2012, ഒക്‌ടോബർ 25

ഒരു ചെറിയ തെറ്റ് ...


മേശപ്പുറത്തു വച്ച പ്രഭാത ഭക്ഷണം തിടുക്കത്തില്‍  കഴിച്ച ശേഷം ബാഗുമെടുത്ത് പ്രകാശ് ഓഫീസിലേക്ക് തിരിച്ചു. ഒരാഴ്ച്ച്ചയായിട്ടു നടക്കുന്ന ഒരു ട്രെയിനിങ്ങിന്റെ അവസാന ദിവസമാണ് അന്ന്. വളരെ കര്‍ക്കശ സ്വഭാവക്കാരന്‍ ആയ ഒരു ഓഫീസര്‍ ആണ് ട്രെയിനിംഗ് നടത്തുന്നത്. കൃത്യ സമയത്ത് തന്നെ എത്തണം എന്ന    ചിന്ത  പ്രകാശിന് ഉണ്ടാവാന്‍ കാരണവും ആ പേടി തന്നെ ആയിരുന്നു.

വീട്ടില്‍ നിന്നും ഒരു പത്തു മിനിട്ട് ഒരു ഇട വഴിയിലൂടെ നടന്നാലേ ബസ് സ്റ്റോപ്പില്‍ എത്തുകയുള്ളൂ. ഓഫീസില്‍ തയ്യാറാക്കാനുള്ള  റിപ്പോര്‍ട്ടുകളെക്കുറിച്ചും  വീട്ടിലെ മാസാവസാനം ഉള്ള ചിലവുകളെക്കുറിച്ചും ഒക്കെ ചിന്തിച്ചു പ്രകാശ് ബസ്  സ്റ്റോപ്പി ലേക്ക് നടന്നു.

വഴിയിലുള്ള സുകുമാരന്‍റെ കടയുടെ അടുത്ത് അന്നും ഭ്രാന്തന്‍ കുമാരന്‍ ഇരിപ്പുണ്ടായിരുന്നു .ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാതെ പതിഞ്ഞ സ്വരത്തില്‍ പിച്ചും പേയും പറയുന്ന ഭ്രാന്തന്‍ കുമാരന്‍ സുകുമാരനും മറ്റു പലരും നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ജീവിക്കുന്നത്. ഇന്നേവരെ കുമാരന്‍ ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കിയതായി അറിവില്ല.

പ്രകാശ് നടന്നു കുമാരന്‍റെ  അടുത്തെത്തിയതും, ശാന്തനായി ഇരുന്ന്‍ കാപ്പി കുടിച്ചിരുന്ന കുമാരന്‍ കയ്യിലെ കാപ്പി കപ്പ്‌ വലിച്ചെറിഞ്ഞിട്ട്‌ പ്രകാശിന്‍റെ മുഖത്തേക്ക് നോക്കി അലറി വിളിച്ചു

" കൊന്നു ....നീ അവനെ കൊന്നില്ലേ ...അവന്‍ നിന്നോട് എന്ത് തെറ്റ് ചെയ്തെടാ മഹാ പാപീ "

ഇത്രയും പറഞ്ഞ് തലയില്‍ കൈ വെച്ച് വലിയ വായില്‍ കരഞ്ഞു കൊണ്ട് കുമാരന്‍ അടുത്തുള്ള ഒരു  പറമ്പിലേക്ക് ഓടിപ്പോയി .ഒട്ടും പ്രതീക്ഷിക്കാതെ കുമാരനില്‍ നിന്നും അങ്ങനെ കേട്ടപ്പോള്‍ പ്രകാശ് ഒന്ന് ഞെട്ടിപ്പോയി ..അപ്പോള്‍ കടയ്ക്കകത്ത് നിന്നും സുകുമാരന്‍ വിളിച്ചു പറഞ്ഞു.

"  പിള്ളേ ...നീ ബേജാറാവണ്ടാ ..അവന്‍ ഭ്രാന്തു മൂത്ത് എന്തരോ പറഞ്ഞതാണ് .നീ വെഷമിക്കാതെ ഓഫീസില്‍ പോയീന്‍. "

ബസ്സിലിരുന്നു യാത്ര ചെയ്തപ്പോഴും  ഓഫീസിലേക്ക് നടന്നു കയറിയപ്പോഴും ഇടയ്ക്കിടെ പ്രകാശിന്‍റെ മനസ്സില്‍ കുമാരന്‍റെ അപ്രതീക്ഷിതമായ പെരുമാറ്റം ഒരു അസ്വസ്ഥത സൃഷ്ട്ടിച്ചു .

ട്രെയിനി ങ്ങി ന്‍റെ സമാപന ദിവസം ആയതിനാല്‍ വൈകിട്ട് മൂന്ന്‍ മണിക്ക് ക്ലാസ് തീരും എന്ന് ഇന്‍സ്ട്രക്ടര്‍ പറഞ്ഞു.ഒപ്പം , ക്ലാസ്സിന്‍റെ ഭാഗമായി ഒരു ക്വിസ് മത്സരം ഉണ്ടാവും എന്നും പറഞ്ഞു. ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്നവര്‍ക്ക് നല്ല സമ്മാനം ഉണ്ടാവും എന്നും ഇന്‍സ്ട്രക്ടര്‍ അറിയിച്ചു.

മൂന്നു മണിക്ക് ക്ലാസ് കഴിഞ്ഞ ഉടന്‍ തന്നെ ക്വിസ് മത്സരം തുടങ്ങി. ഇരുപതു മിനിട്ട് കൊണ്ട് പൂര്‍ത്തിയാക്കണം എന്ന നിര്‍ദ്ദേശത്തോടെ ഇന്‍സ്ട്രക്ടര്‍ ഉത്തരം   എഴുതേണ്ട കടലാസ് എല്ലാവര്‍ക്കും വിതരണം ചെയ്തു. ഒന്നോ രണ്ടോ ചോദ്യങ്ങള്‍ ഒഴികെ ബാക്കി എല്ലാം പ്രകാശിന് താരതമ്യേന എളുപ്പമായി തോന്നി.തല പുകഞ്ഞു ആലോചിച്ച ശേഷം ബാക്കി വന്ന രണ്ടു മൂന്ന് ചോദ്യങ്ങളില്‍ നിന്നും ഒന്ന് കൂടി പ്രകാശിന് എഴുതാന്‍  പറ്റി. പതിനഞ്ചാമത്തെ ചോദ്യത്തിന്‍റെ ഉത്തരം  മാത്രം  അയാള്‍ക്ക്‌ കിട്ടിയില്ല . നാല് ഉത്തരങ്ങള്‍ തന്നിട്ടുള്ളതില്‍ നിന്നും ശരിയായ ഉത്തരം എടുതെഴുത്തണം .

അങ്ങനെ ആലോചിച്ചു നിന്നപ്പോള്‍ ഇന്‍സ്ട്രക്ടര്‍ കയ്യില്‍ ഒരു കടലാസ് ചുരുട്ടി വെച്ച് ക്ലാസ്സിന്‍റെ ഉള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് പ്രകാശ് ശ്രദ്ധിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഇന്‍സ്ട്രക്ടര്‍ പ്രകാശിന്‍റെ അടുത്തും നടന്നെത്തി. അപ്പോള്‍ പ്രകാശിന്‍റെ അടുത്തിരുന്ന ഒരാള്‍ ഇന്‍സ്ട്രക്റിനോട്‌ എന്തോ സംശയം ചോദിച്ചു. അവര്‍ തമ്മില്‍ സംസാരിച്ചു നില്‍ക്കവേ ഇന്‍സ്ട്രക്ടര്‍ സംസാര മദ്ധ്യേ കടലാസ്  ചുരുട്ടി വച്ചിരുന്ന കൈ പുറകിലോട്ടു വെച്ചു .അറിയാതെ അങ്ങോട്ട്‌ നോക്കിയ പ്രകാശിന്‍റെ കണ്ണുകള്‍ ആ കടലാസില്‍ തന്നെ ഉടക്കി. അത് ക്വിസ് മത്സരത്തിന്‍റെ ചോദ്യങ്ങളുടെ ഉത്തരം അടങ്ങിയ കടലാസായിരുന്നു. പെട്ടെന്ന് അയാളുടെ മനസ്സില്‍ ഒരു അങ്കലാപ്പുണ്ടായി .

" അതിലേക്കു നോക്കണോ? ...നോക്കുന്നത് തെറ്റല്ലേ ..ഒരു ചെറിയ ക്വിസ് മത്സരത്തില്‍ ഒരു ഉത്തരം നോക്കി എഴുതുന്നത്‌ അത്ര വല്യ തെറ്റാണോ ?"

ഇങ്ങനെ പല പല ചിന്തകള്‍ ആ ചുരുക്കം നിമിഷങ്ങളില്‍ അയാളുടെ മനസ്സിലൂടെ കടന്നു പോയി. അവസാനം , നോക്കുന്നതില്‍ തെറ്റില്ല എന്ന്  വാദിച്ച മനസ്സ് വിജയിച്ചപ്പോള്‍ , പ്രകാശ് ഇരുന്ന കസാരയില്‍ പതുക്കെ ഒന്ന് പുറകിലേക്ക് ചാഞ്ഞു. അപ്പോള്‍ ഇന്‍സ്ട്രക്ടറിന്‍റെ കയ്യിലിരുന്ന കടലാസില്‍ നിന്നും പതിനഞ്ചാമത്തെ ചോദ്യത്തിന്‍റെ ഉത്തരം അയാള്‍ക്ക്‌ കാണാന്‍ കഴിഞ്ഞു. പെട്ടെന്ന് തന്നെ പഴയത് പോലെ കസേരയില്‍ ഇരുന്നിട്ട് അയാള്‍ പതിനഞ്ചാമത്തെ ഉത്തരവും എഴുതിയ ശേഷം ഒരു ദീര്‍ഘ നിശ്വാസം പുറത്തേക്ക് വിട്ടു. താന്‍ ചെയ്തത് ആരും കണ്ടില്ല എന്ന് ഉറപ്പാക്കാന്‍ അയാള്‍ ചുറ്റും ഒന്ന് തിരിഞ്ഞു നോക്കി. എല്ലാവരും ഉത്തര കടലാസില്‍ കണ്ണും നട്ട് ഇരിപ്പാണ്.

പത്തിരുപതു മിനിട്ടുകള്‍ക്ക് ശേഷം ക്വിസ് മല്‍സരത്തിന്‍റെ ഫലം വന്നു. പ്രകാശിന് രണ്ടാം സ്ഥാനം കിട്ടി. പതിനഞ്ചാമത്തെ ഉത്തരം ശരിയായിരുന്നു എങ്കിലും വേറൊന്നു തെറ്റിയതിനാല്‍ അയാള്‍ ഒന്നാമത് എത്തിയില്ല. ഒന്നാം സമ്മാനം ഒരു മൊബൈല്‍ ഫോണ്‍ ആയിരുന്നു. പ്രകാശിന് കിട്ടിയത് ഒരു  ഡിജിറ്റല്‍ ക്യാമറയും. പ്രകാശിനേക്കാള്‍ ഒരു മാര്‍ക്ക് കുറവ് കിട്ടിയ ആനന്ദിന് കിട്ടിയത് ഒരു ഇലക്ട്രോണിക് കടയുടെ ഗിഫ്റ്റ്‌ വൌച്ചര്‍ ആയിരുന്നു. രണ്ടായിരം രൂപയായിരുന്നു അതിന്‍റെ സമ്മാനത്തുക.

രണ്ടു മാര്‍ക്കിന്‍റെ ഉത്തരം ആയിരുന്നു പതിനഞ്ചാമത്തെ ചോദ്യതിന്റെത് .അതെഴുതില്ലായിരുന്നെങ്കില്‍ പ്രകാശിന്‍റെ  മാര്‍ക്ക് ആനന്ദിന്‍റെ മാര്‍ക്കിനെക്കാള്‍ കുറഞ്ഞേനെ .

"ആനന്ദിന് കിട്ടേണ്ട ഡിജിറ്റല്‍ ക്യാമറ അല്ലെ നിന്‍റെ കയ്യില്‍ ഇരിക്കുന്നത്.നീ തെറ്റായ വഴിയിലൂടെ നേടിയതല്ലേ ഇത്"

 മനസ്സിന്‍റെ ഉള്ളില്‍ നിന്നും ആരോ പ്രകാശിനെ കുറ്റപ്പെടുത്തി.തിരികെ വീട്ടിലേക്കു നടക്കുമ്പോഴും പ്രകാശിന്‍റെ മനസ്സ് അസ്വസ്ഥമായി.മത്സരത്തില്‍ താന്‍ ചെയ്തത് ശരിയായില്ല എന്ന് അയാള്‍ക്ക്‌ തോന്നി. നാളെ ഓഫീസില്‍ ചെല്ലുമ്പോള്‍ ആനന്ദിന് ആ     ഡിജിറ്റല്‍ ക്യാമറ കൊടുത്തു അവനോടു കാര്യം പറയണം എന്ന് പ്രകാശ് കരുതി.

സുകുമാരന്‍റെ കടയുടെ അടുത്ത് ഭ്രാന്തന്‍ കുമാരന്‍ ഇരിപ്പുണ്ടായിരുന്നു.ആരോ വാങ്ങിക്കൊടുത്ത      ഒരു പഴവും തിന്നുകൊണ്ടാണ്‌ അയാളുടെ ഇരുപ്പ് .രാവിലത്തെ പോലെ ഒരു പെരുമാറ്റം പ്രതീക്ഷിച്ച് പ്രകാശ് അയാളുടെ അടുത്തെത്തി. എന്നാല്‍ യാതൊരു ഭാവവും ഇല്ലാതെ കുമാരന്‍ പഴം ആസ്വദിച്ചു തിന്നുകൊണ്ടിരുന്നു. അയാളെയും കടന്നു പ്രകാശ് മുന്നോട്ടു നടന്നു. ഏതാനും നിമിഷങ്ങള്‍ കൊണ്ട് അയാള്‍ വീട്ടില്‍ എത്തി.

കുളിയൊക്കെ കഴിഞ്ഞു ഉന്മേഷവാനായി സ്വീകരണ മുറിയില്‍ എത്തിയപ്പോഴാണ് മൊബൈല്‍ ഫോണില്‍ കുറെ ഏറെ കാളുകള്‍ വന്നിരിക്കുന്നത്  അയാള്‍ കണ്ടത്. എല്ലാം ഓഫീസിലെ സുഹൃത്തുക്കളുടെ ആയിരുന്നു. അതില്‍ നിന്നും അയാള്‍ സൂര്യ എന്ന സുഹൃത്തിനെ വിളിച്ചു നോക്കി .

" ഹലോ സൂര്യ. എന്ത് പറ്റി ? എന്‍റെ സെല്‍ സൈലന്റ് മോഡില്‍ ആയിരുന്നു. ഒരു കുളി ഒക്കെ പാസ്സാക്കി ഞാന്‍ ഇപ്പോള്‍ ഇറങ്ങിയതെ ഉള്ളൂ. "

പ്രകാശ് ..ഒരു അശുഭ വാര്‍ത്ത ഉണ്ട്. നമ്മുടെ ആനന്ദ് മരിച്ചു പോയി. റോഡ്‌ അപകടം  ആയിരുന്നു.ഇന്നത്തെ ക്വിസ് മത്സരത്തില്‍ കിട്ടിയ ഗിഫ്റ്റ് വൌച്ചര്‍ ഉപയോഗിച്ച് എന്തോ വാങ്ങാനായി സിറ്റി മാര്‍ക്കറ്റിലേക്ക് പോകവേ ഹൈവേ ക്രോസ്സിങ്ങില്‍ ഒരു ലോറി വന്നു ഇടിക്കുകയായിരുന്നു. അവന്‍ ഹെല്‍മറ്റും ഇട്ടിട്ടില്ലായിരുന്നു.അവിടെ വച്ച് തന്നെ മരണം സംഭവിച്ചു. നീ പെട്ടെന്ന് ലൂര്‍ദ് ഹോസ്പിറ്റലില്‍ വാ. ഞങ്ങള്‍ ഒക്കെ അവിടെ ഉണ്ട്. "

പ്രകാശിന് ഒന്നും സംസാരിക്കാന്‍ ആയില്ല.മേശപ്പുറത്തിരുന്ന ഡിജിറ്റല്‍ ക്യാമറയില്‍ തൊട്ടപ്പോള്‍ അയാള്‍ക്ക്‌ കൈ പൊള്ളുന്ന പോലെ തോന്നി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു കുറ്റ ബോധവും, സങ്കടവും ഒക്കെ അയാളുടെ മനസ്സിനെ അലട്ടി. താന്‍ ചെയ്ത ഒരു തെറ്റ് കാരണം അല്ലെ ആനന്ദിന് അന്ന് വൈകിട്ട് ഹൈവേയില്‍ പോകേണ്ടി വന്നത് എന്നോര്‍ത്തപ്പോള്‍ പ്രകാശിന്‍റെ  മനസ്സ് വീണ്ടും അസ്വസ്ഥമായി. അയാള്‍ എല്ലാ ദൈവങ്ങളെയും വിളിച്ച്  തന്‍റെ തെറ്റിന് മാപ്പ് തരണേ എന്നപേക്ഷിച്ചു.

അപ്പോള്‍ ആ സമയത്ത് സുകുമാരന്‍റെ കടയുടെ അടുത്തിരുന്നു ഭ്രാന്തന്‍ കുമാരന്‍ ഇടയ്ക്കിടെ പൊട്ടിക്കരയുന്നുണ്ടായിരുന്നു .  ലോകം ഭാന്തന്‍ എന്ന് മുദ്ര കുത്തിയ കുമാരന് അതീന്ദ്രിയ ജ്ഞാനം ഉണ്ടായിരുന്നുവോ? ആനന്ദിനെ ഓര്‍ത്താണോ അയാള്‍ കരഞ്ഞത്?

ജോസ്
മിറി , മലേഷ്യ
ഒക്ടോബര്‍ 26, 2012


(ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ )












2012, ഏപ്രിൽ 21

കീര്‍ത്തി നഷ്ടപ്പെടുന്ന കലാലയങ്ങള്‍ ....

സ്കൂളില്‍ പഠിക്കുന്ന സമയത്ത് കോളേജില്‍ പഠിക്കാന്‍ പോകുക എന്നത് ഒരു മധുര സ്വപ്നമായി മനസ്സില്‍ എന്നും ഉണ്ടായിരുന്നു. കോളേജിനെ ക്കുറിച്ചും, അവിടെയുള്ള ജീവിതത്തിനെക്കുറിച്ചും ഒക്കെ ഉണ്ടായിരുന്ന കേട്ടറിവുകള്‍ അത്ര മനോഹരം ആയിരുന്നു. അതാവും സ്വപ്നങ്ങളും അത്ര മനോഹരം ആവാന്‍ കാര്യം.

ഗവര്‍മെന്റ് ആര്‍ട്സ് കോളേജ് 
പത്താം ക്ലാസ് കഴിഞ്ഞു ആദ്യം ചെന്നത് തിരുവനന്തപുരത്തെ ഗവര്‍മെന്റ് ആര്‍ട്സ് കോളേജില്‍ ആണ്. അവിടെ നിന്നാണ് സ്വപ്നങ്ങളിലെ മാധുര്യത്തിനു ചെറിയ കയ്പ്പ് വന്നുതുടങ്ങിയത്‌. പ്രതീക്ഷിച്ച പോലെ ഒരു സ്വതന്ത്ര മനസ്സോടെ, സന്തോഷത്തോടെ കോളേജില്‍ പഠിക്കുന്നതിനു പകരം, ഭീതി നിറഞ്ഞ മനസ്സോടെ ആണ് കോളേജില്‍ പഠിക്കേണ്ടി വന്നത്. കാരണം മറ്റൊന്നും അല്ല....കലാലയ രാഷ്ട്രീയം തന്നെ. ഇന്നും ആലോചിക്കുമ്പോള്‍ മനസ്സിലാവാത്ത ഒരു കാര്യം ആണ് ഈ കലാലയ രാഷ്ട്രീയം.

സമരത്തില്‍ പങ്കെടുക്കാന്‍ താല്പര്യം ഇല്ലാത്തവരെപ്പോലും ഭീഷണി മുഴക്കി സമരം ചെയ്യാന്‍ പിടിച്ചോണ്ട് പോവുക, അതില്‍ പങ്കെടുക്കാത്തവരെ തിരഞ്ഞു പിടിച്ചു പെരുമാറുക, ഇത്തരം കലാപരിപാടികള്‍ ആണ് കോളേജിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഭീതി നിറച്ചിരുന്നത്.

കലാലയ രാഷ്ട്രീയത്തെ അനുകൂലിച്ചു സംസാരിക്കുന്നവര്‍ പറയുന്നത്, ദേശീയ രാഷ്ട്രീയ രംഗത്തേക്ക് കഴിവുള്ളവരെ വാര്‍ത്തെടുക്കാന്‍ സഹായിക്കുന്ന കളിത്തട്ടാണ് കലാലയങ്ങള്‍  എന്ന്. പക്ഷെ ഇന്ന് വരെ കലാലയങ്ങളില്‍ ഒരു ദേശീയ തലത്തില്‍ അല്ലെങ്കില്‍ സംസ്ഥാന തലത്തില്‍ ഗൗരവമുള്ള എന്തെങ്കിലും കാര്യം എടുത്തിട്ട്, അതിനെ നേരാംവണ്ണം കൈകാര്യം ചെയ്യുന്ന ഒരു പ്രവര്‍ത്തി ഞാന്‍ കണ്ടിട്ടില്ല, കേട്ടിട്ടും ഇല്ല. ഉണ്ടെങ്കില്‍ തന്നെ വളരെ വിരളവും.

പ്രീ ഡിഗ്രി കഴിഞ്ഞു ഡിഗ്രിക്കായി തിരുവനന്തപുരത്തെ പ്രശസ്തമായ യുണിവേഴ്സിറ്റി കോളേജില്‍ ആണ് ഞാന്‍ ചേര്‍ന്നത്‌. മഹാന്മാരായ പലരും പഠിച്ച കോളേജ് എന്ന നിലയില്‍ പുകള്‍ പെറ്റ കലാലയം ആണ് അത്. അവിടെയും വളരെ പ്രതീക്ഷയോടെ ആണ് ഞാന്‍ ചേര്‍ന്നത്‌. എന്നാല്‍, ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒന്നോ രണ്ടോ അധ്യാപകരെയും, കുറച്ചു നല്ല സുഹൃത്തുക്കളെയും കിട്ടി എന്നതൊഴിച്ചാല്‍, ഞാന്‍ ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത ഒരു അദ്ധ്യായം ആണ് യുണിവേഴ്സിറ്റി കോളജിലെ ജീവിതം.
യൂണിവേഴ്സിറ്റി കോളേജ്

കഷ്ടപ്പെട്ട് പഠിച്ചു കോളേജില്‍ അഡ്മിഷന്‍ വാങ്ങി ചെല്ലുന്ന കുട്ടികള്‍ക്ക് പേടിക്കേണ്ടത് അധ്യാപകരെ അല്ല... മറിച്ച്, വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കുട്ടി നേതാക്കളുടെ നിഴലില്‍ നിന്ന് മറ്റുള്ളവരെ വിരട്ടി ജീവിക്കുന്ന ഞാഞ്ഞൂലുകളെ ആണ് . പ്രശസ്തനായ അധ്യാപകന്‍റെ വിദ്യാര്‍ഥി ആണ് എന്ന് പറയുന്നതിനേക്കാള്‍, വിദ്യാര്‍ഥി രാഷ്രീയ പ്രസ്ഥാനത്തിന്‍റെ നേതാവിനെ അറിയാവുന്ന ആളാണ്‌ താന്‍ എന്ന് പറയാന്‍ വെമ്പല്‍ കൊള്ളുന്ന ഈ ഞാഞ്ഞൂലുകള്‍ അവരുടെ കാലിന്‍റെ അടിയില്‍ നിന്നും മണ്ണ് ചോരുന്നത് അറിയുന്നില്ല. അറിഞ്ഞു വരുമ്പോഴേക്കും സമയം താമസിച്ചിരിക്കും.

"പെട്രോള്‍ സഹായ ഫണ്ട്‌ " എന്ന പേരില്‍ കുട്ടികളുടെ കയ്യില്‍ നിന്നും പൈസ പിരിച്ചു വണ്ടിയില്‍ പെട്രോളടിച്ചു കാമ്പസില്‍ ചെത്തി നടന്ന ഒരു ഞാഞ്ഞൂലിന്റെ മുഖം ഞാന്‍ ഇപ[പോഴും ഓര്‍ക്കുന്നു. പൈസ കൊടുത്തില്ലെങ്കില്‍ പിന്നെ അവന്‍ ഓര്‍ത്തു വെച്ച് പെരുമാറും. അപ്പൊ പിന്നെ കൊടുക്കാതെ നിവര്ത്തിയില്ല.

ഒരു വിഷയത്തിനും ക്ലാസ്സില്‍ കയറാതെ, അധ്യാപകരെ തെറി പറഞ്ഞും, വിരട്ടിയും നടക്കുന്ന കുറെ  സ്റ്റൈല്‍ മന്നന്മാര്‍ എന്‍റെ  മനസ്സില്‍ ഇപ്പോഴും ഉണ്ട്. അവരുടെ ശിങ്കിടികള്‍ ആയി നടക്കുന്നവര്‍ക്കും, അവരെ സന്തോഷിപ്പിച്ചു നടക്കുന്നവര്‍ക്കും കോളേജില്‍ സ്വൈര വിഹാരം നടത്തുന്നതിനു യാതൊരു പ്രശ്നവും ഇല്ല. പേടിക്കേണ്ടത് ഒരു രാഷ്രീയ കൂറും ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്കാണ്.

സമരങ്ങള്‍ക്ക് അന്ന് യാതൊരു പഞ്ഞവും ഇല്ലായിരുന്നു. അതിന്‍റെ കാരണങ്ങള്‍ ചോദിക്കരുത്.  സോമാലിയയില്‍ പട്ടിണി മരണം നടന്നാലും, കുവൈറ്റില്‍ അമേരിക്ക ബോംബിട്ടാലും, യുണിവേഴ്സിറ്റി കോളേജില്‍ സമരം നടക്കും. അന്ന് ടാന്‍സ്പോര്‍ട്ട് ബസ്സിന്റെയോ അടുത്തുള്ള കണ്ണാടി കെട്ടിടങ്ങളുടെയോ ചില്ലുകള്‍ ഉടയും. പൊതു മുതല്‍ നശിപ്പിച്ചു വീര്യം പ്രകടിപ്പിക്കുക എന്നതാണല്ലോ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പിച്ച വെയ്ക്കുന്നവര്‍ക്കുള്ള ബാല പാഠം. സമരത്തിന്‍റെ കാരണം അറിയാത്ത, അതില്‍ പങ്കെടുക്കാന്‍ യാതൊരു താല്‍പര്യവും ഇല്ലാത്ത പലരും പേടിച്ചു അതില്‍ പങ്കെടുക്കും. അങ്ങനെ സെക്രട്ടേറിയെട്ടിന്റെ മുന്‍പില്‍ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ ശക്തി പ്രകടനം നടക്കും..അത് പിറ്റേന്നത്തെ പത്രത്തില്‍ വാര്‍ത്ത ആവുകയും ചെയ്യും.

"അനീതിക്കെതിരെ പോരാടുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം ". എന്‍റെ സുഹൃത്തും, സീനിയറും ആയ ഒരു നേതാവ് ഒരിക്കല്‍ പറഞ്ഞ വാചകം ആണ് ഇത്. അവന്‍ കാട്ടിയ അനീതികള്‍ എന്തൊക്കെയാണ് എന്ന് ഇവിടെ വിസ്തരിക്കുന്നില്ല.

എല്ലാം ഒരു പരിധിക്ക് അകത്താണെങ്കില്‍ പിന്നെയും കുഴപ്പം ഇല്ല. കലാലയ ജീവിതത്തിന്‍റെ ഭാഗമല്ലേ ഇതെന്നൊക്കെ കരുതി ആശ്വസിക്കാം. പക്ഷെ കലാലയങ്ങളുടെ പ്രാഥമിക ധര്‍മ്മം പോലും നടപ്പാകാന്‍ പറ്റാത്ത വിധം ഈ പ്രസ്ഥാനങ്ങള്‍ വളര്‍ന്നാലോ. അതാണ്‌ ഇപ്പോള്‍ നടക്കുന്നത്.

ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ ഗവര്‍മെന്റ് ആര്‍ട്സ് കോളേജില്‍ പഠിക്കുന്ന എന്‍റെ അനന്തരവനുമായി സംസാരിക്കും. എങ്ങനെയെങ്കിലും കോളേജ് പഠിത്തം മതിയാക്കി അവിടെ നിന്നും രക്ഷപ്പെട്ടാല്‍ മതി എന്നാണ് അവന്‍റെ ചിന്ത. നേരത്തെ പറഞ്ഞ പോലെ, എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി സമരം വിളിച്ചു, വിദ്യാര്‍ഥികളെ ക്ലാസ്സില്‍ നിന്നും പിടിച്ചിറക്കി മുദ്രാ വാക്യം വിളിപ്പിച്ചു റോഡിലൂടെ നടത്തിക്കുന്നത് ഇപ്പോള്‍ അവിടെ പതിവാണ്. വര്‍ഷത്തില്‍ ക്ലാസ്സുകള്‍ നടക്കുന്നത് വിരളം. ട്യൂഷന്‍ ക്ലാസ്സുകള്‍ ഇല്ലെങ്കില്‍ പരീക്ഷയ്ക്ക് ജയിക്കാന്‍ ആവില്ല. അല്ലെങ്കില്‍ തന്നെ അങ്ങനെ പേരിനു ജയിച്ചിട്ടു എന്ത് കാര്യം.

ഞാന്‍ ആലോചിക്കാറുണ്ട്. ഈ വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകള്‍ക്ക്  അവരുടെ കഴിവ് വെച്ച് ചെയ്യാന്‍ പറ്റുന്ന വേറെന്തെല്ലാം കാര്യങ്ങള്‍ ഉണ്ട്. അതും ശരിക്കും നമ്മുടെ ദിനം ദിന ജീവിതത്തില്‍ മാറ്റം വരുത്താന്‍ സഹായിക്കുന്ന കാര്യങ്ങള്‍.... രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ഥിയെ നല്ല രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനം എന്താണ് എന്ന് മനസ്സിലാക്കിപ്പിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍.  പൈസ കൊണ്ടും, സമയം കൊണ്ടും സഹായം വേണ്ടുന്ന എത്രയോ അനാഥാലയങ്ങളും വയോജന കേന്ദ്രങ്ങളും ഉണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവിടൊന്നും പോയി ഒന്നും ചെയ്തുകൂടാ എന്നാരും പറഞ്ഞിട്ടില്ലല്ലോ?  കാസര്‍കോട് ജില്ലയില്‍ ഒരു വിദ്യാര്‍ഥിയെ ആരോ ഞോണ്ടി എന്നും പറഞ്ഞു തിരുവനന്ത പുരത്ത് സമരം ഉണ്ടാക്കി, സമരത്തില്‍ പങ്കെടുക്കാന്‍ താല്പര്യം ഇല്ലാത്ത വിദ്യാര്‍ഥി കളെയും തെരുവില്‍ ഇറക്കി അടി വാങ്ങി കൊടുക്കുന്നതിലും നല്ലതല്ലേ അത്.  ഗവര്‍മെന്റിന്റെ അനാസ്ഥ കാരണം വഷളാവുന്ന എത്രയോ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ട്. അതില്‍ ഇടപെട്ട് ഗവര്‍മെന്റിന് മാതൃക ആകാമല്ലോ ഈ വിദ്യാര്‍ഥി രാഷ്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌.

"നീ ഏത് ലോകത്താ ജീവിക്കുന്നെ? വല്ല നടക്കുന്ന കാര്യവും പറ." ഞാന്‍ എന്‍റെ ചിന്തകള്‍ പുറത്തിടുമ്പോള്‍ എന്നെക്കാള്‍ ലോക വിവരം കൂടുതലുള്ള എന്‍റെ സുഹൃത്തുക്കള്‍ എന്നോട് പറയും. വേദനയോടെ ഞാന്‍ അത് ഉള്‍ക്കൊള്ളും. ഈ കലാലയങ്ങളില്‍ പഠിക്കുന്ന, കപട രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ യാതൊരു താല്‍പര്യവും ഇല്ലാത്ത, എന്നാല്‍ ഭീഷണി കാരണം ഇറങ്ങേണ്ടി വരുന്ന  അനുജന്മാരെയും അനുജത്തിമാരെയും ഓര്‍ത്തു എനിക്ക് വിഷമം ഉണ്ട്. ആ വിഷമത്തിന്റെ കാരണം കുറച്ചു കൂടി വിശദമാക്കണം എങ്കില്‍ എന്‍റെ ബിരുദാനന്തര ബിരുദ ജീവിതവും പറയണം.

IIT  റൂര്‍ക്കി
യുണിവേഴ്സിറ്റി കോളേജിന്റെ ലോകത്ത് നിന്നും മാറി IIT റൂര്‍ക്കി എന്ന കലാലയത്തില്‍ പോകാന്‍ എനിക്ക് പ്രചോദനം നല്‍കിയത് യുണിവേഴ്സിറ്റി കോളേജില്‍ എന്നെ പഠിപ്പിച്ച കുമാര്‍ സാര്‍ ആണ്. ഇന്നും ഞാന്‍ ഏറ്റവും അധികം ബഹുമാനിക്കുന്ന അധ്യാപകരില്‍ ഒരാള്‍. ആ പ്രചോദനം ഉള്‍ക്കൊണ്ടു ഞാന്‍  IIT    റ്റൂര്‍ക്കിയില്‍ പഠിക്കാന്‍ എത്തി. കലാലയ രാഷ്ട്രീയം മനസ്സില്‍ നിറച്ച ഭീതി ഒട്ടും പോകാതെ തന്നെയാണ് ഞാന്‍ അവിടെ എത്തിയത്. എന്നാല്‍ തികച്ചും വിഭിന്നമായ ഒരു അന്തരീക്ഷം ആണ് അവിടെ എനിക്ക് കിട്ടിയത്. പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥിക്ക് അതിനുള്ള പൂര്‍ണ്ണ അവസരം അവിടെ ഉണ്ടായിരുന്നു. വിദ്യാര്‍ഥി രാഷ്രീയം എന്ന ഒരു കാര്യം അവിടെ കേള്‍ക്കാനേ ഇല്ലായിരുന്നു. അത് കൊണ്ട് അവിടെ പഠിച്ച ആര്‍ക്കെങ്കിലും എന്തെങ്കിലും നഷ്ടം വന്നോ? എന്‍റെ അറിവില്‍ ഇല്ല. മറിച്ച് , ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ അവിടത്തെ വിദ്യാഭ്യാസം സഹായിച്ചു. ഞാന്‍ ഇന്നത്തെ നിലയില്‍ എത്താനും എന്നെ സഹായിച്ചത്  ആ  വിദ്യാഭ്യാസം തന്നെ. കലാലയം എന്നാല്‍ എന്താണ് എന്ന് മനസ്സില്‍ പണ്ടുണ്ടായിരുന്ന ഒരു ചിത്രം, ശരിക്കും കണ്ടറിഞ്ഞത്‌ അവിടെ ചെന്ന ശേഷം ആണ്.

ഇനി ഞാന്‍ നേരത്തെ പറഞ്ഞ കാര്യത്തിലേക്ക് വരാം. ഈ ഗവര്‍മെന്റ് കോളേജുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നല്ലൊരു ഭാഗവും കഴിവുള്ളവര്‍ തന്നെ ആണ്.പ്രൊഫഷനല്‍ പഠനത്തിനു പോകാന്‍ കഴിഞില്ല എന്ന കാരണം കൊണ്ട് അവര്‍ കഴിവില്ലാത്തവര്‍ ആവുന്നില്ലല്ലോ ? പക്ഷെ അനാവശ്യമായ രീതിയിലെ രാഷ്ട്രീയ ഇടപെടലുകള്‍ കാരണം അവര്‍ക്ക് പഠിക്കാനുള്ള അവസരം കിട്ടുന്നില്ല. അതിലൂടെ അവര്‍ക്കൊരു ഭാവി കെട്ടിപ്പടുക്കാനുള്ള അവസരമല്ലേ നഷ്ടപ്പെടുന്നത്? ഒരാള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപ്പെടുതുന്നതല്ലേ ആ വ്യക്തിയോട് ചെന്നുന്ന ഏറ്റവും വലിയ ക്രൂരത.?

മറ്റു പല കോളേജുകളിലും നടക്കുന്നത് ഇതാണോ, അതോ അവയൊക്കെ ഭേദമാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഞാന്‍ പഠിച്ച ഈ രണ്ടു കോളേജുകളുടെയും അവസ്ഥ ഇപ്പോള്‍ വീണ്ടും കഷ്ടം ആയിക്കൊണ്ടിരിക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.  നഷ്ടം വേറാര്‍ക്കും അല്ല...പഠിക്കാന്‍ എന്ന ചിന്തയുമായി എത്തുന്ന ശരാശരി വിദ്യാര്‍ഥി കള്‍ക്കും അവരുടെ വീട്ടുകാര്‍ക്കും .

കലാലയങ്ങളില്‍ രാഷ്രീയം വേണോ വേണ്ടയോ എന്നൊക്കെ എത്രയോ വിവരമുള്ളവര്‍ സംസാരിച്ചിട്ടുണ്ട്..തര്‍ക്കിച്ചിട്ടുണ്ട്‌. അതിലേക്കു കടക്കുക എന്നതല്ല എന്‍റെ ഉദ്ദേശം. മറിച്ച്, നല്ലൊരു കലാലയ ജീവിതം അനുഭവിച്ച എനിക്ക്, അതിന്‍റെ നല്ല ഗുണങ്ങള്‍ എന്‍റെ  ജീവിതത്തില്‍ പ്രതിഫലിക്കുമ്പോള്‍, അത് പോലുള്ള അവസരങ്ങള്‍ നഷ്ടപ്പെടുന്ന കുട്ടികളെ ഓര്‍ത്തപ്പോള്‍ ഉണ്ടായ വിഷമം ആണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.

ഇതെഴുതുമ്പോഴും, മനസ്സിനുള്ളില്‍ വെറുതെ ഞാന്‍ ആഗ്രഹിക്കുന്നു . ,...ഞാന്‍ പഠിച്ച ഈ കലാലയങ്ങള്‍ അതിന്‍റെ പഴയ പ്രൌഡി വീണ്ടെടുക്കുന്ന ഒരു കാലം വരില്ലേ ? സാമൂഹിക സാംസ്കാരിക നായകരെ വാര്‍ത്തെടുക്കുന്ന കാലം വീണ്ടും വരില്ലേ? അത് എളുപ്പം അല്ല എന്നും അറിയാം. കള നിറഞ്ഞ കുളം പോലെ വീര്‍പ്പു മുട്ടി നില്‍ക്കുകയാണ് ഈ കലാലയങ്ങള്‍. അവയുടെ ഓരോ ജീവ കോശങ്ങളിലും തുളഞ്ഞു കയറി നില്‍കുന്ന കലാലയ രാഷ്രീയം എന്ന വിപത്ത് എന്ന് മാറുമോ എന്ന് ആ പഴയ കാലം വരും എന്ന് ആഗ്രഹിക്കാം.


ജോസ്
ബാംഗ്ലൂര്‍
21  - ഏപ്രില്‍ - 2012  

(ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍ )



2012, ഏപ്രിൽ 17

ഇണ...



 
ശനിയാഴ്ച ആയതുകൊണ്ടാവും ഷോപ്പിംഗ്‌ മോളില്‍ നല്ല തിരക്കായിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ വന്നവരും, വെറുതെ സമയം കളയാന്‍ വന്നവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഷോപ്പിംഗ്‌ മോളിന്‍റെ താഴത്തെ നിലയില്‍, മതിലിനോട് ചേര്‍ന്ന് ഒരുക്കിയ പുല്‍ത്തകിടിയില്‍ കുറേപ്പേര്‍ ഇരിക്കുന്നുണ്ടായിരുന്നു. അതില്‍ ഏറെപ്പേരും കമിതാക്കളായിരുന്നു. നഗരത്തിലെ തിരക്കേറിയ ജീവിതത്തിന്‍റെ ഇടയില്‍ കുറച്ചൊരു സ്വകാര്യത തേടി എത്തിയ ചെറുപ്പക്കാരും, വയസ്സായവരും, പിന്നെ കുറെ കുട്ടികളും ഒക്കെ ആ പുല്‍ത്തകിടിയുടെ ഒരറ്റത്ത് പണിത അര മതിലില്‍ ഇരിക്കുന്നുണ്ടായിരുന്നു. ചക്രവാളത്തില്‍ മറയാന്‍ കുറച്ചു മണിക്കൂറുകള്‍ കൂടി ബാക്കി ഉണ്ടായിരുന്ന സൂര്യന്‍, നേരിയ ചുവന്ന നിറം മാനത്തു ചാലിച്ച് അസ്തമയം കാത്തിരുന്നു. 

ആ അരമതിലിന്‍റെ ഒരറ്റത്ത് അജയനും ലക്ഷ്മിയും ഇരുന്നു. ഒരു ഐസ് ക്രീമും നുണഞ്ഞ് അജയന്‍റെ തോളില്‍ തല  ചായ്ച്ചാണ് ലക്ഷ്മിയുടെ ഇരുപ്പ്. അജയനാവട്ടെ ഒരു കയ്യില്‍ മൊബൈല്‍ ഫോണും പിടിച്ച് ആരോടോ സംസാരിച്ചു കൊണ്ട്, മറു കയ്യാല്‍ ലക്ഷ്മിയെ തന്നോട് ചേര്‍ത്ത് പിടിച്ചാണ് ഇരിക്കുന്നത്. ആരും ആരെയും തിരിച്ചറിയാത്ത, അറിഞ്ഞാലും അറിഞ്ഞില്ല എന്ന് ഭാവിക്കുന്ന നഗരത്തില്‍ അല്ലെ അതൊക്കെ പറ്റൂ. ഷോപ്പിംഗ്‌ മോളില്‍ ഉള്ള ഒരു തിയേറ്ററില്‍ സിനിമാ കാണാന്‍ എത്തിയതാണവര്‍. സിനിമ തുടങ്ങാന്‍ വീണ്ടും സമയം ഉണ്ടായിരുന്നതിനാല്‍ പുറത്തെ കാഴ്ചകള്‍ കണ്ടു സമയം കളയാനാണ് അവര്‍ ആ അര മതിലില്‍ വന്നിരുന്നത്. 

ആ ഇരുപ്പ് ലക്ഷ്മിയെ സംബന്ധിച്ച് ഒരു മധുരമായ അനുഭവം ആണ്.വീട്ടുകാരുടെ ഒന്നും  കണ്ണെത്താത്ത  ആ നഗരത്തില്‍  ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ  ചെലവഴിക്കാന്‍ കിട്ടുന്ന ഓരോ നിമിഷവും അവള്‍ ഏറെ ആസ്വദിക്കും.   എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും മാത്രമേ ഇങ്ങനെ അവസരങ്ങള്‍ കിട്ടാറുള്ളൂ. ബാക്കിയുള്ള ദിവസങ്ങളില്‍ ജോലിത്തിരക്ക് കഴിഞ്ഞു തളര്‍ന്നു വരുമ്പോള്‍ ഇതിനൊക്കെ എവിടുന്നാ നേരം. 

അരമതിലിനോട് ചേര്‍ന്ന് അവര്‍ ഇരിക്കുന്നതിന്റെ അടുത്ത് ഒരു തുറസ്സായ സ്ഥലം ഉണ്ടായിരുന്നു. അതില്‍ പടര്‍ന്നു പന്തലിച്ചു നിന്ന ഒരു മാവില്‍ കുറെ കിളികള്‍ കൂട്ടത്തോടെ വന്നിരുന്നു ചിലച്ചു. മരത്തിന്‍റെ കുറെ ചില്ലകള്‍ അടുത്തുള്ള ഒരു ഇലക്ട്രിക്‌ പോസ്റ്റില്‍ നിന്നും പോയിരുന്ന വൈദ്യുത ലൈനിലേക്ക് ചാഞ്ഞു കിടന്നു. വൈദ്യുത ബോര്‍ഡിലെ ആളുകള്‍ സാധാരണ അതൊക്കെ വെട്ടിക്കളയുന്നതാണ്. 

അടയ്ക്കാ കുരുവികളെ പോലെ തോന്നുന്ന കുറെ ചെറു കുരുവികള്‍ ആയിരുന്നു അവിടെ വന്നിരുന്നു ചിലച്ചത്. കുറെ കുരുവികള്‍ മരത്തിന്‍റെ ചില്ലയിലും , കുറെ എണ്ണം മരത്തിന്‍റെ താഴെയുള്ള പുല്ലിലും ഇരുന്നു ചിലപ്പ്‌ തുടര്‍ന്നു. ഐസ് ക്രീമും നുണഞ്ഞ് ലക്ഷ്മി ആ കുരുവികളെ നോക്കി ഇരുന്നു. അജയന്‍ അപ്പോഴും ഫോണിലെ സംസാരം അവസാനിപ്പിച്ചിട്ടില്ലായിരുന്നു.

പെട്ടെന്നാണ് പുറത്തെ ആള്‍ക്കൂട്ടത്തിന്‍റെ ഇടയില്‍ നിന്നും ഒരു വികൃതി ക്കുട്ടി കുരുവികള്‍  ഇരിക്കുന്ന  സ്ഥലത്തേയ്ക്ക്  ഉറക്കെ  കൂവി വിളിച്ചുകൊണ്ടു വന്നത്. താഴെ ഇരുന്ന കുരുവികളെ പേടിപ്പിക്കുകയായിരുന്നു  അവന്‍റെ  ലക്‌ഷ്യം. കുട്ടി ഓടി വരുന്നത് കണ്ടു പേടിച്ച കുരുവികള്‍ പെട്ടെന്ന് മേളിലേക്ക് പറന്നു പൊങ്ങി. അതിലൊരു കുരുവി പറന്നു   പൊങ്ങിയപ്പോള്‍ അതിന്‍റെ ചിറക് മരച്ചില്ലകളുടെ ഇടയിലൂടെ പോയിരുന്ന വൈദ്യുത ലൈനില്‍ തട്ടി. ഒരു സീല്‍ക്കാരത്തോടെ ആ കുരുവി തെറിച്ചു താഴെ വീണു. ലക്ഷ്മിയും അജയനും ഇരുന്നതിന്‍റെ കുറച്ചു ദൂരെ ആയാണ് ആ കുരുവി ഷോക്കടിച്ചു വീണത്‌. 

കുരുവികളെ പേടിപ്പിച്ചു വിട്ട ചെക്കന്‍ അതൊന്നും അറിയാതെ വീണ്ടും അവിടെ ഓടിക്കളിക്കാന്‍ തുടങ്ങി. വൈദ്യുതിയുടെ ആഘാതം താങ്ങാന്‍ ആ ചെറിയ കുരുവിക്ക് ആയില്ല. അതങ്ങനെ തറയില്‍ ചലനമറ്റു കിടന്നു. ആ കാഴ്ച കണ്ടു ലക്ഷ്മിയുടെ നെഞ്ച് പിടഞ്ഞു.അവള്‍ കാണ്‍കെ അല്ലെ ആ കുരുവി ഷോക്കടിച്ചു താഴെ വീണത്‌.  അതൊന്നും ശ്രദ്ധിക്കാതെ ചുറ്റുമുള്ള ആള്‍ക്കൂട്ടം അവരുടെതായ ലോകത്തില്‍ മുഴുകി. ഒരു കുരുവി ചത്താല്‍ ആര്‍ക്കു എന്ത് സംഭവിക്കാനാണ്. മനുഷ്യര്‍ മനുഷ്യരെ കൊന്നു കൂട്ടുമ്പോഴും ലോകം നിസ്സംഗതയോടെ മുന്‍പോട്ടു പോകുന്നില്ലേ. പിന്നെയാണ് ഒരു അടയ്ക്കാ കുരുവി. 

അലിഞ്ഞു തുടങ്ങിയ ഐസ് ക്രീമും കയ്യില്‍ പിടിച്ചു നനവൂറിയ കണ്ണുകളോടെ ലക്ഷ്മി ആ ചലനമറ്റു കിടക്കുന്ന കുരുവിയെ നോക്കി.  ആ  സമയം വേറൊരു കുരുവി അവിടേക്ക് പറന്നിറങ്ങി. അത്,  ചലനമറ്റു കിടക്കുന്ന അതിന്‍റെ ചങ്ങാതിക്കുരുവിയുടെ അടുത്തു വന്നു അതിന്‍റെ ദേഹത്ത് ചുണ്ട് കൊണ്ട് പതിയെ തൊട്ടു. അതിന്‍റേതായ ഭാഷയില്‍ എന്തൊക്കെയോ ചൊല്ലി ചിലച്ചു. മറ്റു കുരുവികള്‍ എല്ലാം ദൂരെ മരക്കൊമ്പില്‍ ഇരുന്നു നോക്കിയതെ ഉള്ളൂ. അവ കൂട്ടത്തോടെ ഉണ്ടാക്കിയ ശബ്ദങ്ങള്‍ കരച്ചിലാണോ ആശ്വാസ വചനങ്ങള്‍ ആണോ എന്നൊന്നും ലക്ഷ്മിക്ക് മനസ്സിലായില്ല. പക്ഷെ ചലനമറ്റു കിടന്ന കുരുവിയും അതിനെ ഉണര്‍ത്താന്‍ നോക്കുന്ന അതിന്‍റെ ചങ്ങാതി ക്കുരുവിയും ഇണകള്‍ ആണെന്ന് മനസ്സിലാക്കാന്‍ ലക്ഷ്മിക്ക് അധികം സമയം വേണ്ടി വന്നില്ല. അവളും ഒരു ഇണ അല്ലേ. ഇണകളുടെ വേദനകളും സന്തോഷങ്ങളും അവളും അറിയുന്നതല്ലേ. 
ഐസ് ക്രീം അലിഞ്ഞ് ലക്ഷ്മിയുടെ കയ്യിലൂടെ താഴേക്ക് ഒലിച്ചു. അവള്‍ക്ക് അത് കഴിക്കാന്‍ തോന്നിയില്ല. ഇണയെ ഉണര്‍ത്താന്‍ വൃഥാ ശ്രമിക്കുന്ന കുഞ്ഞിക്കുരുവിയെ നോക്കി  നെടുവീര്‍പ്പിട്ട് അവള്‍ ആ അര മതിലില്‍ ഇരുന്നു. ഇണക്കുരുവി നിസ്സഹായതയോടെ ചങ്ങാതിയെ കൊക്ക് കൊണ്ട് ഉണര്‍ത്താന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ലക്ഷ്മിയുടെ കണ്ണില്‍ നിന്നും രണ്ടുമൂന്നു നീര്‍ത്തുള്ളികള്‍ ഉരുണ്ടു കൂടി താഴേക്കൊലിച്ചു. ഫോണിലെ സംസാരം അവസാനിപ്പിച്ച അജയന്‍ അപ്പോഴാണ്‌ ലക്ഷ്മിയുടെ മുഖം ശ്രദ്ധിച്ചത്. 

"എന്തേ ലക്ഷ്മീ. .. ഐസ് ക്രീമൊക്കെ താഴെപ്പോയല്ലോ. അല്ലാ ..ഇതെന്താ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ. എന്ത് പറ്റി നിനക്ക്? 

മറുപടി ഒന്നും പറയാതെ ലക്ഷ്മി കുരുവി ചത്തു കിടന്ന സ്ഥലത്തേയ്ക്ക് വിരല്‍ ചൂണ്ടി. അപ്പോഴും ഇണക്കുരുവി അതിന്‍റെ ചങ്ങാതി ക്കുരുവിയുടെ ചുറ്റും പറന്നു നടന്നു അതിനെ ഉണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇടയ്ക്കിടെ അത് മരക്കൊമ്പില്‍ ഇരിക്കുന്ന കൂട്ടുകാരെ നോക്കി എന്തൊക്കെയോ ശബ്ദങ്ങള്‍ ഉണ്ടാക്കും. 
"അയ്യേ ..ലക്ഷ്മീ ...നീ ഇതൊക്കെ കണ്ടു സെന്‍ടിമെന്‍ടല്‍ ആകാതെ. കുറച്ചു കഴിയുമ്പോള്‍ ആ കിളി നോക്കിക്കോ വേറൊരു കിളിയുടെ കൂടെ പോകും. നീ നോക്കിക്കോ. നീ വാ.. സിനിമ തുടങ്ങാല്‍ സമയം ആയി. "

ലക്ഷ്മി അജയന്‍റെ കയ്യില്‍ മുറുക്കെ പിടിച്ചു.. എന്നിട്ട് നനവൂറിയ കണ്ണുകളോടെ അജയനെ നോക്കി ചോദിച്ചു .

" അപ്പൊ ഞാന്‍ മരിച്ചാലും...  "

അത് മുഴുമിപ്പിക്കാന്‍ അജയന്‍ അവളെ സമ്മതിച്ചില്ല. ഒരു കൈ കൊണ്ട് ലക്ഷ്മിയുടെ വായ്‌ പൊത്തിക്കൊണ്ട് അവളെ തന്നോട് ചേര്‍ത്തു പിടിച്ചു അജയന്‍ തിയേറ്ററിന്റെ അടുത്തേക്ക് നടന്നു. 

രണ്ടര മണിക്കൂര്‍ കഴിഞ്ഞു  അവര്‍ പുറത്തിറങ്ങി. ബസ് സ്റ്റോപ്പി ലേക്ക് നടക്കുന്ന വഴി ലക്ഷ്മി ആ കുരുവി കിടക്കുന്ന സ്ഥലത്തേയ്ക്ക് നോക്കി. ഇണക്കുരുവിയെ അവിടെങ്ങും കണ്ടില്ല. മുന്‍പോട്ടു നടന്ന  അവള്‍ വീണ്ടും ഒന്ന് തിരിഞ്ഞു നോക്കി. അനക്കമില്ലാതെ ആ കുരുവി കിടന്നതിന്‍റെ അടുത്തുള്ള മരക്കൊമ്പില്‍ ഒരു കുരുവി മാത്രം ഇരിക്കുന്നത് അവള്‍ കണ്ടു. ചങ്ങാതി ക്കുരുവി ഉണര്‍ന്നു വരും എന്ന പ്രതീക്ഷ കൈ വെടിയാത്ത ആ ഇണക്കുരുവി  മാത്രം....


ജോസ്
ബാംഗ്ലൂര്‍
17  ഏപ്രില്‍ 2012 
(ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ )
 

2012, ഏപ്രിൽ 9

ചൂളമടിക്കാതെടാ മക്കളെ ...

"ഡാ ...വെറുതെ ചൂളമടിക്കാതെടാ ..അതൊക്കെ ചെയ്യുന്നതേ...അഴുക്ക പിള്ളേരാ...നല്ല കൊച്ചുങ്ങള്‍ ഒന്നും അങ്ങനെ ചെയ്യില്ല "

ഈ പ്രസ്താവന കൊച്ചിലെ ഞാന്‍ എത്ര തവണ കേട്ടിരിക്കുന്നു. പ്രത്യേകിച്ച് വല്യമ്മച്ചി ഉണ്ടായിരുന്നപ്പോള്‍. എന്നാലും ഞാന്‍ ആരും കാണാതെ ചൂള മടിക്കുമായിരുന്നു.. വെറുതെ പൂവാലന്മാരെ പോലെ 'ശൂ ..ശൂ' എന്നൊന്നും അല്ല..മലയാളവും ഹിന്ദിയും ഒക്കെ വെച്ച് കാച്ചി നല്ല പാട്ടാണ് ഞാന്‍ചൂള മടിച്ചു പാടുമായിരുന്നത്.



അത് തികച്ചും പാരമ്പര്യം ആയി കിട്ടിയ ഒരു വാസന എന്ന് വേണം പറയാന്‍. എന്‍റെ അപ്പച്ചന്‍  നന്നായി ചൂള മടിച്ചു പാടുമായിരുന്നു . അല്ലാതെയും പാടുമായിരുന്നു. ഞങ്ങളൊക്കെ നന്നായി ആസ്വദിച്ചിരുന്നത് അപ്പച്ചന്റെ ഉറക്കത്തിലുള്ള പാട്ടും ചൂളമടിയും ഒക്കെയാണ്. പഴയ തമിഴും, ഹിന്ദിയും, മലയാളവും ഗാനങ്ങള്‍ നല്ല സുന്ദരമായി അപ്പച്ചന്‍ പാടും. അതും നല്ല ഉറക്കത്തില്‍.  അന്നൊന്നും അതൊക്കെ റെക്കോര്‍ഡ്‌ ചെയ്യാന്‍ മൊബൈല്‍ പോയിട്ട് ഒരു ടേപ്പ് പോലും ഇല്ലായിരുന്നു.


അപ്പച്ചന്‍ പകലൊക്കെ ചൂള മടിച്ചാല്‍ വല്യമ്മച്ചി  പതിയെ പിറുപിറുക്കും...

"അതെങ്ങനാ...വലിയര്‍ കാണിക്കുന്നത് കണ്ടല്ലേ കൊച്ചുങ്ങള്‍ പഠിക്കുന്നത്.. "

ഞാനും ചേട്ടന്മാരും ഒക്കെ ചൂള മടിക്കുന്നത് കേട്ടിട്ടാണ് വല്യമ്മച്ചി അങ്ങനെ പറയുന്നത്.

ചൂള മടിച്ചു പാട്ട് പാടുന്നത് മോശമല്ല എന്ന് പിന്നീട് എനിക്ക്  മനസ്സിലായി. ടെലിവിഷനില്‍ ആളുകള്‍ ചൂളമടിച്ചു കച്ചേരി വരെ നടത്തിയിട്ടുണ്ട്. അപ്പൊ പിന്നെ ഞാന്‍ ആരെയും ഉപദ്രവിക്കാതെ ചൂള മടിച്ചു ഒരു പാടു പാടിയാല്‍ എന്നതാ കുഴപ്പം?



കഹനാ ഹീ ക്യാ ....

വല്യമ്മച്ചിയുടെ മരണ ശേഷം പിന്നെ ചൂളമടിയെക്കുറിച്ച് ആരും വഴക്ക് പറയാതെ ആയി. വര്‍ഷങ്ങള്‍ കഴിഞ്ഞ് IIT  റൂര്‍ക്കിയില്‍ ജിയോളജി  പഠിക്കാന്‍ ചെന്നപ്പോള്‍ , അവിടെ എന്‍റെ ചൂളമടി കേട്ട കൂട്ടുകാര്‍ ഒന്നാം വര്‍ഷക്കാരെ വരവേല്‍ക്കാന്‍ ഉള്ള പ്രോഗ്രാമില്‍ എന്നെയും പിടിച്ചിട്ടു. പ്രത്യേക ഇനം ആയി എന്‍റെ ചൂള മടിയും. അതിന്റെ തെളിവായും ഓര്‍മ്മയായും ഒരു ഫോട്ടോ മാത്രമേ ഉള്ളൂ. അതാണ്‌ മേളില്‍ കൊടുത്തിരിക്കുന്നത്‌.  അന്ന് A .R  റഹ്മാന്‍ സംഗീതം കൊടുത്ത 'കഹനാ ഹീ ക്യാ ' എന്ന പാട്ടാണ് ഞാന്‍ ചൂളമടിച്ചു പാടിയത്. (കൊച്ചിലെ ഒരിക്കല്‍ പാടാന്‍ സ്റ്റേജില്‍ കയറി തല കറങ്ങുന്ന പോലെ തോന്നിയതിനു ശേഷം പിന്നെ ആദ്യമായായിരുന്നു അന്ന് സ്റ്റേജില്‍ ചെന്ന് നിന്നത് ). അന്ന് പാടിയ പോലെ ഒന്ന് പാടാന്‍ ഇപ്പോള്‍ ശ്രമിച്ചു നോക്കി. ശ്വാസം പിടിക്കാന്‍ പറ്റുന്നില്ല. എന്നാലും ഒരു വിധം ഒപ്പിച്ചു ..ദേ താഴെ കൊടുത്തിരിക്കുന്നു.

കഹനാ ഹീ ക്യാ
  (കേള്‍ക്കാന്‍ പേജിന്‍റെ ഏറ്റവും  താഴെയുള്ള   streampad  എന്ന ഓഡിയോ പ്ലെയര്‍ ബാറില്‍ ഞെക്കണം ....)


പലപ്പോഴും വഴിയിലൂടെ ഒക്കെ എന്‍റെതായ ലോകത്തില്‍ മുഴുകി നടക്കുമ്പോള്‍ അറിയാതെ ചൂള മടിച്ചു ചില പാട്ടുകള്‍ പാടിപ്പോകും. പിന്നെ ആളുകള്‍ നോക്കുന്നു എന്ന് അറിയുമ്പോള്‍ ആണ് അത് നിര്‍ത്തുന്നത്. ഏതായാലും  പൂവാലന്മാരെ പോലെ അല്ല ചൂളം അടിക്കുന്നത് എന്നത് കൊണ്ട് അടി കിട്ടും എന്ന പേടി ഇല്ല.

പണ്ടൊക്കെ സ്ഥിരം പാടുമായിരുന്ന ചില പാട്ടുകള്‍ അന്നത്തെപ്പോലെ ഒപ്പിക്കാന്‍ ഒരു ശ്രമം നടത്തുന്നു ഇവിടെ. 

രാമാ രാമാ  

സുമംഗലീ നീ ഓര്‍മ്മിക്കുമോ  

സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍  

അല്ലിയാമ്പല്‍ കടവിങ്കല്‍  

നയനാ ബോലേ നയനാ . 

പാടാത്ത വീണയും പാടും  

കാതല്‍ റോജാവേ  


ജോസ്
ബാംഗ്ലൂര്‍
09  ഏപ്രില്‍ 2012    

(ചില ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ )

2012, മാർച്ച് 25

രണ്ടാം ജന്മം ..





ചന്ദനത്തിരിയുടെ സുഗന്ധം നിറഞ്ഞ ആശ്രമത്തിലെ ആ മുറിയില്‍, വെള്ളത്തുണി വിരിച്ച ഒരു തടിക്കട്ടിലില്‍ സുദേവന്‍ കിടന്നു. ജീവിതം മടുത്തു എന്ന് തോന്നിയ വേളയില്‍ മഞ്ഞണിപ്പുഴയിലേക്ക് എടുത്തു ചാടിയതായിരുന്നു സുദേവന്‍. പക്ഷെ കാലന്‍റെ പുസ്തകത്തില്‍ സുദേവന് പോകാനുള്ള സമയം ആവാത്തതിനാല്‍ ആവും ശാരദാമ്മയുടെ ആശ്രമത്തിലെ അന്തേവാസികള്‍ അയാളെ രക്ഷിച്ചതും ആശ്രമത്തില്‍ അമ്മയുടെ അടുത്തേക്ക് കൊണ്ട് വന്നതും. ആര്‍ക്കും വേണ്ടാത്ത എത്ര ജീവിതങ്ങള്‍ ശാരദാമ്മ ഏറ്റെടുത്തിട്ടുണ്ട്.

സന്ധ്യാദീപം കൊളുത്തി നാമജപവും കഴിഞ്ഞ ശേഷം ശാരദാമ്മ സുദേവന്‍ കിടക്കുന്ന മുറിയിലേക്ക് വന്നു. കട്ടിലില്‍ വന്ന് അടുത്തിരിന്ന് അയാളുടെ നെറ്റിയില്‍ തലോടിക്കൊണ്ട് ശാരദാമ്മ പറഞ്ഞു.

"ആരാണ് എവിടുന്നാണ് എന്നൊന്നും അറിയില്ല. ചോദിച്ചു വിഷമിപ്പിക്കുന്നുമില്ല. മരിക്കാന്‍ തീരുമാനിച്ച് ഇറങ്ങിയതാണ് എങ്കില്‍ എന്നും എനിക്ക് തടയാന്‍ കഴിയില്ല എന്നും അറിയാം. ജീവിക്കാന്‍ ആണെങ്കില്‍ ഇവിടെ കൂടാം. സങ്കടങ്ങള്‍ ഒരുപാടുള്ള കുറെ ഏറെ ആളുകള്‍ ഇവിടെയും ഉണ്ട്. "

ഒരു ഉള്‍വിളി ഉണ്ടായപോലെ സുദേവന്‍ ശാരദാമ്മയുടെ കൈ അയാളുടെ കൈകളില്‍ എടുത്തു വെച്ച് പൊട്ടിക്കരഞ്ഞു. നെഞ്ചില്‍ തട കെട്ടി തടഞ്ഞു വെച്ചിരുന്ന ഒരു വിഷമക്കടല്‍ അണ പൊട്ടി ഒഴുകിയപോലെ അയാള്‍ക്ക്‌ തോന്നി..

അന്തെവാസികള്‍ക്കൊപ്പം ഇരുന്ന് അത്താഴം കഴിച്ച ശേഷം സുദേവന്‍ അമ്മ ഇരിക്കുന്നിടത്തേക്ക്‌ പോയി. അമ്മയുടെ പ്രാര്‍ത്ഥന തീരുന്ന വരെ അയാള്‍ കാത്തിരുന്നു. അമ്മ പ്രാര്‍ത്ഥന കഴിഞ്ഞ് എണീറ്റപ്പോള്‍ അയാള്‍ അമ്മയുടെ അടുത്ത് ചെന്നിരുന്നു. കുറച്ചു നേരം മൌനത്താല്‍ സംവാദിച്ച ശേഷം അയാള്‍ തന്‍റെ ജീവിത പുസ്തകം തുറന്നു. അതൊരു കുമ്പസാരം ആയിരുന്നു. ഞാനെന്ന ഭാവത്തില്‍ അഹങ്കരിച്ച്‌, ജീവിതം തുലച്ച ഒരു മനുഷ്യന്‍റെ കുമ്പസാരം. അഹങ്കാരങ്ങളെ കത്തിക്കരിക്കുന്ന ജീവിത പ്രതിസന്ധികളില്‍ തളര്‍ന്നു കരഞ്ഞ ഒരു സാധാരണ മനുഷ്യന്‍റെ കുമ്പസാരം.

************

നാലഞ്ചു മണിക്കൂര്‍ മുന്‍പ്..

ഞായറാഴ്ച ആയതിനാല്‍ രാമപുരത്തെ കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കുക ആയിരുന്നു. അവിടത്തെ റേഷന്‍ കടയുടെ ഒഴിഞ്ഞ വരാന്തയില്‍ അസ്ഥിപന്ജരം പോലെ ഒരാള്‍ കിടക്കുന്നുണ്ടായിരുന്നു. താടിയും മുടിയും വളര്‍ന്ന്, മുഷിഞ്ഞു നാറിയ വസ്ത്രങ്ങളില്‍ പൊതിഞ്ഞ ആ ഭീകര രൂപത്തിന് മുപ്പതു വര്‍ഷം മുന്‍പത്തെ സുദേവന്റെ യാതൊരു ഛായയും ഇല്ലായിരുന്നു. കാലവും ജീവിത സാഹചര്യങ്ങളും ചേര്‍ത്ത് വരുത്തിയ മാറ്റങ്ങള്‍ അത്രയ്ക്കല്ലേ.

ഏകദേശംആറു മണി ആയിക്കാണും. വിട പറയുന്ന പകലും, ആഗമിക്കുന്ന സന്ധ്യയും കണ്ടു മുട്ടുന്ന സമയം. വെളിച്ചം മങ്ങിത്തുടങ്ങി. നഗരത്തില്‍ റോന്തു ചുറ്റുന്ന പോലിസ് ജീപ്പ് പെട്ടന്നാണ് റേഷന്‍ കടയുടെ മുന്‍പില്‍ വന്ന് നിന്നത്. അതില്‍ നിന്നും രണ്ടു പോലീസുകാര്‍ ഇറങ്ങി സുദേവന്‍ കിടക്കുന്ന കോണിലേക്ക് വന്ന് ലാത്തി കൊണ്ട് സുദേവനെ ഒന്ന് തള്ളിയ ശേഷം അവര്‍ ആക്രോശിച്ചു.

"എണീക്കെടാ. എന്തിനാ നീ ഇവിടെ കിടക്കുന്നേ ?വീടും കുടിയും ഒന്നും ഇല്ലേ."

ഉറക്കം നഷ്ടപ്പെട്ടതിന്‍റെ ഈര്‍ഷ്യയും ലാത്തികൊണ്ട് കിട്ടിയ അടിയുടെ വേദനയും സുദേവനെ പെട്ടെന്ന് ക്ഷുഭിതനാക്കി.

"ഞാനിവിടെ മര്യാദയ്ക്ക് കിടക്കുക അല്ലേ. അതിനു നിങ്ങള്‍ക്കെന്താ ചേതം"

"പോലീസുകാരോട് തര്‍ക്കുത്തരം പറയുന്നോടാ ". അതും പറഞ്ഞ് ഒരു പോലീസുകാരന്‍ സുദേവന്റെ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു. അപ്പോഴേക്കും ജീപ്പില്‍ നിന്നും മുന്‍പിലിരുന്ന ഇന്‍സ്പെക്ടര്‍ അവിടേക്ക് വന്നു. മറ്റു പോലീസുകാര്‍ അയാളോട് എന്തോ പറഞ്ഞു. ഇന്‍സ്പെക്ടറും ആദ്യം സുദേവന്റെ കവിളില്‍ ഒന്ന് പൊട്ടിച്ചു. എന്നിട്ടേ ചോദ്യങ്ങള്‍ ചോദിച്ചുള്ളൂ. അതിനൊന്നും സുദേവന്‍ ഉത്തരം പറഞ്ഞില്ല. കുറച്ചു മുന്‍പേ ക്ഷോഭിച്ച അയാള്‍ പൊട്ടിക്കരഞ്ഞതെ ഉള്ളൂ.

"സാറേ ..ഇയാള്‍ക്ക് തലയ്ക്കു സുഖം ഇല്ലെന്നാ തോന്നുന്നേ. വിട്ടേക്കാം. "

കൈയ്യുടെ പെരുപ്പ്‌ മാറ്റിയ ശേഷം ഇന്‍സ്പെക്ടറും പോലീസുകാരും ജീപ്പില്‍ കയറി റോന്തു ചുറ്റല്‍ തുടങ്ങി. സുദേവന്‍ മഞ്ഞണി പ്പുഴയുടെ അടുത്തെയ്ക്കും പോയി. എന്തോ തീരുമാനിച്ചു ഉറച്ച പോലെ ..

***************

"പോലീസുകാരുടെ അടി കൊണ്ടപ്പോഴേക്കും ജീവിതം മടുത്തോ സുദേവാ? അങ്ങനെ ആണെങ്കില്‍ ഞാനുള്‍പ്പെടെ ഇവിടത്തെ അന്തേവാസികള്‍ എത്ര തവണ മരിക്കണം. എത്രയോ വലിയ പ്രതിസന്ധികള്‍ തരണം ചെയ്താണ് ഞങ്ങള്‍ ഇപ്പോഴും ജീവിക്കുന്നത്. "

നനവ്‌ വീണ സുദേവന്റെ കണ്ണുകളില്‍ നോക്കി ശാരദാമ്മ പറഞ്ഞു. അതിനും സുദേവന്‍ ഒന്നും മറുപടി പറഞ്ഞില്ല. പകരം, കുറച്ചു നേരത്തെ മൌനത്തിനു ശേഷം അയാള്‍ അയാളുടെ കഥ തുടര്‍ന്നു. ഏകദേശം ഒരു നാല്‍പ്പതു വര്‍ഷം മുന്‍പ് തൊട്ടുള്ള കഥ. രാമപുരത്തു നിന്നും ഒരു നൂറ്റി അമ്പതു കിലോമീറ്റര്‍ ദൂരത്തുള്ള തായിക്കാട് എന്ന സ്ഥലത്തേക്ക് ആ കഥയുമായി അയാള്‍ പോയി.

സമ്പന്നതയുടെ നടുവില്‍ ആയിരുന്നു സുദേവന്റെ ജനനം.റബര്‍ തോട്ടവും പിന്നെ പല പല ബിസിനസുകളും നടത്തുന്ന സുദേവന്റെ അച്ഛനും, താഴെക്കിടയിലുള്ള ആശ്രിതരെ ഭരിച്ചു ജീവിച്ച അമ്മയ്ക്കും സുദേവന്റെയോ അയാളുടെ മറ്റു സഹോദരങ്ങളുടെയോ സ്വഭാവ രൂപീകരണത്തില്‍ യാതൊരു ശ്രദ്ധയും ഇല്ലായിരുന്നു. അത് കൊണ്ടാവാം അവര്‍ അറിയാതെ തന്നെ പല സ്വഭാവ വൈകല്യങ്ങളും സുദേവന്റെ വ്യക്തിത്വത്തില്‍ അലിയാന്‍ തുടങ്ങിയത്. പഠനത്തില്‍ എല്ലാരെക്കാളും മുന്‍പില്‍. ഒരിക്കല്‍ കേട്ടാല്‍ എന്തും ഓര്‍ത്തു വെയ്ക്കാന്‍ പറ്റുന്ന ഓര്‍മ്മ ശക്തി. നല്ല ഭാഷ നൈപുണ്യം. (അത് പോലെ തന്നെ ചന്തയില്‍ പറയുന്ന മാതിരി തെറി വിളിക്കാനും ഉള്ള നൈപുണ്യം ). ആരെയും വക വെയ്ക്കാത്ത പ്രകൃതം. ഇതൊക്കെ സുദേവന്റെ സ്വഭാവ വിശേഷങ്ങളില്‍ ചിലത് മാത്രം. തല തിരിഞ്ഞ സമ്പന്ന പുത്രന്‍ എന്ന് പറയുന്ന പോലെ തന്നെയായിരുന്നു സുദേവന്‍ ജീവിച്ചത്. തൊലിക്ക് മീതെ ഉള്ള സ്നേഹം മാത്രമേ സുദേവന് അറിയാമായിരുന്നുള്ളൂ. അതയാളുടെ കുറ്റം ആയിരിക്കില്ല. അയാള്‍ കണ്ടു വളര്‍ന്നതൊക്കെ അതല്ലേ.

സുദേവന്റെ ഇരുപതാം വയസ്സില്‍ അച്ഛന്‍ മരിച്ചു. അപ്പോഴേക്കും അയാളുടെ ബിസിനസുകള്‍ ഒക്കെ ചെറുതായി തകരാന്‍ തുടങ്ങിയിരുന്നു. അത് ഏറ്റെടുത്തു നടത്താനുള്ള വിവേകവും പക്വതയും മക്കളില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. പകരം അച്ഛന്‍റെ സ്വത്ത് എല്ലാവര്‍ക്കും വീതിച്ചു നല്‍കാന്‍ അവര്‍ അമ്മയോട് ആവശ്യപ്പെട്ടു. അങ്ങനെ താമസിയാതെ തന്നെ സ്വത്തുക്കള്‍ ഒക്കെ ഭാഗം വെച്ചു. സുദേവനും കിട്ടി ഒരു വീടും കുറെ കാശും. കാലിന്‍റെ അടിയിലെ മണ്ണ് ചോര്‍ന്നു പോകുന്നത് അപ്പോഴും സുദേവന്‍ അറിഞ്ഞില്ല. അച്ഛനുണ്ടായിരുന്നപ്പോള്‍ തോന്നിയ മുതലാളി മനോഭാവവും അഹങ്കാരവും ഒന്നുകൂടി കൂടിയതേ ഉള്ളൂ.

ഒരു ജോലി നോക്കണം എന്നോ, ജീവിതം നന്നായി മുന്‍പോട്ടു കൊണ്ട് പോകണം എന്നോ അയാള്‍ക്ക് തോന്നിയില്ല. കയ്യിലുള്ള പൈസ നന്നായി ചെലവാക്കി സുഖിച്ചു ജീവിക്കാനാണ് അയാള്‍ക്ക് തോന്നിയത്. ഉപദേശിക്കാനും ആരും ഇല്ലായിരുന്നു. അല്ലെങ്കില്‍ തന്നെ ഉപദേശങ്ങള്‍ കേള്‍ക്കാന്‍ അയാള്‍ ചെവി കൊടുക്കാറും ഇല്ലായിരുന്നല്ലോ . അങ്ങനെ ഇരിക്കുമ്പോഴാണ് അമ്മയ്ക്ക് മകനെ കല്യാണം കഴിപ്പിക്കണം എന്ന് തോന്നിയത്. കല്യാണം കഴിച്ചു കഴിഞ്ഞാല്‍ ഒരു ചുമതലാ ബോധം വരുമെന്നും മകന്‍ നന്നാവും എന്നും ഒക്കെ പാവം അമ്മയ്ക്ക് അപ്പോള്‍ തോന്നി. അങ്ങനെയാണ് സുദേവന്റെ കുത്തഴിഞ്ഞ ജീവിതത്തിലേക്ക് പ്രതീക്ഷകളോടെ ആതിര കടന്നു വന്നത്. സുദേവന്റെ സ്വഭാവത്തെപ്പറ്റി യാതൊരു സൂചനയും ഇല്ലാതെയാണ് ആതിര പുതിയ ജീവിതം തുടങ്ങിയത്.

എല്ലാവര്‍ക്കും ശുഭ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. സുദേവന്റെ അമ്മയ്ക്കും ആതിരക്കും ഒക്കെ. പക്ഷെ പ്രതീക്ഷകള്‍ തകരാന്‍ സമയം അധികം ഒന്നും വേണ്ടി വന്നില്ല. ജീവിതം പങ്കിടാന്‍ എത്തിയ സഖിയും ഒരു മനുഷ്യ ജീവി ആണെന്ന് കരുതാനുള്ള പക്വത ഇല്ലാതെ, ആശ്രിതരോട് ഭരിച്ചു സംസാരിക്കുന്ന പോലെ അയാള്‍ ഭാര്യയോടും പെരുമാറാന്‍ തുടങ്ങി. സ്നേഹം എന്താണ് എന്നറിഞ്ഞാല്‍ അല്ലേ അയാള്‍ക്ക്‌ അതൊക്കെ തിരുത്താന്‍ പറ്റൂ. കിടപ്പറയിലും തെറിപ്പാട്ടും മദ്യവും, പോരാത്തതിന് ദേഹോപദ്രവവും പതിവുകള്‍ ആവാന്‍ തുടങ്ങി. ദാമ്പത്യത്തിന്റെ താളം തെറ്റിത്തുടങ്ങി . അതിനിടെ അവര്‍ക്കൊരു കുഞ്ഞും പിറന്നു..... ഇരുട്ടിലേക്ക് വീശിയ ഒരു സുര്യ കിരണം പോലെ .വീട്ടുകാര്‍ അവന് വിജയ്‌ എന്ന് പേരിട്ടു. എല്ലാവരും കരുതി..ഇനിയെങ്കിലും സുദേവന്‍ നന്നാവും എന്ന്.

വീണ്ടും കാര്യങ്ങള്‍ മോശമായാതെ ഉള്ളൂ. ആദ്യമൊക്കെ ഒന്നോ രണ്ടോ ദിവസങ്ങളില്‍ വീട്ടില്‍ കയറാതെ സുദേവന്‍ അലഞ്ഞു തിരിയുമായിരുന്നു. പിന്നെ അത് ആഴ്ചകള്‍ കൂടുന്ന അലച്ചില്‍ ആയി. വീട്ടില്‍ വരുന്ന സമയം മാത്രം അയാള്‍ കുഞ്ഞിനോട് സ്നേഹത്തോടെ പെരുമാറും. ഭാര്യയോടുള്ള പെരുമാറ്റത്തില്‍ യാതൊരു മാറ്റവും ഉണ്ടായില്ല. മറിച്ച്, വീട്ടില്‍ വരുമ്പോള്‍ ഒക്കെ വാക്ക് തര്‍ക്കവും അടിപിടിയും പതിവായി.

ഇതൊരു തുടര്‍ക്കഥ ആയപ്പോള്‍ ആതിരയുടെ വീട്ടുകാര്‍ ഒരു തീരുമാനം എടുത്തു. ആര്‍ക്കും വേണ്ടാതെ ഒരു ജീവിതം കൊണ്ടുപോകുന്നതിലും നല്ലത് ബന്ധം വേര്‍പെടുത്തുന്നതാണ് നല്ലത് എന്ന് അവര്‍ക്ക് തോന്നി. ദേഷ്യവും അഹങ്കാരവും മൂത്ത് നിന്ന സമയത്ത് സുദേവനും അതിനു സമ്മതം മൂളി. അങ്ങനെ കല്യാണം കഴിഞ്ഞ് നാലാം വര്‍ഷം അവര്‍ രണ്ടായി. അതായിരുന്നു സുദേവന്റെ ജീവിതത്തിനെ മാറ്റി മറിച്ച സംഭവം. പഴയ സുദേവനില്‍ നിന്നും മഞ്ഞണിപ്പുഴയില്‍ ഇന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സുദേവനിലേക്കുള്ള പ്രയാണം അന്ന് തുടങ്ങി.

വിവാഹ ബന്ധം വേര്‍പെട്ട ശേഷം അയാള്‍ക്ക് എന്തോ നഷ്ടപെട്ട പോലെ തോന്നി. അയാളുടെ ആട്ടും തുപ്പും സഹിച്ചു കഴിഞ്ഞ ആ പെണ്‍കുട്ടിയെയും അയാള്‍ ഉള്ളില്‍ ഇഷ്ടപ്പെടിരുന്നതായി അയാള്‍ക്ക് തോന്നി. പിന്നെ അയാളുടെ മകന്‍..വീട്ടില്‍ വിരളമായി വരാറുള്ള സമയത്ത് അതിന്‍റെ കൊഞ്ചലും കളിചിരിയും ഒക്കെ അയാളുടെ വികലമായ വ്യക്തിത്വത്തിന്റെ ഏതോ ഒരു കോണില്‍ കുറെ മധുര വികാരങ്ങള്‍ നല്‍കാന്‍ തുടങ്ങിയിരുന്നു. അതിപ്പോള്‍ ഒരു നൊമ്പരമായി അയാളെ വേദനിപ്പിക്കാന്‍ തുടങ്ങി.

താമസിയാതെ തന്നെ ആതിര മറ്റൊരു വിവാഹം കഴിച്ചു. അതറിഞ്ഞ നിമിഷം സുദേവന് മനസ്സിലായി അയാളുടെ ജീവിതത്തില്‍ ആദ്യമായി കടന്നു വന്ന പെണ്‍കുട്ടിയെ അയാള്‍ക്ക്‌ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന്‌. കോടതി വിധി പ്രകാരം ഇടയ്ക്കിടെ മകനെ കാണുവാനുള്ള അധികാരം സുദേവനും ഉണ്ടായിരുന്നു. അങ്ങിനെ ഇടയ്ക്കിടെ അയാള്‍ സ്കൂളില്‍ പോയി മകനെ കാണുമായിരുന്നു. ഓരോ കണ്ടുമുട്ടലിലും അയാളുടെ നഷ്ടബോധം ശക്തമാകാന്‍ തുടങ്ങി. മനസ്സില്‍ രൂപപെട്ട വ്രണങ്ങള്‍ അയാളെ വല്ലാതെ നോവിക്കാന്‍ തുടങ്ങി. ഉപദേശിക്കാനോ, നേര്‍ വഴി നടത്താനോ അയാള്‍ക്ക് നല്ല സുഹൃത്തുക്കള്‍ പോലും ഉണ്ടായിരുന്നില്ല. നേര്‍വഴി തിരഞ്ഞെടുക്കാത്ത പലരെയും പോലെ സുദേവനും മദ്യത്തിന്റെയും ലഹരിയുടെയും പുറകെ പോയി. വിഷമങ്ങള്‍ മറക്കാന്‍ എന്ന പേരും പറഞ്ഞ്.

ബാങ്കില്‍ ഉണ്ടായിരുന്ന കാശിന്‍റെ ബലത്തില്‍ ജീവിച്ച ജീവിതം പതിയെ ദിശ മാറാന്‍ തുടങ്ങി. ബാങ്കിലെ കാശിന്‍റെ അക്കങ്ങള്‍ കുറഞ്ഞു തുടങ്ങി. ജീവിതം കൈവിട്ടു പോകുന്നത് മനസ്സിലാക്കാന്‍ ലഹരിയില്‍ ആണ്ട മനസ്സ് അയാളെ അനുവദിച്ചും ഇല്ല. അയാളുടെ അലച്ചില്‍ മാസങ്ങള്‍ നീളുന്നവ ആയി. ഒരു ലക്ഷ്യവും ഇല്ലാതെ എവിടെയെങ്കിലും ഒക്കെ അലയുക ഒരു പതിവാക്കി. അതിനിടെ എപ്പോഴെങ്കിലും നാട്ടില്‍ വരുമ്പോള്‍, കുറച്ചു മിട്ടായിയും വാങ്ങി അയാള്‍ മകനെ കാണാന്‍ ചെല്ലും. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരിക്കല്‍ മകനെ കാണാന്‍ സ്കൂളില്‍ ചെന്നപ്പോഴാണ് അയാളുടെ നേരെ മകന്‍ മൂര്‍ച്ച ഏറിയ ഒരു ചോദ്യം ചോദിച്ചത്.

"നിങ്ങള്‍ എന്തിനാ എന്നെ കാണാന്‍ ഇടയ്ക്കിടെ വരുന്നത്. എന്‍റെ അമ്മയ്ക്ക് അതു ഇഷ്ടമല്ല . എനിക്കും . പഴയ കഥകള്‍ ഒക്കെ എനിക്കറിയാം. പണ്ടില്ലാത്ത സ്നേഹം ഇനി എന്തിനാ? "

അന്ന് അയാളുടെ നഷ്ട ബോധം നൂറിരട്ടിയായി. പകുതി ജീവന്‍ നല്‍കി ജനിപ്പിച്ച മകന്‍ ചോദിച്ച ചോദ്യം ശരിയാണെന്ന് അയാള്‍ക്ക്‌ തന്നെ തോന്നി. പിന്നീടുള്ള വരവുകളില്‍ അയാള്‍ മകനെ അടുത്ത് കാണാന്‍ പോയില്ല. അവന്‍റെ സ്കൂളിന്‍റെ അടുത്തുള്ള കടയില്‍ ഇരുന്ന് അവനെ ദൂരെ നിന്നും കണ്ട് സംതൃപ്തി അടയുമായിരുന്നു അയാള്‍. ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതിനെ എല്ലാം ചിരിച്ചും കരഞ്ഞും സ്വീകരിക്കാന്‍ അയാള്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു.

പിന്നീടുള്ള ജീവിതം തികച്ചും ചരട് പൊട്ടിയ പട്ടം പോലെ ആയിരുന്നു. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് അയാള്‍ ചുറ്റിത്തിരിഞ്ഞു . കയ്യിലെ കാശ് തീരാരാവുമ്പോള്‍ പല തരം ജോലികളും ചെയ്തു. ഭാഷ നൈപുണ്യവും പല കാര്യങ്ങളിലും നല്ല അറിവും ഉണ്ടായിരുന്നതിനാല്‍ ജോലി കിട്ടാനൊന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പക്ഷെ അയാള്‍ ഒരിടത്തും സ്ഥിരമായി നിന്നില്ല. സ്ഥിരമായി ഒന്നും ഭൂമിയില്‍ ഇല്ല എന്ന്‌ വാദിക്കുന്ന ഒരു പ്രവാചകനെപ്പോലെ അയാള്‍ അലഞ്ഞു നടന്നു.

ആ അലച്ചില്‍ ആണ് അയാളെ പാടെ മാറ്റിയത്. സ്വഭാവത്തിലും രൂപത്തിലും. മനസ്സില്‍ രൂപം കൊണ്ട നഷ്ടബോധത്തിന്റെ വ്രണങ്ങള്‍ വലുതായിക്കൊണ്ടേ യിരുന്നു. അതയാളുടെ സ്വഭാവത്തെ ഒന്ന് പതം വരുത്തി. അയാളുടെ രൂപവും തിരിച്ചറിയാന്‍ പറ്റാത്ത വിധം മാറി. തുടുത്ത് നിന്ന കവിളുകള്‍ അകത്തേയ്ക്ക് വലിഞ്ഞു. കവിളെല്ലുകള്‍ പുറത്തേയ്ക്ക് തള്ളി നിന്നു. വെളിച്ചം നഷ്ടപ്പെട്ടപോലെ കണ്ണുകളും ഉള്ളിലേക്ക് വലിഞ്ഞു. തടിയും മുടിയും നീണ്ടു. അതൊക്കെ നന്നേ നരയ്ക്കുകയും ചെയ്തു. നല്ല ആരോഗ്യവാനായിരുന്ന അയാളുടെ ശരീരവും ഉടഞ്ഞു താറുമാറായി. അങ്ങനെ ഒരു അസ്ഥിപന്ജരം ആയിതീര്‍ന്ന സമയത്താണ് അയാള്‍ ഒരു ഭിക്ഷാം ദേഹിയെപ്പോലെ രാമപുരത്ത് എത്തുന്നത്‌ . അവിടെ ക്ഷീണിച്ചു ഒരു കടത്തിണ്ണയില്‍ കിടന്നുറങ്ങിയ നേരത്താണ് പോലീസുകാരുമായി വാക്ക് തര്‍ക്കം ഉണ്ടാവുന്നതും സുദേവന്‍ മരിക്കാനായി പുറപ്പെടുന്നതും.

"കഥ കേട്ടു. മരണം ഒന്നിനും ഒരു പോം വഴി അല്ല കുഞ്ഞേ. മനസ്സിലുള്ള ആ പശ്ചാത്താപം ഇല്ലേ...മനസ്സിലെ ആ വ്രണങ്ങള്‍ ഇല്ലേ.. അതാണ്‌ നിനക്ക് ജീവിക്കാന്‍ ഉള്ള ശക്തി നല്‍കാന്‍ കെല്‍പ്പുള്ള വിചാരങ്ങള്‍.. ഇനിയുള്ള ജീവിതം സ്വയം നശിക്കാതെ, മറ്റുള്ളവരെ സഹായിച്ചു ജീവിച്ചുകൂടെ ? "

സുദേവന്റെ നെറ്റിയില്‍ പതിയെ തലോടിക്കൊണ്ട് അമ്മ ചോദിച്ചു. അതിനു മറുപടി ആയി അയാള്‍ പതിയെ തല ആട്ടി. അയാളുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകിക്കൊണ്ടേയിരുന്നു.

"ഇത്ര ഏറെ വിഷമങ്ങള്‍ മനസ്സില്‍ കൊണ്ട് നടന്നിട്ടും ജീവിച്ച നിനക്ക് പോലീസുകാരുടെ അടി കൊണ്ടപ്പോള്‍ എന്തേ മരിക്കാന്‍ തോന്നി? പറയണം എന്നില്ല. ഒരു കൌതുകത്തിന് ചോദിച്ചതാണ്" .

അമ്മ ശാന്തമായി ചോദിച്ചു. ഒരു പൊട്ടിക്കരച്ചിലായിരുന്നു അതിനുള്ള മറുപടി. അമ്മയുടെ കൈകള്‍ വീണ്ടും നെറ്റിയില്‍ പിടിച്ചു വെച്ചു അയാള്‍ കരഞ്ഞു.

" അമ്മെ..അതൊരു വെറും പോലീസുകാരന്‍ അല്ലായിരുന്നു. ആ ഇന്‍സ്പെക്ടര്‍ എന്‍റെ മകന്‍ ആണ്. അവന്‍റെ മുഖം ഞാന്‍ എങ്ങനെ മറക്കാന്‍ ആണ്. എന്‍റെ പകുതി ജീവനല്ലേ അവന്‍? എന്‍റെ രൂപവും ഭാവവും ഒക്കെ മാറിക്കാണും. അവന്‍ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ എന്നറിയില്ല.. എന്നാലും അവന്‍ എന്‍റെ അടുത്ത് വന്ന് എന്നെ അടിച്ചപ്പോള്‍ ആ കണ്ണുകളില്‍ ഒരു തീജ്വാല ഞാന്‍ കണ്ടു. പകയുടെയും വെറുപ്പിന്റെയും ഒരു തീജ്വാല പോലെ തോന്നി. എന്നെ അറിഞ്ഞിട്ടും അറിയാത്ത പോലെ നടിച്ചു അവന്‍ പെരുമാറിയ പോലെ തോന്നി. അതെനിക്ക് താങ്ങാന്‍ ആയില്ല. പിന്നെ എന്തിനു ജീവിക്കണം എന്ന്‌ തോന്നി.. "

"മതി...ഇനി ഉറങ്ങിക്കോളൂ. ജിവിതം തീര്‍ന്നിട്ടില്ല. ഒരു പക്ഷെ ഒരു തുടക്കം ആവാം ഇത്. ഞാനും ഈ ആശ്രമവും ഒക്കെ അതിനുള്ള ഒരു നിമിത്തം മാത്രം ആയിരിക്കും. കഴിഞ്ഞതിനെക്കുറിച്ചു ഓര്‍ത്തു വിഷമിക്കാതെ നാളെകള്‍ മറ്റുള്ളവര്‍ക്ക് ഇത്തിരി ആശ്വാസം പകരുന്ന തരത്തില്‍ എങ്ങനെ ഉപയോഗിക്കാം എന്ന്‌ ചിന്തിച്ചു കൂടെ? ഈശ്വരനെ ധ്യാനിച്ച്‌ കിടന്നോളൂ. "

അയാളുടെ നെറ്റിയില്‍ കൈ വെച്ചു ധ്യാനിച്ച ശേഷം അമ്മ ഉറങ്ങാന്‍ പോയി. നാളുകള്‍ക്കു ശേഷം അയാളുടെ മനസ്സ് ശാന്തമായി. ആരോ അടുത്തിരുന്നു തലോടുന്നപോലെ അയാള്‍ക്ക് തോന്നി. കുട്ടിക്കാലത്ത് പോലും കിട്ടാത്ത അമ്മയുടെ തലോടല്‍ ഒരു സ്വപ്നത്തില്‍ എന്നപോലെ അയാള്‍ അനുഭവിക്കാന്‍ തുടങ്ങി. നീറുന്ന വ്രണങ്ങളെ ഉണക്കാന്‍ ശക്തിയുള്ള ആ തലോടല്‍ ഏറ്റു വാങ്ങി അയാള്‍ ഉറങ്ങി. നാളെ ഒരു പുതിയ ജീവിതത്തിലേക്ക് ഉണരാനായി.

ജോസ്
ബാംഗ്ലൂര്‍
25 - മാര്‍ച്ച്‌ - 2012

(ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ )

2012, മാർച്ച് 19

ഒരു മര പ്രേമ കഥ .....






കഴിഞ്ഞ ആഴ്ച്ച നാട്ടില്‍ പോയ സമയത്ത്, വീട്ടിലെ ടെറസ്സില്‍ നിന്നും പുറത്തേയ്ക്ക് കണ്ണോടിച്ച് നോക്കിയപ്പോഴാണ് ആ കാഴ്ച കണ്ടത്. എന്‍റെ വീടിന്‍റെ ചുറ്റും ഹരിത മനോഹരമായ കാഴ്ചകള്‍ ആണ് മാങ്ങാത്തൊലി ആണ് എന്നൊക്കെ കരുതിയിരുന്ന എന്നെ, ഒന്ന് ഇരുത്തിയ കാഴ്ച. വീടിന്‍റെ അടുത്ത്, നിറച്ചും മരങ്ങള്‍ ഉണ്ടായിരുന്ന പറമ്പിലൊക്കെ തലങ്ങും വിലങ്ങും കുറെ ജെ സീ ബീ പാഞ്ഞു നടന്ന്, മരങ്ങളുംപിഴുത് , പറമ്പൊക്കെ വെട്ടിയിളക്കുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍, കാടു പോലെ കിടന്ന സ്ഥലം റിയല്‍ എസ്റ്റേറ്റ്‌ മാഫിയക്ക് പറ്റിയ മാതിരി വൃത്തിയായി നിരപ്പായി കിടന്നു . അതൊക്കെ കണ്ടപ്പോള്‍ എനിക്ക് എന്‍റെ കഥ ഓര്‍മ്മ വന്നു. ഒരു അഞ്ചാറു വര്‍ഷം പഴക്കം ഉള്ള കഥ.

എനിക്ക് മരങ്ങളോട് വല്ലാത്ത പ്രേമം ആണ്.പണ്ടും ഇപ്പോഴും. (അത് ഞാന്‍ ഒരു മരത്തലയന്‍ ആയതു കൊണ്ടാണ് എന്ന് എന്ന് ചില ദുഷ്ടര്‍ പറയും. അവര്‍ പറയട്ടെ . ഞാന്‍ അവരോടു ക്ഷമിച്ചിരിക്കുന്നു). പടര്‍ന്നു പന്തലിച്ച്, വലിയ ശിഖരങ്ങളുമായി , നിറയെ പച്ച ഇലകളുമായി നില്‍ക്കുന്ന മരങ്ങള്‍ കാണുമ്പോള്‍ എന്‍റെ മനസ്സില്‍ വല്ലാത്ത ഒരു കുളിര്‍മ തോന്നും (മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി എന്നൊക്കെ ഒരു പരസ്യത്തില്‍ പറയാറില്ലേ ..അത് പോലെ ).

പണ്ട് ഒരു ബന്ധുവിന്‍റെ വീട്ടില്‍ പോയപ്പോള്‍ അവരുടെ വീടിന്‍റെ മുറ്റത്ത് പടര്‍ന്നു പന്തലിച്ചു നിന്ന ഒരു മാവുണ്ടായിരുന്നു. അതിന്‍റെ താഴത്തെ കൊമ്പിലൊക്കെ കയറി ഞാന്‍ കുറെ തൂങ്ങിക്കളിച്ചിട്ടുണ്ട് . അത് കണ്ടപ്പോള്‍ മുതല്‍ എന്‍റെയും മനസ്സില്‍ ഒരു ആഗ്രഹം വന്നു. വലുതായി വീട് വയ്ക്കുമ്പോള്‍ അത് പോലെ വലിയ മരങ്ങള്‍ ഉള്ള പറമ്പില്‍ തന്നെ വേണം എന്ന്.

മരങ്ങള്‍ നിറഞ്ഞ പറമ്പും, അതിന്‍റെ നടുക്കൊരു കൊച്ചു വീടും. അതായിരുന്നു എന്‍റെ സ്വപ്നം. അവിടെ എന്നും രാവിലെയും വൈകിട്ടും ഒരു കസേര എടുത്തു പുറത്തിട്ടിട്ട് , മരങ്ങളെയും നോക്കി കുറച്ചു നേരം ഇരിക്കാനും, അതിന്‍റെ ചില്ലകളിലൂടെ വരുന്ന കാറ്റ് കൊള്ളാനും, അതില്‍ വന്നിരിക്കുന്ന കിളികളുടെ ശബ്ദം കേള്‍ക്കാനും ഒക്കെ എന്ത് രസമായിരിക്കും. ഇങ്ങനെയൊക്കെ ആണ് ഞാന്‍ സ്വപ്നം കണ്ടത്.

'ഇതൊക്കെ നടക്കുന്ന കാര്യം ആണോടേ ജോസേ? വലിയ വീട് വേണമെന്നോ , പുതിയ കാറ് വേണമെന്നോ ഒക്കെ പറഞ്ഞാല്‍ നടക്കും. നിനക്കിപ്പോള്‍ പടര്‍ന്നു പന്തലിച്ച മരങ്ങള്‍ ഉള്ള പറമ്പ് തന്നെ വേണം എന്ന് വെച്ചാല്‍ ..സംഗതി ലേശം പ്രയാസമാണ് മോനെ ദിനേശാ ..." എന്‍റെ ആഗ്രഹം കേട്ട ഒരു സുഹൃത്ത്‌ പറഞ്ഞു.

ഒരു കണക്കിന് അവന്‍ പറഞ്ഞത് നേരാണ്. ഒള്ള പറമ്പൊക്കെ നിരപ്പാക്കി വീടുകളും മറ്റു വലിയ കെട്ടിടങ്ങളും കെട്ടുന്ന ഇ സമയത്ത്, എന്‍റെ സ്വപ്നത്തിലെ പോലൊരു സ്ഥലം എവിടുന്നു കിട്ടാന്‍?

ജോലി കിട്ടിക്കഴിഞ്ഞ് സാമ്പത്തിക സ്ഥിതി ഒന്ന് പച്ചപിടിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്‍റെ 'വീട്' എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു ശ്രമം തുടങ്ങി. ഞാന്‍ ബോംബെയില്‍ ആയിരുന്നതിനാല്‍ എന്‍റെ ചേട്ടനാണ് എനിക്ക് വേണ്ടി സ്ഥലം നോക്കാന്‍ പോയിരുന്നത്. ഏകദേശം എണ്‍പതോളം സ്ഥലങ്ങള്‍ അങ്ങനെ നോക്കി. എന്തെങ്കിലും പ്രശ്നം കാരണം അതൊന്നും നടന്നില്ല. ഒന്നുകില്‍ പ്രമാണത്തില്‍ എന്തെങ്കിലും കുരുക്ക്, അല്ലെങ്കില്‍ അടുക്കാന്‍ പറ്റാത്ത വില, ഇതൊന്നും പോരെങ്കില്‍ ചുറ്റു വട്ടം പന്തികേടുള്ളിടം. അങ്ങനെ കുറെ സ്ഥലങ്ങള്‍ നോക്കി നോക്കി സമയം പോയിക്കിട്ടി. അവസാനം കുടുംബ വീടിന്‍റെ ഒരു രണ്ടു കിലോമീറ്റര്‍ അടുത്തുള്ള ഒരു സ്ഥലം വില്‍ക്കാന്‍ ഇട്ടിരിക്കുന്നു എന്നറിഞ്ഞു. ഞാനും കൂടെ അവധിക്കു വന്ന ഒരു സമയത്ത്, ചേട്ടന്‍റെ കൂടെ ഞാന്‍ സ്ഥലം കാണാന്‍ പോയി.


റോഡു നിരപ്പില്‍ നിന്നും കുറച്ചു താഴ്ന്നു നിന്നിരുന്ന ആ സ്ഥലം കണ്ടപ്പോഴേ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വലിയ മരങ്ങളും, ചെടികളും ഒക്കെ നിറഞ്ഞ്, ഒരു പച്ചപ്പുതപ്പ് പുതച്ച സ്ഥലം പോലെ എനിക്ക് തോന്നി.

"അമ്പട..ഇത് താന്‍ യേന്‍ സ്വപ്ന ഭൂമി" . ഞാന്‍ മനസ്സില്‍ പറഞ്ഞു.

മറ്റുള്ളവര്‍ക്കാര്‍ക്കും ആ താഴ്ന്ന സ്ഥലത്തിനോട് അധികം താല്പര്യം തോന്നിയില്ല എങ്കിലും എന്‍റെ ഇഷ്ടത്തിനോട് എല്ലാവരും സമ്മതിച്ചു. അധികം താമസിയാതെ ഞാന്‍ എന്‍റെ സ്വപ്നക്കൂടാരത്തിന്റെ പണി തുടങ്ങി. എന്‍റെ ആത്മ സുഹൃത്ത്‌ തന്നെ വീടിന്‍റെ പ്ലാന്‍ വരച്ചു തന്നു. ഉടന്‍ തന്നെ ബാങ്ക് ലോണും ശരിയാക്കി ഞാന്‍ വീടിന്‍റെ പണി തുടങ്ങി.

പറമ്പില്‍ കുറെ ഏറെ മരങ്ങള്‍ ഉണ്ടായിരുന്നു. അയണി , പുളി, മാവ്, തെങ്ങ്, കശുമാവ് അങ്ങനെ കുറെ ഏറെ മരങ്ങള്‍. അതിന്‍റെ ഒക്കെ നടുക്ക് ഒരു വീട് ..അതായിരുന്നു എന്‍റെ ആദ്യ സ്വപ്നം. അതെത്രത്തോളം പ്രായോഗികമായ സ്വപ്നം ആയിരുന്നു എന്ന് പിന്നീടല്ലേ അറിഞ്ഞത്. വീട് പണി തുടങ്ങിയ ദിവസം മുതല്‍ മരങ്ങളില്‍ ഓരോന്നായി കോടാലി വീഴാന്‍ തുടങ്ങി.



"ജോസേ...എങ്ങനെ വന്നാലും, വീട് ഇരിക്കുന്ന സ്ഥലം ശരിയാക്കാന്‍ രണ്ടു അയണിയും ഒരു മാവും വെട്ടേണ്ടി വരും. ബാക്കിയുള്ള അയണിയും, മാവും ഒക്കെ നമുക്ക് നിര്‍ത്താം "

ബോംബെയില്‍ ഇരുന്ന എന്നോട് എന്‍ജിനീയര്‍ ഫോണില്‍ ക്കൂടെ ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി. വേറെയും മരങ്ങള്‍ ഉണ്ടല്ലോ എന്ന ആശ്വാസത്തില്‍.

വീടിന്‍റെ മുന്‍പില്‍ നിന്ന രണ്ടു വലിയ അയണി മരത്തില്‍ നിന്നും എന്നും പഴുത്ത കായ് താഴെ ചിതറി വീഴും. ഒപ്പം കുറെ ഏറെ പഴുത്ത ഇലകളും. അതൊക്കെ വാരിക്കളഞ്ഞു മതിയായപ്പോള്‍ അമ്മച്ചിയും ചേച്ചിയും ഒരേ സ്വരത്തില്‍ പറഞ്ഞു.

"ഈ അയണി മരങ്ങള്‍ ഇങ്ങനെ നിര്‍ത്തിയാല്‍, എന്നും ഇതിന്‍റെ കായും ഇലകളും വാരിക്കളഞ്ഞ് ഞങ്ങളുടെ നടുവ് ഒരു പരുവം ആകും. അത് രണ്ടും വെട്ടിക്കളയുന്നതല്ലെടാ നല്ലത്? "

അവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് സമ്മതിക്കാതിരിക്കാന്‍ തോന്നിയില്ല. . അമ്മച്ചിയും ചേച്ചിയും ചവറു വാരി കഷ്ടപ്പെടുന്നത് കാണാന്‍ എന്തായാലും വയ്യ.

"ഓക്കെ ..ശരി..എന്നാ വെട്ടിക്കോ. ബാക്കി മരങ്ങള്‍ ഒക്കെ നിര്‍ത്തിയേക്കണേ ?"

ഇനിയും മരങ്ങള്‍ ഉണ്ടല്ലോ എന്നോര്‍ത്തു ഞാന്‍ ആശ്വസിച്ചു. പക്ഷെ പിന്നെ വീണ്ടും വീണ്ടും വീട്ടില്‍ നിന്നും ഫോണ്‍ കാളുകള്‍ വന്നു.

"എടാ ..വീടിന്‍റെ വരമ്പത്ത് പുളി നില്‍ക്കുന്നത് ശരിയല്ല. അത് മതിലിനു കേടാ. അത് കൊണ്ട് ആ പുളി വെട്ടണം. വെട്ടട്ടെ?

"ഓ ശരി..വെട്ടിക്കോ.. പിന്നല്ലാതെ എന്താ ചെയ്യാന്‍?"

"എടാ.. മുന്‍ വശത്തെ മാവിന്‍റെ വേരുകള്‍ ശരിക്കും പടര്‍ന്നിട്ടുള്ളതാ. അത് വെട്ടിയില്ലെങ്കില്‍ പിന്നീട് വീടിന്‍റെ അടിത്തറയെ ബാധിക്കും. അത് വെട്ടുന്നതാണ് നല്ലത്"

"ഓ ശരി..വെട്ടിക്കോ.. രണ്ടു മൂന്നു മരങ്ങള്‍ എങ്കിലും നിര്‍ത്തണേ ?"

"എടാ ജോസേ.. ആ കശു മാവില്‍ അപ്പിടി നീറാണ്. അതിന്‍റെ അടുത്ത് ചെന്ന് നിന്നാല്‍ നീറ് കടിക്കും. അതവിടെ നിന്നിട്ട് ഒരു പ്രയോജനവും ഇല്ല. അത് വെട്ടിക്കള യുന്നതല്ലേ ബുദ്ധി? "

"ഓ പിന്നെന്താ ..വെട്ടിക്കോ "

അങ്ങനെ വെട്ടി വെട്ടി മരം എന്ന് പറയാന്‍ ഇപ്പോള്‍ ഒരു തെങ്ങ് മാത്രം ഉണ്ട്. അതും അടുക്കളയുടെ പുറകില്‍. അതില്‍ നിന്നും തേങ്ങ വീണ് ടെറസ്സില്‍ പൊട്ടല്‍ വീഴാന്‍ സാധ്യത ഉള്ളതിനാല്‍ അതിന്‍റെ ആയുസ്സും താമസിയാതെ തീരും.

മരങ്ങളുടെ തണലില്‍ വീട് വേണം എന്ന സ്വപ്നം ഇനിയും ബാക്കി. അഹങ്കാരം പറയുന്നതല്ല കേട്ടോ. എത്രയോ പേര്‍ക്ക് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പോലും പറ്റുന്നില്ല. അങ്ങനെ ഉള്ളപ്പോള്‍ എനിക്ക് ഒരു വീടെങ്കിലും ഉണ്ടാക്കാന്‍ പറ്റിയില്ലേ. അത് തന്നെ ദൈവ കാരുണ്യം .

എന്തായാലും ഞാന്‍ സ്വപ്നം കാണുന്നത് നിര്‍ത്തിയിട്ടില്ല. ഭൂമിയിലെ യാത്ര അവസാനിക്കും മുന്‍പ് വലിയ മരങ്ങള്‍ നിറഞ്ഞ ഒരു കൊച്ചു ഭൂമി ഞാന്‍ വാങ്ങും. കുറെ കാലം കൂടി ജീവിക്കാന്‍ തലവര ഉണ്ടെങ്കില്‍ ആ വയസ്സ് കാലത്ത്
പ്രകൃതിയുമായി അലിഞ്ഞു ചേര്‍ന്ന് ജീവിക്കാനായി, ആ കൊച്ചു ഭൂമിയില്‍ ഒരു കൊച്ചു വീടും കെട്ടി, ഞാന്‍ താമസിക്കും.

"എന്തെ? സ്വപ്നം കൊള്ളില്ലേ? "


ജോസ്
ബാംഗ്ലൂര്‍
19 മാര്‍ച്ച് 2012

(ചില ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ )

2012, ഫെബ്രുവരി 25

ബൊക്കെ ...


അങ്ങനെ ഒരു ജന്മദിനം കൂടി പോയിക്കിട്ടി. വയസൊന്ന് കൂടി. നരച്ച മുടികള്‍ മൂന്നാലെണ്ണം കൂടി തലയില്‍ കണ്ടു. ഇതല്ലാതെ പ്രത്യേകിച്ച് ആഘോഷം ഒന്നും ഇല്ലായിരുന്നു. ഒറ്റയ്ക്ക് എന്താണ് ആഘോഷിക്കാന്‍? രാവിലെ എട്ടു മണി മുതല്‍ തന്നെ ഓഫീസില്‍ മീറ്റിങ്ങുകള്‍ ഉണ്ടായിരുന്നതിനാല്‍ ആരൊക്കെയോ ആശംസകള്‍ അറിയിക്കാന്‍ സെല്‍ ഫോണില്‍ വിളിച്ചപ്പോള്‍ കാള്‍ എടുക്കാന്‍ പറ്റിയില്ല. ഉച്ചയ്ക്ക് ഊണ് പോലും കഴിക്കാന്‍ പറ്റാതെ വന്ന തിരക്കായിരുന്നു ജന്മദിനത്തില്‍. പിന്നെ വൈകിട്ട് ഓഫീസില്‍ നിന്നും വന്ന ശേഷം കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് ഇ- മെയില്‍ നോക്കിയപ്പോഴാണ് നൂറില്‍ കൂടുതല്‍ ജന്മദിന ആശംസകള്‍ കണ്ടത്. അതും ഫെയ്സ് ബുക്കില്‍ കൂടെ. ആണ്ടിനും സംക്രാന്തിക്കും മാത്രം ഫെയ്സ് ബുക്ക്‌ തുറക്കുന്ന ഞാന്‍ പിന്നെ കുത്തിയിരുന്നു ആശംസകള്‍ അയച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

അപ്പോഴാണ്‌ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടത്. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഒരു ബൊക്കെയും ആയി ഒരാള്‍ നില്‍ക്കുന്നത് കണ്ടു.

"മിസ്ടര്‍ ജോസ് വര്‍ഗീസ്‌ അല്ലേ? "

" അതെ ..എന്തെ? "

"ഹാപ്പി ബര്‍ത്ത് ഡേ സാര്‍ . ഇത് താങ്കള്‍ക്കുള്ളതാണ് " . ചുവന്ന റോസാ പ്പൂക്കള്‍ വെച്ച ആ ബൊക്കെ എന്റെ നേരെ നീട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു. ഞാന്‍ അത് വാങ്ങി അതിന്റെ കൂടെയുണ്ടായിരുന്ന കാര്‍ഡില്‍ നോക്കി. അയച്ച ആളിന്റെ ഇനിഷ്യല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രിയപ്പെട്ട ആരോ ആണെന്ന് അതെന്ന് മാത്രം മനസ്സിലായി. പിന്നെ ആരാണ് അതയച്ചത് എന്ന് മനസ്സിലാക്കാന്‍ കുറച്ചു നേരം കൂടി കഴിഞ്ഞു ഒരു ഫോണ്‍ കാള്‍ വരുന്ന വരെ കാത്തിരിക്കേണ്ടി വന്നു. അതിനു മുന്‍പ് ആ ബൊക്കെയും പിടിച്ച് ഇരുന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം ജന്മദിനത്തില്‍ നടന്ന ഒരു സംഭവം ഓര്‍മ്മ വന്നു.

2011 ഫെബ്രുവരി 20. അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. സാധാരണ പിറന്നാളൊന്നും ആഘോഷി ക്കാത്തതിനാല്‍ എന്നത്തേയും പോലൊരു ദിവസമായി അന്നും കരുതി ഞാന്‍ ഇരുന്നു. ലീന രാവിലെ തന്നെ ജന്മദിന ആശംസകള്‍ തന്നിരുന്നു. വീട്ടില്‍ നിന്നും ചേട്ടനും ചേച്ചിയും ആശംസകള്‍ വിളിച്ചറിയിച്ചു. പിന്നെ അനിയത്തിയും കൂട്ടുകാരും ഒക്കെ ആശംസാ സന്ദേശങ്ങള്‍ അയച്ചു. ഇതിനപ്പുറം വേറെ പ്രത്യേകതകള്‍ ഒന്നും ഇല്ലായിരുന്നു അന്നും...എന്നത്തേയും പോലെ .

ഏകദേശം പത്തു മണി അടുപ്പിച്ചു ആരോ കോളിംഗ് ബെല്‍ അമര്‍ത്തി. ഞാന്‍ വാതില്‍ തുറന്നു നോക്കിയപ്പോള്‍, ഒരു വലിയ ബൊക്കെയും പിടിച്ചു ഒരാള്‍ നില്‍ക്കുന്നു. ചുവന്ന റോസാ പ്പൂകളും, മനോഹരമായ ഇലകളും ഒരു പച്ച നിറത്തിലെ ബാസ്കറ്റില്‍ വെച്ചുണ്ടാക്കിയ ഒരു ബൊക്കെ. അതെനിക്കാണോ എന്ന് സംശയിച്ചു ഞാന്‍ നിന്നപ്പോള്‍ അത് കൊണ്ട് വന്നയാള്‍ എന്റെ പേര് ചോദിച്ച ശേഷം അത് എനിക്കുള്ളതാണ് എന്ന് പറഞ്ഞു. അത് കയ്യില്‍ വാങ്ങി അകത്തേക്ക് കയറുമ്പോള്‍ ഞാന്‍ അതിന്റെ കൂടെ ഉണ്ടായിരുന്ന കാര്‍ഡില്‍ നോക്കി. അയച്ച ആളിന്റെ പേര് അതില്‍ ഇല്ലായിരുന്നു. അപ്പോഴേക്കും ലീന അവിടേക്ക് വന്നു.

"ആഹാ കൊള്ളാമല്ലോ. ഇതാരപ്പാ ഇത്ര വലിയ ബൊക്കെ അയക്കാന്‍? "

"ഒരു പിടിയും ഇല്ല ലീന്‍സ് . കാര്‍ഡില്‍ ആളിന്റെ പേര് വച്ചിട്ടില്ല. ആശംസകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. "
"സത്യം പറ അച്ചാച്ചാ ..ഏതെങ്കിലും പെണ്‍ പിള്ളേര്‍ അയച്ചതല്ലേ? ". ലീന ഓരോന്നും പറഞ്ഞു എന്നെ കളിയാക്കാന്‍ തുടങ്ങി. ഞാനോ ...തല പുകഞ്ഞു ആലോചിക്കാനും തുടങ്ങി. എനിക്ക് ജീവിതത്തില്‍ ഇതേ വരെ അങ്ങനെ ഒരു ബൊക്കെ സമാനമായി കിട്ടിയിട്ടില്ല. ഞാന്‍ പറഞ്ഞു..

"ഡല്‍ഹിയിലെ എന്റെ കൂട്ടുകാരി ആരതി ആവുമോ? ഏയ് ..ആവില്ല. ആയിരുന്നെങ്കില്‍ എപ്പോഴേ ഫോണ്‍ ചെയ്തു പറഞ്ഞേനെ. ചെന്നെയില്‍ നിന്നും കസിന്‍ സിമിയോ, നാട്ടില്‍ നിന്നും അനിയത്തി അക്കുവോ ആണോ? അതും ആവാന്‍ വഴിയില്ല . കാരണം അങ്ങനെ ഒന്നും പതിവുള്ളതല്ലല്ലോ? പിന്നെ ആരപ്പാ എനിക്കിങ്ങനെ ബൊക്കെ അയക്കാന്‍?

അതിനിടെ അയാള്‍ പക്കത്തെ സുഹൃത്തും ഭാര്യയും ഒക്കെ വന്ന് ബൊക്കെ കണ്ടു കാര്യം ചോദിച്ചപ്പോള്‍ ലീന പറഞ്ഞു.

"അതേയ്.. ജോസിന്റെ പിറന്നാളിന് ഏതോ ആരാധിക അയച്ചതാണ് "

അതാരാണ് എന്നറിയാന്‍ ആകാംഷയോടെ ചോദിച്ചവരോടൊക്കെ എനിക്ക് കൈ മലര്‍ത്തി കാണിക്കേണ്ടി വന്നു. എന്തായാലും ഞാന്‍ ആ ബൊക്കെ മേശപ്പുറത്തു കൊണ്ട് വച്ചു. ഉച്ചയ്ക്ക് ഊണിനു മുന്‍പേ അതിന്റെ അടുത്തുചെന്നു പൂക്കളുടെ സൌന്ദര്യം ആസ്വദിച്ച് നിന്നപ്പോള്‍ ലീന എന്റെ അടുത്ത് വന്നു.

"ഇപ്പോഴും അച്ചാച്ചന് പിടി കിട്ടിയില്ലേ ആരാ അയച്ചത് എന്ന്? "

"ഇല്ല ഒരു പിടീം ഇല്ല. "

"കുറെ പെണ്‍ കൊച്ചുങ്ങളുടെ പേര് പറഞ്ഞല്ലോ. എന്നിട്ടും ഞാന്‍ അയച്ചതാവും എന്ന് ചിന്തിച്ചില്ലല്ലോ."

ചെറു പരിഭവം നിറഞ്ഞ ഒരു ചിരിയോടെ അവള്‍ അത് പറഞ്ഞപ്പോള്‍ ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. എനിക്കൊരു സര്‍പ്രൈസ് തരാനായി ലീന അയച്ചതാണ് ആ ബൊക്കെ എന്നറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷവും ഒപ്പം കുറ്റബോധവും തോന്നി. എന്നെ അത്ഭുതപ്പെടുതിയത്തില്‍ അവള്‍ക്ക് അതിയായ സന്തോഷം ഉണ്ടായിരുന്നു.

എനിക്ക് കിട്ടിയ ആദ്യ ജന്മദിന ബൊക്കെ ആയിരുന്നു അത്. കുറെ നാള്‍ അതിലെ പൂക്കള്‍ വാടാതെ നിന്നു. പിന്നെ കുറെ കഴിഞ്ഞ് അതിന്റെ ഇതളുകള്‍ വാടി ഉണങ്ങിയപ്പോള്‍ ഞാന്‍ ആ പൂക്കള്‍ എടുത്തു മാറ്റി. എന്നാലും അതിന്റെ ഇലകളും, പച്ച നിറത്തിലെ ആ ബാസ്കറ്റും ഇപ്പോഴും എന്റെ മുറിയില്‍ വെച്ചിട്ടുണ്ട്. ഇത്തവണ വന്ന ബൊക്കെയും ഞാന്‍ അതിന്റെ അടുത്ത് കൊണ്ടു വെച്ചു.

ഒന്നിനെയും ഓര്‍ത്തു വിഷമിക്കാനല്ല ഈ കുറിപ്പ്. മറിച്ച്.. ജീവിതത്തില്‍ ഇടയ്ക്കിടെ വരാറുള്ള കുഞ്ഞു കുഞ്ഞു സന്തോഷങ്ങളുടെ ഓര്‍മ്മകള്‍ ഒന്ന് അയവിറക്കാനുള്ള ഒരു ശ്രമം മാത്രം. ഓര്‍മ്മകള്‍ മായും മുന്‍പേ ..

ജോസ്
തിരുവന്തപുരം.
26 ഫെബ്രുവരി 2012.

(ചിത്രത്തിന് കടപ്പാട് ..ഗൂഗിള്‍ )

2012, ജനുവരി 22

സൈക്കിള്‍ ...





'ഇക്കണക്കിനു പോയാല്‍ താമസിയാതെ ഒരു ലോറി നിറയെ കാശും കൊണ്ട് പോയാലും ഒരു ലിറ്റര്‍ പെട്രോള്‍ പോലും കിട്ടില്ല. എന്‍റെ ഭഗവതീ .. ആളുകള്‍ എങ്ങനെ ജീവിക്കാനാ? '

ഞായറാഴ്ച രാവിലെ തന്നെ പത്ര വായന കഴിഞ്ഞപ്പോള്‍ രാജീവന്റെ പ്രതികരണം ഇതായിരുന്നു. എപ്പോഴൊക്കെ പെട്രോള്‍ വില കൂടിയിട്ടുണ്ടോ അപ്പോഴൊക്കെ അയാള്‍ ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എപ്പോഴത്തെയും പോലെ അന്നും അയാള്‍ പത്ര വായന കഴിഞ്ഞ്, തന്റെ ഡയറിയും എടുത്തു വെച്ച് കണക്കു കൂട്ടാന്‍ തുടങ്ങി.

'ചേട്ടാ ..ഇതെന്താ..രാവിലെ തന്നെ ഡയറിയും കൊണ്ട് ഇരുപ്പായോ? '. രാജീവനുള്ള ചായയും കൊണ്ട് വന്ന ഭാര്യ ലീല അയാളോട് ചോദിച്ചു.

'എടീ ..നിനക്കെന്തറിയാം. കുടുംബ ബഡ്ജറ്റ് പിടിച്ചാല്‍ കിട്ടുന്നില്ല. മാസം പകുതി കഴിഞ്ഞതെ ഉള്ളൂ. ബാങ്കിലെ ബാലന്‍സ് കമ്മിയാണ്. എവിടെയെങ്കിലും എന്തെങ്കിലും ചിലവുകള്‍ കുറച്ചേ പറ്റൂ. ഈ വിലക്കയറ്റത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ അല്ലാതെ വേറെ വഴിയില്ല. സ്കൂട്ടര്‍ വിറ്റിട്ട് ഒരു സൈക്കിള്‍ എടുത്താലോ എന്ന് ആലോചിക്കുകയാ. അതിനും വേണം ഒരു മൂവായിരം നാലായിരം രൂപ.'

കുറെ ദിവസങ്ങള്‍ ആയി അയാള്‍ വീട്ടിലെ വരവ് ചെലവു കണക്കുകള്‍ കുറിച്ച ഡയറിയും എടുത്തു വച്ച് ചിന്തിക്കാന്‍ തുടങ്ങിയിട്ട്. വീടിന്റെ ലോണും, പിള്ളേരുടെ പഠനത്തിനുള്ള ചെലവും, വീട്ടിലെ മറ്റു ചെലവുകളും ഒക്കെ ആയപ്പോള്‍ , തന്റെ ഒരാളുടെ ശമ്പളം കൊണ്ട് ഒന്നും ആകുന്നില്ല എന്ന് അയാള്‍ക്ക്‌ തോന്നാന്‍ തുടങ്ങിയിട്ട് കുറെ നാളായി. അതിനാല്‍ ചെലവു ചുരുക്കാനുള്ള വഴികള്‍ ആലോചിച്ചാണ് മിക്ക ദിവസങ്ങളിലും അയാളുടെ ദിവസങ്ങള്‍ തുടങ്ങുന്നതും തീരുന്നതും.

'ചേട്ടാ ..പ്രഭ ചേച്ചിയെ കണ്ടിട്ട് രണ്ടാഴ്ച ആയില്ലേ. നമുക്ക് ഇന്നവിടെ പോയാലോ? ' അടുക്കളയില്‍ നിന്നും ലീല വിളിച്ചു ചോദിച്ചു.

'ആ...പോകാം. ഉച്ചക്ക് ശേഷം ആകട്ടെ' . അയാള്‍ അലസമായി മറുപടി പറഞ്ഞിട്ട് ഡയറിയില്‍ കണ്ണും നട്ട് ഇരുന്നു.

പെട്ടെന്നാണ് രാജീവന് ചെലവു ചുരുക്കാനുള്ള ഒരു വഴി മുന്നില്‍ തെളിഞ്ഞത്. വലിയ ചെലവു ചുരുക്കല്‍ ഒന്നും അല്ലെങ്കിലും പല തുള്ളി പെരുവള്ളം എന്ന് പറഞ്ഞ പോലെ , ചെറിയ ചെറിയ കാര്യങ്ങളില്‍ ചെലവു ചുരുക്കിയാല്‍ അതൊക്കെ കൂടി ഒരു വലിയ തുക ആവും എന്നു അയാള്‍ക്കറിയാം. പ്രഭയെക്കുറിച്ച് സംസാരിച്ചപ്പോഴാണ്, അവള്‍ക്കു ചെലവിനായി മാസാമാസം കൊടുക്കുന്ന തുക ഒന്ന് കുറച്ചാലോ എന്ന ചിന്ത അയാളുടെ മനസ്സില്‍ വന്നത്.

രാജീവന്റെയും, അനുജന്‍ സഹദേവന്റെയും അനിയത്തി ആണ് പ്രഭ. ചെറുപ്പത്തില്‍ പോളിയോ വന്ന് പ്രഭയുടെ കാലുകള്‍ രണ്ടും തളര്‍ന്നിരുന്നു. ഒരു വീല്‍ ചെയറില്‍ ആണ് പ്രഭ അന്നുമുതല്‍ ജീവിക്കുന്നത്. അവരുടെ അച്ഛനും അമ്മയും ജീവിച്ചിരുന്നപ്പോള്‍ എല്ലാവരും ഒരുമിച്ചായിരുന്നു താമസം.പിന്നീട് രാജീവന്‍ കല്യാണം കഴിച്ച് ബോംബെയിലേക്ക് താമസം മാറി. അന്നയാള്‍ക്ക് അവിടെ നല്ല ജോലിയും ഉണ്ടായിരുന്നു. കുടുംബ വീട് സഹദേവനാണ് കിട്ടിയത്. നാലഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സഹ ദേവന്റെ കല്യാണവും കഴിഞ്ഞു. അത് കഴിഞ്ഞു രണ്ടു വര്‍ഷങ്ങള്‍ കഴിഞപ്പോള്‍, അവരുടെ അച്ഛനും അമ്മയും മരണപ്പെട്ടു. പ്രഭ, സഹദേവന്റെ കൂടെ കുടുംബ വീട്ടില്‍ താമസം തുടര്‍ന്നു.

അതിനിടെ സാമ്പത്തിക മാന്ദ്യം ഒക്കെ വന്നപ്പോള്‍ രാജീവന്റെ നല്ല ജോലി നഷ്ടപ്പെട്ടു. പിന്നെ നാട്ടില്‍ വന്ന് ഒരു ഇടത്തരം കമ്പനിയില്‍ ജോലി നോക്കി വരികയാണ് അയാള്‍ . രാജീവനും സഹദേവനും കൂടി പ്രഭയുടെ കാര്യത്തില്‍ ഒരു തീരുമാനം എടുത്തിരുന്നു. പ്രഭ, സഹ ദേവന്റെ കൂടെത്തന്നെ നില്‍ക്കട്ടെ എന്നവര്‍ തീരുമാനിച്ചു. പക്ഷെ പ്രഭയുടെ കാര്യങ്ങള്‍ നോക്കുന്നതിനായി, രാജീവനും ഒരു തുക അയാളുടെ പങ്കായി നല്‍കാം എന്ന് പറഞ്ഞു. അന്ന് മുതല്‍ എല്ലാ മാസവും ഒരു ആയിരം രൂപ അയാള്‍ പ്രഭയുടെ കയ്യില്‍ കൊണ്ട് കൊടുക്കുമായിരുന്നു.

സഹദേവന് ഇപ്പോള്‍ പ്രമോഷന്‍ ഒക്കെ കിട്ടി നല്ല നിലയില്‍ ആണ്. അത് വെച്ച് നോക്കിയാല്‍ രാജീവന്‍ കൊടുക്കുന്ന ആയിരം രൂപ ഇല്ലെങ്കിലും പ്രഭയുടെ കാര്യങ്ങള്‍ ഒക്കെ നന്നായി നടക്കും. ആയിരത്തിനു പകരം അതൊരു അഞ്ഞൂറായി കുറച്ചാല്‍ കുഴപ്പം ഒന്നും ഇല്ല. മാസച്ചെലവില്‍ അഞ്ഞൂറ് രൂപ ലാഭിക്കുക എന്ന് പറഞ്ഞാല്‍ വലിയ കാര്യം അല്ലേ. അയാള്‍ അങ്ങനെ ചിന്തിച്ചു.

'എടീ ലീലേ ..ഞാന്‍ ആലോചിക്കുവായിരുന്നു...പ്രഭയ്ക്കു മാസാമാസം കൊടുക്കുന്ന ആയിരം രൂപയില്‍ നിന്നും അഞ്ഞൂറ് കുറച്ചാലോ എന്ന്. സഹദേവന് ഇപ്പോള്‍ നല്ല ശമ്പളം ഇല്ലേ. ഞാനല്ലേ കുറച്ചു കഷ്ടപ്പെടുന്നത്. നിനക്ക് എന്ത് തോന്നുന്നു ?'

'ഞാന്‍ ഇത് ചേട്ടനോട് പറയാം എന്ന് എത്ര വട്ടം കരുതിയതാ. പിന്നെ ചേട്ടന് വല്ലതും തോന്നിയാലോ എന്ന് കരുതി ഞാന്‍ പറഞ്ഞില്ല. എന്തായാലും സഹദേവനോടും പ്രഭയോടും ഒന്ന് പറഞ്ഞു നോക്ക്. '

ഞായറാഴ്ച ഉച്ച കഴിഞ്ഞു രാജീവനും ലീലയും പിള്ളേരും കൂടി കുടുംബ വീട്ടിലേക്കു പോയി. ഒരു കൈനെറ്റിക് ഹോണ്ട സ്കൂട്ടറില്‍ ആയിരുന്നു യാത്ര. സ്കൂട്ടറില്‍ പെട്രോള്‍ അടിക്കുമ്പോള്‍ അയാള്‍ പിള്ളേരോടായി പറഞ്ഞു.

'മക്കളെ..ഇനി സ്കൂട്ടറില്‍ അധികം കറക്കം കാണില്ല കേട്ടോ. അച്ഛന്‍ ഇത് വിറ്റിട്ട് ഒരു സൈക്കിള്‍ എടുക്കാന്‍ പോവുകയാ. പെട്രോള്‍ അടിച്ചടിച്ച് ഇപ്പോള്‍ വീട്ടില്‍ അരി വാങ്ങാന്‍ കാശില്ലാത്ത അവസ്ഥ വരികയാണ്. പിന്നെ ഇതേ വഴിയുള്ളൂ. '

അര മണിക്കൂറത്തെ യാത്രക്ക് ശേഷം അവര്‍ കുടുംബ വീട്ടില്‍ എത്തി. അവിടെ സഹദേവനും കുടുംബവും പ്രഭയും ഒക്കെ ഉണ്ടായിരുന്നു. അവരൊക്കെ ചേര്‍ന്ന് കുടുംബ വിശേഷവും നാട്ടു വര്‍ത്തമാനവും ഒക്കെ പറയാന്‍ തുടങ്ങി. എങ്ങനെയെങ്കിലും ചെലവു ചുരുക്കല്‍ വിഷയം ഒന്ന് അവതരിപ്പിക്കാന്‍ അവസരം നോക്കി ഇരിക്കുകയായിരുന്നു രാജീവന്‍. അപ്പോഴാണ്‌ ടീ. വീയില്‍ വന്ന വാര്‍ത്തയില്‍ പെട്രോള്‍ വി വീണ്ടും കൂട്ടാന്‍ സാധ്യത ഉണ്ടെന്നു പറഞ്ഞു കേട്ടത്. ഇത് തന്നെ അവസരം എന്നോര്‍ത്തു രാജീവന്‍ പറഞ്ഞു തുടങ്ങി.

'എന്‍റെ പ്രഭെ..വയ്യ...ഈ കൂടെക്കൂടെ ഉള്ള വിലകയറ്റം എന്‍റെ നടുവൊടിക്കുകയാണ്. ഈ ചെലവൊക്കെ കഴിഞു മാസം അവസാനിക്കാറാവുമ്പോള്‍ എന്‍റെ കയ്യില്‍ കാശൊന്നും മിച്ചം വരുന്നില്ല. ചെലവു ചുരുക്കാനുള്ള വഴികള്‍ ഒക്കെ ആലോചിച്ചു തല പുകച്ചിട്ടും ഒരിടത്തും എത്തുന്നില്ല. ഈ സ്കൂട്ടറും വിറ്റിട്ട് ഒരു സൈക്കിള്‍ വാങ്ങിയാലോ എന്നാലോചിച്ചു. അതിനും വേണമല്ലോ മൂവായിരമോ നാലായിരമോ വില. പണ്ടത്തെ സൈക്കിളിന്റെ വില അല്ലല്ലോ ഇന്ന്. '

'ചേട്ടന്‍ സത്യമായിട്ടും പറഞ്ഞതാണോ അത്. ഇത്ര നാള്‍ സ്കൂടര്‍ ഓടിച്ച ആള്‍ ഇനി സൈക്കിള്‍ ഓടിക്കുമോ? ' പ്രഭ ചോദിച്ചു.

'സത്യമാണ് പ്രഭേ . സൈക്കിളിനെന്താ ഒരു കുഴപ്പം. ഞാന്‍ എത്ര ഓടിച്ചിട്ടുള്ളതാ. പെട്രോള്‍ വില കയറ്റം നേരിടാന്‍ ഇതല്ലാതെ വേറെന്താ ഒരു വഴി? '

'എന്നാല്‍ ചേട്ടന്റെ പഴയ സൈക്കിള്‍ ഇവിടെ ഇരിപ്പുണ്ടല്ലോ. അതെടുത്തൂടെ? '

'പഴയ സൈക്കിളോ? അതിവിടെ ഇപ്പോഴും ഇരുപ്പുണ്ടോ? അത് ഞാന്‍ പണ്ട് ഉപയോഗിച്ച് കൊണ്ടിരുന്നതല്ലേ? അതൊക്കെ തുരുമ്പിച്ചു നാശം ആയിക്കാണും പ്രഭേ. ഞാന്‍ കരുതി അതൊക്കെ എപ്പോഴേ ആക്ക്രിക്കച്ചവടക്കാര്‍ക്ക് എടുത്തു കൊടുത്തു കാണും എന്ന് '

'ഇല്ല ചേട്ടാ.. ചേട്ടന്‍ അകത്തു മുറിയില്‍ പോയി നോക്കിക്കേ. ഞാന്‍ ഇപ്പോഴും അതിനെ തുടച്ചു മിനുക്കി വെയ്ക്കാറുണ്ട്‌. ആരും അത് ഉപയോഗിക്കാറില്ലെങ്കില്‍ പോലും. '

കുറച്ചു അത്ഭുതത്തോടെ അത് കേട്ട ശേഷം രാജീവന്‍ സഹദേവന്റെ മകള്‍ ഉപയോഗിക്കുന്ന അകത്തുള്ള മുറിയില്‍ പോയി നോക്കി. അയാളുടെ പഴയ ഹെര്‍ക്കുലീസ് സൈക്കിള്‍ ഇപ്പോഴും തുരുമ്പിക്കാതെ അവിടെ ഇരുപ്പുണ്ടായിരുന്നു. സന്തോഷത്തോടെ അയാള്‍ അതിന്റെ ഹാന്റിലിലും വീലിലും ഒക്കെ തൊട്ടു നോക്കി. അതെല്ലാം കാലം ഇത്ര ആയിട്ടും നന്നായി തന്നെ ഇരുപ്പുണ്ട്‌. ടയറുകള്‍ രണ്ടും മാത്രം മാറ്റേണ്ടി വരും.

രാജീവന്‍ പഠിച്ചു കൊണ്ടിരുന്ന സമയത്താണ് ആ സൈക്കിള്‍ വാങ്ങിയത്. ഏകദേശം ഇരുപത്തി അഞ്ചു വര്‍ഷം മുന്‍പ്. അന്ന് കോളേജില്‍ പോകാനും, ട്യൂഷന്‍ എടുക്കാന്‍ പോകാനും ഒക്കെ ആ സൈക്കിളില്‍ ആണ് പൊയ്ക്കൊണ്ടിരുന്നത്. എന്നും വൈകിട്ട് വന്ന ശേഷം സൈക്കിള്‍ തുടച്ചു വെയ്ക്കുക അയാളുടെ പതിവായിരുന്നു. അന്നൊരിക്കല്‍ സൈക്കിള്‍ തുടച്ചു കൊണ്ടിരിക്കെ പ്രഭ വീല്‍ ചെയറില്‍ അയാളുടെ അടുത്ത് വന്ന് അതൊക്കെ നോക്കി ഇരുന്നു . അന്നവള്‍ക്ക് പതിമൂന്നു വയസ്സ് കാണും. അയാള്‍ക്ക്‌ ഇരുപതും .

'പ്രഭേ..നിനക്ക് ഈ സൈക്കിള്‍ എന്നും തുടച്ചു വെയ്ക്കാമോ? ആഴ്ചയില്‍ ഒരിക്കല്‍ കുറച്ചു എണ്ണയും ഇടണം. വെറുതെ വേണ്ട. ഞാന്‍ നിനക്ക് ദിവസവും മൂന്നു രൂപ വെച്ച് തരാം. അങ്ങനെ മാസാവസാനം എല്ലാം ചേര്‍ത്തു നൂറായി നിന്റെ കയ്യില്‍ താം. എന്താ .സമ്മതം ആണോ? '

അയാള്‍ കളിക്ക് ചോദിച്ചതാണെങ്കിലും ഒരു ചിരിയോടെ പ്രഭ സമ്മതിച്ചു. അന്ന് മുതല്‍ മുടങ്ങാതെ പ്രഭ അയാളുടെ സൈക്കിള്‍ തുടച്ചു വെയ്ക്കുമായിരുന്നു. വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് തന്നാല്‍ കഴിയുന്ന രീതിയില്‍ അവള്‍ അത് ഭംഗിയായി ചെയ്തു പോന്നു. മാസാവസാനം രാജീവനും പ്രഭയ്ക്കു നൂറു രൂപ കൊടുക്കുമായിരുന്നു. അത് വാങ്ങുമ്പോള്‍ അവളുടെ കണ്ണില്‍ വരുന്ന ആ സന്തോഷം കാണുമ്പോള്‍ രാജീവനും സന്തോഷിക്കുമായിരുന്നു.

കല്യാണം കഴിക്കുന്നതിനു മുന്‍പേ തന്നെ രാജീവന്‍ പക്ഷെ സൈക്കിള്‍ ഉപേക്ഷിച്ചു സ്കൂട്ടറില്‍ ആയി യാത്ര. ബോംബെയില്‍ ജോലി കൂടി ആയപ്പോള്‍ അയാള്‍ സൈക്കിളിന്റെ കാര്യം പാടെ മറന്നു. പിന്നെ കല്യാണം, വീട് മാറല്‍ , പുതിയ ജോലി, ജീവിത പരാധീനതകള്‍ ഇതൊക്കെ ആയപ്പോള്‍ അങ്ങനെ ഒരു സൈക്കിള്‍ ഉണ്ടെന്ന കാര്യം തന്നെ അയാള്‍ മറന്നിരുന്നു. ആ സൈക്കിള്‍ തന്നെയാണ് ഇപ്പോഴും അതിന്റെ ഭംഗി നഷ്ട്ടപ്പെടാതെ പ്രഭ സൂക്ഷിച്ചു വെച്ചിരിക്കുന്നത്.

അപ്പോഴേക്കും വീല്‍ ചെയര്‍ പതിയെ ഉരുട്ടി പ്രഭ അവിടേക്ക് വന്നു.

'ഇപ്പൊ ചേട്ടന് വിശ്വാസം വന്നോ? ഞാന്‍ ഇത് തുടയ്ക്കുന്നത് ഒരു ദിവസം പോലും മുടക്കിയിട്ടില്ല കേട്ടോ. വല്ല പനി വന്ന് ഒട്ടുംഅനങ്ങാന്‍ വയ്യാതെ കിടപ്പായാല്‍ മാത്രമേ ഞാന്‍ ചെയ്യാതെ ഇരിന്നിട്ടുള്ളൂ. അല്ലെങ്കില്‍ എല്ലാ ദിവസവും ഞാന്‍ രാവിലെ തന്നെ ഇത് തുടച്ചു വെയ്ക്കും. സഹദേവന്‍ ചേട്ടന്‍ എന്നെ അതും പറഞ്ഞു കളിയാക്കും. എന്നാലും ഞാന്‍ അത് എന്നാല്‍ കഴിയും വിധം തുടച്ചു വെയ്ക്കും. ചേട്ടന് അത്രയ്ക്ക് പ്രിയം ആയിരുന്നില്ലേ ഈ സൈക്കിള്‍ '

ആ സൈക്കിളില്‍ നോക്കി നിന്നപ്പോള്‍ രാജീവന്റെ മനസ്സില്‍ എന്തോ ഒരു ഭാരം നിറഞ്ഞു. ഒപ്പം പ്രഭയുടെ വാക്കുകള്‍ കൂടി കേട്ടപ്പോള്‍ അയാളുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. ആ കണ്ണുകളിലെ നനവ്‌ തിരിച്ചറിഞ്ഞിട്ടാവണം പ്രഭ ചോദിച്ചു.

'അയ്യോ ..ഇതെന്താ ചേട്ടാ...പഴയ സൈക്കിള്‍ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞോ? അത് കൊള്ളാമല്ലോ? '

രാജീവന്‍ ആലോചിച്ചു. പഴയ സൈക്കിള്‍ കണ്ടിട്ടാണോ കണ്ണുകള്‍ നനഞ്ഞത്‌? അതോ സ്വന്തം സ്വാര്‍ഥത ഓര്‍ത്തിട്ടോ?. പാവം പ്രഭയ്ക്കുള്ള ആയിരം രൂപ വീണ്ടും കുറച്ച് സ്വന്തം കുടുംബ ബഡ് ജറ്റ് ശരിയാക്കാന്‍ ഉള്ള തന്റെ തീരുമാനം ഒരു തരം സ്വാര്‍ഥത അല്ലേ എന്ന് അയാളുടെ മനസ്സ് തന്നെ ചോദിച്ചു. അതെ സമയം ഒന്നും പ്രതീക്ഷിക്കാതെ പ്രഭ അന്ന് മുതല്‍ ഇന്ന് വരെ ആ സൈക്കിളിനെ കാത്തു സൂക്ഷിച്ചിരിക്കുന്നു. ഒരു കേടും കൂടാതെ.

തിരികെ വീടിന്റെ വാരന്തയിലേക്ക് വന്നപ്പോള്‍ പ്രഭ ചോദിച്ചു.

'ചേട്ടന്‍ സൈക്കിള്‍ കൊണ്ട് പോകുന്നുണ്ടോ. ഇപ്പോള്‍ സ്കൂട്ടറില്‍ അല്ലേ വന്നത്. പിന്നെങ്ങനെ കൊണ്ട് പോകും? '

'ഞാന്‍ മറ്റന്നാള്‍ വന്നു എടുത്തോണ്ട് പോകാം പ്രഭേ'

കുറച്ച് നേരം കഴിഞ്ഞു അയാള്‍ കുടുംബ വീട്ടില്‍ നിന്നും യാത്ര പറഞ്ഞ് ഇറങ്ങി. തിരികെ അയാളുടെ വീട്ടിലേക്കു സ്കൂട്ടറില്‍ പോകുമ്പോള്‍ , ലീല അയാളോട് ചോദിച്ചു.

'എന്താ ചേട്ടാ ..പ്രഭ ചേച്ചിക്കുള്ള പൈസ കുറയ്ക്കുന്ന കാര്യം സംസാരിക്കാം എന്ന് പറഞ്ഞിട്ട്..എന്തേ പറയാത്തത്?

കുറച്ചു നേരം അയാള്‍ ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു.

'വേണ്ട ലീലേ. എനിക്കത്രയും സ്വാര്‍ത്ഥന്‍ ആവാന്‍ വയ്യ. അവള്‍ എന്‍റെ അനിയത്തി അല്ലേ. അവള്‍ക്കു വേണ്ടി ഞാന്‍ മനസ്സില്‍ ഉറപ്പിച്ച പൈസയില്‍ നിന്നും എടുത്ത് എനിക്ക് ചെലവു ചുരുക്കണ്ട. അങ്ങനെ ആലോചിച്ചത് തന്നെ തെറ്റായി എന്ന് ഇപ്പോള്‍ തോന്നുന്നു. ചെലവു ചുരുക്കാന്‍ ഞാന്‍ വേറെ എന്തെങ്കിലും വഴി കണ്ടു പിടിച്ചോളാം. '

അത് പറഞ്ഞപ്പോള്‍ അയാളുടെ മനസ്സില്‍ ഭാരം ഇല്ലായിരുന്നു. മാസ ചെലവുകളെ ക്കുറിച്ചുള്ള ചിന്തകളും ഇല്ലായിരുന്നു. പക്ഷെ കണ്‍ പീലികളെ നനയ്ക്കുന്ന ഒരു ചെറു നനവ്‌ അപ്പോഴും അയാളുടെ കണ്ണില്‍ തങ്ങി നിന്നിരുന്നു.


ജോസ്
ബാംഗ്ലൂര്‍
22- ജനുവരി - 2012
(ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍ )

2012, ജനുവരി 14

പാപകര്‍മ്മം



ഗിരീഷേട്ടന്‍ കുറെ താമസിച്ചേ വരൂ എന്ന് ഫോണ്‍ ചെയ്തു പറഞ്ഞിരുന്നതിനാല്‍ ഞാനും മോനും നേരത്തെ തന്നെ ഭക്ഷണം കഴിച്ചു. ഗിരീഷേട്ടന്‍ വരുമ്പോള്‍ ചിലപ്പോള്‍ രാത്രി ഒരു മണി കഴിയും. പാത്രങ്ങള്‍ ഒക്കെ കഴുകിയിട്ട് കിടക്കാം എന്ന് വിചാരിച്ച് അടുക്കളയില്‍ കയറിയതും, ഗിരീഷേട്ടന്റെ അമ്മ കയര്‍ത്തു പറഞ്ഞു.

"എന്തിനാ മോളെ ഇപ്പൊ നീ അടുക്കളയില്‍ കയറുന്നെ? ഈ നിറഞ്ഞ വയറും വെച്ചോണ്ട് എന്തിനാ കഷ്ട്ടപ്പെടുന്നെ?അതിനൊക്കെയല്ലേ ഞാന്‍ ഇവിടെ ഉള്ളത്? നീ ആ ചെക്കനേയും വിളിച്ചോണ്ട് നേരത്തെ പോയി കിടക്ക്‌ "

ഞാന്‍ വീണ്ടും ഒരു കുഞ്ഞിന്റെ അമ്മ ആകാന്‍ പോകുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ ഗിരീഷേട്ടന്റെ അമ്മ വീട്ടില്‍ ഉണ്ട്. എന്‍റെ അമ്മയേക്കാള്‍ ഏറെ എന്‍റെ കാര്യത്തില്‍ ശ്രദ്ധയാണ് അവര്‍ക്ക്. അതൊക്കെ കാണുമ്പോള്‍ സന്തോഷത്തേക്കാള്‍ ഏറെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ആധിയും മനസ്സില്‍ നിറയും. ജീവിതം പഠിപ്പിച്ചിരിക്കുന്നത് അതാണല്ലോ? ഒന്നിനെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്ന സത്യം.

ഉറങ്ങാനായി മുറിയിലേക്ക് ഉന്തിയ വയറും താങ്ങിപ്പിടിച്ചു ചെല്ലുമ്പോള്‍ , എന്‍റെ മോന്‍ സന്ദീപ്‌ ഏതോ ഒരു കളിപ്പാട്ടം വെച്ച് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവന് ആറു വയസ്സുണ്ട്. ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ഞാന്‍ കിടക്കയിലേക്ക് പതിയെ കിടന്നതും, അവന്‍ കളിപ്പാട്ടം മാറ്റി വച്ചിട്ട് എന്‍റെ അടുത്തേക്ക് വന്നു എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ അവന്റെ നെറുകയില്‍ വെറുതെ ഒന്ന് തടവിയിട്ട് ഒരു ഉമ്മ കൊടുത്തു.

"അമ്മേടെ ചക്കര മോന്‍ ഒറങ്ങിക്കോ. നാളെ സ്കൂളില്‍ പോവണ്ടേ? "

ആ ചോദ്യം അവന്‍ കേട്ടില്ല. മറിച്ച്, കുറെ നേരത്തെ ആലോചനയ്ക്ക് ശേഷം അവന്‍ എന്നോടൊരു ചോദ്യം ചോദിച്ചു. എന്‍റെ വയറില്‍ കൈ വെച്ച ശേഷം.

"അമ്മേ..ഇതിനകത്ത് ..അനിയനാണോ? അതോ അനിയത്തിയോ? ഇതേവരെ അമ്മയ്ക്ക് അറിയാന്‍ പറ്റിയില്ലേ? "

"അമ്മയ്ക്കറിയില്ല മോനൂ. ഭഗവാന്‍ ആരെത്തന്നാലും അമ്മ കൈ നീട്ടി വാങ്ങും. മോന് ആരെ വേണമെന്നാണ് ആഗ്രഹം? "

"എനിക്കും... ആരായാലും മതി അമ്മേ. എന്നാലും അനിയത്തി ആണേല്‍ കുറച്ചുകൂടി ഇഷ്ടമാ. അനിയത്തി ആണേല്‍ ഞാന്‍ അവളെ കുളിപ്പിക്കുകയും പൊട്ടൊക്കെ ഇടീപ്പിക്കുകയും ചെയ്തോട്ടെ അമ്മെ? "

ഞാന്‍ അവനെ വീണ്ടും കെട്ടിപ്പിടിച്ച് ഉമ് വെച്ചു. പിന്നെ കുറെ കഥകള്‍ പറഞ്ഞു കൊടുത്തു. കഥകളും പാട്ടും ഒക്കെ കേട്ട് അവന്‍ ഉറങ്ങുമ്പോള്‍ , മനസ്സ് കാരണമില്ലാതെ പിടഞ്ഞു. പഴയ ഓര്‍മ്മകള്‍ ശല്യപ്പെടുത്തിയത് കൊണ്ടാവാം.

കഴിഞ്ഞ വര്‍ഷം ഇതുപോലൊരു ദിവസം മോനൂട്ടന്‍ എന്നോട് ചോദിച്ചിരുന്നു. മറ്റൊരു ചോദ്യം

"അമ്മെ എനിക്ക് മാത്രം ചേട്ടനും ചേച്ചിയും അനിയനും അനിയത്തിയും ഒന്നും ഇല്ലല്ലോ. അതെന്താ അമ്മെ? എനിക്ക് മാത്രം കളിക്കാന്‍ ആരും ഇല്ല. "

ആ ചോദ്യം അവന്‍ പല വട്ടം ആവര്‍ത്തിച്ചപ്പോള്‍ ആണ് വീണ്ടും ഒരു കുഞ്ഞു വേണം എന്ന കാര്യം ഞാന്‍ ഗിരീഷേട്ടനോട് പറഞ്ഞത്. കുറച്ചു മാസങ്ങള്‍ക്ക് ശേഷം, ഡോക്ടറിന്റെ അടുത്ത് പോയപ്പോള്‍ വേണ്ടും അമ്മയാകാന്‍ പോകുകയാണ് എന്ന കാര്യം ഞാന്‍ അറിഞ്ഞു. അന്ന് ഞാന്‍ മോനൂട്ടനോട് പറഞ്ഞു.

"മോനൂ.നിനക്ക് കൂടെ കളിക്കാന്‍ ഒരാള്‍ കൂടി വരുന്നുണ്ട്"

"ആരാ അമ്മെ? "

"അതെ..അമ്മേടെ വയറ്റില്‍ ഒരു കുഞ്ഞു വാവ വളരുന്നുണ്ട്‌. ആ വാവ പുറത്തു വരുമ്പോള്‍ മോനൂട്ടന് കളിക്കാന്‍ ആളാകുമല്ലോ. നീ അല്ലേ എപ്പോഴും പറയാറ് കളിക്കാന്‍ ആരും ഇല്ലാ എന്ന്. "

അന്നെന്നെ അവന്‍ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. എന്നിട്ട് ചോദിച്ചു

"അത് അനിയനാണോ അനിയത്തിയാണോ അമ്മെ? "

അന്നും ഞാന്‍ പറഞ്ഞു.

"അത് അമ്മയ്ക്ക് അറിയില്ല മോനെ "

മോന്‍ നല്ല ഉറക്കം ആയി. രാത്രി പതിനൊന്നു മണി കഴിഞ്ഞു. എനിക്ക് ഉറക്കം വന്നില്ല. അപ്പോഴും മനസ്സില്‍ അവന്റെ ചോദ്യവും, പിന്നെ കുറെ പൊള്ളുന്ന ഓര്‍മ്മകളും ഓടിക്കളിച്ചു. ഒന്‍പതു വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങളും.

അന്ന് കല്യാണം കഴിഞ്ഞു ഗിരീഷേട്ടനോടൊപ്പം മദ്രാസിലെ അടയാര്‍ എന്ന സ്ഥലത്ത് ഒരു വീട്ടില്‍ താമസിക്കുന്ന സമയം. സന്തോഷത്തിന്റെ പാരമ്യതയില്‍ ജീവിതം പോകുന്ന കാലം. കല്യാണം കഴിഞ്ഞ് ഏഴു മാസം കഴിഞ്ഞപ്പോഴാണ് ഞാന്‍ അമ്മയാകാന്‍ പോകുന്ന കാര്യം അറിഞ്ഞത്. അന്നുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. പിറ്റേ ആഴ്ച തന്നെ ഗിരീഷേട്ടന്റെ അമ്മ ഞങ്ങളുടെ കൂടെ താമസിക്കാന്‍ വന്നു. എന്‍റെ പരിചരണത്തിനായി.

രണ്ടു മൂന്നു മാസങ്ങള്‍ കടന്നു പോയി. പിറക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ മുഴുകി ആണ് ഞാന്‍ സമയം കളഞ്ഞിരുന്നത്. കുഞ്ഞിനുള്ള ഉടുപ്പ് തുന്നലും, പേര് എന്തിടും എന്ന ആലോചനയും ഒക്കെ ആയി സമയം പോയി. ഒരു ദിവസം ഗിരീഷേട്ടന്‍ എന്നോട് പറഞ്ഞു.

"വനജേ..നീ ഒരുങ്ങിക്കോ. ഇന്ന് ഡോക്ടര്‍ ശെല്‍വരാജന്റെ അടുത്ത് പോകണം. അപ്പോയിന്റ്മെന്റ് ഉള്ളതാ"

"അതെന്തിനാ ഏട്ടാ.? നമ്മള്‍ സ്ഥിരമായി കാണിക്കുന്നത് ആ ഡോക്ടറെ അല്ലല്ലോ? "

"ഇതൊരു സ്കാനിംഗ് ചെയ്യാനാ വനജേ. മറ്റേ ഡോക്ടര്‍ തന്നെയാണ് റെഫര്‍ ചെയ്തിരിക്കുന്നത്. "

അങ്ങനെ ഞാന്‍ ഗിരീഷേട്ടന്‍ പറഞ്ഞതനുസരിച്ച് ഡോക്ടര്‍ ശെല്‍വരാജിന്റെ ക്ലിനിക്കില്‍ ഗിരീഷേട്ടന്റെ ഒപ്പം പോയി. അന്ന് ഒരു അള്‍ട്രാ സൌണ്ട് സ്കാന്‍ എടുത്തു. ജീവിതം മാറി മറിക്കുന്ന ഒരു സംഭവം ആവും അതെന്നു ഞാന്‍ കരുതിയില്ല.

മൂന്നാല് ദിവസങ്ങള്‍ക്കു ശേഷം ഗിരീഷേട്ടന്‍ വീട്ടില്‍ വന്ന ശേഷം അമ്മയോട് ദീര്‍ഘ നേരം സംസാരിക്കുന്നത് കണ്ടു. ഞാന്‍ അവരുടെ ഇടയിലേക്ക് പോയതെ ഇല്ല. കുറച്ചു കഴിഞ്ഞു ഗിരീഷേട്ടന്‍ എന്നോട് വന്നിട്ട് പറഞ്ഞു.

"വനജേ..ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നിനക്ക് വിഷമം തോന്നരുത്. "

"എന്താ ഏട്ടാ ..പറഞ്ഞോളൂ. "

ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ഗിരീഷേട്ടന്‍ പറഞ്ഞ വാക്കുകള്‍ ഇടിത്തീ പോലാണ് മനസ്സില്‍ വീണത്‌.

"വനജേ..ഇത് പെണ്‍കുട്ടിയാണ്. നമുക്ക് ഈ കുഞ്ഞു വേണ്ട. ഒരു ആണ്‍കുട്ടി വേണമെന്നാണ് എനിക്കും വീട്ടുകാര്‍ക്കും ഒക്കെ ആഗ്രഹം"

കുറച്ചു നേരത്തേയ്ക്ക് എനിക്ക് ഒന്നും പറയാന്‍ പറ്റിയില്ല. അത്രയ്ക്ക് ഞാന്‍ സ്തബ്ധയായിപ്പോയി. എന്നേ സ്നേഹിക്കുന്ന , ഞാന്‍ സ്നേഹിക്കുന്ന, വിദ്യാഭ്യാസം ഏറെ ഉള്ള എന്‍റെ ഭര്‍ത്താവാണോ ഒരു നികൃഷ്ട ജീവിയെപ്പോലെ ആ ചോദ്യം എന്നോട് ചോദിച്ചത്? പതിയെ ഷോക്കില്‍ നിന്നും മോചിതയായ ഞാന്‍, മനസ്സില്‍ പതഞ്ഞു വന്ന ദേഷ്യം മുഴുവന്‍ വാക്കുകളിലും നോട്ടത്തിലും ആയി പുറത്തെടുത്തു.

വാക്ശരങ്ങളും, സ്വര ചേര്‍ച്ചയും ഭീഷണികളും പിന്നെ പതിവായി. ഗിരീഷേട്ടന്റെ അമ്മ കാണിച്ച സ്നേഹം ഏതു തരത്തിലേത് ആണെന്ന് എനിക്ക് നന്നായി മനസ്സിലായി. പിറക്കാന്‍ പോകുന്നത് പെണ്ണാണെങ്കില്‍ പിന്നെ ഇവളെ എന്തിനു പരിചരിക്കണം എന്നായി അവരുടെ മട്ട്. ഞാന്‍ ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല. പ്രസവം അലസിപ്പിക്കാന്‍ പലകുറി എന്നെ അവരെല്ലാം നിര്‍ബന്ധിച്ചെങ്കിലും, ഞാന്‍ വഴങ്ങാതെ പിടിച്ചു നിന്നു.

ഒരു ദിവസം അമ്മയും ഗിരീഷേട്ടനും കൂടി എന്നോട് ഷോപ്പിങ്ങിനു വരാന്‍ പറഞ്ഞു. എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ് ഷോപ്പിംഗ്‌. അത് കൊണ്ട് ഞാനും കൂടെ പോയി. മദ്രാസിലെ വലിയ ഷോപ്പിംഗ്‌ മോളിലെ കാഴ്ചകളും മറ്റും കണ്ടു സന്തോഷിച്ചു നടക്കുകയായിരുന്നു ഞാന്‍. മൂന്നാമത്തെ നിലയില്‍ നിന്നും താഴേക്ക് ഇറങ്ങാന്‍ നേരം, എസ്കലേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. പടി ഇറങ്ങാന്‍ വേണ്ടി മുകളിലത്തെ പടിയില്‍ കാലു വെച്ചതും , പുറകില്‍ നിന്നും ആരോ എന്നെ തള്ളിയിട്ടപോലെ തോന്നി. എന്‍റെ ബാലന്‍സ് തെറ്റി. ഞാന്‍ പടികളിലൂടെ ഉരുണ്ടു താഴേക്കു വീണു. ആളുകളുടെ അലര്‍ച്ചയും, ആംബുലന്‍സിന്റെ സയറണിന്റെ ശബ്ദവും പിന്നെ മരുന്നുകളുടെ ഗന്ധവും ആണ് കുറെ നേരം കഴിഞ്ഞ് എനിക്ക് തിരിച്ചറിയാന്‍ പറ്റിയത്.

സങ്കടത്തിന്റെ പടു കുഴിയിലെക്കുള്ള എന്‍റെ വീഴ്ച ആയിരുന്നു അത്. വീഴ്ചയുടെ ആഘാതം വയറില്‍ വളരുന്ന കുഞ്ഞിനെ സാരമായി ബാധിച്ചതിനാല്‍ ആ ജീവന്‍ വെളിയില്‍ വരും മുന്‍പേ പൊലിഞ്ഞു . അതോ ആക്കിയതോ? എനിക്കറിയില്ല. എന്നെ ഡിസ്ചാര്‍ജ് ചെയ്തപ്പോഴാണ് ഞാന്‍ ഡോക്ടര്‍ ശെല്‍വ രാജിന്റെ ആശുപത്രിയില്‍ ആയിരുന്നു എന്നറിഞ്ഞത്. പിന്നൊന്നും ചോദിച്ചില്ല. എല്ലാം പകല്‍ പോലെ വ്യക്തം ആയി എനിക്ക്. ഞാന്‍ ഭ്രാന്തിന്റെ വക്കില്‍ എത്തിയ പോലെ ആയി. എന്‍റെ പരിചരണത്തിനായി ഗിരീഷേട്ടനും, അമ്മയും, എന്‍റെ അമ്മയും , ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു. ആരോടും ഞാന്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ല. ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത നാളുകള്‍ ആയിരുന്നു അത് . വിഷാദ രോഗം പിടികൂടിയ ആ നിമിഷങ്ങളില്‍ ഞാന്‍ ആലോചിക്കുമായിരുന്നു.

"ഗിരീഷേട്ടന്റെ അമ്മയുടെ മുഖത്തെ വിഷാദത്തിന്റെ പുറകില്‍ ഗൂഢമായ ഒരു സന്തോഷം ഇല്ലേ? "
അന്ന് പടിയില്‍ കാല്‍ തെറ്റി വീഴുമ്പോള്‍ എന്‍റെ തൊട്ടു പുറകില്‍ അമ്മയും ഗിരീഷേട്ടനും അല്ലേ ഉണ്ടായിരുന്നത്. പുറകില്‍ നിന്നു എന്നെ ആരോ തള്ളിയിട്ടതല്ലേ? "

ഒന്നും ആരോടും പറഞ്ഞില്ല. പറഞ്ഞാല്‍ ആര് വിശ്വസിക്കാന്‍. എന്നെ മനോരോഗിയാക്കാനേ അത് സഹായിക്കൂ. വേദനകള്‍ ഒക്കെ ഉള്ളില്‍ ഒതുക്കി. കാലം വേദനകള്‍ മായ്ക്കും എന്ന് പറയാറുണ്ടെങ്കിലും ആ സംഭവം എന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ ഒരു മുറിവുണ്ടാക്കി. ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവ്.

ഏകദേശം ഒന്നര വര്‍ഷം കഴിഞ്ഞാണ് ഞാന്‍ മാനസികമായി ആ പഴയ വനജ ആയത്. മോനെ ഗര്‍ഭം ധരിക്കുന്നതും അത് കഴിഞ്ഞാണ്. അത്തവണയും ഗിരീഷേട്ടന്‍ ഡോക്ടര്‍ ശെല്‍വരാജിന്റെ അടുത്ത് എന്നെ കൊണ്ട് പോകാന്‍ നോക്കി. നിയമ വിരുദ്ധമായി , ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗ നിര്‍ണ്ണയം നടത്തുന്ന അയാളുടെ ക്ലിനിക്കില്‍ പോകാന്‍ ഞാന്‍ വിസമ്മതിച്ചു. മോനെ പ്രസവിക്കും വരെ എനിക്ക് കണ്ണും കാതും രണ്ടല്ലായിരുന്നു.. നാലോ.എട്ടോ..അതിലേറെയോ. ഒന്നിനെയും ആരെയും ഞാന്‍ വിശ്വസിച്ചില്ല. ഉദരത്തില്‍ ഇരിക്കുന്ന കുഞ്ഞിനെ കൊല്ലാന്‍ നടക്കുന്നവര്‍ ആണ് ചുറ്റും എന്ന് എനിക്ക് തോന്നി. ഏറെ കരുതലോടെ തന്നെ ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ അതിനെന്നെ ഏറെ സഹായിക്കുകയും ചെയ്തു. ഭഗവാന്റെ അനുഗ്രഹം കൊണ്ട് അല്ലലൊന്നും കൂടാതെ മോനെ പ്രസവിച്ചു. പിറന്നത്‌ മകനാണ് എന്നറിഞ്ഞപ്പോള്‍ ഏട്ടനും അമ്മയ്ക്കും വീട്ടുകാര്‍ക്കും ഒക്കെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം ആയിരുന്നു. പിന്നീട് എനിക്ക് കിട്ടിയ പരിചരണത്തിലും ഞാന്‍ ആ മാറ്റം കണ്ടു. ആണ്‍ കുഞ്ഞിനു മാത്രം കിട്ടുന്ന സ്നേഹം. സ്നേഹത്തിന്റെ ഭാഷയ്ക്കും ഉള്ള ലിംഗ വിവേചനം.

"നീ ഇതേ വരെ ഉറങ്ങിയില്ലേ വനജേ. "

മുറിയിലേക്ക് വന്ന ഗിരീഷേട്ടന്റെ വാക്കുകള്‍ എന്നെ ഓര്‍മ്മയില്‍ നിന്നും ഉണര്‍ത്തി.

വസ്ത്രം മാറുന്നതിനിടയില്‍ ഗിരീഷേട്ടന്‍ പറഞ്ഞു.

"നാളെ ഡോക്ടര്‍ കല്‍പ്പനയുടെ അടുത്തു പോകണം. സ്കാനിംഗ് ഉള്ളതാ. "

അതിലെ ധ്വനി തിരിച്ചറിഞ്ഞ ഞാന്‍ പറഞ്ഞു.

"എന്തിനാ ഏട്ടാ? കുട്ടി പെണ്ണാണെങ്കില്‍ വേണ്ടാ എന്ന് പറയാനാണോ? പിറക്കാനിരിക്കുന്ന കുഞ്ഞിനെ വയറ്റില്‍ വച്ചേ കൊല്ലുന്ന കല്‍പ്പനമാരുടെയും, ശെല്‍വരാജുമാരുടെയും അടുത്തേയ്ക്ക് ഞാനില്ല . കുഞ്ഞു പെണ്ണായാലും ആണായാലും ഭഗവാന്റെ വരം തന്നെ ആണ്. ഇവരൊക്കെ ചെയ്യുന്ന പാപകര്‍മ്മതിനു ഞാനില്ല കൂട്ട്. "



ജോസ്
ബാംഗ്ലൂര്‍
15- Jan -2012


(ചില ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്തവയാണ് )