ബാംഗ്ലൂരില്‍ എനിക്ക് അധികം അതിഥികള്‍ ഒന്നും ഉണ്ടാവാറില്ല. എന്റെ വീടിനുള്ളില്‍ മുഴങ്ങുന്ന ശബ്ദങ്ങള്‍ എന്റെയും അല്ലെങ്കില്‍ പിന്നെ ലീനയുടേതും ആയിരിക്കും. എന്നാല്‍ കഴിഞ്ഞ ആഴ്ച ആ അവസ്ഥ മാറി...കുറച്ചു ദിവസത്തെക്കാണെങ്കില്‍ പോലും.
നാട്ടില്‍ നിന്നും എന്റെ ചേട്ടനും കുടുംബവും, ചേച്ചിയും കുടുംബവും പിന്നെ മാമന്റെ മകളും കുടുംബവും എന്റെ വീട്ടില്‍ വന്നു. അവര്‍ വരുന്നതിന്റെ രണ്ടു ദിവസം മുന്‍പ് നാട്ടില്‍ വച്ച് എന്റെ അനിയത്തിയുടെ (കുഞ്ഞമ്മയുടെ മകള്‍) കല്യാണമായിരുന്നു. സാധാരണ കല്യാണം പോലെയുള്ള അവസരങ്ങളില്‍ എല്ലാ ബന്ധുക്കളെയും കാണാനും അടിച്ചു പോളിക്കാനുമുള്ള അവസരം ഞാന്‍ കളയാറില്ല . എന്നാല്‍ ഇത്തവണ എനിക്ക് പോകാന്‍ പറ്റിയില്ല. പക്ഷെ അങ്ങനെ ഒരു ഫാമിലി ഗെറ്റ് ടുഗതരില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെട്ടെങ്കിലും, ഇവരൊക്കെ ഒരുമിച്ചു എന്റെ വീട്ടില്‍ വന്നപ്പോള്‍ ആ കുറവ് നികന്ന പോലെ തോന്നി.
പെട്ടന്ന് വീടിനു ജീവന്‍ വച്ചു. ചിരിയും കളിയും, പരിഭവങ്ങളും കൊണ്ട് വീട് ശബ്ദ മുഖരിതമായി.
ഇത്രയും പേര്‍ ഒരുമിച്ചു ഒരിക്കലും ഇവിടെ വന്നിട്ടില്ല. അതിനാല്‍ ചില കാര്യത്തില്‍ ഒന്ന് ബുദ്ധിമുട്ടി.
എല്ലാവര്‍ക്കും ഒരുമിച്ചു ആഹാരം വയ്കാന്‍ ഉള്ള പാത്രം..ഒരുമിച്ചു കഴിക്കാനായി പ്ലേറ്റുകള്‍ , .ഇതൊക്കെ സംഘടിപ്പിക്കാന്‍ തെല്ലൊന്നു കഷ്ടപ്പെട്ടു. പക്ഷെ ..രണ്ടു മുറി ഫ്ലാറ്റില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് ഒരു പതിനൊന്നു പേര്‍ക്ക് കിടക്കാന്‍ സ്ഥലം ഉണ്ടാക്കാന്‍ അധികം പ്രയാസപ്പെടേണ്ടി വന്നില്ല. ഒരുമ ഉണ്ടെങ്കില്‍ ഉലക്ക മേലും കിടക്കാം എന്നല്ലേ? ഡോര്‍മെട്രിയില്‍ ആളുകള്‍ കിടക്കുന്ന പോലെ , എല്ലാവരെയും ഹാളിലും അകത്തെ കൊച്ചു മുറിയിലും ഒക്കെ ആയി താമസിപ്പിച്ചു. എല്ലാവരും ഖുശി ഖുശി ...
ഒന്നിച്ചു കറങ്ങാന്‍ പോകുന്ന സമയത്താണ് വിഷമം. ഇത്രയും പേരെ ഒന്നിച്ചു കൊണ്ട് പോകാന്‍ വലിയ വണ്ടി വേണ്ടേ. പക്ഷെ ഒന്ന് ഫോണ്‍ കറക്കേണ്ട താമസം...പതിന്നാലു പേര്‍ക്ക് ഇരിക്കാവുന്ന ടെമ്പോ ട്രാവെല്ലര്‍ വീടിന്റെ മുന്‍പില്‍ ഹാജര്‍. അങ്ങനെ എല്ലാവരും കൂടെ ബാംഗ്ലൂരിന്റെ ഹൃദയത്തിലൂടെ കുറെ കറങ്ങി. നാട്ടിലെ പൊരിയുന്ന ചൂടില്‍ നിന്നും അവര്‍ക്കും ഒരു രക്ഷ ആയി.
കറങ്ങാന്‍ പോയ അവസരങ്ങളില്‍ ഒക്കെ, ചിലര്‍ക്കൊക്കെ വയറിനു പ്രശ്നം ആയി. ഭാഗ്യത്തിന് കുറച്ചു നാള്‍ മുന്‍പ് വരെ ഉണ്ടായിരുന്ന വെള്ളം പ്രശ്നം അപ്പോഴേക്കും തീര്‍ന്നായിരുന്നു.. രാവിലെ മുതല്‍ വൈകിട്ട് വരെ വെള്ളം മുടങ്ങാതെ കിട്ടിത്തുടങ്ങി . അല്ലായിരുന്നെങ്കില്‍ പെട്ട് പോയേനെ.
ഏറ്റവും ഇളയവനായ കുഞ്ഞുണ്ണി (ചേച്ചിയുടെ മകന്‍), ഒട്ടും വിശപ്പ് സഹിക്കാന്‍ പറ്റാത്തവന്‍ ആണ് എന്നും ഇത്തവണ മനസ്സിലായി. വിശന്നു കുടല്‍ കരിഞ്ഞു കഴിഞ്ഞാല്‍ പൊതുവേ വഴക്കാളി ഒന്നും അല്ലാത്ത, രസികനായ അവന്റെ ഭാവം മാറും..പിന്നെ വയറിലോട്ടു എന്തെങ്കിലും ചെല്ലും വരെ പാവം ഒരു പരുവത്തില്‍ ആവും ഇരുപ്പ്. .കഴിപ്പ് കഴിഞ്ഞു ഒരു മൂന്നു മണിക്കൂര്‍ കഴിയുമ്പോള്‍ അവന്‍ വീണ്ടും പറയും...
"അയ്യോ എനിക്ക് വിശക്കുന്നേ "
ഇവരൊക്കെ വന്നപ്പോള്‍ ഞങ്ങള്‍ക്കായി അമ്മച്ചി കുറെ ഏറെ സാധനങ്ങള്‍ കൊടുത്തു വിട്ടു.. അലുവാ, കേക്ക്, അച്ചപ്പം, കുഴലപ്പം, ചമ്മന്തിപ്പൊടി, മുറുക്ക്. പിന്നെ എനിക്കും ലീനയ്ക്കും ഏറെ ഇഷ്ടമുള്ള ഗ്യാസ് മുട്ടായിയും നാരങ്ങാ മുട്ടായിയും. ..കുറച്ചൊക്കെ ഇപ്പോഴേ തീര്‍ന്നു കഴിഞ്ഞു ..ബാക്കി ഒക്കെ തീരാന്‍ ഇനി അധികം സമയം വേണ്ട.
ഇന്നലെ അവര്‍ ഒക്കെ തിരികെ പോയി. രാത്രി ഞാനും ലീനയും അവരെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ടു. യാത്ര പറഞ്ഞിറങ്ങും നേരത്ത് ചേച്ചിയുടെ കണ്ണുകള്‍ പെട്ടന്ന് നിറഞ്ഞു. കുഞ്ഞുണ്ണി പെട്ടന്ന് ചോദിച്ചു..
"അതെന്തിനാ അമ്മെ..പെട്ടന്ന് കരഞ്ഞത് " .
ചേച്ച് പക്ഷെ ഒന്നും പറഞ്ഞില്ല. അത് കണ്ടു നിന്ന മാമന്റെ മകള്‍ , ശോഭ ചേച്ചി പറഞ്ഞു..
"മക്കളെ അത് നിനക്ക് ഇപ്പോള്‍ മനസ്സിലാവില്ല ".
എന്റെയും കണ്ണുകള്‍ ചെറുതായി ഒന്ന് നനഞ്ഞു. പക്ഷെ പെട്ടന്ന് തന്നെ ഞാന്‍ അത് നിയന്ത്രിച്ചു. ചെറുതും വലുതുമായ എന്തൊക്കെ വേര്‍പാടുകളും യാത്ര അയപ്പുകളും ഇനി കാണാന്‍ കിടക്കുന്നു.
വീണ്ടും വീടുറങ്ങി. . ഇനി ഇതുപോലെ ആരെങ്കിലും വരും വരെ .. അതുവരെ ശബ്ദിക്കാന്‍ ഞാനും ലീനയും മാത്രം
ജോസ്
ബാംഗ്ലൂര്‍
28- ഏപ്രില്‍-2010
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ