2011, മാർച്ച് 27

എന്റെ സ്വര്‍ഗ്ഗ വാസം ..


" ദുഃഖങ്ങള്‍ക്ക് ഞാനിന്നവധി കൊടുത്തു..
സ്വര്‍ഗത്തില്‍ ഞാനൊരു മുറിയെടുത്തു. "

പണ്ട് ഭാസ്കരന്‍ മാഷ്‌ ഇങ്ങനെ എഴുതിയതിനെ അന്വര്‍ത്ഥമാക്കും വിധം ഞാനും എന്റെ ദുഃഖങ്ങള്‍ക്ക് അവധി കൊടുത്തു. ..ഒരാഴ്ചത്തേയ്ക്ക് . എന്നിട്ട്, ഞാനും എന്റേതായ ഒരു സ്വര്‍ഗത്തിലേക്ക് ചേക്കേറി.

എന്റെ സ്വര്‍ഗ്ഗം എന്റെ നാടാണ്.. അവിടുള്ള എന്റെ വീടാണ്. ശ്രീ അനന്ത പദ്മനാഭന്‍ ശയിക്കുന്ന തിരുവനന്തപുരത്തുള്ള എന്റെ കൊച്ചു വീട്. എന്റെ വരവും കാത്തിരിക്കുന്ന വയസ്സായ ഒരു അമ്മച്ചിയും, ആങ്ങളമാരും, പെങ്ങന്മ്മാരും, അവരുടെയൊക്കെ കുടുംബവും അടങ്ങിയ ഒരു സ്വര്‍ഗ്ഗം.. സൊറ പറയാനും, സന്തോഷവും ദുഃഖങ്ങളും പങ്കു വെയ്ക്കാനും കുറച്ചു ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ കാത്തിരിക്കുന്ന ഒരു സ്വര്‍ഗ്ഗം.

ഒരാഴ്ച ഞാന്‍ ആ സ്വര്‍ഗ്ഗത്തില്‍ കഴിഞ്ഞു. ചിരിയും കളിയും പരിഭവങ്ങളും ഒക്കെ ആയി. കുറെ ബന്ധുക്കളെയും കൂട്ടുകാരെയും കണ്ടു...കുറച്ചുപേരെ കാണാന്‍ പറ്റിയില്ല. സാധാരണ ഒരു സിനിമയെങ്കിലും കാണുമായിരുന്നു .. ഇത്തവണ പറ്റിയില്ല..സിമിത്തേരിയില്‍ പോയി അപ്പച്ചന്റെ കുഴി മാടത്തില്‍ മെഴുകുതിരി കത്തിക്കാനും പറ്റിയില്ല. .. ലീനയ്ക്കും എനിക്കും പ്രിയമായ തട്ടുകട പറോട്ട തിന്നാനും പറ്റിയില്ല.

എന്റെ സ്വര്‍ഗത്തിന് പക്ഷെ ഒരു നരകത്തീച്ചൂളയുടെ സ്വഭാവം ഉണ്ടായിരുന്നു. അവിടത്തെ സഹിക്കാനാവാത്ത ചൂടില്‍ ഉരുകുംപോഴും, വിയര്‍ത്തൊലിച്ചു ഉടുപ്പ് ദേഹത്ത് ഒട്ടുമ്പോഴും , ഒരു സങ്കടത്തോടെ ഞാന്‍ ഓര്‍ക്കും..

'എന്തെ എന്റെ സ്വര്‍ഗത്തിന് ഇങ്ങനെ ഒരു മാറ്റം?'

പണ്ടത്തെ കാലാവസ്ഥ അപ്പാടെ മാറിയിരിക്കുന്നു. സമയം തെറ്റിപ്പെയ്യുന്ന മഴയും, വര്‍ഷം തോറും കൂടി വരുന്ന ചൂടും ഒക്കെ ഒരു തീച്ചൂളയുടെ പ്രതീതി ഉണ്ടാക്കിയിരിക്കുന്നു നാട്ടില്‍ . അതിനു പുറമേ ദിനം പ്രതി പെരുകുന്ന മോഷണവും അക്രമവും.( ഇത് ഗോഡ്സ് ഓണ്‍ കണ്ട്രി ആണോ എന്നും ഒരു സംശയം തോന്നും ചിലപ്പോള്‍ )

എന്നാലും നാട് നാട് തന്നെയല്ലേ. ഇപ്പോഴും നഷ്ടപ്പെട്ടിട്ടിലാത്ത ഏതൊക്കെയോ നാടത്തം അവിടെ ഇപ്പോഴും ഉണ്ട്. ബാംഗ്ലൂര്‍ ജീവിതത്തിനിടെ എന്റെ മനസ്സിനെ കാന്ത ശക്തി പോലെ അവിടേക്ക് പിടിച്ചു വലിക്കുന്നതും ആ തോന്നലുകള്‍ ആണ്. എന്റെ വേരുകള്‍ അല്ലെ അവിടെ മുഴുവന്‍.

ഒരാഴ്ചത്തെ സ്വര്‍ഗ വാസം കഴിഞ്ഞു മടങ്ങാന്‍ നേരം, കയ്യിലുണ്ടായിരുന്ന പെട്ടിക്കു നല്ല ഭാരം ഉണ്ടായിരുന്നു. സ്നേഹപൂര്‍വ്വം വീടുകാര്‍ തന്നുവിട്ട പൊതികള്‍ ആയിരുന്നു അതില്‍ നിറയെ. ..എന്റെ ഇഷ്ട വിഭവങ്ങള്‍ .

പൊതിച്ചോറ് , വന്‍ പയര്‍ തോരന്‍, പൊരിച്ച മീന്‍, മാങ്ങാ അച്ചാറ് , ജാമ്പക്കാ അച്ചാറ്, ബീറ്റ് റൂട്ട് തോരന്‍, പക്കാവട, കുഴലപ്പം, ഗ്യാസ് മിഠായി, നാരങ്ങാ മിഠായി, ജീരക മിഠായി, ബോളി അങ്ങനെ ..ഒരു ശരാശരി മലയാളിയുടെ ദുര്‍ബലതകള്‍ ആയിട്ടുള്ള കുറെ വിഭവങ്ങള്‍ എനിക്കവര്‍ തന്നു വിട്ടു.

പക്ഷെ അതൊക്കെ കൊണ്ട് വന്നു ഒന്ന് പൊട്ടിച്ചു പോലും നോക്കും മുന്‍പേ അവന്‍ പണി പറ്റിച്ചു...ആ കള്ള കാഫര്‍ .. ചെകുത്താന്‍. ഞാന്‍ കുറെ സന്തോഷിച്ചത്‌ അവനു പിടിച്ചില്ലായിരിക്കാം. പണ്ടേ അവന്‍ അങ്ങനെ ആണല്ലോ . അവന്‍ നോക്കി ഇരിക്കുക ആയിരുന്നു എനിക്കിട്ടു ഒരു പണി തരാന്‍. നാട്ടില്‍ നിന്നും വന്നു മണിക്കൂറുകള്‍ പോലും കഴിയും മുന്‍പേ ..

ഇന്നലെ എന്റെ പ്രിയ സഖി ലീന ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയി. ആഴ്ചയില്‍ മൂന്നു പ്രാവശ്യം ചെയ്യേണ്ട ഡയാലിസിസ് ഇന്നലെ രാവിലെ ചെയ്യണമായിരുന്നു. (അവളുടെ വൃക്കകള്‍ സമ്പൂര്‍ണ്ണ പണിമുടക്ക്‌ പ്രഖ്യാപിച്ചിട്ടു ഒരു വര്‍ഷത്തോളം കഴിഞ്ഞു. ഇപ്പോള്‍ ഡയാലിസിസ് എന്നത് ജീവിതത്തിന്റെ ഒരു ഭാഗം അല്ലെ ) യാത്ര ക്ഷീണവും, കാലാവസ്ഥാ മാറ്റം കാരണം വന്ന കടുത്ത ചുമയും കാരണം ഇന്ന് ഡയാലിസിസിനു പോകുന്നില്ല എന്ന് ലീന പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍ത്തില്ല..വഴക്കും പറഞ്ഞില്ല. എന്നെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചതാവും ചെകുത്താന്‍.

ഉച്ചയായപ്പോള്‍ ലീനയ്ക്ക് മരണ വെപ്രാളം പോലുള്ള ശ്വാസം മുട്ടല്‍ തുടങ്ങി. രക്ത സമ്മര്‍ദ്ദം അതിര്‍ത്തികള്‍ താണ്ടി മുന്നോട്ടു പോയി. ചുമച്ചു തുപ്പിയപ്പോള്‍ വന്ന കുറച്ചു ചുവന്ന പൊട്ടുകളും, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടും ഒക്കെ ഒരുമിച്ചു കണ്ടപ്പോള്‍ ഞാന്‍ ഒന്ന് പതറി.

ടി. വി സ്ടാണ്ടിന്റെ മുകളില്‍ ഫ്രെയിം ചെയ്തു വച്ച ഞങ്ങളുടെ ഫോട്ടോയില്‍ ഞാന്‍ ഒന്ന് നോക്കി. അതില്‍ എന്നോടൊപ്പം നില്‍ക്കുന്ന സുന്ദരിക്കുട്ടിയും, അപ്പോള്‍ എന്റെ മുന്‍പില്‍ ശ്വാസം എടുക്കാന്‍ വിഷമിച്ച പെണ്‍കുട്ടിക്കും തമ്മില്‍ ഒരു വിദൂര സാമ്യം പോലും ഇല്ലാ എന്ന് തോന്നി. . രണ്ടു വര്‍ഷങ്ങള്‍ വരുത്തിയ മാറ്റം അത്രയ്ക്കാണ്.

നേരത്തെയൊക്കെ ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ നന്നേ തളരുമായിരുന്നു. മനോവേദനയുടെ കൊട് മുടികളും, ഗര്‍ത്തങ്ങളും ഒക്കെ താണ്ടുമായിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുമായിരുന്നു. പിന്നെ ഓരോ അനുഭവങ്ങളും നല്‍കിയ കരുത്തില്‍ മുന്‍പോട്ടു നടക്കാന്‍ പഠിച്ചു. ഒഴുക്കിനെതിരെ നീന്താതെ , അതിനോടൊപ്പം സുരക്ഷിതമായി നീന്താന്‍ പഠിച്ചു. എന്നാലും ചിലപ്പോള്‍ പ്രതീക്ഷിക്കാതെ ഇതേവരെ കണ്ടിട്ടില്ലാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ മനസ്സൊന്നു പതറും. അതാവും ഇന്നലെയും സംഭവിച്ചത്.

ചെകുത്താനോട് ഞാന്‍ പരാതി പറഞ്ഞില്ല. എന്റെ ദുഃഖമല്ലെ അവന്റെ സന്തോഷം. പിന്നെ ഞാന്‍ അവനോടു പരാതിപ്പെട്ടിട്ടു എന്ത് നേടാന്‍?

മണിപ്പാല്‍ ഹോസ്പിറ്റലിലെ കാഷ്വാലിറ്റിയില്‍ ലീനയെ ഉടനെ ഞാന്‍ കൊണ്ട് വന്നു. കാറിന്റെ പുറകിലത്തെ സീറ്റില്‍ ശ്വാസം കിട്ടാതെ അവള്‍ വിഷമിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു..

'പേടിക്കേണ്ട...നമ്മള്‍ ആശുപത്രിയില്‍ എത്താറായി '

പിന്നെ കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. ദൈവമേ ..ട്രാഫിക് ബ്ലോക്ക് ഒന്നും കാണരുതേ.. പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്താന്‍ കഴിയണേ .

കാഷ്വാലിറ്റിയില്‍ നിന്നും ഡയാലിസിസ് യൂനിട്ടിലേക്ക് ലീനയെ മാറ്റിയ ശേഷം ഉടന്‍ തന്നെ അവിടത്തെ യന്ത്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. അവളുടെ ദേഹത്തെ അശുദ്ധ രക്തം ശുദ്ധീകരിക്കുന്ന ജോലി . ഡയാലിസിസ് യൂണിറ്റിന്റെ വെളിയില്‍ ഇരുന്നു ഇത് എഴുതുമ്പോള്‍ ഡോക്ടര്‍ വന്നു പറഞ്ഞു..

'രാവിലത്തെതില്‍ നിന്നും നന്നായിരിക്കുന്നു ലീന. കുറച്ചു ഇന്‍ഫക്ഷന്‍ ഉണ്ട്. ആന്റി ബയോട്ടിക്കുകള്‍ കുറച്ചു കൊടുക്കേണ്ടി വരും '

ഡോക്ടറിന്റെ രൂപത്തില്‍ വന്ന ദൈവവും , നഴ്സിന്റെ രൂപത്തില്‍ വന്ന മാലാഖമാരും ലീനയെ ഏറ്റെടുത്തതാവാം കാരണം...ചെകുത്താന്‍ പല്ലിറുമ്മിക്കൊണ്ട് എന്നില്‍ നിന്നും അകന്നു മാറി ..ഒരു മുന്നറിയിപ്പും തന്നിട്ട്

'കരുതിയിരുന്നോടാ. വിടില്ല ഞാന്‍ '

കുറെ കഴിഞ്ഞു ഞാന്‍ റൂമിനകത്തു കയറി കണ്ടപ്പോള്‍ ഓക്സിജന്‍ മാസ്കിന്റെ ഇടയിലൂടെ ലീന ഒന്ന് ചിരിച്ചു. എന്നിട്ട് പതിയെ പറഞ്ഞു

' രാവിലെ ശ്വാസം കിട്ടാതെ വന്നപ്പോള്‍ ഞാന്‍ ശരിക്കും പേടിച്ചു പോയി. പാവം മീനുകള്‍ കരയില്‍ പിടിച്ചിടുമ്പോള്‍ പിടയുന്നത് ഇതുപോലല്ലേ '

ആ വാക്കുകള്‍ എന്നെ ചിന്തിപ്പിച്ചു. നമ്മളൊക്കെ തിന്നുന്ന പൊരിച്ച മീനിന്റെയും, മീന്‍ കറിയുടെയും പിന്നില്‍ ശ്വാസം കിട്ടാതുള്ള പിടയലുകള്‍ ഇല്ലേ.

ദുഃഖങ്ങള്‍ എന്തിനു തരുന്നൂ എന്ന് ഞാന്‍ എന്റെ സുഹൃത്തായ ദൈവത്തോട് ചോദിക്കാറില്ല. ജന്മം തന്നെ അവന്റെ ദാനമല്ലേ. സുഖങ്ങളും ദുഃഖങ്ങളും ആ ദാനത്തോടൊപ്പം ഉള്ളവയല്ലേ ..ഒരു പാക്കേജ് ഡീല്‍ . എന്നാലും കണ്ണടച്ച് , ഒരു നിമിഷം ഞാന്‍ എന്റെ കൂട്ടുകാരനോട് പറഞ്ഞു.

' തളര്ത്തരുതെ ..പതറാന്‍ ഇടയാക്കരുതെ. എല്ലാം അതിജീവിക്കാന്‍ കരുത്തു തരണേ.. '

പെട്ടെന്ന് രോണ്ടാ ബ്രയിന്‍ എഴുതിയ ' ദ സീക്രട്ട് ' എന്ന പുസ്തകത്തിലെ ഒരു വാക്യം ഓര്‍മ്മ വന്നു.

'നിങ്ങള്‍ മനസ്സില്‍ എന്തെങ്കിലും അതിയായി ആഗ്രഹിച്ചാല്‍ ഈ പ്രപഞ്ചം മുഴുവനും ഒരുമിച്ചു, അതി നിങ്ങള്ക്ക് നേടിത്തരും എന്ന്. വിഖ്യാത സാഹിത്യകാരന്‍ പോള്‍ കൊയ്ലോ തന്റെ 'ആല്‍ക്കെമിസ്റ്റ് ' എന്ന പുസ്തകത്തിലും ഇതേ പോലെ പറഞ്ഞിട്ടുണ്ട്.

അതില്‍ നിന്നൊക്കെ പ്രചോദനം കൊണ്ട്..ഞാന്‍ ഒരു നല്ല ചിത്രം എന്റെ മനസ്സില്‍ വിചാരിച്ചു. ഞാനും ലീനയും ചേര്‍ന്ന് നിന്ന് ഇനി എടുക്കാനിരിക്കുന്ന ഒരു ചിത്രം... ലീനയുടെ ആഗ്രഹം ആയ ഒരു കടല്‍ തീരത്ത്‌ നിന്നുള്ള ഞങ്ങളുടെ ഒരു റൊമാന്റിക് ചിത്രം.

അത് സാക്ഷാല്‍ക്കരിക്കാന്‍ , പ്രപഞ്ചം മുഴുവന്‍ ഞങ്ങളോടൊപ്പം വന്നിരുന്നെങ്കില്‍ .. വരുമായിരിക്കും ..ഇല്ലേ?

jose
bangalore
March 27, 2011

2011, മാർച്ച് 13

ഒരു ഭൂകമ്പത്തിന്റെ ഓര്‍മ്മ ...


പ്രകൃതിയുടെ രൌദ്രത്തിന് കീഴ്പ്പെട്ട് അകാല ചരമം പ്രാപിച്ച അനേകായിരം ആത്മാക്കളുടെ ശാന്തിക്കായി..ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു.

ഭൂകമ്പവും സുനാമിയും ഒരുമിച്ചു വന്ന് ജപ്പാനില്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കിയതിന്റെ വാര്‍ത്തകള്‍ വായിച്ചപ്പോള്‍ എനിക്കും ഓര്‍മ്മ വന്നു ഒരു ഭൂകമ്പത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ .

പോസ്റ്റ്‌ ഗ്രാജുവേഷന് വേണ്ടി ഇപ്പോഴത്തെ ഉത്തരാഞ്ചലില്‍ ഉള്ള റൂര്‍ക്കി യുണിവേഴ്സിറ്റിയില്‍ പഠിച്ചിരുന്ന സമയം. വര്‍ഷം 1999. കാമ്പസിലെ ജവഹര്‍ ഭവന്‍ ഹോസ്റലില്‍ ആയിരുന്നു എന്റെ താമസം. മാര്‍ച്ചു മാസം അവസാനമായി. തണുപ്പ് മാറി അസഹനീയമായ ചൂട് ആയി വരുന്ന സമയം. രാത്രിയില്‍ പഠിത്തം കഴിഞ്ഞ് ഫാന്‍ നല്ല സ്പീഡില്‍ ഇട്ടിട്ടു ഞാന്‍ കിടന്നു. നല്ല ക്ഷീണം കാരണം പെട്ടന്ന് ഉറങ്ങുകയും ചെയ്തു. എപ്പോഴാണെന്നറിയില്ല..ആരോ കട്ടിലില്‍ നിന്നും എടുത്തു തറയില്‍ എറിഞ്ഞപോലെ ഞാന്‍ തറയില്‍ വീണു. തറയില്‍ വീണപ്പോഴേ ഉറക്കമൊക്കെ പമ്പ കടന്നു. ഉറക്കത്തില്‍ വീണതല്ല എന്നും, എന്തോ കുഴപ്പം ഉണ്ട് എന്നും അപ്പോള്‍ തന്നെ മനസ്സിലായി.
അതെ സമയത്ത് തന്നെ പട പടാന്ന് ഹോസ്ടല്‍ റൂമുകളില്‍ ലൈറ്റുകള്‍ തെളിഞ്ഞു. നിമിഷങ്ങള്‍ക്കകം വാര്‍ത്ത ചൂടോടെ മുറികളില്‍ പടര്‍ന്നു..അതൊരു ഭൂകമ്പം ആയിരുന്നു എന്ന്.

പിന്നെ കുറെ നേരം എല്ലാവര്‍ക്കും ഹോസ്ടല്‍ മുറിയില്‍ കിടക്കാന്‍ ഭയമായി. എങ്ങാനും ഭൂകമ്പം വീണ്ടും വന്നാലോ. പിന്നെ എല്ലാവരും കൂട്ടത്തോടെ ചായയും ബ്രെഡ്‌ ഒമ്ളട്ടും കഴിച്ചു സംസാരിച്ചിരിക്കാന്‍ വേണ്ടി കാന്‍ടീനിലേക്ക് വച്ച് പിടിച്ചു.

പിറ്റേന്നാണ് അറിഞ്ഞത് റൂര്‍ക്കിയുടെ അടുത്തുള്ള ചമോലി എന്ന സ്ഥലത്ത് ഉണ്ടായ ഭൂകമ്പം ആണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത് എന്ന്. റിച്ടര്‍ സ്കെയിലില്‍ 6.8 ഉണ്ടായിരുന്നു അതിന്. ഞങ്ങളുടെ ഹോസ്ടളില്‍ നിന്നും വേറെ അടുത്തുള്ള ഒരു ഹോസ്ടളില്‍ നിന്നും ഒക്കെ മൂന്നാലുപേര്‍ രണ്ടാം നിലയില്‍ നിന്നും താഴേക്ക് എടുത്തു ചാടിയത്രേ. ഭൂകമ്പം പേടിച്ച്. അവരില്‍ ഒരാളുടെ കാലൊടിഞ്ഞു. മറ്റുള്ളവര്‍ കുറച്ചു മുറിവുമായി രക്ഷപ്പെട്ടു.

പിറ്റേന്ന് മുതല്‍ വാര്‍ത്തകളില്‍ നിന്നും മറ്റും ചമോലി ഭൂകമ്പത്തിന്റെ ഭീകരത മനസ്സിലായി. അതിന്റെ ഭയം മാറും മുന്‍പേ വീണ്ടും ഒരു അനുഭവം ഉണ്ടായി. ഭൂകമ്പം വന്നതിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ആണെന്ന് തോന്നുന്നു. ഞാന്‍ ഹോസ്ടലിന്റെ മൂന്നാം നിലയില്‍ ഉള്ള ഒരു സ്നേഹിതന്റെ മുറിയില്‍ അവന്റെ കമ്പ്യൂട്ടറില്‍ എന്തോ ചെയ്തുകൊണ്ടിരുന്ന സമയം. പെട്ടന്ന് കമ്പ്യൂട്ടര്‍ ഇരുന്ന മേശയും ഭിത്തിയില്‍ തൂക്കിയ പടങ്ങളും ഒക്കെ ആടുന്നത് കണ്ടു. ഭൂകമ്പത്തിന്റെ ആഫ്ടര്‍ ഷോക്ക് ആയ മറ്റൊരു ഭൂകമ്പം ആണ് അതെന്നു പെട്ടന്ന് മനസ്സിലായി. പക്ഷെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. മൂന്നാം നിലയില്‍ നിന്നും എടുത്തു ചാടാന്‍ നോക്കിയാല്‍ ഗതി എന്താവും എന്ന് നന്നായി അറിയാം. ഉള്ള ദൈവങ്ങളെ ഒക്കെ ഓര്‍ത്തു അവിടെത്തന്നെ നില്‍ക്കാനേ പറ്റിയുള്ളൂ.
സെക്കണ്ടുകല്‍ക്കകം എല്ലാം ശാന്തമായി.

ആ ചുരുങ്ങിയ നിമിഷങ്ങള്‍ക്കുള്ളില്‍ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എന്ത് ചെയ്യാന്‍ പറ്റിയേനെ എനിക്ക്. അത് ഓര്‍ക്കുമ്പോഴേ ഇപ്പോള്‍ ഒരു ഞെട്ടല്‍ ഉണ്ടാവും

പിന്നെ മനസ്സില്‍ ഓടി വരുന്നത് ചെന്നൈ തീരപ്രദേശത്ത് നാശം വിതച്ച സുനാമിയാണ്. അന്ന് ഞാന്‍ മുംബയില്‍ ജോലി നോക്കുകയായിരുന്നു. ചെന്നയിലെ ബീച്ചുകളില്‍ എത്ര തവണ ഞാന്‍ പോയിട്ടുണ്ട്. നേരത്തെ ജോലി നോക്കിയ കമ്പനിയില്‍ നിന്നും ഒട്ടേറെ പ്രാവശ്യം ചെന്നൈയില്‍ പോകേണ്ടി വന്നിട്ടുണ്ട്. അപ്പോള്‍ സമയം കിട്ടുമ്പോള്‍ അവിടത്തെ ബീച്ചുകളില്‍ പോകും

അത് പോലെ ആ ബീച്ചുകളുടെ സൌന്ദര്യം ആസ്വദിക്കാന്‍ എത്തിയവരും അതിന്റെ അടുത്തൊക്കെ താമസിച്ചവരും ആണ് 2004 ഡിസംബറില്‍ ഉണ്ടായ സുനാമിയില്‍ മരിച്ചത്. അവിടുള്ള കൂട്ടുകാരെ വിളിച്ചു വിവരങ്ങള്‍ അറിയുമ്പോഴും, മിനുട്ട് മിനുട്ട് വച്ച് മരണ സംഖ്യ കൂടുന്നതായുള്ള വാര്‍ത്തകള്‍ ടെലിവിഷനില്‍ കണ്ടപ്പോഴും ഒരു വല്ലാത്ത വിഷമവും ഭീതിയും ഒക്കെ അനുഭവപ്പെട്ടിരുന്നു. ഒപ്പം തിരുവന്തപുരത്തെ തീരപ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്നറിഞ്ഞു. എന്റെ വീട് തിരുവനന്തപുരത്തെ തീരദേശത്തിനടുത്താണ്. ഇടയ്ക്കിടെ വീട്ടിലേക്കു ഫോണ്‍ വിളിച്ചു കാര്യങ്ങള്‍ അറിഞ്ഞുകൊണ്ടിരിക്കുമായിരുന്നു ഞാന്‍. ഒട്ടേറെ ടെന്‍ഷന്‍ അനുഭവിച്ച സമയം ആയിരുന്നു അത്.

ജപ്പാന്‍കാര്‍ക്ക് ഇതൊക്കെ നല്ല ശീലം ആയിക്കഴിഞ്ഞിരിക്കുന്നു. അവര്‍ ഇതുപോലുള്ള പ്രശ്നങ്ങളെ നല്ല രീതിയില്‍ നേരിടാന്‍ പ്രാപ്തരും ആണ്. എന്നാലും ഇത്തവണ ഭൂകമ്പവും സുനാമിയും ന്യൂക്ലിയാര്‍ ദുരന്തവും ഒരുമിച്ചല്ലേ അവരെ എതിരേറ്റിരിക്കുന്നത്. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും പെട്ടെന്ന് കരകയറാന്‍ അവര്‍ക്കാകട്ടെ.

ജോസ്
ബാംഗ്ലൂര്‍
13- march - 2011

ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍ :- http://www.indiatone.com/earthquake-hits-100-in-china/; http://www.suchablog.com/tsunami-une-vague-de-31m )

2011, മാർച്ച് 4

വണ്‍് ടൂ ഈസ്‌ ടൂ .. ടൂ ടൂസ് ആര്‍ ഫോര്‍ ...


ഇടവപ്പാതി സമയത്ത് ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ കറുത്തിരുണ്ട മാനം പേമാരി വര്‍ഷിക്കുമ്പോള്‍ എന്തെല്ലാം ഓര്‍മ്മകള്‍ ആണ് മനസ്സില്‍ തെളിയുന്നത്. അതില്‍ പ്രധാനം, സ്കൂള്‍ തുറക്കുന്ന ദിവസത്തെക്കുറിച്ചുള്ള ഓര്‍മ്മ തന്നെ.

സ്കൂള്‍ തുറക്കുന്നതിനു രണ്ടു മൂന്നാഴ്ച മുന്നേ തന്നെ പാഠ പുസ്തകങ്ങള്‍ കയ്യില്‍ എത്തും. കുഞ്ഞമ്മയുടെ മകന്റെ പഴയ പാഠ പുസ്തകങ്ങള്‍ ഒക്കെ വാങ്ങി, അമ്മച്ചി അതിനെ പുതിയ പോലെ ആക്കിത്തരും. ..ബ്രൌണ്‍ പേപ്പറില്‍ പൊതിഞ്ഞ്...നെയിം സ്ലിപ്പുകള്‍ ഒട്ടിച്ച്. (പുതിയ പുസ്തകം വാങ്ങിത്തന്നില്ല എന്നും പറഞ്ഞ് ഞാന്‍ പരാതിപ്പെട്ടിട്ടൊന്നും ഇല്ല. )

പിന്നെ എഴുതാന്‍ കൊള്ളാവുന്ന പേപ്പറുകള്‍ ഒക്കെ ശേഖരിച്ച്, അവയൊക്കെ കുത്തിത്തയ്ച്ചു ഒരു നോട്ടു ബുക്കുണ്ടാക്കും. ..'പലവക നോട്ട്' ' എന്നാണ് അതിനു പേര്. (ബേക്കറിയില്‍ നിന്നും റൊട്ടി പൊതിഞ്ഞ് കൊണ്ട് വരുന്ന വെള്ള പേപ്പറും കാണും അതില്‍. )

ജൂണ്‍ ഒന്നാം തിയതി, സ്കൂള്‍ തുറക്കുമ്പോള്‍ സന്തോഷവും സങ്കടവും ഒരുമിച്ചു തോന്നും. കളിച്ചു നടക്കാനുള്ള അവധിക്കാലം തീര്‍ന്നല്ലോ എന്നോര്‍ത്തുള്ള സങ്കടം ഒരു വശത്ത്..കൂട്ടുകാരെ ഒക്കെ കുറെ നാളിനു ശേഷം കാണാമല്ലോ എന്നുള്ള സന്തോഷം മറു വശത്ത്.. രണ്ടു മാസത്തെ അവധിക്കാലത്ത്‌ ചെയ്ത വീര പരാക്രമങ്ങള്‍ പറഞ്ഞ് പുളുവടിക്കുന്നത് ഒരു രസം തന്നെ ആണേ .

പണ്ടൊക്കെ ജൂണ്‍ ഒന്നിന് മഴ പെയ്യും എന്നത് അച്ചട്ടായിരുന്നു . ഇപ്പോള്‍ പ്രകൃതിയും സമയമൊക്കെ മറന്ന മട്ടാണ്. അതിനു തോന്നുമ്പോഴൊക്കെ അല്ലെ ഇപ്പോള്‍ മഴ പൊഴിക്കുന്നത്. (പ്രകൃതിയോടു നമ്മള്‍ മെക്കിട്ടു കേറാന്‍ ചെന്നാല്‍ പ്രകൃതി പിന്നെ അങ്ങനെയൊക്കെ അല്ലെ പ്രതികരിക്കൂ ) .

മിക്കവാറും ഒന്നാം തിയതി ക്ലാസ് ഉച്ചവരെയേ കാണൂ. കൂട്ടുകാരെ ഒക്കെ കണ്ടു ആഹ്ലാദം പങ്കിട്ട ശേഷം ഇടവപ്പാതി നന്നായി ആസ്വദിച്ചാവും വീട്ടില്‍ എത്തുക. പിറ്റേന്ന് മുതല്‍, മണക്കുന്ന പുതിയ നോട്ടു ബുക്കുകളും, പുത്തനാക്കിയ പാഠ പുസ്തകങ്ങളുമായി, പുതിയ സ്കൂള്‍ വര്‍ഷം തുടങ്ങും.

നാലാം ക്ലാസില്‍ നിന്നും ജയിച്ചപ്പോള്‍ എന്നെ എവിടെ ചേര്‍ക്കണം എന്ന ചര്‍ച്ച വീട്ടില്‍ നടന്നു. എല്ലാവര്‍ക്കും എന്നെ ഇംഗ്ലിഷ് മീഡിയത്തില്‍ വിട്ടു പഠിപ്പിക്കണം എന്നുണ്ടായിരുന്നു. അഥവാ പെട്ടന്നുള്ള മീഡിയം മാറ്റം കാരണം പഠിക്കാന്‍ പ്രയാസം വന്നാല്‍ ഒരു വര്‍ഷം കൊണ്ട് അതൊക്കെ മാറിക്കോളും എന്ന് എല്ലാവരും പറഞ്ഞു. ഒരു വര്‍ഷം തോറ്റു പോയാലും കുഴപ്പമില്ല എന്നും പറഞ്ഞു.

"എന്റമ്മേ..തോല്‍ക്കാനോ ..നാലാം ക്ലാസ് വരെ നന്നായി പഠിച്ച ഞാന്‍ ..., ടീച്ചരുമാരുടെ കണ്ണിലുണ്ണിയായി പഠിച്ച ഞാന്‍... തോറ്റു കൊണ്ട് ഇംഗ്ലിഷ് മീഡിയം പഠിക്കാനോ..കൂടെ പഠിച്ച ജയനും, മിനിയും, മഞ്ജുവും ഒക്കെ ആറാം ക്ലാസില്‍ ജയിച്ചു കയറുമ്പോള്‍, ഞാന്‍ അഞ്ചില്‍ തന്നെ മൊട്ടയിട്ടിരിക്കാനോ ? എന്റെ മനസ്സില്‍ ഈ ചോദ്യങ്ങള്‍ സദാ മുഴങ്ങിക്കൊണ്ടിരുന്നു.

എന്തായാലും ഒരു കൈ നോക്കാം എന്ന് കരുതി. അങ്ങനെ തിരുവനതപുരത്തെ SMV സ്കൂളില്‍ അപ്പച്ചന്‍ എന്നെ കൊണ്ടുചെര്‍ത്തു. (ശ്രീ മൂല വിലാസം സ്കൂള്‍ എന്നാണ് പേര് എങ്കിലും, ചിലര്‍ സ്കൂളിന് ' സ്ഥിരം മുടക്ക് വിദ്യാലയം' എന്നൊരു വട്ടപ്പേരും ഇട്ടിരുന്നു. സ്ഥിരമായി സമരങ്ങള്‍ നടക്കുന്നത് കാരണം )

ക്ലാസ് തുടങ്ങിയപ്പോഴേ ഇടിവെട്ട് സംഭവങ്ങള്‍ അല്ലേ ഉണ്ടായത്. എന്റെ "സെന്‍സിറ്റീവ്" ആയ കൊച്ചു മനസ്സിന് താങ്ങാന്‍ പറ്റാത്ത സംഭവങ്ങള്‍ ..

കണക്കു പഠിപ്പിക്കുന്ന തങ്കപ്പനാശാരി സാര്‍ വന്നിട്ട് എല്ലാവരോടും ഒന്ന് മുതല്‍ പത്തു വരെയുള്ള ഗുണനപ്പട്ടിക കാണാതെ പറയാന്‍ പറഞ്ഞു. എന്നോടു ഇംഗ്ലിഷില്‍ രണ്ടിന്റെ പട്ടിക പറയാന്‍ പറഞ്ഞു. ഞാന്‍ അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നു. മലയാളം മീഡിയത്തില്‍ നിന്നും വന്നതാണെന്ന് ആദ്യം പറഞ്ഞു നോക്കി. അടുത്ത ദിവസം പഠിച്ചിട്ടു വരണം എന്നും പറഞ്ഞു സാര്‍ അന്നത്തേക്ക്‌ വിട്ടു. രണ്ടു മൂന്നു പിള്ളേര്‍ എണീറ്റ്‌ നിന്ന് അടിപൊളി ഇംഗ്ലിഷില്‍ രണ്ടിന്റെയും മൂന്നിന്റെയും ഒക്കെ പട്ടികകള്‍ പറഞ്ഞു.

" വണ്‍് ടൂ ഈസ്‌ ടൂ ...ടൂ ടൂസ് ആര്‍ ഫോര്‍.. ത്രീ ടൂസ് ആര്‍ സിക്സ് ..."

നാലാം ക്ലാസ് വരെ എല്ലാ ഗുണന പട്ടികകളും അരച്ച് കലക്കി കുടിച്ചു വച്ചിരുന്ന ഞാന്‍ , ഒരു സുപ്രഭാതത്തില്‍ "വണ്‍് ടൂ ഈസ്‌ ടൂ ..ടൂ ടൂസ് ആര്‍ ഫോര്‍ " എന്നൊക്കെ കേട്ടപ്പോള്‍ ഒന്ന് പകച്ചു. ഏതോ അന്യ ഗ്രഹ ജീവികളുടെ ഭാഷ കേള്‍കുന്ന പോലെയൊക്കെ തോന്നി.

അന്ന് രാത്രി കുറച്ചൊക്കെ പഠിക്കാന്‍ നോക്കി. പറ്റിയില്ല . ഒറ്റ രാത്രി കൊണ്ട് എങ്ങനെ പഠിക്കാനാ? പിറ്റേന്ന് സാര്‍ ചോദിച്ചപ്പോള്‍ രണ്ടിന്റെ പട്ടിക പറയാന്‍ പറ്റിയില്ല . മറ്റു കുട്ടികളുടെ മുന്‍പില്‍ എണീപ്പിച്ചു നിര്‍ത്തി, കയ്യില്‍ പടേ പടേന്ന് ചൂരല്‍ വടി കൊണ്ട് അടി തന്നു. അടിയുടെ വേദനയെക്കാള്‍ ഏറെ നൊന്തത്‌...ഞാന്‍ ഒരു " പഠിക്കാത്ത കിഴങ്ങനായി " എല്ലാവരുടെയും മുന്‍പില്‍ നില്‍ക്കേണ്ടി വന്നത് ഓര്‍ത്തപ്പോഴാണ്.

അത് കഴിഞ്ഞപ്പോഴുണ്ടെടാ സോഷ്യല്‍ പഠിപ്പിക്കുന്ന നെല്‍സണ്‍ സാര്‍ വരുന്നു . അദ്ദേഹത്തിന് ഒരു കൈ ഇല്ല . അതിനു പകരം തടി കൊണ്ടുള്ള ഒരു കയ്യാണ് വച്ചിരുന്നത്. അത് കൊണ്ട് പിള്ളേര്‍ 'സ്നേഹപൂര്‍വ്വം' അദ്ദേഹത്തിന് ഒരു പേരിട്ടു .. 'തടിക്കയ്യന്‍ മായാവി '. മായാവി സാര്‍ ക്ലാസില്‍ വന്ന ശേഷം ആദ്യമേ തന്നെ ഒരു വിളംബരം നടത്തി.

'മലയാളം മീഡിയത്തില്‍ നിന്നും മറ്റും ആരെങ്കിലും ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഞാന്‍ എപ്പോഴും എപ്പോഴും മലയാളത്തില്‍ അര്‍ഥം ഒന്നും പറയാന്‍ പോന്നില്ല. ശ്രദ്ധിച്ചിരുന്നാല്‍ ഒക്കെ മനസ്സിലാവും. ഇതും പറഞ്ഞു ഇംഗ്ലിഷില്‍ പുള്ളി കുറെ കാച്ചു കാച്ചി. അശോക ചക്രവര്‍ത്തിയെക്കുറിച്ചാണ് അന്ന് പുള്ളി ഘോര ഘോരം പ്രസംഗിച്ചത്. എനിക്കൊന്നും പിടി കിട്ടിയില്ല. ഒക്കെ കേട്ട് അമ്പരന്നിരിന്നു. അല്ലാതെന്തു ചെയ്യാന്‍?

'ഇത്തവണ തോറ്റത് തന്നെ. മഞ്ജുവും ജയനും, മിനിയും ഒക്കെ ആറിലോട്ടു ജയിക്കും.. ഞാന്‍ അഞ്ചില്‍ തന്നെ ..തോറ്റു തൊപ്പിയിട്ട് .' അതോര്‍ത്തപ്പോഴേ ഞാന്‍ ഞെട്ടി. ഉടനെ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് മനസ്സ് പറഞ്ഞു.

അന്ന് വൈകിട്ട് ഞാന്‍ വീട്ടില്‍ ചെന്ന് പ്രക്ഷോഭം ഉണ്ടാക്കി. (പ്രതിഷേധ സമര മാര്‍ഗ്ഗം ഫലവത്താണെന്ന് അറിയാതെ തന്നെ ഞാന്‍ മനസ്സിലാക്കിയത് ആ സമയത്തായിരിക്കണം )

'എനിക്ക് ഇംഗ്ലിഷ് മീഡിയം വേണ്ട. എനിക്കിനി അടി കൊള്ളാന്‍ വയ്യ. എനിക്ക് തോല്‍ക്കണ്ട .എന്നെ മലയാളം മീഡിയത്തില്‍ ആക്കിയാല്‍ മതി. '

എന്റെ കരച്ചില്‍ കണ്ട് മനസ്സലിഞ്ഞ്‌, അമ്മച്ചി അപ്പച്ചനോട് ശുപാര്‍ശ ചെയ്തു. പിറ്റേന്ന് തന്നെ അപ്പച്ചന്‍ സ്കൂളില്‍ വന്ന് എന്നെ മലയാളം മീഡിയത്തില്‍ ആക്കി. ആവൂ ..എന്തൊരാശ്വാസം ആയിരുന്നു. അടുത്ത ദിവസം തങ്കപ്പനാശാരി സാര്‍ വന്ന് ഗുണനപ്പട്ടിക ചോദിച്ചപ്പോള്‍ ഞാന്‍ മണി മണിയായി ഉത്തരം പറഞ്ഞില്ലേ.

"ഒരൊമ്പത് ഒന്‍പതു ..ഒന്‍പതു രണ്ടു പതിനെട്ട്.. "

വര്‍ഷങ്ങള്‍ കഴിഞ്ഞു. കോളേജില്‍ ആയപ്പോള്‍ വീണ്ടും ഇംഗ്ലിഷ് മീഡിയം കണ്ണുരുട്ടിക്കൊണ്ട് മുന്‍പില്‍ വന്നു. അത്തവണ പിന്നെ വേറെ ഉപായം ഇല്ലായിരുന്നു. ഇംഗ്ലിഷ് മീഡിയം തന്നെ പഠിച്ചു...വലിയ പ്രയാസം ഒന്നും കൂടാതെ. പഠിച്ച് ജോലി കിട്ടിയതോ..സായിപ്പിന്റെ കമ്പനിയില്‍ .

പുറകോട്ടു ആലോചിച്ചു നോക്കിയപ്പോള്‍ ഒരു രസം തോന്നി. അന്ന് മലയാളം മീഡിയത്തിലേക്ക് മാറിയത് കൊണ്ട് ഒന്നും നഷ്ടപ്പെട്ടിട്ടൊന്നുമില്ല ..അതൊരു പേടിച്ചോട്ടം ആയിരുന്നു എങ്കിലും.

കഴിഞ്ഞ ആഴ്ച ഒരു കൂട്ടുകാരന്റെ മകന്‍ ഗുണന പട്ടിക പഠിക്കുന്നത് കേട്ടു.. ' വണ്‍് ടൂ ഈസ്‌ ടൂ ..ടൂ ടൂസ് ആര്‍ ഫോര്‍ ...'

അറിയാതെ ഞാന്‍ ഇതൊക്കെ ഓര്‍ത്തു പോയി ...തങ്കപ്പന്‍ ആശാരി സാറിനെയും, അന്ന് കിട്ടിയ അടിയുടെ ചൂടും, അതുണ്ടാക്കിയ നൊമ്പരവും , മായാവി സാറിന്റെ വിളംബരവും ഒക്കെ..

ജോസ്
ബാംഗ്ലൂര്‍
4- മാര്‍ച്ച്‌ - 2011