
കഴിഞ്ഞ ആഴ്ച ഒരു അത്യാവശ്യ കാര്യത്തിനായി ഞാന്‍ തിരുവനന്തപുരത്തെത്തി. ആദ്യമായാണ് കുറച്ചു ദിവസത്തേയ്ക്ക് അവധി എടുത്തു വരുന്നത്. അല്ലെങ്കില്‍ കുറഞ്ഞത് രണ്ടാഴ്ച എങ്കിലും അവധി കാണും.
ഇത്തവണ ദിവസങ്ങള്‍ കുറച്ചേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, അതിലൊരു നാള്‍ എന്റെ ആത്മ സുഹൃത്തുക്കളുടെ കൂടെ ചിലവഴിക്കാന്‍ ഞാന്‍ നീക്കി വച്ചു. മറകള്‍ ഇല്ലാതെ എനിക്ക് എന്നെത്തന്നെ തുറന്നു കാട്ടാന്‍ പറ്റുന്ന എന്റെ മൂന്നു സുഹൃത്തുക്കള്‍..എന്റെ ഹൃദയ സ്പന്ദനം നന്നായി അറിയാവുന്നവര്‍..മനോജും, കൃഷ്ണനും, പ്രേമനും.
അവരുടെ കൂടെ വൈകിട്ട് മ്യൂസിയം വളപ്പിലെ പുല്‍ത്തകിടിയില്‍ ഇരുന്നു കുറെ വിശേഷങ്ങള്‍ പങ്കുവച്ചു...സുഖങ്ങളും, ദുഃഖങ്ങളും, രാഷ്ട്രീയവും ഒക്കെ വിഷയങ്ങള്‍ ആയി. രാത്രി ഒന്‍പതു മണി ആയപ്പോള്‍ ഒക്കെ മതിയാക്കി ഞങ്ങള്‍ തിരികെ പോകാന്‍ ഒരുങ്ങി.
മ്യൂസിയം വളപ്പില്‍ നിന്നും, രാജ വീഥിയുടെ അരികിലൂടെ ഞങ്ങള്‍ ജല ഭവന്‍ ലക്ഷ്യമാകി നടന്നു. കൃഷ്ണന്റെ ഓഫീസ് അതിനുള്ളില്‍ ആണ്. അവിടെയാണ് എല്ലാവരും ബൈക്കും, കാറും ഒക്കെ പാര്‍ക്ക് ചെയ്തിരുന്നത്. ജല ഭവന്‍ ആവും മുന്‍പേ 'കേരള എന്ജിനീയെഴ്സ് ഹാള്‍ ' എന്ന സ്ഥാപനം കണ്ടു. അതിന്റെ ബോര്‍ഡ് കണ്ടപ്പോള്‍ മനസ്സില്‍ കുറെ ഏറെ ഓര്‍മ്മകള്‍ ഉണര്‍ന്നു..ഒരു എന്ജിനീയറിംഗ് സ്വപ്നത്തിന്റെ കയ്പുള്ള ഓര്‍മ്മകള്‍ ...
സ്കൂളില്‍ പഠിക്കുമ്പോള്‍, വലുതായാല്‍ ഒരു അദ്ധ്യാപകന്‍ ആകണം എന്നായിരുന്നു ആഗ്രഹം. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാകട്ടെ എന്‍ജിനീയര്‍ ആകണം എന്നായി ആഗ്രഹം ( ഇലക്ട്രോണിക്സ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എന്ജിനീയറിംഗ് ..അതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. സിവിളിനോട് ഒട്ടും താല്പര്യം ഇല്ലായിരുന്നു) . എന്റെ അമ്മച്ചിക്കും അത് തന്നെ ആയിരുന്നു ആഗ്രഹം. എന്ട്രന്‍സ് പരീക്ഷ ഒക്കെ അടുക്കാറായ സമയത്ത്, ഞാന്‍ മെഡിക്കല്‍ എന്ട്രന്സിനും എന്ജിനീയറിംഗ് എന്ട്രന്സിനും അപേക്ഷകള്‍ കൊടുത്തു. മെഡിക്കല്‍ പഠനം എനിക്ക് താല്പര്യം ഇല്ലാത്ത സംഗതി ആണ് പണ്ടേ ( കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞതല്ല കേട്ടോ. രക്തം കണ്ടാല്‍ ബോധം കെടുന്നവന്‍ എങ്ങനെ ഡോക്ടര്‍ ആവാന്‍. അത് കൊണ്ടാണ് താല്പര്യം ഇല്ലായിരുന്നത് എന്നത് ഒരു സത്യം. പിന്നെ റിസള്‍ട്ട് വന്നപ്പോള്‍ മെഡിക്കല്‍ സീറ്റുകള്‍ മിടുക്കന്മാര്‍ കൊണ്ടുപോയി എന്നത് മറ്റൊരു സത്യവും ) .
ഞാനും, മനോജും, കൃഷ്ണനും, പ്രേമനും ഒരുമിച്ചു പഠനം തുടങ്ങി. മിക്ക ദിവസവും ആരുടെ എങ്കിലും വീട്ടില്‍ കൂടും. പഠന ശേഷം ആഹാരവും ആ വീട്ടില്‍ നിന്നും കഴിക്കും. ഫിസിക്സിനെയും കെമിസ്ത്രിയെയും അപേക്ഷിച്ച് എനിക്ക് കണക്കു കുറച്ചു എളുപ്പമായിരുന്നു. ചിലപ്പോള്‍ കണക്കിലെ പ്രശ്നങ്ങള്‍ക്ക് ഉത്തരം കാണാന്‍ ഞാന്‍ കൂട്ടുകാരെ സഹായിച്ചിട്ടും ഉണ്ട്.
എന്ട്രന്‍സ് പരീക്ഷ കഴിഞ്ഞു. റിസള്‍ട്ട് വന്നപ്പോള്‍, വളരെ പ്രതീക്ഷയോടെ പത്രത്തില്‍ നോക്കി. ബാക്കി മൂന്നു പേരുടെയും പേരുണ്ട്. എന്റെ പേരില്ല. നോക്കിയതിന്റെ കുഴപ്പം ആണോ എന്നറിയാന്‍, പേപ്പര്‍ എടുത്തു വച്ച് വീണ്ടും വീണ്ടും നോക്കി. പിന്നീട് നോക്കിയപ്പോള്‍, കണ്ണിലെ നനവ് കാരണം നമ്പരുകള്‍ ഒന്നും വ്യക്തമായില്ല. കടമ്പ കടന്നില്ല എന്ന് മാത്രം മനസ്സിലായി.
ലോകം കീഴ്മേല്‍ മറിഞ്ഞ പോലെ തോന്നി. അന്ന് എന്‍ട്രന്‍സ് ആയിരുന്നല്ലോ എല്ലാം. ഒപ്പം, ബുദ്ധിയുടെ ഒരു അളവുകോലും ആയിരുന്നല്ലോ എന്‍ട്രന്‍സ് റിസള്‍ട്ടുകള്‍. എന്ട്രന്സ് കിട്ടാത്തവന്‍ മിടുക്കന്‍ അല്ലാത്തതിനാല്‍ ഡിഗ്രി പഠിക്കാന്‍ പോവും. അതായിരുന്നു നാട്ടിലെ ചൊല്ല്.
റിസള്‍ട്ട് അറിഞ്ഞ ശേഷം എന്നെ ആശ്വസിപ്പിക്കാന്‍ കൃഷ്ണന്‍ വീട്ടില്‍ വന്നു. അവനോടു എന്ത് പറഞ്ഞു എന്റെ വിഷമം ഒന്ന് കുറയ്ക്കും എന്നറിയാതെ ഞാനും, എന്നെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ അവനും വിഷമിച്ചു.
ആഗ്രഹം സഫലീകരിക്കാത്തതിന്റെ വിഷമം പേറി ഞാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ ജിയോളജി പഠിക്കാന്‍ ചേര്‍ന്നു. എന്നാലും എന്ജിനീയറിംഗ് സ്വപ്നം മനസ്സില്‍ മങ്ങാതെ നില്‍പ്പുണ്ടായിരുന്നു. ഒരു പ്രാവശ്യം കൂടെ എന്ട്രന്‍സ് എഴുതണം എന്ന് എല്ലാവരും എന്നെ ഉപദേശിച്ചു. അടുത്ത വര്‍ഷം എന്ട്രന്‍സ് പരീക്ഷ അടുക്കാറാവുമ്പോള്‍ രാവും പകലും ഇരുന്നു പഠിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു.
തിരുവനന്തപുരത്തെ എന്ജിനീയറിംഗ് കോളേജിന്റെ അടുത്തായിരുന്നു എന്റെ ചേച്ചിയുടെ വീട്. ചേച്ചിയെ കാണാനായി അവിടെ പോകുമ്പോള്‍ ഒക്കെ , ആ കോളേജ് കാണുമ്പോള്‍, മനസ്സില്‍ വല്ലാത്ത ഒരു നീറ്റല്‍ അനുഭവപ്പെടും. എനിക്ക് അവിടെ പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത്.
അതിനിടെ ജിയോളജി പഠനവും ആയി ഞാന്‍ പൊരുത്തപ്പെട്ടു. ഡിപ്പാര്‍ട്ട്മെന്റില്‍ എനിക്കൊരു കൂടുകാരിയെയും കിട്ടി. കിലുകിലെ വര്‍ത്തമാനം പറയാന്‍ അറിയാവുന്ന ഒരു ബ്രാഹ്മണ പെണ്‍കൊടി. ആണ്‍കുട്ടികള്‍ മാത്രം ഉള്ള സ്കൂളിലും കോളേജിലും പഠിച്ച എനിക്ക് കിട്ടിയ ആദ്യത്തെ കൂട്ടുകാരി ആയിരുന്നു അവള്‍. ഒരു പക്ഷെ അതുപോലെ ഒരു കൂട്ടുകാരിയെ പിന്നീട് ഒരിക്കലും എനിക്ക് കിട്ടിയിട്ടും ഇല്ല.
എന്ജിനീയരിങ്ങിനെക്കുറിച്ചു പറഞ്ഞിട്ട് പെട്ടന്ന് ഒരു കൂടുകാരിയിലേക്ക് ഇവന്‍ പോയതെന്തേ എന്ന് ആലോചിച്ചു തല പുണ്ണാക്കണ്ട . ഞാന്‍ പറയാം..കുറച്ചൊന്നു കാത്തിരിക്കണം..
ഞാന്‍ ഓര്‍ക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു അന്തരീക്ഷം ആയിരുന്നു യൂണിവേഴ്സിറ്റി കോളേജില്‍ ഉണ്ടായിരുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ അക്രമ പരമ്പരകള്‍ ഇല്ലാത്ത മാസങ്ങള്‍ ചുരുക്കം ആയിരുന്നു. പേടിയോടെ ആയിരുന്നു അവിടെ പഠിച്ചിരുന്നത്. അതിനിടെ കിട്ടിയ, ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ചിലതില്‍ ഒന്നായിരുന്നു, ചുരുക്കം ചില സൗഹൃദങ്ങള്‍..അതില്‍ ഏറ്റവും പ്രിയങ്കരം..ആ കിലുക്കാംപെട്ടി പെണ്‍കുട്ടിയുടെ സൗഹൃദം തന്നെ .
അത് പ്രേമം ആണോ? എന്ന് ചോദിച്ചാല്‍ അല്ല ..
പ്രേമവും കല്യാണവും ഒക്കെ ആലോചിക്കാന്‍ പറ്റുന്ന ഒരു പരുവം അന്ന് മനസ്സിനില്ലായിരുന്നു. എങ്ങനെയെങ്കിലും പഠിച്ചു ഒരു ജോലി വാങ്ങണം. വീട്ടിലെ കഷ്ടപ്പാടുകള്‍ക്കു ഒരു അറുതി വരുത്തണം ഇതൊക്കെയായിരുന്നല്ലോ അന്നത്തെ ചിന്തകളില്‍ പ്രധാനം.
പിന്നെ എന്താണ് ആ സൗഹൃദത്തിനു മാത്രം ഒരു പ്രത്യേകത? അവള്‍ വെറും സുഹൃത്ത് ആയിരുന്നോ? എന്നൊക്കെ ചോദിച്ചാല്‍ ഞാന്‍ ഉത്തരം മുട്ടിപ്പോവും. എനിക്കറിയില്ല. പക്ഷെ , ആ കിലുക്കാം പെട്ടിയുമായുള്ള കൂട്ട് അത്രയ്ക്ക് എനിക്കിഷ്ടമായിരുന്നു എന്ന് മാത്രം അറിയാം. അവള്‍ കൂടെ ഉണ്ടായിരുന്ന ദിവസങ്ങളില്‍ ക്ലാസില്‍ പോകാന്‍ നല്ല ഇഷ്ടം ആയിരുന്നു. .അതും എനിക്കറിയാം.
കോളേജിലെ ആദ്യ വര്‍ഷം അവസാനിക്കാറായപ്പോള്‍ , വീണ്ടും എന്ട്രന്‍സ് ജ്വരം തുടങ്ങി. കോളേജിലെ പരീക്ഷകള്‍ ഞാന്‍ അത്ര കാര്യമായി എടുത്തില്ല. മുഴുവന്‍ സമയവും എന്ട്രന്സിനായി പഠിച്ചു തുടങ്ങി. സത്യം പറഞ്ഞാല്‍, രാവും പകലും ഒക്കെ, വീടിനകത്തെ ഒരു കൊച്ചു മുറിയില്‍, ഒരു 60 വാട്ട് ബള്‍ബിന്റെ വെളിച്ചത്തില്‍ ഞാന്‍ എന്ജിനീയറിംഗ് സ്വപ്നം സാക്ഷല്‍ക്കരിക്കാനായി ഒരു ശ്രമം കൂടെ തുടങ്ങി. മനസ്സില്‍ നിറയെ എന്‍ട്രന്‍സ് മാത്രം.
അവസാനം വീണ്ടും പരീക്ഷ എഴുതി. കുറെ കാത്തിരിപ്പിന് ശേഷം റിസള്‍ട്ട് വന്നു. ലിസ്റ്റില്‍ പേരുണ്ടായിരുന്നു . പക്ഷെ റാങ്ക് കുറച്ചു പിന്നിലും. ആദ്യ ലിസ്റ്റില്‍ അഡ്മിഷന്‍ കിട്ടില്ല എന്ന് മനസ്സിലായി. വെയിറ്റിംഗ് ലിസ്റ്റ് വരാന്‍ കുറെ സമയം എടുക്കും എന്നും പിടി കിട്ടി.
അതിനിടെ കോളേജില്‍ ചെന്നപ്പോള്‍ എന്റെ കിലുക്കം പെട്ടി കൂടുകാരി ചോദിച്ചു..
"എന്ജിനീയരിങ്ങിനു കിട്ടിയാല്‍ താന്‍ പോകുമോ? താന്‍ പോയാല്‍ എന്റെ ഒരു നല്ല കൂട്ട് പോകും. "
ആ ചോദ്യം എന്നെ ഒന്ന് ചിന്തിപ്പിച്ചു. ഞാന്‍ അതെക്കുറിച്ച് നേരത്തെ ചിന്തിച്ചിരുന്നില്ല. . എന്ജിനീയറിംഗ് എന്ന ഒറ്റ സ്വപ്നത്തിന്റെ മുന്‍പില്‍ വേറെ ഒരു ചിന്തകളും വന്നില്ലായിരുന്നു.. വരാന്‍ ഞാന്‍ അനുവദിച്ചില്ലായിരുന്നു. പക്ഷെ ആ ചോദ്യം കേട്ടപ്പോള്‍ ഒന്നെനിക്ക് ഉറപ്പായി..
ഒരു നേട്ടം വന്നാല്‍ അതിനൊപ്പം ഒരു നഷ്ടവും ഉണ്ടാവും. അഡ്മിഷന്‍ ശരി ആയാല്‍ പിന്നെ എന്നും കിലുക്കാം പെട്ടിയെ കാണാന്‍ പറ്റില്ല. അഡ്മിഷന്‍ കിട്ടിയില്ലെങ്കിലോ? പിന്നെ പഠനം ജിയോളജി തന്നെ ആവുമല്ലോ ..കിലുക്കാം പെട്ടിയുമായുള്ള കൂട്ടുകെട്ട് നഷ്ടപ്പെടുകയും ഇല്ല.
ഇങ്ങനെയുള്ള ചിന്തകള്‍ എന്നെ ആക്രമിക്കവേ, രണ്ടു മാസങ്ങള്‍ക്ക് ശേഷം വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളവരെ വിളിച്ചു. മ്യൂസിയം വളപ്പിനരികെയുള്ള എന്ജിനീയെഴ്സ് ഹാളില്‍ വച്ചാണ് ഇന്റര്‍വ്യൂ. വൈകിട്ട് നാല് മണി മുതല്‍ ഞാനും എന്റെ മൂത്ത ചേട്ടനും ആ കെട്ടിടത്തിന്റെ വളപ്പില്‍ കുറ്റിയടിച്ച് ഇരിക്കാന്‍ തുടങ്ങി. ഞാന്‍ നെഞ്ചിടിപ്പോടെ ആണ് അന്നവിടെ ഇരുന്നത്. സ്വപ്ന സാക്ഷാല്കാരത്തിനു കുറച്ചു സമയം മാത്രം ബാക്കി. അഡ്മിഷന്‍ കിട്ടുമോ? ഇല്ലയോ? ആര്‍ക്കറിയാം?
അവസാനം രാത്രി ഏഴര ആയപ്പോള്‍ എന്നെ ഇന്റെര്‍വ്യൂവിന് വിളിച്ചു. നിര നിരയായി എന്റെ മുന്‍പില്‍ നിന്നവരോടും കൂടി ആയി ഇന്റര്‍വ്യൂ ചെയ്യുന്ന ഒരാള്‍ പറഞ്ഞു...
'സിവില്‍ മാത്രമേ ഉള്ളൂ .മറ്റെല്ലാ സീറ്റും തീര്‍ന്നു ' .
അത് കേട്ടപ്പോഴേ എന്റെ മനസ്സ് തകര്‍ന്നു. എന്നാലും ഞാന്‍ പ്രതീക്ഷ കൈ വിട്ടില്ല .
എന്റെ ഊഴം വന്നപ്പോള്‍ അയാള്‍ പറഞ്ഞു... കോത മംഗലത്ത് സിവില്‍ ഉണ്ട് ..വേണമെങ്കില്‍ എടുക്കാം.
"സാര്‍.. ഇപ്പോള്‍ ഇത് എടുത്താല്‍ പിന്നെ എപ്പോഴെങ്കിലും എനിക്ക് ഇലക്ട്രോണിക്സോ കമ്പ്യൂട്ടറോ എടുക്കാന്‍ പറ്റുമോ? " വളരെ പ്രതീക്ഷയോടെ ഞാന്‍ ചോദിച്ചു.
"ഇല്ല. അതൊക്കെ ഇപ്പോഴേ ഫില്‍ ആയിക്കഴിഞ്ഞു. "
അത് കേട്ട് കഴിഞ്ഞപ്പോള്‍ , എനിക്ക് ആ നിമിഷം ഒരു തീരുമാനം എടുക്കേണ്ടതായി വന്നു. കോത മംഗലത്ത് സിവില്‍ മതിയെങ്കില്‍ ഉടനെ പൈസ അടച്ചു അഡ്മിഷന്‍ ശരിയാക്കണം. വേണ്ടെങ്കില്‍ അത് പറയണം...പുറകില്‍ നില്‍ക്കുന്ന ആളിന് ചാന്‍സ് കിട്ടുമല്ലോ..
കുറെ ഏറെ കാര്യങ്ങള്‍ മനസ്സിലൂടെ ഓടിപ്പോയി. എന്ജിനീയറിംഗ് സ്വപ്നങ്ങളും, അതിനായി ഞാന്‍ ചിലവഴിച്ച രാപ്പകലുകളും... പിന്നെ...ആ കിലുക്കാം പെട്ടി കൂട്ടുകാരിയുടെ മുഖവും.
വേറൊന്നും പിന്നെ ചിന്തിച്ചില്ല. ധൈര്യത്തോടെ ഞാന്‍ പറഞ്ഞു.
"വേണ്ട സാര്‍..ഞാന്‍ ചേരുന്നില്ല. നന്ദി "
ജിയോളജി തന്നെ ഞാന്‍ പഠിച്ചോളാം എന്ന തീരുമാനം വീട്ടിലെ എല്ലാവരെയും അറിയിച്ചു. അവര്‍ എന്റെ തീരുമാനത്തിനൊപ്പം നിന്നു.
തീരുമാനം തെറ്റോ ശരിയോ എന്നോര്‍ത്തു സമയം കളയാന്‍ ഞാനില്ല. സംഭവിക്കുന്നതൊക്കെ നല്ലതിന് മാത്രം എന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം .
മുന്‍പത്തെപോലെ കാലം പിന്നെയും കുതിച്ചു പാഞ്ഞു. മൂന്ന് വര്‍ഷങ്ങള്‍ ഞാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ പഠിച്ചു. ഇണക്കങ്ങളും പിണക്കങ്ങളും ആയി ഞാന്‍ കിലുക്കാം പെട്ടിയുമായുള്ള സൗഹൃദം തുടര്‍ന്നു. ( അതെക്കുറിച്ച് പിന്നൊരിക്കല്‍ എഴുതാം. അവള്‍ ഇപ്പോള്‍ ഒബാമയുടെ നാട്ടിലാണ്...ഒരു വീട്ടമ്മ ആയി. ഈ ബ്ലോഗ് വായിക്കാനിടയായാല്‍ ...എന്റെ കിലുക്കാംപെട്ടി കൂട്ടുകാരീ ..നീ ചിരിക്കുമോ? അതോ പരിഭവിക്കുമോ? )
ജിയോളജിയില്‍ ഉപരി പഠനം പൂര്‍ത്തിയാക്കിയ എനിക്ക് ഒരു ഫ്രെഞ്ച് കമ്പനിയില്‍ ജോലി കിട്ടി. കസ്റ്റമര്‍ സര്‍വീസ് ജിയോസയന്റിസ്റ്റ് എന്ന പൊസിഷന്‍ ആയിരുന്നു എനിക്ക്. എന്നാലും ഇടയ്ക്കിടെ ഓഫീസിലെ എഴുത്ത് കുത്തുകളില്‍ ഒക്കെ എന്നെ കമ്പനിയുടെ എന്‍ജിനീയര്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കേട്ടപ്പോള്‍ കുറച്ചു സന്തോഷം ആയി..എന്‍ജിനീയര്‍ ആവാന്‍ പറ്റിയില്ലെങ്കിലും,
സ്ഥാനം കൊണ്ട് എന്‍ജിനീയര്‍ ആയല്ലോ.
ഇപ്പോള്‍ ഞാനിരിക്കുന്ന റോയല്‍ ഷെല്‍ എന്ന കമ്പനിയില്‍ എനിക്കുള്ള സ്ഥാനം റിസര്‍വോയര്‍ ജിയോളജിസ്റ്റ് എന്നോ പെട്രോളിയം എന്‍ജിനീയര്‍ എന്നോ ആണ്. രണ്ടും ഒരു പോലെ തന്നെ . അങ്ങനെ എന്ജിനീയറിംഗ് പഠിക്കാന്‍ ആയില്ലെങ്കിലും ഞാന്‍ ഒരു എന്‍ജിനീയര്‍ ആയി .. എണ്ണ പ്പാടങ്ങളുടെ എന്‍ജിനീയര്‍ .. അതാണ് ഇപ്പോള്‍ ഞാന്‍ .
ജല ഭവനില്‍ ഇട്ടിരുന്ന കാറിന്റെ അടുത്തേയ്ക്ക് നടന്നപ്പോഴും, അവിടുന്ന്, തിരികെ വീട്ടിലേക്കു പോയപ്പോഴും , മനസ്സില്‍ അന്നത്തെ ഇന്റര്‍വ്യൂവും, ആ കിലുക്കാം പെട്ടി കൂടുകാരിയുടെ മുഖവും ഒക്കെ ആയിരുന്നു.
ഓര്‍മ്മകള്‍ മായുന്നില്ല... ഒരിക്കലും മായാതിരിക്കാനല്ലേ ഞാന്‍ അതൊക്കെ ഇവിടെ കുറിക്കുന്നത്..
ജോസ്
ബാംഗ്ലൂര്‍
17-ജൂലൈ - 2010
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ