പ്രകൃതിയുടെ നിയമങ്ങളിലുള്ള രണ്ട് പ്രതിഭാസങ്ങള്‍.. ജനനവും ..മരണവും..
അതേക്കുറിച്ച് മനസ്സില്‍ തോന്നുന്ന കുറെ ഏറെ കാര്യങ്ങള്‍ എഴുതണം എന്നുണ്ട്. അത് പിന്നൊരിക്കല്‍ ആവാം..
ഇന്ന് അതിനെക്കുറിച്ച് എഴുതാന്‍ കാരണമുണ്ട് ..കഴിഞ്ഞ ആഴ്ച മണിപ്പാല്‍ ഹോസ്പിറ്റലില്‍ വച്ച് ഈ രണ്ട് പ്രതിഭാസങ്ങളേയും ഒന്ന് അടുത്തറിയാന്‍ ഇടയായി.. മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തില്‍..
ലീനയെ അഡ്മിറ്റ് ചെയ്തിരുന്ന അതെ ബ്ലോക്കില്‍ ആയിരുന്നു എന്റെ ഉറ്റ സുഹൃത്തായ ശരവണന്റെ ഭാര്യയെ അഡ്മിറ്റ് ചെയ്തിരുന്നത് ...കടിഞ്ഞൂല്‍ പ്രസവത്തിനായി..
എന്റെ സുഖത്തിലും ദുഃഖത്തിലും പങ്കു ചേരുന്ന സുഹൃത്തുക്കളാണ് ശരവണനും ഭാര്യ ദൈവാനിയും. ശരവണന്‍ ഒരു നല്ല ക്രിക്കറ്റ് കളിക്കാരനാണ് . ജൂനിയര്‍ ക്രിക്കറ്റ് കളിക്കാരനാക്കാന്‍ ഒരു മകനെ വേണം എന്നായിരുന്നു ശരവണന്റെ ആഗ്രഹം. ..
ലീനയുടെ ബ്ലഡ് ടെസ്റ്റുകള്‍ ചെയ്യാനായി ഓടി നടന്ന സമയത്ത് കുറച്ചു പരിഭ്രാന്തിയോടെ മറ്റേര്‍ണിറ്റി വാര്‍ഡിന്റെ പുറത്തു നിന്ന ശരവണനെ കണ്ടപ്പോള്‍ , ഞാന്‍ പുറത്തു തട്ടി അവനോടു പറഞ്ഞു..
"ഹേ ശരവ്... നിനക്ക് ജൂനിയര്‍ ക്രിക്കറ്റ് കളിക്കാരനെ തന്നെ കിട്ടട്ടെ .. ഗിവ് മീ എ ഗുഡ് ന്യൂസ് സൂണ്‍.."
ഒരു മണിയോടെ സിസേറിയന്‍ ചെയ്യും എന്നാണു ശരവ് അപ്പോള്‍ പറഞ്ഞത്. പ്രതീക്ഷിച്ച പോലെ തന്നെ രണ്ട് മണിക്ക് മുന്‍പേ , ജൂനിയര്‍ ക്രിക്കറ്റര്‍ പുറത്തു വന്നു.
അഭിനന്ദനം അറിയിക്കാന്‍ വിളിച്ചപ്പോള്‍ ശരവണന്റെ ശബ്ദത്തില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിന്റെ മാധുര്യം ഉണ്ടായിരുന്നു. ..ലോകം പിടിച്ചടക്കിയ സന്തോഷം..പിതാവിന്റെ സന്തോഷം.
ജനനം ...ഒരു അത്ഭുത പ്രതിഭാസം ....
എന്റെ സുഹൃത്തിന്റെ കുഞ്ഞിന്റെ പിറവിയില്‍ ഞാനും ലീനയും അവരുമായി സന്തോഷം പങ്കിട്ടു. ഫോണ്‍ വിളികളും മറ്റുമായി ശരവണനും ദൈവാനിയും, അവരുടെ ആളുകളും തിരക്കിലായി തുടങ്ങി.
മൂന്നാല് മണിക്കൂറുകള്‍ കഴിഞ്ഞു.. ഞാന്‍ ലീനയോടൊപ്പം വാര്‍ഡിനകത്ത് ഇരിക്കവേ , അവിടെ ഒരു അനൌന്‍സ്മെന്റ് കേട്ടു.
"ഡ്യൂട്ടിയിലുള്ള എല്ലാ ഡോക്ടര്‍മാരും നഴ്സുമാരും ഉടന്‍ തന്നെ കഷ്വാലിറ്റിയില്‍ എത്തണം "
ഈ അനൌന്‍സ്മെന്റ് കുറെ പ്രാവശ്യം കേട്ടുകൊണ്ടേയിരുന്നു. ആദ്യം ഒന്നും മനസ്സിലായില്ല. പിന്നെ പുറത്ത് ആംബുലന്‍സിന്റെ നിര്‍ത്താതെയുള്ള ഒച്ച കേട്ടപ്പോള്‍ തോന്നി എന്തോ പന്തികേടുണ്ടെന്ന്.
കുറച്ചു നേരത്തിനു ശേഷം വാര്‍ഡിലേക്ക് വന്ന ശരവണന്‍ കാര്യം പറഞ്ഞു.
മണിപ്പാല്‍ ഹോസ്പിറ്റലിന്റെ അടുത്തുള്ള കാള്‍ട്ടന്‍ ടവര്‍ എന്ന കെട്ടിടത്തില്‍ തീ പിടിച്ചു. അഞ്ചു പേര്‍ മരിച്ചു. നൂറില്‍ ഏറെ ആളുകളെ മണിപ്പാലില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നു. ഉടനെ താഴെ പോയി നോക്കണം എന്ന് തോന്നി .. പക്ഷെ എന്തുകൊണ്ടോ അപ്പോള്‍ പോയില്ല .പിന്നെ പോകാം എന്ന് കരുതി.
രാത്രി ഒരു മണി അടുപ്പിച്ച് , പടികള്‍ ഇറങ്ങി ഞാന്‍ താഴത്തെ നിലയിലേക്ക് പോയപ്പോള്‍ , ഓരോ I.C.U വിന്റെ മുന്നിലും നല്ല ആള്‍ക്കൂട്ടം കണ്ടു. ചിലര്‍ കരയുന്നു...ചിലര്‍ ആരോടൊക്കെയോ പൊട്ടിത്തെറിച്ചു സംസാരിക്കുന്നു. ആശുപത്രി അധിഃകൃതര്‍് അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നു. ..അതിനിടെ വീഡിയോ ക്യാമറയുമായി മീഡിയയുടെ ആളുകള്‍ ..(ഇവര്‍ പുതിയ യുഗത്തിലെ വരദാനമാണ് ..ചിലപ്പോള്‍ ശാപവും )
ഗ്രൌണ്ട് ഫ്ലോറില്‍ നിറയെ പോലീസ് . അതിനടുത്ത്, പൊട്ടിക്കരയുന്ന ഒരു പെണ്‍ കുട്ടിയെ , കൂട്ടുകാര്‍ ആശ്വസിപ്പിക്കുന്നു.. അവള്‍ക്കു നഷ്ടപ്പെട്ടത് കൂട്ടുകാരനെയോ, കൂട്ടുകാരിയെയോ, അതോ കാമുകനെയോ? ആരെയോ നഷ്ടപ്പെട്ടു..അത് തീര്‍ച്ച.
അദൃശ്യനായ മരണത്തിന്റെ നിഴലാട്ടം അപ്പോള്‍ ഞാന്‍ അവിടെ അനുഭവിച്ചറിഞ്ഞു..
രാവിലെ പിറവിയുടെ മധുരം...വൈകിട്ട് മരണത്തിന്റെ കയ്പ്പ് ...
അന്ന് രാത്രി വീട്ടിലേക്കു പോകുന്ന വഴിയില്‍, തീ പിടിച്ച ആ കെട്ടിടം ഞാന്‍ കണ്ടു. വശങ്ങളിലെ ഗ്ലാസ്സുകള്‍ ഒക്കെ രക്ഷപ്പെടാനുള്ള പരിഭ്രാന്തിയില്‍ ആളുകള്‍ തല്ലിപ്പൊളിച്ചിരിക്കുന്നു. ഫയര്‍ എന്‍ജിനുകളും പോലീസ് ജീപ്പുകളും കൊണ്ട് ആ പരിസരം ആകെ നിറഞ്ഞിരുന്നു.
രാത്രിയിലെ ന്യൂസില്‍ പിന്നെ പറഞ്ഞു...മരണത്തിന്റെ കൂത്താട്ടത്തില്‍ പൊലിഞ്ഞത് ഒന്‍പതു ജീവനുകള്‍
ലോകമെമ്പാടും ഓരോ നിമിഷവും ജനനവും മരണവും നടക്കുന്നുണ്ടെകിലും , മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തില്‍ അവ രണ്ടും കേട്ടറിഞ്ഞപ്പോള്‍ ഒരു വല്ലായ്മ തോന്നി...പ്രകൃതി വിചിത്രമാണോ എന്ന് പോലും തോന്നി.
ഭൂമിയിലേക്ക് കണ്ണും തുറന്നു വന്ന , ശരവണന്റെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം, കാള്‍ട്ടന്‍ ടവറിലെ അഗ്നി ജ്വാലകളില്‍ പൊലിഞ്ഞ ജീവിതങ്ങള്‍ക്ക് നിത്യ ശാന്തിയും ഞാന്‍ നേരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ