
ഒരു ജ്യൂസ് കുടിക്കാനായി അടുത്തുള്ള ബേക്കറിയില്‍ കയറിയപ്പോള്‍ ഒരു കൊച്ചു ചെക്കന്‍ അവന്‍റെ അമ്മയോട് വഴക്കിടുന്നത് കണ്ടു ...
"അമ്മേ അമ്മേ ... എനിക്ക് ആ ഉണ്ട മുട്ടായി വേണം ". അവിടെ വച്ചിരുന്ന ഫെരരോ റോഷര്‍ മിഠായി ചൂണ്ടി ക്കാണിച്ചു അവന്‍ പറഞ്ഞു.
"മിണ്ടാതെ നടക്കണം. നിര്‍ബന്ധം കാണിച്ചാല്‍ ഞാന്‍ നല്ല പെട വച്ച് തരും. വീട്ടിലുള്ള മുട്ടായി ഒക്കെ തിന്നാല്‍ മതി ". അമ്മ ചെക്കനോട് ദേഷ്യത്തില്‍ പറഞ്ഞു.
കടയില്‍ നിന്ന് ഇറങ്ങിയ ശേഷവും എന്‍റെ മനസ്സില്‍ ആ രംഗം ഉണ്ടായിരുന്നു. അത് എന്‍റെ മനസ്സിനെ വളരെ വര്‍ഷങ്ങള്‍ പുറകോട്ടു വലിച്ചു.
പണ്ട്... ഏക ദേശം 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് ... ഞാന്‍ L. P സ്കൂളില്‍ പഠിക്കുന്ന കാലം. ഫോറിന്‍ മിഠായികള്‍ ഒന്നും സ്വപ്നം കാണാന്‍ പോലും പറ്റാത്ത സമയം.
ഗ്യാസ് മിഠായി, ജീരക മിഠായി, നാരങ്ങാ മിഠായി, എക്ലയെഴ്സ് , കാട്ബറി മിഠായി എന്നീ ഇനങ്ങളില്‍ ഒതുങ്ങുമായിരുന്നു എനിക്ക് കിട്ടുമായിരുന്ന മിഠായികള്‍. അങ്ങനെയിരിക്കെ ഒരിക്കല്‍ ഒരു ഫോറിന്‍ മിഠായി കിട്ടി..അയല്‍ പക്കത്ത് നിന്ന്.
ഞങ്ങളുടെ അയല്‍ വാസി, ഒരു പരോപകാരിയും , സദ്ഗുണ സമ്പന്നനും , വളരെ ഏറെ ജനസമ്മതി ഉള്ളവനുമായ ഒരാളുടെ (വിശേഷണങ്ങളുടെ വിപരീതം മാത്രം എടുക്കുക ) മരുമകന്‍ ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ , അയാള്‍ കൊണ്ട് വന്നതിന്‍റെ പങ്ക് അയല്‍ പക്കത്തുള്ളവര്‍ക്ക് വീതം വച്ച് തന്നതായിരുന്നു. ( മരുമകന്‍ മനുഷ്യരോട് ഇടപെടാന്‍ പഠിച്ച ആള്‍ ആയിരുന്നു. അയല്‍ വാസിയോ.. വേണ്ട എഴുതുന്നില്ല.. അയാളെക്കുറിച്ച് എഴുതാന്‍ ഒരു ബ്ലോഗ് സൈറ്റ് മൊത്തം വേണ്ടി വരും .. )
ഒരു കൊച്ചു പൊതിയില്‍ ....വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ മുഴുത്ത രണ്ടു മൂന്നു മിഠായികള്‍..പിന്നെ ഒരു ഫാ സോപ്പും. ഇത് രണ്ടുമേ ഇപ്പോള്‍ ഓര്‍ക്കുന്നുള്ളൂ.
"ഉം.. എന്താ രുചി...ഒരെണ്ണം കൂടി കിട്ടിയിരുന്നെങ്കില്‍ "..മിഠായി വായിലിട്ടു നുണഞ്ഞിട്ടു അപ്പോള്‍ അങ്ങനെ ആലോചിക്കുമായിരുന്നു.
പലപ്പോഴും ആ ചേട്ടന്‍ അവധിക്കു വരുമ്പോള്‍ ഗള്‍ഫിലെ മിഠായി കളുടെ പങ്ക് ഞങ്ങളുടെ വീട്ടില്‍ തരുമായിരുന്നു. അന്നൊക്കെ ഞാന്‍ മനസ്സില്‍ കരുതും..
"ഞാനും വലുതായി ജോലി കിട്ടിക്കഴിഞ്ഞു ഗള്‍ഫീന്ന് മുട്ടായി വാങ്ങും"
അന്നത്തെ ആ ആഗ്രഹം ദൈവം കനിവോടെ സാധിച്ചു തന്നു. ആദ്യം ജോലി കിട്ടിയ കമ്പനിയില്‍ നിന്ന് ആദ്യം ചെയ്ത വിദേശ യാത്ര, സ്വപ്നങ്ങളുടെ പറുദീസയായ ദുബായിലേക്കായിരുന്നു.
പാവം ദാസനെയും വിജയനെയും, ഗഫൂര്‍ക്ക കൊണ്ട് പോകാം എന്ന് പറഞ്ഞ സ്വപ്ന ലോകം...."ദുഫായ് "
(പണ്ട് പേര്‍ഷ്യയില്‍ നിന്നോ ഗള്‍ഫില്‍ നിന്നോ വന്നുഎന്ന് പറഞ്ഞാല്‍ എന്താ ഗമയായിരുന്നു. അതോര്‍ത്തപ്പോള്‍ അന്ന് ഞാനും ഗമയുള്ളവനായി. )
ദുബായില്‍ നിന്നും തിരികെ വന്നപ്പോള്‍ ഞാന്‍ കുറെ സോപ്പുകളും പെര്‍ഫ്യൂമുകളും, പല തരം മിഠായികളും വാങ്ങി. വാങ്ങിയപ്പോള്‍ വാശിയോടെ കുറെ ഏറെ വാങ്ങി.. അടുത്തുള്ളവര്‍ക്കും , കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെ കൊടുക്കാന്‍. ആര്‍ക്കും കൊടുക്കുമ്പോള്‍ കുറവ് വരരുതല്ലോ..
അന്ന് വാങ്ങിയതില്‍ ഫെരരോ രോഷറിന്‍റെ മിഠായിയും ഉണ്ടായിരുന്നു.
"തമ്പുരാനെ ..ഇതിനൊക്കെ നല്ല വിലയല്ലേ.. നിനക്ക് സാധാരണ വല്ല മുട്ടായിയും വാങ്ങിച്ചാല്‍ പോരായിരുന്നോടാ ? " അത് കണ്ട് അമ്മച്ചി ചോദിച്ചു.
"എപ്പോഴും ഇല്ലല്ലോ അമ്മാ.. പണ്ടത്തെ ആഗ്രഹം സാധിക്കാന്‍ വേണ്ടി വാങ്ങിച്ചതാ " . ഞാന്‍ അമ്മച്ചിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.
പിന്നെപ്പിന്നെ അതൊരു പതിവായി. ദൈവം തമ്പുരാന്‍ കനിഞ്ഞ്..പല വിദേശ രാജ്യങ്ങളിലും എനിക്ക് പോകാനായി. ദുബായ്, അബു ദാബി, ഖത്തര്‍, ഈജിപ്റ്റ് , മൊറോക്കോ, സ്പെയിന്‍, നെതര്‍ലാന്‍ഡ് , ബല്‍ജിയം, അമേരിക്ക, മലേഷ്യ, തായ് ലാന്‍ഡ് എന്നിവിടങ്ങളില്‍ ജോലിക്കാര്യത്തിനായി ഞാന്‍ കറങ്ങി. അവിടുന്നൊക്കെ പോരാന്‍ നേരം വേണ്ടുവോളം മിഠായികളും വാങ്ങി.
അവിടെയൊക്കെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ മിഠായികള്‍ക്കായി തിരയുമ്പോള്‍, ആദ്യം ഉണ്ടായിരുന്ന ആവേശം ഇല്ലായിരുന്നു. ..ഫോറിന്‍ മിഠായി കളുടെ മഞ്ഞളിപ്പ് കണ്ണുകളെ ബാധിക്കുന്നേ ഇല്ലായിരുന്നു. .
(എന്നാലും പണ്ട് മുതലേ ഉള്ള ഗ്യാസ് മിഠായി കമ്പം ഇപ്പോഴും ഉണ്ട്. നാട്ടില്‍ നിന്ന് തിരികെ ജോലി സ്ഥലത്തേക്ക് വരുമ്പോള്‍ ഇപ്പോഴും എന്‍റെ ബാഗില്‍ കുറേ ഗ്യാസ് മിഠായി പൊതികള്‍ കാണും. എന്നും ആഹാരം കഴിഞ്ഞാല്‍ ഒന്നോ രണ്ടോ ഗ്യാസ് മിഠായി നുണയുന്നത് എന്‍റെ ശീലമാണ്. )
പിന്നെപ്പിന്നെ അമ്മച്ചി പറയും..
"ഡാ ജോസേ.. നീ വെറുതെ എന്തിനാ ആവശ്യമില്ലാതെ ചോക്കലേറ്റൊക്കെ വാങ്ങി പൈസ കളയുന്നത്. പിള്ളേര്‍ അതൊക്കെ തിന്നു പല്ലുംവയറും കേടാക്കും. ആ പൈസ കൊണ്ട് നീ അവര്‍ക്ക് വല്ല ആപ്പിളോ മുന്തിരിയോ വാങ്ങിച്ചു കൊടുക്ക്"
ഞാന്‍ അത് കേട്ടു ചിരിക്കും.
"കുഞ്ഞായിരുന്നപ്പോള്‍ അയല്പക്കത്തുനിന്നു കിട്ടിയ മിഠായികള്‍ കണ്ടു എന്‍റെ മനസ്സില്‍ ആഗ്രഹം തോന്നിയ പോലെ, ഇവിടത്തെ പിള്ളേര്‍ക്കും കാണില്ലേ അമ്മച്ചീ ആഗ്രഹം" ...ഞാന്‍ മനസ്സില്‍ ചോദിച്ചു.
ഒരിക്കല്‍ വിദേശ യാത്ര കഴിഞ്ഞ്, മിഠായികള്‍ ഒക്കെ വീട്ടില്‍ കൊടുത്ത ശേഷം ഞാന്‍ തിരികെ ജോലി സ്ഥലത്തേയ്ക്ക് വന്നു. പിന്നെ വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോള്‍ ചേച്ചി പറഞ്ഞു..
" കുട്ടാ.. നീ കൊണ്ട് വന്ന ഫോറിന്‍ മുട്ടായി ഇല്ലേ.. അതീന് പത്തു പതിനഞ്ചു മുട്ടായികള്‍ അമ്മച്ചി നമ്മുടെ ശ്രീധരന്‍ അണ്ണന് കൊടുത്തു. .. അവിടത്തെ പിള്ളേര്‍ക്ക് കൊടുക്കാന്‍ എന്നും പറഞ്ഞു.. അവര്‍ക്ക് എന്ത് സന്തോഷമായെന്നറിയാമോ?
അതൊന്നും സ്വപ്നം പോലും കാണാന്‍ പറ്റാത്ത സമയത്താണ് അമ്മച്ചി അവര്‍ക്ക് നീ കൊണ്ട് വന്നതിന്‍റെ പങ്ക് കൊടുത്തത് എന്ന് ശ്രീധരന്‍ അണ്ണന്‍ പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു "
(അപ്പച്ചന്‍റെ കൂട്ടുകാരനും, നമ്മുടെ ഒരു കുടുംബത്തോട് വളരെ അടുപ്പം ഉള്ള ആളും ആണ് ശ്രീധരന്‍ അണ്ണന്‍ ..നല്ല ഒരു മനുഷ്യന്‍. വലിയ സാമ്പത്തിക ശേഷി ഒന്നും ഇല്ലാത്ത ആള്‍ ആണ്)
ഞാന്‍ അത് കേട്ടപ്പോള്‍ വിചാരിച്ചു. ..പണ്ട് അയല്‍ വാസിയുടെ മരു മകന്‍ കൊണ്ട് വന്നതിന്‍റെ പങ്ക് കിട്ടിയപ്പോള്‍ എനിക്ക് തോന്നിയതും ...ഇത് പോലത്തെ സന്തോഷം അല്ലെ? ..എന്നോട് ദൈവം കനിഞ്ഞ പോലെ അണ്ണന്‍റെ മക്കളും പഠിച്ചു നല്ല നിലയില്‍ എത്തട്ടെ .. മിഠായികള്‍ ഒക്കെ ആവശ്യം പോലെ വാങ്ങട്ടെ ...
ജോസ്
ബാംഗ്ലൂര്‍
18 - nov - 2010
1 അഭിപ്രായം:
nice post, I too a muttayi lover , my favorite is jeeraka mittayi.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ