
അങ്ങനെ ഒരു ജന്മദിനം കൂടി പോയിക്കിട്ടി. വയസൊന്ന് കൂടി. നരച്ച മുടികള്‍ മൂന്നാലെണ്ണം കൂടി തലയില്‍ കണ്ടു. ഇതല്ലാതെ പ്രത്യേകിച്ച് ആഘോഷം ഒന്നും ഇല്ലായിരുന്നു. ഒറ്റയ്ക്ക് എന്താണ് ആഘോഷിക്കാന്‍? രാവിലെ എട്ടു മണി മുതല്‍ തന്നെ ഓഫീസില്‍ മീറ്റിങ്ങുകള്‍ ഉണ്ടായിരുന്നതിനാല്‍ ആരൊക്കെയോ ആശംസകള്‍ അറിയിക്കാന്‍ സെല്‍ ഫോണില്‍ വിളിച്ചപ്പോള്‍ കാള്‍ എടുക്കാന്‍ പറ്റിയില്ല. ഉച്ചയ്ക്ക് ഊണ് പോലും കഴിക്കാന്‍ പറ്റാതെ വന്ന തിരക്കായിരുന്നു ജന്മദിനത്തില്‍. പിന്നെ വൈകിട്ട് ഓഫീസില്‍ നിന്നും വന്ന ശേഷം കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് ഇ- മെയില്‍ നോക്കിയപ്പോഴാണ് നൂറില്‍ കൂടുതല്‍ ജന്മദിന ആശംസകള്‍ കണ്ടത്. അതും ഫെയ്സ് ബുക്കില്‍ കൂടെ. ആണ്ടിനും സംക്രാന്തിക്കും മാത്രം ഫെയ്സ് ബുക്ക് തുറക്കുന്ന ഞാന്‍ പിന്നെ കുത്തിയിരുന്നു ആശംസകള്‍ അയച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.
അപ്പോഴാണ് കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടത്. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഒരു ബൊക്കെയും ആയി ഒരാള്‍ നില്‍ക്കുന്നത് കണ്ടു.
"മിസ്ടര്‍ ജോസ് വര്‍ഗീസ് അല്ലേ? "
" അതെ ..എന്തെ? "
"ഹാപ്പി ബര്‍ത്ത് ഡേ സാര്‍ . ഇത് താങ്കള്‍ക്കുള്ളതാണ് " . ചുവന്ന റോസാ പ്പൂക്കള്‍ വെച്ച ആ ബൊക്കെ എന്റെ നേരെ നീട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു. ഞാന്‍ അത് വാങ്ങി അതിന്റെ കൂടെയുണ്ടായിരുന്ന കാര്‍ഡില്‍ നോക്കി. അയച്ച ആളിന്റെ ഇനിഷ്യല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രിയപ്പെട്ട ആരോ ആണെന്ന് അതെന്ന് മാത്രം മനസ്സിലായി. പിന്നെ ആരാണ് അതയച്ചത് എന്ന് മനസ്സിലാക്കാന്‍ കുറച്ചു നേരം കൂടി കഴിഞ്ഞു ഒരു ഫോണ്‍ കാള്‍ വരുന്ന വരെ കാത്തിരിക്കേണ്ടി വന്നു. അതിനു മുന്‍പ് ആ ബൊക്കെയും പിടിച്ച് ഇരുന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം ജന്മദിനത്തില്‍ നടന്ന ഒരു സംഭവം ഓര്‍മ്മ വന്നു.
2011 ഫെബ്രുവരി 20. അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. സാധാരണ പിറന്നാളൊന്നും ആഘോഷി ക്കാത്തതിനാല്‍ എന്നത്തേയും പോലൊരു ദിവസമായി അന്നും കരുതി ഞാന്‍ ഇരുന്നു. ലീന രാവിലെ തന്നെ ജന്മദിന ആശംസകള്‍ തന്നിരുന്നു. വീട്ടില്‍ നിന്നും ചേട്ടനും ചേച്ചിയും ആശംസകള്‍ വിളിച്ചറിയിച്ചു. പിന്നെ അനിയത്തിയും കൂട്ടുകാരും ഒക്കെ ആശംസാ സന്ദേശങ്ങള്‍ അയച്ചു. ഇതിനപ്പുറം വേറെ പ്രത്യേകതകള്‍ ഒന്നും ഇല്ലായിരുന്നു അന്നും...എന്നത്തേയും പോലെ .
ഏകദേശം പത്തു മണി അടുപ്പിച്ചു ആരോ കോളിംഗ് ബെല്‍ അമര്‍ത്തി. ഞാന്‍ വാതില്‍ തുറന്നു നോക്കിയപ്പോള്‍, ഒരു വലിയ ബൊക്കെയും പിടിച്ചു ഒരാള്‍ നില്‍ക്കുന്നു. ചുവന്ന റോസാ പ്പൂകളും, മനോഹരമായ ഇലകളും ഒരു പച്ച നിറത്തിലെ ബാസ്കറ്റില്‍ വെച്ചുണ്ടാക്കിയ ഒരു ബൊക്കെ. അതെനിക്കാണോ എന്ന് സംശയിച്ചു ഞാന്‍ നിന്നപ്പോള്‍ അത് കൊണ്ട് വന്നയാള്‍ എന്റെ പേര് ചോദിച്ച ശേഷം അത് എനിക്കുള്ളതാണ് എന്ന് പറഞ്ഞു. അത് കയ്യില്‍ വാങ്ങി അകത്തേക്ക് കയറുമ്പോള്‍ ഞാന്‍ അതിന്റെ കൂടെ ഉണ്ടായിരുന്ന കാര്‍ഡില്‍ നോക്കി. അയച്ച ആളിന്റെ പേര് അതില്‍ ഇല്ലായിരുന്നു. അപ്പോഴേക്കും ലീന അവിടേക്ക് വന്നു.
"ആഹാ കൊള്ളാമല്ലോ. ഇതാരപ്പാ ഇത്ര വലിയ ബൊക്കെ അയക്കാന്‍? "
"ഒരു പിടിയും ഇല്ല ലീന്‍സ് . കാര്‍ഡില്‍ ആളിന്റെ പേര് വച്ചിട്ടില്ല. ആശംസകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. "
"സത്യം പറ അച്ചാച്ചാ ..ഏതെങ്കിലും പെണ്‍ പിള്ളേര്‍ അയച്ചതല്ലേ? ". ലീന ഓരോന്നും പറഞ്ഞു എന്നെ കളിയാക്കാന്‍ തുടങ്ങി. ഞാനോ ...തല പുകഞ്ഞു ആലോചിക്കാനും തുടങ്ങി. എനിക്ക് ജീവിതത്തില്‍ ഇതേ വരെ അങ്ങനെ ഒരു ബൊക്കെ സമാനമായി കിട്ടിയിട്ടില്ല. ഞാന്‍ പറഞ്ഞു..
"ഡല്‍ഹിയിലെ എന്റെ കൂട്ടുകാരി ആരതി ആവുമോ? ഏയ് ..ആവില്ല. ആയിരുന്നെങ്കില്‍ എപ്പോഴേ ഫോണ്‍ ചെയ്തു പറഞ്ഞേനെ. ചെന്നെയില്‍ നിന്നും കസിന്‍ സിമിയോ, നാട്ടില്‍ നിന്നും അനിയത്തി അക്കുവോ ആണോ? അതും ആവാന്‍ വഴിയില്ല . കാരണം അങ്ങനെ ഒന്നും പതിവുള്ളതല്ലല്ലോ? പിന്നെ ആരപ്പാ എനിക്കിങ്ങനെ ബൊക്കെ അയക്കാന്‍?
അതിനിടെ അയാള്‍ പക്കത്തെ സുഹൃത്തും ഭാര്യയും ഒക്കെ വന്ന് ബൊക്കെ കണ്ടു കാര്യം ചോദിച്ചപ്പോള്‍ ലീന പറഞ്ഞു.
"അതേയ്.. ജോസിന്റെ പിറന്നാളിന് ഏതോ ആരാധിക അയച്ചതാണ് "
അതാരാണ് എന്നറിയാന്‍ ആകാംഷയോടെ ചോദിച്ചവരോടൊക്കെ എനിക്ക് കൈ മലര്‍ത്തി കാണിക്കേണ്ടി വന്നു. എന്തായാലും ഞാന്‍ ആ ബൊക്കെ മേശപ്പുറത്തു കൊണ്ട് വച്ചു. ഉച്ചയ്ക്ക് ഊണിനു മുന്‍പേ അതിന്റെ അടുത്തുചെന്നു പൂക്കളുടെ സൌന്ദര്യം ആസ്വദിച്ച് നിന്നപ്പോള്‍ ലീന എന്റെ അടുത്ത് വന്നു.
"ഇപ്പോഴും അച്ചാച്ചന് പിടി കിട്ടിയില്ലേ ആരാ അയച്ചത് എന്ന്? "
"ഇല്ല ഒരു പിടീം ഇല്ല. "
"കുറെ പെണ്‍ കൊച്ചുങ്ങളുടെ പേര് പറഞ്ഞല്ലോ. എന്നിട്ടും ഞാന്‍ അയച്ചതാവും എന്ന് ചിന്തിച്ചില്ലല്ലോ."
ചെറു പരിഭവം നിറഞ്ഞ ഒരു ചിരിയോടെ അവള്‍ അത് പറഞ്ഞപ്പോള്‍ ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. എനിക്കൊരു സര്‍പ്രൈസ് തരാനായി ലീന അയച്ചതാണ് ആ ബൊക്കെ എന്നറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷവും ഒപ്പം കുറ്റബോധവും തോന്നി. എന്നെ അത്ഭുതപ്പെടുതിയത്തില്‍ അവള്‍ക്ക് അതിയായ സന്തോഷം ഉണ്ടായിരുന്നു.
എനിക്ക് കിട്ടിയ ആദ്യ ജന്മദിന ബൊക്കെ ആയിരുന്നു അത്. കുറെ നാള്‍ അതിലെ പൂക്കള്‍ വാടാതെ നിന്നു. പിന്നെ കുറെ കഴിഞ്ഞ് അതിന്റെ ഇതളുകള്‍ വാടി ഉണങ്ങിയപ്പോള്‍ ഞാന്‍ ആ പൂക്കള്‍ എടുത്തു മാറ്റി. എന്നാലും അതിന്റെ ഇലകളും, പച്ച നിറത്തിലെ ആ ബാസ്കറ്റും ഇപ്പോഴും എന്റെ മുറിയില്‍ വെച്ചിട്ടുണ്ട്. ഇത്തവണ വന്ന ബൊക്കെയും ഞാന്‍ അതിന്റെ അടുത്ത് കൊണ്ടു വെച്ചു.
ഒന്നിനെയും ഓര്‍ത്തു വിഷമിക്കാനല്ല ഈ കുറിപ്പ്. മറിച്ച്.. ജീവിതത്തില്‍ ഇടയ്ക്കിടെ വരാറുള്ള കുഞ്ഞു കുഞ്ഞു സന്തോഷങ്ങളുടെ ഓര്‍മ്മകള്‍ ഒന്ന് അയവിറക്കാനുള്ള ഒരു ശ്രമം മാത്രം. ഓര്‍മ്മകള്‍ മായും മുന്‍പേ ..
ജോസ്
തിരുവന്തപുരം.
26 ഫെബ്രുവരി 2012.
(ചിത്രത്തിന് കടപ്പാട് ..ഗൂഗിള്‍ )
2 അഭിപ്രായങ്ങൾ:
ശനിയാഴ്ച്ച പിറന്നാൾ വന്നാൽ ഇല മറിച്ചിട്ടുണ്ണണ്ണമെന്നാ പറയുക കേട്ടൊ ഭായ്.
എന്തായാലും ലീന ഭായുടെ ഒപ്പം വളരെ ക്ലീനായി ഈ സന്തോഷങ്ങളിൽ പങ്കുചേരുന്നതു കാണുമ്പോൾ അതിയായ ആഹ്ലാദമുണ്ട് ..
പിന്നെ
ഈ നല്ല കുറിപ്പുകൾക്കും ,വയസ്സുകൂട്ടുവാൻ വേണ്ടി വന്ന പിറന്നാളീനും എന്റെ വക ഇത്തിരി വൈകിയിട്ടാണെങ്കിലും ...
ആശംസകൾ..!
എഒന്നിനെയും ഓര്‍ത്തു വിഷമിക്കാനല്ല ഈ കുറിപ്പ്. മറിച്ച്.. ജീവിതത്തില്‍ ഇടയ്ക്കിടെ വരാറുള്ള കുഞ്ഞു കുഞ്ഞു സന്തോഷങ്ങളുടെ ഓര്‍മ്മകള്‍ ഒന്ന് അയവിറക്കാനുള്ള ഒരു ശ്രമം മാത്രം. ///////////////
ന്നാ ഒരു വിഷമം?????
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ