2011, ഫെബ്രുവരി 15

സിനിമാക്കമ്പം ...

















സിനിമകള്‍ എന്നും എനിക്ക് ഹരമായിരുന്നു.ഇപ്പോഴും, ഒരു സിനിമ കാണണം എന്ന് മനസ്സില്‍ ആഗ്രഹിച്ചിട്ട്, അതിനു ടിക്കറ്റ് കിട്ടാതെ വരുകയോ, അതിനു പോകാന്‍ പറ്റാതെയോ വന്നാല്‍, ചിലപ്പോള്‍ വിഷമിച്ചു പനി പോലും വന്നെന്നു വരാം..അത്രയ്ക്കുണ്ട് കമ്പം. സിനിമാ കമ്പത്തെ ക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഓടി വരുന്ന കുറെ കാര്യങ്ങള്‍ ഉണ്ട്..അതാവട്ടെ ഇന്നത്തെ ബ്ലോഗില്‍..

ഈ കമ്പം എവിടുന്നു കിട്ടി എന്ന് ചോദിച്ചാല്‍ ഉത്തരം ലളിതം. അപ്പച്ചന്‍റെ കയ്യില്‍ നിന്ന്. എന്നേക്കാള്‍ വലിയ സിനിമാ പ്രേമി ആയിരുന്നു അപ്പച്ചന്‍. ആ സ്വഭാവം അതേപോലെ തന്നെ കിട്ടിയിട്ടുണ്ട് എനിക്ക്. അപ്പച്ചന്‍ കുഞ്ഞിലെ, ക്ലാസില്‍ പോകാതെ, കൂടുകാരോടൊത്തു 'സിനിമാ കൊട്ടകയില്‍' (സിനിമാ തിയെട്ടറിന്‍റെ അന്നത്തെ പേര്) പോകുമായിരുന്നു എന്ന് വല്യമ്മച്ചി പറഞ്ഞിട്ടുണ്ട്. ഞാന്‍ പക്ഷെ അങ്ങനെ വീടുകാര്‍ അറിയാതെ ക്ലാസ് കട്ട് ചെയ്തു സിനിമയ്ക്ക് പോയിട്ടില്ല കേട്ടോ ( ഇവനാര് ഹരിശ്ചന്ദനോ എന്ന് ചിലര്‍ ചോദിച്ചിട്ടുണ്ട്...പിന്നെ ചിലര്‍ പറയും..ഒരു പ്രാവശ്യം പോലും ക്ലാസ് കട്ട് ചെയ്തു സിനിമയ്ക്ക് പോയിട്ടില്ലെങ്കില്‍.. നീ എന്തിനാ പഠിക്കാന്‍ പോയെ എന്നും ..നമ്മടെ ഇന്നസെന്റ് ചേട്ടന്‍ ജഗദീഷിനോട് ചോദിച്ച പോലെ ). പക്ഷെ പറഞ്ഞത് സത്യം ആണു കേട്ടോ .

വാച്ച് നന്നാക്കി ഉണ്ടാക്കുന്ന പൈസ ആഴ്ച തോറും സിനിമാ കൊട്ടകയില്‍ കൊണ്ട് 'കളയുന്നത്' എന്തിനാണെന്ന് അമ്മച്ചി എപ്പോഴും അപ്പച്ചനോട് ചോദിക്കും. ആ പൈസ ഒക്കെ സൂക്ഷിച്ചു വച്ച്, ഈ ഓലപ്പുര ഒന്ന് ഓടിട്ടൂടെ എന്നും അമ്മച്ചി ചിലപ്പോള്‍ ചോദിക്കും.

ആഴ്ച മുഴുവന്‍ കുത്തിയിരുന്ന് വാച്ചുകളും ക്ലോക്കുകളും നന്നാക്കിയ ശേഷം , ഒരു ഞായറാഴ്ച എല്ലാം മറന്നു ആവേശകരമായ സിനിമകള്‍ കാണുമ്പോഴുള്ള സന്തോഷം ഒരു പക്ഷെ അമ്മച്ചിക്ക് അറിഞ്ഞുകൂടാത്തതാവാം അങ്ങനെ ചോദിക്കാന്‍ കാരണം. അമ്മച്ചി പറയുന്നതിലും കാര്യമില്ലേ എന്നും ബന്ധുക്കളില്‍ പലരും പലപ്പോഴും പറയാറുണ്ടായിരുന്നു.

ജീവിതം നന്നായി ആസ്വദിച്ച ശേഷം മരണത്തിനു കീഴടങ്ങിയ ആളായിരുന്നു അപ്പച്ചന്‍. വേണ്ടുവോളം സിനിമകള്‍ അപ്പച്ചന്‍ കണ്ടു. തിരുവനന്തപുരത്തെ ശ്രീ കുമാര്‍, ശ്രീ വിശാഖ് , ശ്രീ പത്മനാഭ, ന്യൂ തിയേറ്റര്‍ എന്നിവിടങ്ങളില്‍ വന്നിരുന്ന ഒട്ടു മിക്ക പടങ്ങളും അപ്പച്ചന്‍ കാണുമായിരുന്നു. അവിടൊക്കെ ടിക്കറ്റ് കൊടുക്കാനും, തിയേറ്ററിന്റെ അകത്തോട്ടു കയറ്റി വിടുന്ന സെക്യൂരിറ്റിയും ഒക്കെ അപ്പച്ചന്‍റെ കൂട്ടുകാര്‍ ആയിരുന്നു.

കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അപ്പച്ചന്‍ എന്നെയും സിനിമയ്ക്ക് കൊണ്ട് പോകുമായിരുന്നു. കുറെ ഏറെ ഹോളിവൂഡ്‌ ക്ലാസ്സിക്കുകള്‍ അങ്ങനെ കണ്ടു. ബെന്‍ ഹര്‍, ടെന്‍ കമാന്‍ഡ്മെന്റ്റ്സ് , ഗണ്‍സ് ഓഫ് നവരോണ്‍ , സൌണ്ട് ഓഫ് മ്യൂസിക് അങ്ങനെ ഒത്തിരി. അപ്പച്ചന്‍ പറഞ്ഞു കേട്ടാണ്, അക്കാലത്തെ പേര് കേട്ട നടന്മാരുടെ പേരൊക്കെ ഞാന്‍ അറിയുന്നത്..ചാള്‍ട്ടന്‍ ഹെസ്ടന്‍, ഗ്രിഗറി പെക്ക്, ഡേവിഡ്‌ നിവെന്‍, അങ്ങനെ എത്ര പ്രഗല്‍ഭരായ നടന്മാരെ ഞാന്‍ വെള്ളിത്തിരയില്‍ കണ്ടു..

'ഞാന്‍ പടം കാണാന്‍ കൊടുത്ത പൈസ ഉണ്ടായിരുന്നെങ്കില്‍ ഒരു സുന്ദരന്‍ വീട് പണിയാമായിരുന്നു' . അപ്പച്ചന്‍ അഭിമാനത്തോടെ ഇത് പറയുമ്പോള്‍, കേള്‍ക്കുന്ന ആരും അതിനെ അത്ര സന്തോഷത്തോടെ അല്ല കേട്ടിരുന്നത്. ( ഈ മനുഷ്യന് കുറച്ചു പൈസ സ്വരൂക്കൂട്ടി, ചോര്‍ന്നൊലിക്കുന്ന ഓലപ്പുര ഒന്ന് നന്നാക്കിക്കൂടെ എന്നാവും അവര്‍ ആലോചിക്കുക.).

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഇറങ്ങിയ സമയത്ത്, അത് കാണാനുള്ള ആഗ്രഹം മനസ്സില്‍ അതിയായി വന്നു. ടിക്കറ്റ് കിട്ടാന്‍ ഒരു നിര്‍വാഹവും ഇല്ല. തിയേറ്ററില്‍ തിരക്കോടെ തിരക്ക്. അപ്പച്ചന്‍ ധന്യ തിയേറ്ററിലെ ഒരു കൂട്ടുകാരനോട് പറഞ്ഞ് രണ്ടു ടിക്കറ്റ് ഒപ്പിച്ചു. പക്ഷെ കിട്ടിയത്, സ്കൂള്‍ ഉള്ള ഒരു ദിവസം ആയിരുന്നു.

' ഓ ..ഒരു ദിവസം പോയില്ല എന്ന് വച്ച് ഒന്നും പറ്റൂല്ല മോനെ കുട്ടച്ചാ. സാര്‍ ചോദിച്ചാല്‍ ഞാന്‍ പറഞ്ഞോളാം' . അപ്പച്ചന്‍ പറഞ്ഞു.

ആഹഹഹാ .. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല്..

അങ്ങനെ ഒരു ദിവസം സ്കൂളില്‍ പോയില്ല. പകരം അന്ന് കുട്ടിച്ചാത്തന്‍ സിനിമ കണ്ടു. മനസ്സില്ലാ മനസ്സോടെ ആണ് അമ്മച്ചി അതിനു സമ്മതിച്ചത്. അതും എന്തൊക്കെ പറഞ്ഞു കാലു പിടിച്ചിട്ട്.

ശ്രീ കുമാര്‍ തിയേറ്ററിലും , ശ്രീ വിശാഖ് തിയെറ്ററിലും പടം കാണാന്‍ ഞായറാഴ്ചകളില്‍ പോകുന്ന സമയത്ത്, ഞാനും അപ്പച്ച ന്‍റെ കൂടെ ചെല്ലും. അതും മാറ്റിനി ഷോ തുടങ്ങുന്നതിനും വളരെ മുന്‍പേ. അതിനു മുന്‍പുള്ള ഷോ നടക്കുകയായിരിക്കും അപ്പോള്‍. (വേറെ ഏതെങ്കിലും പടത്തിന്റെ). അവിടുള്ള, അപ്പച്ച ന്‍റെ കൂട്ടുകാരന്‍, എന്നെ തിയേറ്ററിന്റെ അകത്തു കയറ്റി ഇരുത്തും. അപ്പച്ചനും ആ പുള്ളിക്കാരനും ആയി വര്‍ത്തമാനം പറഞ്ഞു വെളിയില്‍ ഇരിക്കും. എനിക്ക് കോളാവും..ഒരു ഫുള്‍ പടവും, ഒരു പടത്തിന്റെ പകുതിയും...ഒരേ ദിവസം... പകുതിയെങ്കില്‍ പകുതി..സിനിമ സിനിമ തന്നെ അല്ലെ..

ഒരിക്കല്‍ എന്നെ പടം കാണിക്കാം എന്നും പറഞ്ഞു അപ്പച്ചന്‍ കൊണ്ടുപോയി. ബസ്സില്‍ ഇരുന്നു കുറെ ദൂരം പോയിക്കഴിഞ്ഞാണ് അപ്പച്ചന് മനസ്സിലായത്‌ സിനിമ ടിക്കറ്റ് വാങ്ങാനുള്ള പൈസ എടുത്തിട്ടില്ല എന്ന്. അറിഞ്ഞപ്പോള്‍ എനിക്ക് ആകെ വിഷമമായി. ആഗ്രഹിച്ചു, മനക്കോട്ട കെട്ടി ഇരുന്നതല്ലേ..ഒക്കെ പൊളിഞ്ഞു. എന്‍റെ മുഖം വാടിയതു കണ്ട് അപ്പച്ചനും വിഷമം ആയി. എന്നാലും അപ്പച്ചന്‍ എന്നെയും കൊണ്ട്, സ്റ്റാച്യൂ ജങ്ക്ഷനില്‍ ഉണ്ടായിരുന്ന അപ്പച്ചന്‍റെ വാച്ച് കടയിലേക്ക് വച്ച് പിടിച്ചു. കടയുടെ വാതിലി ന്‍റെ അടുത്ത് രഹസ്യമായി വച്ചിരുന്ന താക്കോലെടുത്ത്‌ കട തുറന്നു. കടയില്‍ ഉണ്ടായിരുന്ന ചില്ലറകള്‍ ഒക്കെ നുള്ളിപ്പെറുക്കി ടിക്കറ്റിനുള്ള പൈസ ശരിയാക്കി. എന്നിട്ട് എന്നെ സിനിമ കാണിച്ചു. അന്ന് വേണമെങ്കില്‍ , പൈസ എടുത്തില്ല എന്ന കാരണം പറഞ്ഞു എന്നെ സിനിമ കാണിക്കാതെ ഇരിക്കാമായിരുന്നു. പക്ഷെ അപ്പച്ചന്‍ എന്നെ വിഷമിപ്പിക്കാതെ സിനിമ കാണിക്കുക തന്നെ ചെയ്തു.

പക്ഷെ ഒരിക്കല്‍ എനിക്ക് വിഷമം വന്നു. അതിന്‍റെ കാരണം, ചേട്ടനും ചേച്ചിയും ചേര്‍ന്ന് എനിക്കിട്ടു ഒരു പണി തന്നതാണ്. എന്‍റെ ഒരു 'ദുഃ സ്വഭാവം ' കൊണ്ട് പൊറുതി മുട്ടി ചെയ്തതാണ് അത്.

കുളിമുറിയില്‍ കയറിയാല്‍, ഒരു മുക്കാല്‍ മണിക്കൂറോളം എടുത്തു, ആസ്വദിച്ചു കുളിച്ചിട്ടേ ഞാന്‍ പുറത്തു വരാറുള്ളായിരുന്നു. അത് വരെ യേശു ദാസിനെയും ജയ ചന്ദ്രനേയും പോലെ പാടുകള്‍ ഒക്കെ തകര്‍ത്ത് പാടി ആവും കുളി.

'എടാ നിനക്ക് കുളിക്കാന്‍ കേറുമ്പോഴേ പാട്ട് വരുകയുള്ലോ. പെട്ടന്നൊന്നു ഇറങ്ങിയാലെന്താ? ' അമ്മച്ചിയും ചേച്ചിയും ഒക്കെ പുറത്തു നിന്ന് വഴക്കിടും .ഞാനുണ്ടോ കേള്‍ക്കുന്നു. ഞാന്‍ കച്ചേരിയും ഗാനമേളയും തുടരും.

ഒരു ഞായറാഴ്ച ഇതേപോലെ ഞാന്‍ പാടിത്തകര്‍ത്തപ്പോള്‍, വെളിയില്‍ നിന്നും ചേച്ചിയും ചേട്ടനും കൂടെ വിളിച്ചു പറഞ്ഞു.

'ഡാ. ജോസേ.. എളുപ്പം ഇറങ്ങിയാല്‍ നിന്നെ സിനിമയ്ക്ക് കൊണ്ട് പോകാം എന്ന് അപ്പച്ചന്‍ പറഞ്ഞു. പോകണമെങ്കില്‍ എളുപ്പം ഇറങ്ങിക്കോ'

കള്ളമില്ലാത്ത മനസ്സല്ലേ എന്റേത്. (ഒരു തമാശ ആണേ ). അതുകൊണ്ട് എനിക്ക് അതിലെ ചതി മനസ്സിലായില്ല. യേശു ദാസിനെയും, ജയ ചന്ദ്രനേയും ഒക്കെ പോകാന്‍ പറഞ്ഞിട്ട്, ഞാന്‍ ശട പടാന്ന് കുളിച്ചിറങ്ങി. തല പോലും നേരെ തോര്‍ത്താതെ ഓടി അപ്പച്ച ന്‍റെ അടുത്ത് ചെന്നിട്ടു ചോദിച്ചു...

'ഏതു പടത്തിനാ അപ്പച്ചാ നമ്മള്‍ പോന്നേ? '

'പടമോ? ഏതു പടം? ' അപ്പച്ചന്‍ അമ്പരപ്പോടെ ചോദിച്ചു.

'ചേച്ചി പറഞ്ഞു അപ്പച്ചന്‍ എന്നെ പടത്തിനു കൊണ്ടുപോകും എന്ന്? '

'ഞാന്‍ പടത്തിനൊന്നും പോന്നില്ല. എനിക്ക് അത്യാവശ്യമായി വേറൊരിടത്ത് പോകണം. '

അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌ എല്ലാവരും ചേര്‍ന്ന് എനിക്കിട്ടു പണിഞ്ഞതാണ് എന്ന്. നിമിഷ നേരം കൊണ്ട് ഞാന്‍ സന്തോഷവും സങ്കടവും അടുപ്പിച്ച് അനുഭവിച്ചു. ചമ്മലോടെ അടുക്കള ഭാഗത്തേക്ക് വന്നപ്പോള്‍ അമ്മച്ചിയും, ചേട്ടനും, ചേച്ചിമാരും ഒക്കെ ചേര്‍ന്ന് ഒരു ചിരി. അമ്മച്ചിയുടെ വക ഒരു ചോദ്യവും..

' അപ്പൊ നിനക്ക് നേരത്തെ കുളിച്ചിറങ്ങാനും അറിയാം അല്ലെ? '

പ്രി ഡിഗ്രിക്ക് പഠിക്കുന്ന സമയം മുതല്‍ ഞാന്‍ ഒറ്റയ്ക്ക് സിനിമ കാണാന്‍ പോയിത്തുടങ്ങി. അപ്പച്ചനോട് അനുവാദം ചോദിച്ചാല്‍, സിനിമയ്ക്കുള്ള കാശ് തരും. (പിന്നെന്തിനു കട്ടടിച്ചു പോകണം? ) . ഒരിക്കല്‍ പരീക്ഷാ സമയത്ത്, ഞാന്‍ വീടിന്‍റെ വെളിയില്‍ പോലും ഇറങ്ങാതെ മുഷിഞ്ഞിരുന്നു പഠിക്കുക ആയിരുന്നു. അത് കണ്ട അപ്പച്ചന്‍ എന്നോട് പറഞ്ഞു..

'മോനെ കുട്ടച്ചാ.. ഇങ്ങനെ മുഷിഞ്ഞിരുന്നു പഠിക്കാതെടാ. ഇടയ്ക്കിടെ ഒന്ന് ഫ്രഷ്‌ ആവ്. വേണമെങ്കില്‍ ഒരു പടം പോയി കണ്ടിട്ട് വാ '

അത് കേട്ടുകൊണ്ട് നിന്ന അമ്മച്ചി ഉടനെ പറഞ്ഞു..

'കൊള്ളാം..നല്ല അപ്പന്‍. ഓരോത്തിടത്ത് അപ്പന്മാര്‍, മക്കളെ സിനിമ കാണുന്നതിനു വഴക്ക് പറയും..ഇവിടെ ഒരാള്‍ മോനെ സിനിമ കാണാത്തതിനാണ് വഴക്ക് പറയുന്നത്. '

ആ സംഭവവും ആ സംസാരവും ഇപ്പോഴും എന്‍റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്.
ഒക്കെ ഇന്നലെ നടന്ന പോലെ വ്യക്തമായി കണ്ണിലും തെളിയുന്നുണ്ട്.

ജോലി കിട്ടിയ ശേഷം, ഞാന്‍ സിനിമ കാണുന്നതിനോടൊപ്പം നല്ല നല്ല പടങ്ങളുടെ
C.D അല്ലെങ്കില്‍ DVD വാങ്ങാന്‍ തുടങ്ങി. അപ്പച്ചന്‍ കൊണ്ട് കാണിച്ചിട്ടുള്ളതും, കഥ പറഞ്ഞു തന്നിട്ടുള്ളതും ആയ ഒട്ടു മിക്ക പടങ്ങളും ഇപ്പോള്‍ എന്‍റെ കളക്ഷനില്‍ ഉണ്ട്. ചിലപ്പോള്‍ അതൊക്കെ കൊണ്ട് നാട്ടില്‍ ചെന്ന്, വീടിലുള്ള DVD പ്ലെയറില്‍ ഇട്ടു കാണുമ്പോള്‍ , എന്‍റെ ചേച്ചി പറയും

' കുട്ടാ.. ഇപ്പോള്‍ അപ്പച്ചന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ത് മാത്രം സന്തോഷിക്കുമായിരുന്നു എന്നറിയാമോ? '

ഞാനും ഓര്‍ക്കും. സത്യം തന്നെ. അപ്പച്ചന്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍, തിയേറ്ററില്‍ പോലും പോകേണ്ട ആവശ്യം വരുത്താതെ ഒരു ഹോം തിയേറ്റര്‍ തന്നെ ഞാന്‍ ശരിയാക്കി കൊടുക്കില്ലായിരുന്നോ.

' മക്കളെ ഡാ... തിയേറ്ററില്‍ പോയി സിനിമ കാണുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണെടാ '

അപ്പച്ചന്‍ അടുത്തെവിടെയോ ഇരുന്നു പറയുന്ന പോലെ തോന്നി .


ജോസ്
ബാംഗ്ലൂര്‍
15- Feb- 2011

അഭിപ്രായങ്ങളൊന്നുമില്ല: