രാവിലെ ടി വി യില്‍ പറഞ്ഞ ഒരു വാര്‍ത്ത ലീന എന്നെ പറഞ്ഞു കേള്‍പ്പിച്ചു...വേനല്‍ക്കാലത്തെ കൊടും ചൂടിലും, പാവം ആനകളെ നെറ്റിപ്പട്ടവും മറ്റും ഇടീപ്പിച്ചു ഉത്സവങ്ങള്‍ക്കും മറ്റും നടത്തിപ്പിക്കുന്നതിന്റെ ക്രൂര കഥ .അതെക്കുറിച്ച് കേട്ടപ്പോള്‍, ഒരു ആനക്കഥ ഓര്‍ത്തു. ...ഒരിക്കലും മറക്കാനാവാത്ത ആനക്കഥ ...
സ്കൂളില്‍ പഠിക്കുന്ന സമയം.. എന്റെ കുടുംബ വീട്ടില്‍, ജനലിനടുത്ത് ഇരുന്നു വഴിയരികില്‍ "വായിനോക്കി" ഇരിക്കുന്ന സമയത്താണ്, വഴിയിലൂടെ പോകുന്ന ആനകളെ കാണാറ്. വീടിനടുത്തുള്ള ആറില്‍ ആനയെ കുളിപ്പിക്കാന്‍ കൊണ്ടുപോകുന്നതാവും..അല്ലെങ്കില്‍ , അടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടുപോകുന്നതാവും..ഇതല്ലെങ്കില്‍ പിന്നെ, തടി പിടിക്കാനോ മറ്റു വല്ല ജോലി ചെയ്യിപ്പിക്കാണോ ആവും ..
പിന്നെ കുറെ ഏറെ ആനകളെ ഒന്നുച്ചു കാണുന്നത്, ക്ഷേത്രത്തില്‍ ആറാട്ട് നടക്കുമ്പോഴാണ്. നെറ്റിപ്പട്ടം ചൂടി, ആ കരിവീരന്മാര്‍ വരി വരിയായി, വീടിന്റെ മുന്‍പിലൂടെ നടന്നു നീങ്ങും. ഒപ്പം വാദ്യ മേളങ്ങളുമായി ആള്‍ക്കൂട്ടവും കാണും. എല്ലാംകൂടി ഒരു ഉത്സവ പ്രതീതി തന്നെ ആയിരിക്കും. ഇതൊക്കെ തന്നെയാണ് ആനകളെക്കുറിച്ച് എന്റെ മനസ്സില്‍ ഓടി വന്നിരുന്ന നല്ല ഓര്‍മ്മകള്‍. എന്നാല്‍ എല്ലാ ഓര്‍മ്മകളും നല്ലതല്ല ..
വര്‍ഷങ്ങള്‍ക്കു ശേഷം..ഞാന്‍ ഉപരി പഠനത്തിനായി, ഹിമാലയത്തിന്റെ താഴ്വരയിലുള്ള റൂര്‍ക്കി എന്ന സ്ഥലത്തേക്ക് ചേക്കേറി. അവിടെയുള്ള റൂര്‍ക്കി യൂണിവേര്സിറ്റിയില്‍് ജിയോളജി പഠിക്കാനാണ് ഞാന്‍ പോയത്. അവിടെ വച്ച് കരി വീരന്മാരുമായി ഒരിക്കലും മറക്കാനാവാത്ത ഒരു കണ്ടുമുട്ടല്‍ ഉണ്ടായി.
ആദ്യ വര്‍ഷം അവസാനിക്കാറായപ്പോള്‍, ഞങ്ങള്‍ക്ക് ഒരു ഫീല്‍ഡ് ടൂര്‍ ഉണ്ടായിരുന്നു. ഡറാഡൂണിന്റെ അടുത്തുള്ള മോഹന്ത് എന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ ഫീല്‍ഡ് വര്‍ക്ക്. ജിയോളജി പഠിക്കുന്നവരുടെ ഫീല്‍ഡ് വര്‍ക്ക് സ്ഥലങ്ങള്‍ എന്ന് പറഞ്ഞാല്‍, കാടും , മലയും, അരുവികളും, ഒക്കെ നിറഞ്ഞ, ആള്‍ത്താമസം ഇല്ലാത്ത സ്ഥലങ്ങള്‍ ആണല്ലോ. ആ സമയത്ത് ഞങ്ങളുടെ ഫീല്‍ഡ് വര്‍ക്ക് , മോഹന്തിലെ ഒരു വരണ്ടുണങ്ങിയ നദിയിലായിരുന്നു.
ഇരുപതോളം കുട്ടികള്‍ അടങ്ങിയ ഒരു സംഘം ആയിരുന്നു ഞങ്ങളുടേത്. .കൂടെ രണ്ടു സാറുമ്മാരും. അതിലൊരാള്‍, അമ്പത്തി അഞ്ചു വയസ്സിനപ്പുറം ഉള്ള ഒരു പ്രസിദ്ധനായ സാറായിരുന്നു. ബ്രം പ്രകാശ് എന്നാണു അദേഹത്തിന്റെ പേര്.
ഉണങ്ങിയ നദി തടത്തിലെ വലിയ ഉരുളന്‍ കല്ലുകള്‍ക്ക് മീതെ നടന്നു വേണം ഫീല്‍ഡ് വര്‍ക്ക് ചെയ്യാന്‍. അത് വിചാരിക്കുന്ന പോലെ അത്ര എളുപ്പം ഉള്ള പരിപാടി അല്ല. ഉരുളന്‍ കല്ലുകള്‍ക്ക് മീതെ കുറെ നടന്നു കഴിയുമ്പോള്‍ കാലു നന്നായി വേദനിക്കും.ഏകദേശം മൂന്നു നാല് കിലോമീറ്റര്‍ അങ്ങനെ ആ നദി തടത്തിലൂടെ നടന്നു വേണം ഫീല്‍ഡ് വര്‍ക്ക് തീര്‍ക്കാന്‍.
സാറുമ്മാര്‍ രണ്ടുപേരും എന്നെ ഒരു ജോലി ഏല്‍പ്പിച്ച ശേഷം, കുറച്ചു മുന്‍പേ നടക്കുക ആയിരുന്നു. എന്റെ ജോലിയോ.. ഇന്‍സ്ട്രുമെന്റ് ബോക്സ് കൊണ്ടുവരാത്ത വീരന്മാരുടെ കയ്യില്‍ നിന്നും ഫൈന്‍ ഈടാക്കുക എന്ന 'മഹത്തായ" കൃത്യം. ഞാന്‍ അത് വളരെ കൃത്യ നിഷ്ടയോടെ ചെയ്യുകയായിരുന്നു. അപ്പോഴാണ് നദീ തടത്തിന്റെ മുകള്‍ ഭാഗത്ത് നിന്നും എന്തോ ശബ്ദം കേള്‍ക്കുന്നത്. ബ്രം പ്രകാശ് സാര്‍ നടന്നു പോയ്കൊണ്ടിരുന്ന ഭാഗത്ത് നിന്നും ആണു ശബ്ദം കേട്ടത്.
നദിയുടെ വശത്തെ റോഡില്‍ നിന്നും, ആളുകള്‍ എന്തൊക്കെയോ ഉറക്കെ വിളിച്ചു പറയുകയും, കുറെ കല്ലുകള്‍ എറിയുകയും ചെയ്യുന്നു. അപ്പോഴാണ് നദിയുടെ മുകള്‍ ഭാഗത്ത് നിന്നും, ഞങ്ങള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് ഓടി വരുന്ന രണ്ടു ആനകളെ കണ്ടത്. വലുത്, ഒരി പിടിയാനയും, പിന്നുള്ളത് ഒരു കുഞ്ഞു കൊമ്പനും. അമ്മയും മകനും ആയിരിക്കും. പിന്നെ നടന്നതൊക്കെ വെറും സെക്കണ്ടുകള്‍ക്കുള്ളില്‍ ആണു നടന്നത്. ഒരു ആക്ഷന്‍ സിനിമാ കഥ പോലെ .
ബ്രം പ്രകാശ് സാറിന് എന്തെകിലും ചെയ്യാന്‍ പറ്റും മുന്‍പേ, പിടിയാന, ഓടി സാറിന്റെ അടുത്തെത്തി, സാറിനെ തുമ്പിക്കയ്യില്‍ ചുഴറ്റി എടുത്തെറിഞ്ഞു. അത് കണ്ടപ്പോഴേ ഞങ്ങള്‍ ഒക്കെ ചിതറി ഓടിത്തുടങ്ങി. കല്ലില്‍ ചവിട്ടി ഓടുംപോഴുള്ള വേദന ഒക്കെ കാറില്‍ പറത്തി ഞങ്ങള്‍ ഓടി. സ്വയ രക്ഷ അല്ലെ ആദ്യം പ്രധാനം. കല്ലുകള്‍ക്കിടയില്‍ വീണ സാറിനെ ചവിട്ടിയരിയ്ക്കനായി, പിടിയാന, കാലുയര്‍ത്തിയതും , മുകളില്‍ നിന്ന ആളുകള്‍ കൂവി വിളിച്ചു കല്ലുകള്‍ എടുത്തെറിഞ്ഞത് കാരണം ആവാം, പിടിയാന, ഉടനെ തന്നെ, താഴേക്ക് ഓടി. ഒരു പക്ഷെ കൂടെ ഉണ്ടായിരുന്ന കുഞ്ഞു ഓടിപ്പോകുന്നതു കണ്ടു, ആ വഴിയിലൂടെ ഓടിയതാവണം.
ചിന്നം വിളിച്ചുകൊണ്ടു , ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ വഴിയിലൂടെ ആന അതിവേഗം ഓടുന്നത് കണ്ടപ്പോള്‍, എല്ലാവരും ജീവനും കൊണ്ടോടി. ബാഗും, പുസ്തകങ്ങളും ഇന്‍സ്ട്രുമെന്റ് ബോക്സും ഒക്കെ വലിച്ചെറിഞ്ഞു ഞങ്ങള്‍ ഓടിയ വഴിയില്‍, തീര്‍ച്ചയായും, പുല്ലു കിളിക്കാന്‍ നല്ല സമയം പിടിക്കും. ആനയ്ക്ക് നല്ല വേഗത്തില്‍ ഓടാന്‍ കഴിയും എന്ന് ആ ദിവസം നന്നായി മനസ്സിലായി.
ആനകള്‍ ഓടിപ്പോയപ്പോള്‍, ഞങ്ങള്‍ സാറിന്റെ അടുത്തെത്തി. ഞങ്ങള്‍ എല്ലാവരും, കിടു കിടാ വിറയ്ക്കുകയായിരുന്നു. വയസ്സനായ സാറോ ... "ഇതൊക്കെ ഞാന്‍ എത്ര കണ്ടിരിക്കുന്നു മക്കളെ " എന്ന മട്ടിലും ..
കല്ലില്‍ വീണ വീഴ്ചയില്‍ സാറിനു തലയില്‍ മുറിവ് വന്നു..പിന്നെ കാല് ഒടിയുകയും ചെയ്തു. എന്തായാലും ഫീല്‍ഡ് വര്‍ക്ക് അന്ന് തന്നെ അവസാനിപ്പിച്ചു, ഞങ്ങള്‍ തിരികെ പോയി. സാറിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പിന്നെ ആ സെമിസ്റ്റരില്‍ ആ സാറിന്റെ ക്ലാസ് ഉണ്ടായില്ല. പിറ്റേന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ അറിഞ്ഞു..മോഹന്ത് ഭാഗത്ത്, കുറെ ആളുകള്‍ ആനകളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന്.
ആന ചവിട്ടാനായി കാല് പൊക്കിയ സമയത്ത്, ഒരു പക്ഷെ ഞാന്‍ ആയിരുന്നു അവിടെ വീണു കിടന്നിരുന്നത് എങ്കില്‍, പേടിച്ചു തന്നെ ക്ലോസ് ആയേനെ. പക്ഷെ, ബ്രം പ്രകാശ് സാറിന്റെ മനോ ധൈര്യം കാരണം, വേറെ ഒന്നും പറ്റിയില്ല.
ആ സംഭവത്തിന് ശേഷം, കരി വീരന്മാരെ കാണുമ്പോള്‍, കുറച്ചു അകലം പാലിച്ചേ നില്കാരുള്ളൂ. അവന്മാര്‍ ചില്ലറക്കാരന്മാര്‍ അല്ല എന്ന് എനിക്ക് മനസ്സിലായി. .. എന്തിനാ വെറുതെ അടുത്ത് പോയി, അടി വാങ്ങിച്ചു പിടിക്കുന്നെ.
ജോസ്
ബാംഗ്ലൂര്‍
4-ഏപ്രില്‍ -2010
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ