2011, മേയ് 7

ദക്ഷിണ ..


ദേവുട്ടി മാമി മരിച്ചു. ആരും ആഗ്രഹിക്കുന്ന തരത്തിലെ സുഖ മരണം.ബാക്കി വയ്ക്കാന്‍ ആഗ്രഹങ്ങള്‍ ഒന്നും ഇല്ല. മക്കള്‍ ഒക്കെ നല്ല നിലയില്‍ . അവരുടെ ഒക്കെ കൊച്ചു മക്കളെയും കണ്ടു. അവരുടെ കല്യാണവും കണ്ടു. സ്നേഹം കൊണ്ട് പൊതിയാനും പരിചരിക്കാനുമായി മക്കളും കൊച്ചു മക്കളും അടക്കം കുറെ ഏറെ ആളുകള്‍ ദേവുട്ടി മാമിയുടെ അരികില്‍ ഉണ്ടായിരുന്നു. അവരെ വേവലാതിപ്പെടുത്താന്‍ പ്രായതിന്റെതായ യാതൊരു അസുഖങ്ങളും ഇല്ലായിരുന്നു. എന്നിട്ടും പെട്ടന്നൊരു നാള്‍, എഴുപതാമത്തെ വയസ്സില്‍ ദേവുട്ടി മാമിയുടെ ഹൃദയം നിന്നു. സ്നേഹം തുളുമ്പിയിരുന്ന ആ കണ്ണുകള്‍ എന്നെന്നേക്കുമായി അടഞ്ഞു. മരണത്തില്‍ എല്ലാവരും സങ്കടപ്പെട്ടു.. ഒപ്പം സന്തോഷവും. സ്നേഹമതിയായ ഒരു അമ്മയെ നഷ്ടപ്പെട്ടതില്‍ ഉള്ള സങ്കടം...ഒപ്പം അല്ലലുകള്‍ ഇല്ലാതെ രോഗങ്ങള്‍ ഒന്നും വന്നു കിടക്കാതെ, ആഗ്രഹങ്ങള്‍ ഒക്കെ സഫലീകരിച്ച ശേഷം ഉള്ള നല്ല സ്വര്‍ഗ വാസം അവര്‍ക്ക് കിട്ടിയതില്‍ ഉള്ള സന്തോഷം.

ശ്മശാനത്തില്‍ ഞാനും പോയി. ദേവുട്ടി മാമിയുടെ ചിത എരിയുമ്പോള്‍ എന്റെ മനസ്സിന്റെ കോണില്‍ ഒരു ചെറിയ ദുഃഖം ഉടലിട്ടു. അതിന്റെ കാരണം പറയാന്‍ കുറച്ചു വര്‍ഷങ്ങള്‍ പുറകോട്ടു പോകണം.

ദേവുട്ടി മാമി ഞങ്ങളുടെ അയല്‍ക്കാരി ആയിരുന്നു. രക്ത ബന്ധം ഇല്ലെങ്കിലും , എന്നെയും കുടുംബത്തെയും വളരെ ഏറെ സ്നേഹിച്ചിരുന്ന ഒരാളായിരുന്നു ദേവുട്ടി മാമി. വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു അവര്‍ . പത്താം ക്ലാസ്സും പ്രി ഡിഗ്രിയും ഒക്കെ ഞാന്‍ നല്ല നിലയില്‍ പാസ്സായപ്പോള്‍ , എന്നെ കെട്ടിപ്പിടിച്ചു ഉമ്മ തന്നതോടൊപ്പം, നൂറിന്റെ നോട്ടും കയ്യില്‍ വച്ച് തന്നിട്ടുണ്ട്. "മാമിയുടെ സന്തോഷത്തിനു ഇപ്പോള്‍ ഇതേ ഉള്ളൂ മോനെ " എന്നും പറഞ്ഞ്. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം മെഡിക്കല്‍ കോളേജില്‍ ആദ്യമായി ജോലിക്ക് കയറിയ ദിവസം മാമി വീട്ടില്‍ വന്നിരുന്നു. കെട്ടിപ്പിടിച്ചു ഉമ്മ തന്ന ശേഷം പതിവ് പോലെ നൂറിന്റെ നോട്ടു കയ്യില്‍ തിരുകി തന്നപ്പോള്‍ ഞാന്‍ കളിയായി പറഞ്ഞു.

"മാമി ..ഇതെന്തോന്ന്... ഇപ്പൊ നൂറു രൂപയ്ക്ക് നാരങ്ങാ മുട്ടായി പോലും കിട്ടൂല്ല ."

അതിനു പകരം ഒരു ചെറു ചിരിയോടെ എനിക്കിട്ടു തലയില്‍ ഒരു കിഴുക്ക്‌ തന്ന ശേഷം മാമി പറഞ്ഞു..

"ചെക്കാ.. വേണേല്‍ വാങ്ങിയാല്‍ മതി കേട്ടോ. നീ എനിക്കിപ്പോഴും പഴയ കുഞ്ഞാപ്പു തന്നെയാ. കുഞ്ഞുങ്ങള്‍ക്ക്‌ നൂറു രൂപ ധാരാളം. "

അന്ന് സ്റ്റെതസ്കോപ് എടുത്തു ദേവുട്ടി മാമിയുടെ നെഞ്ചില്‍ വച്ച് ചുമ്മാ ഒരു പരിശോധന നടത്തിയ ശേഷം ഞാന്‍ പറഞ്ഞു.

"മാമി...ഒന്ന് കൊണ്ട് പേടിക്കേണ്ട..വണ്ടി കണ്ടീഷന്‍ തന്നെ. "

അതിനും മറുപടി ആയി ചിരിച്ചുകൊണ്ട് മാമി പറഞ്ഞു..

"മോനെ ഡാ.. ഞാന്‍ വല്ല അസുഖവും വന്നു നിന്റെ അടുത്ത് വന്നാല്‍, ഓ. പി ടിക്കറ്റിനുള്ള ക്യൂവില്‍ നിര്‍ത്താതെ എന്നെ ചികില്സിക്കുമോ നീയ്.. അതും ഫ്രീ ആയി.."

" പിന്നെന്താ മാമി...അതൊക്കെ പ്രത്യേകം ചോദിക്കണോ " . ഞാന്‍ പറഞ്ഞു.

ദൈവം കനിഞ്ഞു എനിക്ക് അങ്ങനെ ഒരു വാക്ക് പാലിക്കേണ്ട അവസരം വന്നില്ല. മരണം വരെ മാമി ആശുപത്രിയുടെ പടി കാണാതെ തന്നെ ജീവിച്ചു. പിന്നൊരിക്കല്‍ എന്റെ കല്യാണ ആലോചനകള്‍ ഒക്കെ തകൃതിയായി നടന്ന ഒരു സമയത്ത് മാമി വീട്ടില്‍ വന്നു. അന്ന് അവര്‍ എന്നോട് ചോദിച്ചു..

" മോനെ..ഡാ..കുഞ്ഞാപ്പൂ.. നിന്റെ കല്യാണത്തിന് ആദ്യത്തെ ദക്ഷിണ എനിക്ക് തന്നെ തര്വോ നീയ് ? "

"പിന്നെന്താ മാമി.. മാമിക്ക് തന്നിട്ടേ ഞാന്‍ പിന്നെ ആര്‍ക്കെങ്കിലും കൊടുക്കൂ. ". അന്ന് ഞാന്‍ അവര്‍ക്ക് വാക്ക് കൊടുത്തു.. വെള്ളത്തില്‍ വരച്ച ഒരു വര പോലെ. ..പാലിക്കാന്‍ കഴിയാതെ പോയ ഒരു വാക്ക്.

നാളുകള്‍ കഴിഞ്ഞു എന്റെ കല്യാണ ദിനം വന്നു. കല്യാണ ചെക്കന്‍ ആയതിന്റെ സന്തോഷം എനിക്കുണ്ട്. കാര്യങ്ങള്‍ മംഗള കരമായി നടത്താനുള്ള ടെന്‍ഷന്‍ വീട്ടുകാര്‍ക്ക്. വീട്ടില്‍ ആകെ തിക്കും തിരക്കും. ആരു വരുന്നു ആര് പോകുന്നു എന്നൊക്കെ നേരെ ചൊവ്വേ ശ്രദ്ധിക്കാനും എനിക്ക് പറ്റിയില്ല. അന്നത്തെ ദിവസം എങ്ങനേലും ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞു കിട്ടിയിരുന്നെങ്കില്‍ എന്നായിരുന്നു ആഗ്രഹിച്ചത്‌. അത്രയ്ക്ക് തിരക്ക് പിടിച്ച ദിവസം അല്ലെ കല്യാണ ദിവസം.

"രാഹു കാലം കഴിഞ്ഞു എത്ര നേരമായി. മുഹൂര്‍ത്തം തുടങ്ങും മുന്‍പേ മണ്ഡപത്തില്‍ എത്തണം. ദക്ഷിണ കൊടുക്കല്‍ ചടങ്ങുകള്‍ തുടങ്ങാല്‍ എന്തെ താമസം രാഘവാ? "

അച്ഛന്റെ വഴിയിലെ തല മൂത്ത ഒരു അമ്മാവന്‍ അച്ഛനോട് ഒന്ന് ചൂടായി ചോദിച്ചു. പിന്നെ ചട പാടെന്നു ദക്ഷിണ കൊടുക്കുന്ന ചടങ്ങുകള്‍ തുടങ്ങി. മുതിര്‍ന്നവര്‍ വെറ്റിലയും പാക്കും ഒരു രൂപ നാണയവും എടുത്തു കയ്യില്‍ തന്നു. പിന്നെ കൊടുക്കാന്‍ പറഞ്ഞവര്‍ക്കൊക്കെ കൊടുത്തു. ആര്‍ക്കൊക്കെ കൊടുത്തു എന്നൊന്ന് ഓര്‍മ്മയില്ല. തൊഴു കൈയോടെ ദക്ഷിണ നല്‍കിയ ശേഷം ശിരസ്സ്‌ കുനിച്ചു അനുഗ്രഹം വാങ്ങുന്നതിനിടെ ആരുടേയും മുഖം നേരെ നോക്കാനും പറ്റിയില്ല.

വീഡിയോ ക്യാമറക്കാരും, ഫോട്ടോഗ്രാഫര്‍മാരും ഒക്കെ വഴി തടഞ്ഞു നിന്ന ആ ചടങ്ങില്‍ ദേവുട്ടി മാമിക്ക് ദക്ഷിണ കൊടുക്കാന്‍ ഞാനുള്‍പ്പെടെ ആരും ഓര്‍ത്തില്ല. എല്ലാവര്ക്കും തിരക്കല്ലായിരുന്നോ. കല്യാണം കഴിഞ്ഞു ഒരാഴ്ച ശേഷം കല്യാണ ആല്‍ബവും മറ്റും നോക്കി ഇരിക്കവേ , ദക്ഷിണ നല്‍കുന്ന ചടങ്ങില്‍ ദേവുട്ടി മാമി ഇല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വിഡിയോ നോക്കിയപ്പോള്‍ അതിലും ഇല്ല. മനസ്സാകെ സങ്കടം ആയി. പാവത്തിന് ഞാന്‍ വാക്ക് കൊടുത്തതല്ലേ. ആദ്യം ദക്ഷിണ കൊടുക്കാം എന്ന് വാക്ക് കൊടുത്തിട്ട്, ദക്ഷിണ വാങ്ങാന്‍ ഒന്ന് വിളിക്കുക പോലും ചെയ്തില്ല ഞാന്‍. അത് വീട്ടില്‍ പറഞ്ഞപ്പോള്‍ ഒരു അമ്മാവന്‍ പറഞ്ഞു.

" ഓ. അതത്ര കാര്യമാകണ്ട.. കല്യാണ തിരക്കില്‍ ഇതൊക്കെ സംഭവിക്കും. "

ആ പറഞ്ഞ അമ്മാവന് ഒരു പക്ഷെ ഞാന്‍ ദക്ഷിണ കൊടുത്തില്ലയിരുന്നെങ്കില്‍ കാണാമായിരുന്നു പുകില്. ഒരു ബന്ധുവിന്റെ കല്യാണത്തിന് പുതിയ മുണ്ട് എടുത്തു കൊടുത്തില്ല എന്നും പറഞ്ഞു അമ്മാവന്‍ വഴക്കുണ്ടാക്കിയത്‌ എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്.

പിറ്റേന്ന് തന്നെ ഞാനും ഭാര്യ നിമിഷയും കൂടി ദേവുട്ടി മാമിയുടെ വീട്ടില്‍ പോയി. വിരുന്നിനു പോയതല്ല..അല്ലാതെ തന്നെ മാമിയെ കാണാന്‍. എല്ലാ തവണത്തെയും പോലെ സന്തോഷത്തോടെ ദേവുട്ടി മാമി ഞങ്ങളെ സ്വീകരിച്ചു. വലതു കാല്‍ വെച്ച് നിമിഷയോടു വീട്ടില്‍ കയറാന്‍ പറഞ്ഞു. പിന്നെ കുറെ നേരം ഞങ്ങളോട് കുശലം പറഞ്ഞു. ആ ചിരിയുടെ പുറകില്‍ ഒരു പരിഭവത്തിന്റെ ലാഞ്ചന ഉണ്ടായിരുന്നോ എന്ന് ഞാന്‍ ശങ്കിച്ചു. മാമി ഞങ്ങളോട് അവിടുള്ള ആഹാരത്തിന്റെ പങ്കു കഴിക്കാന്‍ പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ഞങ്ങള്‍ സമ്മതിച്ചു.

ഊണ് കഴിഞ്ഞു കൈ കഴുകാന്‍ പോയപ്പോള്‍ മാമി ഒരു തോര്‍ത്തു എടുത്തുകൊണ്ടു വന്നു. ഞാന്‍ പക്ഷെ അത് വാങ്ങാതെ , മാമിയുടെ കുഞ്ഞാപ്പു ആയി മാറി, ആ പഴയ സ്വാതന്ത്ര്യം എടുത്ത്, മാമിയുടെ സാരിത്തലപ്പില്‍ കൈ തുടച്ചു. ഉടനെ തന്നെ സ്നേഹപൂര്‍വ്വം ഒരു തല്ലും കിട്ടി.

" കല്യാണം കഴിച്ച ചെക്കനാ. ഇപ്പോഴും കുട്ടിയാണെന്നാ ഭാവം. വല്ല വീട്ടിലും ചെന്ന് ഇങ്ങനെ ചെയ്യല്ലേ മോനെ "

അന്നേരം ഞാന്‍ മാമിയെ കെട്ടിപ്പിടിച്ചു പറഞ്ഞു..

" മാമി ..കല്യാണ ദിവസം ദക്ഷിണ തരാന്‍ ഞാന്‍ മറന്നു പോയി. അന്നത്തെ തിരക്കില്‍ പറ്റിയതാണേ. മാമി വേറൊന്നും വിചാരിക്കരുത്. എന്നോട് ദേഷ്യവും തോന്നരുത് "

അവരുടെ കണ്ണുകള്‍ നനയുന്നത് ഞാന്‍ കണ്ടു. ആ കണ്ണീരിലും കെട്ടിപ്പിടുത്തത്തിലും പരിഭവങ്ങള്‍ ഇല്ലാതായി..തെറ്റുകള്‍ പൊറുക്കപ്പെട്ടു. കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം ഞാന്‍ മാമിയോടു പറഞ്ഞു.

" മാമി.. ഞാന്‍ ചെയ്തത് ഒരു തെറ്റായി തന്നെ എനിക്ക് തോന്നുന്നു. പക്ഷെ.. ദക്ഷിണ വാങ്ങുക എന്നത് മാമിയുടെ അവകാശം അല്ലായിരുന്നോ ? ചോദിച്ചു വാങ്ങിക്കൂടായിരുന്നോ ..ഞാന്‍ മറന്നെങ്കിലും ? "

മറുപടിയായി മാമി ഒന്നും പറഞ്ഞില്ല. വീണ്ടും ഒരു ആലിംഗനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതങ്ങനെ ആണ്..സ്നേഹ ബന്ധങ്ങള്‍ക്ക് മുന്‍പില്‍ ചിലപ്പോള്‍ വാക്കുകള്‍ക്കു പ്രസക്തി ഇല്ലാതാവും. ഒരു സ്പര്‍ശം..ഒരു നോട്ടം ഇതൊക്കെ മതിയാവും മനസ്സുകള്‍ക്ക് പറയാന്‍ ഉള്ളത് പറയാന്‍.

ചിത കത്തി എരിഞ്ഞ ശേഷം ഞാന്‍ വീട്ടിലേക്കു മടങ്ങവേ , ആ ചിതയിലേക്ക് നോക്കി ഞാന്‍ ഒന്ന് കൂടി പറഞ്ഞു...

"ദേവുട്ടി മാമി.. പൊറുക്കണം."

വാല്‍ കഷ്ണം : അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ എന്റെ ഒരു ബന്ധു എന്നോട് പറഞ്ഞു.. " ജോസുട്ടാ ..മോനെ ..നിന്റെ കല്യാണത്തിന് നിന്റെ കയ്യില്‍ നിന്നും ഒരു ദക്ഷിണ വാങ്ങണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അത് എന്റെ അവകാശം ആയിരുന്നു. ഞാന്‍ വന്നാപ്പോള്‍ താമസിച്ചു പോയി. ". ആ പറഞ്ഞ വാക്കുകള്‍ എന്റെ മനസ്സില്‍ കിടന്നു. അതില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ കഥ.


ജോസ്
ബാംഗ്ലൂര്‍
8 മെയ്‌ . ൨൦൧൧

Protected by Copyscape Web Copyright Protection Software

17 അഭിപ്രായങ്ങൾ:

രമേശ്‌ അരൂര്‍ പറഞ്ഞു...

നല്ല കഥ ഇഷ്ടമായി

Satheesh Haripad പറഞ്ഞു...

ചെറിയൊരു സംഭവം ആണെങ്കിലും അത് മനസ്സിൽ തട്ടും വിധം എഴുതി ഫലിപ്പിച്ചിരിക്കുന്നു.നിർമ്മലമായ സ്നേഹത്തിന്റെ ഇഴയടുപ്പം മനോഹരമായി വരച്ചിട്ടിരിക്കുന്നു.
satheeshharipad.blogspot.com

ഷമീര്‍ തളിക്കുളം പറഞ്ഞു...

നന്നായി പറഞ്ഞു. ഇഷ്ടായി...

Lipi Ranju പറഞ്ഞു...

ശരിക്കും മനസ്സില്‍ തട്ടിയ കഥ. പലപ്പോഴും രക്ത ബന്ധത്തേക്കാള്‍ കൂടുതല്‍ നമ്മോടു ആത്മാര്‍ഥതയും
അടുപ്പവും ഉള്ള സ്നേഹബന്ധങ്ങള്‍ കാണും.
ഈ ദേവുട്ടി മാമിയെപ്പോലെ എനിക്കുമുണ്ടായിരുന്നു ഒരു അയല്‍ബന്ധം അതുകൊണ്ടാവും
വായിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു (അവരും ഇപ്പോള്‍ ഈ ഭൂമിയില്‍ ഇല്ല.)

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

valare nannayi paranju..... aashamsakal......

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

ഇഷ്ടമായി!

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ജോസേട്ടാ, ബ്ലഡ് ഈസ് തിക്കർ ദാൻ വാട്ടർ എന്ന് പറയാറുണ്ടെങ്കിലും നമ്മുടെയൊക്കെ ജീവിതത്തിൽ പല സന്ദർഭങ്ങളിലായി തിരിച്ച് ആണ് ശരി എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ വരും. അത്തരത്തിൽ ഒരു കഥ. കഥ ഇഷ്ടപ്പെട്ടു. ആദ്യമായാണ് ഈ വഴി വരുന്നത്, വന്നത് വെറുതേയായില്ല, ഇനിയും വരാം. കാണാം.

jiya | ജിയാസു. പറഞ്ഞു...

വായിച്ചു.. മനസിൽ തട്ടിയ തിം..

ബിന്ദു കെ പി പറഞ്ഞു...

കഥ നന്നായീട്ടോ..ഇനിയും വരാം.

Thommy പറഞ്ഞു...

Touching story, well said

ബെഞ്ചാലി പറഞ്ഞു...

രക്തബന്ധങ്ങളുടെ കഥ ഇഷ്ടായി.

anupama പറഞ്ഞു...

പ്രിയപ്പെട്ട സുഹൃത്തേ,

ഹൃദയസ്പര്‍ശിയായി പറഞ്ഞ വരികള്‍..........! സ്നേഹം നിറഞ്ഞ മാമിയെ ഒരിക്കലും മറക്കാന്‍ പറ്റില്ല. അവരുടെ ആത്മാര്‍ഥമായ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും.

ആശംസകള്‍ !

സസ്നേഹം,

അനു

anupama പറഞ്ഞു...

പ്രിയപ്പെട്ട സുഹൃത്തേ,

ഹൃദയസ്പര്‍ശിയായി പറഞ്ഞ വരികള്‍..........! സ്നേഹം നിറഞ്ഞ മാമിയെ ഒരിക്കലും മറക്കാന്‍ പറ്റില്ല. അവരുടെ ആത്മാര്‍ഥമായ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും.

ആശംസകള്‍ !

സസ്നേഹം,

അനു

anupama പറഞ്ഞു...

പ്രിയപ്പെട്ട സുഹൃത്തേ,

ഹൃദയസ്പര്‍ശിയായി പറഞ്ഞ വരികള്‍..........! സ്നേഹം നിറഞ്ഞ മാമിയെ ഒരിക്കലും മറക്കാന്‍ പറ്റില്ല. അവരുടെ ആത്മാര്‍ഥമായ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും.

ആശംസകള്‍ !

സസ്നേഹം,

അനു

anupama പറഞ്ഞു...

പ്രിയപ്പെട്ട സുഹൃത്തേ,

ഹൃദയസ്പര്‍ശിയായി പറഞ്ഞ വരികള്‍..........! സ്നേഹം നിറഞ്ഞ മാമിയെ ഒരിക്കലും മറക്കാന്‍ പറ്റില്ല. അവരുടെ ആത്മാര്‍ഥമായ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും.

ആശംസകള്‍ !

സസ്നേഹം,

അനു

anupama പറഞ്ഞു...

പ്രിയപ്പെട്ട സുഹൃത്തേ,

ഹൃദയസ്പര്‍ശിയായി പറഞ്ഞ വരികള്‍..........! സ്നേഹം നിറഞ്ഞ മാമിയെ ഒരിക്കലും മറക്കാന്‍ പറ്റില്ല. അവരുടെ ആത്മാര്‍ഥമായ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും.

ആശംസകള്‍ !

സസ്നേഹം,

അനു

anupama പറഞ്ഞു...

പ്രിയപ്പെട്ട സുഹൃത്തേ,

ഹൃദയസ്പര്‍ശിയായി പറഞ്ഞ വരികള്‍..........! സ്നേഹം നിറഞ്ഞ മാമിയെ ഒരിക്കലും മറക്കാന്‍ പറ്റില്ല. അവരുടെ ആത്മാര്‍ഥമായ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും.

ആശംസകള്‍ !

സസ്നേഹം,

അനു