2010, മേയ് 28

ഒരു പരീക്ഷയുടെ ഓര്‍മ്മകള്‍ ...


ഇന്നലെ വീട്ടില്‍ ഫോണ്‍ വിളിച്ചപ്പോള്‍, ചേട്ടന്റെ മകള്‍ ആശക്കുട്ടിയുടെ പരീക്ഷാ ഫലം അറിഞ്ഞു. അവള്‍ പത്താം ക്ലാസ്സുകാരിയായി വിലസുകയായിരുന്നു. വളരെ നല്ല റിസള്‍ട്ട് ആണ് വന്നത്. എണ്‍പത്തി ഏഴു ശതമാനം മാര്‍ക്ക് ഉണ്ട് അവള്‍ക്ക്. വീട്ടില്‍ എല്ലാവര്ക്കും സന്തോഷം ആയി.

ഇന്ന് രാവിലെ പേപ്പര്‍ നോക്കിയപ്പോഴും, വിജയിച്ച കുട്ടികളുടെ പടവും മറ്റും ആയി, കുറെ ഏറെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു വായിക്കാന്‍. പെട്ടന്നാണ് എന്റെ പത്താം ക്ലാസിനെ കുറിച്ച് ഓര്‍മ്മ വന്നത്...കുറച്ചു ഒരു മധുരം ഉള്ള ഓര്‍മ്മ ..

അമ്മച്ചിയും ചേച്ചിമാരും ഒക്കെ എപ്പോഴും എന്നോട് പറയുമായിരുന്നു..അവര്‍ എത്ര പ്രതീക്ഷയോടെ ആണ് എന്നെ കാണുന്നത് എന്ന്. ഞാന്‍ പഠിക്കാന്‍ മോശം അല്ലായിരുന്നു. അത്യാവശ്യം നല്ല മാര്‍ക്കൊക്കെ വാങ്ങും.

"കുട്ടാ ..ഇവിടെ എല്ലാവരും ' S.S.L.c ക്ക് 'ഇരുന്നൂറ്റിയതേ' ഉള്ളൂ ( കഷ്ടിച്ചു ഇരുന്നൂറു മാര്‍ക്ക് കിട്ടിയതേ ഉള്ളു എന്നര്‍ത്ഥം ) . നീ എങ്കിലും നല്ല മാര്‍ക്ക് വാങ്ങണേ". ചേച്ചി പറയും

സയന്‍സ് പഠിക്കാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു. എങ്കിലും, കണക്ക് ഒരു പേടി സ്വപ്നം ആയിത്തന്നെ തുടര്‍ന്നു . ജീവിതത്തില്‍ ഒരു പരീക്ഷയ്ക്കെ തോറ്റിട്ടുള്ളൂ.. അത് സ്കൂളിലെ ഏതോ ഒരു കണക്കു പരീക്ഷക്കാണ് .

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്, എന്റെ കൊച്ചമ്മയുടെ മകളെ പഠിപ്പിച്ചിരുന്ന, അബ്രഹാം വര്‍ഗീസ്‌ എന്ന സാറിന്റെ വീട്ടില്‍ കണക്കിനും, ഫിസിക്സിനും കൂടി ട്യൂഷന് പോയി തുടങ്ങി. പിന്നീടാണ് കണക്കിന് ഞാന്‍ പച്ച പിടിച്ചു തുടങ്ങിയത്. (എന്തായാലും പിന്നെ അതിനു മാറ്റം ഉണ്ടായില്ല).

പത്തിലെ പരീക്ഷ എന്ന് കേള്‍ക്കുമ്പോഴേ എന്തോ ഒരു ഭയം ആയിരുന്നു മനസ്സില്‍ . ജീവിതത്തിലെ ഒരു വലിയ കടമ്പ പോലെ ആണല്ലോ അതിനെ നമ്മുടെയൊക്കെ മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്‌. പരീക്ഷയ്ക്കുള്ള അവധി ആയപ്പോഴേ നല്ല ആധി കയറി തുടങ്ങി. അടച്ചിട്ട മുറിയില്‍ നിന്നും ഇറങ്ങാതെ കുത്തിയിരുന്ന് പഠനം തുടങ്ങി.

എന്റെ പഠിത്തത്തില്‍ എന്നെ ഒട്ടേറെ സഹായിച്ചത് എന്റെ വല്യേച്ചിയാണ്. രാവിലെ അലാറം വെച്ച് എന്നെ എണീപ്പിക്കുന്നതും , കാപ്പി ഇട്ടു തരുന്നതും, നോട്ടു പുസ്തകം നോക്കി എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും ഒക്കെ ചേച്ചി ആയിരുന്നു.

പരീക്ഷ അടുക്കാറായപ്പോള്‍ പഠിച്ചതൊക്കെ മറക്കാനും തുടങ്ങി ( പരീക്ഷാ പേടി കൊണ്ടാവണം) . ഏറ്റവും പേടി കെമിസ്ട്രി ആയിരുന്നു . നേരെ ചൊവ്വേ പഠിപ്പിക്കാന്‍ സ്കൂളിലും സാറില്ലായിരുന്നു. ഓര്‍ഗാനിക് കെമിസ്ട്രി എന്നതിന്റെ അറ്റവും വാലും പോലും എന്താണെന്ന് അറിയാത്ത അവസ്ഥ.

പരീക്ഷ തുടങ്ങി കഴിഞ്ഞപ്പോള്‍ എല്ലാം കുഴപ്പം ഇല്ലാതെ നടന്നു. പക്ഷെ പേടിച്ച പോലെ കെമിസ്ട്രിയില്‍ ഭൂരിഭാഗവും ഓര്‍ഗാനിക് കെമിസ്ട്രിയില്‍ നിന്നും ആയിരുന്നു. എന്തൊക്കെയോ എഴുതി വച്ചു . ബാക്കി എല്ലാത്തിനും നല്ല മാര്‍ക്ക്‌ കിട്ടും എന്ന് ഒരു ഉറപ്പു തോന്നി .

പിന്നെ രണ്ടു മാസത്തെ അവധി കാലം. എല്ലാം മറന്ന് അവധി കാലം ആസ്വദിച്ചു നടന്നു. റിസള്‍ട്ട് അടുക്കാറായപ്പോള്‍ ഒരു വേവലാതി. പരീക്ഷ ഭവനില്‍ ആരെയെങ്കിലും അറിയാമെങ്കില്‍ ഫലം കുറച്ചു നേരത്തെ അറിയാം. ഞാന്‍ എന്റെ റോള്‍ നമ്പര്‍ അടുത്തുള്ള ഒരു ചേച്ചിയുടെ കയ്യില്‍ കൊടുത്തു. അവര്‍ക്ക് അറിയാവുന്ന ആരോ പരീക്ഷാ ഭവനില്‍ ഉണ്ടത്രേ . റിസള്‍ട്ട് അറിയാറായ ഒരു ദിവസം ആ ചേച്ചി അവരുടെ വീട്ടില്‍ നിന്നും വിളിച്ചു പറഞ്ഞു..

"ജോസേ... റിസള്‍ട്ട് അറിഞ്ഞിട്ടുണ്ട്..ഓടി വാ "

വല്ലാത്ത ഒരു നെഞ്ചിടിപ്പോടെ ഞാന്‍ ഓടി ചെന്നു. കുറവ് മാര്‍ക്ക്‌ വല്ലതും ആവുമോ ആവോ?
ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു...

'ജോസേ.. നല്ല മാര്‍ക്കാണ് .. അറുന്നൂരില്‍ അഞ്ഞൂറ്റി ഒന്പതുണ്ട് "

എന്റമ്മേ ...പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം ആയിരുന്നു. സ്വര്‍ഗ്ഗം കിട്ടിയ സന്തോഷം . പിന്നെ ഓടിച്ചെന്നു വീട്ടില്‍ എല്ലാവരോടും പറഞ്ഞു. എല്ലാവര്ക്കും ഏറെ സന്തോഷം ആയി. ഒരാള്‍ അഞ്ഞൂറ് എന്ന അക്കം കടന്ന സന്തോഷത്തിലായിരുന്നു പിന്നെ അവര്‍. അവരുടെ ഒന്നും പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചില്ല എന്ന സന്തോഷത്തില്‍ ഞാനും..

അപ്പച്ചന്‍ പിന്നെ വളരെ അഭിമാനത്തോടെ കാണുന്നവരോടൊക്കെ മകന്റെ വിജയം പങ്കു വയ്ക്കും ആയിരുന്നു.

പരീക്ഷകള്‍ എത്ര കഴിഞ്ഞിരിക്കുന്നു. വിജയത്തിന്റെ മധുരവും, തോല്‍വിയുടെ കയ്പ്പും എത്ര അറിഞ്ഞിരിക്കുന്നു. അതൊന്നും അറിയാന്‍ അപ്പച്ചന്‍ ഇപ്പോള്‍ ഇല്ല. മുകളിലിരുന്നു അതൊക്കെ അറിയുന്നുണ്ടാവും

ഇപ്പോള്‍ ഞാന്‍ ജീവിതത്തിന്റെ പരീക്ഷകള്‍ എഴുതുകയാണ് . അവ എളുപ്പം അല്ല എന്നറിയാം. ചില പരീക്ഷകളുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ എന്ത് ചെയ്യണം എന്നറിയാതെ മിഴിച്ചു നില്‍ക്കാറുണ്ട് .

ചിലതില്‍ തോറ്റാലും അവയൊക്കെ വിജയത്തിലേക്കുള്ള ചവിട്ടു പാതകള്‍ ആണെന്ന് മാത്രം കരുതി മുന്‍പോട്ടു പോകുന്നു. ..ഇനിയും എത്രയോ പരീക്ഷകള്‍ ബാക്കി..

ജോസ്
29-മേയ് -2010
ബാംഗ്ലൂര്‍

2010, മേയ് 24

വിധി ക്രൂരമായാല്‍ ...


ഉറ്റവരുടെ മരണം നമ്മെ എല്ലാവരെയും വേദനിപ്പിക്കാറുണ്ട് . അവരുടെ മരണം അപ്രതീക്ഷിതമാണെങ്കിലോ അത് അതിലേറെ വേദനിപ്പിക്കും. അവരുടെ മരണം അകാല മരണം കൂടി ആണെങ്കിലോ ..പറഞ്ഞറിയിക്കാനാവാത്ത വിഷമം ആയിരിക്കും...ഇത് പോലെയുള്ള മരണങ്ങള്‍
ഞാന്‍ നന്നായി അറിയുന്ന ആളുകള്‍ക്ക് പലര്‍ക്കും സംഭവിച്ചിട്ടുണ്ട് ..ബന്ധുക്കള്‍, കൂടുകാര്‍, പരിചയക്കാര്‍..എന്ന് വേണ്ട പലര്‍ ..

അതില്‍ ചിലതൊക്കെ കേള്‍ക്കുമ്പോള്‍, തോന്നും, വിധി എന്തെ പലപ്പോഴും ക്രൂരമാവുന്നു. അവര്‍ക്കൊരു നല്ല മരണം കൊടുത്തുകൂടായിരുന്നോ എന്നൊക്കെ .. ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ ഒന്നാണ് അത്.

എന്നാല്‍ ഇതിനെക്കാലേറെ ക്രൂരവും, വിചിത്രവും ആയിരുന്നു, കഴിഞ്ഞ ആഴ്ച ഞാന്‍ കേട്ട വാര്‍ത്ത.

ഉച്ചക്ക് ഓഫീസിലെ തിരക്കിനിടെ, ഒന്ന് ഇ-മെയില്‍ നോക്കിയപ്പോള്‍ അതില്‍ എന്റെ ഒരു ബന്ധുവിന്റെ മെയില്‍ ഉണ്ടായിരുന്നു. കസക്കിസ്ഥാനില്‍ , ഒരു എയര്‍ ക്രാഫ്റ്റ് എന്ജിനീയര്‍ക്കു സംഭവിച്ച ദുരന്തത്തിന്റെ വാര്‍ത്തയും ചിത്രങ്ങളും ആയിരുന്നു അതില്‍ .

വിമാനത്തിന്റെ എഞ്ചിന്റെ അടുത്ത് അറ്റകുറ്റ പണികള്‍ നടത്തി ക്കൊണ്ടിരുന്ന അയാളെ പൈലറ്റ്‌ കണ്ടില്ല. പൈലറ്റ്‌ എഞ്ചിന്‍ സ്റ്റാര്‍ട്ട്‌ ആക്കിയപ്പോള്‍, എഞ്ചിന്റെ അടുത്ത് നിന്ന എന്ജിനീയരെ , എഞ്ചിന്‍ അകത്തേക്ക് വലിച്ചെടുത്തു. പിന്നെ നടന്നതെന്തെന്ന് ആ ചിത്രങ്ങള്‍ വ്യക്തമാകി. ഒരിക്കലെ എനിക്കാ ചിത്രങ്ങളില്‍ നോക്കാന്‍ കഴിഞ്ഞുള്ളു. പിന്നെ അതില്‍ നോക്കാന്‍ കഴിയാതെ ആ ഇ മെയിലിനെ അപ്പാടെ ഞാന്‍ ഡിലീറ്റ് ചെയ്തു.

ഒരു തരത്തിലും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍, മാംസ കഷണങ്ങള്‍ ആയാണ് ആ മനുഷ്യന്റെ അവസാനം സംഭവിച്ചത്. എഞ്ചിന്റെ ബ്ലെയിടില്‍ തട്ടി അയാളുടെ ശരീരം ചിതറി തെറിച്ചിരിക്കുന്നു. അത് കണ്ട ശേഷം കുറെ നേരം ആ ഫോട്ടോകള്‍ തന്നെ എന്റെ കണ്ണിന്റെ മുന്‍പില്‍ തങ്ങി നിന്നു. അയാളെ എനിക്കറിയില്ലെങ്കിലും, ആ സംഭവം ഓര്‍ത്തോര്‍ത്തു തന്നെ മനസ്സ് നന്നേ വിഷമിച്ചു.

നിമിഷ നേരം കൊണ്ട്, എന്താണ് സംഭവിക്കുന്നത്‌ എന്നൊക്കെ മനസ്സിലാക്കാന്‍ പോലും പറ്റും മുന്‍പേ അയാള്‍ മരിച്ചിരിക്കണം.. അപ്പോള്‍ വേദന എങ്ങനെ അറിയാന്‍? പക്ഷെ അയാളുടെ കുടുംബത്തിന്റെ കാര്യം ഓര്‍ത്തു നോക്കു.. അവസാന യാത്രയ്ക്ക് മുന്‍പ് ഒന്ന് കാണാനോ ഒരു അന്ത്യ ചുംബനം എങ്കിലും അര്‍പ്പിക്കാനോ മൃത ദേഹം പോലെ അവശേഷിപ്പിക്കാതെയുള്ള മരണം..

മനുഷ്യരെ സൃഷ്ടിക്കുന്നതും, അവരുടെ ജീവിതം നോക്കി നടത്തുന്നതും, സംഹരിക്കുന്നതും ഒക്കെ ഈശ്വരന്‍ ആണെന്ന് പറയും..ഈ രീതിയില്‍ ജീവനെടുക്കാനാനെങ്കില്‍ അയാളെ ഭൂമിയില്‍ ജനിപ്പിച്ചതെതിനാണ്? കഷ്ടതകള്‍ ഒക്കെ കര്‍മ്മ ഫലം ആണെന്നും, മുജ്ജന്മ പാപങ്ങളുടെ ശിക്ഷ ആണെന്നും ഒക്കെ ചിലര്‍ പറയാറുണ്ട്‌. ..എത്ര ക്രൂരനായ ആളിന് പോലും ഇത്ര മൃഗീയമായ മരണം കൊടുക്കണോ ഈശ്വരാ? ചോദിക്കാന്‍ ഞാന്‍ ആരുമല്ലെങ്കിലും ചോദിച്ചു പോകുകയാണ്.

ആ വാര്‍ത്ത മനസ്സില്‍ നിന്നും മായും മുന്‍പേ, ശനിയാഴ്ച രാവിലെയുള്ള ദിന പത്രം വന്നത്, എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ വിമാനം തകര്‍ന്നു നൂറ്റമ്പതോളം ആളുകള്‍ മരിച്ച വാര്‍ത്ത അറിഞ്ഞുകൊണ്ടാണ്‌.
വിവാഹത്തിലും, മരണ ചടങ്ങുകളിലും പങ്കെടുക്കാനായി, വന്നവരില്‍ പലരും, തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധം കത്തിക്കരിഞ്ഞ ദേഹങ്ങളും അവശേഷിപ്പിച്ചിട്ട്, അകാല മൃത്യു പ്രാപിച്ചു.

ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളും ആയി മനുഷ്യര്‍ ജീവിച്ചു തിമര്‍ക്കുമ്പോള്‍, ഈ സംഭവങ്ങള്‍ ഒക്കെ ഓര്‍മ്മപ്പെടുത്തുന്നത്‌ വേറൊന്നുമല്ല...നമ്മുടെ ഒക്കെ ജീവിതം മറ്റാരുടെയോ കയ്യിലെ ചരടുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു പാവ കളി പോലെ അല്ലെ? അത് കളിക്കുന്നത് ' കരുണാമയനായ' ഈശ്വരനോ ..അതോ ചിലപ്പോഴൊക്കെ മനസ്സ് മരവിച്ചിരിക്കുന്ന മറ്റാരോ? ....

മരണപ്പെട്ട എല്ലാവരുടെയും നിത്യ ശാന്തിക്കായി പ്രാര്‍ഥിച്ചു കൊണ്ട് ..

ജോസ്
ബാംഗ്ലൂര്‍
24-മേയ്-2010

2010, മേയ് 22

കൊച്ചേച്ചി ....

കൊച്ചേച്ചി ..കൊച്ചു ചേച്ചി എന്നതിന്റെ ചുരുക്കപ്പേരാണ് അത്. എന്റെ രണ്ടാമത്തെ ചേച്ചിയെ ചെറുപ്പം മുതലേ അങ്ങനെ ആണ് ഞാന്‍ വിളിക്കാറ്.

ഇന്ന് ചേച്ചിയെക്കുറിച്ചു എഴുതാന്‍ കാരണം ഉണ്ട് ..പറയാം.

ഞങ്ങള്‍ തമ്മില്‍ 'മുന്നാളാണ്" ..ഞാന്‍ രോഹിണി നക്ഷത്രവും ചേച്ചി ഭരണി നക്ഷത്രവും. (ഭരണി എന്ന പേരും പറഞ്ഞു ചേച്ചിയെ ഞാനും കളിയാക്കിയിട്ടുണ്ട്) . മുന്നാളുകാര്‍ തമ്മില്‍ എപ്പോഴും അടിയായിരിക്കും എന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അത് ശരിയോ തെറ്റോ എന്നറിയില്ല ..

ചെറുപ്പത്തില്‍ പക്ഷെ ഞാന്‍ ചേച്ചിയുമായി ഒത്തിരി അടി വയ്ക്കുമായിരുന്നു. എന്തോ കുരുത്തക്കേട്‌ കാണിച്ചതിന്, ചേച്ചിയെ ഒരിക്കല്‍ അമ്മച്ചി കുറെ അടിച്ചപ്പോള്‍, അത് കണ്ടു ഞാന്‍ ഒത്തിരി സന്തോഷിച്ചത്‌ ഇപ്പോഴും ഓര്‍ക്കുന്നു.

ഒരിക്കല്‍, ഏതോ ഒരു പരീക്ഷയ്ക്ക് പഠിക്കാനായി കുറെ നോട്ടും, മുന്‍ വര്‍ഷ ചോദ്യ കടലാസുകളുമായി ചേച്ചി പഠിക്കവെ, ഞാന്‍ അതിന്റെ ഗൌരവം അറിയാതെ, അടുത്ത് ചെന്ന്, ആ പേപ്പറൊക്കെ കത്രിക കൊണ്ട് മുറിച്ചു, കടലാസ് പൂക്കള്‍ ഉണ്ടാകി കളിച്ചു. കുറെ കഴിഞ്ഞു അത് കണ്ടു ഞെട്ടിയ ചേച്ചി കരഞ്ഞതും , എന്നോട് വഴക്കിട്ടതും ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.

പ്രി ഡിഗ്രി കടമ്പ കടക്കാന്‍ പറ്റാത്തതിനാല്‍, ചേച്ചി പിന്നെ വേറെ വഴികള്‍ നോക്കി. ലാബ് ടെക്നിഷ്യന്‍ പണി പഠിച്ച ശേഷം കുറച്ചു നാള്‍ ഒരു ചെറിയ സ്ഥാപനത്തില്‍ ചേച്ചി ജോലിക്ക് പോയി. (അവള്‍ക്കു മലവും മൂത്രവും കിണ്ടി നോക്കുന്ന പണിയാണ് എന്ന് തമാശയ്ക്കായി കുടുംബ സുഹൃത്തുക്കള്‍ ചേച്ചിയെ ചൊടിപ്പിക്കാന്‍ പറയുമായിരുന്നു) .

ഞാന്‍ പ്രി ഡിഗ്രിക്ക് പഠിക്കുപോള്‍ ആയിരുന്നു ചേച്ചിയുടെ കല്യാണം. എന്റെ വീട്ടിലെ ആദ്യത്തെ കല്യാണം. കല്യാണം കഴിഞ്ഞ് അളിയന്റെ വീട്ടിലേക്കു ചേച്ചിയെ യാത്ര അയയ്കാന്‍ നേരം, ചേച്ചിക്ക് ഒരു ഉമ്മ കൊടുത്ത സമയത്താണ്, നെഞ്ചില്‍ ഒരു വല്ലാത്ത ഭാരം എനിക്ക് അനുഭവപ്പെട്ടത്. മുന്നാളുകാര്‍ ആണെങ്കിലും, കുഞ്ഞിലെ വഴക്കിടുമായിരുന്നെങ്കിലും, ചേച്ചി എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് ആദ്യം മനസ്സിലായ നിമിഷം അതായിരുന്നു.

ചേച്ചി ആദ്യ പ്രസവം കഴിഞ്ഞ്, കുഞ്ഞു വാവയുമായി വീട്ടില്‍ വരുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു. ഞങ്ങളുടെതെന്നു പറയാനായി ആദ്യം ഉണ്ടായ വാവ ആയിരുന്നു അത്. ( അവന്‍ ഇപ്പോള്‍ പൊടിമീശ മുളച്ച ഒരു പ്രി ഡിഗ്രിക്കാരന്‍ ആണ്) .

എല്ലാവരോടും എളുപ്പം ഇണങ്ങുകയും, തമാശ പറയുകയും, സ്നേഹത്തോടെ വഴക്കിടുകയും ചെയ്യുന്ന ചേച്ചി, സങ്കടം വന്നാല്‍ പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത കണ്ണു നീര്‍ കടലാണ് എന്ന് എനിക്ക് പിന്നെ മനസ്സിലായി. മുന്ന് വര്‍ഷം മുന്‍പ് എന്റെ കല്യാണത്തിന്, മുതിര്‍ന്ന ആളുകളുടെ അടുത്ത് നിന്നും ഞാന്‍ അനുഗ്രഹം വാങ്ങുന്ന ചടങ്ങില്‍, ചേച്ചി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു..സന്തോഷം കൊണ്ട് ( അത് കണ്ടു എനിക്കും പിടിച്ചു നില്‍ക്കാന്‍ പറ്റിയില്ല എന്നത് സത്യം. കണ്‍ പീലികള്‍ എന്റെയും അന്ന് ചെറുതായി നനഞ്ഞു) .

നഗരത്തിന്റെ ഒരു കോണില്‍ , തിരക്കില്‍ നിന്നും അകന്നു, ഒരു കൊച്ചു വീട്ടില്‍, തന്റെ പരിമിതികളും, സുഖങ്ങളും, ദുഃഖങ്ങളും ഒക്കെയായി ജീവിക്കുന്നതിനിടയില്‍, ചേച്ചിയെ തളര്‍ത്തിയ ഒരു സംഭവം ഉണ്ടായി..ഒപ്പം ഞങ്ങളെയും

രണ്ടു മൂന്നു മാസം മുന്‍പേ, നെഞ്ചില്‍ ഒരു മുഴ വന്ന പോലെ തോന്നിയപ്പോള്‍, ചേച്ചി അതത്ര കാര്യം ആക്കിയില്ല. മൂന്നാല് ദിവസം മുന്‍പേ, സംശയം തീര്‍ക്കാനായി ഒരു ടെസ്റ്റ്‌ നടത്തി നോക്കിയപ്പോള്‍, മനസ്സിലുണ്ടായിരുന്ന ഭയം സ്ഥിരീകരിക്കപ്പെട്ടു... കാന്‍സര്‍ ..

എന്ത് കൊണ്ട് ഇത് വന്നു എന്ന ചോദ്യത്തിന് ഇവിടെ ഇപ്പോള്‍ പ്രസക്തി ഇല്ല. എങ്ങനെ നേരിടണം എന്നും, മനസ്സിനെ അതിനു എങ്ങനെ പാകപ്പെടുത്തണം എന്നതും ആണ് പ്രസക്തം . നന്നേ തുടക്കം ആയതിനാല്‍ ഒരു ശസ്ത്രക്രിയ കൊണ്ട് പരിപൂര്‍ണ്ണമായ ഭേദം ഉണ്ടാവും എന്നാണ് ഡോക്ടര്‍മാര്‍ ഒക്കെ പറഞ്ഞത്. എന്നാലും ഈ വസ്തുതയെ മുഴുവനായും സ്വീകരിക്കാന്‍ ആര്‍ക്കും ഇപ്പോഴും ആയിട്ടില്ല.

ടെസ്റ്റ്‌ പോസിറ്റീവ് ആണെന്നറിഞ്ഞ ദിവസം ചേച്ചി കുറെ ഏറെ കരഞ്ഞു എന്ന് വീട്ടില്‍ വിളിച്ചപ്പോള്‍ പറഞ്ഞു. കുടുംബത്തില്‍ ഇതേ അനുഭവം നേരിടേണ്ടി വന്ന പലരെയും ചേച്ചി കാണുകയും, അവരുടെ ദുഃഖം പങ്കിടുകയും ചെയ്തിട്ടുണ്ട്. ആ ഓര്‍മ്മകളാവും, ചേച്ചിയെ പേടിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നത്.

ഒരാള്‍ക്കും മറ്റൊരാളുടെ വേദന മാറ്റി വാങ്ങാന്‍ പറ്റില്ല . എന്നാല്‍ ആശ്വസിപ്പിച്ച് , മനോ വേദനയുടെ ആഘാതം കുറയ്ക്കാന്‍ പറ്റും. ഒന്നും നമ്മള്‍ തീരുമാനിക്കുന്ന പോലെ അല്ല എന്നും, എന്ത് വന്നാലും നേരിടണം എന്നും മാത്രമേ ഇന്നലെ ചേച്ചിയെ വിളിച്ചപ്പോള്‍ എനിക്ക് പറയാന്‍ കഴിഞ്ഞുള്ളു ..

ജീവിതം ഒരു റോളര്‍ കോസ്ടര്‍ പോലെ ആണ് എന്ന് പറയുന്നത് എത്ര ശരി.. കല്ലും മുള്ളും പുഷ്പ ദളങ്ങളും കലര്‍ത്തി വിരിച്ച പാതയല്ലേ ജീവിത പാത. ..

ഒക്കെ ശരിയാകും എന്ന ശുഭാപ്തി വിശ്വാസം ഞാന്‍ ഇപ്പോഴും കൈ വെടിയുന്നില്ല..

ജോസ്
ബാംഗ്ലൂര്‍
23- മെയ്‌ -2010

2010, മേയ് 15

ഓര്‍മ്മിക്കാന്‍ ഒരു ഏര്‍ക്കാട് യാത്ര ...

കഴിഞ്ഞ ആഴ്ച ഇതേ സമയം. ഞാനും ലീനയും, എന്റെ ആത്മ സുഹൃത്തുക്കളുടെ കുടുംബങ്ങളുമായി ഒരു യാത്ര പുറപ്പെട്ടിരുന്നു.. പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന "ഏര്‍ക്കാട് " എന്ന സ്ഥലത്തേയ്ക്ക്. . തമിള്‍ നാട്ടിലെ സേലത്തിന്റെ അടുത്ത്.

അത് വളരെ കാലം കൊണ്ട് കാത്തിരുന്ന ഒരു ഒത്തുകൂടല്‍ ആയിരുന്നു.."മാന്‍ ജോസ് പക്രി " എന്ന് ഞങ്ങള്‍ നാമകരണം ചെയ്ത നാല് കൂട്ടുകാരുടെ കുടുംബങ്ങളുടെ ഒത്തുചേരല്‍ ...

പ്രേം ലാല്‍ ഒരു ഡോക്ടര്‍. മനോജ്‌ ഒരു അഗ്രിക്കള്‍ച്ചര്‍ ഓഫിസര്‍, കൃഷ്ണന്‍ വാട്ടര്‍ അതോരിട്ടിയില്‍ എക്സിക്യുടിവ് എഞ്ചിനീയര്‍..ഇവരെല്ലാം എന്റെ കൂടെ പ്രി ഡിഗ്രിക്ക് ഒരേ ബഞ്ചില്‍ ഇരുന്നു പഠിച്ചവര്‍ ആണ്. ഞങ്ങളുടെ ഗ്രുപ്പിന്റെ പേരാണ് "മാന്‍ ജോസ് പക്രി" . അന്ന് തുടങ്ങിയ സുഹൃത്ത് ബന്ധത്തിന്റെ ഇരുപതാം വാര്‍ഷികവും ആയിരുന്നു ഇത്തവണ.

ഇത്തവണത്തെ ഒത്തുകൂടലില്‍ ഒരു പടയ്ക്കുള്ള ആളുണ്ടായിരുന്നു. പെണ്ണുങ്ങളും, കുഞ്ഞു പിറുങ്ങിണികളും ആയി കുറെ ഏറെ ആളുകള്‍ ഉണ്ടായിരുന്നു. ഇങ്ങോട്ടുള്ള ട്രെയിന്‍ യാത്രയില്‍ തന്നെ, ട്രെയിനിലെ കമ്പാര്‍ട്ട്മെന്റിനെ പിള്ളേര്‍ യുദ്ധക്കളം ആക്കി എന്ന് അവര്‍ പറഞ്ഞു..അത് സത്യം ആണെന്ന് അവരുടെ ഇവിടത്തെ താമസം കൊണ്ട് എനിക്ക് മനസ്സിലായി.

ബംഗ്ലൂരില്‍ നിന്നും ഒരു ചെറിയ ടെമ്പോ വാന്‍ വാടകയ്ക്ക് എടുത്തു. എന്നിട്ട് കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏര്‍ക്കാടിലെയ്ക്ക് തിരിച്ചു . പ്രേം ലാലിന്റെ ഭാര്യ കാര്‍ത്തികയുടെ പരിചയത്തില്‍ ആരുടെയോ ഒരു രണ്ടു നില വീട് അവിടെ തരപ്പെട്ടു കിട്ടി. അങ്ങനെ ഹോട്ടല്‍ ഒന്നും ബുക്ക്‌ ചെയ്യാതെ അവിടെ താമസിക്കാനുള്ള അവസരം കിട്ടി.

പിള്ളേരെയും കൊണ്ട് വിചാരിച്ച സമയത്ത് ഇറങ്ങാന്‍ പറ്റില്ല എന്നറിയാവുന്നതിനാല്‍, ഒരു രണ്ടു മണിക്കൂര്‍ മുന്‍പേ ഉള്ള സമയം ആണ് യാത്ര തിരിക്കേണ്ട സമയം ആയി അവരോടെഒക്കെ പറഞ്ഞത്... അതുകൊണ്ട് ഒരു ഏഴു മണിക്കെങ്കിലും ഇറങ്ങാന്‍ പറ്റി.

വഴിക്ക് വച്ച് , വണ്ടി നിര്‍ത്തി, മുട്ടത്തോരനും ബ്രെഡും കൂട്ടി എല്ലാവരും ശാപ്പാട് അടിച്ചു. ഏകദേശം ഒരു മണിയായപ്പോള്‍ വണ്ടി സേലം ടൌണില്‍ എത്തി. അവിടുന്ന് പിന്നെ കയറ്റം ആണ്. ഏര്‍ക്കാട് എത്താന്‍ ദൂരം കുറച്ചേ പിന്നെ ഉള്ളൂ എങ്കിലും നല്ല വളവും തിരിവുകളും ആണ്. ഇരുപതു ഹെയര്‍ പിന്‍ വളവുകള്‍ ഉണ്ടായിരുന്നു. ഒരു മൂന്നാലെണ്ണം കഴിഞ്ഞതോടെ, ചിലരൊക്കെ പ്ലാസ്റിക് കവര്‍ മുഖത്തോട് ചേര്‍ത്ത് വയ്ക്കാന്‍ തുടങ്ങി. മഹാ വികൃതി ആയിരുന്ന എബിന്‍ (മനോജിന്റെ മകന്‍) , പാവം, ഓക്കാനിച്ചു തളര്ര്നു കിടന്നുറങ്ങി.

ഏര്‍ക്കാട് ചെന്നതോടെ, പിന്നെ വീട് തപ്പല്‍ ആയി. തമിള്‍ നാട്ടില്‍ ചെല്ലുമ്പോള്‍ തമിഴനെ പോലെ തമിള്‍ പറയണ്ടേ..അതുകൊണ്ട് നമ്മളും പിന്നെ മുറി തമിഴ് പയറ്റാന്‍ തുടങ്ങി..

" അണ്ണാ ഇന്ത പക്കം ഒരു ലേയ്ക്ക് ഇരുക്ക്‌...അതുക്കു പക്കത്തിലെ ഒരു സ്കൂളും ഇരിക്കെ..അവിടെ പോകാന്‍ എന്ത വളി പോകണം. "

പിന്നെ ഒരു വിധം വീട് തപ്പി പിടിച്ചു. അടുത്ത് ഒരു മലയാളി ഹോട്ടലില്‍ നിന്നും ഉച്ച ഭക്ഷണവും വാങ്ങി . ഒന്ന് വിശ്രമിച്ച ശേഷം വൈകിട്ട് കറങ്ങാന്‍ പോകാം എന്ന് പ്ലാന്‍ ഇട്ടു. പിള്ളാര്‍ക്ക് പക്ഷെ അപ്പോള്‍ വിശ്രമം ഒന്നും ഇല്ലായിരുന്നു. ഇല്ലാവരും ഇന്ധനം നിറച്ചു തയ്യാറായി നിന്ന പാറ്റന്‍ ടാങ്ക് പോലെ ആ വീടിനെയും യുദ്ധക്കളം ആക്കി.

നമ്മുടെ കൂട്ടത്തിലെ അടിപൊളി കുക്ക് മനോജ്‌ ആയിരുന്നു. വൈകിട്ടത്തേയ്ക്ക് വേണ്ടി അവന്‍ ചിക്കനും മറ്റും ഉണ്ടാകി വച്ചു. പിന്നെ തേവാരങ്ങള്‍ ഒക്കെ കുളിയും ജപവും ഒക്കെ കഴിഞ്ഞു വന്നപ്പോള്‍, മണി ആറു കഴിഞ്ഞു. പിന്നെ വീണ്ടും വണ്ടിയില്‍ കയറി അടുത്തുള്ള "പഗോഡ പോയിന്റില്‍ " പോയപ്പോള്‍ അവിടെ വെട്ടം മങ്ങി തുടങ്ങിയിരുന്നു. നല്ല വെളിച്ചം ഉള്ളപ്പോള്‍ വന്നിരുന്നെങ്കില്‍ ഉയരത്തില്‍ നിന്നും ഉള്ള നല്ല കാഴ്ച കാണാമായിരുന്നു. പിന്നെ നമ്മുടെ ഒരു സമാധാനത്തിനായി കുറച്ചു പടങ്ങള്‍ എടുത്തിട്ട് തിരികെ അടുത്തുള്ള ടൌണില്‍ വന്നു.

ഏര്‍ക്കാട് പെര്‍ഫ്യുമുകള്‍ക്ക് പേര് കേട്ടതാണ്. അങ്ങനെ ഞങ്ങള്‍ ഒരു കടയില്‍ കയറി കുറെ ഏറെ പെര്‍ഫ്യുമുകള്‍ വാങ്ങി. റോസ്, ജാസ്മിന്‍ , ചന്ദനം അങ്ങനെ കുറെ ഏറെ തരത്തിലുള്ളവ ..

അന്ന് രാത്രി ശിവ രാത്രി പോലെ ആയിരുന്നു. രാവിലത്തെ യുദ്ധമേളം കാരണം പിള്ളേരൊക്കെ ക്ഷീണിച്ച് ഉറങ്ങി. ശാപ്പാട് കഴിഞ്ഞു, ഞങ്ങള്‍ എല്ലാവരും നടുക്കത്തെ മുറിയില്‍ സമ്മേളിച്ചു. പിന്നെ പഴയ കഥകളായി...അങ്ങോട്ടും ഇങ്ങോട്ടും പാര വെയ്പ്പുകളായി..പഴയ പ്രേമ കഥകള്‍ പറഞ്ഞു ഓരോരുത്തനെയും വട്ടിളക്കുന്ന പരിപാടികള്‍ ആയി ..അങ്ങിനെ സമയം പോയി. ചുറ്റും നിശബ്ദം ആയിരുന്നു എങ്കിലും, ഞങ്ങള്‍ ഇരുന്നിടത്ത് പൊട്ടിച്ചിരികള്‍ മാത്രമാണ് കുറെ നേരം മുഴങ്ങിയത്..എല്ലാവരും ഉറങ്ങിയപ്പോള്‍ ഏകദേശം രണ്ടു മണി എങ്കിലും ആയിക്കാണണം. .

പിറ്റേന്ന് രാവിലെ കറങ്ങാന്‍ പരിപാടി ഇട്ടെങ്കിലും, പലരുടെയും വയറു പണി മുടക്കി. അതൊക്കെ ഒന്ന് ശരിയാക്കി ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ മണി പന്ത്രണ്ടു കഴിഞ്ഞു. അവിടെ നിന്നും താമസിച്ച വീടിന്റെ ഓണറിന്റെ ഒരു എസ്റ്റേറ്റ്‌ കാണാന്‍ പോയി. അവിടെ വെച്ച് കുറെ ഏറെ ഫോട്ടോകള്‍ എടുത്തു. ..മരത്തില്‍ പിടിച്ചും പിടിക്കാതെയും..മരത്തിന്റെ താഴെ ഇരുന്നും.നിന്നും..പോസുകള്‍ക്കണോ പഞ്ഞം?

ഞങ്ങള്‍ നാല് പേരും ചേര്‍ന്ന്, പ്രി ഡിഗ്രിക്ക് പഠിക്കുമ്പോള്‍ , തിരുവനന്തപുരത്തെ വെള്ളനാട് എന്ന സ്ഥലത്ത് വെച്ച്, ഒരു പാറയുടെ മുകളില്‍ നിന്നും ഒരു ഫോട്ടോ എടുത്തായിരുന്നു. ആ പാറയുടെ താഴെ "മാന്‍ ജോസ് പക്രി" എന്നും എഴുതിയിട്ടുണ്ടായിരുന്നു. അതുപോലെ ഒരു ഫോട്ടോ ഇത്തവണയും എടുത്തു.. സുഹൃത്ത് ബന്ധത്തിന്റെ 20 - ആം വാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി.

അതൊക്കെ കഴിഞ്ഞു വീട്ടില്‍ തിരികെ വന്നപ്പോള്‍ പിന്നെ തിരികെ പോകാന്‍ സമയം ആയി. വൈകിട്ട് അഞ്ചു മണി അടുപ്പിച്ചു , ഞങ്ങളുടെ ഒഴിവു കാല വസതിയോടെ യാത്ര പറഞ്ഞു....നല്ല രണ്ടു ദിവസങ്ങളുടെ ഓര്‍മ്മകള്‍ മനസ്സില്‍ വച്ചുകൊണ്ട് ...

രാത്രി പന്ത്രണ്ടു മണി അടുപ്പിച്ചു എലാവരും ബാംഗ്ലൂരില്‍ തിരികെ എത്തി. എനിക്ക് പിറ്റേന്ന് ഓഫീസിലും പോകണം ആയിരുന്നു.

പിറ്റേന്ന് വൈകിട്ട് അവരെയൊക്കെ യേശ്വന്ത്പൂരിലെ റെയില്‍വേ സ്റെഷനില്‍ യാത്ര ആക്കി തിരികെ വന്നപ്പോള്‍ വീട് വീണ്ടും ഉറങ്ങിയ പോലെ തോന്നി ...പൂരം തീര്‍ന്ന പറമ്പ് പോലെ ആയിരുന്നു വീടിന്റെ കിടപ്പ്.

എല്ലാവരും തീര്‍ത്തും ആസ്വദിച്ച ദിവസങ്ങള്‍ ആയിരുന്നു അത്. മനസ്സിലുള്ള വിഷമങ്ങളെ ഒക്കെ തല്‍കാലം മാറി വച്ച്.. മനസ്സ് തുറന്നു ചിരിച്ച ദിവസങ്ങള്‍ ആയിരുന്നു അത്.. അതുപോലുള്ള ദിനങ്ങള്‍ ഇനിയും വരട്ടെ ... അങ്ങനെ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലല്ലോ ..

ജോസ്
ബാംഗ്ലൂര്‍
16- മേയ് -2010

2010, മേയ് 6

ദൈവമേ ..കനിയേണമേ ...
ഈ ഭൂമിയില്‍ എല്ലാക്കാലവും ജീവിക്കണം എന്ന് ആരെങ്കിലും ആശിക്കാറുണ്ടോ ? ഉണ്ടാവാന്‍ വഴിയില്ല .(അധികമായാല്‍ അമൃതും വിഷമല്ലേ .)
എന്നാല്‍ ഒരു തൊണ്ണൂറു വയസ്സ് വരെ എങ്കിലും ജീവിക്കണം എന്ന് മിക്കവാറും എല്ലാവരും ആഗ്രഹിക്കും . ഇല്ലേ ?

ഞാന്‍ ഈ ചോദ്യം പലപ്പോഴും എന്നോട് തന്നെ ചോദിക്കാറുണ്ട് ..എത്ര വയസ്സ് വരെ ജീവിച്ചിരിക്കണം?

നല്ല സന്തോഷത്തില്‍ ഇരിക്കുന്ന സമയം ആണെങ്കില്‍ തോന്നും...കുറെ ഏറെ നാള്‍ ജീവിക്കണം എന്ന്. എന്തെല്ലാം ആഗ്രഹങ്ങള്‍ ബാക്കി ഉണ്ട് . വീട്, കുടുംബം, കുട്ടികള്‍, അവരുടെ ഭാവി..അങ്ങനെ നീണ്ടു കിടക്കുന്നു ആഗ്രഹങ്ങളുടെ ലിസ്റ്റ് .

എന്നാല്‍ നന്നേ വിഷമിച്ചിരുക്കുന്ന സമയത്ത് ഈ ചോദ്യം ചോദിച്ചാല്‍ തോന്നും.. അയ്യോ വേണ്ട .അധിക കാലം ഒന്നും ജീവിച്ചിരിക്കണ്ട.. ഈ നിമിഷം ജീവന്‍ പോയാലും കുഴപ്പം ഇല്ല എന്നൊക്കെ
.
പക്ഷെ പിന്നെ ബോധം തെളിയുമ്പോള്‍ മനസ്സിലാവും ആ തോന്നലുകള്‍ ഒക്കെ ഒരു വിഡ്ഢിത്തം ആണെന്ന്.. വെറും ഭീരുത്വം ആണെന്ന് .. ജീവിതത്തിന്റെ കഠിനതകള്‍ സഹിക്കാന്‍ പറ്റാത്തവന്റെ ഒളിച്ചോട്ടം ആണെന്ന് .

ഇന്നലെ വരെ കുഴപ്പം ഒന്നും ഇല്ലായിരുന്ന ഈ ചെക്കന് ഇതെന്തു പറ്റി എന്ന് നിങ്ങള്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടാവും. പെട്ടന്ന് ഒരു താത്വികന്‍ ആവാന്‍ ഇവന് വല്ല അടി കിട്ടിയോ എന്നൊക്കെ ചിന്തിക്കാം ..പക്ഷെ ഞാന്‍ ഇതൊക്കെ എഴുതാനുള്ള കാരണം വേറെ ആണ്. ...സെബാസ്ത്യന്‍ അങ്കിള്‍ ..എന്റെ ഒരു അകന്ന ബന്ധു.. ഇതെഴുതുന്നത് അദ്ദേഹത്തിനു വേണ്ടി ആണ്.

അങ്കിളിന്റെ മകള്‍ സിമി എന്റെ ഒരു അനിയത്തിക്കുട്ടിയാണ്. ഇന്നലെ അവളെ വിളിച്ചപ്പോള്‍, അവള്‍, ആശുപത്രിയില്‍ അങ്കിളിന്റെ അടുത്തായിരുന്നു. ദേഹം മുഴുവന്‍ തളര്‍ത്തുന്ന മോട്ടോര്‍ ന്യൂരോണ്‍ ഡിസീസ് ബാധിച്ച അങ്കിള്‍ , ഇപ്പോള്‍ ജീവിതവും മരണവും തമ്മില്‍ ബന്ധിപ്പിക്കുന്ന നേര്‍ത്ത പാലത്തിലൂടെ നടക്കുകയാണ്.

ഒരു വര്‍ഷത്തിലേറെ ആയി ഈ അസുഖവുമായി അങ്കിള്‍ മല്ലിടാന്‍ തുടങ്ങിയിട്ട്. നാഡീ ഞരമ്പുകള്‍ ഒക്കെ ദ്രവിച്ച്, ചലന ശേഷിയും സംസാര ശേഷിയും ഒക്കെ അദ്ദേഹത്തിനു നഷ്ടപ്പെട്ടെങ്കിലും ജീവിക്കാനുള്ള ആഗ്രഹവും, പ്രതിസന്ധികളോട് പൊരുതാനുള്ള ആത്മ ധൈര്യവും അദ്ദേഹം കൈവിട്ടില്ല .

കഴിഞ്ഞ ഒരു മാസം ആയി കേരളത്തിലെ ഒരു ആശുപത്രിയില്‍ ICU വില്‍ ആണ് അദ്ദേഹം. ശ്വാസം എടുക്കാന്‍ പോലും പറ്റുന്നില്ല. അതിനു വേണ്ടി വെന്റിലേറ്റര്‍ കുറെ നാള്‍ ഉപയോഗിച്ചു. പിന്നെ ഇപ്പോള്‍ ആശുപത്രിയിലെ റൂമില്‍ കൊണ്ട് വന്ന ശേഷം, അതുപോലുള്ള ഒരു ചെറിയ ഉപകരണം വച്ചിരിക്കുകയാണത്രെ .

ഇന്നലെ ഫോണ്‍ ചെയ്തപ്പോള്‍ സിമി പറഞ്ഞു..

' ICU വില്‍ കിടന്നു ഇത്ര നാള്‍ വേദന തിന്നു എങ്കിലും ഡാഡി ഒരു നിമിഷം പോലും 'ഇനി എനിക്ക് ജീവിക്കണ്ട " എന്ന് പറഞ്ഞില്ല. ഒക്കെ ശരിയായി , ഇനിയും ജീവിച്ചു തീര്‍ന്നിട്ടില്ലാത്ത ജീവിതത്തിലേക്ക് തിരികെ വരാന്‍ ആവും എന്നാണ് ഡാഡിയുടെ വിചാരം. "

ആ വാക്കുകള്‍ എന്നെ ഒത്തിരി ചിന്തിപ്പിച്ചു. .. അങ്കിളിന്റെ ആ വിഷമ അവസ്ഥയെക്കുറിച്ച് ഒന്നോര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചു... ആ ശ്രമം തന്നെ വിഷമിപ്പിക്കുന്നതായിരുന്നു..

എല്ലാം അവസാനിക്കാറായി എന്നറിയുമ്പോഴും..ജീവിച്ചു തീര്‍ന്നില്ല എന്നറിയുമ്പോഴും.. പുല്‍കാന്‍ വെമ്പുന്ന മരണം അടുത്ത് നില്കുന്നു എന്നറിയുമ്പോഴും.. ജീവിക്കാനുള്ള ആഗ്രഹവുമായി ഓരോ നിമിഷവും തള്ളി നീക്കേണ്ടി വരുക,..ഒരു വല്ലാത്ത അവസ്ഥയാണ് ..

സിമിയെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പറയേണ്ട ഔചിത്യമാര്‍ന്ന വാക്കുകള്‍ പോലും എന്റെ നാവില്‍ വന്നില്ല ..

പിന്നെ പറഞ്ഞു.. ഇനിയുള്ള നിമിഷങ്ങള്‍..അങ്കിളിന്റെ ഒപ്പം കഴിയുക.. പ്രാര്‍ഥിക്കുക ..അല്ലാതെ ഞാന്‍ എന്ത് പറയാന്‍..

പ്രാര്‍ഥിക്കുമ്പോള്‍ എന്ത് ചോദിക്കാന്‍? അസുഖം ഭേദമാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരണേ എന്നോ ? അതോ കഷ്ടപ്പാടുകള്‍ അവസാനിപ്പിച്ചു ദൈവ സന്നിധിയിലേക്ക് വിളിക്കണേ എന്നോ ?

അതുപോലും.. ആര്‍ക്കും എടുക്കാന്‍ കഴിയാത്ത തീരുമാനം ആണ്...

പക്ഷെ ഞാന്‍ പ്രാര്‍ഥിച്ചു .. ദൈവമേ കനിയേണമേ..അങ്കിളിനെ ഈ അവസ്ഥയില്‍ നിന്നും കൈ പിടിച്ചു നടത്തേണമേ....അത് എങ്ങനെ വേണം എന്ന് തീരുമാനിക്കാണോ ചോദിക്കാനോ ഞാന്‍ ആളല്ല .അത് ദൈവം തന്നെ തീരുമാനിക്കട്ടെ


ജോസ്
ബാംഗ്ലൂര്‍
6-മേയ്- 2010