2011, നവംബർ 12

രണ്ടു മുടിയിഴകള്‍ ....


അവള്‍ പോയ ശേഷം,
നാളുകളേറെ
തുറക്കാതടച്ചിട്ട
അലമാരിത്തട്ടൊന്നു
ഞാനിന്നു തുറന്നു .

അതില്‍ ,
കുറച്ചു പുസ്തകങ്ങളും,
ചെറു കുപ്പികളില്‍ കുറെ
സൌന്ദര്യ ലേപനങ്ങളും ,
ഒരു പേഴ്സും കണ്ടു.

പേഴ്സ് തുറന്നപ്പോള്‍ അതില്‍ ,
കുറെ നാണയത്തുട്ടുകളും,
കരി മഷിയും, പേനകളും,
പിന്നെ നീല നിറത്തിലൊരു
ചീപ്പും കണ്ടു.
ചീപ്പിന്റെ പല്ലുകളിലുടക്കി
കറുത്ത, രണ്ടു നീളന്‍
മുടിയിഴകള്‍ ഉണ്ടായിരുന്നു .

നേരത്തെയൊക്കെ,
ചീപ്പില്‍ കുരുങ്ങിയ
മുടിയിഴകള്‍ കണ്ടാല്‍
പറയുമായിരുന്നു ഞാന്‍
'ഇതൊന്നു വൃത്തിയായ് വെച്ചൂടെ?'
കുരുങ്ങിയ മുടിയിഴകള്‍
കാണുന്നതറപ്പായിരുന്നെനിക്ക് .

തറയില്‍ വീണ
മുടിയിഴകള്‍ കണ്ടാല്‍
പറയുമായിരുന്നു ഞാന്‍
'ഇതൊന്നു തൂത്തു കളഞ്ഞൂടെ? '

ഇന്നോ ..
ആ നീല ചീപ്പില്‍
കുരുങ്ങി ഇരുന്ന,
ആ രണ്ടു മുടിയിഴകള്‍
എന്നില്‍ അറപ്പുളവാക്കിയില്ല .

മറിച്ച് , അതെനിക്ക്
പ്രിയപ്പെട്ടതായ് തോന്നി.
ഒരു ചലച്ചിത്രത്തിലെന്ന പോലെ ,
ഞൊടിയിട കൊണ്ടത്‌
കുറെ ഏറെ കാര്യങ്ങള്‍
വീണ്ടുമോര്‍മ്മിപ്പിച്ചെന്നെ ..
കയ്പ്പും മധുരവും
ഇടകലര്‍ന്നു നില്‍ക്കുന്ന,
ഓര്‍മ്മകളുടെ പൂങ്കാവനത്തില്‍
വീശിയ ഒരിളം തെന്നല്‍ പോലെ .

ആ രണ്ടു മുടിയിഴകള്‍ ...
ജീവിച്ചിരുന്നപ്പോഴെപ്പോഴോ
അവളില്‍ നിന്ന് വേര്‍പെട്ട
അവളുടെ ദേഹത്തിന്റെ ഭാഗം
അത്...
അവളെനിക്കായ് അവശേഷിപ്പിച്ച
അവളുടെ ദേഹത്തിന്റെ ഭാഗം .

തെല്ലു ചിന്തിച്ചു നിന്നു ഞാന്‍..
എന്ത് ചെയ്യണമെന്നറിയാതെ ,
ആ രണ്ടിഴകളെ കളയണോ
അതോ, സൂക്ഷിച്ചു വെയ്ക്കണോ

ചിന്തകള്‍ മനസ്സിനു
ഭാരമായ് വന്നപ്പോള്‍ ,
മുടിയിഴകല്‍ക്കൊപ്പം
ഞാനാ നീല ചീപ്പിനെ
പേഴ്സില്‍ വെച്ചടച്ചു.
മനസ്സപ്പോള്‍ പറഞ്ഞു..
'അതവിടിരിക്കട്ടെ
കാണാന്‍ കഴിയാത്ത
ഓര്‍മ്മകള്‍ക്കൊപ്പം
കാണാനാവുന്ന
ഒരോര്‍മ്മ കൂടിരിക്കട്ടെ '

ജോസ്
ബാംഗ്ലൂര്‍
12- നവംബര്‍ - 2011

8 അഭിപ്രായങ്ങൾ:

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

വായിച്ചു.
ഇതിലെ വേദന..... ഓര്‍മകളുടെ ഭാരം....

എനിക്കെന്ത് പറയണമെന്നറിയില്ല.............

minhas പറഞ്ഞു...

ജോസേട്ടാ.....എന്താ പറയാ...നന്നായിരിക്കുന്നു....ഒരുപാടിഷ്ടമായി...പിന്നെ.........പിന്നെ....ഒന്നും പറയാനില്ല...

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ഞാനും വായിച്ചു...ജോസേട്ടന്റെ വേദനിക്കുന്ന മനസ്സ് ഇതില്‍ കാണാന്‍ കഴിയുന്നുണ്ട്..

മഹേഷ്‌ വിജയന്‍ പറഞ്ഞു...

ഹൃദയത്തില്‍ തട്ടിയ വരികള്‍... നല്ല കവിത

beena mathew പറഞ്ഞു...

No words to say. I read it with a broken heart.

Lipi Ranju പറഞ്ഞു...

കണ്ണ് നനയിച്ച വരികള്‍... ഒരുപാടിഷ്ടായി..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

വേർപ്പാടിൻ ദു:ഖം ,രണ്ടുമുടിയിഴകളാൽ ചീകിയൊതുക്കിയിരിക്കുന്നു കേട്ടൊ ഭായ്

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

ജോസേട്ടാ.......
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍