2010, മാർച്ച് 28

RIP സൈനോജ് ....




വിരസമായ ഒരു ഞായറാഴ്ച ദിവസം.. പതിവ് പോലുള്ള ഉറക്കത്തിനു പിടി കൊടുക്കാതെ , രാവിലെ എണീറ്റ്‌ കുളിച്ചു , പത്രം വായന ഒക്കെ കഴിഞ്ഞിരിക്കുന്ന സമയം..

T.V ഓണ്‍ ചെയ്തു ചാനലുകള്‍ മാറ്റിക്കളിച്ച് സമയം കളഞ്ഞപ്പോഴാണ് ഏതോ ഒരു ചാനലില്‍ വളരെ നൊസ്റ്റാല്ജിക് ആയ ഒരു പാടു കേട്ടത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഒരു മലയാള സിനിമയിലെ - ഓര്‍ക്കുക വല്ലപ്പോഴും " - ഒരു ഗാനം. ആദ്യം കേട്ടപ്പൊള്‍ തന്നെ വല്ലാതെ മനസ്സില്‍ തട്ടി. ഉടനെ തന്നെ കംപ്യുട്ടര്‍ ഓണ്‍ ചെയ്തു ആ പാട്ട് യു ട്യുബില്‍ പരത്തി നോക്കി. അതില്‍ കിട്ടാത്ത സംഭവം വല്ലതും ഉണ്ടോ? ഉടനെ ആ പാട്ട് ഡൌണ്‍ ലോഡ് ചെയ്തു കുറെ പ്രാവശ്യം കേട്ടു. അപ്പോള്‍ തോന്നി, ഈയിടെ കേട്ട കുറെ നല്ല പാട്ടുകള്‍ കൂടി ഡൌണ്‍ ലോഡ് ചെയ്താലോ എന്ന്.

"എനിക്ക് പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ് " എന്ന മനോഹരമായ ഗാനം പല തവണ കേട്ടതാണ്. ഞാന്‍ യു ട്യുബില്‍ അതൊന്നു തപ്പി നോക്കി. കിട്ടുകയും ചെയ്തു. അത് ഡൌണ്‍ ലോഡ് ചെയ്തുകൊണ്ടിരിക്കവേ, ആ വെബ് പേജില്‍ പലരും എഴുതിയ കമന്റുകള്‍ ഞാന്‍ വെറുതെ വായിച്ചു.

അതില്‍നിന്നും ആണ് ആ മനോഹര ഗാനം പാടിയ യുവ ഗായകന്‍ സൈനോജ് , കഴിഞ്ഞ നവംബറില്‍ , ലുക്കീമിയ ബാധിച്ചു മരിച്ച വിവരം അറിഞ്ഞത്.

പിന്നെ കുറെ നേരം ആ പാട്ട് ആവര്‍ത്തിച്ചു കേട്ടു. സൈനോജിനെ ക്കുറിച്ചുള്ള വാര്‍ത്തകളും നെറ്റില്‍ നിന്നും വായിച്ചു. മനോഹരമായ സ്വരം കൊണ്ട് അനുഗ്രഹീതനായ യുവ പ്രതിഭ .. ഒരൊറ്റ പാട്ടുകൊണ്ട് തന്നെ പല മനസ്സുകളെയും കീഴടക്കിയ ശേഷം ...ആ പ്രതിഭ അകാലത്തില്‍ പൊലിഞ്ഞു. .
ഒരു സോപ്പ് കുമിള പോലെ നൈമിഷികം ആണ് ജീവിതം എന്ന കാര്യം സ്ഥിരീകരിക്കുന്ന തരത്തിലായി ആ മരണം എന്ന് തോന്നി. പ്രശസ്തിയുടെ കൊടുമുടിയിലേക്ക് നടന്നു കയറവേ.. പ്രതീക്ഷിക്കാതെ എത്തിയ മരണം ..ആ യുവ ഗായകന്റെ ജീവിതം കവര്‍ന്നെടുത്തു.
ഈ ഗായകനെക്കുറിച്ചു വളരെ അധികം ഒന്നും എനിക്കറിയില്ല.. പക്ഷെ അയാള്‍ പാടിയ ആ ഗാനം ഞാനുള്‍പ്പെടെയുള്ള പലരുടെയും മനസ്സില്‍ എക്കാലവും കാണും.
സ്വര്‍ഗത്തിലിരുന്നു ..നിങ്ങളുടെ പാട്ട്, പലവട്ടം പലരും പാടുന്നത് കേട്ട് സന്തോഷിക്കൂ സൈനോജ് ..
നിങ്ങളുടെ ആത്മാവിനു ഈശ്വരന്‍ ശാന്തി നല്‍കട്ടെ.

2010, മാർച്ച് 25

തീരാത്ത കടങ്ങള്‍ ....



രണ്ടു ദിവസം മുന്‍പ് എന്റെ ബന്ധുവായ ഒരു ചേച്ചി എനിക്ക് ഫോണ്‍ ചെയ്തിരുന്നു . ലീനയുടെ സുഖ വിവരങ്ങള്‍ അറിയാനും അതോടൊപ്പം എന്നോട് ഒരു പ്രത്യേക കാര്യം ചോദിക്കാനും...

അതായത്...ആ ചേച്ചി, മകളുടെ പഠിത്തത്തിനായി എന്നില്‍ നിന്നും കുറച്ചു പൈസ വാങ്ങിയിരുന്നു ..അത് ഉടനെ വേണോ ...ആശുപത്രി ആവശ്യങ്ങള്‍ക്കായി വല്ലതും ഉടനെ വേണ്ടി വരുമോ എന്നൊക്കെ ചോദിയ്ക്കാന്‍ ...അതിനാണ് ചേച്ചി വിളിച്ചത്..

ഞാന്‍ ചേച്ചിയോട് പറഞ്ഞു..

" എന്തായാലും എനിക്ക് തരാനുള്ള ആ പൈസ ഉടനെ വാങ്ങിയിട്ട് എനിക്ക് ഒന്നും ചെയ്യാനില്ല. ആവശ്യം വന്നാല്‍ത്തന്നെ , വേണ്ട തുക അതിലും എത്രയോ കൂടുതലാണ്. പിന്നെ ദൈവം സഹായിച്ചു.. ഞങ്ങള്‍ക്ക് വേണ്ട പൈസ എവിടുന്നെങ്കിലുമൊക്കെ വരുന്നുണ്ട്.. മോളുടെ പഠിത്തം കഴിഞ്ഞ ശേഷമേ എനിക്ക് ആ തുക മടക്കി തരുന്നതിനെക്കുറിച്ച് ആലോചിക്കാവൂ. അതിനു മുന്‍പേ അങ്ങനെ വല്ല തോന്നലും ഉണ്ടായാല്‍, പള്ളിയില്‍ പോയി എനിക്കും ലീനയ്ക്കും വേണ്ടി പ്രാര്‍ഥിച്ചാല്‍ മതി "

ഇത് കേട്ടാല്‍ നിങ്ങള്‍ക്ക് തോന്നും, ആരെയോ സഹായിച്ച " മഹാനമസ്കതയെ " ഞാന്‍ തന്നെ ഉയര്‍ത്തിക്കാട്ടി , വീമ്പു പറയുകയാണ്‌ എന്ന്.. തീര്‍ച്ചയായും അല്ല. പണ്ട് ഇതേ അവസ്ഥയില്‍ ഞാന്‍ നിന്നപ്പോള്‍, എനിക്ക് കിട്ടിയ സഹായം ഓര്‍ത്തത് കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.... അതൊരിക്കലും മറക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്..

B.Sc. Geology ക്ക് പഠിക്കുന്ന സമയം. മൂന്നാം വര്‍ഷം പഠിക്കുമ്പോളാണ് അപ്പച്ചന്റെ മരണം. ആ സമയം ആയപ്പോഴേക്കും വീട്ടിലെ സാമ്പത്തിക സ്ഥിതി ആകെ മോശം ആയി തുടങ്ങിയിരുന്നു. മൂത്ത ചേട്ടന്റെ ജോലിയും, രണ്ടാമത്തെ ചേട്ടന്‍ വീട്ടില്‍ ഇരുന്ന് വാച്ച് നന്നാക്കി ഉണ്ടാക്കുന്ന വരുമാനവും ആയിരുന്നു ഞങ്ങളുടെ ആശ്വാസം. പഠിത്തത്തില്‍ ഞാന്‍ മോശമല്ലാതിരുന്നതിനാല്‍ , എന്നെക്കുറിച്ച് എല്ലാവര്ക്കും വളരെ പ്രതീക്ഷകളും ഉണ്ടായിരുന്നു.. ( ആ പ്രതീക്ഷകള്‍ നല്‍കിയ ഭാരവും, വിവേകവും, പക്വതയും ഓരോ നിമിഷവും എന്നോടൊപ്പം ഉണ്ടായിരുന്നു. ആ പ്രതീക്ഷകള്‍ ഞാന്‍ കളഞ്ഞു കുളിച്ചില്ല എന്നോര്‍ത്തു സന്തോഷം ഉണ്ട് )

B.Sc കഴിഞ്ഞു എന്ത് ചെയ്യും എന്ന് ആലോചിച്ചിരുന്നപ്പോള്‍ , എന്റെ "റോള്‍ മോഡല്‍" ആയ കുമാര്‍ സാര്‍ (ജീവിതത്തില്‍ ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഒരാള്‍ ) , റൂര്‍ക്കി യുണിവേര്‍സിറ്റിയെപ്പറ്റി ( Now IIT Roorkke) എന്നോട് പറഞ്ഞു. സാറില്‍ നിന്നും ഒത്തിരി പ്രചോദനം കിട്ടിയപ്പോള്‍, എങ്ങനെയെങ്കിലും റൂര്‍ക്കിയില്‍ പോയി പഠിക്കണം എന്ന് തന്നെ തോന്നി. ആപ്പ്ളിക്കേഷന്‍ ഫോം വാങ്ങി നോക്കിയപ്പോള്‍ മനസ്സിലൊരു വേവലാതി പൊങ്ങി.

മൂന്ന് വര്‍ഷത്തെ പഠിത്തത്തിന് എന്ത് ചെലവ് വരും എന്ന് അതില്‍ എഴുതിയിട്ടുണ്ടായിരുന്നു. ഏകദേശം 30000 രൂപ...ഹോസ്റല്‍ ഫീസും , സെമസ്റര്‍ ഫീസും ഒക്കെ ... ഞാന്‍ കണക്കുകൂടി നോക്കിയപ്പോള്‍ അത്രയാണ് തോന്നിയത്.. അന്നത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച്, പതിനായിരങ്ങള്‍ പോയിട്ട്, ആയിരങ്ങള്‍ പോലും കണ്ണ് മഞ്ഞളിപ്പിക്കുന്ന സംഖ്യകള്‍ ആയിരുന്നു ഞങ്ങള്‍ക്ക്. അപ്പോഴേ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.

സംഗതി അമ്മച്ചിയോട്‌ പറഞ്ഞു ...നടക്കാത്ത കാര്യം ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ. കുറെ ആലോചനകള്‍ക്ക് ശേഷം അമ്മച്ചി എന്നോട്, എന്റെ പ്ലാനുമായി മുന്നോട്ടു പോകാന്‍ പറഞ്ഞു. പിന്നെ മനസ്സിലായി, അമ്മച്ചി എന്റെ ആഗ്രഹം, അമ്മച്ചിയുടെ അനിയത്തിയോടും, ചേട്ടനോടും പറഞ്ഞു. അവര്‍, എന്റെ പഠിത്തത്തിനാവശ്യമായ തുക നല്‍കാം എന്നേറ്റു. പഠിച്ചു ജോലി കിട്ടിയ ശേഷം മാത്രം തിരികെ നല്‍കിയാല്‍ മതി എന്ന വ്യവസ്ഥയില്‍. എനിക്കും അമ്മച്ചിക്കും സ്വര്‍ഗം കിട്ടിയ പോലെ ആയിരുന്നു.

റൂര്‍ക്കിയിലെ എന്‍ട്രന്‍സ്‌ പരീക്ഷ എഴുതിയെടുത്തു. മൂന്നു വര്‍ഷത്തെ പഠിത്തം റൂര്‍ക്കിയില്‍ എങ്ങനെ കഴിച്ചു എന്ന് എനിക്കറിയില്ല. ഓരോ നിമിഷവും, ജോലി കിട്ടുന്നതിനെക്കുറിച്ചും , നല്ല ഒരു വീട് വയ്ക്കുന്നതിനെക്കുറിച്ചും , കടം വീടുന്നതിനെക്കുറിച്ചും , അമ്മച്ചിയുടെയും, സഹോദരീ സഹോദരന്മാരുടെ വിഷമങ്ങള്‍ ഒക്കെ തീര്‍ക്കുന്നതിനെക്കുറിച്ചും ഒക്കെ ഓര്‍ത്തായിരുന്നു ഞാന്‍ കഴിഞ്ഞത്. പഠിത്തത്തിന്റെ സുഖവും, സാമ്പത്തിക ഞെരുക്കത്തിന്റെ വീര്‍പ്പുമുട്ടലും, പ്രതീക്ഷകളുടെ ഭാരവും, നാളെയെക്കുറിച്ചുള്ള ചിന്തകളും.. ഇതൊക്കെ അവിടെ എന്റെ സഹവാസികള്‍ ആയിരുന്നു.

പഠിക്കുന്ന സമയത്ത്, പൈസ ആവശ്യം വരുമ്പോള്‍ ഫോണ്‍ ചെയ്തോ, കത്തെഴുതിയോ പറയും. ആവശ്യപ്പെട്ട തുക മണി ഓര്‍ഡര്‍ ആയി വരും. എവിടുന്ന്? ...അതാലോചിക്കാന്‍ സമയം കിട്ടിയില്ല .. ആകെ എത്ര ആവശ്യപ്പെട്ടു എന്ന് ഞാന്‍ കണക്കു വച്ചിരുന്നില്ല. പഠിക്കാനുള്ളതിനു പുറമേ , തലയ്ക്കകത്തുള്ള ചിന്തകള്‍, അങ്ങനൊരു കണക്കു കൂട്ടാന്‍ മറന്നു.

പഠിത്തം പൂര്‍ത്തിയാക്കി, ജോലി കിട്ടി വീട്ടില്‍ വന്നപ്പോള്‍ ആണ് അറിഞ്ഞത്, ഞാന്‍ ആദ്യം കണക്കു കൂട്ടി പറഞ്ഞ 30000 രൂപ, അവസാനം ഏകദേശം ഒന്നര ലക്ഷം രൂപയില്‍ ആണ് വന്നു നിന്നത് എന്ന്. മാമനും, കൊച്ചമ്മയും സഹായിച്ചതിന് പുറമേ , വേറെ എവിടെന്നെക്കെയോ, ഏതെല്ലാമോ രീതിയില്‍ സഹായങ്ങള്‍ വന്നിട്ടുണ്ട് . അതിന്റെ ഓരോ കണക്കുകളും അമ്മച്ചിക്ക് മനഃപാഠം ആണ്.

ചിലപ്പോള്‍ അമ്മച്ചിയുടെ അനിയത്തിമാര്‍, അവരുടെ പറമ്പില്‍ നിന്നുള്ള തേങ്ങയോ മറ്റോ വീട്ടില്‍ എത്തിക്കും. ചമ്മന്തി അരയ്ക്കാനുള്ള കുറെ തേങ്ങകള്‍ കിട്ടിയാല്‍ തന്നെ അമ്മച്ചി, വീട്ടു കാര്യത്തിനുള്ള പൈസയില്‍ നിന്ന് കുറെ മാറി വയ്ക്കും. അതൊക്കെ പിന്നെ എന്റെ ആവശ്യത്തിനു മാറ്റി വയ്ക്കുന്ന ഫണ്ടിലേക്ക് പോകും.

അങ്ങനെ കുറെ ഏറെ സഹായങ്ങള്‍.. തീര്‍ത്താല്‍ പോലും തീരാത്ത കടങ്ങള്‍.. എന്റെ അടിത്തറ തീര്‍ത്ത അനുഗ്രഹങ്ങള്‍..അവയെ ഞാന്‍ അവസാന ശ്വാസം വരെയും ഓര്‍ക്കും.

ജോലിയില്‍ കയറി, കടങ്ങള്‍ ഒക്കെ വീട്ടിയ ശേഷം ഞാന്‍ ഓര്‍ത്തു.. അന്നത്തെ ആ സഹായം ഇല്ലായിരുന്നെങ്കില്‍..ഞാന്‍ തീര്‍ച്ചയായും IIT റൂര്‍ക്കിയില്‍ പോവില്ലായിരുന്നു.. അവിടത്തെ ഡിഗ്രി ഇല്ലായിരുന്നെങ്കില്‍ എനിക്ക്, ഞാന്‍ ഇന്നിരിക്കുന്ന അവസ്ഥയില്‍ എത്താന്‍ പറ്റില്ലായിരുന്നു.

എന്നെ സഹായിച്ചവര്‍ എന്തെങ്കിലും തിരികെ ആഗ്രഹിച്ചു ചെയ്തതാണോ? തീര്‍ച്ചയായും ആവില്ല ..ദൈവത്തിന്റെ തീരുമാനം നടപ്പിലാക്കപ്പെട്ട വഴികളില്‍ , അവരൊക്കെ കയ്യാളുകളായി വന്നു നിന്നു എന്നല്ലേ ഉള്ളൂ? (അതിനുള്ള പുണ്യം തീര്‍ച്ചയായും അവര്‍ക്ക് കിട്ടും ) .

ഞാനും അതല്ലേ ചെയ്തുള്ളൂ.... ഞാനും ഒരു കയ്യാളായി നിന്നു .. എനിക്ക് ഇനിയും പണ്ടത്തെപ്പോലെ മറ്റൊരാളുടെ സഹായം ആവശ്യമായി വരില്ല എന്നാരു കണ്ടു..? ( ദൈവമേ ഇനി അങ്ങനെ ഒന്നും വരുത്തരുതേ )

ഒരിക്കലെങ്കിലും, ആരുടെയെങ്കിലും സഹായം എടുക്കാതെ ഈ ഭൂമിയില്‍ ആരെങ്കിലും ജീവിതം ജീവിച്ചു തീര്‍ക്കാറുണ്ടോ? ഉണ്ടാവില്ല .

ജോസ്
ബാംഗ്ലൂര്‍
25-മാര്‍ച്ച്‌-2010

2010, മാർച്ച് 22

അറം പറ്റിയ വാക്കുകള്‍ ...


.













അടുത്ത മാസം എന്റെ കുഞ്ഞനിയത്തിയുടെ കല്യാണമാണ്. നാട്ടില്‍ ചെന്ന് അതില്‍ പങ്കെടുക്കാന്‍ പറ്റുമോ എന്നറിയില്ല . വളരെ മുന്‍പേ എന്തെകിലും ഒക്കെ പ്ലാന്‍ ചെയ്‌താല്‍ അതിനു മുടക്കം വരും എന്ന് അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. അവള്‍ക്കു എന്ത് സമ്മാനം ആണ് കൊടുക്കേണ്ടത് എന്ന് ആലോചിച്ചിരുന്നപ്പോള്‍ , പണ്ട് ഞാന്‍ ഒരു കല്യാണ സമ്മാനം നല്‍കിയ കഥ ഓര്‍ത്തു ..

പണ്ടൊക്കെ വെറുതെ കിട്ടുന്ന സമയത്ത് , പടം വരച്ചും, കാര്‍ഡ് ബോഡ് വെട്ടിയും മറ്റും ഞാന്‍ എന്തെങ്കിലും ഒക്കെ കോപ്രായങ്ങള്‍ കാണിക്കുമായിരുന്നു.. ( ക്രിയാത്മകത തുളുമ്പി നില്‍കുന്ന സമയം എന്ന് വേണമെങ്കില്‍ പറയാം) . എന്റെ സ്വന്തം ചേച്ചിയുടെ കല്യാണം നടന്ന സമയത്താണ് ഒരു കല്യാണ സമ്മാനം തനിയെ ഉണ്ടാക്കിയാലോ എന്ന ചിന്ത വന്നത്. കുറെ നേരം പണിപെട്ട് , കുറെ കണ്ണാടി കഷണങ്ങള്‍ മുറിച്ചിട്ട് , ഫെവിക്കോളും മറ്റും ചേര്‍ത്തു ഒട്ടിച്ച്, ഒരു വിവാഹ സമ്മാനം ഒരുക്കി. അതിനകത്ത് രണ്ടു ഇണ പ്രാവുകളുടെ പടവും വച്ചിട്ടായിരുന്നു ആ സമ്മാനം ഉണ്ടാക്കിയത്. അങ്ങനെ ഒരു പരീക്ഷണം നടത്തി വിജയിച്ചപ്പോള്‍, പിന്നെ സഹോദരിമാരുടെ കല്യാണത്തിനൊക്കെ ഇങ്ങനെ എന്തെകിലും ഉണ്ടാക്കി കൊടുക്കണം എന്ന് തോന്നി.

ആ സമയത്താണ് എനിക്ക് കുറച്ചു മലയാള സാഹിത്യത്തിന്റെ വട്ടു പിടിച്ചത്. കടിച്ചാല്‍ പൊട്ടാത്ത കുറച്ചു വാക്കുകള്‍ നിറച്ച രണ്ട് മൂന്നു വാചകങ്ങള്‍ ചേര്‍ത്തു എന്തെകിലും എഴുതിയാല്‍ എന്തോ കോപ്പ് ആവും എന്ന് എങ്ങനോ ഞാന്‍ ധരിച്ചു വച്ചു. സമയം കിട്ടുമ്പോള്‍ ഒക്കെ മനസ്സില്‍ തോന്നുന്നതൊക്കെ ഇത്തരത്തില്‍ , കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഉപയോഗിച്ച് ഞാന്‍ എഴുതും. ( എന്തായാലും അങ്ങെനെ കുറെ മലയാളം വാക്കുകളും പ്രയോഗങ്ങളും പഠിച്ചു) അങ്ങനെ ഇരിക്കെയാണ് എന്റെ അടുത്ത ബന്ധുവായ ഒരു ചേച്ചിയുടെ കല്യാണം വന്നത്. എന്റെ വളരെ പ്രിയപ്പെട്ട ഒരു ചേച്ചി ആയിരുന്നു അത്. ചേച്ചിക്കൊരു സമ്മാനം കൊടുക്കണ്ടേ?

ചേച്ചിക്ക് കല്യാണ സമ്മാനമായി കൊടുക്കാന്‍ വേണ്ടി ഞാന്‍ ഒരു ഷോകേസ് ഐറ്റം ഉണ്ടാക്കി. തെര്‍മോകോള്‍ കൊണ്ട് ഒരു ചെറിയ പള്ളി പോലെ ഉണ്ടാക്കി . പിന്നെ ഒരു ഫാന്‍സി സ്റ്റോറില്‍ നിന്നും ഞാന്‍ മനസ്സില്‍ കരുതിയ അളവില്‍ കുറെ കണ്ണാടികള്‍ മുറിച്ചു വാങ്ങിച്ചു. പിന്നെ , ആ തെര്‍മോകോള്‍ പള്ളിയെ ആ കണ്ണാടിക്കൂട്ടില്‍ ആക്കി , ഫെവികോള്‍ കൊണ്ട് ഒട്ടിച്ചു. പിന്നെ അതിന്റെ അകത്തു വയ്ക്കാനായി എന്റെ 'സാഹിത്യ ഭാഷയില്‍ ' ഞാന്‍ ഒരു കത്തും എഴുതി. ( ആ കത്ത് വായിക്കണമെങ്കില്‍ കുറച്ചു നേരം പിടിക്കും. അതുകൊണ്ട് അത് മൊത്തം എഴുതുന്നില്ല...അതിന്റെ കുറച്ചു വരികള്‍ മാത്രം എഴുതാം.) . അതിന്റെ തുടക്കം ഇപ്പ്രകാരം ആയിരുന്നു.

"നിസ്സാര കാര്യങ്ങള്‍ക്ക് പോലും മലവെള്ളപ്പാച്ചില്‍ പോലെ കണ്ണീരൊഴുക്കാന്‍ കഴിയുന്ന എന്റെ പ്രിയപ്പെട്ട ചേച്ചീ ..

പോയ നാളുകളിലെ ചേച്ചിയും, വരും നാളുകളിലെ ചേച്ചിയും തമ്മില്‍ വളരെയധികം അന്തരം കാണുമല്ലോ. പോയ നാളുകളിലെ ചേച്ചിയെക്കുറിച്ചോര്‍ക്കുമ്പോള്‍ , എന്റെ മനസ്സില്‍ ഓടിയെത്തുന്നത് , ചെമ്പട്ടുടുത്ത ആകാശമോ, സിന്ദൂരം ചാര്‍ത്തിയ സന്ധ്യയോ, വമ്പന്‍ മരത്തിന്റെ കൊമ്പില്‍ ചേക്കേറുന്ന വാലാട്ടിപ്പക്ഷിയെയോ ആണ്. വരും നാളുകളിലെ ചേച്ചിയെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നത്, ഭാരം ചുമക്കുന്ന ഭൂമീ ദേവിയെയോ , കൂട്ടിലടച്ച തത്തമ്മയെയോ, കുഞ്ഞിക്കിളിയുടെ വായില്‍ ഭക്ഷണം വെച്ചു കൊടുക്കുന്ന തള്ളക്കിളിയുടെയോ ചിത്രം ആണ്. വരും നാളിലെ ചേച്ചിക്കും, പോയ നാളിലെ ചേച്ചിക്കും തമ്മില്‍ എത്ര തന്നെ അന്തരം ഉണ്ടായാലും, എന്റെ മനസ്സിന്റെ ഒരു കോണില്‍ , കുണുങ്ങി നടക്കുന്ന, തോട്ടാവാടിയായ , ചേച്ചിയ്ക്കായി , തീര്‍ച്ചയായും ഒരു സ്ഥലം കാണും. "

എങ്ങനെ ഉണ്ട് സാഹിത്യം. ? തലയ്ക്കിട്ടു രണ്ടു ഞോണ്ടാന്‍ തോന്നുന്നുണ്ടാവും അല്ലെ? ( ഇതുപോലൊക്കെ എഴുതി, ഞാന്‍ പ്രേമ ലേഖനങ്ങള്‍ വല്ലതും ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടോ എന്ന് നിങ്ങളില്‍ ചിലരെങ്കിലും ഇപ്പോള്‍ ചിന്തിക്കും. അയ്യോ ഇല്ല കേട്ടോ.. അത്രയ്ക്ക് ധൈര്യം ഞാന്‍ ഇതേ വരെ കാണിച്ചിട്ടില്ല. ഉറപ്പായും വിശ്വസിക്കാം ) .

ഈ എഴുതിയത്, ആ സമ്മാനത്തിന്റെ കൂടെ വച്ച കത്തിലെ ഒരു ഭാഗം മാത്രം. ഇതുപോലെ വാക്കുകള്‍ കൊണ്ട് ഗുസ്തി കാട്ടിയ ഒരു വലിയ സാഹിത്യ സൃഷ്ടി ആയിരുന്നു ആ കത്ത്. സമ്മാനം എന്തായാലും എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. എനിക്കും പെരുത്ത് സന്തോഷമായി. ഒരാഴ്ചത്തെ പ്രയത്നമായിരുന്നു അത്.

കല്യാണം കഴിഞ്ഞു, ഏതാനും മാസങ്ങള്‍ക്കകം, വളരെ വിഷമത്തോടെ ഞാന്‍ ഒരു സത്യം മനസ്സിലാക്കി. ഞാന്‍ കൊടുത്ത ആ കത്തില്‍, യാതൊന്നും മനസ്സില്‍ വയ്ക്കാതെ ഞാന്‍ എഴുതി വിട്ട ഒരു വരി, അറം പറ്റി എന്ന്...

പ്രതീക്ഷിച്ചതില്‍ നിന്നും വിപരീതമായി, ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും മാനസികമായി നല്ല വിഷമം നേരിടേണ്ടി വന്നു ആ ചേച്ചിക്ക്. സ്വന്തം ഭര്‍ത്താവ് പോലും തുണയ്ക്കായി ഉണ്ടായിരുന്നില്ല. സാധാരണ പൈങ്കിളി കഥകളില്‍ മാത്രം കേട്ടിട്ടുള്ള പോലെ ..ബന്ധുക്കളെ ആരെയും കാണാനോ, സംസാരിക്കാനോ ചേച്ചിക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. .. ഏതാണ്ട് തടവറ പോലെ തന്നെ ആയിരുന്നു ചേച്ചിക്ക് ആ വീട്.

കുറെ ഏറെ വര്‍ഷങ്ങള്‍ ആ രീതിയില്‍ മനോ വിഷമം സഹിച്ചു ആ ചേച്ചി കഴിഞ്ഞു. പിന്നെ ..കാലത്തിനു മായ്ക്കാന്‍ പറ്റാത്തതായി ഒന്നും ഇല്ലല്ലോ. വിഷമം വരുമ്പോള്‍ ദൈവത്തോട് കരഞ്ഞു സങ്കടം പറയും. ഏതായാലും, പതുക്കെ ആ അവസ്ഥയ്ക്ക് മാറ്റം വന്നു. ഇപ്പോള്‍ നല്ല സന്തോഷത്തോടെ ജീവിക്കുകയാണ് ആ ചേച്ചി. വിഷമം സഹിച്ചു ജീവിച്ച ആ അവസ്ഥയില്‍ , ചിലപ്പോഴൊക്കെ കാണുമ്പോള്‍ ചേച്ചി പറയുമായിരുന്നു

" എടാ..ചെക്കാ ...നീ എഴുതിയ പോലെ തന്നെ ...ഞാന്‍ ഒരു കൂടിലടച്ച കിളി ആയിപ്പോയെടാ. .സങ്കടം സഹിക്കാതെ വരുമ്പോള്‍ , ഞാന്‍ നീ ഉണ്ടാക്കിത്തന്ന ആ പള്ളിയില്‍ നോക്കി ഇരുന്നു എത്ര പ്രാവശ്യം കരഞ്ഞിട്ടുണ്ടെന്നറിയാമോ? "

ചേച്ചി പറഞ്ഞ ആ വാക്കുകള്‍ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല . മനസ്സുകൊണ്ട് തെറ്റായി ഒന്നും വിചാരിക്കാതെ, ഞാന്‍ എഴുതിക്കൂട്ടിയ ഏതോ കുറെ വാചകങ്ങള്‍, ...അത് അറം പറ്റും എന്ന് ഒരിക്കലും കരുതിയില്ല ..

എന്തായാലും, പിന്നെ ആര്‍ക്കും അങ്ങനെ സമ്മാനങ്ങള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ല . ഉണ്ടാക്കിയാല്‍ . ...ഇതുപോലെ എന്തെങ്കിലും ഒക്കെ എഴുതണം എന്ന് തോന്നിയാലോ? പിന്നെ അതൊക്കെ അറം പറ്റുന്നപോലെ ആയാലോ? എന്തിനാ വെറുതെ?

അനിയത്തിക്കുട്ടിയ്ക്കുള്ള സമ്മാനം അവളോട്‌ തന്നെ ചോദിച്ചിട്ട് വാങ്ങാം ..അതല്ലേ നല്ലത്.

ജോസ്
ബാംഗ്ലൂര്‍
22- മാര്‍ച്ച്‌ -2010

2010, മാർച്ച് 18

വൃക്കയും തേടി ....


തിങ്കളാഴ്ച നല്ല ദിവസം എന്ന് പറയാറുണ്ട്‌ ..എന്നാല്‍ ഈ കഴിഞ്ഞ തിങ്കളാഴ്ച അത്ര നന്നല്ലായിരുന്നു ...എനിക്ക് .

എന്റെ കിഡ്നി എടുക്കാം എന്നും.. അങ്ങനെ വളരെ പെട്ടന്ന് തന്നെ ട്രാന്‍സ്പ്ലാന്റ് സര്‍ജറി ചെയ്യാം എന്നും ഒക്കെ കരുതി ഇരിക്കുകയായിരുന്നു . അപ്പോഴാണ്‌ ഡോക്ടര്‍ കിഷോര്‍ ബാബു വിധി എഴുതിയത് ..

" ജോസ് യു ആര്‍ ഹൈപ്പര്‍ടെന്‍സീവ് . യു കനോട്ട് ബീ എ ഡോണര്‍ "

ഒരു കിഡ്നി എടുത്തു കഴിഞ്ഞു എനിക്ക് B.P കൂടിയാല്‍ പിന്നെ പ്രശ്നമാണത്രേ . രണ്ടു മൂന്നു പ്രാവശ്യം നോക്കിയപ്പോള്‍ ഒക്കെ എന്റെ പ്രെഷര്‍ 140 ന് മുകളില്‍ ആയിരുന്നത്രെ . പിന്നെ പാരമ്പര്യമായി പ്രമേഹവും ഉള്ളതിനാല്‍ തീര്‍ത്തും എന്നെ ഡോണര്‍ ആകാന്‍ സമ്മതിച്ചില്ല .

പണ്ടൊക്കെ വൃക്ക തകരാറിലായി , ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ പോകുന്നു , ഡയാലിസിസ് ചെയ്യാന്‍ പോകുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ അതൊക്കെ വെറും വാര്‍ത്തകള്‍ ആയിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ . ശാസ്ത്രത്തിന്റെ കഴിവുകളെക്കുറിച്ച് ഓര്‍ത്ത് അപ്പോള്‍ ഞാന്‍ അഭിമാനിച്ചിട്ടുണ്ട്

ഇപ്പോഴോ... ഇതിന്റെയൊക്കെ ഗൌരവം നന്നായി മനസ്സിലായി.. .ഞാന്‍ ആവശ്യക്കാരന്‍ ആയതിനാല്‍ ആവും ..

ഇനി കിഡ്നിക്കായി എവിടെ പോകും? ഡോണര്‍ ആവാം എന്ന് സ്വമനസ്സാലെ സമ്മതിച്ച എന്റെ ചേട്ടനെക്കുറിച്ച് ആലോചിക്കുമ്പോള്‍ അഭിമാനവും വിഷമവും തോന്നും. അനിയന്റെ ഭാര്യക്ക് വേണ്ടി വൃക്ക ദാനം ചെയ്യാനുള്ള മനസ്സ് ..അതിനെ ഞാന്‍ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കുക .

അതെ സമയം... പാരമ്പര്യമായി എനിക്ക് വരാന്‍ സാധ്യത ഉള്ള പ്രമേഹവും, രക്ത സമ്മര്‍ദ്ദവും , ചേട്ടനും വന്നൂടെ?. അത് അറിഞ്ഞു കൊണ്ട് ഞാന്‍ അതെങ്ങനെയാണ്‌ സ്വീകരിക്കുക ? തീരുമാനം എടുക്കാന്‍ പ്രയാസം തന്നെ .

അങ്ങനെ വന്നപ്പോള്‍ പിന്നെയുള്ള സാധ്യതകള്‍ രണ്ടാണ് ..

വേറെ ആരെങ്കിലും വൃക്ക നല്‍കാന്‍ തയ്യാറായാലോ? എവിടെ നിന്ന് ? ആര് തരും? ? ആരെ സമീപിച്ചാലാണ് അതിനുള്ള വഴി തുറന്നു കിട്ടുക? ഇതൊന്നും എനിക്കറിയില്ല ..

പിന്നെ ഉള്ള ഒരു സാധ്യത ...കാഡവര്‍ ഡോണര്‍ ആണ് . അതിനു ആശുപത്രിയില്‍ പേര് രജിസ്റ്റ്ര്‍ ചെയ്യണം. പിന്നെ എത്ര നാള്‍ കാത്തിരുന്നാലാണ് നമ്മുടെ അവസരം വരുന്നത് എന്ന് പറയാനാവില്ല . അതുവരെ കാത്തിരുന്നേ പറ്റൂ .

അപ്പോള്‍ ഞാന്‍ ഓര്‍ത്തു. ...കാഡവര്‍ കിഡ്നി കിട്ടുന്ന എല്ലാവര്ക്കും വേണ്ടി ആരോ എവിടെയോ മരിച്ചല്ലേ പറ്റൂ .. ഒരാളുടെ നഷ്ടം മറ്റൊരാളുടെ ലാഭം .. ഒരാള്‍ക്ക്‌ ജീവന്‍ പോകുമ്പോള്‍ , അതിലൂടെ മറ്റൊരാള്‍ക്ക് ജീവന്‍ തിരികെ കിട്ടുന്നു . വിശദീകരിക്കാനാവാത്ത വൈകാരികതകളുടെ ഒരു കേളികൊട്ടല്ലേ ഇതൊക്കെ?

ഞാന്‍ രക്ത സമ്മര്‍ദ്ദ രോഗിയായി മുദ്ര കുത്തപ്പെട്ട സ്ഥിതിക്ക് .. ഇനി എവിടുന്ന് കിഡ്നി കിട്ടും ...? ഒരിടത്തു നിന്നും കിട്ടിയില്ലെങ്കിലും എന്റെതുണ്ടല്ലോ എന്ന ഒരാശ്വാസം ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്ല

എവിടുന്നു കിട്ടും ഒരു വൃക്ക ?

അതിപ്പോള്‍ ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി കണ്മുന്‍പില്‍ കിടന്നു കറങ്ങുന്നു ..

വിഷമം വീര്‍പ്പു മുട്ടിക്കുമ്പോള്‍ ..ഒരു പുസ്തകത്തില്‍ വായിച്ച വാചകം ഓര്‍മ്മ വരുന്നു.

"This too shall pass" .വളരെ അര്‍ത്ഥവത്തായ ഒരു വാചകം. എല്ലാം നൈമിഷികമായവ എന്ന പരമാര്‍ത്ഥം ആ നാല് വാക്കുകളില്‍ ഉണ്ട് .

തീര്‍ച്ചയായും ഈ വിഷമ സന്ധി മാറുമായിരിക്കും... മാറും...മാറണം. എവിടുന്നെങ്കിലും ഒരു കിഡ്നി എന്റെ പ്രിയ സഖിക്കായി കിട്ടും.

കിട്ടുമായിരിക്കും അല്ലെ? .. അങ്ങനെ തന്നെ ഞാന്‍ വിശ്വസിക്കട്ടെ ..

ജോസ്
ബാംഗ്ലൂര്‍
18- മാര്‍ച്ച്‌ -2010

2010, മാർച്ച് 12

ലൂപ്പസും , അപ്ലയും , വോണ്‍ വില്ലെബ്രാണ്ടും .....

പേര് കേട്ടപ്പോള്‍ എന്റെ കൂട്ടുകാരുടെ ആരുടെയെങ്കിലും പേരാണെന്ന് കരുതിയെങ്കില്‍ തെറ്റി..

പ്രകൃതിയുടെ വികൃതികളിലെ ഒരു സ്പെക്ട്രത്തിന്റെ രണ്ടു വശങ്ങള്‍.. മൂന്നു അസുഖങ്ങള്‍ ..അവയ്ക്ക് സായിപ്പുംമാര്‍ നല്‍കിയ പേരുകള്‍ ...അതാണ് ലൂപ്പസും അപ്ലയും വോണ്‍ വില്ലെ ബ്രാന്‍ഡ് സിന്‍ഡ്രോമും.

ഇന്നലെ എനിക്ക് ഒരു അതിഥി ഉണ്ടായിരുന്നു...ഒരു അകന്ന ബന്ധുവായ ഒരു പയ്യന്‍സ്.. അവന്‍ ഞങ്ങളെ കാണാനും, സുഖം അന്വേഷിക്കാനും ആയി വന്നു. സംസാര മദ്ധ്യേ ആ പയ്യന്‍സ് കുറച്ചു വിഷമത്തോടെ പറഞ്ഞു..

"ചേട്ടാ ..കുറച്ചു നാള്‍ ഞാന്‍ ആശുപത്രിയില്‍ കിടന്നു കഷ്ടപ്പെട്ടു. ഡോക്ടര്‍മാര്‍ എന്നെ കുറെ പഠിച്ചു.. അവസാനം പറഞ്ഞു എനിക്ക് വോണ്‍ വില്ലെ ബ്രാന്‍ഡ് സിന്‍ഡ്രോം ആണെന്ന്.. "

"എന്തോന്ന് സിന്‍ഡ്രോം? " ..പേര് കേട്ട് അന്തം വിട്ട ഞാന്‍ പിന്നെയും ചോദിച്ചു.

പിന്നെ പയ്യന്‍സ് കുറച്ചു വിസ്തരിച്ചു പറഞ്ഞപ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ മനസിലായി. ..അവന്റെ രക്തം കട്ട പിടിക്കാന്‍ കുറച്ചു വിഷമം ആണത്രേ..എന്ന് വച്ചാല്‍. ..വല്ല മുറിവും ദേഹത്ത് വന്നാല്‍ ജോലി ആവും എന്നര്‍ത്ഥം. ഹീമോഫീലിയ എന്ന അസുഖം പോലെയുള്ള ഒരെണ്ണം.

അവന്‍ അത് പറഞ്ഞപ്പോള്‍ ഞാന്‍ ലീനയെ ഒന്ന് നോക്കി. അവളും എന്നെ നോക്കി ചിരിച്ചു. കാരണം വേറൊന്നുമല്ല ...പയ്യന്‍സിന്റെ അവസ്ഥയുടെ നേരെ തിരിച്ചാണ് ലീനയുടെ അവസ്ഥ. രക്തത്തിന് കട്ട പിടിക്കാതിരിക്കാനാണ് പ്രയാസം.. ആന്റി കൊയാഗുലന്റ്റ് മരുന്ന് കഴിച്ചില്ലെങ്കില്‍ ആശാന്‍ എവിടെയെങ്കിലും കേറി കട്ട പിടിച്ചു കളയും. അതിനു സായിപ്പിട്ട പേരാണ് അപ്ല ( APLA).

അപ്ലയുടെ ഒരു ബന്ധു ..ഒരു വല്യേട്ടനാണ് ലൂപ്പസ്. (LUPUS). ലീനയെ ആദ്യം നോക്കിയ പിഷാരടി സാര്‍, ലീനയ്ക്ക് ലൂപ്പസ് ട്രബിള്‍ കാണും എന്ന് പറഞ്ഞപ്പോള്‍ , ഞാന്‍ അറിവിന്റെ മഹാ സാഗരമായ ഇന്റര്‍ നെറ്റില്‍ കയറി നോക്കി.. ഈ ലൂപ്പസ് ആരാണെന്ന്. അവന്‍ ചില്ലറക്കാരന്‍ അല്ല എന്ന് ഉടനെ തന്നെ മനസ്സിലായി.

സാധാരണ അസുഖം പരത്തുന്ന അണുക്കളെ കൊല്ലുന്ന ജോലിയാണ് രക്തത്തിലെ ആന്റിബോഡി കളുടെ ജോലി. എന്നാല്‍ ലൂപ്പസ് ഉള്ളവരില്‍, ഈ ആന്റി ബോഡികള്‍ , അങ്കിള്‍ ബോഡികളായി മാറി, ശരീരത്തിലെ നല്ല കോശങ്ങളെ തന്നെ നശിപ്പിക്കാന്‍ തുടങ്ങും.. ഒരു മാതിരി തല തിരിഞ്ഞ സ്വഭാവം..അതിനു ദേഹത്തിലെ ഏതു ഭാഗത്തെ കോശങ്ങളെ നശിപ്പിക്കണം എന്നൊന്നും ഇല്ല..എവിടെ വേണമെങ്കിലും നാശം വിതയ്ക്കാം...

അന്നൊക്കെ ലോപ്പസ് എന്നേ കേട്ടിട്ടുണ്ടായിരുന്നുള്ളൂ. ..അറിയില്ലേ മാദകത്വം നിറഞ്ഞ പാട്ടുകാരി ജെന്നിഫര്‍ ലോപ്പസ്. . അവളുടെ പേരിലെ അക്ഷരങ്ങള്‍ക്ക് ഒരു ചെറിയ മാറ്റം വരുത്തിയപ്പോള്‍ കണ്ടില്ലേ സ്വഭാവം മാറിയത്.

ഇതിന്റെ ഒക്കെ കാരണം ചോദിച്ചാല്‍ ഡോക്ടര്‍മാരും കൈ മലര്‍ത്തും.. പാവം.. അവരെ കുറ്റം പറയാന്‍ പറ്റില്ല .. സൃഷ്ടിയുടെ മൊത്തം ഗുട്ടന്‍സും അവര്‍ക്കറിയില്ലല്ലോ .

എന്റെ മുന്‍പില്‍ വോണ്‍ വില്ലെ ബ്രാണ്ടിനെ കൂടുപിടിച്ചു പയ്യന്‍സും, എന്റെ തൊട്ടടുത്ത്‌ , ചിരിച്ചുകൊണ്ട് ചായക്കപ്പും പിടിച്ചു , അപ്ലയെയും ലൂപ്പസിനെയും കൂടു പിടിച്ചു ലീനയും .. നടുക്ക് പ്രകൃതിയുടെ ഈ വികൃതികളെ ആലോചിച്ചു അന്തം വിട്ടു ഞാനും..

ഇതെന്താ ഇങ്ങനെയൊക്കെ ? ഇത് മനുഷ്യര്‍ക്ക്‌ മാത്രമേ ഉള്ളോ? അതോ പട്ടിക്കും, പൂച്ചയ്ക്കും , പശുവിനും, കിളികള്‍ക്കും, ഒക്കെ ഉണ്ടോ? ആ അറിയില്ല. അവര്‍ക്കൊക്കെ വേണ്ടി അവര്‍ തന്നെ നടത്തുന്ന ആശുപത്രിയും, അവര്‍ തന്നെ അച്ചടിക്കുന്ന പത്രങ്ങളും ഒക്കെ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ അറിയാമായിരുന്നു. അതില്ലാത്ത സ്ഥിതിക്ക് , അവറ്റകള്‍ക്കൊക്കെ എന്ത് പറ്റിയാലും ആരറിയാന്‍.

പെട്ടന്ന് ഞാന്‍ എന്റെ സുഹൃത്ത്‌ ദൈവത്തിനോട് ഒന്ന് ചോദിച്ചു..

"ചങ്ങാതി ...വിഷമം വന്നാലും, സന്തോഷം ഉണ്ടായാലും, കുറെ ചോദ്യങ്ങള്‍ ചോദിക്കണം എന്ന് തോന്നിയാലും, നിന്നോടല്ലേ എനിക്ക് തുറന്നു ചോദിയ്ക്കാന്‍ പറ്റൂ? അതുകൊണ്ട് ചോദിക്കുവാ..

മനുഷ്യരെയും ജീവജാലങ്ങളെ ഒക്കെയും സൃഷ്ട്ടിച്ചത് നീ അല്ലെ... ഇങ്ങനത്തെ മാനിഫാക്ച്ചരിംഗ് ഡിഫക്ടുകള്‍ നീ എന്തിനാണ് നിന്റെ സൃഷ്ടിയില്‍ തിരുകി കയറ്റുന്നത്.. എന്തെകിലും ഉദ്ദേശം ഇല്ലാതെ ചെയ്യില്ല എന്നറിയാം ..എന്നാലും അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചതാണ്.. വല്ല പനിയോ , ജലദോഷമോ, തല വേദനയോ പോലുള്ള ഡിഫക്ടുകള്‍ മാത്രം പോരായിരുന്നോ ..കേള്‍ക്കുമ്പോള്‍ തന്നെ പേടിയാവുന്ന ഈ ഡിഫക്ടുകള്‍ എന്തേ നിന്റെ പ്രൊഡക്റ്റ് ഡിസൈനില്‍ നീ ഇട്ടു. ക്വാളിറ്റി അഷുവരന്‍സും നീ തന്നെ അല്ലെ ചെയ്യുന്നത്? "

അപ്പോള്‍ അടുത്തൊരു അശരീരി കേട്ടു.

"മകനെ നീ വല്ലതും കഴിച്ചിട്ട് നിന്റെ ജോലി ചെയ്യാന്‍ നോക്ക്. എന്റെ പ്രോഡക്ടിനെയും അതിന്റെ ഡിസൈനിനെയും പറ്റി നീ ഇപ്പോള്‍ വേവലാതിപ്പെടണ്ടാ. ഒന്നും ആലോചിക്കാതെ ഞാന്‍ ഒരു ഡിസൈനും ചെയ്യാറില്ല . എവരിതിംഗ് ഹാസ് എ റീസന്‍ മൈ സണ്‍ . നീ ചോദിച്ചതിന്റെ ഉത്തരം ഞാന്‍ പിന്നെ തന്നോളാം. നമ്മള്‍ നേരില്‍ കാണുന്ന ദിവസം. യു ഹാവ് റ്റു വെയിറ്റ് ടില്‍ ദെന്‍ "

ജോസ്
ബാംഗ്ലൂര്‍
13-march-2010

2010, മാർച്ച് 10

ഒരു ആലൂ പരാത്ത കഥ ...


ഇന്ന് വീട്ടില്‍ കുറെ നാളുകള്‍ക്കു ശേഷം ആലൂ പരാത്ത ഉണ്ടാക്കി. എനിക്കും ലീനയ്ക്കും ഒത്തിരി ഇഷ്ടമുള്ള ഒന്നാണ് ആലൂ പരാത്ത ..

നല്ല ചൂടുള്ള ആലൂ പരാത്തയുടെ കൂടെ വെണ്ണയും കൂട്ടി കഴിക്കാന്‍ നല്ല രുചിയാണ് ...

അങ്ങനെ, വൈകിട്ട് , ആലൂ പരാത്ത കഴിക്കവേ.. ആ കഥ ഓര്‍മ്മ വന്നു.. റൂര്‍ക്കിയിലെ ആലൂ പരാത്ത കഥ ...

M.Tech Geology പഠിക്കാനായി റൂര്‍ക്കിയില്‍ ചെന്ന സമയം. അവിടത്തെ മെസ്സിലെ ഭക്ഷണം ഇഷ്ടപ്പെട്ടു വരാന്‍ കുറെ സമയം എടുത്തു. അവിടുള്ളവര്‍ക്ക് എന്ത് കറി വച്ചാലും അതില്‍ "ആലൂ" (നമ്മുടെ സ്വന്തം ഉരുളക്കിഴങ്ങ് ) വേണം.. ബ്രേക്ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ അവിടുള്ളവര്‍ ആലൂ മാത്രം വച്ച് ഉണ്ടാക്കി ക്കളയും. (ചിലരൊക്കെ അവരെ കിഴങ്ങന്മാര്‍ എന്ന് കളിയാക്കി വിളിക്കും .. )

ആദ്യമൊക്കെ മനസ്സിനിണങ്ങിയ ഭക്ഷണം കഴിക്കുന്ന ദിവസങ്ങള്‍ കുറവായിരുന്നു.. രാത്രി, ഭക്ഷണം കഴിക്കുമ്പോള്‍ വായ്ക്കു രുചിയായി കഴിക്കാന്‍ പറ്റിയിരുന്നത് വീട്ടില്‍ നിന്നും കൊണ്ട് വന്ന ചമ്മന്തി പൊടി കൊണ്ട് മാത്രം ആയിരുന്നു ..

അവിടത്തെ മെസ്സിലെ ഒരു ബ്രേക്ഫാസ്റ്റ് വിഭവം ആയിരുന്നു..ആലൂ പരാത്ത .കണ്ടപ്പോള്‍ നാട്ടിലെ ഗോതമ്പ് ദോശ പോലെ തോന്നി. കഴിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത വിഷമം തോന്നി. ഒരു രുചിയും ഇല്ലാത്ത എന്തോ ഒരു സാധനം . അങ്ങനെയാണ് തോന്നിയത്.

അല്ലെങ്കിലേ മെസ്സിലെ ഭക്ഷണത്തിനെപ്പറ്റി വലിയ മതിപ്പൊന്നും ആര്‍ക്കും ഇല്ലായിരുന്നു. ചില ദിവസങ്ങളില്‍ മെസ്സിലെ ചീഫ് ബട്ട്ലര്‍ജിയുടെ അപ്പനും അപ്പന്റെ അപ്പനും ഒക്കെ തെറി പറഞ്ഞു കൊണ്ടാവും പിള്ളേര്‍ മെസ്സിലെ ഭക്ഷണം കഴിക്കുന്നത്‌. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു മാതിരി ഉണങ്ങിയ തോലുപോലത്തെ ആലൂ പരാത്തയുമായി ബട്ട്‌ലര്‍ജി എത്തുന്നത്..

ചുരുക്കിപ്പറഞ്ഞാല്‍ ആലൂ പരാത്ത എന്ന് കേട്ടാല്‍ എനിക്ക് വിശപ്പൊക്കെ പോകുന്ന സ്ഥിതി ആയി ..

അങ്ങനെ ഇരിക്കെയാണ് എനിക്ക് ഒരു ട്യുഷന്‍ പഠിപ്പിക്കാനുള്ള ചാന്‍സ് വരുന്നത്. വീട്ടിലെ സ്ഥിതി ഒക്കെ കുറച്ചു മോശമായിരുന്നതിനാല്‍ , ഞാന്‍ കുറെ ട്യുഷന്‍ ഒക്കെ എടുത്തുകൊണ്ടിരുന്ന കാലമായിരുന്നു അത്. എന്റെ ക്ലാസില്‍ പഠിച്ച ഒരു ഡല്‍ഹിക്കാരന്റെ ഒരു ബന്ധു അവിടെ റൂര്‍ക്കിയില്‍ താമസിക്കുന്നുണ്ടായിരുന്നു. അവര്‍ സത്യത്തില്‍ പഞ്ചാബികള്‍ ആയിരുന്നു. അവരുടെ മകള്‍ക്ക് ട്യുഷന്‍ എടുക്കാനുള്ള ചാന്‍സ് ആണ് എനിക്ക് കിട്ടിയത്.

പേപ്പറും ബുക്കും വാങ്ങാനും, പിന്നെ വൈകിട്ട് വല്ല സമൂസയോ ബര്‍ഗറോ മറ്റോ വാങ്ങാനും ഒക്കെ ഉള്ള പൈസ തടയുന്ന കാര്യമല്ലേ,..ഞാന്‍ സമ്മതിച്ചു.. അങ്ങനെ ഞാന്‍ ആ പഞ്ചാബി കൊച്ചിനെ പഠിപ്പിക്കാന്‍ തുടങ്ങി.. സയന്‍സും ..കണക്കും..എന്റെ പ്രിയപ്പെട്ട വിഷയങ്ങള്‍.

വൈകിട്ട് എന്റെ ക്ലാസ്സുകള്‍ കഴിഞ്ഞു, കഷ്ടപ്പെട്ട് സൈക്കിള്‍ ചവിട്ടി ആ കൊച്ചിന്റെ വീട്ടില്‍ എത്തും. പിന്നെ ഒരു മണിക്കൂര്‍ വായിട്ടലച്ചു കഴിയുമ്പോള്‍ ഒരു പരുവം ആവും. ആ സമയത്ത് ആ കൊച്ചിന്റെ അമ്മ ഒരു കപ്പ് ചായ തരും.ഉണങ്ങിയ വായ്ക്ക് അതൊരു ആശ്വാസം ആവും. പിന്നെ അതും കുടിച്ചു ഞാന്‍ തിരികെ റൂമിലേയ്ക്ക് വരും. അതായിരുന്നു പതിവ്

അങ്ങനെയിരിക്കെ ഒരു ദിവസം.. പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ , കൊച്ചിന്റെ അമ്മ വന്നു പറഞ്ഞു

" സാറേ ... സാറിനു ഞാന്‍ എന്തെങ്കിലും തിന്നാന്‍ തരട്ടെ ? "

ഇതേ വരെ അങ്ങനെ ചോദിക്കാത്ത അവര്‍ പെട്ടന്ന് അങ്ങനെ ചോദിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. സത്യത്തില്‍ വിശന്നു കുടല്‍ മാല കരിഞ്ഞിരിക്കുകയായിരുന്നു. എന്നാലും അത് പറയാന്‍ അഭിമാനം സമ്മതിച്ചില്ല. ഒന്നുമില്ലെങ്കിലും ഞാന്‍ ഒരു സാറല്ലേ . ഞാന്‍ പെട്ടന്ന് പറഞ്ഞു

" അയ്യോ വേണ്ട ആന്റീ ..ഞാന്‍ ഇപ്പോള്‍ കഴിച്ചിട്ട് വന്നതേ ഉള്ളൂ "

പക്ഷെ ആന്റി വിട്ടില്ല . അവര്‍ വീണ്ടും വീണ്ടും കഴിക്കാന്‍ നിര്‍ബന്ധിച്ചു. മനസ്സില്‍ കഴിക്കണം എന്ന് തോന്നിയെങ്കിലും, കുറച്ചു ജാടയില്‍ , വേണ്ടാ വേണ്ടാ എന്നൊക്കെ പറഞ്ഞിട്ട് പിന്നെ ഞാന്‍ സമ്മതിച്ചു . അപ്പോഴാണ്‌ ആന്റി വീണ്ടും പറഞ്ഞത്...

"സാര്‍ ഒരു പത്തു മിനിറ്റു കഴിയുമ്പോള്‍ ഞാന്‍ നല്ല ചൂടുള്ള ആലൂ പരാത്ത ഉണ്ടാക്കി തരാം. "

ആലൂ പരാത്ത എന്ന് കേട്ടപ്പോഴേ എന്റെ കാറ്റ് പോയി. മെസ്സില്‍ തിരിഞ്ഞുപോലും ഞാന്‍ നോക്കാത്ത സാധനം ...എങ്ങനെ ഇവിടുന്നു കഴിക്കും...വേണമെന്ന് പറഞ്ഞും പോയി.. അങ്ങനെ ഒരു വല്ലാത്ത സങ്കടത്തില്‍ ഇരുന്നപ്പോഴാണ് കൊച്ചിന്റെ അമ്മ, ഒരു പാത്രത്തില്‍ ചൂട് ആലൂ പരാത്തയും ഒരു കട്ട വെണ്ണയും ആയി വന്നത്.

മടിച്ചു മടിച്ചു കഴിച്ചപ്പോഴല്ലേ രസം.. നല്ല അടി പൊളി രുചി.. പറഞ്ഞറിയിക്കാന്‍ വയ്യാത്ത രുചി..ആലൂ പരാത്ത ഇങ്ങനെയും ഉണ്ടാക്കാമോ ? പിന്നെ ബട്ട്ലര്‍ജിക്ക് മാത്രം എന്തെ നല്ല പരാത്ത ഉണ്ടാക്കാന്‍ അറിയില്ല?

എന്തായാലും എനിക്ക് പരാത്ത നന്നേ ഇഷ്ടപ്പെട്ടു. വിശന്നു കുടല്‍ കരിഞ്ഞിരിക്കുന്ന സമയമല്ലേ ..പിന്നെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും? അന്ന് മനസ്സിലായി വേണമെന്ന് വച്ച് ഉണ്ടാക്കിയാല്‍ ആലൂ പരാത്ത നല്ല രുചിയായി ഉണ്ടാക്കാം എന്ന്.

അങ്ങനെ രണ്ടു പരാത്ത തട്ടി വിട്ടു.അപ്പോള്‍ കൊച്ചിന്റെ അമ്മ വന്നു പറഞ്ഞു..

"സാര്‍ ഒരെണ്ണം കൂടെ കഴിക്കണം. ഞാന്‍ ദാ ഇപ്പോള്‍ കൊണ്ട് വരാം.

സത്യത്തില്‍ ഒന്നല്ല , ഒരു രണ്ടു മൂന്നെണ്ണം കൂടെ കഴിക്കാനുള്ള വിശപ്പുണ്ടായിരുന്നു. പക്ഷെ അഭിമാനം സമ്മതിച്ചില്ല. ഒരു നില വിട്ടു പെരുമാറാന്‍ പറ്റുമോ..അതും ഞാന്‍ സാറായി ചെന്നിരിക്കുന്ന സ്ഥലത്ത്?

'അയ്യോ ആന്റീ...ഇപ്പോഴേ വയറു ഫുള്ളായി. ഇനി ഒരിഞ്ചു സ്ഥലം ഇല്ല "

അങ്ങനെയൊക്കെ ഡാവ് പറഞ്ഞു ഞാന്‍ അവിടുന്നിറങ്ങി. അങ്ങ് ഹോസ്റ്റലില്‍ ചെന്നിട്ടും അന്നത്തെ ആലൂ പരാത്തയുടെ രുചി നാവില്‍ നിന്നും പോയില്ല.

അത് കഴിഞ്ഞ് എപ്പോള്‍ ആലൂ പരാത്ത തിന്നുമ്പോഴും..ഞാന്‍ ആ ആന്റിയെയും, അവര്‍ തന്ന പരാത്തയെയും, പിന്നെ എന്റെ ഡാവുകളെയും ഓര്‍ക്കും ..


ജോസ്
ബാംഗ്ലൂര്‍
10-march-2010

2010, മാർച്ച് 9

ആറ്‌ കുത്തുകള്‍ ....
















ഇന്‍ജക്ഷന്‍ എന്ന് കേട്ടാല്‍ പണ്ടേ പേടിയായിരുന്നു. എന്നും പറഞ്ഞു ഇപ്പോള്‍ പേടി ഇല്ല എന്നല്ല.


...കുത്താനായി സിറിന്‍ജുമായി നഴ്സ് വരുമ്പോള്‍ ചെറിയ ഒരു പേടി തോന്നും.. പിന്നെ സിറിന്‍ജിന്റെ വലിപ്പം കാണുമ്പോള്‍ പേടി കൂടുകയോ കുറയുകയോ ചെയ്യും .

അടുത്തയിടെയായി കുറെ ഏറെ കുത്തുകള്‍ കിട്ടി. പ്രോസ്പെക്ടിവ് കിഡ്നി ഡോണര്‍ എന്ന പേരിലായിരുന്നു അതൊക്കെ . മണിപ്പാല്‍ ഹോസ്പിറ്റലില്‍ ഡോക്ടറെ കാണാന്‍ ചെല്ലുമ്പോള്‍ കുറെ ഏറെ ടെസ്റ്റുകള്‍ ചെയ്യാന്‍ പറയും. ഓരോന്നിനും ഉണ്ടാവും ഓരോ കുത്തുകള്‍ . എന്നാല്‍ ഇന്ന് കുറച്ചധികമായോ എന്നൊരു സംശയം..

GTT (Glucose Tolerance test) എന്ന ഒരു സംഭവം ഉണ്ട്. 10-12 മണിക്കൂര്‍ ഒന്നും കഴിക്കാതെ വന്നിട്ട് കുറെ ഗ്ലൂക്കോസ് വാരി വിഴുങ്ങണം. അത് കഴിഞ്ഞു ഓരോ അര മണിക്കൂര്‍ കഴിയുമ്പോഴും രക്ത പരിശോധന നടത്തണം. ഡയബറ്റിക്സ്‌ വരാനുള്ള ചാന്‍സ് അറിയാനത്രേ ..

അങ്ങനെ GTT എടുക്കാന്‍ മിനഞ്ഞാന് ഹോസ്പിറ്റലില്‍ പോയി. നഴ്സ് രണ്ടു കപ്പില്‍ കുറെ ഗ്ലൂക്കോസ് തന്നിട്ട് പറഞ്ഞു... "കഴിച്ചിട്ട് ഓരോ അര മണിക്കൂറിനു ശേഷവും വരണം.. രണ്ടു മണികൂര്‍ വരെ. "

അത് കേട്ട ശേഷം ഞാന്‍ ഒരു അതി ബുദ്ധി കാണിച്ചു. ഞാന്‍ കരുതി, തന്ന ഗ്ലൂക്കോസ് കുറേശ്ശെ വേണം കഴിക്കാന്‍ എന്ന്. ( അത് ഒറ്റയടിക്ക് കഴിക്കാനുള്ളതായിരുന്നു ). രണ്ടു ഇന്‍ജക്ഷന്‍ കഴിഞ്ഞ ശേഷം ആണ് തെറ്റ് മനസ്സിലായത്‌. അത് നഴ്സുമാരോട് പറഞ്ഞപ്പോള്‍ ഇവരുടെ മുഖത്തൊരു നീരസ ഭാവം കണ്ടു..."ഇവനാരെടാ ..നേരെ പറഞ്ഞാല്‍ മനസ്സിലാവില്ലേ " എന്ന് മനസ്സില്‍ അവര്‍ പറഞ്ഞ പോലെ ..

പിന്നെ എന്നോട് പറഞ്ഞു നാളെ ഇതേ ബില്ലും കൊണ്ട് വന്നു വീണ്ടും ടെസ്റ്റ്‌ എടുക്കാന്‍. .അന്നത്തെ രണ്ടു കുത്തുകള്‍ വെറുതെയായി .

അങ്ങനെ ഇന്ന് ഞാന്‍ വീണ്ടും പോയി. എന്നെ കണ്ടതും, അവിടിരുന്ന നഴ്സിന് ഒരു ചിരി... അവര്‍ അടുത്തിരുന്ന തമിഴത്തി നഴ്സിനോട് എന്തോ പറഞ്ഞു ...'ഗ്ലൂക്കോസ് കൊഞ്ചം കൊഞ്ചം ശാപ്പിട്ടു" എന്നോ മറ്റോ ..

എന്തായാലും രണ്ടു മണിക്കൂറില്‍ അവിടെ വച്ച് അഞ്ചു കുത്തുകള്‍ കിട്ടി...രണ്ടു കൈ മടക്കുകളിലുമായി.
ഒരു പ്രാവശ്യം നേരത്തെ കുത്തിയതിന്റെ അടുത്ത് തന്നെ കുത്തിയപ്പോള്‍ ഒന്ന് വേദനിച്ചെങ്കിലും ..ഞാന്‍ സഹിച്ചു. ( അപ്പോള്‍ ഞാന്‍ ഓര്‍ത്തു...പാവം ലീന എത്ര കുത്തുകള്‍ സഹിക്കുന്നു എന്ന് )

അത് കഴിഞ്ഞപ്പോഴാണ് Renal DTPA എന്ന ടെസ്റ്റിന്റെ വരവ്... അതും ഇന്ന് ചെയ്യാനുള്ളതായിരുന്നു. അതിനായി ഞാന്‍ ന്യുക്ളിയാര്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ പോയി.

ആദ്യമായാണ് ന്യുക്ളിയാര്‍ മെഡിസിന്‍ ദേഹത്ത് കേറുന്നത്. ആ ടെസ്റ്റ്‌ എടുക്കാനുള്ള റൂമില്‍ കയറിയപ്പോള്‍ ചെറുതായി ഒന്ന് അമ്പരന്നു. ...പടങ്ങളിലും സിനിമയിലും ഒക്കെ മാത്രം കണ്ടിട്ടുള്ള ഒരു വലിയ യന്ത്രം.. അതിന്റെ താഴെ ഒരു ചെറിയ കിടക്ക..അത് ആ യന്ത്രത്തിന്റെ അകത്തേക്കും പുറത്തേയ്ക്കും നീക്കാന്‍ പറ്റുന്നതാണ് . അത് നോക്കി നിന്നപ്പോള്‍ നഴ്സ് വന്നു പറഞ്ഞു..

'പോയി രണ്ടു ഗ്ലാസ്‌ വെള്ളം കുടിച്ചിട്ട് വരൂ . അപ്പോഴേക്കും ഞാന്‍ ഒരു ഇന്‍ജക്ഷന്‍ തയാറാകും. അത് എടുത്തിട്ട് അര മണിക്കൂര്‍ നേരം സ്കാനിംഗ് നടത്തും ..

"എന്റമ്മോ ...ഇനിയും ഒരു ഇന്ജക്ഷനോ? " ഞാന്‍ മനസ്സില്‍ ഓര്‍ത്തു.

കിഡ്നി പരിശോധിക്കാനാണല്ലോ ഇത്..അപ്പോള്‍ എവിടെയായിരിക്കും ഇന്‍ജക്ഷന്‍.. കാലിലോ തുടയിലോ മറ്റോ ആയിരിക്കുമോ? .. തുടയില്‍ ഇന്‍ജക്ഷന്‍ എടുക്കുന്ന കാര്യം ഓര്‍ത്തപ്പോള്‍ തന്നെ ഒരു ചെറിയ പേടിയും വേദനയും എന്നെ പിടികൂടി.

വെള്ളം കുടിച്ചിട്ട് വന്നപ്പോള്‍ എന്നോട് സ്കാനറിന്റെ താഴെയുള്ള കിടക്കയില്‍ കിടക്കാന്‍ പറഞ്ഞു. പിന്നെ കുറെ സ്ട്രാപ്പുകള്‍ കൊണ്ട് എന്റെ ദേഹം കിടക്കയില്‍ നന്നായി കെട്ടി ഉറപ്പിച്ചു. അപ്പോഴേക്കും നഴ്സിന്റെ സഹായി കുറെ സാമഗ്രികള്‍ വച്ച ഒരു ടേബിള്‍ എന്റെ അടുത്തേക്ക് നീക്കി. അതില്‍ കുറെ കുപ്പികളും പഞ്ഞിയും ട്യുബുകളും ഒക്കെ കണ്ടു. അപ്പോള്‍ ഞാന്‍ വിചാരിച്ചു...

" തീര്‍ച്ച.. ഇത് നല്ല വേദനയുള്ള എന്തോ ഇന്‍ജക്ഷന്‍ എടുക്കാനാ.. "

ഓര്‍ത്തപ്പോഴേ ചെറുതായി ഒന്ന് വിയര്‍ക്കാന്‍ തുടങ്ങി.

നഴ്സ് എന്നോട് കൈ നീട്ടി വയ്ക്കാന്‍ പറഞ്ഞു. എന്നിട്ട് ഒരു ചെറിയ സിറിന്‍ജെടുത്തു ..

"ഒരു ചെറിയ ഇന്ജക്ഷനാണ് കേട്ടോ " . നഴ്സ് പറഞ്ഞു.

അത് കണ്ടപ്പോള്‍ കുറച്ചു സമാധാനം ആയി.

അങ്ങനെ ഇന്നത്തെ ആറാമത്തെ കുത്തും കിട്ടി . പിന്നെ അര മണിക്കൂര്‍ അവിടെ അനങ്ങാതെ കിടന്നു ..സ്കാനിംഗ് കഴിയും വരെ. വെള്ളം നിറയെ കുടിച്ചത് കാരണം ബ്ലാഡര്‍ നന്നായി നിറഞ്ഞു. ഉടനെ തന്നെ ടോയ്ലെറ്റില്‍ പോകണം എന്ന് തോന്നി. പക്ഷെ സ്കാനിംഗ് കഴിയാതെ അനങ്ങരുതെന്നാണ് പറഞ്ഞത്. പിന്നെ ഒക്കെ അടക്കിപ്പിടിച്ചു. വല്ല വിധേനയും സ്കാനിംഗ് കഴിഞ്ഞു.

ഞാന്‍ ഇറങ്ങുന്ന സമയത്ത്...ഒരു അമ്മയും ,ഏകദേശം നാല് വയസ്സുള്ള ഒരു കൊച്ചും അവിടേക്ക് വന്നു. ആ ചെക്കന് സ്കാന്‍ ഉണ്ടായിരുന്നിരിക്കണം. അകത്തെ സാമഗ്രികള്‍ ഒക്കെ കണ്ടപ്പോഴേ പാവം അവന്റെ ഫ്യുസ് അടിച്ചു പോയി..അവന്‍ വാവിട്ടു കരയാന്‍ തുടങ്ങി.. നഴ്സ് ഇന്‍ജക്ഷന്‍ നീഡില്‍ എടുത്തപ്പോഴേക്കും അവന്റെ കരച്ചില്‍ ഉച്ചത്തിലായി..

തിരിഞ്ഞു നോക്കാതെ പുറത്തേക്കിറങ്ങുമ്പോള്‍, ഞാന്‍ മനസ്സില്‍ പറഞ്ഞു...

"മോനെ കരയണ്ട... ഇതൊരു കുഞ്ഞു കുത്താണ്..കരയണ്ട കേട്ടോ ...അങ്കിളിനു ഇപ്പോള്‍ ഒരെണ്ണം കിട്ടിയതെ ഉള്ളൂ. പേടിക്കണ്ടാട്ടോ. "

ജോസ്
ബാംഗ്ലൂര്‍
9-march-2010

2010, മാർച്ച് 5

പിങ്ക് സ്ലിപ്പുകള്‍ ....



ഇന്ന് കാണുന്നവനെ നാളെ കാണുന്നില്ല എന്ന ചൊല്ലിനോട് സമാനമായി എന്റെ മനസ്സില്‍ ഇപ്പോള്‍ തോന്നുന്ന വേറൊരു ചൊല്ലുണ്ട് ..

"ഓഫീസില്‍ ഇന്ന് അടുത്ത സീറ്റില്‍ ഇരിക്കുന്നവനെ നാളെ കാണുന്നില്ല "

ഇങ്ങനെ തോന്നാന്‍ കാരണം ഉണ്ട്. ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് ഇപ്പോള്‍ പിരിച്ചുവിടലുകളുടെ ഒരു തുടര്‍ക്കഥ നടക്കുകയാണ്. ഇതേ വരെ കുറഞ്ഞത്‌ പത്തു പേരെ എങ്കിലും പിരിച്ചു വിട്ടു കാണും . CEO യുടെ ഉത്തരവാണത്രെ ....ആകെയുള്ള ജോലിക്കാരുടെ എണ്ണം കുറയ്ക്കണം എന്ന്. മാനേജരുടെ അടുത്ത് ഈ ഉത്തരവ് എത്തുമ്പോള്‍ അയാള്‍ക്ക്‌ പിന്നെ ചെയ്തല്ലേ പറ്റൂ ..
പിന്നെ പുറത്താക്കാന്‍ കാരണങ്ങള്‍ തല പുകഞ്ഞ് ആലോചിക്കും ..

....പെര്‍ഫോമന്‍സ് ശരിയല്ല
....സ്വഭാവം ശരിയല്ല
.....പെരുമാറ്റ രീതി ശരിയല്ല
.....ജോലിയേക്കാള്‍ കൂടുതല്‍ വ്യക്തിപരമായ കാര്യങ്ങളില്‍ (ഉപരി പഠനം) ശ്രദ്ധിക്കുന്നു
....ജോലി പഠിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നു

ഇതൊക്കെയാണ് ഞാന്‍ കേട്ട കുറെ കാരണങ്ങള്‍

നേരത്തെ റിസഷന്‍ സമയത്ത് , പിരിച്ചുവിടലുകളെപ്പറ്റി പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്. അതൊക്കെ അന്ന് വെറും വാര്‍ത്തകള്‍ മാത്രം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന സുഹൃത്തുക്കളെ പിരിച്ചുവിട്ട വാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍ ശരിക്കും മനസ്സ് നൊന്തു ..

ഒന്നിനും ഒരു ഉറപ്പും ഇല്ലാത്ത ഈ ലോകത്ത് , പ്രൈവറ്റ് കമ്പനിയിലെ ജോലിക്ക് എന്താണ് ഉറപ്പ്?

ഓഫീസില്‍ കോഫീ മഷീനിന്റെ അടുത്ത് മൂന്നാല് ആളുകള്‍ കൂടി നിന്ന് സംസാരിക്കുന്നത് കണ്ടാല്‍ പണ്ട് പറയും , അവര്‍ ജോലി സമയത്ത് സൊറ പറയുകയാണെന്ന് ...

എന്നാല്‍ ഇപ്പോള്‍ പറയുന്നത് ...HR മാനേജരുടെ കയ്യിലുള്ള ഫയറിംഗ് ലിസ്റ്റില്‍ ആരൊക്കെ ഉണ്ട് എന്ന " പരസ്യമായ രഹസ്യം " ആയിരിക്കും..തീര്‍ച്ച .

പിരിച്ചുവിടപ്പെട്ട സുഹൃത്തുക്കള്‍ക്ക് മറ്റുള്ളവരെ അഭിമുഖീകരിക്കാനും , മറ്റുള്ളവര്‍ക്ക് അവരെ ആശ്വസിപ്പിക്കാനും വിഷമം ആണ്. അത് ഒരു വല്ലാത്ത അവസ്ഥ ആണ് താനും.

ഞാന്‍ ആലോചിക്കും...എന്നെപ്പോലെ തന്നെയല്ലേ അവരും. എന്തെല്ലാം സ്വപ്നങ്ങള്‍ കാണും..എന്തൊക്കെ സാമ്പത്തിക ബാധ്യതകള്‍ കാണും ..കുട്ടികള്‍..ഭാര്യ...ഭര്‍ത്താവ് ..വയസ്സായ അച്ഛനും അമ്മയും ...ഇവരുടെയൊക്കെ സംരക്ഷണം...വീടിന്റെ ലോണ്‍...അങ്ങനെ എന്തെല്ലാം ഭാരങ്ങള്‍ തലയില്‍ വച്ചുകൊണ്ടാവും എല്ലാവരും നടക്കുന്നത്. അപ്പോള്‍ ഇടിത്തീ പോലെ പിരിച്ചുവിടല്‍ നോട്ടീസ് വന്നാലോ ? കാലു വച്ചിരിക്കുന്ന ഭൂമി പിളര്‍ന്ന പോലെ തോന്നും... അല്ലേ ?

കുറച്ചുപേര്‍ ഇതിനെ ധൈര്യത്തോടെ തന്നെ നേരിട്ടു.. ചില മിടുക്കന്മാര്‍ നേരത്തെ തന്നെ വേറെ ജോലി കണ്ടു പിടിച്ചു. ചിലര്‍ വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി ഇരിക്കുന്നു. മറ്റു ചിലര്‍ ശരിക്കും തകര്‍ന്നും..അവരെ ഓര്‍ക്കുമ്പോഴാണ് കൂടുതല്‍ വിഷമം .

ഈയിടെ കല്യാണം കഴിച്ച ഒരു പയ്യനും ഉണ്ടായിരുന്നു ഈ കൂട്ടത്തില്‍ . അവനു കഴിഞ്ഞ വെള്ളിയാഴ്ച വിവരം കിട്ടി..അവന്റെ ജോലി പോയി എന്ന്.

ഒന്ന് ആശ്വസിപ്പിക്കാനും, കഴിയുന്നത്ര സഹായം ചെയ്യാനും ആയി അവനെ ഫോണ ചെയ്തപ്പോള്‍ അവന്‍ പറഞ്ഞു

" ജോസ് ...എനിക്ക് ശരിക്കും ഒരു ഷോക്ക് ആയിപ്പോയി. മാനേജര്‍ വന്നിട്ട് ഒരു മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഇതിനാവും എന്ന് കരുതിയില്ല. മീറ്റിംഗ് റൂമില്‍ കയറിയപ്പോള്‍ , പ്രതീക്ഷിക്കാതെ HR മാനേജറിന്റെ മുഖം കണ്ടപ്പോള്‍ തന്നെ എനിക്ക് എല്ലാം മനസ്സിലായി. പിന്നെ അവര്‍ എന്നോട് പറഞ്ഞു
" വീ ഹാവ് എ ബാദ് ന്യൂസ് ഫോര്‍ യു. യൂ ഡോണ്ട് ഹാവ് എ ജോബ്‌ വിത്ത്‌ അസ് എനിമോര്‍ "

ആ നിമിഷങ്ങള്‍ ഞാന്‍ എന്റെ കണ്മുന്‍പില്‍ കാണാന്‍ ശ്രമിച്ചു. വല്ലാത്ത അസ്വസ്ഥത തോന്നി.

Resume അയച്ചു തന്നാല്‍ അറിയാവിന്നിടത്തോക്കെ അയച്ചു സഹായിക്കാം എന്ന് ഞാന്‍ അവനോടു പറഞ്ഞു.

കഴിഞ്ഞ ആഴ്ച വരെ ഒരുമിച്ചു ജോലി ചെയ്തവരില്‍ നിന്നും നാല് പേരുടെ സ്വപ്നങ്ങള്‍ തകര്‍ന്നു ...
ഇല്ല ..ഞാന്‍ തിരുത്തട്ടെ.. അവരുടെ സ്വപ്നങ്ങള്‍ താല്കാലികമായെ തകര്‍ന്നിട്ടുള്ളൂ ... ഒരു ഫിനിക്സ് പക്ഷിയെപ്പോലെ അവര്‍ ആ തകര്‍ച്ചയില്‍ നിന്നും ഉയര്‍ത്തെഴുന്നെല്‍ക്കട്ടെ . ജീവിതം ഒരു കമ്പനിയിലെ ജോലിയില്‍ തീരുന്നതല്ലല്ലോ ...

എന്റെ പ്രാര്‍ഥനകള്‍ ആ നല്ല കൂടുകാരോടൊപ്പം എന്നും ഉണ്ടായിരിക്കും

ജോസ്
ബാംഗ്ലൂര്‍
5-march-2010

2010, മാർച്ച് 3

ക്ഷണിക്കപ്പെടാത്ത അതിഥി ...

കഴിഞ്ഞ ആഴ്ച ബാംഗളൂരിലെ കാള്‍ട്ടന്‍ ടവറില്‍ ഉണ്ടായ തീ പിടിത്തത്തില്‍ മരിച്ചത് ഞാന്‍ അറിയുന്ന ആരും അല്ല. മരിച്ചവരെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്ത സമയത്തും അത് കഴിഞ്ഞും, ഞാന്‍ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നു. മരിച്ചത് അപരിചിതര്‍ ആയിരുന്നു എങ്കിലും എനിക്കെന്തുകൊണ്ട്‌ വിഷമം തോന്നി? എനിക്ക് അറിയില്ല ...

ആശുപത്രി പരിസരത്ത് നിന്ന് മരിച്ചവര്‍ക്കും ഗുരുതരമായ പരിക്കേറ്റവര്‍ക്കും വേണ്ടി കരഞ്ഞ പലരും എന്നെപ്പോലെ ഉള്ളവര്‍ ആയിരുന്നു... എന്റെ അതെ പ്രായക്കാര്‍...

എന്നെപ്പോലെ, കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍..

നെയ്തുകൂട്ടിയ സ്വപ്നങ്ങളെ ഒരു നിമിഷം കൊണ്ട് , ഒരു സൂചന പോലും തരാതെ മരണം തുടച്ചു മാറ്റി. ...

ICU വിന്റെ മുന്നില്‍ നിന്ന് അതൊക്കെ ഓര്‍ത്തപ്പോള്‍ മനസ്സില്‍ വല്ലാത്ത ഗദ്ഗദം നുരഞ്ഞു പൊങ്ങി ..

മനസ്സില്‍ ഒരുണ്ട് കൂടിയ ആ വിങ്ങല്‍ ഒരു കവിതയായി ഇവിടെ പുനര്‍ ജനിക്കുന്നു....

കാള്‍ട്ടന്‍ ടവറില്‍ മരിച്ചവരുടെ ആത്മാവുകളുടെ നിത്യ ശാന്തിക്കായി പ്രാര്‍ഥിച്ചുകൊണ്ട് .......

പുലര്‍ച്ചയ്ക്കടുത്തെങ്ങോ ഒരു കോഴി കൂവി
ജനാലയിലൂടെത്തി സൂര്യന്റെ കിരണങ്ങള്‍
എന്നത്തെപ്പോല്‍ അന്നും ഉണര്‍ന്നു ഞാന്‍
മറ്റൊരു പകലിനെ വരവേല്‍ക്കുവാനായി

മുറിയിലപ്പോഴും മൂടിപ്പുതച്ച്
നിദ്രയിലായിരുന്നെന്‍ മകള്‍ ഗാഥ
ഒരു പകല്‍ മുഴുവന്നുള്ളധ്വാന ശേഷം
നിദ്ര സുഖമുള്ളതാണവള്‍ക്കെന്നും.

ഘടികാര നാദം കേട്ടാറുവട്ടം
സ്നേഹത്തോടെ ഞാന്‍ ശകാരിച്ചവളെ
ജോലിക്ക് പോകാന്‍ സമയമായ് മോളെ
എഴുന്നേറ്റ് തയ്യാറായ് കഴിക്കുവാന്‍ പോരൂ

ഉറക്കം മാറാത്ത കണ്ണും തിരുമ്മി
വീണ്ടും അവള്‍ ഉറങ്ങാന്‍ തുനിഞ്ഞപ്പോള്‍
കൈക്കുമ്പിളില്‍ കുറെ വെള്ളമെടുത്തിട്ട്
കണ്ണില്‍ തളിച്ചു , അവളെ ഉണര്‍ത്താന്‍

പരിഭവത്തോടെന്തോ പുലമ്പിക്കൊണ്ടവള്‍
ഉറക്കമെണീറ്റൂ പുതിയൊരു ദിനത്തിനായ്
അവളുടെ പരിഭവം കണ്ടു പറഞ്ഞു ഞാന്‍
മാറിയില്ലേ നിന്റെ കുട്ടിത്തമിപ്പോഴും

കഴിക്കുവാന്‍ വന്നിരുന്നപ്പോഴും അവള്‍
വീണ്ടും പരിഭവം പറയാന്‍ മറന്നില്ല
ദോശ വേണ്ടായിരുന്നില്ലെന്റെ അമ്മേ
വെള്ളയപ്പം എന്തേ ഉണ്ടാക്കിയില്ലിന്ന്‍

പരിഭവം കണ്ട്, വീണ്ടും ചിരിച്ചു ഞാന്‍
സ്നേഹത്തോലവളുടെ തലയില്‍ തലോടിയി
-ട്ടോതി ഞാന്‍ മോളെ പരിഭവം വേണ്ടാ
അപ്പമുണ്ടാക്കിത്തരും നാളെ നിശ്ചയം

ധ്രിതിയില്‍ എന്തോ കഴിച്ചു കാട്ടിയവള്‍
ജോലിക്ക് പോവാന്‍ തയ്യാറായിറങ്ങി
കെട്ടിപ്പിടിച്ചിട്ടെന്നത്തെയും പോലെ
തന്നെന്റെ കവിളില്‍ അവളൊരു മുത്തം

മുഖത്തേയ്ക്കു വീണ മുടിയിഴകള്‍ കോതി
പുഞ്ചിരിയോടെന്നെ കൈ വീശിക്കാട്ടി
വാതില്‍ തുറന്നവള്‍ ഓടിയിറങ്ങി
ചൊല്ലിയെന്നോടവളൊന്നുറക്കെ

വൈകിട്ട് തയ്യാരായിര്ക്കണം അമ്മേ
ഇന്ന് ഞാന്‍ എത്തും നേരത്തെ തന്നെ
പോകാം നമുക്കിന്നൊരുമിച്ചടുത്തുള്ള
വെള്ള മണലുള്ള കടപ്പുറത്ത്

സമയം പെട്ടന്ന് പോയതറിഞ്ഞില്ല
പകല്ച്ചൂടിന്‍ തീഷ്ണത താണും തുടങ്ങി
ഭക്ഷണം കഴിഞ്ഞിട്ടലസമായിരുന്നപ്പോള്‍
ഇടയ്ക്കെപ്പോഴോ ഞാന്‍ ഉറങ്ങിയും പോയി

ഫോണിന്റെ ശബ്ദം പിന്നെന്നെ ഉണര്‍ത്തി
ഉറക്കച്ചടവോടെ ഫോണെടുത്തപ്പോള്‍
അതില്ക്കൂടെ ഞാന്‍ കേട്ടതൊക്കെയും അന്നെന്റെ
ലോകത്തെ ആകെ കീഴ്മേല്‍ മറിച്ചു

നഗരത്തിലെയൊരു ബഹുനിലക്കെട്ടിടം
അന്ന് വൈകിട്ട് തീ പിടിച്ചത്രേ
കൂടെയുയര്‍ന്ന വിഷപ്പുകയില്പ്പെട്ടു
മരിച്ചവരില്‍ ഒരാള്‍ എന്‍ മകളത്രേ

പ്രജ്ഞയറ്റവിടെ നിന്നു കുറെ നേരം
കരയുവാന്‍ പോലും കഴിഞ്ഞില്ലെനിക്കപ്പോള്‍
സത്യമോ മിഥ്യയോ കേട്ടതെന്നറിയാതെ
ഫോണും പിടിച്ചങ്ങവിടങ്ങിരുന്നു ഞാന്‍

രാവിലെയെന്നോടവള്‍ യാത്ര പറഞ്ഞപ്പോള്‍
അവസാന യാത്രാമൊഴിയാവും അതെന്നും
ഇനിയവള്‍ ഒരിക്കലും തിരികെ വരില്ലെന്നും
സ്വപ്നത്തില്‍ പോലും ഞാന്‍ കരുതീല

ഒരു മാത്ര കൊണ്ടെന്റെ ലോകം ശൂന്യമായ്
കൊച്ചു സന്തോഷങ്ങള്‍ നിറഞ്ഞയെന്‍ ജീവിതം
ശിഥിലമാക്കാന്‍ അവനെന്തിനെത്തി?
ക്ഷണിക്കപ്പെടാത്തോരതിഥിയെപ്പോലെ

പട്ടില്‍ പൊതിഞ്ഞയവളുടെ ദേഹത്ത്
അലമുറയിട്ടു കരഞ്ഞുമ്മ വയ്ക്കവേ
പ്രജ്ഞയറ്റൂവെനിക്കൊട്ടേറെ നേരം
നിര്‍ജീവമായ് ഞാനൊരു ശവം പോലെ

എല്ലാം കഴിഞ്ഞിട്ടൊടുവിലവളുടെ
ചിതയിലെ നാളങ്ങള്‍ അണയാന്‍ തുടങ്ങുമ്പോള്‍
കണ്ണീരുണങ്ങിയ കണ്ണുകളോടെ ഞാന്‍
അവിടവളെത്തേടി , വൃഥാ അപ്പോഴും

ഇനിയും വെളുപ്പിന് സൂര്യനുദിക്കുമ്പോള്‍
സ്നേഹത്തോടെ ഞാന്‍ ആരെ ശകാരിക്കും
കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്തിട്ട്
ആരെ ഞാന്‍ ഉണര്‍ത്തും പുതിയ പകലിനായ്

മൃത്യുവേ നീയെന്തിനെത്തിയെന്‍ വീട്ടില്‍
ക്ഷണിക്കപ്പെടാത്തോരതിഥിയെപ്പോലെ
അത്രമേല്‍ നിര്‍ബന്ധമായിരുന്നെങ്കില്‍
പകരമെന്‍ ജീവന്‍ എടുക്കാത്തതെന്തേ

ചോദ്യങ്ങള്‍ക്കുത്തരം കിട്ടിയിട്ടില്ല
മനസ്സിന്റെ നീറ്റല്‍ ശമിക്കുന്നുമില്ല
നിറകണ്ണോടെന്നാലും കേഴും ഞാനീശ്വരാ
ശാന്തിയേകണേ എന്‍ മകളുടെയാത്മാവിന്


ജോസ്
ബാംഗ്ലൂര്‍




Protected by Copyscape Web Copyright Protection Software

2010, മാർച്ച് 1

രണ്ട് പ്രതിഭാസങ്ങള്‍ ...


പ്രകൃതിയുടെ നിയമങ്ങളിലുള്ള രണ്ട് പ്രതിഭാസങ്ങള്‍.. ജനനവും ..മരണവും..
അതേക്കുറിച്ച് മനസ്സില്‍ തോന്നുന്ന കുറെ ഏറെ കാര്യങ്ങള്‍ എഴുതണം എന്നുണ്ട്. അത് പിന്നൊരിക്കല്‍ ആവാം..

ഇന്ന് അതിനെക്കുറിച്ച് എഴുതാന്‍ കാരണമുണ്ട് ..കഴിഞ്ഞ ആഴ്ച മണിപ്പാല്‍ ഹോസ്പിറ്റലില്‍ വച്ച് ഈ രണ്ട് പ്രതിഭാസങ്ങളേയും ഒന്ന് അടുത്തറിയാന്‍ ഇടയായി.. മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തില്‍..

ലീനയെ അഡ്മിറ്റ്‌ ചെയ്തിരുന്ന അതെ ബ്ലോക്കില്‍ ആയിരുന്നു എന്റെ ഉറ്റ സുഹൃത്തായ ശരവണന്റെ ഭാര്യയെ അഡ്മിറ്റ്‌ ചെയ്തിരുന്നത് ...കടിഞ്ഞൂല്‍ പ്രസവത്തിനായി..

എന്റെ സുഖത്തിലും ദുഃഖത്തിലും പങ്കു ചേരുന്ന സുഹൃത്തുക്കളാണ് ശരവണനും ഭാര്യ ദൈവാനിയും. ശരവണന്‍ ഒരു നല്ല ക്രിക്കറ്റ് കളിക്കാരനാണ് . ജൂനിയര്‍ ക്രിക്കറ്റ് കളിക്കാരനാക്കാന്‍ ഒരു മകനെ വേണം എന്നായിരുന്നു ശരവണന്റെ ആഗ്രഹം. ..

ലീനയുടെ ബ്ലഡ് ടെസ്റ്റുകള്‍ ചെയ്യാനായി ഓടി നടന്ന സമയത്ത് കുറച്ചു പരിഭ്രാന്തിയോടെ മറ്റേര്‍ണിറ്റി വാര്‍ഡിന്റെ പുറത്തു നിന്ന ശരവണനെ കണ്ടപ്പോള്‍ , ഞാന്‍ പുറത്തു തട്ടി അവനോടു പറഞ്ഞു..

"ഹേ ശരവ്... നിനക്ക് ജൂനിയര്‍ ക്രിക്കറ്റ് കളിക്കാരനെ തന്നെ കിട്ടട്ടെ .. ഗിവ് മീ എ ഗുഡ് ന്യൂസ് സൂണ്‍.."

ഒരു മണിയോടെ സിസേറിയന്‍ ചെയ്യും എന്നാണു ശരവ് അപ്പോള്‍ പറഞ്ഞത്. പ്രതീക്ഷിച്ച പോലെ തന്നെ രണ്ട് മണിക്ക് മുന്‍പേ , ജൂനിയര്‍ ക്രിക്കറ്റര്‍ പുറത്തു വന്നു.

അഭിനന്ദനം അറിയിക്കാന്‍ വിളിച്ചപ്പോള്‍ ശരവണന്റെ ശബ്ദത്തില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിന്റെ മാധുര്യം ഉണ്ടായിരുന്നു. ..ലോകം പിടിച്ചടക്കിയ സന്തോഷം..പിതാവിന്റെ സന്തോഷം.

ജനനം ...ഒരു അത്ഭുത പ്രതിഭാസം ....

എന്റെ സുഹൃത്തിന്റെ കുഞ്ഞിന്റെ പിറവിയില്‍ ഞാനും ലീനയും അവരുമായി സന്തോഷം പങ്കിട്ടു. ഫോണ്‍ വിളികളും മറ്റുമായി ശരവണനും ദൈവാനിയും, അവരുടെ ആളുകളും തിരക്കിലായി തുടങ്ങി.

മൂന്നാല് മണിക്കൂറുകള്‍ കഴിഞ്ഞു.. ഞാന്‍ ലീനയോടൊപ്പം വാര്‍ഡിനകത്ത് ഇരിക്കവേ , അവിടെ ഒരു അനൌന്‍സ്മെന്റ് കേട്ടു.

"ഡ്യൂട്ടിയിലുള്ള എല്ലാ ഡോക്ടര്‍മാരും നഴ്സുമാരും ഉടന്‍ തന്നെ കഷ്വാലിറ്റിയില്‍ എത്തണം "

ഈ അനൌന്‍സ്മെന്റ് കുറെ പ്രാവശ്യം കേട്ടുകൊണ്ടേയിരുന്നു. ആദ്യം ഒന്നും മനസ്സിലായില്ല. പിന്നെ പുറത്ത് ആംബുലന്‍സിന്റെ നിര്‍ത്താതെയുള്ള ഒച്ച കേട്ടപ്പോള്‍ തോന്നി എന്തോ പന്തികേടുണ്ടെന്ന്.
കുറച്ചു നേരത്തിനു ശേഷം വാര്‍ഡിലേക്ക് വന്ന ശരവണന്‍ കാര്യം പറഞ്ഞു.

മണിപ്പാല്‍ ഹോസ്പിറ്റലിന്റെ അടുത്തുള്ള കാള്‍ട്ടന്‍ ടവര്‍ എന്ന കെട്ടിടത്തില്‍ തീ പിടിച്ചു. അഞ്ചു പേര്‍ മരിച്ചു. നൂറില്‍ ഏറെ ആളുകളെ മണിപ്പാലില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു. ഉടനെ താഴെ പോയി നോക്കണം എന്ന് തോന്നി .. പക്ഷെ എന്തുകൊണ്ടോ അപ്പോള്‍ പോയില്ല .പിന്നെ പോകാം എന്ന് കരുതി.

രാത്രി ഒരു മണി അടുപ്പിച്ച് , പടികള്‍ ഇറങ്ങി ഞാന്‍ താഴത്തെ നിലയിലേക്ക് പോയപ്പോള്‍ , ഓരോ I.C.U വിന്റെ മുന്നിലും നല്ല ആള്‍ക്കൂട്ടം കണ്ടു. ചിലര്‍ കരയുന്നു...ചിലര്‍ ആരോടൊക്കെയോ പൊട്ടിത്തെറിച്ചു സംസാരിക്കുന്നു. ആശുപത്രി അധിഃകൃതര്‍് അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നു. ..അതിനിടെ വീഡിയോ ക്യാമറയുമായി മീഡിയയുടെ ആളുകള്‍ ..(ഇവര്‍ പുതിയ യുഗത്തിലെ വരദാനമാണ് ..ചിലപ്പോള്‍ ശാപവും )

ഗ്രൌണ്ട് ഫ്ലോറില്‍ നിറയെ പോലീസ്‌ . അതിനടുത്ത്, പൊട്ടിക്കരയുന്ന ഒരു പെണ്‍ കുട്ടിയെ , കൂട്ടുകാര്‍ ആശ്വസിപ്പിക്കുന്നു.. അവള്‍ക്കു നഷ്ടപ്പെട്ടത് കൂട്ടുകാരനെയോ, കൂട്ടുകാരിയെയോ, അതോ കാമുകനെയോ? ആരെയോ നഷ്ടപ്പെട്ടു..അത് തീര്‍ച്ച.

അദൃശ്യനായ   മരണത്തിന്റെ നിഴലാട്ടം അപ്പോള്‍ ഞാന്‍ അവിടെ അനുഭവിച്ചറിഞ്ഞു..

രാവിലെ പിറവിയുടെ മധുരം...വൈകിട്ട് മരണത്തിന്റെ കയ്പ്പ് ...

അന്ന് രാത്രി വീട്ടിലേക്കു പോകുന്ന വഴിയില്‍, തീ പിടിച്ച ആ കെട്ടിടം ഞാന്‍ കണ്ടു. വശങ്ങളിലെ ഗ്ലാസ്സുകള്‍ ഒക്കെ രക്ഷപ്പെടാനുള്ള പരിഭ്രാന്തിയില്‍ ആളുകള്‍ തല്ലിപ്പൊളിച്ചിരിക്കുന്നു. ഫയര്‍ എന്‍ജിനുകളും പോലീസ് ജീപ്പുകളും കൊണ്ട് ആ പരിസരം ആകെ നിറഞ്ഞിരുന്നു.

രാത്രിയിലെ ന്യൂസില്‍ പിന്നെ പറഞ്ഞു...മരണത്തിന്റെ കൂത്താട്ടത്തില്‍ പൊലിഞ്ഞത് ഒന്‍പതു ജീവനുകള്‍

ലോകമെമ്പാടും ഓരോ നിമിഷവും ജനനവും മരണവും നടക്കുന്നുണ്ടെകിലും , മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തില്‍ അവ രണ്ടും കേട്ടറിഞ്ഞപ്പോള്‍ ഒരു വല്ലായ്മ തോന്നി...പ്രകൃതി വിചിത്രമാണോ എന്ന് പോലും തോന്നി.

ഭൂമിയിലേക്ക്‌ കണ്ണും തുറന്നു വന്ന , ശരവണന്റെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം, കാള്‍ട്ടന്‍ ടവറിലെ അഗ്നി ജ്വാലകളില്‍ പൊലിഞ്ഞ ജീവിതങ്ങള്‍ക്ക് നിത്യ ശാന്തിയും ഞാന്‍ നേരുന്നു.