറിവും ഇല്ല എന്നത് തീര്‍ച്ചയാണ് . അത് വേണ്ട രീതിയില്‍ അവരെ മനസ്സിലാക്കേണ്ടത് രക്ഷിതാകളുടെ ചുമതല ആണ്. (കൊച്ചു കുരുത്തക്കേടുകള്‍ക്കു പോലും ചുട്ട അടി പാര്‍സല്‍ ആയി വരുമായിരുന്നു എന്റെ ചേട്ടന്മാര്‍ക്ക്. താരതമ്യേന എനിക്ക് അടി കുറവായിരുന്നു എന്നാണു അമ്മച്ചിയുടെ ഭാഷ്യം ).

ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത്, അനുസരണക്കേടിന്റെ പരകോടിയില്‍ നിന്നിരുന്ന ചില കിടാങ്ങള്‍ ഇന്ന് മര്യാദക്കാരായി , കുടുംബമായി ജീവിക്കുന്നുണ്ട്. അവര്‍ അനുസരണക്കേട്‌ കാണിച്ച സമയത്ത് അവരുടെ രക്ഷിതാക്കള്‍ അവരെ വിലക്കുന്നതും ഞാന്‍ കണ്ടിട്ടില്ല. പക്ഷെ , ദൈവാനുഗ്രഹം കാരണം, അവര്‍ ചിലപ്പോള്‍ തെറ്റുകള്‍ ഒക്കെ സ്വയം മനസ്സിലാക്കിയതാവാം അവര്‍ നന്നായി വരാന്‍ കാരണം . എല്ലാവരും അങ്ങനെ ആവണം എന്നില്ലല്ലോ.

പല സഹ പ്രവര്‍ത്തകരുടെയും വീടുകളില്‍ പോകുമ്പോള്‍ അവിടുത്തെ കുഞ്ഞുങ്ങളുടെ 'കുസൃതിയുടെ സീമ കടന്നുള്ള ' പെരുമാറ്റം കാണാറുണ്ട്‌. അവരെ ആരും വിലക്കാത്തപ്പോള്‍ വിഷമവും വരാറുണ്ട്. എനിക്ക് പറയാന്‍ അധികാരമോ സ്വാതന്ത്ര്യമോ ഉള്ള സ്ഥലം ആണെങ്കില്‍ ഞാന്‍ ചെയ്യാറും ഉണ്ട്. നാളത്തെ പൌരനു അത്രയെങ്കിലും ഞാന്‍ ഒരു സഹായം ചെയ്യേണ്ടേ?

'പറയാന്‍ എളുപ്പമാണ് . ഒന്നിനെ വളര്‍ത്തി നോക്ക് അപ്പോള്‍ അറിയാം ' ..എന്നാരെങ്കിലും എന്റെ മുഖമടച്ചു പറഞ്ഞാല്‍ ..ഞാന്‍ പറയും.

" ക്ഷമിക്കണം സുഹൃത്തേ .. അറിയാതെ പറഞ്ഞു പോയതാ... വളര്‍ത്താന്‍ ഉണ്ടെങ്കിലല്ലേ അറിയാന്‍ പറ്റു. ശരിയെന്നു മനസ്സില്‍ തോന്നിയത് പറഞ്ഞു പോയതാണേ ..എന്നോട് ക്ഷമി "


ജോസ്
ബാംഗ്ലൂര്‍
12- Sept- 2011

( ചിത്രങ്ങള്‍ക്ക് കടപ്പാട്.: ഗൂഗിള്‍ )

2011, സെപ്റ്റംബർ 6

ശാപം ..



എന്‍റെ ആത്മ മിത്രങ്ങളില്‍ ഒരാള്‍ , കുടുംബ സമേതം, ബാംഗ്ലൂരിലെ എന്‍റെ വീട്ടില്‍ അവധിക്കാലം ചെലവഴിക്കാനായി കഴിഞ്ഞ ആഴ്ച വന്നിരുന്നു. അവരെ ബാംഗ്ലൂരിലെ സ്ഥലങ്ങള്‍ കാണിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഞായറാഴ്ച 'നന്ദി ഹില്ല്സ് ' എന്ന ഒരു കൊച്ചു മലയുടെ മുകളിലേക്ക് അവരുമായി യാത്ര തുടങ്ങി. ഒരു ഫ്ലൈ ഓവറിന്റെ അടുത്തുള്ള ട്രാഫിക് ജങ്ക്ഷനില്‍ ഞങ്ങള്‍ സഞ്ചരിച്ച കാര്‍ , സിഗ്നല്‍ കിട്ടാന്‍ വേണ്ടി നിന്ന സമയം. ഞാന്‍ ഡ്രൈവറിന്റെ അടുത്തുള്ള സീറ്റില്‍ ആണ് ഇരുന്നത്. സിഗ്നലില്‍ കാര്‍ നിന്ന സമയം, റോഡിലൂടെ രണ്ടു മൂന്ന് ഹിജഡകള്‍ കടന്നു വന്നു. ഞാനിരുന്ന വശത്തെ ഗ്ലാസ് താഴ്ത്തി വച്ചിരിക്കുകയായിരുന്നു. എന്തെങ്കിലും ചെയ്യാന്‍ പറ്റും മുന്‍പേ, അതില്‍ ഒരു ഹിജഡ, എന്‍റെ അടുത്തേക്ക് വന്നിട്ട്, പൈസ ചോദിച്ചു. ഞാന്‍ ഒന്നും മിണ്ടാതെ ഇരുന്നപ്പോള്‍ , അവര്‍ എന്‍റെ കവിളില്‍ ഒന്ന് നുള്ളികൊണ്ട്‌ ചോദിച്ചു.

"യാരിതു ...അമുല്‍ ബേബിയാ ? നീങ്ക പൈസ തരമാട്ടെ? "

അത് കേട്ട് പുറകില്‍ ഇരുന്ന കൂട്ടുകാരനും പിള്ളേര്‍ക്കും ഒക്കെ ചിരി വന്നു. എങ്ങനെയെങ്കിലും വണ്ടി ഒന്ന് നീങ്ങിയാല്‍ മതി എന്നോര്‍ത്തു ഞാനും ഇരുന്നു. ഡ്രൈവര്‍ അവര്‍ക്ക് പത്തു രൂപ കൊടുത്തതും, സിഗ്നല്‍ ക്ലിയര്‍ ആയതും ഒരുമിച്ചായിരുന്നു. അപ്പോഴേക്കും കിട്ടിയ പൈസയും വാങ്ങി അവര്‍ എങ്ങോ പോയി മറഞ്ഞു. ഞങ്ങള്‍ യാത്രയും തുടര്‍ന്നു. യാത്രയ്ക്കിടയില്‍ ഞാന്‍ ഇതുപോലെ ഹിജഡകളുമായി ട്രാഫിക് ജങ്ക്ഷനില്‍ കണ്ടുമുട്ടിയ മറ്റൊരു കഥ ഓര്‍ത്തു. വര്‍ഷങ്ങള്‍ മുന്‍പ് നടന്ന കഥ .

ജോലി കിട്ടിയ ശേഷം ട്രെയിനിങ്ങിനു വേണ്ടി ബോംബെ മഹാനഗരത്തില്‍ ചേക്കേറിയ കാലം. അവിടത്തെ ഒറ്റ മുറി അപ്പാര്ട്ട്മെന്റില്‍ ആയിരുന്നു ഞാനും എന്‍റെ ഒരു സഹ പ്രവര്‍ത്തകനും താമസിച്ചിരുന്നത്. ശമ്പളം ഒക്കെ കിട്ടി വരുന്നതേ ഉള്ളൂ . ATM കാര്‍ഡ് കയ്യില്‍ കിട്ടിയിട്ടില്ലായിരുന്നതിനാല്‍ , ആവശ്യത്തിനുള്ള രൂപ ബാങ്കില്‍ നിന്നും എടുത്തു കയ്യില്‍ വയ്ക്കുക ആയിരുന്നു പതിവ് . പൈസ എടുക്കാന്‍ വേണ്ടി ബാങ്കില്‍ പോകുന്നതു തന്നെ ഒരു ചടങ്ങാണ്. ഓഫിസില്‍ നിന്നും അവധി പറഞ്ഞ്, കുറച്ചു ദൂരെ ഉള്ള ബ്രാഞ്ചില്‍ പോയി വേണം പൈസ എടുക്കാന്‍.

വീട്ടില്‍ നിന്നും കമ്പനിയിലേക്ക് ഓഫിസ് വാഹനം ഉള്ള ദിവസങ്ങളില്‍ പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും കൂടാതെ യാത്ര ചെയ്യാന്‍ പറ്റുമായിരുന്നു. അല്ലാത്ത ദിവസങ്ങളില്‍ ബസ്സില്‍ അള്ളിപ്പിടിച്ചു നിന്ന് യാത്ര ചെയ്യും. ചില ദിവസം എണീക്കാന്‍ താമസിച്ചു പോയാല്‍ , താമസിച്ചു ബസ് സ്റ്റോപ്പില്‍ വരുമ്പോള്‍ അവിടത്തെ ജന സമുദ്രം കാണുമ്പോഴേ മനസ്സൊന്നു കിടുങ്ങും . പിന്നെ വരുന്ന ബസ്സില്‍ ഇടിച്ചു കയറി ഓഫീസില്‍ ചെല്ലുമ്പോള്‍ തേച്ചു വടിപോലെ ആക്കി ഇട്ട ഷര്‍ട്ടൊക്കെ ചുരുട്ടിക്കൂട്ടിയപോലെ ആവും. അങ്ങനെയുള്ള അവസരങ്ങളില്‍ ചിലപ്പോള്‍ ആട്ടോ റിക്ഷാ പിടിച്ചെന്നിരിക്കും. കാന്തിവ്ളിയില്‍ നിന്നും ഗോരേഗാവ് വരെയുള്ള യാത്രയില്‍ ഏതെങ്കിലും ട്രാഫിക് ജങ്ക്ഷനില്‍ ആട്ടോ നിര്‍ത്തുമ്പോഴാണ് പ്രശ്നം

ഹിജഡകള്‍ കൂടുതല്‍ ഉള്ള സ്ഥലം ആണല്ലോ ബോംബെ നഗരം. ടാഫിക് ജങ്ക്ഷനില്‍ മാത്രമല്ല, മറ്റു പല സ്ഥലങ്ങളിലും അവര്‍ ഉണ്ടാവും. മിക്കവാറും ഒരു കൂട്ടമായാവും അവരുടെ യാത്ര. പ്രത്യേക രീതിയില്‍ കൈകള്‍ തമ്മില്‍ അടിച്ചു ശബ്ദം ഉണ്ടാക്കിക്കൊണ്ട് അവര്‍ ആളുകളോട് പൈസ ചോദിക്കും. കൊടുത്തില്ലെങ്കില്‍ ചിലര്‍ ഒന്നും പറയാതെ പൊയ്ക്കോളും. പക്ഷെ ചിലരോ, അസഭ്യം പറയുകയോ, പൈസ കൊടുക്കാത്ത ആളിനെ മാനം കെടുത്തുന്ന എന്തെങ്കിലും പരിപാടികള്‍ ഒപ്പിക്കുകയോ ചെയ്യും.

ആട്ടോയിലും, സ്കൂട്ടറിലും ബൈക്കിലും ഒക്കെ പോകുന്ന ആളുകള്‍ക്കാണ് പ്രശ്നം. ഹിജഡകള്‍ അടുത്ത് വന്നു പൈസ ചോദിക്കുമ്പോള്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല.പൈസ കൊടുത്തില്ലെങ്കില്‍ തലോടലും മറ്റും തുടങ്ങും. കാറില്‍ പോകുന്നവര്‍ക്ക് കാറിന്റെ ഗ്ലാസ്‌ താഴ്ത്തി ഇരിക്കാം. പെണ്ണുങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരാളെയാണ് ഹിജഡകള്‍ ലക്ഷ്യമിടുന്നത് എങ്കില്‍, പാവം ചെക്കന്റെ കാര്യം പോക്കാണ്. പൈസ കൊടുത്താല്‍ ‍, പെണ്ണിന്റെ മുന്‍പില്‍ മാനം പോകാതെ അവനു പോകാന്‍ പറ്റും. ഇല്ലെങ്കിലോ, പെങ്കൊച്ചിന്റെ മുന്‍പില്‍ വെച്ച് തന്നെ അവനെ ഹിജഡകള്‍ കൈകാര്യം ചെയ്യും. മുഖത്ത് തലോടലും, ശൃംഗരിക്കലും ഒക്കെ കഴിഞ്ഞു പിന്നെ അതിലും വലിയ മാനം കെടുത്തല്‍ പരിപാടിയിലേക്ക് അവര്‍ കടക്കും മുന്‍പേ മിക്കവാറും ആണ്‍ കൊച്ചന്‍ പൈസ കൊടുത്തിരിക്കും.

ഒന്ന് രണ്ടു തവണ ഓട്ടോയില്‍ ഇരിക്കുമ്പോള്‍ ഹിജഡകള്‍ വന്നു പൈസ ചോദിച്ചിട്ടുണ്ട്. പഴ്സ് തുറക്കാന്‍ താമസിക്കുന്നത് കണ്ടു മുഖത്തു തലോടിയിട്ടുമുണ്ട്. ചിലരോ, ഒന്നും പറയാതെ പോയിട്ടുമുണ്ട്. എന്തോ...ജോലി ഒന്നും ചെയ്യാന്‍ വയ്യാത്ത, വയസായവര്‍ക്കോ , അംഗ വൈകല്യം വന്ന ഭിക്ഷക്കാര്‍ക്കോ പൈസ കൊടുത്താലും, ഒരു ജോലിയും ചെയ്യാതെ ആളുകളെ ശല്യപ്പെടുത്തി നടക്കുന്നവര്‍ക്ക് പൈസ കൊടുക്കാന്‍ എനിക്ക് താല്പര്യം ഇല്ല .

ഒരിക്കല്‍ വാഷി എന്ന സ്ഥലത്ത് താമസിക്കുന്ന എന്റെ ഒരു സഹ പ്രവര്‍ത്തകന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ക്രിസ്തുമസിനു ഊണ് കഴിക്കാന്‍ ക്ഷണിച്ചു. അത്തവണ ഞാന്‍ ക്രിതുമസിനു നാട്ടില്‍ പോയില്ലായിരുന്നു. ഞാനും എന്റെ സഹ മുറിയന്‍ സുഹൃത്തും കൂടി, വാഷിയിലേക്ക് പോകാന്‍ തീരുമാനിച്ചു. ഓട്ടോ പിടിച്ചു റെയില്‍വേ സ്റ്റേഷനില്‍ പോയിട്ട്, അവിടുന്ന് ലോക്കല്‍ ട്രെയിന്‍ പിടിച്ചു വേണം വാഷിയില്‍ പോകാന്‍. ഓട്ടോയില്‍ ഇരുന്നു സ്റ്റെഷനിലേക്ക് പോകവേ ഒരു ട്രാഫിക് സിഗ്നില്‍ വെച്ച് ഞങ്ങള്‍ കുരുക്കില്‍ പെട്ടു. രണ്ടു മൂന്ന് ഹിജഡകള്‍ ഞങ്ങള്‍ ഇരുന്ന ഓട്ടോയുടെ അടുത്തേയ്ക്ക് വന്നു. പിന്നെ താളത്തിലുള്ള കൈ കൊട്ടലും, കലാ പരിപാടികളും തുടങ്ങി. എന്റെ കൂട്ടുകാരന്‍ ഒന്ന് പരുങ്ങി. അവന്‍ എന്നോട് ചോദിച്ചു..

" ജോസേ .. പൈസ കൊടുക്കണോടാ? "

"നിനക്ക് വേണേല്‍ കൊടുക്ക്‌. ഞാന്‍ കൊടുക്കാന്‍ പോകുന്നില്ല "

ഞാന്‍ അങ്ങനെ പറഞ്ഞതും, അവന്‍ പറഞ്ഞു. ..

"എന്നാ വേണ്ട ഞാനും കൊടുക്കുന്നില്ല "

ഞങ്ങള്‍ പൈസ കൊടുക്കുന്നില്ല എന്ന് കണ്ടതും, അവര്‍ ഹിന്ദിയിലും മറാത്തിയിലും എന്തൊക്കെയോ ഉച്ചത്തില്‍ പറഞ്ഞ്, ദേഷ്യത്തോടെ കടന്നു പോയി. അപ്പോഴേക്കും സിഗ്നല്‍ ആയത് കാരണം അധിക നേരം ഞങ്ങള്‍ക്ക് അവിടെ തങ്ങേണ്ടി വന്നില്ല. ഓട്ടോ മുന്‍പോട്ടു പോയപ്പോള്‍ എന്റെ കൂട്ടുകാരന്‍ പറഞ്ഞു.

"ജോസേ ..പൈസ കൊടുക്കാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നെഡേയ് . ഹിജഡകള്‍ ദേഷ്യപ്പെട്ടു ശപിച്ചാല്‍ ദോഷം ഉണ്ടാവും എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് "

"നീ ചുമ്മാ അതും ഇതും പറയാതെ . അവര് ദേഷ്യപ്പെട്ടു എന്നത് ശരി...ശപിച്ചു എന്നൊക്കെ പറഞ്ഞു നീ വെറുതെ മനസ്സ് വിഷമിപ്പിക്കാതെ " . ഞാന്‍ അവനെ സമാധാനിപ്പിച്ചു.

കുറച്ചു കഴിഞ്ഞു ഞങ്ങള്‍ സ്റ്റേഷനില്‍ എത്തി. അവിടുന്ന് വാഷി വരെ പോകുന്ന ലോക്കല്‍ ട്രെയിന്‍ എവിടെയാണ് വരുന്നത് എന്ന് കണ്ടുപിടിക്കാനും , ടിക്കറ്റ് എവിടുന്നാണ് കിട്ടുന്നത് എന്നറിയാനും ആയി, ഞങ്ങള്‍ സ്റ്റേഷന്റെ പരിസരത്ത് കറങ്ങി. ടിക്കറ്റ് കൌണ്ടര്‍ കാണാത്തതിനാല്‍ ഞങ്ങള്‍ പ്ലാട്ഫോമിന്റെ അകത്തു കയറി. ടിക്കറ്റ് കൌണ്ടര്‍ അകത്തു കാണും എന്ന ധാരണയില്‍ ആണ് കയറിയത്. കയറി കുറച്ചു സമയം കഴിഞില്ല, ഒരാള്‍ വന്നു ഞങ്ങളോട് ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടു.അത് റെയില്‍വേ പോലിസ് ആയിരുന്നു എന്ന് താമസിയാതെ മനസ്സിലായി. ഞങ്ങള്‍ ടിക്കറ്റ് എടുക്കാനാണ് അകത്തു കയറിയത് എന്നൊന്നും പറഞ്ഞിട്ട് അയാള്‍ കേട്ടില്ല. ഞങ്ങളെ റെയില്‍വേ സ്റ്റേഷന്റെ അകത്തുള്ള പോലിസ് റൂമില്‍ കൊണ്ട് പോയി.

അകത്തു കുറേപ്പേര്‍ അപ്പോഴേ വരി വരിയായി ഇന്‍സ്പെക്ടറുടെ മേശയുടെ അടുത്ത് നില്‍പ്പുണ്ടായിരുന്നു. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത ആളുകള്‍ ആയിരുന്നു എല്ലാവരും. ഞങ്ങളെ കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ ആണെന്ന് തോന്നിയപ്പോള്‍, ഇന്‍സ്പെക്ടര്‍ കുറെ സന്മാര്‍ഗ പ്രസംഗം നടത്തി. ഞങ്ങളെപ്പോലെ പഠിപ്പുള്ളവര്‍ ഈ നില്‍ക്കുന്നവരെപ്പോലെ കള്ള വണ്ടി കേറാന്‍ തുടങ്ങിയാല്‍ എന്താവും എന്നൊക്കെ പുള്ളിക്കാരന്‍ ഞങ്ങളോട് ചോദിച്ചു. അറിയാവുന്ന ഭാഷയില്‍ ഒക്കെ ഞങ്ങള്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. അവസാനം ശിക്ഷ നടപ്പാക്കുന്ന സമയം ആയി. അപ്പോഴല്ലേ ‍, അസല്‍ പോലിസ് വിദ്യ പുറത്തു വരുന്നത് ഞങ്ങള്‍ കണ്ടത്. ആയിരം രൂപയാണ് അവിടുന്ന് ഞങ്ങളെ രക്ഷപ്പെടുത്താന്‍ വേണ്ടി ഞങ്ങളോട് ഇന്സ്പെകര്‍ ചോദിച്ചത്. ആയിരം പോയിട്ട് അഞ്ഞൂറ് പോലും കയ്യില്‍ ഇല്ലാ എന്നും, ഞങ്ങള്‍ പാവം വിദ്യാര്‍ഥികള്‍ ആണെന്നും ഒക്കെ എന്റെ സുഹൃത്ത്‌ കുറെ അഭിനയിച്ചു പറഞ്ഞപ്പോള്‍, ഇനി കുറയില്ലാ എന്ന അവസാന വാക്കോടു കൂടി, ഇന്‍സ്പെക്ടര്‍ അവസാനം മോചന ദ്രവ്യം ഇരുന്നൂറു രൂപയില്‍ എത്തിച്ചു. പിന്നെ അര മുക്കാല്‍ മണിക്കൂര്‍ നേരത്തെ മാനസിക വ്യഥ യ്ക്ക് ശേഷം, ഞങ്ങള്‍ പുറത്തു വന്നു ടിക്കറ്റ് എടുത്തു. അത് കഴിഞ്ഞ് അടുത്ത ലോക്കല്‍ ട്രെയിന്‍ പിടിച്ചു വാഷിയിലേക്ക് പോയി.

വാഷിയില്‍ ചെന്ന് സഹ പ്രവര്‍ത്തകരോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചെങ്കിലും, റെയില്‍വേ പോലീസിന്റെ കയ്യില്‍ അകപ്പെടെണ്ടി വന്നതിന്റെ വിഷമവും, മാനഹാനിയുടെയും, ധന നഷ്ടത്തിന്റെയും ഓര്‍മ്മകളും , ക്രിസ്തുമസിന്റെ സന്തോഷത്തെ കുറച്ചു ബാധിച്ചു .തിരികെ ഒരു സഹ പ്രവര്‍ത്തകന്റെ കാറിലാണ് വീട്ടിലേക്കു വന്നത്. വീട്ടില്‍ വന്നും കയറും മുന്‍പ് , വിഷമത്തോടെ കൂട്ടുകാരന്‍ പറഞ്ഞൊപ്പിച്ചു.

"ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ,..ഹിജഡകള്‍ ശപിച്ചാല്‍ അത് ഏല്‍ക്കും എന്ന്. ഇപ്പൊ കണ്ടില്ലേ മാനവും പോയി, സമയവും പോയി, പൈസയും പോയി ".

ഞാന്‍ ഒന്നും പറയാന്‍ ആവാതെ നിന്നു. ശാപങ്ങളിലും മറ്റും വലിയ വിശ്വാസം ഇല്ലാത്ത ആളാണ്‌ ഞാന്‍. എന്നാലും ചിലപ്പോള്‍ ഓര്‍ക്കും...

'അവന്‍ ആ പറഞ്ഞത് നേരാണോ? അന്ന് ഹിജഡകള്‍ക്ക് പൈസ കൊടുക്കാഞ്ഞിട്ടാണോ..അന്ന് തന്നെ റെയില്‍വേ പോലീസിന്റെ കയ്യില്‍ അകപ്പെട്ടത്? അവര്‍ ശപിച്ചാല്‍ ശാപം എല്‍ക്കുമോ? '


Jose
bangalore
8 sept 2011

2011, ഓഗസ്റ്റ് 27

വെല്യ വെല്ല്യപ്പച്ചന്‍ ...


മാവേലിക്കരയിലെ വല്യപുരയ്ക്കല്‍ കുടുംബത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയാണ് അന്തോണി വല്യപ്പന്‍. വല്യപ്പന്റെ മക്കളും അവരുടെ മക്കളും പിന്നെ അവരുടെയും മക്കളായ കുറെ ചെറിയ "വിത്തുകളും " ചേര്‍ന്നതാണ് ആ കുടുംബം. ആയ കാലത്തെ ഒരു സിംഹം ആയിരുന്നു കാര്‍ന്നോര്. ഇപ്പോള്‍ വയസ്സ് തൊണ്ണൂറ്റി അഞ്ചു കഴിഞ്ഞതോടെ മിക്ക സമയവും ചാരു കസേരയിലോ കട്ടിലിലോ ആണ് വല്യപ്പന്റെ ജീവിതം. പല്ലും മുടിയും ഒക്കെ എന്നേ കൊഴിഞ്ഞു. ഉള്ള മുടിയോ നരച്ച് വെള്ളി നൂല് പോലെ ആയി. ഒരു എല്ലില്‍ കൂട് പോലാണ്‌ കാര്‍ന്നോരുടെ ഇരുപ്പ്. ചിലപ്പോള്‍ മക്കളും കൊച്ചു മക്കളും ഒക്കെ വന്നിരിക്കുമ്പോള്‍ അവരുടെ ഒപ്പം ടി. വി കാണാന്‍ വന്നിരിക്കും. അങ്ങനെ വന്നിരുന്ന ഒരു ദിവസം അല്ലേ വീട്ടിലെ കാന്താരിയായ ആറു വയസ്സുകാരന്‍ ഷയ്നു കാര്‍ന്നോരെ കുഴക്കുന്ന ചോദ്യം ചോദിച്ചത്.

ടി. വി യില്‍ I.P.L ക്രിക്കറ്റ് നടക്കുകയായിരുന്നു. കാര്‍ന്നോരുടെ മകന്‍ തോമാച്ചനും, തോമാച്ചന്റെ മകന്‍ ജോര്‍ജും, അയാളുടെ ഭാര്യ ഗ്രേസിയും ഒക്കെ ടി.വി യുടെ മുന്‍പില്‍ ആകാംഷാഭരിതരായി ഇരുന്നു കളി കാണുകയാണ്. ജോര്‍ജിന്റെ മകന്‍ ഷയ്നു കാര്‍ന്നോരുടെ അടുത്ത് വന്നു നിന്നിട്ട് ചോദിച്ചു..

"വെല്ല്യ വെല്യപ്പാ ..വെല്ല്യ വല്യപ്പന്‍ ക്രിക്കറ്റ് കളിക്കുമോ ? " ഞാന്‍ ഇതേ വരെ കണ്ടിട്ടില്ലല്ലോ

വല്യപ്പന്‍ ഒരു കുലുങ്ങിച്ചിരിയോടെ പറഞ്ഞു

"എടാ മോനെ..എനിക്ക് ഇവിടുന്നു എണീക്കാന്‍ മേലാ . പിന്നെങ്ങനാടാ ഞാന്‍ ക്രിക്കറ്റ് കളിക്കുന്നെ ? ആട്ടെ ..നീ എന്നാത്തിനാ അങ്ങനെ ചോദിച്ചേ? "

"അതേ..ഇന്ന് രാവിലെ പപ്പായുടെ കൂടെ വെളിയില്‍ പോയപ്പോള്‍ അപ്പുറത്തെ അനീസ്‌ അങ്കിള്‍ വെല്ല്യ വെല്യപ്പായെക്കുറിച്ച് ചോദിച്ചപ്പോ ..പപ്പാ പറഞ്ഞല്ലോ ..കെളവന്‍ സെഞ്ച്വറി അടിച്ചിട്ടേ പോവൂ എന്ന്. ക്രിക്കറ്റില്‍ അല്ലെ സെഞ്ച്വറി ഒക്കെ ഉള്ളത് ? "

"പല്ലില്ലാത്ത മോണ കാട്ടി കാര്‍ന്നോര്‍ കുലുങ്ങിക്കുലുങ്ങി ചിരിച്ചു. കള്ളമില്ലാത്ത കുഞ്ഞു മനസ്സില്‍ നിന്നുമുള്ള ചോദ്യത്തിലെ നര്‍മ്മം കാര്‍ന്നോര്‍ നന്നായി ആസ്വദിച്ചു. പക്ഷെ അതൊക്കെ കേട്ട തോമാച്ചനും, ജോര്‍ജിനും പക്ഷെ , നല്ല തണുപ്പുള്ള ദിവസമായിട്ടും , വിയര്‍ത്തു കുളിക്കുന്ന പോലെ തോന്നു.

ജോസ്
ബാംഗ്ലൂര്‍
27-08-2011


2011, ഓഗസ്റ്റ് 11

അബദ്ധ പുരാണം..


രാവിലെ ഓഫീസില്‍ പോകാനായി ധൃതി പിടിച്ച് തയ്യാരായിക്കൊണ്ടിരിക്കുന്ന സമയം. തലേന്ന് , വീട്ടില്‍ സഹായത്തിനു വരുന്ന ലക്ഷ്മി അക്ക ഉണ്ടാക്കി വച്ച ചപ്പാത്തി ഫ്രിഡ്ജില്‍ നിന്നും എടുത്ത് , തവയില്‍ വച്ച് ചൂടാക്കിക്കൊണ്ടിരുന്നപ്പോഴാണ് ഒരു ഫോണ്‍ കാള്‍ വന്നത്. കുറെ ബെല്‍ അടിച്ചപ്പോള്‍ ഓടിപ്പോയി ഫോണ്‍ എടുത്തു. സംസാരിച്ചിട്ടു തിരികെ വന്നപ്പോള്‍ ചപ്പാത്തി ഒരെണ്ണം നന്നേ കരിഞ്ഞു കരിക്കട്ട ആയിരുന്നു.

അടുക്കളയില്‍ കയറുമ്പോള്‍ ഉണ്ടാവാറുള്ള അബദ്ധ ഘോഷയാത്രകളില്‍ ഇതൊന്നു മാത്രം. ഏഴെട്ടു വര്‍ഷം മുന്‍പ്, ബോംബെ മഹാ നഗരത്തില്‍ , ജീവിതത്തിന്റെ നെട്ടോട്ടം ഓടുന്ന അനേകായിരങ്ങളില്‍ ഒരുവനായി ഞാന്‍ ജീവിച്ച സമയം ആണ് ആദ്യമായി സ്വയം പാചകം പരീക്ഷിച്ചു തുടങ്ങിയത്. വയ്ക്കുന്നതൊക്കെ രുചിയോടെ കഴിക്കാന്‍ അയാല്‍ , പാചകം എന്നത് ഒരു നല്ല വിനോദം കൂടി ആണെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. വെയ്ക്കുന്നതൊന്നും ശരിയായില്ലെങ്കിലോ... പിന്നെ പറയണ്ട,...ധന നഷ്ടം , സമയ നഷ്ടം , ചിലപ്പോള്‍ മാനക്കേടും ഉണ്ടാവാം.

ബാംഗ്ലൂരില്‍ ചേക്കേറിയ ശേഷം, ഭക്ഷണം ഉണ്ടാക്കുന്ന ഭാരപ്പെട്ട ജോലി പ്രിയ സഖി ലീന ഏറ്റെടുത്തു. എന്നാലും ഇടയ്ക്കിടെ കുറച്ചു ഉത്സാഹം കൂടുമ്പോള്‍, എന്തെങ്കിലും ഉണ്ടാക്കാന്‍ ഞാന്‍ അടുക്കളയില്‍ കയറുമായിരുന്നു. ഇപ്പൊള്‍ , കുറെ വര്‍ഷങ്ങള്‍ക്കു ശേഷം, വീണ്ടും അടുക്കളയില്‍ കയറി പയറ്റുമ്പോള്‍ ഇടയ്ക്കിടെ അബദ്ധങ്ങള്‍ പറ്റാറുണ്ട്.. പണ്ടത്തെപ്പോലെ .

കഴിഞ്ഞ ആഴ്ച, രാത്രി വിശന്നു തുടങ്ങിയപ്പൊള്‍ , നേരത്തെ വെച്ച ചോറെടുത്ത് ഒന്ന് ചൂടാക്കി. അതിന്റെ വെള്ളം കളയാനായി, സിങ്കിന്റെ അടുത്ത് കൊണ്ട് വെച്ച്, ഒന്ന് കലം കമഴ്ത്തിയതും , കൈ തെന്നി കലം തെറിച്ചു വീണു ... ചോറ് മൊത്തം സിങ്കില്‍ ചെന്ന് വീണു. പിന്നെ ഒന്നും കഴിക്കാന്‍ തോന്നിയില്ല.

പിന്നൊരു ദിവസം, വളരെ ഉത്സാഹത്തോടെ ഒരു കൂണ്‍ തോരന്‍ വെച്ചു. സ്വന്തം പാചകത്തില്‍ അഭിമാനം കൊണ്ട് ഞാന്‍ കഴിക്കാന്‍ തയ്യാറെടുത്തു. നല്ല ചൂടോടെ അതും ചപ്പാത്തിയും എടുത്ത്, കസേരയില്‍ വന്നിരുന്നിട്ട് ടെലിവിഷന്‍ ഓണ്‍ ചെയ്തതും, കൈ തട്ടി കൂണ്‍ തോരന്‍ മൊത്തം തറയില്‍ പോയി. കഴിക്കാന്‍ കിട്ടിയതുമില്ല, അതിന്റെ കൂടെ, തറ മൊത്തം തുടച്ചു വൃത്തിയാക്കുകയും ചെയ്യേണ്ടി വന്നു.

അങ്ങനെ പോകുന്നു അബദ്ധ പുരാണങ്ങള്‍ ..

കരിഞ്ഞ ചപ്പാത്തിയില്‍ നോക്കി വിഷമിച്ചു നിന്നപ്പോള്‍ ലീന പറയാറുള്ള ഒരു വാചകം ഓര്‍ത്തു പോയി...

"അച്ചാച്ചാ ..ഒരബദ്ധം പറ്റിപ്പോയി.. "

ആ വാചകം എത്ര തവണ കേട്ടിരിക്കുന്നു. ചിലപ്പോള്‍ ഓഫീസില്‍ നിന്നും വൈകിട്ട് വീട്ടില്‍ വരുന്ന സമയം, നന്നേ വിശന്നാവും എന്‍റെ വരവ്. അപ്പോള്‍ ലീന ചോദിക്കും .

"അച്ചാച്ചാ ..കഴിക്കാന്‍ ബ്രെഡ്‌ വേണോ , കട്ട് ലറ്റ് വേണോ, അതോ സൂപ്പ് വേണോ? "

"നീ എന്തേലും എടുത്തോ. എനിക്ക് ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട് ". ഞാന്‍ പറയും.

പിന്നെ കഴിക്കാനുള്ളതും വരുന്നത് കാത്തിരിക്കുമ്പോള്‍ , ലീന വന്നു പറയും

"അച്ചാച്ചാ..ഒരബദ്ധം പറ്റിപ്പോയി. ബ്രെഡ്‌ കുറച്ചു കരിഞ്ഞു പോയി.

"കുഴപ്പമില്ല.. നീ അത് ഇങ്ങോട്ട് എടുത്തോ. "

പിന്നെ ഞാന്‍, ചായക്കോ കാപ്പിക്കോ ഒപ്പം ആ പാതി കരിഞ്ഞ ബ്രെഡ്‌ കഴിക്കുമ്പോള്‍ ലീന അടുത്തിരുന്നു പറയും

"സോറി അച്ചാച്ചാ ...നാളെ കരിയാതെ എടുത്ത് തരാം കേട്ടോ "

ഇങ്ങനെ ലീനയ്ക്കും ഇടയ്ക്കിടെ അബദ്ധങ്ങള്‍ പറ്റാരുണ്ടായിരുന്നു. മിക്കവാറും അതെല്ലാം ഞാന്‍ ഓഫിസിലേക്കു പോകാന്‍ ധൃതി പിടിച്ച് നില്‍കുന്ന സമയത്തായിരിക്കും. ചിലപ്പോള്‍ കറികള്‍ക്ക് രണ്ടു പ്രാവശ്യം എരിവു ചേര്‍ക്കും, ചിലപ്പോള്‍ പുട്ട് നന്നായി വേവുന്നതിനു മുന്‍പേ അടുപ്പില്‍ നിന്നും എടുത്ത് വിളമ്പും. ഞാന്‍ കൊച്ചു വെളുപ്പാന്‍ കാലത്തെ ഓഫീസില്‍ പോകാനെന്നും പറഞ്ഞു ധൃതി കാണിച്ചു നില്കുന്നതാവും അബദ്ധങ്ങള്‍ക്കുള്ള പ്രധാന കാരണം.

ഇതൊക്കെ ലീന എന്നോട് പറയുന്നത് ഒരേ വാചകത്തില്‍ തുടങ്ങിക്കൊണ്ടായിരിക്കും.

"അച്ചാച്ചാ ..ഒരബദ്ധം പറ്റി "

അത് കേള്‍ക്കുമ്പോള്‍ അറിയാം.. പാചകത്തില്‍ എന്തോ പ്രശം അന്ന് ഉണ്ടായിട്ടുണ്ട് എന്ന്.

ചിലപ്പോള്‍ കാര്യം അറിയുമ്പോള്‍ വിഷമം തോന്നും. ഒരിക്കലും അതെ ചൊല്ലി ദേഷ്യപ്പെട്ടിട്ടില്ലാ എങ്കിലും, ചിലപ്പോള്‍ ഞാന്‍ പറയും

"ലീന്‍സ്.. കുറച്ചു നേരത്തെ ഇതൊക്കെ ചെയ്യാന്‍ തുടങ്ങിയിരുന്നെങ്കില്‍ ഈ അബദ്ധം പറ്റുമോ? "

അത് കേള്‍ക്കുമ്പോള്‍ കുറച്ചു വാടിയ മുഖത്തോടെ ലീന പറയും

"സോറി അച്ചാച്ചാ.. നാളെ ഒക്കെ ശരിയാക്കി തരാം. "

അങ്ങനെ അവളുടെ മുഖം വാടത്തക്ക വണ്ണം ഞാന്‍ എന്തെകിലും പറഞ്ഞിട്ടുണ്ടെങ്കില്‍ , അതൊന്നും ഇനി തിരിച്ചെടുക്കാനോ, അതിനൊരു ക്ഷമ ചോദിക്കാനോ ഇനി ആവില്ലല്ലോ . ..

പ്രിയപ്പെട്ടവര്‍ മരിച്ചു പോയ ഓരോരുത്തര്‍ക്കും ഇങ്ങനെ എത്ര എത്ര ഓര്‍മ്മകള്‍ പങ്കുവെയ്ക്കാന്‍ കാണും? ഓര്‍മ്മകള്‍ക്ക് മരണമില്ല എന്നല്ലേ പറയുക. പക്ഷെ, ഓര്‍മ്മകള്‍ ശേഖരിച്ചു വെയ്ക്കുന്ന തലച്ചോറിനെ, രോഗങ്ങളും, വാര്‍ദ്ധക്യവും, മറവിയും ഒക്കെ ബാധിച്ചാലോ? അതിനു മുന്‍പേ ഞാനിതൊക്കെ ഒന്ന് എഴുതിക്കോട്ടെ .. പിന്നെ മറവി വന്നാലും, എഴുതിയത് വായിച്ച്, വിലപ്പെട്ട ഓര്‍മ്മകളെ സജീവമാക്കാമല്ലോ

കരിഞ്ഞ ചപ്പാത്തി ചവറ്റു കുട്ടയില്‍ ഇട്ടിട്ട്, പാത്രം കഴുകുന്ന സമയം, ഞാന്‍ വെറുതെ ഊണ് മേശയുടെ അടുത്തേക്ക് നോക്കി.

'അച്ചാച്ചനും അബദ്ധം പറ്റിയല്ലേ' എന്ന് ചോദിക്കാന്‍ ...ലീന അവിടെ ഉണ്ടാവുമോ എന്ന് വെറുതെ ഒന്ന് നോക്കാന്‍. ..

ജോസ്
ബാംഗ്ലൂര്‍
11 ആഗസ്റ്റ്‌ , 2011






2011, ജൂലൈ 16

തിമിരം ബാധിച്ചവര്‍ ..



സ്ഫോടനങ്ങള്‍ നടക്കുന്നു, തുരു തുരെ
എന്‍ നെഞ്ചില്‍, എന്‍ ശിരസ്സിനുള്ളില്‍
പുറത്തെ തെരുവുകളെ ഇന്ന്
കത്തിച്ച സ്ഫോടനങ്ങള്‍ പോല്‍ .

നിമിഷങ്ങള്‍ മുന്‍പ്,
മധുരം നുണഞ്ഞ്,
നുണക്കുഴികള്‍ കാട്ടി,
കൊഞ്ചിച്ചിരിച്ച എന്‍ മകള്‍ ,
കിടക്കുന്നിതാ ഒരു
ജഡമായെന്‍ കൈകളില്‍ .

അകലെ ഇരുട്ടില്‍ മറഞ്ഞു നി-
ന്നാരോക്കെയോ ചിരിക്കുന്നു ,
വിജയാഘോഷം പോലെ ...
അവര്‍ യുദ്ധം ജയിച്ചത്രേ .
അവരുടെ ലക്‌ഷ്യം നിറവേറ്റിപോല്‍ .

ഏതൊക്കെയോ ദൈവങ്ങളുടെ ,
അവര്‍ പറഞ്ഞ വാക്യങ്ങള്‍-
ക്കവര്‍പോലും അറിയാത്ത
അര്‍ത്ഥങ്ങളും നല്‍കി
അതിന്‍ പേരില്‍
ഇവര്‍ ചെയ്ത യുദ്ധത്തില്‍
കത്തിക്കരിഞ്ഞതോ ,
ഈ ദൈവങ്ങളെ അറിയാത്ത ,
യുദ്ധങ്ങള്‍ക്കായുധം എടുക്കാത്ത .
കുറെ പാവം ജീവനുകള്‍ ...
അതിലൊന്നെന്‍ മകളും .

അവളുടെ അനങ്ങാത്ത,
മുറിപ്പാടുകള്‍ നിറഞ്ഞ,
പാതിയടഞ്ഞ കണ്ണുമായുള്ള ,
കരിഞ്ഞു കറുത്ത മുഖം ..
പോകില്ലെന്‍ കണ്ണില്‍ നിന്ന്,
ഞാന്‍ മണ്ണില്‍ അലിയും വരെ .

അവളെയും കയ്യിലേന്തി
പ്രഥമ ശുശ്രൂഷയ്ക്കായി
ഞാനോടിയ ഓട്ടം
മറക്കാനാവില്ലെനിക്ക്
ഞാന്‍ മണ്ണില്‍ അടിയും വരെ .

ഞാനാരോട് യുദ്ധം ചെയ്യും?
ദൈവങ്ങളെ നിങ്ങളോടോ?
അതോ, നിങ്ങളെ അറിയാതെ
നിങ്ങള്‍ക്ക് വേണ്ടി,
നിങ്ങളുടെ പേരില്‍
ആയുധമെടുക്കുന്ന,
പാഴ് വായ്ക്കൂത്തു നടത്തുന്ന
കണ്‍കളില്‍ തിമിരം നിറഞ്ഞ
മത തീവ്ര വാദികളോടോ?

ഉത്തരം കിട്ടില്ലെന്നറിയാം..
പോയവര്‍ തിരികെ വരില്ലെന്നറിയാം..
എന്നാലും ഒന്ന് ചോദിച്ചോട്ടെ .
ഒരു കൃഷ്ണനായോ, ഒരു ക്രിസ്തുവായോ,
ബുദ്ധനോ , നബിയോ , മറ്റേതെങ്കിലും
ഒരു യുഗപുരുഷനായ് വന്ന്
മാറ്റിക്കൂടെ നിങ്ങള്‍ -
ക്കിവരുടെയീ തിമിരം



മുംബയില്‍ മത തീവ്രവാദികള്‍ നടത്തിയ ആക്രമണം ആണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്നാല്‍ , മറ്റൊരു തരത്തില്‍ പെട്ട മത തീവ്ര വാദികള്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടാക്കിയ മനോ വേദനയില്‍ എനിക്കുള്ള, എന്നെ സ്നേഹിക്കുന്നവര്‍ക്കുള്ള ആത്മ രോഷം കൂടി ഞാന്‍ ഈ കവിതയിലെ, മകള്‍ മരിച്ച അച്ഛനിലൂടെ പ്രകടിപ്പിക്കുന്നു.

മത തീവ്ര വാദികള്‍.. അതില്‍ ചിലര്‍ ദൈവങ്ങളുടെ പേരില്‍ ആയുധമെടുത്തു പോരാടുന്നു.. സഹജീവികളെ കൊന്നു പോര്‍വിളി മുഴക്കുന്നു.. താലിബാനെ പ്പോലെ . ചിലര്‍ ആയുധങ്ങളേക്കാള്‍ മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട്, ആളുകളുടെ ചിന്താ ധാരയെ വശീകരിച്ച് , "വിശുദ്ധ യുദ്ധങ്ങള്‍ " നടത്തുന്നു. ..അവരുടെ ദൈവങ്ങളും, വിശ്വാസങ്ങളും, പ്രമാണങ്ങളും, ആചാരങ്ങളും മാത്രമേ സത്യമായുള്ളൂ എന്ന് കാണിക്കാന്‍.. മഹത് ഗ്രന്ഥങ്ങളിലെ വേദ വാക്യങ്ങള്‍ക്ക് , അവര്‍ പറയുന്ന അര്‍ഥം മാത്രമാണ് ശരി എന്ന് സമര്‍ഥിക്കാന്‍ .

വിശ്വാസങ്ങളും ആചാരങ്ങളും തീര്‍ച്ചയായും നല്ലത് തന്നെ. എന്‍റെ വിശ്വാസങ്ങളെ പ്പോലെ മറ്റു മതങ്ങളെയും ആദരിക്കാനും ബഹുമാനിക്കാനുമേ ഞാന്‍ പഠിച്ചിട്ടുള്ളൂ. പക്ഷെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തില്‍ ചിലരുടെ പ്രവര്‍ത്തികള്‍, പോകുമ്പോള്‍ അതിനൊരു തീവ്ര വാദച്ഛായ വരും.


എനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്നത്, രണ്ടാമത് പറഞ്ഞ പോലുള്ള മത തീവ്ര വാദികളെ ആണ്. മാരക രോഗങ്ങള്‍ വന്നാല്‍ പോലും വൈദ്യന്മാരുടെയോ, ആശുപത്രികളുടെയോ ഒന്നും ആവശ്യം ഇല്ല എന്നും , അതൊക്കെ ദൈവ ഹിതത്തിനു എതിരാണെന്നും കൊട്ടിഘോഷിക്കുന്ന ഒരു തരം മത തീവ്ര വാദികള്‍. (എന്നാല്‍ അവരുടെ ആവശ്യം വരുമ്പോള്‍ പാത്തും പതുങ്ങിയും മരുന്നിനെയും, വൈദ്യനെയും തേടുന്നവര്‍) ..

ഇവര്‍..എന്‍റെ ജീവിതത്തില്‍ വേദനയുടെയും വേര്‍പാടിന്‍റെയും തിരമാലകള്‍ സൃഷ്ട്ടിച്ചവര്‍."താന്‍ പാതി ദൈവം പാതി" എന്ന് ജ്ഞാനികള്‍ പറഞ്ഞ വാക്യങ്ങളെ കാറ്റില്‍ പറത്തി ക്കളയുന്നു ഇവര്‍. വൈദ്യനായും, ശുശ്രൂഷകയായും , തന്ത്രികളായും, മരുന്നായും മന്ത്രമായും വരുന്നതൊക്കെ സര്‍വ്വ വ്യാപിയായ ദൈവമാണെന്ന് മനസ്സിലാക്കാത്ത ചിത്ത ഭ്രമക്കാര്‍ ആണിവര്‍ ..

ഇവര്‍ എന്‍റെ വീട്ടില്‍ കടന്നു വന്ന സമയം.. അവരെ പടിക്ക് വെളിയില്‍ നിര്‍ത്താന്‍ കഴിയാത്തത് എന്‍റെ ദൗര്‍ബല്യമോ , കഴിവു കേടോ, പിടിപ്പു കെട്ട ആതിഥ്യ മര്യാദയോ, അതോ മഹാ നമസ്കതയോ ..? അറിയില്ല എനിക്ക് തന്നെ . ഒരു പക്ഷെ അന്ന് ഞാന്‍ അത് ചെയ്തിരുന്നെങ്കില്‍ , അവരുടെ വാക്കുകളില്‍ വീണു പോകുന്നതില്‍ നിന്നും എനിക്ക് എന്‍റെ പ്രിയ സഖിയെ തടയാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ , ചുരുക്കം ചില മരുന്നുകളില്‍ നിയന്ത്രണത്തില്‍ ആയിരുന്ന അവളുടെ വൃക്ക രോഗം , കൈവിട്ടു പോകില്ലായിരുന്നു ... രക്ത ശുദ്ധീകരണത്തിനായി ഒരു വര്‍ഷത്തോളം അവള്‍ക്കു ഡയാലിസിസ് ചെയ്യേണ്ട ആവശ്യം വരില്ലായിരുന്നു ., അവള്‍ ഇന്നെന്‍റെ കൂടെ ഉണ്ടായിരുന്നേനെ ..

അതൊക്കെ ഇനി നീറ്റലുണ്ടാക്കുന്ന ഒരു പഴങ്കഥ മാത്രം .


ലീനയുടെ ചലനമറ്റ ദേഹവും കയ്യിലേന്തി , അടുത്തുള്ള ആശുപത്രിയിലേക്ക് ഞാന്‍ ഓടിയ ഓട്ടം ,കണ്മുന്‍പില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു. അതോര്‍ക്കുമ്പോള്‍ മനസ്സില്‍ ഉറഞ്ഞു കൂടുന്ന വികാരങ്ങളെ വിശേഷിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല .

ഞാന്‍ കുറെ ആലോചിച്ചു. ഇവരെക്കുറിച്ച് എഴുതണോ എന്ന്? ആദ്യം വേണ്ടാ എന്ന് കരുതി. പിന്നെ വിചാരിച്ചു ...എന്‍റെ മനോ വേദനയുടെ , ആത്മ രോഷത്തിന്‍റെ ഒരംശമെങ്കിലും ആവാഹിച്ചു ഞാനെഴുതുന്ന ഈ കുറിപ്പ്, ഒരാളെ എങ്കിലും ഈ മത തീവ്രവാദികളുടെ വാക്കുകളില്‍ നിന്ന് രക്ഷിക്കാന്‍ സഹായിച്ചാല്‍ ..അത്രയും ആയില്ലേ.

മത തീവ്ര വാദികളെ ... നിങ്ങളോടെനിക്ക് സഹതാപം തോന്നുന്നു . ക്രിസ്തു ദേവന്‍ പറഞ്ഞ പോലെ .."ദൈവമേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് പൊറുക്കേണമേ "

പ്രിയ ദൈവങ്ങളെ ..എനിക്ക് നിങ്ങളോട് പരാതി യില്ല. വിധിയെയും, സംഭവിച്ചതിനെയും ഒന്നും ചോദ്യം ചെയ്യാനല്ല എന്‍റെയീ വാക്കുകള്‍ . മറിച്ച് .. ഈ മത തീവ്ര വാദികളെ സുഖപ്പെടുത്താന്‍ ഒരു അവതാരമായി വരില്ലേ എന്ന് അപേക്ഷിക്കാന്‍ മാത്രമാണ് . എന്‍റെ അപേക്ഷ കൈക്കൊള്ളേണമേ .


Jose
Trivandrum
July 16th, 2011

2011, ജൂലൈ 9

സംവാദം ....




ഇന്ന് ...

ഒരോര്‍മ്മ പ്രാര്‍ത്ഥനയ്ക്കായി
അവളുടെ കല്ലറയ്ക്കരുകില്‍
പുരോഹിതന്‍ വരുന്നതും കാത്തു
ഓര്‍മ്മകളുടെ മേച്ചില്‍ പുറങ്ങളില്‍
അലഞ്ഞു ഞാന്‍ നിന്നു.

മന്ത്രകോടിയും ചൂടി
പെട്ടിയില്‍ ഉറങ്ങുന്ന
അവള്‍ക്കും, പുറത്ത്
പ്രാര്‍ഥിച്ചു നിന്ന എനിക്കും ഇടയ്ക്കൊരു
സിമന്‍റ് ഫലകം മാത്രം.




ചുറ്റും ഉണ്ടായിരുന്നു ...
അവളെപ്പോല്‍ ഞാനും
മണ്ണില്‍ അലിഞ്ഞു ചേരാന്‍
ഒരു നാള്‍ വഴി വരുമെന്ന്
എന്നെ ഒന്നോര്മ്മിപ്പിക്കുവാന്‍
കുറെ വാടിയ പൂച്ചെണ്ടുകളും
കത്തിത്തീര്ന്ന സുഗന്ധ ത്തിരികളും
ഉരുകി ഒലിച്ച മെഴുകു തിരികളും




ഞാന്‍ ചോദിച്ചു..

"സ്വര്‍ഗ്ഗ രാജ്യത്ത് നിനക്ക് സുഖമല്ലേ?
മരിച്ചു മണ്മറഞ്ഞ നമ്മുടെ
പൂര്‍വ്വികര്‍ക്കൊപ്പം നീ
സന്തോഷമായിരിക്കുന്നില്ലേ?"

കിഴക്കുനിന്നപ്പോള്‍ മെല്ലെ
വീശിയ കാറ്റില്‍ , സ്വരമലിയിച്ചു
അവളിങ്ങനെ പറഞ്ഞുവോ?
എന്‍റെ തോന്നലാവാം !

"സന്തോഷമാണ് എനിക്കിവിടെ
വിഷാദങ്ങള്‍ ഒന്നുമില്ല
വിഷമങ്ങള്‍ ഒക്കെ ഞാന്‍
കളഞ്ഞില്ലേ ഭൂമിയില്‍

എന്‍റെ സിരകളില്‍ ഓടുന്ന രക്തം
ശുദ്ധവും പവിത്രവും ആണ് .
രക്തം ശുദ്ധീകരിക്കാന്‍ എനിക്കിനി
യന്ത്രങ്ങള്‍ ആവശ്യമില്ല.



മരുന്നുകള്‍ കയറ്റി ഇറക്കാന്‍
വലിയ സൂചി മുനകള്‍ കൊണ്ട്
പലരും കുത്തിപ്പ ഠിച്ചു
തുള വീണ എന്‍റെ കൈകള്‍
ഇപ്പോള്‍ സുന്ദരവും പിന്നെ
പൂവിന്‍ ഇതള്‍ പോലെ
ഏറെ മൃദുലവും.

പൊന്‍ നിറം പൊയ്പ്പോയ
എന്‍റെ മുഖമിപ്പോള്‍
വിശ്വ സുന്ദരിമാരുടെ
വദനത്തെക്കാള്‍ സുന്ദരം"

ഞാന്‍ പറഞ്ഞു..

"മതി..എനിക്കത് അറിഞ്ഞാല്‍ മതി..
അവിടെ നീ എന്നും സുഖമായിരിക്കുക.

ഞാനും ഒരുനാള്‍ മരിച്ചിട്ടവിടൊരു
പെട്ടിയിലുറങ്ങി വരുന്ന നാള്‍ വരെ
ഇനിയും വരാം ഞാനീ
ക്കല്ലറ വാതില്‍ക്കല്‍
കുറെ പൂക്കളും പിന്നെ
മെഴുകു തിരികളുമായി.

പിന്നെ ..

ഓര്‍മ്മകള്‍ മായാതെ
നില്‍ക്കുന്ന നേരം വരെ
സ്നേഹിക്കാം നിന്നെയിനി
ഓര്‍മ്മയില്‍ ഞാനെന്നും."


(
മരിച്ചു പോയ ആളിന്‍റെ ആത്മാവിനെ സ്വര്‍ഗ്ഗ വാതില്‍ കാണിച്ചു കൊടുക്കുന്ന ദിവസം മരണം കഴിഞ്ഞുള്ള ഒന്‍പതാം ദിവസം അത്രേ..
സ്വര്‍ഗാരോഹണം നാല്‍പ്പതു കഴിഞ്ഞും .. ഇത് ഒരു ക്രിസ്തീയ വിശ്വാസം.)

Jose
Trivandrum
July 10, 2011