2010 നവംബർ 5

അനാര്‍ക്കലിക്കായി..


സുബേന്തു മുഖര്‍ജി ...... രബീന്ദ്ര സംഗീതത്തെയും കാര്‍ലോസ് സന്താനയെയും ഒരേപോലെ സ്നേഹിച്ച ബംഗാളി ബാബു. ..നാലഞ്ചു വര്‍ഷത്തെ എന്‍റെ തൂലികാ സുഹൃത്ത്‌ ....പ്രണയം എന്ന വികാരത്തെ ഒരു അമൂല്യ നിധി പോലെ സൂക്ഷിച്ച അവനു വേണ്ടി ആകട്ടെ ഇന്നത്തെ കുറിപ്പ്...

തൂലികാ സൗഹൃദം എന്നത് ഒരു ഭ്രാന്തു പോലെ തലയില്‍ കയറിക്കൂടിയ ഒരു സമയത്ത്, കുറെ ഏറെ ആളുകള്‍ക്ക് ഞാന്‍ കത്തുകള്‍ അയച്ചു. ഏറെയും പെണ്‍ കുട്ടികള്‍ക്ക് ആയിരുന്നു . (പ്രായം അതല്ലായിരുന്നോ) . കുറെ പേര്‍ മറുപടി അയച്ചു. കുറെ സൌഹൃദങ്ങള്‍ രണ്ടു മൂന്ന് കത്തുകള്‍ക്ക് ശേഷം, വിടരും മുന്‍പേ കൊഴിഞ്ഞ പൂവുകള്‍ പോലെ ആയി. ഇവന്‍ മാത്രം കത്തെഴുത്ത് തുടര്‍ന്നു.

സുബേന്തു മുഖര്‍ജി... കൊല്‍ക്കത്തയോടുള്ള സ്നേഹം മനസ്സിന്‍റെ കോണില്‍ നിറച്ച്...ബോംബെയില്‍ ചേക്കേറിയ ഒരു ബംഗാളി ബാബു.

സംഗീതം അവന്‍റെ പ്രിയങ്ങളില്‍ ഒന്നായിരുന്നു. കത്തുകളിലൂടെ അറിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി, എന്നെപ്പോലെതന്നെ അവനും കിഷോര്‍ കുമാറിനെയും, റാഫിയും, മുകേഷിനെയും ഒക്കെ ഇഷ്ടപ്പെട്ടിരുന്നു എന്ന്. ഗസലുകളും, ഗസല്‍ ഗായകരോടുള്ള ആരാധനയും മനസ്സിലേറ്റി നടക്കുന്നവനാണ് എന്നും കൂടി അറിഞ്ഞപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

അവന്‍ എഴുതി, സംഗീതം ചിട്ടപ്പെടുത്തിയ ഒരു കവിത അതിന്‍റെ ഇംഗ്ലിഷ് പരിഭാഷയോടെ ഒരിക്കല്‍ എനിക്ക് അയച്ചു തന്നു. അവന്‍റെ ചിന്തകളുടെ ആഴവും, മനസ്സില്‍ സൂക്ഷിക്കുന്ന പ്രണയവും ഒക്കെ എത്ര വലുതായിരുന്നു എന്ന് മനസ്സിലാക്കാന്‍ അത് മാത്രം മതിയായിരുന്നു.

ഒരിക്കല്‍ അവന്‍റെ ഫോട്ടോ എനിക്ക് അയച്ചു തന്നു. ഞാന്‍ കരുതിയതിനു വിപരീതമായ ഒരു മുഖം ആയിരുന്നു ഞാന്‍ അതില്‍ കണ്ടത്.വെളുത്ത്, സുന്ദരനായ ഒരു പൊടി മീശക്കാരന്‍.. നേര്‍ത്ത കറുത്ത ഫ്രെയിം ഇട്ട ഒരു കണ്ണാടിയും വച്ച് , മൊണാ ലിസയുടെ ചിരി പോലെ, വിഷാദമാണോ സന്തോഷമാണോ എന്ന് പറയാന്‍ പറ്റാത്ത പോലെയുള്ള ഒരു ചിരിയും നല്‍കി നില്‍ക്കുന്ന സുബേന്തു,..അവനെക്കുറിച്ചു മനസ്സില്‍ ഉള്ള ചിത്രം അത് മാത്രം ആണ്.

നാലഞ്ചു വര്‍ഷത്തെ കത്തിടപാടുകളില്‍ നിന്നും ഒരു കാര്യം മനസ്സിലായി. പ്രണയത്തെ പ്രണയിച്ചവനാണ് അവന്‍ എന്ന് .. ആര്‍ക്കൊക്കെയോ കൊടുക്കാനായി അടക്കി വച്ച പ്രണയം അവന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു. കത്തുകളില്‍ ഒരു റിതുപര്‍ണയെക്കുറിച്ചും , ഒരു മൌമിതാ സെന്നിനെക്കുറിച്ചും പിന്നെ ഒരു സോഹിനിയെ ക്കുറിച്ചും ഒക്കെ അവന്‍ എഴുതിയിട്ടുണ്ടായിരുന്നു. ..എല്ലാവരെയും അവന്‍ സ്നേഹിച്ചിരുന്നു എന്നും.

എന്നാലും അവന്‍റെ കത്തുകളില്‍ അടര്‍ത്തി മാറ്റാന്‍ പറ്റാത്ത ഒരു ദുഃഖച്ഛായ ഉണ്ടായിരുന്നു. അതെന്താണെന്ന് മനസ്സിലാക്കാന്‍ എനിക്ക് ഒരിക്കലും പറ്റിയില്ല. ഞാന്‍ ചോദിച്ചുമില്ല. സൌഹൃദമായാലും, വ്യക്തി പരമായ കാര്യങ്ങളില്‍ ചില അതിര്‍ത്തി വരമ്പുകള്‍ ലംഘിക്കരുതല്ലോ.

അങ്ങനെയിരിക്കെ ഒരിക്കല്‍ അവന്‍റെ ഒരു കത്ത് വന്നു. അവന്‍ അയച്ച അവസാനത്തെ കത്ത്. അതിപ്രകാരമായിരുന്നു.

പ്രിയ സുഹൃത്തേ ...

ഒരു പക്ഷെ ഇനി നമ്മള്‍ തമ്മില്‍ കത്തിടപാടുകള്‍ ഉണ്ടാവില്ല. ഇതെന്‍റെ അവസാന കത്താണ്. പേടിക്കേണ്ട..ജീവനൊടുക്കാന്‍ പോവും മുന്‍പേ ഉള്ള അവസാന കത്തല്ല ഇത്. ജീവിച്ചു മതിയായിട്ടില്ല എനിക്ക്

നിനക്ക് മാത്രമല്ല... എന്നെ ഓര്‍ക്കാനായി ഈ ഭൂമിയില്‍ ഉള്ള ചുരുക്കം ചിലര്‍ക്കും കൂടി ഞാന്‍ കത്തയക്കുന്നുണ്ട്.

ഞാന്‍ ഒരു യാത്രയിലാണ്. എവിടെക്കെന്നറിയില്ല. ചിലപ്പോള്‍ ഗോവയിലെ ബീച്ചുകളില്‍ ഭാംഗും അടിച്ച്, സിഗരറ്റും വലിച്ച്, വെള്ളക്കാരികളുടെ കുടെ പാടി നടക്കും, ഇല്ലെങ്കില്‍ കുറച്ചു നാള്‍ ലദ്ദാക്കിലെ മനം മയക്കുന്ന പ്രകൃതി സൌന്ദര്യം ആസ്വദിച്ചു നടക്കും, പിന്നെ ഹരിദ്വാരിലെയോ രിഷികേഷിലെയോ ഗംഗയില്‍ കുളിച്ചും, സ്വാമിമാരുടെ കൂടെ കുറച്ചു ഭജനകള്‍ പാടിയും സമയം കളയും.. എന്നെങ്കിലും നീ അഭിമാനത്തോടെ പറയാറുള്ള നിന്‍റെ കേരളത്തിലും വരും ... അങ്ങനെ ഭാരതം മുഴുവനും കിടക്കുകയല്ലേ എന്‍റെ പര്യടനത്തിനായി.

കയ്യിലെ കാശ് തീരും വരെ യാത്ര തുടരണം. അതിനപ്പുറം ചിന്തിച്ചിട്ടില്ല...ചിന്തിക്കുന്നുമില്ല. യാത്രയ്ക്ക് തടസ്സം കുറച്ചു കടമകളും ബന്ധങ്ങളും മാത്രം.. പക്ഷെ അവയ്ക്കും എന്നെ പുറകെയ്ക്ക് വലിക്കാനാവുന്നില്ല.

മനസ്സില്‍ ഒളിപ്പിച്ച പ്രണയം എന്നെ വല്ലാതെ വീര്‍പ്പു മുട്ടിക്കുന്നു. ആരെയൊക്കെയോ ഞാന്‍ പ്രണയിക്കാന്‍ ആഗ്രഹിച്ചു. പ്രണയ കാവ്യങ്ങളിലെ പോലെ പ്രണയിക്കാന്‍ കൊതിച്ചു.. ഒന്നും നടന്നില്ല.

കോളേജില്‍ പഠിക്കുന്ന കാലത്ത് ഋതുവിനെ ഞാന്‍ സ്നേഹിച്ചു. അവള്‍ തിരികെ എന്നെ സ്നേഹിച്ചോ എന്ന് അറിയില്ല.. ഇല്ലായിരിക്കാം. അതല്ലേ വളരെ ലാഘവത്തോടെ അവളുടെ വിവാഹ ക്ഷണക്കത്ത് എനിക്ക് തന്നിട്ട് പറഞ്ഞത്... സുബേന്തു ..നീ തീര്‍ച്ചയായും വരണം എന്ന്.

വളരെ പ്രതീക്ഷകളോടെ ആയിരുന്നു പിന്നെ എന്‍റെ വിവാഹം നടന്നത്.
പ്രണയിക്കാന്‍ എനിക്കായി മാത്രം ഒരു പെണ്ണ്.. ഞാന്‍ ഒരുപാട് സ്വപ്നം കണ്ടു..പക്ഷെ അവിടെയും കണക്കുകള്‍ തെറ്റി.

വിവാഹ മോചനക്കരാറില്‍ ഒപ്പ് വയ്ക്കും വരെയും അവള്‍ മുനയുള്ള ചോദ്യങ്ങലോടെ എന്നെ നേരിട്ടു... നിങ്ങള്‍ ഒരാണാണോ എന്ന് ചോദിച്ചുകൊണ്ട് ..


ഒരു പക്ഷെ എന്‍റെ മനസ്സിലെ പ്രണയത്തിലും നന്മകളിലും കാണാന്‍ കഴിയാത്ത ആണത്തം അവള്‍ മറ്റെന്തിലോ കാണാന്‍ ശ്രമിച്ചു പരാജയപ്പെട്ടതാവാം കാരണം. കോടതി മുറിയില്‍ അവസാനം കണ്ടപ്പോഴും, ഞാന്‍ അവളോടുള്ള എന്‍റെ പ്രണയം പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. ..ഒരു അവസാന ശ്രമം. പക്ഷെ വക്കീലന്മാരുടെയും, സുഹൃത്തുക്കളുടെയും ഒക്കെ മുന്‍പില്‍ വച്ച് അവള്‍ വീണ്ടും ചോദിച്ചു... നിങ്ങള്‍ ഒരാണാണോ എന്ന്...ഞാന്‍ ആകെ ചൂളിപ്പോയി സുഹൃത്തേ..താഴെ വീണ പളുങ്ക് പാത്രം പോലെ ചിതറിപ്പോയി ...

മനസ്സിലെ പ്രണയത്തെ അന്ന് കുഴിച്ചു മൂടാം എന്ന് കരുതി. പക്ഷെ ബന്ധുക്കളും നല്ല കുറച്ചു സുഹൃത്തുക്കളും സമ്മതിച്ചില്ല . അവര്‍ എനിക്കായി ഒരു മംഗല്യം കൂടെ ഒരുക്കി. ...സോഹിനി ..അതായിരുന്നു എന്‍റെ പുതിയ സഖി.

ആദ്യമൊക്കെ ഞാന്‍ കരുതി...ഇവള്‍ ആണ് ഞാന്‍ കാത്തിരുന്ന എന്‍റെ അനാര്‍ക്കലി എന്ന് . പക്ഷെ അവളുടെ സ്നേഹ പ്രകടനങ്ങള്‍ പൊള്ള ആയിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയപ്പോഴേക്കും, എന്‍റെ കുറെ ഏറെ സമ്പാദ്യങ്ങള്‍ എനിക്ക് നഷപ്പെട്ടു കഴിഞ്ഞിരുന്നു.. ഞാന്‍ വിയര്‍പ്പൊഴുക്കി പണിയിച്ച വീടും അതില്‍ പെടും.

അവള്‍ ഒരു മദാലസയെപ്പോലെ ചിരിച്ച് എന്‍റെ കവിളില്‍ തന്ന അനേകം ചുംബനങ്ങള്‍ പൊള്ള ആയിരുന്നു എന്നോര്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത അറപ്പ് തോന്നുന്നു സുഹൃത്തേ.

അവള്‍ ചരട് വലിച്ച ഒരു പാവക്കൂത്തിലെ ഒരു പാവം പാവയായിരുന്നു ഞാന്‍. അഗ്നി പോലെ പരിശുദ്ധമായ എന്‍റെ പ്രണയത്തെ അവള്‍ കാമാട്ടിപുരത്തെ ഗണികകളുടെത് പോലുള്ള പ്രണയം കൊണ്ടല്ലേ സ്വീകരിച്ചത്..

പ്രണയം...അതിന്നും എനിക്കൊരു കിട്ടാക്കനിയാണ്... മരു യാത്രികനെ കൊതിപ്പിക്കുന്ന ഒരു മരുപ്പച്ചയാണ്‌.

ഇനി നാലാമതൊരാള്‍... പറ്റുമോ എന്നറിയില്ല ..മുഷിഞ്ഞ തുണി മാറും പോലെ മാറിപ്പകുത്തു നല്‍കാന്‍ ഉള്ളതല്ല എന്‍റെ പ്രണയം.. എന്നാലും മനസ്സില്‍ അറിയാതെ ആഗ്രഹിച്ചു പോകുന്നു.. ഞാന്‍ എന്‍റെ അനാര്‍ക്കലിയെ മറ്റെവിടെയെങ്കിലും കണ്ടാലോ ? ഇതുവരെ നോക്കിയതോക്കെയും എന്‍റെ കയ്യെത്തും ദൂരെ മാത്രം അല്ലായിരുന്നോ? ചിലപ്പോള്‍ അവള്‍ ദൂരെ എവിടെയോ എന്നെ കാത്തിരിക്കുന്നുണ്ടാവാം. ..ലദ്ദാക്കിലോ ..രിഷികേഷിലോ ..ഗോവയിലോ?

വിഡ്ഢിത്തം ആണോ എന്നറിയില്ല. പക്ഷെ ഞാന്‍ എന്നും എന്‍റെ മനസ്സിന്‍റെ വിളി കേട്ടാണ് പോയിട്ടുള്ളത്.. ഇപ്പോഴും.. ഇനിയും..

നിന്‍റെ മേല്‍വിലാസം മാറിയില്ല എങ്കില്‍ ഞാന്‍ ഒരു കത്ത് കൂടി അയക്കും. എന്‍റെ അനാര്‍ക്കലിയെ കണ്ടുമുട്ടിയ ശേഷം.

എന്‍റെ കയ്യിലുണ്ടായിരുന്ന രബീന്ദ്ര സംഗീതത്തിന്റെയും, കുറെ നല്ല ഗസലുകളുടെയും കാസറ്റുകള്‍ നിന്‍റെ പേര്‍ക്ക് അയച്ചിട്ടുണ്ട്. നീ അവ നന്നായി സൂക്ഷിക്കും എന്നറിയാം.

കഴിഞ്ഞ നാലഞ്ചു വര്‍ഷം, എന്‍റെ മനസ്സ് തുറന്ന്, പറയാനുള്ളതൊക്കെ പറയാന്‍ എനിക്ക് കഴിഞ്ഞു... നിനക്കെഴുതിയ കത്തുകളിലൂടെ . നിന്നെ ഒരിക്കലും നേരില്‍ കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം ഉണ്ട്. പക്ഷെ ഒരു നാള്‍ നമ്മള്‍ നേരില്‍ കാണില്ല എന്ന് എന്താണുറപ്പ് .. ..കാണുമായിരിക്കാം. നിന്‍റെ സൌഹൃദത്തിനു അളവില്ലാത്ത നന്ദി അറിയിച്ചുകൊണ്ട്‌ ...

സ്നേഹപൂര്‍വ്വം
സുബേന്തു

മൂന്നാല് വര്‍ഷങ്ങള്‍ക്കു ശേഷം ബോംബെയില്‍ വരാന്‍ ഇടയായപ്പോള്‍ ഞാന്‍ അവന്‍റെ മേല്‍വിലാസത്തില്‍ ഒരു അന്വേഷണം നടത്തി. കൊളാബയ്ക്കടുത്തുള്ള ഒരു പഴയ ഫ്ലാറ്റില്‍ അവന്‍റെ അച്ഛന്‍ സ്വരൂപ്‌ മുഖര്‍ജിയെ ഞാന്‍ കണ്ടു...ഒരു റിട്ടയേഡ് അദ്ധ്യാപകന്‍.

വീട് വിട്ടു പോയ മകനെ ഓര്‍ത്ത്‌ വിഷമിച്ച അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു. വെറുതെ ആണെങ്കിലും, സുബെന്തുവിന്‍റെ മനസ്സ് അടുത്തറിഞ്ഞ ഒരാള്‍ എന്ന വിശ്വാസം നല്‍കിയ പ്രേരണയാല്‍ ഞാന്‍ പറഞ്ഞു...

"സര്‍ ..താങ്കള്‍ വിഷമിക്കരുത്.. അവന്‍ തിരികെ വരും. മനസ്സില്‍ നന്മകളും, സംഗീതവും സൂക്ഷിക്കുന്ന അവനു നിങ്ങളെ പിരിയാന്‍ ആവുമോ ദീര്‍ഘ കാലം...അവന്‍ വരും"

വര്‍ഷങ്ങള്‍ വീണ്ടും കഴിഞ്ഞു. അവന്‍ പറഞ്ഞ പോലെ ഒരു കത്ത് കൂടി ഇതേവരെ എനിക്ക് കിട്ടിയിട്ടില്ല. അവന്‍റെ അനാര്‍ക്കലി ഇനിയും വന്നില്ലായിരിക്കുമോ? ഇന്നല്ലെങ്കില്‍ നാളെ അവള്‍ തീര്‍ച്ചയായും വരട്ടെ ..നിന്‍റെ കത്ത് ഞാന്‍ പ്രതീക്ഷിക്കുന്നു സുബേന്തു..



Protected by Copyscape Web Copyright Protection Software

2010 ഒക്‌ടോബർ 31

നള പാചകം @ അമേരിക്ക


കുറെ ഏറെ നാളുകള്‍ക്കു ശേഷം ഞാന്‍ അടുക്കളയില്‍ കയറി ഒന്ന് പയറ്റി നോക്കി.. ഒരു ചേഞ്ച്‌ ....ലീനയ്ക്ക് രണ്ടു ദിവസം അവധി കൊടുത്തു..നമ്മള്‍ പണ്ട് ചെയ്തിരുന്ന കാര്യം മറന്നു പോകരുതല്ലോ ....

ചിക്കന്‍ ഉണ്ടാക്കി..ഒരു വിധം ശരിയായി... മെഴുക്കു പിരട്ടി ഉണ്ടാക്കി...ശരി ആയോ എന്നൊരു സംശയം.. (പിന്നെ വേറെ ആരും കഴിക്കാന്‍ ഇല്ലായിരുന്നതിനാല്‍ കുഴപ്പമില്ല) .

അങ്ങനെ അടുക്കളയില്‍ മലക്കറി അരിഞ്ഞു വച്ചതിനോടും, പിന്നെ പാത്രങ്ങളോടും ഗുസ്തി പിടിച്ചു നിന്ന സമയത്ത് പണ്ടത്തെ നള പാചക രംഗങ്ങള്‍ ഓരോന്നോരോന്നായി ഓര്‍മ്മ വന്നു.

ബോംബെ മഹാ നഗരത്തില്‍ ബാച്ചിലര്‍ ആയി താമസം തുടങ്ങിയപ്പോള്‍ ആണ് ആദ്യമായി പാചകം ചെയ്യാന്‍ തുടങ്ങിയത്. നാട്ടില്‍ നിന്നും എന്‍റെ മൂത്ത ചേച്ചി ( വല്യേച്ചി) എനിക്ക് ഇഷ്ടപ്പെട്ട കുറെ സാധനങ്ങള്‍ എങ്ങനെ ഉണ്ടാക്കണം എന്നതിന്‍റെ ഒരു വിശദമായ കുറിപ്പ് എനിക്ക് അയച്ചു തന്നിരുന്നു. അതായിരുന്നു എന്‍റെ പാചക ബൈബിള്‍.

കടല കറി, പയറു തോരന്‍, വെള്ളരിക്ക കിച്ചടി, ചിക്കന്‍ കറി, പുളിശേരി , ഉരുളക്കിഴങ്ങ് തോരന്‍, കാരറ്റ് തോരന്‍ ഇങ്ങനെയൊക്കെ ഉള്ള കുറെ വിഭവങ്ങളുടെ കുറിപ്പാണ് ചേച്ചി തന്നത്. ( പയറു തോരന്‍ ഉണ്ടാക്കാന്‍ ഇന്നലെയും ഞാന്‍ ആ കുറിപ്പ് നോക്കി ).

ആ കുറിപ്പുകള്‍ സാധാരണ പാചക കുറിപ്പല്ല. ..വളരെ പ്രത്യേകതകള്‍ ഉള്ള കുറിപ്പാണ്. അനിയന് പാചകം ചെയ്തു പരിചയം ഇല്ല എന്ന് നന്നായി അറിയാവുന്ന ചേച്ചി, വളരെ ആലോചിച്ചു എഴുതുന്നതാണ് ആ കുറിപ്പുകള്‍ ..

പൈപ്പിലെ വെള്ളത്തില്‍ നല്ലപോലെ എങ്ങനെ മലക്കറികള്‍ കഴുകണം എന്നതില്‍ തുടങ്ങി, എങ്ങനെ അതിനെ ചെറിയ കഷണങ്ങള്‍ ആയി മുറിക്കണം എന്നും ( കഷണത്തിന്റെ ഒരു പടം കാണും ...സൈസ് അറിയാന്‍ വേണ്ടി ) , പിന്നെ എന്തൊക്കെ ചേരുവകള്‍ ചേര്‍ക്കണം എന്നും , കുക്കറില്‍ ആണ് വെയ്ക്കുന്നതെങ്കില്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നും, ഒക്കെ കാണും ആ കുറിപ്പില്‍.

ചിലപ്പോള്‍ രാത്രി ഓഫീസില്‍ നിന്നും വരുമ്പോള്‍ നല്ല വിശപ്പ്‌ കാണും. ഉടനെ തന്നെ ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങും. അപ്പോള്‍ എന്തെങ്കിലും സംശയം വന്നാല്‍ ഉടനെ നാട്ടിലേക്ക് ഫോണ്‍ ചെയ്യും. അക്ഷമനായി ഫോണ്‍ ചെയ്യുന്ന എന്നോട് ചേച്ചി വീണ്ടും വിശദമായി പാചക കുറിപ്പ് പറയും ...

" കുട്ടാ ..എല്ലാം ശ്രദ്ധിച്ചു ചെയ്യണേടാ . .. പത്രമൊക്കെ നല്ല തുണി കൊണ്ട് തുടച്ചു വേണം ഉപയോഗിക്കാന്‍ ..മലക്കറി ഒക്കെ നല്ലതാണോ എന്ന് നോക്കി വേണം ഉപയോഗിക്കാന്‍ .." അങ്ങനെ ആവും ചേച്ചിയുടെ തുടക്കം. ക്ഷമ കെടുമ്പോള്‍ ഞാന്‍ പറയും ..

"അയ്യോ ..ചേച്ചി അത്രയ്ക്ക് വിശദമായി പറയാന്‍ സമയമില്ല ..മലക്കറി ഒക്കെ എണ്ണയില്‍ കിടന്നു വേവുകയാണ്... എരിവു കൂടിപ്പോയി... അതിനു എന്ത് ചെയ്യണം അന്ന് മാത്രം പറഞ്ഞാല്‍ മതി..." അങ്ങനെ പോകും ചിലപ്പോള്‍ സംസാരം.

പക്ഷെ ആ കുറിപ്പുകള്‍ ഞാന്‍ വളരെ അധികം ഉപയോഗിച്ചു. ബാംഗ്ലൂരില്‍ വന്ന ശേഷവും അത് തന്നെ ആയിരുന്നു ശരണം . കുറെ പ്രാവശ്യം ഇന്റര്‍ നെറ്റില്‍ നോക്കി പാചക കുറിപ്പുകള്‍ പയറ്റി നോക്കി. പിന്നെ ലീന വന്ന ശേഷം അടുകളയില്‍ അങ്ങനെ പയറ്റാന്‍ കയറാതായി.

എന്‍റെ പാചക ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു എടുണ്ട്. അത് ഇവിടെങ്ങും നടന്ന സംഭവമല്ല...അങ്ങ് അമേരിക്കയില്‍ ആണ് അത് നടന്നത്.. (അമ്പട ഞാന്‍ ആരാ മോന്‍ ..)

2005 ല്‍ ബോംബെയില്‍ നിന്നാണ് ഒരു ഹ്യൂസ്ടന്‍ ട്രിപ്പ്‌ നടന്നത്. നേരത്തെ ജോലി നോക്കിയ കമ്പനിയില്‍ നിന്നും ഒരു മാസത്തേയ്ക്കാണ് അവിടെ പോകേണ്ടി വന്നത്. അവിടെ എനിക്ക് താമസിക്കാന്‍ കിട്ടിയത് ഒരു സ്യൂട്ട് ആണ്. രണ്ടു മുറികളും, പാചകം ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും ഉള്ള ഒരു സ്യൂട്ട്.

ആദ്യം തന്നെ അടുത്തുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റ് കണ്ടു പിടിച്ചു അവിടുന്ന് ആവശ്യമുള്ള എല്ലാ സാധനങ്ങളും വാങ്ങി. പിന്നെ തകര്‍ത്തു പിടിച്ചു പാചകം തുടങ്ങി. വല്യേച്ചി എഴുതി തന്ന പാചക കുറിപ്പായിരുന്നു അന്നത്തെയും ശരണം എന്ന് പറയേണ്ടതില്ലല്ലോ ...

ഏകദേശം അവിടെ താമസിച്ച മുഴുവന്‍ സമയവും ഞാന്‍ തന്നെ പാചകം ചെയ്തു...വയറിനു കുഴപ്പം ഒന്നും വന്നില്ല...എന്ന് വച്ചാല്‍ പാചകം തരക്കേടില്ലായിരുന്നു എന്നര്‍ത്ഥം..

അമേരിക്കന്‍ താമസം തീരാറായ സമയം. ഒരു ദിവസം ഓഫീസില്‍ നിന്നും വന്നപ്പോള്‍ വളരെ താമസിച്ചു. നല്ല ക്ഷീണം ഉണ്ടായിരുന്നു. എന്നാലും പാചകം ചെയ്യാം എന്ന് കരുതി.

ഉള്ളി അരിഞ്ഞിട്ട്, വഴറ്റാനായി ചീനച്ചട്ടിയില്‍ ഇട്ടു. തീയ് കുറച്ചു വച്ചിട്ട്, ഞാന്‍ ഒന്ന് മയങ്ങാം എന്ന് കരുതി കസേരയില്‍ വന്നിരുന്നു. T. V ഓണ്‍ ചെയ്തു വച്ചു. ക്ഷീണം കാരണം ഞാന്‍ ഉറങ്ങിപ്പോയി.

കുറച്ചു കഴിഞ്ഞപ്പോള്‍, എന്തോ ശൂളമടിക്കുന്ന പോലുള്ള ഒരു ശബ്ദം കേട്ടു ഞാന്‍ ഞെട്ടി ഉണര്‍ന്നു. . കണ്ണ് തുറക്കാന്‍ പറ്റുന്നില്ല. അത്രയ്ക്ക് ക്ഷീണത്തിലാണ് ഉറങ്ങിയത്. ഒരു വിധം കണ്ണ് തുറന്നു നോക്കിയപ്പോള്‍.. എന്തോ പന്തികേട്‌ തോന്നി. .മുറിയില്‍ ആകെ ഒരു പുക മയം .

അപ്പോഴാണ്‌ ബോധം നന്നായി വീണത്...സംഭവം പിന്നെയാണ് പിടി കിട്ടിയത്. മുറിയില്‍ വച്ചിരുന്ന സ്മോക്ക്‌ ഡിട്ടക്ട്ടര്‍ ഓണ്‍ ആയതായിരുന്നു പ്രശ്നം. ഞാന്‍ ഉറങ്ങിപ്പോയ സമയത്ത്, ചട്ടിയിലിരുന്നു ഉള്ളിയും മറ്റും കരിഞ്ഞു പുക വന്നു. പുക കൂടിയപ്പോള്‍ ഡിട്ടക്ടര്‍ ശൂളം അടി തുടങ്ങി.

ഉടനെ തന്നെ താഴത്തെ നിലയില്‍ നിന്നും റിസപ്ഷനിസ്റ്റ് ചെക്കന്‍ ഓടി വന്നു. എന്നോട് ഉടന്‍ തന്നെ താഴെ പോകാന്‍ പറഞ്ഞു. അവന്‍ വന്നു ജനലും വാതിലും ഒക്കെ തുറന്നിട്ടു. ഞാന്‍ നല്ല പരിഭ്രാന്തിയോടെ താഴേക്ക്‌ ഓടി. താഴെ ചെന്ന് നോക്കിയപ്പോളല്ലേ രസം...ആ ബില്‍ടിങ്ങിലെ മിക്ക ആളുകളും അവിടെ കൂടിയിട്ടുണ്ട്. അവര്‍ തമ്മില്‍ പറയുന്നതും ഞാന്‍ കേട്ടു...

' ഏതോ ഒരു ചെക്കന്‍ പാചകം ചെയ്തപ്പോള്‍ വന്ന പുക ആണ് ഈ അലാറം മുഴങ്ങാന്‍ കാരണം "

അത് കേട്ടപ്പോഴേ ഞാന്‍ പതുക്കെ ആരുമറിയാതെ പോയി ജനക്കൂട്ടത്തിന്‍റെ ഏറ്റവും പുറകില്‍ നിന്നു. ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമാ നാരായണ എന്ന ഭാവത്തില്‍. ഫയര്‍ എഞ്ചിന്‍ കൂടി വരുന്നത് കണ്ടപ്പോള്‍ എനിക്ക് പിടികിട്ടി .. സംഭവം അത്ര പന്തിയല്ല എന്ന്.

പക്ഷെ ഭാഗ്യത്തിന് വേറൊന്നും പറ്റിയില്ല. അലാറം മുഴങ്ങിയപ്പോള്‍ അവര്‍ ഒരു സുരക്ഷയ്ക്കായി ഫയര്‍ എഞ്ചിന്‍ വിളിച്ചു വരുത്തിയതായിരുന്നു. നല്ല മനുഷ്യര്‍ ആയതിനാല്‍ അവര്‍ വേറെ ഒന്നും പറഞ്ഞില്ല...പാചകം ചെയ്യുമ്പോള്‍ സൂക്ഷിക്കണം എന്ന് മാത്രം പറഞ്ഞു.

നാളുകള്‍ ഏറെ കഴിഞ്ഞു എങ്കിലും ഞാന്‍ അടുക്കളയില്‍ കയറുന്ന അവസരങ്ങളില്‍ എല്ലാം ആ സംഭവം മനസ്സിലേക്ക് ഓടിയെത്തും.


ജോസ്
ബാംഗ്ലൂര്‍
31 - Oct - 2010

2010 സെപ്റ്റംബർ 24

ജോമോന് വേണ്ടി ..


ബാംഗ്ലൂരിലെ ആയിരക്കണക്കിന് മലയാളികളിലെ ഒരാളാണ് ജോമോന്‍. എനിക്കയാളെ അറിയില്ല. കണ്ടിട്ടും കൂടി ഇല്ല. എന്നിട്ടും ജോമോനെക്കുറിച്ചു അറിഞ്ഞ കാര്യം എന്നെ വിഷമിപ്പിച്ചു.

ലീനയ്ക്ക് ഡയാലിസിസ് ഉള്ള ദിവസങ്ങളില്‍ ഞാന്‍ ഓഫീസില്‍ നിന്നും തിരികെ വരുമ്പോള്‍, ലീന ഹോസ്പിറ്റലിലെ വിശേഷങ്ങള്‍ ഒക്കെ എന്നോട് പറയാറുണ്ട്‌.

"ഇന്ന് അടുത്ത ബെഡ്ഡില്‍ കിടന്ന ഒരു അപ്പച്ചന്‍ ഇന്‍ജക്ഷന്‍ എടുക്കാന്‍ വന്നപ്പോള്‍ വല്ലാതെ കിടന്നു നില വിളിച്ചു"

"ഇന്ന് നേഴ്സ് വന്നിട്ട് പറഞ്ഞു ഞാന്‍ പഴയതിലും സ്മാര്‍ട്ട് ആയിട്ടുണ്ടെന്ന്'

"മണിപ്പാളിലെ നെഴ്സുമാര്‍ക്കൊന്നും അധികം ശമ്പളം ഇല്ലത്രെ. നമ്മുടെ ഡ്രൈവര്‍ക്ക് നമ്മള്‍ കൊടുക്കുന്ന ശമ്പളത്തിന്റെ അത്ര പോലും ഇല്ല അവര്‍ക്ക്"

അങ്ങനെ പല പല കാര്യങ്ങള്‍ പറയും. സ്കൂളില്‍ നിന്നും വരുന്ന കുട്ടികള്‍ അമ്മമാരോട് കഥകള്‍ പറയുന്ന പോലെ. ഞാനും അതൊക്കെ കേട്ടിരിക്കും.

ചിലപ്പോള്‍ ഡയാലിസിസ് ചെയ്യാന്‍ വന്ന ആരുടെയെങ്കിലും വിഷമ സ്ഥിതിയെക്കുറിച്ച്ലീന പറഞ്ഞു അറിയുമ്പോള്‍ , പെട്ടന്ന് വിഷമം തോന്നും.. എന്നാല്‍ നിമിഷങ്ങള്‍ക്കകം അതെക്കുറിച്ച് മറക്കും..

അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ആഴ്ച ലീന ജോമോന്റെ കാര്യം പറയുന്നത്.

ജോമോന്‍ മണിപ്പാല്‍ ഹോസ്പിറ്റലില്‍ ഡയാലിസിസ് യൂണിറ്റില്‍ ജോലി ചെയ്യുന്ന ഒരു കൊച്ചു പയ്യനാണ്. ഒരു 26 വയസ്സുകാരന്‍. അപ്പോള്‍ തീര്‍ച്ചയായും അവിടെ വരുന്ന രോഗികളുടെ മനോ വ്യഥ അവനു നന്നായി അറിയാമായിരിക്കും.

പെട്ടന്ന് ഒരു ദിവസം അവന്റെ ആരോഗ്യവും മോശമായി. ഡോക്ടറെ കാണിച്ചു നോക്കിയപ്പോള്‍, പാവം അവന്റെ വൃക്കകളും തകരാറിലായി എന്ന് പറഞ്ഞു.

ഇപ്പോള്‍ അവനും ഡയാലിസിസ് ചെയ്യേണ്ടി വരുന്നു. രാവിലെ അവന്‍ ഡയാലിസിസ് കഴിഞ്ഞ ശേഷം വൈകിട്ട് അവിടെത്തന്നെ ജോലിക്കും വരും അത്രേ.
ഡയാലിസിസ് ചെയ്യാനുള്ള കാശ് ഹോസ്പിടല്‍ അവനില്‍ നിന്നും വാങ്ങില്ല. അതെന്തായാലും അവര്‍ സന്മനസ്സു കാട്ടിയത് നന്ന്. പക്ഷെ വൃക്ക മാറ്റി വയ്ക്കല്‍ ഒക്കെ നടത്താനുള്ള പാങ്ങില്ല അവന്റെ വീടുകാര്‍ക്ക്. .

അവിടെയുള്ള നേഴ്സുമാര്‍ പറഞ്ഞത്രേ...ജോമോന്‍ ഭയങ്കര ഡിപ്പ്രഷനില്‍ ആണെന്ന്.

ഒക്കെ കേട്ടപ്പോള്‍ നല്ല വിഷമം തോന്നി. ഒരു പക്ഷെ ലീന അതെ വിഷമ സ്ഥിതിയില്‍ കൂടെ പോകുന്നത് കണ്ടുള്ള വിഷമം എനിക്കറിയാവുന്നത് കൊണ്ടാവും...

കുറച്ചു നേരം ഞാന്‍ ആലോചിച്ചു നോക്കി.. വിധി എന്തൊക്കെ വിചിത്രങ്ങളായ വഴിത്തിരിവുകള്‍ ആണ് ചിലപ്പോള്‍ തയ്യാറാക്കുക.

സ്വപ്നങ്ങളും നെയ്തു, പല പല പ്രതീക്ഷകളും പേറി ജീവിതത്തിലേക്ക് കുതുച്ചു പാഞ്ഞ ഒരു പാവം പയ്യന്റെ കുതിപ്പിന് എത്ര പെട്ടന്നാണ് വിധി കടിഞ്ഞാന്‍ ഇട്ടതു. അതും അവന്‍ കണ്‍ മുന്‍പില്‍ കണ്ടു കൊണ്ടിരിക്കുന്ന രോഗികളുല്ടെ അതെ വിഷമ സ്ഥിതി അവനും നല്‍കിക്കൊണ്ട്..

ഒരു പക്ഷെ ജോമോന്‍ എന്ന ആ മെയില്‍ നേഴ്സിനെ എപ്പോഴെങ്ങിലും കാണാനോ പരിചയപ്പെടാനോ ആയാല്‍ ഞാന്‍ പറയും..

" വിഷമിക്കരുത്. പ്രതീക്ഷ കൈ വെടിയരുത്. ജീവിതത്തില്‍ പൊടുന്നനെ ഒരു കാര്‍ മേഘം വന്നിറങ്ങിയ പോലെ തന്നെ, ഇരുളിമയെ തുടച്ചു നീക്കാന്‍ വെളിച്ചവും എത്തും. കാത്തിരിക്കുക.. ക്ഷമയോടെ. this too shall pass

ജോസ്
ബാംഗ്ലൂര്‍
25- സെപ്റ്- 2010

2010 സെപ്റ്റംബർ 15

ഗൃഹ പ്രവേശം ....


സ്വന്തമായി ഒരു വീടുണ്ടാവുക എല്ലാവരുടെയും സ്വപ്നം അല്ലെ.. എനിക്കും ഉണ്ട് അങ്ങനെ കുറെ സ്വപ്നങ്ങള്‍ . അതെക്കുറിച്ചൊക്കെ മുന്‍പ് ഒരു ബ്ലോഗില്‍ ഞാന്‍ എഴുതിയിരുന്നു.

ദൈവം സഹായിച്ച് നാട്ടില്‍ കുറച്ചു ഭൂമി വാങ്ങി അതില്‍ ഒരു നല്ല വീട് വയ്ക്കാന്‍ എനിക്ക് കഴിഞ്ഞു. നാല് വര്‍ഷം മുന്‍പ്. പക്ഷെ ഒരു ചെറിയ പ്രശ്നം...സ്വപ്നം കണ്ട് ഉണ്ടാക്കിയ വീട്ടില്‍ അധികം നാള്‍ തുടരെ താമസിക്കാന്‍ എനിക്ക് പറ്റാറില്ല . ഞാന്‍ ജോലി ചെയ്യുന്നത് നാട്ടിലല്ലല്ലോ.. ആണ്ടില്‍ ഒന്നോ രണ്ടോ പ്രാവശ്യം അവധി എടുത്തു വരുമ്പോള്‍ അമ്മയോടും സഹോദരങ്ങളോടും ഒപ്പം അവിടെ താമസിക്കാന്‍ പറ്റും. എന്നാലും വര്‍ഷത്തില്‍ ഭൂരി ഭാഗവും, ഒരു നാടോടിയെപ്പോലെ ദൂരെ ഒരു വാടക വീട്ടില്‍ ആവും ഞാന്‍ കഴിയുക. ഇത് എന്റെ മാത്രം അല്ല... പ്രവാസികള്‍ ആയ പലരുടെയും പ്രശ്നം ആണ്.

അങ്ങനെ ഇരിക്കെ ആണ് ഭൂലോകം മൊത്തം വിഷമം കൊണ്ട് വന്ന സാമ്പത്തിക മാന്ദ്യത്തിന്റെ വരവ്. ബാംഗ്ലൂരിലും അതിന്റെ വിളയാട്ടം പ്രകടമായി. ആ സമയത്ത് ഞാന്‍ ബാംഗ്ലൂരില്‍ എന്ത് വന്നാലും വീടൊന്നും വാങ്ങുന്നില്ല എന്ന മട്ടില്‍ ഇരിക്കുക ആയിരുന്നു. അപ്പോഴാണ്‌ എന്റെ ഒരു സുഹൃത്ത്‌ വന്നു പറയുന്നത്..

"ജോസ് .. സിറ്റിയുടെ നടുക്ക് തന്നെ നല്ല വിലയ്ക്ക് ഒരു മൂന്നു മുറി ഫ്ലാറ്റ് ശരിയാക്കാം . ഇഷ്ടമുണ്ടെങ്കില്‍ നമുക്ക് പോയി നോക്കാം "

വെറുതെ ഒന്ന് പോയി നോക്കി. മനസ്സില്‍ ഒരു ചെറു മോഹം നാമ്പിട്ടു. തിരികെ വീട്ടില്‍ വന്ന ശേഷം excel sheet എടുത്തു കുറെ ഏറെ കണക്കു കൂട്ടലുകള്‍ നടത്തി.

ആദ്യം തോന്നി എടുക്കാന്‍ പറ്റുന്ന ഭാരം അല്ലല്ലോ മോനെ ദിനേശാ എന്ന്... പിന്നെ ഒന്നുകൂടി കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും ഒക്കെ നോക്കിയപ്പോള്‍ തോന്നി ബാംഗ്ലൂരില്‍ ഒരു investement എന്ന നിലയില്‍ അത് വാങ്ങുന്നത് ബുദ്ധി ആണ് എന്ന്. പിന്നെ ഉടന്‍ തന്നെ ബില്‍ഡറിനെ കണ്ട് സംസാരിച്ചു. അയാളെ ചാക്കിട്ടു പിടിച്ചു, ഒരു നല്ല ഡീല്‍ ഉറപ്പിച്ചു.

ഫ്ലാറ്റിന്റെ പ്ലാന്‍ നോക്കി, എനിക്കും ലീനയ്ക്കും ഇഷ്ടപ്പെട്ട ഒരു മൂന്ന് മുറി ഫ്ലാറ്റ് ഞാന്‍ വാങ്ങാന്‍ തീരുമാനിച്ചു. അപ്പോഴും ഫ്ലാറ്റിന്റെ സ്ഥലത്ത് വെറും തറയും കുറച്ചു മരങ്ങളും മാത്രം.പണി ഒന്നും തുടങ്ങിയിട്ടില്ല . ബാക്കി ഒക്കെ പേപ്പറില്‍ ആണ്. പണിയാന്‍ പോകുന്ന ഫ്ലാറ്റിന്റെ ഒരു രൂപം മാത്രം മനസ്സില്‍ ഉണ്ട്. കുറെ പ്പേര്‍ ഇതിനെക്കുറിച്ച്‌ ആശങ്ക പ്രകടിപ്പിച്ചു.

നല്ല ബില്‍ഡര്‍ ആണോ? പണി ഒക്കെ സമയത്ത് തീരുമോ? പേപ്പറുകള്‍ ഒക്കെ കൃത്യം ആണോ?

ഇങ്ങനെ കുറെ ഏറെ ചോദ്യങ്ങള്‍ ആളുകള്‍ ചോദിച്ചു.

എന്തായാലും അതില്‍ ഒന്നും വിഷമിക്കാതെ ഞങ്ങള്‍ മുന്‍പോട്ടു തന്നെ പോയി.

പിന്നെ ലോണിനു വേണ്ടിയുള്ള ഓട്ടം ആയി. രണ്ടു ബാങ്കുകള്‍ കൈ ഒഴിഞ്ഞ ശേഷം ഒരു പ്രൈവറ്റ് ബാങ്ക് ലോണ്‍ തന്നു. വീണ്ടും Excel sheet എടുത്തു ഞാന്‍ കണക്കുകള്‍ കൂടി. വരവുകളും ചെലവുകളും തമ്മിലുള്ള വ്യത്യാസം കുറയുന്നത് കുറച്ചു പേടിയോടെ തന്നെ നോക്കി. എന്നാലും ഞാന്‍ ഓര്‍ത്തു.. ഒരു നിക്ഷേപം അല്ലെ ഞാന്‍ ചെയ്യാന്‍ പോവുന്നത്..മാത്രവും അല്ല ..വര്‍ഷം മുഴുവന്‍ സ്വന്തം എന്ന് പറയാവുന്ന ഒരു വീട്ടില്‍ കഴിയാമല്ലോ.

കഴിഞ്ഞ വര്‍ഷം അവസാനം വീടിന്റെ പണികള്‍ തുടങ്ങി. ഒരു കൊച്ചു കുഞ്ഞിന്റെ വളര്‍ച്ച നേരില്‍ കാണുന്ന പോലെ, ഞാന്‍ വീടിന്റെ പണി നിരീക്ഷിക്കാന്‍ തുടങ്ങി. വാനം തോണ്ടുന്നതും , തറക്കല്ല് ഇടുന്നതും, പില്ലര്‍ അടിക്കുന്നതും, മതില്‍ കെട്ടുന്നതും അങ്ങനെ ഓരോന്നോരോന്നായി ഞാന്‍ കണ്ടു. എന്റെ വീട് പതിയെ രൂപം കൊള്ളുക ആയിരുന്നു.

ഈ വര്‍ഷം തുടക്കം ആയപ്പോള്‍ ഏകദേശം വീടിന്റെ പ്രധാന പണികള്‍ തീരാറായി. പിന്നെ ഫിനിഷിംഗ് പണികള്‍ തുടങ്ങിയപ്പോഴാണ് പ്രശ്നം. പറയുന്ന സമയത്തൊന്നും ഒന്നും തീരുന്നില്ല. തടിപ്പണികാരനെ വീടിന്റെ ഉള്ളിലെ പണികള്‍ ഏല്‍പ്പിച്ചപ്പോള്‍ പണി ഒച്ചിനെ പ്പോലെ ഇഴഞ്ഞാണ് നടന്നത്. രണ്ടാഴ്ച കൊണ്ട് പണി തീര്‍ക്കാം എന്ന് പറഞ്ഞ ആളിനോട്‌ , മൂന്നാഴ്ച കഴിഞ്ഞു ചോദിച്ചാലും പറയും..

' അയ്യോ സാറേ..എല്ലാം തീര്‍ന്നു. ..ഇനി ഫിനിഷ് മാത്രം കൊടുത്താല്‍ മതി. "
എന്നാല്‍ വീടിന്നുള്ളില്‍ കയറി നോക്കുമ്പോള്‍ കുറെ ദിവസത്തേയ്ക്കുള്ള പണി വീണ്ടും കാണും.

ഓട്ടയുള്ള പാത്രത്തിലൂടെ വെള്ളം പോകുന്ന പോലെ , കയ്യില്‍ നിന്നും പൈസയും ഇറങ്ങാന്‍ തുടങ്ങി. ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വാങ്ങാന്‍, interior decoration ചെയ്യാന്‍, അങ്ങനെ അല്ലറ ചില്ലറ പണികള്‍ക്കായി ചെലവുകള്‍ കൂടാന്‍ തുടങ്ങി.

" ആ ..കുഴപ്പമില്ല.. സ്വന്തം വീടിനായുള്ള ചെലവല്ലേ" .. ഞാന്‍ സ്വയം ആശ്വസിപ്പിക്കും.

പണിക്കാര്‍ ഒക്കെ കൂടി എന്റെ ക്ഷമയുടെ പരിധി എവിടെ ആണ് എന്ന് പരീക്ഷിച്ചു തുടങ്ങി. ഒരാളും പറഞ്ഞ സമയത്ത് പണികള്‍ തീര്‍ക്കില്ല. ഓഫീസിലെ ജോലി ചെയ്തു കഴിഞ്ഞു, പിന്നെ വേണം ഇവരുടെ ഒക്കെ പുറകെ പോകാന്‍.

അങ്ങനെ പണിക്കാരോട് കയര്‍ത്തും , അവരുടെ കൂടെ നിന്ന് പണി ചെയ്യുന്നത് നോക്കിയും മറ്റും ഒരു വിധം പണിയൊക്കെ തീര്‍ത്തു. (കുറച്ചൊക്കെ ഇനിയും ബാക്കി).

എങ്ങനെയെങ്കിലും വാടക വീട്ടില്‍ നിന്നും പുതിയ വീടിലേക്ക്‌ താമസം മാറിയാല്‍ മതി എന്നായി. ആദ്യം, ഞാനും ലീനയും തന്നെ നേരെ കേറി താമസിക്കാം എന്ന് കരുതി. അത് വീട്ടില്‍ പറഞ്ഞപ്പോള്‍ , അമ്മച്ചിക്കും ചേച്ചിമാര്‍ക്കും ഒക്കെ ഒരു വിഷമം. ഒരു പാല് കാച്ചു ചടങ്ങ് ഇല്ലാതെ, അച്ചന്മാരെ ഒന്നും വിളിച്ചു പ്രാര്‍ത്ഥന നടത്താതെ വീട് മാറുന്നത് ശരിയല്ല .

പിന്നെ അവരുടെ ഒക്കെ അഭിപ്രായം മാനിച്ചു, ഒരു ചെറിയ പ്രാര്‍ത്ഥന ചടങ്ങ് നടത്തി. അച്ചന്മാര്‍ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ കുടുംബക്കാര്‍ തന്നെ പ്രാര്‍ഥിച്ചു കയറി..ഒരു കുടം പാല്‍ തിളപ്പിച്ച്‌. പാല്‍ തിളച്ചു തൂകിയപ്പോള്‍ എല്ലാവര്ക്കും സന്തോഷം ആയി.

ദൈവം സഹായിച്ച് എനിക്ക് നടത്താന്‍ പറ്റിയ രണ്ടാമത്തെ വീട് പാല് കാച്ച്.

വിഷമങ്ങളുടെ നടുവിലും തളര്ത്താതെ കൈ പിടിച്ചു നടത്തു, കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ കൂടി നല്‍കുന്ന ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് ഞാനും ലീനയും septembar 12 നു ഗൃഹ പ്രവേശം നടത്തി.

ഒത്തിരി പ്രതീക്ഷകള്‍ ഉണ്ട് ..സ്വന്തം വീടിനെക്കുറിച്ച്. പുതിയ അന്തരീക്ഷം, പുതിയ ചുറ്റുപാടുകള്‍, പുതിയ അയല്‍ക്കാര്‍ . ചിലപ്പോഴൊക്കെ മാറ്റങ്ങള്‍ നല്ലതല്ലേ.. ജീവിതത്തില്‍ ഇപ്പോള്‍ നേരിടുന്ന വിഷമങ്ങള്‍ ഒക്കെ മാറ്റാന്‍ ഈ പുതിയ വീട് സഹായിക്കും എന്ന് പ്രത്യാശിക്കുന്നു. ..ഞാനും ലീനയും.

ജോസ്
ബാംഗ്ലൂര്‍
16 sept - 2010

2010 ജൂലൈ 18

ഒരു വാഴക്കൃഷിയുടെ കഥ ...


മൂന്നാല് വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഇത്തവണ ഞാന്‍ പ്രേമന്റെ കുടുംബ വീട്ടില്‍ പോയത്.ഒപ്പം മനോജും, കൃഷ്ണനും ഉണ്ടായിരുന്നു. അവന്റെ അച്ഛനെയും അമ്മയെയും കണ്ടിട്ട് കുറെ ഏറെ നാള്‍ ആയിരുന്നു. അവരോടു സംസാരിച്ചിരിക്കവേ, അമ്മ കുടിക്കാന്‍ കാപ്പി കൊണ്ട് തന്നിട്ട് പറഞ്ഞു..

"എത്ര നാള്‍ ആയി മോനെ ഒരു ഗ്ലാസ് വെള്ളം നിനക്ക് എന്റെ കൈ കൊണ്ട് തന്നിട്ട്.. "

ഒരു ചിരിയോടെ ഞാന്‍ അത് വാങ്ങി കുടിച്ചു. പിന്നെ ഓര്‍ത്തു.. ശരിയല്ലേ...എത്ര തവണ ആണ് അവിടുന്ന് അമ്മ ഉണ്ടാക്കിയ ആഹാരം കഴിച്ചിരിക്കുന്നത്..

ഇപ്പോള്‍ ഞാന്‍ മാത്രമാണ് ഞങ്ങളുടെ നാല്‍വര്‍ സംഘത്തില്‍ ദൂരെ ജോലി ചെയ്യുന്ന ആള്‍. വല്ലപ്പോഴും, ഒരു അതിഥിയെപ്പോലെ ഞാന്‍ നാട്ടില്‍ വരും. അപ്പോഴല്ലേ ഒന്നോടിപ്പോയി എല്ലാവരെയും കാണുന്നത്.

കാപ്പി കുടിച്ച ശേഷം, പ്രേമന്റെ അനിയന്‍ വച്ച പുതിയ വീട് കാണാന്‍ ഞങ്ങള്‍ എല്ലാവരും പുറത്തേക്കിറങ്ങി. കുടുംബ വീടിന്റെ തൊട്ടടുത്താണ് പുതിയ വീട്. ആ വീടിരിക്കുന്ന സ്ഥലം ഒന്ന് നോക്കിയതെ ഉള്ളൂ ...കുറെ ഏറെ ഓര്‍മ്മകള്‍ ഓടി വന്നു മനസ്സിലേക്ക്...

ആദ്യത്തെ ബിസിനസ്സിന്റെ കഥ... പ്രി ഡിഗ്രി പഠിക്കുന്ന ഞങ്ങള്‍ കൃഷിക്കാരായ കഥ ...

കാരണം ആ വാഴ കൃഷി ചെയ്ത സ്ഥലത്തല്ലേ ഇപ്പോള്‍ ഒരു പടു കൂറ്റന്‍ വീട് ഉയര്‍ന്നിരിക്കുന്നത്.

പ്രി ഡിഗ്രി കഴിഞ്ഞു, ഞങ്ങള്‍ നാല് പേരും നാലു സ്ഥലങ്ങളില്‍ ആയി പഠനം തുടര്‍ന്നു. പ്രേമന്‍ മെഡിസിനു ചേര്‍ന്നു..കൃഷ്ണന്‍ എന്ജിനീയരിങ്ങിനു, ചേര്‍ന്നു , മനോജ്‌ അഗ്രിക്കള്‍ച്ചര്‍ പഠിക്കാന്‍..ഞാന്‍ മാത്രം പ്രൊഫഷനല്‍ കോളേജില്‍ കിട്ടാതെ ഡിഗ്രിക്ക് ജിയോളജി പഠിക്കാന്‍ ചേര്‍ന്നു.

അങ്ങനെയിരിക്കെ, ഞങ്ങള്‍ നാല് പേരും കൂടി കൂടിയ ഒരു ദിവസം മനോജ്‌ ഒരു ബിസിനസ് ആശയം മുന്നോട്ടു വച്ചു..

വലുതായി പോക്കറ്റ് മണി ഒന്നും കിട്ടാത്ത ഞങ്ങള്‍ക്ക് കുറച്ചു പൈസ നമ്പാദിക്കാനുള്ള നല്ല ഒരു ആശയം ആയി അത് തോന്നി.

അഗ്രിക്കള്‍ച്ചറിന് പഠിക്കുന്ന കുട്ടികള്‍ക്ക് "ഹെര്‍ബേറിയം " എന്ന ഒരു സാധനം ചെയ്തു കൊടുക്കണം ആയിരുന്നു. പല പല ചെടികളുടെ ഇലകളും മറ്റും എടുത്തു ഉണക്കി നല്ല കട്ടിയുള്ള പേപ്പറില്‍ ഒട്ടിച്ചു വയ്ക്കുന്ന സംഭവം ആണ് ഈ ഹെര്‍ബേറിയം . കുറച്ചു മെനക്കെട്ട് ചെയ്യേണ്ട ഒരു കാര്യം ആണ് ഇത്. അഗ്രിക്കള്‍ച്ചറിന് പഠിക്കുന്ന മടിയന്മാരും മടിച്ചികളും , നേരേ മനോജിന്റെ അടുത്ത് വന്നു. ആശാന്‍ നൂറു രൂപയ്ക്ക് ഒരു ഹെര്‍ബേറിയം ഉണ്ടാക്കി കൊടുക്കുന്ന ജോലി കുറച്ചു പിള്ളേരുടെ കയ്യില്‍ നിന്നും അടങ്കല്‍ വാങ്ങി.

പിന്നെ ശനിയാഴ്ചയും ഞായറാഴ്ചയും മറ്റും ഞങ്ങള്‍ നാലും മനോജിന്റെ വീട്ടില്‍ കൂടി പേപ്പറില്‍ ഇലകള്‍ ഒട്ടിച്ച് വല്ലവന്മാര്‍ക്കും വേണ്ടി ഹെര്‍ബേറിയം ഉണ്ടാക്കാന്‍ തുടങ്ങി. അവസാനം ഒക്കെ വേണ്ടവര്‍ക്ക് കൊടുത്തു കഴിഞ്ഞപ്പോള്‍ കയ്യില്‍ കുറച്ചു കാശ് വന്നു. ഏകദേശം ആയിരം രൂപ. എല്ലാവര്ക്കും പെരുത്തു സന്തോഷം ആയി.. ആദ്യത്തെ ബിസിനസ്സിന്റെ പ്രതിഫലം..

കിട്ടിയ കാശ് കൊണ്ട് എന്ത് ചെയ്യാന്‍? പുട്ടടിച്ചു തീര്‍ക്കണോ? അതോ വേറെ എന്തെങ്കിലും ബിസിനസ്സില്‍ നിക്ഷേപിക്കണോ? തല പുകഞ്ഞു ആലോചിച്ചപ്പോള്‍ മനോജ്‌ തന്നെ വേറൊരു ഉപായം പറഞ്ഞു..

കൃഷി ചെയ്യാന്‍ കുറെ സ്ഥലം ഉണ്ടെങ്കില്‍, വാഴ കൃഷി തുടങ്ങാം. നല്ല ലാഭം ഉള്ള പരിപാടി ആണ്. കാര്‍ഷിക കോളേജില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാഴ തൈകള്‍ കിട്ടും...ആദ്യ ബിസ്നിനസ്സിലെ പണവും പിന്നെ കുറച്ചു കാശും കൂടി ഇട്ടാല്‍ തുടങ്ങാം..

ഞങ്ങളുടെ ബിസിനസ്സിലെ ലാഭ വിഹിതം വേണ്ടാത്ത പങ്കാളി ആവാന്‍ വിധിക്കപ്പെട്ടത് പ്രേമന്റെ അച്ഛനാണ്. അദ്ദേഹം , അദ്ദേഹത്തിന്റെ പുരയിടത്തിലെ കാട് പിടിച്ചു കിടക്കുന്ന കുറെ സ്ഥലം ഞങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ തരാം എന്ന് പറഞ്ഞു.

..പിന്നെന്തു വേണം...ഞങ്ങള്‍ റെഡി ..പിന്നെ വളരെ പെട്ടന്നാണ് കണക്കു കൂട്ടലുകള്‍ ഒക്കെ നടത്തിയത്...

ആര് മണ്ണ് കിളച്ചു , വാഴയ്ക്ക് കുഴി എടുക്കും? എവിടുന്നു വെള്ളം നനയ്ക്കും.. വളം വാങ്ങണ്ടേ...എല്ലാത്തിനും കൂടെ കാശ് തികയുമോ? ഇങ്ങനെയുള്ള പുതിയ കുറെ ചോദ്യങ്ങള്‍ പിന്നെ മുന്നില്‍ എത്തി.

അപ്പോഴും പാവം പ്രേമന്റെ അച്ഛന്‍ രംഗത്തെത്തി. അധ്വാനികളായ നാല് പിള്ളേരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും അദ്ദേഹം വളരെ ഉത്സാഹം കാണിച്ചു.

'പിള്ളേരെ ..നിങ്ങള്‍ എന്റെ കിണറ്റില്‍ നിന്നും വെള്ളം നനച്ചോ..ആ കിണറ്റില്‍ മോട്ടോര്‍ വച്ചിട്ടുണ്ട്. വേണമെങ്കില്‍ ഓരോരുത്തരായി വന്നു ഹോസിട്ടു കിണറ്റില്‍ നിന്നും വെള്ളം എടുത്തു വാഴ നനച്ചോളണം .

അഗ്രിയില്‍ പഠിക്കുന്ന മനോജിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ നൂറു എത്ത വാഴ തൈകള്‍ വാങ്ങി.. പിന്നെ കുറച്ചു വളവും വാങ്ങി,...വളം വീട്ടില്‍ കൊണ്ട് വന്ന ശേഷം പൈസ തരാം എന്ന കരാറിലാണ് വാങ്ങിയത്.. വളം വീട്ടില്‍ കൊണ്ട് വന്നപ്പോഴാകട്ടെ ഞങ്ങള്‍ ആരും ഇല്ലായിരുന്നു.. പാവം പ്രേമന്റെ അച്ഛന്‍ അവിടെയും പൈസ കൊടുത്തു ഞങ്ങളെ സഹായിച്ചു. ( ഞങ്ങള്‍ മനഃ പൂര്‍വ്വം മുങ്ങിയതല്ലായിരുന്നു കേട്ടോ. )

പിന്നെ താമസിയാതെ കുഴിയെടുക്കാന്‍ ഒരാളെ വിളിച്ചു. ഒരാള്‍ മാത്രം പോരല്ലോ? പക്ഷെ കൂടുതല്‍ ആളുകള്‍ക്ക് കൊടുക്കാന്‍ കാശില്ല . അപ്പോള്‍ ഞങ്ങള്‍ നാല് പേരും തന്നെ കുഴി വെട്ടാന്‍ ഇറങ്ങി. അപ്പോഴല്ലേ ആ പണിയുടെ കാഠിന്യം മനസ്സിലാവുന്നത്. ഒരു കുഴി വെട്ടിയപ്പോഴേ ഞങ്ങളുടെ നടുവിന്റെ ആപ്പീസ് പൂട്ടി.

ഒരു വിധം നൂറു വാഴകളും നട്ടു പിടിപ്പിച്ചു. അത് കഴിഞ്ഞു ദൂരെ നിന്ന് നോക്കിയപ്പോള്‍ എന്തെന്നില്ലാത്ത അഭിമാനം തോന്നി..ഒരു വാഴത്തോട്ടത്തിന്റെ ഉടമ ആയ പോലെ ...

എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഞങ്ങളില്‍ ആരെങ്കിലും രണ്ടു പേര്‍ അവിടെ പോയി വാഴയ്ക്ക് വെള്ളം നനയ്ക്കും. (ചിലപ്പോഴൊക്കെ എന്തെകിലും കാരണം പറഞ്ഞും മുങ്ങും. അപ്പോഴും പാവം പ്രേമന്റെ അച്ഛന്‍ ഞങ്ങളുടെ പണി ചെയ്യും...പിള്ളേരുടെ വാഴ അല്ലെ...വെള്ളം കിട്ടാതെ നില്കുന്നത് കാണുമ്പോള്‍ അദേഹത്തിന് സങ്കടം തോന്നും. ഞങ്ങള്‍ അതൊന്നു മുതലാക്കിയില്ലേ എന്നൊരു സംശയം )

സമയം കടന്നു പോയി.. വാഴകള്‍ വലുതാവാന്‍ തുടങ്ങി.. ഓരോ ആഴ്ച ഞങ്ങള്‍ നാല് പേരും കൂടുമ്പോഴും, വാഴ തോട്ടത്തില്‍ ഇരുന്നു ഓരോരോ പദ്ധതികള്‍ പ്ലാന്‍ ചെയ്യും.. ആഗ്രഹങ്ങള്‍ക്ക് അതിരില്ലല്ലോ...

"ഒരു വാഴയില്‍ നിന്നും കുറഞ്ഞത്‌ ഒരു 300 പഴങ്ങള്‍ കിട്ടും. കുറഞ്ഞത്‌ ഒരു വാഴക്കുലയ്ക്ക് 300 രൂപ കിട്ടില്ലേ ...അങ്ങനെയെങ്കില്‍ നൂറു വാഴയില്‍ നിന്നും കുറെ ഏറെ കാശ് കിട്ടില്ലേ...അതൊക്കെ വേറെ അടുത്ത ബിസിനസ്സില്‍ ഇട്ടു വീണ്ടും കാശ് കുറെ ഉണ്ടാക്കണം.."

കാശിട്ടു കാശെടുക്കുന്ന സ്വപ്നങ്ങള്‍ ഞങ്ങള്‍ കുറെ കാണാന്‍ തുടങ്ങി.

വാഴയില്‍
കുല വന്നു . കുലകള്‍ താമസിയാതെ പഴുക്കാനും തുടങ്ങി. വാഴക്കുലകള്‍ നല്ല വലുപ്പം ഉള്ളവ ആയിരുന്നു. അതിന്റെ ഭാരം കാരണം വാഴയുടെ മണ്ട താഴേയ്ക്ക് വളയാനും തുടങ്ങി.

ആ ഹാ ..എന്തൊരു അഭിമാനത്തോടെ ആണ് ഞങ്ങള്‍ ആ കാഴ്ചകള്‍ നോക്കി നിന്നത്.. ഞങ്ങളുടെ കൂട്ടായ്മയുടെ ഫലം..വീട്ടിലൊക്കെ എല്ലാവര്ക്കും നല്ല സന്തോഷം ആയി.. പൈസ കയ്യില്‍ കിട്ടിയാല്‍ പുട്ടടിച്ചു കളയുന്ന പിള്ളേരുടെ കാലത്ത്, നാല് പയ്യന്മാര്‍, അത് നല്ല കാര്യത്തിനു ചെലവഴിച്ചതിന്റെ സന്തോഷം ..കൂടാതെ ..വാഴക്കൃഷിയുടെ നല്ല ഫലം aഎ സന്തോഷത്തിന്റെ മാറ്റ് കൂട്ടി.

അങ്ങനെ ഞങ്ങള്‍ സ്വപ്നങ്ങള്‍ കണ്ടിരിക്കെ...ഒരു വാഴയുടെ മണ്ടയില്‍ ഞങ്ങള്‍ ഒരു ചെറിയ കറുപ്പ് കണ്ടു... കുറെ ഇലകള്‍ ഒക്കെ വാടി മഞ്ഞ നിറത്തില്‍ നില്‍ക്കുന്നു..എന്തോ ഒരു പന്തികേട്‌ തോന്നി..

"ഏതോ കീടം കയറി വാഴയുടെ കൂമ്പടച്ചു എന്നാ തോന്നുന്നേ..."

നെഞ്ച് പിളര്‍ക്കുന്ന ഒരു വര്‍ത്തമാനം ആണ് മനോജ്‌ പറഞ്ഞത്.. കേട്ടപ്പോള്‍ വല്ലാതെ തോന്നി..

കുറെ നേരത്തെ പരിശോധനയ്ക്ക് ശേഷം അത് സ്ഥിരീകരിച്ചു...വാഴയില്‍ രോഗ ബാധ പിടിച്ചിരിക്കുന്നു..

പോട്ടെ ..ഒരു വാഴയല്ലേ..ഇനിയും തൊണ്ണൂറ്റി ഒന്‍പതെണ്ണം ഇല്ലേ ..അങ്ങനെ ആശ്വസിച്ചു..

പക്ഷെ പിന്നീടുള്ള ഓരോ ആഴ്ചയിലും ഒന്നും രണ്ടും ആയി വാഴകള്‍ ഓരോന്നായി താഴെ വീഴാന്‍ തുടങ്ങി. ഒരു വാഴയെ ബാധിച്ച അസുഖം പതിയെ മറ്റുള്ളവയേയും ബാധിക്കാന്‍ തുടങ്ങി. വേറെ എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പേ അത് മിക്ക വാഴകളെയും ബാധിച്ചു.

ഞെട്ടലോടെയും സങ്കടത്തോടെയും ആണ് ഞങ്ങള്‍ ആ കാഴ്ചകള്‍ നോക്കി കണ്ടത്. ഞങ്ങളുടെ സ്വപ്നത്തെ വളര്‍ത്തിയ ആ വാഴ തോട്ടത്തില്‍ , സ്വപ്നങ്ങള്‍ ഒക്കെ തകര്‍ന്നു, ഞങ്ങള്‍ നിന്നു .

അവസാനം...ഒന്നോ രണ്ടോ വാഴകള്‍ മാത്രം അവശേഷിച്ചു. നഷ്ടത്തിനിടെ ഒരു ചെറിയ ആശ്വാസം പകരാന്‍ എന്ന പോലെ..

അവസാനം അതിന്റെ കുലകള്‍ നന്നായി പഴുത്തപ്പോള്‍, അതൊക്കെ പറിച്ചു ഞങ്ങളുടെ ഒക്കെ വീട്ടില്‍ തന്നെ കൊണ്ട് പോയി..

കാലം കുറെ കഴിഞ്ഞില്ലേ അതിനു ശേഷം... ഇപ്പോഴും ഒന്ന് തിരിഞ്ഞു നോക്കിയാല്‍, വിഷമം തോന്നും. അതോടൊപ്പം പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും അഭിമാനവും ഒപ്പം കാണും. പൈസ വെറുതെ കളഞ്ഞു കുളിക്കാതെ ഒരു നല്ല സംരംഭത്തിനല്ലേ തുനിഞ്ഞത്..

സാമ്പത്തികമായി അത് നഷ്ടത്തില്‍ ആയെങ്കിലും..അത് കുറെ കാര്യങ്ങള്‍ പഠിപ്പിച്ചു... ബിസിനസ് ബാല പാഠങ്ങള്‍ കുറച്ചു പഠിച്ചില്ലേ .. അതിനെക്കാളൊക്കെ ..ഞങ്ങളുടെ സുഹൃത്ത് ബന്ധം നന്നായി ഊട്ടി ഉറപ്പിക്കാനും അത് സഹായിച്ചു..

അതിനൊക്കെ ശേഷം വര്‍ഷം പതിനഞ്ചു കഴിഞ്ഞു. എപ്പോള്‍ ഞങ്ങള്‍ കൂടിയാലും അടുത്ത ഒരു ബിസിനസ്സിനെ കുറിച്ച് ആലോചിക്കും. പക്ഷെ ഒന്നും ഇതേവരെ തുടങ്ങിയിട്ടില്ല. എല്ലാവരും ഓരോരോ പ്രാരാബ്ധക്കാര്‍ ആയില്ലേ.

ഒരു പക്ഷെ അതിനൊക്കെയുള്ള സമയം ആയില്ലായിരിക്കും.

രാത്രി ഏറെ ആയപ്പോള്‍, ഒരു വട്ടം കൂടി ആ വാഴകള്‍ ഇരുന്ന സ്ഥലം നോക്കി , പഴയ ഓര്‍മ്മകള്‍ അയവിറക്കി ,ഞങ്ങള്‍ തിരികെ നടന്നു...

ജോസ്
ബാംഗ്ലൂര്‍
23- ജൂലൈ - 2010

2010 ജൂലൈ 17

ഒരു എന്ജിനീയറിംഗ് സ്വപ്നം ..


കഴിഞ്ഞ ആഴ്ച ഒരു അത്യാവശ്യ കാര്യത്തിനായി ഞാന്‍ തിരുവനന്തപുരത്തെത്തി. ആദ്യമായാണ്‌ കുറച്ചു ദിവസത്തേയ്ക്ക് അവധി എടുത്തു വരുന്നത്. അല്ലെങ്കില്‍ കുറഞ്ഞത്‌ രണ്ടാഴ്ച എങ്കിലും അവധി കാണും.

ഇത്തവണ ദിവസങ്ങള്‍ കുറച്ചേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, അതിലൊരു നാള്‍ എന്റെ ആത്മ സുഹൃത്തുക്കളുടെ കൂടെ ചിലവഴിക്കാന്‍ ഞാന്‍ നീക്കി വച്ചു. മറകള്‍ ഇല്ലാതെ എനിക്ക് എന്നെത്തന്നെ തുറന്നു കാട്ടാന്‍ പറ്റുന്ന എന്റെ മൂന്നു സുഹൃത്തുക്കള്‍..എന്റെ ഹൃദയ സ്പന്ദനം നന്നായി അറിയാവുന്നവര്‍..മനോജും, കൃഷ്ണനും, പ്രേമനും.

അവരുടെ കൂടെ വൈകിട്ട് മ്യൂസിയം വളപ്പിലെ പുല്‍ത്തകിടിയില്‍ ഇരുന്നു കുറെ വിശേഷങ്ങള്‍ പങ്കുവച്ചു...സുഖങ്ങളും, ദുഃഖങ്ങളും, രാഷ്ട്രീയവും ഒക്കെ വിഷയങ്ങള്‍ ആയി. രാത്രി ഒന്‍പതു മണി ആയപ്പോള്‍ ഒക്കെ മതിയാക്കി ഞങ്ങള്‍ തിരികെ പോകാന്‍ ഒരുങ്ങി.

മ്യൂസിയം വളപ്പില്‍ നിന്നും, രാജ വീഥിയുടെ അരികിലൂടെ ഞങ്ങള്‍ ജല ഭവന്‍ ലക്ഷ്യമാകി നടന്നു. കൃഷ്ണന്റെ ഓഫീസ് അതിനുള്ളില്‍ ആണ്. അവിടെയാണ് എല്ലാവരും ബൈക്കും, കാറും ഒക്കെ പാര്‍ക്ക് ചെയ്തിരുന്നത്. ജല ഭവന്‍ ആവും മുന്‍പേ 'കേരള എന്ജിനീയെഴ്സ് ഹാള്‍ ' എന്ന സ്ഥാപനം കണ്ടു. അതിന്റെ ബോര്‍ഡ് കണ്ടപ്പോള്‍ മനസ്സില്‍ കുറെ ഏറെ ഓര്‍മ്മകള്‍ ഉണര്‍ന്നു..ഒരു എന്ജിനീയറിംഗ് സ്വപ്നത്തിന്റെ കയ്പുള്ള ഓര്‍മ്മകള്‍ ...

സ്കൂളില്‍ പഠിക്കുമ്പോള്‍, വലുതായാല്‍ ഒരു അദ്ധ്യാപകന്‍ ആകണം എന്നായിരുന്നു ആഗ്രഹം. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാകട്ടെ എന്‍ജിനീയര്‍ ആകണം എന്നായി ആഗ്രഹം ( ഇലക്ട്രോണിക്സ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എന്ജിനീയറിംഗ് ..അതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. സിവിളിനോട് ഒട്ടും താല്പര്യം ഇല്ലായിരുന്നു) . എന്റെ അമ്മച്ചിക്കും അത് തന്നെ ആയിരുന്നു ആഗ്രഹം. എന്ട്രന്‍സ് പരീക്ഷ ഒക്കെ അടുക്കാറായ സമയത്ത്, ഞാന്‍ മെഡിക്കല്‍ എന്ട്രന്സിനും എന്ജിനീയറിംഗ് എന്ട്രന്സിനും അപേക്ഷകള്‍ കൊടുത്തു. മെഡിക്കല്‍ പഠനം എനിക്ക് താല്പര്യം ഇല്ലാത്ത സംഗതി ആണ് പണ്ടേ ( കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞതല്ല കേട്ടോ. രക്തം കണ്ടാല്‍ ബോധം കെടുന്നവന്‍ എങ്ങനെ ഡോക്ടര്‍ ആവാന്‍. അത് കൊണ്ടാണ് താല്പര്യം ഇല്ലായിരുന്നത് എന്നത് ഒരു സത്യം. പിന്നെ റിസള്‍ട്ട് വന്നപ്പോള്‍ മെഡിക്കല്‍ സീറ്റുകള്‍ മിടുക്കന്മാര്‍ കൊണ്ടുപോയി എന്നത് മറ്റൊരു സത്യവും ) .

ഞാനും, മനോജും, കൃഷ്ണനും, പ്രേമനും ഒരുമിച്ചു പഠനം തുടങ്ങി. മിക്ക ദിവസവും ആരുടെ എങ്കിലും വീട്ടില്‍ കൂടും. പഠന ശേഷം ആഹാരവും ആ വീട്ടില്‍ നിന്നും കഴിക്കും. ഫിസിക്സിനെയും കെമിസ്ത്രിയെയും അപേക്ഷിച്ച് എനിക്ക് കണക്കു കുറച്ചു എളുപ്പമായിരുന്നു. ചിലപ്പോള്‍ കണക്കിലെ പ്രശ്നങ്ങള്‍ക്ക് ഉത്തരം കാണാന്‍ ഞാന്‍ കൂട്ടുകാരെ സഹായിച്ചിട്ടും ഉണ്ട്.

എന്ട്രന്‍സ് പരീക്ഷ കഴിഞ്ഞു. റിസള്‍ട്ട് വന്നപ്പോള്‍, വളരെ പ്രതീക്ഷയോടെ പത്രത്തില്‍ നോക്കി. ബാക്കി മൂന്നു പേരുടെയും പേരുണ്ട്. എന്റെ പേരില്ല. നോക്കിയതിന്റെ കുഴപ്പം ആണോ എന്നറിയാന്‍, പേപ്പര്‍ എടുത്തു വച്ച് വീണ്ടും വീണ്ടും നോക്കി. പിന്നീട് നോക്കിയപ്പോള്‍, കണ്ണിലെ നനവ്‌ കാരണം നമ്പരുകള്‍ ഒന്നും വ്യക്തമായില്ല. കടമ്പ കടന്നില്ല എന്ന് മാത്രം മനസ്സിലായി.

ലോകം കീഴ്മേല്‍ മറിഞ്ഞ പോലെ തോന്നി. അന്ന് എന്‍ട്രന്‍സ് ആയിരുന്നല്ലോ എല്ലാം. ഒപ്പം, ബുദ്ധിയുടെ ഒരു അളവുകോലും ആയിരുന്നല്ലോ എന്‍ട്രന്‍സ് റിസള്‍ട്ടുകള്‍. എന്ട്രന്സ് കിട്ടാത്തവന്‍ മിടുക്കന്‍ അല്ലാത്തതിനാല്‍ ഡിഗ്രി പഠിക്കാന്‍ പോവും. അതായിരുന്നു നാട്ടിലെ ചൊല്ല്.

റിസള്‍ട്ട് അറിഞ്ഞ ശേഷം എന്നെ ആശ്വസിപ്പിക്കാന്‍ കൃഷ്ണന്‍ വീട്ടില്‍ വന്നു. അവനോടു എന്ത് പറഞ്ഞു എന്റെ വിഷമം ഒന്ന് കുറയ്ക്കും എന്നറിയാതെ ഞാനും, എന്നെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ അവനും വിഷമിച്ചു.

ആഗ്രഹം സഫലീകരിക്കാത്തതിന്റെ വിഷമം പേറി ഞാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ ജിയോളജി പഠിക്കാന്‍ ചേര്‍ന്നു. എന്നാലും എന്ജിനീയറിംഗ് സ്വപ്നം മനസ്സില്‍ മങ്ങാതെ നില്‍പ്പുണ്ടായിരുന്നു. ഒരു പ്രാവശ്യം കൂടെ എന്ട്രന്‍സ് എഴുതണം എന്ന് എല്ലാവരും എന്നെ ഉപദേശിച്ചു. അടുത്ത വര്‍ഷം എന്ട്രന്‍സ് പരീക്ഷ അടുക്കാറാവുമ്പോള്‍ രാവും പകലും ഇരുന്നു പഠിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു.

തിരുവനന്തപുരത്തെ എന്ജിനീയറിംഗ് കോളേജിന്റെ അടുത്തായിരുന്നു എന്റെ ചേച്ചിയുടെ വീട്. ചേച്ചിയെ കാണാനായി അവിടെ പോകുമ്പോള്‍ ഒക്കെ , ആ കോളേജ് കാണുമ്പോള്‍, മനസ്സില്‍ വല്ലാത്ത ഒരു നീറ്റല്‍ അനുഭവപ്പെടും. എനിക്ക് അവിടെ പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത്.

അതിനിടെ ജിയോളജി പഠനവും ആയി ഞാന്‍ പൊരുത്തപ്പെട്ടു. ഡിപ്പാര്‍ട്ട്മെന്റില്‍ എനിക്കൊരു കൂടുകാരിയെയും കിട്ടി. കിലുകിലെ വര്‍ത്തമാനം പറയാന്‍ അറിയാവുന്ന ഒരു ബ്രാഹ്മണ പെണ്‍കൊടി. ആണ്‍കുട്ടികള്‍ മാത്രം ഉള്ള സ്കൂളിലും കോളേജിലും പഠിച്ച എനിക്ക് കിട്ടിയ ആദ്യത്തെ കൂട്ടുകാരി ആയിരുന്നു അവള്‍. ഒരു പക്ഷെ അതുപോലെ ഒരു കൂട്ടുകാരിയെ പിന്നീട് ഒരിക്കലും എനിക്ക് കിട്ടിയിട്ടും ഇല്ല.

എന്ജിനീയരിങ്ങിനെക്കുറിച്ചു പറഞ്ഞിട്ട് പെട്ടന്ന് ഒരു കൂടുകാരിയിലേക്ക് ഇവന്‍ പോയതെന്തേ എന്ന് ആലോചിച്ചു തല പുണ്ണാക്കണ്ട . ഞാന്‍ പറയാം..കുറച്ചൊന്നു കാത്തിരിക്കണം..

ഞാന്‍ ഓര്‍ക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു അന്തരീക്ഷം ആയിരുന്നു യൂണിവേഴ്സിറ്റി കോളേജില്‍ ഉണ്ടായിരുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ അക്രമ പരമ്പരകള്‍ ഇല്ലാത്ത മാസങ്ങള്‍ ചുരുക്കം ആയിരുന്നു. പേടിയോടെ ആയിരുന്നു അവിടെ പഠിച്ചിരുന്നത്. അതിനിടെ കിട്ടിയ, ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ചിലതില്‍ ഒന്നായിരുന്നു, ചുരുക്കം ചില സൗഹൃദങ്ങള്‍..അതില്‍ ഏറ്റവും പ്രിയങ്കരം..ആ കിലുക്കാംപെട്ടി പെണ്‍കുട്ടിയുടെ സൗഹൃദം തന്നെ .

അത് പ്രേമം ആണോ? എന്ന് ചോദിച്ചാല്‍ അല്ല ..

പ്രേമവും കല്യാണവും ഒക്കെ ആലോചിക്കാന്‍ പറ്റുന്ന ഒരു പരുവം അന്ന് മനസ്സിനില്ലായിരുന്നു. എങ്ങനെയെങ്കിലും പഠിച്ചു ഒരു ജോലി വാങ്ങണം. വീട്ടിലെ കഷ്ടപ്പാടുകള്‍ക്കു ഒരു അറുതി വരുത്തണം ഇതൊക്കെയായിരുന്നല്ലോ അന്നത്തെ ചിന്തകളില്‍ പ്രധാനം.

പിന്നെ എന്താണ് ആ സൗഹൃദത്തിനു മാത്രം ഒരു പ്രത്യേകത? അവള്‍ വെറും സുഹൃത്ത് ആയിരുന്നോ? എന്നൊക്കെ ചോദിച്ചാല്‍ ഞാന്‍ ഉത്തരം മുട്ടിപ്പോവും. എനിക്കറിയില്ല. പക്ഷെ , ആ കിലുക്കാം പെട്ടിയുമായുള്ള കൂട്ട് അത്രയ്ക്ക് എനിക്കിഷ്ടമായിരുന്നു എന്ന് മാത്രം അറിയാം. അവള്‍ കൂടെ ഉണ്ടായിരുന്ന ദിവസങ്ങളില്‍ ക്ലാസില്‍ പോകാന്‍ നല്ല ഇഷ്ടം ആയിരുന്നു. .അതും എനിക്കറിയാം.

കോളേജിലെ ആദ്യ വര്‍ഷം അവസാനിക്കാറായപ്പോള്‍ , വീണ്ടും എന്ട്രന്‍സ് ജ്വരം തുടങ്ങി. കോളേജിലെ പരീക്ഷകള്‍ ഞാന്‍ അത്ര കാര്യമായി എടുത്തില്ല. മുഴുവന്‍ സമയവും എന്ട്രന്സിനായി പഠിച്ചു തുടങ്ങി. സത്യം പറഞ്ഞാല്‍, രാവും പകലും ഒക്കെ, വീടിനകത്തെ ഒരു കൊച്ചു മുറിയില്‍, ഒരു 60 വാട്ട് ബള്‍ബിന്റെ വെളിച്ചത്തില്‍ ഞാന്‍ എന്ജിനീയറിംഗ് സ്വപ്നം സാക്ഷല്‍ക്കരിക്കാനായി ഒരു ശ്രമം കൂടെ തുടങ്ങി. മനസ്സില്‍ നിറയെ എന്‍ട്രന്‍സ് മാത്രം.

അവസാനം വീണ്ടും പരീക്ഷ എഴുതി. കുറെ കാത്തിരിപ്പിന് ശേഷം റിസള്‍ട്ട് വന്നു. ലിസ്റ്റില്‍ പേരുണ്ടായിരുന്നു . പക്ഷെ റാങ്ക് കുറച്ചു പിന്നിലും. ആദ്യ ലിസ്റ്റില്‍ അഡ്മിഷന്‍ കിട്ടില്ല എന്ന് മനസ്സിലായി. വെയിറ്റിംഗ് ലിസ്റ്റ് വരാന്‍ കുറെ സമയം എടുക്കും എന്നും പിടി കിട്ടി.

അതിനിടെ കോളേജില്‍ ചെന്നപ്പോള്‍ എന്റെ കിലുക്കം പെട്ടി കൂടുകാരി ചോദിച്ചു..

"എന്ജിനീയരിങ്ങിനു കിട്ടിയാല്‍ താന്‍ പോകുമോ? താന്‍ പോയാല്‍ എന്റെ ഒരു നല്ല കൂട്ട് പോകും. "

ആ ചോദ്യം എന്നെ ഒന്ന് ചിന്തിപ്പിച്ചു. ഞാന്‍ അതെക്കുറിച്ച് നേരത്തെ ചിന്തിച്ചിരുന്നില്ല. . എന്ജിനീയറിംഗ് എന്ന ഒറ്റ സ്വപ്നത്തിന്റെ മുന്‍പില്‍ വേറെ ഒരു ചിന്തകളും വന്നില്ലായിരുന്നു.. വരാന്‍ ഞാന്‍ അനുവദിച്ചില്ലായിരുന്നു. പക്ഷെ ആ ചോദ്യം കേട്ടപ്പോള്‍ ഒന്നെനിക്ക് ഉറപ്പായി..

ഒരു നേട്ടം വന്നാല്‍ അതിനൊപ്പം ഒരു നഷ്ടവും ഉണ്ടാവും. അഡ്മിഷന്‍ ശരി ആയാല്‍ പിന്നെ എന്നും കിലുക്കാം പെട്ടിയെ കാണാന്‍ പറ്റില്ല. അഡ്മിഷന്‍ കിട്ടിയില്ലെങ്കിലോ? പിന്നെ പഠനം ജിയോളജി തന്നെ ആവുമല്ലോ ..കിലുക്കാം പെട്ടിയുമായുള്ള കൂട്ടുകെട്ട് നഷ്ടപ്പെടുകയും ഇല്ല.

ഇങ്ങനെയുള്ള ചിന്തകള്‍ എന്നെ ആക്രമിക്കവേ, രണ്ടു മാസങ്ങള്‍ക്ക് ശേഷം വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളവരെ വിളിച്ചു. മ്യൂസിയം വളപ്പിനരികെയുള്ള എന്ജിനീയെഴ്സ് ഹാളില്‍ വച്ചാണ് ഇന്റര്‍വ്യൂ. വൈകിട്ട് നാല് മണി മുതല്‍ ഞാനും എന്റെ മൂത്ത ചേട്ടനും ആ കെട്ടിടത്തിന്റെ വളപ്പില്‍ കുറ്റിയടിച്ച് ഇരിക്കാന്‍ തുടങ്ങി. ഞാന്‍ നെഞ്ചിടിപ്പോടെ ആണ് അന്നവിടെ ഇരുന്നത്. സ്വപ്ന സാക്ഷാല്കാരത്തിനു കുറച്ചു സമയം മാത്രം ബാക്കി. അഡ്മിഷന്‍ കിട്ടുമോ? ഇല്ലയോ? ആര്‍ക്കറിയാം?

അവസാനം രാത്രി ഏഴര ആയപ്പോള്‍ എന്നെ ഇന്റെര്‍വ്യൂവിന് വിളിച്ചു. നിര നിരയായി എന്റെ മുന്‍പില്‍ നിന്നവരോടും കൂടി ആയി ഇന്റര്‍വ്യൂ ചെയ്യുന്ന ഒരാള്‍ പറഞ്ഞു...

'സിവില്‍
മാത്രമേ ഉള്ളൂ .മറ്റെല്ലാ സീറ്റും തീര്‍ന്നു ' .

അത് കേട്ടപ്പോഴേ എന്റെ മനസ്സ് തകര്‍ന്നു. എന്നാലും ഞാന്‍ പ്രതീക്ഷ കൈ വിട്ടില്ല .

എന്റെ ഊഴം വന്നപ്പോള്‍ അയാള്‍ പറഞ്ഞു... കോത മംഗലത്ത് സിവില്‍ ഉണ്ട് ..വേണമെങ്കില്‍ എടുക്കാം.

"സാര്‍.. ഇപ്പോള്‍ ഇത് എടുത്താല്‍ പിന്നെ എപ്പോഴെങ്കിലും എനിക്ക് ഇലക്ട്രോണിക്സോ കമ്പ്യൂട്ടറോ എടുക്കാന്‍ പറ്റുമോ? " വളരെ പ്രതീക്ഷയോടെ ഞാന്‍ ചോദിച്ചു.

"ഇല്ല. അതൊക്കെ ഇപ്പോഴേ ഫില്‍ ആയിക്കഴിഞ്ഞു. "

അത് കേട്ട് കഴിഞ്ഞപ്പോള്‍ , എനിക്ക് ആ നിമിഷം ഒരു തീരുമാനം എടുക്കേണ്ടതായി വന്നു. കോത മംഗലത്ത് സിവില്‍ മതിയെങ്കില്‍ ഉടനെ പൈസ അടച്ചു അഡ്മിഷന്‍ ശരിയാക്കണം. വേണ്ടെങ്കില്‍ അത് പറയണം...പുറകില്‍ നില്‍ക്കുന്ന ആളിന് ചാന്‍സ് കിട്ടുമല്ലോ..

കുറെ ഏറെ കാര്യങ്ങള്‍ മനസ്സിലൂടെ ഓടിപ്പോയി. എന്ജിനീയറിംഗ് സ്വപ്നങ്ങളും, അതിനായി ഞാന്‍ ചിലവഴിച്ച രാപ്പകലുകളും... പിന്നെ...ആ കിലുക്കാം പെട്ടി കൂട്ടുകാരിയുടെ മുഖവും.

വേറൊന്നും പിന്നെ ചിന്തിച്ചില്ല. ധൈര്യത്തോടെ ഞാന്‍ പറഞ്ഞു.

"വേണ്ട സാര്‍..ഞാന്‍ ചേരുന്നില്ല. നന്ദി "

ജിയോളജി തന്നെ ഞാന്‍ പഠിച്ചോളാം എന്ന തീരുമാനം വീട്ടിലെ എല്ലാവരെയും അറിയിച്ചു. അവര്‍ എന്റെ തീരുമാനത്തിനൊപ്പം നിന്നു.

തീരുമാനം തെറ്റോ ശരിയോ എന്നോര്‍ത്തു സമയം കളയാന്‍ ഞാനില്ല. സംഭവിക്കുന്നതൊക്കെ നല്ലതിന് മാത്രം എന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം .

മുന്‍പത്തെപോലെ കാലം പിന്നെയും കുതിച്ചു പാഞ്ഞു. മൂന്ന് വര്‍ഷങ്ങള്‍ ഞാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ പഠിച്ചു. ഇണക്കങ്ങളും പിണക്കങ്ങളും ആയി ഞാന്‍ കിലുക്കാം പെട്ടിയുമായുള്ള സൗഹൃദം തുടര്‍ന്നു. ( അതെക്കുറിച്ച് പിന്നൊരിക്കല്‍ എഴുതാം. അവള്‍ ഇപ്പോള്‍ ഒബാമയുടെ നാട്ടിലാണ്...ഒരു വീട്ടമ്മ ആയി. ഈ ബ്ലോഗ്‌ വായിക്കാനിടയായാല്‍ ...എന്റെ കിലുക്കാംപെട്ടി കൂട്ടുകാരീ ..നീ ചിരിക്കുമോ? അതോ പരിഭവിക്കുമോ? )

ജിയോളജിയില്‍ ഉപരി പഠനം പൂര്‍ത്തിയാക്കിയ എനിക്ക് ഒരു ഫ്രെഞ്ച് കമ്പനിയില്‍ ജോലി കിട്ടി. കസ്റ്റമര്‍ സര്‍വീസ് ജിയോസയന്റിസ്റ്റ് എന്ന പൊസിഷന്‍ ആയിരുന്നു എനിക്ക്. എന്നാലും ഇടയ്ക്കിടെ ഓഫീസിലെ എഴുത്ത് കുത്തുകളില്‍ ഒക്കെ എന്നെ കമ്പനിയുടെ എന്‍ജിനീയര്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കേട്ടപ്പോള്‍ കുറച്ചു സന്തോഷം ആയി..എന്‍ജിനീയര്‍ ആവാന്‍ പറ്റിയില്ലെങ്കിലും,
സ്ഥാനം കൊണ്ട് എന്‍ജിനീയര്‍ ആയല്ലോ.

ഇപ്പോള്‍ ഞാനിരിക്കുന്ന റോയല്‍ ഷെല്‍ എന്ന കമ്പനിയില്‍ എനിക്കുള്ള സ്ഥാനം റിസര്‍വോയര്‍ ജിയോളജിസ്റ്റ് എന്നോ പെട്രോളിയം എന്‍ജിനീയര്‍ എന്നോ ആണ്. രണ്ടും ഒരു പോലെ തന്നെ . അങ്ങനെ എന്ജിനീയറിംഗ് പഠിക്കാന്‍ ആയില്ലെങ്കിലും ഞാന്‍ ഒരു എന്‍ജിനീയര്‍ ആയി .. എണ്ണ പ്പാടങ്ങളുടെ എന്‍ജിനീയര്‍ .. അതാണ്‌ ഇപ്പോള്‍ ഞാന്‍ .

ജല ഭവനില്‍ ഇട്ടിരുന്ന കാറിന്റെ അടുത്തേയ്ക്ക് നടന്നപ്പോഴും, അവിടുന്ന്, തിരികെ വീട്ടിലേക്കു പോയപ്പോഴും , മനസ്സില്‍ അന്നത്തെ ഇന്റര്‍വ്യൂവും, ആ കിലുക്കാം പെട്ടി കൂടുകാരിയുടെ മുഖവും ഒക്കെ ആയിരുന്നു.

ഓര്‍മ്മകള്‍ മായുന്നില്ല... ഒരിക്കലും മായാതിരിക്കാനല്ലേ ഞാന്‍ അതൊക്കെ ഇവിടെ കുറിക്കുന്നത്..


ജോസ്
ബാംഗ്ലൂര്‍
17-ജൂലൈ - 2010

2010 ജൂലൈ 4

പ്രത്യാശപ്പൂക്കളേ വാടരുതേ ...


കഴിഞ്ഞ ആഴ്ചയാണ് എനിക്ക് ഒരു ബന്ധു വഴി, കിഡ്നി മാറ്റി വയ്ക്കല്‍ ഓപ്പറേഷന്‍ കഴിഞ്ഞ ഒരു ആളിനെ ആദ്യമായി പരിചയപ്പെടാന്‍ കഴിഞ്ഞത്. ഏറണാകുളത്തുള്ള ഒരു കോശി അങ്കിള്‍ .

അദ്ദേഹത്തെ വിളിച്ചു ഫോണില്‍ സംസാരിച്ചപ്പോള്‍ വല്ലാത്ത ഒരു ആശ്വാസം തോന്നി. ലീനയും ഞാനും കടന്നു പോകുന്ന മാനസിക അവസ്ഥയിലൂടെ കടന്നു പോയ ആള്‍ എന്ന നിലയ്ക്ക്, എന്റെ വിഷമം മനസ്സിലാക്കി തന്നെ ആണ് അദ്ദേഹം സംസാരിച്ചത്.

കോശി അങ്കിള്‍ തന്നെയാണ് ആദ്യം നല്ല ധൈര്യം തന്നത്. ഒട്ടും മടിക്കാതെയും പേടിക്കാതെയും ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ പോകണം എന്ന് അദ്ദേഹം ഉപദേശിച്ചു.

ഒക്കെ എവിടുന്നു തുടങ്ങണം എങ്ങനെ തുടങ്ങണം എന്നൊക്കെ അറിയാതെ ഞാന്‍ പകച്ചു നില്‍ക്കുക ആയിരുന്നു. രക്ത സമ്മര്‍ദ്ദം കൂടുതല്‍ ആണ് എന്ന പേരില്‍ എന്നെ കിഡ്നി ഡോണരിന്റെ ലിസ്റ്റില്‍ നിന്നും നേരത്തെ വെട്ടിക്കളഞ്ഞായിരുന്നു. പിന്നെ, ലീനയുടെ കുടുംബത്തില്‍ നിന്നും ഒരു ഡോണര്‍ ലഭിച്ചതുമില്ല . അപ്പോള്‍ പിന്നെ ആകെ മുന്നില്‍ കണ്ട വഴി 'കഡാവര്‍ ട്രാന്‍സ്പ്ലാന്റ്' ആണ്. അതിനായി ഞങ്ങള്‍ ഇവിടെ രജിസ്ടര്‍ ചെയ്തെങ്കിലും അതില്‍ ലീനയുടെ നമ്പര്‍ വളരെ പിന്നിലാണ്. ചിലപ്പോള്‍ ഒരു വര്‍ഷത്തിലേറെ എടുക്കുമായിരിക്കും അതിന്.

പിന്നെ
ഉള്ള വഴി വളഞ്ഞ വഴി മാത്രം. നിയമത്തിന്റെ നൂലാമാലകള്‍ ഒക്കെ താണ്ടി, ലീനയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരാളുടെ കിഡ്നി മാറ്റി വയ്ക്കുക.. ചുരുക്കി പറഞ്ഞാല്‍ ഒരു കിഡ്നി വാങ്ങി വയ്ക്കുക..അതിനുള്ള നിയമ തടസ്സങ്ങള്‍ വളരെ ഏറെ ആണത്രേ.

ഇതൊക്കെ ചുറ്റും നടക്കുന്നുണ്ട് എന്നെനിക്കറിയാം. പക്ഷെ അതിനായി ആരെ കാണണം എവിടെ പോകണം എന്നൊക്കെ അറിയാന്‍ കഴിയാതെ ഞാന്‍ ആകെ വിഷമിച്ച സമയം ആയിരുന്നു കഴിഞ്ഞ രണ്ടാഴ്ചകള്‍. ആ സമയത്താണല്ലോ തുടരെ തുടരെ ലീനയ്ക്ക് ആശുപത്രിയില്‍ അട്മിട്റ്റ് ആകേണ്ടി വന്നത്. അങ്ങനെ ഇരിക്കെ ആണ് കോശി അങ്കിളിന്റെ വിവരം കിട്ടിയത്. ശരിക്കും ഒരു പ്രത്യാശയുടെ കിരണം പോലെയാണ് അങ്കിളിന്റെ ആ ഫോണ്‍ കാള്‍ എനിക്ക് തോന്നിയത്.

കോശി അങ്കിളിന്റെ കൂടെ അതെ സമയത്ത് കിഡ്നി ട്രാന്‍സ്പ്ലാന്റ് നടന്ന അദ്ദേഹത്തിന്റെ ഒരു ജൂനിയര്‍ പെണ്‍കുട്ടി, ബാംഗ്ലൂരില്‍ താമസിക്കുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു. അങ്ങനെ അദ്ദേഹം പറഞ്ഞതനുസരിച്ച്, ഞാന്‍ സില്‍വി എന്ന ചേച്ചിയെ പരിചയപ്പെട്ടു. ഇന്ന് ലീനയോടൊപ്പം ഞാന്‍ അവരുടെ വീട്ടില്‍ പോയി അവരെ പരിചയപ്പെട്ടു.

രണ്ടു പ്രാവശ്യം ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞ ഒരു സ്ത്രീ ആണ് അവര്‍. വളരെ ചുറുചുറുക്കോടെ സംസാരിച്ച ആ ചേച്ചിയെ കണ്ടാല്‍ ഒരു കിഡ്നി പേഷ്യന്റ് ആയിരുന്നു എന്നൊന്നും പറയില്ല.

ട്രാന്‍സ്പ്ലാന്റിനെക്കുരിച്ചും അത് കഴിഞ്ഞുള്ള ജീവിതത്തെക്കുറിച്ചും ഒക്കെ അവര്‍ കുറെ ഏറെ സംസാരിച്ചു. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു മുന്‍പോട്ടു പോകണം എന്നാണു ചേച്ചിയും അവരുടെ ഭര്‍ത്താവും പറഞ്ഞത്.

ഒരു സാധാരണ സര്‍ജറി പോലെ അല്ല ഇതെന്ന് വ്യക്തമായി എനിക്ക് അറിയാം. അത് കഴിഞ്ഞാല്‍ കുറെ ഏറെ നാള്‍ കൊച്ചു കുട്ടികളെ നോക്കുന്നപോലെ ലീനയെ പരിചരിക്കണം എന്നും, ജീവിത കാലം മൊത്തം മരുന്നുകള്‍ കഴിക്കണം എന്നും സില്‍വി ചേച്ചി ഞങ്ങളെ ഉപദേശിച്ചു.

ഡയാലിസിസും, പിന്നെ തുടരെ തുടരെ ഉള്ള ആശുപത്രി വാസവും മനസ്സിനെ നീറിക്കുന്ന ഈ സമയത്ത്..തീര്‍ച്ചയായും ഇന്നത്തെ കണ്ടു മുട്ടല്‍ വീണ്ടും മനസ്സില്‍ പ്രത്യാശയുടെ പൂക്കളെ വിടരാന്‍ സഹായിച്ചു.

അടുത്ത ആഴ്ച മുതല്‍ ഞാന്‍ എന്റെ യാത്ര തുടങ്ങുകയാണ്.. ആശുപത്രിയും ഡോക്ടറിനെയും, കിഡ്നി ഡോണറിനെയും ഒക്കെ തേടി. എത്രയും വേഗം ട്രാന്‍സ്പ്ലാന്റ് ചെയ്യാനായി. എല്ലാം ശരിയാവും എന്ന വിശ്വാസത്തോടെ..

പ്രതീക്ഷയുടെയും, പ്രത്യാശയുടെയും പൂക്കളേ ..വാടരുതേ..

4- ജൂലൈ - 2010
ബാംഗ്ലൂര്‍