2012, ഏപ്രിൽ 21

കീര്‍ത്തി നഷ്ടപ്പെടുന്ന കലാലയങ്ങള്‍ ....

സ്കൂളില്‍ പഠിക്കുന്ന സമയത്ത് കോളേജില്‍ പഠിക്കാന്‍ പോകുക എന്നത് ഒരു മധുര സ്വപ്നമായി മനസ്സില്‍ എന്നും ഉണ്ടായിരുന്നു. കോളേജിനെ ക്കുറിച്ചും, അവിടെയുള്ള ജീവിതത്തിനെക്കുറിച്ചും ഒക്കെ ഉണ്ടായിരുന്ന കേട്ടറിവുകള്‍ അത്ര മനോഹരം ആയിരുന്നു. അതാവും സ്വപ്നങ്ങളും അത്ര മനോഹരം ആവാന്‍ കാര്യം.

ഗവര്‍മെന്റ് ആര്‍ട്സ് കോളേജ് 
പത്താം ക്ലാസ് കഴിഞ്ഞു ആദ്യം ചെന്നത് തിരുവനന്തപുരത്തെ ഗവര്‍മെന്റ് ആര്‍ട്സ് കോളേജില്‍ ആണ്. അവിടെ നിന്നാണ് സ്വപ്നങ്ങളിലെ മാധുര്യത്തിനു ചെറിയ കയ്പ്പ് വന്നുതുടങ്ങിയത്‌. പ്രതീക്ഷിച്ച പോലെ ഒരു സ്വതന്ത്ര മനസ്സോടെ, സന്തോഷത്തോടെ കോളേജില്‍ പഠിക്കുന്നതിനു പകരം, ഭീതി നിറഞ്ഞ മനസ്സോടെ ആണ് കോളേജില്‍ പഠിക്കേണ്ടി വന്നത്. കാരണം മറ്റൊന്നും അല്ല....കലാലയ രാഷ്ട്രീയം തന്നെ. ഇന്നും ആലോചിക്കുമ്പോള്‍ മനസ്സിലാവാത്ത ഒരു കാര്യം ആണ് ഈ കലാലയ രാഷ്ട്രീയം.

സമരത്തില്‍ പങ്കെടുക്കാന്‍ താല്പര്യം ഇല്ലാത്തവരെപ്പോലും ഭീഷണി മുഴക്കി സമരം ചെയ്യാന്‍ പിടിച്ചോണ്ട് പോവുക, അതില്‍ പങ്കെടുക്കാത്തവരെ തിരഞ്ഞു പിടിച്ചു പെരുമാറുക, ഇത്തരം കലാപരിപാടികള്‍ ആണ് കോളേജിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഭീതി നിറച്ചിരുന്നത്.

കലാലയ രാഷ്ട്രീയത്തെ അനുകൂലിച്ചു സംസാരിക്കുന്നവര്‍ പറയുന്നത്, ദേശീയ രാഷ്ട്രീയ രംഗത്തേക്ക് കഴിവുള്ളവരെ വാര്‍ത്തെടുക്കാന്‍ സഹായിക്കുന്ന കളിത്തട്ടാണ് കലാലയങ്ങള്‍  എന്ന്. പക്ഷെ ഇന്ന് വരെ കലാലയങ്ങളില്‍ ഒരു ദേശീയ തലത്തില്‍ അല്ലെങ്കില്‍ സംസ്ഥാന തലത്തില്‍ ഗൗരവമുള്ള എന്തെങ്കിലും കാര്യം എടുത്തിട്ട്, അതിനെ നേരാംവണ്ണം കൈകാര്യം ചെയ്യുന്ന ഒരു പ്രവര്‍ത്തി ഞാന്‍ കണ്ടിട്ടില്ല, കേട്ടിട്ടും ഇല്ല. ഉണ്ടെങ്കില്‍ തന്നെ വളരെ വിരളവും.

പ്രീ ഡിഗ്രി കഴിഞ്ഞു ഡിഗ്രിക്കായി തിരുവനന്തപുരത്തെ പ്രശസ്തമായ യുണിവേഴ്സിറ്റി കോളേജില്‍ ആണ് ഞാന്‍ ചേര്‍ന്നത്‌. മഹാന്മാരായ പലരും പഠിച്ച കോളേജ് എന്ന നിലയില്‍ പുകള്‍ പെറ്റ കലാലയം ആണ് അത്. അവിടെയും വളരെ പ്രതീക്ഷയോടെ ആണ് ഞാന്‍ ചേര്‍ന്നത്‌. എന്നാല്‍, ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒന്നോ രണ്ടോ അധ്യാപകരെയും, കുറച്ചു നല്ല സുഹൃത്തുക്കളെയും കിട്ടി എന്നതൊഴിച്ചാല്‍, ഞാന്‍ ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത ഒരു അദ്ധ്യായം ആണ് യുണിവേഴ്സിറ്റി കോളജിലെ ജീവിതം.
യൂണിവേഴ്സിറ്റി കോളേജ്

കഷ്ടപ്പെട്ട് പഠിച്ചു കോളേജില്‍ അഡ്മിഷന്‍ വാങ്ങി ചെല്ലുന്ന കുട്ടികള്‍ക്ക് പേടിക്കേണ്ടത് അധ്യാപകരെ അല്ല... മറിച്ച്, വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കുട്ടി നേതാക്കളുടെ നിഴലില്‍ നിന്ന് മറ്റുള്ളവരെ വിരട്ടി ജീവിക്കുന്ന ഞാഞ്ഞൂലുകളെ ആണ് . പ്രശസ്തനായ അധ്യാപകന്‍റെ വിദ്യാര്‍ഥി ആണ് എന്ന് പറയുന്നതിനേക്കാള്‍, വിദ്യാര്‍ഥി രാഷ്രീയ പ്രസ്ഥാനത്തിന്‍റെ നേതാവിനെ അറിയാവുന്ന ആളാണ്‌ താന്‍ എന്ന് പറയാന്‍ വെമ്പല്‍ കൊള്ളുന്ന ഈ ഞാഞ്ഞൂലുകള്‍ അവരുടെ കാലിന്‍റെ അടിയില്‍ നിന്നും മണ്ണ് ചോരുന്നത് അറിയുന്നില്ല. അറിഞ്ഞു വരുമ്പോഴേക്കും സമയം താമസിച്ചിരിക്കും.

"പെട്രോള്‍ സഹായ ഫണ്ട്‌ " എന്ന പേരില്‍ കുട്ടികളുടെ കയ്യില്‍ നിന്നും പൈസ പിരിച്ചു വണ്ടിയില്‍ പെട്രോളടിച്ചു കാമ്പസില്‍ ചെത്തി നടന്ന ഒരു ഞാഞ്ഞൂലിന്റെ മുഖം ഞാന്‍ ഇപ[പോഴും ഓര്‍ക്കുന്നു. പൈസ കൊടുത്തില്ലെങ്കില്‍ പിന്നെ അവന്‍ ഓര്‍ത്തു വെച്ച് പെരുമാറും. അപ്പൊ പിന്നെ കൊടുക്കാതെ നിവര്ത്തിയില്ല.

ഒരു വിഷയത്തിനും ക്ലാസ്സില്‍ കയറാതെ, അധ്യാപകരെ തെറി പറഞ്ഞും, വിരട്ടിയും നടക്കുന്ന കുറെ  സ്റ്റൈല്‍ മന്നന്മാര്‍ എന്‍റെ  മനസ്സില്‍ ഇപ്പോഴും ഉണ്ട്. അവരുടെ ശിങ്കിടികള്‍ ആയി നടക്കുന്നവര്‍ക്കും, അവരെ സന്തോഷിപ്പിച്ചു നടക്കുന്നവര്‍ക്കും കോളേജില്‍ സ്വൈര വിഹാരം നടത്തുന്നതിനു യാതൊരു പ്രശ്നവും ഇല്ല. പേടിക്കേണ്ടത് ഒരു രാഷ്രീയ കൂറും ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്കാണ്.

സമരങ്ങള്‍ക്ക് അന്ന് യാതൊരു പഞ്ഞവും ഇല്ലായിരുന്നു. അതിന്‍റെ കാരണങ്ങള്‍ ചോദിക്കരുത്.  സോമാലിയയില്‍ പട്ടിണി മരണം നടന്നാലും, കുവൈറ്റില്‍ അമേരിക്ക ബോംബിട്ടാലും, യുണിവേഴ്സിറ്റി കോളേജില്‍ സമരം നടക്കും. അന്ന് ടാന്‍സ്പോര്‍ട്ട് ബസ്സിന്റെയോ അടുത്തുള്ള കണ്ണാടി കെട്ടിടങ്ങളുടെയോ ചില്ലുകള്‍ ഉടയും. പൊതു മുതല്‍ നശിപ്പിച്ചു വീര്യം പ്രകടിപ്പിക്കുക എന്നതാണല്ലോ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പിച്ച വെയ്ക്കുന്നവര്‍ക്കുള്ള ബാല പാഠം. സമരത്തിന്‍റെ കാരണം അറിയാത്ത, അതില്‍ പങ്കെടുക്കാന്‍ യാതൊരു താല്‍പര്യവും ഇല്ലാത്ത പലരും പേടിച്ചു അതില്‍ പങ്കെടുക്കും. അങ്ങനെ സെക്രട്ടേറിയെട്ടിന്റെ മുന്‍പില്‍ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ ശക്തി പ്രകടനം നടക്കും..അത് പിറ്റേന്നത്തെ പത്രത്തില്‍ വാര്‍ത്ത ആവുകയും ചെയ്യും.

"അനീതിക്കെതിരെ പോരാടുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം ". എന്‍റെ സുഹൃത്തും, സീനിയറും ആയ ഒരു നേതാവ് ഒരിക്കല്‍ പറഞ്ഞ വാചകം ആണ് ഇത്. അവന്‍ കാട്ടിയ അനീതികള്‍ എന്തൊക്കെയാണ് എന്ന് ഇവിടെ വിസ്തരിക്കുന്നില്ല.

എല്ലാം ഒരു പരിധിക്ക് അകത്താണെങ്കില്‍ പിന്നെയും കുഴപ്പം ഇല്ല. കലാലയ ജീവിതത്തിന്‍റെ ഭാഗമല്ലേ ഇതെന്നൊക്കെ കരുതി ആശ്വസിക്കാം. പക്ഷെ കലാലയങ്ങളുടെ പ്രാഥമിക ധര്‍മ്മം പോലും നടപ്പാകാന്‍ പറ്റാത്ത വിധം ഈ പ്രസ്ഥാനങ്ങള്‍ വളര്‍ന്നാലോ. അതാണ്‌ ഇപ്പോള്‍ നടക്കുന്നത്.

ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ ഗവര്‍മെന്റ് ആര്‍ട്സ് കോളേജില്‍ പഠിക്കുന്ന എന്‍റെ അനന്തരവനുമായി സംസാരിക്കും. എങ്ങനെയെങ്കിലും കോളേജ് പഠിത്തം മതിയാക്കി അവിടെ നിന്നും രക്ഷപ്പെട്ടാല്‍ മതി എന്നാണ് അവന്‍റെ ചിന്ത. നേരത്തെ പറഞ്ഞ പോലെ, എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി സമരം വിളിച്ചു, വിദ്യാര്‍ഥികളെ ക്ലാസ്സില്‍ നിന്നും പിടിച്ചിറക്കി മുദ്രാ വാക്യം വിളിപ്പിച്ചു റോഡിലൂടെ നടത്തിക്കുന്നത് ഇപ്പോള്‍ അവിടെ പതിവാണ്. വര്‍ഷത്തില്‍ ക്ലാസ്സുകള്‍ നടക്കുന്നത് വിരളം. ട്യൂഷന്‍ ക്ലാസ്സുകള്‍ ഇല്ലെങ്കില്‍ പരീക്ഷയ്ക്ക് ജയിക്കാന്‍ ആവില്ല. അല്ലെങ്കില്‍ തന്നെ അങ്ങനെ പേരിനു ജയിച്ചിട്ടു എന്ത് കാര്യം.

ഞാന്‍ ആലോചിക്കാറുണ്ട്. ഈ വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകള്‍ക്ക്  അവരുടെ കഴിവ് വെച്ച് ചെയ്യാന്‍ പറ്റുന്ന വേറെന്തെല്ലാം കാര്യങ്ങള്‍ ഉണ്ട്. അതും ശരിക്കും നമ്മുടെ ദിനം ദിന ജീവിതത്തില്‍ മാറ്റം വരുത്താന്‍ സഹായിക്കുന്ന കാര്യങ്ങള്‍.... രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ഥിയെ നല്ല രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനം എന്താണ് എന്ന് മനസ്സിലാക്കിപ്പിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍.  പൈസ കൊണ്ടും, സമയം കൊണ്ടും സഹായം വേണ്ടുന്ന എത്രയോ അനാഥാലയങ്ങളും വയോജന കേന്ദ്രങ്ങളും ഉണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവിടൊന്നും പോയി ഒന്നും ചെയ്തുകൂടാ എന്നാരും പറഞ്ഞിട്ടില്ലല്ലോ?  കാസര്‍കോട് ജില്ലയില്‍ ഒരു വിദ്യാര്‍ഥിയെ ആരോ ഞോണ്ടി എന്നും പറഞ്ഞു തിരുവനന്ത പുരത്ത് സമരം ഉണ്ടാക്കി, സമരത്തില്‍ പങ്കെടുക്കാന്‍ താല്പര്യം ഇല്ലാത്ത വിദ്യാര്‍ഥി കളെയും തെരുവില്‍ ഇറക്കി അടി വാങ്ങി കൊടുക്കുന്നതിലും നല്ലതല്ലേ അത്.  ഗവര്‍മെന്റിന്റെ അനാസ്ഥ കാരണം വഷളാവുന്ന എത്രയോ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ട്. അതില്‍ ഇടപെട്ട് ഗവര്‍മെന്റിന് മാതൃക ആകാമല്ലോ ഈ വിദ്യാര്‍ഥി രാഷ്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌.

"നീ ഏത് ലോകത്താ ജീവിക്കുന്നെ? വല്ല നടക്കുന്ന കാര്യവും പറ." ഞാന്‍ എന്‍റെ ചിന്തകള്‍ പുറത്തിടുമ്പോള്‍ എന്നെക്കാള്‍ ലോക വിവരം കൂടുതലുള്ള എന്‍റെ സുഹൃത്തുക്കള്‍ എന്നോട് പറയും. വേദനയോടെ ഞാന്‍ അത് ഉള്‍ക്കൊള്ളും. ഈ കലാലയങ്ങളില്‍ പഠിക്കുന്ന, കപട രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ യാതൊരു താല്‍പര്യവും ഇല്ലാത്ത, എന്നാല്‍ ഭീഷണി കാരണം ഇറങ്ങേണ്ടി വരുന്ന  അനുജന്മാരെയും അനുജത്തിമാരെയും ഓര്‍ത്തു എനിക്ക് വിഷമം ഉണ്ട്. ആ വിഷമത്തിന്റെ കാരണം കുറച്ചു കൂടി വിശദമാക്കണം എങ്കില്‍ എന്‍റെ ബിരുദാനന്തര ബിരുദ ജീവിതവും പറയണം.

IIT  റൂര്‍ക്കി
യുണിവേഴ്സിറ്റി കോളേജിന്റെ ലോകത്ത് നിന്നും മാറി IIT റൂര്‍ക്കി എന്ന കലാലയത്തില്‍ പോകാന്‍ എനിക്ക് പ്രചോദനം നല്‍കിയത് യുണിവേഴ്സിറ്റി കോളേജില്‍ എന്നെ പഠിപ്പിച്ച കുമാര്‍ സാര്‍ ആണ്. ഇന്നും ഞാന്‍ ഏറ്റവും അധികം ബഹുമാനിക്കുന്ന അധ്യാപകരില്‍ ഒരാള്‍. ആ പ്രചോദനം ഉള്‍ക്കൊണ്ടു ഞാന്‍  IIT    റ്റൂര്‍ക്കിയില്‍ പഠിക്കാന്‍ എത്തി. കലാലയ രാഷ്ട്രീയം മനസ്സില്‍ നിറച്ച ഭീതി ഒട്ടും പോകാതെ തന്നെയാണ് ഞാന്‍ അവിടെ എത്തിയത്. എന്നാല്‍ തികച്ചും വിഭിന്നമായ ഒരു അന്തരീക്ഷം ആണ് അവിടെ എനിക്ക് കിട്ടിയത്. പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥിക്ക് അതിനുള്ള പൂര്‍ണ്ണ അവസരം അവിടെ ഉണ്ടായിരുന്നു. വിദ്യാര്‍ഥി രാഷ്രീയം എന്ന ഒരു കാര്യം അവിടെ കേള്‍ക്കാനേ ഇല്ലായിരുന്നു. അത് കൊണ്ട് അവിടെ പഠിച്ച ആര്‍ക്കെങ്കിലും എന്തെങ്കിലും നഷ്ടം വന്നോ? എന്‍റെ അറിവില്‍ ഇല്ല. മറിച്ച് , ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ അവിടത്തെ വിദ്യാഭ്യാസം സഹായിച്ചു. ഞാന്‍ ഇന്നത്തെ നിലയില്‍ എത്താനും എന്നെ സഹായിച്ചത്  ആ  വിദ്യാഭ്യാസം തന്നെ. കലാലയം എന്നാല്‍ എന്താണ് എന്ന് മനസ്സില്‍ പണ്ടുണ്ടായിരുന്ന ഒരു ചിത്രം, ശരിക്കും കണ്ടറിഞ്ഞത്‌ അവിടെ ചെന്ന ശേഷം ആണ്.

ഇനി ഞാന്‍ നേരത്തെ പറഞ്ഞ കാര്യത്തിലേക്ക് വരാം. ഈ ഗവര്‍മെന്റ് കോളേജുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നല്ലൊരു ഭാഗവും കഴിവുള്ളവര്‍ തന്നെ ആണ്.പ്രൊഫഷനല്‍ പഠനത്തിനു പോകാന്‍ കഴിഞില്ല എന്ന കാരണം കൊണ്ട് അവര്‍ കഴിവില്ലാത്തവര്‍ ആവുന്നില്ലല്ലോ ? പക്ഷെ അനാവശ്യമായ രീതിയിലെ രാഷ്ട്രീയ ഇടപെടലുകള്‍ കാരണം അവര്‍ക്ക് പഠിക്കാനുള്ള അവസരം കിട്ടുന്നില്ല. അതിലൂടെ അവര്‍ക്കൊരു ഭാവി കെട്ടിപ്പടുക്കാനുള്ള അവസരമല്ലേ നഷ്ടപ്പെടുന്നത്? ഒരാള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപ്പെടുതുന്നതല്ലേ ആ വ്യക്തിയോട് ചെന്നുന്ന ഏറ്റവും വലിയ ക്രൂരത.?

മറ്റു പല കോളേജുകളിലും നടക്കുന്നത് ഇതാണോ, അതോ അവയൊക്കെ ഭേദമാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഞാന്‍ പഠിച്ച ഈ രണ്ടു കോളേജുകളുടെയും അവസ്ഥ ഇപ്പോള്‍ വീണ്ടും കഷ്ടം ആയിക്കൊണ്ടിരിക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.  നഷ്ടം വേറാര്‍ക്കും അല്ല...പഠിക്കാന്‍ എന്ന ചിന്തയുമായി എത്തുന്ന ശരാശരി വിദ്യാര്‍ഥി കള്‍ക്കും അവരുടെ വീട്ടുകാര്‍ക്കും .

കലാലയങ്ങളില്‍ രാഷ്രീയം വേണോ വേണ്ടയോ എന്നൊക്കെ എത്രയോ വിവരമുള്ളവര്‍ സംസാരിച്ചിട്ടുണ്ട്..തര്‍ക്കിച്ചിട്ടുണ്ട്‌. അതിലേക്കു കടക്കുക എന്നതല്ല എന്‍റെ ഉദ്ദേശം. മറിച്ച്, നല്ലൊരു കലാലയ ജീവിതം അനുഭവിച്ച എനിക്ക്, അതിന്‍റെ നല്ല ഗുണങ്ങള്‍ എന്‍റെ  ജീവിതത്തില്‍ പ്രതിഫലിക്കുമ്പോള്‍, അത് പോലുള്ള അവസരങ്ങള്‍ നഷ്ടപ്പെടുന്ന കുട്ടികളെ ഓര്‍ത്തപ്പോള്‍ ഉണ്ടായ വിഷമം ആണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.

ഇതെഴുതുമ്പോഴും, മനസ്സിനുള്ളില്‍ വെറുതെ ഞാന്‍ ആഗ്രഹിക്കുന്നു . ,...ഞാന്‍ പഠിച്ച ഈ കലാലയങ്ങള്‍ അതിന്‍റെ പഴയ പ്രൌഡി വീണ്ടെടുക്കുന്ന ഒരു കാലം വരില്ലേ ? സാമൂഹിക സാംസ്കാരിക നായകരെ വാര്‍ത്തെടുക്കുന്ന കാലം വീണ്ടും വരില്ലേ? അത് എളുപ്പം അല്ല എന്നും അറിയാം. കള നിറഞ്ഞ കുളം പോലെ വീര്‍പ്പു മുട്ടി നില്‍ക്കുകയാണ് ഈ കലാലയങ്ങള്‍. അവയുടെ ഓരോ ജീവ കോശങ്ങളിലും തുളഞ്ഞു കയറി നില്‍കുന്ന കലാലയ രാഷ്രീയം എന്ന വിപത്ത് എന്ന് മാറുമോ എന്ന് ആ പഴയ കാലം വരും എന്ന് ആഗ്രഹിക്കാം.


ജോസ്
ബാംഗ്ലൂര്‍
21  - ഏപ്രില്‍ - 2012  

(ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍ )



9 അഭിപ്രായങ്ങൾ:

John Kunnathu പറഞ്ഞു...

കലാലയ ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കും മനസ്സില്‍ വരുന്നത് അത്തരമൊരു ചിത്രമാണ്. ജീവിതത്തിനു ഒരു ശക്തമായ അടിസ്ഥാനമിടുന്നതിനു സഹായിക്കുന്നതിനു പകരം ഉള്ള അടിസ്ഥാനത്തെക്കൂടി താറുമാറാക്കുകയാണ് കലാലയം ചെയ്തത്. അര്‍ഥവത്തായ വിദ്യാഭ്യാസം ഞാന്‍ നേടിയത് distant education വഴിയും സ്വയം വായിച്ചും ഒക്കെയാണ്.

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

കലാലയ രാഷ്ട്രീയം എന്ന് ഇതിനെ പറയാമോ ജോസേട്ടാ? കലാപമയ രാഷ്ട്രീയം എന്ന് വേണം ഇതിനെ പറയാൻ...

ഇപ്പോ പിന്നെ കാര്യങ്ങൾക്കൊക്കെ ചില്ലറ മെച്ചം വന്നിട്ടുണ്ടെന്ന് വേണം അനുമാനിക്കാൻ. പിള്ളേർക്ക് വിവരം വെച്ച് തുടങ്ങീട്ടുണ്ട്...

ഷാജി പരപ്പനാടൻ പറഞ്ഞു...

വിദ്യാര്‍ഥിസമരങ്ങളില്‍ എന്നും വേട്ടയാടപ്പെടുന്ന കലാലയമാണ് യൂനിവേര്‍സിറ്റി കോളേജ്‌..അക്രമങ്ങള്‍ക്കും, കൊലവിളികള്‍ക്കും ഇടയില്‍ ചെന്ന് പെട്ട ആ നാളുകള്‍ സ്വപനത്തിലും വേട്ടയാടുന്നുണ്ടാവും അല്ലെ. നല്ല പോസ്റ്റ്‌

ചന്തു നായർ പറഞ്ഞു...

നല്ല പോസ്റ്റ് വർഷങ്ങൾ പിറകിലോട്ടോടി...ഭാവുകങ്ങൾ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

valare chinthaneeyavum, kalika prasakthavumaaya post......... aashamsakal...... blogil puthiya post.......... CINEMAYUM PREKSHAKARUM AAVASHYAPPEDUNNATHU...... vaayikkane........

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

പണ്ടത്തെ പോലെയുള്ള ആത്മാർത്ഥതയുള്ള അധ്യാപകരും,മിത്രങ്ങളൊന്നുമില്ലാത്ത കലാപത്തിന്റെ ആലയങ്ങളായി മാറിയിരിക്കുകയാണല്ലോ ഇന്നത്തെ കലാലയങ്ങൾ അല്ലേ ഭായ്

Unknown പറഞ്ഞു...

പെട്രോള്‍ സഹായ ഫണ്ട്‌ " എന്ന പേരില്‍ കുട്ടികളുടെ കയ്യില്‍ നിന്നും പൈസ പിരിച്ചു വണ്ടിയില്‍ പെട്രോളടിച്ചു കാമ്പസില്‍ ചെത്തി നടന്ന ഒരു ഞാഞ്ഞൂലിന്റെ മുഖം ----

ഇത് ശരിക്കും ഇഷ്ടപ്പെട്ടു..

Binoy പറഞ്ഞു...

There are still students who get into this trouble. There are students who are smart enough to get away from these political traps... anyways... at the end, the politicians make use of the students

അജ്ഞാതന്‍ പറഞ്ഞു...

kali badhicha kalalayangale kurich kalikamaya oru vivaranam thanna thangalkku ashamsakal