ശനിയാഴ്ച ആയതുകൊണ്ടാവും ഷോപ്പിംഗ് മോളില് നല്ല തിരക്കായിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ വന്നവരും, വെറുതെ സമയം കളയാന്‍ വന്നവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഷോപ്പിംഗ് മോളിന്റെ താഴത്തെ നിലയില്‍, മതിലിനോട് ചേര്‍ന്ന് ഒരുക്കിയ പുല്‍ത്തകിടിയില്‍ കുറേപ്പേര് ഇരിക്കുന്നുണ്ടായിരുന്നു. അതില്‍ ഏറെപ്പേരും കമിതാക്കളായിരുന്നു. നഗരത്തിലെ തിരക്കേറിയ ജീവിതത്തിന്റെ ഇടയില്‍ കുറച്ചൊരു സ്വകാര്യത തേടി എത്തിയ ചെറുപ്പക്കാരും, വയസ്സായവരും, പിന്നെ കുറെ കുട്ടികളും ഒക്കെ ആ പുല്‍ത്തകിടിയുടെ ഒരറ്റത്ത് പണിത അര മതിലില്‍ ഇരിക്കുന്നുണ്ടായിരുന്നു. ചക്രവാളത്തില്‍ മറയാന്‍ കുറച്ചു മണിക്കൂറുകള്‍ കൂടി ബാക്കി ഉണ്ടായിരുന്ന സൂര്യന്, നേരിയ ചുവന്ന നിറം മാനത്തു ചാലിച്ച് അസ്തമയം കാത്തിരുന്നു.
ആ അരമതിലിന്റെ ഒരറ്റത്ത് അജയനും ലക്ഷ്മിയും ഇരുന്നു. ഒരു ഐസ് ക്രീമും നുണഞ്ഞ് അജയന്റെ തോളില്‍ തല ചായ്ച്ചാണ് ലക്ഷ്മിയുടെ ഇരുപ്പ്. അജയനാവട്ടെ ഒരു കയ്യില്‍ മൊബൈല്‍ ഫോണും പിടിച്ച് ആരോടോ സംസാരിച്ചു കൊണ്ട്, മറു കയ്യാല്‍ ലക്ഷ്മിയെ തന്നോട് ചേര്‍ത്ത് പിടിച്ചാണ് ഇരിക്കുന്നത്. ആരും ആരെയും തിരിച്ചറിയാത്ത, അറിഞ്ഞാലും അറിഞ്ഞില്ല എന്ന് ഭാവിക്കുന്ന നഗരത്തില്‍ അല്ലെ അതൊക്കെ പറ്റൂ. ഷോപ്പിംഗ് മോളില് ഉള്ള ഒരു തിയേറ്ററില്‍ സിനിമാ കാണാന്‍ എത്തിയതാണവര്‍. സിനിമ തുടങ്ങാന്‍ വീണ്ടും സമയം ഉണ്ടായിരുന്നതിനാല്‍ പുറത്തെ കാഴ്ചകള്‍ കണ്ടു സമയം കളയാനാണ് അവര്‍ ആ അര മതിലില്‍ വന്നിരുന്നത്.
ആ ഇരുപ്പ് ലക്ഷ്മിയെ സംബന്ധിച്ച് ഒരു മധുരമായ അനുഭവം ആണ്.വീട്ടുകാരുടെ ഒന്നും കണ്ണെത്താത്ത ആ നഗരത്തില്‍ ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ ചെലവഴിക്കാന്‍ കിട്ടുന്ന ഓരോ നിമിഷവും അവള് ഏറെ ആസ്വദിക്കും. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും മാത്രമേ ഇങ്ങനെ അവസരങ്ങള്‍ കിട്ടാറുള്ളൂ. ബാക്കിയുള്ള ദിവസങ്ങളില്‍ ജോലിത്തിരക്ക് കഴിഞ്ഞു തളര്‍ന്നു വരുമ്പോള്‍ ഇതിനൊക്കെ എവിടുന്നാ നേരം.
അരമതിലിനോട് ചേര്‍ന്ന് അവര്‍ ഇരിക്കുന്നതിന്റെ അടുത്ത് ഒരു തുറസ്സായ സ്ഥലം ഉണ്ടായിരുന്നു. അതില്‍ പടര്‍ന്നു പന്തലിച്ചു നിന്ന ഒരു മാവില്‍ കുറെ കിളികള്‍ കൂട്ടത്തോടെ വന്നിരുന്നു ചിലച്ചു. മരത്തിന്റെ കുറെ ചില്ലകള്‍ അടുത്തുള്ള ഒരു ഇലക്ട്രിക് പോസ്റ്റില്‍ നിന്നും പോയിരുന്ന വൈദ്യുത ലൈനിലേക്ക് ചാഞ്ഞു കിടന്നു. വൈദ്യുത ബോര്‍ഡിലെ ആളുകള്‍ സാധാരണ അതൊക്കെ വെട്ടിക്കളയുന്നതാണ്.
അടയ്ക്കാ കുരുവികളെ പോലെ തോന്നുന്ന കുറെ ചെറു കുരുവികള്‍ ആയിരുന്നു അവിടെ വന്നിരുന്നു ചിലച്ചത്. കുറെ കുരുവികള്‍ മരത്തിന്റെ ചില്ലയിലും , കുറെ എണ്ണം മരത്തിന്റെ താഴെയുള്ള പുല്ലിലും ഇരുന്നു ചിലപ്പ് തുടര്‍ന്നു. ഐസ് ക്രീമും നുണഞ്ഞ് ലക്ഷ്മി ആ കുരുവികളെ നോക്കി ഇരുന്നു. അജയന് അപ്പോഴും ഫോണിലെ സംസാരം അവസാനിപ്പിച്ചിട്ടില്ലായിരുന്നു.
പെട്ടെന്നാണ് പുറത്തെ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ നിന്നും ഒരു വികൃതി ക്കുട്ടി കുരുവികള്‍ ഇരിക്കുന്ന സ്ഥലത്തേയ്ക്ക് ഉറക്കെ കൂവി വിളിച്ചുകൊണ്ടു വന്നത്. താഴെ ഇരുന്ന കുരുവികളെ പേടിപ്പിക്കുകയായിരുന്നു അവന്റെ ലക്ഷ്യം. കുട്ടി ഓടി വരുന്നത് കണ്ടു പേടിച്ച കുരുവികള്‍ പെട്ടെന്ന് മേളിലേക്ക് പറന്നു പൊങ്ങി. അതിലൊരു കുരുവി പറന്നു പൊങ്ങിയപ്പോള്‍ അതിന്റെ ചിറക് മരച്ചില്ലകളുടെ ഇടയിലൂടെ പോയിരുന്ന വൈദ്യുത ലൈനില്‍ തട്ടി. ഒരു സീല്ക്കാരത്തോടെ ആ കുരുവി തെറിച്ചു താഴെ വീണു. ലക്ഷ്മിയും അജയനും ഇരുന്നതിന്റെ കുറച്ചു ദൂരെ ആയാണ് ആ കുരുവി ഷോക്കടിച്ചു വീണത്.
കുരുവികളെ പേടിപ്പിച്ചു വിട്ട ചെക്കന് അതൊന്നും അറിയാതെ വീണ്ടും അവിടെ ഓടിക്കളിക്കാന്‍ തുടങ്ങി. വൈദ്യുതിയുടെ ആഘാതം താങ്ങാന്‍ ആ ചെറിയ കുരുവിക്ക് ആയില്ല. അതങ്ങനെ തറയില്‍ ചലനമറ്റു കിടന്നു. ആ കാഴ്ച കണ്ടു ലക്ഷ്മിയുടെ നെഞ്ച് പിടഞ്ഞു.അവള് കാണ്‍കെ അല്ലെ ആ കുരുവി ഷോക്കടിച്ചു താഴെ വീണത്. അതൊന്നും ശ്രദ്ധിക്കാതെ ചുറ്റുമുള്ള ആള്‍ക്കൂട്ടം അവരുടെതായ ലോകത്തില്‍ മുഴുകി. ഒരു കുരുവി ചത്താല്‍ ആര്‍ക്കു എന്ത് സംഭവിക്കാനാണ്. മനുഷ്യര്‍ മനുഷ്യരെ കൊന്നു കൂട്ടുമ്പോഴും ലോകം നിസ്സംഗതയോടെ മുന്‍പോട്ടു പോകുന്നില്ലേ. പിന്നെയാണ് ഒരു അടയ്ക്കാ കുരുവി.
അലിഞ്ഞു തുടങ്ങിയ ഐസ് ക്രീമും കയ്യില്‍ പിടിച്ചു നനവൂറിയ കണ്ണുകളോടെ ലക്ഷ്മി ആ ചലനമറ്റു കിടക്കുന്ന കുരുവിയെ നോക്കി. ആ സമയം വേറൊരു കുരുവി അവിടേക്ക് പറന്നിറങ്ങി. അത്, ചലനമറ്റു കിടക്കുന്ന അതിന്റെ ചങ്ങാതിക്കുരുവിയുടെ അടുത്തു വന്നു അതിന്റെ ദേഹത്ത് ചുണ്ട് കൊണ്ട് പതിയെ തൊട്ടു. അതിന്റേതായ ഭാഷയില്‍ എന്തൊക്കെയോ ചൊല്ലി ചിലച്ചു. മറ്റു കുരുവികള്‍ എല്ലാം ദൂരെ മരക്കൊമ്പില്‍ ഇരുന്നു നോക്കിയതെ ഉള്ളൂ. അവ കൂട്ടത്തോടെ ഉണ്ടാക്കിയ ശബ്ദങ്ങള്‍ കരച്ചിലാണോ ആശ്വാസ വചനങ്ങള്‍ ആണോ എന്നൊന്നും ലക്ഷ്മിക്ക് മനസ്സിലായില്ല. പക്ഷെ ചലനമറ്റു കിടന്ന കുരുവിയും അതിനെ ഉണര്‍ത്താന്‍ നോക്കുന്ന അതിന്റെ ചങ്ങാതി ക്കുരുവിയും ഇണകള്‍ ആണെന്ന് മനസ്സിലാക്കാന്‍ ലക്ഷ്മിക്ക് അധികം സമയം വേണ്ടി വന്നില്ല. അവളും ഒരു ഇണ അല്ലേ. ഇണകളുടെ വേദനകളും സന്തോഷങ്ങളും അവളും അറിയുന്നതല്ലേ.
ഐസ് ക്രീം അലിഞ്ഞ് ലക്ഷ്മിയുടെ കയ്യിലൂടെ താഴേക്ക് ഒലിച്ചു. അവള്‍ക്ക് അത് കഴിക്കാന്‍ തോന്നിയില്ല. ഇണയെ ഉണര്‍ത്താന്‍ വൃഥാ ശ്രമിക്കുന്ന കുഞ്ഞിക്കുരുവിയെ നോക്കി നെടുവീര്‍പ്പിട്ട് അവള് ആ അര മതിലില്‍ ഇരുന്നു. ഇണക്കുരുവി നിസ്സഹായതയോടെ ചങ്ങാതിയെ കൊക്ക് കൊണ്ട് ഉണര്‍ത്താന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ലക്ഷ്മിയുടെ കണ്ണില്‍ നിന്നും രണ്ടുമൂന്നു നീര്‍ത്തുള്ളികള്‍ ഉരുണ്ടു കൂടി താഴേക്കൊലിച്ചു. ഫോണിലെ സംസാരം അവസാനിപ്പിച്ച അജയന് അപ്പോഴാണ് ലക്ഷ്മിയുടെ മുഖം ശ്രദ്ധിച്ചത്.
"എന്തേ ലക്ഷ്മീ. .. ഐസ് ക്രീമൊക്കെ താഴെപ്പോയല്ലോ. അല്ലാ ..ഇതെന്താ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ. എന്ത് പറ്റി നിനക്ക്?
മറുപടി ഒന്നും പറയാതെ ലക്ഷ്മി കുരുവി ചത്തു കിടന്ന സ്ഥലത്തേയ്ക്ക് വിരല്‍ ചൂണ്ടി. അപ്പോഴും ഇണക്കുരുവി അതിന്റെ ചങ്ങാതി ക്കുരുവിയുടെ ചുറ്റും പറന്നു നടന്നു അതിനെ ഉണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇടയ്ക്കിടെ അത് മരക്കൊമ്പില്‍ ഇരിക്കുന്ന കൂട്ടുകാരെ നോക്കി എന്തൊക്കെയോ ശബ്ദങ്ങള്‍ ഉണ്ടാക്കും.
"അയ്യേ ..ലക്ഷ്മീ ...നീ ഇതൊക്കെ കണ്ടു സെന്ടിമെന്ടല് ആകാതെ. കുറച്ചു കഴിയുമ്പോള്‍ ആ കിളി നോക്കിക്കോ വേറൊരു കിളിയുടെ കൂടെ പോകും. നീ നോക്കിക്കോ. നീ വാ.. സിനിമ തുടങ്ങാല്‍ സമയം ആയി. "
ലക്ഷ്മി അജയന്റെ കയ്യില്‍ മുറുക്കെ പിടിച്ചു.. എന്നിട്ട് നനവൂറിയ കണ്ണുകളോടെ അജയനെ നോക്കി ചോദിച്ചു .
" അപ്പൊ ഞാന്‍ മരിച്ചാലും... "
അത് മുഴുമിപ്പിക്കാന്‍ അജയന് അവളെ സമ്മതിച്ചില്ല. ഒരു കൈ കൊണ്ട് ലക്ഷ്മിയുടെ വായ് പൊത്തിക്കൊണ്ട് അവളെ തന്നോട് ചേര്‍ത്തു പിടിച്ചു അജയന് തിയേറ്ററിന്റെ അടുത്തേക്ക് നടന്നു.
രണ്ടര മണിക്കൂര്‍ കഴിഞ്ഞു അവര്‍ പുറത്തിറങ്ങി. ബസ് സ്റ്റോപ്പി ലേക്ക് നടക്കുന്ന വഴി ലക്ഷ്മി ആ കുരുവി കിടക്കുന്ന സ്ഥലത്തേയ്ക്ക് നോക്കി. ഇണക്കുരുവിയെ അവിടെങ്ങും കണ്ടില്ല. മുന്‍പോട്ടു നടന്ന അവള് വീണ്ടും ഒന്ന് തിരിഞ്ഞു നോക്കി. അനക്കമില്ലാതെ ആ കുരുവി കിടന്നതിന്റെ അടുത്തുള്ള മരക്കൊമ്പില്‍ ഒരു കുരുവി മാത്രം ഇരിക്കുന്നത് അവള് കണ്ടു. ചങ്ങാതി ക്കുരുവി ഉണര്‍ന്നു വരും എന്ന പ്രതീക്ഷ കൈ വെടിയാത്ത ആ ഇണക്കുരുവി മാത്രം....
ജോസ്
ബാംഗ്ലൂര്‍
17 ഏപ്രില്‍ 2012
(ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ )
ജോസ്
ബാംഗ്ലൂര്‍
17 ഏപ്രില്‍ 2012
(ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ )
3 അഭിപ്രായങ്ങൾ:
Touching....Is the photographs matches real...? Well done...?
Thank you for your comments.
manoharamaya bhasahayil, lalithamayi paranju..... aashamsakal. blogil puthiya post..... NEW GENERATION CINEMA ENNAAL..... vayikkane...........
ആ പ്രതീക്ഷ എത്ര നേരം...?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ