2010, ഒക്‌ടോബർ 31

നള പാചകം @ അമേരിക്ക


കുറെ ഏറെ നാളുകള്‍ക്കു ശേഷം ഞാന്‍ അടുക്കളയില്‍ കയറി ഒന്ന് പയറ്റി നോക്കി.. ഒരു ചേഞ്ച്‌ ....ലീനയ്ക്ക് രണ്ടു ദിവസം അവധി കൊടുത്തു..നമ്മള്‍ പണ്ട് ചെയ്തിരുന്ന കാര്യം മറന്നു പോകരുതല്ലോ ....

ചിക്കന്‍ ഉണ്ടാക്കി..ഒരു വിധം ശരിയായി... മെഴുക്കു പിരട്ടി ഉണ്ടാക്കി...ശരി ആയോ എന്നൊരു സംശയം.. (പിന്നെ വേറെ ആരും കഴിക്കാന്‍ ഇല്ലായിരുന്നതിനാല്‍ കുഴപ്പമില്ല) .

അങ്ങനെ അടുക്കളയില്‍ മലക്കറി അരിഞ്ഞു വച്ചതിനോടും, പിന്നെ പാത്രങ്ങളോടും ഗുസ്തി പിടിച്ചു നിന്ന സമയത്ത് പണ്ടത്തെ നള പാചക രംഗങ്ങള്‍ ഓരോന്നോരോന്നായി ഓര്‍മ്മ വന്നു.

ബോംബെ മഹാ നഗരത്തില്‍ ബാച്ചിലര്‍ ആയി താമസം തുടങ്ങിയപ്പോള്‍ ആണ് ആദ്യമായി പാചകം ചെയ്യാന്‍ തുടങ്ങിയത്. നാട്ടില്‍ നിന്നും എന്‍റെ മൂത്ത ചേച്ചി ( വല്യേച്ചി) എനിക്ക് ഇഷ്ടപ്പെട്ട കുറെ സാധനങ്ങള്‍ എങ്ങനെ ഉണ്ടാക്കണം എന്നതിന്‍റെ ഒരു വിശദമായ കുറിപ്പ് എനിക്ക് അയച്ചു തന്നിരുന്നു. അതായിരുന്നു എന്‍റെ പാചക ബൈബിള്‍.

കടല കറി, പയറു തോരന്‍, വെള്ളരിക്ക കിച്ചടി, ചിക്കന്‍ കറി, പുളിശേരി , ഉരുളക്കിഴങ്ങ് തോരന്‍, കാരറ്റ് തോരന്‍ ഇങ്ങനെയൊക്കെ ഉള്ള കുറെ വിഭവങ്ങളുടെ കുറിപ്പാണ് ചേച്ചി തന്നത്. ( പയറു തോരന്‍ ഉണ്ടാക്കാന്‍ ഇന്നലെയും ഞാന്‍ ആ കുറിപ്പ് നോക്കി ).

ആ കുറിപ്പുകള്‍ സാധാരണ പാചക കുറിപ്പല്ല. ..വളരെ പ്രത്യേകതകള്‍ ഉള്ള കുറിപ്പാണ്. അനിയന് പാചകം ചെയ്തു പരിചയം ഇല്ല എന്ന് നന്നായി അറിയാവുന്ന ചേച്ചി, വളരെ ആലോചിച്ചു എഴുതുന്നതാണ് ആ കുറിപ്പുകള്‍ ..

പൈപ്പിലെ വെള്ളത്തില്‍ നല്ലപോലെ എങ്ങനെ മലക്കറികള്‍ കഴുകണം എന്നതില്‍ തുടങ്ങി, എങ്ങനെ അതിനെ ചെറിയ കഷണങ്ങള്‍ ആയി മുറിക്കണം എന്നും ( കഷണത്തിന്റെ ഒരു പടം കാണും ...സൈസ് അറിയാന്‍ വേണ്ടി ) , പിന്നെ എന്തൊക്കെ ചേരുവകള്‍ ചേര്‍ക്കണം എന്നും , കുക്കറില്‍ ആണ് വെയ്ക്കുന്നതെങ്കില്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നും, ഒക്കെ കാണും ആ കുറിപ്പില്‍.

ചിലപ്പോള്‍ രാത്രി ഓഫീസില്‍ നിന്നും വരുമ്പോള്‍ നല്ല വിശപ്പ്‌ കാണും. ഉടനെ തന്നെ ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങും. അപ്പോള്‍ എന്തെങ്കിലും സംശയം വന്നാല്‍ ഉടനെ നാട്ടിലേക്ക് ഫോണ്‍ ചെയ്യും. അക്ഷമനായി ഫോണ്‍ ചെയ്യുന്ന എന്നോട് ചേച്ചി വീണ്ടും വിശദമായി പാചക കുറിപ്പ് പറയും ...

" കുട്ടാ ..എല്ലാം ശ്രദ്ധിച്ചു ചെയ്യണേടാ . .. പത്രമൊക്കെ നല്ല തുണി കൊണ്ട് തുടച്ചു വേണം ഉപയോഗിക്കാന്‍ ..മലക്കറി ഒക്കെ നല്ലതാണോ എന്ന് നോക്കി വേണം ഉപയോഗിക്കാന്‍ .." അങ്ങനെ ആവും ചേച്ചിയുടെ തുടക്കം. ക്ഷമ കെടുമ്പോള്‍ ഞാന്‍ പറയും ..

"അയ്യോ ..ചേച്ചി അത്രയ്ക്ക് വിശദമായി പറയാന്‍ സമയമില്ല ..മലക്കറി ഒക്കെ എണ്ണയില്‍ കിടന്നു വേവുകയാണ്... എരിവു കൂടിപ്പോയി... അതിനു എന്ത് ചെയ്യണം അന്ന് മാത്രം പറഞ്ഞാല്‍ മതി..." അങ്ങനെ പോകും ചിലപ്പോള്‍ സംസാരം.

പക്ഷെ ആ കുറിപ്പുകള്‍ ഞാന്‍ വളരെ അധികം ഉപയോഗിച്ചു. ബാംഗ്ലൂരില്‍ വന്ന ശേഷവും അത് തന്നെ ആയിരുന്നു ശരണം . കുറെ പ്രാവശ്യം ഇന്റര്‍ നെറ്റില്‍ നോക്കി പാചക കുറിപ്പുകള്‍ പയറ്റി നോക്കി. പിന്നെ ലീന വന്ന ശേഷം അടുകളയില്‍ അങ്ങനെ പയറ്റാന്‍ കയറാതായി.

എന്‍റെ പാചക ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു എടുണ്ട്. അത് ഇവിടെങ്ങും നടന്ന സംഭവമല്ല...അങ്ങ് അമേരിക്കയില്‍ ആണ് അത് നടന്നത്.. (അമ്പട ഞാന്‍ ആരാ മോന്‍ ..)

2005 ല്‍ ബോംബെയില്‍ നിന്നാണ് ഒരു ഹ്യൂസ്ടന്‍ ട്രിപ്പ്‌ നടന്നത്. നേരത്തെ ജോലി നോക്കിയ കമ്പനിയില്‍ നിന്നും ഒരു മാസത്തേയ്ക്കാണ് അവിടെ പോകേണ്ടി വന്നത്. അവിടെ എനിക്ക് താമസിക്കാന്‍ കിട്ടിയത് ഒരു സ്യൂട്ട് ആണ്. രണ്ടു മുറികളും, പാചകം ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും ഉള്ള ഒരു സ്യൂട്ട്.

ആദ്യം തന്നെ അടുത്തുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റ് കണ്ടു പിടിച്ചു അവിടുന്ന് ആവശ്യമുള്ള എല്ലാ സാധനങ്ങളും വാങ്ങി. പിന്നെ തകര്‍ത്തു പിടിച്ചു പാചകം തുടങ്ങി. വല്യേച്ചി എഴുതി തന്ന പാചക കുറിപ്പായിരുന്നു അന്നത്തെയും ശരണം എന്ന് പറയേണ്ടതില്ലല്ലോ ...

ഏകദേശം അവിടെ താമസിച്ച മുഴുവന്‍ സമയവും ഞാന്‍ തന്നെ പാചകം ചെയ്തു...വയറിനു കുഴപ്പം ഒന്നും വന്നില്ല...എന്ന് വച്ചാല്‍ പാചകം തരക്കേടില്ലായിരുന്നു എന്നര്‍ത്ഥം..

അമേരിക്കന്‍ താമസം തീരാറായ സമയം. ഒരു ദിവസം ഓഫീസില്‍ നിന്നും വന്നപ്പോള്‍ വളരെ താമസിച്ചു. നല്ല ക്ഷീണം ഉണ്ടായിരുന്നു. എന്നാലും പാചകം ചെയ്യാം എന്ന് കരുതി.

ഉള്ളി അരിഞ്ഞിട്ട്, വഴറ്റാനായി ചീനച്ചട്ടിയില്‍ ഇട്ടു. തീയ് കുറച്ചു വച്ചിട്ട്, ഞാന്‍ ഒന്ന് മയങ്ങാം എന്ന് കരുതി കസേരയില്‍ വന്നിരുന്നു. T. V ഓണ്‍ ചെയ്തു വച്ചു. ക്ഷീണം കാരണം ഞാന്‍ ഉറങ്ങിപ്പോയി.

കുറച്ചു കഴിഞ്ഞപ്പോള്‍, എന്തോ ശൂളമടിക്കുന്ന പോലുള്ള ഒരു ശബ്ദം കേട്ടു ഞാന്‍ ഞെട്ടി ഉണര്‍ന്നു. . കണ്ണ് തുറക്കാന്‍ പറ്റുന്നില്ല. അത്രയ്ക്ക് ക്ഷീണത്തിലാണ് ഉറങ്ങിയത്. ഒരു വിധം കണ്ണ് തുറന്നു നോക്കിയപ്പോള്‍.. എന്തോ പന്തികേട്‌ തോന്നി. .മുറിയില്‍ ആകെ ഒരു പുക മയം .

അപ്പോഴാണ്‌ ബോധം നന്നായി വീണത്...സംഭവം പിന്നെയാണ് പിടി കിട്ടിയത്. മുറിയില്‍ വച്ചിരുന്ന സ്മോക്ക്‌ ഡിട്ടക്ട്ടര്‍ ഓണ്‍ ആയതായിരുന്നു പ്രശ്നം. ഞാന്‍ ഉറങ്ങിപ്പോയ സമയത്ത്, ചട്ടിയിലിരുന്നു ഉള്ളിയും മറ്റും കരിഞ്ഞു പുക വന്നു. പുക കൂടിയപ്പോള്‍ ഡിട്ടക്ടര്‍ ശൂളം അടി തുടങ്ങി.

ഉടനെ തന്നെ താഴത്തെ നിലയില്‍ നിന്നും റിസപ്ഷനിസ്റ്റ് ചെക്കന്‍ ഓടി വന്നു. എന്നോട് ഉടന്‍ തന്നെ താഴെ പോകാന്‍ പറഞ്ഞു. അവന്‍ വന്നു ജനലും വാതിലും ഒക്കെ തുറന്നിട്ടു. ഞാന്‍ നല്ല പരിഭ്രാന്തിയോടെ താഴേക്ക്‌ ഓടി. താഴെ ചെന്ന് നോക്കിയപ്പോളല്ലേ രസം...ആ ബില്‍ടിങ്ങിലെ മിക്ക ആളുകളും അവിടെ കൂടിയിട്ടുണ്ട്. അവര്‍ തമ്മില്‍ പറയുന്നതും ഞാന്‍ കേട്ടു...

' ഏതോ ഒരു ചെക്കന്‍ പാചകം ചെയ്തപ്പോള്‍ വന്ന പുക ആണ് ഈ അലാറം മുഴങ്ങാന്‍ കാരണം "

അത് കേട്ടപ്പോഴേ ഞാന്‍ പതുക്കെ ആരുമറിയാതെ പോയി ജനക്കൂട്ടത്തിന്‍റെ ഏറ്റവും പുറകില്‍ നിന്നു. ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമാ നാരായണ എന്ന ഭാവത്തില്‍. ഫയര്‍ എഞ്ചിന്‍ കൂടി വരുന്നത് കണ്ടപ്പോള്‍ എനിക്ക് പിടികിട്ടി .. സംഭവം അത്ര പന്തിയല്ല എന്ന്.

പക്ഷെ ഭാഗ്യത്തിന് വേറൊന്നും പറ്റിയില്ല. അലാറം മുഴങ്ങിയപ്പോള്‍ അവര്‍ ഒരു സുരക്ഷയ്ക്കായി ഫയര്‍ എഞ്ചിന്‍ വിളിച്ചു വരുത്തിയതായിരുന്നു. നല്ല മനുഷ്യര്‍ ആയതിനാല്‍ അവര്‍ വേറെ ഒന്നും പറഞ്ഞില്ല...പാചകം ചെയ്യുമ്പോള്‍ സൂക്ഷിക്കണം എന്ന് മാത്രം പറഞ്ഞു.

നാളുകള്‍ ഏറെ കഴിഞ്ഞു എങ്കിലും ഞാന്‍ അടുക്കളയില്‍ കയറുന്ന അവസരങ്ങളില്‍ എല്ലാം ആ സംഭവം മനസ്സിലേക്ക് ഓടിയെത്തും.


ജോസ്
ബാംഗ്ലൂര്‍
31 - Oct - 2010