2012, ഏപ്രിൽ 9

ചൂളമടിക്കാതെടാ മക്കളെ ...

"ഡാ ...വെറുതെ ചൂളമടിക്കാതെടാ ..അതൊക്കെ ചെയ്യുന്നതേ...അഴുക്ക പിള്ളേരാ...നല്ല കൊച്ചുങ്ങള്‍ ഒന്നും അങ്ങനെ ചെയ്യില്ല "

ഈ പ്രസ്താവന കൊച്ചിലെ ഞാന്‍ എത്ര തവണ കേട്ടിരിക്കുന്നു. പ്രത്യേകിച്ച് വല്യമ്മച്ചി ഉണ്ടായിരുന്നപ്പോള്‍. എന്നാലും ഞാന്‍ ആരും കാണാതെ ചൂള മടിക്കുമായിരുന്നു.. വെറുതെ പൂവാലന്മാരെ പോലെ 'ശൂ ..ശൂ' എന്നൊന്നും അല്ല..മലയാളവും ഹിന്ദിയും ഒക്കെ വെച്ച് കാച്ചി നല്ല പാട്ടാണ് ഞാന്‍ചൂള മടിച്ചു പാടുമായിരുന്നത്.അത് തികച്ചും പാരമ്പര്യം ആയി കിട്ടിയ ഒരു വാസന എന്ന് വേണം പറയാന്‍. എന്‍റെ അപ്പച്ചന്‍  നന്നായി ചൂള മടിച്ചു പാടുമായിരുന്നു . അല്ലാതെയും പാടുമായിരുന്നു. ഞങ്ങളൊക്കെ നന്നായി ആസ്വദിച്ചിരുന്നത് അപ്പച്ചന്റെ ഉറക്കത്തിലുള്ള പാട്ടും ചൂളമടിയും ഒക്കെയാണ്. പഴയ തമിഴും, ഹിന്ദിയും, മലയാളവും ഗാനങ്ങള്‍ നല്ല സുന്ദരമായി അപ്പച്ചന്‍ പാടും. അതും നല്ല ഉറക്കത്തില്‍.  അന്നൊന്നും അതൊക്കെ റെക്കോര്‍ഡ്‌ ചെയ്യാന്‍ മൊബൈല്‍ പോയിട്ട് ഒരു ടേപ്പ് പോലും ഇല്ലായിരുന്നു.


അപ്പച്ചന്‍ പകലൊക്കെ ചൂള മടിച്ചാല്‍ വല്യമ്മച്ചി  പതിയെ പിറുപിറുക്കും...

"അതെങ്ങനാ...വലിയര്‍ കാണിക്കുന്നത് കണ്ടല്ലേ കൊച്ചുങ്ങള്‍ പഠിക്കുന്നത്.. "

ഞാനും ചേട്ടന്മാരും ഒക്കെ ചൂള മടിക്കുന്നത് കേട്ടിട്ടാണ് വല്യമ്മച്ചി അങ്ങനെ പറയുന്നത്.

ചൂള മടിച്ചു പാട്ട് പാടുന്നത് മോശമല്ല എന്ന് പിന്നീട് എനിക്ക്  മനസ്സിലായി. ടെലിവിഷനില്‍ ആളുകള്‍ ചൂളമടിച്ചു കച്ചേരി വരെ നടത്തിയിട്ടുണ്ട്. അപ്പൊ പിന്നെ ഞാന്‍ ആരെയും ഉപദ്രവിക്കാതെ ചൂള മടിച്ചു ഒരു പാടു പാടിയാല്‍ എന്നതാ കുഴപ്പം?കഹനാ ഹീ ക്യാ ....

വല്യമ്മച്ചിയുടെ മരണ ശേഷം പിന്നെ ചൂളമടിയെക്കുറിച്ച് ആരും വഴക്ക് പറയാതെ ആയി. വര്‍ഷങ്ങള്‍ കഴിഞ്ഞ് IIT  റൂര്‍ക്കിയില്‍ ജിയോളജി  പഠിക്കാന്‍ ചെന്നപ്പോള്‍ , അവിടെ എന്‍റെ ചൂളമടി കേട്ട കൂട്ടുകാര്‍ ഒന്നാം വര്‍ഷക്കാരെ വരവേല്‍ക്കാന്‍ ഉള്ള പ്രോഗ്രാമില്‍ എന്നെയും പിടിച്ചിട്ടു. പ്രത്യേക ഇനം ആയി എന്‍റെ ചൂള മടിയും. അതിന്റെ തെളിവായും ഓര്‍മ്മയായും ഒരു ഫോട്ടോ മാത്രമേ ഉള്ളൂ. അതാണ്‌ മേളില്‍ കൊടുത്തിരിക്കുന്നത്‌.  അന്ന് A .R  റഹ്മാന്‍ സംഗീതം കൊടുത്ത 'കഹനാ ഹീ ക്യാ ' എന്ന പാട്ടാണ് ഞാന്‍ ചൂളമടിച്ചു പാടിയത്. (കൊച്ചിലെ ഒരിക്കല്‍ പാടാന്‍ സ്റ്റേജില്‍ കയറി തല കറങ്ങുന്ന പോലെ തോന്നിയതിനു ശേഷം പിന്നെ ആദ്യമായായിരുന്നു അന്ന് സ്റ്റേജില്‍ ചെന്ന് നിന്നത് ). അന്ന് പാടിയ പോലെ ഒന്ന് പാടാന്‍ ഇപ്പോള്‍ ശ്രമിച്ചു നോക്കി. ശ്വാസം പിടിക്കാന്‍ പറ്റുന്നില്ല. എന്നാലും ഒരു വിധം ഒപ്പിച്ചു ..ദേ താഴെ കൊടുത്തിരിക്കുന്നു.

കഹനാ ഹീ ക്യാ
  (കേള്‍ക്കാന്‍ പേജിന്‍റെ ഏറ്റവും  താഴെയുള്ള   streampad  എന്ന ഓഡിയോ പ്ലെയര്‍ ബാറില്‍ ഞെക്കണം ....)


പലപ്പോഴും വഴിയിലൂടെ ഒക്കെ എന്‍റെതായ ലോകത്തില്‍ മുഴുകി നടക്കുമ്പോള്‍ അറിയാതെ ചൂള മടിച്ചു ചില പാട്ടുകള്‍ പാടിപ്പോകും. പിന്നെ ആളുകള്‍ നോക്കുന്നു എന്ന് അറിയുമ്പോള്‍ ആണ് അത് നിര്‍ത്തുന്നത്. ഏതായാലും  പൂവാലന്മാരെ പോലെ അല്ല ചൂളം അടിക്കുന്നത് എന്നത് കൊണ്ട് അടി കിട്ടും എന്ന പേടി ഇല്ല.

പണ്ടൊക്കെ സ്ഥിരം പാടുമായിരുന്ന ചില പാട്ടുകള്‍ അന്നത്തെപ്പോലെ ഒപ്പിക്കാന്‍ ഒരു ശ്രമം നടത്തുന്നു ഇവിടെ. 

രാമാ രാമാ  

സുമംഗലീ നീ ഓര്‍മ്മിക്കുമോ  

സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍  

അല്ലിയാമ്പല്‍ കടവിങ്കല്‍  

നയനാ ബോലേ നയനാ . 

പാടാത്ത വീണയും പാടും  

കാതല്‍ റോജാവേ  


ജോസ്
ബാംഗ്ലൂര്‍
09  ഏപ്രില്‍ 2012    

(ചില ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ )