2012 ഫെബ്രുവരി 25

ബൊക്കെ ...


അങ്ങനെ ഒരു ജന്മദിനം കൂടി പോയിക്കിട്ടി. വയസൊന്ന് കൂടി. നരച്ച മുടികള്‍ മൂന്നാലെണ്ണം കൂടി തലയില്‍ കണ്ടു. ഇതല്ലാതെ പ്രത്യേകിച്ച് ആഘോഷം ഒന്നും ഇല്ലായിരുന്നു. ഒറ്റയ്ക്ക് എന്താണ് ആഘോഷിക്കാന്‍? രാവിലെ എട്ടു മണി മുതല്‍ തന്നെ ഓഫീസില്‍ മീറ്റിങ്ങുകള്‍ ഉണ്ടായിരുന്നതിനാല്‍ ആരൊക്കെയോ ആശംസകള്‍ അറിയിക്കാന്‍ സെല്‍ ഫോണില്‍ വിളിച്ചപ്പോള്‍ കാള്‍ എടുക്കാന്‍ പറ്റിയില്ല. ഉച്ചയ്ക്ക് ഊണ് പോലും കഴിക്കാന്‍ പറ്റാതെ വന്ന തിരക്കായിരുന്നു ജന്മദിനത്തില്‍. പിന്നെ വൈകിട്ട് ഓഫീസില്‍ നിന്നും വന്ന ശേഷം കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് ഇ- മെയില്‍ നോക്കിയപ്പോഴാണ് നൂറില്‍ കൂടുതല്‍ ജന്മദിന ആശംസകള്‍ കണ്ടത്. അതും ഫെയ്സ് ബുക്കില്‍ കൂടെ. ആണ്ടിനും സംക്രാന്തിക്കും മാത്രം ഫെയ്സ് ബുക്ക്‌ തുറക്കുന്ന ഞാന്‍ പിന്നെ കുത്തിയിരുന്നു ആശംസകള്‍ അയച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

അപ്പോഴാണ്‌ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടത്. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഒരു ബൊക്കെയും ആയി ഒരാള്‍ നില്‍ക്കുന്നത് കണ്ടു.

"മിസ്ടര്‍ ജോസ് വര്‍ഗീസ്‌ അല്ലേ? "

" അതെ ..എന്തെ? "

"ഹാപ്പി ബര്‍ത്ത് ഡേ സാര്‍ . ഇത് താങ്കള്‍ക്കുള്ളതാണ് " . ചുവന്ന റോസാ പ്പൂക്കള്‍ വെച്ച ആ ബൊക്കെ എന്റെ നേരെ നീട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു. ഞാന്‍ അത് വാങ്ങി അതിന്റെ കൂടെയുണ്ടായിരുന്ന കാര്‍ഡില്‍ നോക്കി. അയച്ച ആളിന്റെ ഇനിഷ്യല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രിയപ്പെട്ട ആരോ ആണെന്ന് അതെന്ന് മാത്രം മനസ്സിലായി. പിന്നെ ആരാണ് അതയച്ചത് എന്ന് മനസ്സിലാക്കാന്‍ കുറച്ചു നേരം കൂടി കഴിഞ്ഞു ഒരു ഫോണ്‍ കാള്‍ വരുന്ന വരെ കാത്തിരിക്കേണ്ടി വന്നു. അതിനു മുന്‍പ് ആ ബൊക്കെയും പിടിച്ച് ഇരുന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം ജന്മദിനത്തില്‍ നടന്ന ഒരു സംഭവം ഓര്‍മ്മ വന്നു.

2011 ഫെബ്രുവരി 20. അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. സാധാരണ പിറന്നാളൊന്നും ആഘോഷി ക്കാത്തതിനാല്‍ എന്നത്തേയും പോലൊരു ദിവസമായി അന്നും കരുതി ഞാന്‍ ഇരുന്നു. ലീന രാവിലെ തന്നെ ജന്മദിന ആശംസകള്‍ തന്നിരുന്നു. വീട്ടില്‍ നിന്നും ചേട്ടനും ചേച്ചിയും ആശംസകള്‍ വിളിച്ചറിയിച്ചു. പിന്നെ അനിയത്തിയും കൂട്ടുകാരും ഒക്കെ ആശംസാ സന്ദേശങ്ങള്‍ അയച്ചു. ഇതിനപ്പുറം വേറെ പ്രത്യേകതകള്‍ ഒന്നും ഇല്ലായിരുന്നു അന്നും...എന്നത്തേയും പോലെ .

ഏകദേശം പത്തു മണി അടുപ്പിച്ചു ആരോ കോളിംഗ് ബെല്‍ അമര്‍ത്തി. ഞാന്‍ വാതില്‍ തുറന്നു നോക്കിയപ്പോള്‍, ഒരു വലിയ ബൊക്കെയും പിടിച്ചു ഒരാള്‍ നില്‍ക്കുന്നു. ചുവന്ന റോസാ പ്പൂകളും, മനോഹരമായ ഇലകളും ഒരു പച്ച നിറത്തിലെ ബാസ്കറ്റില്‍ വെച്ചുണ്ടാക്കിയ ഒരു ബൊക്കെ. അതെനിക്കാണോ എന്ന് സംശയിച്ചു ഞാന്‍ നിന്നപ്പോള്‍ അത് കൊണ്ട് വന്നയാള്‍ എന്റെ പേര് ചോദിച്ച ശേഷം അത് എനിക്കുള്ളതാണ് എന്ന് പറഞ്ഞു. അത് കയ്യില്‍ വാങ്ങി അകത്തേക്ക് കയറുമ്പോള്‍ ഞാന്‍ അതിന്റെ കൂടെ ഉണ്ടായിരുന്ന കാര്‍ഡില്‍ നോക്കി. അയച്ച ആളിന്റെ പേര് അതില്‍ ഇല്ലായിരുന്നു. അപ്പോഴേക്കും ലീന അവിടേക്ക് വന്നു.

"ആഹാ കൊള്ളാമല്ലോ. ഇതാരപ്പാ ഇത്ര വലിയ ബൊക്കെ അയക്കാന്‍? "

"ഒരു പിടിയും ഇല്ല ലീന്‍സ് . കാര്‍ഡില്‍ ആളിന്റെ പേര് വച്ചിട്ടില്ല. ആശംസകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. "
"സത്യം പറ അച്ചാച്ചാ ..ഏതെങ്കിലും പെണ്‍ പിള്ളേര്‍ അയച്ചതല്ലേ? ". ലീന ഓരോന്നും പറഞ്ഞു എന്നെ കളിയാക്കാന്‍ തുടങ്ങി. ഞാനോ ...തല പുകഞ്ഞു ആലോചിക്കാനും തുടങ്ങി. എനിക്ക് ജീവിതത്തില്‍ ഇതേ വരെ അങ്ങനെ ഒരു ബൊക്കെ സമാനമായി കിട്ടിയിട്ടില്ല. ഞാന്‍ പറഞ്ഞു..

"ഡല്‍ഹിയിലെ എന്റെ കൂട്ടുകാരി ആരതി ആവുമോ? ഏയ് ..ആവില്ല. ആയിരുന്നെങ്കില്‍ എപ്പോഴേ ഫോണ്‍ ചെയ്തു പറഞ്ഞേനെ. ചെന്നെയില്‍ നിന്നും കസിന്‍ സിമിയോ, നാട്ടില്‍ നിന്നും അനിയത്തി അക്കുവോ ആണോ? അതും ആവാന്‍ വഴിയില്ല . കാരണം അങ്ങനെ ഒന്നും പതിവുള്ളതല്ലല്ലോ? പിന്നെ ആരപ്പാ എനിക്കിങ്ങനെ ബൊക്കെ അയക്കാന്‍?

അതിനിടെ അയാള്‍ പക്കത്തെ സുഹൃത്തും ഭാര്യയും ഒക്കെ വന്ന് ബൊക്കെ കണ്ടു കാര്യം ചോദിച്ചപ്പോള്‍ ലീന പറഞ്ഞു.

"അതേയ്.. ജോസിന്റെ പിറന്നാളിന് ഏതോ ആരാധിക അയച്ചതാണ് "

അതാരാണ് എന്നറിയാന്‍ ആകാംഷയോടെ ചോദിച്ചവരോടൊക്കെ എനിക്ക് കൈ മലര്‍ത്തി കാണിക്കേണ്ടി വന്നു. എന്തായാലും ഞാന്‍ ആ ബൊക്കെ മേശപ്പുറത്തു കൊണ്ട് വച്ചു. ഉച്ചയ്ക്ക് ഊണിനു മുന്‍പേ അതിന്റെ അടുത്തുചെന്നു പൂക്കളുടെ സൌന്ദര്യം ആസ്വദിച്ച് നിന്നപ്പോള്‍ ലീന എന്റെ അടുത്ത് വന്നു.

"ഇപ്പോഴും അച്ചാച്ചന് പിടി കിട്ടിയില്ലേ ആരാ അയച്ചത് എന്ന്? "

"ഇല്ല ഒരു പിടീം ഇല്ല. "

"കുറെ പെണ്‍ കൊച്ചുങ്ങളുടെ പേര് പറഞ്ഞല്ലോ. എന്നിട്ടും ഞാന്‍ അയച്ചതാവും എന്ന് ചിന്തിച്ചില്ലല്ലോ."

ചെറു പരിഭവം നിറഞ്ഞ ഒരു ചിരിയോടെ അവള്‍ അത് പറഞ്ഞപ്പോള്‍ ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. എനിക്കൊരു സര്‍പ്രൈസ് തരാനായി ലീന അയച്ചതാണ് ആ ബൊക്കെ എന്നറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷവും ഒപ്പം കുറ്റബോധവും തോന്നി. എന്നെ അത്ഭുതപ്പെടുതിയത്തില്‍ അവള്‍ക്ക് അതിയായ സന്തോഷം ഉണ്ടായിരുന്നു.

എനിക്ക് കിട്ടിയ ആദ്യ ജന്മദിന ബൊക്കെ ആയിരുന്നു അത്. കുറെ നാള്‍ അതിലെ പൂക്കള്‍ വാടാതെ നിന്നു. പിന്നെ കുറെ കഴിഞ്ഞ് അതിന്റെ ഇതളുകള്‍ വാടി ഉണങ്ങിയപ്പോള്‍ ഞാന്‍ ആ പൂക്കള്‍ എടുത്തു മാറ്റി. എന്നാലും അതിന്റെ ഇലകളും, പച്ച നിറത്തിലെ ആ ബാസ്കറ്റും ഇപ്പോഴും എന്റെ മുറിയില്‍ വെച്ചിട്ടുണ്ട്. ഇത്തവണ വന്ന ബൊക്കെയും ഞാന്‍ അതിന്റെ അടുത്ത് കൊണ്ടു വെച്ചു.

ഒന്നിനെയും ഓര്‍ത്തു വിഷമിക്കാനല്ല ഈ കുറിപ്പ്. മറിച്ച്.. ജീവിതത്തില്‍ ഇടയ്ക്കിടെ വരാറുള്ള കുഞ്ഞു കുഞ്ഞു സന്തോഷങ്ങളുടെ ഓര്‍മ്മകള്‍ ഒന്ന് അയവിറക്കാനുള്ള ഒരു ശ്രമം മാത്രം. ഓര്‍മ്മകള്‍ മായും മുന്‍പേ ..

ജോസ്
തിരുവന്തപുരം.
26 ഫെബ്രുവരി 2012.

(ചിത്രത്തിന് കടപ്പാട് ..ഗൂഗിള്‍ )

2012 ജനുവരി 22

സൈക്കിള്‍ ...





'ഇക്കണക്കിനു പോയാല്‍ താമസിയാതെ ഒരു ലോറി നിറയെ കാശും കൊണ്ട് പോയാലും ഒരു ലിറ്റര്‍ പെട്രോള്‍ പോലും കിട്ടില്ല. എന്‍റെ ഭഗവതീ .. ആളുകള്‍ എങ്ങനെ ജീവിക്കാനാ? '

ഞായറാഴ്ച രാവിലെ തന്നെ പത്ര വായന കഴിഞ്ഞപ്പോള്‍ രാജീവന്റെ പ്രതികരണം ഇതായിരുന്നു. എപ്പോഴൊക്കെ പെട്രോള്‍ വില കൂടിയിട്ടുണ്ടോ അപ്പോഴൊക്കെ അയാള്‍ ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എപ്പോഴത്തെയും പോലെ അന്നും അയാള്‍ പത്ര വായന കഴിഞ്ഞ്, തന്റെ ഡയറിയും എടുത്തു വെച്ച് കണക്കു കൂട്ടാന്‍ തുടങ്ങി.

'ചേട്ടാ ..ഇതെന്താ..രാവിലെ തന്നെ ഡയറിയും കൊണ്ട് ഇരുപ്പായോ? '. രാജീവനുള്ള ചായയും കൊണ്ട് വന്ന ഭാര്യ ലീല അയാളോട് ചോദിച്ചു.

'എടീ ..നിനക്കെന്തറിയാം. കുടുംബ ബഡ്ജറ്റ് പിടിച്ചാല്‍ കിട്ടുന്നില്ല. മാസം പകുതി കഴിഞ്ഞതെ ഉള്ളൂ. ബാങ്കിലെ ബാലന്‍സ് കമ്മിയാണ്. എവിടെയെങ്കിലും എന്തെങ്കിലും ചിലവുകള്‍ കുറച്ചേ പറ്റൂ. ഈ വിലക്കയറ്റത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ അല്ലാതെ വേറെ വഴിയില്ല. സ്കൂട്ടര്‍ വിറ്റിട്ട് ഒരു സൈക്കിള്‍ എടുത്താലോ എന്ന് ആലോചിക്കുകയാ. അതിനും വേണം ഒരു മൂവായിരം നാലായിരം രൂപ.'

കുറെ ദിവസങ്ങള്‍ ആയി അയാള്‍ വീട്ടിലെ വരവ് ചെലവു കണക്കുകള്‍ കുറിച്ച ഡയറിയും എടുത്തു വച്ച് ചിന്തിക്കാന്‍ തുടങ്ങിയിട്ട്. വീടിന്റെ ലോണും, പിള്ളേരുടെ പഠനത്തിനുള്ള ചെലവും, വീട്ടിലെ മറ്റു ചെലവുകളും ഒക്കെ ആയപ്പോള്‍ , തന്റെ ഒരാളുടെ ശമ്പളം കൊണ്ട് ഒന്നും ആകുന്നില്ല എന്ന് അയാള്‍ക്ക്‌ തോന്നാന്‍ തുടങ്ങിയിട്ട് കുറെ നാളായി. അതിനാല്‍ ചെലവു ചുരുക്കാനുള്ള വഴികള്‍ ആലോചിച്ചാണ് മിക്ക ദിവസങ്ങളിലും അയാളുടെ ദിവസങ്ങള്‍ തുടങ്ങുന്നതും തീരുന്നതും.

'ചേട്ടാ ..പ്രഭ ചേച്ചിയെ കണ്ടിട്ട് രണ്ടാഴ്ച ആയില്ലേ. നമുക്ക് ഇന്നവിടെ പോയാലോ? ' അടുക്കളയില്‍ നിന്നും ലീല വിളിച്ചു ചോദിച്ചു.

'ആ...പോകാം. ഉച്ചക്ക് ശേഷം ആകട്ടെ' . അയാള്‍ അലസമായി മറുപടി പറഞ്ഞിട്ട് ഡയറിയില്‍ കണ്ണും നട്ട് ഇരുന്നു.

പെട്ടെന്നാണ് രാജീവന് ചെലവു ചുരുക്കാനുള്ള ഒരു വഴി മുന്നില്‍ തെളിഞ്ഞത്. വലിയ ചെലവു ചുരുക്കല്‍ ഒന്നും അല്ലെങ്കിലും പല തുള്ളി പെരുവള്ളം എന്ന് പറഞ്ഞ പോലെ , ചെറിയ ചെറിയ കാര്യങ്ങളില്‍ ചെലവു ചുരുക്കിയാല്‍ അതൊക്കെ കൂടി ഒരു വലിയ തുക ആവും എന്നു അയാള്‍ക്കറിയാം. പ്രഭയെക്കുറിച്ച് സംസാരിച്ചപ്പോഴാണ്, അവള്‍ക്കു ചെലവിനായി മാസാമാസം കൊടുക്കുന്ന തുക ഒന്ന് കുറച്ചാലോ എന്ന ചിന്ത അയാളുടെ മനസ്സില്‍ വന്നത്.

രാജീവന്റെയും, അനുജന്‍ സഹദേവന്റെയും അനിയത്തി ആണ് പ്രഭ. ചെറുപ്പത്തില്‍ പോളിയോ വന്ന് പ്രഭയുടെ കാലുകള്‍ രണ്ടും തളര്‍ന്നിരുന്നു. ഒരു വീല്‍ ചെയറില്‍ ആണ് പ്രഭ അന്നുമുതല്‍ ജീവിക്കുന്നത്. അവരുടെ അച്ഛനും അമ്മയും ജീവിച്ചിരുന്നപ്പോള്‍ എല്ലാവരും ഒരുമിച്ചായിരുന്നു താമസം.പിന്നീട് രാജീവന്‍ കല്യാണം കഴിച്ച് ബോംബെയിലേക്ക് താമസം മാറി. അന്നയാള്‍ക്ക് അവിടെ നല്ല ജോലിയും ഉണ്ടായിരുന്നു. കുടുംബ വീട് സഹദേവനാണ് കിട്ടിയത്. നാലഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സഹ ദേവന്റെ കല്യാണവും കഴിഞ്ഞു. അത് കഴിഞ്ഞു രണ്ടു വര്‍ഷങ്ങള്‍ കഴിഞപ്പോള്‍, അവരുടെ അച്ഛനും അമ്മയും മരണപ്പെട്ടു. പ്രഭ, സഹദേവന്റെ കൂടെ കുടുംബ വീട്ടില്‍ താമസം തുടര്‍ന്നു.

അതിനിടെ സാമ്പത്തിക മാന്ദ്യം ഒക്കെ വന്നപ്പോള്‍ രാജീവന്റെ നല്ല ജോലി നഷ്ടപ്പെട്ടു. പിന്നെ നാട്ടില്‍ വന്ന് ഒരു ഇടത്തരം കമ്പനിയില്‍ ജോലി നോക്കി വരികയാണ് അയാള്‍ . രാജീവനും സഹദേവനും കൂടി പ്രഭയുടെ കാര്യത്തില്‍ ഒരു തീരുമാനം എടുത്തിരുന്നു. പ്രഭ, സഹ ദേവന്റെ കൂടെത്തന്നെ നില്‍ക്കട്ടെ എന്നവര്‍ തീരുമാനിച്ചു. പക്ഷെ പ്രഭയുടെ കാര്യങ്ങള്‍ നോക്കുന്നതിനായി, രാജീവനും ഒരു തുക അയാളുടെ പങ്കായി നല്‍കാം എന്ന് പറഞ്ഞു. അന്ന് മുതല്‍ എല്ലാ മാസവും ഒരു ആയിരം രൂപ അയാള്‍ പ്രഭയുടെ കയ്യില്‍ കൊണ്ട് കൊടുക്കുമായിരുന്നു.

സഹദേവന് ഇപ്പോള്‍ പ്രമോഷന്‍ ഒക്കെ കിട്ടി നല്ല നിലയില്‍ ആണ്. അത് വെച്ച് നോക്കിയാല്‍ രാജീവന്‍ കൊടുക്കുന്ന ആയിരം രൂപ ഇല്ലെങ്കിലും പ്രഭയുടെ കാര്യങ്ങള്‍ ഒക്കെ നന്നായി നടക്കും. ആയിരത്തിനു പകരം അതൊരു അഞ്ഞൂറായി കുറച്ചാല്‍ കുഴപ്പം ഒന്നും ഇല്ല. മാസച്ചെലവില്‍ അഞ്ഞൂറ് രൂപ ലാഭിക്കുക എന്ന് പറഞ്ഞാല്‍ വലിയ കാര്യം അല്ലേ. അയാള്‍ അങ്ങനെ ചിന്തിച്ചു.

'എടീ ലീലേ ..ഞാന്‍ ആലോചിക്കുവായിരുന്നു...പ്രഭയ്ക്കു മാസാമാസം കൊടുക്കുന്ന ആയിരം രൂപയില്‍ നിന്നും അഞ്ഞൂറ് കുറച്ചാലോ എന്ന്. സഹദേവന് ഇപ്പോള്‍ നല്ല ശമ്പളം ഇല്ലേ. ഞാനല്ലേ കുറച്ചു കഷ്ടപ്പെടുന്നത്. നിനക്ക് എന്ത് തോന്നുന്നു ?'

'ഞാന്‍ ഇത് ചേട്ടനോട് പറയാം എന്ന് എത്ര വട്ടം കരുതിയതാ. പിന്നെ ചേട്ടന് വല്ലതും തോന്നിയാലോ എന്ന് കരുതി ഞാന്‍ പറഞ്ഞില്ല. എന്തായാലും സഹദേവനോടും പ്രഭയോടും ഒന്ന് പറഞ്ഞു നോക്ക്. '

ഞായറാഴ്ച ഉച്ച കഴിഞ്ഞു രാജീവനും ലീലയും പിള്ളേരും കൂടി കുടുംബ വീട്ടിലേക്കു പോയി. ഒരു കൈനെറ്റിക് ഹോണ്ട സ്കൂട്ടറില്‍ ആയിരുന്നു യാത്ര. സ്കൂട്ടറില്‍ പെട്രോള്‍ അടിക്കുമ്പോള്‍ അയാള്‍ പിള്ളേരോടായി പറഞ്ഞു.

'മക്കളെ..ഇനി സ്കൂട്ടറില്‍ അധികം കറക്കം കാണില്ല കേട്ടോ. അച്ഛന്‍ ഇത് വിറ്റിട്ട് ഒരു സൈക്കിള്‍ എടുക്കാന്‍ പോവുകയാ. പെട്രോള്‍ അടിച്ചടിച്ച് ഇപ്പോള്‍ വീട്ടില്‍ അരി വാങ്ങാന്‍ കാശില്ലാത്ത അവസ്ഥ വരികയാണ്. പിന്നെ ഇതേ വഴിയുള്ളൂ. '

അര മണിക്കൂറത്തെ യാത്രക്ക് ശേഷം അവര്‍ കുടുംബ വീട്ടില്‍ എത്തി. അവിടെ സഹദേവനും കുടുംബവും പ്രഭയും ഒക്കെ ഉണ്ടായിരുന്നു. അവരൊക്കെ ചേര്‍ന്ന് കുടുംബ വിശേഷവും നാട്ടു വര്‍ത്തമാനവും ഒക്കെ പറയാന്‍ തുടങ്ങി. എങ്ങനെയെങ്കിലും ചെലവു ചുരുക്കല്‍ വിഷയം ഒന്ന് അവതരിപ്പിക്കാന്‍ അവസരം നോക്കി ഇരിക്കുകയായിരുന്നു രാജീവന്‍. അപ്പോഴാണ്‌ ടീ. വീയില്‍ വന്ന വാര്‍ത്തയില്‍ പെട്രോള്‍ വി വീണ്ടും കൂട്ടാന്‍ സാധ്യത ഉണ്ടെന്നു പറഞ്ഞു കേട്ടത്. ഇത് തന്നെ അവസരം എന്നോര്‍ത്തു രാജീവന്‍ പറഞ്ഞു തുടങ്ങി.

'എന്‍റെ പ്രഭെ..വയ്യ...ഈ കൂടെക്കൂടെ ഉള്ള വിലകയറ്റം എന്‍റെ നടുവൊടിക്കുകയാണ്. ഈ ചെലവൊക്കെ കഴിഞു മാസം അവസാനിക്കാറാവുമ്പോള്‍ എന്‍റെ കയ്യില്‍ കാശൊന്നും മിച്ചം വരുന്നില്ല. ചെലവു ചുരുക്കാനുള്ള വഴികള്‍ ഒക്കെ ആലോചിച്ചു തല പുകച്ചിട്ടും ഒരിടത്തും എത്തുന്നില്ല. ഈ സ്കൂട്ടറും വിറ്റിട്ട് ഒരു സൈക്കിള്‍ വാങ്ങിയാലോ എന്നാലോചിച്ചു. അതിനും വേണമല്ലോ മൂവായിരമോ നാലായിരമോ വില. പണ്ടത്തെ സൈക്കിളിന്റെ വില അല്ലല്ലോ ഇന്ന്. '

'ചേട്ടന്‍ സത്യമായിട്ടും പറഞ്ഞതാണോ അത്. ഇത്ര നാള്‍ സ്കൂടര്‍ ഓടിച്ച ആള്‍ ഇനി സൈക്കിള്‍ ഓടിക്കുമോ? ' പ്രഭ ചോദിച്ചു.

'സത്യമാണ് പ്രഭേ . സൈക്കിളിനെന്താ ഒരു കുഴപ്പം. ഞാന്‍ എത്ര ഓടിച്ചിട്ടുള്ളതാ. പെട്രോള്‍ വില കയറ്റം നേരിടാന്‍ ഇതല്ലാതെ വേറെന്താ ഒരു വഴി? '

'എന്നാല്‍ ചേട്ടന്റെ പഴയ സൈക്കിള്‍ ഇവിടെ ഇരിപ്പുണ്ടല്ലോ. അതെടുത്തൂടെ? '

'പഴയ സൈക്കിളോ? അതിവിടെ ഇപ്പോഴും ഇരുപ്പുണ്ടോ? അത് ഞാന്‍ പണ്ട് ഉപയോഗിച്ച് കൊണ്ടിരുന്നതല്ലേ? അതൊക്കെ തുരുമ്പിച്ചു നാശം ആയിക്കാണും പ്രഭേ. ഞാന്‍ കരുതി അതൊക്കെ എപ്പോഴേ ആക്ക്രിക്കച്ചവടക്കാര്‍ക്ക് എടുത്തു കൊടുത്തു കാണും എന്ന് '

'ഇല്ല ചേട്ടാ.. ചേട്ടന്‍ അകത്തു മുറിയില്‍ പോയി നോക്കിക്കേ. ഞാന്‍ ഇപ്പോഴും അതിനെ തുടച്ചു മിനുക്കി വെയ്ക്കാറുണ്ട്‌. ആരും അത് ഉപയോഗിക്കാറില്ലെങ്കില്‍ പോലും. '

കുറച്ചു അത്ഭുതത്തോടെ അത് കേട്ട ശേഷം രാജീവന്‍ സഹദേവന്റെ മകള്‍ ഉപയോഗിക്കുന്ന അകത്തുള്ള മുറിയില്‍ പോയി നോക്കി. അയാളുടെ പഴയ ഹെര്‍ക്കുലീസ് സൈക്കിള്‍ ഇപ്പോഴും തുരുമ്പിക്കാതെ അവിടെ ഇരുപ്പുണ്ടായിരുന്നു. സന്തോഷത്തോടെ അയാള്‍ അതിന്റെ ഹാന്റിലിലും വീലിലും ഒക്കെ തൊട്ടു നോക്കി. അതെല്ലാം കാലം ഇത്ര ആയിട്ടും നന്നായി തന്നെ ഇരുപ്പുണ്ട്‌. ടയറുകള്‍ രണ്ടും മാത്രം മാറ്റേണ്ടി വരും.

രാജീവന്‍ പഠിച്ചു കൊണ്ടിരുന്ന സമയത്താണ് ആ സൈക്കിള്‍ വാങ്ങിയത്. ഏകദേശം ഇരുപത്തി അഞ്ചു വര്‍ഷം മുന്‍പ്. അന്ന് കോളേജില്‍ പോകാനും, ട്യൂഷന്‍ എടുക്കാന്‍ പോകാനും ഒക്കെ ആ സൈക്കിളില്‍ ആണ് പൊയ്ക്കൊണ്ടിരുന്നത്. എന്നും വൈകിട്ട് വന്ന ശേഷം സൈക്കിള്‍ തുടച്ചു വെയ്ക്കുക അയാളുടെ പതിവായിരുന്നു. അന്നൊരിക്കല്‍ സൈക്കിള്‍ തുടച്ചു കൊണ്ടിരിക്കെ പ്രഭ വീല്‍ ചെയറില്‍ അയാളുടെ അടുത്ത് വന്ന് അതൊക്കെ നോക്കി ഇരുന്നു . അന്നവള്‍ക്ക് പതിമൂന്നു വയസ്സ് കാണും. അയാള്‍ക്ക്‌ ഇരുപതും .

'പ്രഭേ..നിനക്ക് ഈ സൈക്കിള്‍ എന്നും തുടച്ചു വെയ്ക്കാമോ? ആഴ്ചയില്‍ ഒരിക്കല്‍ കുറച്ചു എണ്ണയും ഇടണം. വെറുതെ വേണ്ട. ഞാന്‍ നിനക്ക് ദിവസവും മൂന്നു രൂപ വെച്ച് തരാം. അങ്ങനെ മാസാവസാനം എല്ലാം ചേര്‍ത്തു നൂറായി നിന്റെ കയ്യില്‍ താം. എന്താ .സമ്മതം ആണോ? '

അയാള്‍ കളിക്ക് ചോദിച്ചതാണെങ്കിലും ഒരു ചിരിയോടെ പ്രഭ സമ്മതിച്ചു. അന്ന് മുതല്‍ മുടങ്ങാതെ പ്രഭ അയാളുടെ സൈക്കിള്‍ തുടച്ചു വെയ്ക്കുമായിരുന്നു. വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് തന്നാല്‍ കഴിയുന്ന രീതിയില്‍ അവള്‍ അത് ഭംഗിയായി ചെയ്തു പോന്നു. മാസാവസാനം രാജീവനും പ്രഭയ്ക്കു നൂറു രൂപ കൊടുക്കുമായിരുന്നു. അത് വാങ്ങുമ്പോള്‍ അവളുടെ കണ്ണില്‍ വരുന്ന ആ സന്തോഷം കാണുമ്പോള്‍ രാജീവനും സന്തോഷിക്കുമായിരുന്നു.

കല്യാണം കഴിക്കുന്നതിനു മുന്‍പേ തന്നെ രാജീവന്‍ പക്ഷെ സൈക്കിള്‍ ഉപേക്ഷിച്ചു സ്കൂട്ടറില്‍ ആയി യാത്ര. ബോംബെയില്‍ ജോലി കൂടി ആയപ്പോള്‍ അയാള്‍ സൈക്കിളിന്റെ കാര്യം പാടെ മറന്നു. പിന്നെ കല്യാണം, വീട് മാറല്‍ , പുതിയ ജോലി, ജീവിത പരാധീനതകള്‍ ഇതൊക്കെ ആയപ്പോള്‍ അങ്ങനെ ഒരു സൈക്കിള്‍ ഉണ്ടെന്ന കാര്യം തന്നെ അയാള്‍ മറന്നിരുന്നു. ആ സൈക്കിള്‍ തന്നെയാണ് ഇപ്പോഴും അതിന്റെ ഭംഗി നഷ്ട്ടപ്പെടാതെ പ്രഭ സൂക്ഷിച്ചു വെച്ചിരിക്കുന്നത്.

അപ്പോഴേക്കും വീല്‍ ചെയര്‍ പതിയെ ഉരുട്ടി പ്രഭ അവിടേക്ക് വന്നു.

'ഇപ്പൊ ചേട്ടന് വിശ്വാസം വന്നോ? ഞാന്‍ ഇത് തുടയ്ക്കുന്നത് ഒരു ദിവസം പോലും മുടക്കിയിട്ടില്ല കേട്ടോ. വല്ല പനി വന്ന് ഒട്ടുംഅനങ്ങാന്‍ വയ്യാതെ കിടപ്പായാല്‍ മാത്രമേ ഞാന്‍ ചെയ്യാതെ ഇരിന്നിട്ടുള്ളൂ. അല്ലെങ്കില്‍ എല്ലാ ദിവസവും ഞാന്‍ രാവിലെ തന്നെ ഇത് തുടച്ചു വെയ്ക്കും. സഹദേവന്‍ ചേട്ടന്‍ എന്നെ അതും പറഞ്ഞു കളിയാക്കും. എന്നാലും ഞാന്‍ അത് എന്നാല്‍ കഴിയും വിധം തുടച്ചു വെയ്ക്കും. ചേട്ടന് അത്രയ്ക്ക് പ്രിയം ആയിരുന്നില്ലേ ഈ സൈക്കിള്‍ '

ആ സൈക്കിളില്‍ നോക്കി നിന്നപ്പോള്‍ രാജീവന്റെ മനസ്സില്‍ എന്തോ ഒരു ഭാരം നിറഞ്ഞു. ഒപ്പം പ്രഭയുടെ വാക്കുകള്‍ കൂടി കേട്ടപ്പോള്‍ അയാളുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. ആ കണ്ണുകളിലെ നനവ്‌ തിരിച്ചറിഞ്ഞിട്ടാവണം പ്രഭ ചോദിച്ചു.

'അയ്യോ ..ഇതെന്താ ചേട്ടാ...പഴയ സൈക്കിള്‍ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞോ? അത് കൊള്ളാമല്ലോ? '

രാജീവന്‍ ആലോചിച്ചു. പഴയ സൈക്കിള്‍ കണ്ടിട്ടാണോ കണ്ണുകള്‍ നനഞ്ഞത്‌? അതോ സ്വന്തം സ്വാര്‍ഥത ഓര്‍ത്തിട്ടോ?. പാവം പ്രഭയ്ക്കുള്ള ആയിരം രൂപ വീണ്ടും കുറച്ച് സ്വന്തം കുടുംബ ബഡ് ജറ്റ് ശരിയാക്കാന്‍ ഉള്ള തന്റെ തീരുമാനം ഒരു തരം സ്വാര്‍ഥത അല്ലേ എന്ന് അയാളുടെ മനസ്സ് തന്നെ ചോദിച്ചു. അതെ സമയം ഒന്നും പ്രതീക്ഷിക്കാതെ പ്രഭ അന്ന് മുതല്‍ ഇന്ന് വരെ ആ സൈക്കിളിനെ കാത്തു സൂക്ഷിച്ചിരിക്കുന്നു. ഒരു കേടും കൂടാതെ.

തിരികെ വീടിന്റെ വാരന്തയിലേക്ക് വന്നപ്പോള്‍ പ്രഭ ചോദിച്ചു.

'ചേട്ടന്‍ സൈക്കിള്‍ കൊണ്ട് പോകുന്നുണ്ടോ. ഇപ്പോള്‍ സ്കൂട്ടറില്‍ അല്ലേ വന്നത്. പിന്നെങ്ങനെ കൊണ്ട് പോകും? '

'ഞാന്‍ മറ്റന്നാള്‍ വന്നു എടുത്തോണ്ട് പോകാം പ്രഭേ'

കുറച്ച് നേരം കഴിഞ്ഞു അയാള്‍ കുടുംബ വീട്ടില്‍ നിന്നും യാത്ര പറഞ്ഞ് ഇറങ്ങി. തിരികെ അയാളുടെ വീട്ടിലേക്കു സ്കൂട്ടറില്‍ പോകുമ്പോള്‍ , ലീല അയാളോട് ചോദിച്ചു.

'എന്താ ചേട്ടാ ..പ്രഭ ചേച്ചിക്കുള്ള പൈസ കുറയ്ക്കുന്ന കാര്യം സംസാരിക്കാം എന്ന് പറഞ്ഞിട്ട്..എന്തേ പറയാത്തത്?

കുറച്ചു നേരം അയാള്‍ ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു.

'വേണ്ട ലീലേ. എനിക്കത്രയും സ്വാര്‍ത്ഥന്‍ ആവാന്‍ വയ്യ. അവള്‍ എന്‍റെ അനിയത്തി അല്ലേ. അവള്‍ക്കു വേണ്ടി ഞാന്‍ മനസ്സില്‍ ഉറപ്പിച്ച പൈസയില്‍ നിന്നും എടുത്ത് എനിക്ക് ചെലവു ചുരുക്കണ്ട. അങ്ങനെ ആലോചിച്ചത് തന്നെ തെറ്റായി എന്ന് ഇപ്പോള്‍ തോന്നുന്നു. ചെലവു ചുരുക്കാന്‍ ഞാന്‍ വേറെ എന്തെങ്കിലും വഴി കണ്ടു പിടിച്ചോളാം. '

അത് പറഞ്ഞപ്പോള്‍ അയാളുടെ മനസ്സില്‍ ഭാരം ഇല്ലായിരുന്നു. മാസ ചെലവുകളെ ക്കുറിച്ചുള്ള ചിന്തകളും ഇല്ലായിരുന്നു. പക്ഷെ കണ്‍ പീലികളെ നനയ്ക്കുന്ന ഒരു ചെറു നനവ്‌ അപ്പോഴും അയാളുടെ കണ്ണില്‍ തങ്ങി നിന്നിരുന്നു.


ജോസ്
ബാംഗ്ലൂര്‍
22- ജനുവരി - 2012
(ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍ )

2012 ജനുവരി 14

പാപകര്‍മ്മം



ഗിരീഷേട്ടന്‍ കുറെ താമസിച്ചേ വരൂ എന്ന് ഫോണ്‍ ചെയ്തു പറഞ്ഞിരുന്നതിനാല്‍ ഞാനും മോനും നേരത്തെ തന്നെ ഭക്ഷണം കഴിച്ചു. ഗിരീഷേട്ടന്‍ വരുമ്പോള്‍ ചിലപ്പോള്‍ രാത്രി ഒരു മണി കഴിയും. പാത്രങ്ങള്‍ ഒക്കെ കഴുകിയിട്ട് കിടക്കാം എന്ന് വിചാരിച്ച് അടുക്കളയില്‍ കയറിയതും, ഗിരീഷേട്ടന്റെ അമ്മ കയര്‍ത്തു പറഞ്ഞു.

"എന്തിനാ മോളെ ഇപ്പൊ നീ അടുക്കളയില്‍ കയറുന്നെ? ഈ നിറഞ്ഞ വയറും വെച്ചോണ്ട് എന്തിനാ കഷ്ട്ടപ്പെടുന്നെ?അതിനൊക്കെയല്ലേ ഞാന്‍ ഇവിടെ ഉള്ളത്? നീ ആ ചെക്കനേയും വിളിച്ചോണ്ട് നേരത്തെ പോയി കിടക്ക്‌ "

ഞാന്‍ വീണ്ടും ഒരു കുഞ്ഞിന്റെ അമ്മ ആകാന്‍ പോകുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ ഗിരീഷേട്ടന്റെ അമ്മ വീട്ടില്‍ ഉണ്ട്. എന്‍റെ അമ്മയേക്കാള്‍ ഏറെ എന്‍റെ കാര്യത്തില്‍ ശ്രദ്ധയാണ് അവര്‍ക്ക്. അതൊക്കെ കാണുമ്പോള്‍ സന്തോഷത്തേക്കാള്‍ ഏറെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ആധിയും മനസ്സില്‍ നിറയും. ജീവിതം പഠിപ്പിച്ചിരിക്കുന്നത് അതാണല്ലോ? ഒന്നിനെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്ന സത്യം.

ഉറങ്ങാനായി മുറിയിലേക്ക് ഉന്തിയ വയറും താങ്ങിപ്പിടിച്ചു ചെല്ലുമ്പോള്‍ , എന്‍റെ മോന്‍ സന്ദീപ്‌ ഏതോ ഒരു കളിപ്പാട്ടം വെച്ച് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവന് ആറു വയസ്സുണ്ട്. ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ഞാന്‍ കിടക്കയിലേക്ക് പതിയെ കിടന്നതും, അവന്‍ കളിപ്പാട്ടം മാറ്റി വച്ചിട്ട് എന്‍റെ അടുത്തേക്ക് വന്നു എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ അവന്റെ നെറുകയില്‍ വെറുതെ ഒന്ന് തടവിയിട്ട് ഒരു ഉമ്മ കൊടുത്തു.

"അമ്മേടെ ചക്കര മോന്‍ ഒറങ്ങിക്കോ. നാളെ സ്കൂളില്‍ പോവണ്ടേ? "

ആ ചോദ്യം അവന്‍ കേട്ടില്ല. മറിച്ച്, കുറെ നേരത്തെ ആലോചനയ്ക്ക് ശേഷം അവന്‍ എന്നോടൊരു ചോദ്യം ചോദിച്ചു. എന്‍റെ വയറില്‍ കൈ വെച്ച ശേഷം.

"അമ്മേ..ഇതിനകത്ത് ..അനിയനാണോ? അതോ അനിയത്തിയോ? ഇതേവരെ അമ്മയ്ക്ക് അറിയാന്‍ പറ്റിയില്ലേ? "

"അമ്മയ്ക്കറിയില്ല മോനൂ. ഭഗവാന്‍ ആരെത്തന്നാലും അമ്മ കൈ നീട്ടി വാങ്ങും. മോന് ആരെ വേണമെന്നാണ് ആഗ്രഹം? "

"എനിക്കും... ആരായാലും മതി അമ്മേ. എന്നാലും അനിയത്തി ആണേല്‍ കുറച്ചുകൂടി ഇഷ്ടമാ. അനിയത്തി ആണേല്‍ ഞാന്‍ അവളെ കുളിപ്പിക്കുകയും പൊട്ടൊക്കെ ഇടീപ്പിക്കുകയും ചെയ്തോട്ടെ അമ്മെ? "

ഞാന്‍ അവനെ വീണ്ടും കെട്ടിപ്പിടിച്ച് ഉമ് വെച്ചു. പിന്നെ കുറെ കഥകള്‍ പറഞ്ഞു കൊടുത്തു. കഥകളും പാട്ടും ഒക്കെ കേട്ട് അവന്‍ ഉറങ്ങുമ്പോള്‍ , മനസ്സ് കാരണമില്ലാതെ പിടഞ്ഞു. പഴയ ഓര്‍മ്മകള്‍ ശല്യപ്പെടുത്തിയത് കൊണ്ടാവാം.

കഴിഞ്ഞ വര്‍ഷം ഇതുപോലൊരു ദിവസം മോനൂട്ടന്‍ എന്നോട് ചോദിച്ചിരുന്നു. മറ്റൊരു ചോദ്യം

"അമ്മെ എനിക്ക് മാത്രം ചേട്ടനും ചേച്ചിയും അനിയനും അനിയത്തിയും ഒന്നും ഇല്ലല്ലോ. അതെന്താ അമ്മെ? എനിക്ക് മാത്രം കളിക്കാന്‍ ആരും ഇല്ല. "

ആ ചോദ്യം അവന്‍ പല വട്ടം ആവര്‍ത്തിച്ചപ്പോള്‍ ആണ് വീണ്ടും ഒരു കുഞ്ഞു വേണം എന്ന കാര്യം ഞാന്‍ ഗിരീഷേട്ടനോട് പറഞ്ഞത്. കുറച്ചു മാസങ്ങള്‍ക്ക് ശേഷം, ഡോക്ടറിന്റെ അടുത്ത് പോയപ്പോള്‍ വേണ്ടും അമ്മയാകാന്‍ പോകുകയാണ് എന്ന കാര്യം ഞാന്‍ അറിഞ്ഞു. അന്ന് ഞാന്‍ മോനൂട്ടനോട് പറഞ്ഞു.

"മോനൂ.നിനക്ക് കൂടെ കളിക്കാന്‍ ഒരാള്‍ കൂടി വരുന്നുണ്ട്"

"ആരാ അമ്മെ? "

"അതെ..അമ്മേടെ വയറ്റില്‍ ഒരു കുഞ്ഞു വാവ വളരുന്നുണ്ട്‌. ആ വാവ പുറത്തു വരുമ്പോള്‍ മോനൂട്ടന് കളിക്കാന്‍ ആളാകുമല്ലോ. നീ അല്ലേ എപ്പോഴും പറയാറ് കളിക്കാന്‍ ആരും ഇല്ലാ എന്ന്. "

അന്നെന്നെ അവന്‍ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. എന്നിട്ട് ചോദിച്ചു

"അത് അനിയനാണോ അനിയത്തിയാണോ അമ്മെ? "

അന്നും ഞാന്‍ പറഞ്ഞു.

"അത് അമ്മയ്ക്ക് അറിയില്ല മോനെ "

മോന്‍ നല്ല ഉറക്കം ആയി. രാത്രി പതിനൊന്നു മണി കഴിഞ്ഞു. എനിക്ക് ഉറക്കം വന്നില്ല. അപ്പോഴും മനസ്സില്‍ അവന്റെ ചോദ്യവും, പിന്നെ കുറെ പൊള്ളുന്ന ഓര്‍മ്മകളും ഓടിക്കളിച്ചു. ഒന്‍പതു വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങളും.

അന്ന് കല്യാണം കഴിഞ്ഞു ഗിരീഷേട്ടനോടൊപ്പം മദ്രാസിലെ അടയാര്‍ എന്ന സ്ഥലത്ത് ഒരു വീട്ടില്‍ താമസിക്കുന്ന സമയം. സന്തോഷത്തിന്റെ പാരമ്യതയില്‍ ജീവിതം പോകുന്ന കാലം. കല്യാണം കഴിഞ്ഞ് ഏഴു മാസം കഴിഞ്ഞപ്പോഴാണ് ഞാന്‍ അമ്മയാകാന്‍ പോകുന്ന കാര്യം അറിഞ്ഞത്. അന്നുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. പിറ്റേ ആഴ്ച തന്നെ ഗിരീഷേട്ടന്റെ അമ്മ ഞങ്ങളുടെ കൂടെ താമസിക്കാന്‍ വന്നു. എന്‍റെ പരിചരണത്തിനായി.

രണ്ടു മൂന്നു മാസങ്ങള്‍ കടന്നു പോയി. പിറക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ മുഴുകി ആണ് ഞാന്‍ സമയം കളഞ്ഞിരുന്നത്. കുഞ്ഞിനുള്ള ഉടുപ്പ് തുന്നലും, പേര് എന്തിടും എന്ന ആലോചനയും ഒക്കെ ആയി സമയം പോയി. ഒരു ദിവസം ഗിരീഷേട്ടന്‍ എന്നോട് പറഞ്ഞു.

"വനജേ..നീ ഒരുങ്ങിക്കോ. ഇന്ന് ഡോക്ടര്‍ ശെല്‍വരാജന്റെ അടുത്ത് പോകണം. അപ്പോയിന്റ്മെന്റ് ഉള്ളതാ"

"അതെന്തിനാ ഏട്ടാ.? നമ്മള്‍ സ്ഥിരമായി കാണിക്കുന്നത് ആ ഡോക്ടറെ അല്ലല്ലോ? "

"ഇതൊരു സ്കാനിംഗ് ചെയ്യാനാ വനജേ. മറ്റേ ഡോക്ടര്‍ തന്നെയാണ് റെഫര്‍ ചെയ്തിരിക്കുന്നത്. "

അങ്ങനെ ഞാന്‍ ഗിരീഷേട്ടന്‍ പറഞ്ഞതനുസരിച്ച് ഡോക്ടര്‍ ശെല്‍വരാജിന്റെ ക്ലിനിക്കില്‍ ഗിരീഷേട്ടന്റെ ഒപ്പം പോയി. അന്ന് ഒരു അള്‍ട്രാ സൌണ്ട് സ്കാന്‍ എടുത്തു. ജീവിതം മാറി മറിക്കുന്ന ഒരു സംഭവം ആവും അതെന്നു ഞാന്‍ കരുതിയില്ല.

മൂന്നാല് ദിവസങ്ങള്‍ക്കു ശേഷം ഗിരീഷേട്ടന്‍ വീട്ടില്‍ വന്ന ശേഷം അമ്മയോട് ദീര്‍ഘ നേരം സംസാരിക്കുന്നത് കണ്ടു. ഞാന്‍ അവരുടെ ഇടയിലേക്ക് പോയതെ ഇല്ല. കുറച്ചു കഴിഞ്ഞു ഗിരീഷേട്ടന്‍ എന്നോട് വന്നിട്ട് പറഞ്ഞു.

"വനജേ..ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നിനക്ക് വിഷമം തോന്നരുത്. "

"എന്താ ഏട്ടാ ..പറഞ്ഞോളൂ. "

ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ഗിരീഷേട്ടന്‍ പറഞ്ഞ വാക്കുകള്‍ ഇടിത്തീ പോലാണ് മനസ്സില്‍ വീണത്‌.

"വനജേ..ഇത് പെണ്‍കുട്ടിയാണ്. നമുക്ക് ഈ കുഞ്ഞു വേണ്ട. ഒരു ആണ്‍കുട്ടി വേണമെന്നാണ് എനിക്കും വീട്ടുകാര്‍ക്കും ഒക്കെ ആഗ്രഹം"

കുറച്ചു നേരത്തേയ്ക്ക് എനിക്ക് ഒന്നും പറയാന്‍ പറ്റിയില്ല. അത്രയ്ക്ക് ഞാന്‍ സ്തബ്ധയായിപ്പോയി. എന്നേ സ്നേഹിക്കുന്ന , ഞാന്‍ സ്നേഹിക്കുന്ന, വിദ്യാഭ്യാസം ഏറെ ഉള്ള എന്‍റെ ഭര്‍ത്താവാണോ ഒരു നികൃഷ്ട ജീവിയെപ്പോലെ ആ ചോദ്യം എന്നോട് ചോദിച്ചത്? പതിയെ ഷോക്കില്‍ നിന്നും മോചിതയായ ഞാന്‍, മനസ്സില്‍ പതഞ്ഞു വന്ന ദേഷ്യം മുഴുവന്‍ വാക്കുകളിലും നോട്ടത്തിലും ആയി പുറത്തെടുത്തു.

വാക്ശരങ്ങളും, സ്വര ചേര്‍ച്ചയും ഭീഷണികളും പിന്നെ പതിവായി. ഗിരീഷേട്ടന്റെ അമ്മ കാണിച്ച സ്നേഹം ഏതു തരത്തിലേത് ആണെന്ന് എനിക്ക് നന്നായി മനസ്സിലായി. പിറക്കാന്‍ പോകുന്നത് പെണ്ണാണെങ്കില്‍ പിന്നെ ഇവളെ എന്തിനു പരിചരിക്കണം എന്നായി അവരുടെ മട്ട്. ഞാന്‍ ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല. പ്രസവം അലസിപ്പിക്കാന്‍ പലകുറി എന്നെ അവരെല്ലാം നിര്‍ബന്ധിച്ചെങ്കിലും, ഞാന്‍ വഴങ്ങാതെ പിടിച്ചു നിന്നു.

ഒരു ദിവസം അമ്മയും ഗിരീഷേട്ടനും കൂടി എന്നോട് ഷോപ്പിങ്ങിനു വരാന്‍ പറഞ്ഞു. എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ് ഷോപ്പിംഗ്‌. അത് കൊണ്ട് ഞാനും കൂടെ പോയി. മദ്രാസിലെ വലിയ ഷോപ്പിംഗ്‌ മോളിലെ കാഴ്ചകളും മറ്റും കണ്ടു സന്തോഷിച്ചു നടക്കുകയായിരുന്നു ഞാന്‍. മൂന്നാമത്തെ നിലയില്‍ നിന്നും താഴേക്ക് ഇറങ്ങാന്‍ നേരം, എസ്കലേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. പടി ഇറങ്ങാന്‍ വേണ്ടി മുകളിലത്തെ പടിയില്‍ കാലു വെച്ചതും , പുറകില്‍ നിന്നും ആരോ എന്നെ തള്ളിയിട്ടപോലെ തോന്നി. എന്‍റെ ബാലന്‍സ് തെറ്റി. ഞാന്‍ പടികളിലൂടെ ഉരുണ്ടു താഴേക്കു വീണു. ആളുകളുടെ അലര്‍ച്ചയും, ആംബുലന്‍സിന്റെ സയറണിന്റെ ശബ്ദവും പിന്നെ മരുന്നുകളുടെ ഗന്ധവും ആണ് കുറെ നേരം കഴിഞ്ഞ് എനിക്ക് തിരിച്ചറിയാന്‍ പറ്റിയത്.

സങ്കടത്തിന്റെ പടു കുഴിയിലെക്കുള്ള എന്‍റെ വീഴ്ച ആയിരുന്നു അത്. വീഴ്ചയുടെ ആഘാതം വയറില്‍ വളരുന്ന കുഞ്ഞിനെ സാരമായി ബാധിച്ചതിനാല്‍ ആ ജീവന്‍ വെളിയില്‍ വരും മുന്‍പേ പൊലിഞ്ഞു . അതോ ആക്കിയതോ? എനിക്കറിയില്ല. എന്നെ ഡിസ്ചാര്‍ജ് ചെയ്തപ്പോഴാണ് ഞാന്‍ ഡോക്ടര്‍ ശെല്‍വ രാജിന്റെ ആശുപത്രിയില്‍ ആയിരുന്നു എന്നറിഞ്ഞത്. പിന്നൊന്നും ചോദിച്ചില്ല. എല്ലാം പകല്‍ പോലെ വ്യക്തം ആയി എനിക്ക്. ഞാന്‍ ഭ്രാന്തിന്റെ വക്കില്‍ എത്തിയ പോലെ ആയി. എന്‍റെ പരിചരണത്തിനായി ഗിരീഷേട്ടനും, അമ്മയും, എന്‍റെ അമ്മയും , ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു. ആരോടും ഞാന്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ല. ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത നാളുകള്‍ ആയിരുന്നു അത് . വിഷാദ രോഗം പിടികൂടിയ ആ നിമിഷങ്ങളില്‍ ഞാന്‍ ആലോചിക്കുമായിരുന്നു.

"ഗിരീഷേട്ടന്റെ അമ്മയുടെ മുഖത്തെ വിഷാദത്തിന്റെ പുറകില്‍ ഗൂഢമായ ഒരു സന്തോഷം ഇല്ലേ? "
അന്ന് പടിയില്‍ കാല്‍ തെറ്റി വീഴുമ്പോള്‍ എന്‍റെ തൊട്ടു പുറകില്‍ അമ്മയും ഗിരീഷേട്ടനും അല്ലേ ഉണ്ടായിരുന്നത്. പുറകില്‍ നിന്നു എന്നെ ആരോ തള്ളിയിട്ടതല്ലേ? "

ഒന്നും ആരോടും പറഞ്ഞില്ല. പറഞ്ഞാല്‍ ആര് വിശ്വസിക്കാന്‍. എന്നെ മനോരോഗിയാക്കാനേ അത് സഹായിക്കൂ. വേദനകള്‍ ഒക്കെ ഉള്ളില്‍ ഒതുക്കി. കാലം വേദനകള്‍ മായ്ക്കും എന്ന് പറയാറുണ്ടെങ്കിലും ആ സംഭവം എന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ ഒരു മുറിവുണ്ടാക്കി. ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവ്.

ഏകദേശം ഒന്നര വര്‍ഷം കഴിഞ്ഞാണ് ഞാന്‍ മാനസികമായി ആ പഴയ വനജ ആയത്. മോനെ ഗര്‍ഭം ധരിക്കുന്നതും അത് കഴിഞ്ഞാണ്. അത്തവണയും ഗിരീഷേട്ടന്‍ ഡോക്ടര്‍ ശെല്‍വരാജിന്റെ അടുത്ത് എന്നെ കൊണ്ട് പോകാന്‍ നോക്കി. നിയമ വിരുദ്ധമായി , ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗ നിര്‍ണ്ണയം നടത്തുന്ന അയാളുടെ ക്ലിനിക്കില്‍ പോകാന്‍ ഞാന്‍ വിസമ്മതിച്ചു. മോനെ പ്രസവിക്കും വരെ എനിക്ക് കണ്ണും കാതും രണ്ടല്ലായിരുന്നു.. നാലോ.എട്ടോ..അതിലേറെയോ. ഒന്നിനെയും ആരെയും ഞാന്‍ വിശ്വസിച്ചില്ല. ഉദരത്തില്‍ ഇരിക്കുന്ന കുഞ്ഞിനെ കൊല്ലാന്‍ നടക്കുന്നവര്‍ ആണ് ചുറ്റും എന്ന് എനിക്ക് തോന്നി. ഏറെ കരുതലോടെ തന്നെ ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ അതിനെന്നെ ഏറെ സഹായിക്കുകയും ചെയ്തു. ഭഗവാന്റെ അനുഗ്രഹം കൊണ്ട് അല്ലലൊന്നും കൂടാതെ മോനെ പ്രസവിച്ചു. പിറന്നത്‌ മകനാണ് എന്നറിഞ്ഞപ്പോള്‍ ഏട്ടനും അമ്മയ്ക്കും വീട്ടുകാര്‍ക്കും ഒക്കെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം ആയിരുന്നു. പിന്നീട് എനിക്ക് കിട്ടിയ പരിചരണത്തിലും ഞാന്‍ ആ മാറ്റം കണ്ടു. ആണ്‍ കുഞ്ഞിനു മാത്രം കിട്ടുന്ന സ്നേഹം. സ്നേഹത്തിന്റെ ഭാഷയ്ക്കും ഉള്ള ലിംഗ വിവേചനം.

"നീ ഇതേ വരെ ഉറങ്ങിയില്ലേ വനജേ. "

മുറിയിലേക്ക് വന്ന ഗിരീഷേട്ടന്റെ വാക്കുകള്‍ എന്നെ ഓര്‍മ്മയില്‍ നിന്നും ഉണര്‍ത്തി.

വസ്ത്രം മാറുന്നതിനിടയില്‍ ഗിരീഷേട്ടന്‍ പറഞ്ഞു.

"നാളെ ഡോക്ടര്‍ കല്‍പ്പനയുടെ അടുത്തു പോകണം. സ്കാനിംഗ് ഉള്ളതാ. "

അതിലെ ധ്വനി തിരിച്ചറിഞ്ഞ ഞാന്‍ പറഞ്ഞു.

"എന്തിനാ ഏട്ടാ? കുട്ടി പെണ്ണാണെങ്കില്‍ വേണ്ടാ എന്ന് പറയാനാണോ? പിറക്കാനിരിക്കുന്ന കുഞ്ഞിനെ വയറ്റില്‍ വച്ചേ കൊല്ലുന്ന കല്‍പ്പനമാരുടെയും, ശെല്‍വരാജുമാരുടെയും അടുത്തേയ്ക്ക് ഞാനില്ല . കുഞ്ഞു പെണ്ണായാലും ആണായാലും ഭഗവാന്റെ വരം തന്നെ ആണ്. ഇവരൊക്കെ ചെയ്യുന്ന പാപകര്‍മ്മതിനു ഞാനില്ല കൂട്ട്. "



ജോസ്
ബാംഗ്ലൂര്‍
15- Jan -2012


(ചില ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്തവയാണ് )

2011 ഡിസംബർ 29

നിര്‍മ്മല....





രണ്ടു നാള്‍ മുന്‍പത്തെ
മരം കോച്ചും തണുപ്പിലും
അതിനൊപ്പം പെയ്ത
ചാറ്റല്‍ മഴയിലും
അവള്‍ വിഷമിച്ചില്ല
അവള്‍ തണുത്ത് വിറച്ചില്ല
അവളുടെ നെഞ്ചില്‍
എരികനലല്ലേ ..
വിഷാദാഗ്നിയില്‍ അവള്‍
വെന്തുരുകുകയല്ലേ.
വെളിയിലെ തണുപ്പില്‍
പിന്നവളെങ്ങനെ വിറയ്ക്കും ?

പതിനഞ്ചു വര്‍ഷങ്ങള്‍
ഹോമിച്ച വീടിന്റെ
വെളിയിലൊരന്ന്യയായ്
നിന്നൂ നിര്‍മ്മല...
ഭര്‍ത്താവും മക്കളും ചേര്‍ന്ന്
പുറത്താക്കിയതാണവളെ
കാരണം ചോദിച്ചാല്‍
കുറെ
കണ്ണുനീരല്ലാതെ
ഇല്ല മറ്റൊന്നും
പറയാനവള്‍ക്ക്

മംഗല്യം കഴിച്ച
പുരുഷന്റെ കണ്ണില്‍
നിര്‍മ്മല വെറുമൊരു
മൂധേവിയാണിന്നു
അവള്‍ നൊന്തു പെറ്റ
പെണ്‍
മക്കള്‍ക്ക്‌ പോലും
അവലക്ഷണം പേറും
ഒരു
'തള്ള' യാണവളിന്ന്

പഴന്തുണി പോലൊരു
സാരിയും ചുറ്റി
തുണികള്‍ നിറച്ചൊരു
സഞ്ചിയുമേന്തി
വീടിന്റെ വെളിയില്‍
നിന്നോര്‍ത്തു നിര്‍മ്മല
പതിനഞ്ചു വര്‍ഷത്തെ
അഗ്നി പരീക്ഷകള്‍

കാമാര്‍ത്തി തീര്‍ക്കാ -
നല്ലാതൊരിക്കലും
സ്നേഹാര്‍ദ്രമായൊരു
തലോടല്‍ പോലും
നല്‍കിയിട്ടില്ല
പതിദേവനവളുടെ
മക്കള്‍ക്കമ്മയെ
കാണുന്നതേ രോഷം
കൊഞ്ചിച്ചു ലാളിക്കാന്‍
അച്ഛനുള്ളപ്പോള്‍
പിന്നെന്തിനാണവര്‍ക്കീ
'കുരയ്ക്കുന്ന ' തള്ള ?

വായൊഴിയാതെ
പുലഭ്യങ്ങളും, പിന്നെ
നിര്‍ദ്ദയമുള്ള
മര്‍ദ്ദനങ്ങളുമൊക്കെ
തീര്‍ത്താലും തീരാത്ത
തുടര്‍ക്കഥയായപ്പോള്‍
ആര്‍ക്കും വേണ്ടാത്തയാ
ജീവിതം തീര്‍ക്കാന്‍
എത്രയോ വട്ടം
തുനിഞ്ഞൂ നിര്‍മ്മല

നീണ്ടു കിടക്കുന്ന
തീവണ്ടിപ്പാളങ്ങളില്‍
വിഷമം മറന്നു
തല ചായ്ച്ചുറങ്ങാന്‍
എത്രയോ വട്ടം
തുനിഞ്ഞിട്ടുണ്ടവള്‍ ..
സങ്കടങ്ങളില്‍ നിന്നൊക്കെ
ഓടിയൊളിക്കാന്‍
ഒട്ടേറെപ്പേര്‍ പോയ
കുറ്റാടിപ്പുഴയുടെ
കുത്തൊഴുക്കില്‍ നോക്കി
എത്രയോ നിന്നവള്‍....
പക്ഷെ അന്നൊക്കെയാ
പൈതങ്ങളെ ഓര്‍ത്ത്‌
പുഴയില്‍ മുഖം കഴുകി
അവള്‍ വീട്ടില്‍ തിരിച്ചെത്തി
എല്ലാം ശരിയാകുമെന്ന
പ്രത്യാശയും പേറി.

പ്രത്യാശകള്‍ അവള്‍ക്കിപ്പോള്‍
മരുപ്പച്ചകള്‍ മാത്രം
കാതങ്ങള്‍ താണ്ടി
നടന്നാലും
എത്താത്ത
മോഹ ഭംഗം നല്‍കും,
വെറും
മരുപ്പച്ചകള്‍.

നെഞ്ചുരുക്കുന്ന
സങ്കടം വന്നാല്‍
മാറോടണയ്ക്കുന്ന
പെറ്റമ്മ പോലും
നിര്‍മ്മലയോടോതി
'എന്‍ പൊന്നുമോളെ
കാല്‍ക്കാശിനിരക്കുന്ന
ഞാനെന്തു ചെയ്യാന്‍ ?
നിന്റെ വിധി
ഇതാണെന്നോര്‍ത്ത്
കരയുവാനല്ലാതെ,
വിഷമിക്കാനല്ലാതെ
നാമം ജപിച്ചു,
കാലനെയും കാത്ത്
കുഴി നോക്കിയിരിക്കുന്ന
ഞാനെന്തു ചെയ്യാന്‍?
ആര്‍ക്കും വേണ്ടെങ്കില്‍
ഒരു മുഴം കയറിലോ
സങ്കടം മായ്കുന്ന
പുഴവെള്ള പ്പാച്ചിലിലോ
ഒരു തീപ്പെട്ടിത്തിരിയുടെ
തീനാളത്തിലോ
തീര്‍ക്കൂ നീ മോളെ
നിന്റെയീ ജീവിതം '

കുറ്റാടിപ്പുഴയുടെ
ഒഴുക്കുള്ള തീരത്ത്‌
വ്യസനിച്ചു നിന്ന
നിര്‍മ്മലയ്ക്കന്നും
ജീവിതം പക്ഷേ
അമൂല്യമായ് തോന്നി
അതാവും അവളിന്നും
മര്‍ദ്ദന മേറ്റിട്ടും
നെഞ്ചു പിളര്‍ക്കുന്ന
പുലഭ്യങ്ങള്‍ കേട്ടിട്ടും
പ്രത്യാശകളുടെ
മരുപ്പച്ച തേടുന്നത് ..
ഒക്കെ ശരിയാവുമെന്ന
മോഹവും പേറി ...

പാവം നിര്‍മ്മല....


ഇത് എനിക്കറിയാവുന്ന ഒരു നിര്‍മ്മലയുടെ കഥ. വര്‍ഷങ്ങള്‍ നീണ്ട മനോവേദന, ആത്മ ഹത്യയുടെ വക്കില്‍ പലതവണ എത്തിച്ചെങ്കിലും ജീവിച്ചു കൊതി തീരാത്ത ഒരു പാവം ചേച്ചി. ഇത് പോലെ എത്രയോ നിര്‍മ്മലമാര്‍ ഉണ്ടാവും എനിക്ക് ചുറ്റും.

ഒരു അമ്മയ്ക്ക്, മകളോട് ജീവിക്കാന്‍ വഴിയില്ലെങ്കില്‍ പോയി മരിച്ചോളൂ എന്ന് സങ്കടത്തോടെ
പറയേണ്ടി വരുന്ന ഒരു അവസ്ഥ ...അത് ഒരു വല്ലാത്ത അവസ്ഥ അല്ലേ?

നിര്‍മ്മലയുടെ ജീവിതത്തില്‍ അങ്ങനെ ഒരു സംഭവം ഉണ്ടായി എന്നറിഞ്ഞപ്പോള്‍ മുതല്‍ അതൊരു വിങ്ങലായി എന്റെ മനസ്സില്‍ ഉരുണ്ടു കൂടി. സഹോദരീ സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെ നല്‍കാവുന്ന സഹായങ്ങളുടെ പരിധിക്കും അപ്പുറം നിന്ന് നിര്‍മ്മല നിസ്സഹായതയോടെ തേങ്ങിയപ്പോള്‍ , എല്ലാം അറിയുന്ന എന്റെ സുഹൃത്തായ ദൈവത്തോട് ഞാനും ചോദിച്ചു... ' ആ പാവത്തിന്റെ മേല്‍ എന്തിനീ പരീക്ഷണം? കണ്ണുനീര്‍ ഒഴിഞ്ഞ ഒരു ദിവസം എങ്കിലും ആ പാവത്തിന്റെ ജീവിതത്തില്‍ കൊടുത്തൂടെ ? '. സുഹൃത്ത് എനിക്കുത്തരം തന്നിട്ടില്ല. അവന്റെ വഴികള്‍ എപ്പോഴും വിചിത്രമല്ലേ ....

ഒരു മരീചിക പോലെ അവളെ കബളിപ്പിച്ച്‌ അകന്നു മാറുന്ന മരുപ്പച്ച ഒടുവില്‍ നിര്‍മ്മലയെ തേടി എത്തിയിരുന്നെങ്കില്‍...

ഇതുപോലെ മരുപ്പച്ചകള്‍ തേടുന്ന അനേകം നിര്‍മ്മലമാര്‍ക്കായി ഞാന്‍ ഇത് സമര്‍പ്പിക്കുന്നു.

ജോസ്
തിരുവനന്തപുരം
29 - ഡിസംബര്‍ - 2011

2011 നവംബർ 21

പോസ്റ്റ്‌ മാനും..പിന്നെ കുറെ എഴുത്തുകളും ...

"അമ്മേ ..ഈ പോസ്റ്റ്മാന്‍ എന്ന് വെച്ചാ എന്താ അമ്മെ? "

ഇങ്ങനെ ഒരു ചോദ്യം ഇപ്പോഴത്തെ കിടാങ്ങള്‍ അല്ലെങ്കില്‍ ഇനിയത്തെ കിടാങ്ങള്‍ ചോദിക്കുമോ? ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് അങ്ങനെ ഒരു സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. മൊബൈല്‍ ഫോണും, ഇന്റര്‍ നെറ്റും ദിനം ദിന ജീവിതത്തിന്റെ ഭാഗമായപ്പോള്‍ പതിയെ കാലത്തിന്റെ മൂടു പടങ്ങള്‍ ചൂടി അകത്തേക്ക് മറയുന്ന കാര്യങ്ങളില്‍ പെട്ടവയാണ് പോസ്റ്റ്‌ മാനും ഇന്‍ലന്റ് ലെറ്ററുകളും.

ഇന്നലെ പഴയ ഒരു മലയാളം സിനിമ കണ്ടപ്പോള്‍ അതിലുണ്ടായിരുന്ന പോസ്റ്റ്മാന്‍ കഥാ പാത്രവും, അയാള്‍ കൊണ്ട് വരുന്ന എഴുത്തുകളും എന്നെ പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

ഒന്നിലോ രണ്ടിലോ പഠിക്കുന്ന സമയം മുതല്‍ ആവും ഞാന്‍ പോസ്റ്റ്‌ മാനെ കാണുന്നത് ..(അതിനു മുന്‍പ് കണ്ട ഓര്‍മ്മയില്ല ). പൂജപ്പുര ജെയിലില്‍ നിന്നും വാര്‍ഡന്‍ ആയി റിട്ടയര്‍ ആയ വല്ല്യമ്മചിക്കുള്ള പെന്‍ഷന്‍ കാശും കൊണ്ട് വരുന്ന പോസ്റ്റ്‌ മാന്റെ രൂപം ഇപ്പോഴും മനസ്സില്‍ ഉണ്ട്. അന്നൊന്നും എനിക്കാരും കത്തുകള്‍ എഴുതാത്തതുകൊണ്ടും (കത്തിടപാടുകള്‍ക്കുള്ള പ്രായം ആയില്ല ..അത്ര തന്നെ) ,എനിക്കാര്‍ക്കും എഴുതാനില്ലാത്തത് കൊണ്ടും അന്നൊന്നും പോസ്റ്റ്മാന്‍ എനിക്ക് വല്യ പ്രിയപ്പെട്ട ആളൊന്നും അല്ലായിരുന്നു.

കുറച്ചു വലുതായിക്കാഴിഞ്ഞപ്പോള്‍ , ഞാനും പോസ്റ്റ്‌ മാനെ കാത്തിരിക്കുന്ന സമയം വന്നു. ക്രിസ്തുമസിന്റെ സമയത്ത്, ബന്ധുക്കള്‍ ഒക്കെ നല്ല വര്‍ണ്ണങ്ങള്‍ നിറഞ്ഞ കാര്‍ഡുകള്‍ അയക്കും. അത് കിട്ടാനായി ഞാന്‍ പോസ്റ്റ്‌ മാന്റെ വരവും കാത്തിരിക്കും. അങ്ങനെ കിട്ടുന്ന കാര്‍ഡുകള്‍ ഒക്കെ ശേഖരിച്ചു വെയ്ക്കുന്നത് ഒരു രസമായിരുന്നു.

കോളേജില്‍ ഒക്കെ ആയിക്കഴിഞ്ഞപ്പോള്‍ പിന്നെ എനിക്കും (എനിക്ക് മാത്രം !!) കാര്‍ഡുകള്‍ വരുമായിരുന്നു...എഴുത്തുകളും. കൂട്ടുകാരും "കൂട്ടുകാരികളും " ഉണ്ടാവും അതില്‍ . അന്നൊക്കെ ഓരോ ദിവസവും പോസ്റ്റ്‌ മാന്‍ വന്നോ എന്നന്വേഷിക്കു മായിരുന്നു. കോളേജില്‍ നിന്നും വന്നാല്‍ ഉള്ള അന്വേഷണങ്ങളില്‍ ആദ്യതെത് അതാവും . ശനിയാഴ്ച , വീട്ടില്‍ ഇരിക്കുന്ന അവസരമാണെങ്കിലോ ..ജനലിന്റെ അടുത്തിരുന്ന്..പോസ്റ്റ്‌ മാന്‍ വരുന്നോ എന്ന് ഇട കണ്ണിട്ടു നോക്കുമായിരുന്നു. പോസ്റ്റ്‌ മാന്‍ എന്‍റെ വീട്ടില്‍ കയറാതെ പോകുമ്പോള്‍ , വല്ലാത്ത നിരാശ തോന്നുമായിരുന്നു.

റൂര്‍ക്കിയില്‍ ഉപരി പഠനത്തിനു പോയപ്പോഴാണ് പോസ്റ്റ്‌ മാന്റെ വില ശരിക്കും അറിയുന്നത്. നാട്ടിലെ വിവരങ്ങളും, കൂട്ടുകാരുടെ വിശേഷങ്ങളും ഒക്കെ അറിയുന്നത് കയ്യില്‍ വരുന്ന കത്തുകളിലൂടെയാണ്. അന്ന് വീട്ടില്‍ ലാന്‍ഡ് ഫോണ്‍ പോലും ഇല്ല. അന്ന് ഹോസ്ടലില്‍ ഏറ്റവും അധികം കത്തുകള്‍ വരുന്നത് എനിക്കും എന്‍റെ രണ്ടു മൂന്നു കൂട്ടുകാര്‍ക്കും ആയിരുന്നു.

സ്വന്തം കൈപ്പടയില്‍ ആരെങ്കിലും എഴുതിയ കത്തുകള്‍ക്ക്, അച്ചടിച്ച കത്തുകളെക്കാള്‍ അല്ലെങ്കില്‍ ഇന്നത്തെ ഇ-മെയിലുകളെക്കാള്‍ വികാരങ്ങള്‍ കൈ മാറാന്‍ കഴിയും എന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു. പ്രിയപ്പെട്ടവര്‍ അവരുടെ കൈപ്പടയില്‍ എഴുതിയ കത്തുകള്‍ എത്ര തവണ ഞാന്‍ വീണ്ടും വീണ്ടും വായിച്ചിട്ടുണ്ട്. ഞാന്‍ റൂര്‍ക്കിയില്‍ ആയിരുന്നപ്പോള്‍ എന്‍റെ പ്രിയപ്പെട്ട ചേച്ചി എനിക്കെഴുതിയിരുന്ന കത്തുകള്‍ ഓരോന്നും ഒരു ഏഴെട്ടു പേജുകള്‍ വരുമായിരുന്നു. അതില്‍ വീടുകാരുടെയും നാട്ടുകാരുടെയും ഒക്കെ വിശേഷങ്ങള്‍ ഉണ്ടാവുമായിരുന്നു. അതൊക്കെ വായിക്കുമ്പോള്‍ വല്ലാത്ത ഒരു സന്തോഷവും, നൊമ്പരവും ഒക്കെ അനുഭവപ്പെടും. നാട്ടിലെയും വീട്ടിലെയും ഒക്കെ കാഴ്ചകള്‍ കണ്മുന്പിലൂടെ തെളിഞ്ഞു വരുന്ന പോലെ തോന്നും.

"ജോസ്..നിനക്ക് സുഖമാണോ? എനിക്കിവിടെ സുഖം തന്നെ ..ഇനി എപ്പോഴാ നാട്ടില്‍ ..അടുത്ത വരവിനു കാണണം..." ഇത്ര മാത്രം എഴുതുന്ന (സ്ഥിരമായി) കൂടുകാര്‍ മുതല്‍ , പരിഭവങ്ങളും, പരാതികളും, വേദനകളും ഒക്കെ കുത്തി നിറച്ചുള്ള കത്തുകളും എത്രയാണ് കിട്ടിയിരിക്കുന്നത്. അതൊക്കെ അവരുടെ തന്നെ കൈപ്പടയില്‍ വായിക്കുമ്പോള്‍, അവര്‍ എന്‍റെ അടുത്ത് വന്നിരുന്നു സംസാരിക്കും പോലെ തോന്നുമായിരുന്നു.

ഒരു അഞ്ചാറു വര്ഷം മുന്‍പ് വരെ..ആ കത്തുകളുടെ ഒക്കെ ശേഖരം എന്‍റെ കയ്യില്‍ ഉണ്ടായിരുന്നു. എന്നോ ഒരിക്കല്‍ അടുക്കിപ്പെരുക്കലിന്റെ ഭാഗമായി അതൊക്കെ എടുത്തു ചവറ്റു കൊട്ടയില്‍ ഇട്ടു. അതില്‍ ചിലതെങ്കിലും കളയാതെ വെയ്ക്കാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നാറുണ്ട്. ഓര്‍മ്മകളുടെ ഒരു നിധികളെ അല്ലേ ഞാന്‍ ചവറ്റു കുട്ടയില്‍ എറിഞ്ഞത്.

കാലം മാറിയപ്പോള്‍ , സൌകര്യങ്ങള്‍ കൂടിയപ്പോള്‍, ഞാനും മാറി. ഒരു ഏഴെട്ടു വര്ഷം മുന്‍പ് വരെ, ഞാന്‍ അമ്മച്ചിക്കും ചേച്ചി മാര്‍ക്കും ഒക്കെ എഴുത്തെഴുതുമായിരുന്നു...എന്‍റെ സ്വന്തം കൈപ്പടയില്‍ . എല്ലാവരുടെയും ജന്മദിനങ്ങള്‍ ഓര്‍ത്തു വെച്ച് കാര്‍ഡുകള്‍ അയക്കുമായിരുന്നു. പിന്നെ ക്രിസ്തുമസിനും. ജിവിതത്തിന്റെ പരക്കം പാച്ചിലില്‍ ഒക്കെ മറന്നു. ഇപ്പോള്‍ കത്തുമില്ല ..കാര്‍ഡുകളും ഇല്ല. അതിന്റെ ഒക്കെ സ്ഥാനം ഫോണും, ഇ-മെയിലും, ഇ- കാര്‍ഡുകളും അപഹരിച്ചു.

ഇപ്പോഴും, പ്രിയപ്പെട്ടവര്‍ ആരെങ്കിലും അവരുടെ കൈപ്പടയില്‍ എഴുതി അയച്ച കത്ത് കിട്ടുമ്പോള്‍ എനിക്കുണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

വിവാഹ നിശ്ചയം കഴിഞ്ഞു , കല്യാണക്കുറി അടിച്ച സമയത്ത് ലീന എനിക്കയച്ച ഒരു ചെറിയ കുറിപ്പുണ്ട്. അവളുടെ സ്വന്തം കയ്യക്ഷരത്തില്‍ . അതിപ്പോഴും ഭദ്രമായി എന്‍റെ ഡയറിക്കകത്തുണ്ട് . മുന്‍പൊക്കെ അത് വായിച്ചു ഞങ്ങള്‍ രണ്ടു പേരും ചിരിക്കുമായിരുന്നു. ഇപ്പോള്‍ , അതെടുത്തു വായിക്കുമ്പോള്‍ , മനസ്സില്‍ വരുന്ന നൊമ്പരം , വാക്കുകളില്‍ പറയാന്‍ എനിക്കാവുന്നില്ല.

സ്വന്തം കൈപ്പടയില്‍ പ്രിയപ്പെട്ടവര്‍ എഴുതുന്ന കത്തുകള്‍ ഇനിയും എന്നെ തേടി എത്തും എന്ന പ്രത്യാശയോടെ ..നിര്‍ത്തട്ടെ

ജോസ്
ബാംഗ്ളൂര്‍.
21- നവംബര്‍ - 2011

2011 നവംബർ 12

രണ്ടു മുടിയിഴകള്‍ ....


അവള്‍ പോയ ശേഷം,
നാളുകളേറെ
തുറക്കാതടച്ചിട്ട
അലമാരിത്തട്ടൊന്നു
ഞാനിന്നു തുറന്നു .

അതില്‍ ,
കുറച്ചു പുസ്തകങ്ങളും,
ചെറു കുപ്പികളില്‍ കുറെ
സൌന്ദര്യ ലേപനങ്ങളും ,
ഒരു പേഴ്സും കണ്ടു.

പേഴ്സ് തുറന്നപ്പോള്‍ അതില്‍ ,
കുറെ നാണയത്തുട്ടുകളും,
കരി മഷിയും, പേനകളും,
പിന്നെ നീല നിറത്തിലൊരു
ചീപ്പും കണ്ടു.
ചീപ്പിന്റെ പല്ലുകളിലുടക്കി
കറുത്ത, രണ്ടു നീളന്‍
മുടിയിഴകള്‍ ഉണ്ടായിരുന്നു .

നേരത്തെയൊക്കെ,
ചീപ്പില്‍ കുരുങ്ങിയ
മുടിയിഴകള്‍ കണ്ടാല്‍
പറയുമായിരുന്നു ഞാന്‍
'ഇതൊന്നു വൃത്തിയായ് വെച്ചൂടെ?'
കുരുങ്ങിയ മുടിയിഴകള്‍
കാണുന്നതറപ്പായിരുന്നെനിക്ക് .

തറയില്‍ വീണ
മുടിയിഴകള്‍ കണ്ടാല്‍
പറയുമായിരുന്നു ഞാന്‍
'ഇതൊന്നു തൂത്തു കളഞ്ഞൂടെ? '

ഇന്നോ ..
ആ നീല ചീപ്പില്‍
കുരുങ്ങി ഇരുന്ന,
ആ രണ്ടു മുടിയിഴകള്‍
എന്നില്‍ അറപ്പുളവാക്കിയില്ല .

മറിച്ച് , അതെനിക്ക്
പ്രിയപ്പെട്ടതായ് തോന്നി.
ഒരു ചലച്ചിത്രത്തിലെന്ന പോലെ ,
ഞൊടിയിട കൊണ്ടത്‌
കുറെ ഏറെ കാര്യങ്ങള്‍
വീണ്ടുമോര്‍മ്മിപ്പിച്ചെന്നെ ..
കയ്പ്പും മധുരവും
ഇടകലര്‍ന്നു നില്‍ക്കുന്ന,
ഓര്‍മ്മകളുടെ പൂങ്കാവനത്തില്‍
വീശിയ ഒരിളം തെന്നല്‍ പോലെ .

ആ രണ്ടു മുടിയിഴകള്‍ ...
ജീവിച്ചിരുന്നപ്പോഴെപ്പോഴോ
അവളില്‍ നിന്ന് വേര്‍പെട്ട
അവളുടെ ദേഹത്തിന്റെ ഭാഗം
അത്...
അവളെനിക്കായ് അവശേഷിപ്പിച്ച
അവളുടെ ദേഹത്തിന്റെ ഭാഗം .

തെല്ലു ചിന്തിച്ചു നിന്നു ഞാന്‍..
എന്ത് ചെയ്യണമെന്നറിയാതെ ,
ആ രണ്ടിഴകളെ കളയണോ
അതോ, സൂക്ഷിച്ചു വെയ്ക്കണോ

ചിന്തകള്‍ മനസ്സിനു
ഭാരമായ് വന്നപ്പോള്‍ ,
മുടിയിഴകല്‍ക്കൊപ്പം
ഞാനാ നീല ചീപ്പിനെ
പേഴ്സില്‍ വെച്ചടച്ചു.
മനസ്സപ്പോള്‍ പറഞ്ഞു..
'അതവിടിരിക്കട്ടെ
കാണാന്‍ കഴിയാത്ത
ഓര്‍മ്മകള്‍ക്കൊപ്പം
കാണാനാവുന്ന
ഒരോര്‍മ്മ കൂടിരിക്കട്ടെ '

ജോസ്
ബാംഗ്ലൂര്‍
12- നവംബര്‍ - 2011

2011 നവംബർ 3

മൌലിനോംഗ് എന്ന സ്വര്‍ഗ്ഗം ...



നാളെ പെട്ടെന്ന് ഭൂമിയിലെ എന്‍റെ ജീവിതം അവസാനിച്ചാലോ? പിന്നെ സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും മുന്‍പേയുള്ള വാതിലില്‍ ചെന്ന് നില്‍ക്കുമ്പോള്‍ ദൈവം തമ്പുരാന്‍ ചോദിക്കും ...

"മകനേ ജോസൂട്ടാ.. നീ ജീവിതത്തില്‍ എന്തു ചെയ്തെടാ .. ഞാന്‍ തന്ന ജീവിതം നന്നേ നീ ആസ്വദിച്ചോ?"

ദൈവം തമ്പുരാന്‍ അങ്ങനെ ചോദിച്ചാല്‍ മറുപടിക്ക് ഞാന്‍ കുറച്ചു കുഴങ്ങും. പരിഭവങ്ങളും, വിഷമങ്ങളും, കഷ്ടപ്പാടുകളുടെയും ഒക്കെ ഭാണ്ടക്കെട്ടഴിച്ചു വച്ച് ..ദൈവമേ ഞാന്‍ ജീവിക്കാന്‍ മറന്നു പോയി എന്ന് പറയേണ്ടി വന്നാല്‍ അത് വലിയ കഷ്ടമല്ലേ..അത് കൊണ്ട് ഞാന്‍ തീരുമാനിച്ചു...

ഇന്നലെകളെയും നാളെ കളെയും ഓര്‍ത്തു വിഷമിക്കാതെ 'ഇന്ന് ' ഒന്ന് ജീവിച്ചു നോക്കികൂടെ ? അതിനു ഞാന്‍ തിരഞ്ഞെടുത്ത വഴിയില്‍ ഒന്നാണ് 'യാത്ര'....കണ്ടിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക്....പുതിയ നാടുകളും, പുതിയ ആളുകളും, പുതിയ സൌഹൃദങ്ങളും ഒക്കെ നല്‍കുന്ന യാത്രകള്‍ ... സങ്കടങ്ങള്‍ ഒക്കെ മനസ്സിനകത്ത് കുഴിച്ചു മൂടിക്കൊണ്ട് ...

അങ്ങനെയാണ് ഞാന്‍ പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഒരു യാത്ര പോയത്...ഭാരതത്തിന്റെ കിഴക്കന്‍ മൂലകളില്‍ ഒളിഞ്ഞിരിക്കുന്ന പ്രകൃതി സൌന്ദര്യം ആസ്വദിക്കാനായി...മേഘാലയയിലെ കാടുകളും ഗ്രാമങ്ങളും കാണാന്‍. അതില്‍ ..എന്‍റെ മനം കവര്‍ന്ന സ്ഥലമായിരുന്നു ' മൌലിനോംഗ് ' എന്ന കൊച്ചു ഗ്രാമം. ഈ കുറിപ്പ് ആ ഗ്രാമത്തിന്റെ ഓര്‍മ്മകള്‍ ആണ്.

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നാണു മൌലിനോംഗ് അറിയപ്പെടുന്നത്. അവിടെ ചെന്ന് അത് കാണും മുന്‍പേ ഞാന്‍ എന്തായാലും അത് അപ്പാടെ വിശ്വസിച്ചില്ല. അങ്ങനെ..ദീപാവലിയുടെ സമയത്ത് കുറച്ചു അവധി കിട്ടിയപ്പോള്‍, ഞാന്‍ ഒരു ഏകാന്ത പഥികനായി , ബ്രഹ്മ പുത്രാ നദിയെ മറികടന്നു മേഘാലയയിലെ ഷില്ലോംഗ് എന്ന സ്ഥലത്തെത്തി . അവിടുന്ന് നാല് മണിക്കൂര്‍ കാറില്‍ യാത്ര ചെയ്തു മൌലിനോംഗ് എന്ന ഗ്രാമത്തില്‍ എത്തി.

അവിടെ ചെന്നപ്പോള്‍ ഖാസി വര്‍ഗ്ഗത്തില്‍ പെട്ട ഗ്രാമവാസികള്‍ ആണ് എന്നെ സ്വീകരിച്ചത് . എനിക്ക് താമസിക്കാന്‍ കിട്ടിയതോ...മലയുടെ ചരിവില്‍ മുളങ്കമ്പുകള്‍ കൊണ്ട് കെട്ടി ഉണ്ടാക്കിയ ഒരു കുടില്‍ . അത് മൊത്തം മുള കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു കിടപ്പുമുറിയും, ഒരു ഡൈനിംഗ് റൂമും, പിന്നെ ഒരു സിറ്റൌട്ടും . സിറ്റൌട്ടില്‍ നിന്ന് നോക്കിയാല്‍ ചുറ്റും കനത്ത കാട് കാണാം. അതിലൂടെ ഒഴുകുന്ന അരുവിയുടെ കള കള ശബ്ദം കേള്‍ക്കാം.

ടെലിവിഷന്‍ ഇല്ല...പത്രം ഇല്ല...ഫോണ്‍ ഇല്ല ..മൊബൈല്‍ ഉപയോഗിക്കാനും പറ്റില്ല.. ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവ എന്ന് നമ്മള്‍ ചിലപ്പോള്‍ കരുതുന്ന ഈ വക സാധനങ്ങള്‍ ഒന്നും ഇല്ലായിരുന്നിട്ടും..ഒന്നും പറ്റിയില്ല..ആകാശം ഇടിഞ്ഞു വീണില്ല..മറിച്ച് ..പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സമാധാനം കിട്ടി..

പിറ്റേന്ന് രാവിലെ (അവിടെ സൂര്യോദയം രാവിലെ നാലരയ്ക്കാണ് ) ആഹാരം കഴിച്ച ശേഷം, ഗ്രാമത്തിന്റെ ഭംഗി കൂടുതല്‍ ആസ്വദിക്കാനായി ഞാന്‍ പുറപ്പെട്ടു. വഴികാട്ടിയായി, ഡ്രൈവറും, പിന്നെ ഖാസി ഭാഷ സംസാരിക്കുന്ന ഒരു ഗ്രാമവാസിയും. ആദ്യം ഞാന്‍ ചെന്നത്, തികച്ചും ഒരു അത്ഭുത കാഴ്ച കാണാന്‍ ആയിരുന്നു. 'ജീവനുള്ള ഒരു പാലം കാണാന്' .

മൌലിനോംഗിന്റെ അടുത്തുള്ള 'റിവായി ' എന്ന ഗ്രാമത്തില്‍ ആണ് ഈ അത്ഭുതം. വാഹ് തില്ലോംഗ് എന്ന നദിയുടെ കുറുകെ വലിയ മരങ്ങളുടെ വേരുകളെ പിണച്ച് ഉണ്ടാക്കിയിരിക്കുന്ന പാലമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. 'ലിവിംഗ് റൂട്ട് ബ്രിഡ്ജ്' എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതുണ്ടാക്കാന്‍ ഒന്നോ രണ്ടോ വര്‍ഷം ഒന്നും അല്ല...ഒന്നോ രണ്ടോ അതില്‍ കൂടുതലോ തലമുറകള്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മുളം കമ്പുകള്‍ക്കുള്ളില്‍ ക്കൂടി മരത്തിന്റെ വേരുകളെ വളര്‍ത്തി, അവയെ തമ്മില്‍ പിണച്ച് , പിന്നെ അതിന്റെ ഉള്ളില്‍ പരന്ന കല്ലുകള്‍ നിരത്തിയും ആണ് ഈ പാലം ഉണ്ടാക്കിയിരിക്കുന്നത്.

കുറെ ഏറെ നേരം ഞാന്‍ അതിലൂടെ നടന്നു...അതുണ്ടാക്കിയവരുടെ ബുദ്ധിയും, ക്ഷമയും ഒക്കെ എത്ര കണ്ടു അഭിനന്ദിച്ചാലാണ് മതിയാവുക. പാലവും, അതിന്റെ താഴെ ഒഴുകുന്ന നദിയും, ചുറ്റുമുള്ള മുളം കാടുകളും ഒക്കെ ചേര്‍ന്നൊരുക്കിയ പ്രകൃതി രമണീയത ആസ്വദിച്ചു സമയം പോയതറിഞ്ഞില്ല. പിന്നെ ഞാന്‍ പതുക്കെ അടുത്ത സ്ഥലത്തേയ്ക്ക് യാത്രയായി. ..ചിത്ര ശലഭങ്ങളുടെ താഴ്വരയില്‍ ..അവിടെ ഉയരത്തില്‍ നിന്നും കുതിച്ചു ചാടുന്ന ഒരു വെള്ള ച്ചാട്ടം കാണാന്‍..

ബട്ടര്‍ ഫ്ലൈ ഫാള്‍സ് എന്ന ആ സ്ഥലത്തേയ്ക്കുള്ള യാത്ര കുറച്ചു കഠിനം ആയിരുന്നു. കൊടും കാടിലൂടെ, വഴുക്കന്‍ പാറകളില്‍ ചവുട്ടി, മര വള്ളികളില്‍ തൂങ്ങി ഒക്കെയാണ് , നിരപ്പില്‍ നിന്നും ഏകദേശം അന്‍പതോളം മീറ്റര്‍ താഴെ ഇറങ്ങിയത്‌. ഇറങ്ങി ചെന്നപ്പോള്‍ , യാത്രയുടെ കാഠിന്യം ഒക്കെ മറന്നു. ആ വെള്ളച്ചാ ട്ടത്തിന്റെയും, അതിന്റെ ചുറ്റുമുള്ള പ്രകിതി ഭംഗിയും ഞാന്‍ എഴുതുന്നില്ല...പകരം..എന്‍റെ ക്യാമറയില്‍ പകര്‍ത്തിയചിത്രങ്ങളിലൂടെ പറയാം ശ്രമിക്കാം.

ഒരു പ്രൈവറ്റ് റിസോര്‍ട്ടില്‍ പോയി താമസിക്കുന്ന പ്രതീതി എനിക്ക് തോന്നി. കാരണം അത്രയ്ക്ക് മനോഹരമായ ആ സ്ഥലത്ത് ഞാനും, ഡ്രൈവറും, പിന്നെ ഖാസി സുഹൃത്തും മാത്രം. നീന്തല്‍ അറിയാമായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം തോന്നിപ്പോയി. വെള്ളം കുത്തനെ വന്നു പതിക്കുന്ന ചെറിയ തടാകം കുളിച്ചു രസിക്കാന്‍ പറ്റിയ സ്ഥലം ആണ്.

എന്‍റെ മനസ്സിലുള്ള ചെറിയ കുട്ടിയെ ഞാന്‍ പതിയെ പുറത്തു വരാന്‍ അനുവദിച്ചു. വെള്ളത്തില്‍ കല്ലെറിഞ്ഞു കളിക്കുകയും, കാലിട്ടടിച്ച്‌ വെള്ളത്തില്‍ ഓളങ്ങള്‍ ഉണ്ടാക്കി രസിക്കുകയും, മുളംകമ്പുകള്‍ കൊണ്ട് വെള്ളം അടിച്ചു തെറിപ്പിച്ചു കളിച്ചും, വെള്ളത്തിലുള്ള കുഞ്ഞു മീന്‍ കൂട്ടങ്ങളെ നദിയിലൂടെ പിന്‍ തുടര്‍ന്നും , ഉറക്കെ പാടുകള്‍ പാടിയും ഖാസി സുഹൃത്ത്‌ മീന്‍ പിടിക്കുന്നത്‌ കണ്ടും ഒക്കെ ഞാന്‍ സമയം ചെലവഴിച്ചു. സമയം ങ്ങനെ പറന്നു പോയതറിഞ്ഞില്ല. അപ്പോഴേക്കും എന്‍റെ ഖാസി സുഹൃത്ത് ആ നദിക്കരയില്‍ തന്നെ അടുപ്പ് കൂട്ടി പുലാവും ചിക്കനും വെച്ചു. അടുത്ത് നിന്നെങ്ങോ കുറച്ചു വാഴയില സംഘടിപ്പിച്ച് അയാള്‍ എനിക്ക് ഊണ് തയ്യാറാക്കി. വെള്ളം കുടിക്കാനോ...മുള കൊണ്ടുണ്ടാക്കിയ ഗ്ലാസും ..ഇനിയെന്ത് വേണം.. പ്രകൃതിയുടെ മടിത്തട്ടില്‍ മനം നിറഞ്ഞു ചിലവഴിച്ച ഒരു ദിവസം . അങ്ങനെ പറയുന്നതാവും ശരി.

അവിടുന്ന് വൈകിട്ട് തിരികെ ഗ്രാമത്തില്‍ വന്നപ്പോള്‍, ആ ഗ്രാമത്തിനെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന് പറയുന്നത് എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസ്സിലായി. അവിടെത്തെ ഓരോ ആളുകളും അവരുടെ ഗ്രാമത്തെ വൃത്തിയാക്കി സൂക്ഷിക്കാന്‍ പരിശ്രമിക്കുന്നുണ്ട്. ചവറുകള്‍ ഒന്നും റോഡില്‍ ഇടാതെ, ഓരോ മൂലകളിലും വെച്ചിട്ടുള്ള കുട്ടകളില്‍ ആണ് അവര്‍ അതൊക്കെ ഇടാറുള്ളത്. കൊച്ചു കുഞ്ഞുങ്ങള്‍ പോലും അങ്ങനെയാണ് ശീലിക്കുന്നത്. പൂക്കളും ചെടികളും മരങ്ങളും ഒക്കെ ആവശ്യത്തിലേറെ. അതിനെയൊക്കെ വളരെയധികം പരിപാലിക്കുകയും ചെയ്യുന്നുണ്ട് അവര്‍ .

ഒരാഴ്ച നീണ്ട യാത്ര കഴിഞ്ഞു , ബാംഗ്ലൂരിലെ തിരക്ക് നിറഞ്ഞ താമസ സ്ഥലത്തേയ്ക്ക് വന്നെങ്കിലും, ഇപ്പോഴും കണ്മുന്‍പില്‍ ചിത്ര ശലഭങ്ങളുടെ താഴ്വരയും, ജീവനുള്ള പാലവും, ചുറ്റും ഉള്ള ഹരിത ഭംഗിയും, ഒക്കെ നിറഞ്ഞു നില്‍ക്കുന്നു.

വീണ്ടും ഒരിക്കല്‍ ഞാന്‍ അവിടെ പോകും..പ്രകൃതിയുടെ മടിത്തട്ടില്‍ അലിയാന്‍ ... എന്നെന്നറിയില്ല. ..എന്നെങ്കിലും ഒരിക്കല്‍ .

ജീവിതം തീരും മുപേ കാണണം എന്ന് കരുതുന്ന സ്ഥലങ്ങള്‍ ഇനിയെത്ര കിടക്കുന്നു...


ജോസ്
ബാംഗ്ലൂര്‍
3- നവംബര്‍ -2011