

ഇന്ന് എന്റെ കുഞ്ഞനിയത്തി ആന്‍സിയുടെ വിവാഹ നിശ്ചയം ആണ്. അടുത്ത ആഴ്ച കല്യാണവും. ഞങ്ങളുടെ കുടുംബത്തിലെ, എന്റെ തലമുറയിലെ അവസാനത്തെ കല്യാണം ആണ് ഇത്. ഇനിയുള്ളതൊക്കെ അടുത്ത തലമുറക്കാരായ പീക്കിരി പിള്ളേരാണ്. കല്യാണത്തിനും , നിശ്ചയത്തിനും ഒക്കെ കൂടണം എന്ന് കരുതിയതായിരുന്നെങ്കിലും , പറ്റിയില്ല. യാത്ര ചെയ്യാനുള്ള ഒരു പരുവത്തിലല്ല ഞാന്‍. അത് ഞാന്‍ അവളെ നേരത്തെ തന്നെ പറഞ്ഞു മനസ്സിലാക്കിയായിരുന്നു.
ഇന്ന് രാവിലെയും വിളിച്ചു അവളെ.... എന്റെ വക എല്ലാ ഭാവുകങ്ങളും നേരാനായി. ഞാന്‍ വിളിച്ചപ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്നും ഒരുങ്ങി , പള്ളിയിലേയ്ക്ക് പോകാനുള്ള തിരക്കിലായിരുന്നു അവള്‍. നിശ്ചയത്തിന്റെ തിരക്ക് കഴിഞ്ഞു പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ വെച്ചു.
എത്ര പെട്ടന്നാണ് വര്‍ഷങ്ങള്‍ കടന്നു പോകുന്നത് എന്ന് ഞാന്‍ അപ്പോള്‍ ആലോചിച്ചു. എന്റെ കുഞ്ഞനിയത്തി അങ്ങനെ ഒരു ഭാര്യ ആകാന്‍ പോകുകയാണ്. നാളെ മുതല്‍ അവളെ കൊച്ചു പിള്ളേരുടെ ലിസ്റ്റില്‍ നിന്നും മാറും എന്ന് ഞാന്‍ കളിയായി അവളോട് പറഞ്ഞു.
എന്റെ അമ്മച്ചിയുടെ ഏറ്റവും ഇളയ അനിയത്തിക്ക് രണ്ടു മക്കളാണ്.. ..ആനിയും ആന്‍സിയും. വീട്ടില്‍ അവരെ ആനി മോള്‍ എന്നും അക്കു മോള്‍ എന്നും ആണ് വിളിക്കാറ് എങ്കിലും, ഞാന്‍ കൊച്ചിലെ മുതല്‍ക്കു തന്നെ അവരെ വേറെ പേരില്‍ ആണ് വിളിക്കാറ്. ..പിരിയാണിയും അണ്ണിക്കുഞ്ഞും. എന്ത് കാരണം കൊണ്ടാണ് അങ്ങനെ പേരുകള്‍ ഇട്ടതു എന്ന് ഓര്‍ക്കുന്നില്ല.(പിന്നെ ലവി എന്നും കുശി എന്നും പേരുകള്‍ ഉണ്ട്. അതിട്ടത് വേറെ ഒരു കസിന്‍ ആണ്) . ഇപ്പോഴും അവരെ അങ്ങനെ തന്നെ വിളിക്കാറും ഉണ്ട്. (സ്നേഹം കൂടുമ്പോള്‍ അക്കുവിനെ അക്കുട്ടി എന്നാവും വിളിക്കുക )
ആനിയും അക്കുവും തമ്മില്‍ ഒരു വയസ്സിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ. എനിയ്ക്ക്, അവരെക്കാളും ഒരു 6 വയസ്സിന്റെ മൂപ്പും . കുടുംബത്തില്‍ എനിക്ക് ആകെയുള്ള രണ്ടു അനിയത്തിമാര്‍ ആണ് അവര്‍. (ഒരു അനിയത്തി ഉണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ഞാന്‍ ആലോചിക്കുമായിരുന്നു). ആ കുറവ് നികത്തിയത് ഇവരാണ്.
പണ്ടൊക്കെ, സ്കൂള്‍ അവധി കിട്ടുന്ന സമയത്ത്, കൊച്ചമ്മ, ആനിയേയും അക്കുവിനെയും, എന്റെ വീട്ടില്‍ കൊണ്ടാക്കും. അപ്പോഴല്ലേ രസം. അവരുടെ മൂത്ത അച്ചാച്ചനായി വിലസുന്ന ഞാന്‍, അവരെ വഴക്കുണ്ടാക്കി കരയിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും പാഴാക്കില്ലായിരുന്നു.. അങ്ങനത്തെ ഒന്ന് രണ്ടു അവസരങ്ങള്‍ ഇപ്പോഴും മനസ്സില്‍ നിറഞ്ഞു നില്‍പ്പുണ്ട്.
എവിടെ നിന്നോ കിട്ടിയ ഒരു പ്ലാസ്റിക് സിറിന്‍്ജ് എന്റെ കയ്യിലുണ്ടായിരുന്നു. അതിന്റെ തുമ്പത്ത് , ഈര്‍ക്കില്‍ ഓടിച്ചുണ്ടാക്കിയ ഒരു സൂചിയും വെച്ച്, കുറച്ചു ചുവന്ന വെള്ളവും കലക്കി നിറച്ച് , ഞാന്‍ അവരുടെ പുറകെ പോകും..കുത്തി വയ്ക്കാനാണ് എന്നും പറഞ്ഞു. അത് കണ്ടു പേടിച്ച് അവര്‍ രണ്ടും കരഞ്ഞു കൊണ്ട് വീടിനു ചുറ്റും ഓടും..ഞാന്‍ പുറകെയും. വെറുതെ പേടിപ്പിക്കുക എന്ന ദുരുദ്ദേശം മാത്രമേ ഉള്ളൂ.
"വല്യമ്മച്ചി..അച്ചാച്ചന്‍ ഞങ്ങളെ കുത്തിവയ്ക്കാന്‍ പോകുന്നെ.." അങ്ങനെ കരഞ്ഞുകൊണ്ട് അവര്‍ എന്റെ അമ്മച്ചിയുടെ (അവരുടെ വല്യമ്മച്ചി) അടുത്ത് പരാതിയുമായി ചെല്ലും.
"ഡാ ജോസേ. നിനക്ക് നല്ല അടി വച്ച് തരും കേട്ടോ.. എന്തിനാ വെറുതെ പിള്ളേരെ പേടിപ്പിക്കുന്നെ "
അമ്മച്ചി അവരുടെ ഭാഗം ചേര്‍ന്ന് എനിക്ക് വഴക്ക് തരും.
ഈ പരാതിയും, അമ്മച്ചിയുടെ ആ വിരട്ടലും, എല്ലാ ദിവസങ്ങളിലും ആവര്‍ത്തിക്കും. ഇടയ്ക്കിടെ പേടിപ്പിക്കും എങ്കിലും, ബാക്കിയുള്ള സമയം ഒക്കെ ഞാന്‍ അവരുടെ നല്ല അച്ചാച്ചനായിരിക്കും.
പിന്നെ ഒരിക്കല്‍, മൂത്തവള്‍ ആനി, ഞങ്ങളുടെ വീടിന്റെ പുറകില്‍ വന്നിരുന്ന ഒരു പൂച്ചയെ കല്ലെടുത്തെറിഞ്ഞു. . ഏറു കൊണ്ട പൂച്ച കരഞ്ഞു വിളിച്ചു കൊണ്ടോടി . ആ അവസരം കളയാതെ ഞാന്‍ ഉടനെ അവളെ വിരട്ടി. ..പൂച്ചയെ എറിഞ്ഞവര്‍ കൈ വിറച്ചു ചാവും എന്ന്, നല്ല പേടിപ്പിക്കുന്ന രീതിയില്‍ ഞാന്‍ അവളോട് പറഞ്ഞു. അത് കേട്ടു കുറെ നേരം അവള്‍ പൊട്ടിക്കരഞ്ഞത് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്.
ഓരോ പ്രാവശ്യം ഞാന്‍ വഴക്കുണ്ടാക്കുമ്പോഴും അവര്‍ പറയുന്ന ഒരു വാചകം ഉണ്ട്.
"മിണ്ടൂല്ല ...ഇനി മേലില്‍ ഞങ്ങള്‍ അച്ചാച്ചനെ കാണാന്‍ ഇവിടെ വരില്ല."
എന്നാല്‍ അവധി കഴിഞ്ഞു, തിരികെ പോകാനായി, ബസ്സ് കാത്തു നില്‍ക്കുമ്പോള്‍ രണ്ടു പേരും കൂടെ റോഡിന്റെ അപ്പുറത്ത് നിന്നും ഉറക്കെ വിളിച്ചു പറയും...
"അച്ചാച്ചാ ..ഇനി അടുത്ത അവധിക്കു വരാമേ.."
അവര്‍ പോയിക്കഴിയുമ്പോള്‍ കുറച്ചു നേരത്തേക്ക് നല്ല വിഷമവും ആയിരിക്കും എനിക്ക്.
രസകരമായ കുട്ടിക്കാലം കഴിഞ്ഞപ്പോള്‍, വിരട്ടലും വഴക്കുണ്ടാക്കലും ഒക്കെ നിന്നു. എന്നാലും ഇരട്ടപ്പേര് വിളി നിന്നില്ല. മൂത്തവള്‍ ആനി , ഞാന്‍ പിരിയാണി എന്ന ഇരട്ടപ്പേര് വിളിക്കുമ്പോള്‍ തൊഴുതുകൊണ്ട് പറയും.. "ഇനിയെങ്കിലും ആ പേര് മാറ്റികൂടെ? "
എന്നാല്‍ അക്കുവാനെങ്കിലോ ...എഴുതെഴിതിയാലും, ഇ- മെയില്‍ അയച്ചാലും ഒക്കെ അതില്‍, അണ്ണിക്കുഞ്ഞു എന്ന് തന്നെ ആവും വയ്ക്കുക. കാലം കുറെ ആയി എന്ന് പറഞ്ഞാലും, അവരൊക്കെ വളര്‍ന്നു വലുതായി എന്ന് പറഞ്ഞാലും, അവര്‍ എന്റെ അനിയത്തിമാര്‍ അല്ലാതാവുന്നിലല്ലോ . അപ്പോള്‍ പിന്നെ ഞാന്‍ പഴയ ഇരട്ടപ്പേരുകള്‍ വിളിക്കുന്നതില്‍ എന്താ തെറ്റ്? ( അവരുടെ കെട്ടിയോന്മാര്‍ വഴക്കിനു വരാത്തിടത്തോളം :-) )
ആനി മോള്‍ കല്യാണം കഴിച്ചു , ഒരു കുഞ്ഞുമായി , ഒബാമയുടെ നാട്ടില്‍ ജീവിക്കുന്നു. അക്കു, അടുത്ത ഞായറാഴ്ച വിശുദ്ധ അല്ത്താരയില്‍ , മണവാട്ടിയുടെ വേഷമിടും. പണ്ടത്തെ പേടിച്ചു കരയുന്ന കുഞ്ഞനിയത്തിമാര്‍ , ഇന്ന് വലിയ കുട്ടികളായി, അവരുടെതായ കുടുംബം തീര്‍ക്കാന്‍ പ്രാപ്തരായി നില്‍ക്കുന്നു. കാലം ആര്‍ക്കു വേണ്ടിയും കാത്തു നില്ക്കാറില്ലല്ലോ ?
അടുത്ത ആഴ്ച പള്ളിയില്‍, കല്യാണം നടക്കുമ്പോള്‍, ഞാന്‍ അടുത്തുണ്ടാവില്ലെങ്കിലും , മനസ്സുകൊണ്ട്, ഞാന്‍ അവളുടെ അടുത്തുണ്ടാവും..ഭാവി ജീവിതത്തിനു വേണ്ട എല്ലാ ഭാവുകങ്ങളും മനസ്സാല്‍ നേര്‍ന്നുകൊണ്ട്..
"അക്കുട്ടീ ..ദീര്‍ഘ സുമംഗലീ ഭവഃ "
(പണ്ടൊരിക്കല്‍ അവധിക്കു വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ എന്റെ ഡയറിയുടെ പുറകില്‍, അക്കുവിനെ ഇരുത്തി വരച്ച പടമാണ് മുകളില്‍. താഴെയുള്ളത്.. അക്കുവും (ഇടതു.ഭാഗം) പിന്നെ ആനിയും( വലതു ഭാഗം) )
ജോസ്
ബാംഗ്ലൂര്‍
11-ഏപ്രില്‍-2010
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ