2010, ജനുവരി 31

ഓര്‍മ്മകള്‍ മായും മുന്‍പേ...


ഏറെ നാളുകളായി വിചാരിക്കുന്നു ഒരു ബ്ലോഗ്‌ എഴുതണം എന്ന്. എങ്ങനെ തുടങ്ങാന്‍......? എവിടെ നിന്ന് തുടങ്ങാന്‍.....? എന്തെഴുതാന്‍..? ഇതൊക്കെ ആലോചിച്ച് കുറേ സമയം പോയിക്കിട്ടി.

കടലോരത്ത് ചിപ്പികള്‍ ചിതറി കിടക്കുന്നപോലെ ഓര്‍മ്മകള്‍ മനസ്സിലെവിടെയെക്കെയോ ചിതറിക്കിടക്കുകയാണ്. ചിലതൊക്കെ ഇപ്പോഴും വ്യക്തമായിത്തന്നെ മനസ്സിന്റെ മുന്‍പിലുണ്ട്....ഇപ്പോള്‍ സംഭവിച്ചതെന്ന് തോന്നിപ്പിക്കും പോലെ..

എന്നാല്‍ ചിലതൊക്കെ കാലത്തിന്റെ മാറാലയില്‍ പെട്ടിരിക്കുന്നു. ..വര്‍ഷങ്ങളോളം പൊടിയടിച്ചു കിടന്ന ഒരു കണ്ണാടിയിലേക്ക് നോക്കുമ്പോഴുള്ള അവസ്ഥയാണ്‌ ..അതൊക്കെ ഓര്‍ക്കാന്‍ ശ്രമിച്ചാല്‍.. മുഖങ്ങള്‍ തെളിയുന്നില്ല ... ദിവസങ്ങള്‍ ഓര്‍ക്കാനാവുന്നില്ല.. .. സ്ഥലവും കാലവും ഒക്കെ അവ്യക്തതയുടെ മൂടുപടമണിഞ്ഞു പിടിതരാതെ വഴി മാറുന്നു.

ഇത് കാലം കളിക്കുന്ന നാടകമോ ..? അതോ ഓര്‍മകളെ കാര്‍ന്നു തിന്നാന്‍ എത്തുന്ന അല്ഷിമിര്‍ രോഗത്തിന്റെ കാല്‍ വെയ്പോ?

ഈ ഓര്‍മ്മകള്‍..കുറേ ഏറെ നല്ലതും.. കുറച്ചൊക്കെ വേദനിപ്പിക്കുന്നതും.. പുറത്തു പറയാന്‍ പറ്റുന്നതും... പറ്റാത്തതും. .ഒക്കെ എന്റെ കൂട്ടുകാരാണ്. ..മനസാക്ഷി സൂക്ഷിപ്പുകാരാണ്...എന്റെ ഹൃദയമിടിപ്പിന്റെ പിന്നില്‍ ഈ ഓര്‍മകളുടെ നിശ്വാസവും ഗദ്ഗദങ്ങളും ഉണ്ട്....

അതില്‍ നിന്നും ..പറയുന്നത് കൊണ്ട് മറ്റാര്‍ക്കും ദുഃഖം വരുത്താത്ത കുറേ ഓര്‍മകളെ ....ഞാന്‍ ഇവിടെ കുറിച്ചിടട്ടെ.. മറവി അവയെ കാര്‍ന്നു തിന്നും മുന്‍പേ..
ഒരു പക്ഷെ എന്റെ ജീവിതത്തിന്റെ സായാഹ്നത്തില്‍ എനിക്ക് കൂട്ട് ഇവ മാത്രമേ കാണു എന്നാരു കണ്ടു..?

ജോസ്
ബാംഗ്ലൂര്‍

അഭിപ്രായങ്ങളൊന്നുമില്ല: