
മനസ്സില്‍ എന്തോ പറയാന്‍ പറ്റാത്ത വിഷമം...വിഷമം വരുമ്പോഴാണല്ലോ പലര്‍ക്കും കഥയും കവിതയും ഒക്കെ വരുന്നത്...ഞാനും അത് കരുതി ഒരു പേപ്പറും പേനയും എടുത്തു...പക്ഷെ പേപ്പറിനായി തപ്പിയപ്പോള്‍ കിട്ടിയത്...പതിമൂന്നു വര്ഷം മുമ്പേ എഴുതിയ ഒരു കവിത...മനം നൊന്ത് എഴുതിയ ഒരു കവിത..ഇപ്പോള്‍ വായിക്കുമ്പോള്‍ ഒരു രസം...
റൂര്‍ക്കിയില്‍ പഠിക്കുന്ന കാലം... വീട്ടില്‍ പണത്തിനു നന്നേ ഞെരുക്കം. അത് കാരണം ഞാന്‍ ട്യുഷന്‍ കിട്ടിയാല്‍ എടുക്കാം എന്ന് തീരുമാനിച്ചിരുന്നു. രണ്ടു മൂന്നു ഹിന്ദി പിള്ളേരെ കിട്ടി. അങ്ങനെ ഇരിക്കെ എന്നെ പഠിപ്പിക്കുന്ന ഒരു പ്രൊഫസര്‍ ഒരു ദിവസം ക്ലാസില്‍ വന്നു പറഞ്ഞു...
"എനിക്കൊരു മിടുക്കിയായ മകള്‍ ഉണ്ട്. പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുന്നു. അവള്‍ക്കു കണക്കിന് ഒരു ട്യുഷന്‍ മാസ്ടരെ ആവശ്യമുണ്ട്. പഠിപ്പിക്കാന്‍ താല്പര്യം ഉള്ളവര്‍ എന്നെ വന്നു കാണണം. ക്ലാസില്‍ നല്ല മാര്‍ക്ക് ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ട്. മാസ്ടര്‍ക്ക് ഞാന്‍ മണിക്കൂറിനു മുന്നൂറു രൂപ തരും "
കേട്ടപ്പോള്‍ കാതുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. മണിക്കൂറിനു മുന്നൂറു രൂപയോ? ഞാന്‍ എടുക്കുന്ന രണ്ടു ട്യുഷന്‍ ചേര്‍ത്താല്‍ തന്നെ എനിക്ക് മാസം കഷ്ടിച്ച് അഞ്ഞൂറ് രൂപ കിട്ടും.
ഞാന്‍ ഉടന്‍ തന്നെ സാറിനെ വീട്ടില്‍ പോയി കണ്ടു. അവിടെ വച്ചും അദ്ദേഹം പറഞ്ഞു.. മണിക്കൂറിനു മുന്നൂറു രൂപ ആണ് ഫീസ് എന്ന്. വേറെ ആരും അതേവരെ വന്നിരുന്നില്ല. അതിനാല്‍ സാര്‍ എന്നെത്തന്നെ മകളെ പഠിപ്പിക്കുന്ന ജോലി ഏല്‍പ്പിച്ചു.
ഞാന്‍ ആദ്യം തന്നെ പോയി ഏകദേശം നാന്നൂറ് രൂപ മുടക്കി പതിനൊന്നാം ക്ലാസ്സിലെ കണക്കിന്‍റെ ഗൈഡ് വാങ്ങിവച്ചു. പിന്നെ രാത്രി എനിക്ക് പടിക്കാനുള്ളവ പഠിച്ച ശേഷം ആ ഗൈഡ് നോക്കി കുട്ടിയെ പഠിപ്പിക്കേണ്ടത് പഠിച്ചു. ഒപ്പം സ്വപ്നവും കാന്നാന്‍ തുടങ്ങി...മണിക്കൂറിനു മുന്നൂറു വച്ച് , ആഴ്ചയില്‍ ഒരു നാല് മണിക്കൂറും, അങ്ങനെ മാസത്തില്‍ ഒരു പതിനഞ്ചു മണിക്കൂറും... അങ്ങനെ സ്വപ്നത്തിലെ ഞാന്‍ പണക്കാരനായി .
എന്റെ ചേച്ചിയുടെ മകന്‍ കുറെ നാളായി ഒരു കളിപ്പാട്ടം വാങ്ങണം എന്ന് പറഞ്ഞിരുന്നു. ജോലി ഇല്ലാത്ത എന്റെ കയ്യില്‍ എവിടുന്നാണ് അതിനു കാശ്. പക്ഷെ സാറിന്‍റെ കയ്യില്‍ നിന്നും ഫീസ് കിട്ടിയാല്‍ പിന്നെ നല്ല ഒരു കളിപ്പാട്ടം വാങ്ങാനുള്ള പൈസ കിട്ടുമല്ലോ..ഞാന്‍ അങ്ങനെ കരുതി.
ഉടനെ തന്നെ കുട്ടിയെ പഠിപ്പിച്ചു തുടങ്ങി. വളരെ മിടുക്കിയായ ഒരു കുട്ടി. കണക്കൊക്കെ വളരെ പെട്ടന്ന് ചെയ്യും. അത് കാരണം രാത്രി കാലങ്ങളില്‍ ഞാന്‍ കൂടുതല്‍ നേരം ഉറക്കം കളഞ്ഞിരുന്നു പതിനൊന്നാം ക്ലാസ്സിലെ കണക്കും പഠിച്ചു തുടങ്ങി.
മാസം ഒന്ന് കഴിഞ്ഞു. പൈസ കിട്ടിയില്ല. ഞാന്‍ കരുതി സാര്‍ ഉടനെ തരും എന്ന്. രണ്ടാം മാസം തീരാറായപ്പോള്‍ ഞാന്‍ കരുതി രണ്ടു മാസത്തെ ഫീസ് സാര്‍ ഒരുമിച്ചു തരും എന്ന്. അങ്ങനെ മനക്കോട്ട കെട്ടി ഇരിക്കവേ, ഒരു ദിവസം സാര്‍ വിളിച്ചിട്ട് കുറച്ചു പൈസ കയ്യില്‍ തന്നു. പ്രതീക്ഷയോടെ വാങ്ങി നോക്കിയപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു. ..ഇരുന്നൂറ്റി അമ്പതു രൂപ ഉണ്ടായിരുന്നു. ഞാന്‍ വാങ്ങിയ ഗൈഡ് ബുക്ക് അതിലും വില ഉള്ളതായിരുന്നു.
സാറല്ലേ...എനിക്കെതെങ്കിലും പറയാന്‍ പറ്റുമോ? ഞാന്‍ വിഷമം മനസ്സിലടക്കി.
"ഇത് കുറഞ്ഞു പോയെങ്കില്‍ പറയണം" സാര്‍ കണ്ണാടി വച്ച മുഖം എന്‍റെ നേരെ തിരിച്ചു ചോദിച്ചു.
വിറയ്ക്കുന്ന ചുണ്ടുകളോടെ ഞാന്‍ പറഞ്ഞു..."ഇല്ല സാര്‍..ഇത് ധാരാളം"
എനിക്ക് പൈസ കിട്ടുമ്പോള്‍ എന്‍റെ കയ്യില്‍ നിന്നും ഒരു ട്രീറ്റ് പ്രതീക്ഷിച്ച എന്‍റെ കുറെ മലയാളി കൂടുകാരും വിഷണ്ണരായി. ചേച്ചിയുടെ മകന് കളിപ്പാഠം വാങ്ങിക്കൊടുക്കാം എന്നെ പ്രതീക്ഷയും പാളി.
അന്ന് രാത്രി..സഹിക്കാന്‍ പറ്റാത്ത വിഷമം വന്നപ്പോള്‍ എഴുതിയതാണ് ഈ കവിത... സാര്‍ പറ്റിച്ചതിലുള്ള അമര്‍ഷവും, കണ്ട പല സ്വപ്നങ്ങളും പൊലിഞ്ഞതിലുള്ള സങ്കടവും പ്രതിഫലിപ്പിക്കാന്‍ അന്ന് ഞാന്‍ കണ്ടെത്തിയ ഒരു മാര്‍ഗം..
ഇന്നത്തെ എന്‍റെ വിഷമത്തിനെ ഒഴുക്കിക്കളയാന്‍, ആ കവിതയിലൂടെ ഞാന്‍ ഒന്ന് സഞ്ചരിക്കട്ടെ ....
"തെക്കേപ്പറമ്പൊന്നു വെട്ടിക്കിളയ്ക്കണം
കാടൊക്കെ മാറ്റി കുറെ കപ്പ നട്ടേക്കണം
നാലഞ്ചു നാളത്തെ പണിയുണ്ടത് കഴി-
ഞെല്ലാത്തിനും ചേര്‍ത്തൊരഞ്ഞൂറു രൂപയും
ദിവസവും കഴിക്കുവാന്‍ കഞ്ഞിയും തന്നെയ്ക്കാം
ചാര് കസേരയില്‍ മലര്‍ന്നു കിടന്നിട്ടു
വെറ്റില മുറുക്കിയതൊന്നാഞ്ഞു തുപ്പി
എന്നോട് മുതലാളി അന്ന് ചൊല്ലി.
അഞ്ഞൂറ് രൂപയും കഴിക്കുവാന്‍ കഞ്ഞിയും
ഓര്‍ത്തു ഞാനൊക്കയും സമ്മതിച്ചു.
മുതലാളിയൊന്നു ചിരിച്ചപ്പോള്‍ ഞാനതില്‍
പ്രത്യാശാ നാളങ്ങള്‍ വിടര്‍ന്നു കണ്ടു
വീട്ടിലടുപ്പത്തു പുക കാണുമെന്നോര്‍ത്തു
പിറ്റേന്ന് സൂര്യനുദിക്കുന്നതിനും മുന്നേ
തെക്കേപ്പറമ്പില്‍ ഞാന്‍ പണി തുടങ്ങി
അവിടെന്‍റെ വിയര്‍പ്പിന്‍റെ തുള്ളികള്‍ വീണു..
വൈകിട്ട് സൂര്യന്‍ മറയുന്നതും വരെ
പോത്തിനെപ്പോലെ ഞാന്‍ പണിയെടുത്തു.
വക്കുകള്‍ പൊട്ടിയ പിച്ചളപ്പാത്രത്തില്‍
കുടിക്കുവാന്‍ എനിക്കന്നു കഞ്ഞി കിട്ടി.
ക്ഷീണിച്ചവശനായ് പാതിരാ നേരത്ത്
പുല്ലിട്ടു മേഞ്ഞയെന്‍ കൂരയിന്‍ മുറ്റത്ത്
പൊട്ടിപ്പൊളിഞ്ഞൊരു കട്ടിലിന്‍ മേലെ
മാനത്തുനോക്കി കിടന്നപ്പോഴെന്‍റെ
പുന്നാരമോളമ്മു, എന്നോട് ചൊല്ലി
നാലുനാള്‍ കഴിഞാലെന്‍ പിറന്നാളാണച്ഛാ
അച്ഛന്‍റെയമ്മൂനു വാങ്ങിത്തരാമോ
അമ്മൂനെപ്പോലൊരു പാവക്കുട്ടിയെ?
കുഞ്ഞിക്കവിളില്‍ ഒരു മുത്തം കൊടുത്തിട്ട്
അമ്മുവോടോതി ഞാന്‍, പുന്നാര മോളെ
തെക്കേപ്പറമ്പിലെ പണി കഴിഞ്ഞാലെനി -
ക്കഞ്ഞൂറു രൂപ തരുമെന്‍റെ തമ്പുരാന്‍.
അന്നേരം അമ്മൂന് പാവയും , പോരാഞ്ഞു
പളപളാ മിന്നുന്ന മുത്തണി മാലയും
പുത്തനുടുപ്പും ഞാന്‍ വാങ്ങിടാം നിശ്ചയം.
അവളുടെ വദനത്തില്‍ പൊട്ടി വിടര്‍ന്നൊരാ
പുഞ്ചിരിയില്‍ ഞാന്‍ എന്‍ ക്ഷീണം മറന്നു.
അഞ്ചു നാള്‍ ഞാന്‍ എന്‍റെ രക്തം വിയര്‍പ്പാക്കി
രാപ്പകലില്ലാതെ തൂമ്പയിളക്കി
തെക്കേപ്പറമ്പിനെ മോടിയാക്കി.
അഞ്ഞൂറ് രൂപയും പ്രതീക്ഷിച്ചു ഞാനന്ന്
ബംഗ്ലാവിലെത്തി കാത്തിരുന്നു.
കുറെയേറെ നേരം കഴിഞ്ഞിട്ടൊടുവില്‍
കതകുകള്‍ മലര്‍ക്കെ തുറന്ന് മുതലാളി
സുസ്മേര വദനനായ് പുറത്തു വന്നു.
മോശമായിരുന്നില്ലേ ഈ വര്‍ഷത്തെ കൊയ്ത്തു
മഴപോലും ചതിച്ചില്ലേ കുറെ ഏറെ നാളുകള്‍
പൈസക്കിത്തിരി പ്രയാസമാണിപ്പോള്‍ ....
വെറ്റക്കറയുള്ള പല്ലുകള്‍ കാട്ടി
മുതലാളി വീണ്ടും പുഞ്ചിരിച്ചു
മടിക്കുത്ത് തുറന്നിട്ട് പത്തിന്‍റെയഞ്ചു
നോട്ടുകള്‍ എന്‍റെ കയ്യില്‍ തിരുകി
പട്ടിന്‍റെ മുണ്ടൊന്നു മുറുക്കിക്കെട്ടി
വെറ്റില ത്തുപ്പലൊന്നാഞ്ഞു തുപ്പി
മുതലാളി തിരിഞ്ഞങ്ങകത്ത് കേറി
അഞ്ഞൂറ് രൂപ കിനാവില്‍ കണ്ട ഞാന്‍
അനങ്ങുവാന്‍ ആവാതെ നിന്നുപോയി
ചേതനയറ്റൊരു പ്രതിമ പോലെ.
മണ്‍വെട്ടി ഏന്തിയ കൈകളായിട്ടും അന്ന്
നോട്ടുകളിരുന്ന എന്‍ കൈ വിറച്ചു
ഉള്ളിലെ ദുഃഖം ഞാന്‍ ആരോട് ചൊല്ലും?
സാന്ത്വനമേകുവാനാരുണ്ടെനിക്ക് ?
ചോദിച്ചു ഞാനപ്പോളെന്നോട്തന്നായ്
വയറിലെ കത്തുന്ന വിശപ്പിനും മീതെയെന്‍
നെഞ്ചില്‍ വിഷാദം പടര്‍ന്നു പൊങ്ങി.
എന്തുവന്നാലുമെന്‍ പുന്നാര മോള്‍ക്ക്
പാവയെ വാങ്ങണം എന്ന് നിനച്ചു ഞാന്‍
എന്നാലും പക്ഷെ ദൈവം കനിഞ്ഞില്ല ..
വഴിയില്‍ വച്ചടുത്തുള്ള പീടികക്കാരന്‍
കടം തന്ന പൈസ മടക്കുവാന്‍ ചൊല്ലി.
ഒന്നും പറയാതെ കടം വച്ച നാല്‍പ്പതു
രൂപ ഞാനവിടെവച്ചെണ്ണിക്കൊടുത്തു.
ബാക്കി വന്നൊരു പത്തിന്‍റെ നോട്ടിനാല്‍
വെള്ളിക്കടലാസില്‍ പൊതിഞ്ഞ മിഠായികള്‍
മടിക്കുത്ത് നിറയെ ഞാന്‍ വാങ്ങി വച്ചു.
വീടിന്‍റെ മുറ്റത്ത് വെള്ളാരം കല്ലുകള്‍
കൂനകൂട്ടിക്കളിച്ചു രസിച്ചയെന്‍
പുന്നാരമോളമ്മു ഓടിവന്നെന്നെ
കെട്ടിപ്പിടിച്ചിട്ടു ചോദിച്ചു, അച്ഛാ..
എവിടെ അമ്മൂന്‍റെ പാവക്കുട്ടി?
മടിക്കുത്ത് തുറന്നിട്ട് മിഠായികള്‍ വാരി
കുഞ്ഞിക്കൈകളില്‍ വച്ചു ഞാന്‍ ചൊല്ലി
മറന്നതല്ലച്ഛന്‍ പറ്റാഞ്ഞിട്ടല്ലേ മുത്തേ
അടുത്ത പിറന്നാളിന് നിശ്ചയം വാങ്ങിടാം
തമ്പുരാന്‍ കനിഞ്ഞാലെന്‍ പൊന്നു മോളെ
കുഞ്ഞിക്കണ്ണുകള്‍ നിറഞ്ഞതും പിന്നെ
ചുണ്ടിലെ പുഞ്ചിരി മാഞ്ഞതും എന്‍റെ
നെഞ്ചിനെ വല്ലാതെ പിടിച്ചുലച്ചു.
വഞ്ചിതനായതിന്‍ ദുഃഖത്തിന്‍ മീതെ
നിസ്സഹായതന്‍ കൊടുങ്കാറ്റ് വീശി.
താഴെ വിരിച്ചിട്ട പുല്‍പ്പായയില്‍ കിട -
ന്നാകാശത്തേക്ക് ഞാന്‍ കണ്ണയച്ചു.
അവിടെ തെളിഞ്ഞൊരു ചന്ദ്ര ബിംബത്തിലും
വെറ്റിലക്കറയുള്ള പല്ലും വിടര്‍ത്തിയ
മുതലാളിപ്പുഞ്ചിരി ഞാനന്ന് കണ്ടു
അന്ന് ഞാന്‍ പക്ഷെ, സ്വപ്നത്തില്‍ കണ്ടുവെന്‍
അമ്മൂനെ, പുത്തന്‍ ഉടുപ്പുമായി.
സ്വപ്നത്തില്‍, ഓടിക്കളിച്ച ആ കൈകളില്‍
ഉണ്ടായിരുന്നൊരു പാവക്കുട്ടി ...
എന്‍റെ അമ്മൂനെ പ്പോലൊരു പാവക്കുട്ടി.
ജോസ്
( റൂര്‍ക്കി , 07- dec- 1997)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ