2010, ജനുവരി 31

പ്ലാവിന്റെ കഥ..


ആദ്യത്തെ കുറിപ്പ് രവിന്ദ്രന്‍ സാറില്‍ നിന്നാവട്ടെ...

എന്റെ സ്കൂള്‍ കോളേജ് ജീവിതത്തില്‍ വളരെ കുറച്ചു അദ്ധ്യാപകരെ മാത്രമേ ഞാന്‍ വിദ്യാര്‍ഥിയുടെ മിത്രമായി കണ്ടിട്ടുള്ളു. അതിലൊന്നായിരുന്നു രവിന്ദ്രന്‍ സര്‍.
തിരുവനന്തപുരത്തെ s.m.v schoolil എട്ടാം ക്ലാസ്സ്‌ മുതല്‍ സോഷ്യല്‍ സയന്‍സു പഠിപ്പിച്ച സാറായിരുന്നു അദ്ദേഹം. പാഠ ഭാഗങ്ങള്‍ പറയുന്നതിനോടൊപ്പം സാമൂഹികമായ പല നല്ല കാര്യങ്ങളും സര്‍ ക്ലാസ്സില്‍ പറയുമായിരുന്നു..
ഒരു നാള്‍ ക്ലാസ്സില്‍ വന്ന ശേഷം സര്‍ എന്നോടും എന്റെ സുഹൃത്ത് ദിനേഷിനോടുമായി ഒരു കാര്യം ആവശ്യപ്പെട്ടു. ..
" നാളെ വരുമ്പോള്‍ ഒരു മലയാളം കവിത എഴുതി കൊണ്ടുവരാമോ? അതിന്റെ ആശയം ഞാന്‍ പറഞ്ഞു തരാം..
ഒരു വലിയ പ്ലാവില്‍ ഒരു ആല്‍ മരത്തിന്റെ വിത്ത്‌ വീണിട്ട് ..അത് പിന്നെ ഒരു വലിയ ആല്‍ മരമായാലുള്ള സ്ഥിതി ..."

അന്ന് രാത്രി ഞാനും ദിനേശും മത്സരിച്ചു കവിത എഴുതി. ..പിറ്റേന്ന് സാറിനെ കാണിച്ചു.. രണ്ടു പേരെയും സര്‍ അഭിനന്ദിച്ചു.. ..ഞാന്‍ എഴുതിയ കവിത താഴെ കുറിക്കുന്നു..

"കാലത്തിന്റെ ചക്രമുരുളുംപോഴും , യാമങ്ങള്‍ ഓരോന്നായ് കൊഴിയുമ്പോഴും
കാറ്റും മഴയും ചൂടും ഏറ്റു നില്‍ക്കും, പ്ലാവിന്റെ കഥയിതൊന്നു കേള്‍ക്കു.
സൂര്യന്റെ പൊള്ളുന്ന ചൂടില്‍ നിന്നും, മഴയുടെ കോരി ചൊരിയലിലും
ഏവര്‍ക്കും തണലേകാനായി നില്‍ക്കും, പ്ലാവിന്റെ കഥയിതൊന്നു കേള്‍ക്കു.

നിത്യ വസന്തത്തിന്‍ തൊപ്പിയുമായ് , ഏവര്ക്കുമേവര്‍ക്കും രക്ഷകനായ്
നിന്നൊരാ പ്ലാവിന്റെ കൈകള്‍ ഒന്നില്‍ , ഒരു നാളില്‍ ഒരു കാക്ക വന്നു ചേര്‍ന്നു.
പ്ലവിളിരുന്നോരാ വായസത്തിന്‍ , കാലില്‍ ആലിന്‍ കുരു പറ്റി നിന്നു
കാകന്‍ തിരികെ പറന്നപ്പോഴാ , കുരു അതോ പ്ലാവിന്റെ പോട്ടില്‍ വീണു.

പൊട്ടി മുളച്ചുവാപ്പോട്ടിലൊരു , ആലിന്‍ തൈ അന്നൊരു പുലരി തന്നില്‍
ലാളിച്ചു പാലിച്ചു പ്ലാവതിനെ , തന്റെ അരുമ മകനെന്നപോലെ
നാള്‍ക്കുനാള്‍ ആലിന്‍ തൈ പൊങ്ങി വന്നു, അച്ഛനെ കൊല്ലാനായെന്ന പോലെ
ആലിന്‍ തൈ ഊറ്റി എടുത്താ പ്ലാവിന്‍, ജീവ രക്തം - രക്ത ദാഹിയെ പോല്‍

ആലിന്‍ തൈ ആല്‍ മരമായ്‌ വളര്നൂ, പ്ലാവോ തളര്‍ന്നങ്ങവശനുമായ്
പ്ലാവിന്‍ ഹൃദയത്തില്‍ ആഴ്ന്നിറങ്ങി , അരയാലിന്‍ ക്രൂരമാം കാല്‍ നഖങ്ങള്‍

ആപത്തടുത്തങ്ങു വന്ന നേരം , പ്ലാവിന്റെ ആത്മാവ് വെന്തു നീറി
അവശനായ് മാറിയ പ്ലവൊരു നാള്‍ , പൊട്ടിയ മനവുമായ്‌ മരണം പുല്‍കി
ലാളിച്ചു പോറ്റിയ തന്‍ പിതാവിന്‍ , നെഞ്ചില്‍ ചവുട്ടി കരേറി മകന്‍
കഥ കേട്ടാലാരും കരഞ്ഞുപോകും, ആരുടെയാത്മാവും വിങ്ങിപ്പോകും "

സര്‍ പറഞ്ഞു തന്ന ആശയം വെച്ചെഴുതിയതാണ്... ഇരുപതും വര്‍ഷം മുമ്പ്. ഇപ്പോള്‍ അതിനെ പൊടി
തട്ടി എടുക്കാന്‍ ഒരു കാരണം ഉണ്ട്.
2009 ഡിസംബറില്‍ , അവധിക്കു നാട്ടിലേക്ക് പോകാന്‍ ഒരുങ്ങി നിന്നപ്പോഴാണ് ദിനേശ് ഇ-മെയില്‍ അയച്ചത്.
"ഡാ ജോസേ... നമ്മുടെ രവിന്ദ്രന്‍ സാറില്ലേ...അദ്ദേഹം കിടപ്പില്ലാണ് .. kidney problem ആണ് ."
ഞാന്‍ ഉടനെ അവനെ വിളിച്ചു പ്ലാന്‍ തയ്യാറാക്കി. നാട്ടില്‍ വരുമ്പോള്‍ ഒരുമിച്ച് പോയി സാറിനെ കാണാം എന്ന്.
ഡിസംബറില്‍ നാട്ടില്‍ എത്തിയ ശേഷം സാറിനെ കാണാനായി പ്ലാന്‍ ഇട്ടു. പക്ഷെ ആ ദിവസം അടുക്കും മുന്‍പേ എനിക്ക് അത്യാവശ്യമായി ബാന്ഗ്ലൂരിലേക്ക് തിരികെ വരേണ്ടി വന്നു. അത് കഴിഞു രണ്ടു ദിവസം കഴിഞ്ഞു ദിനേശിന്റെ ഇ-മെയില്‍ വന്നു.

" ഡാ.. രവിന്ദ്രന്‍ സര്‍ മരിച്ചു പോയി. "

അവസാനമായി ഒന്ന് കാണാന്‍ പറ്റിയില്ല .. "man proposes god disposes " എന്ന ആപ്തവാക്യം എത്ര ശരി ...
സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന സാറിന്റെ ആത്മാവിനു നിത്യ ശാന്തി നേര്‍ന്നുകൊണ്ട് ..
ശിഷ്യന്‍... ജോസ്, 9 E, SMV School

ഓര്‍മ്മകള്‍ മായും മുന്‍പേ...


ഏറെ നാളുകളായി വിചാരിക്കുന്നു ഒരു ബ്ലോഗ്‌ എഴുതണം എന്ന്. എങ്ങനെ തുടങ്ങാന്‍......? എവിടെ നിന്ന് തുടങ്ങാന്‍.....? എന്തെഴുതാന്‍..? ഇതൊക്കെ ആലോചിച്ച് കുറേ സമയം പോയിക്കിട്ടി.

കടലോരത്ത് ചിപ്പികള്‍ ചിതറി കിടക്കുന്നപോലെ ഓര്‍മ്മകള്‍ മനസ്സിലെവിടെയെക്കെയോ ചിതറിക്കിടക്കുകയാണ്. ചിലതൊക്കെ ഇപ്പോഴും വ്യക്തമായിത്തന്നെ മനസ്സിന്റെ മുന്‍പിലുണ്ട്....ഇപ്പോള്‍ സംഭവിച്ചതെന്ന് തോന്നിപ്പിക്കും പോലെ..

എന്നാല്‍ ചിലതൊക്കെ കാലത്തിന്റെ മാറാലയില്‍ പെട്ടിരിക്കുന്നു. ..വര്‍ഷങ്ങളോളം പൊടിയടിച്ചു കിടന്ന ഒരു കണ്ണാടിയിലേക്ക് നോക്കുമ്പോഴുള്ള അവസ്ഥയാണ്‌ ..അതൊക്കെ ഓര്‍ക്കാന്‍ ശ്രമിച്ചാല്‍.. മുഖങ്ങള്‍ തെളിയുന്നില്ല ... ദിവസങ്ങള്‍ ഓര്‍ക്കാനാവുന്നില്ല.. .. സ്ഥലവും കാലവും ഒക്കെ അവ്യക്തതയുടെ മൂടുപടമണിഞ്ഞു പിടിതരാതെ വഴി മാറുന്നു.

ഇത് കാലം കളിക്കുന്ന നാടകമോ ..? അതോ ഓര്‍മകളെ കാര്‍ന്നു തിന്നാന്‍ എത്തുന്ന അല്ഷിമിര്‍ രോഗത്തിന്റെ കാല്‍ വെയ്പോ?

ഈ ഓര്‍മ്മകള്‍..കുറേ ഏറെ നല്ലതും.. കുറച്ചൊക്കെ വേദനിപ്പിക്കുന്നതും.. പുറത്തു പറയാന്‍ പറ്റുന്നതും... പറ്റാത്തതും. .ഒക്കെ എന്റെ കൂട്ടുകാരാണ്. ..മനസാക്ഷി സൂക്ഷിപ്പുകാരാണ്...എന്റെ ഹൃദയമിടിപ്പിന്റെ പിന്നില്‍ ഈ ഓര്‍മകളുടെ നിശ്വാസവും ഗദ്ഗദങ്ങളും ഉണ്ട്....

അതില്‍ നിന്നും ..പറയുന്നത് കൊണ്ട് മറ്റാര്‍ക്കും ദുഃഖം വരുത്താത്ത കുറേ ഓര്‍മകളെ ....ഞാന്‍ ഇവിടെ കുറിച്ചിടട്ടെ.. മറവി അവയെ കാര്‍ന്നു തിന്നും മുന്‍പേ..
ഒരു പക്ഷെ എന്റെ ജീവിതത്തിന്റെ സായാഹ്നത്തില്‍ എനിക്ക് കൂട്ട് ഇവ മാത്രമേ കാണു എന്നാരു കണ്ടു..?

ജോസ്
ബാംഗ്ലൂര്‍