2010, ജൂൺ 29

മണിപ്പാല്‍ ചരിതം.. രണ്ടാം ഘട്ടം ..


ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി ഒരാഴ്ച കഴിഞ്ഞില്ല ..അതിനുമുന്‍പെ വീണ്ടും, ലീന ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയി. ശ്വാസം മുട്ടലും, തുടരെ ഉള്ള ഓക്കാനം വരലും, നെഞ്ചു വേദനയും ഒക്കെ ഒരു തുടര്‍ കഥ പോലെ ആയി ഇപ്പോള്‍. ..

കഴിഞ്ഞ ആഴ്ച ഇതുപോലെ വയ്യാതായപ്പോള്‍, ഡോക്ടര്‍ X.Ray എടുക്കാന്‍ പറഞ്ഞു. അതെടുത്തു നോക്കിയപ്പോള്‍ നെഞ്ചില്‍ എന്തോ ഇന്‍ഫെക്ഷന്‍ ആയതായി അവര്‍ കണ്ടു. ..കുറെ മരുന്നുകള്‍ കഴിക്കാന്‍ പറഞ്ഞു. അത് കഴിച്ചു ഒന്ന് കുറഞ്ഞു എന്ന് ആശ്വസിചിരുന്നപ്പോള്‍ പിന്നെ ഇതാ വീണ്ടും..

മണിപ്പാല്‍ ഹോസ്പിറ്റലിലെ ജനറല്‍ വാര്‍ഡില്‍ ആണ് ഇത്തവണ അഡ്മിഷന്‍ കിട്ടിയത്. അതിനു മുകളില്‍ ഉള്ളതൊക്കെ ഒഴിവില്ലത്രേ. ഒരു ജനറല്‍ വാര്‍ഡില്‍ അഞ്ചു പേര്‍ ആണ്. ആദ്യം കേട്ടപ്പോള്‍ നാട്ടിലെ മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളുടെ ഓര്‍മ്മ ആണ് വന്നത്. പക്ഷെ ചെന്ന് കണ്ടപ്പോള്‍ കുറച്ചു സമാധാനം ആയി. വളരെ വൃത്തിയോടെ തന്നെയാണ് ജനറല്‍ വാര്‍ഡും സൂക്ഷിക്കുന്നത് എന്ന് എനിക്ക് ബോധ്യമായി.

ലീന കിടന്ന കട്ടിലിന്റെ എതിര്‍ വശത്ത് ഡെങ്കി പനി ബാധിച്ച ഒരു കൊച്ചു കുട്ടി ഉണ്ടായിരുന്നു. വാതോരാതെ സംസാരിക്കുകയും, ചിരിക്കുകയും, ഇന്‍ജക്ഷന്‍ കൊടുക്കുമ്പോള്‍ അലറി കരയുകയും ചെയ്യും ആ കുട്ടി. ഇന്ന് അതിനെ ഡിസ് ചാര്‍ജ് ചെയ്തു. അതിനു മുന്‍പായി അതിന്റെ അപ്പൂപ്പന്‍ കുറെ ജിലേബി വാങ്ങി വാര്‍ഡില്‍ ഉണ്ടായിരുന്ന രോഗികള്‍ക്കും, കൂടെ നിന്നവര്‍ക്കും, നഴ്സുമാര്‍ക്കും ഒക്കെ കൊടുത്തു. അയാളുടെ കൊച്ചു മകള്‍ വളരെ ക്രിട്ടിക്കല്‍ ആയ അവസ്ഥയില്‍ നിന്നും തിരികെ വന്ന്, ഇന്ന് ഡിസ് ചാര്‍ജ് ആയി പോകുന്നതിന്റെ സന്തോഷം...

ലീനയുടെ E.C.G യും പ്രഷറും ഒക്കെ എടുത്ത ശേഷം ഡോക്ടര്‍ പറഞ്ഞു, ഹാര്‍ട്ടിനും ചെറുതായി പ്രശനം ഉണ്ട് എന്ന് . അതിന്റെ പ്രവര്‍ത്തനം 40 ശതമാനം മാത്രമേ ഉള്ളൂ . അതെന്നോട്‌ പറഞ്ഞപ്പോള്‍ ഒരു തമാശ എന്ന പോലെ ലീന അന്നോട്‌ പറഞ്ഞു..

'"ഈ വണ്ടി അധികം ഓടും എന്ന് തോന്നുന്നില്ല. "

ഉള്ളിലെ വിഷമം പുറത്തു കാട്ടാതെ ഞാന്‍ അവളെ ശാസിച്ചു..."ആവശ്യമില്ലാത്ത കാര്യങ്ങള്‍ എന്തിനാ ചിന്തിക്കുന്നെ? "

കുറച്ചു കഴിഞ്ഞു ലീന ഉറങ്ങി. ഞാന്‍ എന്റെ ബാഗ് തുറന്നു ഓഫീസിലെ ജോലി സംബധിച്ച കുറെ കാര്യങ്ങള്‍ ഒരു ബുക്കില്‍ എഴുതാന്‍ തുടങ്ങി. കുറെ നാളായി ഓഫീസ് കാര്യങ്ങളിലും ഒന്നും അധികം ശ്രദ്ധ ചെലുത്താന്‍ പറ്റുന്നില്ല. അടുത്ത ആഴ്ച കൊടുക്കേണ്ട പ്രോജക്റ്റ് പ്രെസന്റെഷന്‍ ഒന്നും ആയിട്ടില്ല.

തലയ്ക്കകത്ത് ആയിരക്കണക്കിന് തേനീച്ചകള്‍ കിടന്നു മൂളുന്ന പോലെ തോന്നി. മനസിന്റെ നട്ടും ബോള്‍ട്ടും ഇളകിപ്പോയപോലെ ഉള്ള ഒരു പ്രതീതി .. എന്തെല്ലാം പരീക്ഷകള്‍ ആണ് നേരിടേണ്ടി വരുന്നത്. .വരുമ്പോള്‍ എല്ലാം ഒരിമിച്ച്, കടുത്ത ഡോസിലാണല്ലോ വരുന്നത് എന്ന് ഓര്‍ത്തു.

ഒരു നാല് മണി ആയപ്പോള്‍ ആ കൊച്ചു കുട്ടിയെ ഡിസ് ചാര്‍ജ് ചെയ്തു. വളരെ പ്രകടമായ സന്തോഷത്തോടെ ആ കുഞ്ഞിന്റെ കുടുംബം ആ വാര്‍ഡില്‍ നിന്നും പോയി. ബാക്കിയുള്ളവര്‍ അവരുടെ ഊഴം എന്ന് വരും എന്നോത്തു ദീര്‍ഘ നിശ്വാസം വിട്ടു കിടന്നു.

ഞാന്‍ ആലോചിച്ചു.. ..ഒരേ മുറിയുടെ നാല് ചുവരുകളുടെ ഇടയില്‍ ..എന്തെല്ലാം വികാര വിചാരങ്ങളുടെ തിരയിളക്കമാണ് ...

കഴിഞ്ഞ രണ്ടാഴ്ച ആയി ഞാനും എന്റെ സഹോദരന്മാരും, ചില സുഹൃത്തുക്കളും ഒക്കെ ചേര്‍ന്ന്, എത്രയും പെട്ടന്ന് , എവിടുന്നെങ്കിലും ഒരു കിഡ്നി സംഘടിപ്പിക്കാനുള്ള ഓട്ടം ആയിരുന്നു. ഒരു കോണ്ടാക്റ്റ് കിട്ടാനായി വളരെയധികം ബുദ്ധിമുട്ടി, ഞങ്ങള്‍ ഈ ഓട്ടം ഓടുമ്പോള്‍ എന്നെയും ലീനയെയും സഹായിക്കാന്‍ ബന്ധം കൊണ്ട് ബാധ്യത ഉള്ള പലരും അതിനൊന്നും മെനക്കെടാത്തപ്പോള്‍ വല്ലാത്ത അമര്‍ഷവും, മനോ വേദനയും തോന്നി. ചായം തേച്ച മുഖങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ രൂപങ്ങളെ ഞാന്‍ കുറെ ഏറെ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. ബന്ധങ്ങളുടെ വില ഇത്രയേ ഉള്ളോ എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.

ഇന്നലെ ലീനയെ അട്മിട്റ്റ് ചെയ്യുന്നതിന് മുന്‍പേ നഴ്സിംഗ് റൂമില്‍ കുറച്ചു നേരം കിടത്തിയിരുന്നു. അവിടെ വച്ച്, ലീന ഒരു പഴയ കൂട്ടുകാരിയെ കണ്ടു..ഹോസ്പിറ്റലില്‍ വച്ച് തന്നെ നേരത്തെ പരിചയപ്പെട്ട ഒരു പെണ്‍കുട്ടി. അതിന്റെ ഭര്‍ത്താവിനു കിഡ്നി ട്രാന്‍സ്പ്ലാന്റ് ചെയ്തു കിടന്നപ്പോഴാണ്‌ ആ കുട്ടിയെ ലീന പരിചയപ്പെട്ടത്‌. എല്ലാം ശരി ആയി എന്ന് ആശ്വസിച്ചു തിരികെ പോയ ആ കുട്ടിയെ വിഷമിക്കുന്ന വാര്‍ത്തയാണ് പിന്നെ മൂന്ന് മാസങ്ങള്‍ കഴിഞ്ഞുള്ള ചെക്കപ്പിനു വന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞത്...മാറ്റി വച്ച കിഡ്നി റിജക്ഷന്‍ ആയി അത്രേ..

എത്രയും വേഗം കിഡ്നി മാറ്റി വച്ച്, പാളം തെറ്റി പായുന്ന ജീവിതം നേരെ ആക്കാം എന്ന മോഹത്തോടെ ഇരിക്കുന്ന ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും, ആ വാര്‍ത്ത ഒരു വല്ലാത്ത പേടി സമ്മാനിച്ചു.

പിന്നെ ഓര്‍ത്തു.. എല്ലാവര്‍ക്കും റിജക്ഷന്‍ ആവണം എന്നില്ലല്ലോ. ഒക്കെ ദൈവത്തില്‍ അര്‍പ്പിച്ചു മുന്‍പോട്ടു പോകാം. വേണ്ടാത്ത കാര്യങ്ങള്‍ ചിന്തിക്കണ്ട ...

വിഷമങ്ങളും, ഭയപ്പാടുകളും , ഒപ്പം ശുഭാപ്തി വിശ്വാസങ്ങളും ആയി ഞാന്‍ മെല്ലെ വാര്‍ഡിന്റെ വെളിയിലേക്കിറങ്ങി.

ജോസ്
ബാംഗലൂര്‍
28-ജൂണ്‍- 2010

2010, ജൂൺ 20

ഒരു ചെറിയ തെറ്റിന്റെ ശിക്ഷ ...


നമ്മളില്‍ തെറ്റ് ചെയ്യാത്തവരായി ആരെങ്കിലുമുണ്ടോ? തീര്‍ച്ചയായും ഉണ്ടാവില്ല. ചെയ്ത തെറ്റുകള്‍ക്കുള്ള ശിക്ഷ ഉടനെ അല്ലെങ്കില്‍ പിന്നെ എപ്പോഴെങ്കിലും കിട്ടും എന്ന് ഉറപ്പാണ്. (ചിലര്‍ പറയും തെറ്റിന്റെ ശിക്ഷ ഈ ജീവിതത്തിനുള്ളില്‍ കിട്ടിയില്ലെങ്കില്‍, മരണ ശേഷം, ന്യായ വിധിയുടെ ദിവസം കിട്ടുമത്രേ. ശരിയാണോ എന്നെനിക്കറിയില്ല. ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല )

ഇന്ന് രാവിലെ നല്ല ശ്വാസം മുട്ടലെടുത്തു ലീന അസ്വസ്ഥത കാണിച്ചപ്പോള്‍, ഞാന്‍ ഉടനെ തന്നെ അവളെ ഹോസ്പിറ്റലില്‍ കൊണ്ട് പോയി. അത്യാഹിത വിഭാഗത്തില്‍ നിന്നും ഡോക്ടര്‍ അവളെ ഡയാലിസിസ് യൂനിട്ടിലേക്ക് റെഫര്‍ ചെയ്തു. ഈ ആഴ്ച ഇത് അഞ്ചാമതാണ് ഡയാലിസിസ് ചെയ്യുന്നത്.

നേരത്തെ ഡയാലിസിസ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്ത പേടി ആയിരുന്നു. ഇപ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ഫേഷ്യല്‍ ചെയ്യുന്ന ഒരു ലാഘവത്തോടെ അല്ലെ ലീന ഡയാലിസിസിനു പോവുന്നത്.

ഡയാലിസിസ് യൂണിറ്റിന്റെ വെളിയില്‍ ഇരുന്നു, ഏകാന്തതയില്‍ എന്നെ വേട്ടയാടുന്ന വിചാര വികാരങ്ങളുമായി മല്ലിടവേ , ഞാന്‍ ഓര്‍ത്തു..

"ദൈവമേ...ഒരു ചെറിയ തെറ്റിന്റെ ശിക്ഷ ഇത്ര കഠിനമോ? "

മൂന്നു വര്‍ഷം മുന്‍പ്, ലീനയ്ക്ക് കിഡ്നി പ്രശ്നം ഉണ്ടെന്നു കണ്ടെത്തിയത്, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പിഷാരടി ആയിരുന്നു. കിഡ്നിയുടെ പ്രവര്‍ത്തനത്തിന്റെ ഒരു അളവ് കോലായ ക്രിയാട്ടിനിന്‍ എന്ന രക്ത പദാര്‍ഥത്തിന്റെ അളവ് അന്ന് 1.8 ആയിരുന്നു. ( സാധാരണ അത് 1.4 വരെയേ സ്ത്രീകളില്‍ ആകാവൂ)

ആ സമയം പിഷാരടി സാറിന്റെ ചികിത്സയില്‍ ഇരിക്കവേ, ഞാന്‍ കാട് കയറി ചിന്തിച്ച് സാറിനോട് കുറെ ചോദ്യങ്ങള്‍ ചോദിച്ചു.

"ലീനയ്ക്ക് എപ്പോഴെങ്കിലും ഡയാലിസിസ് ചെയ്യേണ്ടി വരുമോ?"
"എപ്പോഴെങ്കിലും ട്രാന്‍സ്പ്ലാന്റിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുമോ? "
"ഈ അസുഖം ശരിക്കും ഭയക്കേണ്ട അവസ്ഥയിലേക്ക് മാറുമോ? "
'ഈ അവസ്ഥയില്‍ പ്രെഗ്നന്സി ആയാല്‍ കുഴപ്പമല്ലേ ?

ഡോക്ടര്‍ അതിനൊക്കെ ചുരുങ്ങിയ വാക്കുകളില്‍ ഉത്തരം തന്നു.

" അങ്ങനെ ഒന്നും ആലോചിക്കേണ്ട ആവശ്യമേ ഇല്ല . അതൊന്നും വേണ്ടി വരുന്ന ഒരു അവസ്ഥയിലെ അല്ല ലീന. ഒക്കെ കുറഞ്ഞ ശേഷം പ്രെഗ്നന്സിയെക്കുറിച്ച് ആലോചിക്കാവുന്നത്തെ ഉള്ളൂ "

അങ്ങനെ ഡോക്ടറിന്റെ ആശ്വാസ വാക്കുകള്‍ കേട്ടു , ഞങ്ങള്‍ ബാംഗ്ലൂരിലെ ഞങ്ങളുടെ ജീവിതം തുടര്‍ന്നു. അങ്ങനെ ഇരിക്കെ ലീന ഒരു നാള്‍ എന്നോട് ചോദിച്ചു

" അച്ചാച്ചാ ..ഞാന്‍ ഇവിടെ അടുത്തുള്ള ഒരു പ്രാര്‍ഥനാ ഗ്രൂപ്പില്‍ പൊയ്ക്കോട്ടേ? "

അത് വളരെ നിര്‍ദോഷകരമായ ഒരു ആവശ്യമായെ ഞാന്‍ അന്ന് കണ്ടുള്ളൂ. പക്ഷെ അത് ഞങ്ങളുടെ ജീവിതത്തിനെ കീഴ്മേല്‍ മറിക്കാന്‍ പോകുന്ന ഒന്നാണ് എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല.

എന്റെ സമ്മതം വാങ്ങിയ ശേഷം, ലീന ഞായറാഴ്ചകളില്‍ ആ പ്രാര്‍ഥനാ ഗ്രൂപ്പില്‍ പോകാന്‍ തുടങ്ങി.
പല പല ബഹു രാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യുന്ന, നല്ല വിദ്യാഭ്യാസം ഉള്ള ആളുകള്‍ ആയിരുന്നു ആ പ്രാര്‍ഥനാ ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്.

യേശു ക്രിസ്തുവിനെ നല്ല വിശ്വാസത്തോടെ പ്രാര്‍ഥിച്ചാല്‍ എല്ലാ കഷ്ടപ്പാടുകളും മാറും എന്നും, അതിലുപരി, ഡോക്ടരിന്റെയോ, മരുന്ന്കളുടെയോ ഒന്നും ആവശ്യം ഇല്ല എന്നും അക്കൂട്ടര്‍ വിശസിച്ചു. അവിടത്തെ ഒരു പാസ്റ്റര്‍ അങ്ങനെ ശസ്ത്രക്രിയ പോലും ചെയ്യാതെ വെറും പ്രാര്‍ത്ഥനയിലൂടെ , തലച്ചോറില്‍ വന്ന ഒരു ട്യൂമറില്‍ നിന്നും രക്ഷപ്പെട്ടത്രേ.

ഒരു നേതാവിന്റെ കഴിവുകള്‍ എല്ലാം ഉള്ള ഒരാള്‍ക്ക്‌, അയാളുടെ പ്രവര്‍ത്തികളിലും വാക്കുകളിലും കൂടെ മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കാന്‍ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് പിന്നെ നടന്ന സംഭവങ്ങള്‍.

പ്രാര്‍ഥനാ ഗ്രൂപ്പില്‍ പോകാന്‍ തുടങ്ങിയ ലീന, മരുന്നൊന്നും കഴിക്കാതെ തന്നെ എല്ലാം ശരിയാകും എന്ന വിശ്വാസത്തില്‍ അടിയുറച്ചു നിന്നു. ഞാന്‍ അതറിഞ്ഞപ്പോള്‍ തന്നെ കുറെ വൈകിപ്പോയി. . കിഡ്നി പ്രശ്നത്തിനുള്ള മരുന്ന്, രക്ത സമ്മര്‍ദ്ദത്തിനുള്ള മരുന്ന്, രക്തം കട്ട പിടിക്കുന്ന അവസ്ഥ ഒഴിവാക്കാനുള്ള മരുന്ന്, ഇങ്ങനെ ഒഴിച്ച് കൂടാന്‍ പറ്റാത്ത എല്ലാ മരുന്നുകളും ലീന ഒറ്റയടിക്ക് നിര്‍ത്തി.

'കര്‍ത്താവായ ദൈവം എന്നെ സുഖപ്പെടുത്തി കഴിഞ്ഞു. മരുന്നിന്റെ ഒന്നും ആവശ്യം ഇനി ഇല്ല"
ഞാന്‍ എന്തെങ്കിലും പറയുമ്പോള്‍, ലീനയുടെ മറുപടി ഇതായിരിക്കും. അത്രയ്ക്ക് ഉറച്ചതായിരുന്നു ആ വിശ്വാസം.

അതെ സമയം, ഇതേ പ്രാര്‍ഥനാ ഗ്രൂപ്പില്‍ ഉള്ളവര്‍, അവര്‍ക്ക് ആവശ്യം വന്നപ്പോള്‍ ആശുപത്രിയും ഡോക്ടരിനെയും ആശ്രയിച്ചപ്പോള്‍ ഞാന്‍ ലീനയെ താക്കീതു ചെയ്തു. ...തെറ്റായ വിശ്വാസങ്ങള്‍ കളയാനും, പ്രായോഗികമായി ചിന്തിക്കാനും..പക്ഷെ ഞാന്‍ പരാജയപ്പെട്ടു..

ദൈവ വിശ്വാസത്തെ ചോദ്യം ചെയ്യാനോ, പ്രാര്‍ഥനയുടെ ശക്തിയില്‍ അവിശ്വസിക്കാണോ അല്ല ഞാന്‍ ശ്രമിച്ചത്. മറിച്ചു, ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നേരിട്ടാവണം എന്നില്ല, പല പല ആളുകളില്‍ ക്കൂടി ആവും എന്ന യാഥാര്‍ത്ഥ്യം ഞാന്‍ ലീനയെ മനസ്സിലാക്കിപ്പിക്കാന്‍ ശ്രമിച്ചു. അവിടെയും ഞാന്‍ പരാജയപ്പെട്ടു.

2008 ആഗസ്റ്റു മാസം , കിഡ്നി, ഹൃദയം, കണ്ണ് , തുടങ്ങി പല അവയവങ്ങളുടെയും പ്രവര്‍ത്തനം തകരാറിലായി, മരണത്തിന്റെ വക്കിലെത്തിയ ലീനയെ , ബാംഗ്ലൂരിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. രണ്ടാഴ്ചത്തെ I.C.U വാസത്തിനിടെ ഏകദേശം ഏഴു എട്ടു പ്രാവശ്യം ഡയാലിസിസ് ചെയ്തു. അതൊക്കെ കഴിഞ്ഞു, ഡിസ്ചാര്‍ജ് ആയ സമയത്ത്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലെ ഡോക്ടര്‍ സോമനാഥ് ബാനര്‍ജി പറഞ്ഞു

"നിരന്തരമായി ഡയാലിസിസ് ചെയ്യേണ്ടി വരുന്ന അവസ്ഥയില്‍ നിന്നും പുറത്തു വന്നാല്‍ നിങ്ങളുടെ ജീവിതം സുഖകരം ആയിരിക്കും"

ആ വാക്കുകള്‍ പൊന്നാവട്ടെ എന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷെ ആയില്ല .

പിന്നെയുള്ള മാസങ്ങളില്‍ കിഡ്നിയുടെ പ്രവര്‍ത്തനം പതിയെ മോശമാകാന്‍ തുടങ്ങി. ഡയാലിസിസും ട്രാന്‍സ്പ്ലാന്റും ഒക്കെ വിദൂരതയില്‍ നിന്നും എന്നെ തുറിച്ചു നോക്കി. ..ദ്രംഷ്ടകള്‍ കാട്ടി ചിരിച്ചു.. അതൊക്കെ വരാന്‍ പോകുന്ന മാനസിക സംഘര്‍ഷങ്ങളുടെ മുന്നോടി ആയിരുന്നു എന്നറിഞ്ഞില്ല .

രക്തത്തിലെ ക്രിയാട്ടിനിന്റെ അളവ് പതുക്കെ കൂടാന്‍ തുടങ്ങി. അതിന്റെ അളവ് ആറിലും കവിഞ്ഞപ്പോള്‍, ഡോക്ടര്‍ കിഷോര്‍ ബാബു ആഴ്ചയില്‍ മൂന്നു തവണ ഹീമോ ഡയാലിസിസ് ചെയ്യണം എന്ന് പറഞ്ഞു. ഒപ്പം കിഡ്നി ട്രാന്‍സ്പ്ലാന്റ് ചെയാനുള്ള തയ്യാറെടുക്കണം എന്നും

20101 മാര്‍ച്ചില്‍ ഹീമോ ഡയാലിസിസ് തുടങ്ങിയ ശേഷം, മാനസിക സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞ ദിവസങ്ങള്‍ വിരളം. ശാരീരികവും, മാനസികവും ആയ അസ്വാസ്ഥ്യതകളോടെ ലീന ദിവസങ്ങള്‍ തള്ളി നീക്കുന്നു. എല്ലാം ശരിയാവും എന്ന വിശ്വാസവും ഒപ്പം ഉണ്ട്. . അതൊക്കെ കണ്ടും കേട്ടും, ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു, കൂടെ ഞാനും.

അപ്പോഴൊക്കെ വെറുതെ ഞാന്‍ ഓര്‍ക്കും ..

"അന്ന് ആ പ്രാര്‍ഥനാ ഗ്രൂപ്പില്‍ പോകുന്നതില്‍ നിന്നും ലീനയെ തടയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ '
"മരുന്ന് മുടക്കുന്നതില്‍ നിന്നും അവളെ പിന്തിരിപ്പിക്കാന്‍ അന്ന് കഴിഞ്ഞിരുന്നെങ്കില്‍ "

കള്ളന്മാരും, കൊള്ളക്കാരും കൊലപാതകികളും, മറ്റു സാമൂഹിക വിരുദ്ധരും ചെയ്യുന്ന തെറ്റുകളെ വെച്ച് നോക്കുമ്പോള്‍, മൂഢ വിശ്വാസത്തിന്റെ പുറത്തു, ജീവ നാഡികളായ മരുന്നുകള്‍ കഴിക്കാതിരുന്നത് ഒരു വലിയ തെറ്റാണോ? അതിനുള്ള ശിക്ഷ ഇത്രയും വലുതാവാണോ?

അനുഭവങ്ങളുടെ തീച്ചൂളയിലൂടെയുള്ള ഈ നടപ്പ്, ഞങ്ങളുടെ നിയോഗം ആയിരിക്കും. പ്രാര്‍ഥനാ ഗ്രൂപ്പും, അതിലെ ആളുകളും , അവരുടെ വിശ്വാസവും ഒക്കെ ഈ അഗ്നി പരീക്ഷകള്‍ക്ക് ഞങ്ങളെ തയ്യാറെടുപ്പിക്കാനുള്ള നിമിത്തങ്ങള്‍ ആയിരിക്കും..അറിയില്ല. കാത്തിരുന്നു കാണുക ..അത്ര തന്നെ

ജോസ്
ബാംഗ്ലൂര്‍
20-ജൂണ്‍ - 2010

2010, ജൂൺ 18

ഒരു ഉഴിച്ചിലിന്റെ ഓര്‍മ്മ....





ഇന്ന് വൈകിട്ടായപ്പോഴേക്കും ലീനയെ ഡിസ്ചാര്‍ജു ചെയ്തു. അതിനു മുന്‍പേ , രാവിലെ തന്നെ ഒരു ഫിസിയോ തെറാപ്പി ഉണ്ടായിരുന്നു. നടുവ് വേദന പോകാനായി.. അതിനായി ലീനയെ ഫിസിയോ തെറാപ്പി സെക്ഷനിലേക്ക് കൊണ്ട് പോയപ്പോള്‍, എനിക്ക്, പണ്ട് നടുവ് വേദന വന്നിട്ട് ചെയ്ത ഫിസിയോ തെറാപ്പി ഓര്‍മ്മ വന്നു...(എന്റമ്മേ .അത് ഓര്‍ത്തപ്പോഴേ തന്നെ നടുവിന് ഒരു വല്ലാത്ത വേദന .)

രണ്ടു വര്‍ഷം മുന്‍പ്, ഒരു ദിവസം രാവിലെ, എന്റെ ഇരു ചക്ര വാഹനത്തില്‍ ( ഹോണ്ട ആക്ടിവ ), ഞാന്‍ പെട്രോള്‍ അടിക്കാനായി പോവുകയായിരുന്നു. വളരെ പതുക്കെ, ഒരു U വളവു എടുത്തപ്പോള്‍ വണ്ടി തെന്നി, ഞാന്‍ സര്‍ക്കസ് കാട്ടി മറിഞ്ഞു വീണു. അന്ന് മുതല്‍ നടുവിന് സഹിക്കാന്‍ വയ്യാത്ത വേദന തുടങ്ങി. ഒരാഴ്ച നേരെ ചൊവ്വേ കുനിയാനും, നിവരാനും, നടക്കാനും ഒന്നും കഴിയാതെ കഷ്ടപ്പെട്ടു. നടുവിന് വല്ല പൊട്ടലോ മറ്റോ ഉണ്ടോ എന്ന് ഓര്‍ത്തപ്പോള്‍ വല്ലാത്ത പേടി തോന്നി.(എന്നാല്‍ പിന്നെ പ്ലാസ്റ്ററും ഇട്ടു കിടന്നാല്‍ മതിയല്ലോ.സുഖമല്ലേ ..സുഖം ). പിന്നെ ബാംഗളൂരിലെ RSI വിദഗ്ദനായ ഡോക്ടര്‍ ദീപക് ശരണിനെ പോയി കണ്ടു. അദ്ദേഹം നാലഞ്ച് പ്രാവശ്യം ഫിസിയോ തെറാപ്പി ചെയ്യണം എന്ന് പറഞ്ഞു.

ഫിസിയോ തെറാപ്പി ചെയ്യാന്‍ ചെന്ന ദിവസം, അവിടെ കണ്ടത് ഒരു നരുന്ത് പോലത്തെ പെണ്ണിനെ ആണ്. അവള്‍ക്കു എണീറ്റ്‌ നില്‍കാന്‍ ജീവനില്ല എന്ന് കണ്ടാല്‍ തോന്നും . ഞാന്‍ പക്ഷെസിനിമയില്‍ കണ്ടിട്ടുള്ളതും, കഥകളില്‍ വായിച്ചിട്ടുള്ളതും മറ്റും, നല്ല ആജാനു ബാഹുക്കളായ ആളുകള്‍ നടുവിന് ചവുട്ടി തിരുമ്മുന്നതും മറ്റും ആണ്. അതായിരുന്നു എന്റെ മനസ്സിലെ ഫിസിയോ തെറാപ്പി ചികിത്സയുടെ രൂപം .

ഈ നരുന്ത് പെണ്ണ് എന്ത് ഫിസിയോ തെറാപ്പി ചെയ്യാനാണ്. കര്‍ത്താവേ...കാശ് കൊടുത്തത് പോക്കവുമോ?എന്റെ വേദന പോകുമോ? അങ്ങനെ ഒക്കെയുള്ള ചിന്തകളോടെ, ഞാന്‍ ഫിസിയോ തെറാപ്പി തുടങ്ങി.

ആ നരുന്ത് പെണ്ണ്, അവളുടെ കൈ വിരല്‍ വെച്ച് എന്റെ പുറത്തെ എല്ലുകളുടെ ഇടയില്‍ തിരുമ്മാന്‍ തുടങ്ങിയപ്പോള്‍ , ഞാന്‍ വേദന കൊണ്ട് ശരിക്കും പുളഞ്ഞു. കരച്ചില്‍ അടക്കാന്‍ നന്നേ പാടുപെട്ടു. അപ്പോള്‍ അവള്‍ പറഞ്ഞു.

" സര്‍.. ഇത് ആദ്യ ദിവസം ആയതു കൊണ്ടാണ് ഇത്ര വേദന. രണ്ടു മൂന്നു ദിവസം കഴിഞ്ഞാല്‍ ഇത്ര കാണില്ല. "

രണ്ടാമത്തെ ദിവസവും അവള്‍ ഇതേ വാചകം തന്നെ പറഞ്ഞു. വിരല്‍ കൊണ്ട് എന്റെ എല്ലിന്റെ ഇടയില്‍ അവള്‍ ഞെക്കി ഫിസോ തെറാപ്പിയിലെ അവളുടെ പ്രാവീണ്യം തെളിയിച്ചു. എന്നിട്ട് , അന്ന് പോകാന്‍ നേരം പറഞ്ഞു

'സര്‍,..നാളെ ഞാന്‍ അല്ലായിരിക്കും. പകരം എന്റെ സഹ പ്രവര്‍ത്തകന്‍ മിസ്ടര്‍ _____ ആയിരിക്കും" . (ഏതോ ഒരു പേര് പറഞ്ഞു,. വേദനയുടെ ഇടയില്‍ അത് ഓര്‍ക്കാന്‍ പറ്റിയില്ല)

ഞാന്‍ കരുതി, ഈ പെണ്ണിന്റെ എല്ല് കയ്യ് കൊണ്ട് തിരുമിയിട്ടു തന്നെ എന്റെ പ്രാണന്‍ പോയി. ഇനി നാളെ വരുന്നത് സിനിമയില്‍ കാണും പോലെ വല്ല മല്ലനോ മറ്റോ ആണെങ്കിലോ? ഈ പെണ്ണ് തിരുമിയപ്പോഴേ ഇത്ര വേദന ..ഇനി ഒരു മല്ലന്റെ കൈ കൊണ്ട് കൂടെ വേണോ?രണ്ടു ദിവസം കരയാതെ പാടുപെട്ടത് എനിക്ക് മാത്രം അറിയാം.

നാളെ വരാം എന്ന് പറഞ്ഞു ഇറങ്ങിയ ഞാന്‍ പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല. കാശു പോയത് പോകട്ടെ എന്ന് വച്ചു.

പക്ഷെ ദോഷം പറയരുതല്ലോ... രണ്ടു ദിവസത്തെ തെറാപ്പിയുടെ ഫലം ഉടനെ കണ്ടു. നടുവ് വേദന പമ്പ കടന്നു

ലീന തിരികെ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു.

"എങ്ങനെ ഉണ്ടായിരുന്നു ഫിസിയോ തെറാപ്പി.. വേദനിച്ചോ ?'

"ഏയ് ..എനിക്കൊട്ടും വേദനിച്ചില്ല. പക്ഷെ എന്റെ അടുത്തുള്ള ബെഡ്ഡില്‍ കിടന്ന ഒരാള്‍ ഒറക്കെ കിടന്നു കരയുന്നത് കേട്ടു. അയാള്‍ക്ക് തിരുമ്മിയത്‌ ഒരു ചെറുക്കാനായിരുന്നു. "

അത് കേട്ടപ്പോള്‍ എനിക്ക് അയാളോട് സഹതാപം തോന്നി. ചെക്കന്റെ തിരുമ്മു പ്രാക്ടീസ് കഴിയുമ്പോള്‍ , പാവത്തിന്റെ നടുവ് വേദന മാറിയാല്‍ മതിയായിരുന്നു.

ജോസ്
ബാംഗ്ലൂര്‍
18 ജൂണ്‍ 2010

2010, ജൂൺ 17

എന്റെ ഹീമോ ഗ്ലോബിന്‍ ചേട്ടാ ....



കൂനിന്മേല്‍ കുരു എന്ന പഴംചൊല്ല് കേട്ടിട്ടേ ഉള്ളൂ. ..ഇപ്പോള്‍ അതിന്റെ അര്‍ഥം നന്നായി മനസ്സിലായി..

ഇന്ന് ലീനയെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിട്ട് മൂന്നാം ദിവസം..

മണിപ്പാല്‍ ഹോസ്പിറ്റലിന്റെ ഒട്ടുമുക്കാല്‍ അകത്തളങ്ങളും എനിക്കിപ്പോള്‍ സുപരിചിതം.. കുറെ ഏറെ നാള്‍ ആയില്ലേ അവിടെ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട്.

മിനഞാന്നു ലീനയെ ഡയാലിസിസ് ചെയ്യാനായി കൊണ്ട് വന്നപ്പോള്‍, അവളുടെ ഹീമോഗ്ലോബിന്‍ ലെവല്‍ നോക്കി. സാധാരണ സ്ത്രീകള്‍ക്ക് വേണ്ടത് 11- 12 ആണത്രേ. ലീനയുടെത് 5 നും താഴെ ആയിപ്പോയി. അപ്പോഴേക്കും, ആളിന്റെ മുഖഭാവവും മറ്റും പാടെ മാറിയിരുന്നു. പൊതുവേ സന്തോഷവതി ആയ കക്ഷി , ശരിക്കും വിളറി വെളുത്തത് , ഒരു അസ്ഥിപഞ്ചരം പോലായി. ഒന്നും കഴിക്കാനും പറ്റാത്ത അവസ്ഥ. അത് കണ്ടപ്പോഴേ ഡോക്ടര്‍മാര്‍ പറഞ്ഞു...കുറഞ്ഞത്‌ രണ്ടു ദിവസത്തേക്ക് അഡ്മിറ്റ്‌ ചെയ്യണം എന്ന്.

സാധാരണക്കാരന് താങ്ങാന്‍ പറ്റുന്ന സെമി സ്പെഷ്യല്‍ അല്ലെങ്കില്‍ സ്പെഷ്യല്‍ റൂം ആയിരുന്നു ഞാന്‍ നോക്കിയത്. പക്ഷെ അവിടെ അസുഖക്കാരുടെ ഒരു പ്രളയം ആയിരുന്നതിനാല്‍ അതൊന്നും കിട്ടിയില്ല. അതുകൊണ്ട് , ഞാന്‍ കുറച്ചു കൂടിയ ഇനം ആയ അള്‍ട്രാ സ്പെഷ്യല്‍ റൂം ബുക്ക് ചെയ്തു. അത് കഴിഞ്ഞപ്പോള്‍ ആണ് ഒരു ഡോക്ടര്‍ പറഞ്ഞത്.. ആ വിഭാഗം റൂം എടുത്താല്‍, റൂം വാടക കൂടാതെയുള്ള മറ്റുള്ള ചാര്‍ജുകള്‍ ഒക്കെ കൂടി വരുമ്പോള്‍ , കുത്തുപാള എടുക്കും എന്ന്. പിന്നെ രാത്രി പതിനൊന്നു മണിക്ക്, വീണ്ടും ചെന്ന് ചോദിച്ചപ്പോള്‍, ഭാഗ്യത്തിന് സെമി സ്പെഷ്യല്‍ റൂം ഒരെണ്ണം കിട്ടി.

കുറഞ്ഞത്‌ ഒരു പത്തു ലാബ് ടെസ്റ്റുകള്‍ ചെയ്യാനായി എന്റെ കയ്യില്‍ കുറെ രക്ത സാമ്പിളുകള്‍ തന്നു. മണിപ്പാളിലെ എട്ടാം നിലയിലുള്ള ഡയാലിസിസ് യുനിറ്റില്‍ നിന്നും, താഴത്തെ നിലയുടെ അടിയിലുള്ള ലബോറട്ടറിയിലേക്ക് ഞാന്‍ കുറെ പ്രാവശ്യം ഓടി. ചിലപ്പോള്‍ ലിഫ്റ്റ്‌ കിട്ടാന്‍ നോക്കി നില്‍ക്കാതെ പടി കയറിയും ഇറങ്ങിയും ഓടി . ( കുറെ നാളായി വ്യായാമം ഒന്നും ചെയ്യാന്‍ പറ്റാത്ത തിരക്കായിരുന്നു. അതുകൊണ്ട് അറിഞ്ഞു കിട്ടിയതാവും ഈ അവസരം ) . എക്കോ, x-ray, ബ്ലഡ് കള്‍ച്ചര്‍, അങ്ങനെ കുറെ ഏറെ ടെസ്റ്റുകള്‍ ഒരു ദിവസം തന്നെ ചെയ്തു.

അനീമിക് ആയതിനു പുറമേ, ലീനയ്ക്ക് നന്നായിട്ടുള്ള പുറം വേദനയും ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച വയറ്റില്‍ ഗ്യാസ് ഉരുണ്ടു കയറി പ്രാണ വേദന എടുത്തു പുളഞ്ഞപ്പോള്‍, എങ്ങനോ കട്ടിലില്‍ നിന്നും താഴേക്ക്‌ വീണു സര്‍ക്കസ് കാണിച്ചിരുന്നു അവള്‍. അതിനു ശേഷം ആണ് നടുവ് വേദന വന്നത്. ( കൂനിന്മേല്‍ കുരു എന്ന്, ഇതുപോലുള്ള കാര്യങ്ങള്‍ക്കാണ് പറയുന്നത് എന്ന് സ്വന്തം ജീവിതത്തില്‍ നിന്നും ഞങ്ങള്‍ക്ക് മനസ്സിലായി ).

മിനഞാന്നും ഇന്നലെയും ആയി രണ്ടു കുപ്പി രക്തം ലീനയുടെ ദേഹത്ത് കയറ്റി. (രക്തം ദാനം ചെയ്ത സുഹൃത്തുക്കളേ ..നന്ദി ). ഓ + രക്തം ആയതിനാല്‍ കിട്ടാന്‍ അധികം ബുദ്ധിമുട്ടിയില്ല.(മൂന്നാല് മാസം മുന്‍പ് ഞാന്‍ രക്തം ദാനം ചെയ്തിരുന്നതിനാല്‍ എനിക്ക് കൊടുക്കാന്‍ പറ്റിയില്ല. )

രക്തം ഉള്ളില്‍ ചെന്നതിന്റെ ഫലം ഇന്ന് കണ്ടു തുടങ്ങി. ഇന്നലെയും മിനഞ്ഞാനും ഒക്കെ, സംസാരിക്കുന്നതൊക്കെ എന്താണെന്ന് അവള്‍ക്കുപോലും തിരിയില്ലായിരുന്നു. ഒരു മാതിരി പകുതി ബോധം ഉള്ള അവസ്ഥ. കിടക്കയില്‍ നിന്നും അധികം അനങ്ങാനും അവള്‍ കൂട്ടാക്കിയിരുന്നില്ല. അനങ്ങാനുള്ള ശക്തി ഉണ്ടെങ്കിലല്ലേ പറ്റൂ . എന്നാല്‍ , ഇന്നായപ്പോള്‍, പാടു പാടാനും, പഴയത് പോലെ ചിരിക്കാനും ഒക്കെ തുടങ്ങി. ( ഈ ഹീമോഗ്ലോബിന്റെ ഒരു കളി നോക്കണേ . )

നടുവിന്റെ X- ray എടുത്തു നോക്കിയ ശേഷം ഡോക്ടര്‍ പറഞ്ഞു പൊട്ടല്‍ ഒന്നും ഇല്ല എന്ന് . പക്ഷെ നട്ടെല്ലിന്റെ ഏറ്റവും താഴെ ഒരു വരപോലെ കണ്ടപ്പോള്‍, അവര്‍ക്ക് അത് spinal bifida ആണോ എന്ന് ഒരു സംശയം ഉണ്ടെന്നും പറഞ്ഞു. ഓരോ തവണയും കട്ടി കൂടിയ എന്തെല്ലാം വിചിത്രങ്ങളായ പേരുകള്‍ ആണ് കേള്‍ക്കുന്നത്. പനി, ജലദോഷം, എന്നൊക്കെയുള്ള ലളിതമായ പേരുകള്‍ കേട്ടു ശീലിച്ച എനിക്ക്, കടു കട്ടിയായ അസുഖത്തിന്റെ പേരുകള്‍ കേള്‍ക്കുമ്പോഴേ പണ്ടൊക്കെ പേടിയായിരുന്നു. ഇപ്പോള്‍ ഒക്കെ പരിചയമായിക്കഴിഞ്ഞിരിക്കുന്നു.( ഒക്കെ ഒരു തമാശ പോലെ പറഞ്ഞന്നേ ഉള്ളൂ. ഉള്ളിലെ വിഷമം ഒരു തമാശ രൂപത്തില്‍ അവതരിപ്പിച്ചതാണേ അത് .. .)

ഒക്കെ ഓര്‍ക്കുമ്പോള്‍ ചിലപ്പോള്‍ വിഷമം തോന്നും. വിഷമങ്ങളുടെ ഘോഷ യാത്ര കഴിയാത്തതെന്റെ ? ആരോട് ചോദിക്കാന്‍? ആര് ഉത്തരം തരാന്‍?

പിന്നെ
ഉടനെ ഞാന്‍ തന്നെ വിചാരിക്കും..എന്തിനാ വിഷമിക്കുന്നേ .. ഈ വിഷമങ്ങള്‍ ഒന്നും അല്ല..എല്ലാത്തിനും പരിഹാരം ഉള്ളതല്ലേ.. ഇതിനപ്പുറം വിഷമം ഉള്ളവര്‍ ഇല്ലേ ...ചികിത്സക്കുള്ള പണം പോലും ഇല്ലാത്തവര്‍...അങ്ങനെ എത്രയോ ആളുകള്‍ ഉണ്ട്. അവരുടെ വിഷമം വെച്ച് നോക്കുമ്പോള്‍ ഇതെന്തെങ്കിലും ആണോ?

എന്നാല്‍ ചിലപ്പോള്‍ വിഷമത്തിനോടൊപ്പം ഒരു തരം വാശി പോലെ തോന്നും മനസ്സില്‍ ( ആരോടെന്നറിയില്ല).

'തന്നോളൂ വിഷമങ്ങള്‍ ഒന്നൊന്നായി തന്നോളൂ. തൃപ്തി ആവും വരെ തന്നോളൂ ...ഏതു വരെ പോകും എന്ന് നോക്കട്ടെ '. അങ്ങനെ ഒക്കെ ആരോടെങ്കിലും പറയാന്‍ തോന്നും. പിന്നെ മനസ്സിലാവും ഒക്കെ വേണ്ടാത്തരം അല്ലെ എന്ന്. അങ്ങനെ ഒക്കെ വിചാരിച്ചു രക്ത സമ്മര്‍ദം കൂട്ടം എന്നല്ലാതെ ഒരു പ്രയോജനവും ഇല്ല . മനസ്സിന്റെ കടിഞ്ഞാണ്‍ വിട്ടു കളയല്ലേ എന്ന് ആരോ മനസ്സിലിരുന്നു പറയും. അങ്ങനെ പിന്നെ ഒരു മൂളിപ്പാട്ടും പാടി ഞാന്‍ എന്നെത്തന്നെ സ്വസ്ഥനാക്കും ..ആക്കാന്‍ ശ്രമിക്കും. ( പണ്ട്, p. ഭാസ്കരന്‍ മാഷ്‌ എഴുതിയപോലെ.. ദുഖങ്ങള്‍ക്കവധി കൊടുത്ത്, സ്വര്‍ഗ്ഗത്തില്‍ ഒരു മുറി എടുക്കാന്‍ ഞാന്‍ ശ്രമിക്കും )

എന്തായാലും കുറെ ദിവസങ്ങള്‍ ആയിട്ട് ഉണ്ടായിരുന്ന, വേദനയുടെയും, തളര്ച്ചയുടെയും ഒടുവില്‍, ഇന്ന് ലീന ഒന്ന് നന്നായി ചിരിച്ചു കണ്ടു. ആശുപത്രിയില്‍ നിന്നും ഉടനെ തന്നെ ഡിസ്ചാര്‍ജ് ആവും എന്ന പ്രതീക്ഷയോടെ ..

ജോസ്
ബാംഗ്ലൂര്‍
17- ജൂണ്‍-2010

2010, ജൂൺ 13

പരീക്ഷയുടെ കട്ടി കൂടുന്നു...


ഇന്നലെ ഞാന്‍ കര്‍ണ്ണാടകയിലെ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കമ്മറ്റി ആയ Z.C.C.K യില്‍ വിളിച്ചു ചോദിച്ചു..കിഡ്നി ട്രാന്‍സ്പ്ലാന്റ് ചെയ്യാനുള്ള വെയ്റ്റിംഗ് ലിസ്റ്റില്‍ ലീനയുടെ നമ്പര്‍ എത്ര ആണെന്ന്. നമ്പര്‍ 80 ആണെന്ന് അറിഞ്ഞപ്പോള്‍ തോന്നി, കാഡവര്‍ ട്രാന്‍സ്പ്ലാന്റ് എന്ന വഴി ഉടനെ ഒന്നും നടക്കുന്ന ലക്ഷണം ഇല്ല എന്ന്.

കഴിഞ്ഞ ഒരാഴ്ച ആയിട്ട് ലീനയുടെ ആരോഗ്യം മോശമായിക്കൊണ്ടിരിക്കുകയാണ്. അതാണ്‌ എന്നെ വിഷമിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും. ഡയാലിസിസ് ചെയ്യേണ്ടി വരുന്ന രോഗികള്‍ക്ക് ഉള്ള ഒരു ലക്ഷണം ആണ് കൂടെക്കൂടെ ഉള്ള ഓക്കാനിക്കാനുള്ള തോന്നല്‍. ഈയിടെ അത് വളരെ പെട്ടന്ന് പെട്ടന്ന് വരാറുണ്ട്. ചിലപ്പോള്‍ കഴിച്ചതൊക്കെ അതേപടി പുറത്തേക്കു വരും. അത് പേടിച്ചു ചിലപ്പോള്‍ ഒന്നും കഴിക്കാതെ ഇരിക്കും. അതിന്റെ കൂടെ വയട്ടിലോട്ടു കയറ്റുന്ന മരുന്നുകള്‍ക്ക് ഒരു കണക്കും ഇല്ലല്ലോ. അങ്ങനെ ഒന്നും കഴിക്കാതെ വെറും മരുന്ന് മാത്രം കഴിച്ചത് കാരണം കഴിഞ്ഞ ആഴ്ച വയറ്റില്‍ അസിഡിറ്റി വല്ലതും ഉണ്ടായിക്കാണണം. 'ഗ്യാസ് ട്രബിള്‍ " എന്നത് ശരിക്കും എന്താണ് എന്ന് അങ്ങനെ ഞാന്‍ തിരിച്ചറിഞ്ഞു.

നമുക്കോ, നമ്മുടെ പ്രിയപ്പെട്ടവര്‍ക്കോ ഒരു വിഷമാവസ്ഥ വരുമ്പോഴല്ലേ ആ വിഷമാവസ്ഥയുടെ യഥാര്‍ത്ഥ തീവ്രത നമുക്ക് മനസ്സിലാവൂ. വയറ്റില്‍ നിന്നും നെഞ്ചിലേക്കും , അവിടുന്ന് പിന്നെ നടുവിലേക്കും ഒക്കെ ഗ്യാസ് സ്ഥാനം മാറി ഓടിക്കളിക്കാന്‍ തുടങ്ങിയപ്പോള്‍, പൊതുവേ വേദനകള്‍ ഒക്കെ സഹിച്ചു ചിരിച്ചുകൊണ്ടിരിക്കുന്ന ലീനയുടെ ഭാവം മാറി. കിടക്കാനോ ഇരിക്കാണോ, ഒന്ന് ഉറങ്ങാനോ പറ്റാത്ത അവസ്ഥ. വേദന കൊണ്ട് പുളയുന്ന അവസ്ഥ.

ചൂട് വെള്ളം വേദനയുള്ള സ്ഥലത്ത് പിടിപ്പിക്കുക, കയില്ലുള്ള എല്ലാ വേദന സംഹാരി തൈലങ്ങളും പുരട്ടുക, എന്നിങ്ങനെയുള്ള എല്ലാ പ്രയോഗങ്ങളും പയറ്റി എങ്കിലും ഒന്നും കുറഞ്ഞില്ല. വേദന അതിന്റെ തോന്നിയ പാടിന് വരാനും പോകാനും തുടങ്ങി. ഡയാലിസിസിനു പോകുന്ന സമയത്ത്, അവിടുള്ളവര്‍, ഒരു വേദന സംഹാരി ഗുളിക കൊടുക്കും. അപ്പോള്‍ കുറച്ചു നേരത്തേക്ക് വേദന പോകും. പക്ഷെ കുറച്ചു കഴിഞ്ഞു വീണ്ടും വരും.

അങ്ങനെയിരിക്കെ ഒരു ദിവസം, നാട്ടില്‍ നിന്നും എന്റെ ചേട്ടന്‍ വിളിച്ചപ്പോള്‍ ഒരു കാര്യം പറഞ്ഞു. കൊച്ചിയിലും എറണാകുളത്തും ഒക്കെയുള്ള ചില വലിയ ആശുപത്രികളില്‍ കിഡ്നി ഡോണറിനെ കണ്ടുപിടിച്ചു, അതിനാവശ്യമുള്ള എല്ലാ നിയമ നൂലാമാലകളും ശരിയാക്കി ട്രാന്‍സ്പ്ലാന്റ് ഓപ്പറേഷന്‍ ചെയ്യാറുണ്ടത്രേ. ഓരോന്നിനും തുക ഓരോരോ 'പാക്കേജ് ' ആണത്രേ. ഡോണറിനെ കണ്ടുപിടിക്കാനും, പിന്നെ അതിന്റെ നിയമ വശം ഉള്‍പ്പടെ എല്ലാം ശരിയാക്കാനും നമ്മള്‍ തന്നെ പോയാല്‍, ചെലവ് നന്നായി കുറയും. പക്ഷെ അതൊന്നും ഉടനെ നടക്കുന്ന കാര്യങ്ങളെ അല്ല. പിന്നെ ഇതൊക്കെ ആശുപത്രിയുടെയോ, അവരുടെ എജന്റുമാരുടെയോ വഴിയിലൂടെ ചെയ്‌താല്‍ കാര്യം എളുപ്പമാകും..പക്ഷെ അതിനുള്ള വില ആവട്ടെ കുറച്ചു കടുപ്പവും. ഇപ്പോള്‍ എനിക്ക് കിട്ടിയ അറിവ് വച്ച്, ആ തുക പത്തു ലക്ഷത്തിനും പതിനഞ്ചു ലക്ഷത്തിനും ഇടയ്ക്കാണ്. ആദ്യം അത് കേട്ടപ്പോഴേ ഒന്ന് ഞെട്ടി.

പിന്നെ നന്നായി ഒന്നാലോചിച്ചു. ഒരു ജീവിതം തിരികെ കൊണ്ട് വരാനായി ഏജന്റുമാര്‍ ചോദിക്കുന്ന ഈ തുക കണ്ടു പിന്തിരിയണോ? വേദനയും, കഷ്ടപ്പാടും സഹിച്ചു, എത്ര നാളെന്നില്ലാതെ കഡാവര്‍ ഡോണറിനായി കാത്തിരിക്കണോ? ദൈവം സഹായിച്ചാല്‍, പൈസ ഇനിയും ഉണ്ടാകാന്‍ പറ്റും.പഠിച്ച തൊഴിലിനെ കുറിച്ചും, എനിക്ക് ജോലി ചെയ്യാനുള്ള കഴിവിനെക്കുരിച്ചും, ജോലി ചെയ്തിടത്തോക്കെ ഉണ്ടാകിയെടുത്ത പേരിനെക്കുരിച്ചും ഒക്കെ ഓര്‍ക്കുമ്പോള്‍, പൈസ ഇനിയും ഉണ്ടാകാന്‍ പറ്റും എന്ന ആത്മ വിശ്വാസം കൂടുന്നു.

അങ്ങനെ ഞാന്‍ ഇപ്പോള്‍ ഒരു ലിവിംഗ് ഡോണറിനെ തേടി ഉള്ള യാത്ര തുടങ്ങി കഴിഞ്ഞു. ചെയ്യുന്നത് നിമയപരമായി തെറ്റാണ് എന്നറിയാം. ആ നിയമങ്ങള്‍ എന്തുകൊണ്ടാണ് ഉണ്ടാകിയിരിക്കുന്നത് എന്നും അറിയാം .ഇപ്പോള്‍ സ്വന്തക്കാരായുള്ള ആര്‍ക്കെങ്കിലും മാത്രമേ കിഡ്നി ദാനം ചെയ്യാന്‍ പറ്റൂ. ( ആളുകളുടെ കിഡ്നി എടുത്തു മാറ്റി, അവരെ പറ്റിച്ചു, കോടികള്‍ ഉണ്ടാക്കുന്ന ദ്രോഹികളെ കുടുക്കാനാണ് ഈ നിയമം). പക്ഷെ ചിലപ്പോള്‍ ആലോചിക്കും, ഗര്‍ഭ പാത്രം വാടകയ്ക്ക് കൊടുക്കുന്ന 'സരോഗസി ' നിയമവല്‍ക്കരിക്കാം എങ്കില്‍ , അതുപോലെ ഒരു ജീവന്‍ രക്ഷിക്കാന്‍ രക്ത ബന്ധത്തില്‍ പെടാത്ത ഒരാള്‍ക്ക് കിഡ്നി ദാനം ചെയ്യാന്‍ നിയമം അനുവദിക്കേണ്ടതല്ലേ.

അതിനിടെ ഹോസ്പിറ്റലില്‍ ഡയാലിസിസ് ചെയ്യാനായി ലീന പോയപ്പോള്‍, അവിടെ ഉണ്ടായിരുന്ന ഒരു ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞു.

'ഒരു ട്രാന്‍സ്പ്ലാന്റ് കൊണ്ടൊന്നും നില്‍ക്കില്ല കേട്ടോ ' .

ലീന തിരികെ വന്നു അതെന്നോട്‌ പറഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത അരിശം തോന്നി ആ ഡോക്ടറോട്. അവര്‍ പറഞ്ഞത് എല്ലാവരുടെ കാര്യത്തിലും സത്യം ആവണം എന്നില്ലല്ലോ. പിന്നെ ഒരു അടിസ്ഥാനവും ഇല്ലാതെ ഒരു രോഗിയോട് അങ്ങനെ പറയുന്ന മനസ്സ് അവര്‍ക്ക് എങ്ങനെ ഉണ്ടായി. ഒരു ഡോക്ടറുടെ യുക്തി ബോധം അവര്‍ ഉപയോഗിച്ചില്ല എന്നതു വിഷമം ഉണ്ടാക്കുന്ന കാര്യം തന്നെ .

ഡോണറിനെ എന്ന് കിട്ടും എന്നറിയില്ല. എന്നാലും ആഗസ്റ്റ്‌ മാസം അടുപ്പിച്ചു ഓപ്പറേഷന്‍ ചെയ്യണം എന്നുണ്ട്. നാട്ടില്‍ കുറെ നാള്‍ മുന്‍പേ വാങ്ങിയിട്ട കുറച്ചു സ്ഥലം ഉണ്ട്. അതില്‍ കുറച്ചു കച്ചവടം ചെയ്‌താല്‍ ഓപ്പറേഷന്‍ ചെയ്യാനുള്ള കാശാവും. പിന്നെ നേരത്തെ പറഞ്ഞ പോലെ, ദൈവം സഹായിച്ചാല്‍ വെളിയില്‍ എവിടെയെങ്കിലും പോയി ജോലി ചെയ്തു അതൊക്കെ ഉണ്ടാക്കാവുന്നതേ ഉള്ളൂ.

ഞങ്ങളുടെ ജീവിതം കൈ പിടിച്ചുയര്‍ത്താന്‍, ലീനയെ ഈ വിഷമാവസ്ഥയില്‍ നിന്നും സഹായിക്കാന്‍, അവള്‍ക്കു വേണ്ടി ഒരു വൃക്ക ദാനം ചെയ്യാന്‍ യോഗമുള്ള സുഹൃത്തേ ..നിങ്ങള്‍ എവിടെയാണ്. എവിടെയാണെങ്കിലും പെട്ടന്ന് വന്നൂടെ ? ഞങ്ങള്‍ കാത്തിരിക്കുന്നു..പ്രതീക്ഷയോടെ.

ജോസ്
ബാംഗ്ലൂര്‍
13- ജൂണ്‍- 2010

2010, ജൂൺ 6

വേദനിപ്പിക്കുന്ന ചോദ്യങ്ങള്‍ ....


സ്കൂളില്‍ പഠിക്കുന്ന കാലത്ത് കാണുമ്പോഴൊക്കെ ആളുകള്‍ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്..

"പരീക്ഷ ഒക്കെ കഴിഞ്ഞോ? ജയിക്കുമോടെ? " ( തോല്‍ക്കാന്‍ ഞാന്‍ ഉഴാപ്പനല്ലായിരുന്നു, മണ്ടുഗുണാപ്പി അല്ലായിരുന്നു എന്നൊക്കെ പറയാന്‍ തോന്നിയിട്ടുണ്ട്. പറഞ്ഞില്ല )

പ്രി ഡിഗ്രിക്ക് എന്‍ട്രന്‍സ് പരീക്ഷ ഒക്കെ കഴിഞ്ഞു, ജിയോളജി പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ പിന്നത്തെ ചോദ്യം വേറെ ആയി..

"B.Sc ക്ക് ചേര്‍ന്നത്‌ എന്തെ? മെഡിസിനും എഞ്ചിനീയറിങ്ങിനും ഒന്നും കിട്ടിയില്ലേ? "
(എന്‍ട്രന്‍സ് പാസ്സകാനുള്ള ബുദ്ധി ഇല്ലാഞ്ഞിട്ടാണോ എന്നൊരു ധ്വനി അതിലില്ലേ എന്നും തോന്നിയിട്ടുണ്ട്. പക്ഷെ ഒന്നും പറയാതെ വിഷമം മനസ്സില്‍ അടക്കി).

റൂര്‍ക്കിയില്‍ നിന്നുള്ള M.Tech പഠനം ഒക്കെ കഴിയാറായപ്പോള്‍ ചോദ്യം വീണ്ടും മാറി..

"ജോലി ഒന്നും ആവാറായില്ലേ? " (നിന്റെ പ്രായത്തില്‍ ഉള്ളവരൊക്കെ ജോലിക്ക് കയറി തുടങ്ങി..എന്ന ഒരു അര്‍ഥം അതിലില്ലേ എന്ന് ചിലരുടെ ചോദ്യം കേള്‍ക്കുമ്പോള്‍ തോന്നും . അപ്പോഴും ഒന്നും പറഞ്ഞില്ല. ചിരിച്ചു. അത്ര തന്നെ )

പിന്നെ ജോലി കിട്ടി , ഡല്‍ഹിയില്‍ താമസം തുടങ്ങിയപ്പോള്‍ മുതല്‍ അടുത്ത ചോദ്യം തുടങ്ങി..

"ഇനി എന്തോന്ന് നോക്കി ഇരിക്കുന്നത്. കല്യാണം ഒക്കെ കഴിക്കാന്‍ സമയം ആയില്ലേ? എന്തെ കല്യാണം വേണ്ടേ? "

ചിലരോട് മറുപടി പറഞ്ഞു. ചിലരോട് ചിരിച്ചു കാണിച്ചു. സമയം ആയിട്ടില്ല എന്ന് പറഞ്ഞൊഴിഞ്ഞു.

അങ്ങനെ ഈ ചോദ്യങ്ങളെ ഒക്കെ സാവധാനം നേരിട്ട്, അവസാനം കല്യാണവും കഴിച്ചു. ചോദ്യങ്ങളില്‍ നിന്നും മുക്തനായി എന്ന് തോന്നി. അപ്പോഴുണ്ടെടാ അടുത്ത ചോദ്യം..

"കുട്ടികള്‍ ഒന്നും ആയില്ലേ? "

ഇതേവരെ നേരിട്ട ചോദ്യങ്ങളില്‍ ഏറ്റവും കടുപ്പം ഇത് തന്നെ. ചില ആളുകള്‍ ആ ചോദ്യം ചോദിച്ച ശേഷം, ഇല്ല എന്ന ഉത്തരം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അതിനെക്കുറിച്ച് ചോദിക്കാറില്ല ( മര്യാദക്കാര്‍ !!). എന്നാല്‍ വീട്ടില്‍ അമ്മച്ചിയോട്‌ ഇതേ ചോദ്യം ചോദിക്കുന്ന ചിലര്‍ വീണ്ടും വീണ്ടും ചോദിക്കാറുണ്ടത്രെ..

" എന്തെ വല്ല കുഴപ്പവും ഉണ്ടോ? എനിക്കറിയാവുന്ന നല്ല ഒരു ഡോക്ടരുണ്ട് ..പോരുന്നോ? "

ഒരു പക്ഷെ ഞാന്‍ വര്‍ഷത്തില്‍ അധിക സമയവും ബാംഗ്ലൂരിലെ എന്റെ രണ്ടു മുറി ലോകത്ത് ജീവിക്കുന്നതിനാല്‍ , പരിചയക്കാരില്‍ നിന്നും ഉള്ള ഈ ചോദ്യത്തില്‍ നിന്നും ഞാന്‍ രക്ഷപെട്ടിരിക്കുകയാണ്. പക്ഷെ അവധിക്കു നാട്ടില്‍ പോകുമ്പോള്‍ ആ ചോദ്യം വിടാതെ പിന്‍തുടരും.

എന്നാല്‍ ഈയിടെ ആയി ആ ചോദ്യം എന്നെ ഇവിടെയും പിടി കൂടുകയാണ്. കൂട്ടുകാരുടെ വീടിലോ മറ്റോ എന്തെങ്കിലും ഒരു അവസരത്തില്‍ പോകുമ്പോഴോ, പാര്‍ട്ടിക്ക് കൂടുമ്പോഴോ, ഈ ചോദ്യം എന്റെ മുന്‍പില്‍ വന്നു വീഴും .

ഒരു ചെറു ചിരിയോടെ ഞാന്‍ അതിനു മറുപടി പറയും എങ്കിലും, അതെന്നെ അസ്വസ്ഥനാക്കും...കുറച്ചു നേരത്തേക്കെങ്കിലും. ഇന്നലെയും അതാവര്‍ത്തിച്ചു. ഒരു കൂട്ടുകാരന്റെ മകളുടെ ഒന്നാം പിറന്നാളിനുള്ള പാര്‍ട്ടിക്ക് വച്ച്, പരിചയപ്പെട്ട ഒരാള്‍ ചോദിച്ചു..

"കല്യാണം കഴിഞ്ഞതല്ലേ ? കുഞ്ഞുങ്ങള്‍ ഒന്നും ആയില്ലേ? "

ഇല്ല എന്ന് ഒറ്റ വാകില്‍ ഉത്തരം പറഞ്ഞിട്ട്, ഞാന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ എന്നും പറഞ്ഞു ദൂരത്തേക്കു മാറി. അല്ലാതെ എന്ത് ചെയ്യാന്‍..

ചോദിക്കുന്നവര്‍ എന്റെ പ്രിയപ്പെട്ടവരോ, കൂട്ടുകാരോ ഒന്നും ആയിരിക്കില്ല (അവര്‍ക്കൊക്കെ എല്ലാം അറിയാവുന്നതല്ലേ.. അവരെന്തിനു ചോദിക്കണം). എന്നാലും നിമിഷ നേരത്തേക്കുള്ള ആ ചോദ്യം.വല്ലാതെ അസ്വസ്ഥനാക്കും എന്നെ.

രണ്ടു വര്‍ഷം മുന്‍പേ ബാംഗ്ലൂരിലെ വോക്കാര്ഡ് ഹോസ്പിറ്റലില്‍ ഒരു Rheumatologist നെ കാണാന്‍ പോയി.. ഞാനും ലീനയും. ലീനയുടെ കിഡ്നി പ്രശ്നം രൂക്ഷം ആവാന്‍ തുടങ്ങും മുന്‍പേ ആയിരുന്നു അത്. അസുഖത്തിന്റെ മൂല കാരണം ലൂപസ് എന്ന immune system പ്രശ്നം ആയതിനാല്‍, അതിനുള്ള ഒരു മരുന്ന് എടുക്കണം എന്ന് ആ ഡോക്ടര്‍ പറഞ്ഞു, . പക്ഷെ അതിന്റെ സൈഡ് ഇഫക്റ്റ് infertility ആവും എന്നും ആ ഡോക്ടര്‍ പറഞ്ഞു, അത് കേട്ടപ്പോഴേ ലീന പകുതി കരഞ്ഞ പോലെ ആയി. ഞാനും അത് കേട്ടു നന്നേ വിഷമിച്ചു. ആ മരുന്ന് എടുത്തില്ല.

പിന്നെ അതെ വര്‍ഷം, പല അവയവങ്ങളും പണിമുടക്കിയ കാരണം കൊണ്ട് , മരണത്തിന്റെ വക്കില്‍ ചെന്ന ലീന, അതില്‍ നിന്നും അത്ഭുതകരമായി തിരികെ വന്നു. അന്ന് മുതല്‍ ഇന്ന് വരെ മണിപ്പാല്‍ ഹോസ്പിറ്റല്‍ ഞങ്ങള്‍ക്ക് അഭയ കേന്ദ്രം ആണ്. (ഇപ്പോള്‍ തുടര്‍ച്ചയായി ഡയാലിസിസിനു പോകുന്നതും അവിടെ ആണ്). പിന്നീടൊരിക്കല്‍ ചെക്കപ്പിനു പോയപ്പോള്‍ ഡോക്ടര്‍ കിഷോര്‍ ബാബു പറഞ്ഞു.

' പ്രെഗ്നന്‍സിയെക്കുറിച്ച് ഇപ്പോള്‍ ഒന്നും ആലോചിക്കുകയേ വേണ്ട. ആ സമയത്ത് ഏറ്റവും ഭാരം ഏറ്റെടുക്കുന്ന അവയവം കിഡ്നി ആണ്. അത് ശരിയായ ശേഷം മാത്രം അതെക്കുറിച്ച് ആലോചിച്ചാല്‍ മതി. അല്ല.തിരക്ക് കൂടുകയാണെങ്കില്‍ ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യുകയാവും നല്ലത്."

അത് കേട്ടപ്പോഴും ലീന കരഞ്ഞു. ഞാന്‍ വിഷമം അടക്കി, ഒന്നും പറയാനാവാതെ , കരയാതെ ഇരുന്നു.
പിന്നെ കിഡ്നി പ്രശനം രൂക്ഷമായി, കിഡ്നി മാറ്റിവയ്ക്കല്‍ ആണ് ഇനിയുള്ള മാര്‍ഗം എന്ന നില ആയപ്പോള്‍ , ഡോക്ടര്‍ സമാധാനിപ്പിച്ചു..

"ഒരു വിജയകരമായ കിഡ്നി മാറ്റിവയ്ക്കല്‍ നടന്നാല്‍ , അതിനു ശേഷം പ്രെഗ്നന്‍സിയെക്കുറിച്ച് ആലോചിക്കാവുന്നാതെ ഉള്ളൂ. "

കേട്ടപ്പോള്‍ സമാധാനം ആയെങ്കിലും, ഒന്നും എളുപ്പമുള്ള കാര്യങ്ങള്‍ അല്ലാ എന്ന് ഞാന്‍ നേരത്തെ തിരിച്ചറിയാന്‍ തുടങ്ങി. പതിയെ മനസ്സിനെ അതൊക്കെ നേരിടാന്‍ തയ്യാറാക്കാനും തുടങ്ങി.

ചിലപ്പോള്‍ തോന്നും ഒന്നും ആരോടും പറയണ്ട എന്ന്. ചിലപ്പോള്‍ തോന്നും ആരോടെങ്കിലും ഒക്കെ പറയാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്. എന്നാല്‍ ഉറ്റ സുഹൃത്തുക്കളുടെ കൂടെ ഇരിക്കുമ്പോഴും, ഇടയ്ക്കിടെ മനസ്സിനെ കാര്‍ന്നു തിന്നുന്ന ഈ വിഷമങ്ങളെ, അതിന്റെ യഥാര്‍ത്ഥ തീവ്രതയോടെ പറയാന്‍ പറ്റുന്നില്ല..പറയാന്‍ ശ്രമിക്കുമ്പോഴേക്കും എന്റെ ചുണ്ടുകള്‍ എന്നെ പറ്റിക്കും..നിറയുന്ന കണ്ണുകളും..
പിന്നെ തോന്നി എന്റെ ബ്ലോഗില്‍ എഴുതാം എന്ന്. ഇതു എന്റെ മനസ്സിന്റെ കണ്ണാടി അല്ലേ..

കൂട്ടുകാര്‍ക്ക് ആര്‍ക്കെങ്കിലും ഒക്കെ കുട്ടികള്‍ ആയി എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ അവരുടെ സന്തോഷം പങ്കുടുന്നതിനോടൊപ്പം, മനസ്സിന്റെ ഒരു കോണില്‍ ഒരു ചെറിയ നൊമ്പരവും ഉടലെടും.

'ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളും, ഭാഗ്യങ്ങളും ഒക്കെ താമസിച്ചാണെങ്കിലും , എന്നെ തേടി വന്നിട്ടുണ്ട്..ഉപേക്ഷിച്ചിട്ടില്ല എന്നെ.. പക്ഷെ ഇതു മാത്രം എന്തെ അകന്നു മാറുന്നൂ? '

ഈ ചോദ്യം പലപ്പോഴും, ഞാന്‍ ശൂന്യതയിലേക്ക് നോക്കി ചോദിക്കാറുണ്ട്.. അരൂപിയായ, തൂണിലും തുരുമ്പിലും ഉള്ള, എല്ലാം അറിയുന്ന , ലോക സ്രഷ്ടാവ് കേള്‍ക്കുന്നുണ്ടാവും എന്റെ ചോദ്യം. എന്നെങ്കിലും എന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

കഴിഞ്ഞ ആഴ്ച എന്തോ സംസാരിച്ചിരിക്കുന്നതിനിടെ ലീന പറഞ്ഞു..

"നമ്മുടെ മാവും പൂക്കും..ദൈവം നമുക്ക് ഒന്നല്ല..രണ്ടു കുട്ടികളെ തരും ..അച്ചാച്ചന്‍ നോക്കിക്കോ.."
തികഞ്ഞ ദൈവ വിശ്വാസിയായ അവളെ ഞാന്‍ നിരുല്സാഹപ്പെടുത്തിയില്ല. ആ വാക്കുകള്‍ പൊന്നാകട്ടെ ..സത്യമാകട്ടെ എന്ന് മാത്രം ആഗ്രഹിച്ചു.

നാളെയെക്കുറിച്ചും പിന്നെ മറ്റന്നാളെക്കുരിച്ചും , ഓര്‍ത്ത്‌ വിഷമിക്കുന്ന എന്റെ സ്വഭാവം ഞാന്‍ മാറ്റാന്‍ ശ്രമിക്കുകയാണ്.. അതില്‍ കുറെ ഏറെ വിജയിക്കുകയും ചെയ്തു. എന്നാലും, ചിലപ്പോഴൊക്കെ, ചിലരുടെ നിരുപദ്രവങ്ങളായ ചോദ്യങ്ങള്‍ മനസ്സിനെ വേദനിപ്പികാറുണ്ട്. ..(ആ ചോദ്യങ്ങളെ ലാഘവത്തോടെ മാത്രമേ കാണാവൂ എന്ന് അറിയാമെങ്കില്‍ കൂടി..)

നാളെ ഞങ്ങള്‍ക്കായി കരുതി വച്ചിരിക്കുന്നത് എന്താണ് എന്ന് അറിയില്ല. പക്ഷെ ലീന പറഞ്ഞ പോലെ ഞാനും ആഗ്രഹിക്കുന്നു...ദൈവം ഒന്നല്ല , രണ്ടു കുഞ്ഞുങ്ങളെ തരട്ടെ ..

ആഗ്രഹങ്ങള്‍ക്ക് അതിരില്ലല്ലോ?ആഗ്രഹിക്കാന്‍ ആരുടേയും സമ്മതം വാങ്ങേണ്ടല്ലോ?

ജോസ്
ബാംഗ്ലൂര്‍
6-ജൂണ്‍ - 2010