
ആശുപത്രികളുടെ കാഷ്വാലിറ്റി വിഭാഗത്തിന്‍റെ ബോര്‍ഡ് കാണുമ്പോള്‍ എനിക്ക് പല പല സംഭവങ്ങളും ഓര്‍മ്മ വരും. ഞെട്ടലോടെ മാത്രം ഓര്‍ക്കാന്‍ പറ്റുന്ന സംഭവങ്ങളും ഒപ്പം ചിരി ഉണര്‍ത്തുന്ന ഒരു സംഭവവും. ഓര്‍ക്കാന്‍ രസമുള്ള ആ സംഭവം ആകട്ടെ ഇന്നത്തെ ബ്ലോഗില്‍. ...
B.sc ജിയോളജി കഴിഞ്ഞു ഉപരി പഠനത്തിനായി റൂര്‍ക്കി യൂണിവേഴ്സിറ്റിയില്‍ പോകാന്‍ തയ്യാറെടുക്കുന്ന സമയം. പഠനത്തിന്‍റെ ഭാഗമായി, ദിവസങ്ങള്‍ നീളുന്ന ഫീല്‍ഡ് ട്രിപ്പുകളും (മിക്കവാറും ആള്‍പ്പാര്‍പ്പ് കുറഞ്ഞ മലകളും താഴ്വരകളും, മൊട്ട ക്കുന്നുകളും ഒക്കെ ആയിരിക്കും ഞങ്ങള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍), ഖനി സന്ദര്‍ശനങ്ങളും മറ്റും ചെയ്യേണ്ടി ഇരുന്നതിനാല്‍ പഠനത്തിനു പോകുന്നവര്‍ അതിനു വേണ്ട ആരോഗ്യം ഉണ്ടെന്നു തെളിയിക്കുന്ന ഒരു മെഡിക്കല്‍ ഫിട്നെസ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിയിരുന്നു.
എന്‍റെ അയല്‍ക്കാരനും, എന്‍റെ പഠന കാര്യങ്ങളില്‍ പലപ്പോഴും എനിക്ക് സഹായവും പ്രോത്സാഹനങ്ങളും തന്നിട്ടുള്ള സലില്‍ ചേട്ടനോട് ഞാന്‍ കാര്യം പറഞ്ഞു. ചേട്ടന്‍ തിരുവനന്ത പുരം മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കാലം ആയിരുന്നു അപ്പോള്‍ . ചേട്ടന്‍ എന്നോട് പറഞ്ഞു..
" ജോസേ , നീ നാളെ രാവിലെ തന്നെ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ ചെല്ലണം. ഡോക്ടര്‍ സലില്‍ പറഞ്ഞിട്ട് വന്നതാണ് എന്ന് മാത്രം അവിടുള്ള ഡ്യൂട്ടി ഡോക്ടറോട് പറഞ്ഞാല്‍ മതി. അല്ലെങ്കില്‍ അവിടുള്ള ഏതെങ്കിലും നെഴ്സിനോട് പറഞ്ഞാല്‍ മതി. ബാക്കിയൊക്കെ അവര്‍ ചെയ്തോളും."
അങ്ങനെ ഞാന്‍ പിറ്റേന്ന് അതിരാവിലെ ഒന്നും കഴിക്കാന്‍ പോലും നില്‍ക്കാതെ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റി വിഭാഗത്തിന്‍റെ മുന്‍പില്‍ എത്തി. അവിടത്തെ ഒരു നഴ്സിനോട് ഞാന്‍ ഡോക്ടര്‍ സലില്‍ പറഞ്ഞിട്ട് വന്നതാണ് എന്ന് പറഞ്ഞു. അവര്‍ അകത്തേയ്ക്ക് പോയിട്ട് കുറച്ചു നേരം കഴിഞ്ഞു വന്നു പറഞ്ഞു..
"ഡോക്ടര്‍ വരുമ്പോള്‍ കുറച്ചു നേരം ആകും. കുറച്ചു കാത്തിരിക്കേണ്ടി വരും. "
ഞാന്‍ അങ്ങനെ ഡോക്ടറെ കാത്തു കാഷ്വാലിറ്റിയുടെ വെളിയില്‍ , മതിലും ചാരി നില്‍ക്കാന്‍ തുടങ്ങി.
പണ്ട് തൊട്ടേ എനിക്ക് മരുന്നിന്‍റെയും , സ്പിരിറ്റിന്‍റെയും ഒക്കെ ഗന്ധം മൂക്കിനകത്തെയ്ക്ക് കയറുമ്പോള്‍ വല്ലാതെ വരും. അതുപോലെ തന്നെ ചോര കണ്ടാലും വല്ലാതെ വരും. അങ്ങനെയുള്ളപ്പോള്‍ കാഷ്വാലിറ്റിയുടെ മുന്‍പില്‍ നിന്നാലുള്ള സ്ഥിതി എന്താവും?
കുറെ നേരം കഴിഞ്ഞപ്പോള്‍ ഒരു സ്ട്രെച്ചറില്‍ ഒരാളെ അവിടെയ്ക്ക് കൊണ്ട് വരുന്നത് കണ്ടു. ദേഹത്ത് നിന്ന് നന്നായി ചോര പൊടിഞ്ഞിരുന്നു.. വല്ല വാഹനാപകട കേസും ആവും. കൂടെയുള്ളവര്‍ പരിഭ്രാന്തിയോടെ അയാളെ കാഷ്വാലിറ്റി യുടെ അകത്തേയ്ക്ക് കൊണ്ട് പോകാന്‍ തിടുക്കം കാണിച്ചു..
അയാളെ ഒന്ന് നോക്കിയതെ ഉള്ളൂ. കണ്ണില്‍ ഇരുട്ട് മൂടുന്നതും, ഞാന്‍ ഒരു വശത്തേയ്ക്ക് ചരിയുന്നതും മാത്രം ആണ് ഓര്‍മ്മ ഉള്ളത്. പിന്നെ ഓര്‍മ്മ വരുമ്പോള്‍ ഞാനും കാഷ്വാലിറ്റിയിലെ ഒരു ബെഡ്ഡില്‍ കിടക്കുന്നതാണ് കാണുന്നത്. ഒരു നഴ്സ് മുഖത്തു കുറച്ചു വെള്ളം തളിച്ചതും , വായില്‍ എന്തോ തിരുകി വച്ചതും ഓര്‍മ്മയുണ്ട്. പിന്നെ കണ്ടത് എന്നെ പരിശോധിക്കുന്ന ഡോക്ടറെ ആണ്.
"എന്താ ..എന്ത് പറ്റി...ചോര കണ്ടു പേടിച്ചോ?". ഡോക്ടര്‍ ചോദിച്ചു.
"അറിയില്ല ഡോക്ടര്‍...ചെറിയ തല കറക്കം വന്നതാണ് "
"രാവിലെ ഒന്നും കഴിച്ചില്ലായിരുന്നോ ?" നഴ്സ് ചോദിച്ചു.
"ഇല്ല. എട്ടു മണിക്ക് മുന്‍പേ വരാന്‍ പറഞ്ഞിരുന്നതിനാല്‍ ഒന്നും കഴിച്ചില്ല. "
അപ്പോള്‍ അടുത്ത് നിന്ന വേറൊരു നഴ്സ് ഡോക്ടറോട് അടക്കത്തില്‍ പറഞ്ഞു.
"ഡോക്ടര്‍ ഇതാണ് സലില്‍ ഡോക്ടര്‍ പറഞ്ഞ ആള്‍. "
" ഓ ..ഓ ..സലില്‍ പറഞ്ഞിരുന്നു. . എന്തിനാ വന്നത് ?" ഡോക്ടര്‍ ചോദിച്ചു.
അല്‍പ്പം ജാള്യതയോടെ ഞാന്‍ പറഞ്ഞു..
" ഡോക്ടര്‍ ഒരു ഫിട്നെസ്സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്നതാണ് ഞാന്‍"
അതും പറഞ്ഞ് സര്ട്ടിഫിക്കട്ടിന്‍റെ മാതൃക ഞാന്‍ പോക്കറ്റില്‍ നിന്നും എടുത്തു ഡോക്ടറുടെ കയ്യില്‍ കൊടുത്തു.
ഡോക്ടര്‍ ഒരു ചിരിയോടെ എന്നെയും നഴ്സിനെയും ഒക്കെ നോക്കി. ഉള്ളില്‍ എന്തെങ്കിലും വിചാരിച്ചു കാണും എന്നത് തീര്‍ച്ച.
"ചോര കണ്ടാല്‍ തല കരഗി വീഴുന്ന ഇവനൊക്കെ ഫിറ്റ് ആണെന്ന് പറയേണ്ട എന്‍റെ ഗതികേടേ ..." അങ്ങനെ പുള്ളി വിചാരിച്ചിട്ടുണ്ടാവുമോ?
എങ്കിലും അദ്ദേഹം എനിക്ക് സര്‍ട്ടിഫിക്കറ്റ് തന്നു.. നല്ല ആരോഗ്യവാന്‍ ആണെന്നുള്ള സര്‍ട്ടിഫിക്കറ്റ് ...
വര്‍ഷങ്ങള്‍ പതിനഞ്ചിലേറെ കഴിഞ്ഞെങ്കിലും ആ സംഭവം ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നു.
(ചോര കണ്ടു പിന്നെയും രണ്ട് മൂന്നു പ്രാവശ്യം തല കറങ്ങി വീണു എന്നത് വേറൊരു സത്യം . )
ജോസ്
ബാംഗ്ലൂര്‍
22- Nov - 2010
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ