2011, മാർച്ച് 4

വണ്‍് ടൂ ഈസ്‌ ടൂ .. ടൂ ടൂസ് ആര്‍ ഫോര്‍ ...


ഇടവപ്പാതി സമയത്ത് ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ കറുത്തിരുണ്ട മാനം പേമാരി വര്‍ഷിക്കുമ്പോള്‍ എന്തെല്ലാം ഓര്‍മ്മകള്‍ ആണ് മനസ്സില്‍ തെളിയുന്നത്. അതില്‍ പ്രധാനം, സ്കൂള്‍ തുറക്കുന്ന ദിവസത്തെക്കുറിച്ചുള്ള ഓര്‍മ്മ തന്നെ.

സ്കൂള്‍ തുറക്കുന്നതിനു രണ്ടു മൂന്നാഴ്ച മുന്നേ തന്നെ പാഠ പുസ്തകങ്ങള്‍ കയ്യില്‍ എത്തും. കുഞ്ഞമ്മയുടെ മകന്റെ പഴയ പാഠ പുസ്തകങ്ങള്‍ ഒക്കെ വാങ്ങി, അമ്മച്ചി അതിനെ പുതിയ പോലെ ആക്കിത്തരും. ..ബ്രൌണ്‍ പേപ്പറില്‍ പൊതിഞ്ഞ്...നെയിം സ്ലിപ്പുകള്‍ ഒട്ടിച്ച്. (പുതിയ പുസ്തകം വാങ്ങിത്തന്നില്ല എന്നും പറഞ്ഞ് ഞാന്‍ പരാതിപ്പെട്ടിട്ടൊന്നും ഇല്ല. )

പിന്നെ എഴുതാന്‍ കൊള്ളാവുന്ന പേപ്പറുകള്‍ ഒക്കെ ശേഖരിച്ച്, അവയൊക്കെ കുത്തിത്തയ്ച്ചു ഒരു നോട്ടു ബുക്കുണ്ടാക്കും. ..'പലവക നോട്ട്' ' എന്നാണ് അതിനു പേര്. (ബേക്കറിയില്‍ നിന്നും റൊട്ടി പൊതിഞ്ഞ് കൊണ്ട് വരുന്ന വെള്ള പേപ്പറും കാണും അതില്‍. )

ജൂണ്‍ ഒന്നാം തിയതി, സ്കൂള്‍ തുറക്കുമ്പോള്‍ സന്തോഷവും സങ്കടവും ഒരുമിച്ചു തോന്നും. കളിച്ചു നടക്കാനുള്ള അവധിക്കാലം തീര്‍ന്നല്ലോ എന്നോര്‍ത്തുള്ള സങ്കടം ഒരു വശത്ത്..കൂട്ടുകാരെ ഒക്കെ കുറെ നാളിനു ശേഷം കാണാമല്ലോ എന്നുള്ള സന്തോഷം മറു വശത്ത്.. രണ്ടു മാസത്തെ അവധിക്കാലത്ത്‌ ചെയ്ത വീര പരാക്രമങ്ങള്‍ പറഞ്ഞ് പുളുവടിക്കുന്നത് ഒരു രസം തന്നെ ആണേ .

പണ്ടൊക്കെ ജൂണ്‍ ഒന്നിന് മഴ പെയ്യും എന്നത് അച്ചട്ടായിരുന്നു . ഇപ്പോള്‍ പ്രകൃതിയും സമയമൊക്കെ മറന്ന മട്ടാണ്. അതിനു തോന്നുമ്പോഴൊക്കെ അല്ലെ ഇപ്പോള്‍ മഴ പൊഴിക്കുന്നത്. (പ്രകൃതിയോടു നമ്മള്‍ മെക്കിട്ടു കേറാന്‍ ചെന്നാല്‍ പ്രകൃതി പിന്നെ അങ്ങനെയൊക്കെ അല്ലെ പ്രതികരിക്കൂ ) .

മിക്കവാറും ഒന്നാം തിയതി ക്ലാസ് ഉച്ചവരെയേ കാണൂ. കൂട്ടുകാരെ ഒക്കെ കണ്ടു ആഹ്ലാദം പങ്കിട്ട ശേഷം ഇടവപ്പാതി നന്നായി ആസ്വദിച്ചാവും വീട്ടില്‍ എത്തുക. പിറ്റേന്ന് മുതല്‍, മണക്കുന്ന പുതിയ നോട്ടു ബുക്കുകളും, പുത്തനാക്കിയ പാഠ പുസ്തകങ്ങളുമായി, പുതിയ സ്കൂള്‍ വര്‍ഷം തുടങ്ങും.

നാലാം ക്ലാസില്‍ നിന്നും ജയിച്ചപ്പോള്‍ എന്നെ എവിടെ ചേര്‍ക്കണം എന്ന ചര്‍ച്ച വീട്ടില്‍ നടന്നു. എല്ലാവര്‍ക്കും എന്നെ ഇംഗ്ലിഷ് മീഡിയത്തില്‍ വിട്ടു പഠിപ്പിക്കണം എന്നുണ്ടായിരുന്നു. അഥവാ പെട്ടന്നുള്ള മീഡിയം മാറ്റം കാരണം പഠിക്കാന്‍ പ്രയാസം വന്നാല്‍ ഒരു വര്‍ഷം കൊണ്ട് അതൊക്കെ മാറിക്കോളും എന്ന് എല്ലാവരും പറഞ്ഞു. ഒരു വര്‍ഷം തോറ്റു പോയാലും കുഴപ്പമില്ല എന്നും പറഞ്ഞു.

"എന്റമ്മേ..തോല്‍ക്കാനോ ..നാലാം ക്ലാസ് വരെ നന്നായി പഠിച്ച ഞാന്‍ ..., ടീച്ചരുമാരുടെ കണ്ണിലുണ്ണിയായി പഠിച്ച ഞാന്‍... തോറ്റു കൊണ്ട് ഇംഗ്ലിഷ് മീഡിയം പഠിക്കാനോ..കൂടെ പഠിച്ച ജയനും, മിനിയും, മഞ്ജുവും ഒക്കെ ആറാം ക്ലാസില്‍ ജയിച്ചു കയറുമ്പോള്‍, ഞാന്‍ അഞ്ചില്‍ തന്നെ മൊട്ടയിട്ടിരിക്കാനോ ? എന്റെ മനസ്സില്‍ ഈ ചോദ്യങ്ങള്‍ സദാ മുഴങ്ങിക്കൊണ്ടിരുന്നു.

എന്തായാലും ഒരു കൈ നോക്കാം എന്ന് കരുതി. അങ്ങനെ തിരുവനതപുരത്തെ SMV സ്കൂളില്‍ അപ്പച്ചന്‍ എന്നെ കൊണ്ടുചെര്‍ത്തു. (ശ്രീ മൂല വിലാസം സ്കൂള്‍ എന്നാണ് പേര് എങ്കിലും, ചിലര്‍ സ്കൂളിന് ' സ്ഥിരം മുടക്ക് വിദ്യാലയം' എന്നൊരു വട്ടപ്പേരും ഇട്ടിരുന്നു. സ്ഥിരമായി സമരങ്ങള്‍ നടക്കുന്നത് കാരണം )

ക്ലാസ് തുടങ്ങിയപ്പോഴേ ഇടിവെട്ട് സംഭവങ്ങള്‍ അല്ലേ ഉണ്ടായത്. എന്റെ "സെന്‍സിറ്റീവ്" ആയ കൊച്ചു മനസ്സിന് താങ്ങാന്‍ പറ്റാത്ത സംഭവങ്ങള്‍ ..

കണക്കു പഠിപ്പിക്കുന്ന തങ്കപ്പനാശാരി സാര്‍ വന്നിട്ട് എല്ലാവരോടും ഒന്ന് മുതല്‍ പത്തു വരെയുള്ള ഗുണനപ്പട്ടിക കാണാതെ പറയാന്‍ പറഞ്ഞു. എന്നോടു ഇംഗ്ലിഷില്‍ രണ്ടിന്റെ പട്ടിക പറയാന്‍ പറഞ്ഞു. ഞാന്‍ അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നു. മലയാളം മീഡിയത്തില്‍ നിന്നും വന്നതാണെന്ന് ആദ്യം പറഞ്ഞു നോക്കി. അടുത്ത ദിവസം പഠിച്ചിട്ടു വരണം എന്നും പറഞ്ഞു സാര്‍ അന്നത്തേക്ക്‌ വിട്ടു. രണ്ടു മൂന്നു പിള്ളേര്‍ എണീറ്റ്‌ നിന്ന് അടിപൊളി ഇംഗ്ലിഷില്‍ രണ്ടിന്റെയും മൂന്നിന്റെയും ഒക്കെ പട്ടികകള്‍ പറഞ്ഞു.

" വണ്‍് ടൂ ഈസ്‌ ടൂ ...ടൂ ടൂസ് ആര്‍ ഫോര്‍.. ത്രീ ടൂസ് ആര്‍ സിക്സ് ..."

നാലാം ക്ലാസ് വരെ എല്ലാ ഗുണന പട്ടികകളും അരച്ച് കലക്കി കുടിച്ചു വച്ചിരുന്ന ഞാന്‍ , ഒരു സുപ്രഭാതത്തില്‍ "വണ്‍് ടൂ ഈസ്‌ ടൂ ..ടൂ ടൂസ് ആര്‍ ഫോര്‍ " എന്നൊക്കെ കേട്ടപ്പോള്‍ ഒന്ന് പകച്ചു. ഏതോ അന്യ ഗ്രഹ ജീവികളുടെ ഭാഷ കേള്‍കുന്ന പോലെയൊക്കെ തോന്നി.

അന്ന് രാത്രി കുറച്ചൊക്കെ പഠിക്കാന്‍ നോക്കി. പറ്റിയില്ല . ഒറ്റ രാത്രി കൊണ്ട് എങ്ങനെ പഠിക്കാനാ? പിറ്റേന്ന് സാര്‍ ചോദിച്ചപ്പോള്‍ രണ്ടിന്റെ പട്ടിക പറയാന്‍ പറ്റിയില്ല . മറ്റു കുട്ടികളുടെ മുന്‍പില്‍ എണീപ്പിച്ചു നിര്‍ത്തി, കയ്യില്‍ പടേ പടേന്ന് ചൂരല്‍ വടി കൊണ്ട് അടി തന്നു. അടിയുടെ വേദനയെക്കാള്‍ ഏറെ നൊന്തത്‌...ഞാന്‍ ഒരു " പഠിക്കാത്ത കിഴങ്ങനായി " എല്ലാവരുടെയും മുന്‍പില്‍ നില്‍ക്കേണ്ടി വന്നത് ഓര്‍ത്തപ്പോഴാണ്.

അത് കഴിഞ്ഞപ്പോഴുണ്ടെടാ സോഷ്യല്‍ പഠിപ്പിക്കുന്ന നെല്‍സണ്‍ സാര്‍ വരുന്നു . അദ്ദേഹത്തിന് ഒരു കൈ ഇല്ല . അതിനു പകരം തടി കൊണ്ടുള്ള ഒരു കയ്യാണ് വച്ചിരുന്നത്. അത് കൊണ്ട് പിള്ളേര്‍ 'സ്നേഹപൂര്‍വ്വം' അദ്ദേഹത്തിന് ഒരു പേരിട്ടു .. 'തടിക്കയ്യന്‍ മായാവി '. മായാവി സാര്‍ ക്ലാസില്‍ വന്ന ശേഷം ആദ്യമേ തന്നെ ഒരു വിളംബരം നടത്തി.

'മലയാളം മീഡിയത്തില്‍ നിന്നും മറ്റും ആരെങ്കിലും ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഞാന്‍ എപ്പോഴും എപ്പോഴും മലയാളത്തില്‍ അര്‍ഥം ഒന്നും പറയാന്‍ പോന്നില്ല. ശ്രദ്ധിച്ചിരുന്നാല്‍ ഒക്കെ മനസ്സിലാവും. ഇതും പറഞ്ഞു ഇംഗ്ലിഷില്‍ പുള്ളി കുറെ കാച്ചു കാച്ചി. അശോക ചക്രവര്‍ത്തിയെക്കുറിച്ചാണ് അന്ന് പുള്ളി ഘോര ഘോരം പ്രസംഗിച്ചത്. എനിക്കൊന്നും പിടി കിട്ടിയില്ല. ഒക്കെ കേട്ട് അമ്പരന്നിരിന്നു. അല്ലാതെന്തു ചെയ്യാന്‍?

'ഇത്തവണ തോറ്റത് തന്നെ. മഞ്ജുവും ജയനും, മിനിയും ഒക്കെ ആറിലോട്ടു ജയിക്കും.. ഞാന്‍ അഞ്ചില്‍ തന്നെ ..തോറ്റു തൊപ്പിയിട്ട് .' അതോര്‍ത്തപ്പോഴേ ഞാന്‍ ഞെട്ടി. ഉടനെ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് മനസ്സ് പറഞ്ഞു.

അന്ന് വൈകിട്ട് ഞാന്‍ വീട്ടില്‍ ചെന്ന് പ്രക്ഷോഭം ഉണ്ടാക്കി. (പ്രതിഷേധ സമര മാര്‍ഗ്ഗം ഫലവത്താണെന്ന് അറിയാതെ തന്നെ ഞാന്‍ മനസ്സിലാക്കിയത് ആ സമയത്തായിരിക്കണം )

'എനിക്ക് ഇംഗ്ലിഷ് മീഡിയം വേണ്ട. എനിക്കിനി അടി കൊള്ളാന്‍ വയ്യ. എനിക്ക് തോല്‍ക്കണ്ട .എന്നെ മലയാളം മീഡിയത്തില്‍ ആക്കിയാല്‍ മതി. '

എന്റെ കരച്ചില്‍ കണ്ട് മനസ്സലിഞ്ഞ്‌, അമ്മച്ചി അപ്പച്ചനോട് ശുപാര്‍ശ ചെയ്തു. പിറ്റേന്ന് തന്നെ അപ്പച്ചന്‍ സ്കൂളില്‍ വന്ന് എന്നെ മലയാളം മീഡിയത്തില്‍ ആക്കി. ആവൂ ..എന്തൊരാശ്വാസം ആയിരുന്നു. അടുത്ത ദിവസം തങ്കപ്പനാശാരി സാര്‍ വന്ന് ഗുണനപ്പട്ടിക ചോദിച്ചപ്പോള്‍ ഞാന്‍ മണി മണിയായി ഉത്തരം പറഞ്ഞില്ലേ.

"ഒരൊമ്പത് ഒന്‍പതു ..ഒന്‍പതു രണ്ടു പതിനെട്ട്.. "

വര്‍ഷങ്ങള്‍ കഴിഞ്ഞു. കോളേജില്‍ ആയപ്പോള്‍ വീണ്ടും ഇംഗ്ലിഷ് മീഡിയം കണ്ണുരുട്ടിക്കൊണ്ട് മുന്‍പില്‍ വന്നു. അത്തവണ പിന്നെ വേറെ ഉപായം ഇല്ലായിരുന്നു. ഇംഗ്ലിഷ് മീഡിയം തന്നെ പഠിച്ചു...വലിയ പ്രയാസം ഒന്നും കൂടാതെ. പഠിച്ച് ജോലി കിട്ടിയതോ..സായിപ്പിന്റെ കമ്പനിയില്‍ .

പുറകോട്ടു ആലോചിച്ചു നോക്കിയപ്പോള്‍ ഒരു രസം തോന്നി. അന്ന് മലയാളം മീഡിയത്തിലേക്ക് മാറിയത് കൊണ്ട് ഒന്നും നഷ്ടപ്പെട്ടിട്ടൊന്നുമില്ല ..അതൊരു പേടിച്ചോട്ടം ആയിരുന്നു എങ്കിലും.

കഴിഞ്ഞ ആഴ്ച ഒരു കൂട്ടുകാരന്റെ മകന്‍ ഗുണന പട്ടിക പഠിക്കുന്നത് കേട്ടു.. ' വണ്‍് ടൂ ഈസ്‌ ടൂ ..ടൂ ടൂസ് ആര്‍ ഫോര്‍ ...'

അറിയാതെ ഞാന്‍ ഇതൊക്കെ ഓര്‍ത്തു പോയി ...തങ്കപ്പന്‍ ആശാരി സാറിനെയും, അന്ന് കിട്ടിയ അടിയുടെ ചൂടും, അതുണ്ടാക്കിയ നൊമ്പരവും , മായാവി സാറിന്റെ വിളംബരവും ഒക്കെ..

ജോസ്
ബാംഗ്ലൂര്‍
4- മാര്‍ച്ച്‌ - 2011