2012, മാർച്ച് 19

ഒരു മര പ്രേമ കഥ .....






കഴിഞ്ഞ ആഴ്ച്ച നാട്ടില്‍ പോയ സമയത്ത്, വീട്ടിലെ ടെറസ്സില്‍ നിന്നും പുറത്തേയ്ക്ക് കണ്ണോടിച്ച് നോക്കിയപ്പോഴാണ് ആ കാഴ്ച കണ്ടത്. എന്‍റെ വീടിന്‍റെ ചുറ്റും ഹരിത മനോഹരമായ കാഴ്ചകള്‍ ആണ് മാങ്ങാത്തൊലി ആണ് എന്നൊക്കെ കരുതിയിരുന്ന എന്നെ, ഒന്ന് ഇരുത്തിയ കാഴ്ച. വീടിന്‍റെ അടുത്ത്, നിറച്ചും മരങ്ങള്‍ ഉണ്ടായിരുന്ന പറമ്പിലൊക്കെ തലങ്ങും വിലങ്ങും കുറെ ജെ സീ ബീ പാഞ്ഞു നടന്ന്, മരങ്ങളുംപിഴുത് , പറമ്പൊക്കെ വെട്ടിയിളക്കുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍, കാടു പോലെ കിടന്ന സ്ഥലം റിയല്‍ എസ്റ്റേറ്റ്‌ മാഫിയക്ക് പറ്റിയ മാതിരി വൃത്തിയായി നിരപ്പായി കിടന്നു . അതൊക്കെ കണ്ടപ്പോള്‍ എനിക്ക് എന്‍റെ കഥ ഓര്‍മ്മ വന്നു. ഒരു അഞ്ചാറു വര്‍ഷം പഴക്കം ഉള്ള കഥ.

എനിക്ക് മരങ്ങളോട് വല്ലാത്ത പ്രേമം ആണ്.പണ്ടും ഇപ്പോഴും. (അത് ഞാന്‍ ഒരു മരത്തലയന്‍ ആയതു കൊണ്ടാണ് എന്ന് എന്ന് ചില ദുഷ്ടര്‍ പറയും. അവര്‍ പറയട്ടെ . ഞാന്‍ അവരോടു ക്ഷമിച്ചിരിക്കുന്നു). പടര്‍ന്നു പന്തലിച്ച്, വലിയ ശിഖരങ്ങളുമായി , നിറയെ പച്ച ഇലകളുമായി നില്‍ക്കുന്ന മരങ്ങള്‍ കാണുമ്പോള്‍ എന്‍റെ മനസ്സില്‍ വല്ലാത്ത ഒരു കുളിര്‍മ തോന്നും (മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി എന്നൊക്കെ ഒരു പരസ്യത്തില്‍ പറയാറില്ലേ ..അത് പോലെ ).

പണ്ട് ഒരു ബന്ധുവിന്‍റെ വീട്ടില്‍ പോയപ്പോള്‍ അവരുടെ വീടിന്‍റെ മുറ്റത്ത് പടര്‍ന്നു പന്തലിച്ചു നിന്ന ഒരു മാവുണ്ടായിരുന്നു. അതിന്‍റെ താഴത്തെ കൊമ്പിലൊക്കെ കയറി ഞാന്‍ കുറെ തൂങ്ങിക്കളിച്ചിട്ടുണ്ട് . അത് കണ്ടപ്പോള്‍ മുതല്‍ എന്‍റെയും മനസ്സില്‍ ഒരു ആഗ്രഹം വന്നു. വലുതായി വീട് വയ്ക്കുമ്പോള്‍ അത് പോലെ വലിയ മരങ്ങള്‍ ഉള്ള പറമ്പില്‍ തന്നെ വേണം എന്ന്.

മരങ്ങള്‍ നിറഞ്ഞ പറമ്പും, അതിന്‍റെ നടുക്കൊരു കൊച്ചു വീടും. അതായിരുന്നു എന്‍റെ സ്വപ്നം. അവിടെ എന്നും രാവിലെയും വൈകിട്ടും ഒരു കസേര എടുത്തു പുറത്തിട്ടിട്ട് , മരങ്ങളെയും നോക്കി കുറച്ചു നേരം ഇരിക്കാനും, അതിന്‍റെ ചില്ലകളിലൂടെ വരുന്ന കാറ്റ് കൊള്ളാനും, അതില്‍ വന്നിരിക്കുന്ന കിളികളുടെ ശബ്ദം കേള്‍ക്കാനും ഒക്കെ എന്ത് രസമായിരിക്കും. ഇങ്ങനെയൊക്കെ ആണ് ഞാന്‍ സ്വപ്നം കണ്ടത്.

'ഇതൊക്കെ നടക്കുന്ന കാര്യം ആണോടേ ജോസേ? വലിയ വീട് വേണമെന്നോ , പുതിയ കാറ് വേണമെന്നോ ഒക്കെ പറഞ്ഞാല്‍ നടക്കും. നിനക്കിപ്പോള്‍ പടര്‍ന്നു പന്തലിച്ച മരങ്ങള്‍ ഉള്ള പറമ്പ് തന്നെ വേണം എന്ന് വെച്ചാല്‍ ..സംഗതി ലേശം പ്രയാസമാണ് മോനെ ദിനേശാ ..." എന്‍റെ ആഗ്രഹം കേട്ട ഒരു സുഹൃത്ത്‌ പറഞ്ഞു.

ഒരു കണക്കിന് അവന്‍ പറഞ്ഞത് നേരാണ്. ഒള്ള പറമ്പൊക്കെ നിരപ്പാക്കി വീടുകളും മറ്റു വലിയ കെട്ടിടങ്ങളും കെട്ടുന്ന ഇ സമയത്ത്, എന്‍റെ സ്വപ്നത്തിലെ പോലൊരു സ്ഥലം എവിടുന്നു കിട്ടാന്‍?

ജോലി കിട്ടിക്കഴിഞ്ഞ് സാമ്പത്തിക സ്ഥിതി ഒന്ന് പച്ചപിടിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്‍റെ 'വീട്' എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു ശ്രമം തുടങ്ങി. ഞാന്‍ ബോംബെയില്‍ ആയിരുന്നതിനാല്‍ എന്‍റെ ചേട്ടനാണ് എനിക്ക് വേണ്ടി സ്ഥലം നോക്കാന്‍ പോയിരുന്നത്. ഏകദേശം എണ്‍പതോളം സ്ഥലങ്ങള്‍ അങ്ങനെ നോക്കി. എന്തെങ്കിലും പ്രശ്നം കാരണം അതൊന്നും നടന്നില്ല. ഒന്നുകില്‍ പ്രമാണത്തില്‍ എന്തെങ്കിലും കുരുക്ക്, അല്ലെങ്കില്‍ അടുക്കാന്‍ പറ്റാത്ത വില, ഇതൊന്നും പോരെങ്കില്‍ ചുറ്റു വട്ടം പന്തികേടുള്ളിടം. അങ്ങനെ കുറെ സ്ഥലങ്ങള്‍ നോക്കി നോക്കി സമയം പോയിക്കിട്ടി. അവസാനം കുടുംബ വീടിന്‍റെ ഒരു രണ്ടു കിലോമീറ്റര്‍ അടുത്തുള്ള ഒരു സ്ഥലം വില്‍ക്കാന്‍ ഇട്ടിരിക്കുന്നു എന്നറിഞ്ഞു. ഞാനും കൂടെ അവധിക്കു വന്ന ഒരു സമയത്ത്, ചേട്ടന്‍റെ കൂടെ ഞാന്‍ സ്ഥലം കാണാന്‍ പോയി.


റോഡു നിരപ്പില്‍ നിന്നും കുറച്ചു താഴ്ന്നു നിന്നിരുന്ന ആ സ്ഥലം കണ്ടപ്പോഴേ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വലിയ മരങ്ങളും, ചെടികളും ഒക്കെ നിറഞ്ഞ്, ഒരു പച്ചപ്പുതപ്പ് പുതച്ച സ്ഥലം പോലെ എനിക്ക് തോന്നി.

"അമ്പട..ഇത് താന്‍ യേന്‍ സ്വപ്ന ഭൂമി" . ഞാന്‍ മനസ്സില്‍ പറഞ്ഞു.

മറ്റുള്ളവര്‍ക്കാര്‍ക്കും ആ താഴ്ന്ന സ്ഥലത്തിനോട് അധികം താല്പര്യം തോന്നിയില്ല എങ്കിലും എന്‍റെ ഇഷ്ടത്തിനോട് എല്ലാവരും സമ്മതിച്ചു. അധികം താമസിയാതെ ഞാന്‍ എന്‍റെ സ്വപ്നക്കൂടാരത്തിന്റെ പണി തുടങ്ങി. എന്‍റെ ആത്മ സുഹൃത്ത്‌ തന്നെ വീടിന്‍റെ പ്ലാന്‍ വരച്ചു തന്നു. ഉടന്‍ തന്നെ ബാങ്ക് ലോണും ശരിയാക്കി ഞാന്‍ വീടിന്‍റെ പണി തുടങ്ങി.

പറമ്പില്‍ കുറെ ഏറെ മരങ്ങള്‍ ഉണ്ടായിരുന്നു. അയണി , പുളി, മാവ്, തെങ്ങ്, കശുമാവ് അങ്ങനെ കുറെ ഏറെ മരങ്ങള്‍. അതിന്‍റെ ഒക്കെ നടുക്ക് ഒരു വീട് ..അതായിരുന്നു എന്‍റെ ആദ്യ സ്വപ്നം. അതെത്രത്തോളം പ്രായോഗികമായ സ്വപ്നം ആയിരുന്നു എന്ന് പിന്നീടല്ലേ അറിഞ്ഞത്. വീട് പണി തുടങ്ങിയ ദിവസം മുതല്‍ മരങ്ങളില്‍ ഓരോന്നായി കോടാലി വീഴാന്‍ തുടങ്ങി.



"ജോസേ...എങ്ങനെ വന്നാലും, വീട് ഇരിക്കുന്ന സ്ഥലം ശരിയാക്കാന്‍ രണ്ടു അയണിയും ഒരു മാവും വെട്ടേണ്ടി വരും. ബാക്കിയുള്ള അയണിയും, മാവും ഒക്കെ നമുക്ക് നിര്‍ത്താം "

ബോംബെയില്‍ ഇരുന്ന എന്നോട് എന്‍ജിനീയര്‍ ഫോണില്‍ ക്കൂടെ ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി. വേറെയും മരങ്ങള്‍ ഉണ്ടല്ലോ എന്ന ആശ്വാസത്തില്‍.

വീടിന്‍റെ മുന്‍പില്‍ നിന്ന രണ്ടു വലിയ അയണി മരത്തില്‍ നിന്നും എന്നും പഴുത്ത കായ് താഴെ ചിതറി വീഴും. ഒപ്പം കുറെ ഏറെ പഴുത്ത ഇലകളും. അതൊക്കെ വാരിക്കളഞ്ഞു മതിയായപ്പോള്‍ അമ്മച്ചിയും ചേച്ചിയും ഒരേ സ്വരത്തില്‍ പറഞ്ഞു.

"ഈ അയണി മരങ്ങള്‍ ഇങ്ങനെ നിര്‍ത്തിയാല്‍, എന്നും ഇതിന്‍റെ കായും ഇലകളും വാരിക്കളഞ്ഞ് ഞങ്ങളുടെ നടുവ് ഒരു പരുവം ആകും. അത് രണ്ടും വെട്ടിക്കളയുന്നതല്ലെടാ നല്ലത്? "

അവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് സമ്മതിക്കാതിരിക്കാന്‍ തോന്നിയില്ല. . അമ്മച്ചിയും ചേച്ചിയും ചവറു വാരി കഷ്ടപ്പെടുന്നത് കാണാന്‍ എന്തായാലും വയ്യ.

"ഓക്കെ ..ശരി..എന്നാ വെട്ടിക്കോ. ബാക്കി മരങ്ങള്‍ ഒക്കെ നിര്‍ത്തിയേക്കണേ ?"

ഇനിയും മരങ്ങള്‍ ഉണ്ടല്ലോ എന്നോര്‍ത്തു ഞാന്‍ ആശ്വസിച്ചു. പക്ഷെ പിന്നെ വീണ്ടും വീണ്ടും വീട്ടില്‍ നിന്നും ഫോണ്‍ കാളുകള്‍ വന്നു.

"എടാ ..വീടിന്‍റെ വരമ്പത്ത് പുളി നില്‍ക്കുന്നത് ശരിയല്ല. അത് മതിലിനു കേടാ. അത് കൊണ്ട് ആ പുളി വെട്ടണം. വെട്ടട്ടെ?

"ഓ ശരി..വെട്ടിക്കോ.. പിന്നല്ലാതെ എന്താ ചെയ്യാന്‍?"

"എടാ.. മുന്‍ വശത്തെ മാവിന്‍റെ വേരുകള്‍ ശരിക്കും പടര്‍ന്നിട്ടുള്ളതാ. അത് വെട്ടിയില്ലെങ്കില്‍ പിന്നീട് വീടിന്‍റെ അടിത്തറയെ ബാധിക്കും. അത് വെട്ടുന്നതാണ് നല്ലത്"

"ഓ ശരി..വെട്ടിക്കോ.. രണ്ടു മൂന്നു മരങ്ങള്‍ എങ്കിലും നിര്‍ത്തണേ ?"

"എടാ ജോസേ.. ആ കശു മാവില്‍ അപ്പിടി നീറാണ്. അതിന്‍റെ അടുത്ത് ചെന്ന് നിന്നാല്‍ നീറ് കടിക്കും. അതവിടെ നിന്നിട്ട് ഒരു പ്രയോജനവും ഇല്ല. അത് വെട്ടിക്കള യുന്നതല്ലേ ബുദ്ധി? "

"ഓ പിന്നെന്താ ..വെട്ടിക്കോ "

അങ്ങനെ വെട്ടി വെട്ടി മരം എന്ന് പറയാന്‍ ഇപ്പോള്‍ ഒരു തെങ്ങ് മാത്രം ഉണ്ട്. അതും അടുക്കളയുടെ പുറകില്‍. അതില്‍ നിന്നും തേങ്ങ വീണ് ടെറസ്സില്‍ പൊട്ടല്‍ വീഴാന്‍ സാധ്യത ഉള്ളതിനാല്‍ അതിന്‍റെ ആയുസ്സും താമസിയാതെ തീരും.

മരങ്ങളുടെ തണലില്‍ വീട് വേണം എന്ന സ്വപ്നം ഇനിയും ബാക്കി. അഹങ്കാരം പറയുന്നതല്ല കേട്ടോ. എത്രയോ പേര്‍ക്ക് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പോലും പറ്റുന്നില്ല. അങ്ങനെ ഉള്ളപ്പോള്‍ എനിക്ക് ഒരു വീടെങ്കിലും ഉണ്ടാക്കാന്‍ പറ്റിയില്ലേ. അത് തന്നെ ദൈവ കാരുണ്യം .

എന്തായാലും ഞാന്‍ സ്വപ്നം കാണുന്നത് നിര്‍ത്തിയിട്ടില്ല. ഭൂമിയിലെ യാത്ര അവസാനിക്കും മുന്‍പ് വലിയ മരങ്ങള്‍ നിറഞ്ഞ ഒരു കൊച്ചു ഭൂമി ഞാന്‍ വാങ്ങും. കുറെ കാലം കൂടി ജീവിക്കാന്‍ തലവര ഉണ്ടെങ്കില്‍ ആ വയസ്സ് കാലത്ത്
പ്രകൃതിയുമായി അലിഞ്ഞു ചേര്‍ന്ന് ജീവിക്കാനായി, ആ കൊച്ചു ഭൂമിയില്‍ ഒരു കൊച്ചു വീടും കെട്ടി, ഞാന്‍ താമസിക്കും.

"എന്തെ? സ്വപ്നം കൊള്ളില്ലേ? "


ജോസ്
ബാംഗ്ലൂര്‍
19 മാര്‍ച്ച് 2012

(ചില ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ )

3 അഭിപ്രായങ്ങൾ:

Thommy പറഞ്ഞു...

Really enjoyed

Dr Prasanth V MDS പറഞ്ഞു...

Good one.... Your dreams will come true

സുധി അറയ്ക്കൽ പറഞ്ഞു...

ആഹാ.ഒരു വല്ലായ്മ തോന്നി.