2011, ജൂലൈ 9

സംവാദം ....
ഇന്ന് ...

ഒരോര്‍മ്മ പ്രാര്‍ത്ഥനയ്ക്കായി
അവളുടെ കല്ലറയ്ക്കരുകില്‍
പുരോഹിതന്‍ വരുന്നതും കാത്തു
ഓര്‍മ്മകളുടെ മേച്ചില്‍ പുറങ്ങളില്‍
അലഞ്ഞു ഞാന്‍ നിന്നു.

മന്ത്രകോടിയും ചൂടി
പെട്ടിയില്‍ ഉറങ്ങുന്ന
അവള്‍ക്കും, പുറത്ത്
പ്രാര്‍ഥിച്ചു നിന്ന എനിക്കും ഇടയ്ക്കൊരു
സിമന്‍റ് ഫലകം മാത്രം.
ചുറ്റും ഉണ്ടായിരുന്നു ...
അവളെപ്പോല്‍ ഞാനും
മണ്ണില്‍ അലിഞ്ഞു ചേരാന്‍
ഒരു നാള്‍ വഴി വരുമെന്ന്
എന്നെ ഒന്നോര്മ്മിപ്പിക്കുവാന്‍
കുറെ വാടിയ പൂച്ചെണ്ടുകളും
കത്തിത്തീര്ന്ന സുഗന്ധ ത്തിരികളും
ഉരുകി ഒലിച്ച മെഴുകു തിരികളും
ഞാന്‍ ചോദിച്ചു..

"സ്വര്‍ഗ്ഗ രാജ്യത്ത് നിനക്ക് സുഖമല്ലേ?
മരിച്ചു മണ്മറഞ്ഞ നമ്മുടെ
പൂര്‍വ്വികര്‍ക്കൊപ്പം നീ
സന്തോഷമായിരിക്കുന്നില്ലേ?"

കിഴക്കുനിന്നപ്പോള്‍ മെല്ലെ
വീശിയ കാറ്റില്‍ , സ്വരമലിയിച്ചു
അവളിങ്ങനെ പറഞ്ഞുവോ?
എന്‍റെ തോന്നലാവാം !

"സന്തോഷമാണ് എനിക്കിവിടെ
വിഷാദങ്ങള്‍ ഒന്നുമില്ല
വിഷമങ്ങള്‍ ഒക്കെ ഞാന്‍
കളഞ്ഞില്ലേ ഭൂമിയില്‍

എന്‍റെ സിരകളില്‍ ഓടുന്ന രക്തം
ശുദ്ധവും പവിത്രവും ആണ് .
രക്തം ശുദ്ധീകരിക്കാന്‍ എനിക്കിനി
യന്ത്രങ്ങള്‍ ആവശ്യമില്ല.മരുന്നുകള്‍ കയറ്റി ഇറക്കാന്‍
വലിയ സൂചി മുനകള്‍ കൊണ്ട്
പലരും കുത്തിപ്പ ഠിച്ചു
തുള വീണ എന്‍റെ കൈകള്‍
ഇപ്പോള്‍ സുന്ദരവും പിന്നെ
പൂവിന്‍ ഇതള്‍ പോലെ
ഏറെ മൃദുലവും.

പൊന്‍ നിറം പൊയ്പ്പോയ
എന്‍റെ മുഖമിപ്പോള്‍
വിശ്വ സുന്ദരിമാരുടെ
വദനത്തെക്കാള്‍ സുന്ദരം"

ഞാന്‍ പറഞ്ഞു..

"മതി..എനിക്കത് അറിഞ്ഞാല്‍ മതി..
അവിടെ നീ എന്നും സുഖമായിരിക്കുക.

ഞാനും ഒരുനാള്‍ മരിച്ചിട്ടവിടൊരു
പെട്ടിയിലുറങ്ങി വരുന്ന നാള്‍ വരെ
ഇനിയും വരാം ഞാനീ
ക്കല്ലറ വാതില്‍ക്കല്‍
കുറെ പൂക്കളും പിന്നെ
മെഴുകു തിരികളുമായി.

പിന്നെ ..

ഓര്‍മ്മകള്‍ മായാതെ
നില്‍ക്കുന്ന നേരം വരെ
സ്നേഹിക്കാം നിന്നെയിനി
ഓര്‍മ്മയില്‍ ഞാനെന്നും."


(
മരിച്ചു പോയ ആളിന്‍റെ ആത്മാവിനെ സ്വര്‍ഗ്ഗ വാതില്‍ കാണിച്ചു കൊടുക്കുന്ന ദിവസം മരണം കഴിഞ്ഞുള്ള ഒന്‍പതാം ദിവസം അത്രേ..
സ്വര്‍ഗാരോഹണം നാല്‍പ്പതു കഴിഞ്ഞും .. ഇത് ഒരു ക്രിസ്തീയ വിശ്വാസം.)

Jose
Trivandrum
July 10, 2011

11 അഭിപ്രായങ്ങൾ:

വര്‍ഷിണി പറഞ്ഞു...

സത്യം പറയാലോ സ്നേഹിതാ...ഇവിടെ വന്നു പോകുമ്പോല്‍ മനസ്സിന്‍റെ വിങ്ങല്‍ ഏറെ നേരം അങ്ങനേ തങ്ങി നില്‍ക്കുന്നൂ...ഒന്നും പറയാനും കിട്ടുന്നില്ലാ.....പ്രാര്‍ത്ഥനകള്‍.

അജ്ഞാതന്‍ പറഞ്ഞു...

വേദനകളില്ലാത്ത ലോകത്ത്
സന്തോഷമായിരിക്കട്ടെ.
പ്രാര്‍ത്ഥനകള്‍...

മഴത്തുള്ളികള്‍ പറഞ്ഞു...

ദൈവത്തിന്റെ സന്നിധിയില്‍
ലീന എന്നും
സന്തോഷത്തോടെ കഴിയട്ടെ
ആ ഓര്‍മ്മകള്‍ ജോസിന്റെ
മനസ്സിലെ ദുഖത്തിന്റെ അളവ്
കുറക്കാന്‍ സഹായിക്കും.

jaganraj പറഞ്ഞു...

my dear loving jose , my condolence to you ...... may she will rest in peace in the hands of god with lots of care and love for you . praise the lord

രമേശ്‌ അരൂര്‍ പറഞ്ഞു...

ജോസ് ..എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല ...
എന്തുസംഭവിച്ചു ??
ഈ കവിത ജോസിന്റെ ആത്മാവില്‍ നിന്ന് വന്ന അക്ഷരങ്ങള്‍ തന്നെയാണെന്ന് വിളിച്ചു പറയുന്നു ..എന്ത് പറയാന്‍ ..എഡ്ഗാര്‍ അല്ലന്‍ പോ എന്ന ആംഗലേയ കവിയുടെ അനബേല്‍ ലീ എന്ന കവിതയാണ് ഓര്‍മവരുന്നത് ..നിങ്ങളുടെ ഭൂമിയിലെ സ്നേഹം കണ്ട് സ്വര്‍ഗത്തിലെ ദൈവങ്ങള്‍ക്ക് അസൂയ തോന്നിയിട്ടുണ്ടാവാം ..അത് കൊണ്ടാവാം മിന്ന ല്‍ തേരുകള്‍ അയച്ചു പ്രിയപ്പെട്ടവളെ അവര്‍ നിന്നില്‍ നിന്നും അകറ്റി സ്വര്‍ഗത്തിലേക്ക്
കൂടിക്കൊണ്ടു പോയത് ...:(

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ജോസേട്ടാ,

താങ്കളുടെ പ്രിയതമ ദൈവത്തിന്റെ സന്നിധിയില്‍ മാലാഖമാരുടെ കൂടെ സന്തോഷത്തോടെ കഴിയുന്നുണ്ടാകും..വേറെ ഒന്നും പറയാനില്ല..പ്രാര്‍ത്ഥനകള്‍ മാത്രം.

ഏപ്രില്‍ ലില്ലി. പറഞ്ഞു...

വര്‍ഷിണി , ജഗന്‍, രമേശേട്ടന്‍, ദുബായിക്കാരന്‍ അനിയന്‍, മഴത്തുള്ളികള്‍, പിന്നെ അജ്ഞാതനായ സുഹൃത്ത്‌.. നിങ്ങളുടെ വരവിനും, അഭിപ്രായങ്ങള്‍ക്കും ഏറെ നന്ദി..

suresh k nair പറഞ്ഞു...

really tocuhing...RIP

അജ്ഞാതന്‍ പറഞ്ഞു...

miss u chechi...Hope we will meet at the shore of peace n joy..

സ്വന്തം സുഹൃത്ത് പറഞ്ഞു...

അറിയില്ല സോദര നിന്നെ ഞാന്‍ -എങ്കിലും
അറിയുന്നു ഞാന്‍ നിന്‍ ആത്മ ദുഃഖം
സത്യം അറിയുകയെങ്കില്‍ -പിന്നെ
എന്തിനി ദുഖങ്ങളൊക്കെ

അവനിയുമാഴിയും അത്മവിനാഴാവും
അവന്‍ തന്നെയല്ലോ തീര്‍ത്തതോര്‍ക്ക ..!
അവന്റെ ഉള്ളം കയ്യില്‍ നിന്റെ പ്രിയതമ
അവന്റെ വലം കയ്യില്‍ നീയുമല്ലോ..
ഉള്ളിന്റെ ഉള്ളില്‍ കാണുക സത്യം- പിന്നെ ദുഃഖങ്ങള്‍ക്കഅര്‍ത്ഥമില്ല..!!!

Tomsan Kattackal പറഞ്ഞു...

സഹധര്‍മ്മിണി സൃഷ്ടാവിന്റെ അടുത്ത് സുഖമായിരിക്കുന്നു എന്ന ചിന്ത തരുന്ന സന്തോഷത്തേക്കാള്‍ വലിയ സന്തോഷം ഇല്ല.

ഞാന്‍ എന്റെ സഹധര്‍മ്മിണിയുടെ കുഴിമാടത്തില്‍ ഒരു ഫലകം പ്രതിഷ്ഠിക്കുക ഇല്ല, അവള്‍ അവിടെയല്ല, ജ്യോതിസ്സുകളുടെ പിതാവിന്റെ അടുത്താണ്. ജിമ്മിയുടെ വാക്കുകളും ആശ്വാസം പകരുന്നു.