സ്വന്തമായി ഒരു വീടുണ്ടാവുക എല്ലാവരുടെയും സ്വപ്നം അല്ലെ.. എനിക്കും ഉണ്ട് അങ്ങനെ കുറെ സ്വപ്നങ്ങള്‍ . അതെക്കുറിച്ചൊക്കെ മുന്‍പ് ഒരു ബ്ലോഗില്‍ ഞാന്‍ എഴുതിയിരുന്നു.
ദൈവം സഹായിച്ച് നാട്ടില്‍ കുറച്ചു ഭൂമി വാങ്ങി അതില്‍ ഒരു നല്ല വീട് വയ്ക്കാന്‍ എനിക്ക് കഴിഞ്ഞു. നാല് വര്‍ഷം മുന്‍പ്. പക്ഷെ ഒരു ചെറിയ പ്രശ്നം...സ്വപ്നം കണ്ട് ഉണ്ടാക്കിയ വീട്ടില്‍ അധികം നാള് തുടരെ താമസിക്കാന്‍ എനിക്ക് പറ്റാറില്ല . ഞാന്‍ ജോലി ചെയ്യുന്നത് നാട്ടിലല്ലല്ലോ.. ആണ്ടില്‍ ഒന്നോ രണ്ടോ പ്രാവശ്യം അവധി എടുത്തു വരുമ്പോള്‍ അമ്മയോടും സഹോദരങ്ങളോടും ഒപ്പം അവിടെ താമസിക്കാന്‍ പറ്റും. എന്നാലും വര്‍ഷത്തില്‍ ഭൂരി ഭാഗവും, ഒരു നാടോടിയെപ്പോലെ ദൂരെ ഒരു വാടക വീട്ടില്‍ ആവും ഞാന്‍ കഴിയുക. ഇത് എന്റെ മാത്രം അല്ല... പ്രവാസികള്‍ ആയ പലരുടെയും പ്രശ്നം ആണ്.
അങ്ങനെ ഇരിക്കെ ആണ് ഭൂലോകം മൊത്തം വിഷമം കൊണ്ട് വന്ന സാമ്പത്തിക മാന്ദ്യത്തിന്റെ വരവ്. ബാംഗ്ലൂരിലും അതിന്റെ വിളയാട്ടം പ്രകടമായി. ആ സമയത്ത് ഞാന്‍ ബാംഗ്ലൂരില്‍ എന്ത് വന്നാലും വീടൊന്നും വാങ്ങുന്നില്ല എന്ന മട്ടില്‍ ഇരിക്കുക ആയിരുന്നു. അപ്പോഴാണ് എന്റെ ഒരു സുഹൃത്ത് വന്നു പറയുന്നത്..
"ജോസ് .. സിറ്റിയുടെ നടുക്ക് തന്നെ നല്ല വിലയ്ക്ക് ഒരു മൂന്നു മുറി ഫ്ലാറ്റ് ശരിയാക്കാം . ഇഷ്ടമുണ്ടെങ്കില്‍ നമുക്ക് പോയി നോക്കാം "
വെറുതെ ഒന്ന് പോയി നോക്കി. മനസ്സില്‍ ഒരു ചെറു മോഹം നാമ്പിട്ടു. തിരികെ വീട്ടില്‍ വന്ന ശേഷം excel sheet എടുത്തു കുറെ ഏറെ കണക്കു കൂട്ടലുകള്‍ നടത്തി.
ആദ്യം തോന്നി എടുക്കാന്‍ പറ്റുന്ന ഭാരം അല്ലല്ലോ മോനെ ദിനേശാ എന്ന്... പിന്നെ ഒന്നുകൂടി കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും ഒക്കെ നോക്കിയപ്പോള്‍ തോന്നി ബാംഗ്ലൂരില്‍ ഒരു investement എന്ന നിലയില്‍ അത് വാങ്ങുന്നത് ബുദ്ധി ആണ് എന്ന്. പിന്നെ ഉടന്‍ തന്നെ ബില്‍ഡറിനെ കണ്ട് സംസാരിച്ചു. അയാളെ ചാക്കിട്ടു പിടിച്ചു, ഒരു നല്ല ഡീല്‍ ഉറപ്പിച്ചു.
ഫ്ലാറ്റിന്റെ പ്ലാന്‍ നോക്കി, എനിക്കും ലീനയ്ക്കും ഇഷ്ടപ്പെട്ട ഒരു മൂന്ന് മുറി ഫ്ലാറ്റ് ഞാന്‍ വാങ്ങാന്‍ തീരുമാനിച്ചു. അപ്പോഴും ഫ്ലാറ്റിന്റെ സ്ഥലത്ത് വെറും തറയും കുറച്ചു മരങ്ങളും മാത്രം.പണി ഒന്നും തുടങ്ങിയിട്ടില്ല . ബാക്കി ഒക്കെ പേപ്പറില്‍ ആണ്. പണിയാന്‍ പോകുന്ന ഫ്ലാറ്റിന്റെ ഒരു രൂപം മാത്രം മനസ്സില്‍ ഉണ്ട്. കുറെ പ്പേര് ഇതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
നല്ല ബില്‍ഡര്‍ ആണോ? പണി ഒക്കെ സമയത്ത് തീരുമോ? പേപ്പറുകള്‍ ഒക്കെ കൃത്യം ആണോ?
ഇങ്ങനെ കുറെ ഏറെ ചോദ്യങ്ങള്‍ ആളുകള്‍ ചോദിച്ചു.
എന്തായാലും അതില്‍ ഒന്നും വിഷമിക്കാതെ ഞങ്ങള്‍ മുന്‍പോട്ടു തന്നെ പോയി.
പിന്നെ ലോണിനു വേണ്ടിയുള്ള ഓട്ടം ആയി. രണ്ടു ബാങ്കുകള്‍ കൈ ഒഴിഞ്ഞ ശേഷം ഒരു പ്രൈവറ്റ് ബാങ്ക് ലോണ്‍ തന്നു. വീണ്ടും Excel sheet എടുത്തു ഞാന്‍ കണക്കുകള്‍ കൂടി. വരവുകളും ചെലവുകളും തമ്മിലുള്ള വ്യത്യാസം കുറയുന്നത് കുറച്ചു പേടിയോടെ തന്നെ നോക്കി. എന്നാലും ഞാന്‍ ഓര്‍ത്തു.. ഒരു നിക്ഷേപം അല്ലെ ഞാന്‍ ചെയ്യാന്‍ പോവുന്നത്..മാത്രവും അല്ല ..വര്‍ഷം മുഴുവന്‍ സ്വന്തം എന്ന് പറയാവുന്ന ഒരു വീട്ടില്‍ കഴിയാമല്ലോ.
കഴിഞ്ഞ വര്‍ഷം അവസാനം വീടിന്റെ പണികള്‍ തുടങ്ങി. ഒരു കൊച്ചു കുഞ്ഞിന്റെ വളര്‍ച്ച നേരില്‍ കാണുന്ന പോലെ, ഞാന്‍ വീടിന്റെ പണി നിരീക്ഷിക്കാന്‍ തുടങ്ങി. വാനം തോണ്ടുന്നതും , തറക്കല്ല് ഇടുന്നതും, പില്ലര്‍ അടിക്കുന്നതും, മതില് കെട്ടുന്നതും അങ്ങനെ ഓരോന്നോരോന്നായി ഞാന്‍ കണ്ടു. എന്റെ വീട് പതിയെ രൂപം കൊള്ളുക ആയിരുന്നു.
ഈ വര്‍ഷം തുടക്കം ആയപ്പോള്‍ ഏകദേശം വീടിന്റെ പ്രധാന പണികള്‍ തീരാറായി. പിന്നെ ഫിനിഷിംഗ് പണികള്‍ തുടങ്ങിയപ്പോഴാണ് പ്രശ്നം. പറയുന്ന സമയത്തൊന്നും ഒന്നും തീരുന്നില്ല. തടിപ്പണികാരനെ വീടിന്റെ ഉള്ളിലെ പണികള്‍ ഏല്‍പ്പിച്ചപ്പോള്‍ പണി ഒച്ചിനെ പ്പോലെ ഇഴഞ്ഞാണ് നടന്നത്. രണ്ടാഴ്ച കൊണ്ട് പണി തീര്‍ക്കാം എന്ന് പറഞ്ഞ ആളിനോട് , മൂന്നാഴ്ച കഴിഞ്ഞു ചോദിച്ചാലും പറയും..
' അയ്യോ സാറേ..എല്ലാം തീര്‍ന്നു. ..ഇനി ഫിനിഷ് മാത്രം കൊടുത്താല്‍ മതി. "
എന്നാല്‍ വീടിന്നുള്ളില്‍ കയറി നോക്കുമ്പോള്‍ കുറെ ദിവസത്തേയ്ക്കുള്ള പണി വീണ്ടും കാണും.
ഓട്ടയുള്ള പാത്രത്തിലൂടെ വെള്ളം പോകുന്ന പോലെ , കയ്യില്‍ നിന്നും പൈസയും ഇറങ്ങാന്‍ തുടങ്ങി. ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വാങ്ങാന്‍, interior decoration ചെയ്യാന്‍, അങ്ങനെ അല്ലറ ചില്ലറ പണികള്‍ക്കായി ചെലവുകള്‍ കൂടാന്‍ തുടങ്ങി.
" ആ ..കുഴപ്പമില്ല.. സ്വന്തം വീടിനായുള്ള ചെലവല്ലേ" .. ഞാന്‍ സ്വയം ആശ്വസിപ്പിക്കും.
പണിക്കാര് ഒക്കെ കൂടി എന്റെ ക്ഷമയുടെ പരിധി എവിടെ ആണ് എന്ന് പരീക്ഷിച്ചു തുടങ്ങി. ഒരാളും പറഞ്ഞ സമയത്ത് പണികള്‍ തീര്‍ക്കില്ല. ഓഫീസിലെ ജോലി ചെയ്തു കഴിഞ്ഞു, പിന്നെ വേണം ഇവരുടെ ഒക്കെ പുറകെ പോകാന്‍.
അങ്ങനെ പണിക്കാരോട് കയര്‍ത്തും , അവരുടെ കൂടെ നിന്ന് പണി ചെയ്യുന്നത് നോക്കിയും മറ്റും ഒരു വിധം പണിയൊക്കെ തീര്‍ത്തു. (കുറച്ചൊക്കെ ഇനിയും ബാക്കി).
എങ്ങനെയെങ്കിലും വാടക വീട്ടില്‍ നിന്നും പുതിയ വീടിലേക്ക് താമസം മാറിയാല്‍ മതി എന്നായി. ആദ്യം, ഞാനും ലീനയും തന്നെ നേരെ കേറി താമസിക്കാം എന്ന് കരുതി. അത് വീട്ടില്‍ പറഞ്ഞപ്പോള്‍ , അമ്മച്ചിക്കും ചേച്ചിമാര്‍ക്കും ഒക്കെ ഒരു വിഷമം. ഒരു പാല് കാച്ചു ചടങ്ങ് ഇല്ലാതെ, അച്ചന്മാരെ ഒന്നും വിളിച്ചു പ്രാര്‍ത്ഥന നടത്താതെ വീട് മാറുന്നത് ശരിയല്ല .
പിന്നെ അവരുടെ ഒക്കെ അഭിപ്രായം മാനിച്ചു, ഒരു ചെറിയ പ്രാര്‍ത്ഥന ചടങ്ങ് നടത്തി. അച്ചന്മാര് ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ കുടുംബക്കാര് തന്നെ പ്രാര്‍ഥിച്ചു കയറി..ഒരു കുടം പാല് തിളപ്പിച്ച്. പാല് തിളച്ചു തൂകിയപ്പോള്‍ എല്ലാവര്ക്കും സന്തോഷം ആയി.
ദൈവം സഹായിച്ച് എനിക്ക് നടത്താന്‍ പറ്റിയ രണ്ടാമത്തെ വീട് പാല് കാച്ച്.
വിഷമങ്ങളുടെ നടുവിലും തളര്‍ത്താതെ കൈ പിടിച്ചു നടത്തു, കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ കൂടി നല്കുന്ന ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് ഞാനും ലീനയും septembar 12 നു ഗൃഹ പ്രവേശം നടത്തി.
ഒത്തിരി പ്രതീക്ഷകള്‍ ഉണ്ട് ..സ്വന്തം വീടിനെക്കുറിച്ച്. പുതിയ അന്തരീക്ഷം, പുതിയ ചുറ്റുപാടുകള്‍, പുതിയ അയല്‍ക്കാര്‍ . ചിലപ്പോഴൊക്കെ മാറ്റങ്ങള്‍ നല്ലതല്ലേ.. ജീവിതത്തില്‍ ഇപ്പോള്‍ നേരിടുന്ന വിഷമങ്ങള്‍ ഒക്കെ മാറ്റാന്‍ ഈ പുതിയ വീട് സഹായിക്കും എന്ന് പ്രത്യാശിക്കുന്നു. ..ഞാനും ലീനയും.
ജോസ്
ബാംഗ്ലൂര്‍
16 sept - 2010
1 അഭിപ്രായം:
I am now trying to read your blog regularly .. nice account of the housewarming . Visited Leena's parents house 2 weeks ago , saw Ruth and Roshni .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ