2010, ഏപ്രിൽ 30

തനിയെ..








വിരസമായ ഒരു ശനിയാഴ്ച ദിവസം...മേയ് ദിനം കൂടിയാണ് ഇന്ന്.

ലീന ആശുപത്രിയില്‍ പോയിരിക്കുന്നു...ഇന്ന് ഡയാലിസിസ് ഉള്ള ദിവസം ആണ്. അതിപ്പോള്‍ ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറിയിരിക്കുന്നു. ജോലിക്ക് പോകുന്ന പോലെയോ ഷോപ്പിങ്ങിനു പോകുന്ന പോലെയോ ഒക്കെ ...

രാവിലെ മുതല്‍ ടി. വി വച്ച് ചാനലുകള്‍ മാറ്റി മാറ്റി നോക്കി..വിരസത മാറുന്നില്ല.. കഴിഞ്ഞ ആഴ്ച ഇതേ സമയം ഇവിടെ ഒരു ശബ്ദ കോലാഹലം ആയിരുന്നു..ചേട്ടനും ചേച്ചിയും പിള്ളേരും ഒക്കെ...നല്ല രസമായിരുന്നു..അവര്‍ പോയിക്കഴിഞ്ഞുള്ള , നിശബ്ദത ...ചിലപ്പോഴൊക്കെ എന്നെ അസ്വസ്ഥനാക്കി ..

അപ്പോഴാണ്‌ ഈ ജനുവരിയില്‍ കൊച്ചേച്ചിയുടെ വീടിനടുത്തുള്ള വിശ്രാന്തി ഭവനത്തില്‍ പോയപ്പോള്‍ അവിടത്തെ അന്തേവാസിയായ ഒരു അമ്മച്ചി പറഞ്ഞ ഒരു കാര്യം ഓര്‍മ്മ വന്നത്.. ആ അമ്മച്ചിയെ നോക്കാന്‍ ആരുമില്ല.. പക്ഷെ ആവശ്യത്തിനു പൈസയും ഉണ്ട്. അമ്മച്ചി പറഞ്ഞു...

"മക്കളെ പണം മാത്രം ഉണ്ടായിട്ടു ഒരു കാര്യവും ഇല്ല.. നോക്കാനും മറ്റും ആരും ഇല്ലെങ്കില്‍ ..പൈസ മാത്രം ഒന്നും അല്ല മക്കളെ "

ആ വാക്കുകള്‍ മനസ്സില്‍ കിടന്നു.. ആ വാകുകളിലെ നോവ്‌ .എന്റെ മനസ്സിലിട്ടു അവയെ ഇളക്കി മറിച്ചു. കുറെ നാളുകള്‍ക്ക് ശേഷം അത് ഒരു കവിതയായി രൂപാന്തരം പ്രാപിച്ചു. അതെഴുതി വച്ച പേപ്പര്‍ ഞാന്‍ തപ്പിപ്പിടിച്ചു. അതിവിടെ കുറിക്കട്ടെ. ഒറ്റപ്പെടല്‍ തീര്‍ക്കുന്ന നിശബ്ദതയില്‍..വീര്‍പ്പുമുട്ടുന്ന എല്ലാ ആളുകള്‍ക്കും വേണ്ടി..

തനിയെ ....

അകലെ ചക്രവാളമിന്നും ചുവന്നു
ആരോടും മിണ്ടാതെ പകല്‍ പോയ്മറഞ്ഞു
മൂകമാം സന്ധ്യയില്‍ ചെവിയോര്‍ത്തിരുന്നു ഞാന്‍
എനിക്കായ് വരുന്നൊരു കാലൊച്ച കേള്‍ക്കുവാന്‍

പറമ്പുകള്‍ കുറെയേറെ ഉണ്ടെന്റെ പക്കല്‍
വേണ്ടതിലേറെ കാശുണ്ടെനിക്ക്
ആമാടപ്പെട്ടി നിറച്ചിടാന്‍ വേണ്ടുന്ന
പണ്ടങ്ങളും കുറെ ഉണ്ടെന്റെ പക്കല്‍

എന്നാലും കുഞ്ഞേ ഒരു വാക്ക് മിണ്ടുവാന്‍
സ്നേഹത്തോടൊരു തുള്ളി ദാഹജലം തരാന്‍
ഞാന്‍ തീര്‍ത്ത പടുകൂറ്റന്‍ മാളികയ്ക്കുള്ളില്‍
ആരുമില്ലിന്നെന്റെ പൈതങ്ങള്‍ പോലും

പണ്ടൊക്കെ കരുതി ഞാന്‍ നേടിയെടുത്തില്ലേ
സ്വപ്നങ്ങള്‍ കണ്ടു ഞാന്‍ മോഹിച്ചതൊക്കെയും
ഭൂമിയും പൊന്നും പണവും എല്ലാമെന്റെ
നേട്ടത്തിന്‍ പട്ടിക ഊതിപ്പെരുക്കി

അതിലൊക്കെ മതിമറന്നാഹ്ലാദിച്ചിരുന്നപ്പോള്‍
ഞാന്‍ കരുതീലയീ ഏകാന്ത സായാഹ്നം
ഒറ്റപ്പെടലിന്റെ തുരുത്തിലിരുന്നു ഞാന്‍
അയവിറക്കുന്നു, കുറെ നല്ല ഓര്‍മ്മകള്‍

മക്കളും പിന്നെയെന്‍ കൊച്ചു മക്കളും എല്ലാം
പറന്നകന്നൂ ദൂരെ മരുപ്പച്ചകള്‍ തേടി
സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ച സഖി പോലും
എന്നെ തനിച്ചാക്കി പ്രാപിച്ചു മോക്ഷം

ഓര്‍മ്മകള്‍ മായുമീ സായാഹ്ന വേളയില്‍
ജീവിത വീഥി ഞാന്‍ താണ്ടുന്നു ഏകനായ്
കാല്‍ വെയ്പ്പോന്നു പിഴച്ചെന്നാല്‍ പോലും
ഒരു കൈ തരാനാരുമിന്നില്ലെന്റെ സ്വന്തം

ഏകാന്തതയുടെ നോവുമീ വേളയില്‍
വൃദ്ധ സദനത്തിന്‍ വാതില്‍ക്കലിരുന്നു ഞാന്‍
എന്നുമാശിക്കും, എന്‍ മക്കളോടിയെന്‍
അരികത്തണയും ഒരു നാള്‍ എന്നെങ്കിലും

സൂര്യാസ്തമയം കഴിഞ്ഞിരുളിമ പടരുമ്പോള്‍
വേദനയോടെ ഞാന്‍ മനസ്സിലാക്കും സത്യം
അകലെയാകൂട് വിട്ടെത്തില്ലവരൊന്നും
ഏകനായ് തുടരണം ഞാനെന്‍ പ്രയാണം

നോക്കുവാനാരുമില്ലെങ്കിലോ കുഞ്ഞേ
എത്രമേല്‍ ഭാഗ്യങ്ങള്‍ വെട്ടിപ്പിടിച്ചാലും
ജീവിതം കൊണ്ടാര്‍ത്ഥം എന്തെന്ന് ചൊല്ലൂ
നിഷ്ഫലം, അതൊരു ജയില്‍ വാസം പോലെ


ജോസ്
ബാംഗ്ലൂര്‍
1-മെയ്‌ -2010





2010, ഏപ്രിൽ 28

വീണ്ടും വീടുറങ്ങി...


ബാംഗ്ലൂരില്‍ എനിക്ക് അധികം അതിഥികള്‍ ഒന്നും ഉണ്ടാവാറില്ല. എന്റെ വീടിനുള്ളില്‍ മുഴങ്ങുന്ന ശബ്ദങ്ങള്‍ എന്റെയും അല്ലെങ്കില്‍ പിന്നെ ലീനയുടേതും ആയിരിക്കും. എന്നാല്‍ കഴിഞ്ഞ ആഴ്ച ആ അവസ്ഥ മാറി...കുറച്ചു ദിവസത്തെക്കാണെങ്കില്‍ പോലും.

നാട്ടില്‍ നിന്നും എന്റെ ചേട്ടനും കുടുംബവും, ചേച്ചിയും കുടുംബവും പിന്നെ മാമന്റെ മകളും കുടുംബവും എന്റെ വീട്ടില്‍ വന്നു. അവര്‍ വരുന്നതിന്റെ രണ്ടു ദിവസം മുന്‍പ് നാട്ടില്‍ വച്ച് എന്റെ അനിയത്തിയുടെ (കുഞ്ഞമ്മയുടെ മകള്‍) കല്യാണമായിരുന്നു. സാധാരണ കല്യാണം പോലെയുള്ള അവസരങ്ങളില്‍ എല്ലാ ബന്ധുക്കളെയും കാണാനും അടിച്ചു പോളിക്കാനുമുള്ള അവസരം ഞാന്‍ കളയാറില്ല . എന്നാല്‍ ഇത്തവണ എനിക്ക് പോകാന്‍ പറ്റിയില്ല. പക്ഷെ അങ്ങനെ ഒരു ഫാമിലി ഗെറ്റ് ടുഗതരില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെട്ടെങ്കിലും, ഇവരൊക്കെ ഒരുമിച്ചു എന്റെ വീട്ടില്‍ വന്നപ്പോള്‍ ആ കുറവ് നികന്ന പോലെ തോന്നി.

പെട്ടന്ന് വീടിനു ജീവന്‍ വച്ചു. ചിരിയും കളിയും, പരിഭവങ്ങളും കൊണ്ട് വീട് ശബ്ദ മുഖരിതമായി.
ഇത്രയും പേര്‍ ഒരുമിച്ചു ഒരിക്കലും ഇവിടെ വന്നിട്ടില്ല. അതിനാല്‍ ചില കാര്യത്തില്‍ ഒന്ന് ബുദ്ധിമുട്ടി.

എല്ലാവര്‍ക്കും ഒരുമിച്ചു ആഹാരം വയ്കാന്‍ ഉള്ള പാത്രം..ഒരുമിച്ചു കഴിക്കാനായി പ്ലേറ്റുകള്‍ , .ഇതൊക്കെ സംഘടിപ്പിക്കാന്‍ തെല്ലൊന്നു കഷ്ടപ്പെട്ടു. പക്ഷെ ..രണ്ടു മുറി ഫ്ലാറ്റില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് ഒരു പതിനൊന്നു പേര്‍ക്ക് കിടക്കാന്‍ സ്ഥലം ഉണ്ടാക്കാന്‍ അധികം പ്രയാസപ്പെടേണ്ടി വന്നില്ല. ഒരുമ ഉണ്ടെങ്കില്‍ ഉലക്ക മേലും കിടക്കാം എന്നല്ലേ? ഡോര്‍മെട്രിയില്‍ ആളുകള്‍ കിടക്കുന്ന പോലെ , എല്ലാവരെയും ഹാളിലും അകത്തെ കൊച്ചു മുറിയിലും ഒക്കെ ആയി താമസിപ്പിച്ചു. എല്ലാവരും ഖുശി ഖുശി ...

ഒന്നിച്ചു കറങ്ങാന്‍ പോകുന്ന സമയത്താണ് വിഷമം. ഇത്രയും പേരെ ഒന്നിച്ചു കൊണ്ട് പോകാന്‍ വലിയ വണ്ടി വേണ്ടേ. പക്ഷെ ഒന്ന് ഫോണ്‍ കറക്കേണ്ട താമസം...പതിന്നാലു പേര്‍ക്ക് ഇരിക്കാവുന്ന ടെമ്പോ ട്രാവെല്ലര്‍ വീടിന്റെ മുന്‍പില്‍ ഹാജര്‍. അങ്ങനെ എല്ലാവരും കൂടെ ബാംഗ്ലൂരിന്റെ ഹൃദയത്തിലൂടെ കുറെ കറങ്ങി. നാട്ടിലെ പൊരിയുന്ന ചൂടില്‍ നിന്നും അവര്‍ക്കും ഒരു രക്ഷ ആയി.

കറങ്ങാന്‍ പോയ അവസരങ്ങളില്‍ ഒക്കെ, ചിലര്‍ക്കൊക്കെ വയറിനു പ്രശ്നം ആയി. ഭാഗ്യത്തിന് കുറച്ചു നാള്‍ മുന്‍പ് വരെ ഉണ്ടായിരുന്ന വെള്ളം പ്രശ്നം അപ്പോഴേക്കും തീര്‍ന്നായിരുന്നു.. രാവിലെ മുതല്‍ വൈകിട്ട് വരെ വെള്ളം മുടങ്ങാതെ കിട്ടിത്തുടങ്ങി . അല്ലായിരുന്നെങ്കില്‍ പെട്ട് പോയേനെ.

ഏറ്റവും ഇളയവനായ കുഞ്ഞുണ്ണി (ചേച്ചിയുടെ മകന്‍), ഒട്ടും വിശപ്പ്‌ സഹിക്കാന്‍ പറ്റാത്തവന്‍ ആണ് എന്നും ഇത്തവണ മനസ്സിലായി. വിശന്നു കുടല്‍ കരിഞ്ഞു കഴിഞ്ഞാല്‍ പൊതുവേ വഴക്കാളി ഒന്നും അല്ലാത്ത, രസികനായ അവന്റെ ഭാവം മാറും..പിന്നെ വയറിലോട്ടു എന്തെങ്കിലും ചെല്ലും വരെ പാവം ഒരു പരുവത്തില്‍ ആവും ഇരുപ്പ്. .കഴിപ്പ്‌ കഴിഞ്ഞു ഒരു മൂന്നു മണിക്കൂര്‍ കഴിയുമ്പോള്‍ അവന്‍ വീണ്ടും പറയും...

"അയ്യോ എനിക്ക് വിശക്കുന്നേ "

ഇവരൊക്കെ വന്നപ്പോള്‍ ഞങ്ങള്‍ക്കായി അമ്മച്ചി കുറെ ഏറെ സാധനങ്ങള്‍ കൊടുത്തു വിട്ടു.. അലുവാ, കേക്ക്, അച്ചപ്പം, കുഴലപ്പം, ചമ്മന്തിപ്പൊടി, മുറുക്ക്. പിന്നെ എനിക്കും ലീനയ്ക്കും ഏറെ ഇഷ്ടമുള്ള ഗ്യാസ് മുട്ടായിയും നാരങ്ങാ മുട്ടായിയും. ..കുറച്ചൊക്കെ ഇപ്പോഴേ തീര്‍ന്നു കഴിഞ്ഞു ..ബാക്കി ഒക്കെ തീരാന്‍ ഇനി അധികം സമയം വേണ്ട.

ഇന്നലെ അവര്‍ ഒക്കെ തിരികെ പോയി. രാത്രി ഞാനും ലീനയും അവരെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ടു. യാത്ര പറഞ്ഞിറങ്ങും നേരത്ത് ചേച്ചിയുടെ കണ്ണുകള്‍ പെട്ടന്ന് നിറഞ്ഞു. കുഞ്ഞുണ്ണി പെട്ടന്ന് ചോദിച്ചു..

"അതെന്തിനാ അമ്മെ..പെട്ടന്ന് കരഞ്ഞത് " .

ചേച്ച് പക്ഷെ ഒന്നും പറഞ്ഞില്ല. അത് കണ്ടു നിന്ന മാമന്റെ മകള്‍ , ശോഭ ചേച്ചി പറഞ്ഞു..

"മക്കളെ അത് നിനക്ക് ഇപ്പോള്‍ മനസ്സിലാവില്ല ".

എന്റെയും കണ്ണുകള്‍ ചെറുതായി ഒന്ന് നനഞ്ഞു. പക്ഷെ പെട്ടന്ന് തന്നെ ഞാന്‍ അത് നിയന്ത്രിച്ചു. ചെറുതും വലുതുമായ എന്തൊക്കെ വേര്‍പാടുകളും യാത്ര അയപ്പുകളും ഇനി കാണാന്‍ കിടക്കുന്നു.

വീണ്ടും വീടുറങ്ങി. . ഇനി ഇതുപോലെ ആരെങ്കിലും വരും വരെ .. അതുവരെ ശബ്ദിക്കാന്‍ ഞാനും ലീനയും മാത്രം

ജോസ്
ബാംഗ്ലൂര്‍
28- ഏപ്രില്‍-2010

2010, ഏപ്രിൽ 18

നനഞ്ഞ ഓര്‍മ്മകള്‍ ....


ബാംഗ്ലൂരില്‍ ഇന്ന് നല്ല ഒരു മഴ പെയ്തു. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ഉയര്ച്ചയ്ക്കൊപ്പം , കൂടിക്കൊണ്ടിരിക്കുന്ന ചൂടില്‍ നിന്നും കുറച്ചൊരു അറുതി വരുത്താന്‍, ഒരു മഴ ആവശ്യമായിരുന്നു. നഗരത്തിലുള്ള ഒരു ഫ്ലാറ്റിന്റെ അകത്തിരുന്നു , അങ്ങനെ ഞാന്‍ മഴയെ വരവേറ്റു. ..

മഴ...സുഖകരമായ ഒരു അനുഭൂതിയാണ്.. അതിനു പക്ഷഭേദങ്ങള്‍ ഒന്നും ഇല്ല..പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല ..പെയ്താല്‍ അത് ചേരിക്ക് മുകളിലും പഞ്ച നക്ഷത്ര ഹോട്ടലിന്റെ മുകളിലും ഒരേ പോലെ പെയ്യും..

മഴ..അതിനു പക്ഷെ ഭാവങ്ങള്‍ ഉണ്ട്..അതിന്റെ തുള്ളികളുടെ വീഴ്ചയ്ക്ക് രാഗവും താളവും ഉണ്ട്. അതറിയണമെങ്കില്‍ കാതോര്‍ക്കണം..പെയ്യുന്ന മഴയെ നോക്കി മറ്റെല്ലാം മറന്നിരിക്കണം...അപ്പോഴറിയാം മഴയുടെ നടന സൌകുമാര്യം..

മഴ...അതിനു അതിന്റെതായ ഒരു ഗന്ധം ഉണ്ട്. ആദ്യ മഴ പെയ്യുമ്പോള്‍, പറമ്പില്‍ നിന്നും പൊങ്ങുന്ന മണ്ണിന്റെ ഗന്ധം..അത് മഴയുടെതായ ഗന്ധം കൂടിയാണ്.

മഴ...അതിനു മനസ്സിലെ ഓര്‍മ്മകളെ തൊട്ടുണര്ത്താനുള്ള അസാമാന്യ കഴിവുണ്ട്.. അതുകൊണ്ടല്ലേ..പ്രേമത്തെപ്പറ്റിയും , വിരഹത്തെപ്പറ്റിയും , പൂക്കളെപ്പറ്റിയും ഒക്കെ എഴുതുന്ന, കവികള്‍ക്കും കവയിത്രിമാര്‍ക്കും ഒക്കെ മഴ വളരെ പ്രിയങ്കരമായ ഒരു വിഷയം ആകുന്നത്.

കുഞ്ഞിലെ, മാനത്ത് മഴക്കാറ് വന്നു നിറയുമ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട് ..നല്ല മഴ പെയ്താല്‍ സ്കൂളിനു അവധി കിട്ടുമല്ലോ എന്ന് ഓര്‍ത്ത്‌.

വീടിനടുത്തുള്ള ഒരു നഴ്സറിയില്‍ ഞാന്‍ പൊയ്ക്കൊണ്ടിരുന്ന സമയത്ത്..ഒരു മഴക്കാല ദിവസം..ഇടിയും മിന്നലുമായി മഴ പെയ്ത നേരം...നഴ്സറിയില്‍ നിന്നും , ചേച്ചിയുടെ കൂടെ തിരികെ വരാന്‍ നേരത്ത്..എന്നെ എടുത്തുകൊണ്ടു നടക്കണം എന്നും പറഞ്ഞു ഞാന്‍ കരഞ്ഞു ബഹളം ഉണ്ടാകിയത്, ചേച്ചി ഇപ്പോഴും പറയും..അതൊരു അവ്യക്തമായ ഓര്‍മ്മയായി ഇപ്പോഴും മനസ്സില്‍ ഉണ്ട്.. പാവം ചേച്ചി..നനഞ്ഞു കുതിര്‍ന്നിട്ടും, എന്നെ എടുത്തുകൊണ്ടു തന്നെ വീട്ടില്‍ വന്നുവത്രേ.

ഓല മേഞ്ഞ കൂരയില്‍ ഉള്ള കിഴുത്തകളിലൂടെ വീടിനകത്തേക്ക് വെള്ളം വീഴുമ്പോള്‍, അതിന്റെ താഴെ കുടമോ കലമോ കൊണ്ട് വയ്ക്കാനും, ചോര്‍ന്നു വീഴുന്ന തുള്ളികളെ നോക്കി നില്‍ക്കാനും എനിക്ക് നല്ല ഉത്സാഹം ആയിരുന്നു ( വലുതായപ്പോഴല്ലേ ആ സമയത്തൊക്കെ അമ്മച്ചിക്കും മറ്റും ഉണ്ടായിട്ടുള്ള സങ്കടവും വിഷമങ്ങളും മനസ്സിലാവുന്നത്)

നല്ല ഇടി വെട്ടി മഴ തിര്മിര്‍ത്തു പെയ്യുമ്പോള്‍, വീട്ടിലെ എല്ലാവരും, വീടിന്റെ നടുക്കുള്ള മുറിയില്‍ ഒത്തുകൂടും.. അമ്മച്ചിയും ചേച്ചിമാരും പക്ഷെ , ആഞ്ഞടിക്കുന്ന കാറ്റിനെക്കുറിച്ചും, ആടിയുലഞ്ഞു നില്‍കുന്ന തെങ്ങിനെക്കുറിച്ചും ഒക്കെ വേവലാതിപ്പെട്ടായിരിക്കും അവിടെ ഇരിക്കുക..എനിക്കോ..മഴയത്തുള്ള ആ കുടുംബ സദസ്സ് ഒരു നല്ല അനുഭൂതിയും.. (പുര കത്തുമ്പോള്‍ വീണ വായിക്കുന്നു എന്ന് പറയുന്ന പോലെ ..അല്ലെ? )

മഴ....അതിനോടൊപ്പം നിമിഷ നേരങ്ങളിലെ ജീവനുമായി എത്തുന്ന ഒരു കൂട്ടം ജീവികളുണ്ട് ...ഈയലുകള്‍. ഓല മേഞ്ഞ വീടിന്റെ മുന്‍വശത്ത് , പാഠ പുസ്തകം തുറന്നു വച്ചു , പഠിക്കാനിരിക്കുമ്പോഴാവും , പുറത്തു മഴയത്ത്, കൂട്ടത്തോടെ ഉയരുന്ന ഈയലുകളുടെ വരവ്. മുറിയിലെ ട്യുബെ ലൈറ്റിന്റെ അടുത്തെയ്ക്കായി അവ കൂട്ടത്തോടെ പറന്നു വരും. പുസ്തകം മാറ്റി വച്ച് ഞാന്‍ പിന്നെ അവയെ നോക്കി നില്‍ക്കും.

കളങ്കം എന്തെന്നറിയാത്ത (അതറിയാന്‍ സമയം എവിടെ? ) ആ പാവം ഈയലുകള്‍, പ്രലോഭിപ്പിക്കുന്ന വെളിച്ചത്തിന്റെ അടുത്തേയ്ക്ക് ചെല്ലുമ്പോള്‍ , അവിടെ അവരെ കാത്തിരിക്കുന്ന കുറെ വീരന്മാര്‍ കാണും..പല്ലികള്‍. അപകടം അറിയാതെ പറന്നു വരുന്ന ഈയലുകളെ ഒറ്റ ചാട്ടത്തിനു പല്ലികള്‍ പിടിക്കുന്നത്‌ കാണാന്‍ എനിക്കന്നു നല്ല രസമായിരുന്നു. (കഷ്ടം ..ഈയലുകളുടെ ജീവന്റെ വില ഞാനുണ്ടോ അറിയുന്നു . അവര്‍ പല്ലികല്‍ക്കായി ജനിച്ചവര്‍ അല്ലെ? ). ചിലപ്പോള്‍ വയറു നിറയെ ഭക്ഷണം നോക്കി വരുന്ന പല്ലികളെ ഞാന്‍ വിരട്ടി ഓടിക്കും..അതും കാണാന്‍ ഒരു രസം.

എന്തേ ഈയലുകള്‍ ഇവിടെ ഒന്നും ഇല്ല. നാട്ടിലല്ലാതെ അവറ്റകളെ ഞാന്‍ വേറെ എങ്ങും കണ്ടിട്ടില്ല.
ചിലപ്പോള്‍ തോന്നും...നമ്മളും ഈ ഈയലുകളെപ്പോലെ അല്ലെ എന്ന് ? ജനിക്കുമ്പോള്‍ മുതല്‍...ഈയലുകലെപ്പോലെ നമ്മള്‍ പറന്ന് നടക്കുന്നു...ചുറ്റും പ്രലോഭനങ്ങളുടെ വെളിച്ചവും..അതിനിടെ പതുങ്ങിയിരിക്കുന്ന വലിയ പല്ലികളെ തിരിച്ചറിയുന്നവര്‍..കുറെ ഏറെ നാള്‍ ജീവിക്കുന്നു...അതറിയാത്തവര്‍..കുറെ നേരത്തെ ജീവിതം അവസാനിപ്പിച്ചു മടങ്ങുന്നു. എല്ലാം നൈമിഷികം മാത്രം.

വീടിന്റെ പുറകിലെ ജനാലയിലൂടെ നോക്കിയപ്പോള്‍ മാനം വീണ്ടും ഇരുളുന്നത് കണ്ടു. മനസ്സുകൊണ്ട് ഞാന്‍ വീണ്ടും ആ നടന സൌന്ദര്യം ആസ്വദിക്കാനുള്ള തയ്യാറെടുപ്പ് നടത്തി...

മഴത്തുള്ളികളെ..വരൂ..തിമിര്‍ത്തു പെയ്യൂ... ഓര്‍മ്മചെപ്പില്‍ നിന്നും കുറെ ഓര്‍മ്മകളെ തൊട്ടുണര്‍ത്തൂ..

ജോസ്
ബാംഗ്ലൂര്‍
18-ഏപ്രില്‍- 2010

2010, ഏപ്രിൽ 17

പപ്പച്ചേച്ചിയും ടെലിവിഷനും ...







ഇന്നലെ
ഒരു കൂട്ടുകാരന്റെ വീട്ടില്‍ പോയപ്പോള്‍, അവന്റെ ലിവിംഗ് റൂമില്‍ ഒരു അടിപൊളി ഫ്ലാറ്റ് ടെലിവിഷന്‍ കണ്ടു. എന്റെ കുറെ നാളായുള്ള ആഗ്രഹമാണ് അതേപോലെ ഒരു ഫ്ലാറ്റ് ടെലിവിഷന്‍ വാങ്ങണം എന്നത്. പക്ഷെ വില കേള്‍ക്കുമ്പോള്‍ തോന്നും..." അത്രയ്ക്ക് ആര്‍ഭാടം വേണോ മോനെ ദിനേശാ? കയ്യില്‍ ഇപ്പോള്‍ ഇരിക്കുന്ന സാംസങ്ങ് ടെലിവിഷന് എന്താ ഒരു കുഴപ്പം? . അത് പോരെ "

ഇങ്ങനെ ഓരോ പ്രാവശ്യവും, വില കാണുമ്പോള്‍, പുതിയ ടെലിവിഷന്‍ വാങ്ങാനുള്ള ആഗ്രഹത്തെ ഞാന്‍ പുറകിലേക്ക് വലിച്ചിടും. വേറെ എന്തെല്ലാം അത്യാവശ്യങ്ങള്‍ കിടക്കുന്നു ?. അതൊക്കെ കഴിഞ്ഞാവാം ഫ്ലാറ്റ് ടെലിവിഷന്‍ എന്ന ആര്‍ഭാടം.

പണ്ട് ചെറിയ ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത്.. ടെലിവിഷന്‍ എന്ന സാധനം ഒരു വലിയ അത്ഭുതം തന്നെ ആയിരുന്നു.

എന്തോ മഹാ അത്ഭുതം കണ്ടപോലെ ഒരു ചെക്കന്‍ അന്ന് എന്റെ വീടിന്റെ മുന്‍പിലെ റോഡിലൂടെ വിളിച്ചോണ്ട് പോയത് ഇപ്പോഴും ഓര്‍ക്കുന്നു..

"മോളിലത്തെ അണ്ണന്റെ വീട്ടില്‍ ടെലിവിഷം വന്നു "

ഞങ്ങളുടെ ഫാമിലിയില്‍ ആദ്യമായി ടെലിവിഷന്‍ വാങ്ങിച്ചത് എന്റെ ഒരു കുഞ്ഞമ്മ ആയിരുന്നു. അവിടെ പോയിരുന്നു അതിലെ സിനിമ ഒക്കെ കാണുമ്പോള്‍ വല്ലാതെ അന്തം വിട്ടിട്ടുണ്ട്. ലോകത്ത് എവിടെ നടക്കുന്ന കാര്യവും ടെലിവിഷനിലൂടെ കാണാന്‍ പറ്റും അത്രേ..

ആ സമയത്താണ് എന്റെ മൂത്ത ചേട്ടന്‍ ഡല്‍ഹിയില്‍ ജോലി നോക്കിയിരുന്നത്. അപ്പോള്‍ എന്റെ മനസ്സില്‍ ഒരു സംശയം തോന്നി ..

" കുഞ്ഞമ്മയുടെ വീട്ടില്‍ പോയി ടെലിവിഷനില്‍ നോക്കിയാല്‍ ഡല്‍ഹിയിലിരിക്കുന്ന ചേട്ടനെ കാണാന്‍ പറ്റുമോ? "

ഒരു മഹാത്ഭുതം കണ്ടു അന്തം വിട്ട ഒരു കൊച്ചു പയ്യന്റെ ചിന്ന സംശയം ആയിരുന്നു അത്. അതിനു ആരെങ്കിലും അന്ന് മറുപടി തന്നോ എന്ന് ഓര്‍മ്മയില്ല.

വല്ലപ്പോഴും ഞാനും എന്റെ ചേച്ചിയും കൂടി ശനിയാഴ്ച കണക്കാക്കി കുഞ്ഞമ്മയുടെ വീട്ടില്‍ പോവും. അന്നവിടെ തങ്ങിയ ശേഷം, ഞായറാഴ്ച തിരികെ വരും. ആയിടെ ശനിയാഴ്ച കുട്ടികള്‍ക്കായി ജയന്റ് റോബോട്ട് എന്ന ഒരു പരിപാടി ടെലിവിഷനില്‍ ഉണ്ടായിരുന്നു. അത് കഴിഞ്ഞാല്‍ ഉടന്‍ മലയാള സിനിമയും. അതായിരുന്നു ടെലിവിഷനുമായുള്ള എന്റെ ബന്ധത്തിന്റെ തുടക്കം.

ആയിടെ എന്റെ വീടിന്റെ അടുത്തുള്ള പപ്പച്ചേച്ചിയുടെ (പത്മാവതി എന്നാണെന്ന് തോന്നുന്നു ആ ആന്റിയുടെ പേര് ) വീട്ടിലും ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ടെലിവിഷന്‍ വാങ്ങിച്ചു. ആ ആന്റിയും വീട്ടുകാരും, എന്റെ വീട്ടുകാരുമായി നല്ല അടുപ്പം ഉള്ള കൂട്ടരായിരുന്നു. അവരുടെ മകള്‍ ഗീത ചേച്ചിയും മകന്‍ അനി ചേട്ടനും ഒക്കെ എന്റെ ചേട്ടന്മാരെയും ചേച്ചിമാരെയും ഒക്കെ നന്നായി അറിയാമായിരുന്നവര്‍ ആയിരുന്നു. ഒരിക്കല്‍ പപ്പ ചേച്ചി വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ അവരോടു ചോദിച്ചു

"പപ്പ ചേച്ചി...ഞാന്‍ ജയന്റ് റോബോട്ട് കാണാന്‍ ശനിയാഴ്ച വൈകിട്ട് വന്നോട്ടെ? വെറും അര മണിക്കൂര്‍ മാത്രമേ ഒള്ളൂ "

"അതിനെന്താ ജോസ് വന്നോളൂ ...എപ്പോ വേണമെങ്കിലും വരാം ". സ്നേഹത്തോടെ ആന്റി പറഞ്ഞു.

അങ്ങനെ ഞാന്‍ ആ ആന്റിയുടെ വീട്ടില്‍ എല്ലാ ശനിയാഴ്ചയും വൈകിട്ട് ജയന്റ് റോബോട്ട് കാണാന്‍ പോയിത്തുടങ്ങി. പതുക്കെ പതുക്കെ ജയന്റ് റോബോട്ടിന് ശേഷമുള്ള സിനിമയും കാണാന്‍ ഇരിക്കാന്‍ തുടങ്ങി..പിന്നെ ഞായരാഴ്ചയുള്ള സ്പൈഡര്‍ മാന്‍, ഇവാന്‍ ലെണ്ടലും ബോറിസ് ബെക്കറും ആയുള്ള വിംബിള്‍ഡണ്‍ മാച്ചുകള്‍.. ലോക കപ്പ്‌ ക്രിക്കറ്റ് മാച്ചുകള്‍.. അങ്ങനെ ഞാന്‍ അവിടെ പോയി കാണുന്ന ടെലിവിഷന്‍ പരിപാടികളുടെ നിര നീണ്ടു .. (ഒരു മാതിരി ഒട്ടകത്തിനു കിടക്കാന്‍ ഇടം കൊടുത്തപോലെ ആണോ എന്ന് നിങ്ങള്‍ ചിലപ്പോള്‍ വിചാരിക്കും )

സ്ഥിരമായി കാണാറുള്ള പരിപാടി , ശനിയാഴ്ചത്തെ വൈകിട്ടുള്ള മലയാള സിനിമ ആണ്. വൈകിട്ട് ആര് മണി അടിപ്പിച്ചു തുടങ്ങുന്ന സിനിമ തീരുമ്പോള്‍ ഏകദേശം എട്ടര ആവും. പിന്നെ ആണ് രസം..

എന്റെ വീടിന്റെ കുറച്ചടുത്താണ് ആന്റിയുടെ വീട് എങ്കിലും...അവിടുന്ന് എന്റെ വീടിലേക്ക്‌ വരുന്ന ചെറിയ ഇട വഴിയില്‍ അന്ന് വെട്ടം ഒന്നും ഇല്ലായിരുന്നു. ചുറ്റും ചെറിയ കാട് പോലത്തെ സ്ഥലവും. സിനിമ കണ്ടിട്ട് വീട്ടിലേക്കു പോകാന്‍ ഇറങ്ങുമ്പോള്‍, ചെറുതായി പേടി തുടങ്ങും. കഥയില്‍ വായിച്ച ഭൂതങ്ങളും പ്രേതങ്ങളും ഒക്കെ തൊട്ടടുത്തുണ്ടോ എന്ന് തോന്നും. പൂക്കുല പോലെ അപ്പോള്‍ ഒന്ന് വിറയ്ക്കാന്‍ തുടങ്ങും. പിന്നെ കണ്ണും അടച്ചു ഒരൊറ്റ ഓട്ടം ആണ്. എന്റെ വീട്ടില്‍ ചെന്നേ നില്‍ക്കാറുള്ളൂ.

ആ സമയത്താണ് എന്റെ രണ്ടാമത്തെ ചേട്ടന്‍ , ചേട്ടന്റെ കടയില്‍ ( വാച്ച് നന്നാക്കുന്ന കട) ശനിയാഴ്ച രാത്രി പോയിരുന്ന്, അധികം ഉള്ള പണികള്‍ തീര്‍ക്കാനുള്ള പ്ലാന്‍ ഇടുന്നത്. ചേട്ടന്‍ ഏകദേശം ഏഴര മണി അടുപ്പിച്ചു കടയില്‍ നിന്നും വീട്ടില്‍ വരും. പിന്നെ രാത്രി ഭക്ഷണം ഒക്കെ കഴിച്ച ശേഷം ഏകദേശം ഒന്‍പതു മണി ആവുമ്പോള്‍ വീണ്ടും കടയില്‍ പോയി ഇരുന്ന്, രാവിലെ വരെ പണി ചെയ്യും. പിറ്റേന്ന് ഞായറാഴ്ച അല്ലെ... നന്നായി കിടന്നു ഉറങ്ങാമാല്ല്ലോ

അതിനു എന്റെ ടെലിവിഷന്‍ കാണലുമായി എന്താ ബന്ധം എന്ന് നിങ്ങള്‍ ചോദിക്കും... ഉണ്ട്.. പറയാം.

ഞാന്‍ സിനിമ കഴിഞ്ഞു, കണ്ണുമടച്ചു ഓടി എന്റെ വീട്ടില്‍ വരുമ്പോഴല്ലേ രസം...പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പട എന്ന് പറഞ്ഞ പോലെ.

ഞാന്‍ ഓടി വന്നു വീടിന്റെ മുന്‍പിലെ വാതിലില്‍ മുട്ടുമ്പോള്‍, തുറക്കാന്‍ വരുന്നത് ചേട്ടനാവും. ചേട്ടന് എന്നെ ഒന്ന് പേടിപ്പികാന്‍ തോന്നും അപ്പോള്‍ ..

അഴിയിട്ട വാതിലിന്റെ അടുത്ത് വന്നിട്ട് ചേട്ടന്‍ പറയും.."എടാ നോക്ക് നിന്റെ പുറകില്‍ ഡ്രാക്കുള ഉണ്ടോ എന്നൊരു സംശയം "( ഡ്രാക്കുളയുടെ പുസ്തകങ്ങള്‍ ഒക്കെ ഞാന്‍ ലൈബ്രറിയില്‍ നിന്നും എടുത്ത്, ഒറ്റയടിക്ക് വായിച്ചിട്ടുണ്ട്. അത് ചേട്ടനും അറിയാം ) . എന്റെ വീടിന്റെ മുറ്റത്തും അപ്പോള്‍ നല്ല ഇരുട്ടായിരിക്കും. ഞാന്‍ ദയനീയമായി പുറകിലേക്ക് നോക്കും.അവിടെ അപ്പോള്‍ കാണുന്ന ഒരു ഇല അനക്കം പോലെ എന്നെ പേടിപ്പിക്കും.

പിന്നെ കുറച്ചു നേരം എന്നെ കളിപ്പിച്ച ശേഷം ചേട്ടന്‍ വാതില്‍ തുറക്കും. ഈ പരിപാടി കുറച്ചു പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ , ഞാന്‍ ഒരു പണി ചെയ്തു. മലയാള സിനിമ മുഴുവന്‍ കാണാതെ പകുതിയാവുംപോള്‍ തന്നെ ആന്റിയുടെ വീട്ടില്‍ നിന്നും ഇറങ്ങും . അങ്ങനെ ചേട്ടന്‍ വരും മുന്‍പേ വീട്ടില്‍ എത്താമല്ലോ.

" ജോസേ ...സിനിമ തീര്‍ന്നിട്ട് പോയാല്‍ പോരെ..." പപ്പ ചേച്ചി ചോദിക്കും.

"ഇല്ല ആന്റി .പോയിട്ട് അത്യാവശ്യം ഉണ്ട് " . അങ്ങനെ എന്തെങ്കിലും കള്ളം തട്ടി വിട്ടിട്ടു ഞാന്‍ ഇടവഴിയിലൂടെ ഓടും. പേടിച്ചിട്ടാണെന്ന് അവരോടു പറയാന്‍ പറ്റുമോ...മാനം പോകുന്ന കേസല്ലേ.

എത്ര നല്ല സിനിമകള്‍ അങ്ങനെ പകുതി വച്ചു കണ്ടിട്ട് വന്നിട്ടുണ്ട് .

അത് ഒരു കാലം... ഇപ്പോള്‍ ടെലിവിഷനും സിനിമയും ഒക്കെ അത്ഭുതം പോയിട്ട് വെറും ഒരു സാധാരണ കാര്യം ആയി മാറിയിട്ടുണ്ട്. കേബിള്‍ ടിവിയും , കുറെ ഏറെ ചാനലുകളും ഒക്കെ ആയി ടെലിവിഷന്‍ എന്ന വിഡ്ഢിപ്പെട്ടി നമ്മുടെ ഒക്കെ വീടുകളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ( ടെലിവിഷനും മൊബൈലും കയ്യില്‍ ഇല്ലാത്തവര്‍ ഇപ്പോള്‍ ആരുണ്ട്‌ ) .

പപ്പ ചേച്ചി കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയി. ഇപ്പോഴും, പഴയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് മലയാള സിനിമകള്‍ കാണുമ്പോള്‍, അന്നത്തെ സംഭവങ്ങള്‍ ഒക്കെ ഓര്‍മ്മ വരും. ജയന്റ് റോബോട്ട് കാണാന്‍ പോകുന്നതും... വഴിയിലൂടെ കണ്ണും പൂട്ടി ഓടുന്നതും... ചേട്ടന്‍, ഡ്രാക്കുളയുടെ പേരും പറഞ്ഞു പേടിപ്പിക്കുന്നതും ഒക്കെ.. മരണം വരെയും ഇങ്ങനത്തെ ഓര്‍മകളെ മനസ്സിന്റെ ടെലിവിഷന്‍ ചാനലില്‍ എന്നും കാണാന്‍ പറ്റട്ടെ ...ഓര്‍മ്മകള്‍ മായാതിരിക്കട്ടെ ..

ജോസേ
ബാംഗ്ലൂര്‍
17-ഏപ്രില്‍-2010

2010, ഏപ്രിൽ 11

അണ്ണിക്കുഞ്ഞും പിരിയാണിയും...



ഇന്ന് എന്റെ കുഞ്ഞനിയത്തി ആന്‍സിയുടെ വിവാഹ നിശ്ചയം ആണ്. അടുത്ത ആഴ്ച കല്യാണവും. ഞങ്ങളുടെ കുടുംബത്തിലെ, എന്റെ തലമുറയിലെ അവസാനത്തെ കല്യാണം ആണ് ഇത്. ഇനിയുള്ളതൊക്കെ അടുത്ത തലമുറക്കാരായ പീക്കിരി പിള്ളേരാണ്. കല്യാണത്തിനും , നിശ്ചയത്തിനും ഒക്കെ കൂടണം എന്ന് കരുതിയതായിരുന്നെങ്കിലും , പറ്റിയില്ല. യാത്ര ചെയ്യാനുള്ള ഒരു പരുവത്തിലല്ല ഞാന്‍. അത് ഞാന്‍ അവളെ നേരത്തെ തന്നെ പറഞ്ഞു മനസ്സിലാക്കിയായിരുന്നു.

ഇന്ന് രാവിലെയും വിളിച്ചു അവളെ.... എന്റെ വക എല്ലാ ഭാവുകങ്ങളും നേരാനായി. ഞാന്‍ വിളിച്ചപ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്നും ഒരുങ്ങി , പള്ളിയിലേയ്ക്ക് പോകാനുള്ള തിരക്കിലായിരുന്നു അവള്‍. നിശ്ചയത്തിന്റെ തിരക്ക് കഴിഞ്ഞു പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു.

എത്ര പെട്ടന്നാണ് വര്‍ഷങ്ങള്‍ കടന്നു പോകുന്നത് എന്ന് ഞാന്‍ അപ്പോള്‍ ആലോചിച്ചു. എന്റെ കുഞ്ഞനിയത്തി അങ്ങനെ ഒരു ഭാര്യ ആകാന്‍ പോകുകയാണ്. നാളെ മുതല്‍ അവളെ കൊച്ചു പിള്ളേരുടെ ലിസ്റ്റില്‍ നിന്നും മാറും എന്ന് ഞാന്‍ കളിയായി അവളോട്‌ പറഞ്ഞു.

എന്റെ അമ്മച്ചിയുടെ ഏറ്റവും ഇളയ അനിയത്തിക്ക് രണ്ടു മക്കളാണ്.. ..ആനിയും ആന്‍സിയും. വീട്ടില്‍ അവരെ ആനി മോള്‍ എന്നും അക്കു മോള്‍ എന്നും ആണ് വിളിക്കാറ് എങ്കിലും, ഞാന്‍ കൊച്ചിലെ മുതല്‍ക്കു തന്നെ അവരെ വേറെ പേരില്‍ ആണ് വിളിക്കാറ്. ..പിരിയാണിയും അണ്ണിക്കുഞ്ഞും. എന്ത് കാരണം കൊണ്ടാണ് അങ്ങനെ പേരുകള്‍ ഇട്ടതു എന്ന് ഓര്‍ക്കുന്നില്ല.(പിന്നെ ലവി എന്നും കുശി എന്നും പേരുകള്‍ ഉണ്ട്. അതിട്ടത് വേറെ ഒരു കസിന്‍ ആണ്) . ഇപ്പോഴും അവരെ അങ്ങനെ തന്നെ വിളിക്കാറും ഉണ്ട്. (സ്നേഹം കൂടുമ്പോള്‍ അക്കുവിനെ അക്കുട്ടി എന്നാവും വിളിക്കുക )

ആനിയും അക്കുവും തമ്മില്‍ ഒരു വയസ്സിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ. എനിയ്ക്ക്, അവരെക്കാളും ഒരു 6 വയസ്സിന്റെ മൂപ്പും . കുടുംബത്തില്‍ എനിക്ക് ആകെയുള്ള രണ്ടു അനിയത്തിമാര്‍ ആണ് അവര്‍. (ഒരു അനിയത്തി ഉണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ഞാന്‍ ആലോചിക്കുമായിരുന്നു). ആ കുറവ് നികത്തിയത് ഇവരാണ്.

പണ്ടൊക്കെ, സ്കൂള്‍ അവധി കിട്ടുന്ന സമയത്ത്, കൊച്ചമ്മ, ആനിയേയും അക്കുവിനെയും, എന്റെ വീട്ടില്‍ കൊണ്ടാക്കും. അപ്പോഴല്ലേ രസം. അവരുടെ മൂത്ത അച്ചാച്ചനായി വിലസുന്ന ഞാന്‍, അവരെ വഴക്കുണ്ടാക്കി കരയിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും പാഴാക്കില്ലായിരുന്നു.. അങ്ങനത്തെ ഒന്ന് രണ്ടു അവസരങ്ങള്‍ ഇപ്പോഴും മനസ്സില്‍ നിറഞ്ഞു നില്‍പ്പുണ്ട്.

എവിടെ നിന്നോ കിട്ടിയ ഒരു പ്ലാസ്റിക് സിറിന്‍്ജ് എന്റെ കയ്യിലുണ്ടായിരുന്നു. അതിന്റെ തുമ്പത്ത് , ഈര്‍ക്കില്‍ ഓടിച്ചുണ്ടാക്കിയ ഒരു സൂചിയും വെച്ച്, കുറച്ചു ചുവന്ന വെള്ളവും കലക്കി നിറച്ച് , ഞാന്‍ അവരുടെ പുറകെ പോകും..കുത്തി വയ്ക്കാനാണ് എന്നും പറഞ്ഞു. അത് കണ്ടു പേടിച്ച് അവര്‍ രണ്ടും കരഞ്ഞു കൊണ്ട് വീടിനു ചുറ്റും ഓടും..ഞാന്‍ പുറകെയും. വെറുതെ പേടിപ്പിക്കുക എന്ന ദുരുദ്ദേശം മാത്രമേ ഉള്ളൂ.

"വല്യമ്മച്ചി..അച്ചാച്ചന്‍ ഞങ്ങളെ കുത്തിവയ്ക്കാന്‍ പോകുന്നെ.." അങ്ങനെ കരഞ്ഞുകൊണ്ട്‌ അവര്‍ എന്റെ അമ്മച്ചിയുടെ (അവരുടെ വല്യമ്മച്ചി) അടുത്ത് പരാതിയുമായി ചെല്ലും.

"ഡാ ജോസേ. നിനക്ക് നല്ല അടി വച്ച് തരും കേട്ടോ.. എന്തിനാ വെറുതെ പിള്ളേരെ പേടിപ്പിക്കുന്നെ "
അമ്മച്ചി അവരുടെ ഭാഗം ചേര്‍ന്ന് എനിക്ക് വഴക്ക് തരും.

ഈ പരാതിയും, അമ്മച്ചിയുടെ ആ വിരട്ടലും, എല്ലാ ദിവസങ്ങളിലും ആവര്‍ത്തിക്കും. ഇടയ്ക്കിടെ പേടിപ്പിക്കും എങ്കിലും, ബാക്കിയുള്ള സമയം ഒക്കെ ഞാന്‍ അവരുടെ നല്ല അച്ചാച്ചനായിരിക്കും.

പിന്നെ ഒരിക്കല്‍, മൂത്തവള്‍ ആനി, ഞങ്ങളുടെ വീടിന്റെ പുറകില്‍ വന്നിരുന്ന ഒരു പൂച്ചയെ കല്ലെടുത്തെറിഞ്ഞു. . ഏറു കൊണ്ട പൂച്ച കരഞ്ഞു വിളിച്ചു കൊണ്ടോടി . ആ അവസരം കളയാതെ ഞാന്‍ ഉടനെ അവളെ വിരട്ടി. ..പൂച്ചയെ എറിഞ്ഞവര്‍ കൈ വിറച്ചു ചാവും എന്ന്, നല്ല പേടിപ്പിക്കുന്ന രീതിയില്‍ ഞാന്‍ അവളോട്‌ പറഞ്ഞു. അത് കേട്ടു കുറെ നേരം അവള്‍ പൊട്ടിക്കരഞ്ഞത് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്.

ഓരോ പ്രാവശ്യം ഞാന്‍ വഴക്കുണ്ടാക്കുമ്പോഴും അവര്‍ പറയുന്ന ഒരു വാചകം ഉണ്ട്.

"മിണ്ടൂല്ല ...ഇനി മേലില്‍ ഞങ്ങള്‍ അച്ചാച്ചനെ കാണാന്‍ ഇവിടെ വരില്ല."

എന്നാല്‍ അവധി കഴിഞ്ഞു, തിരികെ പോകാനായി, ബസ്സ് കാത്തു നില്‍ക്കുമ്പോള്‍ രണ്ടു പേരും കൂടെ റോഡിന്റെ അപ്പുറത്ത് നിന്നും ഉറക്കെ വിളിച്ചു പറയും...

"അച്ചാച്ചാ ..ഇനി അടുത്ത അവധിക്കു വരാമേ.."

അവര്‍ പോയിക്കഴിയുമ്പോള്‍ കുറച്ചു നേരത്തേക്ക് നല്ല വിഷമവും ആയിരിക്കും എനിക്ക്.

രസകരമായ കുട്ടിക്കാലം കഴിഞ്ഞപ്പോള്‍, വിരട്ടലും വഴക്കുണ്ടാക്കലും ഒക്കെ നിന്നു. എന്നാലും ഇരട്ടപ്പേര് വിളി നിന്നില്ല. മൂത്തവള്‍ ആനി , ഞാന്‍ പിരിയാണി എന്ന ഇരട്ടപ്പേര് വിളിക്കുമ്പോള്‍ തൊഴുതുകൊണ്ട് പറയും.. "ഇനിയെങ്കിലും ആ പേര് മാറ്റികൂടെ? "

എന്നാല്‍ അക്കുവാനെങ്കിലോ ...എഴുതെഴിതിയാലും, ഇ- മെയില്‍ അയച്ചാലും ഒക്കെ അതില്‍, അണ്ണിക്കുഞ്ഞു എന്ന് തന്നെ ആവും വയ്ക്കുക. കാലം കുറെ ആയി എന്ന് പറഞ്ഞാലും, അവരൊക്കെ വളര്‍ന്നു വലുതായി എന്ന് പറഞ്ഞാലും, അവര്‍ എന്റെ അനിയത്തിമാര്‍ അല്ലാതാവുന്നിലല്ലോ . അപ്പോള്‍ പിന്നെ ഞാന്‍ പഴയ ഇരട്ടപ്പേരുകള്‍ വിളിക്കുന്നതില്‍ എന്താ തെറ്റ്? ( അവരുടെ കെട്ടിയോന്മാര്‍ വഴക്കിനു വരാത്തിടത്തോളം :-) )

ആനി മോള്‍ കല്യാണം കഴിച്ചു , ഒരു കുഞ്ഞുമായി , ഒബാമയുടെ നാട്ടില്‍ ജീവിക്കുന്നു. അക്കു, അടുത്ത ഞായറാഴ്ച വിശുദ്ധ അല്ത്താരയില്‍ , മണവാട്ടിയുടെ വേഷമിടും. പണ്ടത്തെ പേടിച്ചു കരയുന്ന കുഞ്ഞനിയത്തിമാര്‍ , ഇന്ന് വലിയ കുട്ടികളായി, അവരുടെതായ കുടുംബം തീര്‍ക്കാന്‍ പ്രാപ്തരായി നില്‍ക്കുന്നു. കാലം ആര്‍ക്കു വേണ്ടിയും കാത്തു നില്ക്കാറില്ലല്ലോ ?

അടുത്ത ആഴ്ച പള്ളിയില്‍, കല്യാണം നടക്കുമ്പോള്‍, ഞാന്‍ അടുത്തുണ്ടാവില്ലെങ്കിലും , മനസ്സുകൊണ്ട്, ഞാന്‍ അവളുടെ അടുത്തുണ്ടാവും..ഭാവി ജീവിതത്തിനു വേണ്ട എല്ലാ ഭാവുകങ്ങളും മനസ്സാല്‍ നേര്‍ന്നുകൊണ്ട്..

"അക്കുട്ടീ ..ദീര്‍ഘ സുമംഗലീ ഭവഃ "

(പണ്ടൊരിക്കല്‍ അവധിക്കു വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ എന്റെ ഡയറിയുടെ പുറകില്‍, അക്കുവിനെ ഇരുത്തി വരച്ച പടമാണ് മുകളില്‍. താഴെയുള്ളത്.. അക്കുവും (ഇടതു.ഭാഗം) പിന്നെ ആനിയും( വലതു ഭാഗം) )

ജോസ്
ബാംഗ്ലൂര്‍
11-ഏപ്രില്‍-2010

2010, ഏപ്രിൽ 3

തിരിഞ്ഞു നോക്കാതെ ഓടെടാ മച്ചാ ....













രാവിലെ ടി വി യില്‍ പറഞ്ഞ ഒരു വാര്‍ത്ത ലീന എന്നെ പറഞ്ഞു കേള്‍പ്പിച്ചു...വേനല്‍ക്കാലത്തെ കൊടും ചൂടിലും, പാവം ആനകളെ നെറ്റിപ്പട്ടവും മറ്റും ഇടീപ്പിച്ചു ഉത്സവങ്ങള്‍ക്കും മറ്റും നടത്തിപ്പിക്കുന്നതിന്റെ ക്രൂര കഥ .അതെക്കുറിച്ച് കേട്ടപ്പോള്‍, ഒരു ആനക്കഥ ഓര്‍ത്തു. ...ഒരിക്കലും മറക്കാനാവാത്ത ആനക്കഥ ...

സ്കൂളില്‍ പഠിക്കുന്ന സമയം.. എന്റെ കുടുംബ വീട്ടില്‍, ജനലിനടുത്ത് ഇരുന്നു വഴിയരികില്‍ "വായിനോക്കി" ഇരിക്കുന്ന സമയത്താണ്, വഴിയിലൂടെ പോകുന്ന ആനകളെ കാണാറ്. വീടിനടുത്തുള്ള ആറില്‍ ആനയെ കുളിപ്പിക്കാന്‍ കൊണ്ടുപോകുന്നതാവും..അല്ലെങ്കില്‍ , അടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവത്തിന്‌ കൊണ്ടുപോകുന്നതാവും..ഇതല്ലെങ്കില്‍ പിന്നെ, തടി പിടിക്കാനോ മറ്റു വല്ല ജോലി ചെയ്യിപ്പിക്കാണോ ആവും ..

പിന്നെ കുറെ ഏറെ ആനകളെ ഒന്നുച്ചു കാണുന്നത്, ക്ഷേത്രത്തില്‍ ആറാട്ട്‌ നടക്കുമ്പോഴാണ്. നെറ്റിപ്പട്ടം ചൂടി, ആ കരിവീരന്മാര്‍ വരി വരിയായി, വീടിന്റെ മുന്‍പിലൂടെ നടന്നു നീങ്ങും. ഒപ്പം വാദ്യ മേളങ്ങളുമായി ആള്‍ക്കൂട്ടവും കാണും. എല്ലാംകൂടി ഒരു ഉത്സവ പ്രതീതി തന്നെ ആയിരിക്കും. ഇതൊക്കെ തന്നെയാണ് ആനകളെക്കുറിച്ച് എന്റെ മനസ്സില്‍ ഓടി വന്നിരുന്ന നല്ല ഓര്‍മ്മകള്‍. എന്നാല്‍ എല്ലാ ഓര്‍മ്മകളും നല്ലതല്ല ..

വര്‍ഷങ്ങള്‍ക്കു ശേഷം..ഞാന്‍ ഉപരി പഠനത്തിനായി, ഹിമാലയത്തിന്റെ താഴ്വരയിലുള്ള റൂര്‍ക്കി എന്ന സ്ഥലത്തേക്ക് ചേക്കേറി. അവിടെയുള്ള റൂര്‍ക്കി യൂണിവേര്സിറ്റിയില്‍് ജിയോളജി പഠിക്കാനാണ് ഞാന്‍ പോയത്. അവിടെ വച്ച് കരി വീരന്മാരുമായി ഒരിക്കലും മറക്കാനാവാത്ത ഒരു കണ്ടുമുട്ടല്‍ ഉണ്ടായി.

ആദ്യ വര്‍ഷം അവസാനിക്കാറായപ്പോള്‍, ഞങ്ങള്‍ക്ക് ഒരു ഫീല്‍ഡ് ടൂര്‍ ഉണ്ടായിരുന്നു. ഡറാഡൂണിന്റെ അടുത്തുള്ള മോഹന്ത് എന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ ഫീല്‍ഡ് വര്‍ക്ക്. ജിയോളജി പഠിക്കുന്നവരുടെ ഫീല്‍ഡ് വര്‍ക്ക് സ്ഥലങ്ങള്‍ എന്ന് പറഞ്ഞാല്‍, കാടും , മലയും, അരുവികളും, ഒക്കെ നിറഞ്ഞ, ആള്‍ത്താമസം ഇല്ലാത്ത സ്ഥലങ്ങള്‍ ആണല്ലോ. ആ സമയത്ത് ഞങ്ങളുടെ ഫീല്‍ഡ് വര്‍ക്ക് , മോഹന്തിലെ ഒരു വരണ്ടുണങ്ങിയ നദിയിലായിരുന്നു.

ഇരുപതോളം കുട്ടികള്‍ അടങ്ങിയ ഒരു സംഘം ആയിരുന്നു ഞങ്ങളുടേത്. .കൂടെ രണ്ടു സാറുമ്മാരും. അതിലൊരാള്‍, അമ്പത്തി അഞ്ചു വയസ്സിനപ്പുറം ഉള്ള ഒരു പ്രസിദ്ധനായ സാറായിരുന്നു. ബ്രം പ്രകാശ് എന്നാണു അദേഹത്തിന്റെ പേര്.

ഉണങ്ങിയ നദി തടത്തിലെ വലിയ ഉരുളന്‍ കല്ലുകള്‍ക്ക് മീതെ നടന്നു വേണം ഫീല്‍ഡ് വര്‍ക്ക് ചെയ്യാന്‍. അത് വിചാരിക്കുന്ന പോലെ അത്ര എളുപ്പം ഉള്ള പരിപാടി അല്ല. ഉരുളന്‍ കല്ലുകള്‍ക്ക് മീതെ കുറെ നടന്നു കഴിയുമ്പോള്‍ കാലു നന്നായി വേദനിക്കും.ഏകദേശം മൂന്നു നാല് കിലോമീറ്റര്‍ അങ്ങനെ ആ നദി തടത്തിലൂടെ നടന്നു വേണം ഫീല്‍ഡ് വര്‍ക്ക് തീര്‍ക്കാന്‍.

സാറുമ്മാര്‍ രണ്ടുപേരും എന്നെ ഒരു ജോലി ഏല്‍പ്പിച്ച ശേഷം, കുറച്ചു മുന്‍പേ നടക്കുക ആയിരുന്നു. എന്റെ ജോലിയോ.. ഇന്‍സ്ട്രുമെന്റ് ബോക്സ്‌ കൊണ്ടുവരാത്ത വീരന്മാരുടെ കയ്യില്‍ നിന്നും ഫൈന്‍ ഈടാക്കുക എന്ന 'മഹത്തായ" കൃത്യം. ഞാന്‍ അത് വളരെ കൃത്യ നിഷ്ടയോടെ ചെയ്യുകയായിരുന്നു. അപ്പോഴാണ്‌ നദീ തടത്തിന്റെ മുകള്‍ ഭാഗത്ത്‌ നിന്നും എന്തോ ശബ്ദം കേള്‍ക്കുന്നത്. ബ്രം പ്രകാശ് സാര്‍ നടന്നു പോയ്കൊണ്ടിരുന്ന ഭാഗത്ത്‌ നിന്നും ആണു ശബ്ദം കേട്ടത്.

നദിയുടെ വശത്തെ റോഡില്‍ നിന്നും, ആളുകള്‍ എന്തൊക്കെയോ ഉറക്കെ വിളിച്ചു പറയുകയും, കുറെ കല്ലുകള്‍ എറിയുകയും ചെയ്യുന്നു. അപ്പോഴാണ്‌ നദിയുടെ മുകള്‍ ഭാഗത്ത്‌ നിന്നും, ഞങ്ങള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് ഓടി വരുന്ന രണ്ടു ആനകളെ കണ്ടത്. വലുത്, ഒരി പിടിയാനയും, പിന്നുള്ളത് ഒരു കുഞ്ഞു കൊമ്പനും. അമ്മയും മകനും ആയിരിക്കും. പിന്നെ നടന്നതൊക്കെ വെറും സെക്കണ്ടുകള്‍ക്കുള്ളില്‍ ആണു നടന്നത്. ഒരു ആക്ഷന്‍ സിനിമാ കഥ പോലെ .

ബ്രം പ്രകാശ് സാറിന് എന്തെകിലും ചെയ്യാന്‍ പറ്റും മുന്‍പേ, പിടിയാന, ഓടി സാറിന്റെ അടുത്തെത്തി, സാറിനെ തുമ്പിക്കയ്യില്‍ ചുഴറ്റി എടുത്തെറിഞ്ഞു. അത് കണ്ടപ്പോഴേ ഞങ്ങള്‍ ഒക്കെ ചിതറി ഓടിത്തുടങ്ങി. കല്ലില്‍ ചവിട്ടി ഓടുംപോഴുള്ള വേദന ഒക്കെ കാറില്‍ പറത്തി ഞങ്ങള്‍ ഓടി. സ്വയ രക്ഷ അല്ലെ ആദ്യം പ്രധാനം. കല്ലുകള്‍ക്കിടയില്‍ വീണ സാറിനെ ചവിട്ടിയരിയ്ക്കനായി, പിടിയാന, കാലുയര്‍ത്തിയതും , മുകളില്‍ നിന്ന ആളുകള്‍ കൂവി വിളിച്ചു കല്ലുകള്‍ എടുത്തെറിഞ്ഞത് കാരണം ആവാം, പിടിയാന, ഉടനെ തന്നെ, താഴേക്ക്‌ ഓടി. ഒരു പക്ഷെ കൂടെ ഉണ്ടായിരുന്ന കുഞ്ഞു ഓടിപ്പോകുന്നതു കണ്ടു, ആ വഴിയിലൂടെ ഓടിയതാവണം.

ചിന്നം വിളിച്ചുകൊണ്ടു , ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ വഴിയിലൂടെ ആന അതിവേഗം ഓടുന്നത് കണ്ടപ്പോള്‍, എല്ലാവരും ജീവനും കൊണ്ടോടി. ബാഗും, പുസ്തകങ്ങളും ഇന്‍സ്ട്രുമെന്റ് ബോക്സും ഒക്കെ വലിച്ചെറിഞ്ഞു ഞങ്ങള്‍ ഓടിയ വഴിയില്‍, തീര്‍ച്ചയായും, പുല്ലു കിളിക്കാന്‍ നല്ല സമയം പിടിക്കും. ആനയ്ക്ക് നല്ല വേഗത്തില്‍ ഓടാന്‍ കഴിയും എന്ന് ആ ദിവസം നന്നായി മനസ്സിലായി.

ആനകള്‍ ഓടിപ്പോയപ്പോള്‍, ഞങ്ങള്‍ സാറിന്റെ അടുത്തെത്തി. ഞങ്ങള്‍ എല്ലാവരും, കിടു കിടാ വിറയ്ക്കുകയായിരുന്നു. വയസ്സനായ സാറോ ... "ഇതൊക്കെ ഞാന്‍ എത്ര കണ്ടിരിക്കുന്നു മക്കളെ " എന്ന മട്ടിലും ..

കല്ലില്‍ വീണ വീഴ്ചയില്‍ സാറിനു തലയില്‍ മുറിവ് വന്നു..പിന്നെ കാല് ഒടിയുകയും ചെയ്തു. എന്തായാലും ഫീല്‍ഡ് വര്‍ക്ക് അന്ന് തന്നെ അവസാനിപ്പിച്ചു, ഞങ്ങള്‍ തിരികെ പോയി. സാറിനെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു. പിന്നെ ആ സെമിസ്റ്റരില്‍ ആ സാറിന്റെ ക്ലാസ് ഉണ്ടായില്ല. പിറ്റേന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ അറിഞ്ഞു..മോഹന്ത് ഭാഗത്ത്‌, കുറെ ആളുകള്‍ ആനകളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന്.

ആന ചവിട്ടാനായി കാല് പൊക്കിയ സമയത്ത്, ഒരു പക്ഷെ ഞാന്‍ ആയിരുന്നു അവിടെ വീണു കിടന്നിരുന്നത് എങ്കില്‍, പേടിച്ചു തന്നെ ക്ലോസ് ആയേനെ. പക്ഷെ, ബ്രം പ്രകാശ് സാറിന്റെ മനോ ധൈര്യം കാരണം, വേറെ ഒന്നും പറ്റിയില്ല.

ആ സംഭവത്തിന്‌ ശേഷം, കരി വീരന്മാരെ കാണുമ്പോള്‍, കുറച്ചു അകലം പാലിച്ചേ നില്കാരുള്ളൂ. അവന്മാര്‍ ചില്ലറക്കാരന്മാര്‍ അല്ല എന്ന് എനിക്ക് മനസ്സിലായി. .. എന്തിനാ വെറുതെ അടുത്ത് പോയി, അടി വാങ്ങിച്ചു പിടിക്കുന്നെ.

ജോസ്
ബാംഗ്ലൂര്‍
4-ഏപ്രില്‍ -2010