
ബാംഗ്ലൂരില്‍ ഇന്ന് നല്ല ഒരു മഴ പെയ്തു. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ഉയര്ച്ചയ്ക്കൊപ്പം , കൂടിക്കൊണ്ടിരിക്കുന്ന ചൂടില്‍ നിന്നും കുറച്ചൊരു അറുതി വരുത്താന്‍, ഒരു മഴ ആവശ്യമായിരുന്നു. നഗരത്തിലുള്ള ഒരു ഫ്ലാറ്റിന്റെ അകത്തിരുന്നു , അങ്ങനെ ഞാന്‍ മഴയെ വരവേറ്റു. ..
മഴ...സുഖകരമായ ഒരു അനുഭൂതിയാണ്.. അതിനു പക്ഷഭേദങ്ങള്‍ ഒന്നും ഇല്ല..പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല ..പെയ്താല്‍ അത് ചേരിക്ക് മുകളിലും പഞ്ച നക്ഷത്ര ഹോട്ടലിന്റെ മുകളിലും ഒരേ പോലെ പെയ്യും..
മഴ..അതിനു പക്ഷെ ഭാവങ്ങള്‍ ഉണ്ട്..അതിന്റെ തുള്ളികളുടെ വീഴ്ചയ്ക്ക് രാഗവും താളവും ഉണ്ട്. അതറിയണമെങ്കില്‍ കാതോര്‍ക്കണം..പെയ്യുന്ന മഴയെ നോക്കി മറ്റെല്ലാം മറന്നിരിക്കണം...അപ്പോഴറിയാം മഴയുടെ നടന സൌകുമാര്യം..
മഴ...അതിനു അതിന്റെതായ ഒരു ഗന്ധം ഉണ്ട്. ആദ്യ മഴ പെയ്യുമ്പോള്‍, പറമ്പില്‍ നിന്നും പൊങ്ങുന്ന മണ്ണിന്റെ ഗന്ധം..അത് മഴയുടെതായ ഗന്ധം കൂടിയാണ്.
മഴ...അതിനു മനസ്സിലെ ഓര്‍മ്മകളെ തൊട്ടുണര്ത്താനുള്ള അസാമാന്യ കഴിവുണ്ട്.. അതുകൊണ്ടല്ലേ..പ്രേമത്തെപ്പറ്റിയും , വിരഹത്തെപ്പറ്റിയും , പൂക്കളെപ്പറ്റിയും ഒക്കെ എഴുതുന്ന, കവികള്‍ക്കും കവയിത്രിമാര്‍ക്കും ഒക്കെ മഴ വളരെ പ്രിയങ്കരമായ ഒരു വിഷയം ആകുന്നത്.
കുഞ്ഞിലെ, മാനത്ത് മഴക്കാറ് വന്നു നിറയുമ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട് ..നല്ല മഴ പെയ്താല്‍ സ്കൂളിനു അവധി കിട്ടുമല്ലോ എന്ന് ഓര്‍ത്ത്.
വീടിനടുത്തുള്ള ഒരു നഴ്സറിയില്‍ ഞാന്‍ പൊയ്ക്കൊണ്ടിരുന്ന സമയത്ത്..ഒരു മഴക്കാല ദിവസം..ഇടിയും മിന്നലുമായി മഴ പെയ്ത നേരം...നഴ്സറിയില്‍ നിന്നും , ചേച്ചിയുടെ കൂടെ തിരികെ വരാന്‍ നേരത്ത്..എന്നെ എടുത്തുകൊണ്ടു നടക്കണം എന്നും പറഞ്ഞു ഞാന്‍ കരഞ്ഞു ബഹളം ഉണ്ടാകിയത്, ചേച്ചി ഇപ്പോഴും പറയും..അതൊരു അവ്യക്തമായ ഓര്‍മ്മയായി ഇപ്പോഴും മനസ്സില്‍ ഉണ്ട്.. പാവം ചേച്ചി..നനഞ്ഞു കുതിര്‍ന്നിട്ടും, എന്നെ എടുത്തുകൊണ്ടു തന്നെ വീട്ടില്‍ വന്നുവത്രേ.
ഓല മേഞ്ഞ കൂരയില്‍ ഉള്ള കിഴുത്തകളിലൂടെ വീടിനകത്തേക്ക് വെള്ളം വീഴുമ്പോള്‍, അതിന്റെ താഴെ കുടമോ കലമോ കൊണ്ട് വയ്ക്കാനും, ചോര്‍ന്നു വീഴുന്ന തുള്ളികളെ നോക്കി നില്‍ക്കാനും എനിക്ക് നല്ല ഉത്സാഹം ആയിരുന്നു ( വലുതായപ്പോഴല്ലേ ആ സമയത്തൊക്കെ അമ്മച്ചിക്കും മറ്റും ഉണ്ടായിട്ടുള്ള സങ്കടവും വിഷമങ്ങളും മനസ്സിലാവുന്നത്)
നല്ല ഇടി വെട്ടി മഴ തിര്മിര്‍ത്തു പെയ്യുമ്പോള്‍, വീട്ടിലെ എല്ലാവരും, വീടിന്റെ നടുക്കുള്ള മുറിയില്‍ ഒത്തുകൂടും.. അമ്മച്ചിയും ചേച്ചിമാരും പക്ഷെ , ആഞ്ഞടിക്കുന്ന കാറ്റിനെക്കുറിച്ചും, ആടിയുലഞ്ഞു നില്‍കുന്ന തെങ്ങിനെക്കുറിച്ചും ഒക്കെ വേവലാതിപ്പെട്ടായിരിക്കും അവിടെ ഇരിക്കുക..എനിക്കോ..മഴയത്തുള്ള ആ കുടുംബ സദസ്സ് ഒരു നല്ല അനുഭൂതിയും.. (പുര കത്തുമ്പോള്‍ വീണ വായിക്കുന്നു എന്ന് പറയുന്ന പോലെ ..അല്ലെ? )
മഴ....അതിനോടൊപ്പം നിമിഷ നേരങ്ങളിലെ ജീവനുമായി എത്തുന്ന ഒരു കൂട്ടം ജീവികളുണ്ട് ...ഈയലുകള്‍. ഓല മേഞ്ഞ വീടിന്റെ മുന്‍വശത്ത് , പാഠ പുസ്തകം തുറന്നു വച്ചു , പഠിക്കാനിരിക്കുമ്പോഴാവും , പുറത്തു മഴയത്ത്, കൂട്ടത്തോടെ ഉയരുന്ന ഈയലുകളുടെ വരവ്. മുറിയിലെ ട്യുബെ ലൈറ്റിന്റെ അടുത്തെയ്ക്കായി അവ കൂട്ടത്തോടെ പറന്നു വരും. പുസ്തകം മാറ്റി വച്ച് ഞാന്‍ പിന്നെ അവയെ നോക്കി നില്‍ക്കും.
കളങ്കം എന്തെന്നറിയാത്ത (അതറിയാന്‍ സമയം എവിടെ? ) ആ പാവം ഈയലുകള്‍, പ്രലോഭിപ്പിക്കുന്ന വെളിച്ചത്തിന്റെ അടുത്തേയ്ക്ക് ചെല്ലുമ്പോള്‍ , അവിടെ അവരെ കാത്തിരിക്കുന്ന കുറെ വീരന്മാര്‍ കാണും..പല്ലികള്‍. അപകടം അറിയാതെ പറന്നു വരുന്ന ഈയലുകളെ ഒറ്റ ചാട്ടത്തിനു പല്ലികള്‍ പിടിക്കുന്നത് കാണാന്‍ എനിക്കന്നു നല്ല രസമായിരുന്നു. (കഷ്ടം ..ഈയലുകളുടെ ജീവന്റെ വില ഞാനുണ്ടോ അറിയുന്നു . അവര്‍ പല്ലികല്‍ക്കായി ജനിച്ചവര്‍ അല്ലെ? ). ചിലപ്പോള്‍ വയറു നിറയെ ഭക്ഷണം നോക്കി വരുന്ന പല്ലികളെ ഞാന്‍ വിരട്ടി ഓടിക്കും..അതും കാണാന്‍ ഒരു രസം.
എന്തേ ഈയലുകള്‍ ഇവിടെ ഒന്നും ഇല്ല. നാട്ടിലല്ലാതെ അവറ്റകളെ ഞാന്‍ വേറെ എങ്ങും കണ്ടിട്ടില്ല.
ചിലപ്പോള്‍ തോന്നും...നമ്മളും ഈ ഈയലുകളെപ്പോലെ അല്ലെ എന്ന് ? ജനിക്കുമ്പോള്‍ മുതല്‍...ഈയലുകലെപ്പോലെ നമ്മള്‍ പറന്ന് നടക്കുന്നു...ചുറ്റും പ്രലോഭനങ്ങളുടെ വെളിച്ചവും..അതിനിടെ പതുങ്ങിയിരിക്കുന്ന വലിയ പല്ലികളെ തിരിച്ചറിയുന്നവര്‍..കുറെ ഏറെ നാള്‍ ജീവിക്കുന്നു...അതറിയാത്തവര്‍..കുറെ നേരത്തെ ജീവിതം അവസാനിപ്പിച്ചു മടങ്ങുന്നു. എല്ലാം നൈമിഷികം മാത്രം.
വീടിന്റെ പുറകിലെ ജനാലയിലൂടെ നോക്കിയപ്പോള്‍ മാനം വീണ്ടും ഇരുളുന്നത് കണ്ടു. മനസ്സുകൊണ്ട് ഞാന്‍ വീണ്ടും ആ നടന സൌന്ദര്യം ആസ്വദിക്കാനുള്ള തയ്യാറെടുപ്പ് നടത്തി...
മഴത്തുള്ളികളെ..വരൂ..തിമിര്‍ത്തു പെയ്യൂ... ഓര്‍മ്മചെപ്പില്‍ നിന്നും കുറെ ഓര്‍മ്മകളെ തൊട്ടുണര്‍ത്തൂ..
ജോസ്
ബാംഗ്ലൂര്‍
18-ഏപ്രില്‍- 2010
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ