2010, നവംബർ 5

അനാര്‍ക്കലിക്കായി..


സുബേന്തു മുഖര്‍ജി ...... രബീന്ദ്ര സംഗീതത്തെയും കാര്‍ലോസ് സന്താനയെയും ഒരേപോലെ സ്നേഹിച്ച ബംഗാളി ബാബു. ..നാലഞ്ചു വര്‍ഷത്തെ എന്‍റെ തൂലികാ സുഹൃത്ത്‌ ....പ്രണയം എന്ന വികാരത്തെ ഒരു അമൂല്യ നിധി പോലെ സൂക്ഷിച്ച അവനു വേണ്ടി ആകട്ടെ ഇന്നത്തെ കുറിപ്പ്...

തൂലികാ സൗഹൃദം എന്നത് ഒരു ഭ്രാന്തു പോലെ തലയില്‍ കയറിക്കൂടിയ ഒരു സമയത്ത്, കുറെ ഏറെ ആളുകള്‍ക്ക് ഞാന്‍ കത്തുകള്‍ അയച്ചു. ഏറെയും പെണ്‍ കുട്ടികള്‍ക്ക് ആയിരുന്നു . (പ്രായം അതല്ലായിരുന്നോ) . കുറെ പേര്‍ മറുപടി അയച്ചു. കുറെ സൌഹൃദങ്ങള്‍ രണ്ടു മൂന്ന് കത്തുകള്‍ക്ക് ശേഷം, വിടരും മുന്‍പേ കൊഴിഞ്ഞ പൂവുകള്‍ പോലെ ആയി. ഇവന്‍ മാത്രം കത്തെഴുത്ത് തുടര്‍ന്നു.

സുബേന്തു മുഖര്‍ജി... കൊല്‍ക്കത്തയോടുള്ള സ്നേഹം മനസ്സിന്‍റെ കോണില്‍ നിറച്ച്...ബോംബെയില്‍ ചേക്കേറിയ ഒരു ബംഗാളി ബാബു.

സംഗീതം അവന്‍റെ പ്രിയങ്ങളില്‍ ഒന്നായിരുന്നു. കത്തുകളിലൂടെ അറിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി, എന്നെപ്പോലെതന്നെ അവനും കിഷോര്‍ കുമാറിനെയും, റാഫിയും, മുകേഷിനെയും ഒക്കെ ഇഷ്ടപ്പെട്ടിരുന്നു എന്ന്. ഗസലുകളും, ഗസല്‍ ഗായകരോടുള്ള ആരാധനയും മനസ്സിലേറ്റി നടക്കുന്നവനാണ് എന്നും കൂടി അറിഞ്ഞപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

അവന്‍ എഴുതി, സംഗീതം ചിട്ടപ്പെടുത്തിയ ഒരു കവിത അതിന്‍റെ ഇംഗ്ലിഷ് പരിഭാഷയോടെ ഒരിക്കല്‍ എനിക്ക് അയച്ചു തന്നു. അവന്‍റെ ചിന്തകളുടെ ആഴവും, മനസ്സില്‍ സൂക്ഷിക്കുന്ന പ്രണയവും ഒക്കെ എത്ര വലുതായിരുന്നു എന്ന് മനസ്സിലാക്കാന്‍ അത് മാത്രം മതിയായിരുന്നു.

ഒരിക്കല്‍ അവന്‍റെ ഫോട്ടോ എനിക്ക് അയച്ചു തന്നു. ഞാന്‍ കരുതിയതിനു വിപരീതമായ ഒരു മുഖം ആയിരുന്നു ഞാന്‍ അതില്‍ കണ്ടത്.വെളുത്ത്, സുന്ദരനായ ഒരു പൊടി മീശക്കാരന്‍.. നേര്‍ത്ത കറുത്ത ഫ്രെയിം ഇട്ട ഒരു കണ്ണാടിയും വച്ച് , മൊണാ ലിസയുടെ ചിരി പോലെ, വിഷാദമാണോ സന്തോഷമാണോ എന്ന് പറയാന്‍ പറ്റാത്ത പോലെയുള്ള ഒരു ചിരിയും നല്‍കി നില്‍ക്കുന്ന സുബേന്തു,..അവനെക്കുറിച്ചു മനസ്സില്‍ ഉള്ള ചിത്രം അത് മാത്രം ആണ്.

നാലഞ്ചു വര്‍ഷത്തെ കത്തിടപാടുകളില്‍ നിന്നും ഒരു കാര്യം മനസ്സിലായി. പ്രണയത്തെ പ്രണയിച്ചവനാണ് അവന്‍ എന്ന് .. ആര്‍ക്കൊക്കെയോ കൊടുക്കാനായി അടക്കി വച്ച പ്രണയം അവന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു. കത്തുകളില്‍ ഒരു റിതുപര്‍ണയെക്കുറിച്ചും , ഒരു മൌമിതാ സെന്നിനെക്കുറിച്ചും പിന്നെ ഒരു സോഹിനിയെ ക്കുറിച്ചും ഒക്കെ അവന്‍ എഴുതിയിട്ടുണ്ടായിരുന്നു. ..എല്ലാവരെയും അവന്‍ സ്നേഹിച്ചിരുന്നു എന്നും.

എന്നാലും അവന്‍റെ കത്തുകളില്‍ അടര്‍ത്തി മാറ്റാന്‍ പറ്റാത്ത ഒരു ദുഃഖച്ഛായ ഉണ്ടായിരുന്നു. അതെന്താണെന്ന് മനസ്സിലാക്കാന്‍ എനിക്ക് ഒരിക്കലും പറ്റിയില്ല. ഞാന്‍ ചോദിച്ചുമില്ല. സൌഹൃദമായാലും, വ്യക്തി പരമായ കാര്യങ്ങളില്‍ ചില അതിര്‍ത്തി വരമ്പുകള്‍ ലംഘിക്കരുതല്ലോ.

അങ്ങനെയിരിക്കെ ഒരിക്കല്‍ അവന്‍റെ ഒരു കത്ത് വന്നു. അവന്‍ അയച്ച അവസാനത്തെ കത്ത്. അതിപ്രകാരമായിരുന്നു.

പ്രിയ സുഹൃത്തേ ...

ഒരു പക്ഷെ ഇനി നമ്മള്‍ തമ്മില്‍ കത്തിടപാടുകള്‍ ഉണ്ടാവില്ല. ഇതെന്‍റെ അവസാന കത്താണ്. പേടിക്കേണ്ട..ജീവനൊടുക്കാന്‍ പോവും മുന്‍പേ ഉള്ള അവസാന കത്തല്ല ഇത്. ജീവിച്ചു മതിയായിട്ടില്ല എനിക്ക്

നിനക്ക് മാത്രമല്ല... എന്നെ ഓര്‍ക്കാനായി ഈ ഭൂമിയില്‍ ഉള്ള ചുരുക്കം ചിലര്‍ക്കും കൂടി ഞാന്‍ കത്തയക്കുന്നുണ്ട്.

ഞാന്‍ ഒരു യാത്രയിലാണ്. എവിടെക്കെന്നറിയില്ല. ചിലപ്പോള്‍ ഗോവയിലെ ബീച്ചുകളില്‍ ഭാംഗും അടിച്ച്, സിഗരറ്റും വലിച്ച്, വെള്ളക്കാരികളുടെ കുടെ പാടി നടക്കും, ഇല്ലെങ്കില്‍ കുറച്ചു നാള്‍ ലദ്ദാക്കിലെ മനം മയക്കുന്ന പ്രകൃതി സൌന്ദര്യം ആസ്വദിച്ചു നടക്കും, പിന്നെ ഹരിദ്വാരിലെയോ രിഷികേഷിലെയോ ഗംഗയില്‍ കുളിച്ചും, സ്വാമിമാരുടെ കൂടെ കുറച്ചു ഭജനകള്‍ പാടിയും സമയം കളയും.. എന്നെങ്കിലും നീ അഭിമാനത്തോടെ പറയാറുള്ള നിന്‍റെ കേരളത്തിലും വരും ... അങ്ങനെ ഭാരതം മുഴുവനും കിടക്കുകയല്ലേ എന്‍റെ പര്യടനത്തിനായി.

കയ്യിലെ കാശ് തീരും വരെ യാത്ര തുടരണം. അതിനപ്പുറം ചിന്തിച്ചിട്ടില്ല...ചിന്തിക്കുന്നുമില്ല. യാത്രയ്ക്ക് തടസ്സം കുറച്ചു കടമകളും ബന്ധങ്ങളും മാത്രം.. പക്ഷെ അവയ്ക്കും എന്നെ പുറകെയ്ക്ക് വലിക്കാനാവുന്നില്ല.

മനസ്സില്‍ ഒളിപ്പിച്ച പ്രണയം എന്നെ വല്ലാതെ വീര്‍പ്പു മുട്ടിക്കുന്നു. ആരെയൊക്കെയോ ഞാന്‍ പ്രണയിക്കാന്‍ ആഗ്രഹിച്ചു. പ്രണയ കാവ്യങ്ങളിലെ പോലെ പ്രണയിക്കാന്‍ കൊതിച്ചു.. ഒന്നും നടന്നില്ല.

കോളേജില്‍ പഠിക്കുന്ന കാലത്ത് ഋതുവിനെ ഞാന്‍ സ്നേഹിച്ചു. അവള്‍ തിരികെ എന്നെ സ്നേഹിച്ചോ എന്ന് അറിയില്ല.. ഇല്ലായിരിക്കാം. അതല്ലേ വളരെ ലാഘവത്തോടെ അവളുടെ വിവാഹ ക്ഷണക്കത്ത് എനിക്ക് തന്നിട്ട് പറഞ്ഞത്... സുബേന്തു ..നീ തീര്‍ച്ചയായും വരണം എന്ന്.

വളരെ പ്രതീക്ഷകളോടെ ആയിരുന്നു പിന്നെ എന്‍റെ വിവാഹം നടന്നത്.
പ്രണയിക്കാന്‍ എനിക്കായി മാത്രം ഒരു പെണ്ണ്.. ഞാന്‍ ഒരുപാട് സ്വപ്നം കണ്ടു..പക്ഷെ അവിടെയും കണക്കുകള്‍ തെറ്റി.

വിവാഹ മോചനക്കരാറില്‍ ഒപ്പ് വയ്ക്കും വരെയും അവള്‍ മുനയുള്ള ചോദ്യങ്ങലോടെ എന്നെ നേരിട്ടു... നിങ്ങള്‍ ഒരാണാണോ എന്ന് ചോദിച്ചുകൊണ്ട് ..


ഒരു പക്ഷെ എന്‍റെ മനസ്സിലെ പ്രണയത്തിലും നന്മകളിലും കാണാന്‍ കഴിയാത്ത ആണത്തം അവള്‍ മറ്റെന്തിലോ കാണാന്‍ ശ്രമിച്ചു പരാജയപ്പെട്ടതാവാം കാരണം. കോടതി മുറിയില്‍ അവസാനം കണ്ടപ്പോഴും, ഞാന്‍ അവളോടുള്ള എന്‍റെ പ്രണയം പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. ..ഒരു അവസാന ശ്രമം. പക്ഷെ വക്കീലന്മാരുടെയും, സുഹൃത്തുക്കളുടെയും ഒക്കെ മുന്‍പില്‍ വച്ച് അവള്‍ വീണ്ടും ചോദിച്ചു... നിങ്ങള്‍ ഒരാണാണോ എന്ന്...ഞാന്‍ ആകെ ചൂളിപ്പോയി സുഹൃത്തേ..താഴെ വീണ പളുങ്ക് പാത്രം പോലെ ചിതറിപ്പോയി ...

മനസ്സിലെ പ്രണയത്തെ അന്ന് കുഴിച്ചു മൂടാം എന്ന് കരുതി. പക്ഷെ ബന്ധുക്കളും നല്ല കുറച്ചു സുഹൃത്തുക്കളും സമ്മതിച്ചില്ല . അവര്‍ എനിക്കായി ഒരു മംഗല്യം കൂടെ ഒരുക്കി. ...സോഹിനി ..അതായിരുന്നു എന്‍റെ പുതിയ സഖി.

ആദ്യമൊക്കെ ഞാന്‍ കരുതി...ഇവള്‍ ആണ് ഞാന്‍ കാത്തിരുന്ന എന്‍റെ അനാര്‍ക്കലി എന്ന് . പക്ഷെ അവളുടെ സ്നേഹ പ്രകടനങ്ങള്‍ പൊള്ള ആയിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയപ്പോഴേക്കും, എന്‍റെ കുറെ ഏറെ സമ്പാദ്യങ്ങള്‍ എനിക്ക് നഷപ്പെട്ടു കഴിഞ്ഞിരുന്നു.. ഞാന്‍ വിയര്‍പ്പൊഴുക്കി പണിയിച്ച വീടും അതില്‍ പെടും.

അവള്‍ ഒരു മദാലസയെപ്പോലെ ചിരിച്ച് എന്‍റെ കവിളില്‍ തന്ന അനേകം ചുംബനങ്ങള്‍ പൊള്ള ആയിരുന്നു എന്നോര്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത അറപ്പ് തോന്നുന്നു സുഹൃത്തേ.

അവള്‍ ചരട് വലിച്ച ഒരു പാവക്കൂത്തിലെ ഒരു പാവം പാവയായിരുന്നു ഞാന്‍. അഗ്നി പോലെ പരിശുദ്ധമായ എന്‍റെ പ്രണയത്തെ അവള്‍ കാമാട്ടിപുരത്തെ ഗണികകളുടെത് പോലുള്ള പ്രണയം കൊണ്ടല്ലേ സ്വീകരിച്ചത്..

പ്രണയം...അതിന്നും എനിക്കൊരു കിട്ടാക്കനിയാണ്... മരു യാത്രികനെ കൊതിപ്പിക്കുന്ന ഒരു മരുപ്പച്ചയാണ്‌.

ഇനി നാലാമതൊരാള്‍... പറ്റുമോ എന്നറിയില്ല ..മുഷിഞ്ഞ തുണി മാറും പോലെ മാറിപ്പകുത്തു നല്‍കാന്‍ ഉള്ളതല്ല എന്‍റെ പ്രണയം.. എന്നാലും മനസ്സില്‍ അറിയാതെ ആഗ്രഹിച്ചു പോകുന്നു.. ഞാന്‍ എന്‍റെ അനാര്‍ക്കലിയെ മറ്റെവിടെയെങ്കിലും കണ്ടാലോ ? ഇതുവരെ നോക്കിയതോക്കെയും എന്‍റെ കയ്യെത്തും ദൂരെ മാത്രം അല്ലായിരുന്നോ? ചിലപ്പോള്‍ അവള്‍ ദൂരെ എവിടെയോ എന്നെ കാത്തിരിക്കുന്നുണ്ടാവാം. ..ലദ്ദാക്കിലോ ..രിഷികേഷിലോ ..ഗോവയിലോ?

വിഡ്ഢിത്തം ആണോ എന്നറിയില്ല. പക്ഷെ ഞാന്‍ എന്നും എന്‍റെ മനസ്സിന്‍റെ വിളി കേട്ടാണ് പോയിട്ടുള്ളത്.. ഇപ്പോഴും.. ഇനിയും..

നിന്‍റെ മേല്‍വിലാസം മാറിയില്ല എങ്കില്‍ ഞാന്‍ ഒരു കത്ത് കൂടി അയക്കും. എന്‍റെ അനാര്‍ക്കലിയെ കണ്ടുമുട്ടിയ ശേഷം.

എന്‍റെ കയ്യിലുണ്ടായിരുന്ന രബീന്ദ്ര സംഗീതത്തിന്റെയും, കുറെ നല്ല ഗസലുകളുടെയും കാസറ്റുകള്‍ നിന്‍റെ പേര്‍ക്ക് അയച്ചിട്ടുണ്ട്. നീ അവ നന്നായി സൂക്ഷിക്കും എന്നറിയാം.

കഴിഞ്ഞ നാലഞ്ചു വര്‍ഷം, എന്‍റെ മനസ്സ് തുറന്ന്, പറയാനുള്ളതൊക്കെ പറയാന്‍ എനിക്ക് കഴിഞ്ഞു... നിനക്കെഴുതിയ കത്തുകളിലൂടെ . നിന്നെ ഒരിക്കലും നേരില്‍ കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം ഉണ്ട്. പക്ഷെ ഒരു നാള്‍ നമ്മള്‍ നേരില്‍ കാണില്ല എന്ന് എന്താണുറപ്പ് .. ..കാണുമായിരിക്കാം. നിന്‍റെ സൌഹൃദത്തിനു അളവില്ലാത്ത നന്ദി അറിയിച്ചുകൊണ്ട്‌ ...

സ്നേഹപൂര്‍വ്വം
സുബേന്തു

മൂന്നാല് വര്‍ഷങ്ങള്‍ക്കു ശേഷം ബോംബെയില്‍ വരാന്‍ ഇടയായപ്പോള്‍ ഞാന്‍ അവന്‍റെ മേല്‍വിലാസത്തില്‍ ഒരു അന്വേഷണം നടത്തി. കൊളാബയ്ക്കടുത്തുള്ള ഒരു പഴയ ഫ്ലാറ്റില്‍ അവന്‍റെ അച്ഛന്‍ സ്വരൂപ്‌ മുഖര്‍ജിയെ ഞാന്‍ കണ്ടു...ഒരു റിട്ടയേഡ് അദ്ധ്യാപകന്‍.

വീട് വിട്ടു പോയ മകനെ ഓര്‍ത്ത്‌ വിഷമിച്ച അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു. വെറുതെ ആണെങ്കിലും, സുബെന്തുവിന്‍റെ മനസ്സ് അടുത്തറിഞ്ഞ ഒരാള്‍ എന്ന വിശ്വാസം നല്‍കിയ പ്രേരണയാല്‍ ഞാന്‍ പറഞ്ഞു...

"സര്‍ ..താങ്കള്‍ വിഷമിക്കരുത്.. അവന്‍ തിരികെ വരും. മനസ്സില്‍ നന്മകളും, സംഗീതവും സൂക്ഷിക്കുന്ന അവനു നിങ്ങളെ പിരിയാന്‍ ആവുമോ ദീര്‍ഘ കാലം...അവന്‍ വരും"

വര്‍ഷങ്ങള്‍ വീണ്ടും കഴിഞ്ഞു. അവന്‍ പറഞ്ഞ പോലെ ഒരു കത്ത് കൂടി ഇതേവരെ എനിക്ക് കിട്ടിയിട്ടില്ല. അവന്‍റെ അനാര്‍ക്കലി ഇനിയും വന്നില്ലായിരിക്കുമോ? ഇന്നല്ലെങ്കില്‍ നാളെ അവള്‍ തീര്‍ച്ചയായും വരട്ടെ ..നിന്‍റെ കത്ത് ഞാന്‍ പ്രതീക്ഷിക്കുന്നു സുബേന്തു..



Protected by Copyscape Web Copyright Protection Software

അഭിപ്രായങ്ങളൊന്നുമില്ല: