
ഇന്‍ജക്ഷന്‍ എന്ന് കേട്ടാല്‍ പണ്ടേ പേടിയായിരുന്നു. എന്നും പറഞ്ഞു ഇപ്പോള്‍ പേടി ഇല്ല എന്നല്ല.
...കുത്താനായി സിറിന്‍ജുമായി നഴ്സ് വരുമ്പോള്‍ ചെറിയ ഒരു പേടി തോന്നും.. പിന്നെ സിറിന്‍ജിന്റെ വലിപ്പം കാണുമ്പോള്‍ പേടി കൂടുകയോ കുറയുകയോ ചെയ്യും .
അടുത്തയിടെയായി കുറെ ഏറെ കുത്തുകള്‍ കിട്ടി. പ്രോസ്പെക്ടിവ് കിഡ്നി ഡോണര്‍ എന്ന പേരിലായിരുന്നു അതൊക്കെ . മണിപ്പാല്‍ ഹോസ്പിറ്റലില്‍ ഡോക്ടറെ കാണാന്‍ ചെല്ലുമ്പോള്‍ കുറെ ഏറെ ടെസ്റ്റുകള്‍ ചെയ്യാന്‍ പറയും. ഓരോന്നിനും ഉണ്ടാവും ഓരോ കുത്തുകള്‍ . എന്നാല്‍ ഇന്ന് കുറച്ചധികമായോ എന്നൊരു സംശയം..
GTT (Glucose Tolerance test) എന്ന ഒരു സംഭവം ഉണ്ട്. 10-12 മണിക്കൂര്‍ ഒന്നും കഴിക്കാതെ വന്നിട്ട് കുറെ ഗ്ലൂക്കോസ് വാരി വിഴുങ്ങണം. അത് കഴിഞ്ഞു ഓരോ അര മണിക്കൂര്‍ കഴിയുമ്പോഴും രക്ത പരിശോധന നടത്തണം. ഡയബറ്റിക്സ് വരാനുള്ള ചാന്‍സ് അറിയാനത്രേ ..
അങ്ങനെ GTT എടുക്കാന്‍ മിനഞ്ഞാന് ഹോസ്പിറ്റലില്‍ പോയി. നഴ്സ് രണ്ടു കപ്പില്‍ കുറെ ഗ്ലൂക്കോസ് തന്നിട്ട് പറഞ്ഞു... "കഴിച്ചിട്ട് ഓരോ അര മണിക്കൂറിനു ശേഷവും വരണം.. രണ്ടു മണികൂര്‍ വരെ. "
അത് കേട്ട ശേഷം ഞാന്‍ ഒരു അതി ബുദ്ധി കാണിച്ചു. ഞാന്‍ കരുതി, തന്ന ഗ്ലൂക്കോസ് കുറേശ്ശെ വേണം കഴിക്കാന്‍ എന്ന്. ( അത് ഒറ്റയടിക്ക് കഴിക്കാനുള്ളതായിരുന്നു ). രണ്ടു ഇന്‍ജക്ഷന്‍ കഴിഞ്ഞ ശേഷം ആണ് തെറ്റ് മനസ്സിലായത്. അത് നഴ്സുമാരോട് പറഞ്ഞപ്പോള്‍ ഇവരുടെ മുഖത്തൊരു നീരസ ഭാവം കണ്ടു..."ഇവനാരെടാ ..നേരെ പറഞ്ഞാല്‍ മനസ്സിലാവില്ലേ " എന്ന് മനസ്സില്‍ അവര്‍ പറഞ്ഞ പോലെ ..
പിന്നെ എന്നോട് പറഞ്ഞു നാളെ ഇതേ ബില്ലും കൊണ്ട് വന്നു വീണ്ടും ടെസ്റ്റ് എടുക്കാന്‍. .അന്നത്തെ രണ്ടു കുത്തുകള്‍ വെറുതെയായി .
അങ്ങനെ ഇന്ന് ഞാന്‍ വീണ്ടും പോയി. എന്നെ കണ്ടതും, അവിടിരുന്ന നഴ്സിന് ഒരു ചിരി... അവര്‍ അടുത്തിരുന്ന തമിഴത്തി നഴ്സിനോട് എന്തോ പറഞ്ഞു ...'ഗ്ലൂക്കോസ് കൊഞ്ചം കൊഞ്ചം ശാപ്പിട്ടു" എന്നോ മറ്റോ ..
എന്തായാലും രണ്ടു മണിക്കൂറില്‍ അവിടെ വച്ച് അഞ്ചു കുത്തുകള്‍ കിട്ടി...രണ്ടു കൈ മടക്കുകളിലുമായി.
ഒരു പ്രാവശ്യം നേരത്തെ കുത്തിയതിന്റെ അടുത്ത് തന്നെ കുത്തിയപ്പോള്‍ ഒന്ന് വേദനിച്ചെങ്കിലും ..ഞാന്‍ സഹിച്ചു. ( അപ്പോള്‍ ഞാന്‍ ഓര്‍ത്തു...പാവം ലീന എത്ര കുത്തുകള്‍ സഹിക്കുന്നു എന്ന് )
അത് കഴിഞ്ഞപ്പോഴാണ് Renal DTPA എന്ന ടെസ്റ്റിന്റെ വരവ്... അതും ഇന്ന് ചെയ്യാനുള്ളതായിരുന്നു. അതിനായി ഞാന്‍ ന്യുക്ളിയാര്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ പോയി.
ആദ്യമായാണ് ന്യുക്ളിയാര്‍ മെഡിസിന്‍ ദേഹത്ത് കേറുന്നത്. ആ ടെസ്റ്റ് എടുക്കാനുള്ള റൂമില്‍ കയറിയപ്പോള്‍ ചെറുതായി ഒന്ന് അമ്പരന്നു. ...പടങ്ങളിലും സിനിമയിലും ഒക്കെ മാത്രം കണ്ടിട്ടുള്ള ഒരു വലിയ യന്ത്രം.. അതിന്റെ താഴെ ഒരു ചെറിയ കിടക്ക..അത് ആ യന്ത്രത്തിന്റെ അകത്തേക്കും പുറത്തേയ്ക്കും നീക്കാന്‍ പറ്റുന്നതാണ് . അത് നോക്കി നിന്നപ്പോള്‍ നഴ്സ് വന്നു പറഞ്ഞു..
'പോയി രണ്ടു ഗ്ലാസ് വെള്ളം കുടിച്ചിട്ട് വരൂ . അപ്പോഴേക്കും ഞാന്‍ ഒരു ഇന്‍ജക്ഷന്‍ തയാറാകും. അത് എടുത്തിട്ട് അര മണിക്കൂര്‍ നേരം സ്കാനിംഗ് നടത്തും ..
"എന്റമ്മോ ...ഇനിയും ഒരു ഇന്ജക്ഷനോ? " ഞാന്‍ മനസ്സില്‍ ഓര്‍ത്തു.
കിഡ്നി പരിശോധിക്കാനാണല്ലോ ഇത്..അപ്പോള്‍ എവിടെയായിരിക്കും ഇന്‍ജക്ഷന്‍.. കാലിലോ തുടയിലോ മറ്റോ ആയിരിക്കുമോ? .. തുടയില്‍ ഇന്‍ജക്ഷന്‍ എടുക്കുന്ന കാര്യം ഓര്‍ത്തപ്പോള്‍ തന്നെ ഒരു ചെറിയ പേടിയും വേദനയും എന്നെ പിടികൂടി.
വെള്ളം കുടിച്ചിട്ട് വന്നപ്പോള്‍ എന്നോട് സ്കാനറിന്റെ താഴെയുള്ള കിടക്കയില്‍ കിടക്കാന്‍ പറഞ്ഞു. പിന്നെ കുറെ സ്ട്രാപ്പുകള്‍ കൊണ്ട് എന്റെ ദേഹം കിടക്കയില്‍ നന്നായി കെട്ടി ഉറപ്പിച്ചു. അപ്പോഴേക്കും നഴ്സിന്റെ സഹായി കുറെ സാമഗ്രികള്‍ വച്ച ഒരു ടേബിള്‍ എന്റെ അടുത്തേക്ക് നീക്കി. അതില്‍ കുറെ കുപ്പികളും പഞ്ഞിയും ട്യുബുകളും ഒക്കെ കണ്ടു. അപ്പോള്‍ ഞാന്‍ വിചാരിച്ചു...
" തീര്‍ച്ച.. ഇത് നല്ല വേദനയുള്ള എന്തോ ഇന്‍ജക്ഷന്‍ എടുക്കാനാ.. "
ഓര്‍ത്തപ്പോഴേ ചെറുതായി ഒന്ന് വിയര്‍ക്കാന്‍ തുടങ്ങി.
നഴ്സ് എന്നോട് കൈ നീട്ടി വയ്ക്കാന്‍ പറഞ്ഞു. എന്നിട്ട് ഒരു ചെറിയ സിറിന്‍ജെടുത്തു ..
"ഒരു ചെറിയ ഇന്ജക്ഷനാണ് കേട്ടോ " . നഴ്സ് പറഞ്ഞു.
അത് കണ്ടപ്പോള്‍ കുറച്ചു സമാധാനം ആയി.
അങ്ങനെ ഇന്നത്തെ ആറാമത്തെ കുത്തും കിട്ടി . പിന്നെ അര മണിക്കൂര്‍ അവിടെ അനങ്ങാതെ കിടന്നു ..സ്കാനിംഗ് കഴിയും വരെ. വെള്ളം നിറയെ കുടിച്ചത് കാരണം ബ്ലാഡര്‍ നന്നായി നിറഞ്ഞു. ഉടനെ തന്നെ ടോയ്ലെറ്റില്‍ പോകണം എന്ന് തോന്നി. പക്ഷെ സ്കാനിംഗ് കഴിയാതെ അനങ്ങരുതെന്നാണ് പറഞ്ഞത്. പിന്നെ ഒക്കെ അടക്കിപ്പിടിച്ചു. വല്ല വിധേനയും സ്കാനിംഗ് കഴിഞ്ഞു.
ഞാന്‍ ഇറങ്ങുന്ന സമയത്ത്...ഒരു അമ്മയും ,ഏകദേശം നാല് വയസ്സുള്ള ഒരു കൊച്ചും അവിടേക്ക് വന്നു. ആ ചെക്കന് സ്കാന്‍ ഉണ്ടായിരുന്നിരിക്കണം. അകത്തെ സാമഗ്രികള്‍ ഒക്കെ കണ്ടപ്പോഴേ പാവം അവന്റെ ഫ്യുസ് അടിച്ചു പോയി..അവന്‍ വാവിട്ടു കരയാന്‍ തുടങ്ങി.. നഴ്സ് ഇന്‍ജക്ഷന്‍ നീഡില്‍ എടുത്തപ്പോഴേക്കും അവന്റെ കരച്ചില്‍ ഉച്ചത്തിലായി..
തിരിഞ്ഞു നോക്കാതെ പുറത്തേക്കിറങ്ങുമ്പോള്‍, ഞാന്‍ മനസ്സില്‍ പറഞ്ഞു...
"മോനെ കരയണ്ട... ഇതൊരു കുഞ്ഞു കുത്താണ്..കരയണ്ട കേട്ടോ ...അങ്കിളിനു ഇപ്പോള്‍ ഒരെണ്ണം കിട്ടിയതെ ഉള്ളൂ. പേടിക്കണ്ടാട്ടോ. "
ജോസ്
ബാംഗ്ലൂര്‍
9-march-2010
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ