
പ്രകൃതിയുടെ വികൃതികളിലെ ഒരു സ്പെക്ട്രത്തിന്റെ രണ്ടു വശങ്ങള്‍.. മൂന്നു അസുഖങ്ങള്‍ ..അവയ്ക്ക് സായിപ്പുംമാര്‍ നല്‍കിയ പേരുകള്‍ ...അതാണ് ലൂപ്പസും അപ്ലയും വോണ്‍ വില്ലെ ബ്രാന്‍ഡ് സിന്‍ഡ്രോമും.
ഇന്നലെ എനിക്ക് ഒരു അതിഥി ഉണ്ടായിരുന്നു...ഒരു അകന്ന ബന്ധുവായ ഒരു പയ്യന്‍സ്.. അവന്‍ ഞങ്ങളെ കാണാനും, സുഖം അന്വേഷിക്കാനും ആയി വന്നു. സംസാര മദ്ധ്യേ ആ പയ്യന്‍സ് കുറച്ചു വിഷമത്തോടെ പറഞ്ഞു..
"ചേട്ടാ ..കുറച്ചു നാള്‍ ഞാന്‍ ആശുപത്രിയില്‍ കിടന്നു കഷ്ടപ്പെട്ടു. ഡോക്ടര്‍മാര്‍ എന്നെ കുറെ പഠിച്ചു.. അവസാനം പറഞ്ഞു എനിക്ക് വോണ്‍ വില്ലെ ബ്രാന്‍ഡ് സിന്‍ഡ്രോം ആണെന്ന്.. "
"എന്തോന്ന് സിന്‍ഡ്രോം? " ..പേര് കേട്ട് അന്തം വിട്ട ഞാന്‍ പിന്നെയും ചോദിച്ചു.
പിന്നെ പയ്യന്‍സ് കുറച്ചു വിസ്തരിച്ചു പറഞ്ഞപ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ മനസിലായി. ..അവന്റെ രക്തം കട്ട പിടിക്കാന്‍ കുറച്ചു വിഷമം ആണത്രേ..എന്ന് വച്ചാല്‍. ..വല്ല മുറിവും ദേഹത്ത് വന്നാല്‍ ജോലി ആവും എന്നര്‍ത്ഥം. ഹീമോഫീലിയ എന്ന അസുഖം പോലെയുള്ള ഒരെണ്ണം.
അവന്‍ അത് പറഞ്ഞപ്പോള്‍ ഞാന്‍ ലീനയെ ഒന്ന് നോക്കി. അവളും എന്നെ നോക്കി ചിരിച്ചു. കാരണം വേറൊന്നുമല്ല ...പയ്യന്‍സിന്റെ അവസ്ഥയുടെ നേരെ തിരിച്ചാണ് ലീനയുടെ അവസ്ഥ. രക്തത്തിന് കട്ട പിടിക്കാതിരിക്കാനാണ് പ്രയാസം.. ആന്റി കൊയാഗുലന്റ്റ് മരുന്ന് കഴിച്ചില്ലെങ്കില്‍ ആശാന്‍ എവിടെയെങ്കിലും കേറി കട്ട പിടിച്ചു കളയും. അതിനു സായിപ്പിട്ട പേരാണ് അപ്ല ( APLA).
അപ്ലയുടെ ഒരു ബന്ധു ..ഒരു വല്യേട്ടനാണ് ലൂപ്പസ്. (LUPUS). ലീനയെ ആദ്യം നോക്കിയ പിഷാരടി സാര്‍, ലീനയ്ക്ക് ലൂപ്പസ് ട്രബിള്‍ കാണും എന്ന് പറഞ്ഞപ്പോള്‍ , ഞാന്‍ അറിവിന്റെ മഹാ സാഗരമായ ഇന്റര്‍ നെറ്റില്‍ കയറി നോക്കി.. ഈ ലൂപ്പസ് ആരാണെന്ന്. അവന്‍ ചില്ലറക്കാരന്‍ അല്ല എന്ന് ഉടനെ തന്നെ മനസ്സിലായി.
സാധാരണ അസുഖം പരത്തുന്ന അണുക്കളെ കൊല്ലുന്ന ജോലിയാണ് രക്തത്തിലെ ആന്റിബോഡി കളുടെ ജോലി. എന്നാല്‍ ലൂപ്പസ് ഉള്ളവരില്‍, ഈ ആന്റി ബോഡികള്‍ , അങ്കിള്‍ ബോഡികളായി മാറി, ശരീരത്തിലെ നല്ല കോശങ്ങളെ തന്നെ നശിപ്പിക്കാന്‍ തുടങ്ങും.. ഒരു മാതിരി തല തിരിഞ്ഞ സ്വഭാവം..അതിനു ദേഹത്തിലെ ഏതു ഭാഗത്തെ കോശങ്ങളെ നശിപ്പിക്കണം എന്നൊന്നും ഇല്ല..എവിടെ വേണമെങ്കിലും നാശം വിതയ്ക്കാം...
അന്നൊക്കെ ലോപ്പസ് എന്നേ കേട്ടിട്ടുണ്ടായിരുന്നുള്ളൂ. ..അറിയില്ലേ മാദകത്വം നിറഞ്ഞ പാട്ടുകാരി ജെന്നിഫര്‍ ലോപ്പസ്. . അവളുടെ പേരിലെ അക്ഷരങ്ങള്‍ക്ക് ഒരു ചെറിയ മാറ്റം വരുത്തിയപ്പോള്‍ കണ്ടില്ലേ സ്വഭാവം മാറിയത്.
ഇതിന്റെ ഒക്കെ കാരണം ചോദിച്ചാല്‍ ഡോക്ടര്‍മാരും കൈ മലര്‍ത്തും.. പാവം.. അവരെ കുറ്റം പറയാന്‍ പറ്റില്ല .. സൃഷ്ടിയുടെ മൊത്തം ഗുട്ടന്‍സും അവര്‍ക്കറിയില്ലല്ലോ .
എന്റെ മുന്‍പില്‍ വോണ്‍ വില്ലെ ബ്രാണ്ടിനെ കൂടുപിടിച്ചു പയ്യന്‍സും, എന്റെ തൊട്ടടുത്ത് , ചിരിച്ചുകൊണ്ട് ചായക്കപ്പും പിടിച്ചു , അപ്ലയെയും ലൂപ്പസിനെയും കൂടു പിടിച്ചു ലീനയും .. നടുക്ക് പ്രകൃതിയുടെ ഈ വികൃതികളെ ആലോചിച്ചു അന്തം വിട്ടു ഞാനും..
ഇതെന്താ ഇങ്ങനെയൊക്കെ ? ഇത് മനുഷ്യര്‍ക്ക് മാത്രമേ ഉള്ളോ? അതോ പട്ടിക്കും, പൂച്ചയ്ക്കും , പശുവിനും, കിളികള്‍ക്കും, ഒക്കെ ഉണ്ടോ? ആ അറിയില്ല. അവര്‍ക്കൊക്കെ വേണ്ടി അവര്‍ തന്നെ നടത്തുന്ന ആശുപത്രിയും, അവര്‍ തന്നെ അച്ചടിക്കുന്ന പത്രങ്ങളും ഒക്കെ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ അറിയാമായിരുന്നു. അതില്ലാത്ത സ്ഥിതിക്ക് , അവറ്റകള്‍ക്കൊക്കെ എന്ത് പറ്റിയാലും ആരറിയാന്‍.
പെട്ടന്ന് ഞാന്‍ എന്റെ സുഹൃത്ത് ദൈവത്തിനോട് ഒന്ന് ചോദിച്ചു..
"ചങ്ങാതി ...വിഷമം വന്നാലും, സന്തോഷം ഉണ്ടായാലും, കുറെ ചോദ്യങ്ങള്‍ ചോദിക്കണം എന്ന് തോന്നിയാലും, നിന്നോടല്ലേ എനിക്ക് തുറന്നു ചോദിയ്ക്കാന്‍ പറ്റൂ? അതുകൊണ്ട് ചോദിക്കുവാ..
മനുഷ്യരെയും ജീവജാലങ്ങളെ ഒക്കെയും സൃഷ്ട്ടിച്ചത് നീ അല്ലെ... ഇങ്ങനത്തെ മാനിഫാക്ച്ചരിംഗ് ഡിഫക്ടുകള്‍ നീ എന്തിനാണ് നിന്റെ സൃഷ്ടിയില്‍ തിരുകി കയറ്റുന്നത്.. എന്തെകിലും ഉദ്ദേശം ഇല്ലാതെ ചെയ്യില്ല എന്നറിയാം ..എന്നാലും അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചതാണ്.. വല്ല പനിയോ , ജലദോഷമോ, തല വേദനയോ പോലുള്ള ഡിഫക്ടുകള്‍ മാത്രം പോരായിരുന്നോ ..കേള്‍ക്കുമ്പോള്‍ തന്നെ പേടിയാവുന്ന ഈ ഡിഫക്ടുകള്‍ എന്തേ നിന്റെ പ്രൊഡക്റ്റ് ഡിസൈനില്‍ നീ ഇട്ടു. ക്വാളിറ്റി അഷുവരന്‍സും നീ തന്നെ അല്ലെ ചെയ്യുന്നത്? "
അപ്പോള്‍ അടുത്തൊരു അശരീരി കേട്ടു.
"മകനെ നീ വല്ലതും കഴിച്ചിട്ട് നിന്റെ ജോലി ചെയ്യാന്‍ നോക്ക്. എന്റെ പ്രോഡക്ടിനെയും അതിന്റെ ഡിസൈനിനെയും പറ്റി നീ ഇപ്പോള്‍ വേവലാതിപ്പെടണ്ടാ. ഒന്നും ആലോചിക്കാതെ ഞാന്‍ ഒരു ഡിസൈനും ചെയ്യാറില്ല . എവരിതിംഗ് ഹാസ് എ റീസന്‍ മൈ സണ്‍ . നീ ചോദിച്ചതിന്റെ ഉത്തരം ഞാന്‍ പിന്നെ തന്നോളാം. നമ്മള്‍ നേരില്‍ കാണുന്ന ദിവസം. യു ഹാവ് റ്റു വെയിറ്റ് ടില്‍ ദെന്‍ "
ജോസ്
ബാംഗ്ലൂര്‍
13-march-2010
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ