katha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
katha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഏപ്രിൽ 17

ഇണ...



 
ശനിയാഴ്ച ആയതുകൊണ്ടാവും ഷോപ്പിംഗ്‌ മോളില്‍ നല്ല തിരക്കായിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ വന്നവരും, വെറുതെ സമയം കളയാന്‍ വന്നവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഷോപ്പിംഗ്‌ മോളിന്‍റെ താഴത്തെ നിലയില്‍, മതിലിനോട് ചേര്‍ന്ന് ഒരുക്കിയ പുല്‍ത്തകിടിയില്‍ കുറേപ്പേര്‍ ഇരിക്കുന്നുണ്ടായിരുന്നു. അതില്‍ ഏറെപ്പേരും കമിതാക്കളായിരുന്നു. നഗരത്തിലെ തിരക്കേറിയ ജീവിതത്തിന്‍റെ ഇടയില്‍ കുറച്ചൊരു സ്വകാര്യത തേടി എത്തിയ ചെറുപ്പക്കാരും, വയസ്സായവരും, പിന്നെ കുറെ കുട്ടികളും ഒക്കെ ആ പുല്‍ത്തകിടിയുടെ ഒരറ്റത്ത് പണിത അര മതിലില്‍ ഇരിക്കുന്നുണ്ടായിരുന്നു. ചക്രവാളത്തില്‍ മറയാന്‍ കുറച്ചു മണിക്കൂറുകള്‍ കൂടി ബാക്കി ഉണ്ടായിരുന്ന സൂര്യന്‍, നേരിയ ചുവന്ന നിറം മാനത്തു ചാലിച്ച് അസ്തമയം കാത്തിരുന്നു. 

ആ അരമതിലിന്‍റെ ഒരറ്റത്ത് അജയനും ലക്ഷ്മിയും ഇരുന്നു. ഒരു ഐസ് ക്രീമും നുണഞ്ഞ് അജയന്‍റെ തോളില്‍ തല  ചായ്ച്ചാണ് ലക്ഷ്മിയുടെ ഇരുപ്പ്. അജയനാവട്ടെ ഒരു കയ്യില്‍ മൊബൈല്‍ ഫോണും പിടിച്ച് ആരോടോ സംസാരിച്ചു കൊണ്ട്, മറു കയ്യാല്‍ ലക്ഷ്മിയെ തന്നോട് ചേര്‍ത്ത് പിടിച്ചാണ് ഇരിക്കുന്നത്. ആരും ആരെയും തിരിച്ചറിയാത്ത, അറിഞ്ഞാലും അറിഞ്ഞില്ല എന്ന് ഭാവിക്കുന്ന നഗരത്തില്‍ അല്ലെ അതൊക്കെ പറ്റൂ. ഷോപ്പിംഗ്‌ മോളില്‍ ഉള്ള ഒരു തിയേറ്ററില്‍ സിനിമാ കാണാന്‍ എത്തിയതാണവര്‍. സിനിമ തുടങ്ങാന്‍ വീണ്ടും സമയം ഉണ്ടായിരുന്നതിനാല്‍ പുറത്തെ കാഴ്ചകള്‍ കണ്ടു സമയം കളയാനാണ് അവര്‍ ആ അര മതിലില്‍ വന്നിരുന്നത്. 

ആ ഇരുപ്പ് ലക്ഷ്മിയെ സംബന്ധിച്ച് ഒരു മധുരമായ അനുഭവം ആണ്.വീട്ടുകാരുടെ ഒന്നും  കണ്ണെത്താത്ത  ആ നഗരത്തില്‍  ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ  ചെലവഴിക്കാന്‍ കിട്ടുന്ന ഓരോ നിമിഷവും അവള്‍ ഏറെ ആസ്വദിക്കും.   എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും മാത്രമേ ഇങ്ങനെ അവസരങ്ങള്‍ കിട്ടാറുള്ളൂ. ബാക്കിയുള്ള ദിവസങ്ങളില്‍ ജോലിത്തിരക്ക് കഴിഞ്ഞു തളര്‍ന്നു വരുമ്പോള്‍ ഇതിനൊക്കെ എവിടുന്നാ നേരം. 

അരമതിലിനോട് ചേര്‍ന്ന് അവര്‍ ഇരിക്കുന്നതിന്റെ അടുത്ത് ഒരു തുറസ്സായ സ്ഥലം ഉണ്ടായിരുന്നു. അതില്‍ പടര്‍ന്നു പന്തലിച്ചു നിന്ന ഒരു മാവില്‍ കുറെ കിളികള്‍ കൂട്ടത്തോടെ വന്നിരുന്നു ചിലച്ചു. മരത്തിന്‍റെ കുറെ ചില്ലകള്‍ അടുത്തുള്ള ഒരു ഇലക്ട്രിക്‌ പോസ്റ്റില്‍ നിന്നും പോയിരുന്ന വൈദ്യുത ലൈനിലേക്ക് ചാഞ്ഞു കിടന്നു. വൈദ്യുത ബോര്‍ഡിലെ ആളുകള്‍ സാധാരണ അതൊക്കെ വെട്ടിക്കളയുന്നതാണ്. 

അടയ്ക്കാ കുരുവികളെ പോലെ തോന്നുന്ന കുറെ ചെറു കുരുവികള്‍ ആയിരുന്നു അവിടെ വന്നിരുന്നു ചിലച്ചത്. കുറെ കുരുവികള്‍ മരത്തിന്‍റെ ചില്ലയിലും , കുറെ എണ്ണം മരത്തിന്‍റെ താഴെയുള്ള പുല്ലിലും ഇരുന്നു ചിലപ്പ്‌ തുടര്‍ന്നു. ഐസ് ക്രീമും നുണഞ്ഞ് ലക്ഷ്മി ആ കുരുവികളെ നോക്കി ഇരുന്നു. അജയന്‍ അപ്പോഴും ഫോണിലെ സംസാരം അവസാനിപ്പിച്ചിട്ടില്ലായിരുന്നു.

പെട്ടെന്നാണ് പുറത്തെ ആള്‍ക്കൂട്ടത്തിന്‍റെ ഇടയില്‍ നിന്നും ഒരു വികൃതി ക്കുട്ടി കുരുവികള്‍  ഇരിക്കുന്ന  സ്ഥലത്തേയ്ക്ക്  ഉറക്കെ  കൂവി വിളിച്ചുകൊണ്ടു വന്നത്. താഴെ ഇരുന്ന കുരുവികളെ പേടിപ്പിക്കുകയായിരുന്നു  അവന്‍റെ  ലക്‌ഷ്യം. കുട്ടി ഓടി വരുന്നത് കണ്ടു പേടിച്ച കുരുവികള്‍ പെട്ടെന്ന് മേളിലേക്ക് പറന്നു പൊങ്ങി. അതിലൊരു കുരുവി പറന്നു   പൊങ്ങിയപ്പോള്‍ അതിന്‍റെ ചിറക് മരച്ചില്ലകളുടെ ഇടയിലൂടെ പോയിരുന്ന വൈദ്യുത ലൈനില്‍ തട്ടി. ഒരു സീല്‍ക്കാരത്തോടെ ആ കുരുവി തെറിച്ചു താഴെ വീണു. ലക്ഷ്മിയും അജയനും ഇരുന്നതിന്‍റെ കുറച്ചു ദൂരെ ആയാണ് ആ കുരുവി ഷോക്കടിച്ചു വീണത്‌. 

കുരുവികളെ പേടിപ്പിച്ചു വിട്ട ചെക്കന്‍ അതൊന്നും അറിയാതെ വീണ്ടും അവിടെ ഓടിക്കളിക്കാന്‍ തുടങ്ങി. വൈദ്യുതിയുടെ ആഘാതം താങ്ങാന്‍ ആ ചെറിയ കുരുവിക്ക് ആയില്ല. അതങ്ങനെ തറയില്‍ ചലനമറ്റു കിടന്നു. ആ കാഴ്ച കണ്ടു ലക്ഷ്മിയുടെ നെഞ്ച് പിടഞ്ഞു.അവള്‍ കാണ്‍കെ അല്ലെ ആ കുരുവി ഷോക്കടിച്ചു താഴെ വീണത്‌.  അതൊന്നും ശ്രദ്ധിക്കാതെ ചുറ്റുമുള്ള ആള്‍ക്കൂട്ടം അവരുടെതായ ലോകത്തില്‍ മുഴുകി. ഒരു കുരുവി ചത്താല്‍ ആര്‍ക്കു എന്ത് സംഭവിക്കാനാണ്. മനുഷ്യര്‍ മനുഷ്യരെ കൊന്നു കൂട്ടുമ്പോഴും ലോകം നിസ്സംഗതയോടെ മുന്‍പോട്ടു പോകുന്നില്ലേ. പിന്നെയാണ് ഒരു അടയ്ക്കാ കുരുവി. 

അലിഞ്ഞു തുടങ്ങിയ ഐസ് ക്രീമും കയ്യില്‍ പിടിച്ചു നനവൂറിയ കണ്ണുകളോടെ ലക്ഷ്മി ആ ചലനമറ്റു കിടക്കുന്ന കുരുവിയെ നോക്കി.  ആ  സമയം വേറൊരു കുരുവി അവിടേക്ക് പറന്നിറങ്ങി. അത്,  ചലനമറ്റു കിടക്കുന്ന അതിന്‍റെ ചങ്ങാതിക്കുരുവിയുടെ അടുത്തു വന്നു അതിന്‍റെ ദേഹത്ത് ചുണ്ട് കൊണ്ട് പതിയെ തൊട്ടു. അതിന്‍റേതായ ഭാഷയില്‍ എന്തൊക്കെയോ ചൊല്ലി ചിലച്ചു. മറ്റു കുരുവികള്‍ എല്ലാം ദൂരെ മരക്കൊമ്പില്‍ ഇരുന്നു നോക്കിയതെ ഉള്ളൂ. അവ കൂട്ടത്തോടെ ഉണ്ടാക്കിയ ശബ്ദങ്ങള്‍ കരച്ചിലാണോ ആശ്വാസ വചനങ്ങള്‍ ആണോ എന്നൊന്നും ലക്ഷ്മിക്ക് മനസ്സിലായില്ല. പക്ഷെ ചലനമറ്റു കിടന്ന കുരുവിയും അതിനെ ഉണര്‍ത്താന്‍ നോക്കുന്ന അതിന്‍റെ ചങ്ങാതി ക്കുരുവിയും ഇണകള്‍ ആണെന്ന് മനസ്സിലാക്കാന്‍ ലക്ഷ്മിക്ക് അധികം സമയം വേണ്ടി വന്നില്ല. അവളും ഒരു ഇണ അല്ലേ. ഇണകളുടെ വേദനകളും സന്തോഷങ്ങളും അവളും അറിയുന്നതല്ലേ. 
ഐസ് ക്രീം അലിഞ്ഞ് ലക്ഷ്മിയുടെ കയ്യിലൂടെ താഴേക്ക് ഒലിച്ചു. അവള്‍ക്ക് അത് കഴിക്കാന്‍ തോന്നിയില്ല. ഇണയെ ഉണര്‍ത്താന്‍ വൃഥാ ശ്രമിക്കുന്ന കുഞ്ഞിക്കുരുവിയെ നോക്കി  നെടുവീര്‍പ്പിട്ട് അവള്‍ ആ അര മതിലില്‍ ഇരുന്നു. ഇണക്കുരുവി നിസ്സഹായതയോടെ ചങ്ങാതിയെ കൊക്ക് കൊണ്ട് ഉണര്‍ത്താന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ലക്ഷ്മിയുടെ കണ്ണില്‍ നിന്നും രണ്ടുമൂന്നു നീര്‍ത്തുള്ളികള്‍ ഉരുണ്ടു കൂടി താഴേക്കൊലിച്ചു. ഫോണിലെ സംസാരം അവസാനിപ്പിച്ച അജയന്‍ അപ്പോഴാണ്‌ ലക്ഷ്മിയുടെ മുഖം ശ്രദ്ധിച്ചത്. 

"എന്തേ ലക്ഷ്മീ. .. ഐസ് ക്രീമൊക്കെ താഴെപ്പോയല്ലോ. അല്ലാ ..ഇതെന്താ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ. എന്ത് പറ്റി നിനക്ക്? 

മറുപടി ഒന്നും പറയാതെ ലക്ഷ്മി കുരുവി ചത്തു കിടന്ന സ്ഥലത്തേയ്ക്ക് വിരല്‍ ചൂണ്ടി. അപ്പോഴും ഇണക്കുരുവി അതിന്‍റെ ചങ്ങാതി ക്കുരുവിയുടെ ചുറ്റും പറന്നു നടന്നു അതിനെ ഉണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇടയ്ക്കിടെ അത് മരക്കൊമ്പില്‍ ഇരിക്കുന്ന കൂട്ടുകാരെ നോക്കി എന്തൊക്കെയോ ശബ്ദങ്ങള്‍ ഉണ്ടാക്കും. 
"അയ്യേ ..ലക്ഷ്മീ ...നീ ഇതൊക്കെ കണ്ടു സെന്‍ടിമെന്‍ടല്‍ ആകാതെ. കുറച്ചു കഴിയുമ്പോള്‍ ആ കിളി നോക്കിക്കോ വേറൊരു കിളിയുടെ കൂടെ പോകും. നീ നോക്കിക്കോ. നീ വാ.. സിനിമ തുടങ്ങാല്‍ സമയം ആയി. "

ലക്ഷ്മി അജയന്‍റെ കയ്യില്‍ മുറുക്കെ പിടിച്ചു.. എന്നിട്ട് നനവൂറിയ കണ്ണുകളോടെ അജയനെ നോക്കി ചോദിച്ചു .

" അപ്പൊ ഞാന്‍ മരിച്ചാലും...  "

അത് മുഴുമിപ്പിക്കാന്‍ അജയന്‍ അവളെ സമ്മതിച്ചില്ല. ഒരു കൈ കൊണ്ട് ലക്ഷ്മിയുടെ വായ്‌ പൊത്തിക്കൊണ്ട് അവളെ തന്നോട് ചേര്‍ത്തു പിടിച്ചു അജയന്‍ തിയേറ്ററിന്റെ അടുത്തേക്ക് നടന്നു. 

രണ്ടര മണിക്കൂര്‍ കഴിഞ്ഞു  അവര്‍ പുറത്തിറങ്ങി. ബസ് സ്റ്റോപ്പി ലേക്ക് നടക്കുന്ന വഴി ലക്ഷ്മി ആ കുരുവി കിടക്കുന്ന സ്ഥലത്തേയ്ക്ക് നോക്കി. ഇണക്കുരുവിയെ അവിടെങ്ങും കണ്ടില്ല. മുന്‍പോട്ടു നടന്ന  അവള്‍ വീണ്ടും ഒന്ന് തിരിഞ്ഞു നോക്കി. അനക്കമില്ലാതെ ആ കുരുവി കിടന്നതിന്‍റെ അടുത്തുള്ള മരക്കൊമ്പില്‍ ഒരു കുരുവി മാത്രം ഇരിക്കുന്നത് അവള്‍ കണ്ടു. ചങ്ങാതി ക്കുരുവി ഉണര്‍ന്നു വരും എന്ന പ്രതീക്ഷ കൈ വെടിയാത്ത ആ ഇണക്കുരുവി  മാത്രം....


ജോസ്
ബാംഗ്ലൂര്‍
17  ഏപ്രില്‍ 2012 
(ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ )
 

2012 മാർച്ച് 25

രണ്ടാം ജന്മം ..





ചന്ദനത്തിരിയുടെ സുഗന്ധം നിറഞ്ഞ ആശ്രമത്തിലെ ആ മുറിയില്‍, വെള്ളത്തുണി വിരിച്ച ഒരു തടിക്കട്ടിലില്‍ സുദേവന്‍ കിടന്നു. ജീവിതം മടുത്തു എന്ന് തോന്നിയ വേളയില്‍ മഞ്ഞണിപ്പുഴയിലേക്ക് എടുത്തു ചാടിയതായിരുന്നു സുദേവന്‍. പക്ഷെ കാലന്‍റെ പുസ്തകത്തില്‍ സുദേവന് പോകാനുള്ള സമയം ആവാത്തതിനാല്‍ ആവും ശാരദാമ്മയുടെ ആശ്രമത്തിലെ അന്തേവാസികള്‍ അയാളെ രക്ഷിച്ചതും ആശ്രമത്തില്‍ അമ്മയുടെ അടുത്തേക്ക് കൊണ്ട് വന്നതും. ആര്‍ക്കും വേണ്ടാത്ത എത്ര ജീവിതങ്ങള്‍ ശാരദാമ്മ ഏറ്റെടുത്തിട്ടുണ്ട്.

സന്ധ്യാദീപം കൊളുത്തി നാമജപവും കഴിഞ്ഞ ശേഷം ശാരദാമ്മ സുദേവന്‍ കിടക്കുന്ന മുറിയിലേക്ക് വന്നു. കട്ടിലില്‍ വന്ന് അടുത്തിരിന്ന് അയാളുടെ നെറ്റിയില്‍ തലോടിക്കൊണ്ട് ശാരദാമ്മ പറഞ്ഞു.

"ആരാണ് എവിടുന്നാണ് എന്നൊന്നും അറിയില്ല. ചോദിച്ചു വിഷമിപ്പിക്കുന്നുമില്ല. മരിക്കാന്‍ തീരുമാനിച്ച് ഇറങ്ങിയതാണ് എങ്കില്‍ എന്നും എനിക്ക് തടയാന്‍ കഴിയില്ല എന്നും അറിയാം. ജീവിക്കാന്‍ ആണെങ്കില്‍ ഇവിടെ കൂടാം. സങ്കടങ്ങള്‍ ഒരുപാടുള്ള കുറെ ഏറെ ആളുകള്‍ ഇവിടെയും ഉണ്ട്. "

ഒരു ഉള്‍വിളി ഉണ്ടായപോലെ സുദേവന്‍ ശാരദാമ്മയുടെ കൈ അയാളുടെ കൈകളില്‍ എടുത്തു വെച്ച് പൊട്ടിക്കരഞ്ഞു. നെഞ്ചില്‍ തട കെട്ടി തടഞ്ഞു വെച്ചിരുന്ന ഒരു വിഷമക്കടല്‍ അണ പൊട്ടി ഒഴുകിയപോലെ അയാള്‍ക്ക്‌ തോന്നി..

അന്തെവാസികള്‍ക്കൊപ്പം ഇരുന്ന് അത്താഴം കഴിച്ച ശേഷം സുദേവന്‍ അമ്മ ഇരിക്കുന്നിടത്തേക്ക്‌ പോയി. അമ്മയുടെ പ്രാര്‍ത്ഥന തീരുന്ന വരെ അയാള്‍ കാത്തിരുന്നു. അമ്മ പ്രാര്‍ത്ഥന കഴിഞ്ഞ് എണീറ്റപ്പോള്‍ അയാള്‍ അമ്മയുടെ അടുത്ത് ചെന്നിരുന്നു. കുറച്ചു നേരം മൌനത്താല്‍ സംവാദിച്ച ശേഷം അയാള്‍ തന്‍റെ ജീവിത പുസ്തകം തുറന്നു. അതൊരു കുമ്പസാരം ആയിരുന്നു. ഞാനെന്ന ഭാവത്തില്‍ അഹങ്കരിച്ച്‌, ജീവിതം തുലച്ച ഒരു മനുഷ്യന്‍റെ കുമ്പസാരം. അഹങ്കാരങ്ങളെ കത്തിക്കരിക്കുന്ന ജീവിത പ്രതിസന്ധികളില്‍ തളര്‍ന്നു കരഞ്ഞ ഒരു സാധാരണ മനുഷ്യന്‍റെ കുമ്പസാരം.

************

നാലഞ്ചു മണിക്കൂര്‍ മുന്‍പ്..

ഞായറാഴ്ച ആയതിനാല്‍ രാമപുരത്തെ കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കുക ആയിരുന്നു. അവിടത്തെ റേഷന്‍ കടയുടെ ഒഴിഞ്ഞ വരാന്തയില്‍ അസ്ഥിപന്ജരം പോലെ ഒരാള്‍ കിടക്കുന്നുണ്ടായിരുന്നു. താടിയും മുടിയും വളര്‍ന്ന്, മുഷിഞ്ഞു നാറിയ വസ്ത്രങ്ങളില്‍ പൊതിഞ്ഞ ആ ഭീകര രൂപത്തിന് മുപ്പതു വര്‍ഷം മുന്‍പത്തെ സുദേവന്റെ യാതൊരു ഛായയും ഇല്ലായിരുന്നു. കാലവും ജീവിത സാഹചര്യങ്ങളും ചേര്‍ത്ത് വരുത്തിയ മാറ്റങ്ങള്‍ അത്രയ്ക്കല്ലേ.

ഏകദേശംആറു മണി ആയിക്കാണും. വിട പറയുന്ന പകലും, ആഗമിക്കുന്ന സന്ധ്യയും കണ്ടു മുട്ടുന്ന സമയം. വെളിച്ചം മങ്ങിത്തുടങ്ങി. നഗരത്തില്‍ റോന്തു ചുറ്റുന്ന പോലിസ് ജീപ്പ് പെട്ടന്നാണ് റേഷന്‍ കടയുടെ മുന്‍പില്‍ വന്ന് നിന്നത്. അതില്‍ നിന്നും രണ്ടു പോലീസുകാര്‍ ഇറങ്ങി സുദേവന്‍ കിടക്കുന്ന കോണിലേക്ക് വന്ന് ലാത്തി കൊണ്ട് സുദേവനെ ഒന്ന് തള്ളിയ ശേഷം അവര്‍ ആക്രോശിച്ചു.

"എണീക്കെടാ. എന്തിനാ നീ ഇവിടെ കിടക്കുന്നേ ?വീടും കുടിയും ഒന്നും ഇല്ലേ."

ഉറക്കം നഷ്ടപ്പെട്ടതിന്‍റെ ഈര്‍ഷ്യയും ലാത്തികൊണ്ട് കിട്ടിയ അടിയുടെ വേദനയും സുദേവനെ പെട്ടെന്ന് ക്ഷുഭിതനാക്കി.

"ഞാനിവിടെ മര്യാദയ്ക്ക് കിടക്കുക അല്ലേ. അതിനു നിങ്ങള്‍ക്കെന്താ ചേതം"

"പോലീസുകാരോട് തര്‍ക്കുത്തരം പറയുന്നോടാ ". അതും പറഞ്ഞ് ഒരു പോലീസുകാരന്‍ സുദേവന്റെ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു. അപ്പോഴേക്കും ജീപ്പില്‍ നിന്നും മുന്‍പിലിരുന്ന ഇന്‍സ്പെക്ടര്‍ അവിടേക്ക് വന്നു. മറ്റു പോലീസുകാര്‍ അയാളോട് എന്തോ പറഞ്ഞു. ഇന്‍സ്പെക്ടറും ആദ്യം സുദേവന്റെ കവിളില്‍ ഒന്ന് പൊട്ടിച്ചു. എന്നിട്ടേ ചോദ്യങ്ങള്‍ ചോദിച്ചുള്ളൂ. അതിനൊന്നും സുദേവന്‍ ഉത്തരം പറഞ്ഞില്ല. കുറച്ചു മുന്‍പേ ക്ഷോഭിച്ച അയാള്‍ പൊട്ടിക്കരഞ്ഞതെ ഉള്ളൂ.

"സാറേ ..ഇയാള്‍ക്ക് തലയ്ക്കു സുഖം ഇല്ലെന്നാ തോന്നുന്നേ. വിട്ടേക്കാം. "

കൈയ്യുടെ പെരുപ്പ്‌ മാറ്റിയ ശേഷം ഇന്‍സ്പെക്ടറും പോലീസുകാരും ജീപ്പില്‍ കയറി റോന്തു ചുറ്റല്‍ തുടങ്ങി. സുദേവന്‍ മഞ്ഞണി പ്പുഴയുടെ അടുത്തെയ്ക്കും പോയി. എന്തോ തീരുമാനിച്ചു ഉറച്ച പോലെ ..

***************

"പോലീസുകാരുടെ അടി കൊണ്ടപ്പോഴേക്കും ജീവിതം മടുത്തോ സുദേവാ? അങ്ങനെ ആണെങ്കില്‍ ഞാനുള്‍പ്പെടെ ഇവിടത്തെ അന്തേവാസികള്‍ എത്ര തവണ മരിക്കണം. എത്രയോ വലിയ പ്രതിസന്ധികള്‍ തരണം ചെയ്താണ് ഞങ്ങള്‍ ഇപ്പോഴും ജീവിക്കുന്നത്. "

നനവ്‌ വീണ സുദേവന്റെ കണ്ണുകളില്‍ നോക്കി ശാരദാമ്മ പറഞ്ഞു. അതിനും സുദേവന്‍ ഒന്നും മറുപടി പറഞ്ഞില്ല. പകരം, കുറച്ചു നേരത്തെ മൌനത്തിനു ശേഷം അയാള്‍ അയാളുടെ കഥ തുടര്‍ന്നു. ഏകദേശം ഒരു നാല്‍പ്പതു വര്‍ഷം മുന്‍പ് തൊട്ടുള്ള കഥ. രാമപുരത്തു നിന്നും ഒരു നൂറ്റി അമ്പതു കിലോമീറ്റര്‍ ദൂരത്തുള്ള തായിക്കാട് എന്ന സ്ഥലത്തേക്ക് ആ കഥയുമായി അയാള്‍ പോയി.

സമ്പന്നതയുടെ നടുവില്‍ ആയിരുന്നു സുദേവന്റെ ജനനം.റബര്‍ തോട്ടവും പിന്നെ പല പല ബിസിനസുകളും നടത്തുന്ന സുദേവന്റെ അച്ഛനും, താഴെക്കിടയിലുള്ള ആശ്രിതരെ ഭരിച്ചു ജീവിച്ച അമ്മയ്ക്കും സുദേവന്റെയോ അയാളുടെ മറ്റു സഹോദരങ്ങളുടെയോ സ്വഭാവ രൂപീകരണത്തില്‍ യാതൊരു ശ്രദ്ധയും ഇല്ലായിരുന്നു. അത് കൊണ്ടാവാം അവര്‍ അറിയാതെ തന്നെ പല സ്വഭാവ വൈകല്യങ്ങളും സുദേവന്റെ വ്യക്തിത്വത്തില്‍ അലിയാന്‍ തുടങ്ങിയത്. പഠനത്തില്‍ എല്ലാരെക്കാളും മുന്‍പില്‍. ഒരിക്കല്‍ കേട്ടാല്‍ എന്തും ഓര്‍ത്തു വെയ്ക്കാന്‍ പറ്റുന്ന ഓര്‍മ്മ ശക്തി. നല്ല ഭാഷ നൈപുണ്യം. (അത് പോലെ തന്നെ ചന്തയില്‍ പറയുന്ന മാതിരി തെറി വിളിക്കാനും ഉള്ള നൈപുണ്യം ). ആരെയും വക വെയ്ക്കാത്ത പ്രകൃതം. ഇതൊക്കെ സുദേവന്റെ സ്വഭാവ വിശേഷങ്ങളില്‍ ചിലത് മാത്രം. തല തിരിഞ്ഞ സമ്പന്ന പുത്രന്‍ എന്ന് പറയുന്ന പോലെ തന്നെയായിരുന്നു സുദേവന്‍ ജീവിച്ചത്. തൊലിക്ക് മീതെ ഉള്ള സ്നേഹം മാത്രമേ സുദേവന് അറിയാമായിരുന്നുള്ളൂ. അതയാളുടെ കുറ്റം ആയിരിക്കില്ല. അയാള്‍ കണ്ടു വളര്‍ന്നതൊക്കെ അതല്ലേ.

സുദേവന്റെ ഇരുപതാം വയസ്സില്‍ അച്ഛന്‍ മരിച്ചു. അപ്പോഴേക്കും അയാളുടെ ബിസിനസുകള്‍ ഒക്കെ ചെറുതായി തകരാന്‍ തുടങ്ങിയിരുന്നു. അത് ഏറ്റെടുത്തു നടത്താനുള്ള വിവേകവും പക്വതയും മക്കളില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. പകരം അച്ഛന്‍റെ സ്വത്ത് എല്ലാവര്‍ക്കും വീതിച്ചു നല്‍കാന്‍ അവര്‍ അമ്മയോട് ആവശ്യപ്പെട്ടു. അങ്ങനെ താമസിയാതെ തന്നെ സ്വത്തുക്കള്‍ ഒക്കെ ഭാഗം വെച്ചു. സുദേവനും കിട്ടി ഒരു വീടും കുറെ കാശും. കാലിന്‍റെ അടിയിലെ മണ്ണ് ചോര്‍ന്നു പോകുന്നത് അപ്പോഴും സുദേവന്‍ അറിഞ്ഞില്ല. അച്ഛനുണ്ടായിരുന്നപ്പോള്‍ തോന്നിയ മുതലാളി മനോഭാവവും അഹങ്കാരവും ഒന്നുകൂടി കൂടിയതേ ഉള്ളൂ.

ഒരു ജോലി നോക്കണം എന്നോ, ജീവിതം നന്നായി മുന്‍പോട്ടു കൊണ്ട് പോകണം എന്നോ അയാള്‍ക്ക് തോന്നിയില്ല. കയ്യിലുള്ള പൈസ നന്നായി ചെലവാക്കി സുഖിച്ചു ജീവിക്കാനാണ് അയാള്‍ക്ക് തോന്നിയത്. ഉപദേശിക്കാനും ആരും ഇല്ലായിരുന്നു. അല്ലെങ്കില്‍ തന്നെ ഉപദേശങ്ങള്‍ കേള്‍ക്കാന്‍ അയാള്‍ ചെവി കൊടുക്കാറും ഇല്ലായിരുന്നല്ലോ . അങ്ങനെ ഇരിക്കുമ്പോഴാണ് അമ്മയ്ക്ക് മകനെ കല്യാണം കഴിപ്പിക്കണം എന്ന് തോന്നിയത്. കല്യാണം കഴിച്ചു കഴിഞ്ഞാല്‍ ഒരു ചുമതലാ ബോധം വരുമെന്നും മകന്‍ നന്നാവും എന്നും ഒക്കെ പാവം അമ്മയ്ക്ക് അപ്പോള്‍ തോന്നി. അങ്ങനെയാണ് സുദേവന്റെ കുത്തഴിഞ്ഞ ജീവിതത്തിലേക്ക് പ്രതീക്ഷകളോടെ ആതിര കടന്നു വന്നത്. സുദേവന്റെ സ്വഭാവത്തെപ്പറ്റി യാതൊരു സൂചനയും ഇല്ലാതെയാണ് ആതിര പുതിയ ജീവിതം തുടങ്ങിയത്.

എല്ലാവര്‍ക്കും ശുഭ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. സുദേവന്റെ അമ്മയ്ക്കും ആതിരക്കും ഒക്കെ. പക്ഷെ പ്രതീക്ഷകള്‍ തകരാന്‍ സമയം അധികം ഒന്നും വേണ്ടി വന്നില്ല. ജീവിതം പങ്കിടാന്‍ എത്തിയ സഖിയും ഒരു മനുഷ്യ ജീവി ആണെന്ന് കരുതാനുള്ള പക്വത ഇല്ലാതെ, ആശ്രിതരോട് ഭരിച്ചു സംസാരിക്കുന്ന പോലെ അയാള്‍ ഭാര്യയോടും പെരുമാറാന്‍ തുടങ്ങി. സ്നേഹം എന്താണ് എന്നറിഞ്ഞാല്‍ അല്ലേ അയാള്‍ക്ക്‌ അതൊക്കെ തിരുത്താന്‍ പറ്റൂ. കിടപ്പറയിലും തെറിപ്പാട്ടും മദ്യവും, പോരാത്തതിന് ദേഹോപദ്രവവും പതിവുകള്‍ ആവാന്‍ തുടങ്ങി. ദാമ്പത്യത്തിന്റെ താളം തെറ്റിത്തുടങ്ങി . അതിനിടെ അവര്‍ക്കൊരു കുഞ്ഞും പിറന്നു..... ഇരുട്ടിലേക്ക് വീശിയ ഒരു സുര്യ കിരണം പോലെ .വീട്ടുകാര്‍ അവന് വിജയ്‌ എന്ന് പേരിട്ടു. എല്ലാവരും കരുതി..ഇനിയെങ്കിലും സുദേവന്‍ നന്നാവും എന്ന്.

വീണ്ടും കാര്യങ്ങള്‍ മോശമായാതെ ഉള്ളൂ. ആദ്യമൊക്കെ ഒന്നോ രണ്ടോ ദിവസങ്ങളില്‍ വീട്ടില്‍ കയറാതെ സുദേവന്‍ അലഞ്ഞു തിരിയുമായിരുന്നു. പിന്നെ അത് ആഴ്ചകള്‍ കൂടുന്ന അലച്ചില്‍ ആയി. വീട്ടില്‍ വരുന്ന സമയം മാത്രം അയാള്‍ കുഞ്ഞിനോട് സ്നേഹത്തോടെ പെരുമാറും. ഭാര്യയോടുള്ള പെരുമാറ്റത്തില്‍ യാതൊരു മാറ്റവും ഉണ്ടായില്ല. മറിച്ച്, വീട്ടില്‍ വരുമ്പോള്‍ ഒക്കെ വാക്ക് തര്‍ക്കവും അടിപിടിയും പതിവായി.

ഇതൊരു തുടര്‍ക്കഥ ആയപ്പോള്‍ ആതിരയുടെ വീട്ടുകാര്‍ ഒരു തീരുമാനം എടുത്തു. ആര്‍ക്കും വേണ്ടാതെ ഒരു ജീവിതം കൊണ്ടുപോകുന്നതിലും നല്ലത് ബന്ധം വേര്‍പെടുത്തുന്നതാണ് നല്ലത് എന്ന് അവര്‍ക്ക് തോന്നി. ദേഷ്യവും അഹങ്കാരവും മൂത്ത് നിന്ന സമയത്ത് സുദേവനും അതിനു സമ്മതം മൂളി. അങ്ങനെ കല്യാണം കഴിഞ്ഞ് നാലാം വര്‍ഷം അവര്‍ രണ്ടായി. അതായിരുന്നു സുദേവന്റെ ജീവിതത്തിനെ മാറ്റി മറിച്ച സംഭവം. പഴയ സുദേവനില്‍ നിന്നും മഞ്ഞണിപ്പുഴയില്‍ ഇന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സുദേവനിലേക്കുള്ള പ്രയാണം അന്ന് തുടങ്ങി.

വിവാഹ ബന്ധം വേര്‍പെട്ട ശേഷം അയാള്‍ക്ക് എന്തോ നഷ്ടപെട്ട പോലെ തോന്നി. അയാളുടെ ആട്ടും തുപ്പും സഹിച്ചു കഴിഞ്ഞ ആ പെണ്‍കുട്ടിയെയും അയാള്‍ ഉള്ളില്‍ ഇഷ്ടപ്പെടിരുന്നതായി അയാള്‍ക്ക് തോന്നി. പിന്നെ അയാളുടെ മകന്‍..വീട്ടില്‍ വിരളമായി വരാറുള്ള സമയത്ത് അതിന്‍റെ കൊഞ്ചലും കളിചിരിയും ഒക്കെ അയാളുടെ വികലമായ വ്യക്തിത്വത്തിന്റെ ഏതോ ഒരു കോണില്‍ കുറെ മധുര വികാരങ്ങള്‍ നല്‍കാന്‍ തുടങ്ങിയിരുന്നു. അതിപ്പോള്‍ ഒരു നൊമ്പരമായി അയാളെ വേദനിപ്പിക്കാന്‍ തുടങ്ങി.

താമസിയാതെ തന്നെ ആതിര മറ്റൊരു വിവാഹം കഴിച്ചു. അതറിഞ്ഞ നിമിഷം സുദേവന് മനസ്സിലായി അയാളുടെ ജീവിതത്തില്‍ ആദ്യമായി കടന്നു വന്ന പെണ്‍കുട്ടിയെ അയാള്‍ക്ക്‌ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന്‌. കോടതി വിധി പ്രകാരം ഇടയ്ക്കിടെ മകനെ കാണുവാനുള്ള അധികാരം സുദേവനും ഉണ്ടായിരുന്നു. അങ്ങിനെ ഇടയ്ക്കിടെ അയാള്‍ സ്കൂളില്‍ പോയി മകനെ കാണുമായിരുന്നു. ഓരോ കണ്ടുമുട്ടലിലും അയാളുടെ നഷ്ടബോധം ശക്തമാകാന്‍ തുടങ്ങി. മനസ്സില്‍ രൂപപെട്ട വ്രണങ്ങള്‍ അയാളെ വല്ലാതെ നോവിക്കാന്‍ തുടങ്ങി. ഉപദേശിക്കാനോ, നേര്‍ വഴി നടത്താനോ അയാള്‍ക്ക് നല്ല സുഹൃത്തുക്കള്‍ പോലും ഉണ്ടായിരുന്നില്ല. നേര്‍വഴി തിരഞ്ഞെടുക്കാത്ത പലരെയും പോലെ സുദേവനും മദ്യത്തിന്റെയും ലഹരിയുടെയും പുറകെ പോയി. വിഷമങ്ങള്‍ മറക്കാന്‍ എന്ന പേരും പറഞ്ഞ്.

ബാങ്കില്‍ ഉണ്ടായിരുന്ന കാശിന്‍റെ ബലത്തില്‍ ജീവിച്ച ജീവിതം പതിയെ ദിശ മാറാന്‍ തുടങ്ങി. ബാങ്കിലെ കാശിന്‍റെ അക്കങ്ങള്‍ കുറഞ്ഞു തുടങ്ങി. ജീവിതം കൈവിട്ടു പോകുന്നത് മനസ്സിലാക്കാന്‍ ലഹരിയില്‍ ആണ്ട മനസ്സ് അയാളെ അനുവദിച്ചും ഇല്ല. അയാളുടെ അലച്ചില്‍ മാസങ്ങള്‍ നീളുന്നവ ആയി. ഒരു ലക്ഷ്യവും ഇല്ലാതെ എവിടെയെങ്കിലും ഒക്കെ അലയുക ഒരു പതിവാക്കി. അതിനിടെ എപ്പോഴെങ്കിലും നാട്ടില്‍ വരുമ്പോള്‍, കുറച്ചു മിട്ടായിയും വാങ്ങി അയാള്‍ മകനെ കാണാന്‍ ചെല്ലും. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരിക്കല്‍ മകനെ കാണാന്‍ സ്കൂളില്‍ ചെന്നപ്പോഴാണ് അയാളുടെ നേരെ മകന്‍ മൂര്‍ച്ച ഏറിയ ഒരു ചോദ്യം ചോദിച്ചത്.

"നിങ്ങള്‍ എന്തിനാ എന്നെ കാണാന്‍ ഇടയ്ക്കിടെ വരുന്നത്. എന്‍റെ അമ്മയ്ക്ക് അതു ഇഷ്ടമല്ല . എനിക്കും . പഴയ കഥകള്‍ ഒക്കെ എനിക്കറിയാം. പണ്ടില്ലാത്ത സ്നേഹം ഇനി എന്തിനാ? "

അന്ന് അയാളുടെ നഷ്ട ബോധം നൂറിരട്ടിയായി. പകുതി ജീവന്‍ നല്‍കി ജനിപ്പിച്ച മകന്‍ ചോദിച്ച ചോദ്യം ശരിയാണെന്ന് അയാള്‍ക്ക്‌ തന്നെ തോന്നി. പിന്നീടുള്ള വരവുകളില്‍ അയാള്‍ മകനെ അടുത്ത് കാണാന്‍ പോയില്ല. അവന്‍റെ സ്കൂളിന്‍റെ അടുത്തുള്ള കടയില്‍ ഇരുന്ന് അവനെ ദൂരെ നിന്നും കണ്ട് സംതൃപ്തി അടയുമായിരുന്നു അയാള്‍. ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതിനെ എല്ലാം ചിരിച്ചും കരഞ്ഞും സ്വീകരിക്കാന്‍ അയാള്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു.

പിന്നീടുള്ള ജീവിതം തികച്ചും ചരട് പൊട്ടിയ പട്ടം പോലെ ആയിരുന്നു. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് അയാള്‍ ചുറ്റിത്തിരിഞ്ഞു . കയ്യിലെ കാശ് തീരാരാവുമ്പോള്‍ പല തരം ജോലികളും ചെയ്തു. ഭാഷ നൈപുണ്യവും പല കാര്യങ്ങളിലും നല്ല അറിവും ഉണ്ടായിരുന്നതിനാല്‍ ജോലി കിട്ടാനൊന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പക്ഷെ അയാള്‍ ഒരിടത്തും സ്ഥിരമായി നിന്നില്ല. സ്ഥിരമായി ഒന്നും ഭൂമിയില്‍ ഇല്ല എന്ന്‌ വാദിക്കുന്ന ഒരു പ്രവാചകനെപ്പോലെ അയാള്‍ അലഞ്ഞു നടന്നു.

ആ അലച്ചില്‍ ആണ് അയാളെ പാടെ മാറ്റിയത്. സ്വഭാവത്തിലും രൂപത്തിലും. മനസ്സില്‍ രൂപം കൊണ്ട നഷ്ടബോധത്തിന്റെ വ്രണങ്ങള്‍ വലുതായിക്കൊണ്ടേ യിരുന്നു. അതയാളുടെ സ്വഭാവത്തെ ഒന്ന് പതം വരുത്തി. അയാളുടെ രൂപവും തിരിച്ചറിയാന്‍ പറ്റാത്ത വിധം മാറി. തുടുത്ത് നിന്ന കവിളുകള്‍ അകത്തേയ്ക്ക് വലിഞ്ഞു. കവിളെല്ലുകള്‍ പുറത്തേയ്ക്ക് തള്ളി നിന്നു. വെളിച്ചം നഷ്ടപ്പെട്ടപോലെ കണ്ണുകളും ഉള്ളിലേക്ക് വലിഞ്ഞു. തടിയും മുടിയും നീണ്ടു. അതൊക്കെ നന്നേ നരയ്ക്കുകയും ചെയ്തു. നല്ല ആരോഗ്യവാനായിരുന്ന അയാളുടെ ശരീരവും ഉടഞ്ഞു താറുമാറായി. അങ്ങനെ ഒരു അസ്ഥിപന്ജരം ആയിതീര്‍ന്ന സമയത്താണ് അയാള്‍ ഒരു ഭിക്ഷാം ദേഹിയെപ്പോലെ രാമപുരത്ത് എത്തുന്നത്‌ . അവിടെ ക്ഷീണിച്ചു ഒരു കടത്തിണ്ണയില്‍ കിടന്നുറങ്ങിയ നേരത്താണ് പോലീസുകാരുമായി വാക്ക് തര്‍ക്കം ഉണ്ടാവുന്നതും സുദേവന്‍ മരിക്കാനായി പുറപ്പെടുന്നതും.

"കഥ കേട്ടു. മരണം ഒന്നിനും ഒരു പോം വഴി അല്ല കുഞ്ഞേ. മനസ്സിലുള്ള ആ പശ്ചാത്താപം ഇല്ലേ...മനസ്സിലെ ആ വ്രണങ്ങള്‍ ഇല്ലേ.. അതാണ്‌ നിനക്ക് ജീവിക്കാന്‍ ഉള്ള ശക്തി നല്‍കാന്‍ കെല്‍പ്പുള്ള വിചാരങ്ങള്‍.. ഇനിയുള്ള ജീവിതം സ്വയം നശിക്കാതെ, മറ്റുള്ളവരെ സഹായിച്ചു ജീവിച്ചുകൂടെ ? "

സുദേവന്റെ നെറ്റിയില്‍ പതിയെ തലോടിക്കൊണ്ട് അമ്മ ചോദിച്ചു. അതിനു മറുപടി ആയി അയാള്‍ പതിയെ തല ആട്ടി. അയാളുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകിക്കൊണ്ടേയിരുന്നു.

"ഇത്ര ഏറെ വിഷമങ്ങള്‍ മനസ്സില്‍ കൊണ്ട് നടന്നിട്ടും ജീവിച്ച നിനക്ക് പോലീസുകാരുടെ അടി കൊണ്ടപ്പോള്‍ എന്തേ മരിക്കാന്‍ തോന്നി? പറയണം എന്നില്ല. ഒരു കൌതുകത്തിന് ചോദിച്ചതാണ്" .

അമ്മ ശാന്തമായി ചോദിച്ചു. ഒരു പൊട്ടിക്കരച്ചിലായിരുന്നു അതിനുള്ള മറുപടി. അമ്മയുടെ കൈകള്‍ വീണ്ടും നെറ്റിയില്‍ പിടിച്ചു വെച്ചു അയാള്‍ കരഞ്ഞു.

" അമ്മെ..അതൊരു വെറും പോലീസുകാരന്‍ അല്ലായിരുന്നു. ആ ഇന്‍സ്പെക്ടര്‍ എന്‍റെ മകന്‍ ആണ്. അവന്‍റെ മുഖം ഞാന്‍ എങ്ങനെ മറക്കാന്‍ ആണ്. എന്‍റെ പകുതി ജീവനല്ലേ അവന്‍? എന്‍റെ രൂപവും ഭാവവും ഒക്കെ മാറിക്കാണും. അവന്‍ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ എന്നറിയില്ല.. എന്നാലും അവന്‍ എന്‍റെ അടുത്ത് വന്ന് എന്നെ അടിച്ചപ്പോള്‍ ആ കണ്ണുകളില്‍ ഒരു തീജ്വാല ഞാന്‍ കണ്ടു. പകയുടെയും വെറുപ്പിന്റെയും ഒരു തീജ്വാല പോലെ തോന്നി. എന്നെ അറിഞ്ഞിട്ടും അറിയാത്ത പോലെ നടിച്ചു അവന്‍ പെരുമാറിയ പോലെ തോന്നി. അതെനിക്ക് താങ്ങാന്‍ ആയില്ല. പിന്നെ എന്തിനു ജീവിക്കണം എന്ന്‌ തോന്നി.. "

"മതി...ഇനി ഉറങ്ങിക്കോളൂ. ജിവിതം തീര്‍ന്നിട്ടില്ല. ഒരു പക്ഷെ ഒരു തുടക്കം ആവാം ഇത്. ഞാനും ഈ ആശ്രമവും ഒക്കെ അതിനുള്ള ഒരു നിമിത്തം മാത്രം ആയിരിക്കും. കഴിഞ്ഞതിനെക്കുറിച്ചു ഓര്‍ത്തു വിഷമിക്കാതെ നാളെകള്‍ മറ്റുള്ളവര്‍ക്ക് ഇത്തിരി ആശ്വാസം പകരുന്ന തരത്തില്‍ എങ്ങനെ ഉപയോഗിക്കാം എന്ന്‌ ചിന്തിച്ചു കൂടെ? ഈശ്വരനെ ധ്യാനിച്ച്‌ കിടന്നോളൂ. "

അയാളുടെ നെറ്റിയില്‍ കൈ വെച്ചു ധ്യാനിച്ച ശേഷം അമ്മ ഉറങ്ങാന്‍ പോയി. നാളുകള്‍ക്കു ശേഷം അയാളുടെ മനസ്സ് ശാന്തമായി. ആരോ അടുത്തിരുന്നു തലോടുന്നപോലെ അയാള്‍ക്ക് തോന്നി. കുട്ടിക്കാലത്ത് പോലും കിട്ടാത്ത അമ്മയുടെ തലോടല്‍ ഒരു സ്വപ്നത്തില്‍ എന്നപോലെ അയാള്‍ അനുഭവിക്കാന്‍ തുടങ്ങി. നീറുന്ന വ്രണങ്ങളെ ഉണക്കാന്‍ ശക്തിയുള്ള ആ തലോടല്‍ ഏറ്റു വാങ്ങി അയാള്‍ ഉറങ്ങി. നാളെ ഒരു പുതിയ ജീവിതത്തിലേക്ക് ഉണരാനായി.

ജോസ്
ബാംഗ്ലൂര്‍
25 - മാര്‍ച്ച്‌ - 2012

(ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ )

2012 ജനുവരി 22

സൈക്കിള്‍ ...





'ഇക്കണക്കിനു പോയാല്‍ താമസിയാതെ ഒരു ലോറി നിറയെ കാശും കൊണ്ട് പോയാലും ഒരു ലിറ്റര്‍ പെട്രോള്‍ പോലും കിട്ടില്ല. എന്‍റെ ഭഗവതീ .. ആളുകള്‍ എങ്ങനെ ജീവിക്കാനാ? '

ഞായറാഴ്ച രാവിലെ തന്നെ പത്ര വായന കഴിഞ്ഞപ്പോള്‍ രാജീവന്റെ പ്രതികരണം ഇതായിരുന്നു. എപ്പോഴൊക്കെ പെട്രോള്‍ വില കൂടിയിട്ടുണ്ടോ അപ്പോഴൊക്കെ അയാള്‍ ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എപ്പോഴത്തെയും പോലെ അന്നും അയാള്‍ പത്ര വായന കഴിഞ്ഞ്, തന്റെ ഡയറിയും എടുത്തു വെച്ച് കണക്കു കൂട്ടാന്‍ തുടങ്ങി.

'ചേട്ടാ ..ഇതെന്താ..രാവിലെ തന്നെ ഡയറിയും കൊണ്ട് ഇരുപ്പായോ? '. രാജീവനുള്ള ചായയും കൊണ്ട് വന്ന ഭാര്യ ലീല അയാളോട് ചോദിച്ചു.

'എടീ ..നിനക്കെന്തറിയാം. കുടുംബ ബഡ്ജറ്റ് പിടിച്ചാല്‍ കിട്ടുന്നില്ല. മാസം പകുതി കഴിഞ്ഞതെ ഉള്ളൂ. ബാങ്കിലെ ബാലന്‍സ് കമ്മിയാണ്. എവിടെയെങ്കിലും എന്തെങ്കിലും ചിലവുകള്‍ കുറച്ചേ പറ്റൂ. ഈ വിലക്കയറ്റത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ അല്ലാതെ വേറെ വഴിയില്ല. സ്കൂട്ടര്‍ വിറ്റിട്ട് ഒരു സൈക്കിള്‍ എടുത്താലോ എന്ന് ആലോചിക്കുകയാ. അതിനും വേണം ഒരു മൂവായിരം നാലായിരം രൂപ.'

കുറെ ദിവസങ്ങള്‍ ആയി അയാള്‍ വീട്ടിലെ വരവ് ചെലവു കണക്കുകള്‍ കുറിച്ച ഡയറിയും എടുത്തു വച്ച് ചിന്തിക്കാന്‍ തുടങ്ങിയിട്ട്. വീടിന്റെ ലോണും, പിള്ളേരുടെ പഠനത്തിനുള്ള ചെലവും, വീട്ടിലെ മറ്റു ചെലവുകളും ഒക്കെ ആയപ്പോള്‍ , തന്റെ ഒരാളുടെ ശമ്പളം കൊണ്ട് ഒന്നും ആകുന്നില്ല എന്ന് അയാള്‍ക്ക്‌ തോന്നാന്‍ തുടങ്ങിയിട്ട് കുറെ നാളായി. അതിനാല്‍ ചെലവു ചുരുക്കാനുള്ള വഴികള്‍ ആലോചിച്ചാണ് മിക്ക ദിവസങ്ങളിലും അയാളുടെ ദിവസങ്ങള്‍ തുടങ്ങുന്നതും തീരുന്നതും.

'ചേട്ടാ ..പ്രഭ ചേച്ചിയെ കണ്ടിട്ട് രണ്ടാഴ്ച ആയില്ലേ. നമുക്ക് ഇന്നവിടെ പോയാലോ? ' അടുക്കളയില്‍ നിന്നും ലീല വിളിച്ചു ചോദിച്ചു.

'ആ...പോകാം. ഉച്ചക്ക് ശേഷം ആകട്ടെ' . അയാള്‍ അലസമായി മറുപടി പറഞ്ഞിട്ട് ഡയറിയില്‍ കണ്ണും നട്ട് ഇരുന്നു.

പെട്ടെന്നാണ് രാജീവന് ചെലവു ചുരുക്കാനുള്ള ഒരു വഴി മുന്നില്‍ തെളിഞ്ഞത്. വലിയ ചെലവു ചുരുക്കല്‍ ഒന്നും അല്ലെങ്കിലും പല തുള്ളി പെരുവള്ളം എന്ന് പറഞ്ഞ പോലെ , ചെറിയ ചെറിയ കാര്യങ്ങളില്‍ ചെലവു ചുരുക്കിയാല്‍ അതൊക്കെ കൂടി ഒരു വലിയ തുക ആവും എന്നു അയാള്‍ക്കറിയാം. പ്രഭയെക്കുറിച്ച് സംസാരിച്ചപ്പോഴാണ്, അവള്‍ക്കു ചെലവിനായി മാസാമാസം കൊടുക്കുന്ന തുക ഒന്ന് കുറച്ചാലോ എന്ന ചിന്ത അയാളുടെ മനസ്സില്‍ വന്നത്.

രാജീവന്റെയും, അനുജന്‍ സഹദേവന്റെയും അനിയത്തി ആണ് പ്രഭ. ചെറുപ്പത്തില്‍ പോളിയോ വന്ന് പ്രഭയുടെ കാലുകള്‍ രണ്ടും തളര്‍ന്നിരുന്നു. ഒരു വീല്‍ ചെയറില്‍ ആണ് പ്രഭ അന്നുമുതല്‍ ജീവിക്കുന്നത്. അവരുടെ അച്ഛനും അമ്മയും ജീവിച്ചിരുന്നപ്പോള്‍ എല്ലാവരും ഒരുമിച്ചായിരുന്നു താമസം.പിന്നീട് രാജീവന്‍ കല്യാണം കഴിച്ച് ബോംബെയിലേക്ക് താമസം മാറി. അന്നയാള്‍ക്ക് അവിടെ നല്ല ജോലിയും ഉണ്ടായിരുന്നു. കുടുംബ വീട് സഹദേവനാണ് കിട്ടിയത്. നാലഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സഹ ദേവന്റെ കല്യാണവും കഴിഞ്ഞു. അത് കഴിഞ്ഞു രണ്ടു വര്‍ഷങ്ങള്‍ കഴിഞപ്പോള്‍, അവരുടെ അച്ഛനും അമ്മയും മരണപ്പെട്ടു. പ്രഭ, സഹദേവന്റെ കൂടെ കുടുംബ വീട്ടില്‍ താമസം തുടര്‍ന്നു.

അതിനിടെ സാമ്പത്തിക മാന്ദ്യം ഒക്കെ വന്നപ്പോള്‍ രാജീവന്റെ നല്ല ജോലി നഷ്ടപ്പെട്ടു. പിന്നെ നാട്ടില്‍ വന്ന് ഒരു ഇടത്തരം കമ്പനിയില്‍ ജോലി നോക്കി വരികയാണ് അയാള്‍ . രാജീവനും സഹദേവനും കൂടി പ്രഭയുടെ കാര്യത്തില്‍ ഒരു തീരുമാനം എടുത്തിരുന്നു. പ്രഭ, സഹ ദേവന്റെ കൂടെത്തന്നെ നില്‍ക്കട്ടെ എന്നവര്‍ തീരുമാനിച്ചു. പക്ഷെ പ്രഭയുടെ കാര്യങ്ങള്‍ നോക്കുന്നതിനായി, രാജീവനും ഒരു തുക അയാളുടെ പങ്കായി നല്‍കാം എന്ന് പറഞ്ഞു. അന്ന് മുതല്‍ എല്ലാ മാസവും ഒരു ആയിരം രൂപ അയാള്‍ പ്രഭയുടെ കയ്യില്‍ കൊണ്ട് കൊടുക്കുമായിരുന്നു.

സഹദേവന് ഇപ്പോള്‍ പ്രമോഷന്‍ ഒക്കെ കിട്ടി നല്ല നിലയില്‍ ആണ്. അത് വെച്ച് നോക്കിയാല്‍ രാജീവന്‍ കൊടുക്കുന്ന ആയിരം രൂപ ഇല്ലെങ്കിലും പ്രഭയുടെ കാര്യങ്ങള്‍ ഒക്കെ നന്നായി നടക്കും. ആയിരത്തിനു പകരം അതൊരു അഞ്ഞൂറായി കുറച്ചാല്‍ കുഴപ്പം ഒന്നും ഇല്ല. മാസച്ചെലവില്‍ അഞ്ഞൂറ് രൂപ ലാഭിക്കുക എന്ന് പറഞ്ഞാല്‍ വലിയ കാര്യം അല്ലേ. അയാള്‍ അങ്ങനെ ചിന്തിച്ചു.

'എടീ ലീലേ ..ഞാന്‍ ആലോചിക്കുവായിരുന്നു...പ്രഭയ്ക്കു മാസാമാസം കൊടുക്കുന്ന ആയിരം രൂപയില്‍ നിന്നും അഞ്ഞൂറ് കുറച്ചാലോ എന്ന്. സഹദേവന് ഇപ്പോള്‍ നല്ല ശമ്പളം ഇല്ലേ. ഞാനല്ലേ കുറച്ചു കഷ്ടപ്പെടുന്നത്. നിനക്ക് എന്ത് തോന്നുന്നു ?'

'ഞാന്‍ ഇത് ചേട്ടനോട് പറയാം എന്ന് എത്ര വട്ടം കരുതിയതാ. പിന്നെ ചേട്ടന് വല്ലതും തോന്നിയാലോ എന്ന് കരുതി ഞാന്‍ പറഞ്ഞില്ല. എന്തായാലും സഹദേവനോടും പ്രഭയോടും ഒന്ന് പറഞ്ഞു നോക്ക്. '

ഞായറാഴ്ച ഉച്ച കഴിഞ്ഞു രാജീവനും ലീലയും പിള്ളേരും കൂടി കുടുംബ വീട്ടിലേക്കു പോയി. ഒരു കൈനെറ്റിക് ഹോണ്ട സ്കൂട്ടറില്‍ ആയിരുന്നു യാത്ര. സ്കൂട്ടറില്‍ പെട്രോള്‍ അടിക്കുമ്പോള്‍ അയാള്‍ പിള്ളേരോടായി പറഞ്ഞു.

'മക്കളെ..ഇനി സ്കൂട്ടറില്‍ അധികം കറക്കം കാണില്ല കേട്ടോ. അച്ഛന്‍ ഇത് വിറ്റിട്ട് ഒരു സൈക്കിള്‍ എടുക്കാന്‍ പോവുകയാ. പെട്രോള്‍ അടിച്ചടിച്ച് ഇപ്പോള്‍ വീട്ടില്‍ അരി വാങ്ങാന്‍ കാശില്ലാത്ത അവസ്ഥ വരികയാണ്. പിന്നെ ഇതേ വഴിയുള്ളൂ. '

അര മണിക്കൂറത്തെ യാത്രക്ക് ശേഷം അവര്‍ കുടുംബ വീട്ടില്‍ എത്തി. അവിടെ സഹദേവനും കുടുംബവും പ്രഭയും ഒക്കെ ഉണ്ടായിരുന്നു. അവരൊക്കെ ചേര്‍ന്ന് കുടുംബ വിശേഷവും നാട്ടു വര്‍ത്തമാനവും ഒക്കെ പറയാന്‍ തുടങ്ങി. എങ്ങനെയെങ്കിലും ചെലവു ചുരുക്കല്‍ വിഷയം ഒന്ന് അവതരിപ്പിക്കാന്‍ അവസരം നോക്കി ഇരിക്കുകയായിരുന്നു രാജീവന്‍. അപ്പോഴാണ്‌ ടീ. വീയില്‍ വന്ന വാര്‍ത്തയില്‍ പെട്രോള്‍ വില വീണ്ടും കൂട്ടാന്‍ സാധ്യത ഉണ്ടെന്നു പറഞ്ഞു കേട്ടത്. ഇത് തന്നെ അവസരം എന്നോര്‍ത്തു രാജീവന്‍ പറഞ്ഞു തുടങ്ങി.

'എന്‍റെ പ്രഭെ..വയ്യ...ഈ കൂടെക്കൂടെ ഉള്ള വിലകയറ്റം എന്‍റെ നടുവൊടിക്കുകയാണ്. ഈ ചെലവൊക്കെ കഴിഞു മാസം അവസാനിക്കാറാവുമ്പോള്‍ എന്‍റെ കയ്യില്‍ കാശൊന്നും മിച്ചം വരുന്നില്ല. ചെലവു ചുരുക്കാനുള്ള വഴികള്‍ ഒക്കെ ആലോചിച്ചു തല പുകച്ചിട്ടും ഒരിടത്തും എത്തുന്നില്ല. ഈ സ്കൂട്ടറും വിറ്റിട്ട് ഒരു സൈക്കിള്‍ വാങ്ങിയാലോ എന്നാലോചിച്ചു. അതിനും വേണമല്ലോ മൂവായിരമോ നാലായിരമോ വില. പണ്ടത്തെ സൈക്കിളിന്റെ വില അല്ലല്ലോ ഇന്ന്. '

'ചേട്ടന്‍ സത്യമായിട്ടും പറഞ്ഞതാണോ അത്. ഇത്ര നാള്‍ സ്കൂടര്‍ ഓടിച്ച ആള്‍ ഇനി സൈക്കിള്‍ ഓടിക്കുമോ? ' പ്രഭ ചോദിച്ചു.

'സത്യമാണ് പ്രഭേ . സൈക്കിളിനെന്താ ഒരു കുഴപ്പം. ഞാന്‍ എത്ര ഓടിച്ചിട്ടുള്ളതാ. പെട്രോള്‍ വില കയറ്റം നേരിടാന്‍ ഇതല്ലാതെ വേറെന്താ ഒരു വഴി? '

'എന്നാല്‍ ചേട്ടന്റെ പഴയ സൈക്കിള്‍ ഇവിടെ ഇരിപ്പുണ്ടല്ലോ. അതെടുത്തൂടെ? '

'പഴയ സൈക്കിളോ? അതിവിടെ ഇപ്പോഴും ഇരുപ്പുണ്ടോ? അത് ഞാന്‍ പണ്ട് ഉപയോഗിച്ച് കൊണ്ടിരുന്നതല്ലേ? അതൊക്കെ തുരുമ്പിച്ചു നാശം ആയിക്കാണും പ്രഭേ. ഞാന്‍ കരുതി അതൊക്കെ എപ്പോഴേ ആക്ക്രിക്കച്ചവടക്കാര്‍ക്ക് എടുത്തു കൊടുത്തു കാണും എന്ന് '

'ഇല്ല ചേട്ടാ.. ചേട്ടന്‍ അകത്തു മുറിയില്‍ പോയി നോക്കിക്കേ. ഞാന്‍ ഇപ്പോഴും അതിനെ തുടച്ചു മിനുക്കി വെയ്ക്കാറുണ്ട്‌. ആരും അത് ഉപയോഗിക്കാറില്ലെങ്കില്‍ പോലും. '

കുറച്ചു അത്ഭുതത്തോടെ അത് കേട്ട ശേഷം രാജീവന്‍ സഹദേവന്റെ മകള്‍ ഉപയോഗിക്കുന്ന അകത്തുള്ള മുറിയില്‍ പോയി നോക്കി. അയാളുടെ പഴയ ഹെര്‍ക്കുലീസ് സൈക്കിള്‍ ഇപ്പോഴും തുരുമ്പിക്കാതെ അവിടെ ഇരുപ്പുണ്ടായിരുന്നു. സന്തോഷത്തോടെ അയാള്‍ അതിന്റെ ഹാന്റിലിലും വീലിലും ഒക്കെ തൊട്ടു നോക്കി. അതെല്ലാം കാലം ഇത്ര ആയിട്ടും നന്നായി തന്നെ ഇരുപ്പുണ്ട്‌. ടയറുകള്‍ രണ്ടും മാത്രം മാറ്റേണ്ടി വരും.

രാജീവന്‍ പഠിച്ചു കൊണ്ടിരുന്ന സമയത്താണ് ആ സൈക്കിള്‍ വാങ്ങിയത്. ഏകദേശം ഇരുപത്തി അഞ്ചു വര്‍ഷം മുന്‍പ്. അന്ന് കോളേജില്‍ പോകാനും, ട്യൂഷന്‍ എടുക്കാന്‍ പോകാനും ഒക്കെ ആ സൈക്കിളില്‍ ആണ് പൊയ്ക്കൊണ്ടിരുന്നത്. എന്നും വൈകിട്ട് വന്ന ശേഷം സൈക്കിള്‍ തുടച്ചു വെയ്ക്കുക അയാളുടെ പതിവായിരുന്നു. അന്നൊരിക്കല്‍ സൈക്കിള്‍ തുടച്ചു കൊണ്ടിരിക്കെ പ്രഭ വീല്‍ ചെയറില്‍ അയാളുടെ അടുത്ത് വന്ന് അതൊക്കെ നോക്കി ഇരുന്നു . അന്നവള്‍ക്ക് പതിമൂന്നു വയസ്സ് കാണും. അയാള്‍ക്ക്‌ ഇരുപതും .

'പ്രഭേ..നിനക്ക് ഈ സൈക്കിള്‍ എന്നും തുടച്ചു വെയ്ക്കാമോ? ആഴ്ചയില്‍ ഒരിക്കല്‍ കുറച്ചു എണ്ണയും ഇടണം. വെറുതെ വേണ്ട. ഞാന്‍ നിനക്ക് ദിവസവും മൂന്നു രൂപ വെച്ച് തരാം. അങ്ങനെ മാസാവസാനം എല്ലാം ചേര്‍ത്തു നൂറായി നിന്റെ കയ്യില്‍ താം. എന്താ .സമ്മതം ആണോ? '

അയാള്‍ കളിക്ക് ചോദിച്ചതാണെങ്കിലും ഒരു ചിരിയോടെ പ്രഭ സമ്മതിച്ചു. അന്ന് മുതല്‍ മുടങ്ങാതെ പ്രഭ അയാളുടെ സൈക്കിള്‍ തുടച്ചു വെയ്ക്കുമായിരുന്നു. വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് തന്നാല്‍ കഴിയുന്ന രീതിയില്‍ അവള്‍ അത് ഭംഗിയായി ചെയ്തു പോന്നു. മാസാവസാനം രാജീവനും പ്രഭയ്ക്കു നൂറു രൂപ കൊടുക്കുമായിരുന്നു. അത് വാങ്ങുമ്പോള്‍ അവളുടെ കണ്ണില്‍ വരുന്ന ആ സന്തോഷം കാണുമ്പോള്‍ രാജീവനും സന്തോഷിക്കുമായിരുന്നു.

കല്യാണം കഴിക്കുന്നതിനു മുന്‍പേ തന്നെ രാജീവന്‍ പക്ഷെ സൈക്കിള്‍ ഉപേക്ഷിച്ചു സ്കൂട്ടറില്‍ ആയി യാത്ര. ബോംബെയില്‍ ജോലി കൂടി ആയപ്പോള്‍ അയാള്‍ സൈക്കിളിന്റെ കാര്യം പാടെ മറന്നു. പിന്നെ കല്യാണം, വീട് മാറല്‍ , പുതിയ ജോലി, ജീവിത പരാധീനതകള്‍ ഇതൊക്കെ ആയപ്പോള്‍ അങ്ങനെ ഒരു സൈക്കിള്‍ ഉണ്ടെന്ന കാര്യം തന്നെ അയാള്‍ മറന്നിരുന്നു. ആ സൈക്കിള്‍ തന്നെയാണ് ഇപ്പോഴും അതിന്റെ ഭംഗി നഷ്ട്ടപ്പെടാതെ പ്രഭ സൂക്ഷിച്ചു വെച്ചിരിക്കുന്നത്.

അപ്പോഴേക്കും വീല്‍ ചെയര്‍ പതിയെ ഉരുട്ടി പ്രഭ അവിടേക്ക് വന്നു.

'ഇപ്പൊ ചേട്ടന് വിശ്വാസം വന്നോ? ഞാന്‍ ഇത് തുടയ്ക്കുന്നത് ഒരു ദിവസം പോലും മുടക്കിയിട്ടില്ല കേട്ടോ. വല്ല പനി വന്ന് ഒട്ടുംഅനങ്ങാന്‍ വയ്യാതെ കിടപ്പായാല്‍ മാത്രമേ ഞാന്‍ ചെയ്യാതെ ഇരിന്നിട്ടുള്ളൂ. അല്ലെങ്കില്‍ എല്ലാ ദിവസവും ഞാന്‍ രാവിലെ തന്നെ ഇത് തുടച്ചു വെയ്ക്കും. സഹദേവന്‍ ചേട്ടന്‍ എന്നെ അതും പറഞ്ഞു കളിയാക്കും. എന്നാലും ഞാന്‍ അത് എന്നാല്‍ കഴിയും വിധം തുടച്ചു വെയ്ക്കും. ചേട്ടന് അത്രയ്ക്ക് പ്രിയം ആയിരുന്നില്ലേ ഈ സൈക്കിള്‍ '

ആ സൈക്കിളില്‍ നോക്കി നിന്നപ്പോള്‍ രാജീവന്റെ മനസ്സില്‍ എന്തോ ഒരു ഭാരം നിറഞ്ഞു. ഒപ്പം പ്രഭയുടെ വാക്കുകള്‍ കൂടി കേട്ടപ്പോള്‍ അയാളുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. ആ കണ്ണുകളിലെ നനവ്‌ തിരിച്ചറിഞ്ഞിട്ടാവണം പ്രഭ ചോദിച്ചു.

'അയ്യോ ..ഇതെന്താ ചേട്ടാ...പഴയ സൈക്കിള്‍ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞോ? അത് കൊള്ളാമല്ലോ? '

രാജീവന്‍ ആലോചിച്ചു. പഴയ സൈക്കിള്‍ കണ്ടിട്ടാണോ കണ്ണുകള്‍ നനഞ്ഞത്‌? അതോ സ്വന്തം സ്വാര്‍ഥത ഓര്‍ത്തിട്ടോ?. പാവം പ്രഭയ്ക്കുള്ള ആയിരം രൂപ വീണ്ടും കുറച്ച് സ്വന്തം കുടുംബ ബഡ് ജറ്റ് ശരിയാക്കാന്‍ ഉള്ള തന്റെ തീരുമാനം ഒരു തരം സ്വാര്‍ഥത അല്ലേ എന്ന് അയാളുടെ മനസ്സ് തന്നെ ചോദിച്ചു. അതെ സമയം ഒന്നും പ്രതീക്ഷിക്കാതെ പ്രഭ അന്ന് മുതല്‍ ഇന്ന് വരെ ആ സൈക്കിളിനെ കാത്തു സൂക്ഷിച്ചിരിക്കുന്നു. ഒരു കേടും കൂടാതെ.

തിരികെ വീടിന്റെ വാരന്തയിലേക്ക് വന്നപ്പോള്‍ പ്രഭ ചോദിച്ചു.

'ചേട്ടന്‍ സൈക്കിള്‍ കൊണ്ട് പോകുന്നുണ്ടോ. ഇപ്പോള്‍ സ്കൂട്ടറില്‍ അല്ലേ വന്നത്. പിന്നെങ്ങനെ കൊണ്ട് പോകും? '

'ഞാന്‍ മറ്റന്നാള്‍ വന്നു എടുത്തോണ്ട് പോകാം പ്രഭേ'

കുറച്ച് നേരം കഴിഞ്ഞു അയാള്‍ കുടുംബ വീട്ടില്‍ നിന്നും യാത്ര പറഞ്ഞ് ഇറങ്ങി. തിരികെ അയാളുടെ വീട്ടിലേക്കു സ്കൂട്ടറില്‍ പോകുമ്പോള്‍ , ലീല അയാളോട് ചോദിച്ചു.

'എന്താ ചേട്ടാ ..പ്രഭ ചേച്ചിക്കുള്ള പൈസ കുറയ്ക്കുന്ന കാര്യം സംസാരിക്കാം എന്ന് പറഞ്ഞിട്ട്..എന്തേ പറയാത്തത്?

കുറച്ചു നേരം അയാള്‍ ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു.

'വേണ്ട ലീലേ. എനിക്കത്രയും സ്വാര്‍ത്ഥന്‍ ആവാന്‍ വയ്യ. അവള്‍ എന്‍റെ അനിയത്തി അല്ലേ. അവള്‍ക്കു വേണ്ടി ഞാന്‍ മനസ്സില്‍ ഉറപ്പിച്ച പൈസയില്‍ നിന്നും എടുത്ത് എനിക്ക് ചെലവു ചുരുക്കണ്ട. അങ്ങനെ ആലോചിച്ചത് തന്നെ തെറ്റായി എന്ന് ഇപ്പോള്‍ തോന്നുന്നു. ചെലവു ചുരുക്കാന്‍ ഞാന്‍ വേറെ എന്തെങ്കിലും വഴി കണ്ടു പിടിച്ചോളാം. '

അത് പറഞ്ഞപ്പോള്‍ അയാളുടെ മനസ്സില്‍ ഭാരം ഇല്ലായിരുന്നു. മാസ ചെലവുകളെ ക്കുറിച്ചുള്ള ചിന്തകളും ഇല്ലായിരുന്നു. പക്ഷെ കണ്‍ പീലികളെ നനയ്ക്കുന്ന ഒരു ചെറു നനവ്‌ അപ്പോഴും അയാളുടെ കണ്ണില്‍ തങ്ങി നിന്നിരുന്നു.


ജോസ്
ബാംഗ്ലൂര്‍
22- ജനുവരി - 2012
(ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍ )

2012 ജനുവരി 14

പാപകര്‍മ്മം



ഗിരീഷേട്ടന്‍ കുറെ താമസിച്ചേ വരൂ എന്ന് ഫോണ്‍ ചെയ്തു പറഞ്ഞിരുന്നതിനാല്‍ ഞാനും മോനും നേരത്തെ തന്നെ ഭക്ഷണം കഴിച്ചു. ഗിരീഷേട്ടന്‍ വരുമ്പോള്‍ ചിലപ്പോള്‍ രാത്രി ഒരു മണി കഴിയും. പാത്രങ്ങള്‍ ഒക്കെ കഴുകിയിട്ട് കിടക്കാം എന്ന് വിചാരിച്ച് അടുക്കളയില്‍ കയറിയതും, ഗിരീഷേട്ടന്റെ അമ്മ കയര്‍ത്തു പറഞ്ഞു.

"എന്തിനാ മോളെ ഇപ്പൊ നീ അടുക്കളയില്‍ കയറുന്നെ? ഈ നിറഞ്ഞ വയറും വെച്ചോണ്ട് എന്തിനാ കഷ്ട്ടപ്പെടുന്നെ?അതിനൊക്കെയല്ലേ ഞാന്‍ ഇവിടെ ഉള്ളത്? നീ ആ ചെക്കനേയും വിളിച്ചോണ്ട് നേരത്തെ പോയി കിടക്ക്‌ "

ഞാന്‍ വീണ്ടും ഒരു കുഞ്ഞിന്റെ അമ്മ ആകാന്‍ പോകുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ ഗിരീഷേട്ടന്റെ അമ്മ വീട്ടില്‍ ഉണ്ട്. എന്‍റെ അമ്മയേക്കാള്‍ ഏറെ എന്‍റെ കാര്യത്തില്‍ ശ്രദ്ധയാണ് അവര്‍ക്ക്. അതൊക്കെ കാണുമ്പോള്‍ സന്തോഷത്തേക്കാള്‍ ഏറെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ആധിയും മനസ്സില്‍ നിറയും. ജീവിതം പഠിപ്പിച്ചിരിക്കുന്നത് അതാണല്ലോ? ഒന്നിനെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്ന സത്യം.

ഉറങ്ങാനായി മുറിയിലേക്ക് ഉന്തിയ വയറും താങ്ങിപ്പിടിച്ചു ചെല്ലുമ്പോള്‍ , എന്‍റെ മോന്‍ സന്ദീപ്‌ ഏതോ ഒരു കളിപ്പാട്ടം വെച്ച് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവന് ആറു വയസ്സുണ്ട്. ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ഞാന്‍ കിടക്കയിലേക്ക് പതിയെ കിടന്നതും, അവന്‍ കളിപ്പാട്ടം മാറ്റി വച്ചിട്ട് എന്‍റെ അടുത്തേക്ക് വന്നു എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ അവന്റെ നെറുകയില്‍ വെറുതെ ഒന്ന് തടവിയിട്ട് ഒരു ഉമ്മ കൊടുത്തു.

"അമ്മേടെ ചക്കര മോന്‍ ഒറങ്ങിക്കോ. നാളെ സ്കൂളില്‍ പോവണ്ടേ? "

ആ ചോദ്യം അവന്‍ കേട്ടില്ല. മറിച്ച്, കുറെ നേരത്തെ ആലോചനയ്ക്ക് ശേഷം അവന്‍ എന്നോടൊരു ചോദ്യം ചോദിച്ചു. എന്‍റെ വയറില്‍ കൈ വെച്ച ശേഷം.

"അമ്മേ..ഇതിനകത്ത് ..അനിയനാണോ? അതോ അനിയത്തിയോ? ഇതേവരെ അമ്മയ്ക്ക് അറിയാന്‍ പറ്റിയില്ലേ? "

"അമ്മയ്ക്കറിയില്ല മോനൂ. ഭഗവാന്‍ ആരെത്തന്നാലും അമ്മ കൈ നീട്ടി വാങ്ങും. മോന് ആരെ വേണമെന്നാണ് ആഗ്രഹം? "

"എനിക്കും... ആരായാലും മതി അമ്മേ. എന്നാലും അനിയത്തി ആണേല്‍ കുറച്ചുകൂടി ഇഷ്ടമാ. അനിയത്തി ആണേല്‍ ഞാന്‍ അവളെ കുളിപ്പിക്കുകയും പൊട്ടൊക്കെ ഇടീപ്പിക്കുകയും ചെയ്തോട്ടെ അമ്മെ? "

ഞാന്‍ അവനെ വീണ്ടും കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു. പിന്നെ കുറെ കഥകള്‍ പറഞ്ഞു കൊടുത്തു. കഥകളും പാട്ടും ഒക്കെ കേട്ട് അവന്‍ ഉറങ്ങുമ്പോള്‍ , മനസ്സ് കാരണമില്ലാതെ പിടഞ്ഞു. പഴയ ഓര്‍മ്മകള്‍ ശല്യപ്പെടുത്തിയത് കൊണ്ടാവാം.

കഴിഞ്ഞ വര്‍ഷം ഇതുപോലൊരു ദിവസം മോനൂട്ടന്‍ എന്നോട് ചോദിച്ചിരുന്നു. മറ്റൊരു ചോദ്യം

"അമ്മെ എനിക്ക് മാത്രം ചേട്ടനും ചേച്ചിയും അനിയനും അനിയത്തിയും ഒന്നും ഇല്ലല്ലോ. അതെന്താ അമ്മെ? എനിക്ക് മാത്രം കളിക്കാന്‍ ആരും ഇല്ല. "

ആ ചോദ്യം അവന്‍ പല വട്ടം ആവര്‍ത്തിച്ചപ്പോള്‍ ആണ് വീണ്ടും ഒരു കുഞ്ഞു വേണം എന്ന കാര്യം ഞാന്‍ ഗിരീഷേട്ടനോട് പറഞ്ഞത്. കുറച്ചു മാസങ്ങള്‍ക്ക് ശേഷം, ഡോക്ടറിന്റെ അടുത്ത് പോയപ്പോള്‍ വേണ്ടും അമ്മയാകാന്‍ പോകുകയാണ് എന്ന കാര്യം ഞാന്‍ അറിഞ്ഞു. അന്ന് ഞാന്‍ മോനൂട്ടനോട് പറഞ്ഞു.

"മോനൂ.നിനക്ക് കൂടെ കളിക്കാന്‍ ഒരാള്‍ കൂടി വരുന്നുണ്ട്"

"ആരാ അമ്മെ? "

"അതെ..അമ്മേടെ വയറ്റില്‍ ഒരു കുഞ്ഞു വാവ വളരുന്നുണ്ട്‌. ആ വാവ പുറത്തു വരുമ്പോള്‍ മോനൂട്ടന് കളിക്കാന്‍ ആളാകുമല്ലോ. നീ അല്ലേ എപ്പോഴും പറയാറ് കളിക്കാന്‍ ആരും ഇല്ലാ എന്ന്. "

അന്നെന്നെ അവന്‍ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. എന്നിട്ട് ചോദിച്ചു

"അത് അനിയനാണോ അനിയത്തിയാണോ അമ്മെ? "

അന്നും ഞാന്‍ പറഞ്ഞു.

"അത് അമ്മയ്ക്ക് അറിയില്ല മോനെ "

മോന്‍ നല്ല ഉറക്കം ആയി. രാത്രി പതിനൊന്നു മണി കഴിഞ്ഞു. എനിക്ക് ഉറക്കം വന്നില്ല. അപ്പോഴും മനസ്സില്‍ അവന്റെ ചോദ്യവും, പിന്നെ കുറെ പൊള്ളുന്ന ഓര്‍മ്മകളും ഓടിക്കളിച്ചു. ഒന്‍പതു വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങളും.

അന്ന് കല്യാണം കഴിഞ്ഞു ഗിരീഷേട്ടനോടൊപ്പം മദ്രാസിലെ അടയാര്‍ എന്ന സ്ഥലത്ത് ഒരു വീട്ടില്‍ താമസിക്കുന്ന സമയം. സന്തോഷത്തിന്റെ പാരമ്യതയില്‍ ജീവിതം പോകുന്ന കാലം. കല്യാണം കഴിഞ്ഞ് ഏഴു മാസം കഴിഞ്ഞപ്പോഴാണ് ഞാന്‍ അമ്മയാകാന്‍ പോകുന്ന കാര്യം അറിഞ്ഞത്. അന്നുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. പിറ്റേ ആഴ്ച തന്നെ ഗിരീഷേട്ടന്റെ അമ്മ ഞങ്ങളുടെ കൂടെ താമസിക്കാന്‍ വന്നു. എന്‍റെ പരിചരണത്തിനായി.

രണ്ടു മൂന്നു മാസങ്ങള്‍ കടന്നു പോയി. പിറക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ മുഴുകി ആണ് ഞാന്‍ സമയം കളഞ്ഞിരുന്നത്. കുഞ്ഞിനുള്ള ഉടുപ്പ് തുന്നലും, പേര് എന്തിടും എന്ന ആലോചനയും ഒക്കെ ആയി സമയം പോയി. ഒരു ദിവസം ഗിരീഷേട്ടന്‍ എന്നോട് പറഞ്ഞു.

"വനജേ..നീ ഒരുങ്ങിക്കോ. ഇന്ന് ഡോക്ടര്‍ ശെല്‍വരാജന്റെ അടുത്ത് പോകണം. അപ്പോയിന്റ്മെന്റ് ഉള്ളതാ"

"അതെന്തിനാ ഏട്ടാ.? നമ്മള്‍ സ്ഥിരമായി കാണിക്കുന്നത് ആ ഡോക്ടറെ അല്ലല്ലോ? "

"ഇതൊരു സ്കാനിംഗ് ചെയ്യാനാ വനജേ. മറ്റേ ഡോക്ടര്‍ തന്നെയാണ് റെഫര്‍ ചെയ്തിരിക്കുന്നത്. "

അങ്ങനെ ഞാന്‍ ഗിരീഷേട്ടന്‍ പറഞ്ഞതനുസരിച്ച് ഡോക്ടര്‍ ശെല്‍വരാജിന്റെ ക്ലിനിക്കില്‍ ഗിരീഷേട്ടന്റെ ഒപ്പം പോയി. അന്ന് ഒരു അള്‍ട്രാ സൌണ്ട് സ്കാന്‍ എടുത്തു. ജീവിതം മാറി മറിക്കുന്ന ഒരു സംഭവം ആവും അതെന്നു ഞാന്‍ കരുതിയില്ല.

മൂന്നാല് ദിവസങ്ങള്‍ക്കു ശേഷം ഗിരീഷേട്ടന്‍ വീട്ടില്‍ വന്ന ശേഷം അമ്മയോട് ദീര്‍ഘ നേരം സംസാരിക്കുന്നത് കണ്ടു. ഞാന്‍ അവരുടെ ഇടയിലേക്ക് പോയതെ ഇല്ല. കുറച്ചു കഴിഞ്ഞു ഗിരീഷേട്ടന്‍ എന്നോട് വന്നിട്ട് പറഞ്ഞു.

"വനജേ..ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നിനക്ക് വിഷമം തോന്നരുത്. "

"എന്താ ഏട്ടാ ..പറഞ്ഞോളൂ. "

ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ഗിരീഷേട്ടന്‍ പറഞ്ഞ വാക്കുകള്‍ ഇടിത്തീ പോലാണ് മനസ്സില്‍ വീണത്‌.

"വനജേ..ഇത് പെണ്‍കുട്ടിയാണ്. നമുക്ക് ഈ കുഞ്ഞു വേണ്ട. ഒരു ആണ്‍കുട്ടി വേണമെന്നാണ് എനിക്കും വീട്ടുകാര്‍ക്കും ഒക്കെ ആഗ്രഹം"

കുറച്ചു നേരത്തേയ്ക്ക് എനിക്ക് ഒന്നും പറയാന്‍ പറ്റിയില്ല. അത്രയ്ക്ക് ഞാന്‍ സ്തബ്ധയായിപ്പോയി. എന്നേ സ്നേഹിക്കുന്ന , ഞാന്‍ സ്നേഹിക്കുന്ന, വിദ്യാഭ്യാസം ഏറെ ഉള്ള എന്‍റെ ഭര്‍ത്താവാണോ ഒരു നികൃഷ്ട ജീവിയെപ്പോലെ ആ ചോദ്യം എന്നോട് ചോദിച്ചത്? പതിയെ ഷോക്കില്‍ നിന്നും മോചിതയായ ഞാന്‍, മനസ്സില്‍ പതഞ്ഞു വന്ന ദേഷ്യം മുഴുവന്‍ വാക്കുകളിലും നോട്ടത്തിലും ആയി പുറത്തെടുത്തു.

വാക്ശരങ്ങളും, സ്വര ചേര്‍ച്ചയും ഭീഷണികളും പിന്നെ പതിവായി. ഗിരീഷേട്ടന്റെ അമ്മ കാണിച്ച സ്നേഹം ഏതു തരത്തിലേത് ആണെന്ന് എനിക്ക് നന്നായി മനസ്സിലായി. പിറക്കാന്‍ പോകുന്നത് പെണ്ണാണെങ്കില്‍ പിന്നെ ഇവളെ എന്തിനു പരിചരിക്കണം എന്നായി അവരുടെ മട്ട്. ഞാന്‍ ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല. പ്രസവം അലസിപ്പിക്കാന്‍ പലകുറി എന്നെ അവരെല്ലാം നിര്‍ബന്ധിച്ചെങ്കിലും, ഞാന്‍ വഴങ്ങാതെ പിടിച്ചു നിന്നു.

ഒരു ദിവസം അമ്മയും ഗിരീഷേട്ടനും കൂടി എന്നോട് ഷോപ്പിങ്ങിനു വരാന്‍ പറഞ്ഞു. എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ് ഷോപ്പിംഗ്‌. അത് കൊണ്ട് ഞാനും കൂടെ പോയി. മദ്രാസിലെ വലിയ ഷോപ്പിംഗ്‌ മോളിലെ കാഴ്ചകളും മറ്റും കണ്ടു സന്തോഷിച്ചു നടക്കുകയായിരുന്നു ഞാന്‍. മൂന്നാമത്തെ നിലയില്‍ നിന്നും താഴേക്ക് ഇറങ്ങാന്‍ നേരം, എസ്കലേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. പടി ഇറങ്ങാന്‍ വേണ്ടി മുകളിലത്തെ പടിയില്‍ കാലു വെച്ചതും , പുറകില്‍ നിന്നും ആരോ എന്നെ തള്ളിയിട്ടപോലെ തോന്നി. എന്‍റെ ബാലന്‍സ് തെറ്റി. ഞാന്‍ പടികളിലൂടെ ഉരുണ്ടു താഴേക്കു വീണു. ആളുകളുടെ അലര്‍ച്ചയും, ആംബുലന്‍സിന്റെ സയറണിന്റെ ശബ്ദവും പിന്നെ മരുന്നുകളുടെ ഗന്ധവും ആണ് കുറെ നേരം കഴിഞ്ഞ് എനിക്ക് തിരിച്ചറിയാന്‍ പറ്റിയത്.

സങ്കടത്തിന്റെ പടു കുഴിയിലെക്കുള്ള എന്‍റെ വീഴ്ച ആയിരുന്നു അത്. വീഴ്ചയുടെ ആഘാതം വയറില്‍ വളരുന്ന കുഞ്ഞിനെ സാരമായി ബാധിച്ചതിനാല്‍ ആ ജീവന്‍ വെളിയില്‍ വരും മുന്‍പേ പൊലിഞ്ഞു . അതോ ആക്കിയതോ? എനിക്കറിയില്ല. എന്നെ ഡിസ്ചാര്‍ജ് ചെയ്തപ്പോഴാണ് ഞാന്‍ ഡോക്ടര്‍ ശെല്‍വ രാജിന്റെ ആശുപത്രിയില്‍ ആയിരുന്നു എന്നറിഞ്ഞത്. പിന്നൊന്നും ചോദിച്ചില്ല. എല്ലാം പകല്‍ പോലെ വ്യക്തം ആയി എനിക്ക്. ഞാന്‍ ഭ്രാന്തിന്റെ വക്കില്‍ എത്തിയ പോലെ ആയി. എന്‍റെ പരിചരണത്തിനായി ഗിരീഷേട്ടനും, അമ്മയും, എന്‍റെ അമ്മയും , ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു. ആരോടും ഞാന്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ല. ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത നാളുകള്‍ ആയിരുന്നു അത് . വിഷാദ രോഗം പിടികൂടിയ ആ നിമിഷങ്ങളില്‍ ഞാന്‍ ആലോചിക്കുമായിരുന്നു.

"ഗിരീഷേട്ടന്റെ അമ്മയുടെ മുഖത്തെ വിഷാദത്തിന്റെ പുറകില്‍ ഗൂഢമായ ഒരു സന്തോഷം ഇല്ലേ? "
അന്ന് പടിയില്‍ കാല്‍ തെറ്റി വീഴുമ്പോള്‍ എന്‍റെ തൊട്ടു പുറകില്‍ അമ്മയും ഗിരീഷേട്ടനും അല്ലേ ഉണ്ടായിരുന്നത്. പുറകില്‍ നിന്നു എന്നെ ആരോ തള്ളിയിട്ടതല്ലേ? "

ഒന്നും ആരോടും പറഞ്ഞില്ല. പറഞ്ഞാല്‍ ആര് വിശ്വസിക്കാന്‍. എന്നെ മനോരോഗിയാക്കാനേ അത് സഹായിക്കൂ. വേദനകള്‍ ഒക്കെ ഉള്ളില്‍ ഒതുക്കി. കാലം വേദനകള്‍ മായ്ക്കും എന്ന് പറയാറുണ്ടെങ്കിലും ആ സംഭവം എന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ ഒരു മുറിവുണ്ടാക്കി. ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവ്.

ഏകദേശം ഒന്നര വര്‍ഷം കഴിഞ്ഞാണ് ഞാന്‍ മാനസികമായി ആ പഴയ വനജ ആയത്. മോനെ ഗര്‍ഭം ധരിക്കുന്നതും അത് കഴിഞ്ഞാണ്. അത്തവണയും ഗിരീഷേട്ടന്‍ ഡോക്ടര്‍ ശെല്‍വരാജിന്റെ അടുത്ത് എന്നെ കൊണ്ട് പോകാന്‍ നോക്കി. നിയമ വിരുദ്ധമായി , ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗ നിര്‍ണ്ണയം നടത്തുന്ന അയാളുടെ ക്ലിനിക്കില്‍ പോകാന്‍ ഞാന്‍ വിസമ്മതിച്ചു. മോനെ പ്രസവിക്കും വരെ എനിക്ക് കണ്ണും കാതും രണ്ടല്ലായിരുന്നു.. നാലോ.എട്ടോ..അതിലേറെയോ. ഒന്നിനെയും ആരെയും ഞാന്‍ വിശ്വസിച്ചില്ല. ഉദരത്തില്‍ ഇരിക്കുന്ന കുഞ്ഞിനെ കൊല്ലാന്‍ നടക്കുന്നവര്‍ ആണ് ചുറ്റും എന്ന് എനിക്ക് തോന്നി. ഏറെ കരുതലോടെ തന്നെ ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ അതിനെന്നെ ഏറെ സഹായിക്കുകയും ചെയ്തു. ഭഗവാന്റെ അനുഗ്രഹം കൊണ്ട് അല്ലലൊന്നും കൂടാതെ മോനെ പ്രസവിച്ചു. പിറന്നത്‌ മകനാണ് എന്നറിഞ്ഞപ്പോള്‍ ഏട്ടനും അമ്മയ്ക്കും വീട്ടുകാര്‍ക്കും ഒക്കെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം ആയിരുന്നു. പിന്നീട് എനിക്ക് കിട്ടിയ പരിചരണത്തിലും ഞാന്‍ ആ മാറ്റം കണ്ടു. ആണ്‍ കുഞ്ഞിനു മാത്രം കിട്ടുന്ന സ്നേഹം. സ്നേഹത്തിന്റെ ഭാഷയ്ക്കും ഉള്ള ലിംഗ വിവേചനം.

"നീ ഇതേ വരെ ഉറങ്ങിയില്ലേ വനജേ. "

മുറിയിലേക്ക് വന്ന ഗിരീഷേട്ടന്റെ വാക്കുകള്‍ എന്നെ ഓര്‍മ്മയില്‍ നിന്നും ഉണര്‍ത്തി.

വസ്ത്രം മാറുന്നതിനിടയില്‍ ഗിരീഷേട്ടന്‍ പറഞ്ഞു.

"നാളെ ഡോക്ടര്‍ കല്‍പ്പനയുടെ അടുത്തു പോകണം. സ്കാനിംഗ് ഉള്ളതാ. "

അതിലെ ധ്വനി തിരിച്ചറിഞ്ഞ ഞാന്‍ പറഞ്ഞു.

"എന്തിനാ ഏട്ടാ? കുട്ടി പെണ്ണാണെങ്കില്‍ വേണ്ടാ എന്ന് പറയാനാണോ? പിറക്കാനിരിക്കുന്ന കുഞ്ഞിനെ വയറ്റില്‍ വച്ചേ കൊല്ലുന്ന കല്‍പ്പനമാരുടെയും, ശെല്‍വരാജുമാരുടെയും അടുത്തേയ്ക്ക് ഞാനില്ല . കുഞ്ഞു പെണ്ണായാലും ആണായാലും ഭഗവാന്റെ വരം തന്നെ ആണ്. ഇവരൊക്കെ ചെയ്യുന്ന പാപകര്‍മ്മതിനു ഞാനില്ല കൂട്ട്. "



ജോസ്
ബാംഗ്ലൂര്‍
15- Jan -2012


(ചില ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്തവയാണ് )

2011 ഓഗസ്റ്റ് 27

വെല്യ വെല്ല്യപ്പച്ചന്‍ ...


മാവേലിക്കരയിലെ വല്യപുരയ്ക്കല്‍ കുടുംബത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയാണ് അന്തോണി വല്യപ്പന്‍. വല്യപ്പന്റെ മക്കളും അവരുടെ മക്കളും പിന്നെ അവരുടെയും മക്കളായ കുറെ ചെറിയ "വിത്തുകളും " ചേര്‍ന്നതാണ് ആ കുടുംബം. ആയ കാലത്തെ ഒരു സിംഹം ആയിരുന്നു കാര്‍ന്നോര്. ഇപ്പോള്‍ വയസ്സ് തൊണ്ണൂറ്റി അഞ്ചു കഴിഞ്ഞതോടെ മിക്ക സമയവും ചാരു കസേരയിലോ കട്ടിലിലോ ആണ് വല്യപ്പന്റെ ജീവിതം. പല്ലും മുടിയും ഒക്കെ എന്നേ കൊഴിഞ്ഞു. ഉള്ള മുടിയോ നരച്ച് വെള്ളി നൂല് പോലെ ആയി. ഒരു എല്ലില്‍ കൂട് പോലാണ്‌ കാര്‍ന്നോരുടെ ഇരുപ്പ്. ചിലപ്പോള്‍ മക്കളും കൊച്ചു മക്കളും ഒക്കെ വന്നിരിക്കുമ്പോള്‍ അവരുടെ ഒപ്പം ടി. വി കാണാന്‍ വന്നിരിക്കും. അങ്ങനെ വന്നിരുന്ന ഒരു ദിവസം അല്ലേ വീട്ടിലെ കാന്താരിയായ ആറു വയസ്സുകാരന്‍ ഷയ്നു കാര്‍ന്നോരെ കുഴക്കുന്ന ചോദ്യം ചോദിച്ചത്.

ടി. വി യില്‍ I.P.L ക്രിക്കറ്റ് നടക്കുകയായിരുന്നു. കാര്‍ന്നോരുടെ മകന്‍ തോമാച്ചനും, തോമാച്ചന്റെ മകന്‍ ജോര്‍ജും, അയാളുടെ ഭാര്യ ഗ്രേസിയും ഒക്കെ ടി.വി യുടെ മുന്‍പില്‍ ആകാംഷാഭരിതരായി ഇരുന്നു കളി കാണുകയാണ്. ജോര്‍ജിന്റെ മകന്‍ ഷയ്നു കാര്‍ന്നോരുടെ അടുത്ത് വന്നു നിന്നിട്ട് ചോദിച്ചു..

"വെല്ല്യ വെല്യപ്പാ ..വെല്ല്യ വല്യപ്പന്‍ ക്രിക്കറ്റ് കളിക്കുമോ ? " ഞാന്‍ ഇതേ വരെ കണ്ടിട്ടില്ലല്ലോ

വല്യപ്പന്‍ ഒരു കുലുങ്ങിച്ചിരിയോടെ പറഞ്ഞു

"എടാ മോനെ..എനിക്ക് ഇവിടുന്നു എണീക്കാന്‍ മേലാ . പിന്നെങ്ങനാടാ ഞാന്‍ ക്രിക്കറ്റ് കളിക്കുന്നെ ? ആട്ടെ ..നീ എന്നാത്തിനാ അങ്ങനെ ചോദിച്ചേ? "

"അതേ..ഇന്ന് രാവിലെ പപ്പായുടെ കൂടെ വെളിയില്‍ പോയപ്പോള്‍ അപ്പുറത്തെ അനീസ്‌ അങ്കിള്‍ വെല്ല്യ വെല്യപ്പായെക്കുറിച്ച് ചോദിച്ചപ്പോ ..പപ്പാ പറഞ്ഞല്ലോ ..കെളവന്‍ സെഞ്ച്വറി അടിച്ചിട്ടേ പോവൂ എന്ന്. ക്രിക്കറ്റില്‍ അല്ലെ സെഞ്ച്വറി ഒക്കെ ഉള്ളത് ? "

"പല്ലില്ലാത്ത മോണ കാട്ടി കാര്‍ന്നോര്‍ കുലുങ്ങിക്കുലുങ്ങി ചിരിച്ചു. കള്ളമില്ലാത്ത കുഞ്ഞു മനസ്സില്‍ നിന്നുമുള്ള ചോദ്യത്തിലെ നര്‍മ്മം കാര്‍ന്നോര്‍ നന്നായി ആസ്വദിച്ചു. പക്ഷെ അതൊക്കെ കേട്ട തോമാച്ചനും, ജോര്‍ജിനും പക്ഷെ , നല്ല തണുപ്പുള്ള ദിവസമായിട്ടും , വിയര്‍ത്തു കുളിക്കുന്ന പോലെ തോന്നു.

ജോസ്
ബാംഗ്ലൂര്‍
27-08-2011


2011 ജൂൺ 11

മിന്നാമിനുങ്ങുകളും ..കുറെ ലോക സത്യങ്ങളും...


ഓഫീസില്‍ നിന്നും വീട്ടില്‍ ‍ എത്തിയ ഉടന്‍ ഭാര്യാമണിയുടെ നീരസം നിറഞ്ഞഒരു കമന്റു വന്നു ...

" ദേണ്ടെ ..പുന്നാര മോന്‍ ‍ സ്കൂളീന്ന് ടീച്ചറുടെ അടീം മേടിച്ചു വന്നിരിക്കുന്നു. ഈ ചേട്ടനാ അവനെ കൊഞ്ചിച്ചു വഷളാക്കുന്നത്. "

അത് കേട്ട് തല കുമ്പിട്ടു മേശയുടെ അരികില്‍ ഇരിക്കുകയായിരുന്നു അഞ്ചാംക്ലാസ്സുകാരനായ എന്റെ പുത്രന്‍. ഞാന്‍ ‍ അവന്‍റെ അടുത്ത് ചെന്നിരുന്നു. എന്നിട്ട്തലയില്‍‍ പതിയെ തലോടിക്കൊണ്ട് ‍ ചോദിച്ചു.

"മോനൂട്ടാ ...അമ്മ പറയുന്നത് സത്യമാണോ? എന്തിനാ മോനെ ടീച്ചര്‍ ‍ അടിച്ചേ ? "

കുറെ നേരം ഒന്നും മിണ്ടാതെ ഇരുന്ന ശേഷം അവന്‍ പതിയെ പറഞ്ഞു.

"അത് പിന്നെ പപ്പാ..അനൂപുമായി വഴക്കിട്ടതിനാ ടീച്ചര്‍ ‍ അടിച്ചേ "

"നീയെന്തിനാ അനൂപുമായി വഴക്കിട്ടെ?."

"അത്.. അത്.. ഞാന്‍ ശരണ്യക്ക് ചോക്കലെട്റ്റ് കൊടുത്തപ്പോള്‍ ‍ അനൂപ്‌ അത് തട്ടിപ്പറിച്ചു.."

"അപ്പോള്‍ ‍ മോന്‍ എന്ത് ചെയ്തു? "

"ഞാന്‍ ‍ അവന്‍റെ മൂക്കിടിച്ചു പരത്തി". ഒരു ചെറു ചിരിയോടെ ആണ് അവന്‍ അത് പറഞ്ഞത്‍

"മോനൂട്ടാ.. മോന്‍ ‍ ആ ചെയ്തത് ഒട്ടും ശരിയല്ല. ആരെയും നമ്മള്‍ ‍ അങ്ങനെ ഉപദ്രവിക്കാന്‍ ‍ പാടില്ല. അതൊന്നും നല്ല കുട്ടികള്‍ ‍ ചെയ്യുന്ന കാര്യം അല്ല. ഇനി മേലാല്‍ അച്ഛന്‍റെ മോന്‍ ‍ അങ്ങനെ ഒന്നും ചെയ്യരുത് കേട്ടോ. "

അവനെ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചു സോഫയില്‍ ഇരുന്നപ്പോള്‍ ‍ മനസ്സ് ഒരുമുപ്പത്തി അഞ്ചു വര്‍ഷം പുറകി ലോട്ട് പോയി. വിത്ത്‌ ഗുണം പത്ത് എന്ന പഴമൊഴിയെ ഓര്മ്മിപ്പിക്കുന്ന കുറെ കാര്യങ്ങള്‍ ‍ അങ്ങനെ മനസ്സിലേക്ക് ഓടിയെത്തി.
‍ ‍

അന്ന്
ഞാന്‍ അഞ്ചില്‍ ‍ പഠിക്കുന്നു. സ്കൂളിലെ പഠിപ്പിക്കല്‍ ‍ ഒട്ടും പോരാ എന്ന് തോന്നിയതിനാലാവണം അച്ഛന്‍ എന്നെ വീട്ടിനടുത്തുള്ള സുകുമാരന്‍ സാറിന്‍റെ അടുത്ത് ട്യൂഷന് ചേര്‍ത്തു . സ്കൂളീന്ന് വന്നാല്‍ ‍ ഉടന്‍ ‍ സാറിന്റെ വീട്ടില്‍ ‍ പോകണം. അവിടത്തെ പഠിത്തം കഴിഞ്ഞ് വീട്ടില്‍ ‍ തിരികെ വരുമ്പോള്‍ ‍ ഏകദേശം ഏഴുമണി ആവും. പിന്നെ അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണം ചൂടോടെ കഴിക്കുക, അനിയത്തിയോട് വഴക്കിടുക, എന്തൊക്കെയോ പഠിച്ചെന്നു വരുത്തിക്കൂട്ടാനായിപുസ്തകം എടുത്തു വച്ച് ഉറക്കെ കുറെ നേരം വായിക്കുക , എന്നിങ്ങനെയുള്ള വിനോദങ്ങള്‍ ‍ കഴിഞ്ഞാല്‍ ‍ ഉറങ്ങുക.. ഇതായിരുന്നു ദിവസവും ഉള്ള ചിട്ടകള്‍ .

‍സ്കൂളിലും ട്യൂഷന്‍ സ്ഥലത്തും എന്‍റെ ഏറ്റവും നല്ല കൂട്ടുകാരന്‍ ‍ ആയിരുന്നുവിഷ്ണു. മിക്കവാറും ഞങ്ങള്‍ ഒരുമിച്ചാവും വരവും പോക്കും. അവന്‍റെ വീട് എന്‍റെ വീടിന്‍റെ കുറച്ചടുത്താണ്. വിഷ്ണുവിന് അറിഞ്ഞുകൂടാത്തതായി ഒരുകാര്യവും ഇല്ല. എന്ത് ചോദിച്ചാലും വിഷ്ണുവിന്റെ കയ്യില്‍ അതിനുള്ള ഉത്തരം കാണും. ആ കാരണം കൊണ്ട് തന്നെ ഞാന്‍ ‍ എല്ലാ കാര്യങ്ങളും അവനോടു ചോദിച്ചിട്ടേ ചെയ്യുമായിരുന്നുള്ളൂ.


ഒരു
ദിവസം ട്യൂഷന്‍ കഴിഞ്ഞു എല്ലാവരും വീട്ടിലേക്കു പോവും മുന്‍പേ , ഞാന്‍ എന്‍റെ ബാഗില്‍ ‍ നിന്നും ഒരു കുപ്പി പുറത്തെടുത്ത് എല്ലാവരെയും കാണിച്ചു.‍‍

"ഇത് കണ്ടോ... രണ്ടു മിന്നാ മിനുങ്ങുകള്‍. ഇന്നലെ വീട്ടീന്ന് പിടിച്ചതാ. "

നേരം സന്ധ്യ ആയിത്തുടങ്ങിയിരുന്നതിനാല്‍ , മിന്നാ മിനുങ്ങുകളുടെ വെളിച്ചം നന്നായി കാണാമായിരുന്നു. കൂട്ടുകാരൊക്കെ അതിനെ കാണാന്‍ ആകാംഷയോടെ എന്‍റെ അടുത്തേയ്ക്ക് വന്നു. ഞാന്‍ ‍ അഭിമാനത്തോടെ അവരെയൊക്കെ അത്കാണിച്ചു. അതൊക്കെ കഴിഞ്ഞ് വീട്ടിലേക്കു നടന്നു പോവുകയായിരുന്നു ഞാന്‍ ‍. വിഷ്ണു അവന്‍റെ വീടെത്തിയപ്പോള്‍ ‍ യാത്ര പറഞ്ഞു പിരിഞ്ഞു. ഇനി രണ്ടു ഇടവഴികള്‍ കൂടി കഴിഞ്ഞാല്‍‍ എന്‍റെ വീടാവും. ഞാന്‍ മുന്‍പോട്ടു നടന്നു. പെട്ടെന്ന് പുറകില്‍ ‍ നിന്നും ഒരു കിളി നാദം കേട്ടു . ‍

"അനന്തൂ.. "

ഞാന്‍ തിരിഞ്ഞു നോക്കി. ട്യൂഷന്‍ ക്ലാസ്സില്‍ വരുന്ന മീര എന്ന പെണ്‍കുട്ടി ആയിരുന്നു എന്നെ പേരെടുത്തു വിളിച്ചത്. വലിയ നുണക്കുഴികള്‍ ‍ ഉള്ള അവള്‍ എന്‍റെ വീടും കഴിഞ്ഞു രണ്ടു മൂന്ന് ഇടവഴികള്‍‍ക്കപ്പുറം ആയിരുന്നു താമസിച്ചിരുന്നത്. ട്യൂഷന്‍ ക്ലാസ്സില്‍ ‍ വെച്ച് ഞാന്‍ ‍ അവളോട്‌ അധികമൊന്നും സംസാരിച്ചിട്ടെ ഇല്ല. കാണുമ്പോള്‍ ചിരിക്കും..അത്ര തന്നെ.
‍ ‍

"എന്താ മീരേ?" ഞാന്‍ തിരിഞ്ഞു നിന്നിട്ട് ചോദിച്ചു


"അദെനിക്ക് തര്വോ? "

"ഏത്? "

"അനന്തുവിന്റെ കയ്യിലെ ആ കുപ്പി.. മിന്നാ മിനുങ്ങില്ലേ .അതുള്ള കുപ്പി .."


ഒരു
സുന്ദരി പെങ്കൊച്ചു മുന്‍പില്‍ വന്നു നിന്ന് ചിരിച്ചോണ്ട് വല്ലതും ചോദിച്ചാല്‍ ‍ , ചാടിക്കയറി ഒന്നും ആലോചിക്കാതെ ചോദിച്ചത് കൊടുക്കാന്‍ ‍ തുനിയുന്നവന്‍ കുരുക്കിലാവും എന്നാ ലോക സത്യം ഞാന്‍ ‍ അറിയാന്‍ പോവുകയായിരുന്നു. പക്ഷെ അത് അന്നേരം മനസ്സിലായിട്ടില്ലായിരുന്നതിനാല്‍, ഞാന്‍ ‍ സന്തോഷത്തോടെപറഞ്ഞു..
‍

"പിന്നെന്താ ...ദേ . എടുത്തോ."

‍ ഞാന്‍ ബാഗ് തുറന്നു കുപ്പി എടുത്തു മീരയ്ക്ക് കൊടുത്തു. ആഗ്രഹിച്ച സാധനംകിട്ടിയതിലുള്ള അതിയായ സന്തോഷം ഞാന്‍ ‍ ആ കണ്ണുകളില്‍ കണ്ടു. കുറെ നേരം സന്തോഷത്തോടെ അവള്‍ കുപ്പിയിലെ മിന്നാ മിനുങ്ങുകളെ നോക്കി നിന്നു.

" നല്ല രസോണ്ട് അനന്തൂ .."

" ഇനി വേണേലും ഞാന്‍ ‍ പിടിച്ചു തരാം. എന്‍റെ വീട്ടില്‍ ‍ ഒത്തിരി മിന്നാമിനുങ്ങുകള്‍ ഉണ്ടല്ലോ. "

(ആ പറഞ്ഞത് ആനക്കള്ളം ആയിരുന്നു. സ്വയം ചെയ്യാന്‍ ‍ കഴിയാത്ത ഒരു കാര്യംചെയ്യാം എന്ന് കണ്ണുമടച്ചു പറയുന്നവന്‍ എപ്പോഴെങ്കിലും കുരുക്കിലാവും എന്നലോക സത്യവും ഞാന്‍ ‍ അറിയാന്‍ ‍ പോകുകയായിരുന്നു) .

"സത്യാണോ? എനിക്കിനീം കൊണ്ടത്തരാമോ?" മീര നുണക്കുഴികള്‍ കാട്ടി കെഞ്ചി.

"മീരയ്ക്ക് എത്രണ്ണം വേണം?" അവളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കാന്‍ കഴിവുള്ള ആളാണ്‌ ഞാന്‍ ‍ എന്ന ഭാവത്തില്‍ ‍ ഞാന്‍ ‍ അവളോട് ചോദിച്ചു.
‌

"എനിക്ക് പത്തു മിന്നാ മിനുങ്ങുകളെ വേണം. ". മീര രണ്ടു കൈപ്പത്തികളും വിടര്‍ത്തി എന്നോട് പറഞ്ഞു.
‍

" ശരി നാളെത്തന്നെ കൊണ്ടത്തരാം ..ട്ടോ .. "

ഞാനത് പറഞ്ഞതും മീര എന്‍റെ അടുത്തു വന്ന് എന്‍റെ കവിളില്‍ ‍ ഒരു മുത്തംതന്നു. ഞാന്‍ അത് ഒട്ടും പ്രതീക്ഷിച്ചില്ല . ഹോ.. ഒന്നും അറിയാത്ത പ്രായംആയിരു

ന്നെങ്കിലും ഞാന്‍ ‍ പുളകിത ഗാത്രനായി. ( പുളകിത ഗാത്രന്‍ ‍ എന്ന വാക്കിന്‍റെ അര്‍ഥം മലയാളം സാര്‍ പിന്നീടെപ്പോഴോ പറഞ്ഞു തന്നപ്പോള്‍ മനസ്സിലാക്കാന്‍ എനിക്ക് ഒട്ടും പ്രയാസം ഉണ്ടായിരുന്നില്ല )

തിരികെ വീട്ടില്‍ പോകും വഴി ഞാന്‍ ഓര്‍ത്തു ‌. മീരയ്ക്ക് വലിയ ആളായി വാക്ക് കൊടുത്തു. പക്ഷെ പത്തു മിന്നാ മിനുങ്ങുകളെ എവിടുന്നു പിടിക്കാനാ. ഇന്നലെ കുപ്പിയില്‍ ‍ ഉണ്ടായിരുന്നത് തന്നെ കുമാരന്‍ മാമന്‍റെ മോന്‍ മനോജേട്ടന്‍ കൊണ്ടുത്തന്നതാ. എന്‍റെ വീട്ടില്‍ മിന്നാ മിനുങ്ങു പോയിട്ട് ഒരു മണ്ണാങ്കട്ടയും ഇല്ല. പിന്നെ എന്ത് ചെയ്യും? വിഷ്ണുവിനോട് ചോദിച്ചാലോ? അവന് അറിയാമായിരിക്കും മിന്നാ മിനുങ്ങുകള്‍ എവിടെ കിട്ടും എന്ന്. സ്കൂള്‍ ബാഗ് കട്ടിലിലേയ്ക്ക് എറിഞ്ഞിട്ടു ഞാന്‍ ‍ അമ്മയോട് ഉറക്കെ പറഞ്ഞു.‍ ‍

"അമ്മെ.. ഞാന്‍ ‍ വിഷ്ണുവിന്‍റെ വീട്ടില്‍ പോയിട്ട് ഇപ്പൊ വരാം. "

"എന്തിനാടാ ഈ സന്ധ്യക്ക്‌ പോവുന്നെ.. ഇപ്പൊ ‍ അവന്‍റെ കൂടെ ട്യൂഷന്പോയിട്ട് വന്നതല്ലേ ഉള്ളൂ" . അമ്മ ചോദിച്ചു .

"ഒരു ബുക്ക് കൊടുത്തത് തിരികെ വാങ്ങാന്‍ മറന്നു അമ്മെ. നാളെ ചെയ്യാനുള്ള കണക്കുകള്‍ അതിലാ." അതും വാങ്ങി ഞാന്‍ ‍ ഉടനെ വരാം . അങ്ങനെ ഒരു കൊച്ചുകള്ളം പറഞ്ഞിട്ട് ഞാന്‍ ‍ വിഷ്ണുവിന്റെ വീട്ടിലേക്കു ഓടി. കാര്യം കേട്ടുകഴിഞ്ഞപ്പോള്‍ വിഷ്ണു പറഞ്ഞു.

"നിനക്കെന്താടാ അവള്‍ക്കു മിന്നാ മിനുങ്ങുകളെ പിടിച്ചു കൊടുക്കാന്‍ ‍ ഇത്ര തിടുക്കം ? "‍

ഞാന്‍ ഒന്നും പറയാതെ ചിരിച്ചതെ ഉള്ളൂ . പിന്നെ അവന്‍ പറഞ്ഞു .

"വഴിയുണ്ട് അനന്തൂ. നമുക്ക് വയലിന്‍റെ അടുത്ത് പോവാം. അവിടെ കുറെ മിന്നാ മിനുങ്ങുകളെ കിട്ടും. "

ഞാനും വിഷ്ണുവും ഉടനെ വയലിന്‍റെ അടുത്ത് പോയി ഇരുന്നെങ്കിലും കുറെനേരം കഴിഞ്ഞിട്ടും ആകെ നാല് മിന്നാ മിനുങ്ങുകളെ മാത്രമേ കിട്ടിയുള്ളൂ.

"ഇവിടെ ഇത്രയേ ഉള്ളൂ അനന്തൂ . ഇനി വേണേല്‍ അങ്ങ് ദൂരെയുള്ള വയലില്‍ പോകണം ".

"നാലെങ്കില്‍ നാല്. തല്‍കാലം ഇത് മതി വിഷ്ണൂ ."ഞാന്‍ ‍ അതിനെ ഒക്കെ ഭദ്രമായി ഒരു കുപ്പിയിലാക്കി, ഉടുപ്പിനകത്ത് ഒളിപ്പിച്ചു വച്ചിട്ട് വീട്ടിലേക്കു തിരികെവന്നു

പിറ്റേന്ന്
വൈകിട്ടാവാന്‍ ഞാന്‍ ‍ കാത്തിരുന്നു. ട്യൂഷന്‍ ‍ കഴിഞ്ഞു എല്ലാവരും ഇറങ്ങിയതും ഞാന്‍ മീരയുടെ അടുത്തു പോയി, മിന്നാ മിനുങ്ങുകളെ പിടിച്ചിട്ട കുപ്പി അവളുടെ നേരെ നീട്ടി .

"ദേ മീരേ ..മിന്നാമിനുങ്ങുകള്‍ പത്തെണ്ണം കിട്ടീല്ല. നാലെണ്ണമേ കിട്ടിയുള്ളൂ"

സന്തോഷത്തോടെയുള്ള ഒരു ചിരി പ്രതീക്ഷിച്ചു നിന്ന എന്നെ അവള്‍ ‍ പറഞ്ഞ മറുപടി, വിഷമിപ്പിക്കുകയും, കരച്ചിലിന്‍റെ വക്കോളം എത്തിക്കുകയുംചെയ്തു.

"അയ്യേ ..അനന്തു പറഞ്ഞു പറ്റിക്കുന്ന ആളാണല്ലേ.. പത്തെണ്ണം കൊണ്ടത്തരാം എന്ന് പറഞ്ഞിട്ട് നാലെണ്ണം അല്ലെ കൊണ്ട്വന്നുള്ളൂ . പക്ഷെ വിഷ്ണു എനിക്ക് ഇരുപതു മിന്നാ മിനുങ്ങുകളെ കൊണ്ടത്തന്നല്ലോ" .

അതും പറഞ്ഞു അവള്‍ ‍ ബാഗില്‍ ‍ നിന്നും ഒരു വലിയ കുപ്പി പുറത്തെടുത്തു. അതില്‍ ‍ നിറയെ മിന്നാമിനുങ്ങുകള്‍ ആയിരുന്നു.

അതിന്‍റെ
വെളിച്ചം, തുളുമ്പാന്‍ ‍ വെമ്പി നില്‍കുന്ന എന്‍റെ കണ്ണുകളില്‍ ‍ തട്ടി പ്രതിഫലിച്ചത് അവള്‍ ‍ കണ്ടായിരുന്നു എന്തോ? ഞാന്‍ ‍ ഒന്നും പറയാതെ വിഷമിച്ച് അവിടെ നിന്നു.. അപ്പോഴാണ്‌ പുറകില്‍ നിന്ന് വാ പൊത്തി ചിരിക്കുന്ന വിഷ്ണുവിനെ കണ്ടത്.

‍ കൂട്ടുകാരന്‍ വഞ്ചിച്ചതിലുള്ള വിഷമം, പിന്നെ ഇന്നലെ കൊഞ്ചി സംസാരിച്ച ഒരു പെങ്കൊച്ച് , ഇന്ന് കാലുമാറി കളിയാക്കിയതിലുള്ള സങ്കടം ..ഒക്കെക്കൂടി ഒരുമിച്ചു വന്നപ്പോള്‍ ‍ എനിക്കൊട്ടും സഹിച്ചില്ല. തോളത്തെ ബാഗ് താഴെയിട്ടിട്ട്, ഞാന്‍ ‍ വിഷ്ണുവിന്‍റെ അടുത്തേയ്ക്ക് കുതിച്ചു. പിന്നെ കൈ ചുരുട്ടി അവന്‍റെ മൂക്കിനിട്ട് ആഞ്ഞൊരു ഇടി കൊടുത്തു. ചോരയും ഒലിപ്പിച്ച് വിഷ്ണു ദേണ്ടെ താഴെ .. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ആദ്യം സുകുമാരന്‍ സാറിന്‍റെ വക തല്ല്. പിന്നെ കാര്യങ്ങള്‍ ‍ അറിഞ്ഞ ശേഷം വീട്ടീന്ന് അച്ഛന്റേയും അമ്മേടേം വക സ്പെഷ്യല്‍ ‍ തല്ല് .. ഒക്കെ വാങ്ങിക്കൂട്ടി കരഞ്ഞു തളര്‍ന്നു കട്ടിലില്‍ ‍ കി

ടന്നപ്പോള്‍ അമ്മയുടെ സംസാരം കേട്ടു.
.. ‍‍

"മൊട്ടേന്നു വിരിഞ്ഞില്ല . അതിനു മുന്നേ അവന്‍ ‍ കണ്ട പെണ്കൊച്ചുങ്ങള്‍ക്ക് മിന്നാ മിനുങ്ങുകളെ പിടിച്ചു കൊടുക്കാന്‍ ‍ പോയിരിക്കുന്നു. അതെങ്ങനാ. അച്ഛന്‍റെ അല്ലേ മോന്‍‍. അച്ഛനും ചെറുപ്പത്തില്‍ ഒട്ടും മോശം അല്ലായിരുന്നല്ലോ"‍

അങ്ങനെ പറഞ്ഞ് ..അമ്മ അച്ഛനിട്ട് ഒരു താങ്ങ് താങ്ങിയപ്പോള്‍ ‍, എന്നെ വഴക്ക്പറഞ്ഞു സംസാരിച്ച അച്ഛന്‍ ‍ ഒരു പാവത്താനെപ്പോലെ പേപ്പറും വായിച്ചു വാരാന്തയില്‍ ‍ ചെന്നിരുന്നു. ഞാനോ, കുറെ ഏറെ ലോക സത്യങ്ങള്‍ ഒരുമിച്ചു മനസ്സിലാക്കിയതിന്റെ ക്ഷീണത്തില്‍ കിടന്നുറങ്ങി.

‍ ഓര്‍മ്മകളില്‍ ‍ നിന്നും തിരികെ വന്നപ്പോള്‍ ഞാന്‍ ‍ മോനെ ഒന്നുകൂടെ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചു. പിന്നെ എന്നോട് തന്നെ പറഞ്ഞു..

‌ ‍"ഇവന്‍ ‍ എല്ലാ അര്‍ത്ഥത്തിലും എന്‍റെ മകന്‍ തന്നെ "
‍
അടിക്കുറിപ്പ്
: വീടിന്‍റെ ബാല്‍ക്കണിയില്‍ ഇരുന്ന് , സന്ധ്യക്ക്‌ വിരുന്നു വന്ന കുറെ മിന്നാ മിനുങ്ങുകളെ കണ്ടപ്പോള്‍‍, കുഞ്ഞിലെ അവയെ പിടിക്കാന്‍ ‍ നടന്ന സംഭവങ്ങള്‍ ഓര്‍ത്തു പോയി. അതിനെ ഇതിവൃത്തം ആക്കി, കുറച്ചു മസാലയും ചേര്‍ത്തു എഴുതിയതാണ് ഈ കഥ.
‍ ‍‍

ജോസ്

11 - June- 2011

ബാംഗ്ലൂര്‍




Protected by Copyscape Web Copyright Protection