2010, നവംബർ 22

ഫിട്നെസ്സ് സര്‍ട്ടിഫിക്കറ്റ് ...


ആശുപത്രികളുടെ കാഷ്വാലിറ്റി വിഭാഗത്തിന്‍റെ ബോര്‍ഡ് കാണുമ്പോള്‍ എനിക്ക് പല പല സംഭവങ്ങളും ഓര്‍മ്മ വരും. ഞെട്ടലോടെ മാത്രം ഓര്‍ക്കാന്‍ പറ്റുന്ന സംഭവങ്ങളും ഒപ്പം ചിരി ഉണര്‍ത്തുന്ന ഒരു സംഭവവും. ഓര്‍ക്കാന്‍ രസമുള്ള ആ സംഭവം ആകട്ടെ ഇന്നത്തെ ബ്ലോഗില്‍. ...

B.sc ജിയോളജി കഴിഞ്ഞു ഉപരി പഠനത്തിനായി റൂര്‍ക്കി യൂണിവേഴ്സിറ്റിയില്‍ പോകാന്‍ തയ്യാറെടുക്കുന്ന സമയം. പഠനത്തിന്‍റെ ഭാഗമായി, ദിവസങ്ങള്‍ നീളുന്ന ഫീല്‍ഡ് ട്രിപ്പുകളും (മിക്കവാറും ആള്‍പ്പാര്‍പ്പ് കുറഞ്ഞ മലകളും താഴ്വരകളും, മൊട്ട ക്കുന്നുകളും ഒക്കെ ആയിരിക്കും ഞങ്ങള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍), ഖനി സന്ദര്‍ശനങ്ങളും മറ്റും ചെയ്യേണ്ടി ഇരുന്നതിനാല്‍ പഠനത്തിനു പോകുന്നവര്‍ അതിനു വേണ്ട ആരോഗ്യം ഉണ്ടെന്നു തെളിയിക്കുന്ന ഒരു മെഡിക്കല്‍ ഫിട്നെസ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിയിരുന്നു.

എന്‍റെ അയല്‍ക്കാരനും, എന്‍റെ പഠന കാര്യങ്ങളില്‍ പലപ്പോഴും എനിക്ക് സഹായവും പ്രോത്സാഹനങ്ങളും തന്നിട്ടുള്ള സലില്‍ ചേട്ടനോട് ഞാന്‍ കാര്യം പറഞ്ഞു. ചേട്ടന്‍ തിരുവനന്ത പുരം മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കാലം ആയിരുന്നു അപ്പോള്‍ . ചേട്ടന്‍ എന്നോട് പറഞ്ഞു..

" ജോസേ , നീ നാളെ രാവിലെ തന്നെ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ ചെല്ലണം. ഡോക്ടര്‍ സലില്‍ പറഞ്ഞിട്ട് വന്നതാണ് എന്ന് മാത്രം അവിടുള്ള ഡ്യൂട്ടി ഡോക്ടറോട് പറഞ്ഞാല്‍ മതി. അല്ലെങ്കില്‍ അവിടുള്ള ഏതെങ്കിലും നെഴ്സിനോട് പറഞ്ഞാല്‍ മതി. ബാക്കിയൊക്കെ അവര്‍ ചെയ്തോളും."


അങ്ങനെ ഞാന്‍ പിറ്റേന്ന് അതിരാവിലെ ഒന്നും കഴിക്കാന്‍ പോലും നില്‍ക്കാതെ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റി വിഭാഗത്തിന്‍റെ മുന്‍പില്‍ എത്തി. അവിടത്തെ ഒരു നഴ്സിനോട് ഞാന്‍ ഡോക്ടര്‍ സലില്‍ പറഞ്ഞിട്ട് വന്നതാണ് എന്ന് പറഞ്ഞു. അവര്‍ അകത്തേയ്ക്ക് പോയിട്ട് കുറച്ചു നേരം കഴിഞ്ഞു വന്നു പറഞ്ഞു..

"ഡോക്ടര്‍ വരുമ്പോള്‍ കുറച്ചു നേരം ആകും. കുറച്ചു കാത്തിരിക്കേണ്ടി വരും. "

ഞാന്‍ അങ്ങനെ ഡോക്ടറെ കാത്തു കാഷ്വാലിറ്റിയുടെ വെളിയില്‍ , മതിലും ചാരി നില്‍ക്കാന്‍ തുടങ്ങി.

പണ്ട് തൊട്ടേ എനിക്ക് മരുന്നിന്‍റെയും , സ്പിരിറ്റിന്‍റെയും ഒക്കെ ഗന്ധം മൂക്കിനകത്തെയ്ക്ക് കയറുമ്പോള്‍ വല്ലാതെ വരും. അതുപോലെ തന്നെ ചോര കണ്ടാലും വല്ലാതെ വരും. അങ്ങനെയുള്ളപ്പോള്‍ കാഷ്വാലിറ്റിയുടെ മുന്‍പില്‍ നിന്നാലുള്ള സ്ഥിതി എന്താവും?

കുറെ നേരം കഴിഞ്ഞപ്പോള്‍ ഒരു സ്ട്രെച്ചറില്‍ ഒരാളെ അവിടെയ്ക്ക് കൊണ്ട് വരുന്നത് കണ്ടു. ദേഹത്ത് നിന്ന് നന്നായി ചോര പൊടിഞ്ഞിരുന്നു.. വല്ല വാഹനാപകട കേസും ആവും. കൂടെയുള്ളവര്‍ പരിഭ്രാന്തിയോടെ അയാളെ കാഷ്വാലിറ്റി യുടെ അകത്തേയ്ക്ക് കൊണ്ട് പോകാന്‍ തിടുക്കം കാണിച്ചു..

അയാളെ ഒന്ന് നോക്കിയതെ ഉള്ളൂ. കണ്ണില്‍ ഇരുട്ട് മൂടുന്നതും, ഞാന്‍ ഒരു വശത്തേയ്ക്ക് ചരിയുന്നതും മാത്രം ആണ് ഓര്‍മ്മ ഉള്ളത്. പിന്നെ ഓര്‍മ്മ വരുമ്പോള്‍ ഞാനും കാഷ്വാലിറ്റിയിലെ ഒരു ബെഡ്ഡില്‍ കിടക്കുന്നതാണ് കാണുന്നത്. ഒരു നഴ്സ് മുഖത്തു കുറച്ചു വെള്ളം തളിച്ചതും , വായില്‍ എന്തോ തിരുകി വച്ചതും ഓര്‍മ്മയുണ്ട്. പിന്നെ കണ്ടത് എന്നെ പരിശോധിക്കുന്ന ഡോക്ടറെ ആണ്.

"എന്താ ..എന്ത് പറ്റി...ചോര കണ്ടു പേടിച്ചോ?". ഡോക്ടര്‍ ചോദിച്ചു.

"അറിയില്ല ഡോക്ടര്‍...ചെറിയ തല കറക്കം വന്നതാണ് "

"രാവിലെ ഒന്നും കഴിച്ചില്ലായിരുന്നോ ?" നഴ്സ് ചോദിച്ചു.

"ഇല്ല. എട്ടു മണിക്ക് മുന്‍പേ വരാന്‍ പറഞ്ഞിരുന്നതിനാല്‍ ഒന്നും കഴിച്ചില്ല. "

അപ്പോള്‍ അടുത്ത് നിന്ന വേറൊരു നഴ്സ് ഡോക്ടറോട് അടക്കത്തില്‍ പറഞ്ഞു.
"ഡോക്ടര്‍ ഇതാണ് സലില്‍ ഡോക്ടര്‍ പറഞ്ഞ ആള്‍. "

" ഓ ..ഓ ..സലില്‍ പറഞ്ഞിരുന്നു. . എന്തിനാ വന്നത് ?" ഡോക്ടര്‍ ചോദിച്ചു.
അല്‍പ്പം ജാള്യതയോടെ ഞാന്‍ പറഞ്ഞു..

" ഡോക്ടര്‍ ഒരു ഫിട്നെസ്സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്നതാണ് ഞാന്‍"
അതും പറഞ്ഞ് സര്ട്ടിഫിക്കട്ടിന്‍റെ മാതൃക ഞാന്‍ പോക്കറ്റില്‍ നിന്നും എടുത്തു ഡോക്ടറുടെ കയ്യില്‍ കൊടുത്തു.

ഡോക്ടര്‍ ഒരു ചിരിയോടെ എന്നെയും നഴ്സിനെയും ഒക്കെ നോക്കി. ഉള്ളില്‍ എന്തെങ്കിലും വിചാരിച്ചു കാണും എന്നത് തീര്‍ച്ച.

"ചോര കണ്ടാല്‍ തല കരഗി വീഴുന്ന ഇവനൊക്കെ ഫിറ്റ്‌ ആണെന്ന് പറയേണ്ട എന്‍റെ ഗതികേടേ ..." അങ്ങനെ പുള്ളി വിചാരിച്ചിട്ടുണ്ടാവുമോ?

എങ്കിലും അദ്ദേഹം എനിക്ക് സര്‍ട്ടിഫിക്കറ്റ് തന്നു.. നല്ല ആരോഗ്യവാന്‍ ആണെന്നുള്ള സര്‍ട്ടിഫിക്കറ്റ് ...

വര്‍ഷങ്ങള്‍ പതിനഞ്ചിലേറെ കഴിഞ്ഞെങ്കിലും ആ സംഭവം ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

(ചോര കണ്ടു പിന്നെയും രണ്ട് മൂന്നു പ്രാവശ്യം തല കറങ്ങി വീണു എന്നത് വേറൊരു സത്യം . )

ജോസ്
ബാംഗ്ലൂര്‍
22- Nov - 2010

2010, നവംബർ 18

ഫോറിന്‍ മിഠായി..


ഒരു ജ്യൂസ് കുടിക്കാനായി അടുത്തുള്ള ബേക്കറിയില്‍ കയറിയപ്പോള്‍ ഒരു കൊച്ചു ചെക്കന്‍ അവന്‍റെ അമ്മയോട് വഴക്കിടുന്നത് കണ്ടു ...

"അമ്മേ അമ്മേ ... എനിക്ക് ആ ഉണ്ട മുട്ടായി വേണം ". അവിടെ വച്ചിരുന്ന ഫെരരോ റോഷര്‍ മിഠായി ചൂണ്ടി ക്കാണിച്ചു അവന്‍ പറഞ്ഞു.

"മിണ്ടാതെ നടക്കണം. നിര്‍ബന്ധം കാണിച്ചാല്‍ ഞാന്‍ നല്ല പെട വച്ച് തരും. വീട്ടിലുള്ള മുട്ടായി ഒക്കെ തിന്നാല്‍ മതി ". അമ്മ ചെക്കനോട് ദേഷ്യത്തില്‍ പറഞ്ഞു.

കടയില്‍ നിന്ന് ഇറങ്ങിയ ശേഷവും എന്‍റെ മനസ്സില്‍ ആ രംഗം ഉണ്ടായിരുന്നു. അത് എന്‍റെ മനസ്സിനെ വളരെ വര്‍ഷങ്ങള്‍ പുറകോട്ടു വലിച്ചു.

പണ്ട്... ഏക ദേശം 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് ... ഞാന്‍ L. P സ്കൂളില്‍ പഠിക്കുന്ന കാലം. ഫോറിന്‍ മിഠായികള്‍ ഒന്നും സ്വപ്നം കാണാന്‍ പോലും പറ്റാത്ത സമയം.

ഗ്യാസ് മിഠായി, ജീരക മിഠായി, നാരങ്ങാ മിഠായി, എക്ലയെഴ്സ് , കാട്ബറി മിഠായി എന്നീ ഇനങ്ങളില്‍ ഒതുങ്ങുമായിരുന്നു എനിക്ക് കിട്ടുമായിരുന്ന മിഠായികള്‍. അങ്ങനെയിരിക്കെ ഒരിക്കല്‍ ഒരു ഫോറിന്‍ മിഠായി കിട്ടി..അയല്‍ പക്കത്ത് നിന്ന്.

ഞങ്ങളുടെ അയല്‍ വാസി, ഒരു പരോപകാരിയും , സദ്ഗുണ സമ്പന്നനും , വളരെ ഏറെ ജനസമ്മതി ഉള്ളവനുമായ ഒരാളുടെ (വിശേഷണങ്ങളുടെ വിപരീതം മാത്രം എടുക്കുക ) മരുമകന്‍ ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ , അയാള്‍ കൊണ്ട് വന്നതിന്‍റെ പങ്ക് അയല്‍ പക്കത്തുള്ളവര്‍ക്ക് വീതം വച്ച് തന്നതായിരുന്നു. ( മരുമകന്‍ മനുഷ്യരോട് ഇടപെടാന്‍ പഠിച്ച ആള്‍ ആയിരുന്നു. അയല്‍ വാസിയോ.. വേണ്ട എഴുതുന്നില്ല.. അയാളെക്കുറിച്ച് എഴുതാന്‍ ഒരു ബ്ലോഗ്‌ സൈറ്റ് മൊത്തം വേണ്ടി വരും .. )

ഒരു കൊച്ചു പൊതിയില്‍ ....വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ മുഴുത്ത രണ്ടു മൂന്നു മിഠായികള്‍..പിന്നെ ഒരു ഫാ സോപ്പും. ഇത് രണ്ടുമേ ഇപ്പോള്‍ ഓര്‍ക്കുന്നുള്ളൂ.

"ഉം.. എന്താ രുചി...ഒരെണ്ണം കൂടി കിട്ടിയിരുന്നെങ്കില്‍ "..മിഠായി വായിലിട്ടു നുണഞ്ഞിട്ടു അപ്പോള്‍ അങ്ങനെ ആലോചിക്കുമായിരുന്നു.

പലപ്പോഴും ആ ചേട്ടന്‍ അവധിക്കു വരുമ്പോള്‍ ഗള്‍ഫിലെ മിഠായി കളുടെ പങ്ക് ഞങ്ങളുടെ വീട്ടില്‍ തരുമായിരുന്നു. അന്നൊക്കെ ഞാന്‍ മനസ്സില്‍ കരുതും..

"ഞാനും വലുതായി ജോലി കിട്ടിക്കഴിഞ്ഞു ഗള്‍ഫീന്ന് മുട്ടായി വാങ്ങും"

അന്നത്തെ ആ ആഗ്രഹം ദൈവം കനിവോടെ സാധിച്ചു തന്നു. ആദ്യം ജോലി കിട്ടിയ കമ്പനിയില്‍ നിന്ന് ആദ്യം ചെയ്ത വിദേശ യാത്ര, സ്വപ്നങ്ങളുടെ പറുദീസയായ ദുബായിലേക്കായിരുന്നു.

പാവം ദാസനെയും വിജയനെയും, ഗഫൂര്‍ക്ക കൊണ്ട് പോകാം എന്ന് പറഞ്ഞ സ്വപ്ന ലോകം...."ദുഫായ് "

(പണ്ട് പേര്‍ഷ്യയില്‍ നിന്നോ ഗള്‍ഫില്‍ നിന്നോ വന്നുഎന്ന് പറഞ്ഞാല്‍ എന്താ ഗമയായിരുന്നു. അതോര്‍ത്തപ്പോള്‍ അന്ന് ഞാനും ഗമയുള്ളവനായി. )

ദുബായില്‍ നിന്നും തിരികെ വന്നപ്പോള്‍ ഞാന്‍ കുറെ സോപ്പുകളും പെര്‍ഫ്യൂമുകളും, പല തരം മിഠായികളും വാങ്ങി. വാങ്ങിയപ്പോള്‍ വാശിയോടെ കുറെ ഏറെ വാങ്ങി.. അടുത്തുള്ളവര്‍ക്കും , കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെ കൊടുക്കാന്‍. ആര്‍ക്കും കൊടുക്കുമ്പോള്‍ കുറവ് വരരുതല്ലോ..

അന്ന് വാങ്ങിയതില്‍ ഫെരരോ രോഷറിന്‍റെ മിഠായിയും ഉണ്ടായിരുന്നു.

"തമ്പുരാനെ ..ഇതിനൊക്കെ നല്ല വിലയല്ലേ.. നിനക്ക് സാധാരണ വല്ല മുട്ടായിയും വാങ്ങിച്ചാല്‍ പോരായിരുന്നോടാ ? " അത് കണ്ട് അമ്മച്ചി ചോദിച്ചു.

"എപ്പോഴും ഇല്ലല്ലോ അമ്മാ.. പണ്ടത്തെ ആഗ്രഹം സാധിക്കാന്‍ വേണ്ടി വാങ്ങിച്ചതാ " . ഞാന്‍ അമ്മച്ചിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.

പിന്നെപ്പിന്നെ അതൊരു പതിവായി. ദൈവം തമ്പുരാന്‍ കനിഞ്ഞ്‌..പല വിദേശ രാജ്യങ്ങളിലും എനിക്ക് പോകാനായി. ദുബായ്, അബു ദാബി, ഖത്തര്‍, ഈജിപ്റ്റ്‌ , മൊറോക്കോ, സ്പെയിന്‍, നെതര്‍ലാന്‍ഡ്‌ , ബല്‍ജിയം, അമേരിക്ക, മലേഷ്യ, തായ് ലാന്‍ഡ്‌ എന്നിവിടങ്ങളില്‍ ജോലിക്കാര്യത്തിനായി ഞാന്‍ കറങ്ങി. അവിടുന്നൊക്കെ പോരാന്‍ നേരം വേണ്ടുവോളം മിഠായികളും വാങ്ങി.

അവിടെയൊക്കെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ മിഠായികള്‍ക്കായി തിരയുമ്പോള്‍, ആദ്യം ഉണ്ടായിരുന്ന ആവേശം ഇല്ലായിരുന്നു. ..ഫോറിന്‍ മിഠായി കളുടെ മഞ്ഞളിപ്പ് കണ്ണുകളെ ബാധിക്കുന്നേ ഇല്ലായിരുന്നു. .

(എന്നാലും പണ്ട് മുതലേ ഉള്ള ഗ്യാസ് മിഠായി കമ്പം ഇപ്പോഴും ഉണ്ട്. നാട്ടില്‍ നിന്ന് തിരികെ ജോലി സ്ഥലത്തേക്ക് വരുമ്പോള്‍ ഇപ്പോഴും എന്‍റെ ബാഗില്‍ കുറേ ഗ്യാസ് മിഠായി പൊതികള്‍ കാണും. എന്നും ആഹാരം കഴിഞ്ഞാല്‍ ഒന്നോ രണ്ടോ ഗ്യാസ് മിഠായി നുണയുന്നത് എന്‍റെ ശീലമാണ്. )

പിന്നെപ്പിന്നെ അമ്മച്ചി പറയും..

"ഡാ ജോസേ.. നീ വെറുതെ എന്തിനാ ആവശ്യമില്ലാതെ ചോക്കലേറ്റൊക്കെ വാങ്ങി പൈസ കളയുന്നത്. പിള്ളേര്‍ അതൊക്കെ തിന്നു പല്ലുംവയറും കേടാക്കും. ആ പൈസ കൊണ്ട് നീ അവര്‍ക്ക് വല്ല ആപ്പിളോ മുന്തിരിയോ വാങ്ങിച്ചു കൊടുക്ക്‌"

ഞാന്‍ അത് കേട്ടു ചിരിക്കും.

"കുഞ്ഞായിരുന്നപ്പോള്‍ അയല്പക്കത്തുനിന്നു കിട്ടിയ മിഠായികള്‍ കണ്ടു എന്‍റെ മനസ്സില്‍ ആഗ്രഹം തോന്നിയ പോലെ, ഇവിടത്തെ പിള്ളേര്‍ക്കും കാണില്ലേ അമ്മച്ചീ ആഗ്രഹം" ...ഞാന്‍ മനസ്സില്‍ ചോദിച്ചു.

ഒരിക്കല്‍ വിദേശ യാത്ര കഴിഞ്ഞ്, മിഠായികള്‍ ഒക്കെ വീട്ടില്‍ കൊടുത്ത ശേഷം ഞാന്‍ തിരികെ ജോലി സ്ഥലത്തേയ്ക്ക് വന്നു. പിന്നെ വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോള്‍ ചേച്ചി പറഞ്ഞു..

" കുട്ടാ.. നീ കൊണ്ട് വന്ന ഫോറിന്‍ മുട്ടായി ഇല്ലേ.. അതീന് പത്തു പതിനഞ്ചു മുട്ടായികള്‍ അമ്മച്ചി നമ്മുടെ ശ്രീധരന്‍ അണ്ണന് കൊടുത്തു. .. അവിടത്തെ പിള്ളേര്‍ക്ക് കൊടുക്കാന്‍ എന്നും പറഞ്ഞു.. അവര്‍ക്ക് എന്ത് സന്തോഷമായെന്നറിയാമോ?

അതൊന്നും സ്വപ്നം പോലും കാണാന്‍ പറ്റാത്ത സമയത്താണ് അമ്മച്ചി അവര്‍ക്ക് നീ കൊണ്ട് വന്നതിന്‍റെ പങ്ക് കൊടുത്തത് എന്ന് ശ്രീധരന്‍ അണ്ണന്‍ പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു "

(അപ്പച്ചന്‍റെ കൂട്ടുകാരനും, നമ്മുടെ ഒരു കുടുംബത്തോട് വളരെ അടുപ്പം ഉള്ള ആളും ആണ് ശ്രീധരന്‍ അണ്ണന്‍ ..നല്ല ഒരു മനുഷ്യന്‍. വലിയ സാമ്പത്തിക ശേഷി ഒന്നും ഇല്ലാത്ത ആള്‍ ആണ്)

ഞാന്‍ അത് കേട്ടപ്പോള്‍ വിചാരിച്ചു. ..പണ്ട് അയല്‍ വാസിയുടെ മരു മകന്‍ കൊണ്ട് വന്നതിന്‍റെ പങ്ക് കിട്ടിയപ്പോള്‍ എനിക്ക് തോന്നിയതും ...ഇത് പോലത്തെ സന്തോഷം അല്ലെ? ..എന്നോട് ദൈവം കനിഞ്ഞ പോലെ അണ്ണന്‍റെ മക്കളും പഠിച്ചു നല്ല നിലയില്‍ എത്തട്ടെ .. മിഠായികള്‍ ഒക്കെ ആവശ്യം പോലെ വാങ്ങട്ടെ ...

ജോസ്
ബാംഗ്ലൂര്‍
18 - nov - 2010

2010, നവംബർ 10

അമ്മുവിന്‍റെ പാവക്കുട്ടി...


മനസ്സില്‍ എന്തോ പറയാന്‍ പറ്റാത്ത വിഷമം...വിഷമം വരുമ്പോഴാണല്ലോ പലര്‍ക്കും കഥയും കവിതയും ഒക്കെ വരുന്നത്...ഞാനും അത് കരുതി ഒരു പേപ്പറും പേനയും എടുത്തു...പക്ഷെ പേപ്പറിനായി തപ്പിയപ്പോള്‍ കിട്ടിയത്...പതിമൂന്നു വര്ഷം മുമ്പേ എഴുതിയ ഒരു കവിത...മനം നൊന്ത് എഴുതിയ ഒരു കവിത..ഇപ്പോള്‍ വായിക്കുമ്പോള്‍ ഒരു രസം...

റൂര്‍ക്കിയില്‍ പഠിക്കുന്ന കാലം... വീട്ടില്‍ പണത്തിനു നന്നേ ഞെരുക്കം. അത് കാരണം ഞാന്‍ ട്യുഷന്‍ കിട്ടിയാല്‍ എടുക്കാം എന്ന് തീരുമാനിച്ചിരുന്നു. രണ്ടു മൂന്നു ഹിന്ദി പിള്ളേരെ കിട്ടി. അങ്ങനെ ഇരിക്കെ എന്നെ പഠിപ്പിക്കുന്ന ഒരു പ്രൊഫസര്‍ ഒരു ദിവസം ക്ലാസില്‍ വന്നു പറഞ്ഞു...

"എനിക്കൊരു മിടുക്കിയായ മകള്‍ ഉണ്ട്. പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുന്നു. അവള്‍ക്കു കണക്കിന് ഒരു ട്യുഷന്‍ മാസ്ടരെ ആവശ്യമുണ്ട്. പഠിപ്പിക്കാന്‍ താല്പര്യം ഉള്ളവര്‍ എന്നെ വന്നു കാണണം. ക്ലാസില്‍ നല്ല മാര്‍ക്ക് ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ട്‌. മാസ്ടര്‍ക്ക് ഞാന്‍ മണിക്കൂറിനു മുന്നൂറു രൂപ തരും "

കേട്ടപ്പോള്‍ കാതുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. മണിക്കൂറിനു മുന്നൂറു രൂപയോ? ഞാന്‍ എടുക്കുന്ന രണ്ടു ട്യുഷന്‍ ചേര്‍ത്താല്‍ തന്നെ എനിക്ക് മാസം കഷ്ടിച്ച് അഞ്ഞൂറ് രൂപ കിട്ടും.

ഞാന്‍ ഉടന്‍ തന്നെ സാറിനെ വീട്ടില്‍ പോയി കണ്ടു. അവിടെ വച്ചും അദ്ദേഹം പറഞ്ഞു.. മണിക്കൂറിനു മുന്നൂറു രൂപ ആണ് ഫീസ്‌ എന്ന്. വേറെ ആരും അതേവരെ വന്നിരുന്നില്ല. അതിനാല്‍ സാര്‍ എന്നെത്തന്നെ മകളെ പഠിപ്പിക്കുന്ന ജോലി ഏല്‍പ്പിച്ചു.

ഞാന്‍ ആദ്യം തന്നെ പോയി ഏകദേശം നാന്നൂറ് രൂപ മുടക്കി പതിനൊന്നാം ക്ലാസ്സിലെ കണക്കിന്‍റെ ഗൈഡ് വാങ്ങിവച്ചു. പിന്നെ രാത്രി എനിക്ക് പടിക്കാനുള്ളവ പഠിച്ച ശേഷം ആ ഗൈഡ് നോക്കി കുട്ടിയെ പഠിപ്പിക്കേണ്ടത് പഠിച്ചു. ഒപ്പം സ്വപ്നവും കാന്നാന്‍ തുടങ്ങി...മണിക്കൂറിനു മുന്നൂറു വച്ച് , ആഴ്ചയില്‍ ഒരു നാല് മണിക്കൂറും, അങ്ങനെ മാസത്തില്‍ ഒരു പതിനഞ്ചു മണിക്കൂറും... അങ്ങനെ സ്വപ്നത്തിലെ ഞാന്‍ പണക്കാരനായി .

എന്റെ ചേച്ചിയുടെ മകന്‍ കുറെ നാളായി ഒരു കളിപ്പാട്ടം വാങ്ങണം എന്ന് പറഞ്ഞിരുന്നു. ജോലി ഇല്ലാത്ത എന്റെ കയ്യില്‍ എവിടുന്നാണ് അതിനു കാശ്. പക്ഷെ സാറിന്‍റെ കയ്യില്‍ നിന്നും ഫീസ്‌ കിട്ടിയാല്‍ പിന്നെ നല്ല ഒരു കളിപ്പാട്ടം വാങ്ങാനുള്ള പൈസ കിട്ടുമല്ലോ..ഞാന്‍ അങ്ങനെ കരുതി.

ഉടനെ തന്നെ കുട്ടിയെ പഠിപ്പിച്ചു തുടങ്ങി. വളരെ മിടുക്കിയായ ഒരു കുട്ടി. കണക്കൊക്കെ വളരെ പെട്ടന്ന് ചെയ്യും. അത് കാരണം രാത്രി കാലങ്ങളില്‍ ഞാന്‍ കൂടുതല്‍ നേരം ഉറക്കം കളഞ്ഞിരുന്നു പതിനൊന്നാം ക്ലാസ്സിലെ കണക്കും പഠിച്ചു തുടങ്ങി.

മാസം ഒന്ന് കഴിഞ്ഞു. പൈസ കിട്ടിയില്ല. ഞാന്‍ കരുതി സാര്‍ ഉടനെ തരും എന്ന്. രണ്ടാം മാസം തീരാറായപ്പോള്‍ ഞാന്‍ കരുതി രണ്ടു മാസത്തെ ഫീസ്‌ സാര്‍ ഒരുമിച്ചു തരും എന്ന്. അങ്ങനെ മനക്കോട്ട കെട്ടി ഇരിക്കവേ, ഒരു ദിവസം സാര്‍ വിളിച്ചിട്ട് കുറച്ചു പൈസ കയ്യില്‍ തന്നു. പ്രതീക്ഷയോടെ വാങ്ങി നോക്കിയപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു. ..ഇരുന്നൂറ്റി അമ്പതു രൂപ ഉണ്ടായിരുന്നു. ഞാന്‍ വാങ്ങിയ ഗൈഡ് ബുക്ക്‌ അതിലും വില ഉള്ളതായിരുന്നു.

സാറല്ലേ...എനിക്കെതെങ്കിലും പറയാന്‍ പറ്റുമോ? ഞാന്‍ വിഷമം മനസ്സിലടക്കി.

"ഇത് കുറഞ്ഞു പോയെങ്കില്‍ പറയണം" സാര്‍ കണ്ണാടി വച്ച മുഖം എന്‍റെ നേരെ തിരിച്ചു ചോദിച്ചു.

വിറയ്ക്കുന്ന ചുണ്ടുകളോടെ ഞാന്‍ പറഞ്ഞു..."ഇല്ല സാര്‍..ഇത് ധാരാളം"

എനിക്ക് പൈസ കിട്ടുമ്പോള്‍ എന്‍റെ കയ്യില്‍ നിന്നും ഒരു ട്രീറ്റ് പ്രതീക്ഷിച്ച എന്‍റെ കുറെ മലയാളി കൂടുകാരും വിഷണ്ണരായി. ചേച്ചിയുടെ മകന് കളിപ്പാഠം വാങ്ങിക്കൊടുക്കാം എന്നെ പ്രതീക്ഷയും പാളി.

അന്ന് രാത്രി..സഹിക്കാന്‍ പറ്റാത്ത വിഷമം വന്നപ്പോള്‍ എഴുതിയതാണ്‌ ഈ കവിത... സാര്‍ പറ്റിച്ചതിലുള്ള അമര്‍ഷവും, കണ്ട പല സ്വപ്നങ്ങളും പൊലിഞ്ഞതിലുള്ള സങ്കടവും പ്രതിഫലിപ്പിക്കാന്‍ അന്ന് ഞാന്‍ കണ്ടെത്തിയ ഒരു മാര്‍ഗം..

ഇന്നത്തെ എന്‍റെ വിഷമത്തിനെ ഒഴുക്കിക്കളയാന്‍, ആ കവിതയിലൂടെ ഞാന്‍ ഒന്ന് സഞ്ചരിക്കട്ടെ ....

"തെക്കേപ്പറമ്പൊന്നു വെട്ടിക്കിളയ്ക്കണം
കാടൊക്കെ മാറ്റി കുറെ കപ്പ നട്ടേക്കണം
നാലഞ്ചു നാളത്തെ പണിയുണ്ടത് കഴി-
ഞെല്ലാത്തിനും ചേര്‍ത്തൊരഞ്ഞൂറു രൂപയും
ദിവസവും കഴിക്കുവാന്‍ കഞ്ഞിയും തന്നെയ്ക്കാം

ചാര് കസേരയില്‍ മലര്‍ന്നു കിടന്നിട്ടു
വെറ്റില മുറുക്കിയതൊന്നാഞ്ഞു തുപ്പി
എന്നോട് മുതലാളി അന്ന് ചൊല്ലി.
അഞ്ഞൂറ് രൂപയും കഴിക്കുവാന്‍ കഞ്ഞിയും
ഓര്‍ത്തു ഞാനൊക്കയും സമ്മതിച്ചു.

മുതലാളിയൊന്നു ചിരിച്ചപ്പോള്‍ ഞാനതില്‍
പ്രത്യാശാ നാളങ്ങള്‍ വിടര്‍ന്നു കണ്ടു
വീട്ടിലടുപ്പത്തു പുക കാണുമെന്നോര്‍ത്തു
പിറ്റേന്ന് സൂര്യനുദിക്കുന്നതിനും മുന്നേ
തെക്കേപ്പറമ്പില്‍ ഞാന്‍ പണി തുടങ്ങി

അവിടെന്‍റെ വിയര്‍പ്പിന്‍റെ തുള്ളികള്‍ വീണു..
വൈകിട്ട് സൂര്യന്‍ മറയുന്നതും വരെ
പോത്തിനെപ്പോലെ ഞാന്‍ പണിയെടുത്തു.
വക്കുകള്‍ പൊട്ടിയ പിച്ചളപ്പാത്രത്തില്‍
കുടിക്കുവാന്‍ എനിക്കന്നു കഞ്ഞി കിട്ടി.

ക്ഷീണിച്ചവശനായ് പാതിരാ നേരത്ത്
പുല്ലിട്ടു മേഞ്ഞയെന്‍ കൂരയിന്‍ മുറ്റത്ത്
പൊട്ടിപ്പൊളിഞ്ഞൊരു കട്ടിലിന്‍ മേലെ
മാനത്തുനോക്കി കിടന്നപ്പോഴെന്‍റെ
പുന്നാരമോളമ്മു, എന്നോട് ചൊല്ലി

നാലുനാള്‍ കഴിഞാലെന്‍ പിറന്നാളാണച്ഛാ
അച്ഛന്‍റെയമ്മൂനു വാങ്ങിത്തരാമോ
അമ്മൂനെപ്പോലൊരു പാവക്കുട്ടിയെ?
കുഞ്ഞിക്കവിളില്‍ ഒരു മുത്തം കൊടുത്തിട്ട്
അമ്മുവോടോതി ഞാന്‍, പുന്നാര മോളെ


തെക്കേപ്പറമ്പിലെ പണി കഴിഞ്ഞാലെനി -
ക്കഞ്ഞൂറു രൂപ തരുമെന്‍റെ തമ്പുരാന്‍.
അന്നേരം അമ്മൂന് പാവയും , പോരാഞ്ഞു
പളപളാ മിന്നുന്ന മുത്തണി മാലയും
പുത്തനുടുപ്പും ഞാന്‍ വാങ്ങിടാം നിശ്ചയം.

അവളുടെ വദനത്തില്‍ പൊട്ടി വിടര്‍ന്നൊരാ
പുഞ്ചിരിയില്‍ ഞാന്‍ എന്‍ ക്ഷീണം മറന്നു.
അഞ്ചു നാള്‍ ഞാന്‍ എന്‍റെ രക്തം വിയര്‍പ്പാക്കി
രാപ്പകലില്ലാതെ തൂമ്പയിളക്കി
തെക്കേപ്പറമ്പിനെ മോടിയാക്കി.

അഞ്ഞൂറ് രൂപയും പ്രതീക്ഷിച്ചു ഞാനന്ന്
ബംഗ്ലാവിലെത്തി കാത്തിരുന്നു.
കുറെയേറെ നേരം കഴിഞ്ഞിട്ടൊടുവില്‍
കതകുകള്‍ മലര്‍ക്കെ തുറന്ന് മുതലാളി
സുസ്മേര വദനനായ് പുറത്തു വന്നു.

മോശമായിരുന്നില്ലേ ഈ വര്‍ഷത്തെ കൊയ്ത്തു
മഴപോലും ചതിച്ചില്ലേ കുറെ ഏറെ നാളുകള്‍
പൈസക്കിത്തിരി പ്രയാസമാണിപ്പോള്‍ ....
വെറ്റക്കറയുള്ള പല്ലുകള്‍ കാട്ടി
മുതലാളി വീണ്ടും പുഞ്ചിരിച്ചു

മടിക്കുത്ത് തുറന്നിട്ട്‌ പത്തിന്‍റെയഞ്ചു
നോട്ടുകള്‍ എന്‍റെ കയ്യില്‍ തിരുകി
പട്ടിന്‍റെ മുണ്ടൊന്നു മുറുക്കിക്കെട്ടി
വെറ്റില ത്തുപ്പലൊന്നാഞ്ഞു തുപ്പി
മുതലാളി തിരിഞ്ഞങ്ങകത്ത് കേറി

അഞ്ഞൂറ് രൂപ കിനാവില്‍ കണ്ട ഞാന്‍
അനങ്ങുവാന്‍ ആവാതെ നിന്നുപോയി
ചേതനയറ്റൊരു പ്രതിമ പോലെ.
മണ്‍വെട്ടി ഏന്തിയ കൈകളായിട്ടും അന്ന്
നോട്ടുകളിരുന്ന എന്‍ കൈ വിറച്ചു

ഉള്ളിലെ ദുഃഖം ഞാന്‍ ആരോട് ചൊല്ലും?
സാന്ത്വനമേകുവാനാരുണ്ടെനിക്ക് ?
ചോദിച്ചു ഞാനപ്പോളെന്നോട്തന്നായ്
വയറിലെ കത്തുന്ന വിശപ്പിനും മീതെയെന്‍
നെഞ്ചില്‍ വിഷാദം പടര്‍ന്നു പൊങ്ങി.

എന്തുവന്നാലുമെന്‍ പുന്നാര മോള്‍ക്ക്‌
പാവയെ വാങ്ങണം എന്ന് നിനച്ചു ഞാന്‍
എന്നാലും പക്ഷെ ദൈവം കനിഞ്ഞില്ല ..
വഴിയില്‍ വച്ചടുത്തുള്ള പീടികക്കാരന്‍
കടം തന്ന പൈസ മടക്കുവാന്‍ ചൊല്ലി.

ഒന്നും പറയാതെ കടം വച്ച നാല്‍പ്പതു
രൂപ ഞാനവിടെവച്ചെണ്ണിക്കൊടുത്തു.
ബാക്കി വന്നൊരു പത്തിന്‍റെ നോട്ടിനാല്‍
വെള്ളിക്കടലാസില്‍ പൊതിഞ്ഞ മിഠായികള്‍
മടിക്കുത്ത് നിറയെ ഞാന്‍ വാങ്ങി വച്ചു.

വീടിന്‍റെ മുറ്റത്ത് വെള്ളാരം കല്ലുകള്‍
കൂനകൂട്ടിക്കളിച്ചു രസിച്ചയെന്‍
പുന്നാരമോളമ്മു ഓടിവന്നെന്നെ
കെട്ടിപ്പിടിച്ചിട്ടു ചോദിച്ചു, അച്ഛാ..
എവിടെ അമ്മൂന്‍റെ പാവക്കുട്ടി?

മടിക്കുത്ത് തുറന്നിട്ട്‌ മിഠായികള്‍ വാരി
കുഞ്ഞിക്കൈകളില്‍ വച്ചു ഞാന്‍ ചൊല്ലി
മറന്നതല്ലച്ഛന്‍ പറ്റാഞ്ഞിട്ടല്ലേ മുത്തേ
അടുത്ത പിറന്നാളിന് നിശ്ചയം വാങ്ങിടാം
തമ്പുരാന്‍ കനിഞ്ഞാലെന്‍ പൊന്നു മോളെ

കുഞ്ഞിക്കണ്ണുകള്‍ നിറഞ്ഞതും പിന്നെ
ചുണ്ടിലെ പുഞ്ചിരി മാഞ്ഞതും എന്‍റെ
നെഞ്ചിനെ വല്ലാതെ പിടിച്ചുലച്ചു.
വഞ്ചിതനായതിന്‍ ദുഃഖത്തിന്‍ മീതെ
നിസ്സഹായതന്‍ കൊടുങ്കാറ്റ് വീശി.

താഴെ വിരിച്ചിട്ട പുല്‍പ്പായയില്‍ കിട -
ന്നാകാശത്തേക്ക് ഞാന്‍ കണ്ണയച്ചു.
അവിടെ തെളിഞ്ഞൊരു ചന്ദ്ര ബിംബത്തിലും
വെറ്റിലക്കറയുള്ള പല്ലും വിടര്‍ത്തിയ
മുതലാളിപ്പുഞ്ചിരി ഞാനന്ന് കണ്ടു

അന്ന് ഞാന്‍ പക്ഷെ, സ്വപ്നത്തില്‍ കണ്ടുവെന്‍
അമ്മൂനെ, പുത്തന്‍ ഉടുപ്പുമായി.
സ്വപ്നത്തില്‍, ഓടിക്കളിച്ച ആ കൈകളില്‍
ഉണ്ടായിരുന്നൊരു പാവക്കുട്ടി ...
എന്‍റെ അമ്മൂനെ പ്പോലൊരു പാവക്കുട്ടി.


ജോസ്
( റൂര്‍ക്കി , 07- dec- 1997)

2010, നവംബർ 5

അനാര്‍ക്കലിക്കായി..


സുബേന്തു മുഖര്‍ജി ...... രബീന്ദ്ര സംഗീതത്തെയും കാര്‍ലോസ് സന്താനയെയും ഒരേപോലെ സ്നേഹിച്ച ബംഗാളി ബാബു. ..നാലഞ്ചു വര്‍ഷത്തെ എന്‍റെ തൂലികാ സുഹൃത്ത്‌ ....പ്രണയം എന്ന വികാരത്തെ ഒരു അമൂല്യ നിധി പോലെ സൂക്ഷിച്ച അവനു വേണ്ടി ആകട്ടെ ഇന്നത്തെ കുറിപ്പ്...

തൂലികാ സൗഹൃദം എന്നത് ഒരു ഭ്രാന്തു പോലെ തലയില്‍ കയറിക്കൂടിയ ഒരു സമയത്ത്, കുറെ ഏറെ ആളുകള്‍ക്ക് ഞാന്‍ കത്തുകള്‍ അയച്ചു. ഏറെയും പെണ്‍ കുട്ടികള്‍ക്ക് ആയിരുന്നു . (പ്രായം അതല്ലായിരുന്നോ) . കുറെ പേര്‍ മറുപടി അയച്ചു. കുറെ സൌഹൃദങ്ങള്‍ രണ്ടു മൂന്ന് കത്തുകള്‍ക്ക് ശേഷം, വിടരും മുന്‍പേ കൊഴിഞ്ഞ പൂവുകള്‍ പോലെ ആയി. ഇവന്‍ മാത്രം കത്തെഴുത്ത് തുടര്‍ന്നു.

സുബേന്തു മുഖര്‍ജി... കൊല്‍ക്കത്തയോടുള്ള സ്നേഹം മനസ്സിന്‍റെ കോണില്‍ നിറച്ച്...ബോംബെയില്‍ ചേക്കേറിയ ഒരു ബംഗാളി ബാബു.

സംഗീതം അവന്‍റെ പ്രിയങ്ങളില്‍ ഒന്നായിരുന്നു. കത്തുകളിലൂടെ അറിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി, എന്നെപ്പോലെതന്നെ അവനും കിഷോര്‍ കുമാറിനെയും, റാഫിയും, മുകേഷിനെയും ഒക്കെ ഇഷ്ടപ്പെട്ടിരുന്നു എന്ന്. ഗസലുകളും, ഗസല്‍ ഗായകരോടുള്ള ആരാധനയും മനസ്സിലേറ്റി നടക്കുന്നവനാണ് എന്നും കൂടി അറിഞ്ഞപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

അവന്‍ എഴുതി, സംഗീതം ചിട്ടപ്പെടുത്തിയ ഒരു കവിത അതിന്‍റെ ഇംഗ്ലിഷ് പരിഭാഷയോടെ ഒരിക്കല്‍ എനിക്ക് അയച്ചു തന്നു. അവന്‍റെ ചിന്തകളുടെ ആഴവും, മനസ്സില്‍ സൂക്ഷിക്കുന്ന പ്രണയവും ഒക്കെ എത്ര വലുതായിരുന്നു എന്ന് മനസ്സിലാക്കാന്‍ അത് മാത്രം മതിയായിരുന്നു.

ഒരിക്കല്‍ അവന്‍റെ ഫോട്ടോ എനിക്ക് അയച്ചു തന്നു. ഞാന്‍ കരുതിയതിനു വിപരീതമായ ഒരു മുഖം ആയിരുന്നു ഞാന്‍ അതില്‍ കണ്ടത്.വെളുത്ത്, സുന്ദരനായ ഒരു പൊടി മീശക്കാരന്‍.. നേര്‍ത്ത കറുത്ത ഫ്രെയിം ഇട്ട ഒരു കണ്ണാടിയും വച്ച് , മൊണാ ലിസയുടെ ചിരി പോലെ, വിഷാദമാണോ സന്തോഷമാണോ എന്ന് പറയാന്‍ പറ്റാത്ത പോലെയുള്ള ഒരു ചിരിയും നല്‍കി നില്‍ക്കുന്ന സുബേന്തു,..അവനെക്കുറിച്ചു മനസ്സില്‍ ഉള്ള ചിത്രം അത് മാത്രം ആണ്.

നാലഞ്ചു വര്‍ഷത്തെ കത്തിടപാടുകളില്‍ നിന്നും ഒരു കാര്യം മനസ്സിലായി. പ്രണയത്തെ പ്രണയിച്ചവനാണ് അവന്‍ എന്ന് .. ആര്‍ക്കൊക്കെയോ കൊടുക്കാനായി അടക്കി വച്ച പ്രണയം അവന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു. കത്തുകളില്‍ ഒരു റിതുപര്‍ണയെക്കുറിച്ചും , ഒരു മൌമിതാ സെന്നിനെക്കുറിച്ചും പിന്നെ ഒരു സോഹിനിയെ ക്കുറിച്ചും ഒക്കെ അവന്‍ എഴുതിയിട്ടുണ്ടായിരുന്നു. ..എല്ലാവരെയും അവന്‍ സ്നേഹിച്ചിരുന്നു എന്നും.

എന്നാലും അവന്‍റെ കത്തുകളില്‍ അടര്‍ത്തി മാറ്റാന്‍ പറ്റാത്ത ഒരു ദുഃഖച്ഛായ ഉണ്ടായിരുന്നു. അതെന്താണെന്ന് മനസ്സിലാക്കാന്‍ എനിക്ക് ഒരിക്കലും പറ്റിയില്ല. ഞാന്‍ ചോദിച്ചുമില്ല. സൌഹൃദമായാലും, വ്യക്തി പരമായ കാര്യങ്ങളില്‍ ചില അതിര്‍ത്തി വരമ്പുകള്‍ ലംഘിക്കരുതല്ലോ.

അങ്ങനെയിരിക്കെ ഒരിക്കല്‍ അവന്‍റെ ഒരു കത്ത് വന്നു. അവന്‍ അയച്ച അവസാനത്തെ കത്ത്. അതിപ്രകാരമായിരുന്നു.

പ്രിയ സുഹൃത്തേ ...

ഒരു പക്ഷെ ഇനി നമ്മള്‍ തമ്മില്‍ കത്തിടപാടുകള്‍ ഉണ്ടാവില്ല. ഇതെന്‍റെ അവസാന കത്താണ്. പേടിക്കേണ്ട..ജീവനൊടുക്കാന്‍ പോവും മുന്‍പേ ഉള്ള അവസാന കത്തല്ല ഇത്. ജീവിച്ചു മതിയായിട്ടില്ല എനിക്ക്

നിനക്ക് മാത്രമല്ല... എന്നെ ഓര്‍ക്കാനായി ഈ ഭൂമിയില്‍ ഉള്ള ചുരുക്കം ചിലര്‍ക്കും കൂടി ഞാന്‍ കത്തയക്കുന്നുണ്ട്.

ഞാന്‍ ഒരു യാത്രയിലാണ്. എവിടെക്കെന്നറിയില്ല. ചിലപ്പോള്‍ ഗോവയിലെ ബീച്ചുകളില്‍ ഭാംഗും അടിച്ച്, സിഗരറ്റും വലിച്ച്, വെള്ളക്കാരികളുടെ കുടെ പാടി നടക്കും, ഇല്ലെങ്കില്‍ കുറച്ചു നാള്‍ ലദ്ദാക്കിലെ മനം മയക്കുന്ന പ്രകൃതി സൌന്ദര്യം ആസ്വദിച്ചു നടക്കും, പിന്നെ ഹരിദ്വാരിലെയോ രിഷികേഷിലെയോ ഗംഗയില്‍ കുളിച്ചും, സ്വാമിമാരുടെ കൂടെ കുറച്ചു ഭജനകള്‍ പാടിയും സമയം കളയും.. എന്നെങ്കിലും നീ അഭിമാനത്തോടെ പറയാറുള്ള നിന്‍റെ കേരളത്തിലും വരും ... അങ്ങനെ ഭാരതം മുഴുവനും കിടക്കുകയല്ലേ എന്‍റെ പര്യടനത്തിനായി.

കയ്യിലെ കാശ് തീരും വരെ യാത്ര തുടരണം. അതിനപ്പുറം ചിന്തിച്ചിട്ടില്ല...ചിന്തിക്കുന്നുമില്ല. യാത്രയ്ക്ക് തടസ്സം കുറച്ചു കടമകളും ബന്ധങ്ങളും മാത്രം.. പക്ഷെ അവയ്ക്കും എന്നെ പുറകെയ്ക്ക് വലിക്കാനാവുന്നില്ല.

മനസ്സില്‍ ഒളിപ്പിച്ച പ്രണയം എന്നെ വല്ലാതെ വീര്‍പ്പു മുട്ടിക്കുന്നു. ആരെയൊക്കെയോ ഞാന്‍ പ്രണയിക്കാന്‍ ആഗ്രഹിച്ചു. പ്രണയ കാവ്യങ്ങളിലെ പോലെ പ്രണയിക്കാന്‍ കൊതിച്ചു.. ഒന്നും നടന്നില്ല.

കോളേജില്‍ പഠിക്കുന്ന കാലത്ത് ഋതുവിനെ ഞാന്‍ സ്നേഹിച്ചു. അവള്‍ തിരികെ എന്നെ സ്നേഹിച്ചോ എന്ന് അറിയില്ല.. ഇല്ലായിരിക്കാം. അതല്ലേ വളരെ ലാഘവത്തോടെ അവളുടെ വിവാഹ ക്ഷണക്കത്ത് എനിക്ക് തന്നിട്ട് പറഞ്ഞത്... സുബേന്തു ..നീ തീര്‍ച്ചയായും വരണം എന്ന്.

വളരെ പ്രതീക്ഷകളോടെ ആയിരുന്നു പിന്നെ എന്‍റെ വിവാഹം നടന്നത്.
പ്രണയിക്കാന്‍ എനിക്കായി മാത്രം ഒരു പെണ്ണ്.. ഞാന്‍ ഒരുപാട് സ്വപ്നം കണ്ടു..പക്ഷെ അവിടെയും കണക്കുകള്‍ തെറ്റി.

വിവാഹ മോചനക്കരാറില്‍ ഒപ്പ് വയ്ക്കും വരെയും അവള്‍ മുനയുള്ള ചോദ്യങ്ങലോടെ എന്നെ നേരിട്ടു... നിങ്ങള്‍ ഒരാണാണോ എന്ന് ചോദിച്ചുകൊണ്ട് ..


ഒരു പക്ഷെ എന്‍റെ മനസ്സിലെ പ്രണയത്തിലും നന്മകളിലും കാണാന്‍ കഴിയാത്ത ആണത്തം അവള്‍ മറ്റെന്തിലോ കാണാന്‍ ശ്രമിച്ചു പരാജയപ്പെട്ടതാവാം കാരണം. കോടതി മുറിയില്‍ അവസാനം കണ്ടപ്പോഴും, ഞാന്‍ അവളോടുള്ള എന്‍റെ പ്രണയം പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. ..ഒരു അവസാന ശ്രമം. പക്ഷെ വക്കീലന്മാരുടെയും, സുഹൃത്തുക്കളുടെയും ഒക്കെ മുന്‍പില്‍ വച്ച് അവള്‍ വീണ്ടും ചോദിച്ചു... നിങ്ങള്‍ ഒരാണാണോ എന്ന്...ഞാന്‍ ആകെ ചൂളിപ്പോയി സുഹൃത്തേ..താഴെ വീണ പളുങ്ക് പാത്രം പോലെ ചിതറിപ്പോയി ...

മനസ്സിലെ പ്രണയത്തെ അന്ന് കുഴിച്ചു മൂടാം എന്ന് കരുതി. പക്ഷെ ബന്ധുക്കളും നല്ല കുറച്ചു സുഹൃത്തുക്കളും സമ്മതിച്ചില്ല . അവര്‍ എനിക്കായി ഒരു മംഗല്യം കൂടെ ഒരുക്കി. ...സോഹിനി ..അതായിരുന്നു എന്‍റെ പുതിയ സഖി.

ആദ്യമൊക്കെ ഞാന്‍ കരുതി...ഇവള്‍ ആണ് ഞാന്‍ കാത്തിരുന്ന എന്‍റെ അനാര്‍ക്കലി എന്ന് . പക്ഷെ അവളുടെ സ്നേഹ പ്രകടനങ്ങള്‍ പൊള്ള ആയിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയപ്പോഴേക്കും, എന്‍റെ കുറെ ഏറെ സമ്പാദ്യങ്ങള്‍ എനിക്ക് നഷപ്പെട്ടു കഴിഞ്ഞിരുന്നു.. ഞാന്‍ വിയര്‍പ്പൊഴുക്കി പണിയിച്ച വീടും അതില്‍ പെടും.

അവള്‍ ഒരു മദാലസയെപ്പോലെ ചിരിച്ച് എന്‍റെ കവിളില്‍ തന്ന അനേകം ചുംബനങ്ങള്‍ പൊള്ള ആയിരുന്നു എന്നോര്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത അറപ്പ് തോന്നുന്നു സുഹൃത്തേ.

അവള്‍ ചരട് വലിച്ച ഒരു പാവക്കൂത്തിലെ ഒരു പാവം പാവയായിരുന്നു ഞാന്‍. അഗ്നി പോലെ പരിശുദ്ധമായ എന്‍റെ പ്രണയത്തെ അവള്‍ കാമാട്ടിപുരത്തെ ഗണികകളുടെത് പോലുള്ള പ്രണയം കൊണ്ടല്ലേ സ്വീകരിച്ചത്..

പ്രണയം...അതിന്നും എനിക്കൊരു കിട്ടാക്കനിയാണ്... മരു യാത്രികനെ കൊതിപ്പിക്കുന്ന ഒരു മരുപ്പച്ചയാണ്‌.

ഇനി നാലാമതൊരാള്‍... പറ്റുമോ എന്നറിയില്ല ..മുഷിഞ്ഞ തുണി മാറും പോലെ മാറിപ്പകുത്തു നല്‍കാന്‍ ഉള്ളതല്ല എന്‍റെ പ്രണയം.. എന്നാലും മനസ്സില്‍ അറിയാതെ ആഗ്രഹിച്ചു പോകുന്നു.. ഞാന്‍ എന്‍റെ അനാര്‍ക്കലിയെ മറ്റെവിടെയെങ്കിലും കണ്ടാലോ ? ഇതുവരെ നോക്കിയതോക്കെയും എന്‍റെ കയ്യെത്തും ദൂരെ മാത്രം അല്ലായിരുന്നോ? ചിലപ്പോള്‍ അവള്‍ ദൂരെ എവിടെയോ എന്നെ കാത്തിരിക്കുന്നുണ്ടാവാം. ..ലദ്ദാക്കിലോ ..രിഷികേഷിലോ ..ഗോവയിലോ?

വിഡ്ഢിത്തം ആണോ എന്നറിയില്ല. പക്ഷെ ഞാന്‍ എന്നും എന്‍റെ മനസ്സിന്‍റെ വിളി കേട്ടാണ് പോയിട്ടുള്ളത്.. ഇപ്പോഴും.. ഇനിയും..

നിന്‍റെ മേല്‍വിലാസം മാറിയില്ല എങ്കില്‍ ഞാന്‍ ഒരു കത്ത് കൂടി അയക്കും. എന്‍റെ അനാര്‍ക്കലിയെ കണ്ടുമുട്ടിയ ശേഷം.

എന്‍റെ കയ്യിലുണ്ടായിരുന്ന രബീന്ദ്ര സംഗീതത്തിന്റെയും, കുറെ നല്ല ഗസലുകളുടെയും കാസറ്റുകള്‍ നിന്‍റെ പേര്‍ക്ക് അയച്ചിട്ടുണ്ട്. നീ അവ നന്നായി സൂക്ഷിക്കും എന്നറിയാം.

കഴിഞ്ഞ നാലഞ്ചു വര്‍ഷം, എന്‍റെ മനസ്സ് തുറന്ന്, പറയാനുള്ളതൊക്കെ പറയാന്‍ എനിക്ക് കഴിഞ്ഞു... നിനക്കെഴുതിയ കത്തുകളിലൂടെ . നിന്നെ ഒരിക്കലും നേരില്‍ കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം ഉണ്ട്. പക്ഷെ ഒരു നാള്‍ നമ്മള്‍ നേരില്‍ കാണില്ല എന്ന് എന്താണുറപ്പ് .. ..കാണുമായിരിക്കാം. നിന്‍റെ സൌഹൃദത്തിനു അളവില്ലാത്ത നന്ദി അറിയിച്ചുകൊണ്ട്‌ ...

സ്നേഹപൂര്‍വ്വം
സുബേന്തു

മൂന്നാല് വര്‍ഷങ്ങള്‍ക്കു ശേഷം ബോംബെയില്‍ വരാന്‍ ഇടയായപ്പോള്‍ ഞാന്‍ അവന്‍റെ മേല്‍വിലാസത്തില്‍ ഒരു അന്വേഷണം നടത്തി. കൊളാബയ്ക്കടുത്തുള്ള ഒരു പഴയ ഫ്ലാറ്റില്‍ അവന്‍റെ അച്ഛന്‍ സ്വരൂപ്‌ മുഖര്‍ജിയെ ഞാന്‍ കണ്ടു...ഒരു റിട്ടയേഡ് അദ്ധ്യാപകന്‍.

വീട് വിട്ടു പോയ മകനെ ഓര്‍ത്ത്‌ വിഷമിച്ച അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു. വെറുതെ ആണെങ്കിലും, സുബെന്തുവിന്‍റെ മനസ്സ് അടുത്തറിഞ്ഞ ഒരാള്‍ എന്ന വിശ്വാസം നല്‍കിയ പ്രേരണയാല്‍ ഞാന്‍ പറഞ്ഞു...

"സര്‍ ..താങ്കള്‍ വിഷമിക്കരുത്.. അവന്‍ തിരികെ വരും. മനസ്സില്‍ നന്മകളും, സംഗീതവും സൂക്ഷിക്കുന്ന അവനു നിങ്ങളെ പിരിയാന്‍ ആവുമോ ദീര്‍ഘ കാലം...അവന്‍ വരും"

വര്‍ഷങ്ങള്‍ വീണ്ടും കഴിഞ്ഞു. അവന്‍ പറഞ്ഞ പോലെ ഒരു കത്ത് കൂടി ഇതേവരെ എനിക്ക് കിട്ടിയിട്ടില്ല. അവന്‍റെ അനാര്‍ക്കലി ഇനിയും വന്നില്ലായിരിക്കുമോ? ഇന്നല്ലെങ്കില്‍ നാളെ അവള്‍ തീര്‍ച്ചയായും വരട്ടെ ..നിന്‍റെ കത്ത് ഞാന്‍ പ്രതീക്ഷിക്കുന്നു സുബേന്തു..Protected by Copyscape Web Copyright Protection Software