2010, ഏപ്രിൽ 17

പപ്പച്ചേച്ചിയും ടെലിവിഷനും ...







ഇന്നലെ
ഒരു കൂട്ടുകാരന്റെ വീട്ടില്‍ പോയപ്പോള്‍, അവന്റെ ലിവിംഗ് റൂമില്‍ ഒരു അടിപൊളി ഫ്ലാറ്റ് ടെലിവിഷന്‍ കണ്ടു. എന്റെ കുറെ നാളായുള്ള ആഗ്രഹമാണ് അതേപോലെ ഒരു ഫ്ലാറ്റ് ടെലിവിഷന്‍ വാങ്ങണം എന്നത്. പക്ഷെ വില കേള്‍ക്കുമ്പോള്‍ തോന്നും..." അത്രയ്ക്ക് ആര്‍ഭാടം വേണോ മോനെ ദിനേശാ? കയ്യില്‍ ഇപ്പോള്‍ ഇരിക്കുന്ന സാംസങ്ങ് ടെലിവിഷന് എന്താ ഒരു കുഴപ്പം? . അത് പോരെ "

ഇങ്ങനെ ഓരോ പ്രാവശ്യവും, വില കാണുമ്പോള്‍, പുതിയ ടെലിവിഷന്‍ വാങ്ങാനുള്ള ആഗ്രഹത്തെ ഞാന്‍ പുറകിലേക്ക് വലിച്ചിടും. വേറെ എന്തെല്ലാം അത്യാവശ്യങ്ങള്‍ കിടക്കുന്നു ?. അതൊക്കെ കഴിഞ്ഞാവാം ഫ്ലാറ്റ് ടെലിവിഷന്‍ എന്ന ആര്‍ഭാടം.

പണ്ട് ചെറിയ ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത്.. ടെലിവിഷന്‍ എന്ന സാധനം ഒരു വലിയ അത്ഭുതം തന്നെ ആയിരുന്നു.

എന്തോ മഹാ അത്ഭുതം കണ്ടപോലെ ഒരു ചെക്കന്‍ അന്ന് എന്റെ വീടിന്റെ മുന്‍പിലെ റോഡിലൂടെ വിളിച്ചോണ്ട് പോയത് ഇപ്പോഴും ഓര്‍ക്കുന്നു..

"മോളിലത്തെ അണ്ണന്റെ വീട്ടില്‍ ടെലിവിഷം വന്നു "

ഞങ്ങളുടെ ഫാമിലിയില്‍ ആദ്യമായി ടെലിവിഷന്‍ വാങ്ങിച്ചത് എന്റെ ഒരു കുഞ്ഞമ്മ ആയിരുന്നു. അവിടെ പോയിരുന്നു അതിലെ സിനിമ ഒക്കെ കാണുമ്പോള്‍ വല്ലാതെ അന്തം വിട്ടിട്ടുണ്ട്. ലോകത്ത് എവിടെ നടക്കുന്ന കാര്യവും ടെലിവിഷനിലൂടെ കാണാന്‍ പറ്റും അത്രേ..

ആ സമയത്താണ് എന്റെ മൂത്ത ചേട്ടന്‍ ഡല്‍ഹിയില്‍ ജോലി നോക്കിയിരുന്നത്. അപ്പോള്‍ എന്റെ മനസ്സില്‍ ഒരു സംശയം തോന്നി ..

" കുഞ്ഞമ്മയുടെ വീട്ടില്‍ പോയി ടെലിവിഷനില്‍ നോക്കിയാല്‍ ഡല്‍ഹിയിലിരിക്കുന്ന ചേട്ടനെ കാണാന്‍ പറ്റുമോ? "

ഒരു മഹാത്ഭുതം കണ്ടു അന്തം വിട്ട ഒരു കൊച്ചു പയ്യന്റെ ചിന്ന സംശയം ആയിരുന്നു അത്. അതിനു ആരെങ്കിലും അന്ന് മറുപടി തന്നോ എന്ന് ഓര്‍മ്മയില്ല.

വല്ലപ്പോഴും ഞാനും എന്റെ ചേച്ചിയും കൂടി ശനിയാഴ്ച കണക്കാക്കി കുഞ്ഞമ്മയുടെ വീട്ടില്‍ പോവും. അന്നവിടെ തങ്ങിയ ശേഷം, ഞായറാഴ്ച തിരികെ വരും. ആയിടെ ശനിയാഴ്ച കുട്ടികള്‍ക്കായി ജയന്റ് റോബോട്ട് എന്ന ഒരു പരിപാടി ടെലിവിഷനില്‍ ഉണ്ടായിരുന്നു. അത് കഴിഞ്ഞാല്‍ ഉടന്‍ മലയാള സിനിമയും. അതായിരുന്നു ടെലിവിഷനുമായുള്ള എന്റെ ബന്ധത്തിന്റെ തുടക്കം.

ആയിടെ എന്റെ വീടിന്റെ അടുത്തുള്ള പപ്പച്ചേച്ചിയുടെ (പത്മാവതി എന്നാണെന്ന് തോന്നുന്നു ആ ആന്റിയുടെ പേര് ) വീട്ടിലും ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ടെലിവിഷന്‍ വാങ്ങിച്ചു. ആ ആന്റിയും വീട്ടുകാരും, എന്റെ വീട്ടുകാരുമായി നല്ല അടുപ്പം ഉള്ള കൂട്ടരായിരുന്നു. അവരുടെ മകള്‍ ഗീത ചേച്ചിയും മകന്‍ അനി ചേട്ടനും ഒക്കെ എന്റെ ചേട്ടന്മാരെയും ചേച്ചിമാരെയും ഒക്കെ നന്നായി അറിയാമായിരുന്നവര്‍ ആയിരുന്നു. ഒരിക്കല്‍ പപ്പ ചേച്ചി വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ അവരോടു ചോദിച്ചു

"പപ്പ ചേച്ചി...ഞാന്‍ ജയന്റ് റോബോട്ട് കാണാന്‍ ശനിയാഴ്ച വൈകിട്ട് വന്നോട്ടെ? വെറും അര മണിക്കൂര്‍ മാത്രമേ ഒള്ളൂ "

"അതിനെന്താ ജോസ് വന്നോളൂ ...എപ്പോ വേണമെങ്കിലും വരാം ". സ്നേഹത്തോടെ ആന്റി പറഞ്ഞു.

അങ്ങനെ ഞാന്‍ ആ ആന്റിയുടെ വീട്ടില്‍ എല്ലാ ശനിയാഴ്ചയും വൈകിട്ട് ജയന്റ് റോബോട്ട് കാണാന്‍ പോയിത്തുടങ്ങി. പതുക്കെ പതുക്കെ ജയന്റ് റോബോട്ടിന് ശേഷമുള്ള സിനിമയും കാണാന്‍ ഇരിക്കാന്‍ തുടങ്ങി..പിന്നെ ഞായരാഴ്ചയുള്ള സ്പൈഡര്‍ മാന്‍, ഇവാന്‍ ലെണ്ടലും ബോറിസ് ബെക്കറും ആയുള്ള വിംബിള്‍ഡണ്‍ മാച്ചുകള്‍.. ലോക കപ്പ്‌ ക്രിക്കറ്റ് മാച്ചുകള്‍.. അങ്ങനെ ഞാന്‍ അവിടെ പോയി കാണുന്ന ടെലിവിഷന്‍ പരിപാടികളുടെ നിര നീണ്ടു .. (ഒരു മാതിരി ഒട്ടകത്തിനു കിടക്കാന്‍ ഇടം കൊടുത്തപോലെ ആണോ എന്ന് നിങ്ങള്‍ ചിലപ്പോള്‍ വിചാരിക്കും )

സ്ഥിരമായി കാണാറുള്ള പരിപാടി , ശനിയാഴ്ചത്തെ വൈകിട്ടുള്ള മലയാള സിനിമ ആണ്. വൈകിട്ട് ആര് മണി അടിപ്പിച്ചു തുടങ്ങുന്ന സിനിമ തീരുമ്പോള്‍ ഏകദേശം എട്ടര ആവും. പിന്നെ ആണ് രസം..

എന്റെ വീടിന്റെ കുറച്ചടുത്താണ് ആന്റിയുടെ വീട് എങ്കിലും...അവിടുന്ന് എന്റെ വീടിലേക്ക്‌ വരുന്ന ചെറിയ ഇട വഴിയില്‍ അന്ന് വെട്ടം ഒന്നും ഇല്ലായിരുന്നു. ചുറ്റും ചെറിയ കാട് പോലത്തെ സ്ഥലവും. സിനിമ കണ്ടിട്ട് വീട്ടിലേക്കു പോകാന്‍ ഇറങ്ങുമ്പോള്‍, ചെറുതായി പേടി തുടങ്ങും. കഥയില്‍ വായിച്ച ഭൂതങ്ങളും പ്രേതങ്ങളും ഒക്കെ തൊട്ടടുത്തുണ്ടോ എന്ന് തോന്നും. പൂക്കുല പോലെ അപ്പോള്‍ ഒന്ന് വിറയ്ക്കാന്‍ തുടങ്ങും. പിന്നെ കണ്ണും അടച്ചു ഒരൊറ്റ ഓട്ടം ആണ്. എന്റെ വീട്ടില്‍ ചെന്നേ നില്‍ക്കാറുള്ളൂ.

ആ സമയത്താണ് എന്റെ രണ്ടാമത്തെ ചേട്ടന്‍ , ചേട്ടന്റെ കടയില്‍ ( വാച്ച് നന്നാക്കുന്ന കട) ശനിയാഴ്ച രാത്രി പോയിരുന്ന്, അധികം ഉള്ള പണികള്‍ തീര്‍ക്കാനുള്ള പ്ലാന്‍ ഇടുന്നത്. ചേട്ടന്‍ ഏകദേശം ഏഴര മണി അടുപ്പിച്ചു കടയില്‍ നിന്നും വീട്ടില്‍ വരും. പിന്നെ രാത്രി ഭക്ഷണം ഒക്കെ കഴിച്ച ശേഷം ഏകദേശം ഒന്‍പതു മണി ആവുമ്പോള്‍ വീണ്ടും കടയില്‍ പോയി ഇരുന്ന്, രാവിലെ വരെ പണി ചെയ്യും. പിറ്റേന്ന് ഞായറാഴ്ച അല്ലെ... നന്നായി കിടന്നു ഉറങ്ങാമാല്ല്ലോ

അതിനു എന്റെ ടെലിവിഷന്‍ കാണലുമായി എന്താ ബന്ധം എന്ന് നിങ്ങള്‍ ചോദിക്കും... ഉണ്ട്.. പറയാം.

ഞാന്‍ സിനിമ കഴിഞ്ഞു, കണ്ണുമടച്ചു ഓടി എന്റെ വീട്ടില്‍ വരുമ്പോഴല്ലേ രസം...പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പട എന്ന് പറഞ്ഞ പോലെ.

ഞാന്‍ ഓടി വന്നു വീടിന്റെ മുന്‍പിലെ വാതിലില്‍ മുട്ടുമ്പോള്‍, തുറക്കാന്‍ വരുന്നത് ചേട്ടനാവും. ചേട്ടന് എന്നെ ഒന്ന് പേടിപ്പികാന്‍ തോന്നും അപ്പോള്‍ ..

അഴിയിട്ട വാതിലിന്റെ അടുത്ത് വന്നിട്ട് ചേട്ടന്‍ പറയും.."എടാ നോക്ക് നിന്റെ പുറകില്‍ ഡ്രാക്കുള ഉണ്ടോ എന്നൊരു സംശയം "( ഡ്രാക്കുളയുടെ പുസ്തകങ്ങള്‍ ഒക്കെ ഞാന്‍ ലൈബ്രറിയില്‍ നിന്നും എടുത്ത്, ഒറ്റയടിക്ക് വായിച്ചിട്ടുണ്ട്. അത് ചേട്ടനും അറിയാം ) . എന്റെ വീടിന്റെ മുറ്റത്തും അപ്പോള്‍ നല്ല ഇരുട്ടായിരിക്കും. ഞാന്‍ ദയനീയമായി പുറകിലേക്ക് നോക്കും.അവിടെ അപ്പോള്‍ കാണുന്ന ഒരു ഇല അനക്കം പോലെ എന്നെ പേടിപ്പിക്കും.

പിന്നെ കുറച്ചു നേരം എന്നെ കളിപ്പിച്ച ശേഷം ചേട്ടന്‍ വാതില്‍ തുറക്കും. ഈ പരിപാടി കുറച്ചു പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ , ഞാന്‍ ഒരു പണി ചെയ്തു. മലയാള സിനിമ മുഴുവന്‍ കാണാതെ പകുതിയാവുംപോള്‍ തന്നെ ആന്റിയുടെ വീട്ടില്‍ നിന്നും ഇറങ്ങും . അങ്ങനെ ചേട്ടന്‍ വരും മുന്‍പേ വീട്ടില്‍ എത്താമല്ലോ.

" ജോസേ ...സിനിമ തീര്‍ന്നിട്ട് പോയാല്‍ പോരെ..." പപ്പ ചേച്ചി ചോദിക്കും.

"ഇല്ല ആന്റി .പോയിട്ട് അത്യാവശ്യം ഉണ്ട് " . അങ്ങനെ എന്തെങ്കിലും കള്ളം തട്ടി വിട്ടിട്ടു ഞാന്‍ ഇടവഴിയിലൂടെ ഓടും. പേടിച്ചിട്ടാണെന്ന് അവരോടു പറയാന്‍ പറ്റുമോ...മാനം പോകുന്ന കേസല്ലേ.

എത്ര നല്ല സിനിമകള്‍ അങ്ങനെ പകുതി വച്ചു കണ്ടിട്ട് വന്നിട്ടുണ്ട് .

അത് ഒരു കാലം... ഇപ്പോള്‍ ടെലിവിഷനും സിനിമയും ഒക്കെ അത്ഭുതം പോയിട്ട് വെറും ഒരു സാധാരണ കാര്യം ആയി മാറിയിട്ടുണ്ട്. കേബിള്‍ ടിവിയും , കുറെ ഏറെ ചാനലുകളും ഒക്കെ ആയി ടെലിവിഷന്‍ എന്ന വിഡ്ഢിപ്പെട്ടി നമ്മുടെ ഒക്കെ വീടുകളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ( ടെലിവിഷനും മൊബൈലും കയ്യില്‍ ഇല്ലാത്തവര്‍ ഇപ്പോള്‍ ആരുണ്ട്‌ ) .

പപ്പ ചേച്ചി കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയി. ഇപ്പോഴും, പഴയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് മലയാള സിനിമകള്‍ കാണുമ്പോള്‍, അന്നത്തെ സംഭവങ്ങള്‍ ഒക്കെ ഓര്‍മ്മ വരും. ജയന്റ് റോബോട്ട് കാണാന്‍ പോകുന്നതും... വഴിയിലൂടെ കണ്ണും പൂട്ടി ഓടുന്നതും... ചേട്ടന്‍, ഡ്രാക്കുളയുടെ പേരും പറഞ്ഞു പേടിപ്പിക്കുന്നതും ഒക്കെ.. മരണം വരെയും ഇങ്ങനത്തെ ഓര്‍മകളെ മനസ്സിന്റെ ടെലിവിഷന്‍ ചാനലില്‍ എന്നും കാണാന്‍ പറ്റട്ടെ ...ഓര്‍മ്മകള്‍ മായാതിരിക്കട്ടെ ..

ജോസേ
ബാംഗ്ലൂര്‍
17-ഏപ്രില്‍-2010

അഭിപ്രായങ്ങളൊന്നുമില്ല: