ഇന്ന് വീട്ടില്‍ കുറെ നാളുകള്‍ക്കു ശേഷം ആലൂ പരാത്ത ഉണ്ടാക്കി. എനിക്കും ലീനയ്ക്കും ഒത്തിരി ഇഷ്ടമുള്ള ഒന്നാണ് ആലൂ പരാത്ത ..
നല്ല ചൂടുള്ള ആലൂ പരാത്തയുടെ കൂടെ വെണ്ണയും കൂട്ടി കഴിക്കാന്‍ നല്ല രുചിയാണ് ...
അങ്ങനെ, വൈകിട്ട് , ആലൂ പരാത്ത കഴിക്കവേ.. ആ കഥ ഓര്‍മ്മ വന്നു.. റൂര്‍ക്കിയിലെ ആലൂ പരാത്ത കഥ ...
M.Tech Geology പഠിക്കാനായി റൂര്‍ക്കിയില്‍ ചെന്ന സമയം. അവിടത്തെ മെസ്സിലെ ഭക്ഷണം ഇഷ്ടപ്പെട്ടു വരാന്‍ കുറെ സമയം എടുത്തു. അവിടുള്ളവര്‍ക്ക് എന്ത് കറി വച്ചാലും അതില്‍ "ആലൂ" (നമ്മുടെ സ്വന്തം ഉരുളക്കിഴങ്ങ് ) വേണം.. ബ്രേക്ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ അവിടുള്ളവര്‍ ആലൂ മാത്രം വച്ച് ഉണ്ടാക്കി ക്കളയും. (ചിലരൊക്കെ അവരെ കിഴങ്ങന്മാര്‍ എന്ന് കളിയാക്കി വിളിക്കും .. )
ആദ്യമൊക്കെ മനസ്സിനിണങ്ങിയ ഭക്ഷണം കഴിക്കുന്ന ദിവസങ്ങള്‍ കുറവായിരുന്നു.. രാത്രി, ഭക്ഷണം കഴിക്കുമ്പോള്‍ വായ്ക്കു രുചിയായി കഴിക്കാന്‍ പറ്റിയിരുന്നത് വീട്ടില്‍ നിന്നും കൊണ്ട് വന്ന ചമ്മന്തി പൊടി കൊണ്ട് മാത്രം ആയിരുന്നു ..
അവിടത്തെ മെസ്സിലെ ഒരു ബ്രേക്ഫാസ്റ്റ് വിഭവം ആയിരുന്നു..ആലൂ പരാത്ത .കണ്ടപ്പോള്‍ നാട്ടിലെ ഗോതമ്പ് ദോശ പോലെ തോന്നി. കഴിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത വിഷമം തോന്നി. ഒരു രുചിയും ഇല്ലാത്ത എന്തോ ഒരു സാധനം . അങ്ങനെയാണ് തോന്നിയത്.
അല്ലെങ്കിലേ മെസ്സിലെ ഭക്ഷണത്തിനെപ്പറ്റി വലിയ മതിപ്പൊന്നും ആര്‍ക്കും ഇല്ലായിരുന്നു. ചില ദിവസങ്ങളില്‍ മെസ്സിലെ ചീഫ് ബട്ട്ലര്‍ജിയുടെ അപ്പനും അപ്പന്റെ അപ്പനും ഒക്കെ തെറി പറഞ്ഞു കൊണ്ടാവും പിള്ളേര്‍ മെസ്സിലെ ഭക്ഷണം കഴിക്കുന്നത്. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു മാതിരി ഉണങ്ങിയ തോലുപോലത്തെ ആലൂ പരാത്തയുമായി ബട്ട്‌ലര്‍ജി എത്തുന്നത്..
ചുരുക്കിപ്പറഞ്ഞാല്‍ ആലൂ പരാത്ത എന്ന് കേട്ടാല്‍ എനിക്ക് വിശപ്പൊക്കെ പോകുന്ന സ്ഥിതി ആയി ..
അങ്ങനെ ഇരിക്കെയാണ് എനിക്ക് ഒരു ട്യുഷന്‍ പഠിപ്പിക്കാനുള്ള ചാന്‍സ് വരുന്നത്. വീട്ടിലെ സ്ഥിതി ഒക്കെ കുറച്ചു മോശമായിരുന്നതിനാല്‍ , ഞാന്‍ കുറെ ട്യുഷന്‍ ഒക്കെ എടുത്തുകൊണ്ടിരുന്ന കാലമായിരുന്നു അത്. എന്റെ ക്ലാസില്‍ പഠിച്ച ഒരു ഡല്‍ഹിക്കാരന്റെ ഒരു ബന്ധു അവിടെ റൂര്‍ക്കിയില്‍ താമസിക്കുന്നുണ്ടായിരുന്നു. അവര്‍ സത്യത്തില്‍ പഞ്ചാബികള്‍ ആയിരുന്നു. അവരുടെ മകള്‍ക്ക് ട്യുഷന്‍ എടുക്കാനുള്ള ചാന്‍സ് ആണ് എനിക്ക് കിട്ടിയത്.
പേപ്പറും ബുക്കും വാങ്ങാനും, പിന്നെ വൈകിട്ട് വല്ല സമൂസയോ ബര്‍ഗറോ മറ്റോ വാങ്ങാനും ഒക്കെ ഉള്ള പൈസ തടയുന്ന കാര്യമല്ലേ,..ഞാന്‍ സമ്മതിച്ചു.. അങ്ങനെ ഞാന്‍ ആ പഞ്ചാബി കൊച്ചിനെ പഠിപ്പിക്കാന്‍ തുടങ്ങി.. സയന്‍സും ..കണക്കും..എന്റെ പ്രിയപ്പെട്ട വിഷയങ്ങള്‍.
വൈകിട്ട് എന്റെ ക്ലാസ്സുകള്‍ കഴിഞ്ഞു, കഷ്ടപ്പെട്ട് സൈക്കിള്‍ ചവിട്ടി ആ കൊച്ചിന്റെ വീട്ടില്‍ എത്തും. പിന്നെ ഒരു മണിക്കൂര്‍ വായിട്ടലച്ചു കഴിയുമ്പോള്‍ ഒരു പരുവം ആവും. ആ സമയത്ത് ആ കൊച്ചിന്റെ അമ്മ ഒരു കപ്പ് ചായ തരും.ഉണങ്ങിയ വായ്ക്ക് അതൊരു ആശ്വാസം ആവും. പിന്നെ അതും കുടിച്ചു ഞാന്‍ തിരികെ റൂമിലേയ്ക്ക് വരും. അതായിരുന്നു പതിവ്
അങ്ങനെയിരിക്കെ ഒരു ദിവസം.. പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ , കൊച്ചിന്റെ അമ്മ വന്നു പറഞ്ഞു
" സാറേ ... സാറിനു ഞാന്‍ എന്തെങ്കിലും തിന്നാന്‍ തരട്ടെ ? "
ഇതേ വരെ അങ്ങനെ ചോദിക്കാത്ത അവര്‍ പെട്ടന്ന് അങ്ങനെ ചോദിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. സത്യത്തില്‍ വിശന്നു കുടല്‍ മാല കരിഞ്ഞിരിക്കുകയായിരുന്നു. എന്നാലും അത് പറയാന്‍ അഭിമാനം സമ്മതിച്ചില്ല. ഒന്നുമില്ലെങ്കിലും ഞാന്‍ ഒരു സാറല്ലേ . ഞാന്‍ പെട്ടന്ന് പറഞ്ഞു
" അയ്യോ വേണ്ട ആന്റീ ..ഞാന്‍ ഇപ്പോള്‍ കഴിച്ചിട്ട് വന്നതേ ഉള്ളൂ "
പക്ഷെ ആന്റി വിട്ടില്ല . അവര്‍ വീണ്ടും വീണ്ടും കഴിക്കാന്‍ നിര്‍ബന്ധിച്ചു. മനസ്സില്‍ കഴിക്കണം എന്ന് തോന്നിയെങ്കിലും, കുറച്ചു ജാടയില്‍ , വേണ്ടാ വേണ്ടാ എന്നൊക്കെ പറഞ്ഞിട്ട് പിന്നെ ഞാന്‍ സമ്മതിച്ചു . അപ്പോഴാണ് ആന്റി വീണ്ടും പറഞ്ഞത്...
"സാര്‍ ഒരു പത്തു മിനിറ്റു കഴിയുമ്പോള്‍ ഞാന്‍ നല്ല ചൂടുള്ള ആലൂ പരാത്ത ഉണ്ടാക്കി തരാം. "
ആലൂ പരാത്ത എന്ന് കേട്ടപ്പോഴേ എന്റെ കാറ്റ് പോയി. മെസ്സില്‍ തിരിഞ്ഞുപോലും ഞാന്‍ നോക്കാത്ത സാധനം ...എങ്ങനെ ഇവിടുന്നു കഴിക്കും...വേണമെന്ന് പറഞ്ഞും പോയി.. അങ്ങനെ ഒരു വല്ലാത്ത സങ്കടത്തില്‍ ഇരുന്നപ്പോഴാണ് കൊച്ചിന്റെ അമ്മ, ഒരു പാത്രത്തില്‍ ചൂട് ആലൂ പരാത്തയും ഒരു കട്ട വെണ്ണയും ആയി വന്നത്.
മടിച്ചു മടിച്ചു കഴിച്ചപ്പോഴല്ലേ രസം.. നല്ല അടി പൊളി രുചി.. പറഞ്ഞറിയിക്കാന്‍ വയ്യാത്ത രുചി..ആലൂ പരാത്ത ഇങ്ങനെയും ഉണ്ടാക്കാമോ ? പിന്നെ ബട്ട്ലര്‍ജിക്ക് മാത്രം എന്തെ നല്ല പരാത്ത ഉണ്ടാക്കാന്‍ അറിയില്ല?
എന്തായാലും എനിക്ക് പരാത്ത നന്നേ ഇഷ്ടപ്പെട്ടു. വിശന്നു കുടല്‍ കരിഞ്ഞിരിക്കുന്ന സമയമല്ലേ ..പിന്നെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും? അന്ന് മനസ്സിലായി വേണമെന്ന് വച്ച് ഉണ്ടാക്കിയാല്‍ ആലൂ പരാത്ത നല്ല രുചിയായി ഉണ്ടാക്കാം എന്ന്.
അങ്ങനെ രണ്ടു പരാത്ത തട്ടി വിട്ടു.അപ്പോള്‍ കൊച്ചിന്റെ അമ്മ വന്നു പറഞ്ഞു..
"സാര്‍ ഒരെണ്ണം കൂടെ കഴിക്കണം. ഞാന്‍ ദാ ഇപ്പോള്‍ കൊണ്ട് വരാം.
സത്യത്തില്‍ ഒന്നല്ല , ഒരു രണ്ടു മൂന്നെണ്ണം കൂടെ കഴിക്കാനുള്ള വിശപ്പുണ്ടായിരുന്നു. പക്ഷെ അഭിമാനം സമ്മതിച്ചില്ല. ഒരു നില വിട്ടു പെരുമാറാന്‍ പറ്റുമോ..അതും ഞാന്‍ സാറായി ചെന്നിരിക്കുന്ന സ്ഥലത്ത്?
'അയ്യോ ആന്റീ...ഇപ്പോഴേ വയറു ഫുള്ളായി. ഇനി ഒരിഞ്ചു സ്ഥലം ഇല്ല "
അങ്ങനെയൊക്കെ ഡാവ് പറഞ്ഞു ഞാന്‍ അവിടുന്നിറങ്ങി. അങ്ങ് ഹോസ്റ്റലില്‍ ചെന്നിട്ടും അന്നത്തെ ആലൂ പരാത്തയുടെ രുചി നാവില്‍ നിന്നും പോയില്ല.
അത് കഴിഞ്ഞ് എപ്പോള്‍ ആലൂ പരാത്ത തിന്നുമ്പോഴും..ഞാന്‍ ആ ആന്റിയെയും, അവര്‍ തന്ന പരാത്തയെയും, പിന്നെ എന്റെ ഡാവുകളെയും ഓര്‍ക്കും ..
ജോസ്
ബാംഗ്ലൂര്‍
10-march-2010
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ