2010, ഡിസംബർ 9

സ്നേഹം കൊണ്ടുള്ള വീര്‍പ്പുമുട്ടല്‍...


വീര്‍പ്പുമുട്ടല്‍ എന്ന അവസ്ഥയെ എങ്ങനെ വിശദീകരിക്കാനാണ്? ബുദ്ധി മുട്ടല്‍ എന്നോ ..വിഷമാവസ്ഥ എന്നോ... അസ്വസ്ഥത എന്നോ ഒക്കെ പറയാം. പല കാരണങ്ങള്‍ കൊണ്ട് അത് വരാം. സങ്കടം കൊണ്ട് വീര്‍പ്പുമുട്ടാം. ..ദേഷ്യം വന്നാലും അങ്ങനെ വരാം.. സന്തോഷം കൊണ്ടും ചിലപ്പോള്‍ വീര്‍പ്പുമുട്ടാം. പക്ഷെ നമുക്ക് വീര്‍പ്പുമുട്ടല്‍ വരുന്നത്..മറ്റൊരാള്‍ നമ്മോടു കാണിക്കുന്ന സ്നേഹം കൊണ്ടായാലോ? മനസ്സില്‍ ഓര്‍മ്മയുള്ള അങ്ങനത്തെ ചില ഓര്‍മ്മകള്‍ ഇവിടെ കുറിക്കട്ടെ .

എന്നെ ഭക്ഷണം കഴിക്കാന്‍ പുറകെ നടന്നു ആരെങ്കിലും നിര്‍ബന്ധിക്കുന്നത്‌ , എനിക്ക് വളരെ അരോചകരമായി തോന്നുന്ന ഒന്നാണ്. എന്ത് എപ്പോള്‍ എങ്ങനെ കഴിക്കണം എന്ന് എനിക്കറിഞ്ഞുകൂടെ? എന്‍റെ ചില നല്ല സുഹൃത്തുക്കളും, ചില ആന്‍റി മാരും സ്നേഹം കൂടുമ്പോള്‍ അതൊന്നും ഓര്‍ക്കാറില്ല. (പാവം അവരെ കുറ്റം പറയുക അല്ല കേട്ടോ)

അടുത്ത ഒരു സുഹൃത്തിന്‍റെ വീട്ടില്‍ ഒരിക്കല്‍ എന്നെയും ലീനയെയും അത്താഴത്തിനു ക്ഷണിച്ചു. അത്താഴം കഴിക്കാന്‍ മേശയ്ക്കടുത്തു വന്നു ഇരുന്നപ്പോള്‍ കണ്ണ് തള്ളിപ്പോയി. അവിടത്തെ ഏറ്റവും വലിയ പാത്രത്തില്‍ , ഒരു സ്ഥലവും ബാക്കി വയ്ക്കാതെ , ഒരു കൂന ചോറും, മലക്കറി കറികളും, മീനും ഇറച്ചിയും മുട്ടയും, അച്ചാറും, പപ്പടവും വച്ചിട്ടുണ്ടായിരുന്നു. എനിക്ക് മൂന്നു നേരം കഴിക്കാന്‍ വേണ്ടത്ര വിഭവങ്ങള്‍.

" എടേ... ഇതെന്തോന്ന്? എനിക്ക് ഒരു വയറേ ഉള്ളൂ " ഞാന്‍ പറഞ്ഞു.

" നീ ഒന്നും പറയണ്ട.. കഴിച്ചേ പറ്റൂ. . ഇത് കുറച്ചല്ലേ ഉള്ളൂ. ഇനി രസവും, സാമ്പാറും കൂട്ടി കുറച്ചു കൂടി ഉണ്ണണം . പായസം പുറകെ വരും ". കൂട്ടുകാരന്‍ സമ്മതിച്ചില്ല.

പണ്ടൊക്കെ വീട്ടില്‍ അയല മീനോ, നെമ്മീനോ വാങ്ങി പൊരിച്ചാല്‍, ഒരു ചെറിയ കഷണം ഓരോരുത്തരുടെയും ഷെയര്‍ ആയി കിട്ടും . ( കൂട്ട് കുടുംബം ഡെമോക്രസി) . പക്ഷെ ഈ കൂട്ടുകാരന്‍ , മൂന്നു മുഴുത്ത നെമ്മീന്‍ കഷണം പാത്രത്തില്‍ വച്ചിട്ട്, നാലാമത് ഒന്ന് കൂടി വയ്ക്കാന്‍ തുടങ്ങി.

" എടേ .. നീ ഇതെന്തോന്ന് കാണിക്കുന്നത്... ഞാന്‍ റപ്പായി ഒന്നും അല്ലെടേ. . എനിക്ക് വേണ്ടത് ഞാന്‍ എടുത്തു കഴിച്ചോളാം .. "

അപ്പോള്‍ അവന്‍റെ ഭാര്യ സങ്കടത്തോടെ അടുത്ത് വന്നു ചോദിച്ചു..

" അയ്യോ ജോസെ .. മീന്‍ വച്ചത് ശരി ആയില്ലേ...രുചി ഇല്ലേ? അതാണോ കഴിക്കാത്തത് ? "

"പെങ്ങളെ ...രുചിക്കുറവൊന്നും ഇല്ല ..വയറില്‍ സ്ഥലം ഇല്ല ..അതേയുള്ളൂ പ്രശ്നം ".

അങ്ങനെ കുറെ വാദിച്ച ശേഷം, ഞങ്ങളെ സല്‍ക്കരിക്കാന്‍ വെമ്പിയ ആ മനസ്സുകളെ വേദനിപ്പിക്കാന്‍ മടിച്ചു കൊണ്ട് വച്ചതൊക്കെ തിന്നു..അല്ല...തിന്നേണ്ടി വന്നു. ..അല്ല.. തീറ്റിപ്പിച്ചു. . ( പിറ്റേന്ന് ഞായറാഴ്ച ആയിരുന്നതിനാല്‍, ഒഴിയാതെ ഉള്ള ടോയ്ലെറ്റില്‍ പോക്ക് വേറെ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല. അന്ന് വെള്ളം മുടങ്ങും എന്ന് വാര്‍ത്ത ഉണ്ടായിട്ടും, മുടങ്ങിയില്ല..അതും ഭാഗ്യം)

പിന്നെ ഒരു ആന്‍റി ഉണ്ടായിരുന്നു. പാവം മരിച്ചു പോയി. ഞാന്‍ റൂര്‍ക്കിയില്‍ പഠിക്കുന്ന കാലത്ത്, വര്‍ഷത്തില്‍ ഒരു പ്രാവശ്യം ഉള്ള അവധിക്കാലം , ഞാന്‍ എല്ലാ ബന്ധു വീടുകളും സന്ദര്‍ശിക്കുന്ന സമയത്ത്, ആന്‍റിയെയും കാണാന്‍ പോകും. ഞാന്‍ അവിടുന്ന് ഊണ് കഴിക്കാന്‍ നിന്നാല്‍, ആന്‍റിക്ക് എന്തെന്നില്ലാത്ത സന്തോഷം വരും. അങ്ങനെ ഒരു ദിവസം അവിടെ ഞാന്‍ ഊണ് കഴിക്കാന്‍ ചെന്നു. ഊണ് മേശയില്‍, എന്‍റെ അരികില്‍ വന്നിരുന്നു ആന്‍റി പറഞ്ഞു.

"മക്കളെ ..അധികം കൂട്ടാനൊന്നും ഇല്ല. എനിക്ക് ഒട്ടും വയ്യ മക്കളെ. ഇതൊക്കെ ത്തന്നെ വല്ല വിധേനയും ഉണ്ടാക്കിയതാണ്. എന്നാലും അതിന്‍റെ ഒരു പങ്ക് നിനക്ക് തരാന്‍ പറ്റിയല്ലോ. എനിക്ക് സന്തോഷമായി "

അത് പറയുമ്പോള്‍ ആന്‍റിയുടെ കണ്ണ് അറിയാതെ നിറഞ്ഞിരുന്നു.

അന്ന് കഴിക്കാന്‍ തന്ന മലക്കറി കൂട്ടാന്‍ വെണ്ടയ്ക്ക തോരന്‍ ആയിരുന്നു. എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടാത്ത സാധനം ആയിരുന്നു വെണ്ടയ്ക്ക . വീട്ടില്‍ വെണ്ടയ്ക്ക തോരന്‍ വെയ്ക്കുമ്പോള്‍ ഞാന്‍ കൂട്ടാതിരുന്നാല്‍ അമ്മച്ചി എന്നെ വഴക്ക് പറയും.

"ഒള്ള മലക്കറി ഒന്നും അവനു കൂട്ടാന്‍ വയ്യ. ഇനി ഞാന്‍ നിനക്ക് അമ്പിളി അമ്മാച്ചനെ പിടിച്ചു കറി വച്ച് തരാം "

പക്ഷെ അത് പറഞ്ഞു പാവം ആന്‍റിയെ എന്തിനാ സങ്കടപ്പെടുത്തുന്നെ? . ആന്‍റി വയ്യാതെ വച്ചുണ്ടാക്കിയതല്ലേ. ഞാന്‍ കുറച്ചു കഴിച്ചു. പാത്രത്തില്‍ കുറച്ചു തോരന്‍ മിച്ചം ഇരുന്നത് കണ്ടപ്പോള്‍ ആന്‍റി ചോദിച്ചു.

"മക്കളെ വെണ്ടയ്ക്ക തോരന്‍ ഇഷ്ടമല്ലേ? എന്ത് മുഴുവന്‍ കഴിക്കാത്തെ? "

ആന്‍റിയെ എന്തിനാ വിഷമിപ്പിക്കുന്നെ? . ഉടനെ ഞാന്‍ പറഞ്ഞു.

" ഏയ് ..അങ്ങനെയല്ല ആന്‍റി.. എനിക്കിഷ്ടമാ. " അതും പറഞ്ഞു, ഞാന്‍ ബാക്കി ഇരുന്ന തോരന്‍ മൊത്തം കണ്ണുമടച്ചു ഒറ്റയടിക്ക് വിഴുങ്ങി. അപ്പോഴാണ്‌ ആന്‍റി ഉറക്കെ അടുക്കളയില്‍ നിന്ന വേലക്കാരിയോട് പറഞത്..

" സരസ്വതീ... അടുപ്പത്തിരിക്കുന്ന ആ വെണ്ടയ്ക്ക തോരന്‍ പാത്രം ഇങ്ങെടുത്തെ. എന്‍റെ മക്കള്‍ക്ക്‌ അത് നന്നേ ഇഷ്ടപ്പെട്ടു. "

സരസ്വതി അമ്മ ഒട്ടും സമയം പാഴാക്കാതെ പാത്രം എടുത്തോണ്ട് വന്നു. ആന്‍റി വെമ്പുന്ന സ്നേഹത്തോടെ നേരത്തെ വച്ചതിന്‍റെ ഇരട്ടി വെണ്ടയ്ക്ക തോരന്‍ എന്‍റെ പാത്രത്തില്‍ ഇട്ടു.

" കഴിക്ക് മക്കളെ..കഴിക്ക്. വയറു നിറച്ചു കഴിക്കു. ഇനി അടുത്ത വര്‍ഷം അല്ലെ എന്‍റെ മക്കള് വരൂ "

പാവം ആന്‍റി യുടെ കണ്ണ് നിറഞ്ഞു. സന്തോഷം കൊണ്ട്.. എന്‍റെ അവസ്ഥ പറയേണ്ടതില്ലല്ലോ?

പിന്നെ ഒരു ആന്‍റി ഉണ്ട്. എത്ര വയ്യാതിരുന്നാലും, ഏതു പാതിരായ്ക്കും, എല്ലാവരെയും സഹായിക്കാന്‍ ഓടി എത്തുന്ന ഒരു ആന്‍റി. കുണ്ടണി കാണിച്ചാലും, സ്നേഹം കൂടുമ്പോഴും വിരട്ടുന്ന ഒരു ആന്‍റി.. കുഞ്ഞിലെ ആ ആന്‍റി യുടെ വീട്ടില്‍ ഞാന്‍ അവധി സമയത്തൊക്കെ പോയി നില്‍ക്കുമായിരുന്നു. അവിടെ എനിക്ക് രണ്ടു കുഞ്ഞി പെങ്ങന്മാര്‍ ഉണ്ടായിരുന്നു. അവരുടെ കൂടെ കളിക്കാനും, വഴക്കിടാനും മറ്റുമാണ് ഞാന്‍ അവിടെ പോകുന്നത്. ആന്‍റി ഉണക്ക മീന്‍ കൊണ്ട് നല്ല രുചിയുള്ള തോരന്‍ ഉണ്ടാക്കും. എനിക്ക് അത് നല്ല ഇഷ്ടമാണ്. ആന്‍റി പിന്നെ ആവശ്യമില്ലാതെ കഴിക്കാന്‍ നിര്‍ബന്ധിക്കില്ല. അതിന് പകരം പറയും..

" എല്ലാം മേശപ്പുറത്തു വച്ചിട്ടുണ്ട്. ആര്‍ക്കൊക്കെ എന്തൊക്കെ വേണം എന്ന് വച്ചാല്‍ എടുത്തു കഴിച്ചോണം. "

ആ പറച്ചില്‍ എനിക്ക് ഇഷ്ടമാണ്. പക്ഷെ പ്രശ്നം അതല്ല. കഴിക്കുന്നതിനിടെ ആന്‍റി കുടിക്കാന്‍ വെള്ളം തരില്ല. ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് ദഹനത്തിന് നന്നല്ല അത്രേ. എരിവുള്ള കൂട്ടാനൊക്കെ കൂടി കൂമ്പു കരിഞ്ഞാലും, ആന്‍റി പറയും

" ഒന്നുകില്‍ കഴിക്കുന്നതിനു അര മണിക്കൂര്‍ മുന്‍പ്.. അല്ലെങ്കില്‍ അര മണിക്കൂര്‍ കഴിഞ്ഞു. ഇടയ്ക്ക് വെള്ളം തരുന്ന പ്രശനമേ ഇല്ലേ. ..ചത്തു പോവുമോ എന്ന് ഞാന്‍ നോക്കട്ടെ. "

ആ വിരട്ടലില്‍ പേടിച്ചു, ഞങ്ങള്‍ എരിച്ചാലും വെള്ളം ചോദിക്കാതെ കഴിക്കും. അര മണിക്കൂര്‍ കാത്തിരിക്കുകയെ പിന്നെ നിവര്‍ത്തിയുള്ളൂ.

എന്നെ വീര്‍പ്പുമുട്ടിക്കുന്ന മറ്റൊരു കാര്യം ഉണ്ട്.. എനിക്ക് ഒട്ടും താല്‍പ്പര്യം ഇല്ലാത്ത ഒരു കാര്യം. ..കല്യാണ ആല്‍ബം കാണുന്നതും ..അതിന്‍റെ സീ ഡി കാണുന്നതും . ( എന്‍റെ തന്നെ കല്യാണ ആല്‍ബം ഞാന്‍ പിന്നെ അധികം തുറന്നു നോക്കിയിട്ടില്ല) . പക്ഷെ ഇതില്‍ ഞാന്‍ പലപ്പോഴും പെട്ടിട്ടുണ്ട് ..കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ വീട്ടില്‍.

എന്തൊക്കെ പടങ്ങളാ ആല്‍ബത്തില്‍ കാണണ്ടത്. .. വരനും വധുവും തമ്മില്‍ നോക്കുന്ന ഒരു പത്തു ഫോട്ടോകള്‍ , വരന്‍ വധുവിന്‍റെ വായില്‍ മധുരം വയ്ക്കുന്ന അഞ്ചാറു പടങ്ങള്‍, അതും പല പല പോസില്‍...പിന്നെ അറിഞ്ഞുകൂടാത്ത ഒരു പത്തഞ്ഞൂറു പേര്‍ ഊണ് കഴിക്കുന്ന പടങ്ങള്‍...ഓരോരോ മേശയില്‍ നിന്നും ഉള്ള ക്ലോസ് അപ്പ് ..പിന്നെ അതിന്‍റെ ഒക്കെ വിവരണം. ആല്‍ബം കാണുമ്പോള്‍ ഇതൊക്കെ പതിവാണ്.

" ഇത് പയ്യന്‍റെ അച്ഛന്‍.. അത് അവന്‍റെ കുഞ്ഞമ്മേടെ മകന്‍റെ മോളും മരുമോനും. ..പിന്നെ ഇത് പെണ്ണിന്റെ അപ്പച്ചീടെ നാത്തൂന്‍റെ മരുമോനും... ഇത് ലവന്‍റെ ചേട്ടത്തീടെ അമ്മേടെ കുഞ്ഞമ്മേടെ ... " അങ്ങനെ പോവും വിവരണം.

പിന്നെ പെണ്ണും ചെറുക്കനും പൂന്തോട്ടത്തില്‍ മുഖാമുഖം ഇരിക്കുന്നതും, മരം ചുറ്റി നില്‍ക്കുന്നതും..അങ്ങനെ എന്തെല്ലാം പടങ്ങള്‍ മറിച്ചു നോക്കണം.

ഒരിക്കല്‍ ഒരു അങ്കിളിന്‍റെ വീട്ടില്‍ ഞാന്‍ പെട്ടു. ഒരു അടുത്ത കൂട്ടുകാരന്‍റെ അച്ഛന്‍. എനിക്ക് ആ കൂട്ടുകാരന്‍റെ കല്യാണത്തിന് പങ്കെടുക്കാന്‍ പറ്റിയിരുന്നില്ല. അതിനാല്‍ അവധിക്കു വന്നപ്പോള്‍ ഞാന്‍ അവന്‍റെ വീട്ടില്‍ പോയി. അവന്‍റെ അച്ഛനും അമ്മയ്ക്കും നല്ല സന്തോഷം ആയി.

" അയ്യോ ചെല്ലാ.. എത്തറ നാളായി മോനെ നിന്നെ കണ്ടിട്ട് . മോന്‍റെ കല്യാണത്തിന് നീ വരൂന്നു നിരീച്ച് . വരാന്‍ പറ്റീല്ല അല്ലെ? "

" ജോലിത്തിരക്കായിരുന്നു അമ്മെ. പറ്റീല്ല "

കാപ്പിയും പലഹാരങ്ങളും ഒക്കെ കൊണ്ട് വന്നു തന്നിട്ട് ആ അമ്മ പറഞ്ഞു..

" എത്ര നാളായി ചെല്ലാ നിനക്ക് ഒരു കാപ്പി തന്നിട്ട് "

അപ്പോഴാണ്‌ അങ്കിള്‍ ഒരു വലിയ ആല്‍ബം എടുത്തോണ്ട് വന്നത്. കര്‍ത്താവേ പെട്ടല്ലോ.. ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍ത്തു.

" ഇത് ലവന്‍റെ കല്യാണ ആല്‍ബം. നീ കണ്ടില്ലല്ലോ മോനെ? "

ആല്‍ബത്തിന്റെ കട്ടി കൂടി കണ്ടപ്പോള്‍ എന്‍റെ കണ്ണില്‍ വെള്ളം നിറഞ്ഞു. പക്ഷെ അത് കാണിക്കാന്‍ പറ്റുമോ. കാത്തിരുന്ന എന്തോ ഒന്ന് കിട്ടിയ സന്തോഷം കാണിച്ചു ഞാന്‍ പറഞ്ഞു

" അയ്യോ ..കണ്ടില്ല അങ്കിളേ...ഇങ്ങെടുത്തെ.. "

അതിന് മുന്‍പേ എനിക്ക് അറിയാമായിരുന്നത് കൂടുകാരനെയും, അവന്‍റെ വീട്ടുകാരെയും മാത്രമായിരുന്നു. പക്ഷെ ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവരുടെ ഏകദേശം കുടുംബ ചരിത്രം എനിക്ക് പഠിക്കാന്‍ പറ്റി. ( പഠിപ്പിച്ചു എന്ന് പറയുന്നതാവും ശരി ) . ഒരു ആശ്വാസത്തോടെ അവസാനത്തെ താള്‍ മറിച്ചപ്പോള്‍ അമ്മ ചോദിച്ചു.

" മോനെ നിനക്ക് ബോറടിച്ചില്ലലോ അല്ലെ ? "

പാവം ആ നല്ല മനുഷ്യരെ സത്യം പറഞ്ഞു എന്തിനാ വിഷമിപ്പിക്കുന്നെ? അതിനാല്‍ എന്‍റെ ഉടനുള്ള മറുപടി ഇങ്ങനെ ആയിരുന്നു. ..ഒരു റിഫ്ലക്സ് ആക്ഷന്‍ പോലെ

" അയ്യോ അമ്മെ ..ഒട്ടും അല്ല. എനിക്ക് കല്യാണത്തിനോ വരാന്‍ പറ്റിയില്ല. ഇതൊക്കെ കാണുമ്പോള്‍ അല്ലേ കല്യാണത്തിനു വരാന്‍ പറ്റാത്തതിന്‍റെ കുറവ് തീരൂ. "

" ഓ.. തന്നെ ചെല്ലാ..തന്നെ " അമ്മ പറഞ്ഞു

അത് കേട്ടു സന്തോഷിച്ച അങ്കിള്‍ പറഞ്ഞു

" എടീ ..എന്നാ പിന്നെ മോളുടെ വീട്ടുകാര്‍ എടുത്ത ആല്‍ബവും ആ സീ ടിയും ഒക്കെ എടുത്തോണ്ട് വാ. മോന്‍ ഇരുന്നു കാണട്ട്. "

സത്യത്തില്‍ വളിച്ച ചിരി എന്ന് പറയുന്നത് എപ്പോഴത്തെ ചിരിക്കാണ് എന്ന് എനിക്ക് അന്ന് മനസ്സിലായി. അങ്ങനെ ഒരു വളിച്ച ചിരി ഞാന്‍ മുഖത്ത് വരുത്തി. അപ്പോള്‍ അമ്മ രണ്ടു വലിയ ആല്‍ബങ്ങളും, ഒരു സീ ടിയും എടുത്തോണ്ട് വന്നു.

" ചെല്ലാ.. നീ ഇതൊക്കെ കണ്ട്, ചോറും കഴിച്ചിട്ട് പെയ്യാ മതി "

'സന്തോഷം' കൊണ്ടെന്‍റെ കണ്ണ് നിറഞ്ഞു. അമ്മയുടെയും .

" ദൈവമേ ..ഇന്ന് രാവിലെ പ്രാര്‍ഥിക്കാന്‍ മറന്നതിനാണോ എനിക്കിട്ടു ഈ പണി?" അങ്ങനെ ചോദിക്കാനേ എനിക്കപ്പോള്‍ തോന്നിയുള്ളൂ.

ഇപ്പോള്‍ ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ചിരി വരും. എന്നോടുള്ള വാത്സല്യം കാരണം അല്ലേ അവരൊക്കെ ഇങ്ങനെ വീര്‍പ്പുമുട്ടിച്ചത്.. എന്‍റെ മനസ് പറയും

'സഹിച്ചു കള മാഷേ...സ്നേഹം കൊണ്ടല്ലേ '


ജോസ്
ബാംഗ്ലൂര്‍
9- 12- 2010




Protected by Copyscape Web Copyright Protection Software

1 അഭിപ്രായം:

Saritha പറഞ്ഞു...

kollam nalla anubhavangal. matullavare vishamippikkathirikkan nammalkku cheyyendi varunnathu nammale chilappol vishamippikkum ennu orkkuka....