2010, ഡിസംബർ 31

കണക്കെടുപ്പ് ...


ഒരു വെള്ളക്കടലാസും ഒരു പേനയുമായി ഞാന്‍ എന്‍റെ പഠന മുറിയില്‍ പോയി ഇരുന്നു. 2010 വിട വാങ്ങാന്‍ നിമിഷങ്ങള്‍ മാത്രം.

കോച്ചി
പ്പിടിക്കുന്ന തണുപ്പത്തും ആവേശം കൈവിടാതെ പുറത്തെവിടെയൊക്കെയോ ആളുകള്‍ 2011 നെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്.

മുറിയിലെ C. F. L ബള്‍ബിന്‍റെ വെളിച്ചത്തില്‍ ഞാന്‍ എന്‍റെതായ ലോകത്ത് മുഴുകി . 2010 വിട പറയും മുന്‍പേ ഒരു വാര്‍ഷിക കണക്കെടുപ്പ് നടത്താന്‍.. ലാഭ നഷ്ടങ്ങളുടെയും, സുഖ ദുഃഖങ്ങളുടെയും കണക്കെടുക്കാന്‍. ..ഒന്നിനും വേണ്ടിയിട്ടല്ല..വര്‍ഷം മുഴുവന്‍ തന്ന സൌഭാഗ്യങ്ങള്‍ക്കു ദൈവത്തോട് നന്ദി പറയാന്‍, പ്രതി സന്ധികളില്‍ തളരരുത് എന്ന് മനസ്സിനോട് വീണ്ടും വീണ്ടും പറയാന്‍...

ഒടുവില്‍ കണക്കെടുത്തു....സുഖങ്ങളോ ദുഃഖങ്ങളോ കൂടുതല്‍? അറിയില്ല. എല്ലാം ആപേക്ഷികം അല്ലെ?

2010 ജീവിതത്തിലേക്ക് ഏറെ അനിശ്ചിതത്വം കൊണ്ട് വന്നു. ഫെബ്രുവരിയില്‍ ലീനയ്ക്ക് ഡയാലിസിസ് തുടങ്ങി. .ജീവിതം ഒരു യന്ത്രത്തിന്‍റെ ദയയില്‍. ..നേരത്തെ തന്നെ ഡോക്ടര്‍ ഡയാലിസിസ് വേണ്ടി വരും എന്ന് പറഞ്ഞിരുന്നു എങ്കിലും, അത് യാഥാര്‍ത്ഥ്യം ആയപ്പോള്‍, അതുമായി മാനസികമായി പൊരുത്തപ്പെടാന്‍ കുറച്ചു നാള്‍ വേണ്ടി വന്നു.

ഹിമോഗ്ലോബിന്‍ കുറഞ്ഞും, നിമോണിയ വന്നും നാലഞ്ചു തവണ ആശുപത്രി വാസം വേണ്ടി വന്നപ്പോള്‍ ലീനയുടെ ശാരീരിക സ്ഥിതി നന്നേ മോശമായി. ഞങ്ങള്‍ രണ്ടും നന്നേ വലഞ്ഞു.

കിഡ്നി ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ എന്‍റെ കിഡ്നി എടുക്കാം എന്ന് കരുതി കുറെ ടെസ്റ്റുകള്‍ ചെയ്തതാണ്. പിന്നെ അറിഞ്ഞു എനിക്കും രക്ത സമ്മര്‍ദ്ദം കൂടുതലാണ് എന്ന്. അതിനാല്‍ എന്നെ ഡോണര്‍ ആയി പരിഗണിച്ചില്ല .

ഇതിനൊക്കെ പുറമേ, കുടുംബത്തില്‍ കാന്‍സറും അതിഥി ആയി എത്തി. എന്‍റെ ഇളയ ചേച്ചിക്ക്.. ആദ്യം എല്ലാവര്‍ക്കും അതൊരു ഷോക്ക് ആയിരുന്നു. പിന്നെ, ആദ്യത്തെ ഞെട്ടലും പേടിയും പൊട്ടിക്കരച്ചിലുകളും , അടക്കാനാവാത്ത നൊമ്പരങ്ങളും ഒക്കെ പതിയെ മാറാന്‍ തുടങ്ങി. കീമോ തെറാപ്പിയും, റേഡിയേഷനും ഒക്കെ മറ്റെന്തിനെപ്പോലെയും ഒരു പതിവ് സംഭവം ആയി. കാലത്തിനു മായ്ക്കാന്‍ പറ്റാത്ത മുറിവുകള്‍ ഒന്നുമില്ല എന്ന് പറയുന്നത് ശരി തന്നെ..

വിട വാങ്ങും മുന്‍പ് 2010 ഒന്നുകൂടി പ്രഹരം ഏല്‍പ്പിച്ചിട്ടാണ്‌ പോയത്. നിമോണിയ വന്നു ലീന നല്ല ക്രിട്ടിക്കല്‍ ആയി രണ്ടാഴ്ച ആശുപത്രിയില്‍ കിടന്നു. ഡോക്ടര്‍മാര്‍ പോലും ഉറപ്പിച്ചൊന്നും പറയാന്‍ ആവാതെ വിഷമിച്ചു. ..എന്‍റെ ശുഭ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കും പോലെ . അതെ സമയത്ത് നാട്ടില്‍, എന്‍റെ മൂത്ത ചേട്ടന്‍, തോളെല്ല് പൊട്ടി കിടപ്പായി. റോഡിലെ ഗട്ടറില്‍ വണ്ടി മറിഞ്ഞാണ് അത് പറ്റിയത്. ഇപ്പോള്‍ തോളില്‍ ലോഹം കൊണ്ടുള്ള ബോള്‍ട്ട് ഇട്ട്, ഫിസിയോ തെറാപ്പിയും ആയി കഴിയുന്നു.

അങ്ങനെ, ക്രിസ്മസിന്‍റെ ആഹ്ലാദത്തെ തണുപ്പിച്ചു കളഞ്ഞ ഒരു ഡിസംബര്‍ ആയിരുന്നു ഇത്തവണത്തേത്.

2010 തന്ന ദുഖങ്ങളെ മേല്‍പ്പറഞ്ഞ രീതിയില്‍ ചുരുക്കി എഴുതിയതാണ്. അവയൊക്കെ ഏല്‍പ്പിച്ച ആഘാതം ഇതില്‍ പറഞ്ഞതിന്റെ ഒക്കെ എത്രയോ മടങ്ങ്‌ വലുതാണ്‌. വാക്കുകള്‍ക്കൊക്കെ എത്രയോ അപ്പുറം.

കണക്കു പറയുമ്പോള്‍ സുഖങ്ങളുടെയും സന്തോഷത്തിന്‍റെയും കണക്കുകള്‍ അവസാനം പറയുന്നതാണ് നല്ലത്. പുതു വര്‍ഷാരംഭം നല്ല കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാവട്ടെ.

2010 ലെ ഏറ്റവും നല്ല കാര്യം, ഞങ്ങളുടെ പുതിയ വീടാണ്. ബാംഗ്ലൂരില്‍ നഗര മദ്ധ്യത്തില്‍ തന്നെ, ജോലി സ്ഥലത്തിന്‍റെ അടുത്തായി ,ഒരു ഒഴിഞ്ഞ കോണില്‍ ഒരു കൊച്ചു വീട്. വാടക കൊടുക്കാതെ സ്വന്തമായ വീട്ടില്‍ താമസിക്കാന്‍ പറ്റുക എന്നത് തീര്‍ച്ചയായും ഒരു അനുഗ്രഹം തന്നെ ആണ്.

നിമോണിയ കഠിനമായി തളര്‍ത്തിയിട്ടും, നല്ല രീതിയില്‍ ലീനയ്ക്ക് തിരിച്ചു വരാന്‍ സാധിച്ചത് തീര്‍ച്ചയായും മറ്റൊരു ദൈവ അനുഗ്രഹം ആണ്. ഡോക്ടര്‍മാര്‍ ആ രീതിയില്‍ ഒക്കെ ആയിരുന്നല്ലോ സംശയം പ്രകടിപ്പിച്ചിരുന്നത്.

ഞാന്‍ ജോലി ചെയ്യുന്ന കമ്പനി ( റോയല്‍ ഡച്ച് ഷെല്‍ ) എന്നെ സാമ്പത്തികമായും മാനസികമായും എന്തുമാത്രം സഹായിച്ചു എന്നത് എടുത്തു പറയേണ്ട കാര്യം ആണ്. ഒരു നേരം ഡയാലിസിസ് ചെയ്യാന്‍ കാശില്ലാത്ത എത്രയോ പേര്‍ ഉണ്ട്. മെഡിക്കല്‍ ചെലവുകള്‍ ഭീമമായി വര്‍ദ്ധിച്ചപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ എന്നെ സഹായിച്ചത്, കമ്പനിയുടെ നല്ല പോളിസികളും, എന്‍റെ മാനേജര്‍മാരുടെ നല്ല മനസ്സും.

" ദൈവം എടുക്കാന്‍ പറ്റുന്ന ഭാരങ്ങളും, സഹിക്കാന്‍ പറ്റുന്ന ദുഃഖങ്ങളും, പിടിച്ചു നില്‍ക്കാന്‍ പറ്റുന്ന പ്രതിസന്ധികളും ഒക്കെയേ തരൂ എന്ന് എന്‍റെ ഒരു സുഹൃത്ത് പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കും.

നാട്ടില്‍ നിന്നും എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ അവരുടെ കുടുംബവുമായി ഞങ്ങളെ സന്ദര്‍ശിച്ചതും, അവരോടൊപ്പം ഒരു ഏര്‍ക്കാട് സന്ദര്‍ശനം നടത്തിയതും ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നു. നല്ല രീതിയില്‍ സന്തോഷിച്ച രണ്ടു ദിവസങ്ങള്‍ ആയിരുന്നു അത്. അതുപോലെ ഒരു യാത്ര ഇനി എപ്പോള്‍? അറിയില്ല. അതിനു വേണ്ടി നേരത്തെ ഒന്നും പദ്ധതി ഇടുന്നില്ല...

ഇതൊന്നും അല്ലാതെ അല്ലറ ചില്ലറ സുഖങ്ങളും ദുഃഖങ്ങളും ഒക്കെ വേറെയും ഉണ്ടായിരുന്നു. എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവുന്ന പോലെ.

അടുത്ത വര്‍ഷം എങ്ങനെ ആവും? മറ്റുള്ളവരെപ്പോലെ തന്നെ ഏറെ ശുഭ പ്രതീക്ഷകളുമായി ഞാനും 2011 നെ വരവേല്‍ക്കുന്നു.

വര്‍ഷാരംഭത്തില്‍ ഉള്ള പോലെ പ്രതിജ്ഞകള്‍ ഒന്നും ഇല്ല . എടുത്തിട്ടു പാതി വഴി വച്ച് മുടക്കുന്നതല്ലേ പതിവ്. പ്രതിജ്ഞ ഒന്നും എടുക്കില്ല എന്ന പ്രതിജ്ഞയാണ് ഇത്തവണത്തേത്.

സുഖ ദുഖങ്ങളുടെ ഇഴുകിച്ചേര്‍ന്നുള്ള ഒരു യാത്രയാണ് ജീവിതം എന്ന തത്വം വീണ്ടും വീണ്ടും മനസ്സിലാക്കിപ്പിച്ച വര്‍ഷമാണ്‌ കടന്നു പോയത്. അത് പഠിപ്പിച്ച പാഠം ഉള്‍ക്കൊണ്ടു എങ്കിലും, ദുഃഖ ഭാരങ്ങള്‍ കുറച്ചൊന്നു കുറയ്ക്കണേ ദൈവമേ എന്ന് ഒരു അപേക്ഷ മനസ്സില്‍ നിന്നും അറിയാതെ ഉയരുന്നു.

ശുഭ പ്രതീക്ഷകളോടെ

ജോസ്
ബാംഗ്ലൂര്‍
31- ഡിസംബര്‍ - 2010

2010, ഡിസംബർ 16

കൈക്കൂലി.. ആദ്യത്തെയും..അവസാനത്തെയും....


"ആറ്റുകാലമ്മച്ചിയാണെ സത്യം എന്‍റെ പൊന്നു മക്കളെ ..ആ വില്ലേജാപ്പീസറില്ലേ ..അവന്‍ ..അറത്ത കൈയ്ക്ക് ഉപ്പു തേയ്ക്കാത്ത മഹാ കൈക്കൂലിപ്പാവി ആണ് മോനെ "

മേല്‍പ്പറഞ്ഞ മാതിരി ഉള്ള രോദനങ്ങള്‍ എത്ര പ്രാവശ്യം കേട്ടിരിക്കുന്നു. പല പല കാര്യങ്ങളില്‍ നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങളെ പിന്നിലാക്കിയേക്കാമെങ്കിലും , കൈക്കൂലിയുടെ കാര്യത്തില്‍ നമ്മള്‍ ഇപ്പോഴേ ബഹുദൂരം മുന്‍പില്‍ തന്നെ ആണ്. .

'കേസില്‍ നിന്നും തടി തപ്പാന്‍ പോലീസിനു കൈമടക്ക്‌. ..'

ഗവര്‍ന്മെന്റ് ഓഫീസില്‍ ഫയലുകള്‍ നീങ്ങാന്‍ ഒഫിസര്‍ക്കും ശിങ്കിടികള്‍ക്കും കിമ്പളം ...'

പോസ്റ്റ്‌ മോര്‍ട്ടം റിസള്‍ട്ട് തിരുത്താന്‍ ഡോക്ടര്‍ക്ക് കൈക്കൂലി ..'

അങ്ങനെ , വേണമെങ്കില്‍ കൈക്കൂലിയെപ്പറ്റി ഒരു പ്രബന്ധം തന്നെ എനിക്ക് തയ്യാറാക്കാം. കൈക്കൂലിയെപ്പറ്റി പറയാന്‍ ഇവനാരെടാ? അഭിനവ മഹാത്മാ ഗാന്ധിയോ? അങ്ങനെ നിങ്ങളില്‍ ആരെങ്കിലും ചോദിച്ചേക്കാം ..

അയ്യോ ... ഞാന്‍ ഒരു പാവം സാധാരണക്കാരന്‍. ജീവിത വൃത്തിയ്ക്കായി ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു സാധാരണക്കാരന്‍. ജീവിച്ചു പോകാനായി ഞാനും പല തവണ കൈക്കൂലി കൊടുത്തിട്ടുണ്ട്...കൊടുക്കേണ്ടി വന്നിട്ടുണ്ട് എന്ന് പറയുന്നതാവും ശരി.

'സ്കോളര്‍ഷിപ്പ് കിട്ടാനായി, വില്ലേജ് ആഫീസില്‍ നിന്നും കിട്ടണ്ട സര്‍ട്ടിഫിക്കറ്റിനായി അവിടത്തെ സാറിനു കൈമടക്ക്‌ കൊടുത്തിട്ടുണ്ട് (കൈമടക്ക്‌ പ്രതീക്ഷിച്ചു വീട്ടില്‍ വന്ന അദ്ദേഹത്തോട് ആദ്യം തന്നെ സര്‍ട്ടിഫിക്കറ്റു ചോദിച്ചപ്പോള്‍ എന്തൊക്കെയോ നിയമ തടസ്സങ്ങള്‍ ഉണ്ടെന്നു പറഞ്ഞു. പിന്നെ കൈമടക്ക്‌ കൊടുത്തപ്പോള്‍ തടസ്സങ്ങള്‍ ഒക്കെ കാറ്റില്‍ പറത്തി ഉളുപ്പൊന്നും ഇല്ലാതെ അദ്ദേഹം ബാഗില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് എടുത്തു തന്നു )

പാസ്സ്പോര്‍ട്ട് വെരിഫിക്കേഷന് വരുന്ന പോലിസ് അണ്ണന് , 'അംഗീകൃത റേറ്റില്‍' ഉള്ള കിമ്പളം കൊടുത്തിട്ടുണ്ട് .. (ഞാന്‍ മറന്നപ്പോഴും..പാവം അണ്ണന്‍ മറക്കാതെ കൊടും തണുപ്പിനെ പോലും അവഗണിച്ചു എന്‍റെ ഹോസ്റ്റല്‍ മുറിയില്‍ വന്നു സന്തോഷത്തോടെ എല്ലാം വെരിഫൈ ചെയ്തു പോയി )

ഇയിടെ ബാംഗ്ലൂരിലെ ട്രാഫിക് പോലിസ് എന്‍റെ വണ്ടി പിടിച്ചു. കുറ്റം.. പൊള്യൂഷന്‍ സര്ട്ടിഫിക്കട്ടിന്‍റെ കാലാവധി കഴിഞ്ഞു ഒരു ദിവസം ആയിട്ടും ഞാന്‍ പുതുക്കിയില്ല.. പിന്നെ ഇന്നലെ വരെ വണ്‍്വേഅല്ലായിരുന്ന റോഡ്‌ അന്ന് വൈകിട്ട് വണ്‍് വേ ആയതു കാരണം. ..എന്‍റെ വണ്ടി അറിയാതെ തെറ്റായ സൈഡില്‍ കയറി..നമ്മടെ പോലീസണ്ണന്‍ ആയിരം രൂപ ചോദിച്ചു.. പിന്നെ മുന്നൂറു രൂപയില്‍ 'ഒതുക്കി' . എനിക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ട സമയവും ആയിപ്പോയിരുന്നു. ( ആദര്‍ശവാനായ അണ്ണന്‍ അന്ന് എന്‍റെ പൈസയില്‍ വീട്ടില്‍ ചിക്കന്‍ വാങ്ങിക്കാണും. പാവം ...കഴിക്കട്ടെ. വയറു നിറയെ കഴിക്കട്ടെ )

ഡ്രൈവിംഗ് പഠിക്കാന്‍ ചെന്നപ്പോള്‍ ലൈസന്‍സ് എടുക്കാനും കൂടി ചേര്‍ത്തു സ്കൂളില്‍ പൈസ കൊടുത്തു. ആ പൈസ ആര്‍ . ടീ ഓഫിസിലെ ഓഫിസര്‍ മാമനും കൂടി പോയതിനാല്‍, ഡ്രൈവിംഗ് ടെസ്റ്റ്‌ പോലും എടുക്കാതെ ലൈസന്‍സും കിട്ടി.

'കൈക്കൂലിയെക്കുറിച്ച് പ്രസംഗിക്കാന്‍ , അത് പ്രോത്സാഹിപ്പിക്കുന്ന നിനക്ക് എന്തവകാശമെന്ന് നിങ്ങളില്‍ പലരും ചോദിക്കാം.. ചോദിക്കണം.. '

ശരിയാണ് സുഹൃത്തേ.. കൈക്കൂലി കൊടുക്കുന്നത് സ്വയം നിര്‍ത്തുന്നത് വരെ .അതെക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കാന്‍ എനിക്കവകാശം ഇല്ല . ( എന്നാലും എന്‍റെ കയ്യില്‍ നിന്നും.. കൈക്കൂലിപ്പാവികളായ അണ്ണന്മാര്‍ക്ക് കൊടുക്കാന്‍ തുട്ടുകള്‍ ഇറങ്ങുമ്പോള്‍ നെഞ്ച് വിങ്ങും.. കഴിഞ്ഞ ആഴ്ചയും അങ്ങനെ പൈസ പോയ വേദനയില്‍ എഴുതുന്നതാണിത്. )

പക്ഷെ ..മനസ്സില്‍ തികട്ടി വരുന്ന വേറൊരു അനുഭവം ഉണ്ട്....എനിക്ക് കൈക്കൂലി വാങ്ങേണ്ടി വന്ന അവസരം. ..വാങ്ങിയത് കൈക്കൂലി ആണ് എന്ന് തിരിച്ചറിവ് ആവും മുന്‍പ് നടന്നത്..

'സര്‍ക്കാര്‍ ആപ്പീസില്‍ ജോലി ഇല്ലാത്ത ഇവനും കിമ്പളം വാങ്ങിയോ? '
നിങ്ങള്‍ ഇങ്ങനെ ആലോചിച്ചു തല പുണ്ണാക്കണ്ട. ഞാന്‍ പറയാം.

ഏകദേശം 23 വര്ഷം മുന്‍പ്.. ഹൈ സ്കൂളില്‍ പഠിക്കുന്ന കാലം. സ്റ്റാമ്പ് ശേഖരണം എന്ന വിനോദം തലയില്‍ പിടിച്ചിരിക്കുന്ന സമയം. കൂട്ടുകാരോടും, പരിചയക്കാരോടും ഒക്കെ ഇരന്നും. ..പിന്നെ കുറച്ചു തുട്ട് ഇറക്കിയും..സ്റ്റാമ്പുകള്‍
ഞാന്‍ ശേഖരിക്കുമായിരുന്നു. വഴിയില്‍ വല്ല സായിപ്പിനെയോ മദാമ്മയെയോ കണ്ടാലും, ഫോറിന്‍ സ്റാമ്പ് കിട്ടും എന്ന പ്രതീക്ഷയില്‍ അവരുടെ അടുത്തും പോയി ചോദിക്കുമായിരുന്നു..മുറി ഇംഗ്ലിഷില്‍. .( കിലുക്കത്തില്‍ ജഗതി പറയുന്ന പോലെ ..കാണാപാഠം പഠിച്ച രണ്ടു മൂന്നു വരികള്‍.. ഹല്ലോ മാഡം..ഹൌ ആര്‍ യൂ ..കാന്‍ ഐ ഹാവ് സം സ്റ്റാമ്പ്സ് ..എന്നൊക്കെ . ചിലര്‍ ചിരിച്ചു കൊണ്ട് പോകും. ചിലര്‍ എന്തെങ്കിലും ദേഷ്യത്തില്‍ പറയും. ..തെറി ആണോ എന്ന് മനസ്സിലാക്കാനുള്ള ഇംഗ്ലിഷ് പരിജ്ഞാനം അന്നില്ലായിരുന്നു ) .അതൊക്കെ അന്നത്തെ ഒരു ഹരം.

അപൂര്‍വങ്ങളായ സ്റ്റാമ്പുകള്‍ ശേഖരത്തില്‍ ഉണ്ടാവുന്നത് ഒരു ഗമയാണ്‌. ത്രികോണ സ്റ്റാമ്പ് , വട്ടത്തിലെ സ്റ്റാമ്പ് , തിരുവിതാം കൂറിന്‍റെ സ്റ്റാമ്പ് , ഇന്ത്യയിലെ ആദ്യത്തെ സ്റ്റാമ്പ് അങ്ങനെ പലതും അപൂര്‍വങ്ങളായ സ്റ്റാമ്പുകള്‍ ആണ്. ഇതില്‍ കുറച്ചൊക്കെ എന്‍റെ കയ്യിലും ഉണ്ട്.

ഗാന്ധിജിയും നെഹ്രുവും കൂടി ഒരുമിച്ചിരിക്കുന്ന ഒരു സ്റ്റാമ്പ് ഉണ്ട്. അത് എന്‍റെ കയ്യില്‍ ഇല്ലായിരുന്നു. ഞാന്‍ അത് കുറെ ഏറെ നോക്കി നടന്ന ഒന്നായിരുന്നു. എന്‍റെ ക്ലാസിലെ പോപ്പിന്‍ വിന്‍സന്റ്റ് എന്ന പയ്യ ന്‍റെ കയ്യില്‍ അത് ഒരിക്കല്‍ ഞാന്‍ കണ്ടു. ഞാന്‍ അവനോടു കെഞ്ചിപ്പറഞ്ഞു....അതെനിക്ക് തരാന്‍. ...അവനാരാ മോന്‍....അവന്‍ വലിയ ഗമയില്‍ പറഞ്ഞു...തരത്തില്ല എന്ന്. എന്നെങ്കിലും കിട്ടും എന്ന പ്രതീക്ഷയില്‍ ഞാനും ഇരുന്നു.

ക്ലാസ്സിലെ ലീഡര്‍ ഞാന്‍ ആയിരുന്നു. ഒരു ദിവസം, പോപ്പിന്‍ , അവന്റെ സ്റ്റാമ്പ് ശേഖരം ക്ലാസില്‍ കൊണ്ട് വന്ന ദിവസം..എനിക്കൊരു അവസരം കിട്ടി.

ഗബ്രിയേല്‍ സാറിന്റെ ക്ലാസ്സിന്റെ സമയത്ത്..സാറിനു വെളിയില്‍ എവിടെയോ പോവേണ്ടി വന്നപ്പോള്‍, സാര്‍ എന്നോട് പറഞ്ഞു...

"ജോസ്..ഞാന്‍ വരുന്ന വരെ ആരും ബഹളം ഒന്നും ഉണ്ടാക്കാതെ നോക്കണം. സംസാരിക്കുന്നവരുടെ പേരുകള്‍ എഴുതി ഞാന്‍ വരുമ്പോള്‍ തരണം. അവന്മാരെ ഒക്കെ ഞാന്‍ ശരിയാക്കിക്കോളാം "

ഗബ്രിയേല്‍ സാറിന്റെ ചൂരല്‍ കാണുമ്പോഴേ ചിലരുടെ മുട്ട് വിറയ്ക്കും. അങ്ങനത്തെ അടിയാണ് സാര്‍ തരാരുള്ളത്‌. ( എനിക്ക് ഒരിക്കല്‍ കയ്യില്‍ കിട്ടിയിട്ടുണ്ട് ..എന്തോ കുരുത്തക്കേട്‌ കാട്ടിയതിനു) . ക്ലാസില്‍ ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം പറയാത്തവന്മാര്‍ക്കും, ബഹളം കാട്ടുന്നവര്‍ക്കും ഒക്കെ ചന്തിയില്‍ ആണ് പെട.

സാര്‍ ക്ലാസിന്‍റെ സമാധാന പാലനം എന്നെ ഏല്‍പ്പിച്ചു പോയപ്പോള്‍ എന്താ ഗമയായിരുന്നു എനിക്ക്. അധികാരം എന്ന സംഭവത്തിന്റെ രുചി അന്ന് എനിക്ക് മനസ്സിലായി. പാവപ്പെട്ടവനെ കുരുക്കാനും അത് ഉപയോഗിക്കാം എന്ന് മനസ്സറിയാതെ അന്ന് ഞാന്‍ അറിഞ്ഞു.

ഞാന്‍ ആരുടെ വാ അനങ്ങുന്നു എന്നൊക്കെ നോക്കി ഇരുന്ന സമയം..നമ്മുടെ പാവം പോപ്പിന്‍ വാ അനക്കി. ഞാന്‍ അവന്‍റെ പേര് നോട്ടു ചെയ്തു. എന്നിട്ട് കണ്ണ് കൊണ്ട് മറ്റാരും കാണാതെ അവനോടു ആംഗ്യ ഭാഷയില്‍ പറഞ്ഞു..നിന്റെ പേര് എഴുതിയിട്ടുണ്ട് മോനെ.. നിന്‍റെ കട്ടപ്പൊക.. ഇനി ഗബ്രിയേല്‍ സാര്‍ വരുമ്പോള്‍ നിനക്ക് പൂരം.

പാവം പോപ്പിന്‍റെ ഗ്യാസ് പോയി. സാറിന്‍റെ ചൂരല്‍ കൊണ്ടുള്ള അടി ഓര്‍ത്തപ്പോള്‍ തന്നെ അവന്‍റെ മുട്ടില്‍ വിറയല്‍ തുടങ്ങി കാണണം. അവന്‍ പതുക്കെ ഞാന്‍ നില്‍കുന്ന സ്ഥലത്തേക്ക് വന്നു..

' ജോസേ ..ഡാ.. എന്‍റെ പേര് കൊടുക്കല്ലെട.. പ്ലീസ് ..ഡാ .. "

അവന്‍ പേടിച്ചു കെഞ്ചാന്‍ തുടങ്ങി.

ഞാന്‍ ഒട്ടും താമസിച്ചില്ല...കാത്തിരുന്ന അവസരം കൈവന്ന പോലെ..ഞാന്‍ പതിയെ പറഞ്ഞു..

" മറ്റേ സ്റ്റാമ്പ് തന്നാല്‍ പേര് പറയൂല്ല.. "

അവന്‍ ഒന്ന് വിഷമിച്ചു. ഒരു അപൂര്‍വ സ്റ്റാമ്പല്ലേ ഈ ക്ലാസ് ലീഡര്‍ ദ്രോഹി ചോദിക്കുന്നത്. അവനു വിഷമം വരാതിരിക്കുമോ?

എല്ലാം പിന്നെ പെട്ടന്നായിരുന്നു. സ്റ്റാമ്പ് എന്‍റെ കയ്യില്‍. ഗബ്രിയേല്‍ സാര്‍ വന്നപ്പോള്‍ സാറിനും സന്തോഷം...ആരും സംസാരിച്ചില്ലല്ലോ ( കാരണം എന്‍റെ ലിസ്റ്റില്‍ പോപ്പിന്‍ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ ) ...അടിയില്‍ നിന്നും രക്ഷ പെട്ട പോപ്പിനും സന്തോഷം.. എനിക്കോ.. കാത്തിരുന്ന സ്റ്റാമ്പ് കിട്ടിയ സന്തോഷം.

വര്‍ഷങ്ങള്‍ക്കു ശേഷം.. തിരിച്ചറിവ് നന്നായി വച്ചപ്പോള്‍, എനിക്ക് തോന്നി.. പാവം..പോപ്പിനെ കബളിപ്പിച്ച്‌..ഞാന്‍ ആ സ്റ്റാമ്പ് തട്ടിയെടുത്തതല്ലേ.. ഞാന്‍ വാങ്ങിയത്..ഒരര്‍ഥത്തില്‍ കൈക്കൂലി തന്നെ അല്ലെ? സാര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തെ ഞാന്‍ തകര്‍ത്തില്ലേ സത്യത്തില്‍? എനിക്ക് തോന്നിയ അതെ അത്യാഗ്രഹം അല്ലേ എല്ലാ കൈക്കൂലി പ്പാവികള്‍ക്കും തോന്നുന്നത് ?

സാറോ, പോപ്പിനോ ഒന്നും എവിടെ ആണെന്നൊന്നും എനിക്കറിയില്ല. അവര്‍ ആരെങ്കിലും എപ്പോഴെങ്കിലും ഇത് വായിക്കാനിടയായാല്‍..ഇതെന്‍റെ മാപ്പപേക്ഷ ആയിക്കൂടെ കരുതണം. അന്നോ തിരുത്താന്‍ പറ്റിയില്ല. ഇന്നെങ്കിലും ഇതിലൂടെ അത് തിരുത്തട്ടെ .

കല്‍മാടിയും, 2G രാജയും, ലാലൂ യാദവും, മറ്റു രാഷ്ട്രീയ നേതാക്കളും ഒക്കെക്കൂടി മത്സരിച്ചു, നികുതി കൊടുക്കുന്ന ജനങ്ങളുടെ പൈസ കട്ട് മുടിക്കുമ്പോള്‍ , ജനങ്ങള്‍ക്ക്‌ തോന്നുന്ന വിഷമവും , പോപ്പിയുടെ മനസ്സില്‍ തോന്നിയ പോലെ ആവില്ലേ?

ദൈവമേ.. പൊറുക്കണേ..എന്‍റെ ആദ്യത്തെയും ..അവസാനത്തെയും ആയ കൈക്കൂലി ആണേ അത്. ..

ജോസ്
ബാംഗ്ലൂര്‍
16- dec- 2010



Protected by Copyscape Web Copyright Protection Software

2010, ഡിസംബർ 12

ഇഷ്ടം ...


എനിക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നു. കൃത്യമായി നിര്‍വചിക്കാനാവാത്ത ഒരു ഇഷ്ടം. അതിനെ ഒരു crush എന്നോ infatuation എന്നോ പ്രണയം എന്നോ ഒന്നും വിശേഷിപ്പിക്കാന്‍ ആവില്ല. അതൊന്നുമല്ല...എല്ലാത്തിനും ഇടയില്‍ ഉള്ള എന്തോ ഒന്ന്.

സൌഹൃദത്തിന്‍റെ അതിര്‍ത്തി വരമ്പില്‍ തൊട്ടൂ തൊട്ടില്ല എന്ന മാതിരി ഉള്ള ഒന്ന്.. ഒരിഷ്ടം...

സ്കൂളില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടികളുമായി കൂടികൂടിയിട്ടില്ലാത്ത ഒരു കൊച്ചു പയ്യന് , കോളേജില്‍ കിട്ടിയ ആദ്യ കൂട്ടുകാരിയോട് തോന്നിയ ഒരു ഇത്..ഒരിഷ്ടം...

വാതോരാതെ സംസാരിക്കുന്ന ഒരു ബ്രാഹ്മണ പെണ്‍ കൊടിയോട് എനിക്ക് തോന്നിയ ഒരിഷ്ടം...

അവളുടെ കൂടെ ഇരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഒക്കെ സമയം പോകുന്നത് അറിയില്ലായിരുന്നു. അന്നൊക്കെ ഞാന്‍ ശനിയും ഞായറും ഇഷ്ടപ്പെട്ടിരുന്നില്ല. ആ ദിവസങ്ങളില്‍ അവളെ കാണാന്‍ പറ്റില്ലല്ലോ. പിന്നെ തിങ്കളാഴ്ചയ്ക്കു വേണ്ടി കാത്തിരിക്കുമായിരുന്നു.

അവള്‍ക്കും ഞാന്‍ പ്രിയപ്പെട്ട കൂട്ടുകാരന്‍ ആയിരുന്നു. ഞങ്ങളുടെ ഇടയില്‍ ചെറിയ ചെറിയ പരിഭവങ്ങളും സൌന്ദര്യ പിണക്കങ്ങളും ഉണ്ടായിരുന്നു. പക്ഷെ അവയ്ക്കൊക്കെ മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അതിനപ്പുറം പിണങ്ങി ഇരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലായിരുന്നു.

ഒരിക്കല്‍ ഞങ്ങള്‍ പിണങ്ങി. .. അല്ല അവള്‍ പിണങ്ങി. ..ഇഷ്ടം സൗഹൃദത്തിന്റെ സീമകള്‍ താണ്ടിയതിനെ ചൊല്ലി ...വളരെ വളരെ നീണ്ട ഒരു പിണക്കം.. ശരിക്കും മനോ വിഷമത്തോടെ ആണെങ്കിലും അവളുമായി ഞാന്‍ ഏറെ അകന്നു.. ..അതോ അവള്‍ എന്നില്‍ നിന്നും അകല്‍ച്ച കാണിച്ചതോ...

ആ സമയത്തൊക്കെ സ്കൂള്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാനായി ഞാന്‍ നഗര ഹൃദയത്തിലൂടെ സൈക്കിള്‍ ചവിട്ടി പോകുമ്പോള്‍, അവള്‍ താമസിച്ചിരുന്ന വീട്ടിലേക്കുള്ള വഴിയും , അതിനു ചുറ്റുമുള്ള അഗ്രഹാര തെരുവും ഒക്കെ കാണും. അപ്പോള്‍ മനസ്സില്‍ പറയാന്‍ പറ്റാത്ത തരത്തിലുള്ള ഒരു വിഷമം പടരും.. നെഞ്ചില്‍ പത്തു അമ്മിക്കല്ലുകള്‍ എടുത്തു വച്ച പോലുള്ള ഭാരം അപ്പോള്‍ തോന്നും.

അങ്ങനെ ഒരു ദിവസം വിഷമത്തില്‍ എഴുതിയ കവിതയാണിത്.. ഉണര്‍ത്തു പാട്ട് എന്ന് പേരിട്ട കവിത.... ആരെയും ഇതേവരെ കാണിക്കാത്ത , എന്‍റെ സ്വകാര്യതയില്‍ ഞാന്‍ മാത്രം വായിച്ചിരുന്ന ഒരു കവിത. അവള്‍ പണ്ട് ഒരു കോളേജ് ഫങ്ങ്ഷന് പാടിയ ഒരു പാട്ടിന്‍റെ ധ്വനി ഓര്‍ത്തുകൊണ്ട്‌ എഴുതിയ കവിത..

'സരയൂ നദി ' എന്ന് തുടങ്ങുന്ന ആ പാട്ടിന്‍റെ ധ്വനി അവ്യക്തമായിട്ടാണെങ്കിലും ഇപ്പോഴും ഓര്‍മ്മകളില്‍ എവിടെയോ ഉണ്ട്. വാക്കുകള്‍ ഏറെയും മറന്നിരിക്കുന്നു. ...പുതിയ ഓര്‍മ്മകളുടെ തള്ളിക്കയറ്റത്തില്‍..

ഈ കവിത എഴുതിയ സമയത്ത്, ആ പാട്ട് വ്യക്തമായി മനസ്സില്‍ ഉണ്ടായിരുന്നു. ഒപ്പം , ഗാഢമായ പിണക്കം കാരണം ഒരു നല്ല സൌഹൃദം പൊലിഞ്ഞതിന്‍റെ വേദനയും. ...

വളരെ ഇഷ്ടം ഉള്ള ഒരാളെ ഏതെങ്കിലും കാരണത്താല്‍ നഷ്ടപെട്ടാല്‍ ഉണ്ടാകാവുന്ന മനോ വേദന ഞാന്‍ ആദ്യമായി അറിഞ്ഞത് ആ സമയത്താണ്..

ജിവിതത്തിന്റെ പരക്കം പാച്ചിലിനിടയില്‍, ഉണ്ടായ പൊടി പടലങ്ങളില്‍ എങ്ങോ ഒളിച്ചിരുന്ന ഈ കവിത കുറച്ചു നാള്‍ മുന്‍പ് എങ്ങനോ ഞാന്‍ വീണ്ടും കണ്ടു.. ഇന്ന് അതിനെ വീണ്ടും പൊടി തട്ടി ഞാന്‍ വായിക്കുന്നു... ഈ ബ്ലോഗിലൂടെ..

"അവള്‍ ഈ കവിത ബ്ലോഗിലൂടെ വായിച്ചാലോ? " മനസ്സ് ചോദിച്ചു. ഞാന്‍ പറഞ്ഞു

"അതിനെന്താ ..വായിക്കട്ടെ . നടന്നത് സത്യം...തോന്നിയത് സത്യം..എഴുതിയത് സത്യം. സത്യം ചിലര്‍ക്ക് ചിലപ്പോള്‍ പ്രിയമോ അപ്രിയമോ ആവും ( ആ പറഞ്ഞതും ഒരു സത്യം).

പ്രിയ കൂട്ടുകാരി... നീ ഇത് വായിച്ചാല്‍. ഇതിനെ എന്‍റെ ഗതകാല സ്മരണകളില്‍ മറഞ്ഞിരിക്കുന്ന ഒരു കുസൃതി കഥ ആയി മാത്രം കരുതുക..പ്രായം കാര്‍ന്നു തിന്നു തുടങ്ങിയ എന്‍റെ ഓര്‍മ്മകളില്‍ , മറവിയെ അതിജീവിച്ചു തങ്ങി നില്‍ക്കുന്ന ഒരു കുസൃതി കഥ .. ഒരിഷ്ടത്തിന്റെ കഥ...

ഉണര്‍ത്തു പാട്ട് ...

എന്നുമീ നേരത്ത് വെയില്‍ താഴും സമയത്ത്
ചല്ലികള്‍ പാകിയ നടപ്പാതയില്‍ കൂടി
ബ്രാഹ്മണ തെരുവുകള്‍ പലതും താണ്ടി
മെല്ലെ നടന്നു ഞാന്‍ മുന്നോട്ടു നീങ്ങുമ്പോള്‍
ഞാനറിയാതെയെന്‍ മനസ്സിലെ യോര്‍മ്മ
ച്ചെപ്പുകള്‍ ഒക്കെയും താനേ തുറക്കും

കൃഷ്ണനും ശിവനും നാമങ്ങളായിടും
തെരുവുകളിവയൊക്കെ എന്‍റെ മനസ്സില്‍
പല പല വര്‍ണ്ണങ്ങള്‍ ചാലിച്ചെടുത്ത്
ചിത്രങ്ങള്‍ ഏറെ വരച്ചു വയ്ക്കും
പാതയരുകിലെ എല്ലാ തെരുവിലും
അവിടത്തെ ഓരോരോ വീടിന്റെ മുറ്റത്തും
അപ്പോഴും കാണാം രാവിലെ ആരോ
പൊടിയാല്‍ വരച്ചിട്ട പല തരം കോലങ്ങള്‍

അന്നേരം വീടിന്റെ ഉമ്മറത്തിരുന്നിട്ടു
കടും നിറം ചാലിച്ച ചേലകള്‍ ചുറ്റിയ,
നെറ്റിയില്‍ ഒക്കെയും ഭസ്മം പൂശിയ
പാട്ടികള്‍ ഓരോരോ കഥകള്‍ ചൊല്ലും
നീളത്തില്‍ കെട്ടിയ വീടിന്‍റെ മുന്നിലെ
അഴികള്‍ക്കടുത്തിട്ട ചാരു കസേരയില്‍
വെറ്റില തിന്നു വിശറിയും വീശി
കാരണവന്മാര്‍ ചാഞ്ഞിരിക്കും

അന്നേരമവിടെ എവിടുന്നോ നിന്നായ്
ഗ്രാമഫോണ്‍ സംഗീതം അലയടിക്കും
'സരയൂ നദി' എന്നയാ ഗാനം കേള്‍ക്കുമ്പോള്‍
ഓര്‍ക്കും ഞാനെന്‍റെ സ്നേഹ ഭംഗം
പട്ടു പാവാടയും കടും നിറ ചേലയും
അണിഞ്ഞിട്ടതിനൊപ്പം പൂമാലയും ചൂടി
പെണ്‍കൊടിമാരൊക്കെ മുന്‍പേ നടക്കുമ്പോള്‍
ഓര്‍ക്കുമേ നിന്നെ ഞാന്‍ കൂട്ടുകാരി

നടന്നു നടന്നാ തെരുവിന്റെ അറ്റത്തു
ചെല്ലുമ്പോള്‍ മാനം ചുവന്നിരിക്കും
പിന്നെയെന്‍ പാദങ്ങള്‍ക്കൊക്കെയും പിന്നിലായ്
അഗ്രഹാരങ്ങള്‍ മറഞ്ഞു തുടങ്ങുമ്പോള്‍
ഞാനറിയാതെ യെന്‍ മനസ്സില്‍ തുറന്നിട്ട
ഓര്‍മ്മച്ചെപ്പുകള്‍ താനേ അടയും
എന്നാലും കണ്ണിന്റെ കോണില്‍ എവിടെയോ
കണ്ണുനീര്‍ കൊണ്ട് നനഞ്ഞൊരു ചിത്രമായ്‌
സരയൂ നദിയിലെ ഓളങ്ങള്‍ പോലെ
അപ്പോഴും നീ കാണും കൂട്ടുകാരി ...

ജോസ്
25- 01- 1996



Protected by Copyscape Web Copyright Protection Software








2010, ഡിസംബർ 9

സ്നേഹം കൊണ്ടുള്ള വീര്‍പ്പുമുട്ടല്‍...


വീര്‍പ്പുമുട്ടല്‍ എന്ന അവസ്ഥയെ എങ്ങനെ വിശദീകരിക്കാനാണ്? ബുദ്ധി മുട്ടല്‍ എന്നോ ..വിഷമാവസ്ഥ എന്നോ... അസ്വസ്ഥത എന്നോ ഒക്കെ പറയാം. പല കാരണങ്ങള്‍ കൊണ്ട് അത് വരാം. സങ്കടം കൊണ്ട് വീര്‍പ്പുമുട്ടാം. ..ദേഷ്യം വന്നാലും അങ്ങനെ വരാം.. സന്തോഷം കൊണ്ടും ചിലപ്പോള്‍ വീര്‍പ്പുമുട്ടാം. പക്ഷെ നമുക്ക് വീര്‍പ്പുമുട്ടല്‍ വരുന്നത്..മറ്റൊരാള്‍ നമ്മോടു കാണിക്കുന്ന സ്നേഹം കൊണ്ടായാലോ? മനസ്സില്‍ ഓര്‍മ്മയുള്ള അങ്ങനത്തെ ചില ഓര്‍മ്മകള്‍ ഇവിടെ കുറിക്കട്ടെ .

എന്നെ ഭക്ഷണം കഴിക്കാന്‍ പുറകെ നടന്നു ആരെങ്കിലും നിര്‍ബന്ധിക്കുന്നത്‌ , എനിക്ക് വളരെ അരോചകരമായി തോന്നുന്ന ഒന്നാണ്. എന്ത് എപ്പോള്‍ എങ്ങനെ കഴിക്കണം എന്ന് എനിക്കറിഞ്ഞുകൂടെ? എന്‍റെ ചില നല്ല സുഹൃത്തുക്കളും, ചില ആന്‍റി മാരും സ്നേഹം കൂടുമ്പോള്‍ അതൊന്നും ഓര്‍ക്കാറില്ല. (പാവം അവരെ കുറ്റം പറയുക അല്ല കേട്ടോ)

അടുത്ത ഒരു സുഹൃത്തിന്‍റെ വീട്ടില്‍ ഒരിക്കല്‍ എന്നെയും ലീനയെയും അത്താഴത്തിനു ക്ഷണിച്ചു. അത്താഴം കഴിക്കാന്‍ മേശയ്ക്കടുത്തു വന്നു ഇരുന്നപ്പോള്‍ കണ്ണ് തള്ളിപ്പോയി. അവിടത്തെ ഏറ്റവും വലിയ പാത്രത്തില്‍ , ഒരു സ്ഥലവും ബാക്കി വയ്ക്കാതെ , ഒരു കൂന ചോറും, മലക്കറി കറികളും, മീനും ഇറച്ചിയും മുട്ടയും, അച്ചാറും, പപ്പടവും വച്ചിട്ടുണ്ടായിരുന്നു. എനിക്ക് മൂന്നു നേരം കഴിക്കാന്‍ വേണ്ടത്ര വിഭവങ്ങള്‍.

" എടേ... ഇതെന്തോന്ന്? എനിക്ക് ഒരു വയറേ ഉള്ളൂ " ഞാന്‍ പറഞ്ഞു.

" നീ ഒന്നും പറയണ്ട.. കഴിച്ചേ പറ്റൂ. . ഇത് കുറച്ചല്ലേ ഉള്ളൂ. ഇനി രസവും, സാമ്പാറും കൂട്ടി കുറച്ചു കൂടി ഉണ്ണണം . പായസം പുറകെ വരും ". കൂട്ടുകാരന്‍ സമ്മതിച്ചില്ല.

പണ്ടൊക്കെ വീട്ടില്‍ അയല മീനോ, നെമ്മീനോ വാങ്ങി പൊരിച്ചാല്‍, ഒരു ചെറിയ കഷണം ഓരോരുത്തരുടെയും ഷെയര്‍ ആയി കിട്ടും . ( കൂട്ട് കുടുംബം ഡെമോക്രസി) . പക്ഷെ ഈ കൂട്ടുകാരന്‍ , മൂന്നു മുഴുത്ത നെമ്മീന്‍ കഷണം പാത്രത്തില്‍ വച്ചിട്ട്, നാലാമത് ഒന്ന് കൂടി വയ്ക്കാന്‍ തുടങ്ങി.

" എടേ .. നീ ഇതെന്തോന്ന് കാണിക്കുന്നത്... ഞാന്‍ റപ്പായി ഒന്നും അല്ലെടേ. . എനിക്ക് വേണ്ടത് ഞാന്‍ എടുത്തു കഴിച്ചോളാം .. "

അപ്പോള്‍ അവന്‍റെ ഭാര്യ സങ്കടത്തോടെ അടുത്ത് വന്നു ചോദിച്ചു..

" അയ്യോ ജോസെ .. മീന്‍ വച്ചത് ശരി ആയില്ലേ...രുചി ഇല്ലേ? അതാണോ കഴിക്കാത്തത് ? "

"പെങ്ങളെ ...രുചിക്കുറവൊന്നും ഇല്ല ..വയറില്‍ സ്ഥലം ഇല്ല ..അതേയുള്ളൂ പ്രശ്നം ".

അങ്ങനെ കുറെ വാദിച്ച ശേഷം, ഞങ്ങളെ സല്‍ക്കരിക്കാന്‍ വെമ്പിയ ആ മനസ്സുകളെ വേദനിപ്പിക്കാന്‍ മടിച്ചു കൊണ്ട് വച്ചതൊക്കെ തിന്നു..അല്ല...തിന്നേണ്ടി വന്നു. ..അല്ല.. തീറ്റിപ്പിച്ചു. . ( പിറ്റേന്ന് ഞായറാഴ്ച ആയിരുന്നതിനാല്‍, ഒഴിയാതെ ഉള്ള ടോയ്ലെറ്റില്‍ പോക്ക് വേറെ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല. അന്ന് വെള്ളം മുടങ്ങും എന്ന് വാര്‍ത്ത ഉണ്ടായിട്ടും, മുടങ്ങിയില്ല..അതും ഭാഗ്യം)

പിന്നെ ഒരു ആന്‍റി ഉണ്ടായിരുന്നു. പാവം മരിച്ചു പോയി. ഞാന്‍ റൂര്‍ക്കിയില്‍ പഠിക്കുന്ന കാലത്ത്, വര്‍ഷത്തില്‍ ഒരു പ്രാവശ്യം ഉള്ള അവധിക്കാലം , ഞാന്‍ എല്ലാ ബന്ധു വീടുകളും സന്ദര്‍ശിക്കുന്ന സമയത്ത്, ആന്‍റിയെയും കാണാന്‍ പോകും. ഞാന്‍ അവിടുന്ന് ഊണ് കഴിക്കാന്‍ നിന്നാല്‍, ആന്‍റിക്ക് എന്തെന്നില്ലാത്ത സന്തോഷം വരും. അങ്ങനെ ഒരു ദിവസം അവിടെ ഞാന്‍ ഊണ് കഴിക്കാന്‍ ചെന്നു. ഊണ് മേശയില്‍, എന്‍റെ അരികില്‍ വന്നിരുന്നു ആന്‍റി പറഞ്ഞു.

"മക്കളെ ..അധികം കൂട്ടാനൊന്നും ഇല്ല. എനിക്ക് ഒട്ടും വയ്യ മക്കളെ. ഇതൊക്കെ ത്തന്നെ വല്ല വിധേനയും ഉണ്ടാക്കിയതാണ്. എന്നാലും അതിന്‍റെ ഒരു പങ്ക് നിനക്ക് തരാന്‍ പറ്റിയല്ലോ. എനിക്ക് സന്തോഷമായി "

അത് പറയുമ്പോള്‍ ആന്‍റിയുടെ കണ്ണ് അറിയാതെ നിറഞ്ഞിരുന്നു.

അന്ന് കഴിക്കാന്‍ തന്ന മലക്കറി കൂട്ടാന്‍ വെണ്ടയ്ക്ക തോരന്‍ ആയിരുന്നു. എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടാത്ത സാധനം ആയിരുന്നു വെണ്ടയ്ക്ക . വീട്ടില്‍ വെണ്ടയ്ക്ക തോരന്‍ വെയ്ക്കുമ്പോള്‍ ഞാന്‍ കൂട്ടാതിരുന്നാല്‍ അമ്മച്ചി എന്നെ വഴക്ക് പറയും.

"ഒള്ള മലക്കറി ഒന്നും അവനു കൂട്ടാന്‍ വയ്യ. ഇനി ഞാന്‍ നിനക്ക് അമ്പിളി അമ്മാച്ചനെ പിടിച്ചു കറി വച്ച് തരാം "

പക്ഷെ അത് പറഞ്ഞു പാവം ആന്‍റിയെ എന്തിനാ സങ്കടപ്പെടുത്തുന്നെ? . ആന്‍റി വയ്യാതെ വച്ചുണ്ടാക്കിയതല്ലേ. ഞാന്‍ കുറച്ചു കഴിച്ചു. പാത്രത്തില്‍ കുറച്ചു തോരന്‍ മിച്ചം ഇരുന്നത് കണ്ടപ്പോള്‍ ആന്‍റി ചോദിച്ചു.

"മക്കളെ വെണ്ടയ്ക്ക തോരന്‍ ഇഷ്ടമല്ലേ? എന്ത് മുഴുവന്‍ കഴിക്കാത്തെ? "

ആന്‍റിയെ എന്തിനാ വിഷമിപ്പിക്കുന്നെ? . ഉടനെ ഞാന്‍ പറഞ്ഞു.

" ഏയ് ..അങ്ങനെയല്ല ആന്‍റി.. എനിക്കിഷ്ടമാ. " അതും പറഞ്ഞു, ഞാന്‍ ബാക്കി ഇരുന്ന തോരന്‍ മൊത്തം കണ്ണുമടച്ചു ഒറ്റയടിക്ക് വിഴുങ്ങി. അപ്പോഴാണ്‌ ആന്‍റി ഉറക്കെ അടുക്കളയില്‍ നിന്ന വേലക്കാരിയോട് പറഞത്..

" സരസ്വതീ... അടുപ്പത്തിരിക്കുന്ന ആ വെണ്ടയ്ക്ക തോരന്‍ പാത്രം ഇങ്ങെടുത്തെ. എന്‍റെ മക്കള്‍ക്ക്‌ അത് നന്നേ ഇഷ്ടപ്പെട്ടു. "

സരസ്വതി അമ്മ ഒട്ടും സമയം പാഴാക്കാതെ പാത്രം എടുത്തോണ്ട് വന്നു. ആന്‍റി വെമ്പുന്ന സ്നേഹത്തോടെ നേരത്തെ വച്ചതിന്‍റെ ഇരട്ടി വെണ്ടയ്ക്ക തോരന്‍ എന്‍റെ പാത്രത്തില്‍ ഇട്ടു.

" കഴിക്ക് മക്കളെ..കഴിക്ക്. വയറു നിറച്ചു കഴിക്കു. ഇനി അടുത്ത വര്‍ഷം അല്ലെ എന്‍റെ മക്കള് വരൂ "

പാവം ആന്‍റി യുടെ കണ്ണ് നിറഞ്ഞു. സന്തോഷം കൊണ്ട്.. എന്‍റെ അവസ്ഥ പറയേണ്ടതില്ലല്ലോ?

പിന്നെ ഒരു ആന്‍റി ഉണ്ട്. എത്ര വയ്യാതിരുന്നാലും, ഏതു പാതിരായ്ക്കും, എല്ലാവരെയും സഹായിക്കാന്‍ ഓടി എത്തുന്ന ഒരു ആന്‍റി. കുണ്ടണി കാണിച്ചാലും, സ്നേഹം കൂടുമ്പോഴും വിരട്ടുന്ന ഒരു ആന്‍റി.. കുഞ്ഞിലെ ആ ആന്‍റി യുടെ വീട്ടില്‍ ഞാന്‍ അവധി സമയത്തൊക്കെ പോയി നില്‍ക്കുമായിരുന്നു. അവിടെ എനിക്ക് രണ്ടു കുഞ്ഞി പെങ്ങന്മാര്‍ ഉണ്ടായിരുന്നു. അവരുടെ കൂടെ കളിക്കാനും, വഴക്കിടാനും മറ്റുമാണ് ഞാന്‍ അവിടെ പോകുന്നത്. ആന്‍റി ഉണക്ക മീന്‍ കൊണ്ട് നല്ല രുചിയുള്ള തോരന്‍ ഉണ്ടാക്കും. എനിക്ക് അത് നല്ല ഇഷ്ടമാണ്. ആന്‍റി പിന്നെ ആവശ്യമില്ലാതെ കഴിക്കാന്‍ നിര്‍ബന്ധിക്കില്ല. അതിന് പകരം പറയും..

" എല്ലാം മേശപ്പുറത്തു വച്ചിട്ടുണ്ട്. ആര്‍ക്കൊക്കെ എന്തൊക്കെ വേണം എന്ന് വച്ചാല്‍ എടുത്തു കഴിച്ചോണം. "

ആ പറച്ചില്‍ എനിക്ക് ഇഷ്ടമാണ്. പക്ഷെ പ്രശ്നം അതല്ല. കഴിക്കുന്നതിനിടെ ആന്‍റി കുടിക്കാന്‍ വെള്ളം തരില്ല. ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് ദഹനത്തിന് നന്നല്ല അത്രേ. എരിവുള്ള കൂട്ടാനൊക്കെ കൂടി കൂമ്പു കരിഞ്ഞാലും, ആന്‍റി പറയും

" ഒന്നുകില്‍ കഴിക്കുന്നതിനു അര മണിക്കൂര്‍ മുന്‍പ്.. അല്ലെങ്കില്‍ അര മണിക്കൂര്‍ കഴിഞ്ഞു. ഇടയ്ക്ക് വെള്ളം തരുന്ന പ്രശനമേ ഇല്ലേ. ..ചത്തു പോവുമോ എന്ന് ഞാന്‍ നോക്കട്ടെ. "

ആ വിരട്ടലില്‍ പേടിച്ചു, ഞങ്ങള്‍ എരിച്ചാലും വെള്ളം ചോദിക്കാതെ കഴിക്കും. അര മണിക്കൂര്‍ കാത്തിരിക്കുകയെ പിന്നെ നിവര്‍ത്തിയുള്ളൂ.

എന്നെ വീര്‍പ്പുമുട്ടിക്കുന്ന മറ്റൊരു കാര്യം ഉണ്ട്.. എനിക്ക് ഒട്ടും താല്‍പ്പര്യം ഇല്ലാത്ത ഒരു കാര്യം. ..കല്യാണ ആല്‍ബം കാണുന്നതും ..അതിന്‍റെ സീ ഡി കാണുന്നതും . ( എന്‍റെ തന്നെ കല്യാണ ആല്‍ബം ഞാന്‍ പിന്നെ അധികം തുറന്നു നോക്കിയിട്ടില്ല) . പക്ഷെ ഇതില്‍ ഞാന്‍ പലപ്പോഴും പെട്ടിട്ടുണ്ട് ..കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ വീട്ടില്‍.

എന്തൊക്കെ പടങ്ങളാ ആല്‍ബത്തില്‍ കാണണ്ടത്. .. വരനും വധുവും തമ്മില്‍ നോക്കുന്ന ഒരു പത്തു ഫോട്ടോകള്‍ , വരന്‍ വധുവിന്‍റെ വായില്‍ മധുരം വയ്ക്കുന്ന അഞ്ചാറു പടങ്ങള്‍, അതും പല പല പോസില്‍...പിന്നെ അറിഞ്ഞുകൂടാത്ത ഒരു പത്തഞ്ഞൂറു പേര്‍ ഊണ് കഴിക്കുന്ന പടങ്ങള്‍...ഓരോരോ മേശയില്‍ നിന്നും ഉള്ള ക്ലോസ് അപ്പ് ..പിന്നെ അതിന്‍റെ ഒക്കെ വിവരണം. ആല്‍ബം കാണുമ്പോള്‍ ഇതൊക്കെ പതിവാണ്.

" ഇത് പയ്യന്‍റെ അച്ഛന്‍.. അത് അവന്‍റെ കുഞ്ഞമ്മേടെ മകന്‍റെ മോളും മരുമോനും. ..പിന്നെ ഇത് പെണ്ണിന്റെ അപ്പച്ചീടെ നാത്തൂന്‍റെ മരുമോനും... ഇത് ലവന്‍റെ ചേട്ടത്തീടെ അമ്മേടെ കുഞ്ഞമ്മേടെ ... " അങ്ങനെ പോവും വിവരണം.

പിന്നെ പെണ്ണും ചെറുക്കനും പൂന്തോട്ടത്തില്‍ മുഖാമുഖം ഇരിക്കുന്നതും, മരം ചുറ്റി നില്‍ക്കുന്നതും..അങ്ങനെ എന്തെല്ലാം പടങ്ങള്‍ മറിച്ചു നോക്കണം.

ഒരിക്കല്‍ ഒരു അങ്കിളിന്‍റെ വീട്ടില്‍ ഞാന്‍ പെട്ടു. ഒരു അടുത്ത കൂട്ടുകാരന്‍റെ അച്ഛന്‍. എനിക്ക് ആ കൂട്ടുകാരന്‍റെ കല്യാണത്തിന് പങ്കെടുക്കാന്‍ പറ്റിയിരുന്നില്ല. അതിനാല്‍ അവധിക്കു വന്നപ്പോള്‍ ഞാന്‍ അവന്‍റെ വീട്ടില്‍ പോയി. അവന്‍റെ അച്ഛനും അമ്മയ്ക്കും നല്ല സന്തോഷം ആയി.

" അയ്യോ ചെല്ലാ.. എത്തറ നാളായി മോനെ നിന്നെ കണ്ടിട്ട് . മോന്‍റെ കല്യാണത്തിന് നീ വരൂന്നു നിരീച്ച് . വരാന്‍ പറ്റീല്ല അല്ലെ? "

" ജോലിത്തിരക്കായിരുന്നു അമ്മെ. പറ്റീല്ല "

കാപ്പിയും പലഹാരങ്ങളും ഒക്കെ കൊണ്ട് വന്നു തന്നിട്ട് ആ അമ്മ പറഞ്ഞു..

" എത്ര നാളായി ചെല്ലാ നിനക്ക് ഒരു കാപ്പി തന്നിട്ട് "

അപ്പോഴാണ്‌ അങ്കിള്‍ ഒരു വലിയ ആല്‍ബം എടുത്തോണ്ട് വന്നത്. കര്‍ത്താവേ പെട്ടല്ലോ.. ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍ത്തു.

" ഇത് ലവന്‍റെ കല്യാണ ആല്‍ബം. നീ കണ്ടില്ലല്ലോ മോനെ? "

ആല്‍ബത്തിന്റെ കട്ടി കൂടി കണ്ടപ്പോള്‍ എന്‍റെ കണ്ണില്‍ വെള്ളം നിറഞ്ഞു. പക്ഷെ അത് കാണിക്കാന്‍ പറ്റുമോ. കാത്തിരുന്ന എന്തോ ഒന്ന് കിട്ടിയ സന്തോഷം കാണിച്ചു ഞാന്‍ പറഞ്ഞു

" അയ്യോ ..കണ്ടില്ല അങ്കിളേ...ഇങ്ങെടുത്തെ.. "

അതിന് മുന്‍പേ എനിക്ക് അറിയാമായിരുന്നത് കൂടുകാരനെയും, അവന്‍റെ വീട്ടുകാരെയും മാത്രമായിരുന്നു. പക്ഷെ ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവരുടെ ഏകദേശം കുടുംബ ചരിത്രം എനിക്ക് പഠിക്കാന്‍ പറ്റി. ( പഠിപ്പിച്ചു എന്ന് പറയുന്നതാവും ശരി ) . ഒരു ആശ്വാസത്തോടെ അവസാനത്തെ താള്‍ മറിച്ചപ്പോള്‍ അമ്മ ചോദിച്ചു.

" മോനെ നിനക്ക് ബോറടിച്ചില്ലലോ അല്ലെ ? "

പാവം ആ നല്ല മനുഷ്യരെ സത്യം പറഞ്ഞു എന്തിനാ വിഷമിപ്പിക്കുന്നെ? അതിനാല്‍ എന്‍റെ ഉടനുള്ള മറുപടി ഇങ്ങനെ ആയിരുന്നു. ..ഒരു റിഫ്ലക്സ് ആക്ഷന്‍ പോലെ

" അയ്യോ അമ്മെ ..ഒട്ടും അല്ല. എനിക്ക് കല്യാണത്തിനോ വരാന്‍ പറ്റിയില്ല. ഇതൊക്കെ കാണുമ്പോള്‍ അല്ലേ കല്യാണത്തിനു വരാന്‍ പറ്റാത്തതിന്‍റെ കുറവ് തീരൂ. "

" ഓ.. തന്നെ ചെല്ലാ..തന്നെ " അമ്മ പറഞ്ഞു

അത് കേട്ടു സന്തോഷിച്ച അങ്കിള്‍ പറഞ്ഞു

" എടീ ..എന്നാ പിന്നെ മോളുടെ വീട്ടുകാര്‍ എടുത്ത ആല്‍ബവും ആ സീ ടിയും ഒക്കെ എടുത്തോണ്ട് വാ. മോന്‍ ഇരുന്നു കാണട്ട്. "

സത്യത്തില്‍ വളിച്ച ചിരി എന്ന് പറയുന്നത് എപ്പോഴത്തെ ചിരിക്കാണ് എന്ന് എനിക്ക് അന്ന് മനസ്സിലായി. അങ്ങനെ ഒരു വളിച്ച ചിരി ഞാന്‍ മുഖത്ത് വരുത്തി. അപ്പോള്‍ അമ്മ രണ്ടു വലിയ ആല്‍ബങ്ങളും, ഒരു സീ ടിയും എടുത്തോണ്ട് വന്നു.

" ചെല്ലാ.. നീ ഇതൊക്കെ കണ്ട്, ചോറും കഴിച്ചിട്ട് പെയ്യാ മതി "

'സന്തോഷം' കൊണ്ടെന്‍റെ കണ്ണ് നിറഞ്ഞു. അമ്മയുടെയും .

" ദൈവമേ ..ഇന്ന് രാവിലെ പ്രാര്‍ഥിക്കാന്‍ മറന്നതിനാണോ എനിക്കിട്ടു ഈ പണി?" അങ്ങനെ ചോദിക്കാനേ എനിക്കപ്പോള്‍ തോന്നിയുള്ളൂ.

ഇപ്പോള്‍ ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ചിരി വരും. എന്നോടുള്ള വാത്സല്യം കാരണം അല്ലേ അവരൊക്കെ ഇങ്ങനെ വീര്‍പ്പുമുട്ടിച്ചത്.. എന്‍റെ മനസ് പറയും

'സഹിച്ചു കള മാഷേ...സ്നേഹം കൊണ്ടല്ലേ '


ജോസ്
ബാംഗ്ലൂര്‍
9- 12- 2010




Protected by Copyscape Web Copyright Protection Software