2011, മേയ് 27

വിവാഹ സമ്മാനം ...


"ഹോ ..ചിങ്ങമാസം അടുത്തല്ലോ . ഇനിയിപ്പോ കയ്യീന്ന് തുട്ടു കുറെ ഇറങ്ങിയത്‌ തന്നെ.".

എല്ലാ വര്‍ഷവും ഉള്ള ശങ്കരേട്ടന്റെ പതിവ് പല്ലവി ആണ് ഇത്. കല്യാണം വിളിച്ചു വരുന്നവരെയും, പിരിവു ചോദിച്ചു വരുന്നവരെയും ശങ്കരേട്ടന് പേടിയാണ്. വര്‍ഷത്തിലുടനീളം ഏതെങ്കിലും കേട്ടിട്ടിലാത്ത അമ്പലത്തിലെ ദേവന്റെയോ ദേവിയുടെയോ പേരില്‍ പിരിവുകാര്‍ വരും, അല്ലെങ്കില്‍ അടുത്തുള്ള പള്ളിയില്‍ നിന്നും വരും പിരിവിനു, ഇതൊന്നും പോരാഞ്ഞിട്ട് പാര്‍ട്ടിക്കാരും വരും...ഉദാരമായി സംഭാവന തരണേ എന്നും ആവശ്യപ്പെട്ടു കൊണ്ട്. ചിലരുടെ കയ്യിലെ രസീത് കുറ്റിയില്‍ കുറഞ്ഞ തുക നൂറായിരിക്കും.അതിലും കുറഞ്ഞ സംഭാവന വാങ്ങുന്നത് നാണക്കേടാണത്രെ.

ശങ്കരേട്ടന്‍ നാട്ടിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ആയതിനാല്‍ ഒന്നും പറയാനും പറ്റില്ല. കൊടുത്തെ പറ്റൂ . ഇതിനും പുറമേ ആണ് കല്യാണം വിളികള്‍ . പരിചയക്കാരുടെയും ബന്ധുക്കളുടെയും ഒക്കെ കല്യാണത്തിന് സമ്മാനങ്ങളും പൈസയും ഒക്കെ കൊടുത്തു കഴിയുമ്പോള്‍ എല്ലാ മാസവും അവസാനം ശങ്കരേട്ടന്റെ പോക്കറ്റ് കീറും. കൊടുക്കാതിരിക്കാന്‍ പറ്റുമോ. ശങ്കരേട്ടനും ഒരു പെണ്‍കൊച്ചുള്ളതല്ലേ. അതിനെ കെട്ടിക്കാറാവുമ്പോള്‍ മറ്റുള്ളവരുടെ സഹായം വേണ്ടി വരില്ലേ . ഇതൊക്കെ ഓര്‍ത്ത്‌ ശങ്കരേട്ടന്‍ എല്ലാ കല്യാണങ്ങള്‍ക്കും ചെലവു ചെയ്യും. മാസാവസാനം വരവ് ചെലവുകളുടെ കണക്കെടുക്കുമ്പോള്‍ ശങ്കരേട്ടന്റെ രക്ത സമ്മര്‍ദ്ദം കൂടും. മിക്കവാറും ചെലവു വരവിനെ കടത്തി വെട്ടും. അപ്പോഴാണ്‌ മേല്‍പ്പറഞ്ഞ മാതിരിയുള്ള രോദനം പുറത്തു വരുന്നത്.

പക്ഷെ കുറെ നാളായി കക്ഷി വളരെ സന്തോഷവാനാണ്. കാരണം... നാല് മാസം മുന്‍പായിരുന്നു ശങ്കരേട്ടന്റെ മകള്‍ ശാരിയുടെ കല്യാണം. നാട്ടുകാരും, ബന്ധുക്കളും, ഓഫീസില്‍ ഉള്ളവരും ഒക്കെയായി ഒട്ടേറെ ആളുകള്‍ അതില്‍ പങ്കെടുത്തു. എല്ലാവരും കയ്യഴിഞ്ഞു സഹായിച്ചതിനാല്‍ കല്യാണ ചെലവുകള്‍ ഭംഗിയായി നടന്നു. പെങ്കൊച്ചിനു കിട്ടിയ സമ്മാനങ്ങള്‍ക്ക് കയ്യും കണക്കും ഇല്ല. വീട്ടിലെ രണ്ടാം നിലയിലെ ഒരു മുറി നിറയെ സമ്മാന പൊതികള്‍ ആയിരുന്നു. ഈ പൊതികള്‍ ഒന്നും കൊണ്ടുപോകാന്‍ ശങ്കരേട്ടന്റെ മരുമകന് ഒട്ടും താല്‍പ്പര്യം ഉണ്ടായിരുന്നില്ല.

" മാമാ..ഇതുപോലെ കുറെ എണ്ണം അവിടെയും കിട്ടിയിട്ടുണ്ട്. ഇതും കൂടി അവിടെ കൊണ്ടുപോയാല്‍ വെയ്ക്കാന്‍ അവിടെ സ്ഥലം ഇല്ല മാമാ. ഇതൊക്കെ ഇവിടെ തന്നെ ഇരിക്കട്ടെ "

ചേട്ടന്‍ അങ്ങനെ പറഞ്ഞപ്പോള്‍ മണവാട്ടി ശാരിയ്ക്ക് മറുത്തൊന്നും പറയാന്‍ തോന്നിയില്ല. ഉള്ളില്‍ വിഷമം തോന്നി എങ്കിലും, ചേട്ടന്റെ ഇഷ്ടമാണ് എന്റെയും ഇഷ്ടം എന്ന് കാണിക്കാന്‍ വേണ്ടി ശാരിയും പറഞ്ഞു.

" എന്നാല്‍ ഇതൊക്കെ ഇവിടെ തന്നെ ഇരിക്കട്ടെ അച്ഛാ. "

ശങ്കരേട്ടന് ഇതില്‍പ്പരം എന്ത് സന്തോഷം. ഇനി വരുന്ന കല്യാണങ്ങള്‍ക്ക് സമ്മാനം വാങ്ങാന്‍ പോകണ്ടല്ലോ. ഈ കൂനയില്‍ നിന്നും ആവശ്യമുള്ളത് എടുത്തു കൊടുത്താല്‍ പോരെ. അതിനു ശേഷം നാട്ടുകാരുടെയോ പരിചയക്കാരുടെയോ ബന്ധുക്കളുടെയോ ഒക്കെ കല്യാണം വിളി വന്നാല്‍ ശങ്കരേട്ടന് ഒട്ടും പരിഭ്രമം കാണില്ല. കണ്ണാടി പാത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍, ഡിന്നര്‍ സെറ്റ് അങ്ങനെ പലതും മുകളിലത്തെ മുറിയില്‍ ഇരിക്കുക അല്ലെ. അങ്ങോട്ട്‌ എടുത്തു കൊടുത്താല്‍ മാത്രം പോരെ. ഏതെങ്കിലും കല്യാണ വീട്ടില്‍ പോകാന്‍ നേരം ശങ്കരേട്ടന്‍ ഭാര്യ വല്‍സലയോട് പറയും

"എടീ വല്‍സലേ ... മോളിലത്തെ മുറീന്നു ഒരു ഡിന്നര്‍ സെറ്റ് എടുത്തേ. നല്ലത് നോക്കി എടുക്കണേ. അതിന്റെ കവറും എഴുതീരിക്കണതും മാറ്റി പുതിയ പേപ്പറില്‍ പൊതിഞ്ഞെട്. "

മിക്കവാറും പുതിയ വര്‍ണ്ണക്കടലാസ് മാത്രമേ വാങ്ങേണ്ടി വരൂ. ചിലപ്പോള്‍ അതും വേണ്ടി വരില്ല. പേര് പോലും എഴുതിയിട്ടിലാത്ത പൊതികള്‍ ചിലപ്പോള്‍ കാണും. വല്‍സല ചേച്ചി അതെടുക്കും, ചേച്ചിയും ചേട്ടനും കൂടി കല്യാണ വീട്ടില്‍ ചെന്ന് സന്തോഷപൂര്‍വ്വം അത് കൈമാറും. (ആ വീട്ടില്‍ നിന്നും തന്നെ നേരത്തെ എങ്ങാനും തന്നതാണോ എന്ന് നോക്കാനുള്ള ബുദ്ധി ഏതായാലും ചേച്ചിയും ചേട്ടനും കാണിക്കും) .

അങ്ങനെയിരിക്കെ ശങ്കരേട്ടന്റെ ഓഫിസിലെ അക്കൌണ്ട് ഓഫിസറായ അമ്പുജാക്ഷന്റെ മകളുടെ കല്യാണം വിളി വന്നു. ശങ്കരെട്ടനുമായി അത്രയ്ക്ക് രമ്യതയില്‍ അല്ലായിരുന്നു അമ്പുജാക്ഷന്‍. കാര്യം ഓഫിസിലെ രാഷ്ട്രീയവും യൂണിയനും, പാരവെയ്പ്പുകളും തന്നെ. അത് കാരണം മകളുടെ കല്യാണത്തിന് പോലും നേരാം വണ്ണം അയാളെ ശങ്കരേട്ടന്‍ വിളിച്ചില്ല. പക്ഷെ അമ്പുജാക്ഷന്‍ വഴക്കൊക്കെ തീര്‍ക്കാം എന്ന് കരുതി ശങ്കരേട്ടനെ വിളിച്ചു . എന്തായാലും വെള്ളക്കൊടി വീശി സൌഹൃദം ഒന്ന് ശക്തിപ്പെടുത്താനുള്ള ഒരു അവസരം ആയി ശങ്കരേട്ടന്‍ അതിനെ കണ്ടു. കല്യാണത്തിന്റെ തലേന്ന് അമ്പുജാക്ഷന്റെ വീട്ടില്‍ പോകാന്‍ ചേട്ടനും ചേച്ചിയും തയ്യാറായി.

"ഡീ വല്‍സലേ ..മോളീന്ന് നല്ല ഒരു വലിയ പെട്ടി തന്നെ എടുത്തോ. നല്ല കനം ഉള്ള ഒരെണ്ണം തന്നെ പോരട്ട്. ഇനി അതിന്റെ പേരില്‍ അമ്പുജാക്ഷന് ദേഷ്യം തോന്നണ്ട. "

"ഇത് മതിയോ ചേട്ടാ "

ഒരു വലിയ ബ്ലാക്ക് ആന്‍ഡ്‌ ഡെക്കര്‍ പെട്ടി തൂക്കിപ്പിടിച്ച് വത്സല ചേച്ചി താഴേക്കു വന്നു.

"ആ.. കൊള്ളാം കൊള്ളാം ..ഇത് മതി. നല്ല ഒന്നാം തരം മിക്സിയും ജ്യൂസര്‍ സെറ്റും. ഇതിനെ നന്നായി പൊതിഞ്ഞെടുത്തോ. ആട്ടേ .. ഇതാരാ നമുക്ക് തന്നത്? "

"ഇത് തിരുവല്ലേലെ ശാന്തക്കുഞ്ഞമ്മ തന്നതാണ് "

പിന്നെ നിമിഷങ്ങള്‍ക്കകം ബ്ലാക്ക് ആന്‍ഡ്‌ ഡെക്കര്‍ മിക്സര്‍ സെറ്റ് പുതിയ വര്‍ണ്ണക്കടലാസില്‍ തയാറായി. വൈകിട്ട് ചേട്ടനും ചേച്ചിയും കൂടി അമ്പുജാക്ഷന്റെ വീട്ടില്‍ ചെന്നപ്പോള്‍ , പൊതിയുടെ കനം കണ്ടിട്ടാവണം , ചേട്ടനും ചേച്ചിക്കും വളരെ ഹാര്‍ദ്ദവമായ സ്വീകരണം ആണ് കിട്ടിയത്. ചേട്ടനെയും ചേച്ചിയെയും വയറു നിറയെ കഴിപ്പിച്ചിട്ടേ അമ്പുജാക്ഷന്‍ വിട്ടുള്ളൂ.

കല്യാണം ഒക്കെ കഴിഞ്ഞു രണ്ടു മൂന്നു ദിവസത്തിന് ശേഷം ശങ്കരേട്ടന്‍ ഓഫീസില്‍ ചെന്നപ്പോള്‍ ഒരു നികൃഷ്ട ജീവിയെ നോക്കുന്ന പോലെ ഒരു ദഹിപ്പിക്കുന്ന നോട്ടം നോക്കിയാണ് അമ്പുജാക്ഷന്‍ ശങ്കരേട്ടനെ വരവേറ്റത്.

"ദെന്ത് പറ്റി ഇങ്ങേര്‍ക്ക്. ..ഇന്നലെ വരെ പാല്‍പ്പുഞ്ചിരി അല്ലാര്ന്നോ. പെട്ടന്ന് മുഖം കറുക്കാന്‍ എന്തെ കാരണം? ". മനസ്സില്‍ ഇങ്ങനെ ചോദിച്ചുകൊണ്ട് ശങ്കരേട്ടന്‍ തന്റെ സീറ്റില്‍ ചെന്നിരുന്നു. അപ്പോഴാണ്‌ പ്യൂണ്‍ കരുണാകരന്‍ അത് വഴി വന്നത്. ശങ്കരേട്ടനെ കണ്ടതും അയാള്‍ പറഞ്ഞു..

" അയ്യേ..സാറേ ..എന്നാലും ഇങ്ങളീ പരിപാടി കാണിക്കും എന്ന് നിരീച്ചില്ല കേട്ടാ.. മോശായിപ്പോയി "

"ഡേയ്..കരുണാരാ. ..നീ കാര്യം പറയടേ ..തെളിച്ചു പറ ..."

"എന്തരു പറയാന്‍ സാറേ.. അമ്പുജാക്ഷന്‍ സാറ് ഇപ്പം ഓഫീസില്‍ മൊത്തം വെളംബിക്കഴിഞ്ഞു. അയാള്‍ടെ മോള്‍ടെ കല്യാണത്തിന് നിങ്ങള് ഒരു പഴയ പൊതി പുതിയ പേപ്പറില്‍ പൊതിഞ്ഞു കൊടുത്തില്ലേ .അത് പോട്ടെ..പിന്നേം കൊഴപ്പമില്ല. പക്ഷെ അതിന്റെ അകത്ത്.... അയ്യേ ..ശേ മോശമായിപ്പോയ് സാറേ "

"ഡേയ് കരുണാരാ.. നീ പറഞ്ഞു തൊലക്കടെയ് .. പൊതിക്കകത്ത് എന്തരുണ്ടായിരുന്നെന്നാണ് അയാള് പറയണത് ? "

"അയ്യോ സാറേ ..അമ്പുജാക്ഷന്‍ സാര്‍ പറയണത്.. അതിനകത്ത് നെറയെ സിഗരറ്റിന്റെയും ബീഡിയുടെയും കുറ്റിയും, പാന്‍ പരാഗിന്റെ കൂടുകളും, കപ്പലണ്ടി തോടുകളും ഒണ്ടായിരുന്നെന്നാണ് . പിന്നെ വെളിയില്‍ കാണിക്കാന്‍ പറ്റാത്ത തരം പടങ്ങള്‍ ഉള്ള കൊറേ കഥാ പുസ്തകങ്ങളും . സാറും മോളും മരുമോനും ഒക്കെ ഇരുന്നു പൊതികള്‍ അഴിച്ചു നോക്കിയപ്പം കണ്ടതാണ് ഇതെന്നാണ് അയാള്‍ പറയണത്. സാറ് മനപൂര്‍വം ചെയ്ത കാര്യം ആണെന്നാണ്‌ ഇപ്പം പറച്ചില്‍ "

"എന്റെ മുടിപ്പുര ഭഗവതീ .. തൊലച്ചാ .. മാനം പോയല്ലോ. ഞാന്‍ മനസ്സാ ..വാചാ കര്‍മ്മണാ അറിയാത്ത കാര്യം ആണല്ലോ കരുണാരാ ഇത്. പഴയ പൊതി എടുത്തു എന്നത് നേര് തന്നെ. ഉപയോഗിച്ചിട്ടില്ലാത്ത സാധനം അല്ലെ . പക്ഷെ സിഗരറ്റും ബീഡിയും ..ഭഗവതി സത്യം ഞാനല്ല കരുണാരാ "

ഓഫീസില്‍ കാര്യം പാട്ടായി എന്ന് എല്ലാവരുടെയും ചിരി കണ്ടപ്പോള്‍ ശങ്കരേട്ടന് മനസ്സിലായി. പോയ മാനം ഇനി തിരികെ കിട്ടില്ല എന്നും പിടി കിട്ടി. തിരികെ വീട്ടില്‍ വന്നു വത്സല ചേച്ചിയോട് കാര്യം പറഞ്ഞപ്പോഴാണ് ചേച്ചി പറഞ്ഞത്.

"അയ്യോ ചേട്ടാ.. നാത്തൂന്റെ മോന്‍ ബിജുക്കുട്ടന്‍ അവധിക്കു രണ്ടു മാസം ഇവിടെ ഉണ്ടായിരുന്നപ്പം മോളിലത്തെ മുറിയിലല്ലേ കെടന്നിരുന്നത്. ഇനി അവന്‍ വല്ലതും ആയിരിക്കുമോ ഈ പണി ചെയ്തത്. ?"

ശങ്കരേട്ടന്‍ ഒന്നാലോചിച്ചു. ശരിയാവാന്‍ സാധ്യത വളരെ ഏറെയാണ്‌ എന്നും തോന്നി. അവന്‍ പത്താം ക്ലാസ് കഴിഞ്ഞുള്ള അവധിക്കു വീട്ടില്‍ വന്നു നിന്ന സമയം. ഒരിക്കല്‍ ആ മുറിയില്‍ കയറി നോക്കിയപ്പോള്‍ ഒരു ബീഡിപ്പുക യുടെ നാറ്റം തോന്നിയിരുന്നു. അന്ന് ശങ്കരേട്ടന്‍ ജനലിന്റെ അടുത്തും വെളിയിലും ഒക്കെ ബീഡിക്കുറ്റി വല്ലതും ഉണ്ടോ എന്ന് വിശദമായി നോക്കിയായിരുന്നു. പക്ഷെ ഒന്നും കിട്ടിയില്ല. പാവം ചെക്കനെ സംശയിച്ചു എന്ന് സ്വയം പഴി പറഞ്ഞാണ് അന്ന് ശങ്കരേട്ടന്‍ താഴേക്കു വന്നത്.

"എടാ ബിജുക്കുട്ടാ ..ഭയങ്കരാ.. നീ നിന്റെ മാമാനിട്ടു തന്നെ പണിഞ്ഞല്ലോടാ. "

അങ്ങനെ പറയാനല്ലാതെ ശങ്കരേട്ടന്‍ പിന്നെ എന്തോന്ന് ചെയ്യാന്‍

കുറെ നാളുകള്‍ക്കു ശേഷം അടുത്ത കല്യാണം വിളി വന്നപ്പോള്‍ ശങ്കരേട്ടന്‍ ചേച്ചിയോട് പറഞ്ഞു..

"പൊതി എടുക്കുന്നതൊക്കെ കൊള്ളാം. ഒന്ന് തൊറന്നു നോക്കണേ .ഒന്നാമതെ മാനം പോയി ഇരിക്കയാണ്. ഇത് വരെ ബീടിക്കുറ്റിയും വേണ്ടാത്ത പടങ്ങളും ആണ് കിട്ടിയത്. ഇനി അതിലും വലുത് വല്ലോം ഉണ്ടോന്നു നോക്കീട്ടു എടുത്തു പൊതിഞ്ഞാ മതി കേട്ടോ. "




ജോസ്
ബാംഗ്ലൂര്‍
28 മെയ്‌ - 2011


Protected by Copyscape Web Copyright Protection Software

2011, മേയ് 7

ദക്ഷിണ ..


ദേവുട്ടി മാമി മരിച്ചു. ആരും ആഗ്രഹിക്കുന്ന തരത്തിലെ സുഖ മരണം.ബാക്കി വയ്ക്കാന്‍ ആഗ്രഹങ്ങള്‍ ഒന്നും ഇല്ല. മക്കള്‍ ഒക്കെ നല്ല നിലയില്‍ . അവരുടെ ഒക്കെ കൊച്ചു മക്കളെയും കണ്ടു. അവരുടെ കല്യാണവും കണ്ടു. സ്നേഹം കൊണ്ട് പൊതിയാനും പരിചരിക്കാനുമായി മക്കളും കൊച്ചു മക്കളും അടക്കം കുറെ ഏറെ ആളുകള്‍ ദേവുട്ടി മാമിയുടെ അരികില്‍ ഉണ്ടായിരുന്നു. അവരെ വേവലാതിപ്പെടുത്താന്‍ പ്രായതിന്റെതായ യാതൊരു അസുഖങ്ങളും ഇല്ലായിരുന്നു. എന്നിട്ടും പെട്ടന്നൊരു നാള്‍, എഴുപതാമത്തെ വയസ്സില്‍ ദേവുട്ടി മാമിയുടെ ഹൃദയം നിന്നു. സ്നേഹം തുളുമ്പിയിരുന്ന ആ കണ്ണുകള്‍ എന്നെന്നേക്കുമായി അടഞ്ഞു. മരണത്തില്‍ എല്ലാവരും സങ്കടപ്പെട്ടു.. ഒപ്പം സന്തോഷവും. സ്നേഹമതിയായ ഒരു അമ്മയെ നഷ്ടപ്പെട്ടതില്‍ ഉള്ള സങ്കടം...ഒപ്പം അല്ലലുകള്‍ ഇല്ലാതെ രോഗങ്ങള്‍ ഒന്നും വന്നു കിടക്കാതെ, ആഗ്രഹങ്ങള്‍ ഒക്കെ സഫലീകരിച്ച ശേഷം ഉള്ള നല്ല സ്വര്‍ഗ വാസം അവര്‍ക്ക് കിട്ടിയതില്‍ ഉള്ള സന്തോഷം.

ശ്മശാനത്തില്‍ ഞാനും പോയി. ദേവുട്ടി മാമിയുടെ ചിത എരിയുമ്പോള്‍ എന്റെ മനസ്സിന്റെ കോണില്‍ ഒരു ചെറിയ ദുഃഖം ഉടലിട്ടു. അതിന്റെ കാരണം പറയാന്‍ കുറച്ചു വര്‍ഷങ്ങള്‍ പുറകോട്ടു പോകണം.

ദേവുട്ടി മാമി ഞങ്ങളുടെ അയല്‍ക്കാരി ആയിരുന്നു. രക്ത ബന്ധം ഇല്ലെങ്കിലും , എന്നെയും കുടുംബത്തെയും വളരെ ഏറെ സ്നേഹിച്ചിരുന്ന ഒരാളായിരുന്നു ദേവുട്ടി മാമി. വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു അവര്‍ . പത്താം ക്ലാസ്സും പ്രി ഡിഗ്രിയും ഒക്കെ ഞാന്‍ നല്ല നിലയില്‍ പാസ്സായപ്പോള്‍ , എന്നെ കെട്ടിപ്പിടിച്ചു ഉമ്മ തന്നതോടൊപ്പം, നൂറിന്റെ നോട്ടും കയ്യില്‍ വച്ച് തന്നിട്ടുണ്ട്. "മാമിയുടെ സന്തോഷത്തിനു ഇപ്പോള്‍ ഇതേ ഉള്ളൂ മോനെ " എന്നും പറഞ്ഞ്. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം മെഡിക്കല്‍ കോളേജില്‍ ആദ്യമായി ജോലിക്ക് കയറിയ ദിവസം മാമി വീട്ടില്‍ വന്നിരുന്നു. കെട്ടിപ്പിടിച്ചു ഉമ്മ തന്ന ശേഷം പതിവ് പോലെ നൂറിന്റെ നോട്ടു കയ്യില്‍ തിരുകി തന്നപ്പോള്‍ ഞാന്‍ കളിയായി പറഞ്ഞു.

"മാമി ..ഇതെന്തോന്ന്... ഇപ്പൊ നൂറു രൂപയ്ക്ക് നാരങ്ങാ മുട്ടായി പോലും കിട്ടൂല്ല ."

അതിനു പകരം ഒരു ചെറു ചിരിയോടെ എനിക്കിട്ടു തലയില്‍ ഒരു കിഴുക്ക്‌ തന്ന ശേഷം മാമി പറഞ്ഞു..

"ചെക്കാ.. വേണേല്‍ വാങ്ങിയാല്‍ മതി കേട്ടോ. നീ എനിക്കിപ്പോഴും പഴയ കുഞ്ഞാപ്പു തന്നെയാ. കുഞ്ഞുങ്ങള്‍ക്ക്‌ നൂറു രൂപ ധാരാളം. "

അന്ന് സ്റ്റെതസ്കോപ് എടുത്തു ദേവുട്ടി മാമിയുടെ നെഞ്ചില്‍ വച്ച് ചുമ്മാ ഒരു പരിശോധന നടത്തിയ ശേഷം ഞാന്‍ പറഞ്ഞു.

"മാമി...ഒന്ന് കൊണ്ട് പേടിക്കേണ്ട..വണ്ടി കണ്ടീഷന്‍ തന്നെ. "

അതിനും മറുപടി ആയി ചിരിച്ചുകൊണ്ട് മാമി പറഞ്ഞു..

"മോനെ ഡാ.. ഞാന്‍ വല്ല അസുഖവും വന്നു നിന്റെ അടുത്ത് വന്നാല്‍, ഓ. പി ടിക്കറ്റിനുള്ള ക്യൂവില്‍ നിര്‍ത്താതെ എന്നെ ചികില്സിക്കുമോ നീയ്.. അതും ഫ്രീ ആയി.."

" പിന്നെന്താ മാമി...അതൊക്കെ പ്രത്യേകം ചോദിക്കണോ " . ഞാന്‍ പറഞ്ഞു.

ദൈവം കനിഞ്ഞു എനിക്ക് അങ്ങനെ ഒരു വാക്ക് പാലിക്കേണ്ട അവസരം വന്നില്ല. മരണം വരെ മാമി ആശുപത്രിയുടെ പടി കാണാതെ തന്നെ ജീവിച്ചു. പിന്നൊരിക്കല്‍ എന്റെ കല്യാണ ആലോചനകള്‍ ഒക്കെ തകൃതിയായി നടന്ന ഒരു സമയത്ത് മാമി വീട്ടില്‍ വന്നു. അന്ന് അവര്‍ എന്നോട് ചോദിച്ചു..

" മോനെ..ഡാ..കുഞ്ഞാപ്പൂ.. നിന്റെ കല്യാണത്തിന് ആദ്യത്തെ ദക്ഷിണ എനിക്ക് തന്നെ തര്വോ നീയ് ? "

"പിന്നെന്താ മാമി.. മാമിക്ക് തന്നിട്ടേ ഞാന്‍ പിന്നെ ആര്‍ക്കെങ്കിലും കൊടുക്കൂ. ". അന്ന് ഞാന്‍ അവര്‍ക്ക് വാക്ക് കൊടുത്തു.. വെള്ളത്തില്‍ വരച്ച ഒരു വര പോലെ. ..പാലിക്കാന്‍ കഴിയാതെ പോയ ഒരു വാക്ക്.

നാളുകള്‍ കഴിഞ്ഞു എന്റെ കല്യാണ ദിനം വന്നു. കല്യാണ ചെക്കന്‍ ആയതിന്റെ സന്തോഷം എനിക്കുണ്ട്. കാര്യങ്ങള്‍ മംഗള കരമായി നടത്താനുള്ള ടെന്‍ഷന്‍ വീട്ടുകാര്‍ക്ക്. വീട്ടില്‍ ആകെ തിക്കും തിരക്കും. ആരു വരുന്നു ആര് പോകുന്നു എന്നൊക്കെ നേരെ ചൊവ്വേ ശ്രദ്ധിക്കാനും എനിക്ക് പറ്റിയില്ല. അന്നത്തെ ദിവസം എങ്ങനേലും ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞു കിട്ടിയിരുന്നെങ്കില്‍ എന്നായിരുന്നു ആഗ്രഹിച്ചത്‌. അത്രയ്ക്ക് തിരക്ക് പിടിച്ച ദിവസം അല്ലെ കല്യാണ ദിവസം.

"രാഹു കാലം കഴിഞ്ഞു എത്ര നേരമായി. മുഹൂര്‍ത്തം തുടങ്ങും മുന്‍പേ മണ്ഡപത്തില്‍ എത്തണം. ദക്ഷിണ കൊടുക്കല്‍ ചടങ്ങുകള്‍ തുടങ്ങാല്‍ എന്തെ താമസം രാഘവാ? "

അച്ഛന്റെ വഴിയിലെ തല മൂത്ത ഒരു അമ്മാവന്‍ അച്ഛനോട് ഒന്ന് ചൂടായി ചോദിച്ചു. പിന്നെ ചട പാടെന്നു ദക്ഷിണ കൊടുക്കുന്ന ചടങ്ങുകള്‍ തുടങ്ങി. മുതിര്‍ന്നവര്‍ വെറ്റിലയും പാക്കും ഒരു രൂപ നാണയവും എടുത്തു കയ്യില്‍ തന്നു. പിന്നെ കൊടുക്കാന്‍ പറഞ്ഞവര്‍ക്കൊക്കെ കൊടുത്തു. ആര്‍ക്കൊക്കെ കൊടുത്തു എന്നൊന്ന് ഓര്‍മ്മയില്ല. തൊഴു കൈയോടെ ദക്ഷിണ നല്‍കിയ ശേഷം ശിരസ്സ്‌ കുനിച്ചു അനുഗ്രഹം വാങ്ങുന്നതിനിടെ ആരുടേയും മുഖം നേരെ നോക്കാനും പറ്റിയില്ല.

വീഡിയോ ക്യാമറക്കാരും, ഫോട്ടോഗ്രാഫര്‍മാരും ഒക്കെ വഴി തടഞ്ഞു നിന്ന ആ ചടങ്ങില്‍ ദേവുട്ടി മാമിക്ക് ദക്ഷിണ കൊടുക്കാന്‍ ഞാനുള്‍പ്പെടെ ആരും ഓര്‍ത്തില്ല. എല്ലാവര്ക്കും തിരക്കല്ലായിരുന്നോ. കല്യാണം കഴിഞ്ഞു ഒരാഴ്ച ശേഷം കല്യാണ ആല്‍ബവും മറ്റും നോക്കി ഇരിക്കവേ , ദക്ഷിണ നല്‍കുന്ന ചടങ്ങില്‍ ദേവുട്ടി മാമി ഇല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വിഡിയോ നോക്കിയപ്പോള്‍ അതിലും ഇല്ല. മനസ്സാകെ സങ്കടം ആയി. പാവത്തിന് ഞാന്‍ വാക്ക് കൊടുത്തതല്ലേ. ആദ്യം ദക്ഷിണ കൊടുക്കാം എന്ന് വാക്ക് കൊടുത്തിട്ട്, ദക്ഷിണ വാങ്ങാന്‍ ഒന്ന് വിളിക്കുക പോലും ചെയ്തില്ല ഞാന്‍. അത് വീട്ടില്‍ പറഞ്ഞപ്പോള്‍ ഒരു അമ്മാവന്‍ പറഞ്ഞു.

" ഓ. അതത്ര കാര്യമാകണ്ട.. കല്യാണ തിരക്കില്‍ ഇതൊക്കെ സംഭവിക്കും. "

ആ പറഞ്ഞ അമ്മാവന് ഒരു പക്ഷെ ഞാന്‍ ദക്ഷിണ കൊടുത്തില്ലയിരുന്നെങ്കില്‍ കാണാമായിരുന്നു പുകില്. ഒരു ബന്ധുവിന്റെ കല്യാണത്തിന് പുതിയ മുണ്ട് എടുത്തു കൊടുത്തില്ല എന്നും പറഞ്ഞു അമ്മാവന്‍ വഴക്കുണ്ടാക്കിയത്‌ എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്.

പിറ്റേന്ന് തന്നെ ഞാനും ഭാര്യ നിമിഷയും കൂടി ദേവുട്ടി മാമിയുടെ വീട്ടില്‍ പോയി. വിരുന്നിനു പോയതല്ല..അല്ലാതെ തന്നെ മാമിയെ കാണാന്‍. എല്ലാ തവണത്തെയും പോലെ സന്തോഷത്തോടെ ദേവുട്ടി മാമി ഞങ്ങളെ സ്വീകരിച്ചു. വലതു കാല്‍ വെച്ച് നിമിഷയോടു വീട്ടില്‍ കയറാന്‍ പറഞ്ഞു. പിന്നെ കുറെ നേരം ഞങ്ങളോട് കുശലം പറഞ്ഞു. ആ ചിരിയുടെ പുറകില്‍ ഒരു പരിഭവത്തിന്റെ ലാഞ്ചന ഉണ്ടായിരുന്നോ എന്ന് ഞാന്‍ ശങ്കിച്ചു. മാമി ഞങ്ങളോട് അവിടുള്ള ആഹാരത്തിന്റെ പങ്കു കഴിക്കാന്‍ പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ഞങ്ങള്‍ സമ്മതിച്ചു.

ഊണ് കഴിഞ്ഞു കൈ കഴുകാന്‍ പോയപ്പോള്‍ മാമി ഒരു തോര്‍ത്തു എടുത്തുകൊണ്ടു വന്നു. ഞാന്‍ പക്ഷെ അത് വാങ്ങാതെ , മാമിയുടെ കുഞ്ഞാപ്പു ആയി മാറി, ആ പഴയ സ്വാതന്ത്ര്യം എടുത്ത്, മാമിയുടെ സാരിത്തലപ്പില്‍ കൈ തുടച്ചു. ഉടനെ തന്നെ സ്നേഹപൂര്‍വ്വം ഒരു തല്ലും കിട്ടി.

" കല്യാണം കഴിച്ച ചെക്കനാ. ഇപ്പോഴും കുട്ടിയാണെന്നാ ഭാവം. വല്ല വീട്ടിലും ചെന്ന് ഇങ്ങനെ ചെയ്യല്ലേ മോനെ "

അന്നേരം ഞാന്‍ മാമിയെ കെട്ടിപ്പിടിച്ചു പറഞ്ഞു..

" മാമി ..കല്യാണ ദിവസം ദക്ഷിണ തരാന്‍ ഞാന്‍ മറന്നു പോയി. അന്നത്തെ തിരക്കില്‍ പറ്റിയതാണേ. മാമി വേറൊന്നും വിചാരിക്കരുത്. എന്നോട് ദേഷ്യവും തോന്നരുത് "

അവരുടെ കണ്ണുകള്‍ നനയുന്നത് ഞാന്‍ കണ്ടു. ആ കണ്ണീരിലും കെട്ടിപ്പിടുത്തത്തിലും പരിഭവങ്ങള്‍ ഇല്ലാതായി..തെറ്റുകള്‍ പൊറുക്കപ്പെട്ടു. കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം ഞാന്‍ മാമിയോടു പറഞ്ഞു.

" മാമി.. ഞാന്‍ ചെയ്തത് ഒരു തെറ്റായി തന്നെ എനിക്ക് തോന്നുന്നു. പക്ഷെ.. ദക്ഷിണ വാങ്ങുക എന്നത് മാമിയുടെ അവകാശം അല്ലായിരുന്നോ ? ചോദിച്ചു വാങ്ങിക്കൂടായിരുന്നോ ..ഞാന്‍ മറന്നെങ്കിലും ? "

മറുപടിയായി മാമി ഒന്നും പറഞ്ഞില്ല. വീണ്ടും ഒരു ആലിംഗനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതങ്ങനെ ആണ്..സ്നേഹ ബന്ധങ്ങള്‍ക്ക് മുന്‍പില്‍ ചിലപ്പോള്‍ വാക്കുകള്‍ക്കു പ്രസക്തി ഇല്ലാതാവും. ഒരു സ്പര്‍ശം..ഒരു നോട്ടം ഇതൊക്കെ മതിയാവും മനസ്സുകള്‍ക്ക് പറയാന്‍ ഉള്ളത് പറയാന്‍.

ചിത കത്തി എരിഞ്ഞ ശേഷം ഞാന്‍ വീട്ടിലേക്കു മടങ്ങവേ , ആ ചിതയിലേക്ക് നോക്കി ഞാന്‍ ഒന്ന് കൂടി പറഞ്ഞു...

"ദേവുട്ടി മാമി.. പൊറുക്കണം."

വാല്‍ കഷ്ണം : അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ എന്റെ ഒരു ബന്ധു എന്നോട് പറഞ്ഞു.. " ജോസുട്ടാ ..മോനെ ..നിന്റെ കല്യാണത്തിന് നിന്റെ കയ്യില്‍ നിന്നും ഒരു ദക്ഷിണ വാങ്ങണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അത് എന്റെ അവകാശം ആയിരുന്നു. ഞാന്‍ വന്നാപ്പോള്‍ താമസിച്ചു പോയി. ". ആ പറഞ്ഞ വാക്കുകള്‍ എന്റെ മനസ്സില്‍ കിടന്നു. അതില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ കഥ.


ജോസ്
ബാംഗ്ലൂര്‍
8 മെയ്‌ . ൨൦൧൧

Protected by Copyscape Web Copyright Protection Software

2011, മേയ് 1

ജോസ് .. ഈസ്‌ യുവര്‍ ഹാര്‍ട്ട് ഓക്കേ ?

വളരെ കുറഞ്ഞ നിരക്കില്‍ ഹൃദയം നേരായി ഓടുന്നുണ്ടോ എന്ന് പരിശോധിക്കാം എന്നുള്ള പരസ്യം ( ഒരു വമ്പന്‍ ആശുപത്രിയുടെ ) കണ്ടപ്പോഴാണ് പഴയ കുറെ കാര്യങ്ങള്‍ ഓര്‍മ്മ വന്നത്. അതാവട്ടെ ഇന്നത്തെ ബ്ലോഗില്‍. മറക്കാന്‍ ശ്രമിച്ചാലും മറക്കാന്‍ പറ്റാത്ത കാര്യമല്ലേ അത്.

വര്‍ഷം 1996 .. ഹിമാലയ സാനുക്കളുടെ കാല്‍ച്ചുവട്ടില്‍ കിടക്കുന്ന റൂര്‍ക്കിയില്‍ ഉള്ള (ഇപ്പോഴത്തെ ഉത്തരാഞ്ചല്‍ സംസ്ഥാനം ) IIT യില്‍ ജിയോളജിയില്‍ ഉപരിപഠനം നടത്താന്‍ ഞാന്‍ പോയ സമയം. പുതിയ കാലാവസ്ഥയും, പുതിയ ഭക്ഷണ ക്രമങ്ങളും ഒക്കെ ആയി ഒന്ന് പൊരുത്തപ്പെട്ടു വരുന്ന സമയം. വര്‍ഷാവസാന പരീക്ഷക്കായി എല്ലാവരും തകൃതിയായി പഠിക്കുകയായിരുന്നു.. കൂട്ടത്തില്‍ ഞാനും.

ഒരു രാത്രി.. ഏകദേശം രണ്ടു മണി ആയപ്പോള്‍ മുതല്‍ എനിക്ക് കലശലായ നെഞ്ചു വേദന തുടങ്ങി . കുറച്ചു കഴിഞ്ഞു മാറിക്കോളും എന്ന് കരുതി ഉറങ്ങാന്‍ നോക്കിയെങ്കിലും പറ്റിയില്ല. നെഞ്ചു വേദന കൂടിയതെ ഉള്ളൂ. സഹ മുറിയന്‍ അനില്‍ ചെറിയാന്‍ നല്ല പൂണ്ട ഉറക്കത്തിലും. തിരിഞ്ഞും മറിഞ്ഞും, നെഞ്ചു തിരുമ്മിയും ഞാന്‍ കിടന്നു. സമയം മൂന്നും, നാലും, അഞ്ചും ഒക്കെ ആവുന്നത് ഞാന്‍ നോക്കിയിരുന്നു. നേരം പുലരാറായപ്പോള്‍ , ഇനിയും വൈകാതെ ആശുപത്രിയില്‍ പോകുന്നതാണ് ബുദ്ധി എന്ന് തോന്നി. സഹമുറിയനെ ഉണര്‍ത്താതെ ഞാന്‍ പതിയെ ഹോസ്റല്‍ മുറിക്കു പുറത്തേയ്ക്കിറങ്ങി.

അതി രാവിലെ ആയതിനാല്‍ വഴിയില്‍ ഒരു സൈക്കിള്‍ റിക്ഷ പോലും ഇല്ല. ആശുപത്രി വരെ ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരം ഉണ്ട്. ഞാന്‍ പതിയെ നടന്നു. അപ്പോഴേക്കും നെഞ്ചില്‍ കുത്തിപ്പിടിക്കുന്ന തരം വേദന തുടങ്ങി. ഒടുക്കം ഒട്ടും നടക്കാന്‍ ആവാതെ വഴിയരികിലെ ഒരു മൈല്‍ക്കുറ്റിയില്‍ ഞാന്‍ ഇരുന്നു. കുറച്ചു കഴിഞ്ഞു ദൈവം കനിഞ്ഞു ഒരു സൈക്കിള്‍ റിക്ഷാ അത് വഴി വന്നു. പിന്നെ അതില്‍ കയറി നേരെ യുണിവേഴ്സിറ്റി വക ആശുപത്രിയിലേക്ക് ഞാന്‍ ചെന്നു.

രാവിലെ ആയതിനാല്‍ അധികം തിരക്കില്ലായിരുന്നു. പാലക്കാട് നിന്നുള്ള ഒരു തമിള്‍ അമ്മ ആയിരുന്നു അവിടത്തെ മുഖ്യ ഡോക്ടര്‍ . നെഞ്ചു വേദന ആണെന്ന് പറഞ്ഞപ്പോള്‍ എന്നോട് ഇ. സി. ജി എടുക്കാന്‍ പറഞ്ഞു. അധികം താമസിയാതെ ഇ. സി. ജി എടുത്തു ഡോക്ടറെ കാണിച്ചു. അവര്‍ ഉടനെ എന്നോട് വേറൊരു ഡോക്ടറെ കാണാന്‍ പറഞ്ഞു..ഒരു കാര്‍ഡിയോള ജിസ്ടിനെ . ഞാന്‍ ആ ഡോക്ടറെ കാണാന്‍ റൂമില്‍ ചെന്നതും..എന്നോട് ആ ഡോക്ടര്‍ ഇരിക്കാന്‍ പറഞ്ഞു. എന്റെ ഇ. സി. ജി ഡോക്ടറുടെ കയ്യില്‍ ഇരിക്കുന്നത് കണ്ടു. പുള്ളിക്കാരന്‍ പെട്ടെന്ന് എന്നോട് ഒരു ചോദ്യം ചോദിച്ചു..

വീട്ടില്‍ ആര്‍ക്കെങ്കിലും ഹാര്‍ട്ട് അറ്റാക്ക് വന്നിട്ടുണ്ടോ?

"ഉവ്വ് സാര്‍ ..എന്റെ അപ്പച്ചന്‍ മരിച്ചത് ഹാര്‍ട്ട് അറ്റാക്ക് വന്നിട്ടാണ്. "

പുള്ളിക്കാരന്‍ എന്റെ ഇ.സി. ജി വീണ്ടും കുറെ നേരം നോക്കിയിട്ട് പറഞ്ഞു.

" ഇത് ഒരു ചെറിയ അറ്റാക്ക് ആണ്. എത്രയും വേഗം അഡ്മിറ്റ്‌ ആവണം. താമസം വേണ്ട. എന്റെ ഹോസ്പിറ്റല്‍ ഇവിടെ അടുത്താണ്. "

അതും പറഞ്ഞു പുള്ളിക്കാരന്‍ ഒരു വിസിറ്റിംഗ് കാര്‍ഡ് എന്റെ പോക്കറ്റില്‍ ഇട്ടു. ഞാനാവട്ടെ കേട്ടത് വിശ്വസിക്കാനാവാതെ ഷോക്കേറ്റു കാറ്റുപോയ പോലെ അവിടെ ഇരുന്നു.

"കര്‍ത്താവേ ജീവിതം തുടങ്ങിയതെ ഉള്ളൂ. എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഉണ്ട്. പഠിക്കാനായി വാങ്ങിയ കടം തീര്‍ക്കണ്ടേ? ഓലപ്പുര മാറ്റി ഒരു നല്ല വീട് പണിയണ്ടേ. അങ്ങനെ കുറെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ ഉണ്ട്. അതൊക്കെ സാക്ഷാല്‍ക്കരിക്കും മുന്‍പേ അറ്റാക്ക് വന്നു ചാവാനോ? പിച്ച വച്ച് നടക്കും മുന്‍പേ ചീട്ടു കീറുകയാണോ കര്‍ത്താവേ?


ഞാന്‍ നേരെ തമിള്‍ ഡോക്ട അമ്മയുടെ അടുത്ത് പോയി. അപ്പോഴേക്കും മറ്റേ ഡോക്ടര്‍ കാര്യങ്ങള്‍ അവിടെ അവതരിപ്പിച്ചിരുന്നു. ഡോക്ടര്‍ അമ്മ എന്നോട് ചോദിച്ചു.

"പേടി ഉണ്ടോ? "

പേടി കൊണ്ട് , എന്റെ മെടുല്ല ഒബ്ലാങ്ങട്ട ഫ്യൂസ് ആയിരുന്നു എങ്കിലും , ഞാന്‍ ധൈര്യം സംഭരിച്ചു..വിക്കി വിക്കി പറഞ്ഞു..

"ഇല്ല മാഡം "

"ജോസിന്റെ വീട്ടില്‍ ആരെയെങ്കിലും അറിയിക്കണമല്ലോ. ആരെയാ ഞാന്‍ വിളിക്കണ്ടേ? "

അന്നൊന്നും എന്റെ വീട്ടില്‍ ഫോണില്ല. ആകെ ഫോണ കണക്ഷന്‍ ഉള്ളത് എന്റെ അമ്മാച്ചന്റെ വീട്ടില്‍ ആണ് ( അമ്മയുടെ മൂത്ത ചേട്ടന്‍) .

"മാഡം.. വീട്ടില്‍ ഫോണില്ല. എന്റെ അങ്കിളിന്റെ വീട്ടില്‍ ഫോണ്‍ ഉണ്ട്. അവിടെയ്ക്ക് വിളിക്കാം ".

ഞാന്‍ നമ്പര്‍ പറഞ്ഞു..ഡോക്ട അമ്മ അത് ഡയല്‍ ചെയ്തു. ഫോണിന്റെ അങ്ങേ തലയ്ക്കല്‍ അമ്മാച്ചന്റെ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു..

" അമ്മാച്ചാ..ഇത് ഞാനാ.. ജോസൂട്ടന്‍ ..രൂര്‍ക്കീന്ന്. ഇന്ന് രാവിലെ നെഞ്ചു വേദന എടുത്ത് ഇവിടെ ആശുപത്രിയില്‍ വന്നപ്പോള്‍ ഇവിടുത്തെ ഡോക്ടര്‍ പറഞ്ഞു എനിക്ക് അറ്റാക്ക് ആണെന്ന്."

ഇത്രയും പറഞ്ഞതെ എനിക്ക് ഓര്‍മ്മയുള്ളൂ. അപ്പോഴേക്കും ഞാന്‍ ഒന്ന് കുഴഞ്ഞു വീണു. പേടി കാരണമാണോ അതോ രക്ത സമ്മര്‍ദം കുറഞ്ഞതോ..അറിയില്ല. പക്ഷെ ഡോക്ടര്‍ അമ്മ ഉടനെ എന്നെ ഒരു സ്ട്രെച്ചര്‍ വിളിപ്പിച്ചു , അതില്‍ കിടത്തി ഏതോ റൂമിലേക്ക് കൊണ്ട് പോയി. പിന്നെ ഒരു ദിവസം കഴിഞ്ഞാണ് എനിക്ക് ഓര്‍മ്മ വരുന്നത്. അത് വരെ ഓര്‍മ്മ ഇടയ്ക്കിടെ വരും..പോകും . അപ്പോഴൊക്കെ അവ്യക്തമായി എന്തൊക്കെയോ കാഴ്ചകള്‍ കാണും. കുറെ ആളുകളെയും, കുറെ ശബ്ദങ്ങളും ഒക്കെ അവ്യക്തമായി കാണുകയും കേള്‍ക്കുകയും ചെയ്തു. പിറ്റേന്ന് നേരെ ബോധം തെളിഞ്ഞപ്പോള്‍ , നാട്ടിലുള്ള എന്റെ മൂത്ത ചേട്ടന്‍ എന്നോടൊപ്പം ആശുപത്രി മുറിയില്‍ ഉണ്ട്. കൂടെ യുനിവേഴ്സിട്ടിയിലെ കുറെ സുഹൃത്തുക്കളും.

പിന്നീടാണ് കാര്യം എത്ര സീരിയസ് ആയി എന്നത് അറിഞ്ഞത്. യുനിവെസിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിക്ക് 'ഹാര്‍ട്ട് അറ്റാക്ക്' വന്ന കാര്യം ചൂട് വാര്‍ത്ത ആയി അവിടെ പരന്നു. പിന്നെ ഡീനും, വൈസ് ചാന്സലരും , അദ്ധ്യാപകരും , കൂട്ടുകാരും ഒക്കെ റൂമിലേക്ക്‌ വന്നു തുടങ്ങി. എനിക്ക് മരുന്നും, ഇഞ്ജക്ഷനും എന്നുവേണ്ട കുറെ ഏറെ സാധനങ്ങളും. അപ്പോഴും എനിക്ക് വിശ്വസിക്കാനേ പറ്റിയില്ല.. ഞാന്‍ ഹാര്‍ട്ട് അറ്റാക്ക് വന്നു ആശുപത്രിയില്‍ കിടക്കുക ആണ് എന്ന്. എന്ത് ചെയ്യാം വിശ്വസിച്ചല്ലേ പറ്റൂ.

മുന്‍പോട്ടുള്ള കാര്യങ്ങള്‍ പറയും മുന്‍പേ ..ഒരു ദിവസത്തെ ഫ്ലാഷ് ബാക്ക്. ..( പിന്നെ വീട്ടില്‍ ചെന്നപ്പോള്‍ ചേച്ചിമാര്‍ പറഞ്ഞു അറിഞ്ഞത് ) . ഞാന്‍ അമ്മാച്ചനെ ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞ ശേഷം ഡോക്ടര്‍ അമ്മ കാര്യങ്ങള്‍ വിശദമായി അമ്മാച്ചനോട് പറഞ്ഞു. അമ്മാച്ചന്‍ ഉടനെ എന്റെ മൂത്ത ചേട്ടന്റെ ഓഫീസില്‍ വിളിച്ചു ആരോടോ കാര്യങ്ങള്‍ പറഞ്ഞു. അല്ലാതെ ചേട്ടനെ അറിയിക്കാന്‍ വേറെ മാര്‍ഗം ഇല്ല. ഇതൊന്നും അറിയാതെ ചേട്ടന്‍ എന്നത്തെയും പോലെ വീട്ടില്‍ നിന്ന് ഓഫിസിലേക്കു വരുന്നു. അപ്പോഴേക്കും ഓഫിസിലെ നല്ലവരായ സഹപ്രവര്‍ത്തകര്‍ എവിടുന്നോ, ഡല്‍ഹിയിലേക്കു ഒരു വിമാന ടിക്കറ്റ് സംഘടിപ്പിച്ചു.. പിന്നെ ആരുടെയൊക്കെയോ സ്യൂട്കെസും കുറെ ഷര്‍ട്ടുകളും ഒക്കെ ശരിയാക്കിയ ശേഷം ചേട്ടനോട് പറഞ്ഞു..

" അനിയന് സുഖമില്ല എന്ന് പറഞ്ഞു ഫോണ്‍ വന്നു. എത്രയും പെട്ടന്ന് റൂര്‍ക്കിയില്‍ ചെല്ലണം. ടിക്കറ്റൊക്കെ ഞങ്ങള്‍ ശരിയാക്കിയിട്ടുണ്ട്. "

ബോംബ്‌ പൊട്ടിയ പോലെ ഉള്ള വാര്‍ത്ത കേട്ടു ഞെട്ടിയ ചേട്ടന് പിന്നെ പകച്ചു നില്‍ക്കാന്‍ പോലും സമയം ഇല്ലായിരുന്നു. പാവം ചേട്ടന്‍.. ഉരുകുന്ന മനസ്സോടെ ഡല്‍ഹിയില്‍ എത്തി..അവിടുന്ന് അഞ്ചു മണിക്കൂര്‍ ബസ് യാത്ര ചെയ്തു..രൂര്‍ക്കിയിലും എത്തി. (ചേട്ടന്റെ ആദ്യ വിമാന യാത്ര അങ്ങനെ ആയിരുന്നു ) .

അമ്മച്ചിയോട്‌ കാര്യം ഇത്ര ഗൌരവമായി ആരും പറഞ്ഞില്ല. എനിക്ക് മഞ്ഞപ്പിത്തം വന്നു. വേറെ പ്രശനം ഒന്നും ഇല്ല എന്നൊക്കെ കള്ളം പറഞ്ഞാണ് ചേട്ടനെ ഡല്‍ഹിയില്‍ പറഞ്ഞയച്ചത്.

ചേട്ടന്‍ റൂര്‍ക്കിയില്‍ വന്ന ശേഷം, കാര്യങ്ങള്‍ ഒക്കെ ഏറ്റെടുത്തു. എന്നെ യുണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നിന്നും മാറ്റി വേറൊരു ഹോസ്പിറ്റലില്‍ ആക്കി. പിന്നെ കുറെ നാള്‍ ഒരു 'വല്ലാത്ത പരിചരണം ' ആയിരുന്നു എനിക്ക് കിട്ടിയത്. ഹോസ്ടളില്‍ നിന്നും പൊടിയരിക്കഞ്ഞി അവിടെയ്ക്ക് കൊണ്ട് വരും. ചിലപ്പോള്‍ ഒരു കൂട്ടുകാരിയോ, സീനിയര്‍ കൂടുകാരോ ചേട്ടനോ , കഞ്ഞി വാരിത്തരും.. കഞ്ഞി കുടിക്കാന്‍ പോലും ഞാന്‍ പ്രയാസപ്പെടണ്ട എന്നോര്‍ത്തിട്ടാണ്. കുളിപ്പിക്കുന്നത് പോലും ചേട്ടന്‍. വേണ്ടാ വേണ്ടാ എന്ന് പറഞ്ഞാല്‍ കേള്‍ക്കണ്ടേ..

" വെള്ളം കോരി ആവശ്യമില്ലാതെ നെഞ്ചില്‍ സമ്മര്‍ദ്ദം കൊടുക്കണ്ട.. ". ഇതാവും മറുപടി

കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് സംഗതി അത്ര പന്തി അല്ല എന്ന് തോന്നി.. ഒരു തരം വീട്ടു തടങ്കല്‍ പോലെ ആ സമയം എനിക്ക് അനുഭവപ്പെടാന്‍ തുടങ്ങി. രണ്ടാഴ്ചത്തെ ഹോസ്പിറ്റല്‍ വാസം കഴിഞു റൂമില്‍ തിരികെ എത്തിയപ്പോള്‍ സംഗതി വീണ്ടും കുഴഞ്ഞു...

എന്നൊക്കൊണ്ട് പടി കയറാന്‍ ആരും സമ്മതിക്കില്ല. അഥവാ എപ്പോഴെങ്കിലും അതിനൊന്നു തുനിയുന്നത് ആരെങ്കിലും കണ്ടാല്‍..തലയ്ക്കിട്ടു കൊട്ട് കിട്ടും. പിന്നെ രാവിലെ രാവിലെ ചില 'സുഹൃത്തുക്കള്‍' റൂമില്‍ വന്നിട്ട് പറയും.

'കഷ്ടം തന്നെ...വിഷമ ഉണ്ട് കേട്ടോ ..ഇത്ര ചെറുപ്പത്തിലെ ...'

അതൊക്കെ കേള്‍ക്കുമ്പോഴേ എന്റെ കണ്ട്രോള്‍ പോവും. എങ്കിലും ഞാന്‍ ഒരു ചെറു ചിരി വരുത്തി, പിടിച്ചിരിക്കും. റൂമില്‍ വന്ന അതിഥി അല്ലെ. ക്ഷേമം അന്വേഷിക്കാന്‍ വന്ന സുഹൃത്തല്ലേ..ഒന്നും പറയണ്ട.

അങ്ങനെ ഏകദേശം ഒരു മാസം കഴിഞ്ഞു. പാവം ചേട്ടന്‍ എനിക്ക് വേണ്ടി ഒരു മാസത്തിലേറെ അവധി എടുത്തു അവിടെ നിന്നു. ഡിപ്പാര്‍ത്മെന്റ്റ് എനിക്ക് വേണ്ടി, വര്‍ഷാവസാന പരീക്ഷ താഴത്തെ ഹാളില്‍ വച്ച് നടത്തി. എല്ലാം കഴിഞ്ഞു വേനല്‍ അവധി ആയപ്പോള്‍, നാട്ടിലേക്ക് വരും മുന്‍പേ ഡല്‍ഹിയിലെ AIIMS വരെ ഒന്ന് പോയി. എന്റെ ഒരു സീനിയര്‍ നിര്‍ബന്ധിച്ചത് മൂലം ആണ് അവിടെ പോയത്. അവിടെ ചെന്ന് വിശദമായ കുറെ പരിശോധനകള്‍ നടത്തി. അവസാനം ഡോക്ടര്‍ പറഞ്ഞു..

" ഇത്ര ചെറു പ്രായത്തില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നുകൂടാ എന്നൊന്നും ഇല്ല. പക്ഷെ താങ്കളെ പരിശോധിച്ച ശേഷം എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്നു തോന്നുന്നില്ല. ഒന്ന് രണ്ടാഴ്ച കഴിഞ്ഞു വേണമെങ്കില്‍ ഒരു സ്പെഷ്യല്‍ ടെസ്റ്റ്‌ നടത്താം. അത് ഉടനെ നടത്താന്‍ പറ്റില്ല "

ഡോക്ടര്‍ പറഞത് കേട്ടപ്പോഴേ വളരെ ആശ്വാസം ആയി. ആ സ്പെഷ്യല്‍ ടെസ്റ്റ്‌ ചെയ്യാന്‍ വേണ്ടി രണ്ടാഴ്ച ഡല്‍ഹിയില്‍ തങ്ങണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചു. നാട്ടില്‍ ചെന്ന ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിശദ പരിധോധന ചെയ്യാം എന്നും തീരുമാനിച്ചു.

നാട്ടില്‍ വന്നപ്പോള്‍ അല്ലെ അവിടത്തെ സ്ഥിതികള്‍ മനസ്സിലായത്‌. കൊച്ചു പയ്യന് ഹാര്‍ട്ട് അറ്റാക്ക് വന്ന കാര്യം ബന്ധുക്കളും വീടുകാരും ഒക്കെ അറിഞ്ഞു ഞെട്ടിയിരുന്നു. AIIMS ഇല്‍ നിന്നുള്ള റിസള്‍ട്ട് അറിഞ്ഞപ്പോള്‍ എല്ലാവര്ക്കും കുറച്ചു സമാധാനം ആയി. എന്നാലും വീണ്ടും സമാധാനം ആവാന്‍ വേണ്ടി മെഡിക്കല്‍ കോളേജില്‍ തന്നെ പോയി. ട്രെഡ് മില്‍ ടെസ്റ്റും, ഇ.സി.ജിയും ഒക്കെ എടുത്ത ശേഷം ..ഡോക്ടര്‍ വിധി എഴുതി..

" നിനക്കൊരു കുഴപ്പവും ഇല്ല ചെക്കാ.. അന്ന് വന്നത് വല്ല ഗ്യാസ് ട്രബിള്‍ കാരണം ഉള്ള ഇ.സി. ജി വ്യതിയാനം ആവണം. "

മനസ്സാ ദൈവത്തോട് നന്ദി പറഞ്ഞു.. ജീവിതം തിരികെ കിട്ടിയ പോലെ തോന്നി. രണ്ടു മാസം ഞാനും വീട്ടുകാരും തീ തിന്നതിന് ഒരു അവസാനം കണ്ടു. ആ രണ്ടു മാസക്കാലം എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച വരും, കഷ്ടപ്പെട്ടവരും ഏറെ ഉണ്ട്.. എന്റെ ചേട്ടന്‍.. വീട്ടുകാര്‍, മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന രണ്ടു കുഞ്ഞമ്മമാര്‍, ബന്ധുക്കള്‍, കുറെ നല്ല കൂട്ടുകാര് അങ്ങനെ കുറെ പേര്‍ . വേനല്‍ അവധി കഴിഞു തിരികെ യുനിവേഴ്സിട്ടില്‍ ചെന്നപ്പോള്‍ ..അധ്യാപകരും, കൂട്ടുകാരും ഒരേ പോലെ ചോദിച്ചു..

" ജോസ്... ഈസ്‌ യുവര്‍ ഹാര്‍ട്ട് ഓക്കേ നവ് ? '

വാല്‍ക്കഷ്ണം. : വര്‍ഷം പതിനഞ്ചു കഴിഞ്ഞു. വണ്ടി ഇപ്പോഴും അധികം റിപ്പയര്‍ വേണ്ടാതെ ഓടുന്നു. (ദൈവത്തിനു നന്ദി). കടങ്ങള്‍ വീടി. ഓലപ്പുര മാറി ഒരു കൊച്ചു വീട് പണിതു. കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ചു. അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം..ഇനി മരിച്ചാലും കുഴപ്പമില്ലേ എന്ന്.. കൊള്ളാം.എന്നാ ചോദ്യമാ അത്? ആദ്യത്തെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂര്‍ത്തി ആയപ്പോള്‍ പുതിയ സ്വപ്നങ്ങള്‍ വന്നില്ലേ.. അത് പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം വേണ്ടേ..

സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇല്ലെങ്കില്‍ പിന്നെന്തു ജീവിതം മാഷേ ?

ജോസ്
ബാംഗ്ലൂര്‍

മെയ്‌ -1 - 2011