
രണ്ടു ദിവസം മുന്‍പ് എന്റെ ബന്ധുവായ ഒരു ചേച്ചി എനിക്ക് ഫോണ്‍ ചെയ്തിരുന്നു . ലീനയുടെ സുഖ വിവരങ്ങള്‍ അറിയാനും അതോടൊപ്പം എന്നോട് ഒരു പ്രത്യേക കാര്യം ചോദിക്കാനും...
അതായത്...ആ ചേച്ചി, മകളുടെ പഠിത്തത്തിനായി എന്നില്‍ നിന്നും കുറച്ചു പൈസ വാങ്ങിയിരുന്നു ..അത് ഉടനെ വേണോ ...ആശുപത്രി ആവശ്യങ്ങള്‍ക്കായി വല്ലതും ഉടനെ വേണ്ടി വരുമോ എന്നൊക്കെ ചോദിയ്ക്കാന്‍ ...അതിനാണ് ചേച്ചി വിളിച്ചത്..
ഞാന്‍ ചേച്ചിയോട് പറഞ്ഞു..
" എന്തായാലും എനിക്ക് തരാനുള്ള ആ പൈസ ഉടനെ വാങ്ങിയിട്ട് എനിക്ക് ഒന്നും ചെയ്യാനില്ല. ആവശ്യം വന്നാല്‍ത്തന്നെ , വേണ്ട തുക അതിലും എത്രയോ കൂടുതലാണ്. പിന്നെ ദൈവം സഹായിച്ചു.. ഞങ്ങള്‍ക്ക് വേണ്ട പൈസ എവിടുന്നെങ്കിലുമൊക്കെ വരുന്നുണ്ട്.. മോളുടെ പഠിത്തം കഴിഞ്ഞ ശേഷമേ എനിക്ക് ആ തുക മടക്കി തരുന്നതിനെക്കുറിച്ച് ആലോചിക്കാവൂ. അതിനു മുന്‍പേ അങ്ങനെ വല്ല തോന്നലും ഉണ്ടായാല്‍, പള്ളിയില്‍ പോയി എനിക്കും ലീനയ്ക്കും വേണ്ടി പ്രാര്‍ഥിച്ചാല്‍ മതി "
ഇത് കേട്ടാല്‍ നിങ്ങള്‍ക്ക് തോന്നും, ആരെയോ സഹായിച്ച " മഹാനമസ്കതയെ " ഞാന്‍ തന്നെ ഉയര്‍ത്തിക്കാട്ടി , വീമ്പു പറയുകയാണ് എന്ന്.. തീര്‍ച്ചയായും അല്ല. പണ്ട് ഇതേ അവസ്ഥയില്‍ ഞാന്‍ നിന്നപ്പോള്‍, എനിക്ക് കിട്ടിയ സഹായം ഓര്‍ത്തത് കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.... അതൊരിക്കലും മറക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്..
B.Sc. Geology ക്ക് പഠിക്കുന്ന സമയം. മൂന്നാം വര്‍ഷം പഠിക്കുമ്പോളാണ് അപ്പച്ചന്റെ മരണം. ആ സമയം ആയപ്പോഴേക്കും വീട്ടിലെ സാമ്പത്തിക സ്ഥിതി ആകെ മോശം ആയി തുടങ്ങിയിരുന്നു. മൂത്ത ചേട്ടന്റെ ജോലിയും, രണ്ടാമത്തെ ചേട്ടന്‍ വീട്ടില്‍ ഇരുന്ന് വാച്ച് നന്നാക്കി ഉണ്ടാക്കുന്ന വരുമാനവും ആയിരുന്നു ഞങ്ങളുടെ ആശ്വാസം. പഠിത്തത്തില്‍ ഞാന്‍ മോശമല്ലാതിരുന്നതിനാല്‍ , എന്നെക്കുറിച്ച് എല്ലാവര്ക്കും വളരെ പ്രതീക്ഷകളും ഉണ്ടായിരുന്നു.. ( ആ പ്രതീക്ഷകള്‍ നല്‍കിയ ഭാരവും, വിവേകവും, പക്വതയും ഓരോ നിമിഷവും എന്നോടൊപ്പം ഉണ്ടായിരുന്നു. ആ പ്രതീക്ഷകള്‍ ഞാന്‍ കളഞ്ഞു കുളിച്ചില്ല എന്നോര്‍ത്തു സന്തോഷം ഉണ്ട് )
B.Sc കഴിഞ്ഞു എന്ത് ചെയ്യും എന്ന് ആലോചിച്ചിരുന്നപ്പോള്‍ , എന്റെ "റോള്‍ മോഡല്‍" ആയ കുമാര്‍ സാര്‍ (ജീവിതത്തില്‍ ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഒരാള്‍ ) , റൂര്‍ക്കി യുണിവേര്‍സിറ്റിയെപ്പറ്റി ( Now IIT Roorkke) എന്നോട് പറഞ്ഞു. സാറില്‍ നിന്നും ഒത്തിരി പ്രചോദനം കിട്ടിയപ്പോള്‍, എങ്ങനെയെങ്കിലും റൂര്‍ക്കിയില്‍ പോയി പഠിക്കണം എന്ന് തന്നെ തോന്നി. ആപ്പ്ളിക്കേഷന്‍ ഫോം വാങ്ങി നോക്കിയപ്പോള്‍ മനസ്സിലൊരു വേവലാതി പൊങ്ങി.
മൂന്ന് വര്‍ഷത്തെ പഠിത്തത്തിന് എന്ത് ചെലവ് വരും എന്ന് അതില്‍ എഴുതിയിട്ടുണ്ടായിരുന്നു. ഏകദേശം 30000 രൂപ...ഹോസ്റല്‍ ഫീസും , സെമസ്റര്‍ ഫീസും ഒക്കെ ... ഞാന്‍ കണക്കുകൂടി നോക്കിയപ്പോള്‍ അത്രയാണ് തോന്നിയത്.. അന്നത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച്, പതിനായിരങ്ങള്‍ പോയിട്ട്, ആയിരങ്ങള്‍ പോലും കണ്ണ് മഞ്ഞളിപ്പിക്കുന്ന സംഖ്യകള്‍ ആയിരുന്നു ഞങ്ങള്‍ക്ക്. അപ്പോഴേ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.
സംഗതി അമ്മച്ചിയോട് പറഞ്ഞു ...നടക്കാത്ത കാര്യം ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ. കുറെ ആലോചനകള്‍ക്ക് ശേഷം അമ്മച്ചി എന്നോട്, എന്റെ പ്ലാനുമായി മുന്നോട്ടു പോകാന്‍ പറഞ്ഞു. പിന്നെ മനസ്സിലായി, അമ്മച്ചി എന്റെ ആഗ്രഹം, അമ്മച്ചിയുടെ അനിയത്തിയോടും, ചേട്ടനോടും പറഞ്ഞു. അവര്‍, എന്റെ പഠിത്തത്തിനാവശ്യമായ തുക നല്‍കാം എന്നേറ്റു. പഠിച്ചു ജോലി കിട്ടിയ ശേഷം മാത്രം തിരികെ നല്‍കിയാല്‍ മതി എന്ന വ്യവസ്ഥയില്‍. എനിക്കും അമ്മച്ചിക്കും സ്വര്‍ഗം കിട്ടിയ പോലെ ആയിരുന്നു.
റൂര്‍ക്കിയിലെ എന്‍ട്രന്‍സ് പരീക്ഷ എഴുതിയെടുത്തു. മൂന്നു വര്‍ഷത്തെ പഠിത്തം റൂര്‍ക്കിയില്‍ എങ്ങനെ കഴിച്ചു എന്ന് എനിക്കറിയില്ല. ഓരോ നിമിഷവും, ജോലി കിട്ടുന്നതിനെക്കുറിച്ചും , നല്ല ഒരു വീട് വയ്ക്കുന്നതിനെക്കുറിച്ചും , കടം വീടുന്നതിനെക്കുറിച്ചും , അമ്മച്ചിയുടെയും, സഹോദരീ സഹോദരന്മാരുടെ വിഷമങ്ങള്‍ ഒക്കെ തീര്‍ക്കുന്നതിനെക്കുറിച്ചും ഒക്കെ ഓര്‍ത്തായിരുന്നു ഞാന്‍ കഴിഞ്ഞത്. പഠിത്തത്തിന്റെ സുഖവും, സാമ്പത്തിക ഞെരുക്കത്തിന്റെ വീര്‍പ്പുമുട്ടലും, പ്രതീക്ഷകളുടെ ഭാരവും, നാളെയെക്കുറിച്ചുള്ള ചിന്തകളും.. ഇതൊക്കെ അവിടെ എന്റെ സഹവാസികള്‍ ആയിരുന്നു.
പഠിക്കുന്ന സമയത്ത്, പൈസ ആവശ്യം വരുമ്പോള്‍ ഫോണ്‍ ചെയ്തോ, കത്തെഴുതിയോ പറയും. ആവശ്യപ്പെട്ട തുക മണി ഓര്‍ഡര്‍ ആയി വരും. എവിടുന്ന്? ...അതാലോചിക്കാന്‍ സമയം കിട്ടിയില്ല .. ആകെ എത്ര ആവശ്യപ്പെട്ടു എന്ന് ഞാന്‍ കണക്കു വച്ചിരുന്നില്ല. പഠിക്കാനുള്ളതിനു പുറമേ , തലയ്ക്കകത്തുള്ള ചിന്തകള്‍, അങ്ങനൊരു കണക്കു കൂട്ടാന്‍ മറന്നു.
പഠിത്തം പൂര്‍ത്തിയാക്കി, ജോലി കിട്ടി വീട്ടില്‍ വന്നപ്പോള്‍ ആണ് അറിഞ്ഞത്, ഞാന്‍ ആദ്യം കണക്കു കൂട്ടി പറഞ്ഞ 30000 രൂപ, അവസാനം ഏകദേശം ഒന്നര ലക്ഷം രൂപയില്‍ ആണ് വന്നു നിന്നത് എന്ന്. മാമനും, കൊച്ചമ്മയും സഹായിച്ചതിന് പുറമേ , വേറെ എവിടെന്നെക്കെയോ, ഏതെല്ലാമോ രീതിയില്‍ സഹായങ്ങള്‍ വന്നിട്ടുണ്ട് . അതിന്റെ ഓരോ കണക്കുകളും അമ്മച്ചിക്ക് മനഃപാഠം ആണ്.
ചിലപ്പോള്‍ അമ്മച്ചിയുടെ അനിയത്തിമാര്‍, അവരുടെ പറമ്പില്‍ നിന്നുള്ള തേങ്ങയോ മറ്റോ വീട്ടില്‍ എത്തിക്കും. ചമ്മന്തി അരയ്ക്കാനുള്ള കുറെ തേങ്ങകള്‍ കിട്ടിയാല്‍ തന്നെ അമ്മച്ചി, വീട്ടു കാര്യത്തിനുള്ള പൈസയില്‍ നിന്ന് കുറെ മാറി വയ്ക്കും. അതൊക്കെ പിന്നെ എന്റെ ആവശ്യത്തിനു മാറ്റി വയ്ക്കുന്ന ഫണ്ടിലേക്ക് പോകും.
അങ്ങനെ കുറെ ഏറെ സഹായങ്ങള്‍.. തീര്‍ത്താല്‍ പോലും തീരാത്ത കടങ്ങള്‍.. എന്റെ അടിത്തറ തീര്‍ത്ത അനുഗ്രഹങ്ങള്‍..അവയെ ഞാന്‍ അവസാന ശ്വാസം വരെയും ഓര്‍ക്കും.
ജോലിയില്‍ കയറി, കടങ്ങള്‍ ഒക്കെ വീട്ടിയ ശേഷം ഞാന്‍ ഓര്‍ത്തു.. അന്നത്തെ ആ സഹായം ഇല്ലായിരുന്നെങ്കില്‍..ഞാന്‍ തീര്‍ച്ചയായും IIT റൂര്‍ക്കിയില്‍ പോവില്ലായിരുന്നു.. അവിടത്തെ ഡിഗ്രി ഇല്ലായിരുന്നെങ്കില്‍ എനിക്ക്, ഞാന്‍ ഇന്നിരിക്കുന്ന അവസ്ഥയില്‍ എത്താന്‍ പറ്റില്ലായിരുന്നു.
എന്നെ സഹായിച്ചവര്‍ എന്തെങ്കിലും തിരികെ ആഗ്രഹിച്ചു ചെയ്തതാണോ? തീര്‍ച്ചയായും ആവില്ല ..ദൈവത്തിന്റെ തീരുമാനം നടപ്പിലാക്കപ്പെട്ട വഴികളില്‍ , അവരൊക്കെ കയ്യാളുകളായി വന്നു നിന്നു എന്നല്ലേ ഉള്ളൂ? (അതിനുള്ള പുണ്യം തീര്‍ച്ചയായും അവര്‍ക്ക് കിട്ടും ) .
ഞാനും അതല്ലേ ചെയ്തുള്ളൂ.... ഞാനും ഒരു കയ്യാളായി നിന്നു .. എനിക്ക് ഇനിയും പണ്ടത്തെപ്പോലെ മറ്റൊരാളുടെ സഹായം ആവശ്യമായി വരില്ല എന്നാരു കണ്ടു..? ( ദൈവമേ ഇനി അങ്ങനെ ഒന്നും വരുത്തരുതേ )
ഒരിക്കലെങ്കിലും, ആരുടെയെങ്കിലും സഹായം എടുക്കാതെ ഈ ഭൂമിയില്‍ ആരെങ്കിലും ജീവിതം ജീവിച്ചു തീര്‍ക്കാറുണ്ടോ? ഉണ്ടാവില്ല .
ജോസ്
ബാംഗ്ലൂര്‍
25-മാര്‍ച്ച്-2010